Monday, September 27, 2010

കരിന്തിരിക്കെന്തു വെളിച്ചം !

കരിന്തിരി അണഞ്ഞെന്ന്‍
പറഞ്ഞു കൂടാ;
ഈ വിളക്കിലെണ്ണയില്ലെന്നും

കരുവാളിച്ചവശയായ്
ആരാരുമറിയാതെയതു
കത്തുകയായിരുന്നു ഇത്രനാളും !
ധൂമപാളികളുടെ തടിപ്പതിനെ
നമ്മുടെ കണ്ണുകളെയശ്രദ്ധമാക്കിയെന്ന്‍ മാത്രം
നാമല്‍പ്പം തണുത്തപ്പോള്‍; കരിന്തിരിയുടെ
നിലക്കാത്ത ചൂടറിഞ്ഞു നാം
ഈ കൈകള്‍ നമുക്കീ തിരി നീട്ടാനുള്ളതാണ്
ഈ വിളക്കിലെ എണ്ണ എരിഞ്ഞു
തീരാതെ നോക്കേണ്ടതും നമ്മള്‍ തന്നെ

ഈയാമ്പാറ്റകള്‍
ആത്മാഹുതി ചെയ്യട്ടെ;
വണ്ടുകള്‍ തീ കെടുത്താതിരിക്കുന്നത് നമുക്കും
കണ്ണിലെണ്ണയൊഴിച് കാത്തിരിക്കുക

വരും തലമുറക്ക് ചോദ്യങ്ങള്‍ കുറച്ചേയുണ്ടാകൂ
ചോദ്യ ശരങ്ങള്‍ക്ക് മൂര്‍ച്ചയും കുറവായിരിക്കും
അല്പമകല്‍ച്ച;
അതിന്റെ പത്തിരട്ടിമധുരമാണീയടുപ്പം

ഈ പ്രഭാതത്തിനെന്തു കാന്തി;
ഈ ആകാശത്തിനെന്തു ശാന്തത
കിളികള്‍ ഇത്രയും നാള്‍ പാടാതിരുന്നതാണോ
അതോ ഞാന്‍ കേള്‍ക്കാത്തതോ ?
നിലാവെളിച്ചത്തിനു പോലും
പനിനീര്‍പ്പൂവിന്റെ ഗന്ധം

പെരുന്നാളിന്റെ ദിനങ്ങള്‍ക്ക്
പെറുക്കി കൂട്ടുകയാണ് കുട്ടികള്‍
അവര്‍ കുറെ നാളുകളായല്ലോ
കളിക്കൂട്ടുകാരില്ലാതെ ഉഴലുന്നു
അവരുടെ പ്രാര്‍ഥനാഫലമോ ;
അതോ കിളിക്കൂട്ടങ്ങളുടെയോ?

No comments: