ഉമ്മാ !
എന്റെ പൊന്നുമ്മാ !
ദാഹം തീര്ക്കണമെനിക്കസഹനിയമിനിവയ്യെന്ടുമ്മ
തുടരാന്‍ - നാക്ക് വറ്റുന്നു; തൊണ്ട വരളുന്നു;
കണ്ണിണകളില്‍ പുകപടലം കരിമ്പടം തീര്‍ക്കുന്നു;
കണ്ടു കണ്ടിരിക്കെ പിന്നെയത്
ജീവന്റെ തുടിപ്പായ്
ചുടു നിശ്വാസമായുയരുന്നു !
എന്‍ കണ്ണിന്‍ കൃഷ്ണ മണികള്‍
രണ്ടുമടര്‍ന്നീ പൊടി തൂര്‍ന്ന നിലത്തു
വിഴുമെന്നെനിക്കന്കലാപ്പുണ്ടാകുന്നു.
വയ്യെനിക്കിനിയുമിത്
ഈ സന്ധ്യവരെ, അല്ലയരക്കാതം പോലും
നീട്ടുവാനാവതില്ലുമ്മാ !
കൈ കാലുകള്‍, സന്ധികള്‍, കണ്ണുകള്‍,
കണ്പോളകള്‍, ലോലമാമീ
ദേഹമ്മുഴുവന്‍ തളരുന്നു;
ചുണ്ടുകള്‍ കോടുന്നു; പിന്നെ കരുവാളിക്കുന്നു ;
ശിരസ്സിനകത്തദൃശ്യമാം പങ്ക തിരിയുന്നു.
ദീനനായ് പരിക്ഷീണനായിരിക്കുമെന്നെകാണുന്നില്ലുമ്മാ!
വേണ്ടാതായോ ഈ പോന്നോമനെയെ,
അതല്ല എന്റെ നിലവിളിയുമ്മ കേള്‍ക്കാതായോ?
മുറ്റത്തെ തൈമാവിന്‍ ചില്ലയറിയാതെ
പൊളിച്ചുമിടക്കകത്തെക്കൊളികണ്ണിട്ടും
കരയുമെന്റെ വിളിയിലെല്ലാമുണ്ട്;
പറയാതെ പറയുമെന്റെ നിലവിളിക്കുത്തരം
നല്‍കാനെന്തേ ഉമമറപടിയിറങ്ങിയുമ്മ വരുന്നില്ല?
കാലൊച്ചകള്‍ ഞാന്‍ കേട്ടു;
അമ്മുദീയെന്നനീട്ടിവിളിയും ഞാന്‍ കേട്ടു;
ഉമ്മറത്തൊത്തുകൂടിയ പെങ്ങളുമവളുടെ
കൂട്ടുകാരികളും പിന്നെ, അയല്‍ക്കാരും
പരിവാരങ്ങളുമെന്റെ ചിണുങ്ങല്‍
നോക്കി നോക്കിയിരിക്കെയുമ്മയിറങ്ങി
ധൃതിയിലെന്നെ കോരിയെടുത്തെന്റെ
നുണക്കുഴികളില്‍, മൂര്‍ധാവില്‍,
പിന്നെ ചെഞ്ചുണ്ടിലുമ്മ വെച്ചെന്‍
നെറ്റിയില്‍ കുതിര്‍ന്ന വിയര്‍പ്പു കണങ്ങള്‍
കൈലേസില്‍ തുടച്ചിങ്ങനെ മൊഴിഞ്ഞു :
''അമ്മുദീ,
ഈ കുറിഞ്ഞി പൂച്ചക്കുമിന്നു
നോമ്ബാനുമ്മയവള്‍ക്കൊരു
പിടി ചോറുപോലും കൊടുത്തില്ല !
കണ്ണന്റെ കൂടെയവളും നോമ്പ് നോറ്റിരിക്കയാണ്.
ഈ നട്ടുച്ചനേരം നോമ്പ്മുറിക്കണമെന്നെന്റെ
പോന്നോമാനയോടു പറഞ്ഞതീ കള്ളി പൂച്ചയാണോ?
( ഉമ്മതന്‍ ഓരം ചേര്‍ന്ന്
കുഞ്ഞുവാലുരചിക്കിളിയുണ്ടാക്കി
നിന്നും തിരിഞ്ഞും കണ്ണിറുക്കിയും
കരഞ്ഞു വിശപ്പിന്റെ വിളിയറിയിച്ചാ കുസ്ര്‍തി കുറുഞ്ഞി,
ഉമ്മയുടെ മൊഴിയിലെ വെളിപാടറിഞ്ഞോ
എന്തോ കണ്‍ വെട്ടം മറഞ്ഞു, ത്ധഡുതിയില്‍. )
കദളി പഴം ഞവുടിയതും,
മുത്താറിയില്‍ തേങ്ങാപാല്‍ കോറിക്കുറുക്കിയതും
വറുതിയുടെ വരണ്ടു ണങ്ങിയാനാള്‍ വഴിയിലും
വാഴയിലയില്‍ വാട്ടിതീര്‍ത്തെനിക്കായൊരുക്കിയ
ശര്‍ക്കരയില്‍ മെഴുക്കു പുരട്ടിയപ്പവും പിന്നെ,
വക്കുപൊട്ടിയ പിഞ്ഞാണപാത്രത്തിന്‍ നടുവില്‍
വെള്ളത്തില്‍ കുതിര്‍ത്താറായി കീറിയ
കാരക്ക ചീളും ചൂണ്ടി ഉമ്മ പറഞ്ഞു :
ഇതെന്റെ ചക്കരയമ്മുദിക്കായൊരുക്കിയതല്ലേ ?
ഒരിഴ പോലും നല്കില്ലിതില്‍ നിന്നാര്‍ക്കും.
ഉമ്മതന്‍ സാന്ത്വനം കേട്ടെന്റെ
ഞരമ്പില്‍ പുതു നിശ്വാസതിന്നൂര്‍ജമാവാഹിച്ചു ;
കണ്ണില്‍ ദീപ്തിയുടെ സ്ഫുലിന്ഗങ്ങള്‍;
കവിളില്‍ കോറിയിട്ട മുത്തത്തില്‍
പുതു ജീവന്റെ തുടിപ്പുകള്‍;
ഞരമ്പില്‍, ഹൃത്തില്‍ , കുസൃതിയുടെ താളമേളങ്ങള്‍;
പെരുത്ത തലയിലെ ഭാരമലിഞാലിഞ്ഞില്ലാതായി.
പൌര്‍ണമിപോല്‍ പാല്‍ പുഞ്ചിരി
തൂകുമെന്നുമ്മയെ നോക്കി
കോന്തല പിടിച്ചു ഞാന്‍
നാണം കുണുങ്ങി മൊഴിഞ്ഞു :
എനിക്കുമെന്റെ കുറിഞ്ഞി പൂച്ചക്കുമതി
ഇറുക്ക് വെള്ളമിനി മഗ്രിബിന്‍
ബാന്കൊലി കേള്‍ക്കുമ്പോള്‍ മാത്രം!
ഉമ്മയുടെ പോന്നാരമോനിനി
വരില്ലിനിയതുവരെ ഉമ്മയെ
ചിന്നം പിന്നം പറഞ്ഞു ബുദ്ധിമുട്ടിക്കാന്‍.
അന്നെന്‍ യുമമതന്‍ ഹൃത്തില്‍
വിരിഞ്ഞ ഹര്‍ഷ നിമിഷങ്ങളിന്നും ,
കരുവാളിച്ചെന്റെ കവിള്‍ തടവി മാറോടടുപ്പിച്ചതും,
ഇഴ തൂര്‍ന്ന തലമുടിക്കിടയില്‍
സ്നേഹവായ്പ്പോടെയവര്‍ തലോടിയതും,
ഈ റമദാനിന്‍ കത്തും നാഡഃമിടുപ്പില്‍
പതിന്നാലിന്‍ രാവുപോല്‍ പരിലസിക്കുന്നു!
ഉമ്മ ചിരിച്ചന്നു, ആവോളം മതിയാവോളം,
അന്നുമ്മതന്‍ കണ്ണിണകളില്‍
ചുടു ബാഷ്പകണങ്ങള്‍ നിറഞ്ഞൊഴുകിയതും,
അതിറ്റുവീണെന്‍ കവിളില്‍ നോവിന്‍ കനവുണ്ടാക്കിയതും
പതിഞ്ഞ കൈവിരലുകൊണ്ടുമ്മയതൊപ്പിയതും,
മാറി മാറിവരും റമദാനിന്‍ പടിപ്പുരയിലെ
കത്തിത്തീരാത്ത ഓര്‍മ്മകള്‍തന്‍ റാന്തല്‍ വെളിച്ചമാണ്.
ഈ നാല്പതിന്‍ നിറവിലുമായണയാത്ത
തളരാത്ത ദീപപാളികളാണെന്റെ
ഊര്ജവുമുയിരിന്‍ ശ്വാസനിശ്വാസവും!