Saturday, February 4, 2017

ഭാഗം - 02 പട്‌ലയിലെ മെഡിക്കൽ ടീമിനോടും സിപിയോടും പറയാനുള്ളത് /അസ്‌ലം മാവില

ഭാഗം - 02

പട്‌ലയിലെ  മെഡിക്കൽ ടീമിനോടും
സിപിയോടും പറയാനുള്ളത്

അസ്‌ലം മാവില

സിപിയുടെ മെഡിക്കൽ ക്യാമ്പ് തുടങ്ങി, അതിന്റെ ആദ്യ പകുതിയും കഴിഞ്ഞു.  സിപി ഓപൺ ഫോറത്തിൽ  സഹദ് ബിൻ മുഹമ്മദ് ഇവിടെ ഇങ്ങിനെ അഭിപ്രായപ്പെട്ടു. ''പ്രൊമോഷൻ പോസ്റ്ററും വിദഗ്ദ്ധഡോക്ടർമാരുടെ നീണ്ട നിര തന്നെ കണ്ടാൽ അറിയാൻ പറ്റുന്നു പട്‌ലയുടെ വെരിഫൈഡ് കയ്യൊപ്പ് ആയ സിപി എന്ന   സംഘടനയുടെ സ്റ്റാൻഡേർഡും ഇവന്റ് മാനേജ്മെന്റും.''   വായിച്ചതിൽ വെച്ചത് ഏറ്റവും മികച്ച അഭിപ്രായങ്ങളിൽ ഒന്നായി എനിക്കത്  തോന്നി.  ഇതെഴുതുമ്പോൾ സമയമിപ്പോൾ പന്ത്രണ്ടോടടുത്തു.   രണ്ടു മൂന്ന് മണിക്കൂറുകൾ ഇനിയുമുണ്ട്, ക്യാമ്പ് തീരാൻ.  അമിതമായ സന്തോഷം തോന്നുന്നു നിങ്ങളുടെ, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ, വിദ്യാർത്ഥികളുടെ ഉത്സാഹം കാണുമ്പോൾ. ഭാവുകങ്ങൾ !

ഭാഗം 1 എന്ന സബ് ടൈറ്റിലിൽ ഞാൻ ജനുവരി 29 നു ഒരു ആർട്ടിക്ൾ എഴുതിയിരുന്നു. അതിന്റെ അവസാനമിവിടെ ഒന്നുകൂടി പകർത്തുന്നു :
''എന്റെ ഈ കുറിപ്പ് നമ്മുടെ നാട്ടിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ബിരുദദാരികളുടെയും  മെഡിക്കൽ -പാരാമെഡിക്കൽ വിദ്യാർത്ഥികളുടെയും മൊബൈൽ ഡിവൈസിൽ എത്തുമെന്ന് കരുതുന്നു. ക്യാമ്പിന്റെ വൈകുന്നേരം ഞാൻ ഈ ആർട്ടിക്കിളിന്റെ രണ്ടാം ഭാഗം കൂടി എഴുതും, ഇൻശാഅല്ലാഹ് , അത് അവരുടെയും സിപിയുടെയും  പ്രത്യേക  ശ്രദ്ധ പതിയാൻ കൂടിയുള്ളതാണ്.

യൂറോപ്യൻ രാജ്യങ്ങളിലൊക്കെ മെഡിക്കൽ ടീം എന്നാണ് പറയുക, അതിൽ മെഡിക്കൽ പ്രാക്റ്റീഷനർ മുതൽ നഴ്സ് വരെ എല്ലാവരും  ഉൾപ്പെടും. അത്കൊണ്ട് നിങ്ങളെ ഞാൻ ഇങ്ങിനെ അഭിസംബോധന ചെയ്യട്ടെ,  എന്റെ നാട്ടിലെ പ്രിയപ്പെട്ട മെഡിക്കൽ ടീമംഗങ്ങളേ,  നിങ്ങൾക്ക്  ഭാവുകങ്ങൾ !  Alone you can do SO LITTLE, together you can do SO MUCH''

അതെ, Alone you can do SO LITTLE, together you can do SO MUCH'' ഒറ്റയ്ക്ക് ഒരല്പം സാധിക്കുമായിരിക്കും, ഒന്നിച്ചൊരുക്കൂട്ടിയാകുമ്പോൾ ഒരുപാട് സാധിക്കും, ഒരുപാടൊരുപാട്. ആ ''ഒരുപാടാണ്'' നമ്മുടെ അടുത്ത ലക്‌ഷ്യം.  സേവന മേഖല വലുതാണ്. ആതുരശുശ്രൂഷയുടെ ഭൂമികയാണെങ്കിൽ അതിലും വലുത്. സലിം പട്‌ല കുറിച്ചിട്ടത് പോലെ, ക്ഷമയും സഹനവും ഒരുപോലെ പരീക്ഷപ്പെടുമ്പോൾ അവയിലൊക്കെ സമ്പൂർണ്ണ വിജയം വരിക്കാനും ആശ്വാസം പ്രദാനം ചെയ്യാനും  മെഡിക്കൽ ടീമിനു മാത്രമേ സാധിക്കൂ, തന്റെ മുന്നിൽ കഠിന പ്രയാസവുമായി  ഒരു രോഗി പ്രത്യക്ഷപ്പെടുമ്പോൾ.

സിപിയുമായി നിങ്ങൾ കൈകോർക്കണം. നിങ്ങളുടെ അഭിപ്രായങ്ങൾ, ആലോചനകൾ,  നിർദ്ദേശങ്ങൾ സിപിയുമായി പങ്കുവെക്കണം. പറ്റാവുന്ന രീതിയിലൊക്കെ സഹകരിക്കുക. ആതുരശുശ്രൂഷാ രംഗത്തും ഭവനനിർമ്മാണ രംഗത്തുമായിരിക്കും ഒരുപക്ഷെ സിപി ഏറ്റവും കൂടുതൽ ശ്രദ്ധ ഇത് വരെ പതിപ്പിച്ചത്.  അത്കൊണ്ട് സിപിക്ക് നിങ്ങളുടെ ഓരോ വാക്കുകളും വളരെ പ്രധാനവുമാണ്. തീർന്നില്ല, നിങ്ങളുടെ തന്നെ ഒരു കൂട്ടായ്മ മറ്റൊരു ഭാഗത്തു ഉയർന്നു വരണം. അതിൽ നടേ സൂചിപ്പിച്ച എല്ലാവരെയും ഉൾക്കൊള്ളുന്ന മെഡിക്കൽ ടീം.  ആരും ആ ടീമിൽ നിന്ന് ഒഴിവല്ല. ഒരു കെട്ടിടത്തിന്റെ ഘടനപോലെ, ഒന്നിനൊന്നും പരസ്പരം പൂരകമായ   യോജിപ്പിന്റെ നല്ല സംവിധാനമുള്ള ടീം. നിങ്ങളുടെ പിന്നാലെയായി വരുന്ന അടുത്തടുത്ത നിരകൾക്ക് ഈ ഒത്തൊരുമ  നിങ്ങൾ കണക്കുകൂട്ടുന്നതിലപ്പുറമായിരിക്കും ഫലം നൽകുക. ആതുര സേവന മേഖലയിൽ നിങ്ങളുടെ വാക്കുകൾക്ക് വിലകല്പിക്കുന്ന ഒരു സംഘം, സിപി, ഉണ്ടെന്നും നിങ്ങൾ ഇതോടൊപ്പം  അറിയുക.  

വലിയ സ്വപ്നങ്ങളാണ് എനിക്ക് എഴുതാൻ തോന്നുന്നത്. അതിലും വലിയ സ്വപനങ്ങളുടെ ചിറകുകളുമായാണ് നിങ്ങൾ പറക്കുന്നതെന്നുമറിയാം.  മാസത്തിൽ ഒന്നോ രണ്ടോ വട്ടമെങ്കിലും ഇരിക്കാനും കൂടിയാലോചിക്കാനും നിങ്ങളുടെ മണിക്കൂറുകൾ ഉപയോഗിക്കുക. ''ശുശ്രൂക്കുക'' എന്ന് ഡോക്ടർമാരോട് പറയുന്നത് അധികപ്പറ്റാണല്ലോ. നാട്ടിലും  അതിനുള്ള സംവിധാനം ഉണ്ടായിക്കൂടേ, മനസ്സ് വെച്ചാൽ നമ്മുടെ സ്വപ്നങ്ങളുടെ ആദ്യ പടി എന്ന നിലയിൽ തുടങ്ങാം. വളരെ വിദൂരമല്ലാത്ത ഭാവിയിൽ, പാവങ്ങൾക്ക് മുൻഗണന നൽകിയുള്ള  ഒരു ആശുപത്രി സമുച്ചയം നിങ്ങളുടെ മേൽനോട്ടത്തിലും മേലധികാരത്തോടും കൂടി ഉണ്ടാവുക എന്നത് നടക്കാത്ത കാര്യമല്ലെന്ന് വിശ്വസിക്കുന്ന അനേകം നാട്ടുകാരിൽ ഒരാളാണ് ഞാൻ. മെഡിക്കൽ രംഗത്തും പാരാമെഡിക്കൽ രംഗത്തും പഠിക്കുന്ന , പഠിക്കാൻ കോപ്പ് കൂട്ടുന്ന കുട്ടികൾക്ക് ഉയിരും ഊർജ്ജവും നൽകുന്ന ഒരു പദ്ധതി കൂടി ഉണ്ടെങ്കിൽ പിന്നെ അതിലപ്പുറം മറ്റെന്തുണ്ട് നമ്മുടെ നാടിനോട് നിങ്ങൾ കാണിക്കുന്ന  കൃതജ്ഞതക്ക് പകരം വെക്കാൻ.

സിപീ, നിങ്ങൾ  ഇതൊക്കെ നോക്കുകയും വായിക്കുകയും ചെയ്യുന്നുണ്ടല്ലോ. You have to dream before your dreams can come true. പറഞ്ഞത്  എപിജെ കലാം . സ്വപ്നസാക്ഷാത്‍കാരമുണ്ടാകാൻ സ്വപ്നങ്ങൾ കാണുക തന്നെ വേണം.  അത്തരമൊരു സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടി നമുക്ക് ഒരുമിച്ച്  സ്വപ്നങ്ങൾ കാണാം, പൂർത്തീകരണത്തിനുള്ള കാലടിപ്പാതകളുടെ അകലം ഒരുമിക്കലിന്റെ കാര്യത്തിൽ   വളരെ വളരെ അടുത്താണ്.

ഈ ആർട്ടിക്കിളിന്റെ മൂന്നാം ഭാഗം കൂടിയുണ്ട്.  അകലെ നിന്നാണെങ്കിലും ക്യാമ്പിന്റെ എന്റേതായ വിലയിരുത്തലിനു ശേഷം ഞാനത് നാളെയോ രണ്ടു നാൾ കഴിഞ്ഞോ പോസ്റ്റ് ചെയ്യും. 

No comments: