Saturday, March 5, 2016

നിരീക്ഷണം - ഒരു വാക്ക് , ഒരു അപേക്ഷ

നിരീക്ഷണം

അസ്‌ലം മാവില

ഒരു വാക്ക് , ഒരു അപേക്ഷ

പറയുമ്പോൾ ദേഷ്യം ഉണ്ടാകില്ലല്ലോ. ഈ കുറിപ്പുകാരൻ എപ്പോഴും പ്രശ്നക്കാരനാണല്ലോ എന്ന് തോന്നുമോ?  ഇല്ല എന്ന് എന്റെ മനസ്സ് പറയുന്നു. അത് കൊണ്ട് ഇന്നത്തെ നിരീക്ഷണവും നിങ്ങൾ അതേ ഗൌരവത്തിൽ തന്നെ വായിക്കുക.

ശരി. പരീക്ഷ ഇന്നലെ തുടങ്ങി. ഇന്ന് കൂടി എഴുതിയാൽ ഒമ്പതാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പരീക്ഷ പകുതിക്ക് തീരും. ബാക്കി 23നു നടക്കും. ഒമ്പതാം തിയ്യതി മുതൽ SSLC തുടങ്ങുകയായി. കൂട്ടത്തിൽ പ്ലസ്‌ വൺ, പ്ലസ് ടൂ പരീക്ഷകൾ നടക്കും. എന്ന് വെച്ചാൽ മാർച്ചു മൊത്തം പരീക്ഷാ കാലം.

നാട്ടിൽ എല്ലാവർക്കും ഇത് അറിയാം. അപ്പോൾ അവർക്ക് രാത്രി ഒന്ന് പഠിക്കാൻ ഇരിക്കേണ്ടേ ? ഇരിക്കണം. വീട്ടിൽ പാളേല് കിടക്കുന്ന കുഞ്ഞിന്റെ കരച്ചിൽ വരെ പഠിക്കുന്ന കുട്ടികൾക്ക് ശല്യമായിപ്പോകരുതെന്നു കരുതി ഉമ്മമാർ മുൻകരുതൽ എടുക്കും. ''ഇങ്ക'' നേരത്തെ കൊടുക്കും. ''ഇച്ചി'' നേരത്തെ ബീത്തിച്ച് ഉറക്കും. താരാട്ട് പാടി അവറ്റങ്ങൾ മാലാഖയെ സ്വപ്നവും കണ്ട് അങ്ങ് ഉറങ്ങുമ്പോഴായിരിക്കും....

...ആയിരിക്കും  പുറത്ത് മൈക്കിന്റെയും മെഗാ ഫോണിന്റെയും കാതടപ്പിക്കുന്ന  ഒച്ച. പ്രസംഗം. അല്ലെങ്കിൽ വേറെന്തെങ്കിലും ഒന്ന്. അതോടെ കുട്ടികളുടെ പരീക്ഷ പഠിത്തം  താറുമാറാകും.  പരീക്ഷയ്ക്ക് തയ്യാറാകാൻ ഇരുന്ന കുട്ടികൾ പല മൂലയിലും നീങ്ങും. ഒരു കാര്യവുമുണ്ടാകില്ല. അതോടെ കുട്ടിയുടെ  ശ്രദ്ധ തെറ്റും. ''ഇങ്ക'' തിന്നുറങ്ങിയ കുഞ്ഞുവാവ ഞെട്ടി എണീറ്റ്‌ അവന്റെ കലാപരിപാടികൾ തുടങ്ങും. പിന്നെ വീട്ടിൽ എന്തായിരിക്കും ബഹളം !  അതോടെ ഒരു കൊല്ലം, അല്ല അഞ്ചും പത്തും പന്ത്രണ്ടും കൊല്ലം പരിശ്രമിച്ചതൊക്കെ  disordered ആയി  പാളീസാകും.  

പുറത്ത് നിന്ന് വന്നു ആരെങ്കിലും  സംഘടിപ്പിച്ചതാണോ ഈ പരിപാടി  ? അല്ല. പിന്നെ ആര് ? നമ്മൾ തന്നെ. വീട്ടിൽ മോനും മോളും പരീക്ഷയ്ക്ക് ശ്രദ്ധിച്ചു പഠിക്കണമെന്ന് പറയുന്നതോ ? അതും നമ്മൾ തന്നെ. അങ്ങിനെ ഉപദേശിചിട്ടാണല്ലോ ഇയാൾ ഒച്ച വെക്കാതെ കതക് ചാരി പറയപ്പെട്ട പരിപാടിക്ക് പോയതും അവിടെ  സൌണ്ട് കുറയുമോന്നു പേടിച്ചു ബാസ്സുള്ള ബാക്സ് വാങ്ങാൻ പോയതും.    ''കൊടെ'' തെങ്ങിമ്മേൽ കെട്ടിയതും അതിന്റെ  വോള്യം കൂട്ടിയതും എല്ലാം നമ്മൾ തന്നെ.  കേൾക്കുന്നവർ എത്ര ? ഒരൈമ്പത് ! പുസ്തകവും തുറന്ന് വെച്ച് ഈ ''ഒച്ചയും ബിളിയും'' സഹിച്ചു മനസ്സിൽ  പ്രാകുന്ന വിദ്യാർഥികൾ എത്ര ? ഇരുന്നൂറ്റൈമ്പത്. ഒരു കൊല്ലം നിങ്ങൾ കോട്ടും സൂട്ടും ബാഗും ബക്കറ്റും വെച്ച് ബാക്കിൽ വെച്ച്കെട്ടി മക്കളെ സ്കൂളിൽ അയച്ചതോ ? വെറുതെ.  വെറും  വെറുതെ.

തലേ രാത്രിയിലെ ശബ്ദകോലാഹലം കൊണ്ട്  പഠനം ''അൽകുൽതായി''  കൊല്ല പരീക്ഷ എഴുതി വരുന്ന  മക്കളോട് : ''പരീച്ചെ നല്ലോണം എയ്തീൻ-റാ ...എയ്തീൻണേ .... ''  നിങ്ങൾ എന്ത് ഉത്തരമാണ് മക്കളിൽ നിന്ന്  പ്രതീക്ഷിക്കുന്നത് ? കൂട്ടരേ, പരീക്ഷാ തലേന്നാളുകൾ എന്നത് ഒരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. പഠിച്ചതൊക്കെ ഒന്ന് തർതീബിൽ കൊണ്ട് വരാൻ ആ മണിക്കൂറുകൾ അവരെ ഏറെ സഹായിക്കും. നല്ല അന്തരീക്ഷം അപ്പോൾ ആവശ്യമാണ്‌.. ആരും ശല്യം ചെയ്യാനും പാടില്ല.

ദയവ് ചെയ്ത് പരീക്ഷാ കാലത്ത് മൈക്കും ബോക്സും കെട്ടി മഗ്രിബിനു ശേഷം ആരും പരിപാടി സംഘടിപ്പിക്കരുത്. അതേത് പാർട്ടിയുടെതാണെങ്കിലും സംഘടനയുടെതാണെങ്കിലും, അതിന്റെ പ്രവർത്തകർ മടി കൂടാതെ നേതൃത്വത്തോട്  പറയണം -  ''നമുക്ക് ഈ പരീക്ഷാ കാലം കഴിഞ്ഞു ഇതിലും ഒച്ചത്തിൽ സംഘടിപ്പിക്കാം. ഇപ്പോൾ വേണ്ട, മക്കൾ പരീക്ഷയ്ക്ക് പഠിക്കുവാണ്. അവരുടെ ഭാവി നമ്മുടെ ഒന്നൊന്നര മണിക്കൂർ കൊണ്ട് നഷ്ടപ്പെടരുത്.'' ഇതെന്റെ പ്രിയപ്പെട്ടവരോട് ഒരഭ്യർഥനയാണ്. ഒരു രക്ഷിതാക്കൾക്ക് വേണ്ടി സംസാരിക്കുന്നതെന്ന് വിചാരിച്ചാലും സാരമില്ല.  വളരെ അത്യാവശ്യമെങ്കിൽ മൈക്ക് ഇല്ലാതെ തന്നെ പ്രോഗ്രാം സംഘടിപ്പിക്കാമല്ലോ. വന്നവർക്ക് കേൾക്കാൻ അത് മതി, തൽക്കാലം. ഒരു കാര്യം കൂടി, തൊട്ടയൽ പ്രദേശത്തുള്ളവരോടും നിങ്ങളുടെ ബന്ധം ഉപയോഗിച്ച് ഓർമ്മപ്പെടുത്തിയാൽ അവരും ചെവികൊള്ളും. (ഒരു പഞ്ചായത്ത് തല യോഗം തന്നെ എല്ലാ വിധ  വിശ്വാസികളെയും പാർട്ടിക്കാരെയും വിളിച്ചു ചേർന്ന് എടുക്കാവുന്നതെയുള്ളൂ ഇതൊക്കെ.  അപ്പോൾ പഞ്ചായത്തു മൊത്തം  പരീക്ഷാ കാലങ്ങളിൽ '' മണിക്കൂറുകൾ നീളുന്ന രാത്രിയൊച്ച''യ്ക്ക് ഒരു ശമനം കിട്ടും. നമ്മുടെ കുട്ടികളും രക്ഷപ്പെടും.)


പ്രീസ്കൂൾ അടക്കം 12 കൊല്ലം അതിരാവിലെ ഉണർന്ന് പള്ളിക്കൂടത്തിലേക്ക് മക്കളെ പ്രതീക്ഷയോടെ  അയക്കുന്ന ഉമ്മമാരുടെ വേദനിക്കുന്ന മനസ്സ് കണ്ടുകൊണ്ടെങ്കിലും ഇതിൽ നിന്ന് പിന്മാറണം. അവർക്ക് പറയാൻ വേദികളില്ലല്ലോ.ഇനി അഥവാ അവർ  പറഞ്ഞാൽ അതികപ്പറ്റുമാകുമല്ലൊ .  ഇതിലപ്പുറം ഒരു ഭാഷയിൽ എനിക്ക് ഇത് പറയാൻ അറിയില്ല.

Tuesday, March 1, 2016

About RT

ഈ കുറിപ്പുകാരനെ കുറിച്ച് ആ കുറിപ്പുകാരന്റെ പരാമർശത്തിൽ വലിയ യോജിപ്പില്ലെങ്കിലും അദ്ദേഹം പൊതുവായി പറഞ്ഞ അഭിപ്രായങ്ങളോട് (മുഴുവനല്ലെങ്കിലും) സിംഹഭാഗവും യോജിച്ചേ തീരൂ. ഒരു വ്യത്യസ്തത ഉണ്ടായിക്കൊള്ളട്ടെ ഇങ്ങിനെ കിട്ടിയ കൂട്ടായ്മക്ക്. ചില പുസ്തക ചർച്ചകൾ ആകാമെന്ന് ഫവാസും സാപും അരമനയും പിന്നീട് സജീവമായ അസീസും ഷരീഫുമൊക്കെ അഭിപ്രായപ്പെട്ടത്തിന്റെ ഭാഗമാണ് RT നിലനിന്നത്. തുടക്കത്തിൽ ഒന്ന് രണ്ടു പുസ്തകങ്ങൾ ചർച്ച ചെയ്തിരുന്നു. അന്ന് സാകിർ അഹമദ് , ഫവാസ് ടി.പി., നിസാർ ടി.എച്ച്, സൈദ്‌, റസാ (ക്ക്), അസ്‌ലം പട്ള, സി. എച്ച്, എം.എ മുതലായവർ സജീവമായിരുന്നു എന്നാണെന്റെ ഓർമ്മ. മൊത്തം 15 പേർ ഉണ്ടായിരുന്നു . ആഴ്ചയിൽ രണ്ടു ദിവസം. അതും ഒന്നോ രണ്ടോ മണിക്കൂർ. ഞാനത്ര സജീവമല്ലെങ്കിലും സമയം കിട്ടുമ്പോഴൊക്കെ അവിടെ ഇടപെടാറുമുണ്ട്. അന്ന് ശരിക്കും കുടുംബ-രാഷ്ട്രീയ-മത(അവാന്തര)-മഹല്ല്- ക്ലബ്‌---, ക്ലാസ്സ്മെറ്റ്സ്- സേവന കൂട്ടായ്മകളുടെ ഒരു വലിയ ബഹളമായിരുന്നു. കൃത്യം ഒന്നര വർഷം മുമ്പ്. കൂട്ടത്തിൽ ഒരു ലൈബ്രറി കൂട്ടായ്മയും അന്ന് ഉണ്ടായിരുന്നു . ഞങ്ങളെ പോലുള്ളവർ ആ കൂട്ടായ്മയിൽ വലുതായി പ്രതീക്ഷിച്ചു. ദൗർഭാഗ്യമാകാം, അതിൽ ഇടപെടുന്നതിലപ്പുറം വീഡിയോസ്, ''സിംഹവാലൻ'' ടെക്സ്റ്റ് അടക്കം വേണ്ടായ്കകൾ അനാവശ്യ കീഴ്വഴക്കങ്ങൾ ഉണ്ടാക്കി. അവ അനിയന്ത്രിതമായി തുടർന്നപ്പോൾ ഫയാസ് തുടങ്ങി വെച്ചതാണ് RT. ഫയാസ് ഒരൽപം പിന്മാറിയപ്പോൾ, (പിന്നെയും) വളരെക്കഴിഞ്ഞാണ് ഒരു നിയോഗം പോലെ RT ചിലരാൽ സജീവമാകുന്നത്. രണ്ടു പേരെ ഇവിടെ ഞാൻ പരാമർശിക്കും, എന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചവരാണ് ആ മാന്യ വ്യക്തിത്വങ്ങൾ - അരമന മുഹമ്മദ് , ഷരീഫ് കുവൈറ്റ്. അവരുടെ ''ഉടുമ്പിന്റെ പിടുത്ത''മാണ് എനിക്ക്പോലും അത്ഭുതമായി RT ഇന്നും കത്തി നിൽക്കുന്നത്. അത് പോലുള്ള നിസ്വാർത്ഥരുടെ മഹനീയ സാനിധ്യമാണ് RT യുടെ ഊർജ്ജവും. അദ്ദി (അബ്ദുൽ റഹ്മാൻ) എന്ന കുറിപ്പുകാരന്റെ അഭിപ്രായങ്ങൾ (വ്യക്തി പരാമർശങ്ങൾ ഒഴിവാക്കി) നിങ്ങൾ മുഖ വിലക്കെടുത്താൽ നന്ന് എന്ന് എനിക്കും തോന്നുന്നു. അസ്‌ലം മാവില

നിരീക്ഷണം - സഞ്ചരിക്കും ലൈബ്രറിയും വായനാ ഇടവും

നിരീക്ഷണം അസ്‌ലം മാവില സഞ്ചരിക്കും ലൈബ്രറിയും വായനാ ഇടവും കപ്പൽ അബൂബക്കർ എന്റെ നല്ല കൂട്ടുകാരനാണ്. അയൽവാസി; കൂടെ പഠിച്ചവൻ. വേറിട്ട ചിന്തയുള്ള ഒരാളാണ്‌ അദ്ദേഹം. ആഴ്ചകൾ മുമ്പ് വായനാ ശാലയെകുറിച്ചു ഒരു ചർച്ച സി.പി. & ആർ .ടി. ഫോറങ്ങളിൽ നടന്നിരുന്നുവല്ലോ. ''നിരീക്ഷണ''ത്തിൽ വായനാശാലയുമായി ബന്ധപ്പെട്ട വന്ന വിഷയമായിരുന്നു പശ്ചാത്തലം. അന്ന് അബൂബക്കർ ഒരു ആശയം പങ്കു വെച്ചു. അതിന്റെ ഒരു എലാബെറേറ്റഡായ രൂപമാണ് ഇവിടെ കുറിക്കുന്നത്. വഴി മാറിച്ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെ ഗ്രാമത്തിലുണ്ടായിരുന്നെന്ന് വരും തലമുറകൾ അവരുടെ സാംസ്കാരിക അന്തിച്ചർച്ചകളിൽ പറയട്ടെ; അത് അവരുടെ കാലത്തും പ്രസക്തമാണ്. Mobile Library എന്ന ആശയം. ഗൾഫിലൊക്കെ കാണുന്ന PORT-CABIN ന്റെ കുഞ്ഞു രൂപം. ഞാനിതെഴുന്നതും ഒരു പോർട്ടോകാബിനിൽ ഇരുന്നാണ്. അടക്കവും ഒതുക്കവുമുള്ള ഒരു കുഞ്ഞു ലൈബ്രറി. സ്ഥിരമായി ഒരു സ്ഥലം വേണ്ട. എവിടെയും കൊണ്ട് വെക്കാം. രണ്ടു മുറി. ഒന്ന് ഇരുന്നു വായിക്കാൻ. ഒന്ന് പുസ്തകങ്ങൾ അടുക്കി വെക്കാൻ. നമ്മുടെ നാടിന്റെ നാലു ഭാഗങ്ങളിൽ സാംസ്കാരിക ചിഹ്നങ്ങളായി ഇവ. വൈകിട്ട് ഒന്നോ -രണ്ടോ മണിക്കൂർ തുറന്നു പ്രവർത്തിക്കുക. പറ്റുമെങ്കിൽ വൈകിട്ട് തൊട്ടടുത്ത വീടുകളിൽ നിന്ന് ഒന്ന് -രണ്ടു പത്രങ്ങൾ. രാത്രി തന്നെ തിരിച്ചെടുക്കാം. കുട്ടികളിൽ വായനാ ശീലമുണ്ടെങ്കിൽ അവർ വായിച്ചു കഴിഞ്ഞ വാരികകൾ ! പുസ്തകങ്ങൾ ! സൌരോർജ്ജയുഗമാണ്, വൈദ്യുതിക്ക് അതിന്റെ സാധ്യത ഉപയോഗപ്പെടുത്താം. വേണമെങ്കിൽ കുറച്ചു കൂടി ഗ്രാമീണ നിറം നൽകാം. പുല്ലു മേഞ്ഞോ, പച്ചോല വിരിച്ചോ കാബിന്റെ ''മാട്'' മോടി കൂട്ടാം. അതൊക്കെ നമ്മുടെ കുട്ടികൾക്ക് വിട്ടു കൊടുത്താൽ അവരിൽ പുതിയ ആശയങ്ങൾ ഉരുത്തിരിയും, ഇതിലും കലാപരമായി. നാലും കൂടിയ സ്ഥലം വേണം. ആളുകൾക്ക് എളുപ്പം എത്തിപ്പെടാൻ പറ്റണം. ഉപകാരപ്പെടണം. മെയിൻന്റൈൻ (maintain ) ചെയ്തു കൊണ്ടിരിക്കണം. നിരന്തരം ആൾപ്പെരുമാറ്റം ഉണ്ടാകണം. നാം വായിച്ചു തീർത്തില്ലെങ്കിൽ ഷെൽഫിൽ വെച്ച പുസ്തകങ്ങൾ തിന്നു തീർക്കാൻ വേറെ ആൾക്കാർ വരും. അങ്ങിനെ ആവുകയുമരുത്. മുമ്പ് നമ്മുടെ ഒ.എസ്. എ ലൈബ്രറിയിൽ നടന്ന ചിതാലാക്രമണം പോലെ. 100 കൊല്ലം കഴിഞ്ഞുള്ള പട്ളയെ മനസ്സിൽ വെച്ചാണ് അബൂബക്കർ തന്റെ ആശയം എന്നോട് പങ്കിട്ടത്. അതും ഞാൻ മനസ്സിലാക്കിയ രൂപത്തിൽ ഇവിടെ എഴുതാം. നമുക്ക് ഒരു കാബിൻ മതി. നാലു ദിക്കിൽ വേണമെന്നില്ല. ശരിക്കും ഇവ മൂവ് ചെയ്യണം - ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക്. അതിനനുസരിച്ച് ലൈബ്രറിക്ക്ചക്രങ്ങൾ . പുസ്തകങ്ങൾ വീഴാതിരിക്കാൻ മുൻകരുതലുകൾ. ഇത് കൊണ്ട് പോകാൻ ആഴ്ചയിൽ ഒരിക്കൽ വാടകയ്ക്ക് ഒരു വണ്ടി. ലൊക്കേഷൻ നാം സ്പോട്ട് ചെയ്ത് കഴിഞ്ഞാൽ അവിടെ കുറച്ചു ദിവസങ്ങൾ. ആ ഭാഗത്തുള്ള സാംസ്കാരിക പ്രവർത്തകർക്കായിരിക്കണം ഒരു ആഴ്ച്ചക്കാലം അതിന്റെ മുഴുവൻ ഉത്തരവാദിത്വം . അതിന്റെ സുതാര്യമായ ട്രാൻസ്മിറ്റൽ നടക്കുകയും വേണം. ഓരോ ആഴ്ചയും തങ്ങളുടെ ഭാഗത്തേക്ക് സഞ്ചരിക്കുന്ന ഗ്രന്ഥശാല എത്തുമ്പോൾ ഒരു സാംസ്കാരിക സന്ധ്യാസദസ്സ്. പുസ്തക ചർച്ച വേറെ. ഒരു അതിഥി. മൊബൈൽ ലൈബ്രറിയിൽ പത്രങ്ങൾ, വാരികകൾ, പ്രസിദ്ധീകരണങ്ങൾ. വരി ചേർക്കാൻ ഒരു അവസരമുണ്ടാകുക - അതേത് രാഷ്ട്രീയ -മത-സാമൂഹിക-സാംസ്കാരിക അച്ചടി ശാലയിൽ നിന്ന് പുറത്തിറങ്ങുന്നതാണെങ്കിലും. വായനയുടെ വർണ്ണ ലോകം തുറക്കുക. ദൃശ്യ-ശ്രവ്യ-അച്ചടി മീഡിയകളിൽ അതൊരു ശ്രദ്ധാകേന്ദ്രമായിരിക്കും. കുറെ നാളുകളായി ലൈബ്രറി പണിയാൻ സ്ഥലം ഓഫറുണ്ട് എന്നൊക്കെ കേൾക്കാൻ തുടങ്ങിയിട്ട്. അതൊരു വഴിക്ക് നടക്കട്ടെ. സമാന്തരമായി ''കപ്പൽ'' ആശയവും ചിറക് മുളക്കട്ടെ. ഇവിടെ സ്ഥായിയായി സ്ഥലം വേണ്ട. ഒരു മൂല കിട്ടിയാൽ മതി, ക്യാബിൻ ഒതുക്കി വെക്കാൻ. മാറ്റണമെന്ന് തോന്നിയാൽ മാറ്റുകയും ചെയ്യാമല്ലോ. മൊബൈൽ ലൈബ്രറികൾ ലോകത്ത് പല ഭാഗത്തും പരീക്ഷിച്ചു വിജയിച്ച ആശയമാണ്. അങ്ങിനെ തന്നെ ഇവിടെ പകർത്തണമെന്നല്ല, നമ്മുടെ ചുറ്റുപാടിനനുസരിച്ചു modifications വരുത്തി. മറ്റൊരു കാര്യം - എവിടെയൊക്കെയോ സ്ഥലം കിട്ടിയിട്ടും കാര്യമില്ല. കിട്ടെണ്ടിടത്തു കിട്ടണം, അതിനു തയ്യാറായി കുറഞ്ഞത് 3 സെന്റ്‌ സ്ഥലം വിൽക്കാനോ ആദായ വിലയ്ക്ക് നൽകാനോ തയ്യാറുള്ളവർ ഉണ്ടോ ? മരണശേഷവും നന്മയുടെയും വായനയുടെയും വെളിച്ചം തലമുറകൾക്ക് നൽകാൻ തയ്യാറുള്ള ഹൃദയ വിശാലതയുള്ള സന്മനസ്കർ ? കണ്ണായ സ്ഥലത്ത് സ്ഥലം നൽകാൻ തയ്യാറുള്ളവർ ? അങ്ങിനെ തയ്യാറെങ്കിൽ അത് മാന്യമായ വിലയ്ക്ക് വാങ്ങുന്നതിൽ സഹകരിക്കാൻ തയ്യാറുള്ളവർ ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. രണ്ടു ആശയവും ഇവിടെ വെക്കുന്നു ; ഏതു കൂട്ടായ്മയിലും സാധ്യതകൾ ചർച്ച ചെയ്യാം.

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

കുട്ടിക്കാല കുസൃതിക്കണ്ണുകൾ ( 28 )
_______________________________

മാവിലേയൻ

സ്കൂൾ വിട്ടാൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വീട്ടിലേക്കുള്ള പല വ്യഞ്ജന സാധനങ്ങൾ കൊണ്ട് വരാൻ ഉമ്മ അധികവും എന്നെയാണ് മധൂരിലേക്ക് അയക്കാറുണ്ടായിരുന്നത് - ഉപ്പാന്റെ കടയിലേക്ക്. മധൂർ കായിഞ്ഞി, മഞ്ചത്തട്ക്ക മാന്യNoയൊക്കെ അന്ന് ഉപ്പാന്റെ കടയിൽ നിന്ന് അടയ്ക്ക തലച്ചുമടായി കൊണ്ട് വരും, വീട്ടു മുറ്റത്ത്‌ ഉണക്കാനിടാൻ. അരിയും പഞ്ചസാരയുമൊക്കെ ഇവരുടെ കയ്യിൽ ഉപ്പായ്ക്ക് കൊടുത്തയച്ചാലെന്താന്നൊക്കെ ഞൊടിഞായം പറഞ്ഞു സ്കൂട്ടാവാൻ ഞാൻ മാക്സിമം ഉമ്മാനോട് തർക്കിക്കും. അതൊക്കെ കേട്ട്, പെങ്ങന്മാർ എതിർ വാദം പറഞ്ഞു ഉമ്മാക്ക് ലോ പോയിന്റ് പറഞ്ഞു കൊടുക്കും. പുല്ലരിയുന്ന സൌകുമാരെ കാണിച്ചാണ് അവർ എന്നെ മധൂരിലേക്കും കൊല്ലത്തെക്കും അയക്കുന്നത് -
''നോക്ക്, സാലേന്നു ബന്നിറ്റ് സൌക്വോ എല്ലാറും പുല്ലരിയാൻ പോന്നെ... ജോന് മധൂർക്ക് പോയിറ്റ് രണ്ട് മിൻറ്റിൽ ബെരാൻ ബെനെ ...'' അതോടെ ശുദ്ധനായ എന്റെ ന്യാമായ നിര്ദ്ദേശം വായുവിൽ ഇല്ലാതാവും. പിന്നെ സ്വയം പ്ലിങ്ങി ഒരു ടങ്കീസിന്റെ ബാഗുമായി ഇറങ്ങും. കൂടെ എണ്ണയ്ക്കുള്ള കുപ്പിയോ ഇല്ലെങ്കിൽ മണ്ണെണ്ണയ്ക്കുള്ള കന്നാസോ ഉണ്ടാകും. അരി മുതൽ തേങ്ങ വരെ ബാഗിൽ കുത്തി നിറച്ച് വരും. പോകുന്ന ഡ്രസ്സൊക്കെ സ്കൂൾ യൂനിഫോർമിൽ തന്നെ - കോര്ത്തിന്റെ കുപ്പായം ''പ്ലസ്‌'' നീല ട്രൌസർ. ( അന്നൊക്കെ മിക്ക കുട്ടികളുടെയും ട്രൌസറിന് ഇംഗ്ലീഷിലെ എക്സ് (X ) ആകൃതിയിൽ ഉള്ള വള്ളി പിന്നാലെ വെച്ച് പിടിപ്പിച്ചിരിക്കും. തൂഫാൻ വന്നാലും ഓടുമ്പോൾ നിക്കർ ഊരാതിരിക്കാൻ.)

ഒരു ഞായറാഴ്ച. രാവിലെ പത്ത്- പാതിനൊന്നു മണിയായിക്കാണും. കയ്യിൽ സാധനങ്ങളുടെ ചീട്ടും കക്ഷത്ത്‌ സഞ്ചിയുമായി മധൂരിലേക്ക് തിരിച്ചു. പാലമൊക്കെ കഴിഞ്ഞ് ഇപ്പോൾ നമ്മുടെ അസീസിന്റെ തോട്ടമുള്ള സ്ഥലത്തെത്തിയപ്പോൾ ഒരു സൗകു. അവൻ മധൂരിൽ നിന്ന് വരുന്ന വഴി. വലിയ ഒരു ഏർപ്പാടിലാണ് പുള്ളി. അന്ന് അവിടെ റോഡ്‌ അറ്റകുറ്റ പണി നടത്താൻ വേണ്ടി ടാർ നിറച്ച ഡബ്ബ അങ്ങിങ്ങായി റോഡിന്റെ വശങ്ങളിൽ ഉണ്ട്. അതിൽ ഒന്നിന്റെ അടുത്താണ് സൗകു. അതിന്റെ വക്കിൽ പറ്റിപ്പിടിച്ച ടാർ സൗകു മെല്ലെ ചുരണ്ടിയെടുത്ത് ചുണ്ടലിങ്ങ വലിപ്പത്തിൽ ഉരുട്ടി എടുക്കുന്നു. അഞ്ചെട്ടെണ്ണം അവന്റെ കീശയിൽ ഉണ്ട്. ഞാൻ ചോദിച്ചു -
"സൌകൂ, ഇതെന്തിനാ ?"
അവൻ പറഞ്ഞു -
"വീട്ടിൽ പോയി ഇതു കൊണ്ട് കളിക്കാൻ.
പിന്നെ ഇത് ഉണ്ട മിട്ടായിന്നു ചെല്ലീറ്റ് മാമാക്കൊട്ക്കണം."

ഇതും പറഞ്ഞു അവൻ കുറെ ചിരിച്ചു. അന്ന് ഇതേ കളറുള്ള തേങ്ങയിൽ ചാലിച്ച ഉണ്ട മിടായി ഉണ്ടായിരുന്നു. (എന്തൊരു ബുദ്ധി, പേരക്കുട്ടിയുടെ സമ്മാനെയ്‌ . )

എന്റെ മണ്ടയിൽ മറ്റൊരു ഉപായമാണ് ഉദിച്ചത്. അന്ന് എന്റെ വീട്ടിൽ ഒന്ന് രണ്ടു അലുമിനിയം കടയം (കുടം) ഉണ്ട്. "ഈ ശരീരത്തിൽ അമ്പ് കൊള്ളാത്ത സ്ഥലമില്ല" എന്ന് പറഞ്ഞത് പോലെ, അത് ഉടയാത്ത ഒരിഞ്ചു സ്ഥലമില്ലായിരുന്നു. അന്നൊക്കെ ഞങ്ങളുടെ വീട്ടിലെ കിണർ ഫിബ്രവരിയാകുമ്പോൾ വറ്റാൻ തുടങ്ങും. നമ്മുടെ പ്രദേശത്ത് തന്നെ ഉറവ ഇല്ലാത്ത കിണറുകളിൽ ഒന്നാണ് അത്. ചേടി മണ്ണ്. പടവില്ല. മുഴുവൻ ഇടിഞ്ഞു വീണിട്ടുണ്ട്. മാർച്ച് ആകുമ്പോൾ കിണറിന്റെ ഒത്ത നടുവിൽ ഉള്ള വെള്ളം കിട്ടാൻ ഞാനൊക്കെ കുടം കയറിൽ കുടുക്കിട്ട് ഒരു ഏറാണ്. ചിലപ്പോൾ അത് എവിടെയെങ്കിലും പോയി ശക്തിയിൽ ഇടിച്ചു വീഴും. അതിന്റെ മെഡുല ഒബ്ലം ഗേറ്റിൽ സാരമായ പരിക്കുമായിട്ടായിരിക്കും തിരിച്ചു വരിക. അത് കൊണ്ട് മിക്ക കുടങ്ങളും ഒന്നൊന്നൊര രൂപമായിരിക്കും. മിക്കതിനും ഓട്ടയും ഉണ്ടാകും.

ഞങ്ങൾക്ക് ഒരു കടയം ഉണ്ടായിരുന്നു - നമ്മുടെ തലച്ചോറിന്റെ രൂപമായിരുന്നു. കൂട്ടത്തിൽ ചോർച്ചയും. ഞാൻ ഒരുപാട് തവണ അത് നോക്കി മാത്രം ഊറി ഊറി ചിരിച്ചിട്ടുണ്ട്. ആ പറയപ്പെട്ട ''തലച്ചോറി''ലെ ഓട്ട അടക്കാമല്ലോ എന്ന നല്ല ഒരു ഉദ്ദേശം. അത് നടന്നു കിട്ടിയാൽ ഉമ്മാന്റെ അഭിനന്ദനവും ചൂടോടെ കിട്ടും.

ഞാൻ അമാന്തിച്ചില്ല. സഞ്ചിയും താഴെ വെച്ച് എനിക്ക് പറ്റാവുന്ന തരത്തിൽ കുറെ എണ്ണം ഉരുട്ടി എടുത്തു. കുറെ ഷർട്ടിന്റെ കീശയിൽ, വേറെ കുറെ ട്രൌസറിന്റെ കീശയിലും നിറച്ചു. ഉപ്പാന്റെ കടയിൽ എത്തും വരെ ഞാൻ എണ്ണി നോക്കി ഉറപ്പു വരുത്തി, ഒന്നും താഴെ വീണിട്ടില്ലല്ലോയെന്നു.

കടയിൽ നിന്ന് സാധനങ്ങളുമായി ഞാൻ ഇറങ്ങി. പിന്നെ ആ ടാറുണ്ട കൊണ്ട് വേറെന്തൊക്കെ ചെയ്യാമെന്ന ചിന്തയിൽ തലപുകഞ്ഞു. അന്ന് നല്ല ചൂടുള്ള ദിവസമായിരുന്നു. ഏപ്രിൽ, മേയോക്കെ ആയിരിക്കണം. ഞാൻ നമ്മുടെ പാലമൊക്കെ കടന്നപ്പോൾ എന്റെ ഇടതു നെഞ്ചത്ത്‌ ഒരു കുരു കുരുപ്പ്. യൂ നോ ..സംതിങ്ങ് ''ഒട്ടൽസ്''. ഒരു കയ് സഞ്ചിയിൽ പിടിച്ചിട്ടുണ്ട്. മറ്റൊരു കയ്യിൽ എള്ളെണ്ണയുടെ കുപ്പിയും. ഞാൻ മെല്ലെ കണ്ണ് താഴോട്ടിട്ടു. ''ഓ മൈ ..ഗോഡ് ! എന്റെ നെഞ്ചത്ത്‌ കൂടിയാണ് ടാറിടുന്നത്. സത്യം എനിക്ക് എത്ര ആലോചിച്ചിട്ടും അപ്പോൾ മനസ്സിലായില്ല - ''വൈ ദിസ് കൊലവരി'' എന്ന്. ചുണ്ടങ്ങാ പരുവത്തിൽ ഉരുട്ടിയ ടാർ എങ്ങിനെയാ ഇമ്മാതിരി ഒലിച്ചിറങ്ങുന്നത് ?

PART - 1

ഞാൻ ഉടനെ എണ്ണ കുപ്പി താഴെ വെച്ച് കീശയിൽ കയ്യിട്ടു. നാല് വിരലും ചാണക രൂപത്തിൽ തിരിച്ചു വന്നു. തലച്ചുറ്റിയോ എന്നറിയില്ല. പിന്നെ അറിയാതെ എണ്ണകുപ്പിയുടെ വള്ളിയിൽ പിടിക്കുന്നതിനു പകരം അതിന്റെ കഴുത്താണ് പിടിച്ചത്, ദേ , അവിടെ കയ്യിലെ ടാർ ഒട്ടിപ്പിടിച്ചു. വലത്തേ കീശയിൽ അങ്ങിനെ ഉണ്ടാകാൻ വഴിയില്ല എന്ന അമിത ആത്മ വിശ്വാസം തലയിലെ കെട്ടു ഒരു ബാലൻസിൽ നിർത്തി കൈ അവിടെന്നു വിട്ടു കയ്യിട്ടതും തലയിലെ കെട്ടിന്റെ ബാലന്സ് തെറ്റിയതും ഒന്നിച്ച്. അതിലും മോശമായി ടാറിൽ വഷളായ ഉടനെ അറിയാതെ മുകളിലെ കെട്ടിലേക്ക്. ആ സഞ്ചി അങ്ങിനെ പോയിക്കിട്ടി. ബാലന്സ് തെറ്റിയ ആഘാതത്തിൽ ആയിരിക്കണം ചായപ്പൊടി കേട്ട് പൊട്ടി അതിങ്ങനെ താഴോട്ടു വീഴുന്ന ചെറിയ ചറ ചറ ശബ്ദം . നോക്കണേ, കാലക്കേടിന്റെ വരവ്. ചാപ്പ്ളി ഫിലിമൊന്നും ആ സമയം ഒന്നുമായിരുന്നില്ല. It is LIVE, chaps ! അങ്ങിനെ മൊത്തം താറടിച്ച ഞാൻ വീട്ടിൽ എത്തിയപ്പോൾ ...........................*%*$?**#@ ഇതൊക്കെ നടന്നു.

പതിവ് പോലെ അടി മുറ പോലെ ആദ്യം ഏറ്റു വാങ്ങി. അത് വാങ്ങിത്തരാൻ പെങ്ങന്മാർ നന്നായി ഉത്സാഹിച്ചു. പിന്നെ ഷർട്ട് ഊരാനുള്ള ഭഗീരഥ ശ്രമം.

എന്റെ നെഞ്ചിൻകൂടത്തിൽ ഷർട്ടോടെ ഒട്ടിപ്പിടിച്ചിരുന്ന ഷർട്ട് നീക്കാനുള്ള ശ്രമത്തിനിടയിൽ എന്റെ കയ്യബദ്ധം കൊണ്ട് ഒരു കീശ പറിഞ്ഞു കിട്ടി. ആ കുറ്റം തന്ത്ര പൂർവ്വം ഒരു പെങ്ങളുടെ തലയിൽ വെച്ച് കെട്ടി അതിനുള്ള ശിക്ഷയിൽ നിന്ന് സ്കൂട്ടായി. എങ്ങിനെയോ ഷർട്ട് വേർപ്പെട്ടു.

ഒരു കുൽസൂന്റെ ഉമ്മയുടെ നിർദ്ദേശം കേട്ട് ഞാൻ തന്നെ ചിരിച്ചു പോയി. ഡെയ്റ്റ് എക്സ്പൈർ ആകാൻ പോകുന്ന എന്റെ ''കോര''ക്കുപ്പായo ചിമിനെണ്ണയിൽ കഴുകാമെന്ന് പുള്ളിക്കാരി. ചിലർ അങ്ങിനെയാണ്, എന്തെങ്കിലും കേറി വലിഞ്ഞു അഭിപ്രായവും പറഞ്ഞു കളയും.
''അതിന്റെ മണം മാറാൻ പിന്നെ എത്ര സോപ്പ് വേണ്ടി വരും ?''
ഉമ്മ അങ്ങോട്ട്‌. പിന്നെ ഒരു കൂട്ടച്ചിരി. ഉമ്മ അതിനിടയിൽ എന്റെ മണ്ടക്കിട്ട് ഒരു മേടും അട്വൈസും -
"ബല്യേ പെണ്ണുങ്ങള് പറഞ്ഞത് കേട്ട് ചിരിച്ചു തമാശയാക്കരുതെന്ന്''
ഞാൻ ഉമ്മാക്കൊരു സപ്പോർട്ടായി ഈ ''ടാറുട്ടായി ഇഷ്യൂ'' സോഫ്റ്റായി പോകട്ടെന്നും കൂടി ഉദ്ദേശിച്ചാണ് സാദാചിരിയെ, പൊട്ടിച്ചിരിയാക്കിയത്; ബട്ട്‌,സദ്ദിഖ്നീ... സംഗതി ഏശിയില്ല.

ഇനി അടുത്തത് ട്രൌസർ....അത് ഒരു നിലക്കും സഹകരിച്ചില്ല. സൌകുന്റെ ഉമ്മയുടെ അന്യാവശ്യമായ ഇടപെടൽ മൂലം മുറിച്ചെടുത്തു. ഊഫ്ഫ് ... ഇത് ടാറോ അല്ല സൂപർ ഗ്ലൂ ആണോ ? പിന്നെ കുറെ മാസക്കാലം കീശയില്ലാത്ത കുപ്പായവും ടാറിന്റെ കറയുമായി അത് ധരിച്ചു നടന്നു.

വില്ലെർസ് പമ്പ് സെറ്റിൽ എണ്ണ നിറക്കുമ്പോൾ അരിപ്പക്ക് പകരമായി ഞാൻ ബാബേട്ടനോട് നിർദ്ദേശിച്ചത് എന്റെ ഈ താർ പുരണ്ട ഷർട്ട് ഉപയോഗിക്കാനായിരുന്നു. അത് അങ്ങിനെ പോയിക്കിട്ടിയത് കൊണ്ട് കുറെ ദിവസങ്ങളൊന്നും ഉപയോഗിച്ച് വശളാകുന്നത്തിൽ ശാന്തി ലഭിച്ചു.

എന്റെ ഉപ്പ അന്ന് പറഞ്ഞു തന്ന ഒരു അറിവുണ്ട് -
''മമ്മദൂ ....ടാറും മണ്ണെണ്ണയും പെട്രോളും ഡീസലും ''ഗ്രീസു''മെല്ലാം പെട്രോളിയം പ്രൊഡക്റ്റ്സ് / ബൈ പ്രൊഡക്റ്റ്സ് ആണ്. അതെല്ലോ നിന്റെ കെമിസ്ട്രീയിൽ ഉണ്ടാകും പഠിക്കാൻ...''
ചൂട് ഇത്തിരി കൂടിയാൽ ഖരാവസ്ഥ യിൽ നിന്നും ദ്രാവകാവസ്ഥയിലേക്കുള്ള മാറ്റം ഉപ്പ പറഞ്ഞു തന്നു. (നാട്ടിലേക്ക് തിരിക്കുമ്പോൾ ''സ്നിക്കറൊ''ക്കെ വാങ്ങി വീട്ടിലെത്തി തുറന്നു പിള്ളേർക്ക് കൊടുക്കുമ്പോൾ എമണ്ടൻ ചൂട് കൊണ്ട് കോലം മാറിയ ചോക്ലേറ്റു കാണുമ്പോൾ എനിക്ക് പലപ്പോഴും ആ സൌകുന്റെ "ടാറുട്ടായി" ഓർമ്മ വരാറുണ്ട്.)

പക്ഷെ ഞാൻ അപ്പോഴും ആലോചിച്ചത് മറ്റേ സൌകുവിന്റെ കാര്യമായിരുന്നു. അവിടെ എന്തായിരിക്കും സംഭവിച്ചിരിക്കുക? ഇതേ പോലെ അവന്റെ കീശയിലും സംഗതി ഉരുകിയിരിക്കുമോ ? അതല്ല തേങ്ങമിഠായിന്ന് തെറ്റിദ്ധരിച്ചു ''പുള്ളീ''ന്റെ കയ്യിന്ന് മാമ ''താറുണ്ട'' വാങ്ങി വിഴുങ്ങി കാണുമോ ?

അന്ന് രാവിലെ ഞാൻ പള്ളി വളപ്പ് നോക്കി വല്ല ആളനക്കമുണ്ടോ ? ഭാഗ്യം അതിന്റെ ഒരു ലക്ഷണം കണ്ടില്ല. അപ്പോൾ മിക്കവാറും എനിക്കുണ്ടായ അനുഭവം പുള്ളിക്കും ഉണ്ടായെന്ന് ഞാൻ 110 ശതമാനം ഉറപ്പാക്കി. അതോടെ എന്റെ talennaalaത്തെ മൂഡ്‌ ഔട്ട്‌ മുഴുവൻ മാറിക്കിട്ടി. സുബഹി നിസ്കാരം കഴിഞ്ഞ് പള്ളീന്ന് ഇറങ്ങുമ്പോൾ ഹൗദിന്റെ അടുത്ത് മണ്ണെണ്ണ മണം. ഞാൻ വിചാരിച്ചത് തലേ ദിവസം കറണ്ടോ മറ്റോ പോയി ചിമ്മിനി കൂടി കത്തിച്ചപ്പോൾ, അബദ്ധത്തിൽ കൂട് മറിഞ്ഞു വീണതായിരിക്കുമെന്ന്. "ബട്ട്, പള്ളിയിൽ മണം കേറുമ്പോൾ ഉണ്ടായിരുന്നില്ലല്ലോ"
ചിന്ത മെഡുള ഒബ്ലാം ഗേറ്റിന്ന് എടുത്തില്ല, ദേ ഇരിക്കുന്നു നമ്മുടെ മാണിക്കക്കല്ല് ! അവിടെയും ഒരു കുൽസൂന്റെ ഉമ്മ കാണും. ഇല്ലെങ്കിൽ മണ്ണെണ്ണയിൽ കുളിപ്പിക്കില്ല പുള്ളിയെ.

നമ്മുടെ കഥാപാത്രം ഹൌളിന്റെ മുന്നിൽ ഇരിന്നു ഒരു മാവിന്റെ ഇല ചുരുട്ടി പല്ല് തുടക്കുന്ന കോലം കണ്ടപ്പോൾ ശരിക്കും എനിക്ക് അറിയാതെ ചിരി വന്നു പോയി - തലേ ദിവസം ലോക്കപ്പിൽ കിടന്ന ഒരു ഒരു ഒരു പരുവം. പഞ്ഞിക്കിട്ടെന്നു പറഞ്ഞാൽ കുറഞ്ഞു പോകും. അതുക്കും മേലെയായിരുന്നു.
എന്തേലും പറഞ്ഞാലോ ചോദിച്ചാലോ വയലന്റായാലോ എന്ന് പേടിച്ച് ഞാൻ പിന്നെ ശവത്തിൽ കുത്താൻ നിന്നില്ല.

പാവം ! മാമാനെ ''താറുണ്ട'' തീറ്റിക്കാൻ ഇറങ്ങിയ ക്രൂരൻ ''പുള്ളി'' ! കക്ഷി ഇപ്പോൾ അങ്ങ് പേർഷ്യയിലാണ്. നാലീസം മുമ്പും മെസ്സേജ് ഇട്ടിരുന്നു.

അക്ബര്‍ കക്കട്ടില്‍

അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമായ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. ഏറെനാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. മയ്യത്ത് രാവിലെ ഒമ്പതു മുതല്‍ 12 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് അഞ്ചിന് കക്കട്ടിലിലെ കണ്ടോത്ത് കുനി ജുമാമസ്ജിദില്‍ ഖബറടക്കും. നര്‍മ്മം കൊണ്ട് മധുരമായ ശൈലിക്കുടമയായിരുന്ന അക്ബര്‍ കക്കട്ടില്‍. ഗഹനവും സങ്കീര്‍ണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാന്‍ പ്രത്യേക വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു. കൂടാതെ ' അദ്ധ്യാപക കഥകള്‍' എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. മലയാളത്തിലെ പ്രഥമ അദ്ധ്യാപക സര്‍വീസ് സ്റ്റോറിയുടെ കര്‍ത്താവുമാണ്. വിദ്യാഭ്യാസത്തിനു ശേഷം അധ്യാപനവൃത്തി തിരഞ്ഞെടുത്തു. കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തുകയുണ്ടായി. ശമീല ഫഹ്മി, അദ്ധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, തെരഞ്ഞെടുത്തകഥകള്‍, പതിനൊന്ന് നോവലറ്റുകള്‍, മൃത്യുയോഗം, സ്‌ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്‌കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികള്‍... മുതിര്‍ന്ന എഴുത്തുകാരുടെ കൃതികളിലേയ്ക്കും ജീവിതത്തിലേയ്ക്കും വെളിച്ചം പകരുകയും അവരുടെ പിന്നാലെ വന്ന ഒരു സര്‍ഗാത്മക സാഹിത്യകാരന്‍ എന്ന നിലയില്‍ അവരുമായി സംവദിക്കുകയും ചെയ്യുന്ന 'സര്‍ഗ്ഗസമീക്ഷ', അത്തരത്തില്‍ ഇന്ത്യയില്‍ ആദ്യം. രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1992ല്‍ ഹാസ്യ വിഭാഗത്തില്‍ കേരളസാഹിത്യ അക്കാദമിയുടെ പ്രഥമ അവാര്‍ഡ് 'സ്‌കൂള്‍ ഡയറി' എന്ന ലഘു ഉപന്യാസ സമാഹാരത്തിന്. 2004ല്‍ നോവലിനുള്ള അവാര്‍ഡ് വടക്കു നിന്നൊരു കുടുംബ വൃത്താന്തത്തിന് ലഭിച്ചു. സംസ്ഥാന ഗവണ്മെന്റിന്റെ രണ്ട് അവാര്‍ഡുകളും ലഭിക്കുകയുണ്ടായി. 1998 ല്‍ മികച്ച നോവലിന് (സ്‌ത്രൈണം) ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് ലഭിച്ചു. 2000 ല്‍ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു.( സ്‌കൂള്‍ ഡയറി ദൂരദര്‍ശന്‍ സീരിയല്‍). 1992ല്‍ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ഫെലോഷിപ്പും നേടി. 2002ല്‍ 'വടക്കു നിന്നൊരു കുടുംബ വൃത്താന്തം' അബുദാബി ശക്തി അവാര്‍ഡും നേടിയിട്ടുണ്ട്. ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന. (വാർത്തയ്ക്ക് കടപ്പാട് - ''ഉത്തരദേശം'' ദിനപത്രം ) RT യുടെ ആദരാഞ്ജലികൾ ! പരേതന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ, മഗ്ഫിറത്തും മർഹമതും നൽകട്ടെ- ആമീൻ

അന്താരാഷ്ട്രാ മാതൃഭാഷാ ദിനം

അന്താരാഷ്ട്രാ മാതൃഭാഷാ ദിനം, ഫെബ്രവരി 21 ഒരു കാസർകോടുകാരനു കൂടി അംഗീകാരം തേടി എത്തുന്നു, എഴുത്തിന്റെ വഴിയിൽ വിവർത്തന ശാഖയിൽ ഒരു കാസർകോടുകാരൻ കൂടി ലോക ശ്രദ്ധയിലേക്ക് .. രാഘവൻ മാഷിന്റെ പിന്നാലെയായി 2015 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ദാമോദർ ഷെട്ടിയെ തേടിയെത്തി. മലയാളത്തിനും അംഗീകാരം, കാസർകോടിനും അംഗീകാരം, കന്നഡയ്ക്കും ! ദാമോദർ കുമ്പള നായ്ക്കാപ്പ് സ്വദേശിയാണ്. താമസം വര്‍ഷങ്ങളായി ബംഗളൂരുവിലും.. '' കൊച്ചരേത്തി'' എന്ന മലയാള നോവലിന്റെ കന്നഡ പരിഭാഷയാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. നിരവധി മലയാള നോവലുകള്‍ കന്നഡയിലേക്ക് ദാമോദര്‍ ഷെട്ടി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മലയരയന്‍ സമുദായത്തിന്റെ 20-ാം നൂറ്റാണ്ടിലെ ജീവിതത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ആദ്യ ആദിവാസി എഴുത്തുകാരിലൊരാളായ ഇടുക്കി കുടയത്തൂരിലെ നാരായണനാണ് കൊച്ചരേത്തി എഴുത്തിയത്. 1998 ല്‍ പ്രസദ്ധീകരിച്ച ഈ നോവല്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. രാഘവൻ മാഷെ കുറിച്ച് എഴുത്ത് കാരൻ മണികണ്ഠൻ ദാസ്: ''മണ്‍മറിഞ്ഞ് പോകുമായിരുന്ന തുളുവിനെ ഒറ്റയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന അദ്ദേഹം കേവലം തുളുഭാഷയെ മാത്രമല്ല, ഒരു സംസ്‌കാരത്തെ തന്നെയാണ് ഊര്‍ജം കൊടുത്തു ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. തുളു നാടും ഭാഷയും നാട്ടറിവും എന്ന ഗ്രന്ഥം എഴുതിയ രാഘവൻ മാഷ്‌ (ഉത്തര ദേശത്തിന്റെ എഡിറ്റർ ). തുളുവിന് കന്നടയോടല്ല, മറിച്ച് മലയാളത്തോടാണ് കൂടുതല്‍ അടുപ്പമെന്ന് സ്ഥാപിക്കാന്‍ സി. രാഘവന് കഴിഞ്ഞു. ഒരേ സമയം വൈലോപ്പള്ളിയേയും അയ്യപ്പപ്പണിക്കരേയും വിവര്‍ത്തനം ചെയ്യാന്‍ രാഘവന്‍ മാഷിന് സാധിച്ചു. പ്രശസ്തമായ ഒട്ടേറെ കൃതികള്‍ അദ്ദേഹം കന്നടയില്‍ നിന്നും മലയാളത്തിലേക്കും തിരിച്ചും വിവര്‍ത്തനം ചെയ്തു. ചങ്ങമ്പുഴയുടെ പാടുന്ന പിശാച് ഇംഗ്ലീഷിലേക്കോ ജര്‍മ്മനിയിലേക്കോ ഫ്രഞ്ചിലേക്കോ മൊഴിമാറ്റം നടത്തിയിരുന്നെങ്കില്‍ ലോകശ്രദ്ധ പിടിച്ചുപറ്റുമായിരുന്നു '' സപ്തഭാഷാസംസ്കാരത്തിന്റെ കളിത്തൊട്ടിലായ കാസർകോടിനെ ഇങ്ങനെയൊക്കെ പറയുന്നത് കാണാനാണ് എനിക്ക് ഇഷ്ടം; നിങ്ങൾക്കും അങ്ങിനെ ആയിരിക്കുമല്ലോ. ഏഴ് ഭാഷകളും (മലയാളം, കന്നഡ, തുളു, കൊങ്കിണി, ഉറുദു, ഇംഗ്ലീഷ് , ഹിന്ദി ഒരു പക്ഷെ ഇതാകാം ആ 7 ഭാഷകൾ. ബ്യാരി, അറബിക്കും ഇതിനോട് ചേർക്കാനുമുണ്ട് ). ഒരു കാലത്ത് ദക്ഷിണ കാന്നഡയുടെ ഭാഗമായ കാസർകോട് ഒരേ സമയം നമ്മുടെ വീടുകളിൽ കന്നഡയും മലയാളവും പഠിക്കുന്ന ഒരു തലമുറയും കടന്നു പോയിട്ടുണ്ട്. ഇന്നത്തെ മാതൃ ഭാഷാ ദിനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഒരു കാസർകോടുകാരനെ തേടി എത്തിയതിൽ നമുക്ക് അഭിമാനിക്കാം. അയൽപ്പക്കത്തിനും അത് വഴി അവരുടെ അയൽക്കാർക്കും നമ്മുടെ ഭാഷയും സംസ്കൃതിയും സാഹിത്യ സമ്പത്തും പറഞ്ഞു കൊടുക്കുക എന്നത് എന്തൊരു സുകൃതം ! നമുക്ക് നൽകാം ഭാഷകൾക്കിടയിൽ പാലം തീർത്ത ഈ മഹാ മനീഷിക്ക്, A BIG SALUTE മാതൃഭാഷാ ദിനത്തിൽ എന്റെ ഈ കുറിപ്പ് വായനക്കാർക്ക് സമർപ്പിക്കുന്നു. അസ്‌ലം മാവില കുറിപ്പ് : ഈ ദിനം നമുക്ക് ഓർമ്മപ്പെടുത്തിയ നിസാർ ടി.എച്ച്. അഭിനന്ദനം അർഹിക്കുന്നു .

ക : മണം

ഇന്ന് ഞാൻ വായിച്ച ഏറ്റവും കാലികമെന്നു തോന്നിയ കവിത കഞ്ചാബിന്റെ മണം പുകച്ചു തീരുന്നു പുതു ജന്മങ്ങൾ കൽവെർട്ടിനടിയിൽ കാൽപെരുമാറ്റമില്ലാതിടത്ത് അച്ഛൻ അങ്ങമ്പലത്തിൽ ശാന്തിക്കാരൻ, തീർത്ഥജലം നൽകുന്നവൻ അമ്മയങ്കനവാടിയി,ലായ മകനെ കൂട്ടുകെ''ട്ടൂതാ''ൻ വിളിച്ചു, ''ഒരിക്കലാകാമല്ലൊ ഈ പുകച്ചുരുൾ ?'' ''നോ'' പറയുന്നതിനു മുമ്പേ ആ ചെകുത്താൻമാരവന്റെ നാക്കരിഞ്ഞു നായയ്ക്കെറിഞ്ഞിരുന്നു ''ഇനിയും വൈകിയിട്ടില്ല തിരിച്ചു ജീവിതത്തിലേക്ക് വരാൻ'' ആസ്പത്രി കിടക്കയിൽ ഒരശരീരി പഴഞ്ചനെന്നു പറഞ്ഞു തള്ളിയ പഴയ കളിക്കൂട്ടുകാരൻ തല തടവി പറഞ്ഞു, ''വൈകിയിട്ടില്ല'' അച്ഛന്റെ കണ്ണുകളിൽ ചുടു ചോരയും അമ്മയുടെ കൈലേസിൽ കടലോളം കണ്ണ്നീരും കണ്ടവൻ മനസ്സിൽ തട്ടി പ്രതിജ്ഞയെടുത്തു, ''ദൈവം സാക്ഷി'' അപ്പോഴും, ചെകുത്താൻമാർ കൽവെർട്ടിൽ, ഇരുട്ട് മറയാക്കി അടുത്ത ഇരയുടെ ചെവിരണ്ടിലും വേദമോതി കൊടുക്കുകയായിരുന്നു - ''നിന്റച്ഛൻ പഴഞ്ചൻ, കളിക്കൂട്ടുകാരനും. അമ്മയോ ? ലോകം തിരിയാത്തവൾ, ഈ പുകച്ചുരുൾ നിന്റെ ജീവിതം മാറ്റി മറിക്കും'' മാളവിക പുന്നയൂർകുളം