ഏറ്റവും കുറച്ചു ക്രികറ്റ് കളിച്ച ഒരു സാധുവായിരുന്നു ഞാൻ. കളി കാണാനും വേണ്ടേ ആൾക്കാർ. അതിലൊരാളായാണ് പിന്നീട് ഞാൻ എല്ലാവരുടെയും ഇടയിൽ അറിഞ്ഞിരുന്നത്. നാട്ടിൽ എവിടെ കളി ഉണ്ടെങ്കിലും പോകും. വീട്ടിന്നു വിടുകയും ചെയ്യും. കണ്ടീഷൻ ഒന്നേയുള്ളൂ. മഗ്‌രിബിന് മീത്തലെ പള്ളിക്ക് എത്തിക്കോളണം. ഇല്ലെങ്കിൽ പിന്നെ കളികാണൽ അതോടെ നിൽക്കും. അത് വളരെ ചിട്ടയോടെ അനുസരിച്ച മറ്റൊരു സാധുവായ മനുഷ്യനായിരുന്നു ഞാൻ. അതിനിടയിലാണ് എന്റെ അറം പറ്റിയ ഇംഗ്ലീഷ് വായന നാട്ടുകാരിൽ തെറ്റുധാരണയ്ക്ക് വക നൽകിയത്. ക്രിക്കറ്റ് കമന്ടറി പറയാൻ ഇവൻ, ഈ ഞാൻ തന്നെ മതിയെന്ന്. ഞാൻ എന്റെ ഒരു ദുർബ്ബല നിമിഷത്തിൽ അവരോട്സമ്മതിക്കുകയും ചെയ്തു.
കളി ക്രിക്കറ്റാണ്. ഇതെങ്ങനെയാണ് പറയുക. ഒരു എത്തും പിടിയുമില്ല. പ്രീഡിഗ്രിക്ക് ഉച്ച വരെയാണ് ഞങ്ങൾക്ക് അന്ന് ക്‌ളാസ്. രാവിലെ ഒമ്പത് മണിമുതൽ ഉച്ചയ്ക്ക് ഒരു മണി വരെ. പിന്നെ ഒരു മണിക്കൂർ ലൈബ്രറിയിൽ പത്ര വായനയാണ്. കൂടുതൽ ഇരിക്കാൻ അവിടെയുള്ള ഒരു കൊസ്രാക്കൊള്ളി ലൈബ്രേറിയൻ സമ്മതിക്കില്ല. മിക്ക ലൈബ്രറികളിലും ഇങ്ങനെയുള്ളവയാണ് ചാർജ് എടുക്കുക. മൂക്ക് കണ്ണട വെച്ച് ഇങ്ങിനെ കണ്ണടയ്ക്ക് പുറത്തേക്ക് കണ്ണിട്ടുകൊണ്ട് നമ്മളെ നോക്കിക്കൊണ്ട് ഉണ്ടാകും.
മറ്റന്നാളാണ് ക്രിക്കറ്റ് ടൂർണമെന്റ്. അന്ന് വെള്ളിയാഴ്ച ഞാൻ കണ്ണാടിപ്പള്ളിയിൽ ജുമുഅയും കഴിഞ്ഞു നേരെ തിരിച്ചു കോളേജിലേക്ക് തന്നെ മടങ്ങി. അതിനും കാരണമുണ്ട്. അന്ന് രാവിലെ ഞാൻ ലൈബ്രറിയിൽ കണ്ട ഒരു മാഗസിൻ ഉണ്ട്. സ്പോർട്സ് സ്റ്റാർ. അതിന്റെ ഒത്ത നടുവിലായിരുന്നു ഒരു മാണിക്കകല്ല് കണ്ടത്. അന്നത്തെ ഒന്നാം സീഡുകളായ ടെന്നീസ് താരങ്ങൾ ക്രിസ് എവർട്ടിന്റെയോ ഹന്നാ മാന്ഡലിക്കോവയുടെ കളർ ഫോട്ടോകളല്ല. മറിച്ചു ക്രിക്കറ്റ് കളിയുടെ ക്രീസും ഫീൽഡർസ് പൊസിഷനും വരച്ചുള്ള എമണ്ടൻ നടുപേജ്. ഇപ്പോൾ മനസ്സിലായല്ലോ ഞാനെന്തിനാണ് തിരിച്ചു വന്നതെന്ന് ? അത് ഒന്നുകൂടി നോക്കാനല്ല, സന്ദർഭവും സാഹചര്യവും നോക്കി ആ നടുക്കണ്ടം പൊക്കണം. എന്നാലേ എനിക്ക് ഞായറാഴ്ച കമന്ടറി ഉദ്ദേശിച്ച രൂപത്തിൽ പറയാൻ പറ്റൂ. ഈ ഫീൽഡർമാർ മൊത്തം നിരന്നിരിക്കുമല്ലോ, പക്ഷെ അത് എവിടെ എങ്ങിനെ ഏത് സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുള്ളതെന്ന് പറയേണ്ട ബാധ്യത കമന്ടറി പറയുന്നവന്റെയാണ്. അതൊക്കെ പഠിച്ചു വെക്കണമെന്ന് അറിഞ്ഞത് - അന്നൊക്കെ റേഡിയോയിൽ കേട്ടിരുന്ന ക്രിക്കറ്റ് കമന്ററി തന്നെ.
വലുതായി കളിച്ചിട്ടില്ലെങ്കിലും അന്ന് എനിക്ക് വലിയ ഇഷ്ടവുമായിരുന്നു ക്രിക്കറ്റ്. സുനിൽ ഗാവസ്കരായിരുന്നു എനിക്ക് അന്നും ഇന്നും ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരൻ. 1983ൽ ഇന്ത്യക്ക് ലഭിച്ച പ്രൊഡ്യുൻഷ്യൽ ക്രിക്കറ്റ് ലോക കപ്പ് കളിയൊക്കെ ഞങ്ങൾ കേട്ടിരുന്നത് റേഡിയോവിൽ കൂടിയായിരുന്നു. അന്ന് ഇന്ത്യയ്ക്ക് ലോകകപ്പ് ലഭിച്ചപ്പോൾ നേരം വെളുക്കാൻ വേണ്ടി ഞങ്ങൾ അന്ന് കാത്തിരുന്നു - ആ വാർത്ത പത്രത്തിലൊന്നു നീണ്ടു വായിക്കാൻ. ഇന്ത്യയുടെ റോജർ ബിന്നിക്കായിരുന്നു ഏറ്റവും കൂടുതൽ വിക്കറ്റ് കിട്ടിയിരുന്നത്. കപിൽ ഉഗ്രൻ സെഞ്ചറി (170 പ്ലസ് ) നേടിയതൊക്കെ ആ സമയത്തെന്നു തോന്നുന്നു.
അന്നത്തെ മനോരമയുടെ ഒരു സബ് ടൈറ്റിൽ ''കപിലിന്റെ ചെകുത്താന്മാർ ലോകത്തെ ഞെട്ടിച്ചു'' എന്നോ മറ്റോ ആയിരുന്നു. ചെകുത്താൻ എന്ന പദത്തിന് ഇത്ര അംഗീകാരം കിട്ടിയ വേറൊരു സന്ദർഭം ഉണ്ടായിരുന്നില്ല. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും രാഷ്ട്രപതി സെയിൽസിംഗിന്റേയും നേതൃത്വത്തിൽ നടന്ന കൂറ്റൻ സ്വീകരണമൊക്കെ തുടർന്നുള്ള ദിവസങ്ങളിൽ വാർത്തകളായിരുന്നു. (തൊട്ടടുത്ത വർഷമാണ് ഇന്ദിര കൊല്ലപ്പെടുന്നത്).
അന്നൊക്കെ ഞങ്ങൾ പത്രം വായിക്കാൻ ആശ്രയിച്ചിരുന്നത് മദ്രസ്സിന്റെ അടുത്തുള്ള കാദർ ഹാജാർച്ചാന്റെ കടയാണ്. ജൂണിലോ മറ്റോ ആണെന്ന് തോന്നുന്നു ലോകകപ്പ്. പത്രം എല്ലാവര്ക്കും വായിക്കാനും പറ്റുന്നില്ല. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. അങ്ങിനെ ക്‌ളാസ് അദ്ധ്യാപകൻ ശശീന്ദ്രൻ മാഷിന്റെ നിർദ്ദേശപ്രകാരം എട്ടാം ക്ലാസ്സുകാർക്ക് മാത്രമായി അന്ന് മനോരമ പത്രം വരുത്താൻ തുടങ്ങി.
ശശീന്ദ്രൻ മാഷിന്റെ അഞ്ചു രൂപയും ഞങ്ങൾ മാസാമാസം സ്വരൂപിച്ചിരുന്ന ബാക്കി പൈസയും ചേർത്താണ് അന്ന് എട്ടാം ക്ളാസുകാർ പത്രം വാങ്ങിയിരുന്നത്. ഒന്ന് രണ്ടു സൗകുമാർ ഒമ്പതാം ക്ലാസ്സുകാർക്ക് ആസെ ആകാൻ വേണ്ടി അവരുടെ ജനലിന്റെ സൈഡിൽ കൂടി പത്രം കൊണ്ട് പോയി ഉറക്കെ വായിക്കും. അറിയാതെ എങ്ങാനും ഒമ്പതിലെ ഒരുത്തൻ പത്രത്തിന്റെ ഒരു ഷീറ്റ് വായിക്കാൻ ചോദിച്ചാൽ ഈ സൗകുമാർ കണ്ണിൽ ച്ചോരയില്ലാതെ പറയും - ''ബെണെങ്ക് പൈസ കൊടുത്തിറ്റ് മേങ്..ബണ്ണെ കിട്ടേല ''
ഞങ്ങൾ രാവിലെ പത്രം വായിക്കും. ശശീന്ദ്രൻ മാഷ് ഉച്ചയ്ക്കത് കൊണ്ട് പോകും, സ്റ്റാഫ് റൂമിൽ വായിക്കാൻ. ഉച്ചയ്ക്ക് ശേഷം അറ്റൻഡൻസ് എടുക്കാൻ അദ്ദേഹം വരുമ്പോൾ കയ്യിൽ ഇതേ പാത്രവുമുണ്ടാകും. ഞങ്ങൾ മനോരമ വാങ്ങിയിരുന്നത് കൊണ്ട് സ്‌കൂൾ അധ്യാപകർ മാതൃഭൂമി വാങ്ങിക്കും. സ്‌കൂളിന് താഴെയുള്ള കടയിൽ വല്ലപ്പോഴും പത്രം വന്നില്ലെങ്കിൽ ചിലപ്പോൾ ഞങ്ങളോട് മജൽ അദ്ലൻചായോ മമ്മദുനച്ചായോ പറയും - വൈകുന്നേരം പത്രം കൊണ്ട് പോകാൻ. അവരോട് ഒരിക്കലും ഞങ്ങൾ ''നോ''യും പറയില്ല. കാരണം ഞായർ, വെള്ളി ദിവസങ്ങളിലും ബാക്കിയുള്ള എല്ലാ വൈകുന്നേരങ്ങളിലും അവിടെയുള്ള വലിയ ഉപ്പും ചട്ടിയിൽ ചാരി നിന്ന് പത്രം വായിക്കുന്നവരായിരുന്നു ഞങ്ങളിൽ അധികം പേരും. ഞങ്ങൾക്കൊക്കെ പ്രത്യേക പരിഗണയും അവർ തന്നിരുന്നു.
അങ്ങിനെ ഞാൻ ജുമുഅ കഴിഞ്ഞു കോളേജിൽ മടങ്ങിയെത്തി. കൂട്ടുകാരൻ നൗഷാദിനെ കൂടെ കൂട്ടി. സജീവ കെ.എസ് . യു. (ഐ) പ്രവർത്തകൻ. അവന്റെ ജേഷ്ഠനാണ് അന്നത്തെ ജില്ലാ കേസ്.എസ്. യു. (ഐ ) പ്രസിഡന്റ് ജമാൽ. ആർ ടി ഒ യുടെ മകൻ കൂടിയാണ് നൗഷാദ്. എന്റെ ബാച്ച് മേറ്റായ നൗഷാദ് എന്നോട് പ്രത്യേക സ്നേഹം പ്രകടിപ്പിച്ചിരുന്നു. അതിനു കാരണം ഞാൻ അന്ന് കെ.എസ്. യു (സോഷ്യലിസ്റ്റ് ) അനുഭാവിയായിരുന്ന എന്നെ കെ.എസ് .യു. (ഐ) യിലേക്ക് ചാടിക്കണം. ക്‌ളാസിൽ ഒഴിവ് സമയങ്ങളിൽ രാഷ്ട്രീയം പറഞ്ഞു നൗഷാദ് വരുതിയിൽ കൊണ്ടുവരുന്നവരെയൊക്കെ എന്റെ ഊഴം കിട്ടുമ്പോൾ തിരുത്തുന്നത് അവനു തീരെ സഹിക്കുന്നില്ല. അതിന് അവനും അനിലും കണ്ട മാർഗ്ഗമാണ് കൂടെ കൂടി എന്നെ തന്നെ അവന്റെ ആളാക്കുക എന്നത്.
കൂട്ടത്തിൽ ചെറിയ ഒരു രാഷ്ട്രീയം കൂടി. (സഹിച്ചു ഇതും വായിച്ചേക്കുക ). അഡ്വ. വാമനകുമാർ ( (ഹൈക്കോടതി ക്രിമിനൽ വക്കീൽ & മുൻ ജൂനിയർ ചേംബറിന്റെ ദേശീയ പ്രസിഡന്റ്) ), ചന്ദ്രമോഹൻ ( മനോരമ കാസർകോട് സീനിയർ ലേഖകൻ ) ഇവരൊക്കെയായിരുന്നു അന്നത്തെ ഞങ്ങളുടെ കെ.എസ്. യു (സോഷ്യലിസ്റ്റ് ) നേതാക്കൾ. അവരുടെ തകർപ്പൻ പ്രസംഗങ്ങളായിരുന്നു അന്ന് ആ പാർട്ടിയിലേക്ക് എന്നെ ആകർഷിച്ചത്. സുകുമാർ അഴിക്കോട് സാറും അന്നൊക്കെ സോഷ്യലിസ്റ്റ് കോൺഗ്രസ്സ് ഫോറങ്ങളിൽ പ്രസംഗിക്കുമായിരുന്നു. അഡ്വ. എം. സി. ജോസ്, കടന്നപ്പള്ളി, എ. കെ. ശശീന്ദ്രൻ, പാമ്പൻ മാധവൻ, അനന്തൻ നമ്പ്യാർ ഇവരൊക്കെ അന്ന് കാസർകോട് കോപ്പറേറ്റിവ് ബാങ്കിന്റെ മുന്നിലുണ്ടായിരുന്ന ജില്ലാ കോൺഗ്രസ്സ് ഓഫിസിലെ സ്ഥിരം സന്ദർശകരായിരുന്നു.
ഞാൻ രണ്ടാം വർഷ പ്രീഡിഗ്രി പഠിക്കുമ്പോൾ എന്റെ അനുവാദമില്ലാതെ കെ. എസ് . യു. (എസ് ) താലൂക്ക് താലൂക്ക് സിക്രട്ടറിയാക്കിയത് കൊണ്ടും എന്നെ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് നിർബന്ധിച്ചു ഡമ്മിയായി നോമിനേഷൻ കൊടുപ്പിച്ചു അവസാനം വാക്ക് മാറി, പ്രധാന സ്ഥാനാർഥി സൂത്രത്തിൽ പത്രിക പിൻവലിച്ചു എന്നെ ആക്റ്റീവ്സ്ഥാനാർത്ഥിയാക്കിയതിലും പ്രതിഷേധിച്ചു ഞാൻ സജീവ പാർട്ടി പ്രവർത്തനം തന്നെ നിർത്തിക്കളഞ്ഞു. പക്ഷെ, അത് കഴിഞ്ഞും എം. സി. ജോസ്പാർട്ടി വിട്ടപ്പോഴോ മറ്റോ ജില്ലാ ഓഫീസ് സിന്റെ പേരിൽ ബഹളം നടന്നതും ചിലരെ ഓടിച്ചിട്ടടിച്ച കയ്‌പേറിയ അനുഭവവുമൊക്കെ ഇപ്പോൾ നിങ്ങളോട് ആദ്യമായി പങ്ക് വെക്കുകയാണ്. (എന്തൊക്കെ തന്നെയായാലും ഒരു കോൺഗ്രസുകാരൻ പക്ഷെ, ഇന്നുമെന്റെ മനസ്സിൽ എവിടെയൊക്കെയോ ഉണ്ട്.).
എന്ത് പറഞ്ഞാലും നൗഷാദ് എന്നെ കേൾക്കും. എന്നെ അവന്റെ പാർട്ടിയിലേക്ക്ചാക്കിട്ടു കൊണ്ടുവരാൻ അവൻ എന്തിനും തയ്യാറുമാണ്. ഞാൻ പറഞ്ഞു - ''എടാ നൗഷാദേ, എനിക്ക് ആ സ്പോർട്സ് വീ ക്കിലിയിലെ സെന്റർ പേജ് പൊക്കണം. ലൈബ്രേറിയന്റെ കണ്ണ് വെട്ടിക്കാൻ നിനക്ക് പറ്റുമോ ?''
അവൻ എന്നെ ഒന്ന് നോക്കി. ''ആദർശം പറയുന്ന നീ കക്കുകയോ ? ''
''ഇത് എനിക്ക് മാത്രം വേണ്ടിയല്ല. ഒരു ഗ്രാമം മൊത്തം എന്നെ കുറിച്ച് അന്ധവിശ്വാസത്തിലാണ്, എനിക്ക് നന്നായി ഇംഗ്ലീഷ് പറയാൻ അറിയുമെന്നും അതിലും നന്നായി ക്രിക്കറ്റ് കമന്ററി പറയാൻ പറ്റുമെന്നും !''
അവൻ എന്റെ ദയനീയ അവസ്ഥ കണ്ടു പറഞ്ഞു - ''രണ്ടു കഷ്ണം പേപ്പർ അല്ലടാ, നിനക്ക് മൊത്തം മാഗസിൻ തന്നെ വേണോ ? പോക്കാമല്ലോ. ഞാൻ പൊക്കിയിരിക്കും. ''
അതിനിടയിലും അവൻ ആന്റണി, കാർത്തികേയൻ, സുധീരൻ ഇവരെക്കുറിച്ചൊക്കെ എന്തൊക്കെയോ വിശേഷണം പറയുന്നുമുണ്ട്.
ഒരു പൂവിനു ചോദിച്ചപ്പോൾ പൂന്തോട്ടം തന്നെ ഓഫർ ചെയ്യുന്ന അവന്റെ നല്ല മനസ്സ് നോക്കി പറഞ്ഞു - ''പറ്റുമെങ്കിൽ പുസ്തകം തന്നെ പൊക്കിയാൽ അതിലും ഉഷാർ , കമന്ററി ഒന്നൂടെ ഉഷാറാകും.''
അങ്ങിനെ നൗഷാദ് മുന്നിലും ഞാൻ പിന്നിലുമായി ഞങ്ങൾ നേരെ ലൈബ്രറിയിൽ എത്തി.
''എന്താടോ പതിവില്ലാതെ വല്ല വീക്കിലിയും പൊക്കാനാണോ ? '' നൗഷാദിന്റെ വരവ് കണ്ടിട്ട് ലൈബ്രേറിയന്റെ ചോദ്യം അവനോട്. ആണ്ടറുതിക്ക് വല്ലപ്പോഴും ലൈബ്രറി കയറുന്ന നൗഷാദിന് ആ കമന്റ് വലിയ ഷോക്കായി. ശരിക്കും അവൻ പകുതിയായി. ഞാനാണെങ്കിൽ അത് കേട്ട് അറിയാതെ ചിരിച്ചും പോയി.
''ഇയ്യാളെ മറ്റേ സ്വഭാവം മാറില്ലെടാ.'' എന്ന് സ്വകാര്യമായി എന്നോട്പറഞ്ഞു അദ്ദേഹത്തിന്റെ അടുത്ത് ചെന്നു ഒരു ശുദ്ധ മനുഷ്യനെ പോലെ സൗമ്യമായി ഉദുമ സ്ളാങ്കിൽ നൗഷാദ് ചോദിച്ചു - (ഒച്ച വെച്ചാൽ പിന്നെ ഒരിക്കലും ലൈബ്രറിയിൽ വരാനും പറ്റില്ല, പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് കിട്ടാൻ ലൈബ്രറി ക്ലിയറൻസിനായി ഇയാളെ കാലും പിടിക്കേണ്ടിയും വരും ) -
''സാർ എല്ലാപ്പ്യോഉം ആ ഉദ്ദേസത്തിലെന്ന്യാ ഇവിടെ വരുന്നത് ? ''
''എല്ലാരും അല്ല, പക്ഷെ നീ ആ ഉദ്ദേശത്തിലാണെന്ന് കണ്ടാൽ അറിയാം. '' ആ കാഞ്ഞവിത്തിന്റെ മറുപടി .
''അസ്‌ലമേ പിന്നെ കാണാം. ആരെയും തെറ്റിദ്ധാരണ മാറ്റാൻ പറ്റില്ലെടാ .... '' അവൻ ദേഷ്യത്തിൽ കയ്യിൽ ഉള്ള ഒറ്റബുക്കും മടക്കിപ്പിടിച്ചു വലിയ കാലിൽ നീട്ടി വലിച്ചു പുറത്തിറങ്ങി. എന്നിട്ട് അയാൾ കാണാതെ പുറത്തെ ജനാലയിൽ കൂടി എനിക്ക് കഥകളിയിൽ കാണിച്ചു - '' നീ വീട്ടിൽ പൊക്കോ, ഈ മാരണത്തിന്റെ അടുത്ത്, നമ്മുടെ ഒരു നമ്പറും നടക്കില്ല, ഉള്ളത് വിവരം വെച്ച് കമന്ററി പറഞ്ഞാൽ മതി "
എനിക്ക് വാശി കൂടി. ഇത് കിട്ടുക തന്നെ വേണം. കാശ് കൊടുത്തു വാങ്ങാനും പൈസയില്ല. ഉണ്ടെങ്കിൽ തന്നെ ടൗണിൽ ഉണ്ടാകുമെന്ന് ഒരുറപ്പുമില്ല.
ഈ ലൈബ്രറിചേട്ടനാണെങ്കിൽ എന്നെ തന്നെ നോക്കുകയാണ്. ഞാൻ പത്രമൊക്കെ അവിടെ ഇരുന്നും നിന്നും വായിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു എന്റെ ഐഡന്റിറ്റി കാർഡ് കൊടുത്തു സ്പോർട്സ് സ്റ്റാർ അയാളോട് ചോദിച്ചു. കഷ്ടം അതവിടെയില്ല. അത് വേറൊരു കളി പ്രാന്തൻ എടുത്തു വായിക്കുകയാണ്. പിന്നെ നേരെ അവന്റെ അടുത്തു വന്നിരുന്നു. എന്റെ കഷ്ടപ്പാട് കണ്ടോ എന്തോ അവൻ എന്നോട് ചോദിച്ചു ''നോക്കണോ ?'' ഞാൻ ''ഹാന്ന്'' പറഞ്ഞു. അവൻ എന്ത് കൊണ്ടാണ് അങ്ങിനെയൊരു ബുദ്ധി തോന്നിയതെന്നറിയില്ല. എനിക്ക് തന്നിട്ട് പുള്ളിക്കാരൻ the hindu പത്രം വായിക്കാൻ തുടങ്ങി. ഞാൻ പുസ്തകം വാങ്ങിയപ്പോൾ തന്നെ അതിന്റെ ഒത്ത നടുവിലെ രണ്ടു പുറങ്ങളിലും പിടിച്ചു, പതിവിന് വിപരീതമായി വലത്തോട്ട് നിന്ന് ബാക്കി പേജുകൾ മറിക്കാൻ തുടങ്ങി.
ഇതൊന്ന് ആഞ്ഞു വലിച്ചാൽ ക്രിക്കറ്റ് ക്രീസ് കയ്യിൽ വരും. പക്ഷെ എന്താ ഒരു ഉപായം. ഇപ്പോൾ ലൈബ്രെറിയാനെക്കാളും വലിയ കുരിശ് മാഗസിൻ വായിക്കാൻ തന്ന ഈ പയ്യനാണ്. ഇവന്റെ ശ്രദ്ധ തെറ്റിക്കണം. ആ നന്ദഗോപാലന്റെ ( കോലം കണ്ടു തോന്നിയ പേരാണ് ) ഫൗണ്ടൻ പേനയാണ് അപ്പോൾ ഞാൻ ടേബിളിൽ കണ്ടത്. മനഃപൂർവ്വം ഞാനത് തണ്ടക്കയിൽ അറിയാത്തത് പോലെ തട്ടി താഴെയിട്ടു. അത് എടുക്കാൻ അയാൾ കുനിഞ്ഞതും മാഗസിനിലെ ഷീറ്റ് ഞാൻ വലിച്ചതും ഒപ്പമായിരുന്നു. ഹീഹാ....സംഭവം അവിടെന്ന് അടർന്നു കിട്ടി.
ഇതൊക്കെ ചെയ്ത എനിക്ക് അത് അവിടെന്ന് മടക്കി ചുരുട്ടാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല. എന്റെ ഓപ്പറേഷൻ സക്സ്സസ് ആയതോടെ മാഗസിൻ നന്ദിപൂർവ്വം നന്ദഗോപാലന് തിരിച്ചു നൽകി, മോഷണ വസ്തു എന്റെ മുണ്ടിന്നിടയിൽ തിരുകി ഒന്നുമറിയാത്തത് പോലെ പുറത്തിറങ്ങുമ്പോൾ പിന്നീന്ന് ലൈബ്രേറിയന്റെ വിളി ''എടോ ....ഇങ്ങു വാടോ ....." ഞാൻ ആകെ കരുവാളിച്ചു പോയി. എന്റെ എല്ലാ അഭിമാനവും അഴിഞ്ഞു വീഴുകയാണ്. പത്തമ്പത് പേരേ കെ.എസ് .യു. (എസ് ) ഉള്ളതെങ്കിലും അവരുടെ മുമ്പിൽ അതിലും വലിയ മോഷ്ട്ടാവ് ആവുകയാണ് ഞാൻ. പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് കിട്ടുന്ന കാര്യം അതോടെ കട്ടപ്പുകയാവും. എല്ലാം എന്റെ വീട്ടിലെ പതിവിലും ഉച്ചത്തിലുള്ള ഇംഗ്ലീഷ് വായന ഉണ്ടാക്കി വെച്ചത്. ഒരു സാധാ ക്രിക്കറ്റ്കമ്മന്ടറിക്ക് വേണ്ടി ഇത്രയും റിസ്ക് എടുക്കേണ്ടിയിരുന്നില്ല. ഇതൊക്കെ നിമിഷങ്ങൾ കൊണ്ടാണ് എന്റെ മനസ്സിൽ മിന്നിമറിഞ്ഞത്, എന്നിട്ട്,....എന്നിട്ട്.....വരണ്ടു കരുവാളിച്ചുപോയ ചുണ്ടുമായി, അതിലും ദയനീയമായി ഞാൻ തിരിഞ്ഞു നോക്കി. അപ്പോൾ അയാളുടെ കയ്യിൽ എന്റെ ഐഡന്റിറ്റി കാർഡ് . ഞാൻ തിരിച്ചു വാങ്ങാൻ മറന്നുപോയതാണ്. അത് തരാൻ വേണ്ടിയാണ് പുള്ളി വിളിച്ചത്. അതും വാങ്ങി ഒരു വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിൽ പൂപ്പുഞ്ചിരിയുമായി ഞാൻ ലൈബ്രറി വിട്ടു. എന്റെ അര തപ്പി സ്പോർട്സ് സ്റ്റാർ പേജ് അവിടെ തന്നെ ഉണ്ടോന്ന് ഒന്നുകൂടി ഉറപ്പു വരുത്തി കോളേജ് കാമ്പസ് വിട്ടു.
ഒരു പക്ഷെ നമ്മുടെ ഏരിയയിൽ ഏറ്റവും കൂടുതൽ ക്രിക്കറ്റ് കമന്ററി എന്ന പേരും പറഞ്ഞു നാട്ടുകാരെ ബുദ്ധിമുട്ടിച്ചത് ഞാനായിരിക്കും. കളി അറിയാത്ത കമന്ററേറ്റർ. തൊട്ടയൽപക്കത്തു പോയാലും എന്നെ പിടിച്ചു കൊണ്ട് പോയി മൈക്കിന്റെ മുമ്പിൽ ചിലപ്പോൾ ഇരുത്തും. ആരും അറിയാത്ത രഹസ്യം ഞാൻ ഈ സ്റ്റാർസ്പോർട്സ് പേജ് ഒരു പാട് കാലം കീശയിൽ കൊണ്ട് നടന്നിരുന്നു. ആരാ എപ്പോഴാ കഴുത്തിന് പിടിച്ചു കമന്ററി പറയാൻ ധംക്കി തരുന്നതെന്നറിയില്ലല്ലോ. മിഡോണും മിഡോഫും ലോങ്കോണും ലോങ്കോഫുമൊക്കെ നാക്കിൽ തത്തിക്കളിക്കും. അപ്പോഴും പന്ത് ഒരു പക്ഷെ ബൗളറുടെ കയ്യിന്ന് വിട്ടിട്ടുണ്ടായിരിക്കില്ല. ചിലപ്പോൾ കാണാപാഠം പഠിച്ചു അങ്ങിനെ തന്നെ സ്പോർട്സ് സ്റ്റാർ പേജ് പറഞ്ഞു കളയും. പ്രേക്ഷകർക്ക് ആകെ അറിയേണ്ടത് എത്ര റൺസ്, എത്ര വിക്കറ്റ് പോയി, ബാക്കി എത്ര ഉണ്ട്, എറിയുന്നവന്റെയും അടിക്കുന്നവന്റെയും പേരും ഇനീഷ്യലും ..... അത്രയേ ഉള്ളൂ. അതിന്നിടയിൽ പറയുന്നത് എന്തെങ്കിലും ഇംഗ്ലീഷ് ആയിരിക്കണമെന്നേയുള്ളൂ.
ചില വാക്കുകൾ തൊണ്ടയിൽ നിന്ന് കഫം കൂട്ടി ഗളകള ഇംഗ്ലീഷിൽ പറയും, അതെന്താണെന്നു വെച്ചാൽ... എനിക്കും അറിയില്ല, കേൾക്കുന്ന പ്രേക്ഷകർക്കും അറിയുമായിരുന്നില്ല. മൈക്കിന്റെ പുറത്തു വിരൽ വെച്ച് പറയുന്ന ഒരു പ്രത്യേക രീതി. ഇംഗ്ലീഷ് ആണോ പറഞ്ഞത്, യെസ്. അതെന്താണ് പറഞ്ഞത് ? പടച്ചോനറിയാം. Anyhow സംശയം ജനിപ്പിക്കാതെ ഏൽപ്പിച്ച ഉത്തരവാദിത്വം ഞാൻ അന്ന് ഭംഗിയായി ചെയ്തിരുന്നു സാർ. അതോണ്ടാണല്ലോ കടലക്കറിയും പൊറോട്ടയും തന്നു കംട്ടി എന്നെ പവലിനിൽ ഇരുത്തുന്നത്.
No comments:
Post a Comment