Friday, September 30, 2016

ടോബാ ടേക് സിങ് (കഥ)

ടോബാ ടേക് സിങ് (കഥ)
സാദത്ത്‌ ഹസന്‍ മന്‍ടോ
വിവര്‍ത്തനം: ആരിഫ് സെയ്ന്‍

വിഭജനം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷം പിന്നിട്ടപ്പോഴാണ്, സാധാരണ തടവുകാരെപ്പോലെ തന്നെ ചിത്തരോഗികളായ തടവുകാരെയും പരസ്പരം കൈമാറണമെന്ന് ഇന്ത്യയിലെയും പാകിസ്താനിലെയും സര്‍ക്കാറുകള്‍ക്ക് ബുദ്ധിയുദിച്ചത്. ഇന്ത്യയിലെ ചിത്ത രോഗികള്‍ക്കുള്ള തടവറകളില്‍ മുസ്‌ലിം ഭ്രാന്തന്‍മാരുണ്ടെങ്കില്‍ അവരെ പാകിസ്താനിലെത്തിക്കണം. പാകിസ്താനിലെ തടവറകളില്‍ ഹിന്ദു-സിഖ് ഭ്രാന്തന്‍മാരുണ്ടെങ്കില്‍ അവരെ ഇന്ത്യയുലുമെത്തിക്കണമെന്ന് ചുരുക്കം.

ഇതിലെ യുക്തി നിങ്ങള്‍ക്ക് പിടികിട്ടിയോ എന്തോ. എന്നാല്‍, നിര്‍ദേശം വന്നത് അപ്പുറത്തെയും ഇപ്പുറത്തെയും ഉന്നതാധികാരികളുടെ ഭാഗത്തു നിന്നാണ്.പലവുരു നടന്ന ഉന്നത തല സംഭാഷണങ്ങള്‍ക്കൊടുവില്‍ ഭ്രാന്തന്‍മാരെ കൈമാറാനായി ഒരു ദിവസം നിശ്ചയിക്കുകയും ചെയ്തു. കൂലങ്കഷമായ ചര്‍ച്ചകള്‍ വീണ്ടുമൊരുപാട് നടന്നു.
ഇന്ത്യയില്‍ തന്നെ തുടരാന്‍ തീരുമാനിച്ച ബന്ധുക്കളുള്ള മുസ്‌ലിം ഭ്രാന്തന്‍മാര്‍ക്ക് അവരോടൊപ്പം ഇന്ത്യയില്‍ തന്നെ കഴിയാം. ബാക്കിയുള്ളവരെ അതിര്‍ത്തിയില്‍ കൊണ്ടുപോയി വിടും. പാകിസ്താനിലുണ്ടായിരുന്ന മിക്കവാറും ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് പോയിക്കഴിഞ്ഞുരുന്നതിനാല്‍ പാകിസ്താനില്‍ ആരെ പാര്‍പ്പിക്കണം പാര്‍പ്പിക്കേണ്ട എന്നതിനെക്കുറിച്ചു അധികം ആലോചനകളൊന്നും വേണ്ടിവന്നില്ല. രാജ്യാതിര്‍ത്തികകത്തുണ്ടായിരുന്ന എല്ലാ സിഖ്-ഹിന്ദു ഭ്രാന്തന്‍മാരെയും പൊലിസ് സംരക്ഷണയില്‍ അതിര്‍ത്തിയിലെത്തിച്ചിരുന്നു.

കൈമാറ്റത്തിന്‍റെ വാര്‍ത്ത പരന്നതോടെ ലാഹോറിലെ ഭ്രാന്തന്‍ തടവുകാരെ പാര്‍പ്പിച്ചിരുന്ന കേന്ദ്രത്തില്‍ രസകരമായ പല സംഭവങ്ങളുമുണ്ടായി. മുടങ്ങാതെ ‘സമീന്ദാര്‍’ എന്ന ചൂടന്‍ പത്രം വായിച്ചിരുന്ന ഒരു മുസ്‌ലിം ഭ്രാന്തനോട് സഹ തടവുകാരാരോ ചോദിച്ചു, “മോല്‍ബീ സാബ്, ഈ പാക്കിസ്താന്‍ എന്നു വെച്ചാല്‍ എന്താണ്?” തെല്ലിട നേരത്തെ ഗാഢമായ ചിന്തക്കു ശേഷം അയാള്‍ മറുപടി നല്‍കി, “അറിഞ്ഞു കൂടേ, ഹിന്ദുസ്താനില്‍ ക്ഷൌരക്കത്തി നിര്‍മിക്കുന്ന ഒരു സ്ഥലത്തിന്റെ പേരാണത്.” ഉത്തരം കിട്ടാതെ നിന്നിരുന്ന വലിയ ഒരു പ്രശ്നത്തിന് പരിഹാരമായ സന്തോഷത്തോടെ കൂട്ടു കാരന്‍ തിരിച്ചു പോയി.
കുളിച്ചു കൊണ്ടിരുന്ന ഒരു മുസ്‌ലിം ഭ്രാന്തന്‍ ‘പാക്കിസ്താന്‍ സിന്ദാബാദ്’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച് കാല്‍ തെന്നി ബോധമറ്റ് നിലത്തു വീണു.

ചില ഭ്രാന്തന്മാര്‍ യഥാര്‍ഥത്തില്‍ ഭ്രാന്തന്മാരായിരുന്നില്ല. കൊലപാതകം പോലുള്ള കൊടും കൃത്യങ്ങള്‍ ചെയ്തതിന് ശേഷം ഉദ്യോഗസ്ഥന്‍മാര്‍ക്ക് കൈക്കൂലി കൊടുത്ത് ബന്ധുക്കള്‍ അവരെ ചിത്ത രോഗികള്‍ക്കുള്ള തടവറയിലെത്തിച്ചതാണ്; കഴുമരത്തില്‍ നിന്ന് രക്ഷപ്പെടാന്‍.
വിഭജനമെന്താണെന്നും പാക്കസ്താന്‍ എന്താണെന്നുമൊക്കെ ഇവരില്‍ ചിലര്‍ക്ക് കുറച്ചൊക്കെ അറിയമായിരുന്നുവെങ്കിലും ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് ഇവര്‍ക്കും പിടിപാടൊന്നമുണ്ടായിരുന്നില്ല. പത്രങ്ങള്‍ വായിച്ചതില്‍ നിന്ന് ഒന്നും മനസ്സിലായതുമില്ല.

വാര്‍ഡര്‍മാരാണെങ്കില്‍ നിരക്ഷരരും. ഇത് സംബന്ധിച്ച് അവര്‍ക്ക് ആകെ അറിയാമായിരുന്നത്, മുഹമ്മദലി ജിന്ന എന്നൊരാളുണ്ട്, അദ്ദേഹത്തെ ഖാഇദെ ആസം എന്നു വിളിക്കുന്നു, അദ്ദേഹം മുസ്‌ലിംകള്‍ക്കു വേണ്ടി ഒരു പുതിയ രാജ്യമുണ്ടാക്കിയിരിക്കുന്നു, അതിന്റെ പേര് പാക്കിസ്താന്‍ എന്നാകുന്നു.. അതെവിടെയാണ്? അതെന്നു മുതല്‍ നിലവില്‍ വന്നു? ആര്‍ക്കുമറിഞ്ഞു കൂടാ. അവര്‍ ആകെ ആശയക്കുഴപ്പത്തിലായിരുന്നു, തങ്ങള്‍ പാകിസ്താനിലാണോ ഹിന്ദുസ്താനിലാണോ? പാകിസ്തനിലോ? അതെങ്ങനെ സംഭവിച്ചു? അല്‍പം മുമ്പ് ഇവിടെ താമസിച്ചു കൊണ്ട് തന്നെ തങ്ങളെല്ലാം ഹിന്ദുസ്താനിലായിരുന്നുവല്ലോ?

കൂട്ടത്തിലൊരു ഭ്രാന്തന്‍, പാകിസ്താന്‍, ഹിന്ദുസ്താന്‍ പാകിസ്താന്‍, ഹിന്ദുസ്താന്‍ എന്നു ചിന്തിച്ച് ചിന്തിച്ച് കൊടിയ ഭ്രാന്തനായി മാറി. നിലം അടിച്ചു വാരുന്നതിനിടയില്‍ ഒരു ദിവസം അയാള്‍ അടുത്തുള്ള മരത്തില്‍ പാഞ്ഞു കേറി സുരക്ഷിതമായ ഒരു കൊമ്പത്തിരുന്ന് പാകിസ്താന്‍ ഹിന്ദുസ്താന്‍ എന്ന ലോലമായ പ്രശ്നത്തെക്കുറിച്ച് രണ്ട് മണിക്കൂര്‍ നീണ്ട ഒരു കിടിലന്‍ പ്രഭാഷണം നടത്തി. വാര്‍ഡര്‍മാര്‍ വന്ന് ഇറങ്ങി വരാനാവശ്യപ്പെട്ടു; അയാള്‍ കൂടുതല്‍ മേലോട്ടു കയറി ഉറക്കെ വിളിച്ചു പറഞ്ഞു, “ആരെന്ത് പറഞ്ഞാലും ഞാന്‍ ഹിന്ദുസ്താനില്‍ തന്നെ ഉറച്ചു നില്‍ക്കും… പാക്കിസ്താനില്‍ പോകില്ലാ… ഈ മരത്തില്‍ നിന്ന് ഇറങ്ങുന്ന പ്രശ്നമേയില്ലാ...” കുറേ കഴിഞ്ഞ് അയാള്‍ ഇറങ്ങി വന്ന് തന്‍റെ ഹിന്ദു-സിഖ് കൂട്ടുകാരെ കെട്ടപ്പിടിച്ച് കരഞ്ഞു. താനും അവരോടൊപ്പം ഹിന്ദുസ്താനിലേക്ക് വരികയാണെന്നറിയിച്ചു.

മുസ്‌ലിം ലീഗിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്ന ചിന്‍യോട്ടുകാരനായ തടിച്ച മുസ്‌ലിം ഭ്രാന്തന്‍ ദിവസത്തില്‍ പത്തു പതിനാറ് തവണ കുളിച്ചിരുന്നത് പൊടുന്നനെ നിര്‍ത്തിക്കളഞ്ഞു. പേര് മുഹമ്മദലി. പേരിന്‍റെ ആനുകൂല്യം വെച്ച് താന്‍ ഖാഇദെ ആസം മുഹമ്മദ് അലി ജിന്നയാണെന്നയാള്‍ പ്രഖ്യാപിച്ചു. ഇതറിയാനിടയായൊരു സിഖ് ഭ്രാന്തന്‍ താന്‍ മാസ്റ്റര്‍ താരാ സിങ് ആണെന്നും പ്രഖ്യാപിച്ചു. അവര്‍ വക്കാണങ്ങളിലേര്‍പ്പെട്ടു. തര്‍ക്കം കയ്യാങ്കളിയിലെത്തുമെന്നായപ്പോള്‍, അപകടകാരികളായ തടവുകാര്‍ എന്നു പറഞ്ഞ് ജയിലധികൃതര്‍ അവരെ വെവ്വേറെ മുറികളിലാക്കി പൂട്ടി. പ്രേമ നൈരാശ്യം ഭ്രാന്തിലെത്തിച്ച ഒരു യുവ ഹിന്ദു വക്കീല്‍ അമൃത്സര്‍ ഇന്ത്യയാലാണെന്നറിഞ്ഞ് അത്യധികം ദു:ഖിച്ചു. അവിടത്തുകാരിയായ ഒരു പെണ്‍കുട്ടിയെയായിരുന്നു അയാള്‍ സ്നേഹിച്ചിരുന്നത്. അയാളെ ഒഴിവാക്കി അവള്‍ മറ്റൊരാളെ കല്യാണം കഴിച്ചിരുന്നുവെങ്കിലും ഭ്രാന്തിന്റെ ഊക്കില്‍ അയാള്‍ എല്ലാം മറന്നു കഴിഞ്ഞിരുന്നു. ഇന്ത്യയെ രണ്ട് കഷണമാക്കിയ ഹിന്ദു മുസ്ലിം നേതാക്കളെ മുഴുവന്‍ അയാള്‍ തെറി വിളിച്ചു. കാമുകി ഹിന്ദുസ്താനി, താന്‍ പാകിസ്താനി! ഇങ്ങനെയുണ്ടോ ഒരു വിഭജനം!

കൂട്ടു പുള്ളികളുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി താനും ഇന്ത്യയിലയക്കപ്പെടുമെന്ന് അയാള്‍ക്ക് ബോധ്യമായി. എന്നാല്‍ അവിടെയും പ്രശ്നം തലപൊക്കി; താന്‍ ലാഹോര്‍ വിട്ട് എങ്ങോട്ടുമില്ല. അമൃത്സറില്‍ തന്‍റെ പ്രാക്ടീസ് വേണ്ടത്ര വിജയം കാണില്ല എന്നയാള്‍ക്കുറപ്പാണ്.

യൂറോപ്യന്‍ വാഡിലെ രണ്ട് ആംഗ്ളോ ഇന്ത്യന്‍ ഭ്രാന്തന്‍മാര്‍ തിരക്കിട്ട ചര്‍ച്ചയിലാണ്; ഇന്ത്യ സ്വതന്ത്രയായെന്നും ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോവുകയാണെന്നും കേള്‍ക്കാനിടയായ പശ്ചാത്തലത്തിലാണ് ചര്‍ച്ച. ഇംഗ്ളീഷുകാര്‍ തിരിച്ചു പോകുന്ന സ്ഥിതിക്ക് ഇനി ഈ ജെയ്ലില്‍ യൂറോപ്യന്‍ വാഡ് ഉണ്ടാകുമോ, ബ്രെയ്ക് ഫാസ്റ്റ് കിട്ടുമോ, ബ്രേഡ് കിട്ടുമോ, അതോ ബ്ളഡി ഇന്‍ഡ്യന്‍ ചപ്പാത്തി കഴിക്കേണ്ടി വരുമോ തുടങ്ങിയ പ്രശ്നങ്ങള്‍ അവരെ ശരിക്കും അലട്ടി.

പതിനഞ്ച് വര്‍ഷമായി ഇതേ തടവറയില്‍ കഴിയുന്ന ഒരു സിഖ് ഭ്രാന്തനുണ്ട്. എപ്പോഴും അയാള്‍ വിചിത്രമായ വാക്കുകള്‍ ഉരുവിട്ടു കൊണ്ടിരിക്കും “…ഊപ്ഡി ഗിഡ്ഗിഡി ദ അനെക്സ് ദ ബേധ്യാന്‍ ദ ദാല്‍ ഓഫ് ദ ലാല്‍ടന്‍” രാത്രിയോ പകലോ ഉറങ്ങാറില്ല. വാര്‍ഡന്‍ പറഞ്ഞത് ശരിയാണെങ്കില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ഒരു നിമിഷം പോലും അയാള്‍ ഉറങ്ങിയിട്ടില്ല; കിടന്നിട്ടുമില്ല. വല്ലപ്പോഴും ചുമരില്‍ ചാരി നില്‍ക്കുന്നത് കാണാം. നിന്ന് നിന്ന് കാലില്‍ നീര് വന്നിരുന്നു. സഹ തടവുകാര്‍, ഇന്ത്യാ പാകിസ്താന്‍, തടവു പുള്ളികളുടെ കൈമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമ്പോള്‍ സാകൂതം കേട്ടുകൊണ്ടിരിക്കും. തന്‍റെ അഭിപ്രായം ചോദിക്കുന്നവരോട് തികഞ്ഞ അവധാനതയോടെ അയാള്‍ പറയും, “ഊപ്ഡി ഗിഡ്ഗിഡി ദ അനെക്സ് ദ ബേധ്യാന്‍ ദമംഗ് ദ ദാല്‍ ഓഫ് ദ പാക്കിസ്താന്‍ ഗവണ്‍മെന്‍റ്”. പിന്നീട് ഓഫ് ദ പാകിസ്താന്‍ ഗവണ്‍മെന്‍റ് എന്നത് ഓഫ് ദ ടോബാ ടേക് സിങ് ഗവണ്‍മെന്‍റ് എന്നായി മാറി. മറ്റു തടവുകാരോട് അയാള്‍ ചോദിച്ചു,

“ടോബാ ടേക് സിങ് എവിടെയാണ്?” പക്ഷേ തൃപ്തിയായി ഒരുത്തരം നല്‍കി അയാളെ സഹായിക്കാന്‍ ആര്‍ക്കുമായില്ല. അയാള്‍ സ്വന്തം ചിന്തയില്‍ നഷ്ടപ്പെട്ടു. സിയാല്‍കോട്ട് ആദ്യം ഇന്‍ഡ്യയിലായിരുന്നു, ഇപ്പോള്‍ കേട്ടു അത് പാകിസ്താനിലാണെന്ന്. ഇന്ന് പാകിസ്താനിലായ ലാഹോര്‍ നാളെ ഹിന്ദുസ്താനിലാവില്ലെന്നാരറിഞ്ഞു? ഇനി ഹിന്ദുസ്താന്‍ മുഴുവന്‍ പാകിസ്താനിലാകിലെന്നുണ്ടോ? ഹിന്ദുസ്താനും പാകിസ്താനുമെല്ലാം ഈ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകില്ലെന്ന് നെഞ്ചത്ത് കൈവെച്ച് ആര്‍ക്ക് പറയാനാകും?

കുളിക്കുന്ന പതിവില്ലാതിരുന്നത് കൊണ്ട് താടിയും മുടിയുമെല്ലാം ജട പിടിച്ച് ഒരു ഭീകര രൂപിയായി മാറിയിരുന്നുവെങ്കിലും ആള്‍ നിരുപദ്രവിയായിരുന്നു. പതിനഞ്ചു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും അയാള്‍ ആരോടെങ്കിലും കശപിശ കൂടുകയോ വക്കാണമേല്‍ക്കുകയോ ചെയ്തിട്ടില്ല. ജെയ്ലിലെ ഒരു പഴയ തൊഴിലാളി പറഞ്ഞാണറിയുന്നത്, ടോബാ ടേക് സിങ് ഒരു സ്ഥലപ്പേരാണ്, അവിടെ അയാള്‍ക്ക് ഒരുപാടേക്കര്‍ ഭൂമിയുണ്ട്. ഒന്നാം കിട ജന്മിയായിരുന്നു. പെട്ടെന്ന് തല തിരിഞ്ഞതാണ്. അന്നു തന്നെ വലിയ ഒരു ചങ്ങലയില്‍ കെട്ടിവരിഞ്ഞ് കുടുംബക്കാര്‍ ഇവിടെ കൊണ്ടു വന്നാക്കി തിരിച്ചു പോയി. മാസത്തിലൊരിക്കല്‍ അവര്‍ ജെയ്ലില്‍ വരും സുഖവിവരങ്ങളന്വേഷിക്കും തിരിച്ചു പോകും. അത്ര തന്നെ.

ബിഷന്‍ സിങ് എന്നാണയാളുടെ പേര്. എന്നാല്‍ മറ്റുള്ളവര്‍ അയാളെ വിളിക്കുക ടോബാ ടേക് സിങ് എന്നാണ്. മാസമേതാണ്, ദിവസമേതാണ്, എത്ര കാലമായി താനിവിടെ വന്നിട്ട് എന്നൊന്നും അയാള്‍ക്കറിഞ്ഞു കൂടാ. എന്നാല്‍ ബന്ധുക്കള്‍ കാണാന്‍ വരുന്ന ദിവസം ഒരു തരം സഹജ ബോധത്തിലെന്ന പോലെ അയാളറിയും. രാവിലെത്തന്നെ ദഫേദാറെ വിളിച്ചു പറയും “ഇന്ന് കുടുംബക്കാര്‍ വരും” പിന്നെ എണ്ണയും സോപ്പുമുപയോഗിച്ച് നല്ലവണ്ണം കുളിക്കും തുടര്‍ന്ന് സാധാരണ അണിയാറില്ലാത്ത വസ്ത്രങ്ങളുടുത്ത് ഒരുങ്ങിയങ്ങനെ കാത്തു നില്‍ക്കും. ബന്ധുക്കള്‍ വന്നാല്‍ അവരുടെ അടുത്ത് ചെല്ലും, അവര്‍ വല്ലതും ചോദിച്ചാല്‍ അയാള്‍ പറയും, “ഊപ്ഡി ഗിഡ്ഗിഡി ദ അനെക്സ്‌ ദ ബേധ്യാന്‍ ദ ദാല്‍ ഓഫ് ദ ലാല്‍ടന്‍”
അയാള്‍ക്കൊരു മകളുണ്ടായിരുന്നു. മാസത്തില്‍ ഒരംഗുലം എന്ന തോതില്‍ വളര്‍ന്ന് പതിനഞ്ചു വര്‍ഷം മുമ്പ് കുട്ടിയായിരുന്ന അവള്‍ ഒരു യുവതിയായിക്കഴിഞ്ഞിരുന്നു. കുട്ടിയായിരുന്നപ്പോള്‍ പിതാവിനെ കാണുമ്പോള്‍ തന്നെ അവള്‍ കരയുമായിരുന്നു; യുവതിയായിട്ടും മാറ്റമൊന്നുമില്ല.

പാകിസ്തനാന്‍ ഹിന്ദുസ്താന്‍ പ്രശ്നം സജീവമായത് മുതല്‍ അയാള്‍ എല്ലാവരോടും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, “ടോബാ ടേക് സിങ് എവിടെയാണ്? ഹിന്ദുസ്താനിലോ പാകിസ്താനിലോ?” തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെങ്കില്‍ അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കും. ആദ്യമാദ്യം ബന്ധുക്കളുടെ വരവ് അയാള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ അതും അറിയാറില്ല; മനസ്സിന്റെ ശബ്ദവും നിലച്ചതു പോലെ. പുതുതായി ജെയ്ലില്‍ വരുന്നവരോടൊക്കെ അയാള്‍ ചോദിക്കും, “ടോബാ ടേക് സിങ് എവിടെയാണ്? ഹിന്ദുസ്താനിലോ പാകിസ്താനിലോ?” വരുന്നവരൊക്കെ ടോബാടേക് സിങ്ങുകാരാണെന്നാണയാളുടെ വിചാരം.
താന്‍ ദൈവമാണെന്നവകാശപ്പെട്ടിരുന്ന ഒരു ഭ്രാന്തനുണ്ടായിരുന്നു ജെയ്ലില്‍. അയാളോട് ബിഷന്‍ സിങ് ഒരു ദിവസം ചോദിക്കുക തന്നെ ചെയ്തു, “ടോബാ ടേക് സിങ് എവിടെയാണ്? ഹിന്ദുസ്താനിലോ പാകിസ്താനിലോ?” ഭ്രാന്തന്‍ (സാധാരണ പോലെത്തന്നെ) ഉറക്കെ ചിരിച്ചു. പിന്നെ പറഞ്ഞു, “അത് പാകിസ്താനിലുമല്ല, കാരണം നാം ഇതു സംബന്ധിച്ച് ഒരു കല്‍പനയും ഇതുവരെ പുറപ്പെടുവിപ്പിച്ചിട്ടില്ല.”
അയാളോട് ബിഷന്‍ സിങ് പലതവണ അപേക്ഷാ സ്വരത്തില്‍ പറഞ്ഞതാണ്. പെട്ടെന്ന് ഒരു തീരുമാനമെടുത്ത് കല്‍പന പുറപ്പെടുവിക്കുകയാണെങ്കില്‍ ഈ അനിശ്ചിതാവസ്ഥ തീര്‍ന്നു കിട്ടുമെന്ന്. എന്നാല്‍ അപ്പോഴൊക്കെ ഉടനെ തീരുമാനമെടുക്കേണ്ടുന്ന നൂറുനൂറു പ്രശ്നങ്ങള്‍ തന്‍റെ മുമ്പില്‍ കിടക്കുന്നുണ്ട് എന്നായിരുന്നു അയാളുടെ മറുപടി. ഈ മറുപടി കേട്ട് സഹി കെട്ട് ബിഷന്‍ സിങിന് കലി കയറി അയാള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, “ഊപ്ഡി ഗിഡ്ഗിഡി ദ അനെക്സ്‌ ദ ബേധ്യാന്‍ ദ ദാല്‍ ഓഫ് വാഹ് ഗുരുജീ കീ ഫതേഹ് ജോ ബോലെ സോ നിഹാല്‍ സത് ശ്രീ അകാല്‍.” നിങ്ങള്‍ മുസ്ലിംകളുടെ ദൈവമാണ്, സിഖുകാരുടെ ദൈവമായിരുന്നുവെങ്കില്‍ ഞാന്‍ പറഞ്ഞത് കേട്ടേനെ എന്നായിരിക്കാം ഒരു പക്ഷേ അയാള്‍ പറഞ്ഞതിനര്‍ഥം.

കൈമാറ്റത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ബിഷന്‍ സിങിന്‍റെ ഒരു പഴയ കൂട്ടുകാരന്‍ അയാളെ കാണാനായി വന്നു. മുമ്പൊരിക്കലും അയാളവിടെ വന്നിട്ടില്ല. അയാളെ കണ്ടതും ബിഷന്‍ സിങ് മുഖം തിരിച്ചു കളഞ്ഞു. വാഡര്‍മാര്‍ ചേര്‍ന്ന് അയാളെ അനുനയിപ്പിച്ചു, ഇയാള്‍ നിങ്ങളെ കാണാനായിട്ടാണിവിടെ വന്നത്; നിങ്ങളുടെ പഴയ സ്നേഹിതന്‍ ഫസ്ല്ദ്ദീന്‍.
ഫസ്ലുദ്ദീന്‍ മുമ്പോട്ടു ചെന്ന് അയാളുടെ തോളില്‍ കൈവെച്ചു. “കുറേ ദിവസമായി കാണണമെന്ന് വിചാരിക്കുന്നു. സമയം കിട്ടണ്ടേ, ഇപ്പോഴാ ഒരൊഴിവു കിട്ടിയത്. നിന്‍റെ ആള്‍ക്കാരൊക്കെ സുഖമായി ഹിന്ദുസ്താനിലേക്ക് പോയി. എന്നാലാകുന്ന എല്ലാ സഹായവും ഞാനവര്‍ക്ക് നല്‍കി. നിന്‍റെ മകള്‍ റൂപ് കൌര്‍...” അയാള്‍ എന്തോ പറയാനാഞ്ഞു, നിര്‍ത്തിക്കളഞ്ഞു.

“എന്റെ മകള്‍ റൂപ് കൌര്‍?” ബിഷന്‍ സിങ് ചോദിച്ചു.
“ങ്ഹാ… ങ്ഹാ… അവള്‍ക്കും സുഖം... അവളും സുരക്ഷിതമായി ഹിന്ദുസ്താനിലേക്ക് പോയി.” ഫസ്ലുദ്ദീന്‍ വിക്കി വിക്കിപ്പറഞ്ഞു “ങ്ഹാ.. പിന്നെ നീയും ഹിന്ദുസ്താനിലേക്കു പോവുകയാണെന്ന് കേട്ടു. എല്ലാവരോടും എന്‍റെ അന്വേഷണം പറയണം. ഭായി ബല്‍ബീര്‍ സിങിനോടും ഭായി കുല്‍വന്ത് സിങിനോടും എന്‍റെ അന്വേഷണം പറയണം... ബഹന്‍ അമൃത് കൌരിനോടും.. അവരോടൊക്കെ പറയണം ഫസ്ലുദ്ദീന്‍ ഭായി നിങ്ങളെയൊക്കെ എപ്പോഴും ഓര്‍ക്കാറുണ്ടെന്ന്. ബാല്ബീറിനോട് പറയണം അവന്‍ വിട്ടു പോയ രണ്ട് എരുമകള്‍ക്കും സുഖം തന്നെ. അവ രണ്ടും പെറ്റു, എന്താ ചെയ്വാ, കുഞ്ഞുങ്ങളിലോന്ന്‍ ചത്തു. അവനോട് ഇടക്കൊക്കെ എനിക്കെഴുതാന്‍ വേണ്ടി പറയണം. ഇതാ ഞാന്‍ നിനക്ക് കുറച്ച് പ്ലം കൊണ്ട് വന്നിരിക്കുന്നു."
കുറേ നേരം ദൂരെ ദൃഷ്ടിയൂന്നി ബിഷന്‍ സിങ് ചോദിച്ചു, “ടോബാ ടേക് സിങ് എവിടെയാണ്? ഹിന്ദുസ്താനിലോ പാകിസ്താനിലോ?”
“ഹിന്ദുസ്താനില്‍… അല്ല.. പാകിസ്താനില്‍…” അയാള്‍ വീണ്ടും വിക്കി.
“ഊപ്ഡി ഗിഡ്ഗിഡി ദ അനെക്സ്‌ ദ ബേധ്യാന്‍ ദമംഗ് ദ ദാല്‍ ഓഫ് ദ പാക്കിസ്താന്‍ ആന്‍ഡ് ഹിന്ദുസ്താന്‍ ഓഫ് ദര്‍ഫട്ടേ മുംഹ്” എന്ന് പിറുപിറുത്തു കൊണ്ട് അയാള്‍ തിരിഞ്ഞു നടന്നു.

പൊലിസുകാര്‍ ഹിന്ദുസ്താനിലേക്കയക്കേണ്ട തടവുകാരെ അതിര്‍ത്തിയിലെത്തിച്ചു. മേലധികാരികള്‍ തമ്മില്‍ രേഖകള്‍ കൈമാറി. കൈമാറ്റ പ്രക്രിയ ആരംഭിച്ചു. ഭ്രാന്തന്‍മാരില്‍ ചില്‍ വണ്ടിയില്‍ നിന്നിറങ്ങിയോടി; പിറകെ പൊലിസുകാരും. ചിലര്‍ ചിരിക്കുന്നു, ചിലര്‍ കരയുന്നു, ചിലര്‍ കണ്ണില്‍ കണ്ടവരെയൊക്കെ നോക്കി പുളിച്ച തെറി പറയുന്നു. സുരക്ഷിതമായ വാസ സ്ഥലങ്ങളില്‍ നിന്നിറക്കി തങ്ങളെ എവിടെ കൊണ്ടു പോകുന്നുവെന്ന് കൈമാറ്റത്തിന്‍റെ കഥയൊന്നുമറിഞ്ഞു കൂടാത്ത ഭ്രാന്തന്‍മാര്‍ ചോദിച്ചു കൊണ്ടിരുന്നു. “പാകിസ്താന്‍ സിന്ദാബാദ്, ഹിന്ദുസ്താന്‍ സിന്ദാബാദ്” അന്തരീക്ഷത്തില്‍ മുഴങ്ങി.
ബിഷന്‍ സിങിന്‍റെ ഊഴം. ബന്ധപ്പെട്ട ഓഫീസര്‍മാര്‍ അയാളുടെ പേര് രജിസ്റ്ററില്‍ ചേര്‍ത്തു. “ടോബാ ടേക് സിങ് എവിടെയാണ്? ഹിന്ദുസ്താനിലോ പാകിസ്താനിലോ?” ബിഷന്‍ സിങ് ചോദിച്ചു.
“പാകിസ്താനില്‍” ഓഫീസര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
ബിഷന്‍ സിങ് തിരിഞ്ഞോടി. ബാക്കി തടവുകാരോടൊപ്പം ചേര്‍ന്നു. പൊലിസുകാര്‍ അയാളെ പിടിച്ചു കൊണ്ടു വന്നു. അതിര്‍ത്തി കടത്താന്‍ ശ്രമിച്ചു. അയാള്‍ അനങ്ങാതെ അവിടെത്തന്നെ നിന്നു. “ടോബാ ടേക് സിങ് ഇവിടെയാണ്?” അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
“ഊപ്ഡി ഗിഡ്ഗിഡി ദ അനെക്സ്‌ ദ ബേധ്യാന്‍ ദമംഗ് ദ ദാല്‍ ഓഫ് ദ ടോബാ ടേക് സിങ് ആന്‍ഡ് പാകിസ്താന്‍”
പലരും പലതും പറഞ്ഞ് അയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ടോബാ ടേക് സിങ് ഇന്‍ഡ്യലാണ്. ഇനി അല്ല എങ്കില്‍ തന്നെ തിരിച്ചു കൊണ്ടു വന്നാക്കാം എന്നൊക്കെ. എന്നാല്‍ അതിനൊന്നുമയാള്‍ വഴങ്ങിയില്ല. പൊലിസുകാര്‍ ബലാല്‍ക്കാരമായി അയാളെ പിടിച്ചു കൊണ്ടു പോകുന്നതിനിടയില്‍ നീരു വന്ന് വീര്‍ത്ത കാല്‍ നിലത്തൂന്നി ഒരേ നിറുത്തം; ആരു വന്നാലും അയാളെ ഇളക്കാന്‍ കഴിയില്ല എന്ന പോലെ.
ആള്‍ അപകടകാരിയല്ലാത്തതിനാലാകണം ആരും കൂടുതല്‍ ബലം പ്രയോഗിച്ചില്ല. അയാളെ അവിടെത്തന്നെ വിട്ട ഉദ്യോഗസ്ഥര്‍ അവരുടെ ജോലി തുടര്‍ന്നു. സൂര്യനുദിക്കുന്നതിനു തൊട്ടു മുമ്പ് ബിഷന്‍ സിങിന്റെ തൊണ്ടയില്‍ നിന്ന് ഒരാര്‍ത്ത നാദം ഉയര്‍ന്നു പൊങ്ങി. നിലത്തു വീണതും ചലന രഹിതനായി.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഒരിക്കല്‍ പോലും ഉറങ്ങാത്ത മനുഷ്യന്‍ കണ്ണടച്ച് കിടക്കുന്നത് കാണാനായി അപ്പുറത്തു നിന്നും ഇപ്പുറത്തു നിന്നുമായി ഉദ്യോഗസ്ഥര്‍ ഓടിയെത്തി. ആ കമ്പി വെലിക്കപ്പുറത്ത് പാകിസ്താന്‍ ഈ കമ്പി വേലിക്കിപ്പിറുത്ത് ഹിന്ദുസ്താന്‍. ഇടയിലെ, ആരുടേതുമല്ലാത്ത പേരില്ലാത്ത സ്ഥലത്ത് ടോബാ ടേക് സിങ് കിടന്നു. 

No comments: