Wednesday, December 28, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ -44 / മാവിലേയൻ

കുട്ടിക്കാലകുസൃതിക്കണ്ണുകൾ  -44

മാവിലേയൻ

സ്‌കൂളിൽ പോകുമ്പോൾ കാലിടറി വീണെന്നാണ് ഞങ്ങൾ വീട്ടിൽ പോയി പറഞ്ഞത്. അങ്ങിനെ പറഞ്ഞാലേ  സൗകുവിന് ഉദ്ദേശിച്ച രൂപത്തിൽ വീട്ടിൽ നിന്ന് ട്രീറ്റ്‌മെന്റ് കിട്ടുകയുള്ളൂ. പക്ഷെ, യഥാർത്ഥത്തിൽ വീണത് സ്കൂളിന്റടുത്തുള്ള പറങ്കി മാവിൽ നിന്നാണ്. അത് പക്ഷെ, കുഞ്ഞിമ്മാളു അമ്മ വളരെ അകലെ നിന്ന് കണ്ടിട്ടുണ്ട്.

 ''യാ ഒടേകാരാ, ഒരാള് ബീണിന് ഈടെ ,  ബന്നിറ്റാമ്പോ, മൻചനെ കാണ്ന്ന്-ല്ലാ....''  ഇതും പറഞ്ഞാണ് കുഞ്ഞിമാളു 'അമ്മ  ഓടിക്കിതച്ചു സ്പോട്ടിൽ വന്നത്.   മരത്തിൽ നിന്ന്  വീണ പാർട്ടിയെ കണ്ടു രണ്ടു ചുളുവിൽ കിട്ടുന്ന ഡയലോഗ് കാച്ചാമെന്ന അവരുടെ  പദ്ധതി,  ഞങ്ങൾ അവിടെ നിന്ന് സൗകുവിന്റെ ബോഡി  (not dead; but alive)  ഉടനെ മാറ്റിയത് കൊണ്ട് നടന്നില്ല. അതിന്റെ ദേഷ്യത്തിലാണ് അവർ. ''ചോരെ കൊട്ടെ പർചെങ്ക് ബൂവാതെ ഏട്ക്ക് പോന്ന്.....''

പിന്നാലെ വന്ന ബാബേട്ടന്റെ മോൻ പറഞ്ഞു : ''അദ്...അക്കാ....  അദ്‌ലാപ്പൾന്റെയാ മമ്മദാപ്പൾന്റെയാ ആരോ മോന്..ബീണത് ...ബല്യ മരം ബൂമ്പോലെ കേട്ടത്....ഈടെന്നെ ഇണ്ടാഉ ...''  ഒരു മതിലിന് പിന്നാലെ ഞങ്ങൾ ഇവരുടെ സംസാരം കേട്ട് അടക്കിപ്പിടിച്ചു ചിരിച്ചു. ബർവലെ കാലിൽ  ചിള്ളീട്ടാണ് ആ  പയ്യൻ സൗകൂനെ തിരയുന്നത് !

നമ്മുടെ സൗകു ഇപ്പോൾ മോട്ടിയും മുടന്തിയും  വീട്ടിൽ എത്തി. സൗകുന്റെ ഉപ്പാ വന്നിട്ട് വേണം, അടുത്ത തീരുമാനം. പട്ടറെ കാണണോ  ബൈച്ചറെ കാണണോ അതല്ല സെട്ടീന്റെ ആസ്പത്രീയ്‌ക്ക് പോകണോ ?

അന്ന് ഒരാൾ വീണ് കയ്യോ കാലോ ഒടിഞ്ഞാൽ അവസാന വാക്കാണ് ഡോക്ടർ ക്യാപ്റ്റൻ ഷെട്ടി. കാസർകോട് നഗരത്തിലാണ് അദ്ദേഹത്തിന്റെ ക്ലിനിക്. പലർക്കുമിപ്പോൾ ഡോ .ഷെട്ടിസാറിനെ ഓർമ്മ വരുന്നുണ്ടാകും.  അദ്ദേഹത്തിന്റെ ശരീരത്തിന്റെ സൈസ് നോക്കിയാൽ വെറും ഷെട്ടിയിൽ ഒതുക്കാൻ പറ്റില്ല, അത്രയ്ക്കുമുണ്ട് ഹൈറ്റും വെയിറ്റും. തടിച്ചു, വയറു ചാടി, രണ്ടു- രണ്ടരയാൾ തൂക്കത്തിൽ ഉള്ള ആജാനുബാഹു.  ഉമ്മയുടെ കൂടെ ചെറുപ്പത്തിൽ ആ  ആസ്പത്രി പോയാൽ ഞാൻ പുറത്തു ഡോക്ടറുടെ കാർ വരുന്നതും കാത്ത് നിൽക്കും. വേറെയൊന്നുമല്ല, അംബാസിഡർ കാറിൽ നിന്ന് ഡോക്ട്ടറെ ഇറക്കുന്നത് (unload) കാണാനുള്ള ആഗ്രഹമായിരുന്നു മനസ്സ് നിറയെ.  ആദ്യം കാൽ വരും, പിന്നെ ഒന്ന് രണ്ടു പേർ കൂടി അദ്ദേഹത്തെ ഒരുവിധം ഇറക്കാൻ സഹായിക്കും.  ആ സ്ട്രാപ്പുള്ള പാന്റ്‌സൊക്കെ ഇട്ടു ഒരു വാക്കിങ് സ്റ്റിക്കും പിടിച്ചു അദ്ദേഹം മതില് പിടിച്ചു പിടിച്ചു അകത്തു കയറും.

കെ. ആർ. ഷെട്ടി ക്ലിനിക് എന്നോ മറ്റോ ആണ് ഹോസ്പിറ്റലിന്റെ പേര്. സിൻഡിക്കേറ്റ് ബാങ്കിന് തൊട്ടുള്ള കൂറ്റൻ കെട്ടിടത്തിന്റെ പിൻവശത്താണ് ക്ലിനിക്ക്. റോഡിനു കുറച്ചു താഴ്ന്നാണ്  ആസ്പത്രി. റോഡിന് മുൻവശത്തുള്ള ബിൽഡിങ്ങിൽ തന്നെ അകത്തു കഷ്ട്ടിച്ചു ഒരു വണ്ടി കയറാൻ എൻട്രൻസ് ഉണ്ട്. താഴോട്ട് ഇറങ്ങുമ്പോൾ തന്നെ വലത് വശത്തു ഒരാൾ കൂനിക്കൂടിയിരുന്നു ഒരു ചായക്കട നടത്തുന്നത് കാണാം . തല നിവർത്തിയാൽ മെഡുല ഒബ്ലാംഗേറ്റയുടെ പരിപ്പെടുക്കും. അത് കൊണ്ട് ആ ചായക്കടക്കാരൻ തല മേലോട്ട് പൊക്കാതെയാണ് കച്ചവടം. ഒരു തുണിക്കഷ്ണം ചുരുട്ടി കറുപ്പ് വീണകയ്യോട് കൂടിയ ഒരു പൂഞ്ചി അതിലും പഴയ ഒരു സ്ടൗവ്വിൽ എപ്പോഴും തിളക്കുന്നുണ്ടാകും.അകത്തു   ഒന്നര ഫീറ്റ് ഉയരമുള്ള ഒരു കുഞ്ഞു കണ്ണാടി തട്ട്. അതിൽ എപ്പോൾ നോക്കിയാലും നാലോ അഞ്ചോ പഴം പൊരിയോ പരിപ്പ് വടയോ ഒരു വാഴയില കഷ്ണത്തിൽ  കാണാം. മുറുക്കാനാവശ്യമായ ബീഡയും അവിടെന്ന് കിട്ടും.  ഇടത് വശത്താണ്  സോജറെ സോഡാസർബാത്‌ കട. (മുമ്പ് ഒരു ലക്കത്തിൽ ചെറുതായി ഞാൻ പരാമർശിച്ചിട്ടുണ്ട് ).

അന്നത്തെ സോജർ ഇന്നുമുണ്ടോ എന്ന് നോക്കാനും ഉണ്ടെങ്കിൽ 30 -35 കൊല്ലം മുമ്പത്തെ കഥകളൊക്കെ കുടുംബത്തോട് പത്രാസിൽ  തട്ടിക്കളയാമെന്നും അന്നത്തെ ഓർമ്മയുടെ സോഡാസർബത് പിള്ളേർക്ക് ഓരോ ഗ്ലാസ് വാങ്ങിക്കൊടുക്കാമെന്നും പോരുമ്പോൾ സോജറോട് വിശേഷങ്ങളൊക്കെ ചോദിക്കാമെന്നും കണക്ക് കൂട്ടി ഞാൻ  ഇക്കഴിഞ്ഞ വെക്കേഷനിൽ അവിടെ ഒന്ന് എത്തി നോക്കി. യുറീക്കാ...... ആളുണ്ട്. അതേ സോജർ. പ്രായം 55 കഴിയും. നര തലയിൽ കയറിയൊന്ന് സംശയം.  കാലിൽ നീര് വന്നു നടത്തം അത്ര പോര. സ്വതവേയുള്ള ചിരി.

ഷെട്ടി ക്ലിനിക് ഉള്ള സ്ഥലം കാട് പിടിച്ചു കിടക്കുകയാണ്. ജനാലയുടെ ഡെബ്രിസ് അവിടെയിവിടെയായി കാണാം. സോജർ പറഞ്ഞത് ഡോക്ട്ടർ ഷെട്ടി മരിച്ചു കുറച്ചു വര്ഷങ്ങളായി എന്നാണ്.  പക്ഷെ കുടുംബ സ്വത്ത് ഇനിയും  ഭാഗിച്ചിട്ടില്ല. എവിടെയും നടക്കാറുള്ളത് പോലെ  മക്കൾ സ്വരച്ചേർച്ചയില്ലാത്തത് കൊണ്ട് ലക്ഷക്കണക്കിനു വിലമതിക്കുന്ന ആ സ്ഥലം ഒരുപകാരവുമില്ലാതെ അനാഥമായി കിടക്കുകയാണ്.  പകൽ നേരങ്ങളിൽ വഴിപോക്കർക്ക് ഒന്നിനും രണ്ടിനുമിരിക്കാനുള്ള വിശാലമായ  ഓപ്പൺ എയർ ടോയിലറ്റാണ് ശരിക്കുമിപ്പോൾ ആ  സ്ഥലം. രാത്രിയാകുമ്പോഴാകട്ടെ സാമൂഹ്യ ദ്രോഹികളുടെ ഇടത്താവളവും.  ''നാന് ഈറ്റിങ്ങളെ  ബയ്യത്തീട്ട് ബിഡ്ഞ്ഞി ....'' സോജർ നിസ്സഹായതോടെ പറഞ്ഞു.  അത് പറയുമ്പോഴും  ഒന്ന് രണ്ടു പേർ അവിടെ നിന്ന് പാർത്തുകയാണ്.

ആറ് സോഡാ സർബത്തും പറഞ്ഞു നേരത്തെ പറഞ്ഞ  ചിന്ന ചായമക്കാനി കൂടി നോക്കിക്കളയാമെന്നു കരുതി പുറത്തിറങ്ങി, 35 കൊല്ലം പിന്നിലേക്ക് ഓർമ്മകളെ ഒരു ലെവലിൽ തള്ളിതള്ളി, പഴം പൊരിയൊക്കെ വാങ്ങി,  തിരിച്ചു സോജറുടെ  സർബത് കടയിലേക്ക് വന്നു പിള്ളേരോട് സന്തോഷത്തോടെ  ചോദിച്ചു - ''എങ്ങിനെ ഉണ്ടെടാ  നമ്മുടെ സോജറെ സർബത് ?. ചെറുതടക്കം ഒരു ഇളിഞ്ഞ ചിരി.   ''ഞാനൊക്കെ  ഇത് കുടിക്കാൻ മാത്രം നാട്ടീന്ന് വരുമായിരുന്നു '' പറയുമ്പോൾ ഒട്ടും കുറക്കണ്ടാ എന്ന് കരുതി  തട്ടിവിടുമ്പോൾ, ഇടക്ക് കയറി  നല്ലപാതി പറഞ്ഞു  - '' മതി, മതി.... അതിന് നിങ്ങൾ പുറത്തിറങ്ങിയ തക്കം നോക്കി   പിള്ളേർ നാലും,  സോഡാസർബത് ക്യാൻസൽ ചെയ്തു അവർക്കിഷ്ടമുള്ള  ചിക്കു ജ്യൂസ് ഓർഡർ ചെയ്തു.  അത് കുടിച്ചു വെച്ച ഗ്ലാസ്സാണ് അവിടെക്കാണുന്നത്. സോഡ കുടിക്കാൻ ടൗണിൽ വരണോന്നാണ് പിള്ളേർ ചോദിക്കുന്നത്. ഇനി  ഉപ്പയ്ക്ക് നിർബന്ധമെങ്കിൽ  ഒരു സോഡാ കൂടി എക്സ്ട്രാ അവർക്കാകാം പോലും ''.
അവരെയാകെ രൂക്ഷമായി നോക്കി.
''എനിക്കിപ്പോൾ അത്ര  നിർബന്ധമൊന്നുമില്ല''.

ഷെട്ടി ആസ്പത്രി എന്നൊക്കെ പറഞ്ഞാൽ  ഒരു സാധാരണ ഹോസ്പിറ്റലിന്റെ കെട്ടുംമട്ടുമൊന്നുമില്ല. ഒരു പഴയ ഓടിട്ട വീട്. വലതു വശത്തായി ഡോകടറുടെ വാഹനം   പാർക്ക് ചെയ്യാൻ ഒരു കാർപോർച്.  നമ്മുടെയൊക്കെ വീടുകളിൽ കാണുന്ന ഇരുമ്പ്/ മരത്തിന്റെ ജാലിയാണ് മുൻവശം. അകത്തു കയറിയാൽ സന്ദർശകർക്കും രോഗികള്ക്കും ഇരിക്കാൻ ഇടതു വശത്ത് ഒന്ന് രണ്ടു ബെഞ്ചുണ്ടാകും.  വലതു വശത്തായാണ് റാമയുടെ ഡ്രസിങ് റൂം;  ഒരു പച്ച കർട്ടൻ ഇട്ടു രണ്ടായി ഭാഗിച്ച കാബിൻ.   ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രം, റാമയാണ്. അദ്ദേഹമാണ് കോംബൗണ്ടർ. തടിവെക്കാൻ ഷെട്ടിയെ പഠിച്ചു പകുതിക്ക് നിർത്തിയത് പോലെയാണ് പുള്ളിയുടെ ഒരാകൃതി. ഒരു വലിയ വയറ് മാത്രം ബാക്കിയുണ്ട്. അതൊരു ആസ്പത്രിന്ന് എനിക്ക് തോന്നിയിട്ടുള്ളത്   രാമയുടെ കാബിൻ നിന്ന് പുറത്തേക്ക് വരുന്ന ഡെറ്റോളിന്റെ വാസന ഉള്ളത് കൊണ്ട് മാത്രം.

ഏത് ഒടിഞ്ഞ കാലും വെച്ച് കെട്ടാൻ റാമ   മിടുമിടുക്കനാണ്. ഷെട്ടിയുടെ വിജയം തന്നെ റാമന്റെ സാന്നിധ്യമെന്നു തോന്നിപ്പോകും. പുണ്ണ്, ഒടിയൽ, ചതയൽ ഇതൊക്കെ റാമന്റെ കൈപ്പുണ്യം കൊണ്ട് രണ്ടു പോക്കിന് ശരിയാകും. പക്ഷെ, റാമന് ഒരു സ്വഭാവമുണ്ട്. കൈക്കൂലി കിട്ടണം.  അത് നിർബന്ധം. എന്നാലോ  കൂടുതൽ വേണ്ട. രണ്ടോ മൂന്നോ രൂപ. അത് കൊടുത്തില്ലെങ്കിൽ ബാൻഡേജ് ചെയ്യുമ്പോൾ  രോഗികളെ ഞെക്കി വേദനിപ്പിച്ചു കളയും. ഉമ്മാമാർ പൈസ കൊടുക്കാത്തതിന്റെ ദേഷ്യം റാമ   ഒരു ഡയലോഗടിച്ചാണ് തീർക്കുക - ''എന്ത്റാ  കീള്ന്നേ ..ചെക്കന് ....ഏതുഇല്ലാതെ  ''.  റാമന്റെ ക്യാബിനിൽ കയറുന്നതിന് മുമ്പ് പൈസ കൊടുത്താൽ എന്താ സ്നേഹം,  എന്താ പരിചരണം!  അവർണ്ണനീയം !

പുണ്ണൊക്കെ കണ്ടാൽ റാമ വെറുതെ എറിയും- '' ചെക്കന്റെ  ബല്യ പുണ്ണല്ലോ ഉമ്മാ ...മറ്ന്ന് ബെച്ചിട്ട് കെട്ടുമ്പോ  നൊമ്പലം നല്ലോണം ആഉം. '' ആ പറയുന്നത് തന്നെ ചില്ലറ റെഡിയാക്കിക്കോളീം, തന്നില്ലെങ്കിൽ ഇവനെ ഞെക്കി പരിപ്പെടുക്കുമെന്ന മെസ്സേജാണ്.  അത് കേൾക്കുമ്പോൾ തന്നെ രോഗിയായ  നമ്മൾ പകുതിയാകും. കുട്ടികൾ പിന്നെ ഉമ്മാന്റെ ബുർഖന്റെ തെല്ല് പിടിച്ചു കരയാൻ തുടങ്ങും- വേദനിപ്പിക്കാതെ മരുന്ന് വെച്ച് കെട്ടാൻ റാമനോട് പറയാൻ .  ഏത് റഹ്മുള്ള ഉമ്മമാരും രണ്ടോ മൂന്നോ രൂപ രാമന്  കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ചില പെണ്ണുങ്ങൾ ഇതിനും രാമനോട് തല്ല് കൂടും. ചില പോഴത്തക്കാരായ  സ്ത്രീകൾ മരുന്നൊക്കെ വെച്ച് കെട്ടിയ ശേഷമാണ്  കാശ് കൊടുക്കുന്നത്. അത്കൊണ്ട് ഒരു കാര്യവുമില്ല. പയ്യൻസിനെ  വേദനിപ്പിച്ചതിനുള്ള കൈക്കൂലി പോലെയായിപ്പോകുമത്.

അവിടെ വേറെ ഒരു കഥാപാത്രമുണ്ടായിരുന്നു. ഒരു സീനിയർ  നേഴ്സ്.  ശാന്തമ്മയെന്നോ മറ്റോ പേര്. ഇവർക്കാണ് സൂചി വെക്കാനുള്ള ചാർജ്. ''ഷെട്ടീന്റാഡ്ത്തെ തൂയി'' എന്ന ചൊല്ല് തന്നെ  ഫെയിമസ് ആക്കിയത് ഈ ചേച്ചിയെന്നു തോന്നുന്നു.   അന്നൊക്കെ ഇഞ്ചക്ഷൻ മരുന്ന് വന്നിരുന്നത് ഒരു കുഞ്ഞടപ്പുള്ള കുപ്പിയിലാണ്. ഇത് കുറെ വട്ടം കുലുക്കിയാലേ ഡൈള്യൂട്ടാകൂ. ഇതൊക്കെ ചെയ്യേണ്ടത് ആസ്പത്രി ജീവനക്കാരാണ്. അല്ലാതെ രോഗിയോ കൂടെ പോയവനോ അല്ല. ഈ നേഴ്സിനു അതൊന്നും വിഷയമല്ല. കുപ്പി എടുത്ത് കൂടെ വന്നവന്റെ കയ്യിൽ കൊടുക്കും.

നെഴ്സും ആൾ ചില്ലറക്കാരിയല്ല.    അവർക്ക് കിട്ടുന്ന രൂപത്തിൽ  അവരും കൈക്കൂലി  ഒപ്പിക്കും. ഇതൊക്കെ ആസ്പത്രി ബില്ലിന് പുറമെയാണ്. അവിടെ ആകെ ശല്യമില്ലാത്ത ഒരാളുണ്ട്. മരുന്ന് നൽകുന്ന ഒരു ചേട്ടായി. വൃത്തിയും വെടിപ്പുമുള്ള കഷണ്ടി തലയിൽ മുഴുവൻ പടർന്ന് കയറിയ ഒരു കണ്ണടക്കാരൻ. വളരെ ശാന്ത പ്രകൃതക്കാരൻ കൂടിയാണ് അദ്ദേഹം.  കാഷ്യറും ഇദ്ദേഹം തന്നെ. പക്ഷെ നന്നായി സംസാരിക്കും.

ഇടതു വശത്താണ് ഷെട്ടിയുടെ കൺസൾട്ടിങ് റൂം. അവിടെ ഒരു കറക്കു കസേരയുണ്ട്. ഷെട്ടിയുടെ ശരീര പ്രകൃതിക്കനുസരിച്ചു ഉണ്ടാക്കിയ റിവോൾവിങ് ഹൈഡ്രോളിക്  ചെയറാണ് പോലും.  സ്റ്റതസ്കോപ്പും കഴുത്തിലിട്ടു വളരെ വളരെ സൗമ്യനായി ആ നല്ല ഡോക്ടർ അവിടെ ഇരിന്നിട്ടുണ്ടാകും. ഡോക്ടറുടെ അടുത്തൊക്കെ ഈ ജീവനക്കാരെ കണ്ടാൽ , അവരോളം വരുന്ന പാവങ്ങൾ ലോകത്തുണ്ടാകില്ല.

 നല്ല രസിക പ്രിയൻ കൂടിയാണ് ഡോക്ടർ. വളരെ പതുക്കെ സംസാരിക്കും. ചെറിയ മക്കളുടെ  അസുഖമൊക്കെ അഭിനയിച്ചു ഉമ്മമാർ പറയുമ്പോൾ ഡോക്ടർ പറയുമത്രെ - '' മതി ..ഉമ്മാ...മതി ...നിങ്ങക്കാ കയ്യാലെ , കിടാഉനാ കയ്യാലെ, ആരിക്ക് മെഡിസിൻ തറണം ''

 ഇത്രേം തടിയും ഇതേ രൂപ സാദൃശ്യമുള്ള രണ്ടു പേര് സഊദിയിൽ ഞാൻ ജോലി ചെയ്യുന്ന  ഓഫീസിലുണ്ട് - ഒന്ന് അയർലാൻഡ്കാരനായ ഹെങ്കും മറ്റൊന്ന്ബ്രിട്ടീഷുകാരനായ ബ്രയാൻ സായിപ്പും. കുടവയറിൽ പാത്ലോൻ കുടുങ്ങിക്കിടക്കാത്തത് കൊണ്ട് രണ്ടുപേരും പണ്ടത്തെ വള്ളി നിക്കറിനെ ഓർമ്മിപ്പിക്കുമാറ് സ്ട്രാപ്പിട്ടിരിക്കുകയാണ്.

ഷെട്ടിസാറിന്റെ ക്ലിനിക്കിൽ (വീട്ടിൽ) ചില രോഗികളെ അഡ്മിറ്റ് ചെയ്യും. പലരും അഡ്മിറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ സ്‌കൂട്ടാകും. കയ്യും കാലും പൊളിഞ്ഞവൻ പിന്നെ അവിടെ കിടക്കാതെ നിവൃത്തിയില്ലല്ലോ.   ഒന്നാം നിലയിലാണ് റൂം.  മരപ്പലകയുള്ള ഏണിയിൽ കയറി വേണം  റൂമിൽ എത്താൻ.  കൊതുകിന്റെ ശല്യം ഒരു ഭാഗത്തു, ശാന്തമ്മ നഴ്‌സിനെ കിരികിരി മറ്റൊരു ഭാഗത്ത്. അത്കൊണ്ട് രോഗികൾ രാത്രി ആരും ഉറങ്ങില്ല. കൂടെ പാർക്കാൻ പോയവരുടെ കഷ്ടകാലമെന്നേ പറയേണ്ടൂ. ലൈറ്റ് ഓൺ ചെയ്യാൻ വരെ അവർ സമ്മതിക്കില്ല. കൊതുകിന്റെ കടിയും കൊണ്ട് നേരം വെളുപ്പിച്ചു കൊള്ളണം.

സാധാരണ നമ്മുടെയൊക്കെ വീടിന്റെ കിച്ചൺ എവിടെയായി വരും അവിടെയാണ്  ഷെട്ടി ക്ലിനിക്കിൽ ഔട്ട് പേഷ്യന്റ് രോഗികളെ കുത്തിവെക്കുന്നത്. ഒരു ഇരുട്ട് മുറി,  40 വാൾട്ടിന്റെ ഒരു  ബൾബ് നേഴ്സ്സമ്മയെ പേടിച്ചു പേടിച്ചു കത്തുന്നുണ്ടാകും.  തൊട്ടപ്പുറത്തായി പൊട്ടിപ്പൊളിഞ്ഞ കക്കൂസ്. വൃത്തിയൊക്കെ ഉണ്ട്.  ഒരാസ്പത്രിക്കൊക്കെ ടോയിലറ്റുണ്ടാകില്ലേ. അതിന്റെ പത്രാസില്ല.

ഇൻജെക്ഷൻ ചെയ്യുമ്പോൾ ശാന്തമ്മേട്ടി ഒരു ദയയും ഒരു രോഗിയോടും  കാണിക്കില്ല. കണ്ണ് മിഴിച്ചു പേടിപ്പിക്കുമ്പോൾ തന്നെ നമ്മൾ പകുതിയാകും. ബോധം അങ്ങിനെ തൂങ്ങിയിട്ടുണ്ടാകും. സൂചി വെച്ചാൽ ഏത് ആസ്പത്രിയിലും ഒരു തണുപ്പുള്ള  പരുത്തി കഷ്ണമൊക്കെ  ആ ഭാഗത്തു വെക്കാൻ തരുമല്ലോ.  അത് പോയിട്ട്, ഉണക്ക പരുത്തി  കിട്ടിയാൽ കിട്ടി എന്ന് കൂട്ടിക്കോളണം. ഞങ്ങളൊക്കെ സൂചിയും വെച്ചാൽ ശ്വാസമടക്കിപ്പിടിച്ചു കരയാൻ വേണ്ടി പരുത്തിപോലും വെക്കാൻ സമ്മതിക്കാതെ ഉമ്മാന്റെ അടുത്തേക്ക് ഓടും. ഇൻജെക്ഷൻ വെക്കുമ്പോൾ ഒച്ച വെച്ചതിന് എനിക്ക് അറിയുന്ന ഒന്ന് രണ്ടു സൗകുമാർക്ക് അവരിൽ നിന്ന് അടി വരെ കിട്ടിയിട്ടുണ്ട്. എന്തെങ്കിലും അസുഖം ബാധിച്ചോ അഭിനയിച്ചോ കുട്ടികൾ ബഹളം വെക്കാൻ തുടങ്ങിയാൽ ''സെട്ടീന്റാസ്ത്രീന്നു തൂയി ബെപ്പിക്കണോന്ന്'' ഉമ്മമാർ ഭീഷണിപ്പെടുത്തുമ്പോൾ തന്നെ പിന്നെ ആർക്കും കരയാൻ തോന്നില്ല. ഒരസുഖവും ഉണ്ടാകില്ല.

ഒരു പ്രാവശ്യം  എനിക്ക് അസഹനീയമായ വയറു വേദന.  ഉമ്മയുടെ കൂടെ ടൗണിൽ ആശുപത്രിക്ക് പോയി. ഷെട്ടി ക്ലിനിക്കിന്റെ ബോർഡ് കണ്ടതോടെ എന്റെ 90 % വയറ്റു വേദനയും പോയീന്ന് തോന്നി. കാരണമെന്തെന്നല്ലേ ?  താഴെ ഇറങ്ങുമ്പോൾ തന്നെ ഞാൻ പടിവാതിൽക്കൽ കണ്ടത് റാമേട്ടനെയും ആ നേഴ്സമ്മയെയും. ഒരു ഇരയെ കിട്ടിയ സന്തോഷത്തിലായിരുന്നു അവർ എന്നെ നോക്കുന്നത്.  അതോടെ എനിക്ക് തന്നെ ഓർമ്മയില്ല വയറു വേദന ഏത് പറമ്പും പമ്പയും കടന്നു പോയതെന്ന്. സിൻഡിക്കേറ്റ് ബാങ്കിനടുത്തുള്ള ബസ്സ് സ്റ്റോപ്പിലേക്ക് വന്നതിന്റെ പതിന്മടങ്ങ് സ്പീഡിൽ   തിരിച്ചു വന്നു ഞാൻ  തടിയെടുത്തു എന്ന് പറയുന്നതാകും കൂടുതൽ ശരി.  മറ്റൊരിക്കൽ വയറ് സ്തംഭനത്തിനു ഞാൻ  അവിടെപ്പോയതിന്റെ കഥയൊക്കെ  ലക്കദൈർഘ്യം ഭയന്നും സദസ്സിന്റെ ഹുർമത്ത് വിചാരിച്ചും  എഴുതുന്നില്ല.

തുടക്കത്തിലേക്ക് മടങ്ങാം. നമ്മുടെ കൈയ്യൊടിഞ്ഞ സൗകു എല്ലാവരുടെയും തീരുമാന പ്രകാരം ഷെട്ടിന്റാസ്പത്രിക്ക് തന്നെ വിട്ടു. കയ്യും കാലും ഒടിഞ്ഞാൽ ഇതിനോളം നല്ല ആസ്പത്രി കാസർകോട് വേറെ ഇല്ലെന്ന് സൗകൂന്റെ കാർന്നോർ പറഞ്ഞുവത്രേ. അവന്റെ പോക്ക് ഇതേതോ സുപെർസ്പെഷ്യൽ ഹോസ്പിറ്റൽ എന്നായിരിക്കും. ഇല്ലെങ്കിൽ കാക്ക അത് പറഞ്ഞപ്പോൾ അവനു വാശി പിടിക്കില്ലല്ലോ. രാമൻ കോമ്പൗണ്ടറും നേഴ്സമ്മയും പാവത്തെ കൊല്ലാകൊല ചെയ്തുവെന്നത് ബാക്കി പത്രം. 

 മുമ്പ് യുദ്ധവേളയിൽ ആർമിയിൽ  ശുശ്രൂഷിക്കാൻ ഡോ . ഷെട്ടി ഉണ്ടായിരുന്നു, അത് കൊണ്ടാണ് ക്യാപ്റ്റൻ എന്ന പേര് ലഭിച്ചതെന്നൊക്കെ കേട്ടിട്ടുണ്ട്. പി.എസ് .പി. ടിക്കെറ്റിൽ  അദ്ദേഹം  ഇലക്ഷന് മത്സരിക്കുകയും ചെയ്തിട്ടുണ്ടെന്നും പറയാറുണ്ട്. അന്ന് പി.എസ്. പി. ഇടത് പക്ഷത്തായിരുന്നു. നമ്മുടെ നാട്ടിലും അന്നത്തെ പി.എസ്.പി.ക്കാർ ഉണ്ടായിരുന്നു. അതൊക്കെ ഓർത്തെടുക്കാൻ വായനക്കാർക്ക് വിടുന്നു. 

Sunday, December 25, 2016

ck


അന്നൊക്കെ പരസ്പര വിശ്വാസം കുറച്ചു കൂടുതലായിരുന്നു എന്നാണ് തോന്നുന്നത്. കൂട്ടുകാർ എന്ത് പറഞ്ഞാലും വിശ്വസിക്കും. വീട്ടിൽ സഹോദരങ്ങൾ പറഞ്ഞാൽ പറയണ്ട. കണ്ണടച്ച് വിശ്വസിച്ചു കളയും. ഇത് മുതലെടുത്തു പറ്റിക്കുന്ന ഏർപ്പാടൊക്കെ അന്ന് യഥേഷ്ടം നടന്നിരുന്നു.

ഒരു സൗകു പറഞ്ഞതാണ്. അവനെയല്ല അവന്റെ ഒരു അയൽക്കാരൻ സൗകുവിനെ ആ സൗകുവിന്റെ ജേഷ്ഠശ്രീ പറ്റിച്ചത്. അത് വെച്ച് ചിലരൊക്കെ അവനവന്റെ വീട്ടിലും പറ്റിര് നടത്തിയിട്ടുണ്ട് പോലും. അന്ന് ചിലരുടെ കയ്യിൽ വെറുതെ കാശ് കാണും, വല്ല ബന്ധുക്കളോ മറ്റോ വന്നാൽ പോക്കറ്റ് മണിയായി കിട്ടുന്നതാണ്. വീട്ടിൽ എല്ലാവർക്കും കിട്ടിക്കാണും. പക്ഷെ, ചിലവന്മാർ ഒന്നും ചെലവാക്കാതെ അതിങ്ങനെ എണ്ണിക്കൊണ്ടും കുലുക്കി കൊണ്ടും നടന്നു കൊണ്ടിരിക്കും.  സൗകുവിനോട് ജേഷ്ഠശ്രീ പല അടവും പയറ്റിനോക്കി. എവിടെ കിട്ടാൻ.
പിറ്റേ ദിവസം രാവിലെ അയാൾ തൊട്ടടുത്ത വയലിൽ പോയി കാര്യമാണ് കിളക്കാൻ തുടങ്ങി. അനിയൻ ശ്രീ പിന്നാലെ കൂടി ചോദിച്ചു എന്താണ് പരിപാടിയെന്ന്. ജേഷ്ഠ ശ്രീ പറഞ്ഞു പോലും. ഇത് പൈസ മുളപ്പിക്കുന്നതാണ്. അഞ്ചു പൈസ കുഴിച്ചിട്ടാൽ, രണ്ടു ദിവസം കഴിഞ്ഞാൽ 10 പൈസ മുളച്ചോ കുഴിച്ചോ കിട്ടും. എന്നിട്ട് കീശയിൽ നിന്ന് ജേഷ്ഠ ശ്രീ അഞ്ചു പൈസ കുഴിച്ചിട്ടു. രണ്ടു ദിവസം കഴിഞ്ഞു അനിയന്റെ സാനിധ്യത്തിൽ കുഴിതോണ്ടി - അത്ഭുതം 10 പൈസ.  ഒരു പരീക്ഷണത്തിന് അനിയൻ ശ്രീ അഞ്ചു പൈസ ജേഷ്ഠ ശ്രീയുടെ സാനിധ്യത്തിൽ കുഴിച്ചിട്ടു. അവനും 10 പൈസ കിട്ടിയപ്പോൾ തുള്ളിച്ചാടി പോലും.

അനിയന്റെ സന്തോഷം കണ്ടു ജേഷ്ഠ ശ്രീ ചോദിച്ചു - അല്ലടാ നിന്റെ കയ്യിൽ മൊത്തം എത്രയുണ്ട് ? 

Saturday, December 24, 2016

cp

അറിയിപ്പ്

...................................

ഇനി രണ്ടു മാസത്തേക്ക് ഗവേർണിംഗ് ബോഡിയിലെ മുഴുവൻ അംഗങ്ങളും സിപി ഓപ്പൺ ഫോറത്തിലെ  ടെക്നിക്കൽ അഡ്മിൻ ചുമതല കൂടി വഹിക്കുന്നതാണ്.    സിപി ഫോറത്തിലെ ദൈനംദിന കാര്യങ്ങളിലും ഇടപെടലുകളിലും  കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിന് കൂടിയാണ് ഈ തീരുമാനം.

എല്ലാവരുടെയും സഹകരണം തുടർന്നും ഉണ്ടാകുമല്ലോ.

------------------------------
സിപി-ജി ബോഡി 

CP ബസ് വെയിറ്റിങ് ഷെഡ്ഡ് : അനുചിതമായ പദപ്രയോഗങ്ങളും സിപി. ജി. ബോഡിയുടെ മറുപടിയും

CP ബസ്  വെയിറ്റിങ് ഷെഡ്ഡ് :
അനുചിതമായ പദപ്രയോഗങ്ങളും
സിപി. ജി. ബോഡിയുടെ മറുപടിയും

ഒരു ടെക്സ്റ്റ് മെസ്സേജ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. നേരത്തെയും സമാനമായത് സിപിയിൽ കണ്ടിരുന്നു. എഴുതിയ വ്യക്തിയുടെ പേരില്ലാത്ത ടെക്സ്റ്റുകൾ സിപി യിൽ  ആര് പോസ്റ്റ് ചെയ്താലും പാടില്ലാത്തതാണ്. സിപിയുടെ RR യിൽ അത് വ്യക്തമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പ്രസ്തുത ടെക്സ്റ്റിൽ സൂചിപ്പിച്ച ചില പരാമർശങ്ങൾ  അപക്വവും അനുചിതവുമാണ്. സിപി എന്ന ഫോറത്തിൽ ഒരാൾ നിലനിൽക്കെ തന്നെ 'നിങ്ങൾ'' എന്ന് അതേ കൂട്ടായ്മയെ  അഭിസംബോധന ചെയ്യുന്നതിൽ എന്ത് ഔചിത്യമാണുള്ളത് ? അങ്ങിനെ ഒരു അകലം പാലിച്ചു കൊണ്ട് ഇടപെടുന്നത് ശരിയാണോ എന്ന് പോസ്റ്റ് ചെയ്യുന്ന വ്യക്തി  പുനഃ രാലോചിക്കണം. തിരുത്തുകയും വേണം.

വലിയ അക്ഷരത്തിൽ ബോർഡ് വെക്കാൻ മാത്രം പ്രൊഡക്ഷൻ കമ്പനിയാണോ അതല്ല മറ്റു വല്ല കൊമേഴ്‌സ്യൽ സ്ഥാപനമാണോ എന്നൊക്കെ പരിഹാസച്ചുവയോടുള്ള പരാമർശമടങ്ങിയ  ടെക്സ്റ്റ്,  ഓപ്പൺ ഫോറത്തിൽ പോസ്റ്റ് ചെയ്യുന്നതിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കത്തക്കതാണ്. സദുദ്ദേശത്തിലായിരുനെങ്കിൽ തീർച്ചയായും പത്തംഗ ഗവേണിങ് ബോഡിയിലെ ആരെയെങ്കിലും അറിയിക്കാമല്ലോ.  ഓപ്പൺ ഫോറത്തിലുള്ള ഒരുപാട് പേരെ പ്രസ്തുത പരാമര്ശം വിഷമിപ്പിച്ചിട്ടുണ്ട് എന്നാണ് ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന മെസ്സേജുകൾ.

 സംസാരിക്കുമ്പോഴും ടെക്സ്റ്റ് മെസ്സേജ് ചെയ്യുമ്പോഴും ഒരു കൂട്ടായ്മയിൽ പാലിക്കേണ്ട ചില പൊതുമര്യാദകൾ പാലിച്ചേ തീരൂ. വിമർശിക്കുന്നതിനു പോലും ചില മാനദണ്ഡങ്ങളുണ്ടല്ലോ.

ഒരു നല്ല ഉദ്ദേശത്തിലാണ് സിപി മുൻകൈ എടുത്തു കൊണ്ട് സ്പോൺസർമാരെ കണ്ടെത്തി ബസ്കാത്തിരുപ്പ് കേന്ദ്രങ്ങൾ രണ്ടു വർഷം മുമ്പ്  സ്ഥാപിച്ചത്. സിപിയുടെ പേരിൽ അത് അവിടെ ഉണ്ടായതിൽ ആർക്കും ഇത് വരെ പരാതിയുമുണ്ടായിരുന്നില്ല.  പരിസരവാസികൾ അവരുടെ സന്തോഷം സിപിയെ അറിയിച്ച വിവരം ഇതേ ഓപ്പൺ ഫോറത്തിൽ തന്നെ പലരും പറഞ്ഞതുമാണല്ലോ.

പട്‌ല പോലുള്ള റിമോട്ട് സ്ഥലങ്ങളിൽ  വളരെ പരിമിതപ്പെടുത്തിയ  ബസ്സ് ഷട്ടിൽ സർവീസേ ഉള്ളൂവെന്ന് എല്ലാവർക്കുമറിയാം. കൂടിയാൽ ഒരു ദിവസം  പത്തോ -പന്ത്രണ്ടോ  ട്രിപ്പുകൾ.   അഞ്ചോ - പത്തോ മിനിറ്റു വെയിലും മഴയും കൊള്ളാതെ യാത്രക്കാർക്ക്  വാഹനം കാത്തിരിക്കാനുള്ള ഒരു സൗകര്യമെന്ന നിലയിലാണ് ചില തെരഞ്ഞെടുക്കപ്പെട്ട പോയിന്റുകളിൽ ഒരുപാട് കൂടിയാലോചനകൾക്ക് ശേഷം  വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചത്.  

അതത് ഏരിയകളിൽ താമസമുള്ളവർ ഇതുവരെ എവിടെയും തങ്ങളുടെ പ്രദേശത്തിന്റെ പേരുള്ള വലുതോ ചെറുതോ വലുപ്പമുള്ള   ബോർഡ് വെക്കാത്തത് കൊണ്ട് പുറംനാട്ടുകാർ ആരും പ്രയാസപ്പെട്ടതായി  അറിയില്ല.  അത്കൊണ്ട് തന്നെ സിപിക്ക് അതുമറികടന്നു വെയിറ്റിങ് ഷെഡിൽ പ്രസ്തുത പ്രദേശത്തിന്റെ  പേരെഴുതി വെക്കാനോ നിലവിലുള്ള സിപിയുടെ പേരിന്റെ വലിപ്പം കൂട്ടാനോ കുറക്കാനോ ആലോചനയുമില്ലെന്ന് കൂട്ടത്തിൽ അറിയിക്കട്ടെ.

സിപിക്ക് വേണ്ടി
...................................
...................................

Thursday, December 22, 2016

നാളെ (വെള്ളി )

നാളെ (വെള്ളി )

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

( നാല്പത്തി മൂന്നാം ലക്കം )

എന്റെ ഓർമ്മകളും
നടന്ന വഴികളും
വഴിക്കണ്ണുകളും
വഴികളിൽ തലോടിയ  പുൽനാമ്പുകളും
കൂട്ടുകാരും കൂട്ടക്കാറും
എന്റെ ചുറ്റുവട്ടങ്ങളുമൊക്കെയാണ്
കുട്ടിക്കലാകുസൃതിക്കണ്ണുകൾ.

ഇതിൽ അത്ഭുതം പ്രതീക്ഷിക്കരുത്.
അറിവും കാത്തിരിക്കരുത്.
നിങ്ങളുടെ മറവികളെ
തട്ടിയുണർത്തുന്ന നുറുങ്ങനുഭവങ്ങളായി
മാത്രം ഈ കുറിപ്പുകൾ കണ്ടാൽ മതി.

ഉള്ളത് പറയട്ടെ,
നിങ്ങളുടെ കൂടെ തന്നെ
ഞാനും ഇതിന്റെ വായനക്കാരനാണ്.

Tuesday, December 20, 2016

ആർട്ടിയിലെ പ്രഭാതങ്ങൾ

ആർട്ടിയിലെ പ്രഭാതങ്ങൾ

അസ്‌ലം മാവില

നാമെപ്പോഴും ദൗത്യത്തെ കുറിച്ച് പറയും, എഴുതും. പലപ്പോഴും പലരും തെറ്റുധരിച്ചിരിച്ചുവെച്ചിരിക്കുന്നത് ലക്ഷ്യപൂർത്തീകരണം മാത്രമാണ് ദൗത്യമെന്നാണ്. മനസ്സിന്റെ പ്രയാണം വരെ ദൗത്യമാകാം.

കഴിഞ്ഞ കുറച്ചാഴ്ചകൾക്ക് മുമ്പ്  വായനക്കാരുടെ വലിയ ആശങ്ക RT പഴയ പ്രതാപത്തോട് കൂടി തിരിച്ചു വരുമോ എന്നായിരുന്നു. RT എക്സിക്യൂട്ടിവ് ഡെസ്കിന് പക്ഷെ കൃത്യമായ ധാരണയുണ്ടായിരുന്നു, ആർടി-ഇടം അങ്ങിനെ കെട്ടടയുന്നതോ കെട്ടടങ്ങുന്നതോ ഒന്നല്ലെന്ന്. ബോധപൂർവ്വമാണ് അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയത്, ചില വിളികൾക്ക് ചെവി കൊടുത്തിട്ടുമില്ല. അവരോടാരോടും  പരിഭവമുണ്ടാഞ്ഞിട്ടല്ല, പരാതിയുമില്ല. ഇടുങ്ങി ഞെരുങ്ങുന്നതിലും നല്ലത്   വായുവും വെളിച്ചവും കടക്കാൻ കുറച്ചു സ്‌പെയ്‌സ് വിട്ടേക്കുന്നതല്ലേ ? എണ്ണക്കുറവ് ഒരു സാംസ്കാരിക തട്ടകത്തിനു അഭികാമ്യമാണും താനും.

RT യിൽ  ഇടപെടലുകൾ ഇത് പോലെ ഇനിയും സജീവമാകും. ഇടക്കിടക്ക് അനുഭവിക്കുന്ന വിശ്രമസമയങ്ങളെ ആശങ്കയോടെ കാണേണ്ടതില്ല. അഭിപ്രായാന്തരങ്ങളെ പാഠഭേദങ്ങളായി കാണാനാണ് RT ശ്രമിക്കുന്നത്. വായനയാണ്   വ്യത്യസ്തമെന്ന് തോന്നുന്ന ആലോചനയിലേക്ക്നിങ്ങളെ നയിച്ചതെന്ന് അനുവാചകർ കരുതുന്നതോടെ ഇടപെടലിന്റെ ലോകത്തു നിങ്ങൾ ലബ്ധ പ്രതിഷ്ഠ നേടും തീർച്ച. അതുകൊണ്ടു മതിലുകളില്ലാത്ത സൗഹൃദങ്ങളും മുൻധാരണകളില്ലാത്ത സമീപനങ്ങളും ഉണ്ടാക്കിയേ പറ്റൂ. പുതിയ തലമുറകൾ  വഴിനീളെ പുതുനാമ്പുകൾ നീട്ടട്ടെ, അവരുടെ അഭിപ്രായങ്ങൾ വരും കാലത്തെ കനപ്പെട്ട ശബ്ദങ്ങളാകട്ടെ.

RT യെ കുറിച്ച് കേൾക്കാൻ താൽപര്യമുള്ളവർ ഒരുപാടുണ്ട്. നാം മനസ്സിലാക്കിയത് മാത്രം അവർക്ക് പറഞ്ഞു കൊടുത്താൽ മതി. അവർ കട്ടുകേട്ടാലും ക്രഡിറ്റ് ഈ കൂട്ടായ്മക്ക് തന്നെയാണ്. ഈ കൂട്ടായ്‍മയുടെ ഓജസ്സാണ് മാറ്റുകൂട്ടായ്‍മകളുടെ ആംഗ്യത്തിലും ഭാഷയിലും സ്വാധീനം ചെലുത്തുന്നതെന്നത് ചെറിയ വിഷയമല്ല. തലയാട്ടലിനു നിഷേധമെന്നു മാത്രമല്ലല്ലോ നാം അർത്ഥമാക്കുക.

RT ഇനിയും സജീവമാകും, അതിനുള്ള തറ ഒരുങ്ങിക്കഴിഞ്ഞു. നടപ്പു രീതികളിൽ നിന്നും മറ്റു  ചങ്ങലക്കെട്ടുകളിൽ നിന്ന് വിടുതി നേടാനെങ്കിലും ദിനേന  ഒരു വട്ടമെങ്കിലും RT യിൽ കണ്ണെറിയണം.

നമുക്ക്  ചക്രവാളങ്ങളിലേക്ക് കണ്ണ് നട്ടിരിക്കാം, പുലരിയുടെ ഉത്ഭവം  അവിടെ നിന്നാണ്. ഒരു  പ്രഭാതവും പഴയതിന്റെ പകർപ്പല്ലെന്നത് ആർക്കാണറിയാത്തത് !

kk

നന്മ അപ്പാടെ കടലെടുക്കാറില്ല. തിന്മ ഒരു കൊടുങ്കാറ്റായി ഒറ്റയടിക്ക് ആഞ്ഞടിക്കാറുല്ല.
ചില ലക്ഷണങ്ങൾ കാണും. ചെറിയ ചെറിയ തിന്മകൾ തലപൊക്കും. കണ്ണടക്കുമ്പോൾ തിന്മകളുടെ എണ്ണം കൂടും. അതിന്റെ സ്പോൺസർമാരും കൂടി കൂടി വരും.  അവയോട് ഒട്ടിനിൽക്കാത്തവനൊക്കെ അവർക്ക് പിന്നെ ശത്രുക്കളാണ്. എല്ലാത്തിനും മുഖ്യ കാർമ്മികത്വം അവർ തന്നെ വഹിക്കാൻ വന്നേക്കും. പണം എറിയാനും എറിഞ്ഞതിന്റെ പത്തിരട്ടി നാടന്മാരിൽ നിന്ന് തിരിച്ചെടുക്കാനും അവർക്ക് അറിയാം.
പവിത്ര കേന്ദ്രങ്ങളിൽ വരെ അവർ കുഞ്ചിക സ്ഥാനങ്ങളിൽ ഇരുന്ന് സമൂഹത്തെ നോക്കി  പല്ലിളിക്കും.
വലിയ വലിയ ദുരന്തങ്ങൾ വായിക്കുന്നതിലേറെ ചെറിയ ദുരന്തങ്ങൾ മഹ്മൂദിന്റെ ഈ കുറിപ്പിലൂടെ കണ്ണോടിക്കാനാണിഷ്ടം.  മനസ്സിലാകുന്നുണ്ടല്ലോ, അല്ലേ ?

വീണുകിട്ടിയ ഡയറി വലിച്ചെറിയാനുള്ളതല്ലല്ലോ. സൂക്ഷിച്ചു വെക്കാനുള്ളതല്ലേ ? 

mma

_അസ്സലാമു അലൈകും വ റഹ്‌ മത്തുല്ലാഹ്‌_
💬ഓരോ പ്രദേശത്തെയും മുജാഹിദ് ഐക്യസംഘം ആവേശത്തോടെ പ്രവർത്തിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ട്.
💬 ഐക്യ സമ്മേളനത്തിന് എല്ലാവരും ഒന്നിച്ച് ബസ്സ് 🚍എൽപിക്കുകയും ഒന്നിച്ച് പോവുകയും ചെയ്യുന്നത് വായിക്കുമ്പോൾ ഏറെ ആവേശം തോന്നുന്നു.
💬 എന്റെ എം. എസ് എം കാലമാണ് എനിക്ക് ഓർമ്മ വരുന്നത്.
നമ്മുടെയെല്ലാം സ്വപ്നവും പ്രാർത്ഥനയുമായിരുന്ന *ഈ ഐക്യ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്*
💬എല്ലാ പ്രയാസങ്ങളും നീക്കുന്നതിനായി സർവശക്തനോട് എല്ലാവരും പ്രാർത്ഥിക്കുക.
💬സമ്മേളനത്തിൽ ഒറ്റകെട്ടായി പങ്കെടുക്കുന്നത് കൊണ്ട് മാത്രം പൂർത്തിയാവുന്നില്ല നമ്മുടെ ദൗത്യം. ഐക്യസമ്മേളനത്തിനു ശേഷമാണ് നമ്മുടെ പ്രദേശം ഇസ്‌ലാഹീ പ്രബോധനരംഗത്ത് മുന്നിലാണെന്ന് പ്രവർത്തനങ്ങൾ കൊണ്ട് തെളിയിക്കേണ്ടതുണ്ട്.
💬 തൗഹീദീ പ്രബോധനപരിപാടികളും ജീവകാരുണ്യപ്രവർത്തനങ്ങളും സാമൂഹ്യപ്രവർത്തനങ്ങളുമെല്ലാം സജീവമായി നടക്കണം.
💬ഇപ്പോൾ എല്ലാത്തിനും യുവാക്കൾ മുന്നിൽ നിൽക്കുന്നതു കാണുമ്പോൾ സന്തോഷമുണ്ട്. ഈ ആവേശം കെടാതെ സൂക്ഷിക്കണം.
💬ഒറ്റക്കെട്ടായി പ്രബോധനരംഗത്ത് കുതിക്കുവാൻ 👥യുവാക്കൾ മുന്നിൽ നിൽക്കണം.
🔍 പ്രസംഗ പരിപാടികളും 📗ഖുർആൻ ക്ലാസുകളും കുടുംബസംഗമങ്ങളും നടക്കാത്ത ആഴ്ചകളില്ലെന്ന് ഉറപ്പു വരുത്തണം.
🔍 ദീൻ പഠിക്കുവാൻ ഓരോരുത്തരും സമയം കണ്ടെത്തണം.
🔍 നമുക്ക് പഠിക്കാനുള്ള ക്ലാസുകൾ 📢നടക്കണം.
🔍സ്‌ക്വാഡ് പ്രവർത്തനങ്ങൾ സജീവമാകണം.
🔍മദ്രസ്സ കൂടുതൽ ജീവസ്സുറ്റതാക്കുവാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം.
🔍 നമ്മുടെ പ്രദേശത്തെ ആർക്കെങ്കിലും വല്ല ബുദ്ധിമുട്ടുകളുമുണ്ടെങ്കിൽ അത് ദൂരീകരിക്കുവാൻ നമ്മുടെ പ്രവർത്തകരുണ്ടാകണം.
🔍നമ്മുടെ 💰സകാത്തും സ്വദഖയുമെല്ലാം കൂടുതൽ പാവപ്പെട്ടവരിലേക്ക് എത്തിക്കുവാൻ പദ്ധതികളുണ്ടാക്കണം.
🔍 പെരുന്നാളുകൾ ഹലാലായ ആഘോഷങ്ങളാൽ സജീവമാക്കണം.
🔍 ഫിത്വർ സകാത്തും ഉദുഹിയ്യത്തുമെല്ലാം പൂർവാധികം ഭംഗിയോടെ നടക്കണം.
🔍 എവിടെയും മുജാഹിദ് പരിപാടികളിൽ നമ്മുടെ സജീവമായ സാന്നിധ്യമുണ്ടാവാണം.
*👉നമ്മുടെ കാരണവന്മാർ മുന്നിൽ നടക്കണം. അവരുടെ പിന്നിൽ അവർക്ക് ആവേശം നൽകിക്കൊണ്ട് യുവാക്കളുടെ പടയണിയുണ്ടാവണം.*
💬ഇസ്‌ലാഹീ ഭൂപടത്തിൽ നമ്മുടെ നാടിന് പ്രധാനപ്പെട്ട സ്ഥാനമുണ്ടാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ മാറണം.
💬 അങ്ങനെ നമ്മുടെ പഴയ കാല പ്രതാപത്തിലേക്ക് ഓരോ പ്രദേശവും തിരിച്ചു വരണം. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.
✒എം. എം. അക്ബർ

Monday, December 19, 2016

കത്ത് വായന

പള്ളിയിലെ കത്ത് വായന പരാമർശം  വായിച്ചപ്പോൾ,   എന്റെ  ഒരു കണ്ണൂർക്കാരൻ സുഹൃത്തിനെ ഓർമ്മ വന്നു.  ബഹു രസികനാണ്. യാമ്പുവിൽ ഞങ്ങളുടെ പ്രൊജക്ടിൽ പർച്ചയിസിൽ വരുന്നത് വരെ  നാട്ടിൽ ഒരു പള്ളി ചുറ്റിപ്പറ്റി പ്രവർത്തിച്ചിരുന്നു. പുള്ളിയാണ് അവിടെ കത്ത്‌വായന. അവിടെ എന്ത് ബോൾഡായി  വായിക്കണമെന്ന് ഇയാൾ തീരുമാനിക്കും, അത് കുറച്ചു കനപ്പിച്ചും പെരുപ്പിച്ചും വായിക്കും. ഒഴിവാക്കേണ്ടതും ഇയാൾ തന്നെയാണ് തീരുമാനിക്കുക. അത് മുക്കിയും മൂളിയും വൈകിച്ചും അവസാനത്തേക്ക് നീട്ടിയും, പേജ് മുക്കിയും  വായിക്കും പോലും. അത്  കേട്ടവർക്കോ  ഒന്നും മനസ്സിലാകുകയുമില്ല.

ഇസ്ലാഹിമനസ്സുകൾ ഒന്നാകുമ്പോൾ .... / അസ്‌ലം മാവില

ഇസ്ലാഹിമനസ്സുകൾ ഒന്നാകുമ്പോൾ ....

അസ്‌ലം മാവില

പ്രസ്ഥാനമെന്നൊക്കെ ഞങ്ങൾ ചെറുപ്പം മുതൽ കേൾക്കുന്നത് മുജാഹിദ് കൂട്ടായ്മയെയായിരുന്നു. വല്ലപ്പോഴും ഞങ്ങളുടെ ഭാഗങ്ങളിൽ നടക്കുന്ന ചെറിയ ചെറിയ ഖുർആൻ ക്‌ളാസ്സുകൾ. ആദർശ പ്രസംഗങ്ങൾ. തെക്കൻ  ജില്ലകളിൽ (കണ്ണൂർ വിട്ടാൽ ഞങ്ങൾക്ക് ബാക്കിയൊക്കെ തെക്കാണ് )  നിന്ന് കാസർകോട്ട് വന്നു അധ്യാപന വൃത്തിയിൽ ഏർപ്പെട്ടിരുന്നവരായിരുന്നു അധികവും സംഘാടകർ.  എല്ലാംകൊണ്ടും വിശ്വാസ രംഗത്ത് അത്ര നല്ല വാർത്തകൾ കേൾക്കാത്ത കാസർകോടിനെ സംബന്ധിച്ചടത്തോളം ആദർശ പ്രവർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും നടേ പറഞ്ഞ വ്യക്തിത്വങ്ങളുടെ  ഇടപെടലുകൾ പ്രസ്ഥാന പ്രവർത്തകർക്ക്  പലർക്കും ധൈര്യം നൽകിയിരുന്നു.

കാസർകോട് ഭാഗങ്ങളിലൊക്ക ഒരു ചെറിയ ചുവട് വെപ്പ് മുന്നോട്ട് വെക്കുന്ന  കാലത്തായിരുന്നു ഇസ്ലാഹി പ്രസ്ഥാനത്തിൽ പിളർപ്പുണ്ടാകുന്നത്. അത് പക്ഷെ  കണക്കുകൂട്ടുന്നതിലപ്പുറം പ്രശ്നങ്ങളും പ്രയാസങ്ങളും മാത്രമല്ല  അതിലും വലിയ വിടവുകളും ഉണ്ടാക്കുമെന്ന് ആരും വിചാരിച്ചിട്ടുണ്ടാകില്ല. ആ  പതിനാല് വർഷങ്ങൾ ഓർമ്മിച്ചെടുക്കുന്നതിനേക്കാളേറെ മറക്കാനായിരിക്കും ഇന്നത്തെ ദിവസം നന്മയും ഗുണകാംക്ഷയും ആഗ്രഹിക്കുന്ന ആരും ആഗ്രഹിക്കുക.

നീണ്ട പതിനാല് വർഷങ്ങൾ ഉണ്ടാക്കിയ ചില പോരായ്മകളുണ്ട്. പകുതിവഴിക്ക് ഉപേക്ഷിക്കപ്പെട്ടതുണ്ട്. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടു പോലും  അവയൊക്കെ സമൂഹ നന്മയ്ക്ക്  യാഥാവണ്ണം ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ  അനൈക്യം ഉണ്ടാക്കി വെച്ച ചെറുതല്ലാത്ത കുറവുകളുണ്ട്.

ആദർശ രംഗത്ത് മാത്രമല്ല ജീവിതത്തിന്റെ നിഖില മേഖലകളിലും ഇസ്ലാഹി പ്രസ്ഥാനത്തിന്റെ കയ്യൊപ്പ് പതിഞ്ഞൊരു കാലം നമുക്കുണ്ടായിരുന്നു. മലയാളിയുടെ തന്നെ സ്വസ്ഥവും  ശാന്തവുമായ ഒരന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ പോലും ഇസ്‌ലാഹികൾക്ക് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.  ഇടപെടലുകൾക്ക്  വരെ മിതത്വത്തിന്റെ രീതിയുണ്ടായിരുന്നു. നിലപാടുകൾ മധ്യമമായിരുന്നു. സാഹചര്യങ്ങളെ മുൻകൂട്ടി കാണാനുള്ള ദീർഘ ദർശിത്വവും ക്രാന്ത ദർശിത്വവും  ഗോഡ് ഗിഫ്റ്റ് പോലെ നമുക്കുണ്ടായിരുന്നു.

ഇക്കഴിഞ്ഞ 14 കൊല്ലക്കാലം പ്രവർത്തനങ്ങൾ ഉണ്ടായില്ല എന്നർത്ഥമില്ല.  ശ്രദ്ധകേന്ദ്രീകരണത്തിൽ നമ്മുടെ  മനസ്സ്  നൂറ് ശതമാനം ഏകാഗ്രമായിരുന്നോ ? പ്രവർത്തകർക്കിടയിൽ മാത്രമല്ല അനുഭാവികളിലും അഭ്യുദയകാംക്ഷികളിലും അസ്വസ്ഥത ഉണ്ടായിരുന്നില്ലേ ?. വേറിട്ടു പ്രവർത്തിക്കുമ്പോൾ പോലും   ''ഒന്നായിരുന്നെങ്കിൽ'' എന്ന് ഐക്യസന്ദേശം കേൾക്കുമ്പോഴൊക്കെ എല്ലാവരിലും അനിർവചനീയമായ  ആഗ്രഹമുണ്ടായിരുന്നില്ലേ ? നേതാക്കളും പ്രവർത്തകരും ആസ്പത്രി കിടക്കയിലും  മരണശയ്യയിലും തങ്ങളെ കാണാൻ വന്നവരോട് വേപഥുപൂണ്ടത് എന്തിനായിരിക്കണം ?  നമുക്ക് അറിയാം. എല്ലാം നമ്മുടെ മനസ്സുകളിൽ മിന്നിക്കളിക്കുന്നുണ്ട്.

അവരുടെയൊക്കെ പ്രാർത്ഥന, അണികളിലും അനുഭാവികളും നേതൃത്വ നിരയിലും ഉണ്ടായ അഗണ്യമായ തേട്ടം. അതൊക്കെ  ഐക്യത്തിനായുള്ള ശ്രമങ്ങളുടെ കിളിവാതിലുകൾ തുറന്നിട്ടു. അതിലൂടെ നോക്കി സഹോദരുടെ മനസ്സ് വായിച്ചു. അതാണ് ഇന്ന് നാം അത്ര കണ്ടു സന്തോഷിക്കാൻ നിമിത്തവും കാരണവുമാകുന്നത്.

പടച്ചവന് സ്തുതിക്കാം. ആ പ്രാർത്ഥനകൾക്ക്ക്ക്  ഫലം കണ്ടതിൽ. ഇസ്‌ലാഹി പ്രസ്ഥാനത്തെ അനുഭവിച്ചവർക്കും അടുത്ത് നിന്നും അകലെനിന്നും കണ്ടവർക്കും വായിച്ചവർക്കും ഈ ഐക്യം സന്തോഷമേ നൽകൂ. പൊയ്പോയ പ്രതാപകാലം തിരിച്ചു വരിക തന്നെ ചെയ്യുമെന്ന് നമുക്ക്  പ്രത്യാശിക്കാം. വീണ്ടെടുപ്പിന് ഒരു പാട് കാലം കാത്തിരിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം.

മനമുരുകി, മനസ്സിണങ്ങി, സ്നേഹവും പരസ്പരവിശ്വാസവും ഹൃദയങ്ങളലിയിച്ചു. ദൗത്യമേറെയുണ്ട്. ഇനിയും വിട്ടു നിൽക്കുന്ന  ഇസ്ലാഹി മനസ്സുകളിൽ ആർദ്രത ഉണ്ടാകണം. അതിനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടേയിരിക്കണം. അങ്ങിനെ ഒരു  വിശാലാടിസ്ഥാനത്തിലുള്ള ഇസ്‌ലാഹികൂട്ടായ്മക്കുള്ള ഭഗീരഥ പ്രയത്നങ്ങളും അകമഴിഞ്ഞ പ്രാര്ഥനകളുമാകട്ടെ ഓരോരുത്തരിൽ നിന്നും.

ഈ ഐക്യസമ്മേളനത്തെ അകമഴിഞ്ഞ് ആശംസിക്കാം.  ഈ യോജിപ്പും ഐക്യവും  കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സംരക്ഷിക്കാം. 

azeez

ജീവിതത്തിൽ നാം വളരെ നിസ്സാരമെന്നു കരുതുന്ന പലതും അസീസിന് എഴുത്തിനുള്ള thread ആണ്. മലയാളത്തിൽ കഥാതന്തു എന്ന് പറയും. അത് വികസിപ്പിച്ചു വികസിപ്പിച്ചു കൊണ്ട് പോകാൻ അസീസ് മിടുക്കാനുമാണ്. ചെറിയ പുൽനാമ്പ് ചലനം വരെ അസീസിന്‌ ഗൗരവമുള്ളതാണ്. അതൊക്കെ ഒരു അനുവാചകൻ  വായിച്ചു പോകുമ്പോൾ അത്ഭുതപ്പെട്ടില്ലെങ്കിലേ അതിലും അത്ഭുതമുള്ളൂ.

കഥാകൃത്ത്  ശ്രദ്ധിക്കേണ്ടത് tense (ക്രിയാപദങ്ങളുടെ കാലഭേദം ) ന്റെ ഉപയോഗമാണ്. അത് ചിലയിടങ്ങളിൽ വർത്തമാനകാലം വന്നു പോകുന്നു. കഥാരചനയിൽ present tense ഒഴിവാക്കുന്നത് കുറച്ചു കൂടി വായനാസുഖം കിട്ടുമെന്ന് ഞാൻ കരുതുന്നു.

ഭാവുകങ്ങൾ , ഇനിയും എഴുതുക, ഒരുപാടൊരുപാട് 

കുട്ടിക്കാലകുസൃതിക്കണ്ണുകൾ - 43

കുട്ടിക്കാലകുസൃതിക്കണ്ണുകൾ -43

മാവിലേയൻ

ആറാം ക്‌ളാസ്സിൽ ഉള്ളപ്പോഴാണ് ഞങ്ങളുടെ പുല്ല് മേഞ്ഞ വീട് പൊളിച്ചു പുതിയ വീട് പണിയാൻ തുടങ്ങുന്നത്. വർഷാവർഷം പുല്ല് മേഞ്ഞാലും മഴക്കാലമായാൽ മിക്ക മുറിയിലും ചോർച്ച തന്നെ. മോന്തായം ദ്രവിച്ചിട്ടുമുണ്ട്.  ഒരു തേക്ക് മരം അങ്ങിനെ തന്നെ പിഴുത് കൊണ്ട് വന്നു എട്ത്തെണെ (ഡൈനിങ് ഹാൾ)യിൽ നാട്ടി  മോന്തായത്തിൽ കുത്തിക്കൊടുത്ത ധൈര്യത്തിലാണ് ഞങ്ങൾ അതിനകത്തു താമസം. മഴക്കാലത്തു രാത്രി കാറ്റടിക്കുമ്പോൾ ഞാൻ ഞെട്ടി ഉണരും.  ഉപ്പ അപ്പോഴും ഉറങ്ങാതെ കട്ടിലിൽ ഇരിക്കിന്നുണ്ടാകും. ഉമ്മ ഞങ്ങളെയൊക്കെ കെട്ടിപ്പിടിച്ചു  പ്രാർഥനയിലും. പടച്ചവനിൽ തവക്കുൽ ചെയ്തു  ഉപ്പ രണ്ടും കൽപ്പിച്ചു  വീട് പണിയാരംഭിച്ചു. തൊട്ടയല്പക്കത്തെ വീട്ട് മുറ്റത്തു  ലോറിയിൽ നിന്ന്  കല്ലിറക്കുമ്പോൾ അത്   ഞങ്ങൾക്കാണെന്നു ആരോ പറഞ്ഞപ്പോൾ  എനിക്ക് വിശ്വസിക്കാനായില്ല . ഞങ്ങളുടെ വീട് പൊളിച്ചു  കെട്ടുന്ന പ്ലാനുണ്ടെന്നു കേട്ടറിഞ്ഞു സദർ ഉസ്താദ് ഉപ്പാനോട് സന്തോഷം പങ്കുവെക്കുന്നതൊക്കെ ഇപ്പോഴും കൺമുമ്പിൽ .

ഒരു ദിവസം രാവിലെ  അമ്മാവൻ ഒരാളെയും കൊണ്ട് വീട്ടിൽ എത്തി. വളരെ വിനയ വിനീതനായ ഒരാൾ. മുറുക്കി തുപ്പിയ വായ. അലസമായി ധരിച്ച കുപ്പായം.  നിഷ്കളങ്കമായ ചിരി.  35-40  പ്രായം. ഉപ്പ പള്ളിയിൽ പോയി ഇനിയും തിരിച്ചു വന്നിട്ടില്ല. അത്ര രാവിലെയാണ് അമ്മാവൻ അയാളെയും കൊണ്ട് എത്തിയിട്ടുള്ളത്.

ഞങ്ങളുടെ വീട് പണിക്ക് സഹായിക്കാൻ വേണ്ടി കാക്ക കർക്കളയിൽ നിന്ന് കൊണ്ട് വന്ന ജോലിക്കാരനായിരുന്നു അത്. പേര് കേട്ടപ്പോൾ തന്നെ ചിരിവന്നു -  മുങ്കിലൻ. ആ ചിരി കൊണ്ട് വന്നു പൊട്ടിച്ചത് അടുക്കളയിൽ ഉമ്മന്റേയും പെങ്ങളെയും മുമ്പിൽ. അതിന് കണക്കായി അവർ രണ്ടാളെന്നും അടിയും കിട്ടി.   തുളു, കന്നഡ, കൊങ്കിണി ഇതല്ലാത്ത വേറെ ഒരു ഭാഷയും മുങ്കിലനറിയില്ല.  ഞങ്ങൾക്കാണെങ്കിൽ ഇതൊക്കെ ആദ്യമായി കേൾക്കുകയാണ്.

  മുങ്കിലന്റെ ജോലിക്ക് പ്രത്യേക സമയമൊന്നുമില്ല. ഞങ്ങളൊക്കെ സൂര്യൻ ഉദിക്കല്ലേ , ഉദിക്കല്ലേ എന്ന് ആഗ്രഹിച്ചിരുന്നപ്പോൾ മുങ്കിലൻ ഒന്ന് സൂര്യനുദിച്ചു കിട്ടിയാൽ മതി എന്ന് കാത്തിരിക്കുന്ന പാർട്ടിയാണ്, ജോലി തുടങ്ങാൻ. പണി തുടങ്ങിയാൽ നിർത്തുന്ന പ്രശ്നമില്ല. ചോറും ചായയുമൊക്കെ റെഡിയായാൽ ഞങ്ങൾ പച്ച നാടൻ മലയാളത്തിൽ മുൻകിലനോട് വിളിച്ചു  പറയും. ഞങ്ങളുടെ അംഗവിക്ഷേപമൊക്കെ  കണ്ടു പുള്ളിയൊരു ധാരണയിലെത്തും -  ഊട്ട /  ചായ/  ആഹാര സിദ്ധവാഗിത , അതക്കാഗിയെ ഈ സണ്ണ മക്കളു ശബ്ദ മാഡുത്തിദ്ദാരെ. പക്ഷെ,  എത്ര പറഞ്ഞാലും ഗോഷ്ഠി കാണിച്ചാലും ഈ അണ്ണ അത്ര പെട്ടെന്ന്  ജോലി നിർത്തില്ല.  കണ്ണ് ചിമ്മി വെറുതെ ചിരിച്ചു കൊണ്ടു വീണ്ടും പണിയിൽ തുടരും.

ദിവസങ്ങൾക്കുള്ളിൽ തന്നെ അയാൾ ഞങ്ങളുടെ കണ്ണിലുണ്ണിയായി. ഞങ്ങളെ എല്ലാവരെയും മുങ്കിലന് വലിയ ഇഷ്ടവുമായിരുന്നു. സ്വന്തം  വീട് പോലെയാണ് മുങ്കിലൻ ഞങ്ങളുടെ വീട് പണിയുടെ ഭാഗമായത്. നല്ല പാലക്കാടൻ പുകയിലയും തളിർ  വെറ്റിലയും വെള്ളത്തിൽ ഇട്ട് വെച്ച ചീഞ്ഞ അടക്കയും ആറ്റി കുറുക്കിയ  ചുണ്ണാമ്പും കിട്ടിയാൽ , മുൻകിലന്  ധാരാളം.  അയാൾ ഫുൾ ഹാപ്പി.   നാലും കൂട്ടിയുള്ള മുറുക്കലും തുപ്പലും കണ്ടാൽ ഫുൾ എനർജി കിട്ടിയിരുന്നത് ഈ മുറുക്കാനിൽ നിന്നാണെന്നു തോന്നിപ്പോകും. ഞങ്ങളുടെ വീട് പണിയുടെ കെട്ട് മേസ്ത്രി  മായിപ്പാടി ആനന്ദേട്ടനായിരുന്നു, മുടി അടക്കിയൊതുക്കി മേലോട്ട് ചീകിവെച്ചു , വളരെ സൗമ്യനായ  ഒരു ചെറിയ മനുഷ്യൻ. ആനന്ദൻ  മേസ്ത്രിയും കല്ല് ചെത്തുകാരായ  ബാബുവേട്ടനും രാഘവേട്ടനും കൂടിയായപ്പോൾ മുങ്കിലന് നമ്മുടെ നാട് ശരിക്ക് ഒരു തുളുനാട് പോലെയാണ് തോന്നിയത്,  അവർക്കൊക്കെ കന്നഡയോ തുളുവോ അറിയും. എന്റെ ഉപ്പയും അത്യാവശ്യം ഇതൊക്കെ ഒപ്പിച്ചു സംസാരിക്കും.  അതിനിടയിൽ കുട്ടികളായ ഞങ്ങളോട് സംസാരിക്കാനാണ് മുങ്കിലൻ മലയാളം പഠിക്കാൻ ശ്രമം തുടങ്ങിയതും കുളമായതും. (അതൊന്നും ഇപ്പോൾ എഴുതുന്നില്ല)

മുങ്കിലന്റെ ആത്മാർത്ഥതയും നിഷ്‍കളങ്കതയും  കണ്ടു അയാളെ ഏറെ ഇഷ്ട്ടപ്പെട്ട വേറെ രണ്ടു ആൾക്കാരുണ്ട് - നാരായണൻ ആശാരിയും അനിയൻ ശ്രീധരേട്ടനും. നീണ്ടു മെലിഞ്ഞ, ക്ഷീണിതനായ  മനുഷ്യനാണ് നാരായണാശാരി. ചെറിയ അരച്ച കഷണ്ടി, മുന്നിലെ പല്ലു മുഴുവൻ കൊഴിഞ്ഞു പോയിട്ടുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതം. രണ്ടു കാര്യത്തിൽ നാരായണാശാരി വെറുതെ നിർബന്ധം പിടിക്കും. ഒന്ന്  നാട്ടിൽ ആര് വീട് പണി തുടങ്ങിയാലും തനിക്ക് ആ പണി കിട്ടണമെന്ന്.  മറ്റൊന്ന് തന്റെ അനിയൻ ശ്രീധരൻ ഒരു ബീഡിക്കുറ്റി പോലും വലിക്കരുതെന്നും. (നാരായണ ആശാരിയാണെങ്കിൽ ചെയിൻ സ്മോക്കറും കൂടിയാണ്) ഇതൊക്കെ നടക്കുന്ന കാര്യമാണോ ? പുകവലിയോട് വല്ലാത്ത മതിപ്പ് കാണിച്ചിരുന്ന പാവം  ശ്രീധരന്, നാരായണാശാരി അറിയാതെ ബീഡി   കൊടുത്തിരുന്നത്  മുങ്കിലനായിരുന്നു. മൂങ്കിലൻ ബീഡി വാങ്ങുന്നത്   എന്റെ ഉപ്പാന്റെ കയ്യിൽ നിന്നും. ഉപ്പയ്ക്ക് അതറിയാം ഇത് മൂങ്കിലൻ സ്വന്തം വലിക്കാനല്ല വാങ്ങുന്നത്. ഉപ്പ ഇതൊക്കെ അറിയുന്നുണ്ടെന്ന്  മുങ്കിലനൊട്ടറിയുകയുമില്ല.  ഉച്ച നേരത്തും പത്ത് പതിനൊന്ന് മണിക്കൊക്കെ നാരായണാശാരി മുങ്ങും. അപ്പോഴാണ് ശ്രീധരന്റെ പുകയൂത്ത്‌..;

ചെറിയ ചെറിയ പ്രശ്നങ്ങൾക്ക്  ശ്രീധരനെ അടിക്കാൻ നാരായണാശാരി ഓങ്ങുമ്പോഴൊക്കെ ഓടിക്കിതച്ചെത്തി വിലങ്ങു വീഴുന്നതും മുങ്കിലൻ തന്നെ. ശ്രീധരന്  കിട്ടേണ്ട അടി മുങ്കിലന്.  മുങ്കിലൻ എന്തൊക്കെയോ തുളുവിൽ  ശകാരിക്കും;  ആശാരി പച്ചമലയാളത്തിൽ മറുപടിയും പറയും. രണ്ടാൾക്കും ഒന്നും മനസ്സിലാകുന്നുണ്ടാകില്ല. ഇനി അബദ്ധത്തിൽ മുങ്കിലൻ മലയാളത്തിൽ വല്ലതും പറഞ്ഞാൽ അവിടെ കട്ട സീനായിരുക്കും - നാരായണാശാരി അനിയനോടുള്ള ദേഷ്യമൊക്കെ മറന്നു കൺട്രോൾ വിട്ടു തൊണ്ടയിൽ നിന്ന് ഒരു പ്രത്യേക ശബ്ദമുണ്ടാക്കി  ചിരിച്ചു മരിക്കും.

ഏട്ടനോട്  ദേഷ്യപ്പെട്ട് ശ്രീധരൻ  വരാത്ത ദിവസങ്ങളിൽ ബെഞ്ച് പ്ലെയിൻറെ (ഈസുളി ) മറ്റേയറ്റം പിടിച്ചു  ''ചിപ്പ്ളി''യിടാൻ സഹായിക്കുന്നതും ചെത്തുളി മൂർച്ചകൂട്ടാൻ വെങ്കല്ല് പൊടിച്ചു തവിട് രൂപത്തിൽ തയ്യാറാക്കുന്നതും  ''തോത്'' ഉണ്ടാക്കാൻ പച്ചപ്പാന്തം മുറിച്ചു കൊടുക്കുന്നതൊക്കെ മുങ്കിലനായിരുന്നു. ഒരു ദിവസം നല്ല വീതിയുള്ള ഒരു ഉളി (chisel) മൂർച്ഛകൂട്ടാൻ ശ്രമിക്കുന്നതിനിടെ കൈവെള്ള മൊത്തം ചീന്തി. ചോര ഒരു ഭാഗത്തു ചിന്തി വരുമ്പോഴും മുങ്കിലൻ നിന്ന് ചിരിയായിരുന്നു. പക്ഷെ, പിന്നെ ഒരിക്കലും ഉളി മൂർച്ചകൂട്ടാൻ നാരായണനാശാരി മുങ്കിലനോടാവശ്യപ്പെട്ടിട്ടില്ല.

ആശാരി സ്രാമ്പി ഭാഗത്താണ് താമസം, ഷാഫിയുടെ തറവാട് വീടിനടുത്ത്. അയാൾ ചിലപ്പോൾ  കുടുംബ സമേതവും  താമസമുണ്ടാകും. പെരുന്തച്ചനെ ഓർമ്മിപ്പിക്കുമാറ് ചില കുസൃതികളൊക്കെ നാരായണാശാരി മരക്കഷ്ണങ്ങളിൽ ഒപ്പിക്കും. അതിനൊക്കെ അയാൾക്ക് നല്ല മൂഡ് വേണം.   പലക, കൈൽ, കുതിര, ഒടിഞ്ഞ  ചെരപ്പലകയ്ക്ക് ആണിയോ ആപ്പോ അടിക്കൽ, കാലൊടിഞ്ഞ പഴയ കട്ടിൽ നന്നാക്കൽ ഇതൊക്കെ ചെയ്യാൻ ഏൽപ്പിക്കുമ്പോഴാണ് നാരായണആശാരിയുടെ ദേഷ്യം. അതിനു പ്രധാന കാരണം, പിടിപ്പതു പണി തന്നെ. അയാളുടെ പിറവിയിൽ തന്നെ ഉള്ളതാണോ ചെവിയിൽ തിരുകിയ പെൻസിൽ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

ആശാരിപ്പണിയിൽ കാണാൻ ഏറ്റവും രസം ''ചിപ്പ്ളി'' ഇടുന്നതാണ്. പെൻസിൽ മുനകൂട്ടുമ്പോൾ  ഷാർപ്നറിൽ നിന്ന് പുറത്തേക്ക് പെനിസിലിന്റെ തൊലി ചുരുണ്ടു ചുരുണ്ട് വരുന്നത് പോലെ മരത്തിന്റെ പുറംപാളി വരുന്നത് കാണാൻ നല്ല രസാണ്. രണ്ടു പേര് കൂടിയുള്ള ഒരു സഹകരണ പ്രസ്ഥാനമാണ് ചിപ്പ്ളി പരിപാടി. എവിടെയും മൂത്ത ആശാരിയാണ് അതിന്റെ കമ്പുള്ള തലപിടിക്കുക. അയാൾക്കാണ് ഇതിന്റെ ആയവും കൺഡ്രോളും. നാരായണാശാരി മുന്നിലും  നമ്മുടെ  ശ്രീധരൻ പിന്നിലും പിടിക്കും. മധ്യത്തിലായി ഒരു വിടവുണ്ട്. അതിൽ അഗ്രം മൂർച്ചയുള്ള ഒരു ഇരുമ്പ് റോഡ്, അതിനെ ഉറപ്പിച്ചു നിർത്താൻ ഒരു മരത്തിന്റെ പൂള്. ഇത് രണ്ടും തട്ടിയും മുട്ടിയും സമവൃത്തിയിലാക്കിയാണ് ചിപ്പ്ളി പണി തുടങ്ങുക.ആശാരി ഇല്ലാത്ത സമയത്ത് ഞാനും ഒരു സൗകുവും ചിപ്പ്ളി ഇട്ട് ഒരു കട്ടിലയുടെ പരിപ്പെടുത്തു ഒന്നിനും കൊള്ളാത്ത രൂപത്തിലാക്കിയിരുന്നു. വാതിൽ കടിച്ചു നിൽക്കേണ്ട ഒന്നര ഇഞ്ചു  ''അറപ്പ്'' എടുത്ത സ്ഥലത്തായിരുന്നു നമ്മുടെ പരീക്ഷണം. അടി ഉമ്മാന്റെടുത്തു നിന്ന് പാർസലായി കിട്ടിയത് പറയേണ്ട ആവശ്യമില്ലല്ലോ. അത് ഇപ്പോഴും സീലിങ്അടിക്കാൻ (പാവിടൽ) സപ്പോർട്ടായി വെക്കുന്ന ബീമായി നല്ല പത്രാസ്സിൽ എന്നെ നോക്കി ചിരിക്കുന്നുണ്ട്.  അതിന് ആ ഒരു നിയോഗം. ഞാനെന്തു ചെയ്യാൻ !

മറ്റൊന്ന് ഡ്രില്ലിങ് ടൂളാണ്. പണ്ടൊക്കെ തൈരോ മോരോ ഉണ്ടാക്കുന്ന ഏർപ്പാടില്ല. അത് പോലുള്ള ഒരു സംഭവമാണിത്. ഒരു കുത്തിരുമ്പുണ്ട്. അതിനു സപ്പോർട്ടായി കടഞ്ഞെടുത്ത വുഡ്. ഒരു നീളത്തിൽ  ചരട് കെട്ടിയ കോലുകൊണ്ടാണ് ഇതിന്റെ ഓപ്പറേഷൻ. നല്ല കലാപരമായി കൈകാര്യം ചെയ്താലേ ഡ്രില്ലിങ് പ്രോസസ് നടക്കൂ. ഇല്ലെങ്കിൽ എന്റെ കൂട്ടുകാരൻ സൗകുവിന്റെ കാലിൽ തുളച്ചു കേറിയത് പോലെ സംഭവം പമ്പരം പോലെ പിടുത്തം വിട്ടു വരും.

നാരായണ ആശാരിയുടെ മിക്ക ഉളിയും ഇസുളിയും ഈർച്ചവാളും മറ്റും മറ്റും അയാൾ ഇല്ലാത്ത നേരത്തു  ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. അതിന്റെ വക്കും വായും ഡാമേജ് ആളാകുമ്പോൾ ആരുമറിയാതെ അത് അയാളുടെ ടങ്കീസിന്റെ ബാഗിൽ കൊണ്ട് വെച്ച് കൂളായി സ്‌കൂട്ടാകും. പുള്ളി കാശ് കൊടുത്തു വാങ്ങുന്നതാണിതൊക്കെ എന്നല്ല എന്റെ ധാരണ. മറിച്ചു,  ഇതൊക്കെ ഇയാൾക്ക് ആശാരിയായത് കൊണ്ട്  ഓസിക്ക് കിട്ടുന്നതാണെന്നായിരുന്നു. അയാളുടെ കയ്യിൽ ഒരു ലെവൽ ഉണ്ടായിരുന്നു. ഒരു പച്ച ലെവൽ.  അകത്തു കണ്ണാടിക്കൂടിൽ ദ്രാവകം. ഒരു കുമിള അതിൽനിന്നങ്ങനെ ഓടിക്കളിക്കും. പല വട്ടം പൊക്കണമെന്ന് ആഗ്രഹിച്ച വസ്തു !

ഒരു കാര്യം കൂടി പറയാതെ വയ്യ, നാരായണാശാരിയായിരുന്നു   പുതിയ ഇലക്ട്രോണിക് ടൂൾസ് ഉപയോഗിച്ച് മരപ്പണി ചെയ്യാൻ നമ്മുടെ ഗ്രാമത്തിൽ തുടക്കമിട്ടത്. പലരും ഗൾഫിൽ നിന്ന് വരുമ്പോൾ അയാൾ ആവശ്യപ്പെട്ട ടൂൾസ് കൊണ്ട് വന്നു കൊടുത്തിരുന്നു എന്നാണ് തോന്നുന്നത്.

ആശാരിയെ മാത്രമല്ല, എന്റെ ശല്യം.  കല്ല് ചെത്തുന്ന പാവങ്ങളുടെ മഴുവൊക്കെ  ഞാൻ കുണ്ട് കുഴിക്കാനൊക്കെ അവർ പണി മതിയാക്കി പോയാൽ  ഉപയോഗിക്കും. അതിനു പാകത്തിൽ അതിന്റെ മരക്കൈ ഊരിവെച്ചിരിക്കും. ആനന്ദൻ മേസ്ത്രിയുടെ കുമ്മായക്കത്തി (trowel) എനിക്ക് മണ്ണ് കോരിയാണ്. അതിൽ തന്നെ ചെറുതും വലുതുമുണ്ട്. പോയിന്റ് ട്രോവേൽ, ബട്ടറിങ് ട്രോവേൽ എന്നൊക്കെ പറഞ്ഞിട്ട്. എനിക്ക് എല്ലാം കണക്കായിരുന്നു.

ചിപ്പ്ളി പൊടിയിൽ  പ്ലാവിന്റെതിന് നല്ല മണമാണ്.  അത് പോലെ വീട്ടിയും.  പണിയും കഴിഞ്ഞു ആശാരിമാർ  പോയിക്കഴിഞ്ഞാൽ പിന്നെ കുട്ടികൾ ഇതിന്റെ മുകളിൽ വീണുരുളും. ഇവയ്ക്ക്  തീരെ ഭാരക്കുറവായിരിക്കും. അടുപ്പിൽ തീ കടത്താനുള്ള  തുടക്കക്കാരനായിട്ടാണ് ഇത് ഉപയോഗിക്കുക. ''ചിപ്പിളി'' ഇങ്ങനെ തീ പിടിച്ചു വരുമ്പോഴാണ് വിറക് കൊള്ളിയൊക്കെ വെച്ച് തീക്ക് ''കാരം'' കൂട്ടുന്നത്. ''ചിപ്പ്ളി '' പുറത്തു കൂട്ടിയടത്തു ഒരു മഴ വന്നാൽ ഇതിന്റെ കഥയും കഴിയും, വാസനിച്ചു പരിസരത്തു  നിൽക്കാനും പറ്റില്ല.  അതിന്റെ പേരിൽ വീട്ടീന്ന് മിക്ക പിള്ളേരും  അടിയും കൊള്ളും.

-------------------------------------------------------------------------------
ഒരു ദിവസം രാത്രി  ഉപ്പ ഭക്ഷണമൊക്കെ കഴിഞ്ഞു  മുങ്കിലനോട് പറഞ്ഞു -
''മുങ്കിലാ ഈ ഈഡേക് ബള്ളേ  .... നിക്ക് ഒഞ്ചി ദോസ്തിന് പരിചയ മൾത് കൊർപ്പേ....''
മുങ്കിലനു അത് കേട്ടതോടെ  ആനവായ്ക്ക്  അമ്പേങ്ങ കിട്ടിയത് പോലെ സന്തോഷമായി. കഥാപ്രസംഗത്തിലൊക്കെ പറയുന്നത് പോലെ അത് മറ്റാരുമായിരുന്നില്ല, ശ്രീമാൻ കുക്കൻ ആയിരുന്നു. ഉപ്പാന്റെ പരിചയപ്പെടുത്തലിനു മുമ്പുള്ള ആമുഖം കേട്ടപ്പാട്  അൽപ്പം ദൂരെ മാറി നിന്നിരുന്ന നല്ല കറുകറുപ്പഴകുള്ള കുക്കൻ അവരുടെ മുമ്പിലേക്ക് കുണുങ്ങി കുണുങ്ങി  വന്നു.  പിന്നെ അവർ ചക്കയും ചൗണിയും പോലെ തുളുദോസ്തായി.

കുക്കൻ ആരെന്നല്ലോ ? അയാൾ  ഞങ്ങളുടെ അയൽ വീട്ടുകാരുടെ ജോലിക്കാരനായിരുന്നു. കുക്കനും കർണ്ണാട സ്വദേശി തന്നെ. ഇവർ രണ്ടു പേരുടെയും കോമ്പിനേഷൻ ഒന്നൊന്നരയായിരുന്നു. വൈകുന്നേരം പണിയൊക്കെ കഴിഞ്ഞു അലച്ചു കുളിച്ചു പോയാൽ പിന്നെ മുങ്കിലനെ കാണണമെങ്കിൽ രാത്രി  ഏറെ വൈകും. ഇയാൾ നേരെ പോകുന്നത് കൂട്ടുകാരൻ കുക്കനെ കാണാനാണ്.  രണ്ടു പേരും ഒന്നിച്ചു നടക്കുമ്പോൾ രസിക പ്രിയനായ ആനന്ദൻ മേസ്ത്രിയും കൊല്ലത്തെ സീത്ച്ചയും   ഉറക്കെ പറഞ്ഞു ചിരിക്കും - ''ആ കുർക്കനും മുങ്കിലിയും ബന്നല്ലോ.  നല്ലെ ജെത്തെ ജോറ്പ്പാ. ഏഡ്ന്ന് ജോറെ കൺക്കായിറ്റ് കിട്ടീനെ ? ''  അന്നൊക്കെ എന്നെ പുള്ളിക്കാരൻ ജോക്കുളു , ജോക്കുളു എന്നൊക്കെയാണ് വിളിച്ചിരുന്നത്. എനിക്കതൊക്കെ കേൾക്കുമ്പോൾ ദേഷ്യം വരും. അതിന്റെ പരിഭാഷ കേട്ടപ്പോൾ അതിലും കൂടുതൽ ദേഷ്യം വന്നു -  കുൽസുന്റെ ഉമ്മ വിളിച്ചിരുന്ന  ''കിടാഉ'' എന്നാണ് പോലും ജോക്കുളുന്റെ അർഥം.

അന്നൊക്കെ ചില വീടുകളിൽ സ്ഥിരമായി ഇങ്ങിനെയുള്ള പ്രവാസിത്തൊഴിലാളികൾ ഉണ്ടായിരുന്നു. കൃഷിക്കാരുടെ വീട്ടിൽ പ്രത്യേകിച്ച്. അധികവും കർണ്ണാടക സ്വദേശികൾ. ചിലർ വർഷങ്ങളോളം ഒരിടത്തു നിൽക്കും. ചിലർ പെട്ടെന്ന് തിരിച്ചു പോകും. ജോലിയൊക്കെ കഴിഞ്ഞാൽ ഇവർ ഒന്നുകിൽ ഒന്നിച്ചു കൂടിയിരുന്നു അവരുടെ പ്രയാസങ്ങൾ പങ്ക് വെക്കും. നാട്ടിലെ വർത്തമാനങ്ങളൊക്കെയായിരിക്കും അവരൊക്കെ പറഞ്ഞിരിക്കുക. ആര് ശ്രദ്ധിക്കാൻ. ചില പാവങ്ങൾ ദൂരെ ഇരുന്ന് കാരംസ് ചൊട്ടുന്നതൊക്കെ നോക്കി വെറുതെ ചിരിക്കുന്നുണ്ടാകും.

ഒരു ദിവസം മുങ്കിലൻ രാത്രി   ഏറെ  വൈകിയിട്ടും വീട്ടിലെത്തിയില്ല. കഴിക്കാനായി വെച്ച ഭക്ഷണം അങ്ങിനെ തന്നെ പുറത്തു മൂടി വെച്ചിട്ടുണ്ട്.  എല്ലാവർക്കും ടെൻഷനായി. ഉപ്പ ടോർച്ചെടുത്തു മുങ്കിലനെയും തപ്പി നടന്നു. ഞങ്ങൾ ഒരു സൈഡിൽ നിന്ന് കരച്ചിലും (അന്നൊക്കെ ടെൻഷൻ ഉണ്ടാക്കുന്ന ന്യൂസ് കേട്ടാൽ കരച്ചിലാണ് ഞാൻ ).  ഉപ്പ കുറെ കഴിഞ്ഞു ഒന്നും പറയാതെ വീട്ടിലേക്ക് തിരിച്ചു വന്നു; ആളെ കണ്ടു.  കുറച്ചു കഴിഞ്ഞു വരുമെന്ന് മാത്രം ഞങ്ങളോട്  പറഞ്ഞത്. എന്നിട്ടും രാത്രി ഏറെ വൈകിയിട്ടും ഭക്ഷണം കഴിക്കാൻ മുങ്കിലൻ എത്തിയില്ല. ഞങ്ങളോട് എന്തോ ഉപ്പ മറച്ചു വെക്കുന്നത് പോലെ ഞങ്ങൾക്ക് അപ്പോൾ  തോന്നുകയും ചെയ്തു. എന്താണ് സംഭവമെന്ന് ഉപ്പാനോട്  ചോദിക്കാൻ ഉമ്മാക്ക്  പേടി.  പിറ്റേ ദിവസം രാവിലെ ഞങ്ങൾ എഴുന്നേൽക്കുന്നതിനു മുമ്പ് തന്നെ മുങ്കിലൻ പണിയിൽ ഏർപ്പെട്ടത് കണ്ടപ്പോഴായിരുന്നു ശരിക്കും  ഞങ്ങൾക്ക് ശ്വാസം വീണത്.

വീടിന്റ പണി തീരുന്നതിനു മുമ്പ് തന്നെ  മുങ്കിലൻ നാട്ടിലേക്ക് പോകേണ്ടി വന്നു. വീട്ടിൽ ആർക്കോ അസുഖമെന്നും ഉടനെ പോകണമെന്നും അമ്മാവൻ വീട്ടിൽ വന്നു  പറഞ്ഞു. ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്ന മുങ്കിലൻ പോകുന്നെന്ന് അറിഞ്ഞതോടെ വീട്ടിൽ എല്ലാർക്കും പ്രയാസം. ഞാനൊക്കെ വിചാരിച്ചിരുന്നത് പുതിയ വീടൊക്കെ ആയാൽ മൂങ്കിലനും ഇവിടെയൊക്കെ തന്നെ കാണുമെന്നായിരുന്നു.   ഉൾക്കൊള്ളാൻ പറ്റാത്ത ഒന്ന് പോലെ തോന്നി മുങ്കിലൻ പോകുന്നെന്ന് കേട്ടത് മുതൽ. അയാൾ മാത്രം സന്തോഷത്തിലും. നാട്ടിലേക്ക് പോകാൻ  വട്ടംകൂട്ടുന്ന  ഒരു പ്രവാസിയുടെ സന്തോഷം ഞങ്ങൾക്ക് ആർക്കും അന്ന് മനസ്സിലായില്ലെങ്കിലും  ഉപ്പ പക്ഷെ  നന്നായി തിരിച്ചറിഞ്ഞു. കപ്പൽ ജീവനക്കാരനായും ബോംബയിൽ ചെറിയ കച്ചവടവും ജോലിയുമൊക്കെയായും നാടും കുടുംബവും ഉപേക്ഷിച്ചു കുറച്ചു കാലം  ഉപ്പയും പ്രവാസിയായിരുന്നല്ലോ.

മുങ്കിലൻ  പോകുന്ന ദിവസമെത്തി. ഉപ്പയും ഉമ്മയും മനപ്പൂർവം ഞങ്ങളോട് ആ ദിവസം മറച്ചു വെച്ചു.   ഉപ്പ പറഞ്ഞതനുസരിച്ചു  ഞങ്ങളൊക്കെ സ്‌കൂളിൽ പോയ നേരം നോക്കി കണ്ണ്നീരോടെ മുങ്കിലൻ കാക്കാന്റെ കൂടെ  നാട്ടിലേക്ക് തിരിച്ചു. കുറച്ചു ദിവസം ഞങ്ങളുടെ വീടും പരിസരവും മൊത്തം ശോകമൂകമായിരുന്നു. ശ്രീധരനാണ് ഏറെ പ്രയാസം. അപ്പോഴാണ് അറിഞ്ഞത് സെക്കന്റ് ഷോ കാണാൻ ഭാഷ അറിയില്ലെങ്കിലും ശ്രീധരന്റെ കൂടെ പോയിരുന്നതും ഷോ കഴിഞ്ഞു നടന്നു തിരിച്ചു വന്നിരുന്നതും മുങ്കിലനായിരുന്നു.  പക്ഷെ ഏതൊരു പ്രവാസിയെപ്പോലെയും കുറച്ചു ''തദ്ദേശ സ്പോക്കൺ ലാംഗ്വേജ്'' പഠിച്ചു തന്നെയായിരുന്നു മൂങ്കിലൻ പോയതും.

മുങ്കിലൻ പണി മതിയാക്കി തിരിച്ചു കാർക്കളയിൽ പോയപ്പോഴാണ് ഞങ്ങൾ അറിയുന്നത് - നമ്മുടെ   മുങ്കിലൻ കുക്കനുമായി ദോസ്തി കൂടിക്കൂടി  സൂപ്പർ തണ്ണിയടി തുടങ്ങിയിരുന്നുവെന്നും വീട്ടിൽ വരാൻ വൈകി  ഉപ്പ അന്വേഷിച്ചു പോയ രാത്രി,  മുങ്കിലൻ വരുന്ന വഴി ഫ്‌ളാറ്റായി കിടക്കുന്നത് കണ്ടെന്നും മറ്റും. അത്തരം കാര്യങ്ങളൊക്കെ വലിയ വിഷയമാക്കാതെ ആരുടേയും അഭിമാനത്തിന് ക്ഷതമേൽക്കാതെ വളരെ ഡിപ്ലോമാറ്റിക്കായി  കൈകാര്യം ചെയ്ത ഉപ്പ എവിടെ ? ഞാനെവിടെ ? 

Sunday, December 18, 2016

കുട്ടിക്കാലകുസൃതി കണ്ണുകൾ - 42

കുട്ടിക്കാലകുസൃതി കണ്ണുകൾ - 42

മാവിലേയൻ

പട്‌ല ജങ്ഷനിൽ പള്ളിക്കഭിമുഖമായുള്ള കെട്ടിടമാണ് അന്ന് നമ്മുടെ നാട്ടിലെ  ഏക ഷോപ്പിംഗ് കോംപ്ലക്‌സ്‌...
മധ്യത്തിൽ ഒരു പലചരക്ക് കട, ഇടത് വശത്തു ഒരു ചായക്കട. ഇത് രണ്ടും മാറ്റമില്ലാതെ ഉണ്ടാകും. വലത്തേ അറ്റത്തുള്ള കട ഓരോ സമയത്തും മാറിമറിഞ്ഞു കൊണ്ടിരിക്കും. ചിലപ്പോൾ തട്ടാൻ കട (ഗോൾഡ്‌സ്മിത് ), അല്ലെങ്കിൽ  അത് ടൈലർ കട. അങ്ങിനെ എന്തെങ്കിലും ഒന്ന്. കെട്ടിടത്തിന്  മുകളിൽ മൂന്ന്ചെറിയ താമസ റൂം. ഒരു റൂം കോൺഗ്രസ്സ് ഓഫിസായി ദീർഘ കാലം ഉപയോഗിച്ചിരുന്നു, ഓഫീസ് ബോർഡും  പശുവും കിടാവിന്റെ കട്ടൗട്ടും  അവിടെ തൂങ്ങിയാടുന്നത് പലരുടെയും ഓർമ്മയിൽ വരും.  ബാക്കി രണ്ടിൽ ആരെങ്കിലും താമസമുണ്ടാകും. ഏതെങ്കിലും സ്‌കൂൾ മാഷന്മാരോ അല്ലെങ്കിൽ തേപ്പ് മേസ്തിരിമാരോ ആശാരിമാരോ മറ്റോ ആയിരിക്കും അവിടെ താമസിക്കുക. കാസർകോട് ഐടിഐ യിൽ പഠിച്ചിരുന്ന ഒരു സലാം എന്നയാളും  അതിൽ താമസമുണ്ടായിരുന്നു.  ആ സമയത്തൊക്കെ പോസ്റ്റ് ഓഫിസ് കോംപ്ലക്സിന് തൊട്ടുരുമ്മിയുള്ള കെട്ടിടത്തിലായിരുന്നു. നമ്മുടെ സലാമിനെ കുടിയൊഴിപ്പിച്ചാണോ അതല്ല സലാം പഠിത്തം മതിയാക്കി കോഴിക്കോട് തിരിച്ചു പോയപ്പോഴാണോ ടെലഫോൺ എക്സ്ചേഞ്ച് ആയപ്പോഴുണ്ടായ  അസൗകര്യം കൊണ്ടാണോ  എന്നറിയില്ല  പോസ്റ്റ് ഓഫീസ് പിന്നെ സലാം താമസിച്ചിരുന്ന റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. അതോടെ പോസ്റ്റ് ബോക്‌സും ആദ്യത്തെ  കെട്ടിടത്തിൽ നിന്ന്  കോംപ്ലക്‌സിന്റെ ഫസ്റ്റ് ഫ്ലോറിൽ പോകുന്ന ചവിട്ടുപടിയുടെ ഓരത്തേക്ക് മാറ്റി സ്ഥാപിച്ചു.

ഇവിടെ പരാമർശിക്കുന്നത് ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള വലത്തേയറ്റത്തെ കടയാണ്. സാറാപ്പർ വരുംവരെ  അതിൽ മിക്ക സമയത്തും ടൈലർമാർ മാറിമാറി വന്നു ജോലി ചെയ്തിരുന്നു. മായിപ്പാടിയിലെ കുഞ്ഞിരാമേട്ടനാണ് അവരിൽ ഒരാൾ. സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ട് വളരെ ഔന്നത്യം പുലർത്തിയിരുന്ന മനുഷ്യനായിരുന്നു കുഞ്ഞിരാമേട്ടൻ. എല്ലാവരും അദ്ദേഹത്തിന് ഒരു ടൈലർ എന്നതിലേറെ ആദരവ് നൽകിയിരുന്നു.   എന്നെ അദ്ദേഹത്തിന്   വലിയ കാര്യമായിരുന്നു. ഞാൻ പത്രം വായിക്കാൻ ആ കടയാണല്ലോ നിത്യം ആശ്രയിച്ചിരുന്നത്.

പത്ത് കഴിഞ്ഞോ, അഥവാ പത്തിലാണോ എന്നോർമ്മയില്ല. ചെറിയ പ്രസംഗമൊക്കെ എനിക്ക് തലയിൽ കേറി നടക്കുന്ന ഒരു കാലം. കുഞ്ഞിരാമേട്ടനും എന്നെ എന്തൊക്കെയോ ആയി തെറ്റിദ്ധരിച്ച കൂട്ടത്തിലായിരുന്നു.  ഒരു ദിവസം രാവിലെ  ഞാൻ വീട്ടിൽ ഉപ്പാന്റെ കട്ടിലിൽ മലർന്നു കിടന്നു ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കെയാണ്  ഒരു തൊണ്ടയനക്കം പുറത്തു കേട്ടത്. അന്നൊരു  അവധി ദിനമായിരുന്നു.  ഉമ്മയാണ് കിളിവാതിലിൽ കൂടി നോക്കിയത്. ടൈലർ വീട്ടിലേക്ക് ''പടി'' കടന്നു  വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് എഴുന്നേറ്റു കുഞ്ഞിരാമേട്ടനെ അകത്തേക്ക് ക്ഷണിച്ചു.

അദ്ദേഹം വന്ന ഉദ്ദേശം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു :
''നിങ്ങ എൻക്ക് നല്ല സാഹിത്യത്തിൽ കുറച്ചു എയ്ത്തീറ്റ് തരണം.''
ഞാൻ കൗതുകത്തോടെ  ചോദിച്ചു : ''കുഞ്ഞിരാമേട്ടാ ...എന്ത് എഴുതിത്തരാനാ നിങ്ങൾ എന്നോടീ  പറയുന്നത് ? ''
കുഞ്ഞിരാമേട്ടൻ  ഏട്ടൻ സൗമ്യതയോടെ എന്റെ മുഖത്തു നോക്കി പറഞ്ഞു - ''നല്ല ശുദ്ധ മലയാളത്തിൽ നിങ്ങളൊക്കെ പ്രസംഗിക്കുന്നത് പോലെ കുറച്ചു സാഹിത്യമൊക്കെ ചേർത്ത്........''
അപ്പോൾ ഞാൻ : എന്തിനാണെന്ന് പറ ? എന്നാലല്ലേ അങ്ങിനെയുള്ള ഒന്ന് എഴുതാൻ പറ്റൂ.

കുഞ്ഞിരാമേട്ടൻ എന്റെ കാതിൽ പതിയെ പറഞ്ഞു - ഇത് ഇപ്പൊ പറയില്ല, പിന്നെ പ്പറയാ. നീ റെഡിയാക്കി വെക്ക്.  എനിക്ക് ഒന്നും മനസ്സിലായില്ല. എനിക്ക് എന്തോ വല്ലായ്ക പോലെ.  കുഞ്ഞിരാമേട്ടൻ എനിക്ക് ധൈര്യം തന്നു. ''നീ പേടിക്കണ്ടാ, ഒരു കൊയപ്പഉഇല്ലാ... നീ നല്ല പാങ്ങലെ എയ്ത്തീറ്റ് വെക്ക്.'' അയാളുടെ മുഖം കണ്ടപ്പോൾ ശരിക്കും എന്തോ അനുകമ്പ തോന്നി.

ഞാൻ കൂലങ്കുഷമായി ആലോചിച്ചു. എന്തായിരിക്കും ഇയാളുടെ ഉദ്ദേശം ?  അവസാനം രണ്ടും കൽപ്പിച്ചു  എന്റെ  മലയാള പാഠഭാഗത്തിലെ കുട്ടിക്കൃഷ്ണ മാരാരുടെ ലേഖനത്തിൽ നിന്ന് ഒരു പേജ് എഴുതി ഇടക്കിടക്ക്  എന്റെ വക എരിവും പുളിയും ചേർത്ത് ഒരു സങ്കര സാഹിത്യഭാഗം തയ്യാറാക്കി.  അദ്ദേഹം വൈകുന്നേരം കടപൂട്ടിപ്പോകുമ്പോൾ എന്നോട് വാങ്ങിക്കുകയും ചെയ്തു. ഓടിച്ചു വായിക്കുന്നതിനിടയിൽ അയാൾക്ക് പറ്റിയ നാക്ക്പിഴ കേട്ട് എനിക്ക് ചിരി അടക്കാൻ പറ്റിയില്ല.

നാലു ദിവസം കഴിഞ്ഞാൽ പതിക്കാലിൽ തെയ്യൻ കെട്ട് തുടങ്ങും. പതിവ് പോലെ നാട്ടിൽ നിന്ന് മിക്ക ആൾക്കാരും അവിടെ എത്തും, പതിക്കാൽ ഉത്സവം കാണാനും ഉത്സവച്ചന്തയിൽ നിന്നും സോജി വാങ്ങിക്കുടിക്കാനുമാണ് ഞങ്ങളൊക്കെ പോയിരുന്നത്. പേരിനു രണ്ടോ മൂന്നോ തെങ്ങോല മുകളിൽ പാകിയ ചെറിയ ചെറിയ തട്ടുകടകൾ കാവിനു പുറത്തു ഉണ്ടാകും  ഉണ്ടാകും. അധികം കടകളിലും സോജിയാണ് പ്രധാന  വിൽപ്പന. അതും ചൂട് ചൂട്. തൊണ്ടയിൽ കുടുങ്ങി ചെറിയ കാളലോടെ വലിച്ചു കുടിക്കാൻ നല്ല രസമാണ്. പിന്നെ അഞ്ചാറു ഐസ്‌പെട്ടിയും അവിടെ കാണും.  കോലൈസാണ് പ്രധാന വിൽപന. ശർക്കര പോലെയുള്ള ഐസ്കാൻഡി  കൂട്ടത്തിൽ ആരെങ്കിലും കൊണ്ട് വന്നാലായി. അതിന്റെ അകത്തു നൂൽ പുട്ട് പോലുള്ള വസ്തു തലങ്ങും വിലങ്ങും ഉണ്ടാകും. ഐസിൽ രാജൻ പാലൈസാണ്. അത് എന്നെപ്പോലുള്ളവരൊന്നും വാങ്ങി കഴിക്കില്ല. കുറച്ചു കാശ് കൂടുതലാണ്. ഒരു വെളുത്ത കടലാസിൽ പൊതിഞ്ഞുള്ള വെളുവെളുത്ത ഐസ്. കഴിക്കുമ്പോൾ പെട്ടെന്ന് തീരും. കുറച്ചു റിസ്ക് പിടിച്ച സംഭവമായത് കൊണ്ട് ഐസ് വിൽപ്പനക്കാർ അത് നാട്ടിൻ പ്രദേശത്തു കൊണ്ട് വന്നു വിൽക്കാൻ നിൽക്കില്ല. അലിഞ്ഞു പെട്ടെന്ന് ഇല്ലാതായി പോയാൽ, പിന്നെ കട്ടപ്പുക.

തെയ്യൻ കെട്ടിൽ ഏറ്റവും മികച്ചു നിന്നിരുന്നത് ഭാസ്കരേട്ടനും കുഞ്ഞിരാമേട്ടനുമായിരുന്നു. ഇവർ ശരിക്കും മത്സരമെന്ന് തന്നെ പറയണം.  അന്നു ഭാസ്കരേട്ടന്റെ സൂപ്പർ ഡയലോഗായിരുന്നു മാസ്റ്റർ പീസ്. കുഞ്ഞിരാമേട്ടന്റെ വിഷ്ണുമൂർത്തി തെയ്യം അതിലും ഉഷാറായിരുന്നു.  പച്ചോൽക്കിടിതെയ്യമെന്നാണ് ഞങ്ങൾ പറഞ്ഞിരുന്നത്.  അതൊക്കെ കാണാനും  കേൾക്കാനാണ് പലരും  പ്രധാനമായും പതിക്കാലിൽ പോവുക. ആ ഭാഗത്തു താമസമുള്ള മിക്ക സൗകുമാർക്കും തോറ്റം  മാത്രമല്ല, തെയ്യൻകെട്ടിന്റെ ടൈം ടേബിൾ വരെ തന്നെ നല്ല കാണാപാഠമാണ്. ദിക്കിന് പോകുന്ന സമയവും വരുന്നതും  കിറുകൃത്യമായി പറയുന്ന സൗകുമാർ എന്റെ ക്ലാസ്സിൽ തന്നെ ഇഷ്ടം പോലെ ഉണ്ടായിരുന്നു.  പതിക്കാൽ ഉത്സവം കഴിഞ്ഞാൽ പിന്നെ രണ്ടാഴ്‌ചത്തേക്ക് ഒന്നും  പറയണ്ട. പല വീട്ടിലും അരി ''ചേറാൻ'' തഡ്പ്പെ  കാണില്ല, ഉമ്മാന്റെ പട്ട്-ലേസും കാണില്ല.   മുറത്തിന്റെ പിന്നിൽ പട്ടുലേസ് സ്‌പ്രെഡ് ചെയ്ത് അത് തലയുടെ മുകളിൽ ചരിച്ചു പിടിച്ചാണ് കുട്ടികൾ തെയ്യൻ തുള്ളിയിരുന്നത്. ചില വിളവന്മാർ മുഖത്തു ചായവും പൂശിക്കളയും. ആവേശം മൂത്തു ചിലർ അരിയൊക്കെ എടുത്ത് എറിഞ്ഞു കളയും. (ഒരു സൗകു നറുക്കളിയാട്ടം കണ്ടു പാതിരായ്ക്ക് തിരിച്ചു വരുന്ന വഴിക്ക് ആവേശത്തിൽ  ഉറഞ്ഞു തുള്ളാൻ തുടങ്ങി. ജങ്ഷനിൽ എത്തിയപ്പോൾ പുള്ളിക്കാരന്റെ റെയിഞ്ച് കൂടിക്കൂടി വന്നു.  ഇതൊക്കെ കേട്ട് ഉറക്കം നഷ്ട്ടപെട്ടെണീറ്റ  നമ്മുടെ സദർ ഉസ്താദ് അതിലും ഉച്ചത്തിലും ഒച്ചവെച്ചപ്പോഴാണ് പുള്ളി ഒന്നടങ്ങിയത് )

റേഷൻ കടയിൽ പോകാതിരിക്കാൻ  ഉമ്മാനോട് നൂറ് ഉദ്റ്   പറഞ്ഞിരുന്ന ഞാനൊക്കെ പതിക്കാൽ ഉത്സവമായിക്കഴിഞ്ഞാൽ,  അരിയും മണ്ണെണ്ണയും വാങ്ങാൻ വേണ്ടി കൊല്യയിലേക്ക് പോകാൻ   കാണിക്കുന്ന ആത്മാർത്ഥത കണ്ടു എന്റെ വീട്ടിലെ കണ്ടൻ പൂച്ച വരെ  ചിരിച്ചിട്ടുണ്ട്. ഉത്സവം മൂന്നോ നാലോ ദിവസമേ ഉള്ളൂ. പനയെണ്ണ വന്നു എന്നൊക്കെ പറഞ്ഞാണ് ഞാൻ പാക്കും കാർഡുമെടുത്തു കിഴക്കോട്ടേക്ക് നടക്കുക. എന്നിട്ട് നേരെ പോയി തെയ്യാൻ കെട്ടാൻ അടുത്ത ഊഴവും കാത്തു മുഖത്ത് ഛായം തേച്ചു കൊണ്ടിരിക്കുന്നവരുടെ അടുത്ത് പോയി, അതും നോക്കി  നിൽക്കും. മതിലിനു പുറത്താണ് ഞങ്ങൾ നിൽക്കുക. അവിടെ ഒരു പറങ്കി മാവുണ്ട്. ചിലർ അതിൽ കയറി ഇരുന്നു രംഗം വീക്ഷിക്കും.

അപ്രാവശ്യം ഞാൻ പതിക്കാലിൽ ഉത്സവം കാണാൻ  പോയപ്പോൾ എന്റെ കയ്യിൽ നിന്ന് മാരാർ സാഹിത്യം വാങ്ങിപ്പോയ കുഞ്ഞിരാമേട്ടനുണ്ട് മലർന്ന് കിടന്ന് ഛായം തേക്കുന്നു. കണ്ണിന് ചുറ്റും കറുപ്പ്, അത് കഴിഞ്ഞു വെളുപ്പ്, പിന്നെ ഇളം  ചെമപ്പ്. നല്ല കലാപരമായി  ഒരാൾ ഒരു കുഞ്ഞു ചിരട്ടയിൽ ഛായം നിറച്ചു, പച്ചീർക്കിലിലും കുഞ്ഞു ബ്രഷിലുമായി  കുഞ്ഞിരാമേട്ടന്റെ മുഖത്തെഴുതുന്നുണ്ട്. പുള്ളി നല്ല ഒന്നൊന്നര ഉറക്കത്തിലാണ്. മുഖത്തെഴുത്തും മീക്കെഴുത്തും (മെയ്യെഴുത്ത്) മണിക്കൂറുകൾ നീളുമത്രെ. മുഖത്തെഴുന്നവരുടെ കലാവിരുത് പോലെ ഇരിക്കും.  കറുത്ത മയ്യ് തയ്യാറാക്കുന്നത് ചെറുപ്പത്തിൽ കുട്ടികൾക്ക് കണ്ണിലിടാൻ ഉമ്മമാർ തയ്യാറാക്കുന്ന രീതിയാണ് പോലും അവലംബിക്കുക, വെളിച്ചെണ്ണയിൽ തിരിയിട്ട് കത്തിച്ചു അതിന്റെ പൊടി എടുത്ത് എണ്ണയിലും ഇളനീരിലും ഒരു റേഷ്യോയിൽ  ചാലിച്ചെടുക്കുന്ന രീതി തന്നെ.  അരിമാവ്, മഞ്ഞൾ തുടങ്ങിയവ മറ്റു നിറങ്ങൾ ഉണ്ടാക്കാൻ കൂട്ടായി ഉപയോഗിക്കുമത്രെ. (ഇതൊക്കെ കുഞ്ഞിരാമേട്ടൻ ഒഴിവുള്ള സമയത്തു പറഞ്ഞു തന്നിരുന്നതാണ്).

പെട്ടെന്ന് കുഞ്ഞിരാമേട്ടൻ കണ്ണ് തുറന്നു. എന്നെ കണ്ടതും ഒരു ഇരുത്തിയുള്ള ചിരിയും.
''കുറച്ചു കട്ടിയെന്നെപ്പാ നീ തന്നത്.'' അയാൾ പറഞ്ഞത്  എനിക്ക് ആദ്യം വെടി പൊട്ടിയില്ലെങ്കിലും  പിന്നെ മനസ്സിലായി. സംഭവം നാല് ദിവസം മുമ്പ് ഞാൻ എഴുതി കൊടുത്ത ''മണിപ്രവാള''മെന്ന്.  അവിടെ കൂടിയിട്ടുള്ള  ബാക്കി ആർക്കും ഒന്നും മനസ്സിലായതുമില്ല. ഇയാൾ ഇതെങ്ങാനും തെയ്യൻ കെട്ടിയിട്ട്  ഇവിടെ  പറഞ്ഞു കളയുമോ ? അതിനായിരിക്കുമോ എന്നോട് എഴുതി വാങ്ങിയത് ? എനിക്ക് വെറുതെ ഒരു സംശയം തോന്നി.  

സംഭവിക്കേണ്ടത് സംഭവിച്ചു. എന്റെ സംശയവും അസ്ഥാനത്തായില്ല. ആ തെയ്യം  സീസൺ തീരും വരെ കുഞ്ഞിരാമേട്ടൻ ഇടക്കിടക്ക് ഡയലോഗിട്ടു കസറിയതു ഞാൻ അന്ന്  എഴുതി കൊടുത്ത സാഹിത്യ നിരൂപണ കുലപതി ശ്രീ കുട്ടികൃഷ്ണമാരാരുടെ സൂപ്പർ സാഹിത്യമായിരുന്നു ! എന്നെ പിന്നെ അയാൾ എവിടെക്കണ്ടാലും ഈ ഭാഗങ്ങൾ  ഉറക്കെ പറഞ്ഞായിരുന്നു എതിരേറ്റിരുന്നത്. അടുത്ത സീസണിൽ അയാൾക്ക്  അതിലും കുറച്ചു മയത്തിലുള്ള സാഹിത്യം വേണം പോൽ ! പക്ഷെ ഒരബദ്ധം ഏത് പോലീസിനും പറ്റുമല്ലോ, അതിനു ശേഷം  അയാളെ എവിടെക്കണ്ടാലും  ഞാൻ തടി കായിച്ചലാക്കും. 

Saturday, December 17, 2016

പ്രവാസികൾ അവനവന്റെ ആരോഗ്യത്തെകുറിച്ചു കുറച്ചു കൂടി ബോധവാനാകണം / അസ്‌ലം മാവില

പ്രവാസികൾ
അവനവന്റെ
ആരോഗ്യത്തെകുറിച്ചു
കുറച്ചു കൂടി ബോധവാനാകണം

അസ്‌ലം മാവില

ഞാനടക്കം ഇതിൽ നിന്നൊഴിവല്ല. ഗൾഫുകാരുടെ അവസ്ഥയാണ്  ഇനി പറയുന്നത്. ഇതിന്റെ വിശദീകരിച്ചുള്ള വായനയ്ക്ക് ഞാനൊരു വിദഗ്ദ്ധനുമല്ല.  ഒരു ചർച്ചയും നടപടിയും ഉണ്ടാകട്ടെ എന്നാഗ്രഹിച്ചു കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. ചില സുഹൃത്തുക്കൾ സമാന അഭിപ്രായങ്ങൾ പങ്കുവെക്കുകയും  ചെയ്തിട്ടുണ്ട്.

പ്രവാസികളെ സംബന്ധിച്ചിടത്തോളം ചില നടപ്പു  ഉത്കണ്ഠകളുണ്ട്. ജോലി, കുടുംബം, ആരോഗ്യം. ആദ്യത്തെ രണ്ടു വിഷയങ്ങളിൽ പ്രവാസികൾ പോസിറ്റിവായി പ്രതികരിക്കും. സ്വന്തം ആരോഗ്യത്തിന്റെ കാര്യം വരുമ്പോൾ പലപ്പോഴും പുറം തിരിഞ്ഞിരിക്കും.

അസുഖങ്ങളെ പ്രവാസികൾക്ക് പൊതുവെ  ഭയമാണ്. അസുഖം വന്നാലോ ?  നേരെ ചൊവ്വേ ചികിത്സയും  തേടില്ല, പ്രത്യേകിച്ച് ബാച്ചിലേഴ്‌സ്. രണ്ടു മൂന്ന് കാരണങ്ങളുണ്ട്. ഒന്ന് നമ്മുടെ മനസ്സിന് സംതൃപ്തി നൽകുന്ന ഡോക്‌ടറെ കിട്ടില്ല.  ഇനി അഥവാ അപ്പോയിന്റ്മെന്റ് കിട്ടിയാൽ നമ്മുടെ ഡ്യുട്ടിയും സമയവും തമ്മിൽ ഒത്തു വരില്ല. ഇതിനെല്ലാം പുറമെ പലരുടെയും കയ്യിൽ ഹെൽത് ഇൻഷുറൻസ് കാർഡും കാണില്ല. കാർഡുള്ള മിക്കവരുടെയും അവസ്ഥ അവ ''സി''  കാറ്റഗറിയിൽ പെട്ടത് കാരണം അതിനനുസരിച്ചു  നിർദ്ദേശിക്കുന്ന ക്ലിനിക്കുകളിലേ ചികിത്സ തേടാനും സാധിക്കൂ. അതല്ലെങ്കിൽ ഭീമമായ തുക നൽകി ചികിത്സയും തേടണം. ലഭിക്കുന്ന ചികിത്സയിൽ പലരും തൃപ്തരുമല്ല.

അതുകൊണ്ടൊക്കെയാകാം പലരും അസുഖം വന്നാൽ ചില നാടൻ ചികിത്സയിലോ ഫാർമസിയിൽ നിന്നും ബൈ പാസിൽ കിട്ടുന്ന ഗുളികയിലോ ശരണം തേടുന്നത്. തലകറക്കം വന്നാൽ, അല്ലെങ്കിൽ ചെറിയ നെഞ്ചു വേദന വന്നാൽ വാട്സപ്പിലോ മറ്റോ കിട്ടിയ ''നുറുങ്ങുവിദ്യ'' ഉപയോഗിച്ച് അറ്റകൈ പ്രയോഗിക്കുന്നത്. അവനവന്റെ ആരോഗ്യം പണയം വെച്ച് ചെയ്യുന്ന ഇത്തരം പ്രയോഗങ്ങൾ വലിയ അപകടങ്ങളാണ്  പലപ്പോഴും ക്ഷണിച്ചു വരുത്തുന്നത്.

എല്ലാ നെഞ്ച് വേദനയും വയറുവേദനയും ദേഹാസ്വസ്ഥ്യങ്ങളും മൊത്തത്തിൽ   ഗ്യാസ് പിടുത്തമായി രോഗി തന്നെ വിധി എഴുതുന്നത് ശരിയല്ല.  അതിനർത്ഥം വലിയ ആശങ്കയുളവാക്കുന്ന രീതിയിൽ എല്ലാ അസുഖങ്ങളെയും കാണണമെന്നല്ല. ഹൃദയ സംബന്ധമായ അസുഖങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ. അതിന്റെ ലക്ഷണങ്ങൾ പലപ്പോഴും നാം വിദഗ്ധരായ ഭിഷ്വഗ്വരന്മാർ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിൽ കൂടി പറയുന്നത് കേൾക്കാറുമുണ്ട്. അങ്ങിനെയുള്ള അസ്വസ്ഥത ഉണ്ടാകുമ്പോൾ തൊട്ടടുത്തുള്ള ക്ലിനിക്കിൽ പോയി ഒരു സ്പെഷ്യലിസ്റ്റിനെ കാണുന്നത് എന്ത് കൊണ്ടും ഉചിതമല്ലേ ? കൂടെ പാർക്കുന്നവർക്കും കൂട്ടുകാർക്കും ഈ വിഷയത്തിൽ നിങ്ങളെ, നമ്മെ, സഹായിക്കാൻ സാധിക്കും.  സമയത്തുള്ള നമ്മുടെ ഒരു ഇടപെടൽ ഒരുപക്ഷെ , സമയത്തിന്  സഹമുറിയനെ  ആസ്പത്രിയിൽ എത്തിച്ചു എന്നത് കൊണ്ട് രക്ഷപ്പെടുത്താൻ സാധിച്ചേക്കും. നമ്മുടെ ചെറിയ അശ്രദ്ധ കൊണ്ടും അതേ പോലെ ഒരു ജീവൻ നമ്മുടെ അപകടപ്പെടാനും ഇടയുണ്ട്.

(ഇപ്പോൾ പല ഗൾഫു രാജ്യങ്ങളിലും  ആരോഗ്യ പരിരക്ഷാ പദ്ധതി (ഇൻഷ്വറൻസ്)ക്ക് ഹെൽത് അതോറിറ്റി രൂപം നൽകിയിട്ടുണ്ട്. എല്ലാ പ്രവാസികൾക്കും ഉപകാരപ്പെടുന്ന ഇത്തരം പദ്ധതികൾ ചില ഗൾഫ് പ്രവിശ്യകളിൽ നിർബന്ധവുമാക്കിയിട്ടുമുണ്ട്. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർക്ക് അടിയന്തിര ഘട്ടത്തിൽ മാത്രമല്ല ആവശ്യമുള്ളപ്പോഴൊക്കെ ഇതിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താനും സാധിക്കും. അവനവന്റെ ഉത്കൺഠ അകറ്റുവാനും പ്രവാസിയെ ആശ്രയിച്ചു നാട്ടിൽ കഴിയുന്ന കുടുംബങ്ങളുടെ ആശങ്ക മാറാനും ഇത് വഴി സാധിക്കുമെന്ന് ഞാൻ കരുതുന്നു )

ഈ വിഷയത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ പാനൽ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പുകളിലും മറ്റും ചർച്ചകൾ സംഘടിപ്പിക്കുന്നത് തീർച്ചയായും പ്രവാസികൾക്ക് കൂടുതൽ ഉപകാരപ്പെടുമെന്നു ഞാൻ കരുതുന്നു.
ഇതിനും എതിർപ്പുകൾ ഉണ്ടെങ്കിൽ , ഞാൻ എന്റെ ചെറിയ ഒരു  ബാധ്യത നിർവ്വഹിച്ചു എന്ന് എന്റെ അഭ്യുദയ കാംക്ഷികൾ കരുതിയാലും മതി. 

Friday, December 16, 2016

ആനന്ദക്കണ്ണീർ പൊഴിച്ചു യാമ്പുവിൽ ഇരു ഇസ്ലാഹി സെന്ററുകളുടെ സംയുക്ത സെഷൻ


ആനന്ദക്കണ്ണീർ പൊഴിച്ചു യാമ്പുവിൽ
ഇരു ഇസ്ലാഹി സെന്ററുകളുടെ
സംയുക്ത സെഷൻ

യാമ്പു : നീണ്ട പതിനാലു വർഷങ്ങൾക്ക് ശേഷം യാമ്പുവിൽ അവർ ഒന്നിച്ചിരുന്നു.  ഒരു വേദിയിൽ, ഇടകലർന്നു ഒരേ മനസ്സോടെ, ഒരുമയോടെ.  പരസ്പരം കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തും സെന്റർ പ്രവർത്തകർ ഒത്തുകൂടി. സിഡി ടവർ ആസ്ഥാനമായുള്ള കെ.എൻ.എമ്മിന്റെയും  മർക്കസുദ്ദഅവ: ആസ്ഥാനമായുള്ള കെ.എൻ.എമ്മിന്റെയും പോഷക സംഘടനകളായ യാമ്പു  ഇസ്ലാഹി സെന്റർ ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളുമാണ് ബുധനാഴ്ച രാത്രി യാമ്പു ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ  ഒത്തുകൂടിയത്.

സൗഹൃദങ്ങൾ പങ്ക് വെച്ചും ഐക്യസന്ദേശം ഉൾക്കൊണ്ടും നടത്തിയ യാമ്പുവിലെ ഇസ്‌ലാഹി സെന്റർ നേതാക്കളുടെ ലഘു പ്രസംഗങ്ങൾ സദസ്സ് ആകാംക്ഷയോടും പ്രതീക്ഷയോടും ചെവിയോർത്തു. ആദർശ രംഗത്ത് ഇസ്ലാഹി കേരളം ഒന്നിക്കുന്നതിന്റെ പ്രാധാന്യവും ഉത്തരവാദിത്ത ബോധവും അവരുടെ പ്രസംഗങ്ങളിൽ പ്രതിഫലിച്ചു.

നവോത്ഥാന കേരളത്തിൽ പഴയകാല ഇസ്‌ലാഹി നേതാക്കൾ നേതൃപരമായി നടത്തിയ ഇടപെടലുകൾ അനുസ്മരിക്കുകയും പുതിയകാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇസ്‌ലാഹി പ്രവർത്തകർ ഒത്തൊരുമയോട് കൂടി മുന്നോട്ട് വരേണ്ടതിന്റെ ആവശ്യകതയിലേക്ക്വിരൽ ചൂണ്ടിയും    ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സഊദി നാഷണൽ കമ്മറ്റി നേതാക്കളായ ഷൈജു സൈനുദ്ദീൻ , അബൂബക്കർ മേഴത്തൂർ എന്നിവർ പ്രസംഗിച്ചു.  മുജാഹിദ് ഐക്യം ആഗ്രഹിക്കുന്ന ഒരുപാട് സന്മനസുകളുടെ പ്രാർത്ഥനയുടെ ഫലമാണ് ഈ യോജിപ്പെന്ന് അവർ പറഞ്ഞു.  ഐക്യം തകർക്കാൻ പുറമെ നിന്ന് നടക്കുന്ന ചെറിയ ഒരു വിഭാഗത്തിന്റെ കുല്സിത ശ്രമങ്ങളെ കരുതിയിരിക്കണമെന്നും ക്ഷമകൊണ്ടും സഹനം കൊണ്ടുമാണ് അവർക്ക് മുഖം നൽകേണ്ടതെന്നും സെന്റർ നേതാക്കൾ ഓർമ്മിപ്പിച്ചു.

ഡിസംബർ 20- കോഴിക്കോട് കടപ്പുറത്തു വെച്ച് നടക്കുന്ന  മുജാഹിദ് ഐക്യ സമ്മേളനത്തിനു യാമ്പു ഇസ്ലാഹി സെന്റർ സംയുക്തം യോഗം വിജയാശംസകൾ നേർന്നു. അവധിക്ക്  നാട്ടിൽ എത്തിയ  മുഴുവൻ ഇസ്‌ലാഹി സെന്റർ പ്രവർത്തകരും അഭ്യുദയകാംക്ഷികളും പ്രസ്തുത ഐതിഹാസിക സമ്മേളനത്തിന്റെ വിജയത്തിനായി സഹകരിക്കണമെന്നും സമ്മേളനത്തിൽ സംബന്ധിക്കണമെന്നും  യോഗം ആവശ്യപ്പെട്ടു. പൂർവ്വാധികം ശക്തിയോടെ ഒരുമയോട് കൂടി പ്രബോധന പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ-സാംസ്കാരിക-സാമൂഹിക-ക്ഷേമ പ്രവർത്തനങ്ങളിലും പ്രവർത്തിക്കാൻ സംയുക്ത യോഗം ആഹ്വാനം ചെയ്തു.

അബ്ദുൽ അസീസ് കാവുംപുറം അധ്യക്ഷത വഹിച്ചു. ........................................ സാഹിബ് ഉത്‌ഘാടനം ചെയ്തു. ......................, ............................., ............................, ................................, അബ്ദുൽ റസാക്ക്, മുഹമ്മദ് റാഫി, നിയാസ് പുത്തൂർ, നൗഫൽ പരീത്, ബഷീർ ,  പ്രസംഗിച്ചു.  അബ്ദുൽ മജീദ് സുഹ്‌രി, ................. ഫാറൂഖി പ്രസീഡിയം അലങ്കരിച്ചു. 

Saturday, December 3, 2016

CP


Connecting Patla
''ഒരു  ഗ്രാമത്തിന്‍റെ കയ്യൊപ്പ്..''
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അംഗങ്ങളുടെ  ശ്രദ്ധയ്ക്ക്
RR (Rules & Regulations)
--------------------------
■ പട്‌ലയുടെ വിദ്യാഭാസ - സാമൂഹിക-സാംസ്കാരിക-വികസന രംഗത്തെ ഒരു
 പൊതു വേദിയാണ് കണക്ടിംഗ് പട്‌ല,  CP

■ ഈ ഗ്രൂപില്‍ വ്യത്യസ്ത ആശയാദർശക്കാരാണുള്ളത്. അവ മനസ്സിലാക്കി പെരുമാറുക.നമ്മുടെ നിലപാടുകളും ആശയാദർശങ്ങളും മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കാതിരിക്കുക

■മറ്റുള്ളവരെ താറടിക്കുന്നതും പ്രകോപിപ്പിക്കുന്നതും സഭ്യതയ്ക്ക് നിരക്കാത്തതുമായ വോയിസ്, ടെക്സ്റ്റ്  മെസേജുകൾ ഒരു കാരണവശാലും പോസ്റ്റ് ചെയ്യരുത്.

■ നാടിന്‍റെ പൊതു ഐക്യവും സമഗ്ര വികസനവും  ലക്ഷ്യമാക്കുക, അതിന്റെ കാവലാളാകുക . പൊതുചർച്ചകളിൽ സജീവമാകുക

■ വിദ്യാഭാസ - സാമൂഹിക-സാംസ്കാരിക-ജീവ കാരുണ്യ മേഖലയിൽ പറ്റാവുന്ന രീതിയിൽ സഹകരിക്കുക

■ഫോർവേഡ് Audio| vedio| text മെസേജുകൾ കഴിയുന്നതും ഒഴിവാക്കുക, ഗ്രൂപ്പിന് അനുയോജ്യമെന്ന് നൂറു ശതമാനം ഉറപ്പുള്ളത് മാത്രം പോസ്റ്റ് ചെയ്യുക

■ഭീതി ജനിപ്പിക്കുന്ന അപകട ഫോട്ടോകൾ, സ്ഥിരീകരണമില്ലാത്ത മരണ വാർത്തകൾ, സംഘടനാ വാർത്തകൾ തുടങ്ങിയവ ഒഴിവാക്കുക

■  ഗ്രൂപില്‍ നേരിട്ടുള്ള പിരിവുകളും സഹായാഭ്യർത്ഥനയും നടത്താതിരിക്കുക, ഉചിതമെന്ന് തോന്നുന്നവ പത്തംഗ ഗവേർണിംഗ് ബോഡിയിൽ ഉള്ളവർക്ക് അയച്ചു കൊടുക്കുക.

■ കുടുംബ വഴക്കുകൾ, അയല്പക്കങ്ങളിലെ അസ്വാരസ്യങ്ങൾ, ദമ്പതികൾക്കിടയിലെ  പ്രശ്നങ്ങൾ, വഴിത്തർക്കങ്ങൾ അടക്കം അഭിമാനത്തിന് ക്ഷതമേൽക്കുമെന്നു ഭയമുള്ളതും  പൊതുഫോറങ്ങളിൽ വലിച്ചിഴച്ചു പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന്  സാമാന്യബോധം നമ്മോട് പറയുന്നതുമായ  വിഷയങ്ങൾ സി.പി.യിൽ പോസ്റ്റ് ചെയ്യരുത്.

■ അപൂർണ്ണവും അവ്യക്തവുമായ കുറിപ്പുകൾ ഒഴിവാക്കുക.  ദ്വയാർത്ഥ പ്രയോഗത്തിൽ   വ്യക്തി ഹത്യ ലക്ഷ്യമാക്കിയും   അപര നാമങ്ങളിലും സംഘടിതമായും  എഴുതുന്ന കുറിപ്പുകൾ  ഒരു കാരണവശാലും CP യിൽ പോസ്റ്റ് ചെയ്യരുത്. ലംഘിക്കുന്ന പക്ഷം  വിശദീകരണം ചോദിക്കാതെ തന്നെ  പൊതുനന്മ ഉദ്ദേശിച്ചു സിപി ഓപ്പൺ ഫോറത്തിൽ നിന്നും ഒഴിവാക്കും.

കണക്ടിംഗ് പട്‌ല മറ്റു ഗ്രൂപുകളിൽ നിന്നും വിഭിന്നമാണ്, ഇതിന്‍റെ സ്റ്റാൻഡേർഡും ക്വാളിറ്റിയും  കാത്ത് സൂക്ഷിക്കേണ്ടത് .ഓരോ അംഗത്തിന്റെയും ഉത്തരവാദിത്തമാണ്.

സിപിയുടെ പത്തംഗ ഗവേർണിംഗ് ബോഡി :

എല്ലായിപ്പോഴല്ലെങ്കിലും ഒഴിവു നേരങ്ങളിൽ , നിരുപദ്രവകരമായ തമാശകൾ, നമ്മുടെ കൂട്ടായ്മയുടെ നിലവാരത്തിന് അനുയോജ്യമായ നേരമ്പോക്കുകൾ തുടങ്ങിയവ ഗ്രൂപ്പിൽ അനുവദനീയമാണ്.

NB : അനിവാര്യ ഘട്ടങ്ങളിൽ   R&R - നാവശ്യമായ വിശദീകരണം നൽകുവാനും ഭേദഗതികൾ അവതരിപ്പിക്കാനും  10 അംഗ ഗവേണിങ് ബോഡിക്ക് അധികാരമുണ്ടായിരിക്കും.

                                                                                       connecting patla-ക്കു വേണ്ടി
                                                                                       HK അബ്ദുൽ റഹിമാൻ