Friday, September 30, 2016

ടോബാ ടേക് സിങ് (കഥ)

ടോബാ ടേക് സിങ് (കഥ)
സാദത്ത്‌ ഹസന്‍ മന്‍ടോ
വിവര്‍ത്തനം: ആരിഫ് സെയ്ന്‍

വിഭജനം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷം പിന്നിട്ടപ്പോഴാണ്, സാധാരണ തടവുകാരെപ്പോലെ തന്നെ ചിത്തരോഗികളായ തടവുകാരെയും പരസ്പരം കൈമാറണമെന്ന് ഇന്ത്യയിലെയും പാകിസ്താനിലെയും സര്‍ക്കാറുകള്‍ക്ക് ബുദ്ധിയുദിച്ചത്. ഇന്ത്യയിലെ ചിത്ത രോഗികള്‍ക്കുള്ള തടവറകളില്‍ മുസ്‌ലിം ഭ്രാന്തന്‍മാരുണ്ടെങ്കില്‍ അവരെ പാകിസ്താനിലെത്തിക്കണം. പാകിസ്താനിലെ തടവറകളില്‍ ഹിന്ദു-സിഖ് ഭ്രാന്തന്‍മാരുണ്ടെങ്കില്‍ അവരെ ഇന്ത്യയുലുമെത്തിക്കണമെന്ന് ചുരുക്കം.

ഇതിലെ യുക്തി നിങ്ങള്‍ക്ക് പിടികിട്ടിയോ എന്തോ. എന്നാല്‍, നിര്‍ദേശം വന്നത് അപ്പുറത്തെയും ഇപ്പുറത്തെയും ഉന്നതാധികാരികളുടെ ഭാഗത്തു നിന്നാണ്.പലവുരു നടന്ന ഉന്നത തല സംഭാഷണങ്ങള്‍ക്കൊടുവില്‍ ഭ്രാന്തന്‍മാരെ കൈമാറാനായി ഒരു ദിവസം നിശ്ചയിക്കുകയും ചെയ്തു. കൂലങ്കഷമായ ചര്‍ച്ചകള്‍ വീണ്ടുമൊരുപാട് നടന്നു.
ഇന്ത്യയില്‍ തന്നെ തുടരാന്‍ തീരുമാനിച്ച ബന്ധുക്കളുള്ള മുസ്‌ലിം ഭ്രാന്തന്‍മാര്‍ക്ക് അവരോടൊപ്പം ഇന്ത്യയില്‍ തന്നെ കഴിയാം. ബാക്കിയുള്ളവരെ അതിര്‍ത്തിയില്‍ കൊണ്ടുപോയി വിടും. പാകിസ്താനിലുണ്ടായിരുന്ന മിക്കവാറും ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് പോയിക്കഴിഞ്ഞുരുന്നതിനാല്‍ പാകിസ്താനില്‍ ആരെ പാര്‍പ്പിക്കണം പാര്‍പ്പിക്കേണ്ട എന്നതിനെക്കുറിച്ചു അധികം ആലോചനകളൊന്നും വേണ്ടിവന്നില്ല. രാജ്യാതിര്‍ത്തികകത്തുണ്ടായിരുന്ന എല്ലാ സിഖ്-ഹിന്ദു ഭ്രാന്തന്‍മാരെയും പൊലിസ് സംരക്ഷണയില്‍ അതിര്‍ത്തിയിലെത്തിച്ചിരുന്നു.

കൈമാറ്റത്തിന്‍റെ വാര്‍ത്ത പരന്നതോടെ ലാഹോറിലെ ഭ്രാന്തന്‍ തടവുകാരെ പാര്‍പ്പിച്ചിരുന്ന കേന്ദ്രത്തില്‍ രസകരമായ പല സംഭവങ്ങളുമുണ്ടായി. മുടങ്ങാതെ ‘സമീന്ദാര്‍’ എന്ന ചൂടന്‍ പത്രം വായിച്ചിരുന്ന ഒരു മുസ്‌ലിം ഭ്രാന്തനോട് സഹ തടവുകാരാരോ ചോദിച്ചു, “മോല്‍ബീ സാബ്, ഈ പാക്കിസ്താന്‍ എന്നു വെച്ചാല്‍ എന്താണ്?” തെല്ലിട നേരത്തെ ഗാഢമായ ചിന്തക്കു ശേഷം അയാള്‍ മറുപടി നല്‍കി, “അറിഞ്ഞു കൂടേ, ഹിന്ദുസ്താനില്‍ ക്ഷൌരക്കത്തി നിര്‍മിക്കുന്ന ഒരു സ്ഥലത്തിന്റെ പേരാണത്.” ഉത്തരം കിട്ടാതെ നിന്നിരുന്ന വലിയ ഒരു പ്രശ്നത്തിന് പരിഹാരമായ സന്തോഷത്തോടെ കൂട്ടു കാരന്‍ തിരിച്ചു പോയി.
കുളിച്ചു കൊണ്ടിരുന്ന ഒരു മുസ്‌ലിം ഭ്രാന്തന്‍ ‘പാക്കിസ്താന്‍ സിന്ദാബാദ്’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച് കാല്‍ തെന്നി ബോധമറ്റ് നിലത്തു വീണു.

ചില ഭ്രാന്തന്മാര്‍ യഥാര്‍ഥത്തില്‍ ഭ്രാന്തന്മാരായിരുന്നില്ല. കൊലപാതകം പോലുള്ള കൊടും കൃത്യങ്ങള്‍ ചെയ്തതിന് ശേഷം ഉദ്യോഗസ്ഥന്‍മാര്‍ക്ക് കൈക്കൂലി കൊടുത്ത് ബന്ധുക്കള്‍ അവരെ ചിത്ത രോഗികള്‍ക്കുള്ള തടവറയിലെത്തിച്ചതാണ്; കഴുമരത്തില്‍ നിന്ന് രക്ഷപ്പെടാന്‍.
വിഭജനമെന്താണെന്നും പാക്കസ്താന്‍ എന്താണെന്നുമൊക്കെ ഇവരില്‍ ചിലര്‍ക്ക് കുറച്ചൊക്കെ അറിയമായിരുന്നുവെങ്കിലും ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് ഇവര്‍ക്കും പിടിപാടൊന്നമുണ്ടായിരുന്നില്ല. പത്രങ്ങള്‍ വായിച്ചതില്‍ നിന്ന് ഒന്നും മനസ്സിലായതുമില്ല.

വാര്‍ഡര്‍മാരാണെങ്കില്‍ നിരക്ഷരരും. ഇത് സംബന്ധിച്ച് അവര്‍ക്ക് ആകെ അറിയാമായിരുന്നത്, മുഹമ്മദലി ജിന്ന എന്നൊരാളുണ്ട്, അദ്ദേഹത്തെ ഖാഇദെ ആസം എന്നു വിളിക്കുന്നു, അദ്ദേഹം മുസ്‌ലിംകള്‍ക്കു വേണ്ടി ഒരു പുതിയ രാജ്യമുണ്ടാക്കിയിരിക്കുന്നു, അതിന്റെ പേര് പാക്കിസ്താന്‍ എന്നാകുന്നു.. അതെവിടെയാണ്? അതെന്നു മുതല്‍ നിലവില്‍ വന്നു? ആര്‍ക്കുമറിഞ്ഞു കൂടാ. അവര്‍ ആകെ ആശയക്കുഴപ്പത്തിലായിരുന്നു, തങ്ങള്‍ പാകിസ്താനിലാണോ ഹിന്ദുസ്താനിലാണോ? പാകിസ്തനിലോ? അതെങ്ങനെ സംഭവിച്ചു? അല്‍പം മുമ്പ് ഇവിടെ താമസിച്ചു കൊണ്ട് തന്നെ തങ്ങളെല്ലാം ഹിന്ദുസ്താനിലായിരുന്നുവല്ലോ?

കൂട്ടത്തിലൊരു ഭ്രാന്തന്‍, പാകിസ്താന്‍, ഹിന്ദുസ്താന്‍ പാകിസ്താന്‍, ഹിന്ദുസ്താന്‍ എന്നു ചിന്തിച്ച് ചിന്തിച്ച് കൊടിയ ഭ്രാന്തനായി മാറി. നിലം അടിച്ചു വാരുന്നതിനിടയില്‍ ഒരു ദിവസം അയാള്‍ അടുത്തുള്ള മരത്തില്‍ പാഞ്ഞു കേറി സുരക്ഷിതമായ ഒരു കൊമ്പത്തിരുന്ന് പാകിസ്താന്‍ ഹിന്ദുസ്താന്‍ എന്ന ലോലമായ പ്രശ്നത്തെക്കുറിച്ച് രണ്ട് മണിക്കൂര്‍ നീണ്ട ഒരു കിടിലന്‍ പ്രഭാഷണം നടത്തി. വാര്‍ഡര്‍മാര്‍ വന്ന് ഇറങ്ങി വരാനാവശ്യപ്പെട്ടു; അയാള്‍ കൂടുതല്‍ മേലോട്ടു കയറി ഉറക്കെ വിളിച്ചു പറഞ്ഞു, “ആരെന്ത് പറഞ്ഞാലും ഞാന്‍ ഹിന്ദുസ്താനില്‍ തന്നെ ഉറച്ചു നില്‍ക്കും… പാക്കിസ്താനില്‍ പോകില്ലാ… ഈ മരത്തില്‍ നിന്ന് ഇറങ്ങുന്ന പ്രശ്നമേയില്ലാ...” കുറേ കഴിഞ്ഞ് അയാള്‍ ഇറങ്ങി വന്ന് തന്‍റെ ഹിന്ദു-സിഖ് കൂട്ടുകാരെ കെട്ടപ്പിടിച്ച് കരഞ്ഞു. താനും അവരോടൊപ്പം ഹിന്ദുസ്താനിലേക്ക് വരികയാണെന്നറിയിച്ചു.

മുസ്‌ലിം ലീഗിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്ന ചിന്‍യോട്ടുകാരനായ തടിച്ച മുസ്‌ലിം ഭ്രാന്തന്‍ ദിവസത്തില്‍ പത്തു പതിനാറ് തവണ കുളിച്ചിരുന്നത് പൊടുന്നനെ നിര്‍ത്തിക്കളഞ്ഞു. പേര് മുഹമ്മദലി. പേരിന്‍റെ ആനുകൂല്യം വെച്ച് താന്‍ ഖാഇദെ ആസം മുഹമ്മദ് അലി ജിന്നയാണെന്നയാള്‍ പ്രഖ്യാപിച്ചു. ഇതറിയാനിടയായൊരു സിഖ് ഭ്രാന്തന്‍ താന്‍ മാസ്റ്റര്‍ താരാ സിങ് ആണെന്നും പ്രഖ്യാപിച്ചു. അവര്‍ വക്കാണങ്ങളിലേര്‍പ്പെട്ടു. തര്‍ക്കം കയ്യാങ്കളിയിലെത്തുമെന്നായപ്പോള്‍, അപകടകാരികളായ തടവുകാര്‍ എന്നു പറഞ്ഞ് ജയിലധികൃതര്‍ അവരെ വെവ്വേറെ മുറികളിലാക്കി പൂട്ടി. പ്രേമ നൈരാശ്യം ഭ്രാന്തിലെത്തിച്ച ഒരു യുവ ഹിന്ദു വക്കീല്‍ അമൃത്സര്‍ ഇന്ത്യയാലാണെന്നറിഞ്ഞ് അത്യധികം ദു:ഖിച്ചു. അവിടത്തുകാരിയായ ഒരു പെണ്‍കുട്ടിയെയായിരുന്നു അയാള്‍ സ്നേഹിച്ചിരുന്നത്. അയാളെ ഒഴിവാക്കി അവള്‍ മറ്റൊരാളെ കല്യാണം കഴിച്ചിരുന്നുവെങ്കിലും ഭ്രാന്തിന്റെ ഊക്കില്‍ അയാള്‍ എല്ലാം മറന്നു കഴിഞ്ഞിരുന്നു. ഇന്ത്യയെ രണ്ട് കഷണമാക്കിയ ഹിന്ദു മുസ്ലിം നേതാക്കളെ മുഴുവന്‍ അയാള്‍ തെറി വിളിച്ചു. കാമുകി ഹിന്ദുസ്താനി, താന്‍ പാകിസ്താനി! ഇങ്ങനെയുണ്ടോ ഒരു വിഭജനം!

കൂട്ടു പുള്ളികളുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി താനും ഇന്ത്യയിലയക്കപ്പെടുമെന്ന് അയാള്‍ക്ക് ബോധ്യമായി. എന്നാല്‍ അവിടെയും പ്രശ്നം തലപൊക്കി; താന്‍ ലാഹോര്‍ വിട്ട് എങ്ങോട്ടുമില്ല. അമൃത്സറില്‍ തന്‍റെ പ്രാക്ടീസ് വേണ്ടത്ര വിജയം കാണില്ല എന്നയാള്‍ക്കുറപ്പാണ്.

യൂറോപ്യന്‍ വാഡിലെ രണ്ട് ആംഗ്ളോ ഇന്ത്യന്‍ ഭ്രാന്തന്‍മാര്‍ തിരക്കിട്ട ചര്‍ച്ചയിലാണ്; ഇന്ത്യ സ്വതന്ത്രയായെന്നും ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോവുകയാണെന്നും കേള്‍ക്കാനിടയായ പശ്ചാത്തലത്തിലാണ് ചര്‍ച്ച. ഇംഗ്ളീഷുകാര്‍ തിരിച്ചു പോകുന്ന സ്ഥിതിക്ക് ഇനി ഈ ജെയ്ലില്‍ യൂറോപ്യന്‍ വാഡ് ഉണ്ടാകുമോ, ബ്രെയ്ക് ഫാസ്റ്റ് കിട്ടുമോ, ബ്രേഡ് കിട്ടുമോ, അതോ ബ്ളഡി ഇന്‍ഡ്യന്‍ ചപ്പാത്തി കഴിക്കേണ്ടി വരുമോ തുടങ്ങിയ പ്രശ്നങ്ങള്‍ അവരെ ശരിക്കും അലട്ടി.

പതിനഞ്ച് വര്‍ഷമായി ഇതേ തടവറയില്‍ കഴിയുന്ന ഒരു സിഖ് ഭ്രാന്തനുണ്ട്. എപ്പോഴും അയാള്‍ വിചിത്രമായ വാക്കുകള്‍ ഉരുവിട്ടു കൊണ്ടിരിക്കും “…ഊപ്ഡി ഗിഡ്ഗിഡി ദ അനെക്സ് ദ ബേധ്യാന്‍ ദ ദാല്‍ ഓഫ് ദ ലാല്‍ടന്‍” രാത്രിയോ പകലോ ഉറങ്ങാറില്ല. വാര്‍ഡന്‍ പറഞ്ഞത് ശരിയാണെങ്കില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ഒരു നിമിഷം പോലും അയാള്‍ ഉറങ്ങിയിട്ടില്ല; കിടന്നിട്ടുമില്ല. വല്ലപ്പോഴും ചുമരില്‍ ചാരി നില്‍ക്കുന്നത് കാണാം. നിന്ന് നിന്ന് കാലില്‍ നീര് വന്നിരുന്നു. സഹ തടവുകാര്‍, ഇന്ത്യാ പാകിസ്താന്‍, തടവു പുള്ളികളുടെ കൈമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമ്പോള്‍ സാകൂതം കേട്ടുകൊണ്ടിരിക്കും. തന്‍റെ അഭിപ്രായം ചോദിക്കുന്നവരോട് തികഞ്ഞ അവധാനതയോടെ അയാള്‍ പറയും, “ഊപ്ഡി ഗിഡ്ഗിഡി ദ അനെക്സ് ദ ബേധ്യാന്‍ ദമംഗ് ദ ദാല്‍ ഓഫ് ദ പാക്കിസ്താന്‍ ഗവണ്‍മെന്‍റ്”. പിന്നീട് ഓഫ് ദ പാകിസ്താന്‍ ഗവണ്‍മെന്‍റ് എന്നത് ഓഫ് ദ ടോബാ ടേക് സിങ് ഗവണ്‍മെന്‍റ് എന്നായി മാറി. മറ്റു തടവുകാരോട് അയാള്‍ ചോദിച്ചു,

“ടോബാ ടേക് സിങ് എവിടെയാണ്?” പക്ഷേ തൃപ്തിയായി ഒരുത്തരം നല്‍കി അയാളെ സഹായിക്കാന്‍ ആര്‍ക്കുമായില്ല. അയാള്‍ സ്വന്തം ചിന്തയില്‍ നഷ്ടപ്പെട്ടു. സിയാല്‍കോട്ട് ആദ്യം ഇന്‍ഡ്യയിലായിരുന്നു, ഇപ്പോള്‍ കേട്ടു അത് പാകിസ്താനിലാണെന്ന്. ഇന്ന് പാകിസ്താനിലായ ലാഹോര്‍ നാളെ ഹിന്ദുസ്താനിലാവില്ലെന്നാരറിഞ്ഞു? ഇനി ഹിന്ദുസ്താന്‍ മുഴുവന്‍ പാകിസ്താനിലാകിലെന്നുണ്ടോ? ഹിന്ദുസ്താനും പാകിസ്താനുമെല്ലാം ഈ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകില്ലെന്ന് നെഞ്ചത്ത് കൈവെച്ച് ആര്‍ക്ക് പറയാനാകും?

കുളിക്കുന്ന പതിവില്ലാതിരുന്നത് കൊണ്ട് താടിയും മുടിയുമെല്ലാം ജട പിടിച്ച് ഒരു ഭീകര രൂപിയായി മാറിയിരുന്നുവെങ്കിലും ആള്‍ നിരുപദ്രവിയായിരുന്നു. പതിനഞ്ചു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും അയാള്‍ ആരോടെങ്കിലും കശപിശ കൂടുകയോ വക്കാണമേല്‍ക്കുകയോ ചെയ്തിട്ടില്ല. ജെയ്ലിലെ ഒരു പഴയ തൊഴിലാളി പറഞ്ഞാണറിയുന്നത്, ടോബാ ടേക് സിങ് ഒരു സ്ഥലപ്പേരാണ്, അവിടെ അയാള്‍ക്ക് ഒരുപാടേക്കര്‍ ഭൂമിയുണ്ട്. ഒന്നാം കിട ജന്മിയായിരുന്നു. പെട്ടെന്ന് തല തിരിഞ്ഞതാണ്. അന്നു തന്നെ വലിയ ഒരു ചങ്ങലയില്‍ കെട്ടിവരിഞ്ഞ് കുടുംബക്കാര്‍ ഇവിടെ കൊണ്ടു വന്നാക്കി തിരിച്ചു പോയി. മാസത്തിലൊരിക്കല്‍ അവര്‍ ജെയ്ലില്‍ വരും സുഖവിവരങ്ങളന്വേഷിക്കും തിരിച്ചു പോകും. അത്ര തന്നെ.

ബിഷന്‍ സിങ് എന്നാണയാളുടെ പേര്. എന്നാല്‍ മറ്റുള്ളവര്‍ അയാളെ വിളിക്കുക ടോബാ ടേക് സിങ് എന്നാണ്. മാസമേതാണ്, ദിവസമേതാണ്, എത്ര കാലമായി താനിവിടെ വന്നിട്ട് എന്നൊന്നും അയാള്‍ക്കറിഞ്ഞു കൂടാ. എന്നാല്‍ ബന്ധുക്കള്‍ കാണാന്‍ വരുന്ന ദിവസം ഒരു തരം സഹജ ബോധത്തിലെന്ന പോലെ അയാളറിയും. രാവിലെത്തന്നെ ദഫേദാറെ വിളിച്ചു പറയും “ഇന്ന് കുടുംബക്കാര്‍ വരും” പിന്നെ എണ്ണയും സോപ്പുമുപയോഗിച്ച് നല്ലവണ്ണം കുളിക്കും തുടര്‍ന്ന് സാധാരണ അണിയാറില്ലാത്ത വസ്ത്രങ്ങളുടുത്ത് ഒരുങ്ങിയങ്ങനെ കാത്തു നില്‍ക്കും. ബന്ധുക്കള്‍ വന്നാല്‍ അവരുടെ അടുത്ത് ചെല്ലും, അവര്‍ വല്ലതും ചോദിച്ചാല്‍ അയാള്‍ പറയും, “ഊപ്ഡി ഗിഡ്ഗിഡി ദ അനെക്സ്‌ ദ ബേധ്യാന്‍ ദ ദാല്‍ ഓഫ് ദ ലാല്‍ടന്‍”
അയാള്‍ക്കൊരു മകളുണ്ടായിരുന്നു. മാസത്തില്‍ ഒരംഗുലം എന്ന തോതില്‍ വളര്‍ന്ന് പതിനഞ്ചു വര്‍ഷം മുമ്പ് കുട്ടിയായിരുന്ന അവള്‍ ഒരു യുവതിയായിക്കഴിഞ്ഞിരുന്നു. കുട്ടിയായിരുന്നപ്പോള്‍ പിതാവിനെ കാണുമ്പോള്‍ തന്നെ അവള്‍ കരയുമായിരുന്നു; യുവതിയായിട്ടും മാറ്റമൊന്നുമില്ല.

പാകിസ്തനാന്‍ ഹിന്ദുസ്താന്‍ പ്രശ്നം സജീവമായത് മുതല്‍ അയാള്‍ എല്ലാവരോടും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, “ടോബാ ടേക് സിങ് എവിടെയാണ്? ഹിന്ദുസ്താനിലോ പാകിസ്താനിലോ?” തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെങ്കില്‍ അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കും. ആദ്യമാദ്യം ബന്ധുക്കളുടെ വരവ് അയാള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ അതും അറിയാറില്ല; മനസ്സിന്റെ ശബ്ദവും നിലച്ചതു പോലെ. പുതുതായി ജെയ്ലില്‍ വരുന്നവരോടൊക്കെ അയാള്‍ ചോദിക്കും, “ടോബാ ടേക് സിങ് എവിടെയാണ്? ഹിന്ദുസ്താനിലോ പാകിസ്താനിലോ?” വരുന്നവരൊക്കെ ടോബാടേക് സിങ്ങുകാരാണെന്നാണയാളുടെ വിചാരം.
താന്‍ ദൈവമാണെന്നവകാശപ്പെട്ടിരുന്ന ഒരു ഭ്രാന്തനുണ്ടായിരുന്നു ജെയ്ലില്‍. അയാളോട് ബിഷന്‍ സിങ് ഒരു ദിവസം ചോദിക്കുക തന്നെ ചെയ്തു, “ടോബാ ടേക് സിങ് എവിടെയാണ്? ഹിന്ദുസ്താനിലോ പാകിസ്താനിലോ?” ഭ്രാന്തന്‍ (സാധാരണ പോലെത്തന്നെ) ഉറക്കെ ചിരിച്ചു. പിന്നെ പറഞ്ഞു, “അത് പാകിസ്താനിലുമല്ല, കാരണം നാം ഇതു സംബന്ധിച്ച് ഒരു കല്‍പനയും ഇതുവരെ പുറപ്പെടുവിപ്പിച്ചിട്ടില്ല.”
അയാളോട് ബിഷന്‍ സിങ് പലതവണ അപേക്ഷാ സ്വരത്തില്‍ പറഞ്ഞതാണ്. പെട്ടെന്ന് ഒരു തീരുമാനമെടുത്ത് കല്‍പന പുറപ്പെടുവിക്കുകയാണെങ്കില്‍ ഈ അനിശ്ചിതാവസ്ഥ തീര്‍ന്നു കിട്ടുമെന്ന്. എന്നാല്‍ അപ്പോഴൊക്കെ ഉടനെ തീരുമാനമെടുക്കേണ്ടുന്ന നൂറുനൂറു പ്രശ്നങ്ങള്‍ തന്‍റെ മുമ്പില്‍ കിടക്കുന്നുണ്ട് എന്നായിരുന്നു അയാളുടെ മറുപടി. ഈ മറുപടി കേട്ട് സഹി കെട്ട് ബിഷന്‍ സിങിന് കലി കയറി അയാള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, “ഊപ്ഡി ഗിഡ്ഗിഡി ദ അനെക്സ്‌ ദ ബേധ്യാന്‍ ദ ദാല്‍ ഓഫ് വാഹ് ഗുരുജീ കീ ഫതേഹ് ജോ ബോലെ സോ നിഹാല്‍ സത് ശ്രീ അകാല്‍.” നിങ്ങള്‍ മുസ്ലിംകളുടെ ദൈവമാണ്, സിഖുകാരുടെ ദൈവമായിരുന്നുവെങ്കില്‍ ഞാന്‍ പറഞ്ഞത് കേട്ടേനെ എന്നായിരിക്കാം ഒരു പക്ഷേ അയാള്‍ പറഞ്ഞതിനര്‍ഥം.

കൈമാറ്റത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ബിഷന്‍ സിങിന്‍റെ ഒരു പഴയ കൂട്ടുകാരന്‍ അയാളെ കാണാനായി വന്നു. മുമ്പൊരിക്കലും അയാളവിടെ വന്നിട്ടില്ല. അയാളെ കണ്ടതും ബിഷന്‍ സിങ് മുഖം തിരിച്ചു കളഞ്ഞു. വാഡര്‍മാര്‍ ചേര്‍ന്ന് അയാളെ അനുനയിപ്പിച്ചു, ഇയാള്‍ നിങ്ങളെ കാണാനായിട്ടാണിവിടെ വന്നത്; നിങ്ങളുടെ പഴയ സ്നേഹിതന്‍ ഫസ്ല്ദ്ദീന്‍.
ഫസ്ലുദ്ദീന്‍ മുമ്പോട്ടു ചെന്ന് അയാളുടെ തോളില്‍ കൈവെച്ചു. “കുറേ ദിവസമായി കാണണമെന്ന് വിചാരിക്കുന്നു. സമയം കിട്ടണ്ടേ, ഇപ്പോഴാ ഒരൊഴിവു കിട്ടിയത്. നിന്‍റെ ആള്‍ക്കാരൊക്കെ സുഖമായി ഹിന്ദുസ്താനിലേക്ക് പോയി. എന്നാലാകുന്ന എല്ലാ സഹായവും ഞാനവര്‍ക്ക് നല്‍കി. നിന്‍റെ മകള്‍ റൂപ് കൌര്‍...” അയാള്‍ എന്തോ പറയാനാഞ്ഞു, നിര്‍ത്തിക്കളഞ്ഞു.

“എന്റെ മകള്‍ റൂപ് കൌര്‍?” ബിഷന്‍ സിങ് ചോദിച്ചു.
“ങ്ഹാ… ങ്ഹാ… അവള്‍ക്കും സുഖം... അവളും സുരക്ഷിതമായി ഹിന്ദുസ്താനിലേക്ക് പോയി.” ഫസ്ലുദ്ദീന്‍ വിക്കി വിക്കിപ്പറഞ്ഞു “ങ്ഹാ.. പിന്നെ നീയും ഹിന്ദുസ്താനിലേക്കു പോവുകയാണെന്ന് കേട്ടു. എല്ലാവരോടും എന്‍റെ അന്വേഷണം പറയണം. ഭായി ബല്‍ബീര്‍ സിങിനോടും ഭായി കുല്‍വന്ത് സിങിനോടും എന്‍റെ അന്വേഷണം പറയണം... ബഹന്‍ അമൃത് കൌരിനോടും.. അവരോടൊക്കെ പറയണം ഫസ്ലുദ്ദീന്‍ ഭായി നിങ്ങളെയൊക്കെ എപ്പോഴും ഓര്‍ക്കാറുണ്ടെന്ന്. ബാല്ബീറിനോട് പറയണം അവന്‍ വിട്ടു പോയ രണ്ട് എരുമകള്‍ക്കും സുഖം തന്നെ. അവ രണ്ടും പെറ്റു, എന്താ ചെയ്വാ, കുഞ്ഞുങ്ങളിലോന്ന്‍ ചത്തു. അവനോട് ഇടക്കൊക്കെ എനിക്കെഴുതാന്‍ വേണ്ടി പറയണം. ഇതാ ഞാന്‍ നിനക്ക് കുറച്ച് പ്ലം കൊണ്ട് വന്നിരിക്കുന്നു."
കുറേ നേരം ദൂരെ ദൃഷ്ടിയൂന്നി ബിഷന്‍ സിങ് ചോദിച്ചു, “ടോബാ ടേക് സിങ് എവിടെയാണ്? ഹിന്ദുസ്താനിലോ പാകിസ്താനിലോ?”
“ഹിന്ദുസ്താനില്‍… അല്ല.. പാകിസ്താനില്‍…” അയാള്‍ വീണ്ടും വിക്കി.
“ഊപ്ഡി ഗിഡ്ഗിഡി ദ അനെക്സ്‌ ദ ബേധ്യാന്‍ ദമംഗ് ദ ദാല്‍ ഓഫ് ദ പാക്കിസ്താന്‍ ആന്‍ഡ് ഹിന്ദുസ്താന്‍ ഓഫ് ദര്‍ഫട്ടേ മുംഹ്” എന്ന് പിറുപിറുത്തു കൊണ്ട് അയാള്‍ തിരിഞ്ഞു നടന്നു.

പൊലിസുകാര്‍ ഹിന്ദുസ്താനിലേക്കയക്കേണ്ട തടവുകാരെ അതിര്‍ത്തിയിലെത്തിച്ചു. മേലധികാരികള്‍ തമ്മില്‍ രേഖകള്‍ കൈമാറി. കൈമാറ്റ പ്രക്രിയ ആരംഭിച്ചു. ഭ്രാന്തന്‍മാരില്‍ ചില്‍ വണ്ടിയില്‍ നിന്നിറങ്ങിയോടി; പിറകെ പൊലിസുകാരും. ചിലര്‍ ചിരിക്കുന്നു, ചിലര്‍ കരയുന്നു, ചിലര്‍ കണ്ണില്‍ കണ്ടവരെയൊക്കെ നോക്കി പുളിച്ച തെറി പറയുന്നു. സുരക്ഷിതമായ വാസ സ്ഥലങ്ങളില്‍ നിന്നിറക്കി തങ്ങളെ എവിടെ കൊണ്ടു പോകുന്നുവെന്ന് കൈമാറ്റത്തിന്‍റെ കഥയൊന്നുമറിഞ്ഞു കൂടാത്ത ഭ്രാന്തന്‍മാര്‍ ചോദിച്ചു കൊണ്ടിരുന്നു. “പാകിസ്താന്‍ സിന്ദാബാദ്, ഹിന്ദുസ്താന്‍ സിന്ദാബാദ്” അന്തരീക്ഷത്തില്‍ മുഴങ്ങി.
ബിഷന്‍ സിങിന്‍റെ ഊഴം. ബന്ധപ്പെട്ട ഓഫീസര്‍മാര്‍ അയാളുടെ പേര് രജിസ്റ്ററില്‍ ചേര്‍ത്തു. “ടോബാ ടേക് സിങ് എവിടെയാണ്? ഹിന്ദുസ്താനിലോ പാകിസ്താനിലോ?” ബിഷന്‍ സിങ് ചോദിച്ചു.
“പാകിസ്താനില്‍” ഓഫീസര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
ബിഷന്‍ സിങ് തിരിഞ്ഞോടി. ബാക്കി തടവുകാരോടൊപ്പം ചേര്‍ന്നു. പൊലിസുകാര്‍ അയാളെ പിടിച്ചു കൊണ്ടു വന്നു. അതിര്‍ത്തി കടത്താന്‍ ശ്രമിച്ചു. അയാള്‍ അനങ്ങാതെ അവിടെത്തന്നെ നിന്നു. “ടോബാ ടേക് സിങ് ഇവിടെയാണ്?” അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
“ഊപ്ഡി ഗിഡ്ഗിഡി ദ അനെക്സ്‌ ദ ബേധ്യാന്‍ ദമംഗ് ദ ദാല്‍ ഓഫ് ദ ടോബാ ടേക് സിങ് ആന്‍ഡ് പാകിസ്താന്‍”
പലരും പലതും പറഞ്ഞ് അയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ടോബാ ടേക് സിങ് ഇന്‍ഡ്യലാണ്. ഇനി അല്ല എങ്കില്‍ തന്നെ തിരിച്ചു കൊണ്ടു വന്നാക്കാം എന്നൊക്കെ. എന്നാല്‍ അതിനൊന്നുമയാള്‍ വഴങ്ങിയില്ല. പൊലിസുകാര്‍ ബലാല്‍ക്കാരമായി അയാളെ പിടിച്ചു കൊണ്ടു പോകുന്നതിനിടയില്‍ നീരു വന്ന് വീര്‍ത്ത കാല്‍ നിലത്തൂന്നി ഒരേ നിറുത്തം; ആരു വന്നാലും അയാളെ ഇളക്കാന്‍ കഴിയില്ല എന്ന പോലെ.
ആള്‍ അപകടകാരിയല്ലാത്തതിനാലാകണം ആരും കൂടുതല്‍ ബലം പ്രയോഗിച്ചില്ല. അയാളെ അവിടെത്തന്നെ വിട്ട ഉദ്യോഗസ്ഥര്‍ അവരുടെ ജോലി തുടര്‍ന്നു. സൂര്യനുദിക്കുന്നതിനു തൊട്ടു മുമ്പ് ബിഷന്‍ സിങിന്റെ തൊണ്ടയില്‍ നിന്ന് ഒരാര്‍ത്ത നാദം ഉയര്‍ന്നു പൊങ്ങി. നിലത്തു വീണതും ചലന രഹിതനായി.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഒരിക്കല്‍ പോലും ഉറങ്ങാത്ത മനുഷ്യന്‍ കണ്ണടച്ച് കിടക്കുന്നത് കാണാനായി അപ്പുറത്തു നിന്നും ഇപ്പുറത്തു നിന്നുമായി ഉദ്യോഗസ്ഥര്‍ ഓടിയെത്തി. ആ കമ്പി വെലിക്കപ്പുറത്ത് പാകിസ്താന്‍ ഈ കമ്പി വേലിക്കിപ്പിറുത്ത് ഹിന്ദുസ്താന്‍. ഇടയിലെ, ആരുടേതുമല്ലാത്ത പേരില്ലാത്ത സ്ഥലത്ത് ടോബാ ടേക് സിങ് കിടന്നു. 

Monday, September 26, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ / 26 Sep 2016


ഞങ്ങൾ നാലാം ക്ലാസിലൊക്കെ പഠിക്കുന്ന സമയം. 1979 കാലം. രണ്ടു പ്രധാനമായ അന്താരാഷ്‌ട്ര വിഷയങ്ങളായിരുന്നു അന്ന് അക്കൊല്ലം ഞങ്ങൾ ഞങ്ങളുടെ നിലയും വിലയും പ്രായമൊക്കെ വെച്ച് സംസാരിച്ചിരുന്നത്. പ്രായമുള്ളവർ അവരുടെ അറിവും കേട്ടുകേൾവിയും വെച്ച് ഈ വിഷയങ്ങൾ ചർച്ച ചെയ്തിരിക്കണം. അല്ലാതെ ഞങ്ങൾക്ക് ആ വിഷയങ്ങളൊക്കെ എവിടെന്നു കിട്ടാൻ ... അതിൽ ഒന്നാണ് സ്കൈലാബ് വീഴ്ച. മറ്റൊന്ന് അന്നത്തെ ഞങ്ങളുടെ പ്രധാനമന്ത്രിയുടെ .....

മദ്രസ്സ വിട്ടാണ് ഞങ്ങൾ നേരെ സ്‌കൂളിൽ പോകുന്നത്. തൻകീസിന്റെ ബാഗ് തലയിൽ ഇറുക്കി നടക്കുക എന്നത് ശീലിച്ചു തുടങ്ങുന്നതേയുള്ളൂ. നാലാം ക്ലാസ്സിൽ എത്തുന്നത് മുതലാണ് അങ്ങിനെ ചെയ്യുക. കാരണം ബാലൻസ് കിട്ടുന്നത് അപ്പോഴാണ്,  ഇല്ലെങ്കിൽ അത് തലയിൽ നിന്ന് ഊർന്ന് താഴെ വീഴും. അങ്ങിനെ നടന്നുപോകുമ്പോൾ കൂട്ടത്തിൽ ഒരു സൗകൂ ആണ് ആ വാർത്ത പൊട്ടിച്ചത് - ''ഇദോനെ, കൈലാബ് ആകാസ്ത്ത്ന്ന് ബുന്നല്ലോ ....'' ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല. നമ്മൾ അത് വരെ ആകെ ആകാശത്തിനു വീഴുന്നത് കണ്ടത് മുട്ടൻ മഴത്തുള്ളികളും വല്ലപ്പോഴും പൊട്ടിവീഴുന്ന പട്ടവുമാണ്. പിന്നെ ചെറുപ്പത്തിൽ ആകാശം നോക്കിയത് രാത്രി തമ്പാച്ചു കാണാനും ഉച്ചയ്ക്ക് തുമ്മാൻ വേണ്ടി സൂര്യനെ നോക്കാനുമാണ്. ഞങ്ങളുടെ ഭാഗത്തു കൂടി വിമാനം പറക്കുന്നത് അധികവും ക്‌ളാസ്സുള്ള സമയമായതിനാൽ അപൂർവ്വമായേ അതൊക്കെ കണ്ടിരുന്നുള്ളൂ. മുളിയാറോ മറ്റോ കശുമാവിന് എൻഡോസൾഫാൻ തെളിക്കാൻ വരുന്ന ഹെലികാപ്റ്ററും വല്ലപ്പോഴും താഴ്ന്നു പറക്കുന്നതും കാണാറുണ്ട്. കഴിഞ്ഞു  - ആകാശവുമാവുള്ള നമ്മുടെ ബന്ധം.  നോമ്പ് തുടക്കത്തിലും ഒടുക്കത്തിലും വലിയ പള്ളിയുടെ കിഴക്കുഭാഗത്തുള്ള കുന്നിലേക്ക് ഒന്നോ രണ്ടോ വട്ടം പോയിരുന്നെങ്കിലും പടച്ചവന്റെ കൃപ കൊണ്ട് കാണാൻ ഉദ്ദേശിച്ചത് ഒന്നും കണ്ടിരുന്നില്ല. ഞാൻ അധികവും അന്നൊക്കെ  നോമ്പ് ഇരുപത്തൊമ്പതിനു നോക്കാൻ പോകുന്ന കൂട്ടത്തിലായിരുന്നു - ഒരു ദിവസം മുമ്പേ പെരുന്നാളായാൽ ചട്ടിപ്പത്തൽ അടക്കമുള്ള ദേശീയ അപ്പങ്ങൾ ഒരു ദിവസം മുമ്പേ പകൽ വെളിച്ചത്തിൽ തിന്നാമല്ലോ. നിയ്യത്ത് അതായിരുന്നു.

സൗകൂ കൈലാബിന്റെ കാര്യം പറയുന്നതിനിടയിൽ ഞാൻ ആലോചിച്ചത് ഇത് വച്ച് വല്ല ലീവും സ്‌കൂളിന്ന് കിട്ടുമോയെന്നാണ്. പിന്നെ അവനായി ഞങ്ങളുടെ  തുടർന്നുള്ള വാർത്താഏജൻസി. അവന്റെ വീട്ടിൽ റേഡിയോ ഉണ്ട്. അതൊക്കെ അവന്റെ ഉപ്പ , കാക്ക, എളേപ്പ, ഒന്ന് രണ്ടു അയല്പക്കക്കാർ കേൾക്കും പോൽ. പിന്നെ അതിനെപ്പറ്റി ആ വീട്ടിൽ ചർച്ചയാണത്രെ. അവന്റെ ഒരു കാക്ക പറഞ്ഞത് - ''ഞമ്മളെ നാട്ട്ല്  ബൂന്നെങ്ക് അത് ഒളയത്തെ ബാല്ല് ബൂവണം. മയക്കും ചണ്ടിക്കും ബൂൺട്ട് ചിരിചിരീന്ന് കൂറ്റ് കേക്കണം. '' ജൂൺ -ജൂലൈ മാസത്തിൽ ഇടവപ്പാതിയും കർക്കിടമൊക്കെ വരുന്ന മാസങ്ങളാണ് അത്. അത് കേട്ടപ്പോൾ  സൗകൂ ആകാംക്ഷയിലും സന്തോഷത്തിലും  കാക്കനോട് ചോദിച്ചുപോലും ''അപ്പോ സാലെക്ക് ലീബിൻഡാബേ ..കാക്കാ''

അതിനു മറുപടി  കാക്ക അവനോട് അല്ല പറഞ്ഞത്മറിച്ചു അവന്റെ ഉമ്മാനോട് പോലും -'' ചെക്കന് മർള്-ണെ ...ഒന്നും  ഞമ്മളെ കൂട്ടത്തിൽ ബന്നില്ലാലോഎല്ലോ ഉപ്പാന്റെ കൂട്ടത്തിലെ സാജോ, കൊർച്ചോ ബോളത്തിഗെ ... '' അനന്തരവനെ കുറിച്ചുള്ള  അമ്മാവന്റെ അഭിപ്രായവും ഉത്കണ്ഠയും  നൂറ് ശതമാനം   ശരിയാണ്.  ഒരു ഉഹ്ദ് മലപോലുള്ള സാധനം തീ രൂപത്തിൽ  ആകാശത്തു നിന്ന്താഴെ വീഴുന്നതിനെ കുറിച്ച് പറയുമ്പോൾ ''നമ്മുടെ നാട്ടിൽ വീണാൽ അന്ന് സ്‌കൂളിന് അവധി കിട്ടുമോ''ന്നൊക്കെ ഇടക്ക് കയറി സംശയം ചോദിക്കുന്നത് ........! (ഇതാരാണെന്നൊന്നും എനിക്ക് നിങ്ങൾ പ്രൈവറ്റ് മെസ്സേജ് അയച്ചു ചോദിക്കരുത്. പുള്ളി പേർഷ്യയിലാണ്)

അതിനിടയ്ക്ക് കൊല്ല്യ, ചെന്നികൂടൽ ഭാഗത്തുള്ള പല കുട്ടികളും ഇതിന്റെ മറവിൽ സ്‌കൂളിൽ വരാതിരിന്നിട്ടുണ്ട്. ''എൻക്ക് പേടിയാന്ന്.... ഇന്ന് കൈലാബ് ബൂന്നെല്ലോ.....'' എന്നൊക്കെ പറഞ്ഞു വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു അവർ മദ്രസ്സ വിട്ട് സ്‌കൂളിൽ പോകാതെ നേരെ വീട്ടിലേക്കോടിയിരുന്നത്. അന്നൊക്കെ ലീവ് കിട്ടിയാൽ പുല്ലരിയാൻ വിടുന്ന വീട്ടുകാരായിരുന്നു അധികവും. പുല്ലരിയാൻ വെട്ടിയും കത്തിയും കൊടുക്കുമ്പോഴും പിള്ളേർ ഇതേ ഞായം പറഞ്ഞു വീട്ടിൽ ചൊട്ടിക്കളിക്കാൻ ഇരിക്കുമത്രേ.  (അന്നത്തെ പ്രധാന ഇൻഡോർ ഗെയിമായിരുന്നു ചൊട്ടിക്കളി. പയറിന്റെ രൂപത്തിൽ എന്നാൽ അതിന്റെ പത്തിരട്ടി വലിപ്പമുള്ള ചെമന്ന നിറമുള്ള കായയാണ് ഇതിനായി ഉപയോഗിക്കുന്നത്. വനിതകളാണ് എല്ലാ വീട്ടിലും ചൊട്ടിക്കളി ചാമ്പ്യന്മാർ. ചില കുൽസുമാരോക്കെ ഒരൊറ്റ ചൊട്ട്ഓപ്‌ഷനിൽ കളം മൊത്തം കാലിയാക്കിക്കളയും. ''മുഗ്ഡ്'' വന്നാൽ മാത്രം രക്ഷപ്പെട്ടു. മുഗ്ഡ് എന്നാൽ രണ്ടു കുരുക്കൾ മുട്ടിമുട്ടി നിൽക്കുന്ന അവസ്ഥ. അത് സയാമീസ് ഇരട്ടകളെ പോലെയോ രണ്ടു കിഡ്‌നികൾ  ഒന്നിച്ചു കൂടിയത് പോലെയോ ഉണ്ടാകും. അതെങ്ങാനും ശ്രദ്ധയിൽ പെട്ടാൽ ചില കുൽസുമാർ ആരുമറിയാതെ ഊതി ''മുഗ്ഡാവസ്ഥ'' മാറ്റാൻ ശ്രമിക്കും. അപ്പോഴാണ് അവിടെ വലിയ പ്രശ്നം തുടങ്ങുന്നത്. ചൊട്ടിക്കളി മിക്ക വീട്ടിലും അന്നൊക്കെ  അടിയിലാണ് അവസാനിക്കാറ്. എന്റെ ചെറിയ പെങ്ങളുടെ പുറം നോക്കി കിഴുക്ക് കൊടുക്കാൻ കിട്ടുന്ന ചാൻസും അതിന്റെ ഡബിൾ ഉമ്മാന്റെ അടുത്ത് നിന്നും എനിക്ക് ഇങ്ങോട്ട് കിട്ടുന്ന വേളകൂടിയാണ് ചൊട്ടിക്കളി ഗെയിം. ചിലപ്പോൾ ഉമ്മയും കളിക്കാൻ ഞങ്ങളോടൊപ്പം ചേരും. ഉമ്മയ്ക്ക് ഒരൊറ്റ നിർബന്ധമുള്ളത് പോലെ തോന്നിയിരുന്നു - കളിയിൽ ഉമ്മ  ജയിക്കണം, തോൽക്കുന്നെന്ന് കണ്ടാൽ ‘’അടുപ്പിൽ ചോറ് വെന്ത് പോയി’’ എന്നൊക്കെ പറഞ്ഞു തഞ്ചത്തിൽ സ്‌കൂട്ടാകും. ജയിക്കാനായി കാത്തിരുന്ന നമ്മൾ ഉമ്മാന്റെ പൊളിറ്റിക്സ് കൊണ്ട് അന്നൊക്കെ ''സസി'' ആയത് മിച്ചം ).
ഈ കായ നിലത്തുരച്ചു പൊള്ളിക്കുക എന്ന വിനോദവും അന്ന് പരക്കെ പ്രചാരത്തിലുണ്ടായിരുന്നു. എന്തിനെന്ന് ചോദിച്ചാൽ വെറുതെ എന്നായിരിക്കും ഉത്തരം. നമ്മൾ അറിയാതെയായിരിക്കും ആരെങ്കിലും ഇതും കൊണ്ട് വന്നു തണ്ടക്കയ്ക്ക് വെക്കുക.
ഒരു ദിവസം സയൻസ് പഠിപ്പിച്ചിരുന്ന മോഹൻമാഷോ മുരളിമാഷോ മറ്റോ പറഞ്ഞു - ആകാശത്തേയ്ക്ക് അമേരിക്ക അയച്ച സ്കൈലാബെന്ന ഉപഗ്രഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ നിലപതിക്കാൻ പോവുകയാണ്. ''യമ്മ് മ്മ് ...മ്മ്മ് .....'' അത് കേട്ടപാടെ പെൺബെഞ്ചുകാർ ചാഞ്ഞു വീണു. അന്നൊക്കെ പെൺകുട്ടികളുടെ ഒരു നമ്പറായിരുന്നു ഇസാറ്കെടൽ. ഒന്ന്  പറഞ്ഞു  രണ്ടു കേട്ടാൽ വെറുതെ ബോധം കെട്ടുകളയും.  (അതുമായി ബന്ധപ്പെട്ട  ഒന്ന് രണ്ടു സംഭവം പിന്നീടൊരിക്കൽ എഴുതാം). എന്തോ പെൺകുട്ടികൾ ഇപ്പ്രാവശ്യം ബോധം കെട്ടില്ല.

മാഷ് വിശദീകരിച്ചു - ആറു കൊല്ലം മുമ്പ്  അമേരിക്കയിലെ നാസ തൊടുത്തു വിട്ട ഉപഗ്രഹമാണ് പണിപാളി തീഗോളമായി നിലം പതിക്കുന്നത്. മിക്കവാറും ഇന്ത്യൻ മഹാ സമുദ്രത്തിൽ പതിക്കാനാണ് സാധ്യത. ഇന്ത്യൻ മഹാസമുദ്രമുള്ളത് നമ്മുടെ കേരളത്തിന്റെ ഭാഗത്തു കൂടിയായത് കൊണ്ട് ഞങ്ങളുടെയൊക്കെ നെഞ്ചൊന്നു കാളി. സൗക്കുന്റെ കാക്ക പറഞ്ഞതിൽ കാര്യമുണ്ടെന്ന് ഞങ്ങൾ ഉറപ്പിക്കുകയും ചെയ്തു. അത് പടലയിലെങ്ങാനും വീഴുമോ ?  ''രാത്രി ഉറങ്ങുമ്പോൾ വീണാൽ മതിയായിരുന്നു'' ഒരു ബോളൻ സൗകുവിന്റെ ആത്മഗതം.

കുറച്ചു ദിവസം ഞങ്ങൾ സ്‌കൂൾ വിട്ടാൽ മേൽപ്പോട്ട് നോക്കി ഒരോട്ടമാണ് കൈലാബ് തലയ്ക്ക് വീഴാതെ നേരെ വീട്ടിലെത്താനുള്ള ഓട്ടം. വീട്ടിൽ ഉമ്മ ഉണ്ടോന്ന് അന്വേഷിക്കും. ഉമ്മാനെ കാണുമ്പോൾ ഒരാശ്വാസം.
എല്ലാവർക്കും ഉമ്മ എന്നത് ഒരു വല്ലാത്ത അനുഭവമാണ്. ഉമ്മയുടെ ഓരത്തെത്തുന്നതോടെ എന്തോ ഒരു സുരക്ഷിതത്വം ലഭിച്ചിരുന്നു. ഉമ്മയുടെ തുണിയുടെ കോന്തല പിടിച്ചു ഒന്നിച്ചു പറ്റിപ്പിടിച്ചിരുന്നാൽ  സ്കൈലാബ് പോകട്ടെ ആകാശം ഇടിഞ്ഞു വീണാലും നമ്മുടെ ദേഹത്തു കൊള്ളില്ല എന്നൊരു തോന്നൽ. അസുഖം വന്നാൽ ഉപ്പ എന്നെ തൊട്ടു തലോടണമെന്നും അപ്പോൾ എല്ലാം മാറുമെന്നൊക്കെ എനിക്ക് തോന്നിയിരുന്നു.  എന്റെ തൊട്ടയൽപ്പക്കത്തെ പ്രിയപ്പെട്ട ഉമ്മിഞ്ഞ തരുന്ന എന്ത് കഴിച്ചാലും രോഗം മാറുമെന്നൊക്കെ ഞാൻ കരുതിയിരുന്നു. ഇതൊക്കെ എല്ലാവരുടെയും ഓർമ്മയിൽ പച്ചപ്പോടെ ഉണ്ടാകും ഉറപ്പ്.  വീട്ടിൽ ഉമ്മ ഉണ്ടോന്ന് അന്വേഷിക്കും. ഉമ്മാനെ കാണുമ്പോൾ ഒരാശ്വാസം.

''സൈലാബ് ബൂണല്ലോ  മോളേ ..... '' ഒരു കുൽസുവിന്റെ ഉമ്മ അതിരാവിലെ അതും പറഞ്ഞായിരുന്നു ഞങ്ങളുടെ വാതിൽ മുട്ടിയത്.
''ഏ ...മമ്മദുഞ്ഞീ ... ഉമ്മെട്തോ ...., സൈലാബി ബൂണ്ന്ന് ചെല്ലീറ്, ഞാൻ ബിയോ ആസത്രീക്ക് പോയിറ്റ് ബെര്ന്നെ'' ...ഉറക്കച്ചടവിൽ നിന്ന് എഴുന്നേറ്റ   ഞാൻ കേട്ടതും വിചാരിച്ചതും  ഉമ്മുകുല്സൂഞാന്റെ മകൾ  സൈറാബി തട്ടിന്പുറത്തു നിന്നോ മറ്റോ വീണു, അവളെയും കൊണ്ട് ആശുപത്രിക്ക് പോകുന്ന പോക്കാണ് എന്നായിരുന്നു. 


അത് തന്നെയാണോ അവർ പറഞ്ഞതെന്ന് ഒന്ന് കൂടി ഉറപ്പിക്കാൻ വാതിൽ തുറന്ന പുറത്തേക്കിറങ്ങി കുറച്ചു നടന്നു. കാരണം അന്നൊക്കെ എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ പോകുന്ന പോക്കിൽ മൊത്തം വീട്ടിലും കതക് മുട്ടിപ്പറയും. പക്ഷെ കൂടെ സൈറാബി അല്ലല്ലോ ഉള്ളത്, സൗകൂ ആണല്ലോ.   ഇവർ അടുത്ത വീട്ടിൽ വിശേഷം പറയാൻ വേണ്ടി കാത്തിരുന്നു. അത്  കേട്ടപ്പോഴാണ് അത് സൈറാബി അല്ല സൈലാബി അഥവാ സ്കൈലാബ് വീണ വർത്തമാനമാണ് പറഞ്ഞതെന്ന് മനസ്സിലായത്. 

അമേരിക്കയിലെ നാസ ശാസ്ത്രജ്ഞന്മാർ  ഉമ്മുകുല്സുനെ നേരിട്ട് വിളിച്ചു ‘’മിസ് ഉമ്മുകുൽഷൂ ... യുവർ ലൊക്കാലിറ്റി,  സ്കൈലാബ് ത്രെട്ട്  ഈസ് നോ മോർ’’ എന്ന് പറയാൻ ഏൽപ്പിച്ചത് പോലെയുണ്ട് ആ മുട്ടലും പറച്ചിലും.

''ഇനി ഞങ്ങളെ സൗക്കൂനെ കൂട്ടിക്കോണ്ട്‌ സെട്ടീന്റെ ആസത്രീക്ക്പോയിറ്റ് തൂയി  ബെച്ചിറ്റ്ബെര്ന്നെ ... ഇത് ബൂം ബൂന്ന്..നിരീച്ചിറ്റ് ... കാത്തു കുത്തിരിക്ക്ന്നെ എത്രനാളായി ....   ഉട്ക്കന്നാള്ന്റെ അടിയാളോപ്പാ  ....''  ഇതും പറഞ്ഞു അവർ  അടുത്ത വീട് ലക്ഷ്യമാക്കി നടന്നു. 

എന്ത് പറഞ്ഞാലും കേട്ടാലും അന്നത്തെ പെണ്ണുങ്ങളുടെ വായിന്ന് ആദ്യം വീഴുക ഇതായിരുന്നു -  ''ഉട്ക്കന്നാള്ന്റെ അടിയാളോ...'' അസ്വാഭികമായി എന്ത് കണ്ടാലും കേട്ടാലും അവർ അത് പറഞ്ഞു കളയും.


ഞാൻ ഉറക്കപ്പായെന്നു എഴുന്നേറ്റ് മെല്ലെ ചുറ്റും നോക്കി വല്ല സ്കൈലാബിന്റെ കഷ്ണമോ മറ്റോ മുറ്റത്തു വീണിട്ടുണ്ടോന്ന് നോക്കി മെല്ലെ വാതിൽ തുറക്കുമ്പോൾ തൊട്ടടുത്ത വീട്ടിൽ മുട്ടിയിട്ടു ''സൈലാബ്'' വീണ വാർത്ത ഞങ്ങളോട് പറഞ്ഞത് പോലെ കുൽസൂന്റെ ഉമ്മ പറയുന്നത് കേട്ടു.  മദ്രസ്സയിലും സ്‌കൂളിലും ഞങ്ങൾ അതാഘോഷിച്ചത് ഡസ്കിലടിച്ചും  ബാഗിൽ മുട്ടിയുമായിരുന്നു. 

Saturday, September 17, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ / 18 Sep 2016




ഏറ്റവും കുറച്ചു ക്രികറ്റ്  കളിച്ച ഒരു സാധുവായിരുന്നു ഞാൻ.  കളി കാണാനും വേണ്ടേ ആൾക്കാർ. അതിലൊരാളായാണ് പിന്നീട് ഞാൻ എല്ലാവരുടെയും ഇടയിൽ അറിഞ്ഞിരുന്നത്. നാട്ടിൽ എവിടെ കളി ഉണ്ടെങ്കിലും പോകും. വീട്ടിന്നു വിടുകയും ചെയ്യും. കണ്ടീഷൻ ഒന്നേയുള്ളൂ. മഗ്‌രിബിന് മീത്തലെ പള്ളിക്ക് എത്തിക്കോളണം. ഇല്ലെങ്കിൽ പിന്നെ കളികാണൽ അതോടെ നിൽക്കും.   അത് വളരെ ചിട്ടയോടെ അനുസരിച്ച മറ്റൊരു സാധുവായ മനുഷ്യനായിരുന്നു  ഞാൻ. അതിനിടയിലാണ് എന്റെ അറം പറ്റിയ ഇംഗ്ലീഷ് വായന നാട്ടുകാരിൽ തെറ്റുധാരണയ്ക്ക് വക നൽകിയത്. ക്രിക്കറ്റ് കമന്ടറി പറയാൻ ഇവൻ, ഈ ഞാൻ  തന്നെ മതിയെന്ന്. ഞാൻ എന്റെ ഒരു ദുർബ്ബല നിമിഷത്തിൽ അവരോട്സമ്മതിക്കുകയും ചെയ്തു.

കളി ക്രിക്കറ്റാണ്. ഇതെങ്ങനെയാണ് പറയുക. ഒരു എത്തും പിടിയുമില്ല.  പ്രീഡിഗ്രിക്ക് ഉച്ച വരെയാണ് ഞങ്ങൾക്ക് അന്ന് ക്‌ളാസ്. രാവിലെ ഒമ്പത് മണിമുതൽ ഉച്ചയ്ക്ക് ഒരു മണി വരെ. പിന്നെ ഒരു മണിക്കൂർ ലൈബ്രറിയിൽ പത്ര വായനയാണ്. കൂടുതൽ ഇരിക്കാൻ അവിടെയുള്ള ഒരു കൊസ്രാക്കൊള്ളി ലൈബ്രേറിയൻ സമ്മതിക്കില്ല. മിക്ക ലൈബ്രറികളിലും ഇങ്ങനെയുള്ളവയാണ് ചാർജ് എടുക്കുക. മൂക്ക് കണ്ണട വെച്ച് ഇങ്ങിനെ കണ്ണടയ്ക്ക് പുറത്തേക്ക് കണ്ണിട്ടുകൊണ്ട് നമ്മളെ നോക്കിക്കൊണ്ട് ഉണ്ടാകും.

മറ്റന്നാളാണ് ക്രിക്കറ്റ് ടൂർണമെന്റ്. അന്ന് വെള്ളിയാഴ്ച ഞാൻ കണ്ണാടിപ്പള്ളിയിൽ ജുമുഅയും കഴിഞ്ഞു നേരെ തിരിച്ചു കോളേജിലേക്ക് തന്നെ മടങ്ങി. അതിനും കാരണമുണ്ട്. അന്ന് രാവിലെ ഞാൻ ലൈബ്രറിയിൽ കണ്ട ഒരു മാഗസിൻ ഉണ്ട്. സ്പോർട്സ് സ്റ്റാർ. അതിന്റെ ഒത്ത നടുവിലായിരുന്നു ഒരു മാണിക്കകല്ല് കണ്ടത്. അന്നത്തെ ഒന്നാം സീഡുകളായ ടെന്നീസ് താരങ്ങൾ   ക്രിസ് എവർട്ടിന്റെയോ ഹന്നാ മാന്ഡലിക്കോവയുടെ കളർ ഫോട്ടോകളല്ല. മറിച്ചു  ക്രിക്കറ്റ് കളിയുടെ ക്രീസും ഫീൽഡർസ് പൊസിഷനും വരച്ചുള്ള എമണ്ടൻ നടുപേജ്. ഇപ്പോൾ മനസ്സിലായല്ലോ ഞാനെന്തിനാണ് തിരിച്ചു വന്നതെന്ന് ? അത് ഒന്നുകൂടി നോക്കാനല്ല, സന്ദർഭവും സാഹചര്യവും നോക്കി ആ നടുക്കണ്ടം  പൊക്കണം. എന്നാലേ എനിക്ക് ഞായറാഴ്ച കമന്ടറി ഉദ്ദേശിച്ച രൂപത്തിൽ പറയാൻ പറ്റൂ. ഈ ഫീൽഡർമാർ മൊത്തം നിരന്നിരിക്കുമല്ലോ, പക്ഷെ അത് എവിടെ എങ്ങിനെ ഏത് സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുള്ളതെന്ന് പറയേണ്ട ബാധ്യത കമന്ടറി പറയുന്നവന്റെയാണ്.  അതൊക്കെ പഠിച്ചു വെക്കണമെന്ന് അറിഞ്ഞത് - അന്നൊക്കെ റേഡിയോയിൽ കേട്ടിരുന്ന ക്രിക്കറ്റ് കമന്ററി തന്നെ.

വലുതായി കളിച്ചിട്ടില്ലെങ്കിലും  അന്ന് എനിക്ക് വലിയ ഇഷ്ടവുമായിരുന്നു ക്രിക്കറ്റ്. സുനിൽ ഗാവസ്കരായിരുന്നു എനിക്ക് അന്നും ഇന്നും  ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരൻ.  1983ൽ ഇന്ത്യക്ക് ലഭിച്ച പ്രൊഡ്യുൻഷ്യൽ ക്രിക്കറ്റ് ലോക കപ്പ് കളിയൊക്കെ ഞങ്ങൾ കേട്ടിരുന്നത് റേഡിയോവിൽ കൂടിയായിരുന്നു. അന്ന് ഇന്ത്യയ്ക്ക് ലോകകപ്പ്  ലഭിച്ചപ്പോൾ  നേരം വെളുക്കാൻ വേണ്ടി ഞങ്ങൾ അന്ന് കാത്തിരുന്നു -  ആ വാർത്ത പത്രത്തിലൊന്നു നീണ്ടു  വായിക്കാൻ. ഇന്ത്യയുടെ റോജർ ബിന്നിക്കായിരുന്നു ഏറ്റവും കൂടുതൽ വിക്കറ്റ് കിട്ടിയിരുന്നത്.  കപിൽ ഉഗ്രൻ സെഞ്ചറി (170 പ്ലസ് ) നേടിയതൊക്കെ ആ സമയത്തെന്നു തോന്നുന്നു.

അന്നത്തെ  മനോരമയുടെ ഒരു സബ് ടൈറ്റിൽ ''കപിലിന്റെ ചെകുത്താന്മാർ ലോകത്തെ ഞെട്ടിച്ചു'' എന്നോ മറ്റോ ആയിരുന്നു.  ചെകുത്താൻ എന്ന പദത്തിന് ഇത്ര അംഗീകാരം കിട്ടിയ വേറൊരു സന്ദർഭം ഉണ്ടായിരുന്നില്ല.  അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും രാഷ്ട്രപതി സെയിൽസിംഗിന്റേയും  നേതൃത്വത്തിൽ നടന്ന കൂറ്റൻ സ്വീകരണമൊക്കെ തുടർന്നുള്ള ദിവസങ്ങളിൽ വാർത്തകളായിരുന്നു. (തൊട്ടടുത്ത വർഷമാണ് ഇന്ദിര  കൊല്ലപ്പെടുന്നത്).

അന്നൊക്കെ ഞങ്ങൾ  പത്രം വായിക്കാൻ ആശ്രയിച്ചിരുന്നത് മദ്രസ്സിന്റെ അടുത്തുള്ള കാദർ ഹാജാർച്ചാന്റെ  കടയാണ്.   ജൂണിലോ മറ്റോ ആണെന്ന് തോന്നുന്നു ലോകകപ്പ്. പത്രം എല്ലാവര്ക്കും വായിക്കാനും പറ്റുന്നില്ല. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്.  അങ്ങിനെ ക്‌ളാസ് അദ്ധ്യാപകൻ ശശീന്ദ്രൻ മാഷിന്റെ നിർദ്ദേശപ്രകാരം എട്ടാം ക്ലാസ്സുകാർക്ക് മാത്രമായി  അന്ന്  മനോരമ പത്രം വരുത്താൻ തുടങ്ങി.

 ശശീന്ദ്രൻ മാഷിന്റെ  അഞ്ചു രൂപയും ഞങ്ങൾ മാസാമാസം സ്വരൂപിച്ചിരുന്ന ബാക്കി  പൈസയും ചേർത്താണ് അന്ന് എട്ടാം ക്ളാസുകാർ  പത്രം വാങ്ങിയിരുന്നത്.  ഒന്ന് രണ്ടു സൗകുമാർ ഒമ്പതാം ക്ലാസ്സുകാർക്ക്  ആസെ ആകാൻ വേണ്ടി അവരുടെ ജനലിന്റെ സൈഡിൽ കൂടി പത്രം കൊണ്ട് പോയി ഉറക്കെ വായിക്കും. അറിയാതെ എങ്ങാനും ഒമ്പതിലെ  ഒരുത്തൻ പത്രത്തിന്റെ ഒരു ഷീറ്റ് വായിക്കാൻ ചോദിച്ചാൽ  ഈ സൗകുമാർ കണ്ണിൽ ച്ചോരയില്ലാതെ പറയും - ''ബെണെങ്ക്   പൈസ കൊടുത്തിറ്റ് മേങ്..ബണ്ണെ കിട്ടേല ''

ഞങ്ങൾ രാവിലെ പത്രം വായിക്കും.  ശശീന്ദ്രൻ മാഷ്  ഉച്ചയ്ക്കത്  കൊണ്ട് പോകും, സ്റ്റാഫ് റൂമിൽ വായിക്കാൻ. ഉച്ചയ്ക്ക് ശേഷം  അറ്റൻഡൻസ് എടുക്കാൻ  അദ്ദേഹം വരുമ്പോൾ  കയ്യിൽ ഇതേ  പാത്രവുമുണ്ടാകും. ഞങ്ങൾ മനോരമ വാങ്ങിയിരുന്നത് കൊണ്ട് സ്‌കൂൾ അധ്യാപകർ മാതൃഭൂമി വാങ്ങിക്കും.  സ്‌കൂളിന് താഴെയുള്ള  കടയിൽ വല്ലപ്പോഴും  പത്രം വന്നില്ലെങ്കിൽ ചിലപ്പോൾ ഞങ്ങളോട് മജൽ അദ്ലൻചായോ മമ്മദുനച്ചായോ  പറയും - വൈകുന്നേരം പത്രം കൊണ്ട് പോകാൻ.   അവരോട് ഒരിക്കലും ഞങ്ങൾ  ''നോ''യും  പറയില്ല. കാരണം  ഞായർ, വെള്ളി ദിവസങ്ങളിലും ബാക്കിയുള്ള  എല്ലാ വൈകുന്നേരങ്ങളിലും  അവിടെയുള്ള വലിയ ഉപ്പും ചട്ടിയിൽ ചാരി നിന്ന് പത്രം വായിക്കുന്നവരായിരുന്നു ഞങ്ങളിൽ  അധികം പേരും.  ഞങ്ങൾക്കൊക്കെ പ്രത്യേക പരിഗണയും അവർ  തന്നിരുന്നു.

അങ്ങിനെ ഞാൻ ജുമുഅ കഴിഞ്ഞു  കോളേജിൽ മടങ്ങിയെത്തി. കൂട്ടുകാരൻ നൗഷാദിനെ കൂടെ കൂട്ടി.   സജീവ കെ.എസ് . യു. (ഐ) പ്രവർത്തകൻ. അവന്റെ ജേഷ്ഠനാണ് അന്നത്തെ ജില്ലാ കേസ്.എസ്. യു. (ഐ ) പ്രസിഡന്റ് ജമാൽ. ആർ ടി ഒ യുടെ മകൻ കൂടിയാണ് നൗഷാദ്. എന്റെ ബാച്ച് മേറ്റായ നൗഷാദ്  എന്നോട് പ്രത്യേക സ്നേഹം പ്രകടിപ്പിച്ചിരുന്നു. അതിനു കാരണം ഞാൻ അന്ന് കെ.എസ്. യു  (സോഷ്യലിസ്റ്റ് )  അനുഭാവിയായിരുന്ന എന്നെ കെ.എസ് .യു. (ഐ) യിലേക്ക് ചാടിക്കണം.  ക്‌ളാസിൽ ഒഴിവ് സമയങ്ങളിൽ രാഷ്ട്രീയം പറഞ്ഞു നൗഷാദ് വരുതിയിൽ കൊണ്ടുവരുന്നവരെയൊക്കെ  എന്റെ ഊഴം കിട്ടുമ്പോൾ  തിരുത്തുന്നത് അവനു തീരെ സഹിക്കുന്നില്ല. അതിന് അവനും അനിലും  കണ്ട മാർഗ്ഗമാണ് കൂടെ കൂടി എന്നെ തന്നെ അവന്റെ ആളാക്കുക  എന്നത്.

കൂട്ടത്തിൽ  ചെറിയ ഒരു രാഷ്ട്രീയം കൂടി. (സഹിച്ചു ഇതും വായിച്ചേക്കുക ). അഡ്വ. വാമനകുമാർ ( (ഹൈക്കോടതി ക്രിമിനൽ വക്കീൽ & മുൻ ജൂനിയർ ചേംബറിന്റെ ദേശീയ പ്രസിഡന്റ്) ), ചന്ദ്രമോഹൻ  ( മനോരമ കാസർകോട് സീനിയർ ലേഖകൻ ) ഇവരൊക്കെയായിരുന്നു അന്നത്തെ ഞങ്ങളുടെ കെ.എസ്. യു  (സോഷ്യലിസ്റ്റ് ) നേതാക്കൾ.  അവരുടെ തകർപ്പൻ പ്രസംഗങ്ങളായിരുന്നു അന്ന് ആ പാർട്ടിയിലേക്ക് എന്നെ ആകർഷിച്ചത്.  സുകുമാർ അഴിക്കോട് സാറും അന്നൊക്കെ സോഷ്യലിസ്റ്റ് കോൺഗ്രസ്സ് ഫോറങ്ങളിൽ പ്രസംഗിക്കുമായിരുന്നു.  അഡ്വ. എം. സി. ജോസ്, കടന്നപ്പള്ളി, എ. കെ. ശശീന്ദ്രൻ, പാമ്പൻ മാധവൻ, അനന്തൻ നമ്പ്യാർ ഇവരൊക്കെ അന്ന് കാസർകോട് കോപ്പറേറ്റിവ് ബാങ്കിന്റെ മുന്നിലുണ്ടായിരുന്ന  ജില്ലാ കോൺഗ്രസ്സ്  ഓഫിസിലെ  സ്ഥിരം സന്ദർശകരായിരുന്നു.

ഞാൻ രണ്ടാം വർഷ പ്രീഡിഗ്രി പഠിക്കുമ്പോൾ എന്റെ അനുവാദമില്ലാതെ  കെ. എസ് . യു. (എസ് ) താലൂക്ക് താലൂക്ക് സിക്രട്ടറിയാക്കിയത് കൊണ്ടും എന്നെ കോളേജ്   യൂണിയൻ ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് നിർബന്ധിച്ചു  ഡമ്മിയായി നോമിനേഷൻ കൊടുപ്പിച്ചു അവസാനം വാക്ക് മാറി,  പ്രധാന സ്ഥാനാർഥി  സൂത്രത്തിൽ പത്രിക പിൻവലിച്ചു എന്നെ ആക്റ്റീവ്സ്ഥാനാർത്ഥിയാക്കിയതിലും പ്രതിഷേധിച്ചു ഞാൻ സജീവ  പാർട്ടി പ്രവർത്തനം തന്നെ നിർത്തിക്കളഞ്ഞു.  പക്ഷെ, അത് കഴിഞ്ഞും എം.  സി. ജോസ്പാർട്ടി വിട്ടപ്പോഴോ മറ്റോ  ജില്ലാ ഓഫീസ് സിന്റെ പേരിൽ ബഹളം നടന്നതും  ചിലരെ ഓടിച്ചിട്ടടിച്ച കയ്‌പേറിയ അനുഭവവുമൊക്കെ  ഇപ്പോൾ നിങ്ങളോട്  ആദ്യമായി  പങ്ക് വെക്കുകയാണ്.  (എന്തൊക്കെ തന്നെയായാലും ഒരു കോൺഗ്രസുകാരൻ പക്ഷെ,  ഇന്നുമെന്റെ മനസ്സിൽ എവിടെയൊക്കെയോ ഉണ്ട്.).

എന്ത് പറഞ്ഞാലും നൗഷാദ് എന്നെ കേൾക്കും.  എന്നെ അവന്റെ പാർട്ടിയിലേക്ക്ചാക്കിട്ടു കൊണ്ടുവരാൻ അവൻ എന്തിനും തയ്യാറുമാണ്. ഞാൻ പറഞ്ഞു - ''എടാ നൗഷാദേ,  എനിക്ക് ആ സ്പോർട്സ് വീ ക്കിലിയിലെ സെന്റർ പേജ് പൊക്കണം. ലൈബ്രേറിയന്റെ കണ്ണ് വെട്ടിക്കാൻ നിനക്ക് പറ്റുമോ ?''
 അവൻ എന്നെ ഒന്ന് നോക്കി. ''ആദർശം പറയുന്ന നീ കക്കുകയോ ? ''

''ഇത് എനിക്ക് മാത്രം വേണ്ടിയല്ല. ഒരു ഗ്രാമം മൊത്തം എന്നെ കുറിച്ച് അന്ധവിശ്വാസത്തിലാണ്, എനിക്ക് നന്നായി ഇംഗ്ലീഷ് പറയാൻ അറിയുമെന്നും അതിലും നന്നായി ക്രിക്കറ്റ് കമന്ററി പറയാൻ പറ്റുമെന്നും !''

അവൻ എന്റെ ദയനീയ അവസ്ഥ കണ്ടു പറഞ്ഞു - ''രണ്ടു കഷ്ണം പേപ്പർ അല്ലടാ,  നിനക്ക് മൊത്തം മാഗസിൻ തന്നെ വേണോ ? പോക്കാമല്ലോ. ഞാൻ പൊക്കിയിരിക്കും. ''
അതിനിടയിലും അവൻ  ആന്റണി, കാർത്തികേയൻ, സുധീരൻ ഇവരെക്കുറിച്ചൊക്കെ എന്തൊക്കെയോ വിശേഷണം  പറയുന്നുമുണ്ട്.

ഒരു പൂവിനു ചോദിച്ചപ്പോൾ പൂന്തോട്ടം തന്നെ ഓഫർ ചെയ്യുന്ന അവന്റെ നല്ല മനസ്സ് നോക്കി പറഞ്ഞു - ''പറ്റുമെങ്കിൽ പുസ്തകം തന്നെ പൊക്കിയാൽ അതിലും ഉഷാർ , കമന്ററി ഒന്നൂടെ ഉഷാറാകും.''

അങ്ങിനെ നൗഷാദ് മുന്നിലും ഞാൻ പിന്നിലുമായി ഞങ്ങൾ  നേരെ ലൈബ്രറിയിൽ എത്തി.

''എന്താടോ പതിവില്ലാതെ വല്ല വീക്കിലിയും പൊക്കാനാണോ ? '' നൗഷാദിന്റെ വരവ് കണ്ടിട്ട് ലൈബ്രേറിയന്റെ ചോദ്യം  അവനോട്.  ആണ്ടറുതിക്ക് വല്ലപ്പോഴും ലൈബ്രറി കയറുന്ന നൗഷാദിന് ആ കമന്റ് വലിയ ഷോക്കായി. ശരിക്കും അവൻ   പകുതിയായി. ഞാനാണെങ്കിൽ അത് കേട്ട്  അറിയാതെ ചിരിച്ചും  പോയി.

''ഇയ്യാളെ മറ്റേ സ്വഭാവം മാറില്ലെടാ.'' എന്ന്  സ്വകാര്യമായി എന്നോട്പറഞ്ഞു അദ്ദേഹത്തിന്റെ അടുത്ത് ചെന്നു ഒരു ശുദ്ധ മനുഷ്യനെ പോലെ സൗമ്യമായി ഉദുമ സ്ളാങ്കിൽ നൗഷാദ്   ചോദിച്ചു -  (ഒച്ച വെച്ചാൽ പിന്നെ ഒരിക്കലും ലൈബ്രറിയിൽ വരാനും പറ്റില്ല, പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് കിട്ടാൻ ലൈബ്രറി ക്ലിയറൻസിനായി ഇയാളെ കാലും പിടിക്കേണ്ടിയും  വരും )  -

''സാർ എല്ലാപ്പ്യോഉം  ആ ഉദ്ദേസത്തിലെന്ന്യാ ഇവിടെ വരുന്നത് ? ''

''എല്ലാരും അല്ല, പക്ഷെ നീ ആ ഉദ്ദേശത്തിലാണെന്ന് കണ്ടാൽ അറിയാം. '' ആ കാഞ്ഞവിത്തിന്റെ മറുപടി .

''അസ്‌ലമേ പിന്നെ കാണാം. ആരെയും തെറ്റിദ്ധാരണ മാറ്റാൻ പറ്റില്ലെടാ .... ''  അവൻ ദേഷ്യത്തിൽ കയ്യിൽ ഉള്ള ഒറ്റബുക്കും മടക്കിപ്പിടിച്ചു വലിയ കാലിൽ നീട്ടി വലിച്ചു പുറത്തിറങ്ങി. എന്നിട്ട്  അയാൾ കാണാതെ പുറത്തെ  ജനാലയിൽ കൂടി എനിക്ക് കഥകളിയിൽ കാണിച്ചു -  '' നീ വീട്ടിൽ പൊക്കോ, ഈ മാരണത്തിന്റെ അടുത്ത്,  നമ്മുടെ ഒരു നമ്പറും നടക്കില്ല,  ഉള്ളത് വിവരം  വെച്ച് കമന്ററി പറഞ്ഞാൽ മതി  "

എനിക്ക് വാശി കൂടി. ഇത് കിട്ടുക തന്നെ  വേണം. കാശ് കൊടുത്തു വാങ്ങാനും പൈസയില്ല. ഉണ്ടെങ്കിൽ തന്നെ ടൗണിൽ ഉണ്ടാകുമെന്ന് ഒരുറപ്പുമില്ല.

ഈ ലൈബ്രറിചേട്ടനാണെങ്കിൽ എന്നെ തന്നെ നോക്കുകയാണ്. ഞാൻ പത്രമൊക്കെ അവിടെ ഇരുന്നും നിന്നും വായിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു  എന്റെ ഐഡന്റിറ്റി കാർഡ് കൊടുത്തു സ്പോർട്സ് സ്റ്റാർ അയാളോട് ചോദിച്ചു.  കഷ്ടം അതവിടെയില്ല. അത് വേറൊരു കളി പ്രാന്തൻ എടുത്തു വായിക്കുകയാണ്. പിന്നെ നേരെ അവന്റെ അടുത്തു വന്നിരുന്നു. എന്റെ കഷ്ടപ്പാട് കണ്ടോ എന്തോ അവൻ എന്നോട് ചോദിച്ചു ''നോക്കണോ ?'' ഞാൻ ''ഹാന്ന്'' പറഞ്ഞു. അവൻ എന്ത് കൊണ്ടാണ് അങ്ങിനെയൊരു ബുദ്ധി തോന്നിയതെന്നറിയില്ല. എനിക്ക് തന്നിട്ട് പുള്ളിക്കാരൻ the hindu പത്രം വായിക്കാൻ തുടങ്ങി. ഞാൻ പുസ്തകം വാങ്ങിയപ്പോൾ തന്നെ  അതിന്റെ ഒത്ത നടുവിലെ രണ്ടു പുറങ്ങളിലും  പിടിച്ചു, പതിവിന് വിപരീതമായി  വലത്തോട്ട് നിന്ന് ബാക്കി പേജുകൾ മറിക്കാൻ തുടങ്ങി.

ഇതൊന്ന് ആഞ്ഞു വലിച്ചാൽ ക്രിക്കറ്റ് ക്രീസ് കയ്യിൽ വരും. പക്ഷെ എന്താ ഒരു ഉപായം. ഇപ്പോൾ ലൈബ്രെറിയാനെക്കാളും വലിയ കുരിശ് മാഗസിൻ വായിക്കാൻ തന്ന ഈ പയ്യനാണ്. ഇവന്റെ ശ്രദ്ധ തെറ്റിക്കണം. ആ  നന്ദഗോപാലന്റെ  ( കോലം കണ്ടു തോന്നിയ പേരാണ് ) ഫൗണ്ടൻ പേനയാണ് അപ്പോൾ ഞാൻ ടേബിളിൽ കണ്ടത്.  മനഃപൂർവ്വം ഞാനത് തണ്ടക്കയിൽ അറിയാത്തത് പോലെ തട്ടി താഴെയിട്ടു. അത് എടുക്കാൻ അയാൾ കുനിഞ്ഞതും മാഗസിനിലെ ഷീറ്റ് ഞാൻ വലിച്ചതും ഒപ്പമായിരുന്നു. ഹീഹാ....സംഭവം അവിടെന്ന് അടർന്നു കിട്ടി.

ഇതൊക്കെ ചെയ്ത എനിക്ക്  അത് അവിടെന്ന് മടക്കി ചുരുട്ടാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല.  എന്റെ ഓപ്പറേഷൻ സക്സ്സസ് ആയതോടെ മാഗസിൻ നന്ദിപൂർവ്വം നന്ദഗോപാലന് തിരിച്ചു നൽകി, മോഷണ വസ്തു എന്റെ മുണ്ടിന്നിടയിൽ തിരുകി ഒന്നുമറിയാത്തത് പോലെ പുറത്തിറങ്ങുമ്പോൾ പിന്നീന്ന് ലൈബ്രേറിയന്റെ വിളി ''എടോ ....ഇങ്ങു വാടോ ....." ഞാൻ ആകെ കരുവാളിച്ചു പോയി.  എന്റെ എല്ലാ അഭിമാനവും  അഴിഞ്ഞു വീഴുകയാണ്. പത്തമ്പത് പേരേ കെ.എസ് .യു. (എസ് ) ഉള്ളതെങ്കിലും അവരുടെ മുമ്പിൽ അതിലും വലിയ മോഷ്ട്ടാവ് ആവുകയാണ് ഞാൻ. പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് കിട്ടുന്ന കാര്യം അതോടെ കട്ടപ്പുകയാവും. എല്ലാം എന്റെ വീട്ടിലെ പതിവിലും ഉച്ചത്തിലുള്ള ഇംഗ്ലീഷ് വായന ഉണ്ടാക്കി വെച്ചത്. ഒരു സാധാ ക്രിക്കറ്റ്കമ്മന്ടറിക്ക് വേണ്ടി    ഇത്രയും റിസ്ക് എടുക്കേണ്ടിയിരുന്നില്ല. ഇതൊക്കെ നിമിഷങ്ങൾ കൊണ്ടാണ് എന്റെ മനസ്സിൽ  മിന്നിമറിഞ്ഞത്, എന്നിട്ട്,....എന്നിട്ട്.....വരണ്ടു കരുവാളിച്ചുപോയ ചുണ്ടുമായി, അതിലും ദയനീയമായി  ഞാൻ  തിരിഞ്ഞു നോക്കി. അപ്പോൾ അയാളുടെ കയ്യിൽ എന്റെ ഐഡന്റിറ്റി കാർഡ് . ഞാൻ തിരിച്ചു വാങ്ങാൻ മറന്നുപോയതാണ്. അത് തരാൻ വേണ്ടിയാണ് പുള്ളി വിളിച്ചത്.  അതും വാങ്ങി ഒരു വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിൽ  പൂപ്പുഞ്ചിരിയുമായി ഞാൻ ലൈബ്രറി വിട്ടു. എന്റെ അര തപ്പി സ്പോർട്സ് സ്റ്റാർ പേജ് അവിടെ തന്നെ  ഉണ്ടോന്ന് ഒന്നുകൂടി ഉറപ്പു വരുത്തി കോളേജ് കാമ്പസ് വിട്ടു.

ഒരു പക്ഷെ നമ്മുടെ ഏരിയയിൽ ഏറ്റവും കൂടുതൽ ക്രിക്കറ്റ് കമന്ററി എന്ന പേരും പറഞ്ഞു നാട്ടുകാരെ ബുദ്ധിമുട്ടിച്ചത് ഞാനായിരിക്കും.  കളി അറിയാത്ത കമന്ററേറ്റർ.  തൊട്ടയൽപക്കത്തു പോയാലും എന്നെ പിടിച്ചു കൊണ്ട് പോയി മൈക്കിന്റെ മുമ്പിൽ ചിലപ്പോൾ ഇരുത്തും. ആരും അറിയാത്ത രഹസ്യം ഞാൻ ഈ സ്റ്റാർസ്പോർട്സ് പേജ് ഒരു പാട് കാലം കീശയിൽ കൊണ്ട് നടന്നിരുന്നു. ആരാ എപ്പോഴാ കഴുത്തിന് പിടിച്ചു കമന്ററി പറയാൻ ധംക്കി തരുന്നതെന്നറിയില്ലല്ലോ.  മിഡോണും മിഡോഫും ലോങ്കോണും ലോങ്കോഫുമൊക്കെ നാക്കിൽ തത്തിക്കളിക്കും. അപ്പോഴും പന്ത് ഒരു പക്ഷെ ബൗളറുടെ കയ്യിന്ന് വിട്ടിട്ടുണ്ടായിരിക്കില്ല. ചിലപ്പോൾ കാണാപാഠം പഠിച്ചു അങ്ങിനെ തന്നെ സ്പോർട്സ് സ്റ്റാർ പേജ് പറഞ്ഞു കളയും. പ്രേക്ഷകർക്ക് ആകെ അറിയേണ്ടത് എത്ര റൺസ്, എത്ര വിക്കറ്റ് പോയി, ബാക്കി എത്ര  ഉണ്ട്, എറിയുന്നവന്റെയും അടിക്കുന്നവന്റെയും  പേരും ഇനീഷ്യലും ..... അത്രയേ ഉള്ളൂ. അതിന്നിടയിൽ പറയുന്നത് എന്തെങ്കിലും ഇംഗ്ലീഷ് ആയിരിക്കണമെന്നേയുള്ളൂ.


ചില വാക്കുകൾ തൊണ്ടയിൽ നിന്ന് കഫം കൂട്ടി  ഗളകള ഇംഗ്ലീഷിൽ പറയും, അതെന്താണെന്നു വെച്ചാൽ... എനിക്കും അറിയില്ല, കേൾക്കുന്ന പ്രേക്ഷകർക്കും അറിയുമായിരുന്നില്ല.  മൈക്കിന്റെ പുറത്തു വിരൽ വെച്ച് പറയുന്ന ഒരു പ്രത്യേക രീതി. ഇംഗ്ലീഷ് ആണോ പറഞ്ഞത്, യെസ്. അതെന്താണ് പറഞ്ഞത് ? പടച്ചോനറിയാം. Anyhow  സംശയം ജനിപ്പിക്കാതെ  ഏൽപ്പിച്ച ഉത്തരവാദിത്വം ഞാൻ അന്ന്  ഭംഗിയായി ചെയ്തിരുന്നു സാർ. അതോണ്ടാണല്ലോ കടലക്കറിയും പൊറോട്ടയും തന്നു കംട്ടി എന്നെ പവലിനിൽ  ഇരുത്തുന്നത്. 

കുട്ടിക്കാലകുസൃതിക്കണ്ണുകൾ / 17 Sep 2016


പ്രീഡിഗ്രി അഥവാ പൂച്ചപിഡിസി പഠിക്കുന്ന കാലം. അതായത് ഇന്നത്തെ പ്ലസ് ടു.  അന്ന് പൊതുവെ ആളുകളിൽ ഉണ്ടായിരുന്ന ഒരു അന്ധവിശ്വാസം കോളേജിൽ പോകാൻ തുടങ്ങിയതോടെ  എനിക്ക് ഇംഗ്ലീഷ് നന്നായി അറിയുന്നുവെന്നായിരുന്നു. അതിനു ഒരു കാരണം കൂടിയുണ്ട്. ഞാൻ വീട്ടിൽ പുസ്തകങ്ങൾ ഉറക്കെ വായിക്കും. അത് വായിക്കുന്നതിന് രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്ന് ഇംഗ്ലീഷിനോട് എന്തോ ഒരു താല്പര്യം ഉപ്പയ്ക്കുണ്ടായിരുന്നു.  അദ്ദേഹമാണ് എനിക്ക് പത്തു വരെ ഇംഗ്ലീഷിലെ ട്യൂഷൻ മാസ്റ്റർ എന്ന് ഭംഗി വാക്കല്ലാതെ തന്നെ പറയാം. കണക്കിലും അദ്ദേഹം അഗ്രഗണ്യനായിരുന്നു. അതിനെക്കുറിച്ചൊക്കെ പിന്നൊരിക്കലാകാം. ഇംഗ്ലീഷ് ഉറക്കെ വായിക്കാൻ മറ്റൊരു കാരണം അതിന്റെ വായന സ്പുടം ചെയ്തെടുക്കാൻ ഉറക്കെ വായിക്കണമെന്ന് തന്നെ. (അന്ന് ഉറക്കെ ഇംഗ്ലീഷ് വായിച്ചിരുന്ന ഒരു ജേഷ്‌ഠ സുഹൃത്ത് ഉണ്ടായിരുന്നു, ഞാൻ വളരെ ചെറുപ്പത്തിൽ  ഒരു വീട്ടിൽ നിന്ന് ഇതേപോലെ ഇംഗ്ലീഷ് ഉറക്കെ വായിക്കുന്നത്  കേൾക്കാറുണ്ടായിരുന്നു. പുള്ളി വായിക്കുന്നത് ആസ്വദിക്കാനല്ല ഞാൻ ചെവികൊടുത്തു കേട്ടിരുന്നത്, അതിലെ ഉച്ചാരണ തെറ്റുകൾ കേട്ട് വെറുതെ ഒന്ന് ചിരിക്കാൻ വേണ്ടിയായിരുന്നു. പക്ഷെ എനിക്കുറപ്പുണ്ട് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് വായന തുടർന്ന് മാറ്റം ഉറപ്പായും വന്നിരിക്കണം  ).

അപ്പോൾ വഴിയെപ്പോകുന്ന കാരണവന്മാരൊക്കെ എന്റെ ഉറക്കെവായന കേട്ട് ഇവൻ കൊള്ളാലോ എന്ന് തെറ്റിദ്ധരിച്ചതിനു കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഞാൻ അങ്ങിനെയൊരു പോഴത്തം ചെയ്തതിന്  അവർ കുറ്റക്കാരല്ലല്ലോ. ഇതാണ് എനിക്ക് പിന്നെ മാറാപ്പായി ചുമലിൽ വീണത്. പിന്നെ എന്നൊന്നും പറഞ്ഞുകൂടാ,  വളരെ പെട്ടെന്ന്. അതിന്റെ പേരാണ്  കമന്ററേറ്റർ.  ക്രിക്കറ്റ് കളിയുടെ റണ്ണിങ് കമന്ററി.   എങ്ങിനെയുണ്ട് ?  അതിനെക്കുറിച്ച് ഞാൻ അടുത്ത എപ്പിസോഡിൽ വിശദമായി പറയാം. അതിനിടക്ക് ഓർമ്മ വന്നത് ആദ്യം ഇവിടെ കുറിക്കാം.

നാട്ടിൽ അന്നൊക്കെ ടൂർണമെന്റ് യഥേഷ്ടടം നടക്കുന്ന കാലം. ഒരു സൗകൂ ടൂർണമെന്റ് മാത്രം നടത്തി ചെലവ് വരെ കൊണ്ട് പോയിരുന്നു എന്നാണ് എനിക്ക് തോന്നിയിരുന്നത്. ഒറ്റ മനുഷ്യൻ.
 പ്രസിഡന്റും സെക്രട്ടറിയും ഖജാഞ്ചിയും ഒറ്റത്തടി തന്നെ. അങ്ങിനെയൊരു ഒറ്റത്തടിയായി കണ്ടിരുന്നത് ഹോട്ടൽ നടത്തിയിരുന്ന കുഞ്ഞമുച്ചാനെ  മാത്രമായിരുന്നു. നമ്മുടെ വൺമാൻ ക്രിക്കറ്റ് സംഘാടക സമിതി ചെയർമാന് അന്ന് ആകെ ചെലവ് നാല് പന്തുകൾ മാത്രം. അതൊരു തിളക്കമുള്ള ഇളം മഞ്ഞ നിറത്തിൽ വട്ടത്തിലും കുറുകെയും വെളുത്ത വരയുള്ള പന്ത്. വിമാനം ഇറങ്ങാറാകുമ്പോൾ മുകളിൽ നിന്ന് റോഡുകളോ പുഴകളോ കാണാറില്ലേ അത് പോലെയായിരുന്നു ആ പന്തിലെ വളഞ്ഞു പുളഞ്ഞുള്ള വെളുത്ത വരകൾ.  ഈ നാല് പന്ത് തീരുംവരെയാണ് പുള്ളിക്കാരന്റെ ടൂർണമെന്റ് സമയം. പുറത്തേക്കടിച്ച പന്ത് ഓടി പെറുക്കി കൊണ്ട് വരുന്നതടക്കമുള്ള ഉത്തരവാദിത്വം  പാവം ഈ വൺമാൻ കമ്മറ്റി ചെയർമാൻ തന്നെ.  വൺമാൻകംട്ടി ഏർപ്പാട് നമ്മുടെ നാട്ടിലെ മിക്ക ഏരിയകളിലും ഉണ്ടായിരുന്നു.   സ്രാമ്പി ഭാഗത്തു നിന്നാണ് ഇതിന്റെ തുടക്കമെന്ന് അന്ന് പറഞ്ഞു കേട്ടിരുന്നു.  ടൂർണമെന്റ് കമ്മറ്റിയെ പൊതുവെ അന്ന്  വിളിച്ചിരുന്നത്   കംട്ടി എന്ന പേരിലായിരുന്നു.   കമ്മറ്റിയുടെ ചുരുക്കപ്പേര്.

ഒരു കണക്കിന് വൺമാൻകംട്ടിയാണ്  നല്ലത്. എവിടെയും  കണക്ക് ബോധിപ്പിക്കേണ്ടല്ലോ. അതിനായി മീറ്റിങ് കൂടേണ്ട ആവശ്യമില്ല. കുത്തികുത്തിയുള്ള ചോദ്യങ്ങൾക്ക് മറുപടി തയ്യാറാകുകയും വേണ്ട. വാങ്ങിയ ബില്ലും കൊടുത്ത രസീത് കുറ്റിയും സൂക്ഷിക്കുകയും വേണ്ട. മീറ്റിങ്ങൊക്കെ കഴിയുമ്പോൾ വെറുതെ ഒന്ന് നോക്കിയതിന് ''എന്നിന്റാ നീ എന്നെ അങ്ങനെ നോക്ക്ന്നെ. ഞാനാരെ തോപ്പിച്ചിറ്റാ.... '' എന്ന് സെക്രട്ടറി അങ്ങോട്ട് വെറുതെ ചൂടായി  പറയുകയും വേണ്ട. ''യാമോനെ ജോന് കണ്ടപോലെ അല്ല ആവോ.... ചപ്പിച്ചിറ്റ്ന്''  എന്ന് സെക്രട്ടറി പോയ്ക്കഴിയുമ്പോൾ കമ്മറ്റി യുവതുർക്കികൾ കൂടിയിരുന്ന്  ഒതിയാരം പറയാൻ  ചാൻസോ അതല്ല പിന്നെ ആരെങ്കിലും മൂലമൂല നിന്ന് അവരുടെ വല്ല കല്യാണക്കാര്യം പറഞ്ഞു ചിരിക്കുമ്പോൾ ''ഇവർ ഇപ്പോഴും കമ്മറ്റിയിൽ എക്കസെക്കിട്ട കണക്കിന്റെ കാര്യം തന്നെയാണോ പറഞ്ഞു ചിരിക്കുന്നതെന്ന്'' ആവശ്യമില്ലാതെ സംശയിക്കാൻ  ഇടവും നൽകേണ്ട. എല്ലാം കൊണ്ട് ഒറ്റയാൻ, ഒരുത്തൻ മാത്രമുള്ള കമ്മറ്റിക്ക് അങ്ങിനെ കുറെ നല്ല ഗുണങ്ങളുണ്ട്.  ഇന്ന് എങ്ങിനെയെന്നറിയില്ല അന്ന് വരവ് എന്ന് പറഞ്ഞാൽ എൻട്രി ഫീസ്, വഴിയോരക്കച്ചവടക്കാരിൽ നിന്ന് ചോദിച്ചു വാങ്ങുന്ന നിലവാടക ഇനത്തിൽ കിട്ടുന്നത് ഇവ മാത്രം. ചെലവ് - നാല് ചെണ്ടും, അമ്പ്യാറെ ചെലവും. പിന്നെ ബാലൻസ് കിട്ടുന്നത് മൊത്തം കമ്പനിക്ക്.

 എൻട്രി ഫീസൊക്കെ കളി തുടങ്ങുമ്പോൾ കിട്ടിയാലായി. നിലവാടകയാണെങ്കിൽ ഒന്ന് വിരട്ടിയും ''തെരാൻ കൈന്നില്ലാങ്കു ചെല്ല്....തരാന്ന് ചെല്ലീറ്റ് തോപ്പിക്ക്ന്നാ  ''എന്നൊക്കെ മാനസികമായി പീഡിപ്പിച്ചുമൊക്കെയാണ് അന്നിവർ വാടക വാങ്ങുക. കളി കഴിഞ്ഞു ചോദിച്ചാൽ പിന്നെ കണ്ടഭാവം അവർ കാണിക്കില്ല.  ''ഇന്നോനെ നിന്റെ നഞ്ചി പൈസ...തുന്ന്''  ക്രിക്കറ്റ് ടൂർണമെന്റിന്റെ ഏറ്റവും അടുത്ത് ഐസ് പെട്ടി വെച്ച് വിറ്റത് ശ്രദ്ധയിൽ പെട്ട് ജനാബ്  കംട്ടി  ഓടിവന്നു വാടകക്ക് വേണ്ടി ആവശ്യപ്പെട്ടപ്പോൾ ഒരു പയ്യൻ  ദേഷ്യം പിടിച്ചു പൈസ എറിഞ്ഞു കൊടുക്കുമ്പോൾ അടിച്ച ഡയലോഗായിരുന്നു അത്.

  കളിക്കിടയിൽ എന്ത് പ്രശ്നം ഉണ്ടായാലും ഉടനെ കളിക്കാരും കാണികളും  വിളിച്ചു കൂവും -  ''കംട്ടീ....  കംട്ടി എട്ക്കോയിറോ  ?''  അപ്പോൾ കാണാം ഒരു കൂതറ ബാറ്റ്സ്മാൻ അപ്പറത്തെ വളപ്പിലേക്ക്  അടിച്ചു പാറിച്ച പന്തും തെരഞ്ഞു പിടിച്ചു മതിൽ ചാടി  പ്രശ്‌നബാധിത പ്രദേശത്തേക്ക് സേങ്ങീ സേങ്ങി  വരുന്നത്. പാവം ആ വരവിൽ എന്തൊക്കെയായിരിക്കും പടച്ച തമ്പുരാനോട് കംട്ടി ദുആ ചെയ്തിരിക്കുക.

  ''പൈസ മേങ്ങാൻ മാത്രോ പടിചെങ്ക് മതിയാ.... തീറ്മാനാക്ക്'' ചിലർ അങ്ങിനെയും മുഖത്തു നോക്കാതെ  കമന്റും.  ശ്രീ  കംട്ടി എല്ലാം കേൾക്കുന്നത് പോലെ അഭിനയിക്കും.  കേൾക്കാൻ പറ്റണ്ടേ, അമ്മാതിരി ബഹളമായിരിക്കും ആ ഏരിയ മൊത്തം. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അധികം ആൾക്കാരും അവിടെ വന്നിരുന്നത് തന്നെ കളി കാണുക എന്ന നിയ്യത്തോടെയല്ല, ഒരു പ്രോബ്ലം ഉണ്ടായാൽ അതൊന്ന് നോക്കി ആസ്വദിക്കാൻ വേണ്ടിയാണെന്ന്.  അന്ന് കാണികളുടെ പ്രധാന ഇരിപ്പിടങ്ങൾ സ്‌കൂൾ ഗ്രൗണ്ടിന് വടക്ക് ഭാഗത്തുള്ള അദ്ലൻച്ചാന്റെ പറമ്പിലെ കശുമാവുകളായിരുന്നു. നല്ല കുഞ്ഞുകുഞ്ഞു കശുമാവിൻ തൈകൾ.  അതിന്റെ  ചില്ലയിൽ കാണാം ഓരോരുത്തവന്മാർ ഇരുന്ന് ലഹള എപ്പോൾ പുറപ്പെടുമെന്ന് ആകാംക്ഷയോടെ  കാത്തിരിന്നിട്ടുണ്ടാകും.   ഇടക്കിടക്ക് അവരുടെ വക ഓരിയിടൽ വേറെയും. കളിക്കാരെ നോക്കി നല്ല പൊളപ്പൻ കമന്റ്സും പറയും. ''ആ കോസ് കണ്ണ്ള്ള ബാറ്റ് പുട് ചോന് അടിചിറാന് ആബേലപ്പാ'' ഇങ്ങനെ പോകും തോണ്ടി കമന്റൽ. പ്രശ്‌നം ആയെന്ന് സിഗ്നൽ കിട്ടിയാൽ കാണികളിലധികം പേരും  പിന്നെ മരത്തിൽ നിന്ന് ചാടി ഉടനെ ഗ്രൗണ്ടിൽ വട്ടമിടും. ചാട്ടത്തിനിടക്ക്  ഒരു സൗകുവിന്റെ കള്ളിമുണ്ട് കമ്പിൽ കെണിഞ്ഞു പിറന്നപടി നാട്ടാർ കണ്ടതൊക്കെ വലിയ തമാശയ്ക്ക് വക നൽകിയിരുന്നു.

പ്രശ്നമെന്താണെന്ന് കേട്ടിട്ടും മനസ്സിലാകാതെ  പുലിവാൽ പിടിച്ചു എന്ന് തോന്നിയാൽ ഒറ്റയാൻ കംട്ടി ഉടനെ അടവ് മാറ്റും. അത് വരെ പറഞ്ഞിരുന്ന ഒരു ആപ്ത വാക്യമായിരുന്നു കംട്ടിയുടെ തീരുമാനം അന്തിമമെന്ന്. അത് മാറ്റി അമ്പയറുടെ തീരുമാനം അന്തിമമെന്നാക്കി ശ്രീ കംട്ടി  ഉത്തരവാദിത്തം അമ്പയറുടെ തലയിലിട്ടുകളയും.  എന്നിട്ട്  പെട്ടെന്ന് അമ്പയറുടെ അടുത്തേക്കോടും. അമ്പയറാണെങ്കിൽ ഒരുമാടുള്ള തൊപ്പിയും പൊൻചപത്തിന്റെ  കഞ്ചിപ്രാക്കുമിട്ട് ഇന്ത്യനേഷ്യൻ  കള്ളിത്തുണി മുന്നിൽ മുറുക്കിക്കെട്ടി  ഇടക്കിടക്ക് ഇടത്തും വലത്തും തുപ്പിക്കോണ്ടുണ്ടാകും.  മിക്ക അമ്പയർമാരും പ്രശ്‌നം ഉടലെടുത്താൽ അങ്ങിനെയാണ് ഞാൻ അന്ന് കണ്ടിരുന്നത് -  തലങ്ങും വിലങ്ങും തുപ്പൽ.  എനിക്ക് തോന്നുന്നത് ടെന്ഷനടിച്ചായിരിക്കും ഈ മിസ്കീനുകൾ  ഇമ്മാതിരി തുപ്പുന്നത് . ചില തുപ്പലൊക്കെ പ്രത്യേക സ്റ്റൈലായിരിക്കും. ''റ്റ്സ്സ്സ് ..സ്സ്'' എന്ന ശബ്ദത്തിൽ മുൻനിരയിലെ രണ്ടു പല്ലുകൾക്കിടയിൽ തുപ്പൽ പുറത്തേയ്ക്ക് തെറിപ്പിച്ചുള്ള  സ്പിന്നിങ്സ്പ്റ്റിങ്.

ഈ ബഹളം നടന്നുകൊണ്ടിരിക്കെ  സ്റ്റാഫ്  കോട്ടേഴ്സിൽ നിന്നും കോര്ത്തിന്റെ തട്ടവും പുതച്ചു  കളി കാണാനെത്തിയ  ഒന്നോ രണ്ടോ മാഷന്മാർ മെല്ലെ സ്‌കൂട്ടാകും.  ഇനിയെങ്ങാനും കംട്ടി അവരുടെ തലയിൽ പ്രശ്നപരിഹാരത്തിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചാലോ എന്ന് ഭയന്നായിരിക്കണം. അല്ലെങ്കിൽ മുമ്പെതെങ്കിലും ദുരനുഭവം ഉണ്ടാകുമായിരിക്കും.  ജോൺ മാഷെന്ന നീളം കുറഞ്ഞ കഴുത്തിലും മുഖത്തും എപ്പോഴും പൗഡറിട്ട് നെഞ്ചിൽ സ്വയം ഊതിക്കൊണ്ടിരുന്ന  ഒരു പിടി മാഷുണ്ടായിരുന്നു.  അയാളുടെ അടുത്തേക്ക് കംട്ടിയുടെ ദയനീയ കോലം കണ്ടു കംട്ടിയുടെ  കുഞ്ഞമ്മാടെ മോനോ ഓടും. ഇങ്ങു ഗ്രൗണ്ടിൽ നടന്ന കളിക്ക് അങ്ങ് കൂർക്കം വലിച്ചുറങ്ങുന്ന പിടി മാസ് പരിഹാരം നിർദ്ദേശിക്കാൻ. ജോൺ മാഷ് ഒരിക്കലും വന്നതായി എനിക്ക് ഓർമ്മയില്ല.

അതേസമയം അമ്പയർ താൻ എടുത്ത തീരുമാനത്തിൽ നിന്ന്അണുകിട മാറുകയും ചെയ്യില്ല. അവനെ സംബന്ധിച്ച് അതൊരു അഭിമാന പ്രശ്നം കൂടിയാണ്. പിന്നെ ആ പണിക്ക് ആരും അവനെ നിർത്തില്ല എന്ന വേറൊരു കാരണവും കൂടി ഉണ്ട്.  പ്രശ്നമൊന്നുമില്ലാതെ കളി തുടർന്നാൽ അന്നൊക്കെ  അമ്പയർക്ക് ഒരുപാട് ആനുകൂല്യങ്ങൾ കംട്ടി വക വെച്ച് കൊടുത്തിരുന്നു.   ഓരോ കളി തീരുമ്പോൾ ചായ, സർബത്, ഉള്ളിബജേ, ഗോളിബജെ, ബൻസ്, ചോറ്, പൊറോട്ടയും പഠാണി കടലകറിയും മറ്റും    മറ്റും  ....

അഭിപ്രായം മാറ്റിപ്പറഞ്ഞാൽ പിന്നെ അമ്പയർക്ക് ഒരു ചെല്ലപ്പേര് വീഴും ''ചേറ്റ്ല് പൂത്തെ നാട്ടെ''.  അതായത് ഒരു തീരുമാനത്തിൽ ഉറച്ചു നിൽക്കാത്തവൻ.  അവസാനം ഗുൽമാലായി മിക്കവാറും തീരുമാനം ആകുക ഇങ്ങിനെയാണ് - ''അമ്പയറുടെ തീരുമാനത്തിൽ മാറ്റമില്ല, പക്ഷെ പുതിയ അമ്പയറായിരിക്കും ഇനി കളി നിയന്ത്രിക്കുക.''  അതോടെ അത് വരെ കിട്ടിയിരുന്ന സകല  ആനുകൂല്യങ്ങളും പ്രശ്നക്കാരൻ അമ്പയർക്ക് സ്റ്റോപ്പ് ആകും.  മിക്ക അമ്പയർമാരും പ്രശ്നമായി എന്ന് അറിഞ്ഞാൽ ഉടനെ ഓടിവരുന്നത് ഹോട്ടൽ ഭാഗത്തേക്കായിരുന്നു. സ്ഥാനം പോകുന്നതിനു മുമ്പ് കംട്ടി വക മാക്സിമം  പുട്ടടിക്കാൻ.

ഒരു ത്രിഗ്രാമ ടൂർണമെന്റിലോ മറ്റോ ആണെന്ന് തോന്നുന്നു ആ സംഭവം ഉണ്ടായത്.   അമ്പയറെ  മാറ്റാമെന്ന് കംട്ടി നിർദ്ദേശിച്ചിട്ടും  ഒരു ടീം മാനേജർ വഴങ്ങിയില്ല. വഴങ്ങാതിരിക്കാൻ കാരണം ടീമിന്റെ കൂടെ വന്ന നാട്ടുകാരായിരുന്നു. ''അമ്പ്യാറെ കേട്ടിട്ട്  ആയിന്ന് ചെല്ലിട്ട് ...പിന്നെ നാട്ട്ളേക്കു    ബന്നേങ്കു കാള്  തച്ചിട്ട് പോളിക്കും, ആഗേ ...'' ഇമ്മാതിരി ഭീഷണി മുഴക്കിയാൽ അയാൾ എന്ത് ചെയ്യും. ആ പാവം  ടീം മാനേജർ നെല്ലിക്കുന്ന് കടപ്പുറത്തെ ലൈറ്റ് ഹൌസിലെ സെർച് ലൈറ്റുപോലെ ഇങ്ങിനെ സ്ലോ മോഷനിൽ  നിന്ന നിൽപ്പിൽ കറങ്ങുന്നു. കംട്ടി നിർമ്മിച്ച മോന്തായമില്ലാത്ത  പന്തലിൽ ഇരിക്കുകയായിരുന്ന ഞാൻ മെല്ലെ തല താഴ്ത്തി - ഈ കുരിശ് എന്റെ പിരടിയിലെങ്ങാനും വീഴുമോന്ന് ഭയന്ന്.  അയാളുടെ കണ്ണ് പോയത് ഒരു സ്റ്റൈലൻ മട്ടിൽ ഡബിൾ ബെഷ്ട്ടി ഉടുത്ത് കയ്യും കെട്ടി നോക്കി നിൽക്കുന്ന  ഒരു മനുഷ്യന്റെ ദേഹത്ത്.

''ഇച്ചാ .... നിങ്ങോ കളി കണ്ടതല്ലേ ? നിങ്ങോ ഒരി തീറുമാനം പറയണം. '' ദയനീയ സ്വരത്തിൽ പറഞ്ഞു.  പുതിയ  ഡ്രസും അത്തറിന്റെ മണമൊക്കെ കണ്ടപ്പോൾ ഒരു ജെന്റിൽ മാനെന്നു തോന്നിയിരിക്കണം.   റാണി ഈച്ച പോയതിന്റെ പിന്നാലെ ബാക്കിയുള്ള ഈച്ചകൾ പൊതിഞ്ഞത് പോലെ എല്ലാരും ഇന്നലെ ഗൾഫീന്ന് വന്ന ആ പാവം മനുഷ്യന് ചുറ്റും കൂടി. ഹോട്ടൽ ടു റൂം, റൂം ടു ഹോട്ടൽ മാത്രമായി ജീവിതം കഴിച്ചു, രണ്ടു കൊല്ലത്തിലൊരിക്കൽ നാട്ടിലേക്ക് വരുന്ന ആ പാവം സൗക്കുച്ച ഇത് കേട്ട്  ഞെട്ടിത്തരിച്ചു നിൽക്കുമ്പോഴാണ് സ്‌കൂളിന്റെ അങ്ങേയറ്റത്ത് നിന്നും ഒരു ശബ്ദം.  ''ഓനെ ബിട് .....ഓനെ ബിട് ......ആ പാപത്തിന്റൊ ബിട്ട്ർപ്പാ ...   ഓന് ഇന്നലെ ബന്നോന്. എന്ത് സംഗതി. ? "'

ഒരു സൗകുച്ച ഗ്രൗണ്ടിന്റെ താഴേയ്ക്ക് ഇറങ്ങി വരുന്നു.  അയാൾ ഇടപ്പെട്ടു എന്നായപ്പോൾ കംട്ടിയടക്കം എല്ലാർക്കും സന്തോഷമായി. എല്ലാവരും  ഗൾഫിന്നു വന്ന  ഇച്ചാനെ വിട്ടു ആഗതന്റെ ചുറ്റും കൂടി.  അയാളാണെങ്കിൽ ബഹളം കേട്ട് വീട്ടീന്ന് ഓടിക്കിതച്ചു വന്നതാണ് പോലും. രണ്ടു ടീമംഗങ്ങളും കാര്യങ്ങൾ കൃത്യമായി പുള്ളിയെ  ബോധിപ്പിച്ചു. പുള്ളിക്കാരൻ പാൽ പുഞ്ചിരിയോട് കൂടി എല്ലാം കേൾക്കുന്നത് പോലെ ഇരുന്നു കൊടുത്തു. .

അംപ്യാറെട്തോ  ? '' ഒരു ടീം മാനേജർ ആരാഞ്ഞു.  അത് നമ്മുടെ പഞ്ചായത്ത്  തീർക്കാൻ വന്ന  സൗകുചായ്ക്ക് തീരെ പിടിച്ചില്ല.  ''ഞാനിണ്ടാമ്പോ എന്നിന് അമ്പ്യാറ്.''  അയാൾ പറഞ്ഞു. എല്ലാർക്കും അതിലും വലിയ സന്തോഷമായി. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ഒരു മനുഷ്യൻ തന്നെയാണ് പഞ്ചായത്തിന് ഇരിന്നിരിക്കുന്നത്.  എല്ലാം കേട്ട് കൊണ്ട്  പുള്ളിക്കാരൻ എഴുന്നേറ്റ് നിന്ന് നാലടി പിന്നിലോട്ട് നീങ്ങി  പ്രഖ്യാപിച്ചു - ''ആരും  ചൊട്ചർണ്ടാ, ഇത് ഏട്ക്കും എതേലാ .. ഒരി  അതിപ്രായം പറീന്നത്.   കളി ആദീ പൂതീലെ കളിചെങ്ക് എന്തേ ? "

''ഏന്തിച്ചാ ...ഇത് കുട്ടീം ദാണെയാ.....'' അതേ പറയുന്നത് കേട്ടുള്ളൂ. പിന്നെ ഉണ്ടായത്  യുദ്ധക്കളമായിരുന്നു. 

Thursday, September 15, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ / 15 SEP 2016


കുട്ടിക്കാലകുസൃതിക്കണ്ണുകൾ

മാവിലേയൻ

അന്ന് എല്ലാവരും മദ്രസ്സയിൽ ഒരാളെ കണ്ടു. സംസാരം തെക്കൻ സ്റ്റൈൽ. നീണ്ടമുഖം. പ്രായം അന്പതിനോടടുത്ത്. സദർ ഉസ്താദിന്റെ അടുത്ത് നിന്ന് സംസാരിക്കുന്നു.  തെക്കൻ സംസാരമൊക്കെ കേട്ടപ്പോൾ ഞങ്ങൾ വിചാരിച്ചു ഒന്നുകിൽ സ്‌കൂളിലേക്ക് വന്ന മാഷ്, അല്ലെങ്കിൽ ബാർബർ. തലേക്കെട്ടോ തൊപ്പിയോ ഇല്ലാത്ത കൊണ്ട് മൊയ്‌ലാർച്ച അല്ല.  നമ്മുടെ നാട്ടിൽ തെക്കൻ ഭാഷ സംസാരിക്കുന്നവർ ഈ മൂന്ന് പേരാണ്. വേറെ ആരെയും ''സുദ്ദ''മലയാളം സംസാരിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല.

അന്നൊക്കെ പുറം നാട്ടിൽ നിന്ന് ഒരാൾ നമ്മുടെ ഗ്രാമത്തിലേക്ക് വന്നാൽ ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത് സദർ ഉസ്താദിനെയായിരുന്നു. മൂപ്പർ വന്നവനെ ഒന്ന് രണ്ടു ചോദ്യങ്ങൾ എറിഞ്ഞു സംഗതി ജെന്യൂന് ആണോ ഫെയ്ക്കാണോ എന്ന് ഉറപ്പിക്കും. പിന്നെയും സംശയം ബലപ്പെട്ടാൽ   ഉമ്മർച്ചാന്റെ കടയിൽ ഇരുത്തി തെക്കോട്ട് മുഖം തിരിച്ചിരുന്നു അദ്ദേഹത്തിന്റെ വക ഒരു പാൽചായയൊക്കെ കൊടുത്തു  ഓരോന്ന് ചോദിച്ചു വിഷയം മനസ്സിലാക്കും.  ആ വക കാര്യങ്ങൾ ഉസ്താദിനെ ഏൽപ്പിച്ചത് കൊണ്ട്നാട്ടുകാർ  വേറെ ടെൻഷനൊന്നും ഏറ്റെടുക്കില്ല.   വല്ല കളിപ്പീരാണെന്ന് മൗലവിക്ക്  തോന്നിയാൽ കണ്ണട ഊരി ചോരക്കണ്ണ് വിടർത്തി വിരട്ടുന്നതോടെ,  ഈ തെക്കന്റടുത്ത് ഞമ്മളെ ഏർപ്പാട് ഏശില്ലെന്ന് മനസ്സിലാക്കി   കൂടുതൽ വിളവ് കാണിക്കാതെ വന്നവർ  സ്വയം പ്ലിങ്ങി  മണ്ടും.

ഇപ്പോൾ ഉസ്താദ്  ആ സാധു മനുഷ്യന്റെ തോളത്താണ് കൈ വെച്ചിട്ടുള്ളത് - മമ്മദ് സാഹിബേ നിങ്ങൾ ബേജാറാവാതിരീം, നമുക്ക് പരിഹാരം കാണാം.  അങ്ങനെയെന്തോ ചെറുതായി കേൾക്കാം. അന്ന് തെക്കൻ സംസാരഭാഷ അറിയാനും വലിയ പാടായിരുന്നു. പത്രം വായിക്കുന്നത് പോലെയല്ലല്ലോ അവർ സംസാരിക്കുന്നത്. പറഞിങ്ങാണ്ട്, നോക്കീംങാണ്ട് എന്നൊക്കെ പുട്ടിനു തേങ്ങയിട്ടപ്പോലെ  പറഞ്ഞാൽ എന്താ ഞങ്ങൾ പൊടിപ്പിള്ളേർ   മനസ്സിലാക്കുക.  

ഞങ്ങൾ ഇപ്പോൾ  മദ്രസിനകത്താണ്. വൈകി എത്തിയ സൗകൂ വന്നു പറഞ്ഞു -
സദ്രൂസ്താനെട്ത്ത് ഒരു തുർക്കന് ഇൻഡ്രാ.... ?
തുർക്കനാ....? അതെങ്ങിനെ മനസ്സിലായി ?
അദ് .....സദ്രൂസ്താ അയാളെ സാഹിബറ്ന്ന്  പറീന്ന് ....

അന്ന് സാഹിബർ എന്ന് പറയുന്നത് തുർക്കന്മാരെയായിരുന്നു. ഹനഫി മദ്ഹബുകാരെ. അവരുടെ പെണ്ണുങ്ങളുടെ വലത്തേ മൂക്ക് കുത്തിയിട്ടുണ്ടാകും. വേറെ പലതും അന്ന് അവരുടെ  പ്രത്യേകതകളായി പറഞ്ഞിരുന്നു. അതിൽ കേട്ട ഒന്ന് - അവർക്ക് നിസ്കരിക്കുമ്പോൾ തുണിയിൽ ചെറിയ ചെറിയ തുളകൾ പ്രശ്നമല്ല പോലും.  ഒരു പവളിയുടെ അത്ര സൈസാണ് തുളയെങ്കിലേ നിസ്കാരം ബാഥ്വിലാകൂ എന്നൊക്കെ.... നായിനെ  തൊട്ടാൽ മണ്ണിൽ കഴുകണ്ടാ ...എന്നൊക്കെ.  പിന്നെ നമ്മുടെ നാട്ടിൽ തുർക്കന്മാർ വരുന്നത് തന്നെ അപൂർവ്വ കാഴ്ചയായത് കൊണ്ട് ഈ കഥാപാത്രത്തെ ആപാദ ചൂഢം കാണുക എന്നത് എല്ലാവരെയും പോലെ എന്റെയും ആഗ്രഹമായിരുന്നു.

ഞാൻ രണ്ടും കൽപ്പിച്ചു സൗകുവിനോട് ചോദിച്ചു :
അല്ലറാ ... സാഹിബ് എന്നാണോ അല്ല സാഹിബറ് എന്നാണോ ഉസ്താ അയാളെ വിളിച്ചത്. (കാരണം അബൂബക്കർ ഉസ്താദ് എല്ലാവരെയും സാഹിബ് എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്).

മദ്രസ്സ വിട്ടപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും ഒരു തുർക്കനെ കാണാനുള്ള  പ്രതീക്ഷകളും അസ്ഥാനമാക്കിയാണ് ഉസ്താദ് അയാളെ വിളിക്കുന്നത് കേട്ടത്.

''മമ്മദ് സാഹിബ്''  അപ്പോൾ സാഹിബറ് അല്ല, ഒൺലി സാഹിബ്. ഒരു പാവം തെക്കൻ.

അതോടെ  പേരിനെ  കുറിച്ചുള്ള എല്ലാ സംശയവും ഒരിക്കൽ കൂടി  നീങ്ങി എന്ന് മാത്രമല്ല, മദ്ഹബിന്റെ കാര്യത്തിലും  ഒരു തീരുമാനമായി. ഇനി അറിയേണ്ടത് ഇയാൾ വന്നതിന്റെ ഉദ്ദേശമെന്ത് ? അന്ന്  വൈകുന്നേരത്തോടെ അതിനും ഒരു പരിഹാരമായി - ഞങ്ങളുടെ കമുകിൻ തോട്ടത്തിനു ഏതാനും വാര അകലെ ഒരു ഒറ്റപ്പെട്ട അടച്ചു പൂട്ടിയ കടയുണ്ട്. അതിലതാ നമ്മുടെ മമ്മദ്ക്കയും ഭാര്യയും കൂടെ  മൂന്ന് പിള്ളാരും ഒരു സൗകൂ , രണ്ട് കുൽസുമാർ.  ശരിക്കും അവർ നേരത്തെ  വന്നിരുന്നു. മധൂരോ മറ്റോ ആയിരുന്നു താമസം.  പക്ഷെ കുറച്ചു കൂടി കൺഫര്ട്ടബിളായ സ്ഥലത്തേക്ക് മാറണമെന്ന ചിന്തയായിരിക്കണം പുള്ളിയെ നമ്മുടെ നാട്ടിലേക്കെത്തിച്ചത്.   (ആ കട അവിടെ എന്തിനു ഉണ്ടാക്കി ?എങ്ങിനെ വന്നു എന്നൊന്നും എനിക്കറിയില്ല. മുമ്പ് അവിടെ കച്ചവടമുണ്ടായിരുന്നു പോൽ. ഒരു ഒറ്റമുറി കട. രണ്ടു മാടിന്റെ ഓടിട്ട കടയാണ്. രണ്ടു സൈഡിലും കാവി തേച്ച മന്റ്റിട്ടയും.

പിന്നെ പിന്നെ കൂടുതൽ കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് കിട്ടിത്തുടങ്ങി.  മാതാശ്രീക്ക് മധൂർ ഹോമിയോ ഡിസ്പെൻസറിയിലാണ്  ജോലി. ഇങ്ങോട്ടേക്ക് സ്ഥലം മാറ്റമോ മറ്റോ ലഭിച്ചതായിരുന്നു.  അങ്ങിനെയാണ് മമ്മദ്ക്ക കുടുംബമടക്കം ആ കടയിൽ താമസമാക്കിയത്.

അദ്ദേഹവും മിണ്ടാതിരുന്നില്ല. അറിയാവുന്ന പണിയായിരുന്നു ബീഡി തെറുപ്പ്. ആണുങ്ങൾ അന്ന് ബീഡി തെറുക്കുന്നത് അപൂർവ്വമായ സംഭവമായിരുന്നു. ഒരു ദിവസം എന്നോട് ഒരു സൗകൂ പറഞ്ഞു - അസ്‌ലമേ, മമ്മദ്ക്കാ ബീഡിന്റെലെ മുറിക്ക്ന്നേ കണ്ടിനാ. കണ്ടിറ്റാൻഗ്  ബാ.  (അന്നേ ആ പാട്ട് ഉണ്ടാകേണ്ടതായിരുന്നു - അണങ്കൂർ പുള്ളറെ കണ്ടിനാ എന്ന പാട്ട് പോലെ, സോഷ്യൽ മീഡിയ ഇല്ലാത്തത് കൊണ്ട് അതങ്ങിനെ ഞങ്ങൾ രണ്ടാളിൽ  മാത്രമായി ഒതുങ്ങി പ്പോയി )

ഉള്ളത് പറയട്ടെ , സൗകൂ വെള്ളം ചേർക്കാത്ത ആദ്യത്തെ സത്യമായിരുന്നു അന്ന് എന്നോട് പറഞ്ഞത്. അത് ഞാൻ  എന്റെ കണ്ണ് കൊണ്ട്  ആ വീട്ടിൽ പോയിക്കണ്ടു.-  മമ്മദ്ക്ക അവിടെ അകതുള്ള കാവിയിട്ട മൺത്തിട്ടയിൽ കാലുകൾ 4 (നാല് ) എഴുതിയത് പോലെ  ഇരുന്നു  വെറുതെ ഇലകൾ കത്രിക്കുന്നു. ആദ്യം വിചാരിച്ചത് ഇയാൾ ആരോടോ ദേഷ്യപ്പെട്ട് ബീഡിയില കത്രിച്ചു നശിപ്പിക്കുകയാണെന്ന്. അതല്ല, കാരണവർ ശരിക്കും ബീഡി തെറുക്കാൻ അച്ചില്ലാതെ കൂളായി കത്രിച്ചു വിടുകയാണ്. അച്ചില്ലാതെ ബീഡിയിലെ കത്രിക്കുന്ന ലോകത്തിലെ ആദ്യത്തെ മനുഷ്യനെ ഞങ്ങൾ കാണുന്നതും അപ്പോഴായിരുന്നു.  എമ്മാതിരി സ്പീഡാണ്.  ഓ...വിവരിക്കാൻ തന്നെ പറ്റില്ല.

വേറെയും പ്രത്യേകതകൾ അവിടെ കണ്ടു. രാവിലെ എല്ലാരുടെയും വീട്ടിൽ സാമ്പത്തിക സ്ഥിതിയനുസരിച്ചു എന്തെങ്കിലും ഒരു ഐറ്റം അപ്പം കാണും.  ഒന്നുമില്ലാത്തവർ കട്മ്പ് അല്ലെങ്കിൽ കൊർട്ടിപത്തലെങ്കിലും ഉണ്ടാക്കും. പക്ഷെ പുട്ട് എന്ന സാധനം രാവിലെ കഴിക്കുന്നത് കണ്ടത് ഞാൻ മമ്മദ്ക്കാന്റെ വീട്ടിലായിരുന്നു. ആ ഭാഗങ്ങളിൽ പോവുമ്പോൾ  പുട്ടിൻകുറ്റിയിൽ നിന്ന് ആവി പുറത്തേക്ക് പോകുന്നത്  ആ വീട്ടിൽ രാവിലെയുള്ള നിത്യകാഴ്ചയായിരുന്നു. ഞാൻ പുട്ടുണ്ടാക്കാൻ വേണ്ടി പഠിച്ച പണി പലത് നോക്കിയിട്ടും ഉമ്മ എനിക്ക് തന്ന മറുപടി ഇതായിരുന്നു - അത് തെക്കന്മാറ്-റാ ഓറെപ്പോലെയെങ്ങനെ ഞമ്മോ ആന്നെ... അതിന് ശേഷം പുട്ട് തിന്നാനുള്ള ആഗ്രഹം കൊണ്ട്  ഞാൻ തെക്കൻ ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി.    അന്നൊക്കെ പുട്ട് തിന്നണമെങ്കിൽ വല്ല ഹോട്ടലിലോ മറ്റോ  പോകണമായിരുന്നു.അന്നൊക്കെ എനിക്കെന്ത് ഹോട്ടൽ ? എന്ത് തട്ടുകട.  (ഒരു പ്രാവശ്യം കുഞ്ഞമ്മുച്ചാന്റെ ഹോട്ടലിന്റെ  പിൻവാതിലിൽ കയറിക്കൂടി ഒരു മുട്ടച്ചായ കുടിച്ചത് ഒരു എരണം കെട്ട സൗകൂ എന്റെ പെങ്ങളോട് പറഞ്ഞു അത് അവൾ നല്ല എരിവും പുളിയുമിട്ടു വീട്ടിൽ റിപ്പോർട്ട് ചെയ്തതോടെ എന്റെ ഹോട്ടൽഫുഡിങിന്റെ  അന്ത്യമായിരുന്നു).

ഞാൻ ഒരു മീൻ എടുത്ത് ബീസെകത്തിക്കൊണ്ട് മെല്ലെ ചുരണ്ടി ഉമ്മ മീൻ മുറിക്കുമ്പോൾ സഹായിക്കാൻ തുടങ്ങി. ഉമ്മാക്ക് ബൾബ് കത്തി. ഇതെന്താ ഇവൻ പതിവില്ലാത്ത ഒരു ഫിഷ് കട്ടിങ്. അതും പേനാക്കത്തികൊണ്ട്. ഉമ്മാക്ക് ആലോചിക്കാൻ  കൂടുതൽ സമയം നൽകുന്നതിന് മുമ്പ് ഒരു കുൽസൂന്റെ ഉമ്മ വന്നു വായിന്ന് ഫുള്ളായി  ചൊരിഞ്ഞു.

''എന്ത് ക്ടായെ .... ആ തെക്ക്ന്ന് ബന്നെ   മമ്മസ്ചാന്റാടെ.. ണ്ട്... ബീസെ കത്തീല് മീന് മുറിക്ക്ന്നെ ...നോക്കീറ്റ് സെക്കായിറ്റ്  കൈന്നില്ല.   ജോന് ഈടെയും  കീഞ്ഞിനാ.... '' സത്യം പറഞ്ഞാൽ സംഭവം അത് തന്നെയായിരുന്നു. നമ്മൾ ഗൾഫിൽ പേനാകത്തിയിലും കത്രികയിലും മീൻ മുറിക്കുന്നില്ലേ, അത് പോലെ  ആദ്യമായി കണ്ടത് മമ്മദ്ക്കാന്റെ  വീട്ടിലായിരുന്നു. അതൊരു കുൽസു കണ്ടിട്ട് എന്നോട് പറഞ്ഞത് ഞാനൊന്ന് പരീക്ഷിക്കാൻ വേണ്ടി നടത്തിയ ശ്രമമാണ് ഈ കുൽസുന്റെ ഉമ്മ ബഹളം വെച്ച് നശിപ്പിച്ചത്.   ''ഠാ....യീൻ...'' പലകത്തിയിൽ ഇരുന്ന് മുറിക്കുന്ന മീനിന്റെ തല യോട് കൂടി ഉമ്മ എന്റെ പുറത്തേക്ക് ഒന്ന് വെച്ച് തന്നതോടെ എന്റെ ''ഫിഷ് ഓപ്പറേഷൻ വിത്ത് ബീസെക്കത്തി'' എന്നന്നേയ്ക്കുമായി നിലച്ചു.  

Thursday, September 8, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ / മാവിലേയൻ / 09 September, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ  09 September, 2016

മാവിലേയൻ

പത്താംക്ലാസ് കഴിഞ്ഞു.  പഴയ പഴയ നോട്ടു ബുക്കിലെ എഴുതാതെ  ബാക്കി വന്ന കടലാസ് പറിച്ചെടുക്കുന്ന കാലം. അതിങ്ങനെ അട്ടിയട്ടിയായി വെച്ച് ദബ്ബണ്ണത്തിൽ ഒരു ചരട് കോർത്തു മതിലിൽ ആണി അടിച്ചു അതിൻമേൽ തൂക്കുക അന്ന് മിക്ക വീട്ടിലും നിത്യ കാഴ്ചയായിരുന്നു. ഞാനും ആ ആചാരം നമ്മളായി തെറ്റിക്കരുതെന്നു കരുതി എന്റെ വീട്ടിന്റെ ഒരു മുറിയിൽ തൂക്കി.  ഇടക്കിടക്ക് അതൊക്കെ എണ്ണി നോക്കി വല്ലതും കുറഞ്ഞിട്ടുണ്ടോന്ന് ക്കും.  ചില ദിവസങ്ങളിൽ  ''രാമപോക'' കളിക്കും , അതായത്   രാജാവ്, മന്ത്രി , പോലീസ്,  കള്ളൻ.  രാജാവിന് 1000 , മന്ത്രിക്ക് 750, പൊലീസിന് 500 , കള്ളന് പുജ്ജം പോയന്റുകളാണ് (പൂജ്യം എന്ന് അന്ന് ആരും പറയാറില്ല,  വല്ലാത്ത ഒരു  നിഷ്ഠയായിരുന്നു ZERO ആശാനെ  മലയാളത്തിൽ പുജ്ജം എന്ന് കിറു കൃത്യമായി പറയാൻ.)

ഒരു ദിവസം രാവിലെ എന്റെ വീട്ടിന്റെ മുമ്പിൽ കൂടി എന്റെ കൂടെ പഠിച്ച ഒരു എലുമ്പൻ സൗകൂ നല്ല പത്രാസിൽ അണിഞ്ഞൊരുങ്ങി ഒരു ബുക്കും പിടിച്ചു  മാമൻ പെർഷയെന്നു വരുമ്പോൾ കൊണ്ട് വന്നു കൊടുത്ത  ഒരു ഫൗണ്ടൈൻ പേന കീശയിൽ തിരുകി പോവുകയാണ്. ഞാൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി - ഇത് എന്റെ സഹപാഠി സൗകൂ തന്നെയാണോ ? പുല്ലരിയാൻ ഇങ്ങിനെ പുയ്യാപ്ലയായി  പോകുമോ ? കയ്യിൽ ബട്ടിയുമില്ല.  പിന്നെ എവിടെയായിരിക്കും ? പെട്ടിപ്പാട്ടോ കോളാമ്പി പാട്ടോ  എവിടെയും കേൾക്കാനുമില്ല,  വല്ല കല്യാണത്തിനോ മറ്റോ പോകാൻ.  മൂക്ക് പുറത്തിട്ടു അന്തരീക്ഷം ഒന്നുകൂടി മണത്തു, ഇറച്ചിക്കറിയോ പരിപ്പ് കറിയുടെയോ  വല്ലതും മണം പിടിക്കുന്നോന്ന്?  എസ്.എസ് .എൽ. സി പരീക്ഷയുടെ റിസൾട്ട് വരാൻ ചാൻസില്ല. കാസർകോട് പോയി അതിന്റെ റിസൾട്ട് അറിയാൻ തോക്കുന്നവർ പോകാറുമില്ലല്ലോ. മഗർ, ഏ ബന്ദെ കിദർ ജായേഗാ ?  

ഏതായാലും അവനോടു തന്നെ ചോദിച്ചുകളയാം. എന്നാൽ പിന്നാലെ പോയി ചോദിച്ചു എന്നുമാകുകയുമരുത്. ഞാൻ വഴിമാറി ഞങ്ങളുടെ കമുകിൻ തോട്ടം പിടിച്ചു വരമ്പത്തു കൂടി നടന്നു അവനു അഭിമുഖമായി നടന്നു തുടങ്ങി. അതാ നമ്മുടെ കഥാ പാത്രം മുമ്പിൽ എത്തി. ഏട്ക്കോനെ ? ഏട്ക്കൊന്നോനെ ? രണ്ടേ രണ്ടു ചോദ്യം. അവൻ മറുപടി പറഞ്ഞത് കൈനോട്ടക്കാർ പറയുന്നത് പോലെ, ''ബീർപ്പ്കൈക്കാതെ''യാണ് പറഞ്ഞത്. പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതാണ് -  പുള്ളിക്കാരൻ പോകുന്നത്  ടൈപ് റൈറ്റിങ് ട്രൈനിങ്ങിനു.  ഇന്നേക്ക് രണ്ടു ദിവസമായി. ബസ്സിന്‌ കിട്ടാൻ തിരക്കായത് കൊണ്ട് അവൻ വന്നിട്ട് ബാക്കിപറയാമെന്നു പറഞ്ഞു നടത്തത്തിനു വേഗത കൂട്ടി.  എന്റെ മനസ്സിലും ആ ആശയം മുളപൊട്ടി. അന്നൊക്കെ പത്താംക്‌ളാസ്സ് ക്‌ളാസ് കഴിഞ്ഞാൽ നിർബന്ധമായും ടൈപ്പ് റൈറ്റിംഗ് ട്രൈനിങ്ങിനു പോയിരിക്കണം. ( അന്നത്തെ മനുഷ്യന്മാരുടെ ദീർഘ വീക്ഷണേയ്, ഇന്നത്തെപ്പോലെ അണ്ടനും അടകോടനും മൊബൈലിൽ ഞെക്കേണ്ടി വരുന്ന ഒരു കാലം അവർ എത്ര വർഷങ്ങൾക്ക് മുമ്പാണ് മഷിയിട്ടു നോക്കിക്കണ്ടത് ! ചുമ്മാ...)

അങ്ങിനെ അവൻ വരുന്നത് വരെ ഞാൻ തോട് സൈഡിൽ കാത്തിരുന്നു. എന്താണ് അവിടെ സംഭവിച്ചതെന്ന് കുറച്ചു കൂടി  വിശദമായി അറിയാൻ. അതൊക്കെ അറിഞ്ഞിട്ടു വേണം എനിക്ക് വിഷയം ഡീകോഡ് ചെയ്തു ആദ്യം ഉമ്മാന്റെ മുന്നിൽ അവതരിപ്പിക്കാൻ.

കൃത്യം 2 മണിക്കൂർ കഴിഞ്ഞപ്പോൾ സൗകൂ സൈക്കിളിൽ നിന്ന് വീണ ചിരിയുമായി മുന്നിലെത്തി. ഞാൻ കാര്യം അന്വേഷിച്ചു. അവൻ ഒരു പായിക്കടലാസ് ബുക്കിന്നിടയിൽ നിന്നെടുത്തു കാണിച്ചു. മൊത്തം asdf asdf വേറെ ഒരക്ഷരവും അതിലില്ല. വേറെ അക്ഷരങ്ങൾ അവൻ ടൈപ്പ് ചെയ്യാൻ ആഗ്രഹമൊക്കെ ഉണ്ടായിരുന്നു പോൽ. പക്ഷെ മാഷ് പറഞ്ഞു പോലും ഇത് തന്നെ അടിക്കാൻ. മാത്രവുമല്ല ഇനി വേറെന്തെങ്കിലും ടൈപ്പ് ചെയ്യാമെന്ന് വെച്ചാൽ  സംഗതി മെഷിനിൽ കാണണ്ടേ ? അവിടെ അവന്റെ ബോളൻ കണ്ണുകൊണ്ട് കണ്ട കുറെ കാഴ്ചകൾ എന്നോട് കാര്യമായി വിശദീകരിച്ചു.   മുമ്പ് അവൻ ഫ്രൂട്സ് സലാഡ് കടയിൽ പോയി കണ്ടത് എന്നോട്  പറഞ്ഞതും ഞാൻ അണ്ണാക്ക് തൊടാതെ  വിഴുങ്ങി മറ്റൊരു സദസ്സിൽ അങ്ങിനെ തന്നെ ചൊരിഞ്ഞു  ഇളിഭ്യനായതും നല്ല ഓർമ്മ ഉള്ളത് കൊണ്ട് പറഞ്ഞതൊക്കെ ഒരു കാതിൽ കേട്ടിട്ട് മറ്റേ കാതിൽ ചിലതൊക്കെ വിടുകയും ചെയ്തു.

ഏതായാലും asdf പഠിക്കാൻ ഞാൻ തീരുമാനിച്ചു. ഉമ്മ നേരവും താരവും  നോക്കി  ഉപ്പാന്റെ മുമ്പിൽ  അവതരിപ്പിച്ചപ്പോൾ എന്റെ അപേക്ഷ വിശദീകരണം ചോദിക്കാതെ തന്നെ അപ്പ്രൂവ് ചെയ്തു കിട്ടി. പിന്നെ ഞാനും സൗകൂന്റെ കൂടെ ടൈപ് റൈറ്റിങ് ട്രൈനിങ്ങിനായി ബസ്സ് കയറി.

കാസർകോട് പോസ്റ്റാഫീസിനു നേരെ മുമ്പിൽ , ഗവ. ബോർഡ്  സ്‌കൂളിന് വലത് വശത്തായി കുറച്ചു മുകളിലായി ഒരു ഒറ്റക്കെട്ടിടത്തിലുള്ള  സ്ഥാപനമാണ് ഈ സെന്റർ. പേര് ശാരദ, നടത്തിപ്പ്കാരിയുടെ അല്ല, സ്ഥാപനത്തിന്റെ.  അതിന്റെ പ്രിൻസിപ്പാൾ ഒരു കമ്മത്തോ മറ്റോ ആണ്. എല്ലാരും സാമി എന്നാണ് വിളിക്കുന്നത്.  മാസത്തിൽ 20 രൂപ ഫീസ്. 30 മിനിറ്റ് ദിവസ കോഴ്സ്. പത്ത് പന്ത്രണ്ട്  മെഷീനുകൾ ഉണ്ട്. എല്ലാം കമ്മത്തിനെ പോലെ തന്നെ തീരെ ''ഒൺച്ചെ'' ഇല്ല.  പണ്ടെങ്ങാനൊ ഞാൻ അയാളുടെ  മാവിന് കല്ലെറിഞ്ഞതിന് ഇപ്പോൾ ദേഷ്യം തീർക്കുന്നത് പോലെ ഉള്ളതിൽ വെച്ച് അവശയായ ഒരു മെഷീന്റെ അടുത്ത് സാമി എന്നെ  കൊണ്ടിരുത്തി. എന്നിട്ട് ഒരു പേപ്പർ തന്ന്പറഞ്ഞു - ''ഇത് നോക്കി ബായിക്ക്, ഇപ്പോൾ ബെറ്ന്ന് , ആഗേ.''  ഉള്ളത് പറയാലോ, ഞാൻ  തെറ്റിദ്ധരിച്ച് ലേശം ശബ്ദത്തിൽ asdf asdf എന്ന് പറയാൻ തുടങ്ങിയതും അവിടെ മൊത്തം കൂട്ടച്ചിരി. ചിരിയിൽ ഒരു പട്ല ചിരി കൂടി ഉണ്ടോന്ന് സംശയമായി. സംഭവം തെറ്റിയില്ല. സൗകൂന്റെ ഇച്ച ഒരു മൂലയിൽ ഇരുന്നു ഇളിക്കുന്നു. അതിനിടയിൽ പുള്ളി രണ്ടു കൈ കൊണ്ട് ഒന്നിച്ചു കൂടിയ കുറെ വില്ലുകൾ നിവർത്താനുള്ള ശ്രമത്തിലുമാണ്.  ഞാൻ എഴുന്നേറ്റ് അവിടെ പോയി, ഇതെന്താ സംഭവം എന്നറിയണമല്ലോ ?

പുള്ളിക്കാരൻ   എന്നോട് പറഞ്ഞു - വന്നത് മുതൽ ഉണ്ട് പോലും ഇയാൾ  വില്ലിന്മേൽ കളി. നാല് ഭാഗത്തു നിന്ന് കമ്പികൾ വായുവിൽ ചുഴറ്റി വരും, അടി നേരെ ചൊവ്വെ ആയില്ലെങ്കിൽ കമ്പികൾ കടലാസ്സിൽ പതിയാതെ അവർ തമ്മിൽ മുഖാമുഖം കൊളുത്തും. ഇത് ഇളക്കിയെടുക്കാൻ  കുറച്ചു ക്ഷമ ആവശ്യമാണ്. അല്ലെങ്കിൽ ആ മെഷിന്റെ പതിനാറടിയന്തിരം കഴിഞ്ഞു എന്ന് കരുതിയാൽ മതി. അതിളക്കാനുള്ള ശ്രമത്തിലാണ് ടിയാൻ.

സെന്റർ മുതലാളി സാമിയുടെ ഒരു മകന് ഇതാണ് പ്രധാന പണി, വില്ല് വിടർത്തൽ.  നമ്മുടെ നാട്ടുകാരനായ  സൗക്ന്റെ ഇച്ചാന്റെ അടുത്ത് ഞാൻ നാലഞ്ചു  മിനിറ്റേ ഉണ്ടായിരുന്നുള്ളൂ, പാവം ആ കുട്ടിസാമി കുറഞ്ഞത് 6 വട്ടം വില്ലിളക്കാൻ ഇവന്റെ അടുത്തേക്ക്  വന്നും  പോയുംകൊണ്ടുമിരുന്നു. കുട്ടിസാമി എന്നോട് ചോദിച്ചു നീ ഇവന്റെ നാട്ടുകാരനാണോ എന്ന്.  അല്ല, ഇവിടെ കണ്ട പരിചയമാണെന്നു വെറുതെ പറഞ്ഞു.  അതെന്താ നിങ്ങൾ അങ്ങിനെ ചോദിച്ചതെന്നു ചോദിച്ചപ്പോൾ വലിയ സാമിയാണ് ഉത്തരം പറഞ്ഞത് - ''ഇത്ര മണ്ടെ  ഇള്ളാത്തെ   സ്റ്റുഡണ്ട് ഈ സ്ഥാവരത്തിലു എപ്പളും ബന്നിട്ടിള്ള.  എണ്ടെ  മോണ് ആട്ന്ന് മാറുമ്പോ ഓണ് ആടെ അപ്പൊ  കമ്പി കെണ്ക്കും.... എന്നിന് ഈടെ ബന്നിട്ടു ഉപദരാക്ക്ണ്ണെ.. '  അത് കേട്ടതും ഞാൻ പെട്ടെന്ന് മാറിക്കളഞ്ഞു.

ഞാൻ എനിക്ക് കിട്ടിയ ടൈപ്പ് റൈറ്ററിനടുത്ത് വന്നിരുന്നു. മലക്കുൽ മൗതിനെ കാത്തിരിക്കുന്ന ഒരു സാധനം. കറുപ്പ് നിറം. ഒരു സ്റ്റീൽ ദണ്ഡ്, അതിന്റെ അപ്പുറത്തായിട്ട് സാമി  പായിക്കടലാസ് വെച്ച് തന്നു.   കുടക്കമ്പി പോലെ നിരനിരയായി കമ്പി ഒരേ ലെവലിൽ കിടന്നിട്ടുണ്ട്. ഒരു അക്ഷരം ടൈപ്പ് ചെയ്യാൻ പ്രസ്സ് ചെയ്യുമ്പോൾ കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് പോയി  ഒത്തനടുവിലായി ഒന്ന് മേടിയിട്ടു വരും. മഷിപുരണ്ട റിബ്ബണിൽ പതിക്കുന്ന അടി മറുവശത്തു വെച്ച പേപ്പറിൽ അക്ഷരങ്ങളായി പതിയും. വലിയ അക്ഷരം പതിയണമെങ്കിൽ Z എന്ന അക്ഷരത്തിന്റെ അയൽവാസിയായ ബട്ടൺ താഴോട്ട് താഴ്ത്തി പിടിക്കണം. അത് വീണ്ടും റിലീസ് ചെയ്‌താൽ ചെറിയ അക്ഷരം വീണ്ടും പതിയും. സാമി കന്നഡ ചുവയുള്ള മലയാളത്തിൽ  എന്നോട് പറഞ്ഞു. അടുത്ത ലൈനിലേക്ക് വരാനോ ? അതിന് പറഞ്ഞ മറുപടി പറഞ്ഞത് ഇതൊക്കെ കണ്ടും കേട്ടും   പിന്നിൽ നിൽക്കുകയായിരുന്ന എന്റെ ആ നാട്ടുകാരനായിരുന്നു  - ''ആ സോൺട്ടെനെ ബൽത്തോട്ടേക്ക് ബെലിക്ക്റാ ...'' സാമി നല്ല സബൂറുള്ള മനുഷ്യനായത് കൊണ്ട് ഒന്നും പറഞ്ഞില്ല.

കുറച്ചു കഴിഞ്ഞു നമ്മുടെ സൗകൂജേഷ്ഠശ്രീ വിയർത്തു കുളിച് ഒരു യുദ്ധം ചെയ്തത് പോലെ ഇറങ്ങി പോകുമ്പോൽ എന്നോട് പറഞ്ഞു. ''അസ്‌ലമേ ...ഈഡ്ത്തെ ഒരീ മെസീനും സെരിയില്ലറാ.  പൈസ കൊടുത്തെ മൊതലാവേലാ....'' ( ഒന്ന് രണ്ടു മാസം കഴിഞ്ഞു വില്ലേഴ്‌സ് പമ്പിലെ പെട്രോൾ അണ്ടയിൽ വെയിസ്റ്റ് മെറ്റേരിയൽ കുടുങ്ങിയത് എടുക്കാൻ ഈ കഥാപാത്രം ഉപയോഗിക്കുന്ന  വസ്തു കണ്ടപ്പോൾ ഞാൻ ഞെട്ടി - ശാരദാ ടൈപ്പിങ് മെഷീനിൽ നിന്ന് ഊരിയെടുത്തു കൊണ്ട് വന്ന ഒരു ''എല്ലി''ൻ കമ്പികഷ്ണം !. ഇങ്ങിനെയൊക്കയാണ് കൊടുത്ത പൈസയ്ക്ക്  പുള്ളി മൊതലാക്കിയതെന്നു അന്നാണ് മനസ്സിലാക്കിയത്. )

സാമിയും ഇവരൊക്കെ പറയുന്നത് പോലെ തന്നെ  ഒരു മാതിരി കഞ്ഞിയായിരുന്നു. റിബ്ബണിൽ അധികവും മഷി ഉണ്ടാകില്ല. പേപ്പറും ലോ ക്വാളിറ്റി ആയിരിക്കും. അതിലാണെങ്കിൽ  തുള വീണ് അക്ഷരം പതിയില്ല. മിക്ക അക്ഷരങ്ങളും അട്ടിക്കട്ടി  വീണ് വായിക്കാൻ പോലും പറ്റില്ല. Type writer Basix Original Typewriter Font എന്നും പറഞ്ഞു ഒരു എഞ്ചുവടി പോലെയുള്ള ബുക്ക് അവിടെ  ഉണ്ട്. അതൊക്കെ ചട്ട കീറി അലങ്കോലമായിരിക്കും. അന്നന്ന് എന്താണ് ടൈപ്പ് ചെയ്യേണ്ടതെന്ന് അതിലെ ഓരോ പേജിലും ഉണ്ടാകും. പക്ഷെ അതും വായിക്കാൻ പറ്റുന്ന രൂപത്തിലല്ല. ശാരദ സെന്ററിൽ ഇതൊന്നും   ഉണ്ടായിട്ടും കാര്യമില്ല. ഒന്നാമത് അവിടെയുള്ള  മെഷിനുകൾ അധികവും നമ്മോട് സഹകരിക്കില്ല. അവിടെ ഇരുന്ന് പഠിച്ചവൻ അപ്പർ പോയിട്ടു ലോവർ പരീക്ഷ വരെ എഴുതിയി ജയിച്ചിട്ടുണ്ടാകുമോന്ന് എനിക്ക് സംശയമാണ്.

 ഇതൊക്കെ അടിച്ചു പരുവമാക്കി അരമണിക്കൂർ കഴിഞ്ഞു സാമിയുടെ അടുത്ത് കൊണ്ട് പോയാൽ ആശാന്റെ ഒരു നീട്ടിയുള്ള ശരി വരയ്ക്കൽ ഉണ്ട്. അതോടെ എല്ലാ ദേഷ്യവും തീർന്നു കുട്ടികളുടെ  മുഖത്തൊരു സന്തോഷം വിരിയും. Dear Sir, proceed immediately to the back platform of the train , yours truly, GEORGE JOHNSON  ഓഹ് ഇതൊന്നു ടൈപ്പ് ചെയ്യാൻ ഞാൻ പെട്ട പാട് ഇവിടെ എഴുതി തീരില്ല. ഒരു ദിവസം ഞാൻ ഫുള്ളായി ഇരുന്നു എന്റെ പേരൊന്നു മുഴുവനായി ടൈപ്പ് ചെയ്യാൻ. അന്ന് ഞാൻ വെറും മുഹമ്മദ് അസ്‌ലം പി.എം. ആയിരുന്നല്ലോ. (എന്റെ സനുവൊക്കെ അതിലെത്രയോ ഭാഗ്യവാനാണ്, സ്‌കൂൾ വിടും മുമ്പേ പേരിന്റെ കൂടെ മാവിലയും വീണു )

അന്നൊക്കെ നടന്നു പോകുമ്പോഴും കൈവിരൽ ASDF, semicolon LKJ ഇങ്ങിനെ വായുവിൽ മുദ്ര കളിച്ചോണ്ടിരിക്കും.  ഇന്നും ശരിയാകാത്തത് Q Z എന്നീ  അക്ഷരങ്ങളാണ്. Q വിലേക്ക്  ചെറുവിരൽ പോകുമ്പോൾ  അറിയാതെ ചൂണ്ടു വിരൽ F ൽ പതിയും , Zലേക്ക്  മോതിര വിരൽ പോകുമ്പോൾ A യുടെ പിടുത്തം വിടും. അതോടെ കമ്പി രണ്ടു ഭാഗത്തു നിന്ന് വീണ് നമുക്ക് പണി തരും.  നമ്മുടെ സൗകൂ പറയാറുള്ളത് പോലെ  ''ടൈഫ്രി''ങ് ഒരി ചൊറെന്നെപ്പാ''. അന്ന്  പഠിക്കാൻ പോയവനേ അതിന്റെ ബുദ്ധിമുട്ട് അറിയൂ.    ടൈഫ്രിങ്ങിന്റെ പേര് പറഞ്ഞു കൃഷ്ണാ ടാക്കീസും മിലൻ ടാക്കീസും സ്ഥിരം സന്ദർശനം നടത്തിയിരുന്ന വിദ്വാന്മാർ വരെ അന്ന്  ഉണ്ടായിരുന്നു.

പെണ്ണുങ്ങളോടൊക്കെ  മോൻ എവിടെപ്പോയെന്നു ചോദിച്ചാൽ - ''പത്തിലെ പരീചെ കയിഞ്ഞി, ഇപ്പൊ ചെക്കന്  ടൈപ്ലിങ്ങിന് കാഞ്ഞര്ട്ടേക്ക് പോന്നെ ഇണ്ട്.'' എന്നായിരിക്കും ഉരുളക്കുപ്പേരി പോലെ  മറുപടി വരിക.  ചില പെണ്ണുങ്ങൾ ''ടൈപ്ലി'' എന്ന് മാത്രം പറഞ്ഞു നിർത്തും.

Wednesday, September 7, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ / (മാവിലേയൻ ) 07-Sep-2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ

(മാവിലേയൻ )

പത്താംക്ലാസ്സ് പരീക്ഷയ്ക്കടുത്തു. ഫിബ്രവരിയുടെ അവസാനം വരെ ഞങ്ങൾക്ക് ക്‌ളാസ്സുണ്ട്. പത്താം ക്‌ളാസ്സ് പരീക്ഷയും ഒരുമാതിരി  തിരക്ക് പിടിച്ച  ഏർപ്പാട് പോലെയായിരുന്നു. ദിവസത്തിൽ രണ്ടെണ്ണം വെച്ചായിരുന്നു പരീക്ഷകൾ. ഒരു ബുധനാഴ്ച തുടങ്ങും അടുത്ത ബുധനാഴ്ച തീരും. ഇടയ്ക്ക് ഒരു ശനിയും ഞായറും ഒഴിവ്.

ഇന്നത്തെപോലെ സ്‌പെഷ്യൽ ക്‌ളാസ്, സായാഹ്നാക്‌ളാസ്,  നിശാക്ലാസ്സ് അങ്ങിനെയുള്ള ഏർപ്പാട് തന്നെ അന്ന് ഇല്ല. അത്ര നല്ല സാറമ്മാരും  സാറത്തികളുമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്.  കളിച്ചു നടക്കേണ്ട ദിവസങ്ങളിൽ പഠിപ്പിച്ചു വെറുപ്പിക്കാൻ അവർ ഒരിക്കലും ഒരുക്കമല്ലായിരുന്നു. (സ്‌പെഷ്യൽ ക്ലാസിനെ പറയുന്നത് തന്നെ  ''ജോറെ ഒരി ചാഇന്റെ ഗ്ലാസ്സ്'' എന്നായിരുന്നു )  അങ്ങിനെ ആണ്ടറുതിക്ക്  വല്ല ഹലാക്കിന്റെ സ്‌പെഷ്യൽ ക്‌ളാസ് ഉണ്ടെങ്കിൽ ആ ജാതി ക്ലാസ്സ് ഒഴിവാക്കാൻ ഞങ്ങളെക്കാളും മുൻപന്തിയിൽ ചില സൗകുമാരുടെയും കുൽസുമാരുടെയും പിതാശ്രീകൾ  ഉണ്ടാകും.

''ഏത് മാഷ്‌ട്രാ .....? ''  ഇന്ന സാറാണ് സ്‌പെഷ്യൽ ക്‌ളാസ്സ് പ്ലാനിട്ടതെന്ന് ദൂരെ നിന്ന് ആരെങ്കിലും  ചൂണ്ടികാണിച്ചു കൊടുക്കും.   പിതാശ്രീയോ പിതൃ സഹോദരശ്രീയോ ജ്യേഷ്ഠശ്രീയോ ആരാണ് വന്നത് അവർ  ആ സാറിന്റെ അടുത്ത് പോയി ഒരു ഡയലോഗുണ്ട്.

''എന്ത് മാഷ്ട്രേ ..... പെസൽ ഗ്ളാസ്സ് ? പേരോർത്തിന്റെ തേര്ക്കല്ലോ ഇപ്പോ,  അദൊന്നും കയ്യാ....നിങ്ങക്ക് പോദ്ച്ചെ പോലെ  ലീവിന് പോവ്വാനും റജെ  ഇള്ള നാൾല് പെസൽ ഗ്ളാസ് എട്ക്കാനും ...  ഒയിഞ്ഞിള്ള നാള്ന്നേ ഈറ്റിങ്ങോ സാലെക്ക്ബെര്ന്നെ ജാസ്തി.....''

തെക്കൻമാഷന്മാർക്ക് ഈ പറഞ്ഞതിന്റെ മുഴുവൻ മഹാന അറിയില്ലെങ്കിലും പറയുന്ന സ്റ്റൈലും നോക്കുന്ന നോട്ടവും കണ്ടാൽ അവറ്റങ്ങളും മനസ്സിലാക്കും സ്‌പെഷ്യൽ ക്‌ളാസ്സ് എടുക്കുന്നതിൽ പിള്ളാരെക്കാളും കൂടുതൽ എതിർപ്പ് ഇവന്മാരുടെ പിതാ-ജേഷ്ഠ ശ്രീകളെന്ന്.  ''ലെവന്മാർക്ക് വേണ്ടെങ്കിൽ നമക്കെന്ത് ച്യാതം'' എന്ന മട്ടിൽ തെക്കൻമാഷന്മാർ അപ്പോൾ തന്നെ സംഗതി ക്യാൻസൽ ചെയ്യും.  അതിന്നിടയിൽ എന്നെപ്പോലുള്ള പഠിപ്പിസ്റ്റുകൾ അവരെ പിന്നാലെ കൂടി സ്‌പെഷ്യൽ ക്ലാസ്സ് കട്ട് ചെയ്തതിന്റെ ദുഃഖം അറിയിക്കുന്നതായും അഭിനയിക്കും. ( നേരെ ക്ലാസിൽ വന്നു  സൗകുമാരുടെ രക്ഷിതാക്കൾ വഴി പണ്ടാര സ്‌പെഷ്യൽ ക്‌ളാസ്സ് ഒടുങ്ങി കിട്ടിയതിന്റെ സന്തോഷം കൊണ്ട്   ഡസ്‌കിലിടിച്ചു   ആർമാദിക്കുന്നവരുടെ കൂടെ താളം പിടിക്കാനും ഉണ്ടാകും. ഇല്ലെങ്കിൽ ഇവന്മാരുടെ തെറി വേറെ കേൾക്കേണ്ടി വരും)

പക്ഷെ എന്നെപ്പോലുള്ളവർക്കേ സ്‌പെഷ്യൽ ക്ലാസ്സ് ഇല്ലെങ്കിലും വലിയ  കാര്യമുള്ളൂ. അതിന്കാരണമുണ്ട്.  എന്റെ വീട്ടിൽ പശു, മൂരി,  എരുമ, പോത്തു, ആട് മാടുകൾ ഇത്യാദി മിണ്ടാപ്രാണികൾ  ഒന്നുമില്ല.  ആകെ ഉള്ളത്  രണ്ടു പൂച്ചകൾ.  അതാണെങ്കിൽ എന്റെ ഉപ്പാന്റെ സ്വന്തം ആളുമാണ്.   ഉപ്പ ചോറും മീൻ കഷ്ണവും  കൊടുത്താലേ അവറ്റങ്ങൾ  മനസ്സ് നിറഞ്ഞു തിന്നുകയുമുള്ളൂ. അത്രയ്ക്കും അഹങ്കാരമാണ് അവറ്റകൾക്ക്.  എന്നെയാണെങ്കിൽ  ആ പൂച്ചകൾക്ക് എന്തോ   കണിയും കണ്ടിരുന്നില്ല.    അതുകൊണ്ട് എന്റെ   അടുത്ത് നിന്നും തിരിച്ചു  അങ്ങോട്ടും അത്രയൊക്കെ തന്നേ ഇവറ്റങ്ങളോട്  സ്നേഹം ഉണ്ടായിരുന്നുള്ളൂ.

കന്നുകാലികൾ എന്റെ വീട്ടിൽ ഇല്ലാത്തത് കൊണ്ട്   ഒഴിവ് ദിനങ്ങളിൽ  പുല്ലരിയൽ, ബാർവലെ ബാരൽ,  ബൈയ്പ്പണ നിറയ്ക്കൽ പരിപാടി എനിക്ക് ഉണ്ടാകാറില്ല. (പുല്ലരിയലിനെ കുറിച്ച് ഞാൻ മുമ്പൊരിക്കൽ എഴുതിയിരുന്നു ). പക്ഷെ ഇങ്ങിനെ കിട്ടുന്ന  ഒഴിവ് ദിനങ്ങളിൽ എന്റെ പ്രധാന പരിപാടി കടയംകല്ലിൽ കമഴ്ത്തി വെച്ച തേങ്ങാ മുറി കട്ടെടുത്തു കടിച്ചു തിന്നുക,  കത്തിയുടെ വക്ക് കൊണ്ട്  പൂളാക്കി തിന്നുക എന്നതൊക്കെയിരുന്നു. അതിനു ആനുപാതികമായോ അതിൽ കൂടുതലോ ഉമ്മാന്റെ കയ്യിന്നു പിടിപ്പത് അടിയും ഞാൻ ഇരന്നു വാങ്ങിക്കും. ഇങ്ങിനെ എനിക്ക്  അടി കിട്ടുകിട്ടുന്നതിൽ   പെങ്ങന്മാരുടെ ചെറുതല്ലാത്ത  സംഭാവനയുമുണ്ട് എന്ന് കൂട്ടത്തിൽ പറയട്ടെ.  തേങ്ങ ചിരണ്ടി തിന്നുമ്പോഴാണ് ഈ മഹതിമാർ ഉമ്മായ്ക്ക് രഹസ്യമായി കോഡ് ഭാഷയിൽ റിപ്പോർട്ട് കൊടുക്കുന്നത്. ചിരണ്ടുമ്പോൾ അതിന്റെ ശബ്ദം കേൾക്കാതിരിക്കാൻ ഞാൻ വെറുതെ ''ആരണ്യം തന്നിൽ പിടിപെട്ടിതു വഹ്നിദേവൻ , കരഞ്ഞു തുടങ്ങിനാൽ ജനിത താനുമപ്പോൾ'' എന്ന വിഷാദ ഗാനം (പദ്യം) കേക വൃത്തത്തിൽ പാടും. അത് കേൾക്കുമ്പുഴേക്കായിരിക്കും  ഉമ്മയും പരിവാരങ്ങളും എത്തുക. ശോക സംഗീതത്തിനിടക്കുള്ള നാളികേര ചെരണ്ടൽ  പ്രക്രിയയ്ക്ക് അതോടെ  വിരാമം കുറിക്കും.

എസ്എസ്എൽസി പരീക്ഷയ്ക്ക് അടുത്തു. ഞങ്ങൾ സ്റ്റഡി ലീവിലാണ്. അപ്പോഴാണ് അറിഞ്ഞത് ചില സൗകുമാർ പഠനം മരത്തിനു മുകളിലാക്കിയിട്ടുണ്ടെന്ന്. എന്റെ വീട്ടിനു ഏതാനും വാര അകലെയുള്ള  പണ്ടാരവീട്ടിനു  തെക്കുവശത്തായി മതിലിനു പുറത്തേക്ക് ചാഞ്ഞു വീണുകിടക്കുന്ന പറങ്കിമാവാണ്  കാറ്റും കൊണ്ട് പുസ്തകം വായിക്കാൻ ഞങ്ങളൂടെ ഭാഗത്തു നിന്നുള്ളവർ തെരഞ്ഞെടുത്തത്.  എന്റെ കൂട്ടുകാരായ  മൂന്നു-നാല്  സൗകുമാർ അതിൽ  സ്ഥിരം തൂങ്ങുന്ന  വവ്വാലുകളാണ്. ഇടയ്ക്കിടക്ക് പണ്ടാരവീട്ടിലെ കുഞ്ഞിമാളു'അമ്മ വരും. അവർ വരുന്നത് ഞങ്ങൾക്ക് ദൂരെ നിന്ന് കാണാം. ഞങ്ങളുടെ കൂട്ടത്തിലെ തന്നെ  ചില കണ്ണുകടിക്കാർ  മരത്തിൽ തൂങ്ങിയുള്ള പഠനം ഇഷ്ടപ്പെടാത്തവരായി  ഉണ്ടായിരുന്നു. അതിൽ സൗകുമാർ മാത്രമല്ല, ചില മിണ്ടാപൂച്ചകളായ കുൽസുമാരും ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത് . അവർ നേരിട്ട് പോയി പറയുന്നതിന് പകരം അനിയന്മാരെയോ മറ്റോ അങ്ങോട്ട്  പണ്ടാരവീട്ടിലേക്ക് പറഞ്ഞു  അയച്ചാണ് പരാതി ബോധിപ്പിക്കുന്നത്. അത് കൊണ്ട് ആരാണ് ഈ അഞ്ചാംപത്തികൾ എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു.

ഞാൻ ആദ്യ ദിവസത്തെ  മരം കയറ്റത്തോടെ നിർത്തുകയും ചെയ്തു - ഊർന്ന് ഇറങ്ങുമ്പോൾ വയർ മൊത്തം തൊലി നീങ്ങിയിതായിരുന്നു പ്രധാന കാരണം. അതിനുള്ള അടി വീട്ടിന്ന് അപ്പോൾ തന്നെ ചൂടോടെ വാങ്ങുകയും ചെയ്തു. (അതൊന്നും ഞാൻ പിന്നേയ്ക്ക് വെക്കാറില്ല, അപ്പപ്പോൾ വാങ്ങുക  ).  അന്നത്തെ ഒറ്റമൂലിയായിരുന്ന കമ്മ്യൂണിസ്റ്റ് അപ്പ യഥേഷ്ടം നാട്ടിൻപുറത്ത്  തഴച്ചു വളർന്നിരുന്നത് കൊണ്ട് ഒരു മാതിരി പുണ്ണുണങ്ങാനൊന്നും  വേറെ മരുന്നും വേണ്ടായിരുന്നു. ഈ കമിനിഷ്ട് ചപ്പലെ രണ്ടു ഉള്ളം കയ്യിന്റെ വെള്ള കൊണ്ട് തടവി ഉരച്ചു കിട്ടുന്ന ഒരു തരം ഹരിത ദ്രാവകം മുറിവും ചതവും ഉള്ള സ്ഥലത്തേക്ക് ഇറ്റിറ്റു വീഴുമ്പോൾ ...ഊഫ്....യപാ ...  എന്ത് കത്തൽ മോനേ .....

സൗകുമാരുടെ മരം കയറ്റത്തിൽ  പണ്ടാരവീട്ടുകാർക്ക്ദേഷ്യം വരാൻ വേറെയും കാരണമുണ്ട്. ചില സൗകുമാർ പറങ്കി മാവിന്റെ ചില്ലകൾ ഒടിച്ചിടാൻ തുടങ്ങി. ഇത് ബാബേട്ടന്റെ ശ്രദ്ധയിൽ പെടുകയും ചെയ്തു. ബാബേട്ടൻ മക്കളായ സുരേസൻ, ബാസ്കരൻ ഇവരിലാരെയെങ്കിലും പരിസരം വീക്ഷിക്കാൻ ബാബേട്ടൻ അയക്കും. അവർ വീട്ടീന്ന് വള്ളിനിക്കറുമിട്ടു ഗോളീന്റെ അടിയിലേക്ക് എത്തുമ്പോഴേക്കും മരംചാടി സൗകുമാർ ചടപടാന്ന് ഇറങ്ങി ഓടും.
 ''അപ്പാ ഇപ്പ്യോ ബന്നിന് ...ചപ്പലെ തേച്ചും ബൂൺട്ടുണ്ടു''.
അതിൽ ഒരുത്തൻ നീട്ടി വിളിച്ചു പറയും. അതോടെ ബാബേട്ടൻ കാഞ്ചിപ്രാക്കുമിട്ടു ഇങ്ങോട്ടു വരും. പിന്നാലെ കുഞ്ഞിമാളു അമ്മയും.
ഇറങ്ങി ഓടിയ സൗകുമാർ  തൊട്ടപ്പുറത്തുള്ള പാടത്തു ഒളിച്ചിരുന്ന് ബാബേട്ടന്റെയും കുഞ്ഞിമാളു അമ്മയുടെയും സംസാരം കേൾക്കും.  ഒരു ദിവസം ബാബേട്ടൻ കുഞ്ഞിമാളു അമ്മയോട് പറഞ്ഞു പോലും  ''ദേവർക്ക് എള്ക്കി'' എന്ന്.  പിന്നെ ഇവരൊക്കെ കൂടി  അതിന്റെ മഹാന അറിയാൻ വേണ്ടിയുള്ള  അന്വേഷണമായി.

അതോടെ മിക്ക സൗകുമാരുടെയും മരത്തിൽ കേറിയുള്ള പഠനം അതോടെ നിലച്ചു. അതിൽ ഒരു സൗകു മാത്രം ഇതൊന്നും ശ്രദ്ധിക്കാതെ കൂളായി അതേ മരത്തിൽ കേറുകയും ചെയ്യും , അവന്റെ സമയമാകുമ്പോൾ ഇറങ്ങി വരികയും ചെയ്യും. അതിലും രസം പ്രതീക്ഷിക്കാത്ത മാർക്കും അവനു എസ്‌ .എസ്.എൽ.സിക്ക് കിട്ടിയെന്നാണ്.

രണ്ടു ദിവസം കഴിഞ്ഞു എന്റെ  വീട്ടിൽ പതിവുപോലെ വെടിപറച്ചിലിനു എത്തിയ കുഞ്ഞിമാളു അമ്മയോട് എന്താണ് അതിന്റെ ഉദ്ദേശമെന്ന് ഒന്നും  അറിയാത്തത് പോലെ  ഞാൻ ചോദിച്ചു . പക്ഷെ ഉത്തരം കിട്ടിയത് തൊട്ടടുത്ത് പേനെടുത്തു കൊണ്ടിരിക്കുകയായിരുന്ന ഒരു   കുൽസൂന്റെ ഉമ്മയുടെ വായിന്നായിരുന്നു - സൈത്താന് എൾക്കീന്ന്''.