Saturday, February 4, 2017

കുട്ടിക്കാല കുസൃതി കണ്ണുകൾ - 48

കുട്ടിക്കാല കുസൃതി കണ്ണുകൾ -  48

മാവിലേയൻ


കല്യാണ തലേ ദിവസം ഇപ്പോഴൊക്കെ കാരണവന്മാർ വീട്ടിൽ എത്തിയാൽ എന്താണ് ആദ്യം നോക്കുക.  അന്ന് നോക്കിയിരുന്നത് ഞാൻ പറയാം.   ഒന്ന് തെങ്ങിന്റെ മണ്ടേല് കെട്ടിയ മൈക്ക്. പിന്നെ കൈകഴുകാൻ തെരെഞ്ഞെടുത്ത സ്ഥലവും അവിടെ വെച്ച രാക്ഷസചെമ്പോലവും , അവസാനം  ഊട്ടുപുര. അഡിഗെ സാലയിൽ ഒന്ന് വട്ടമിട്ടു മുണ്ടും പിന്നിൽ കുത്തി കാരണവന്മാർ പന്തലിൽ എത്തുമ്പോഴേക്കും ഒരു സൗകൂ രണ്ടു സ്റ്റെപ്പെടുത്തു ഫിറ്റ് ചെയ്ത ഇളിയുമായി   ഒരു ഗ്ലാസ് ചായയും ഒരു സാണിൽ കജൂറുമായി വരും.  കുമ്പള കജൂറാണ് അന്ന് ഫെയിമസ്. കാജൂറിന്റെ കാര്യത്തിൽ കാരണവർ ഒരു  തീരുമാനമാക്കിക്കഴിഞ്ഞാൽ അടുത്ത ഇനമായ  ''തുമ്മാന്റട്ടെ'' എത്തിയിരിക്കും. എത്തിയില്ലെങ്കിൽ വയസ്സന്മാർ  തലങ്ങും വിലങ്ങും അത് തന്നെ തന്നെ പറഞ്ഞു ബഹളമുണ്ടാക്കി കൊണ്ടേയിരിക്കും.  ചില പന്തലുകളിൽ നാലഞ്ചു കോളാമ്പിയും ഉണ്ടാകും, ഓട്ടിന്റെയോ ചെമ്പിന്റയോ മറ്റോ.

ഒരു അസർ മഗ്‌രിബ് ആയികഴിഞ്ഞാൽ പൂമാല കെട്ടൽ പരിപാടിയിലേക്ക് നീങ്ങും. അതിൽ മാത്രം പൂവ് ഉണ്ടാകില്ല. കല്യാണവീട്ടിൽ തിരക്ക് പിടിച്ച ചില അല്ലറ ചില്ലറ ആശാരിപ്പണിയിൽ ഏർപ്പെട്ടിട്ടുള്ള നാരായണാശാരി ''ഫർദുൽ കിഫ'' പോലെ ചെയ്ത തരേണ്ട ഒന്നാണ് പൂമാലക്കടലാസ് വട്ടുളിയിൽ മുറിച്ചു തരിക എന്നത്. ചില വീട്ടിൽ കളർ കടലാസ്സ് ആയിരിക്കും, ചിലയിടത്തു വെള്ളക്കടലാസ്. ഇടക്കിടക്ക് ബലൂൺ കെട്ടിയാൽ പന്തൽ ഉഷാറായി. ബക്ക്‌ബള്ളി മുറിക്കുക, മൈദമാവ് കുഴക്കുക, കടലാസ് തീർന്ന കയ്യിൽ അതെത്തിക്കുക ഇങ്ങിനെയുള്ള പണിയാണ് അൺപ്രൊഫാഷനലായ എന്നെപ്പോലെയുള്ളവർക്ക് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ ഡിഗ്രി എടുത്തവരാണ് അത് ഒട്ടിക്കാനും പന്തലിൽ കെട്ടാനും നേതൃത്വം നൽകുക. പൂമാല കെട്ടാൻ സഹായിച്ചില്ലെങ്കിൽ പിന്നെ പിറ്റേ ദിവസം കല്യാണത്തിന് പോകണ്ട, അത്ര പ്രാധാന്യമുള്ളത് പോലെയായിരുന്നു ആ സംഭവം അന്ന് കണ്ടിരുന്നത്.

അതൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോൾ നാട്ടിലെ ചില സ്ഥിരം പീർമുഹമ്മദ്മാരുണ്ട്, അവരുടെ അട്ടഹാസമാണ് കല്യാണപ്പന്തൽ സജീവമാക്കുക.  അതിന് ഞങ്ങൾ ഓമനപ്പേരിട്ടിരിക്കുന്നത് പാട്ട് എന്നാണ്. ഇവർക്ക് ആകെ അറിയുന്നത് നാല് പാട്ടാണ്. മദ്രസ്സാ വാർഷികത്തിന് പാടിപടിച്ച പാട്ടുകളായിരിക്കും ഇവ. സിനിമാ പാട്ട് അന്ന് എല്ലാവർക്കും ഹറാമായിരുന്നു.  എന്ത് പാടുന്നു എന്ന് പാടുന്ന പീർമുഹമ്മദ്മാർക്കും   അറിയില്ല, എന്തിനാണ് കേൾക്കുന്നതെന്ന് നാട്ടുകാർക്കും അറിയില്ല. പോയപോയവനൊക്കെ അവിടെ മെപ്പോട്ട് നോക്കി വായും തുറന്നോ,  ടോർച്ചിന്റെ പിൻതല തിരിച്ചോ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും. ഇനി അഥവാ പാടിയില്ലെങ്കിലോ ആ പന്തലിന്റെ പേര് തന്നെ ''മരിച്ചെ പൊരെ'' എന്നാണ്. അതിനിടയിൽ ഇടക്കിടക്ക് ജൂബിലി കാക്കയുടെ വക കോളാമ്പി മാപ്പിള പാട്ടുകൾ വേറെയും. പെട്ടിപ്പാട്ട് വൈകുന്നേരം തന്നെ തുടങ്ങും. നമ്മൾ പറഞ്ഞതനുസരിച്ചുള്ള ''ബട്ടെ''  ജൂബിലിക്കാക്ക കൊണ്ട് വരും.  ബട്ടെ മീൻസ് ഇന്നത്തെ സിഡിയുടെ പ്രാകൃത രൂപം തന്നെ. സ്പോർട്സിൽ ഉപയോഗിക്കുന്ന ഡിസ്കിന്റെ വലിപ്പം ഉണ്ടാകും. അത്തിലാണ്

ഇവർക്ക് തന്നെയാണ് എലെക്ട്രിക്സ് & എനെർജൈസേഷന്റെ  ചാർജ്ജും.  മുറ്റത്തെങ്ങാനും ഒരു മുളകിന്റെ ചെടിയോ മൈലാഞ്ചി ത്തൈയ്യോ  അതല്ല മറ്റു വല്ല  കുറ്റിച്ചെടിയോ കണ്ടാൽ, അവിടെ  മിന്നുന്ന ബൾബ് മാല കെട്ടിത്തൂക്കിയില്ലെങ്കിൽ  ഇവർക്ക് ഉറക്കും വരില്ല.  അതിനൊക്കെ ഇനം തിരിച്ചു  ചാർജുമുണ്ടായിരുന്നു. ചത്ത ട്യൂബ്ലൈറ്റ് പുതിയ കവറിലിട്ടു  കൊണ്ട് വന്നു കല്യാണ വീട്ടിലെ  തട്ടിവീഴാൻ ചാൻസുള്ള  സ്ഥലത്തു വീഴാനായി വെച്ച്, അത് പൊളിഞ്ഞാൽ   മുഴുവൻ ചാർജ്ജും  ബില്ലിടുമ്പോൾ ചിലർ ഈടാക്കിക്കളയും.

 ഊട്ടുപുരയുടെ ഓപ്പോസിറ്റ് വശത്തുള്ള പുറത്തെ  തെണയാണ് മൈക്ക് സെറ്റുകാരുടെ ഇരിപ്പിടവും  അവരുടെ ട്രാക്ക്സ്  ഒപേറേഷൻ ഏരിയയും.  കുറെ ഹലാക്കിന്റെ ചുറ്റിയതും ചുറ്റാത്തതുമായ  വയറും കുന്ത്രാണ്ടവും തൂങ്ങിപ്പിടിച്ചു  ആ ഭാഗത്തുള്ള ഒരു പാവം  ''ജനൽ'' കോലം കെട്ടിട്ടുണ്ടാകും, ആ വീട്ടിലെ എല്ലാർക്കും കല്യാണാഹ്ലാദമുണ്ട്, ഈ ജനലിനു  മാത്രം കല്യാണമില്ല എന്ന മട്ടിൽ.  അതിന് തൊട്ട് താഴെയാണ്  ഐസ്കട്ട ചാക്കിൽ പൊതിഞ്ഞു വെക്കുന്ന സ്ഥലം. ഈ ഭാഗത്താണ് കല്യാണത്തിന് വന്ന മൂക്കള ഒലിപ്പിച്ച  പിള്ളേർ ഒന്നിന് പിറകെ ഒന്നായി ഇങ്ങനെ  വീണ് കൊണ്ടേ ഇരിക്കുന്ന സ്ഥലം, ഒന്നുകിൽ ഐസ് കട്ടയിൽ കാല് തട്ടും, അല്ലെങ്കിൽ ജൂബിലിക്കാരന്റെ ഇലക്ട്രിക് വയർ കാലിൽ ചുറ്റും.

കല്യാണ ദിവസം നിങ്ങൾക്ക് ഒരു വെള്ള തട്ടമോ കോളാകുപ്പി പൊട്ടിക്കുന്ന ഓപണറോ കല്യാണ വീട്ടുകാർ മനസ്സറിഞ്ഞു വിളിച്ചു തന്നിട്ടുണ്ടെങ്കിൽ നിങ്ങൾ അവിടെ വലിയ ആദരിക്കപ്പെട്ട മനുഷ്യനാണ്. ഇതിനായിട്ടാണ് നെട്ടോട്ടം. വെള്ളത്തട്ടം ആകെ വാങ്ങുക അരഡസൻ ആയിരിക്കും. രണ്ടെണ്ണം അരി അരിയ്ക്കാൻ, രണ്ടെണ്ണം കൈകഴുകുന്ന സ്ഥലത്തു കെട്ടിത്തൂക്കാൻ, രണ്ടെണ്ണം പറയപെട്ടവരുടെ അരയിൽ ചുറ്റിക്കെട്ടാൻ. കോളാകുപ്പി പൊട്ടിക്കുന്ന ഓപണർ ഏൽപ്പിക്കാത്തതിന്റെ പേരിൽ കല്യാണ സദസ്സിനു തെറ്റിപ്പോയവരൊക്കെ അന്നുണ്ട്. പിന്നെ ബാക്കിയുള്ളവർക്ക് കിട്ടുക വാഴത്തണ്ടാണ്, അതാണ് ടേബിൾ ക്‌ളീനിംഗ് ഡിവൈസ്.

ഏറ്റവും ബേജാറിന്റെ ഉത്തരവാദിത്തമാണ് ഇറച്ചിക്ക് കാവലിയിരിക്കുക എന്നത്. അതിന് ഏതെങ്കിലും കുടുംബത്തിലെ ഒരു പാവം ''തൂങ്ങിച്ചത്ത'' ഒരാളെ തപ്പിപ്പിടിച്ചു കൊണ്ട് വന്നു അല്പം പഞ്ചസാരയിട്ട ചായയൊക്കെ ഇടക്കിടക്ക് കൊടുത്തു പരുവപ്പെടുത്തി, പിന്നെയും വഴങ്ങുന്നില്ലെങ്കിൽ മുതിർന്ന  കാരണവരുടെ മുമ്പിലെത്തിച്ചു ഇറച്ചിക്ക് കാവൽ നിൽക്കുന്നതിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി കൊടുത്തു ലെവലാക്കി വെക്കും.  അതിൽ ആ മൈസ്‌കീൻ വീണാൽ പിന്നെ അവന്റെ അന്നത്തെ ഉറക്കം പോയെന്ന് കൂട്ടിയാൽ മതി. മാത്രവുമല്ല,  പിറ്റേ ദിവസം ബോധത്തോടെ കല്യാണം കൂടാനും പറ്റില്ല,  ഇടക്കിടക്ക് കോട്ടുവായിട്ടും പുളിൻന്തേക്കിട്ടും  ഒരു ഉണർച്ചയില്ലാതെ നിലാവെട്ടത്തെ കോഴിപോലെ ഇങ്ങനെ യാന്ത്രികമായി നടക്കുന്നുണ്ടാകും. അതിനിടക്ക് അവന്റെ കണ്ണ് നോക്കി ചിലരുടെ അവസാനത്തെ കമന്റും, ''എന്ത്രാ നിന്റെ കണ്ണ് ചോന്നിറ്റ് കള്ള് കുടിച്ചെ പോലെ''. അത് കേൾക്കുകയേ നിർവ്വാഹമുള്ളൂ ! അതിന്റെ ദേഷ്യം അവൻ പിന്നെ  തീർക്കുക,  അവസാനം തനിക്ക് മന്ത്രിച്ചൂതിയ ആ പരട്ട കാരണവരോട് തർക്കുത്തരം പറഞ്ഞായിരിക്കും.

അന്നത്തെ കല്യാണത്തിന് ''ബെളമാനം'' എത്തിയാൽ നിങ്ങൾ അത് കഴിച്ചിരിക്കും - എന്താന്നല്ലേ ? കൽത്തപ്പഉം കാക്കപർണ്ടിയും. അത് കഴിക്കാൻ ഭാഗ്യം കിട്ടിയവർ ആ കല്യാണപ്പുരയെയും കല്യാണപ്പുരക്കരെയും  മുഹബ്ബത്ത് വെക്കുന്നവരാണ്. അതുകൊണ്ടല്ലേ അവ്വൽ സുബഹിക്ക് നിങ്ങൾ പല്ലുപോലും തേക്കാതെ, ഒരു അലാറം പോലും വെക്കാതെ, ഉറക്കത്തിന്ന് എണീറ്റതും,  അവിടെ ഓടിക്കിതച്ചെത്തിയതും , ചേരിക്കഷ്ണത്തിൽ പല്ലുതുടച്ചതും കല്യാണവീട്ടുകാരുടെ കൂടെ കൽത്തപ്പവും മഞ്ഞത്തണ്ണിയും ചൂട്ചൂട് കഴിച്ചതും.  ആകാശത്തിൽ വെള്ളിവര വന്നാൽ, (രാവിലെ ആറ് മണി കഴിഞ്ഞാൽ ),  പിന്നെ ആ സാധനം ഒന്ന്റ്റെയിസ്റ്റ് നോക്കാൻ  മഷിയിട്ടാൽ പോലും കിട്ടില്ല.  ഇതെവിടെയാണ് അപ്രത്യക്ഷ്യമാകുന്നതെന്നറിയില്ല.

പിന്നെ ആകെ നമ്മുടെ പാർട്ട്, സപ്ലെയാണ്. വന്നവർക്ക് ചോറിടുക, ചൂടുവെള്ളം കൊടുക്കുക. അതൊരു വല്ലാത്ത യജ്ഞം തന്നെയാണ്. കറിയെങ്ങാനും വന്നവന്റെ മേത്തേക്ക് വീണാൽ പിന്നെ ഒന്നും പറയണ്ട. ചില സൂചനകളും ടെക്നിക്കയും അവിടെ പഠിച്ചില്ലെങ്കിൽ നിങ്ങൾ അതിൽ പെട്ടു എന്ന് പറയാം. ഊരാൻ പറ്റിയില്ല. അതിലൊന്നാണ്, ഒരു പ്രായമുള്ള ഒരാൾ നിങ്ങളെ ''ഇദാ മോനെ, നീ ഔകൂന്റെ മോനല്ലേ,  ഇങ് ബാ.....'' കട്ടായം, കണക്കാക്കിക്കോ, അയാൾ വിളിച്ചത് വെറും ചോറും മീൻ കറിയും കുച്ചിപ്പർത്ത്ന്ന് കൊണ്ട് വരാനാണ്. അങ്ങിനെ ഒരു വിളികേട്ടാൽ, ഒന്നും ആലോചിക്കേണ്ട ഏതെങ്കിലും ഒരു സാധുവിനെ അങ്ങോട്ടേക്ക് വിട്ടാൽ മതി. നിങ്ങൾക്ക്  നൈസായി സ്കൂട്ടാവുകയും ചെയ്യാം,  കല്യാണം തീരും വരെ മറ്റേ പാവത്തിന്  പണിയും കിട്ടും.  ബെറും ചോറ് എന്ന് പറയുമ്പോൾ തന്നെ പിന്നെ നമ്മൾ അവന്റെ പേരായിരിക്കും ഉച്ചത്തിൽ വിളിക്കുക.

 ഞാൻ അന്നൊക്കെ ഒന്ന് രണ്ടു സ്ഥിരം സൗകുമാരെ ഒന്നിച്ചാണ് കല്യാണസദസ്സിൽ ഭക്ഷണത്തിന്  ഇരിക്കുക. (ഞാൻ മാത്രമല്ല, മിക്ക ആൾക്കാരും അങ്ങിനെ തന്നെ).  വളരെ ഓപ്പണായി പറയട്ടെ, അവരെ കൂടെ ഇരുന്നാൽ മാറ്റ് ചോറ് വാങ്ങാൻ ഒച്ച വെച്ച്  തൊണ്ടകാറി നിലവിളിക്കേണ്ടതില്ല, അതവർ ചെയ്തോളും.  പിന്നെ പെട്ടെന്ന് എഴുന്നേറ്റും പോകേണ്ടതില്ല.  മാറ്റ് ചോറ് അവർക്ക് വരുമ്പോൾ  വരുമ്പോഴൊക്കെ ഞാൻ അറിയാത്തത് പോലെ വേറെ വല്ലയിടത്തും നോക്കിയിരിക്കും, അപ്പോൾ സപ്ലൈക്കാരൻ മാറ്റ് തട്ടിയിട്ട് പോകും. ''എന്നിന് ആദീലെ ഇട്ടെ'' എന്ന് ഫോർമലായി പറഞ്ഞു അതും തട്ടിയിട്ട് അവരെ കൂടെ എഴുന്നേറ്റ് പോകും.

ഇന്ന് പുയ്യാപ്ലന്റെ കൂടെ പോവുക എന്ന് പറഞ്ഞാൽ ഞാൻ കേട്ടിടത്തോളം ഒരു ഡീസന്റ് കുറവുള്ള ഏർപ്പാട് പോലെയാണല്ലോ പൊതുവെ ഒരു പറച്ചിൽ. അന്ന് പുയ്യാപ്ലന്റെ കൂടെപ്പോകാൻ സിഗ്നൽ കിട്ടി എന്ന് പറഞ്ഞാൽ അതൊരു സ്വകാര്യഅഹങ്കാരമായിരുന്നു. ടോക്കൺ സമ്പ്രദായം വരെ അന്ന് ഉണ്ടായിരുന്നു. കാര്യമായ ഒരു കദോത്ത് (സഭ നടത്തിപ്പ്കാരൻ)കാരനെ ബർക്കിളി , സീസർ കവർ കഷ്ണമാക്കി എണ്ണിത്തിട്ടപ്പെടുത്തി ഏൽപ്പിക്കും. ഇതയാൾ സ്വകാര്യമായി ഓരോരുത്തരെ വിളിച്ചു  കീശയിൽ ഇടും. കിട്ടിയവൻ ഭാഗ്യവാൻ ! കിട്ടാത്ത ചിലർ  രാവിലെ കണ്ട ആ വല്യആത്മാർത്ഥത കുറച്ചു കുറച്ചു മെല്ലെ അവിടെ നിന്ന്തടിയെടുക്കും. 50 -75 പേരൊക്കെയാണ് അന്ന് പുയ്യാപ്ലയുടെ കൂടെ പോവുക. ഇന്നത്തെപ്പോലെ സ്‌കൂൾ വിട്ടപ്പോലെയുള്ള ''നിലയും വിലയും'' കുറഞ്ഞ പോക്കല്ലല്ലോ.

രസകരമായ ഒരുപാട് സന്ദർഭങ്ങൾ പറയാനുണ്ട്. അതൊക്കെ എഴുതിയാൽ അതിര് കവിഞ്ഞു പോകും. രണ്ടു രസകരമായ മുഹൂർത്തങ്ങൾ സൂചിപ്പിച്ചു ഈ ലക്കം ഇപ്പോൾ നിർത്താം. ഒരു കല്യാണത്തിന് ടോക്കൺ കൊടുക്കാൻ ഏൽപ്പിച്ചത് സാധാരണ സഭ നടത്തുന്ന വ്യക്തിയെയല്ല. ടോക്കൺ ഇങ്ങനെ കൊടുക്കുന്നുണ്ട്. പെട്ടെന്ന് തീരുകയും ചെയ്തു. പുയ്യാപ്ല പോകാൻ ഒരുങ്ങി. എല്ലാവരും ബസ്സിലും കാറിലുമൊക്കെയായി ഇരുപ്പുറപ്പിച്ചു. പന്തൽ നോക്കുമ്പോൾ പുയ്യാപ്ലയുടെ രണ്ടാമത്തെ പെങ്ങളുടെ ഭർത്താവും അയാളുടെ ഒരു അനിയനും അയാളുടെ അളിയനും ബാക്കിയുണ്ട്. ഇവരെന്താ ഇവിടെ ? ടോക്കൺ കിട്ടിയില്ല. ആദ്യം ടോക്കൺ കിട്ടേണ്ട ''പൊതുവോർക്ക്''  ടോക്കൺ ഇല്ലെന്നോ ? അന്വേഷിച്ചപ്പോഴാണ് ആ സംഭവം പുറത്തറിഞ്ഞത് -   ടോക്കൺ കൊടുക്കാൻ ഏൽപ്പിച്ച മാന്യൻ  ''കൊടുത്ത'' പണിയാണ്. അയാൾ മനഃപൂർവം കൊടുത്തില്ല പോലും, ഇവരോട് മുമ്പെങ്ങോ ഒരു ദേഷ്യമുണ്ട്. അത്കൊണ്ട് ടോക്കണും കൊടുക്കാനും പോയില്ല.

മറ്റൊന്ന് ആശിച്ചു എങ്ങനെയോ ടോക്കൺ സമ്പാദിച്ചു പുയ്യാപ്ലപോക്ക് ലിസ്റ്റിൽ പെട്ട എന്റെ രണ്ടു കൂട്ടുകാരായ സൗകുമാരുടെ അനുഭവമാണ്. അവർ ആദ്യം തന്നെ ഒരു അംബാസിഡർ  വണ്ടിയിൽ ടോക്കൺ കാണിച്ചു ഇരുപ്പുറപ്പിച്ചു. ചില പ്രധാനപ്പെട്ട രണ്ടു മൂന്ന് ആളുകൾ കൂടി ബാക്കിയുള്ളതിനാൽ കൂട്ടത്തിൽ വയസ്സിളപ്പം കുറഞ്ഞ മിസ്കീനായ ആരെങ്കിലും ഉണ്ടോ വണ്ടീന്ന് ഇറക്കി ഇവരെ ഫിറ്റ് ചെയ്യാൻ എന്ന് തപ്പിക്കൊണ്ടിരിക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടു. വണ്ടി മൂവ് ആയില്ലെങ്കിൽ നൂറ്റൊന്ന് ശതമാനം ഉറപ്പ് ഇവർ രണ്ടാളെയും അയാൾ ഇറക്കും. വളഞ്ഞ വഴിയിൽ സമ്പാദിച്ച ടോക്കൺ കട്ടപ്പുക.  ഇറങ്ങുന്നത് കണ്ടാൽ പൊങ്കാല ഇടാനായി മാത്രം ചിലർ പല്ലിനും കുത്തി അവിടെ ഉണ്ട്. ഒന്നും ചിന്തിച്ചില്ല,    അവർ രണ്ടുപേരും അംബാസിഡർ ഡ്രൈവറോട് പറഞ്ഞു - വണ്ടി വിട്ടോ, ഞങ്ങൾക്ക് സ്ഥലമറിയാന്ന്. ഡ്രൈവർ പാവം ഇവർ രണ്ടുപേരുടെയും ഉറപ്പിൽ കാറിൽ ഉള്ളവരെയും കൊണ്ട്  മുന്നോട്ട് പോയി.

 പകുതിക്കെത്തുമ്പോൾ തന്നെ ഇവർ ഒഴികഴിവ് പറയാൻ തുടങ്ങി.   കല്യാണം ഇന്ന സ്ഥലത്താണെന്ന് അറിയാം, അവിടെ എത്തിയാൽ എന്തായാലും വീടും അറിയാം. പക്ഷെ, റൂട്ട് അറിയില്ലെന്ന്. അങ്ങനെ ഡ്രൈവർ  ആ സ്ഥലം വെച്ച് പിടിച്ചു.  പിന്നിൽ നോക്കുമ്പോൾ വേറെ വണ്ടിയൊട്ടു കാണുന്നുമില്ല.  അന്നാണെങ്കിൽ ആ ഏരിയയിൽ രണ്ടു മൂന്ന് കല്യാണവും ഉണ്ട്.  വഴിപോക്കരോട്  ചോദിച്ചപ്പോൾ അവർ പെണ്ണിന്റെ ഉപ്പാന്റെ പേര് പറഞ്ഞാൽ ഇന്ന വീടാണെന്ന് പറയാമെന്ന് . അതിന്  സൗകൂ രണ്ടിനും പോകട്ടെ, കാറിൽ ഇരിക്കുന്ന ഒരെണ്ണത്തിനും കല്യാണ വീട്ടുകാരുടെ പേരറിയില്ല.  കല്യാണ വീട് ഒന്ന് കഴിഞ്ഞു, രണ്ടു കഴിഞ്ഞു.  കാണുന്ന പന്തലിലേക്ക്  സൗകൂമാർ  രണ്ടും വണ്ടി  ഇറങ്ങി ഓടി നോക്കും. ഇറങ്ങിയില്ലെങ്കിൽ ഡ്രൈവർ വിരട്ടി  ഇറക്കും.  നാട്ടിലെ വല്ലവരെയും ആ പന്തലിൽ  കാണുന്നുണ്ടോയെന്ന് നോക്കി, ആരേയും കാണാതിരിക്കുമ്പോൾ  ഇളിഭ്യരായി തിരിച്ചു വരും.

ഇനി എന്ത് ചെയ്യും. അമ്മാതിരി കുടുങ്ങലാണ് കുടുങ്ങിയിട്ടുള്ളത്. ഇന്നത്തെപോലെ മൊബൈൽ ഇല്ലല്ലോ അന്നൊന്നും വിളിച്ചു ചോദിയ്ക്കാൻ.  രണ്ടാളും കൂടി ഒരു വീടിന്റെ മതിലിന് ചാരി കുറെ ആലോചിച്ചു. തിരിച്ചു പോയി ആ വീടല്ല നമ്മൾ ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ ഡ്രൈവർ അടക്കം ഇറങ്ങി അടിക്കും. അകത്തു ഒരുത്തൻ അല്ലെങ്കിൽ തന്നെ പായിച്ചു കണ്ണും ചെകിടും കാണാതെ ഇരിപ്പുണ്ട്. ആര് കൈ വെച്ചില്ലെങ്കിലും അയാൾ കൈ വെക്കും.  അവസാനം പത്തൊമ്പതാം അടവ് തന്നെ അവർ തീരുമാനിച്ചു.

രണ്ടാളും വണ്ടിയുടെ അകം ഒന്ന് കൂടി പമ്മിപ്പമ്മി വന്നു  നോക്കി.  ഭാഗ്യം ! നാട്ടിലെ ആരുമല്ല വണ്ടിക്കകത്തു ഉള്ളത്. ചെറുക്കന്റെ വകയിലെ പുറത്തു നിന്നുള്ളവർ. , ഒരിക്കലും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത  അറിയാത്ത ഡ്രൈവറും.    കിരികിരി  ഡ്രൈവറും അതിനകത്തുള്ള ''വിദേശികളും'' ക്ഷമ കെട്ടു തുടങ്ങിയിട്ടുണ്ട്.  ഇനി  കാറിൽ പോയി ഇരുന്നാൽ രണ്ടാലൊന്നും നടക്കും.   അവസാനം രണ്ടും കൽപ്പിച്ചു  ഇപ്പോൾ വരാന്നു പറഞ്ഞു , അവിടെ നിന്ന് തടി സലാമതാക്കി , ഒരു കല്യാണ പന്തലിൽ കേറി രണ്ടു പേരും  പൈച്ച  വയറ്റിൽ  സാദാനെയ്ച്ചോറു പള്ള നിറച്ചും  കഴിച്ചു, മറ്റൊരു വഴിയിൽ കൂടി,  വന്ന  വണ്ടിയും വിട്ട് തടി എടുത്തു.

അവർ കുറെ നടന്നു നടന്നു ഒരു ബസ്റ്റോപ്പിൽ ബസ്സിന് കൈ കാട്ടുമ്പോഴുണ്ട്, നമ്മുടെ നാട്ടിലെ കല്യാണവണ്ടികൾ ഇങ്ങനെ നിരനിരയായി പോകുന്നു  - എവിടേക്ക് കല്യാണ വീട്ടിലേക്ക് ! അപ്പോൾ കുറച്ചു മുമ്പ് നെയ്‌ച്ചോറ് കഴിച്ചതോ ? അതോ ? അത് ഏതോ ഒരു ഇച്ചാന്റെ ഏതോ ഒരു മോന്റെ കല്യാണചോറും. പെണ്ണിന്റെ വീട്ടിന്നല്ലേ അപ്പോൾ കഴിച്ചത് ? എവിടെന്ന് !

No comments: