Friday, October 28, 2016

പ്രായമുള്ളവർ  ഉപയോഗിച്ചിരുന്ന ഒരു ഊന്നു വടി ഉണ്ട്. ''ബെത്തം'' എന്നാണ് ഓമനപ്പേര്. ഒരു വളഞ്ഞ കുടക്കമ്പി. ഇതിന് പല വക ഭേദങ്ങളുണ്ട്. പൈസ അനുസരിച്ചു ബെത്തത്തിന് ഡെക്കറേഷൻ കൂടും. ചില ബെത്തമൊക്കെ കണ്ടാൽ എട്ടടി വീരന്റെയൊക്കെയാണ് കോലം. ഇടക്കിടക്ക് വെള്ളിയോ പിച്ചളയോ കൊണ്ടുള്ള തളപ്പ്. അതിന്റെ ഏറ്റവും അടിയിൽ നല്ല ചുറ്റ്. എനിക്ക് ഏറ്റവും ക്‌ളാസ്സിക്കായി ബെത്തം കുത്തി നടക്കുന്നത് കണ്ടത് - എന്റെ പ്രിയപ്പെട്ട മുക്രി ഉപ്പപ്പ (കുട്ടിഉപ്പപ്പ)യെയാണ്. അദ്ദേഹം ചിലപ്പോൾ അതിൽ തന്നെ തല ചായ്ച്ചു വെച്ച് കുറെ നേരം വിശ്രമിക്കും. ചില വീടുകളിൽ പേരക്കുട്ടികളെ മാമമാർ പേടിപ്പിക്കുന്നത് ഈ ബെത്തം കാണിച്ചാണ് - '' തൊട്ടർണ്ടാ...   ഉപ്പപ്പ ബെത്തത്തിൽ ബാട്ടൂ....'' (ഇന്ന് അങ്ങിനെ പ്രായമുള്ളവർ നമ്മുടെ നാട്ടിലല്ല എവിടെയും കുറവാണ്)

കുട്ടിക്കാലകുസൃതിക്കണ്ണുകൾ / ലക്കം - 41

കുട്ടിക്കാലകുസൃതിക്കണ്ണുകൾ

ലക്കം - 41

മാവിലേയൻ

ഇന്ന് കാണുന്ന റോഡൊന്നുമില്ല. നേർത്ത തോടുകൾ. നടന്നു പോകുന്ന ഈ കൈവഴികളുടെ ഒരു വശം മഴയുടെ കുത്തൊഴുക്ക്  ഡ്രൈനേജ് ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ബാക്കി വന്ന ഭാഗത്തു കൂടിയാണ് വഴിനടക്കാർ യാത്ര ചെയ്യുക.  വരുന്നവരും പോകുന്നവരും സൗഹൃദത്തിന്റെയും പരസ്പര സ്നേഹാദദരവുകളുടെ പേരിൽ സ്വയം  അറിഞ്ഞു വഴി മാറിക്കൊടുക്കും. അന്നൊന്നും അങ്ങിനെ ആർക്കും വാഹനങ്ങളില്ലല്ലോ. നടക്കുക എന്നത് അന്ന് നാണക്കേടായും കണ്ടിരുന്നില്ല.

ചെന്നിക്കൂടലിൽ നിന്നും അഞ്ചു വഖ്‌തും വലിയ പള്ളിയിലേക്ക് നമസ്കാരത്തിനായി കൃത്യസമയത്ത്  ചിലർ  നടന്നു  എത്തുമായിരുന്നു. കമുകിൻ തോട്ടത്തിലേക്കൊക്കെ ചപ്പ് (തോൽ ) തൊപ്പിക്കുന്ന്, ചെന്നികൂടൽ ഭാഗത്തു നിന്ന് തലച്ചുമടായാണ് അന്നൊക്കെ കൊണ്ട് വരിക. പറങ്കിമാവ്, എരിക്ക് തുടങ്ങിയ കത്തിക്കാൻ ആവശ്യമായ മരങ്ങൾ മുറിച്ചും തലയിൽ പേറി ഇങ്ങനെത്തന്നെയാണ് അന്ന് കൊണ്ട് വന്നിരുന്നത്. എന്തിന് പറയുന്നു നമ്മുടെ നാട്ടിൽ പശുക്കളുള്ള വീട്ടിലെ സൗകുമാർ ബർവല (ഉണക്ക് ഇല ) ചാക്കിൽ കെട്ടിക്കൊണ്ട് വരുന്നതും എത്രയോ ദൂരം നടന്നാണല്ലോ.

അന്നത്തെ ബാർബല ചാക്കോക്കെ ഒന്ന് കാണണം. എവിടുന്നാ ഇമ്മാതിരി ട്രിബിൾ  എക്സ് ലാർജ് ചാക്കോക്കെ കിട്ടുന്നത് ? അതൊക്കെ തലയിൽ പേറി വരുന്നത് കാണുമ്പോൾ ദൂരെ നിന്ന് ലോഡുമായി വരുന്ന  ഒരു പാണ്ടി ലോറി പോലെ തോന്നിക്കും. അത് കണ്ടാൽ  നമ്മൾ വഴിമാറിക്കൊടുത്തു കൊള്ളണം. ഇവർക്ക് ഒന്നാമത് ചാക്ക് തലയിൽ വെക്കുമ്പോൾ തന്നെ അതവിടെ അമർന്നിരിക്കും. അതോടെ മുന്നോട്ടുള്ള നോട്ടം പോയിക്കിട്ടും. നോക്കിയിട്ടും കാര്യമില്ല. പിന്നെ നോക്കുന്നത് സ്വന്തം കാലടി മാത്രം. പഴയ നടന്ന ഓർമ്മയ്ക്ക് അവർ ബർവല ചാക്കും വെച്ച് പെട്ടെന്ന് കൂടണയാൻ നോക്കും. ഈ പാഴ്വസ്തുവാണ്  ആലയിൽ തട്ടി സൗകുവിന്റെ വീട്ടുകാർ ജൈവ വളമുണ്ടാക്കുന്നത്. ഇവരുടെ എല്ലാവരുടെയും കയ്യിൽ അഞ്ചെട്ട് കമ്പികൾ വളച്ച ''ഇലകോരി'' ഉണ്ടാകും. ഇതിനെ ''കൊക്കെ'' , ''ബില്ല്'' എന്നൊക്കെയാണ് പറയുക.   ഇതാണ് ബർവല കൂട്ടിയിടാൻ ഉപയോഗിക്കുക. പാവങ്ങൾ കാലിൽ ചെരുപ്പ് പോലും ധരിക്കാതെയാണ് ഇതും തലച്ചുമടായി കൊണ്ട് വരുന്നത്.

രാവിലെ സുബഹ് നിസകരിക്കുന്നതിന് മുമ്പ് തന്നെ ചില സൗകുമാർ ഇതിനായി ഇറങ്ങും. ബർവലെ ചിലവ് വീടുകളിൽ കത്തിക്കാനും ഉപയോഗിക്കും. ജാവോക്ക് മരത്തിന്റെ ഇലകൾക്ക് ചൂട് (കാരം) അല്പം കൂടുതാണത്രേ. അത്തരം വീടുകളിൽ കുൽസുമാർ തങ്ങളുടെ ഉമ്മമാരെ കൂട്ടുപിടിച്ചു സൗകുമാർക്ക് പാര പണിയും. ബർവലെ കൊണ്ട് വന്നില്ലെങ്കിൽ അന്നത്തെ ബ്രെക്ക് ഫാസ്റ്റ് ഇല്ല ! എങ്ങിനെയുണ്ട് ? ഇവറ്റങ്ങൾ അത് കൊണ്ട് അതിരാവിലെ ചാക്കുമെടുത്തു കുന്നു ലക്ഷ്യമാക്കി നടക്കും. രാവിലെ പോകാത്തവർ വൈകുന്നേരം നടക്കും. ചില സൗകുമാർ സുബഹ് നിസ്കരിക്കുന്നത് തൊട്ടടുത്ത കിട്ടിയ സ്രാമ്പി പള്ളിയിലായിരിക്കും. (സ്രാമ്പി എന്ന് ഉദ്ദേശിച്ചത് ആഴ്ചയിൽ 34 വഖ്ത് നിസ്കാരമുള്ള പള്ളിയെന്നാണ്).

ഇവർ കുന്നിലെത്തിയാൽ ആദ്യം ചെയ്യുന്നത് വട്ടത്തിലോ നീളത്തിലോ അതിർത്തി തിരിക്കും. അവിടെയുള്ള ഉണക്കിലകൾ അവനു മാത്രമുള്ളത്. ചില കുടുംബസമേതം ജമാഅത്തായി പോകും. അവരൊക്കെ വലിയ വലിയ അതിർത്തിയൊക്കെയായിരിക്കും തിരിക്കുക. ആരാന്റെ കുന്നു, പക്ഷെ ഇപ്പോൾ ഈ ഏരിയയിലുള്ള  ഉണക്കില മുതലാളി നമ്മുടെ കുടുംബക്കാർ എന്ന നിലപാട്. ചില സ്ഥല ഉടമകൾ കാത്തിരുന്നു ഓടിച്ചു കളയുമത്രെ. അന്നത്തെ കളക്ഷൻ കാലിചാക്ക് മാത്രം ! ഓടുന്നതിനിടയിൽ വേലിയിലും മുള്ള്ചെടികളിലും വീണ് ഈ പാവങ്ങൾ പരിക്കേൽക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

പഞ്ചസാര ചാക്ക് പോലും ചവോക്ക് ഇലകൾ കുത്തിനിറക്കാൻ സൂപ്പർ എന്നാണ് അനുഭവസ്ഥരായ സൗകുമാർ പറയുന്നത്. ഇത് ഏതെങ്കിലും കടയിൽ നിന്ന് കീറിപ്പറിഞ്ഞത് വാങ്ങി പാച്ചൊക്കെ അടച്ചു ശരിയാക്കി വെക്കും. സ്കൂളിനടുത്ത് ഒരു രവിയേട്ടന്റെ ബീഡി കമ്പനി ഉണ്ടായിരുന്നു. അവിടെ നിന്നുമാണ് എക്സ് ലാർജ് ചാക്കുകൾ സംഘടിപ്പിക്കുക.

വലുതായാരും അക്കാലങ്ങളിൽ  ചെരുപ്പ് ധരിക്കാത്തത് കൊണ്ട്  മിക്കഎണ്ണത്തിന്റെയും കാലിലെ തള്ള വിരലിൽ ഒഴിയാത്ത   ഒരു തലക്കെട്ട്  ഉണ്ടാകും. നഖമൊക്കെ പൊട്ടി ചോരയൊലിക്കുന്ന ബഹു: ചുണ്ടംബ്ബെർളി''നാണ് അന്ന് തലക്കെട്ടിടുക .   ''എട്കെട്ടി'' എന്നാണ് ഇങ്ങിനെ ഉണ്ടാകുന്ന പരിക്കിന്റെ ഭാഷ്യം.  മഴക്കാലമായാൽ മിക്ക കുൽസു സൗകുമാരുടെയും കാൽവിരലുകൾ പുഴുക്കൾ ഭക്ഷിക്കും. ചളി വെള്ളത്തിൽ ചെരുപ്പിടാതെയാണല്ലോ  നടത്തം.  ''കാല് പുദു തിന്ന്ന്നെ'' എന്നാണ് ഇതിന്റെ പേര്. കാൽ വിരലുകളുടെ വിടവും അതിന്റെ അടിയും ശരിക്കും അരിപ്പപോലെ  പഞ്ചറായിരിക്കും.  അതിന് പല മരുന്നും പരീക്ഷിക്കും. കാലിൽ ആണുങ്ങൾ അടക്കം മൈലാഞ്ചിയിടുന്ന ഏക അവസരമാണ് കാലിന് പുഴുക്കടിയുള്ള സമയം. വേറെയും ചില മാര്ഗങ്ങളും ഉണ്ട്. അതിലൊന്ന് കടലാസ് കരിച്ചു അത്  കളഞ്ഞു അതിൽ കുറച്ചു എണ്ണയൊഴിച്ചു ഇതേ പോലെ പുഴുക്കടി ഉള്ളിടത് മയത്തിൽ അപ്ലൈ ചെയ്യും.

അന്നും വളരെ അപൂർവ്വം വീട്ടിലാണ് മൈലാഞ്ചി തൈ ഉണ്ടാകുക. ഒരു അയൽ വീട്ടിലെ പറമ്പിൽ നിന്നാണ് ഞാനൊക്കെ മൈലാഞ്ചിയില ഉരുമ്മി കൊണ്ട് വരിക. എന്റെ മുക്രി ഉപ്പപ്പന്റെ വീട്ട് മുറ്റത്തും  ഇതുണ്ടായിരുന്നു. ഇത് അരക്കല്ലിലിട്ടല്ല  അരക്കുക. മറിച്ചു,  പുറത്തു തുണി അലക്കുന്ന കല്ലിൽ ഒരു ഉരുളൻ (കുട്ടിക്കല്ല്) കല്ലുപയോഗിച്ചാണ് അരക്കുക. കൂട്ടത്തിൽ ലേശം പച്ച മഞ്ഞൾ, തെങ്ങിന്റെ പച്ചവേര് എന്നിവ കുറച്ചു കളർ കൂടാനും  മരുന്നിനുമായി  ചേർക്കും. മൈലാഞ്ചി കല്ലിലരച്ചു തീരുമ്പോഴേക്കും കൈ മൊത്തം ചെമന്നിരിക്കും. അത് കൊണ്ട് കൈക്ക് പ്രത്യേകം മൈലാഞ്ചി തേച്ചു പിടിപ്പിക്കേണ്ട ആവശ്യം തന്നെയില്ല.

ആണുങ്ങൾ കയ്യിൽ മൈലാഞ്ചി ഇടരുതെന്ന് പണ്ടുപണ്ടേയുള്ള നിയമം പോലെയാണ് തോന്നിയിരുന്നത്. അതിന്റെ കാരണമെന്തെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. ചില സൗകുമാർ അതൊക്കെ മറികടന്നു കയ്യിൽ നല്ല സൂപ്പർ മൈലാഞ്ചി തേച്ചു വരും. അന്നൊന്നും ഇന്നത്തെപോലെ ആർക്കും ചിത്രപ്പണിയൊന്നും അറിയില്ല. ആകെ വരച്ചിരുന്നത് ഒരു ചെമ്പരത്തി പൂ, അല്ലെങ്കിൽ റോസാ പൂ. പെരുന്നാളിന് മാത്രമേ എന്റെ കയ്യിലും  സൗകുമാരുടെ കയ്യിലും,  മൈലാഞ്ചി ഇടാൻ അനുവാദമുണ്ടായിരുന്നുള്ളൂ. പക്ഷെ വല്ലാണ്ട് ഡെക്കറേഷൻ പാടില്ല. കൂടിയാൽ കൈവെള്ളയിൽ ഒരു പാപ്പാടാകൃതി.  ഞാനൊക്കെ മൈലാഞ്ചി തേച്ചതിന്റെ  കഥ ബഹുരസമാണ്. അതും കയ്യിൽ തേച്ചുകിടന്നാൽ പിന്നെ മൈലാഞ്ചി  രാവിലെയുണ്ടാവുക വേറെ പല സ്ഥലത്തായിരിക്കും.  മൊയിലാഞ്ചി  മുഖത്തു തേച്ചാൽ പടച്ചവൻ അവിടെ   കളർ വരുത്താത്തതിന്റെ രഹസ്യം ഇപ്പോൾ മനസ്സിലായോ ?

അന്നൊക്കെ ചെരിപ്പ് ഇട്ടവന്റെ കഥ അതിലും രസമുണ്ട്, നടന്നു നടന്നു  പിൻഭാഗത്തെ പകുതിയും ഉരഞ്ഞു തീരുന്നത് വരെ മിക്ക ആൾക്കാരും ചെരുപ്പ്  ധരിക്കും.  ഇങ്ങനെയുള്ള  കുറെ വികലാംഗ ചെരുപ്പുകൾ മിക്ക  പള്ളികളിലെ സ്റ്റെപ്പിലും  വഖ്ത് വഖ്തിന്  നിരനിരയായി കാണാം.

മീത്തൽ പള്ളിയുടെ തെക്ക്  ഭാഗത്തു ഒരു ലക്ഷണമൊത്ത തെങ്ങുണ്ടായിരുന്നു, അവിടെയാണ് സാമാന്യം കുറച്ചു ഭേദമുള്ള ചെരിപ്പ് ചിലർ   ഊരിവെക്കുക. അതെന്തിനാണെന്ന് എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല. അങ്ങോട്ടേക്ക് ഒരാൾ പോകുന്നത് കണ്ടാൽ ഉറപ്പിക്കാം - പുള്ളിക്കാരൻ ഈയ്യടുത്ത ദിവസങ്ങളിൽ  ഒരു പുതിയ ചെരുപ്പ് വാങ്ങിയെന്ന്. ഞാൻ ഒരു ദിവസം ഒരു കാലടി തേഞ്ഞു പോയ ചെരുപ്പ് ഊരിവെക്കാൻ പോയപ്പോൾ പിന്നിൽ നിന്ന് ഒരു മൊയന്ത സൗകൂ അലറി  - ''എന്തിനാടാ ആ തെങ്ങിന്റെ അഭിമാനം കളഞ്ഞുകുളിക്കുന്നത് !''

ചില ''കെണിതേഞ്ഞ'' ചെരുപ്പ് കള്ളന്മാരുണ്ട്. അവർ ചെരുപ്പ് പോക്കും. പക്ഷെ മൂന്ന്- നാല് ദിവസം കഴിഞ്ഞാൽ അവിടെ തന്നെ ഉണ്ടാകും. കാരണമെന്തെന്നോ - ഇവന്റെ കുഞ്ഞിമ്മാന്റെയോ എളേപ്പാന്റെയോ മോനോ മോൾക്കോ കല്യാണമുണ്ട്. അതിന് പോകുമ്പോൾ ചെരുപ്പ് വേണ്ടേ ? പൊതുവെ ചെരിപ്പിടാത്ത ഒരാൾ അതിനായി പണം മുടക്കാൻ പറ്റുമോ ?  അപ്പോൾ നേരത്തെയും കാലത്തെയും ഇവൻ പറ്റിയ ചെരുപ്പ് പള്ളിയിലോ മറ്റോ കണ്ടുവെക്കും. അത് തക്കം നോക്കി പൊക്കൽ തന്നെ. അത് വല്ല തോട്ടത്തിന്റെ സൈഡിലോ ''ദൂമ്പിലോ'' ഒളിപ്പിച്ചു വെക്കും.    ഉപയോഗം കഴിഞ്ഞു  അറിയാതെ പരിസരമൊക്കെ വീക്ഷിച്ചു തിരിച്ചു കൊണ്ട് അതേ സ്ഥാനത്ത് കൊണ്ട്  വെക്കും. അത് കിട്ടുംവരെ  വരെ ചെരുപ്പ് മുതലാളിയുടെ കണ്ണ് എല്ലാ സൗകുമാരുടെയും കാലിന്മേലായിരിക്കും.


അന്നൊക്കെ ചെരുപ്പ് കെട്ടുക എന്ന ഏർപ്പാടുണ്ട്. ഊറക്കിട്ട  മൃഗത്തിന്റെ തോലിൽ നമ്മുടെ കാലിന്റെ സൈസ് അനുസരിച്ചു ചെരുപ്പ് ഉണ്ടാക്കുക. ആ പണിക്ക്  മാത്രം പ്രത്യേകം  ആൾക്കാറുണ്ടാരുന്നു. തോൽ ചെരുപ്പ് തുന്നിക്കഴിഞ്ഞാൽ മൂന്ന് ദിവസം തുടർച്ചയായി എള്ളെണ്ണ തേച്ചു ഉണക്കാൻ വെക്കും. ചിലർ എള്ളെണ്ണ അവർക്ക് അങ്ങോട്ട് കൊടുത്തു വരും.   പിന്നീട് അത് ധരിച്ചാൽ അതിന്റെ തണുപ്പ് മാസങ്ങളോളം നെറുകൻ തല വരെ എത്തുമത്രേ. ഇമ്മാതിരി ചെരുപ്പിന്റെ കരച്ചിലാണ് സഹിക്കാൻ പറ്റാത്തത്. ചിലരുടെ കാലടിപ്പാതകൾ ചെരുപ്പിന്റെ കരച്ചിൽ കേട്ട് തിരിച്ചറിയുന്ന വീട്ടുകാരികൾ വരെ ഉണ്ടായിരുന്നു.

തോൽ ചെരുപ്പെങ്ങാനും വെള്ളത്തിൽ വീണാൽ പിന്നെ ആ ഏരിയ പോകാതിരിക്കുന്നതാണ് നല്ലത്. അമ്മാതിരി വാസന. അത് കൊണ്ട് വളരെ സൂക്ഷിച്ചാണ് ചമട്-കീ- ചപ്പൽ-കീ -മുതലാളിമാർ അതൊക്കെ ഉപയോഗിക്കുക. പള്ളിയിലൊക്കെ കുട്ടികളോട്  വെറുതെ ഒച്ചയും ബഹവുമുണ്ടാക്കുന്ന അബുൽസൗകുമാരുടെള്ള ദേഷ്യം തീർക്കാൻ അവരുടെ  തോൽ ചെരുപ്പ് നോക്കി വെച്ച് അതിൽ ഹൌളീന്നു വെള്ളം ഒഴിച്ച് ഓടുന്ന ഒരു സൗകുവിനെ അന്നത്തെ ഒരു മുക്രിച്ചയാണ് ആഴ്ചകളോളം കാത്തിരുന്ന് പിടിച്ചത്.

ഒരു ചെരുപ്പ് തന്നെ പലരുംഉപയോഗിക്കുന്നത് കൊണ്ടാകുമോ എന്തോ അന്ന് കാലിൽ ആണിയുടെ അസുഖം പലർക്കുമുണ്ടായിരുന്നു. ആണിരോഗം മാറ്റാൻ  അന്ന്  ചെയ്തിരുന്ന ഒരു വൈദ്യം ഉണ്ട്.  ഉപ്പും കരിയും പൊടിച്ചു ആണിരോഗമുള്ള ഭാഗത്തു ചെറിയ ദ്വാരമുണ്ടാക്കി നിറക്കും, എന്നിട്ട് കാൽ അടുപ്പിന്റെ തിട്ടയിൽ തീകൊള്ളാൻ വെക്കും. ചൂട് നമ്മുടെ മൂർദ്ധാവിൽ ആരോഹണാവരോഹണത്തോടെ  കയറും. കാലിൽ മുള്ള് തറച്ചാലും മുളകൊണ്ടോ സൂചികൊണ്ടോ  മുള്ള് എടുത്ത  ശേഷം ഇമ്മാതിരി കാൽ അടുപ്പിൽ  ചുട്ടെടുക്കാറുണ്ട്.

വൈദ്യം പറഞ്ഞപ്പോൾ ഓർത്തുപോകുന്നത്,  മറ്റൊരു വിചിത്രവും പ്രാകൃതമെന്ന് തോന്നിക്കുന്ന ഒരു ചികിത്സാരീതിയെ കുറിച്ചാണ്.  ചെവിയിൽ ഈച്ചയോ ചെറിയ പ്രാണികളോ കയറും. ഇത് ശ്രവണനാളത്തിൽ  കേറിയാൽ പിന്നെ പറയണ്ട. എന്തൊരു തൊന്തരവാണ്‌..., മിക്കവാറും പാതിരാവിലൊക്കെയാണ് പണിയൊപ്പിക്കുന്നത്. അതും മഴക്കാലങ്ങളിൽ. അന്നൊക്കെ മിക്ക വീടുകളും  തേക്കാത്ത എല്ലാ മതിലുകളുള്ളവയാണ്.  ഈ മതിലുകളിലൊക്കെ   രണ്ടോ മൂന്നോ ആണികൾ ഉണ്ട്. അതിൽ ഏതിലെങ്കിലും ഒന്നിൽ ഒരു ചിമ്മിനി കൂട് അതിലും ചെറിയ നാളത്തിൽ രാത്രി ഇങ്ങനെ  കത്തുന്നുണ്ടാകും. അവിടെയാണ് മഴപ്പാറ്റകളും കൊച്ചുപ്രാണികളും നമ്മളൊക്കെ ഉറങ്ങാൻ കിടന്നാൽ  ഭരതനാട്യം നടത്തുന്നത്.

മഴപ്പാറ്റകൾ തമിഴന്മാരെ കണക്കാണ്. അവർക്ക് ആത്മഹത്യയിൽ കുറഞ്ഞ  പരിപാടിയില്ല. ഇതിനിടയിൽ ചിലതൊക്കെ താഴെ വീണ് കാലിട്ടടിക്കും. വേറെ ചില പ്രാണികൾ ഇതൊക്കെ കണ്ടു മോഹാലസ്യത്തിൽ വീഴും.  അതാണെന്ന് തോന്നുന്നു നമ്മുടെ ചെവിയിൽ കയറി ഒളിക്കാൻ നോക്കുന്നത്. അതോടെ വീട്ടുകാരുടെ മൊത്തം ഉറക്കം നഷ്ടപ്പെടും. ഒരു ചെവിയിൽ ഒരാൾ ഊതിത്തരും. അതിനിടക്ക് ഒരാൾ മൂന്ന് കണ്ടതിന്റെ ടോർച്ചെടുത്തു ചെവിയിൽ അടിച്ചു പുള്ളിക്കാരൻ അകത്തു ഉണ്ടോന്ന് ഉറപ്പുവരുത്തും. ചെവിയിൽ കേറിയ പാർട്ടി ആരാ മൊതല് ? കക്ഷി  വല്ലയിടത്ത് ഒളിച്ചിരുന്ന് നമ്മെ പറ്റിക്കും. പ്രാണി ശ്വാസം മുട്ടി ചത്തു എന്നൊക്കെ വിചാരിച്ചു എല്ലാരും കിടക്കാൻ നേരം , വീണ്ടും ചെവിയിൽ അനക്കം തുടങ്ങും.  ഒരു വിധം നേരമേ വെളുപ്പിച്ചു പിന്നെ നടക്കുന്നത്  നാടൻ വൈദ്യം.

അന്ന് മിക്ക വീടും പുല്ല് മേഞ്ഞതോ അല്ലെങ്കിൽ  സീലിംഗ് ഇല്ലാത്തതോ ആയിരുന്നു.   അത് കൊണ്ട് മേൽക്കൂരയിൽ എവിടെ നോക്കിയാലും ചിലന്തികളുടെ പ്രളയമാണ്. അതിൽ നിന്ന്,  ചത്ത് അവിടെ തന്നെ ബാക്കിയായ ചിലന്തിയുടെ ഡെഡ് ബോഡി പോക്കും. ഒരു ചെറിയ പച്ചോല കഷ്ണത്തിൽ തേങെണ്ണ ഒഴിച്ചു അതിൽ പണ്ടെങ്ങോ ചത്ത  ചിലന്തിയുടെ മയ്യത്ത് വെച്ച് ചൂടാക്കി, ചെറു ചൂടോടെ   ചെവിയിൽ ഒഴിക്കും. അതോടെ ചെവിയിൽ കുടുങ്ങിയ പ്രാണി ഉരുകിയൊലിച്ചു പോകും പോൽ. മറ്റൊരു വിദ്യകൂടി  നാട്ടിൽ പാട്ടായുണ്ട് -  മൂക്ക് വായും ഒരു ചെവിയും പൊത്തി കുറെ സമയം പിടിച്ചാൽ കക്ഷി ശൂന്ന് പുറത്തു പോകുമെന്ന്. പോയില്ലെങ്കിൽ  അത് അവിടെ കിടന്ന് ശ്വാസം മുട്ടി മരിക്കുമത്രേ ! (ഇതിനൊന്നും ശാസ്ത്രീയമായ തെളിവ് അന്നുമില്ല,  ഇന്നുമില്ല )

ഇങ്ങിനെയൊക്കെ അശാസ്ത്രീയ ഏർപ്പാട് ഉള്ളത് കൊണ്ടാണോ എന്നറിയില്ല, ഒരു പാട് ''ചെകിട് ചോരുന്ന'' കുട്ടികൾ  അന്ന് പള്ളിക്കൂടത്തിൽ വരുന്നതും പോകുന്നതും  കാണാം.  ചെകിട് ചോരുന്നത് ക്ലാസ്സിൽ  വാസനിക്കാതിരിക്കാൻ അന്നത്തെ മാമമാർ എവിടുന്നെങ്കിലും ജന്നാത്തുൽ ഫിർദൗസ് എന്നോ മറ്റോ പേരുള്ള അത്തർ ഒരു പഞ്ഞിയിൽ മുക്കി പാവം ഈ  കുട്ടികളുടെ ചെവിയിൽ തിരുകി വെക്കും.  ചിലരുടെ പരിഹാസിക്കും വേറെ  ചിലർ അടുത്തിരിക്കാൻ സമ്മതിക്കില്ല.

ഒരു രസകരമായ അനുഭവം പറഞ്ഞു ഇന്നത്തെ ലക്കം നിർത്താം. അത് ഇടക്ക് പറയേണ്ടതായിരുന്നു. ഒരു സൗകുവിന്റെ വീട്ടിൽ എന്തോ ആവശ്യത്തിന് , കൈക്കൊട്ടിനോ മറ്റോ,  അതിരാവിലെ പോയപ്പോൾ ഞാൻ കണ്ടു  ഞെട്ടി -  യേശുവിന്റെ വലിയ ഒരു  പ്രതിമ മലർന്നടിച്ചു വീണുകിടക്കുന്നു !   എനിക്ക് എന്നും മനസ്സിലായില്ല. തലേന്നാൾ അവനു ഒരു പ്രശ്നവുമില്ലായിരുന്നു. ഇഷാക്ക് പള്ളിയിൽ കണ്ടതുമാണ്. അന്നൊക്കെ മരത്തിന്റെ കമ്പിട്ട ജനലാണ്. അതിന്റെ രണ്ടറ്റത്താണ് കൈകൾ രണ്ടും. കാലുകൾ ഒരു മുടന്തൻ ടേബിളിന്റെ രണ്ടു ഭാഗത്തും. പിറ്റേ ദിവസം പെരുന്നാളാണല്ലോ. അതിനിടക്ക് ഇത്ര ടെൻഷടിച്ചു സമനില തെറ്റാൻ ...ഞാൻ ആദ്യം പലതും തെറ്റിദ്ധരിച്ചു. രാത്രി വല്ല തലക്ക് അസുഖമോ ?  ഒന്നും പറയാതെ ഞാൻ പിന്തിരിഞ്ഞു നടക്കുമ്പോൾ സൗകുവിന്റെ ഉപ്പ എന്നെ കണ്ടു. വന്നതെന്തിനാണെന്ന്  കാര്യമന്വേഷിച്ചു. അയാൾ സംഭവം മനസ്സിലാക്കി തന്നു .

അതിങ്ങനെ :  തൊട്ടടുത്ത ദിവസമാണ്പെ രുന്നാൾ . അതിന്റെ ഭാഗമായി സൗകുവിന്  മൈലാഞ്ചി തേക്കാൻ ആശ. ആ വീട്ടിൽ പെമ്പിള്ളേരുടെ കയ്യിലും കാലിലുമൊക്കെ മൈലാഞ്ചി തേച്ചപ്പോൾ സമയം ഏറെ വൈകി. അങ്ങിനെ ഉറങ്ങുമ്പോൾ തേച്ചു പിടിപ്പിക്കാം എന്ന കണ്ടിഷനിൽ സൗകൂ എണ്ണലപ്പം മൂക്കറ്റം തിന്ന് കിടന്ന കിടത്തമാണ്. മൈലാഞ്ചി തേച്ചില്ലെങ്കിൽ അടുത്ത ദിവസം ഇവൻ വയലന്റാകും. പിന്നെ വീട്ടിലെ ചട്ടിയും പാത്രമൊക്കെ ഒരു ലെവലാക്കിയേ അവൻ അടങ്ങുകയുള്ളൂ. ഇനി ഈ മൈലാഞ്ചി  തേച്ചു പിടിപ്പിച്ചാലോ അടുത്ത നിമിഷം കയ്യിൽ ഉണ്ടാവുകയുമില്ല.  ആൾ ഒരു ഉരുളൽ ജീവിയാണ്.  കൊട്ടിലിന്റെ ഒരു പടിഞ്ഞാർ വശം കിടന്നാൽ നിരങ്ങി നിരങ്ങി ഇങ്ങ് കിഴക്കോട്ട് എത്തുന്ന പാർട്ടിയാണ് സൗകൂ.

 ''മൈലാഞ്ചിതനായ'' സൗകൂ ഉറക്കിൽ ഉരുളാതിരിക്കാൻ  അവന്റെ ഉമ്മയും പെങ്ങളും ചേർന്ന് കയ്ക്കാലുകൾ  രണ്ടു ഭാഗത്തും വലിച്ചു കെട്ടിയ കാഴ്ചയാണ് ഞാൻ അന്ന് കണ്ടത്, എല്ലാം കൊണ്ടും  ഒരു മുൻകരുതലിനു വേണ്ടി  !  .''സെയ്ഫ്  മൈലാഞ്ചിങ്ഗ്'' നടക്കാൻ വേണ്ടിആ വീട്ടിലെ  ബുദ്ധിയുള്ള സ്ത്രീകൾ എടുത്ത തികച്ചും  പ്രായോഗിക നടപടി മാത്രമായിരുന്നു അത്. അവന്റെ ഉപ്പയെ എനിക്കത്ര വിശ്വാസം പോരാഞ്ഞു ഞാൻ   ഒന്ന് കൂടി വന്നു നോക്കി  കയ്യിൽ മൈലാഞ്ചി കണ്ടപ്പോഴാണ് വെറുതെ ഓരോന്ന് ആലോചിച്ചതിന്റെ വിഡ്ഢിത്തം ഉടനെ തിരുത്തേണ്ടി വന്നത്.

Saturday, October 22, 2016

Thank You All

thank you all

പ്രിയ സഹൃദയരേ ,

ചില ഒളിമങ്ങാത്ത ഓർമ്മകൾ ചന്ദസ്സോടെ  പുനരാവിഷ്കാരം ചെയ്യാനുള്ള ഒരു ശ്രമമാണ്  കുട്ടിക്കാലകുസൃതിക്കണ്ണുകൾ. അതിലെ സൗകുവും കുൽസുവുമൊക്കെ ഞങ്ങളൊക്കെ തന്നെയാണ്.
കാൽപ്പനികത വല്ലപ്പോഴും അതിൽ മേമ്പൊടിയായി കണ്ടേക്കാം. അതിന് ദൃക്‌സാക്ഷിയാവാതെ പോയതാണ് എന്ന് മാത്രമേ  ആ കാൽപനിക  വരികൾക്കും അർത്ഥമുള്ളൂ.

സന്തോഷമുണ്ട് , എന്റെ ''കുക്കാകുക്ക''  ചില കുടുംബകൂട്ടായ്മകളിൽ   ''നിറഞ്ഞ സദസ്സിൽ ഓടുന്നു'' എന്ന് കേൾക്കാനായതിൽ.  ചിലരൊക്കക്കെ വായനയുടെ ഭാഗമായതിൽ ഏറെ സന്തോഷമുണ്ട്.

എഴുത്തും  കലയും സംഗീതവും   രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന, അവയിലെ സാഹിത്യ ഉള്ളടക്കത്തെ (literary contents) സൃഷ്ടിപരമായി വിമർശന വിധേയമാക്കുന്ന  കൂട്ടായ്മകളിൽ മാത്രം പോസ്റ്റ് ചെയ്യുക. പോസ്റ്റ് ചെയ്ത് ''പറ്റിപ്പോയല്ലോ'' എന്ന് മുൻ അനുഭവമുള്ളിടത്ത് എന്റെ രചനകൾ ഒഴിവാക്കുക.

വീണ്ടും മറ്റൊരു എപ്പിസോഡുമായി അടുത്ത ആഴ്ച കാണാം,

ആദരപൂർവ്വം ,

അസ്‌ലം മാവില
(ഈ ഒരു പംക്തിക്ക് മാത്രമേ ഞാൻ ''മാവിലേയൻ'' എന്ന ഒരു പേര് സ്വീകരിച്ചിട്ടുള്ളൂ)

thank you all

പ്രിയ സഹൃദയരേ ,

നമ്മുടെ പഴയ ഓർമ്മകൾ പലപ്പോഴും വീണ്ടും പച്ചവെക്കുന്നതും
മറ്റാരെങ്കിലും ആ ഓർമ്മകളുമായി പിച്ചവെക്കുന്നത് കാണുമ്പോഴാണ്.
അങ്ങിനെയൊരു ശ്രമമാണ് ഈ കുട്ടിക്കാലകുസൃതിക്കണ്ണുകളും ....

ഈ രചനയ്ക്ക് നിങ്ങൾ നൽകുന്ന എല്ലാ പ്രോത്സാഹനങ്ങൾക്കും
നന്ദിയും കടപ്പാടും അറിയിച്ചും ...വീണ്ടും മറ്റൊരു എപ്പിസോഡുമായി അടുത്ത ആഴ്ച കാണാമെന്ന ആഗ്രഹത്തോട് കൂടിയും ...

ആദരപൂർവ്വം ,

അസ്‌ലം മാവില

Tuesday, October 18, 2016

രക്തനിർണ്ണയക്യാംപിന്റെ പ്രസക്തിയും നമ്മുടെ പങ്കാളിത്തവും / അസ്‌ലം മാവില


രക്തനിർണ്ണയക്യാംപിന്റെ പ്രസക്തിയും
നമ്മുടെ പങ്കാളിത്തവും

അസ്‌ലം മാവില

രക്തത്തിന് ജാതിയില്ല, മതമില്ല, വർണ്ണമില്ല,  വർഗ്ഗമില്ല. അത്കൊണ്ടതിനു വിവേചനവുമില്ല. പച്ചക്കരളുള്ള മനുഷ്യരുടെ രക്തത്തിന് ഒരൊറ്റ നിറം.  അതിന്റെ  ഭാഷയും ഭാഷ്യവുമാകട്ടെ കൊണ്ട്കൊടുക്കലിന്റെയും.

അടിയന്തിരഘട്ടത്തിലാണ് രക്തത്തിന്റെ ആവശ്യം വരിക. രക്തം വേണമെന്ന് പറഞ്ഞാൽ അതിനർത്ഥം നിങ്ങൾ ജീവാർപ്പണത്തിന്റെ ഭാഗമാകണമെന്നാണ്. എന്റെ ജീവന് നിങ്ങൾ കാവലാകണമെന്ന്.  ഈ ശരീരത്തിലോടുന്ന രക്തത്തിന്റെ കൂടെ നിങ്ങളുടെ ജീവനും പങ്കാളിയാകുമെന്ന്. നിങ്ങളുടെ രക്തവും ഇടകലർന്നു, ഒന്നായി ധമനികളിൽ  ഒഴുകുമെന്ന്, ജീവൽപ്രവാഹം നടത്തുമെന്ന്.

ആസ്പത്രിക്കിടക്കയിൽ മരണത്തോട് മല്ലിടുമ്പോൾ, അപകട നില തരണം ചെയ്യാതാകുമ്പോൾ, ഒരു ശസ്ത്രക്രിയ ആവശ്യമായി വരുമ്പോൾ, ലേബർമുറിയിൽ കുഞ്ഞിക്കാലിനായി ഒരു മാതാവ് പിടയുമ്പോൾ .... രക്തം അവശ്യമായി വരുന്നു. പ്രത്യുത്തരത്തിനായി ഐസിയുവിൽ ഒരു ജീവൻ  കാതോർക്കുന്നു.

ധാര മുറിയാതെ ധമനികളിൽ ഒരിടപെടലുമില്ലാതെ രക്തമോടുന്ന മനുഷ്യരോടാണ് അപേക്ഷ.    സർജിക്കൽ ടേബിളും കടന്ന്, ഝടുതിയിൽ വാതിൽ തുറന്ന്  വെള്ള മാലാഖ മുഖാവരണം മാറ്റി രക്തദാതാവിനെ അന്വേഷിക്കും. ജീവന്റെ തുടിപ്പ് നിലനിർത്താൻ അവിടെ വാചകമടിയില്ല, വാക്കസർത്തില്ല. അത്യാധുനിക ജീവരക്ഷാസാമഗ്രികൾക്കൊന്നിനും അവിടെ അപ്പോൾ റോളില്ല. ആവശ്യമുള്ള ജീവജലം, രക്തം എത്തിയാലല്ലാതെ. അതിനാണ് ആദ്യം മുൻ‌തൂക്കം.

ആരോഗ്യമുള്ള ആർക്കും മുന്നോട്ട് വരാൻ, പൊയ്പ്പോയേക്കാവുന്ന ഒരു ജീവൻ നിലനിർത്താൻ ദൈവം ഭൂമിയിലെ ''മാലാഖ''മാർക്ക് നൽകുന്ന അപൂർവ്വ അവസരം.   അങ്ങിനെയാണ് സന്ദേശങ്ങൾ ക്ഷണ നേരം കൊണ്ട് എല്ലായിടത്തുമെത്തുന്നത്. മനുഷ്യരിൽ നിന്ന് ഒരു പ്രതിഫലവും  ആഗ്രഹിക്കാതെ ആസ്പത്രി അഡ്രസ്സ് നോക്കി, ഐസിയു ലക്ഷ്യമാക്കി അവരെത്തുന്നത് !

നമുക്കും അത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ   ജീവൻരക്ഷാ കവചമാകണം. അതിന്  നാം തയ്യാറെടുക്കണം. അതിന്   നമ്മുടെ രക്തഗ്രൂപ്പ് അറിഞ്ഞേ തീരൂ. സ്വീകർത്താവാകാനും ദാതാവാകാനും അതറിഞ്ഞേ മതിയാവൂ. ഒരു നാട്ടിൽ, ഒരു പതിവ് പുസ്തകത്തിൽ, രജിസ്റ്ററിൽ, നമ്മുടെ പേരുമുണ്ടാകണം, കൂടെ നമ്മുടെ രക്തഗ്രൂപ്പും. പോരാ, ഏത് ഘട്ടത്തിലും എന്റെ രക്തത്തിലൊരംശം തരാൻ തയ്യാറാണെന്ന സമ്മതിപത്രവും. നൽകിയാൽ ക്ഷണനേരം കൊണ്ട് നമ്മുടെ ശരീരത്തിൽ അത്രതന്നെ നമ്മുടെ ശരീരം തരുന്നു. അത്കൊണ്ട് ആധി വേണ്ട, വ്യാധിയും വേണ്ട.  നമുക്കും അതൊരുനാൾ ആവശ്യമുള്ളതാണ്, അതെപ്പോഴാണെന്ന് അറിയില്ലെങ്കിലും.

രക്തനിർണ്ണയക്യാമ്പ് നിങ്ങളുടെ രക്തത്തിന്റെ A,B,AB,O നെഗറ്റിവും പോസിറ്റിവും നിർണ്ണയിക്കുന്ന ദിവസം മാത്രമല്ല. ആവശ്യഘട്ടത്തിൽ അത് നൽകുവാൻ മനസ്സ് ഒരുക്കുന്ന വേള കൂടിയാണ്.

blood is meant to circulate. Pass it around. പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് രക്തം. അത് കൈമാറി കൈമാറിക്കൊണ്ടേയിരിക്കുക. രക്തദാനം  പൊക്കിൾകൊടിബന്ധത്തോളം ശ്രേഷ്ടമാണ്. ആരാകിലെന്ത് ? blood group determination camp-കൾ പങ്കാളിത്തം കൊണ്ട് വിജയിപ്പിക്കുക.

വെള്ളിയാഴ്ച നമ്മുടെ നാട്ടിൽ  ഒരു പ്രമുഖ യുവജന വിംഗ് .നടത്തുന്ന രക്തനിർണ്ണയ ക്യാമ്പ് എന്ത് കൊണ്ടും നല്ലത്, ആ ദൗത്യം തികച്ചും മാനുഷികം.  അതിനായിരിക്കട്ടെ ഇന്നത്തെ   ആശംസകൾ !

Wednesday, October 12, 2016

എലോപ്മെന്റും കച്ചിത്തുരുമ്പും


ആശുപത്രയിൽ മകനെ അഡ്മിറ്റ് ചെയ്തപ്പോൾ കൂട്ടിരിക്കാൻ വന്നത് കാമുകൻ പോലും. അതറിഞ്ഞു ഭർത്താവ് പിറ്റേദിവസം എത്തി. പിന്നെ നടന്നത്, കുട്ടിയെ ഹോസ്പിറ്റലിൽ ഉപേക്ഷിച്ചു കാമുകനോടൊപ്പം ഓടി പുള്ളിക്കാരി  മാതൃകാ മാതൃത്വം കാണിച്ചു. രണ്ടു വര്ഷം മുമ്പ് ഈ മഹതി മറ്റൊരു കാമുകനോടൊപ്പം ഒളിച്ചോടി രണ്ടു കൊല്ലം കഴിഞ്ഞാണ് തിരിച്ചു ഭർത്താവിന്റെ വീട്ടിലെത്തിയത് പോലും.  ഈ വാർത്ത ഇന്ന് പാത്രത്തിൽ വന്നപ്പോൾ  കല്യാണം കഴിക്കാതെ, അതു ന്യായീകരിക്കാൻ വല്ല കാരണവും അന്വേഷിച്ചു സിംഗിൾ സിംഗിൾ ലിറ്റിൽ സ്റ്റാറായി നടക്കുകയായിരുന്ന മനോജെന്ന  ക്രോണിക് ബാച്ചിലർ പ്രസ്തുത പത്ര വാർത്തക്ക് താഴെ കുറിപ്പിട്ടു-

''This is another lesson for shameless bXXXXXs who have wives or daughters. Stay single live a life, avoid garbages.After all life is short. India, the third world country is facing the mother of all troubles----population explosion. Help Hindustan by avoiding marriage or reproduction.''

''This is another lesson for shameless bXXXXXs who have wives or daughters. Stay single live a life, avoid garbages.After all life is short. India, the third world country is facing the mother of all troubles----population explosion. Help Hindustan by avoiding marriage or reproduction.''

Saturday, October 8, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ / ലക്കം : 40


കുട്ടിക്കാലകുസൃതിക്കണ്ണുകൾ

മാവിലേയൻ - ലക്കം : 40

കാവൽ പണി അന്നൊരു ഒന്നൊന്നര പണിയായിരുന്നു. അന്നൊക്കെ  തേങ്ങ ഉണക്കി കൊപ്രയാക്കും. അത് പാടത്തും ജാലിലും  ഉണക്കാനായി വെക്കും. ജാല് എന്നാൽ വേലിയാൽ സംരക്ഷിതമായ ഒരു ഡ്രൈ യാർഡ് ആണ്. മനുഷ്യന്  പോകട്ടെ പെരുച്ചാഴിക്ക് വരെ ഇതിന്റെ ഗ്യാപ്പിൽ കൂടി അകത്തു കടക്കാൻ പറ്റില്ല. നല്ല മുള്ളുകൾ ഇടക്കിടക്ക് ഇടതൂർന്നു കുത്തിയിരിക്കും. വേലിപ്പഴ (ബേലിപ്പായം ) ത്തിന്റേയോ കാരമുള്ളിൻ ചെടിയുടെയോ തണ്ടാണ് ഉപയോഗിക്കുക. നല്ല സുഖിപ്പൻ മുള്ളുള്ള മുളന്തണ്ടും ഉണ്ടാകും. പല പറമ്പിലും അന്നൊക്കെ മുളങ്കൂട്ടം ഉണ്ടായിരുന്നു. ജാലികെട്ടാൻ വേണ്ടി മാത്രമാണ് അന്നൊക്കെ മുളങ്കാട് വെച്ചുപിടിപ്പിച്ചിരുന്നത്. ഇതിനകത്താണ് അന്നൊക്കെ അടക്ക, കൊപ്ര മുതലായവ ഉണക്കാനിട്ടിരുന്നത്.

അടക്ക പറിച്ചാൽ നേരെ കൊണ്ട് വരിക ജാലിലേക്കാണ്.  കുലയിൽ നിന്ന് അടക്ക വേർപ്പെടുത്തും. അന്നൊരു ആചാരത്തിൽ പെട്ടിരുന്നു - കമുകിന്റെ കുലയിൽ നിന്ന് മുഴുവൻ അടക്ക അടർത്തി എടുത്താൽ അത് രണ്ടായി  ചീകി എറിയും . ചിലർ ആ വിടവിൽ ആഞ്ഞു തുപ്പി എറിയുകയും ചെയ്യും. വല്ല കണ്ണേറെൽക്കാതിരിക്കാനോ മറ്റോ ആയിരിമോ ? അടക്കകൾ   കമുകിന്റെ ബാരിക്കഷ്ണം ഉപയോഗിച്ച് ഉണങ്ങിയതും പച്ചയും ഇടകലരാതിരിക്കാൻ അതിർത്തി തിരിക്കും. ബാരി കിട്ടിയില്ലെങ്കിൽ തണൽ മരത്തിന്റെ തണ്ടായിരുന്നു ഉപയോഗിക്കുക. ഒരു

അടക്ക ഉണങ്ങിയെന്നു ഉറപ്പ് വരുത്തിയാൽ പിന്നെ അത് നെല്ലിക്കോരി ഉപയോഗിച്ച് കൂട്ടിയിടും. നെല്ലിക്കോരി ശരിക്കും ഒരു മരക്കൈക്കോട്ടാണ്. മൊത്തം മരം. പിടിയും ''പട''യും.  അടക്ക വേദനിപ്പിക്കാതെ കൂട്ടിയിടാനും നിരത്താനും  വേണ്ടിയാണ് നെല്ലിക്കോരി.  ഇത്ര ചാക്ക് അടക്ക കിട്ടുന്ന കമുകിൻ തോട്ടമെന്നൊക്കെ പറയുന്നത് അന്നൊക്കെ കർഷക കുടുംബങ്ങളിൽ  ആഢ്യത്ത്ത്തിന്റെ ഭാഗമായിരുന്നു. കല്യാണാലോചനകളൊക്കെ നടക്കുമ്പോൾ ചിലർ മനഃപൂർവ്വം രണ്ടു മൂന്ന് ദിവസക്കാലം അടക്കയുടെ ചാക്ക് വീടിന് പുറത്തു അട്ടിയട്ടിയാക്കി വെച്ചുകളയും.  വെറുതെ കിട്ടുന്ന പ്രശസ്തിയല്ലേ പോരട്ടേന്ന് വിചാരിച്ചായിരിക്കും.  എന്റെ ഒരു കൂട്ടുകാരൻ സൗക്ന്റെ ഉപ്പ ''പൊതു''വിന്റെ ആൾക്കാരെ ഒരാഴ്ചക്കാലം അടക്കയും  ചെപ്പും ചാക്കിൽ കെട്ടി  നാലാൾ കാണുന്ന സ്ഥലത്തു പുറത്തെ തിട്ടയിൽ അട്ടിയട്ടിയാക്കി വെച്ച്  കാത്തിരുന്നു,  അപ്രതീക്ഷിതമായി ഏഴാം നാൾ  വന്ന മഴ  മൊത്തം നാശകോശമാക്കിയത് മിച്ചം. പണം പോയി, ''പൗർ'' കിട്ടുകയും ചെയ്തില്ല.

ചിലർ സംയുക്തമായിട്ടാണ് ജാലുണ്ടാക്കുക. ജാലിനു നല്ല ഒരു വാതിൽപടി (ഗേറ്റ്) ഉണ്ടാകും. അതും മുള്ളിൽ തീർത്തത് തന്നെ. ഒരു നല്ല പൂട്ടുമുണ്ടാകും.  താക്കോൽ സംയുക്തകമ്പനിക്കാരുടെ കൈയ്യിൽ ഓരോന്നുണ്ടാകും. ജാലെങ്ങാനും പൂട്ടാൻ മറന്നാൽ അന്ന് അര  ചാക്ക് അടക്ക പോയീന്ന് കൂട്ടിയാൽ മതി. ജാലടക്കാൻ മറന്നാൽ അന്ന് പൂട്ടാൻ മറന്നവനെ പഞ്ഞിക്കിടാൻ വീട്ടുകാർക്ക്  വേറെ കാരണം  വേണ്ട.

ജാലില്ലാത്തവൻ അവനവന്റെ മുറ്റത്തു പടച്ചോനെ കാവലാക്കി അടക്ക മുറ്റത്തു ഉണക്കാനിടും.  ഞങ്ങളുടെ പടിഞ്ഞാറ് വശത്തായിട്ടായി  ഒരു കുഞ്ഞു ജാല് ഉണ്ടായിരുന്നു. ജാല് പൂട്ടാനുള്ള ഡ്യുട്ടി എനിക്കും.  പലപ്പോഴും അത് പൂട്ടാൻ ഞാൻ  മറക്കും. പൂട്ടാൻ മറന്നൂന്ന് പാതിരാക്കാണ് എനിക്ക് ഓർമ്മ വരിക. രാവിലെ ബാക്കിയുള്ളവരൊക്കെ എഴുന്നേൽക്കുന്നതിനു മുമ്പ് ജാലിലേക്ക് പമ്മിപ്പമ്മി ഓടും. ഏതെങ്കിലും പെങ്ങൾ കണ്ടാൽ അന്നത്തെ കാര്യം കട്ടപ്പൊക. അടക്കയൊക്കെ പട്ടിയോ പൂച്ചയോ പെരുച്ചാഴിയോ  അകത്തു കയറിയിട്ടുണ്ടാകും. അവർ അവിടെ രാത്രി  തട്ടലും മുട്ടലും നടത്തി അടക്ക നാലു ഭാഗത്തേക്ക് ചിതറിക്കും.    ആ പണി ചെയ്ത് വെച്ചത്   കണ്ടാൽ ആരോ പാതിരായ്ക്ക് വാതിൽ പടി പൂട്ടാത്ത  ജാലിൽ വന്നു  അടക്ക പൊക്കിക്കൊണ്ട് പോയത് പോലെയാണ്  തോന്നുക.  അതോടെ   ബാക്കിയുള്ളവർക്ക് വസ്‌വാസും, എന്നെ പോലുള്ള സൗകുമാർക്ക് അടിയും.  ഞങ്ങൾ, സൗകുമാരുടെ  പണി അതൊക്കെ ഒരു വിധം ശരിയാക്കി വീട്ടുകാർ കാണുന്നതിന് മുമ്പ് ജാല്പൂട്ടി സ്ഥലം  വിടുക എന്നതാണ്.

ജാലിൽ ഉണക്കാനിടുന്ന മറ്റൊരു വസ്തുവാണ് കൊപ്ര.  പക്ഷെ  കൂടുതൽ കൊപ്ര ഉണക്കുന്നത് തുറന്ന സ്ഥലത്തോ പാടത്തോ മറ്റോ ആയിരിക്കും. ഇത് പൊക്കുന്നത് കാക്കകളാണ്.  ഇവരെ ഓടിക്കാനായി മാത്രം   നമ്മുടെ കുൽസു-സൗകുമാർ സ്‌കൂൾ വിട്ട ശേഷം അവിടെ ഡ്യൂട്ടി ഏറ്റെടുക്കും. ഇവർ വല്ല  വരമ്പത്തോ അതിന്റെ ചുറ്റുഭാഗത്തോ ആയി ചിരട്ടയും പിടിച്ചു ഇരിക്കും. ചിരട്ടകൊട്ടിയാണ് കാക്കകളെ  ഓടിച്ചിരുന്നത്. അതിലും രസം ഇവർ എന്ത് ചിരട്ട കൊട്ടിപ്പേടിപ്പിച്ചാലും കാക്കയ്ക്ക് ഒരു കഷ്ണം തേങ്ങയോട് ആഗ്രഹം തോന്നിയാൽ അത് ഏത് വിധേനയും പൊക്കിയിരിക്കും.

 അന്നൊക്കെ പിള്ളേർക്ക് അസുഖം വന്നു കുറച്ചു അതിരു കടന്നാൽ പെണ്ണുങ്ങളൊക്കെ ആ രോഗിയുടെ വീട്ടിൽ വന്നിട്ട് പരസ്പരം പറയും - ''എന്തായിപ്പയ്പ്പാ ക്ടായിന് ...ഒരീ  ഒൺണച്ചയില്ല ...... ''  അപ്പോൾ പിന്നൊരു ഉമ്മുകുൽസു  പറയുന്ന ഡയലോഗാണ് മരണ മാസ്സ്  -  '' അതെന്നെമ്മാ ....കാക്കനെ പായ്ക്കാനെങ്കു  ഹാസിനെ ചാടീറ്റ് പോയിനെങ്ക് മതിയായിന്, കാക്കന്റെ ഹാസ് ചാടീറ്റ് പോട്ടല്ലാഹ്  ''. അത് കേട്ട് ബാക്കിയുള്ളവർ ആമീൻ പറയും.

ചില സൗകുമാരെ കൊപ്രയ്ക്ക് കാവലിരുത്തുന്നതിലും നല്ലത് അങ്ങിനെ തന്നെ കാക്കയ്ക്കും കോഴിക്കും  വിടുന്നതായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. കാക്ക തിന്നുന്നതിന്റെ ഇരട്ടി ഇവൾമാർ  അവിടെ ഇരുന്നു ചവച്ചു തുപ്പും. ആരെയെങ്കിലും കണ്ടാൽ പീര  വിഴുങ്ങിക്കളയും. പിന്നെ നാല് ദിവസത്തേക്ക് വയറ്റിളക്കവും അതിസാരവും.  എന്താണ് വിഴുങ്ങിയതെന്ന് കൊന്നാലും പറയില്ല.

അന്ന് മിക്കവീട്ടിലും വയറു വേദന, വയറ്റിളക്കം, മൂക്കൊലിപ്പ്, പുണ്ണ്, ചെരങ്ങു അസുഖങ്ങൾ ഉണ്ടാകും. ചെകിട് ഒലിച്ചു കുറെ എണ്ണം ഒരു ഭാഗത്ത്, ഒരിക്കലും വറ്റാത്ത മൂക്കൊലിപ്പിച്ചു വേറെ കുറെ എണ്ണം. (എത്തിനോക്കുക എന്നാണ്സ്കൂ പറയുക ). സ്‌കൂളിലെ ക്‌ളാസ്സ് മുറികളിൽ കുടക്കമ്പിയിൽ തോക്കിയിടാറുള്ള ലീവ് ലെറ്ററുകളുടെ ശേഖരങ്ങൾ നമ്മുടെ സ്‌കൂളിലെ ഏതെങ്കിലും ഒരു ഒഴിഞ്ഞ മൂലയിലോ ഫയലുകൾക്കിടയിലോ ബാക്കിയായിട്ടുണ്ടെങ്കിൽ ഇമ്മാതിരി അസുഖങ്ങളൊക്കെ എഴുതിയിട്ടത്  കാണാൻ സാധിക്കും. മിക്ക ദിവസങ്ങളിലും നാലഞ്ച് പേർ ഒഴിവായിരിക്കും. പ്രധാന കാരണം, തൂറലും കാറലും, ഛർദ്ദി അതിസാരം തന്നെ.

ചിലർ മാവിൻ ചുവട്ടിലാണ് കാവൽ, മാങ്ങ പെറുക്കാൻ.  മാങ്ങ വീണത് കിട്ടിയാൽ കഴുകുക എന്ന ഏർപ്പാട് അന്നില്ലായിരുന്നു. ആകാശം മുട്ടെയുള്ള മാവിന്ന് പഴുത്ത മാങ്ങ താഴെ വീണാൽ കുൽസു-സൗകുമാർ കഴിച്ചോട്ടെ എന്നൊന്നും കരുതിയല്ലല്ലോ മെല്ലെ മെല്ലെ തട്ടാതെ പൊട്ടാതെ താഴേക്ക്  വീഴാൻ.  മരക്കൊമ്പിലിരുന്ന്  വല്ല കാക്കയോ അണ്ണാനോ കഴിക്കുമ്പോൾ കൈ വിട്ടു പോകുന്നതാണ് അബദ്ധത്തിൽ നാട്ടിലെ പിള്ളേർക്ക് കിട്ടുന്നത്. അതൊക്കെ കഴുകിത്തിന്നാൻ തുടങ്ങിയാൽ മാങ്ങയുടെ ടെയ്സ്റ്റ് മൊത്തം പോയില്ലേ ? ഇനി അഥവാ അതെങ്ങാനും വീട്ടിൽ കൊണ്ട് പോയി കഴുകിത്തതിന്നാമെന്നു കരുതി ഓൽങ്ങത്തിൽ വെള്ളമെടുക്കുമ്പോഴേക്കും ബാക്കിയുള്ള പിള്ളേർ പീ പീ ന്നു പറഞ്ഞു ''റാഗം'' തുടങ്ങും.  (അന്ന് കുട്ടികൾ മോങ്ങുന്നതിനെ പറഞ്ഞിരുന്നത് ''റാഗം പാട്ന്നെ'' എന്നായിരുന്നു.).  വയറ്റിളക്കം വന്നാലും സാരമില്ല കഴുകാതെ തന്നെ മാങ്ങ വിഴുങ്ങി വീട്ടിലെത്തുക എന്നതാണ് അന്നത്തെ കുൽസു-സൗകുമാർ എടുത്തിരുന്ന കുറെ കൂടി പ്രായോഗികമായ നടപടികൾ.

മാങ്ങയുടെ കാര്യം പറഞ്ഞപ്പോൾ ഇത് കൂടി ഓർത്തുപോകുന്നു. അന്നൊക്കെ  മാങ്ങയണ്ടി ഈമ്പി അതിന്റെ ചാറ് മൊത്തം കുടിച്ചു, അവനെ  നോക്കി നിൽക്കുന്ന ആരെയെങ്കിലും പേര് വിളിക്കും.  അവൻ അതിനു അറിയാതെയെങ്ങാനും ജവാബ് തന്നാൽ ''ഈന്റൊക്കെ പോയിറോനെ (ളെ )''  എന്ന് പറഞ്ഞു അണ്ടി ദൂരെ എറിയുന്ന വിചിത്രമായ ആചാരം, ചാണകം ചവുട്ടിയാൽ ഉടനെ ഓടി പച്ച പിടിക്കുക എന്നത് പോലെതന്നെ  അന്ന് സർവ്വ സാധാരണമായിരുന്നു.   അത് കൊണ്ട് മാങ്ങ തിന്ന മണം പിടിച്ചാൽ, ആരു വിളിച്ചാലും കുൽസു- സൗകുമാർ വിളിക്കുത്തരം നൽകില്ല.

ചിലരൊക്കെ അതെങ്ങാനും പറയാൻ മറന്നു  പോയാൽ വുളു ഇല്ലാതെ നിസ്കരിച്ചാൽ വീണ്ടും വുളു എടുത്ത് കൈകെട്ടില്ലേ , അത് പോലെ എന്തോ ഒന്നാണെന്ന്  ധരിച്ചു മാങ്ങയണ്ടി നിലത്തു നിന്ന് പെറുക്കിയെടുത്തു പറയപ്പെട്ട ''ഉപചാരവാക്കുകൾ'' പറഞ്ഞു വീണ്ടും  ഏറിയും. ചില വിരുതന്മാർ പ്രായമുള്ള മനുഷ്യരോട് വരെ ഇതും പറഞ്ഞു അണ്ടി  എറിഞ്ഞു കളയും, അതിനു അവരുടെ വായിന്ന് കിട്ടുന്ന മറുപടി ഒന്നൊന്നരയായിരിക്കും. മിനിമം ''നിന്റെ ബെലിപ്പാനോട് ചെല്ല്റാ'' എന്ന് എന്തായാലും ഉണ്ടാകും.  ആരെയും ശശിയാക്കാൻ കിട്ടാതെ സ്വയം ശശിയാകുമെന്നായപ്പോൾ അത് വഴി വന്ന  ഒരു സ്രാമ്പിയിലെ ഉസ്‌താനോട്  ഒരു സൗകൂ പറഞ്ഞു പോലും - ''ഉസ്താ... ഉസ്താ..  ഈന്റൊക്കെ പോയിരീ ... ''

ഒരു ദിവസം  മദ്രസ്സയിൽ ഉസ്താദ് പഠിപ്പിക്കുകയാണ് - ''നിന്റെ ഉമ്മ  വിളിച്ചാൽ നീ  ഉടനെ  ഉത്തരം നൽകണം, രണ്ടാമതും വിളിച്ചാൽ ഉമ്മയ്ക്ക്  ഉത്തരം നൽകണം. പിന്നെയും വിളിച്ചാൽ ഉമ്മയ്ക്ക് തന്നെ, അത് കഴിഞ്ഞാണ് ഉപ്പയുടെ വിളിക്കുത്തരം നൽകേണ്ടെതെന്ന് പറഞ്ഞപ്പോൾ, ഒരു സൗകൂ എഴുന്നേറ്റ്  ചോദിച്ചു - ''ഉസ്താ.... മാങ്ങാന്റണ്ടി ഊംപീറ്റ് ചാടോംബോ ബിൾചെങ്കു, ഉമ്മാനോട് ''ഓഊ''ന്ന് ചെല്ലണാ ...'' കുട്ടികൾ അന്നൊക്കെ ഏതറ്റം വരെ ചിന്തിച്ചിരുന്നു എന്ന് നോക്കൂ !

അന്നൊക്കെ എവിടെയും മാവുകൾ ഉണ്ടായിരുന്നു. എന്റെ വീടിന്റെ തൊട്ടപ്പുറത്തെ പറമ്പിൽ മൂന്ന് മാവ്. മൂന്നിലും മൂന്ന് രുചിയുള്ള മാങ്ങകൾ. പടിഞ്ഞാറോട്ടുള്ള തോടിനു വശമായി പഞ്ചാരാങ്ങ, ഒത്ത നടുവിൽ തെക്കംമാങ്ങ, കിഴക്കേ തോട്ടിൽ ഉണ്ണ്യാങ്ങ. വലിയ പള്ളിക്ക് എത്തുന്നതിന് മുമ്പായി വീണ്ടും രണ്ടു  പറമ്പുകളിലായി ഓരോ മാവുകൾ  കിട്ടും, ഒന്ന് ഗോവാങ്ങ, മറ്റൊന്ന് പുളിയൻ മാങ്ങ. എന്റെ  വീടിന്റെ തൊട്ടു മുകളിലുള്ള കുന്നിലും നല്ല കിണ്ണൻ തെക്കൻ മാങ്ങകൾ കിട്ടും. അതിന്റെ തന്നെ അപ്പുറമായി കാട്ടാങ്ങ. എന്റെ വീട്ടുപറമ്പിലും ഒരു മുരടിൽ തന്നെ രണ്ടു മാവുകൾ കൂട്ടിയുംപിരിഞ്ഞു മേലോട്ട് കയറി  രണ്ടു തരം മാങ്ങ തരും - അതിലൊന്ന് ഗോവാങ്ങ,  മറ്റൊന്നിന് പ്രത്യേകിച്ച്  പേരില്ല, ഞാൻ അതിനെ കസിമാങ്ങ എന്നാണ് പറയാറ്. പെങ്ങന്മാരുടെ ടെ മുമ്പിൽ വെച്ചൊന്നും ഞാൻ അത് പറയില്ല, റിപ്പോർട്ട് ചെയ്യുക വേറെന്തെങ്കിലും പറഞ്ഞായിരിക്കും. എനിക്ക് കൗണ്ടർ അറ്റാക്ക് അന്നേ ഇല്ലായിരുന്നു.

സ്‌കൂളിന്റെ തെക്കു പടിഞ്ഞാറ് മൂലയിലെ കോമ്പൗണ്ടിന് പുറത്തും ഒരു മാവുണ്ടായിരുന്നു. അതിലാണെങ്കിൽ ചോണനുറുമ്പുകളുടെ സംസ്ഥാന സമ്മേളനവും. മാവിന്റെ മുകളിൽ കയറാൻ ആരെയും അടുപ്പിക്കില്ല.  ഒരു സൗകൂ വാശിയിൽ കയറി പിന്നെ ഇറങ്ങേണ്ടി വന്നിട്ടില്ല, വീഴുന്നത് കണ്ടപ്പോൾ ചോണനുറുമ്പുകൾ കൂട്ടത്തോടെ ഇവനെ തള്ളിയിട്ടത് പോലെയാണ് തോന്നിയത്. റബ്ബർ പന്ത് പോലെയുള്ള സൗകൂ വീണിട്ടും ചാടിച്ചാടിയാണ് എണീറ്റത്.  ഇവറ്റങ്ങൾ ബഷീറിന്റെ  ''ഭൂമിയിലെ അവകാശികൾ''  വായിച്ചിരിക്കണം.

നമ്മുടെ സ്‌കൂൾ മുറ്റത്തും   കുറെ മാവുകൾ ഉണ്ടായിരുന്നു. അത് ''മുടി''യാകുന്നത് കാണാം. പിന്നെ അവറ്റങ്ങളെ പഴുക്കാൻ വിടുന്നത് പോകട്ടെ,  അണ്ടി വരാനോ മൂപ്പെത്താനോ ആരും സമ്മതിക്കില്ല. അതിൽ ആ പരിസരത്തു കോട്ടേഴ്സിൽ താമസിച്ചിരുന്ന ടീച്ചർമാരും ഒട്ടും മോശമല്ലായിരുന്നു. വല്ല സൗകുവോ മറ്റോ  കുറച്ചു കല്ലുപ്പും ചേർത്തു തട്ടാമെന്നു വെച്ച് മരത്തിൽ കേറും.  ഉടനെ കംപ്ലയിന്റ് സാറന്മാരുടെ അടുത്ത് എത്തും. അവർ പെട്ടെന്ന് വരില്ല.  ഇവൻ, മണ്ടൻ സൗകൂ, കുറച്ചേണ്ണം പറിച്ചു കീശയിൽ തിരുകുമ്പോഴായിരിക്കും സാറോ ടീച്ചറോ വരിക, അവർ കൂളായി അതടിച്ചോണ്ട് പോയി, വീട്ടിൽ  നല്ല മുളകിട്ടു അച്ചാറുണ്ടാക്കും. ഇതൊന്നും നമ്മളാരുമറിയില്ലല്ലൊ.  അടി കൊണ്ട സൗകൂ ക്ലാസ്സിലേക്ക് നടക്കും. ടീച്ചർമാരൊക്കെ നാട്ടിൽ പോകുമ്പോൾ മാങ്ങയച്ചാറുമായിട്ടാണ് പോകുന്നതെന്ന സംശയം എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. അല്ലെങ്കിൽ പറയൂ, സ്‌കൂളിൽ  ഉപ്പിലിട്ട മാങ്ങ വിൽക്കാൻ വന്ന പിള്ളേരുടെ  പിടിച്ചതടക്കം ഇവർ ഈ മാങ്ങകൾ എന്ത് ചെയ്തിരിക്കും ?

ഹൌവ്വവർ, നമ്മുടെ വിഷയം മാറിപ്പോകരുത്.  ചില പ്രത്യേക സീസണിൽ നാലോ അഞ്ചോ ദിവസം മാത്രം കാവലിരിക്കുന്ന ''ഷോട്ടെർമ് കാക്കനയ്ക്കൽ'' ഉണ്ട്. അത് പപ്പടം ഉണക്കുമ്പോഴാണ്.

നമ്മുടെ നാട്ടിൽ  രണ്ടു പ്രദേശങ്ങളിലാണ് കൂടുതൽ കിഴങ്ങ് കൃഷി നടത്തിയിരുന്നത്. ഒന്ന് ബാക്കിത്തമാർ ഭാഗത്ത് മറ്റൊന്ന് പാലത്തടക്കം തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ.  രണ്ടിടത്തും നല്ല വിളവാണ്. കുന്നിൻഭാഗത്തു നിന്ന് കിട്ടുന്ന കിഴങ്ങിന്  രുചി കൂടുതൽ ഉണ്ടെന്നൊക്കെ പറയാറുണ്ട്.

വിളവെടുക്കുമ്പോൾ കിഴങ്ങു കൃഷിക്കാർ വീടുവീടാന്തരം കയറി കണക്ക് എടുത്ത് പോകും, എത്ര കിലോ വേണമെന്ന്.  പപ്പടത്തിന്റെ പോരിശയൊക്കെ അവർ വീട്ടുകാരെ  ഓർമ്മിപ്പിക്കും.  ഇല്ലെങ്കിൽ വിളവെടുപ്പ് ദിവസം നമ്മൾ അങ്ങോട്ട് ചാക്കുമായി പോയി തൂക്കികെട്ടി വരാം . മിക്ക കടകളിലും ഒരു എക്സ്ട്രാ തുലാസ് ഉണ്ടാകും. അതാണ് ഇവർ കിഴങ്ങ്, വെള്ളരി തുടങ്ങിയവ ഹോൾസെയിലായി  തൂക്കി വിൽക്കാൻ തൽക്കാലത്തേക്ക് വായ്പ വാങ്ങുക.
. അന്ന് കിഴങ്ങ് വാങ്ങാൻ വകയില്ലാത്തവർ ഒരുപാടുണ്ടാകും. അവർ കിളച്ചെടുത്ത ശേഷം ബാക്കിയാകുന്ന വേരുപോലുള്ള നേർത്ത ചാളി കിഴങ്ങുകൾ പെറുക്കി എടുത്ത് ചാക്കിലോ തുണിയിൽ കെട്ടിയോ കൊണ്ട് പോകും. അതിലും കാണും കുറച്ചൊക്കെ എഡിബിൾ സത്ത്.

കിഴങ്ങ് വീടുകളിലെത്തിയാൽ പെണ്ണുങ്ങൾ അതത് വീട്ടിൽ പപ്പട-പപ്പടനുബന്ധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ തിയ്യതി നിശ്ചയിക്കുo. കിഴങ്ങ് പുഴുങ്ങുന്ന തലേ ദിവസം ഉമ്മ എല്ലാവർക്കും ഒരു ക്‌ളാസ് നടത്തും. അതിന്റെ ഉദ്ദേശമിതാണ്. നിങ്ങളൊക്കെ ഉത്സാഹിക്കുമെങ്കിൽ ഇപ്രാവശ്യം പപ്പടം ഉണ്ടാക്കാം. ഇല്ലെങ്കിൽ ആ കൊണ്ട് വന്ന സാധനം ചുട്ടോ പുഴുങ്ങിയോ തിന്നാം.  നമ്മൾ, ഉത്സാഹക്കമ്മറ്റി,  പപ്പട നിർമാണത്തിന് അനുകൂലമായി കൈ പോക്കും. അപ്പോൾ ഉമ്മാന്റെ അടുത്ത നിർദ്ദേശം - ഇന്ന് വൈകിയേ ഉറങ്ങാൻ പാടുള്ളൂ, നേരത്തെ എഴുന്നേൽക്കുകയും വേണം.  നമ്മൾ പതിവ് പോലെ മൂളി ഉമ്മാനെ പ്രോത്സാഹിപ്പിക്കും.

മധുരക്കിഴങ്ങ് ഉൽപ്പന്നങ്ങളാണ്  ശരിക്കും അക്കാലങ്ങളിൽ മിക്ക വീട്ടിലും മഴക്കാലങ്ങങ്ങളിൽ കൊറിക്കാനും ചവക്കാനുമുള്ള ചിപ്സും ച്യൂoഗവും. ഞങ്ങളുടെ മൂളലിൽ വലിയ വിശ്വാസം ഇല്ലാത്തത് കൊണ്ട് ഉമ്മ വേറെ ഒന്ന് രണ്ടു ഉമ്മുകുല്സുമാർക്കും പപ്പടനിർമ്മാണ സൂചന നൽകും. അന്ന് ചെന്നിക്കൂടലിൽ നിന്ന് ഞങ്ങളുടെ ഒരു പ്രിയപ്പെട്ട മുത്തശ്ശി വന്നിരുന്നു. ഞങ്ങൾ അവരെ വിളിക്കുന്നത് മാമ എന്നാണ്. (ഉപ്പാന്റെ ഉമ്മാനെ  ഞങ്ങൾ  ഉമ്മമ എന്നാണ് വിളിക്കുക, ഉമ്മാന്റെ ഉമ്മ കാക്കഉമ്മ .  ബാക്കി നാല്  പേർ മാമ-മാരും. ഒന്ന് ഈ പറഞ്ഞത്, മറ്റൊന്ന് സാപ്പിന്റെ മൂത്തമ്മ, ബാക്കിയുള്ള രണ്ടു പേർ  - രണ്ടു മുക്രി ഉപ്പപ്പാന്റെ ഭാര്യമാർ. ) അത്രയും സ്നേഹമായിരുന്നു ആ മുത്തശ്ശിക്ക് ഞങ്ങളോട്, ഞങ്ങൾക്ക് അവരോടും അങ്ങിനെ തന്നെയായിരുന്നു.

അവരെയൊന്ന് വീട്ടിൽ തങ്ങാൻ വേണ്ടി ഞങ്ങൾ പഠിച്ച പണി പലതും നോക്കും.  പപ്പട ഉണ്ടാക്കുന്ന ദിവസം നിൽക്കാമെന്നാണ് അവർ വാക്ക് തരിക.  അന്ന് അവർ പറഞ്ഞു തരുന്ന കഥകൾ കേൾക്കാൻ ഞങ്ങൾ ഉറങ്ങാതെ അവരുടെ അടുത്ത് കൂനിക്കൂടിയിരിക്കും. ആകെ അവരുടെ കയ്യിൽ നാലഞ്ചു കഥകളെ സ്റ്റോക്കുള്ളൂവെങ്കിലും, പക്ഷെ അത് ഓരോ സമയവും പറയുമ്പോൾ പുതിയ ഏതോ കഥ പോലെ ഞങ്ങൾക്ക് അനുഭവപ്പെടും. നല്ല പ്രാസഭംഗിയും കുറച്ചു ഡെക്കറേഷനൊക്കെ ആയിട്ടാണ് അവർ  ആ കഥകൾ അവതരിപ്പിക്കുക. കഥാപാത്രങ്ങളുടെ ചില ഡയലോഗുകളൊക്കെ തുളുവിലായിരിക്കും ഉണ്ടാകുക.  ''അങ്ങേനേയിരിക്ക്ന്നെ നേരത്ത് ....'' മാമ കഥ തുടങ്ങും. അങ്ങിനെയേ തുടങ്ങൂ. മാമാന്റെ കഥകൾ കേട്ട് ഞങ്ങൾ ചിലപ്പോൾ  ഉറങ്ങിപ്പോവുകയും ചെയ്യും.

രാവിലെ ഉണരുമ്പോൾ കാണാം അടുക്കളയിൽ രണ്ടു മൂന്ന് ഉമ്മുകുല്സുമാർ ഇങ്ങിനെ സംസാരം തുടങ്ങിയിട്ട്. തലേ ദിവസം ഞങ്ങളെ വിശ്വസിച്ചു ചെമ്പോലത്തിൽ കഴുകിയിട്ട കിഴങ്ങ് പുറത്തു ഒരു അടുപ്പിലും അകത്തു മറ്റൊരു അടുപ്പിലും വെന്തു കഴിഞ്ഞിരിക്കും.  നമ്മൾ, പിള്ളേരുടെ ജോലി ഈ പുഴുങ്ങിയ കിഴങ്ങിന്റെ തോലുരിച്ചു കളയുക എന്നതാണ്. എന്റെ പെങ്ങൾ പത്ത് പതിനഞ്ചു വട്ടം എന്റെ കൈ   കഴുകിക്കും.  എന്നിട്ടേ കിഴങ്ങ് കയ്യിൽ തരൂ. ചൂട്കിഴങ്ങ്  പൊള്ളിപ്പൊള്ളി ഒരുവിധം ഞങ്ങൾ തൊലിയെടുക്കും.

ഞാൻ തൊലിയെടുക്കുമ്പോൾ ഒന്നുകിൽ കിഴങ്ങ് അടർന്ന് കുറെ പോകും. ഇല്ലെങ്കിൽ തൊലി കിഴങ്ങിൽ പറ്റിപ്പിടിക്കും. കുറെയൊക്കെ ഉമ്മയും പെങ്ങളും  സഹിക്കും. അവർക്കുമില്ലേ സഹിക്കുന്നതിനും ഒരു അതിര്. എന്റെ തലമണ്ട നോക്കി രണ്ടു മേട് (കിഴുക്ക്) തന്ന് എന്നോട് എഴുന്നേറ്റ് പോകാൻ ആജ്ഞാപിക്കുന്നതോട് കൂടി ഞാൻ ആ കർമ്മത്തിൽ നിന്ന് ഔദ്യോഗികമായി റിലീസായി (ഡീമോബിലൈസ്ഡ്) എന്നും പറയാം. പിന്നെ വള്ളി ട്രൗസറുമിട്ട് രണ്ടു നടുവിനും കൈ വെച്ച് നിന്ന് ഇവരുടെ ''തൊലിയുരിയൽ''  വെറുതെ നോക്കിക്കൊണ്ടിരിക്കാം.   എന്റെ പ്രായമുള്ള കുട്ടികൾ കല്ല് കൊണ്ട് വരുന്നു, പുല്ലരിയുന്നു, പാൽ കറക്കുന്നു, ബർവല വാരുന്നു,  കൃഷിപ്പണി ചെയ്യുന്നു ഇതൊക്കെയാണ് പിന്നെയുള്ള ഉമ്മാന്റെയും ഉമ്മാന്റെ ചങ്ങായിച്ചികളുടെയും  ഡയലോഗുകൾ.  കൊല്ലത്തിലൊരിക്കൽ കിഴങ്ങിന്റെ കുപ്പായം ഊരുമ്പോൾ അബദ്ധം പറ്റിയതിന് ഞാൻ ഇത്രയൊക്കെ കേൾക്കേണ്ടി വന്നുവെന്നത് എന്റെ വിധി. ഞാൻ ഇപ്പോഴും ക്ഷമിച്ചു.

ആ ദിവസം രാവിലത്തെ ബ്രെക്ഫാസ്റ്റ്  വേറെ ഒന്നുമുണ്ടാക്കില്ല. കാലിച്ചായയും ചുട്ട കിഴങ്ങും. തലേ ദിവസത്തെ കറി ഒഴിച്ച് പുഴുങ്ങിയ കിഴങ്ങ് തിന്നാൻ ഒരു ടെയിസ്റ്റ് വേറെ തന്നെയാണ്. ഞാനൊക്കെ വീട്ടു മുറ്റത്തിരുന്ന്, സൂര്യനെയും ആകാശത്തെയും നോക്കി  ഭക്ഷണം കഴിക്കുന്ന ഏക ദിവസം കൂടിയാണിത്.

ഒരു വട്ടിയിലാണ് തൊലിയുരിഞ്ഞ കിഴങ്ങ് ഇടുന്നത്. അതിൽ നിന്ന് അഞ്ചാറെണ്ണം എടുത്ത് വേറെ രണ്ടു ഉമ്മുകുൽസുമാറും ഉമ്മയും കൂടി കടയംകല്ലിലിട്ട് അരക്കൻ തുടങ്ങും. അതിനിടയിൽ അയൽപ്പക്കത്തുള്ളവരൊക്കെ എത്തും. അവർ അവിടെ വെച്ച് തന്നെ അയൽപക്കത്തുള്ള പപ്പട നിർമ്മാണ തിയ്യതി പ്രഖ്യാപിക്കും.  നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അത് ഒന്ന് കൂടി ഓർമ്മിപ്പിക്കും. അവിടെയും ഉമ്മയും മറ്റും  പോയി സഹകരിക്കാൻ.

ഈ സംസാരത്തിനിടയിൽ മാവുപോലെ അരച്ചെടുത്ത കിഴങ്ങ് ഉരുട്ടാൻ തുടങ്ങും. ചെറിയ കുഞ്ഞുരുളകൾ മറ്റൊരു വട്ടിയിൽ നിറച്ചു വെക്കും.  സൂര്യൻ ഉദിക്കുന്നതോടെ ഇതെല്ലാം കൊണ്ട് മുറ്റത്തേക്ക് പെണ്ണുങ്ങൾ ഇറങ്ങും. ഇതൊക്കെ ഒരു വശത്തു നടക്കുമ്പോൾ കുറച്ചു അകലെ ഒരു മരത്തിനടിയിൽ താത്കാലികമായി ഉണ്ടാക്കിയ ഒരു അടുപ്പിൽ പത്ത്മണിക്കുള്ള ശാപ്പാടിനായി ഒരു ഓട്ടുരുളിയിൽ കലത്തപ്പമിങ്ങനെ ആർക്കോ വേണ്ടി അടിയിലും മുകളിലും തീ കായുന്നുണ്ടാകും.

അൽപ സമയത്തിനുള്ളിൽ  മുറ്റത്തേക്ക് ചുറ്റുഭാഗത്തുമുള്ള വീട്ടിൽ നിന്നും ബട്ടെപ്പലെ (വട്ടപ്പലക ) അവരുടെ ഡ്യൂട്ടി കഴിഞ്ഞു പാർട്ട് ടൈം സർവീസിനായി എത്തും. അന്നൊക്കെ മിക്കവീട്ടിലും ഒരു പുതിയ ഓലപ്പായ സൂക്ഷിച്ചു വെക്കുക എന്നത് ഒരു നടപ്പ് സമ്പ്രദായമായിരുന്നു. എപ്പോഴും ഒരു മരണത്തെ അന്നുള്ളവർ കാത്തിരുന്നു.  മയ്യത്തു കിടത്താൻ ഒരു പുതിയ പായ.  വേറെ ചില വളരെ അത്യാവശ്യങ്ങൾക്കും ഈ ''റിസർവ്ഡ് പായ'' ഉപയോഗിക്കും. അതിൽ പെട്ട ഒരു എമർജൻസി കേസാണ്  പപ്പടം ഉണക്കൽ.  രണ്ടു മൂന്ന് ദിവസത്തേയ്ക്ക് പായ ഉപയോഗിച്ച് അത് അങ്ങിനെതന്നെ ചുരുട്ടി വെക്കും.

ബട്ടെപ്പലെ എത്തിക്കഴിഞ്ഞാൽ പിന്നെ ഉമ്മുകുൽസുമാരും സൗകൂ - കുൽസുമാരും മുറ്റത്ത് പായ, അതിനു മുകളിൽ വൃത്തിയുള്ള ബെഡ് ഷീറ്റ് എന്നിവ വിരിക്കുന്ന തിരക്കിലായിരിക്കും. നല്ല ട്രാൻസ്പരന്റായ നേർത്ത പ്ലാസ്റ്റിക് മുമ്മൂന്ന്  കഷ്ണങ്ങൾ എല്ലാ ബട്ടപ്പലെ ഓപ്പറേറ്റർമാർക്കും നൽകും. കൂടെ ഒരു പിഞ്ഞാണകുഞ്ഞിയിൽ  അല്പം തേങ്ങയെണ്ണയും.

വട്ടപ്പലകയിൽ ആദ്യം പ്ലാസ്റ്റിക് ഷീറ്റ് വെക്കും. അതിൽ ലേശം എണ്ണ തടവും. അതിനു മുകളിൽ കിഴങ്ങ് മാവുണ്ട. അതിനു മുകളിൽ എണ്ണ തേച്ച  സെക്കൻഡ് പ്ലാസ്റ്റിക് ഷീറ്റ്. ഒരു ആയത്തിൽ ഒരു വൃത്തിയുള്ള കുപ്പി മുകളിൽ വെച്ച് തള്ളിയാൽ പപ്പടം റെഡി. അതിങ്ങനെ ഷീറ്റ് കൈമാറി കൈമാറി ഉമ്മുകുൽസുമാർ പായയിൽ വെയിൽ കായാൻ വെക്കും.  ഉമ്മുകുൽസുമാർ കൽത്തപ്പം  തിന്നാൻ പോയ നേരം ഞാൻ അകത്തു നിന്ന് ഒരു ഒഴിഞ്ഞ കുപ്പിയെടുത്തു പപ്പടം പരത്താൻ തുടങ്ങി. അപ്പോൾ തന്നെ ഞാൻ ഇരന്നു അടി വാങ്ങിക്കുകയും ചെയ്തു. സംഭവം ആ കുപ്പി മണ്ണെണ്ണയുടേതായിരുന്നു.

വേറൊരു ഭാഗത്തു വേറെ ഒന്ന് രണ്ടു പേർ പുഴുങ്ങിയ എന്നാൽ കുറച്ചു തണുപ്പ് വന്ന കിഴങ്ങ് കൊണ്ട് വന്നു പായയിൽ പൊടിച്ചിടും. അതിനൊക്കെയാണ് ഞങ്ങളെ ഉപയോഗിക്കുക.  അവിടെ ഞാൻ പൊടിക്കുന്ന കഷ്ണങ്ങൾക്ക് സൈസ് കൂടുതൽ എന്ന് പറഞ്ഞു ഉടനെ തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിടും.  പപ്പടം ഉണ്ടാക്കുന്ന ഭാഗത്തേക്ക് ഒന്ന് സഹായിക്കാൻ ചെന്നാലോ അവർ ഗ്രൂപ്പായി  ഓടിച്ചു കളയും. ഒരു പുളുങ്കുരു വലിപ്പത്തിലാണ് കിഴങ്ങ് പൊടിച്ചിടേണ്ടത് പോലും.  ഇതാണ് ഉണങ്ങിയുണങ്ങി  പിന്നീട് കടിച്ചാൽ പൊട്ടാത്ത ''കേങ്ങിൻന്റോടി'' ആയി മാറുന്നത്. ഉണക്കാനിട്ടിടത്ത് നിന്ന് തുടർന്നുള്ള അഞ്ചാറ് ദിവസം ഞങ്ങൾ ഒരു പിടി ''പൊടി'' തിരിഞ്ഞും മറിഞ്ഞും നോക്കാതെ പൊക്കി ഓടും. അത് സ്‌കൂളിൽ എത്തുംവരെ വായിൽ ഒരു ചെലവുമില്ലാതെ ഗ്രൈണ്ട് ചെയ്തുകൊണ്ടേയിരിക്കും.

സ്‌കൂളിന്ന് വന്നാൽ ഇതിന് കാവലിരിക്കലാണ് ഞങ്ങളുടെ വിധി. ഇവിടെ വില്ലൻ കാക്കയും കോഴികളും ആയിരിക്കും. കാക്കയെ പിന്നെയും സഹിക്കാം. കോഴിയമ്മ കുട്ടികളെയും കൊണ്ട് വന്ന് തിന്നുമെന്ന് മാത്രമല്ല, ഒരു കൺട്രോളുമില്ലാതെ തൂറിക്കളയും. അതോടെ മൊത്തം ''ഹമൽ ബാഥ്വിലാകും''.

ഞാൻ നേരത്തെപ്പറഞ്ഞ ആരോഗ്യമില്ലാത്ത കിഴങ്ങുകൾ ഉണ്ടാകും കൂട്ടത്തിൽ. ഗ്രഹണി പിടിച്ച കൂട്ട്.  ഇതിനെ ചള്ളിയാക്കി ഉണക്കാനിടും. ഇവ രണ്ടും ഉണക്കാനിടുന്നത് ഒരു ചാക്ക് വിരിച്ചാണ്. അവിടെയും പാവങ്ങൾക്ക് വിവേചനം.   ചിലർ കിഴങ്ങിന്റെ തൊലിയും ഉണക്കി കളയും.

അന്നൊക്കെ ഞങ്ങൾ പപ്പടം കായാൻ കൂട്ടിരിക്കുമ്പോൾ പാടിയിരുന്ന ചില ഈരടികൾ ഉണ്ട്. ഇത് ഓരോ പ്രദേശത്തു ആദ്യ വരിയിലെ പേരിൽ മാത്രം മാറ്റം വരുത്തി പാടും. ആ തോട്ടിൽ കൂടി അപ്പോൾ   പാസ്സാകുന്ന ഏതെങ്കിലും ഒരു  സൗകുവിന്റെ പേര് ചേർത്തായിരിക്കും പാട്ട് തുടങ്ങുക.

അദ്ദിച്ചാന്റെ പുള്ളി
നടക്കുമ്പോ തുള്ളി
കേങ്ങിന്റെ ചളളി
ബായ്ക്കിട്ട് പൊള്ളി

മഴ തുടങ്ങിയാൽ പിന്നെ പപ്പടത്തിനും കേങ്ങിന്റോടിക്കും ഇരിക്കപ്പൊറുതിയുണ്ടാകില്ല. ഇവ വലിയ ഡബ്ബയിലാണ് സൂക്ഷിക്കുക. അതിന് അടുപ്പിന്റെ അടുത്താണ് സ്ഥാനം. അതിൽ രണ്ടുണ്ട് കാര്യം. ഒന്ന് പൊക്കൽ അത്ര പെട്ടെന്ന് നടക്കില്ല. മറ്റൊന്ന് അതിന് എപ്പോഴും ചെറിയ ചൂട്  ഉണ്ടായിരിക്കും. പപ്പടം ചൂടും. ചിലപ്പോൾ എണ്ണയിലിട്ട് പൊരിക്കും. അതിന്റെ മണം നാലഞ്ചു വീടപ്പുറമെത്തും. കിഴങ്ങിന്റെ പൊടിയാണ് രസം. കുറെ സമയം വായിൽ തന്നെ അലിയാതെ ഉണ്ടാകും. ഇത് ചിലർ പുഴുങ്ങി തിങ്ങും. ചിലപ്പോൾ തേങ്ങയും ചേർക്കും.  എല്ലാം തീർന്നാൽ എന്നാൽ അതെങ്കിൽ അതെന്നും പറഞ്ഞും ചളളിയുടെ ഡബ്ബയിലേക്ക് കയ്യിടും.  വലിയ ടെയിസ്റ്റ് ഒന്നുമുണ്ടാകില്ല. അത് വരെ ആരും മൈൻഡ് ചെയ്യാത്ത ചളളി യാണ് പിന്നെ താരം.

വറുതിയുടെ കാലമായ കർക്കിടത്തിലാണ് ഇതിന് നല്ല ചെലവ്. അന്നൊക്കെ കുൽസുമാരുടെ പാവാടയുടെ കീശയിൽ ഇത് സ്ഥിരമായി ഉണ്ടാകും. ഇവറ്റങ്ങളുടെ വായ 24 മണിക്കൂറും വർക്കിങ്ങിലായിരിക്കും. ക്‌ളാസിൽ മാഷന്മാർ എന്തെങ്കിലും ചോദിച്ചാൽ ഉത്തരം അറിയുന്ന പിള്ളേരും എഴുന്നേറ്റ് അനങ്ങാതെ നിൽക്കും. അതിന്റെ കാരണം വായിൽ ഒന്നുകിൽ കേങ്ങിന്റോടി, അല്ലെങ്കിൽ പുളുങ്കുരു. (വിശദമായി ഞാൻ മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട് )

സ്രാമ്പി ഭാഗത്തു ഒരു സൗകുവിനെ പപ്പടത്തിന് കാവലിരുത്തിയ ഒരു സംഭവം പറഞ്ഞു കേട്ടിരുന്നു. പുള്ളിക്കാരൻ ഇളം വെയിൽ തലയിൽ അടിച്ചു അവിടെത്തന്നെ തലകറങ്ങി ഫ്‌ളാറ്റായി.   ബോധം ഒന്ന് രണ്ടു മണിക്കൂർ അവിടെയിവിടെയൊക്കെ കറങ്ങിത്തിരിഞ്ഞ് വന്നപ്പോൾ സൗകൂ കണ്ടത് കരളലിയിക്കുന്ന കാഴ്ച. പപ്പടം സുരക്ഷിതം, പക്ഷെ കേങ്ങിന്റെ പൊടിയിട്ട പായ മൊത്തം  അയലോക്കത്തെ കോഴിയും പരിവാരങ്ങളും കക്കൂസാക്കി മാറ്റിയിരിക്കുന്നു! അതിന്റെ ദേഷ്യത്തിൽ അവൻ ചെയ്തത് ഓടിച്ചു കോഴിയെ പിടിച്ചു നേരെ മധൂരിലെക്ക് നടന്നുവത്രെ. അവിടെയുണ്ട് അലഞ്ഞുതിരിഞ്ഞു വിള നശിപ്പിക്കുന്ന കന്നുകാലികളെ കൊണ്ടിടാൻ ബ്ലോക്ക് പഞ്ചായത്തോ മറ്റോ തുടങ്ങി വെച്ച   ദൊഡ്‌ഢി (animal pound). ചരിത്രത്തിൽ ആദ്യമായി ഒരു കോഴി ദൊഡ്‌ഢിയിൽ കിടക്കേണ്ടി വന്നത് ഇതായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.  1975 -1980 ദൊഡ്‌ഢി ഫയലൊക്കെ ഒന്ന് മറിച്ചാൽ അവിടെ കോഴിയും പരാതിക്കാരനും  കാണുമായിരിക്കും. 


കുട്ടിക്കാലകുസൃതിക്കണ്ണുകൾ/ ലക്കം 39



കുട്ടിക്കാലകുസൃതിക്കണ്ണുകൾ

മാവിലേയൻ

ഞങ്ങളുടെ ചെറുപ്പത്തിൽ   നാട്ടിൽ എവിടെയും എന്തെങ്കിലുമൊരു  കൃഷി ഉണ്ടാകും. ഞങ്ങളുടെ വീട്ടിന്റെ  മുമ്പിലായി ഒരു  പാടമുണ്ടായിരുന്നു. (ഇപ്പോൾ എന്റെ വീടുള്ള സ്ഥലം). അതിനെ മൂടാൾപ്പ് എന്നാണ് പറയുക.   അതിനൊരു അതിർത്തി പോലെ വെറ്റിലക്കൊടി ചാൽ. എപ്പോഴും തല കീഴ്മറിഞ്ഞ വെച്ച വലിയ  രണ്ട് മൺകടയങ്ങൾ. കിഴക്ക് ഭാഗത്തുള്ള ചെറിയ വളപ്പിൽ,  വെറ്റില ചാലും പന്തലും .   ന്യൂ മോഡൽ സ്‌കൂൾ മുറ്റം മുതലങ്ങോട്ട് മൊത്തം കൃഷിക്കളങ്ങളാണ്. ചെറിയ ചെറിയ പാടങ്ങൾ, നാലും അഞ്ചും സെന്റുകളിൽ ഒതുങ്ങുന്നത്. ഇടക്ക് കൂടി കഷ്ടിച്ചു ഒരാൾക്ക് നടക്കാൻ പാകത്തിൽ  നേർത്ത വരമ്പുകൾ.   ഞങ്ങളുടെ വീടിന് വടക്ക് കിഴക്ക് ഭാഗത്തുള്ള ഉയർന്ന പ്രദേശത്തെ കുന്നെന്നാണ് വിളിച്ചിരുന്നതെങ്കിലും അവ മുഴുവൻ നെൽപ്പാടങ്ങളാണ്.  കുഞ്ഞു തട്ടുതട്ടുകളായാണ്  അവ മൊത്തം അടുക്കിയൊരുക്കിയിരുന്നത്.  ഒരു വലിയ പുളിമരം, പിന്നെ അതിലും വലിയ ആൽമരം, ദഡ്ഡാൽ മരങ്ങൾ, പേരറിയാത്ത മാവുകൾ ഇതൊക്കെയായിരുന്നു ആ പാടങ്ങൾക്ക്  വശങ്ങളിലായി തണൽ   വിരിയിച്ചിരുന്നത്.

മഴയെ ആശ്രയിച്ചാണ് അവിടങ്ങളിലൊക്കെ കൃഷി. ഒറ്റവിളയാണ്.  അതിൽ രണ്ടോ മൂന്നോ പാടങ്ങളിലേ പച്ചക്കറി കൃഷി ഉണ്ടായിരുന്നുള്ളൂ.  മഴ കനപ്പിച്ചു വരുമ്പോൾ കലപ്പയും പോത്തും കൃഷിക്കാരും നട്ടിനടുന്ന പെണ്ണുങ്ങളും അവിടെ നിറയും. മുസ്ലിം സ്ത്രീകൾ അടക്കം ഒരു പാടുപേർ അന്ന് കണ്ടത്തിൽ പണിയെടുത്തിരുന്നു. സ്വത്ത് വിഹിതത്തിലെ നിയമം പോലെയായിരുന്നു അന്നവർക്ക് കൂലി കൊടുത്തിരുന്നത് - ആണുങ്ങളുടെ പണിക്കൂലിയുടെ നേരെ പകുതി പെണ്ണുങ്ങൾക്ക്.  കൊയ്യുമ്പോൾ നെല്ലളന്നായിരുന്നു അന്ന് കൂലി.

നെല്ലുമായി ബന്ധപ്പെട്ട ഒന്നാണ് ഉലക്ക.  അതിന്റെ  താഴെ അറ്റം പിച്ചള കൊണ്ട് ഫിനിഷ് ചെയ്തത്, ചുറ്റ് എന്നാണ് പറയുക.  മുകളിലെ അറ്റം ഗദയുടെ തുമ്പിൽ കാണുന്ന രൂപത്തിൽ കൊത്തു പണികളുള്ളത്. ഇരുന്ന് കുത്താൻ പാകത്തിൽ ചെറിയ ഉലക്കയുണ്ടാകും. അതിന്റെ മധ്യ ഭാഗം കുറച്ചു നേർത്തതും ഇരു ഭാഗം ആനുപാതികമായി വീതിയുള്ളതുമായിരുക്കും. ഇതൊക്കെ ഇപ്പോഴും എന്റെ തറവാട് വീട്ടിൽ സൂക്ഷിച്ചിരിപ്പുണ്ട്. ഉള്ളവന്റെയും ഇല്ലാത്തവന്റെയും വീട്ടിൽ ''ഉലക്കക്കുണ്ട്'' ഉണ്ടായിരുന്നു. കൃഷി ചെയ്തിരുന്നില്ലെങ്കിലും ഞങ്ങൾക്ക് ചെറിയ ഒരു പാടമുണ്ടായിരുന്നു ഉളിയ വയലിൽ. അവിടെ കൃഷിയിൽ നിന്ന് ഗേണിയായി കിട്ടുന്ന നെല്ല് പുഴുങ്ങി അത് കുത്താൻ വേണ്ടി ഞങ്ങളുടെ വീട്ടിന്റെ അടുക്കളയിൽ ഒരു മൂലയ്ക്ക്   ''ഒൽക്കെക്കുണ്ട്'' ഉള്ളതായി ഓർമ്മയിൽ വരുന്നു. ഉലക്കക്കുണ്ടിൽ നെല്ലിടിച്ചു  അവിയൽ ഉണ്ടാക്കുമെന്നൊക്കെ ഉമ്മ പറയുമായിരുന്നു.  അതെങ്ങിനെയാണെന്നറിയില്ല.  ഇപ്രാവശ്യം നാട്ടിൽ പോയാൽ അതൊക്കെ ചോദിച്ചറിയണം.

നെല്ല് കുത്തുന്നതിനും ഒരു ആയമൊക്കെയുണ്ട്. അന്നൊക്കെ ഉമ്മുകുൽസുമാർ തട്ടം പിന്നോട്ട് കെട്ടി, അത്യാവശ്യം ഉയരത്തിൽ മേലോട്ട് ഉലക്ക  എറിഞ്ഞു, താഴോട്ടേക്ക് ശക്തിയിൽ വലിക്കും. എപ്പോഴും കണ്ണ്   കുഴിയിൽ  തന്നെയായിരിക്കും. നെല്ലുകുത്തുമ്പോൾ ഇവർ  മൂക്കിൽ കൂടി ശക്തിയായി വായു പുറത്തേക്ക് തള്ളും. നാസാരന്ത്രം  പുറത്തു വിടുന്ന സംഗീത സമാനമായ ശബ്ദവും നെല്ല് കുത്തലും ഒരേ പാകത്തിൽ കേൾക്കാൻ നല്ല രസമായിരുന്നു.  ഇത് നല്ല മെനക്കേടുള്ള പണിയെന്നു എനിക്ക് തോന്നിയത് അതനുഭവിച്ചപ്പോഴായിരുന്നു.   ഒരു വട്ടം ഞാനൊരു  ശ്രമം നടത്തി. അതിന്റെ ഫലം -  മൂക്കള പുറത്തു തെറിച്ചു നെല്ല് നാശകോശമായി, ഉലക്ക നേരെ  മേത്തേയ്ക്ക്. പണ്ട് കവി പാടിയത് പോലെ ''വീണിതാ കിടക്കുന്നു...''  ഭാഗ്യം കൊണ്ട് വലിയ അപകടം ഒഴിവായിക്കിട്ടി.  അത്കണ്ടു എന്റെ സഹോദരിമാർ  കള്ളറിപ്പോർട്ട് നൽകി .   ബന്ധപ്പെട്ടവരിൽ നിന്ന് എനിക്ക് കിട്ടേണ്ടത് പോലെ കിട്ടുകയും ചെയ്തു.

ദേഷ്യവുമായി ഈ വസ്തുവിന് വലിയ ബന്ധമാണ് ഉള്ളത് -   ''ഒൽക്കെ'',   ''ഒൽക്കന്റെ ചുറ്റ്''  പ്രയോഗം വളരെ സാർവ്വത്രികമായിരുന്നു. ''ഒൽക്കേല് ബാട്ടീറൂ''  ഇത് കേട്ടാൽ കൂടുതൽ കത്തിയടിക്കാതെ സ്ഥലം  വിടാനുള്ള മുന്നറിയിപ്പാണ്.  ''ഒര്മെ ഇണ്ടെങ്ക് ഒൽക്കേലും കെട്ക്കറാ'' ഒരു സമാധാനമുള്ള വാക്ക് ഇത് മാത്രം. പ്രാന്തന്മാർ ഇത് പിന്നിലോട്ട് വലിച്ചു കോണകം കെട്ടാൻ   ശ്രമിക്കാറുണ്ടെന്നൊക്കെ പറഞ്ഞും കേൾക്കുന്നു.  ''ഒരുമ ഉണ്ടേൽ ഒലക്കേലും കെടക്കാം'' എന്നൊരു പഴമൊഴിയും ഉണ്ട്.


പറയും  സേറും കൊണ്ടയുമൊക്കെയായിരുന്നു അന്നത്തെ അളവ് പാത്രങ്ങൾ. വലിയ കർഷക കുടുംബങ്ങളിലൊക്കെയുള്ള പറകൾക്ക് പിച്ചള കൊണ്ടുണ്ടാക്കിയ  താലിയും മാലയുമൊക്കെ കാണും. ലാത്തി പോലുള്ള ഒരു ദണ്ഡ് ഉണ്ടാകും. പറയിൽ നിറച്ച നെല്ല് അളന്നിടുമ്പോൾ നിരപ്പാക്കാൻ വേണ്ടിയാണ് ഈ ദണ്ഡ്. സേറൊക്കെ എല്ലാ വീട്ടിലും കാണും. കാർക്കളയിൽ നിന്ന് കൊണ്ട് വന്ന സേറ് ഇന്നുമുണ്ട് വീട്ടിൽ. ചിലതിലൊക്കെ ചിത്രപ്പണിയുണ്ടാകും.  കൊണ്ട പാവം ഒബിസിയിൽ പെട്ടതാണ്. മുളകൊണ്ടുണ്ടാക്കിയതാണ് മിക്ക കൊണ്ടകളും. ആറ് കൊണ്ട ഒരു സേറ് എന്നാണ് കണക്ക്. പാലളക്കുന്ന കൊണ്ടയുണ്ട്. അത് ഇത് തമ്മിൽ വലിയ ബന്ധമില്ലെന്നാണ് തോന്നുന്നത്. അത്രയും ചെറുതാണ് പാൽ-കൊണ്ട.

 എന്റെ വീട്ടിലുണ്ടായിരുന്ന കൊണ്ട ഞാൻ കാണുന്നത് മുതൽ പൊട്ടി വിണ്ടു കീറിയതാണ്. പുതിയതായി വാങ്ങിയിട്ടേയില്ല. അളവ് പാത്രങ്ങൾ അങ്ങിനെ തോന്നുന്നത് പോലെ വാങ്ങാൻ പാടില്ല പോലും. അതിനോടുള്ള ബഹുമാനക്കുറവായിട്ടാണ് അന്നൊക്കെ കണക്കാക്കൽ. കൊണ്ട അധികവും ഉണ്ടാകുക അരിക്കുടുക്കയിലോ റേഷൻബാഗിലോ മറ്റോ ആയിരിക്കും.

മദ്രസയിലേക്ക് പിടിയരി വാങ്ങാൻ വേണ്ടി വരുമ്പോൾ അവർ ആരെങ്കിലും അളവ് പാത്രവുമായി വരും. അത് ഒരു പിച്ചളയിലുള്ള കുറച്ചു ഹൈറ്റുള്ള പാത്രമാണ്. മതിലിൽ ഒട്ടിച്ച മദ്രസ്സയുടെ പിടിയരി ചിട്ടിയിൽ മാസാമാസം നൽകുന്ന അരിക്കണക്ക് അവർ രേഖപ്പെടുത്തും. ( മദ്രസ്സയുടെ നടത്തിപ്പിന് അന്നത്തെ ആദർശസ്‌നേഹികൾ മുന്നോട്ട് വെച്ച നിർദ്ദേശമായിരുന്നു   ഒരുപിടി അരിയെടുത്തു മദ്രസ്സയ്ക്കായി നീക്കിവെക്കുക, അങ്ങിനെയാണ് അത് പിന്നീട് ''പിടിയരി'' എന്ന പേരിൽ അറിയപ്പെട്ടത് )

കൃഷിസംബന്ധമായതിനെ പറയുന്നത് ''പേരോർത്തി'' എന്നാണ്.
നട്ടിക്കാർ എന്നാണ് ഞാറു നടുന്നവരെയും കണ്ടത്തിൽ പണിയെടുക്കുന്നവരെയും പറയുക.  നട്ടിക്കാരിൽ അമുസ്ലിം പെണ്ണുങ്ങൾ അധികവും പതിക്കാൽ, ഏര്യപ്പാടി, കൊല്ല്യ, മധൂർ, മായിപ്പാടി  തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർ. (ഇതൊക്കെ അന്ന് കണ്ട ഓർമ്മയിൽ നിന്നെഴുതുന്നത്. ഒന്നാമത് ഞങ്ങൾക്ക് കൃഷിയില്ല. അത്കൊണ്ട് അത്ര ഹൃദ്യമായി ഇവയൊന്നും  എഴുതാനും പറ്റില്ല ).

കർഷക വീടുകളിലൊക്കെ അവരുടെ പേരും പത്രാസും കാണിക്കാൻ കറ്റയടിച്ച പുല്ലുകൾ കൊണ്ട് വീട് രൂപത്തിൽ മുറ്റത്തു തീർക്കും. മുറ്റത്തു കയറിയാൽ തന്നെ ആദ്യം കേൾക്കുക നാലഞ്ചു പോത്തുകളുടെ അമറലാണ്. പിന്നെ ഒരു ബൈപ്പണ. അവിടെ എപ്പോഴും ചരിഞ്ഞു വീണ ഒന്ന് രണ്ടു ബക്കറ്റുകൾ, പോത്തുകളെ  ഉരച്ചു തേച്ചു കുളിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ തേങ്ങാചെപ്പ്, കുറച്ചു  ഉണക്കപ്പുല്ല്, പോത്തിന്റെ ചെവിയിൽ എപ്പോഴും കിന്നാരം പറയുന്ന അഞ്ചാറ് കാക്കകൾ,  പോത്തിനോട് സംസാരിക്കുന്ന ആ വീട്ടുകാർ.... ചപ്പ് തരിച്ചിടാൻ പാകത്തിൽ ഒരു വുഡ് സ്റ്റാന്റ്, അതിൽ കൊത്തി ഉറപ്പിച്ച നല്ല മൂർച്ചയുള്ള കുഞ്ഞിക്കത്തി. ആ ബൈപ്പണയുടെ നേരെ മുമ്പിലുള്ള മിനി ബൈപ്പാണയിലായിരിക്കും പോത്തിന്റെ വകയിലെ ബന്ധുക്കളായ പശുവും കിടാവും, അവരുടെ കുറെ പരിവാരങ്ങളും. പുല്ലൊക്കെ ബൈപണയുടെ മുകളിൽ തയ്യാറാക്കിയ തട്ടിലാണ് സൂക്ഷിച്ചു വെക്കുക.ചേരയും എലിയും വരാത്ത ഒരു ബൈപ്പണയും (തൊഴുത്ത് ) ഇല്ലെന്നാണ് എന്റെ ഒരു നിഗമനം.

നല്ല കാണാൻ രസം ഭണ്ടാരവീട് കൃഷിക്കളമായിരുന്നു. പഴയ സിനിമകളിലൊക്കെ കാണുന്ന പ്രകൃതി രമണീയമായ കാഴ്‌ച. ഒരു ഭാഗത്തു നെൽകൃഷി, പിന്നെ ഉയർന്ന സ്ഥലങ്ങളിൽ വെണ്ടയും പയറും വഴുതനയുമൊക്കെയായുള്ള  പച്ചക്കറികൾ. കുറെ പറങ്കിമാവ്. വലിയ ഒരു ആൽമരം. അതിൽ നിറയെ എപ്പോഴും ഒരാവശ്യമില്ലാതെ കശപിശ കൂടുന്ന പച്ചത്തത്തകൾ. ഏറ്റവും  അറ്റത്തായി , പടിഞ്ഞാറ് ഭാഗത്തു കുഞ്ഞിമാളുഅമ്മയുടെയും ബാബേട്ടന്റെയും രണ്ടു പുല്ലുമേഞ്ഞ വീടുകൾ. പിന്നെ ഒരു കുഞ്ഞുകാവ്. മുന്നിലായി ചാണകം തേച്ച മുറ്റം. ഒന്ന് രണ്ടു പനമരങ്ങൾ. ഇടക്കിടക്ക് കുറച്ചുകൊണ്ടിരിക്കുന്ന ബാബേട്ടന്റെ വീട്ടിലെ ഒരു ഇളം ചെമപ്പ് നിറമുള്ള നായ.  എപ്പോഴും  കല്ല് വെട്ടുന്ന കുറെ പണിക്കാർ...... സ്‌കൂളിലേക്ക് ഉച്ചയ്ക്ക് നടന്നു പോകുമ്പോഴും വരുമ്പോഴും ഇതൊക്കെ നോക്കുക ആസ്വദിക്കുക, നായയുടെ നിഴൽ കണ്ടാൽ തിരിഞ്ഞും മറിഞ്ഞും നോക്കാതെ ഓടുക ,  അന്നത്തെ ഞങ്ങളുടെ നടപ്പുശീലങ്ങളിൽ പെട്ടതായിരുന്നു.

ബൂട്  ഭാഗം മൊത്തം പാടങ്ങളായിരുന്നു. തുരുത്ത് പോലെ ഒറ്റപ്പെട്ട നാലഞ്ചു  വീടുകൾ ഉണ്ട്.  പിന്നെ അങ്ങോട്ടായി ഒരു വീട് കിട്ടണമെങ്കിൽ മൊഗറിന്റെ മറ്റേ അറ്റം വരെ എത്തണം.  മഴക്കാലത്തൊക്കെ  മൊഗർ തീർത്തും ഒറ്റപ്പെട്ടു പോകും, ശരിക്കും നമ്മുടെ നാടിന്റെ ഒരു ദ്വീപ്.  ബൂടിന്റെ ഒരു തലക്കൽ തുടങ്ങിയ പാടങ്ങൾ തീരുന്നത്    മായിപ്പാടി റോഡും കഴിഞ്ഞു പിന്നെയും അങ്ങോട്ടു പോകണം. പൂഴിയുടെ പശിമയുള്ള മണ്ണായിരുന്നു ബൂട് ഭാഗത്തെ പാടങ്ങൾക്ക്.  ചെറിയ ഓഫ്  വൈറ്റ് കളർ.  കിഴങ്ങ് കൃഷിക്കൊക്കെ പറ്റിയ മണ്ണ്. എളുപ്പത്തിൽ വേര് മണ്ണ് മാന്തി പോകും. നല്ല വിളവും കിട്ടും. വിളവ് കാലമായാൽ  കിഴങ്ങ് അടർത്തി എടുക്കാൻ വലിയ പ്രയാസവുമുണ്ടാകില്ല.  പച്ചക്കറികൾക്കാണ് അവർ ആ  ഭൂമി കൂടുതലും ഉപയോഗിച്ചത്. ഒരു വിള നെല്ലും, പിന്നെയുള്ളത് പച്ചക്കറിക്കും.  കിഴങ്ങു മുതൽ  എള്ള് കൃഷി വരെ നടത്തിയിരുന്നു.

ഓരോ പാടത്തിന്റെയും മൂലയിലായി കൈക്കോട്ട് കൊണ്ട് കോരിയെടുത്തു ചെറിയ താൽകാലിക  കുഞ്ഞുകുളങ്ങൾ  ഉണ്ടാക്കും.  അതിൽ തന്നെ ഇറങ്ങാൻ പാകത്തിൽ മൂന്നോ നാലോ സ്റ്റെപ്പുകൾ. അടുത്ത മഴക്കാലമാകുന്നതോടെ അത് സ്വയമേ മണ്ണ് നിറഞ്ഞു മൂടിപ്പോകും.   ചെറിയ ''തമ്പെ'' ഉണ്ടാകും. ഇതൊരു തരം വെള്ളം കോരിയാണ്. നല്ല ഒരു കൈപ്പിടി. ഒരു വള്ളിയിൽ തൂക്കിയിടും. അങ്ങേ  ഭാഗം അല്പം പരന്ന് വെള്ളം കോരാൻ പാകത്തിലാണ്. കൈപ്പിടിപിന്നോട്ട് വലിക്കുമ്പോൾ മറ്റേ ഭാഗം താഴും. വെള്ളം അങ്ങിനെ തന്നെ കോരിയെടുത്തു മറുകണ്ടം തള്ളും.

വലിയ പേരോർത്തിക്കാരുടെ  വീട്ടിൽ ഇന്നത്തെ മോട്ടോർ പാമ്പ് സെറ്റിന് പകരം   മറ്റൊരു സജ്ജീകരണമാണ് ജലസേചനത്തിനു ഉപയോഗിച്ചിരുന്നത്. അതിന്റെ പേര് എന്റെ നാക്കിൻ തുമ്പത്തുണ്ട്. ''തൊട്ടെ'' അങ്ങിനെയെന്തോ പേര്.  വലിയ മുള. അതിന്റെ ഒരറ്റത്തു നല്ല വലിപ്പമുള്ള ബാൾദി (ബക്കറ്റ്) ഉണ്ടാകും. മുള കിണറിന്റെ അറ്റം വരെ താഴാൻ പാകത്തിന് നീളമുണ്ടാകും. മുളയുടെ മറ്റേ അറ്റം വേറൊരു നീളമുള്ള ഒറ്റത്തടിയിൽ ഉറപ്പിക്കും. അതിന്റെ മധ്യഭാഗം കാപ്പിയുടെ ഫൺക്ഷൻ ഉണ്ടാകാൻ തടിച്ച ഒരു മരകുറ്റിക്കിടയിൽ ഘടിപ്പിക്കും. ഒറ്റത്തടിയുടെ അവസാന അറ്റത്തു നല്ല ഭാരമുള്ള കരിങ്കല്ലോ മറ്റോ ഉറപ്പിച്ചു കെട്ടും. തൊട്ടി താഴ്ത്തുമ്പോൾ ഒറ്റത്തടി മെല്ലെ ചെരിഞ്ഞു ലംബമായി വരും. പിന്നിൽ വെയിറ്റ് ഉള്ളത് കൊണ്ട് അങ്ങിനെ താഴുകയുമില്ല. ഇതിൽ വേറെന്തൊക്കെയോ ടെക്‌നിക്‌സ് ഉണ്ട്. വേനലോടടുത്താൽ   കൃഷിക്ക് കൂടുതലും ഇതാണ് ഉപയോഗിക്കുന്നത്.

എന്റെ ഒരു കൂട്ടുകാരൻ ഒരു മഗ്‌രിബിന്റെയും ഇഷായുടെയും ഇടയിൽ ഈ ''ക്രെയിനിൽ'' കുടുങ്ങി   വലിയ അനർത്ഥമാക്കിയിട്ടുണ്ട്. പുള്ളിക്കാരൻ നമ്മുടെ ഈ ഗ്രൂപ്പിൽ ഇല്ലാത്തത് കൂടുതൽ എഴുതുന്നില്ല. ബക്കറ്റിന്റെ കൊളുത്ത്  കവിൾ കുടുങ്ങിയത് കൊണ്ട് വലിയ പരിക്കില്ലാതെ പുള്ളിക്കാരൻ  രക്ഷപ്പെട്ടു. ഞാൻ ഉലക്കന്മേൽ കസർത്ത് കാണിച്ചത്  പോലെയോ മറ്റോ ചെയ്തതാകണം. അല്ലാതെ ''തൊട്ടെ'' ഇങ്ങോട്ട്  വന്നു തൊട്ടോട്ടെ തൊട്ടോട്ടെ എന്നും അവനെ വെറുതെ കവിളിൽ ഉമ്മ വെക്കില്ലല്ലോ.

വർഷകാലത്ത് മഴ നനയാതിരിക്കാൻ ''കൊര്മ്പേ'' എന്ന കുടയായിരുന്നു ഉപയോഗിക്കുക.  തെങ്ങോലയിൽ പണിത റൈൻ ഷെൽട്ടർ.  അതൊക്കെ കഴിഞ്ഞു പ്ലാസ്റ്റിക് ''കൊര്മ്പേ'' ഉപയോഗിക്കാൻ തുടങ്ങി.  നമ്മുടെ നാട്ടിൽ നല്ല പ്രൊഫഷണൽ കൊരമ്പെ മേക്കേഴ്‌സ് ഉണ്ടായിരുന്നു. പച്ചോല വാട്ടിയോ മറ്റോ ആണ് ഇത് നെയ്തെടുക്കുന്നത്.  ഞാറു നടുന്ന പെണ്ണുങ്ങൾ ഇതും തലയിലിട്ട്  അന്ന് നാട്ടിപ്പാട്ടുകൾ പാടുമായിരുന്നു.  എപ്പോഴും ഇവർ പാടില്ല.  പക്ഷെ അതിനൊക്കെ ചില പെണ്ണുങ്ങൾ മുൻകൈ എടുക്കണം. കൊല്ല്യ ഭാഗത്തും മധൂരിൽ നിന്നൊക്കെ വരുന്ന പെണ്ണുങ്ങൾ തുളുവിലുള്ള കൃഷിപ്പാട്ടുകളായിരുന്നു പാടുക.

അന്ന് പല സൗകൂ-കുൽസുമാർക്കും കണ്ടത്തിന്റെ അടുത്ത് കാവലിരിക്കുക എന്ന ഗൂർഖാ പണി ഉണ്ടായിരുന്നു.  അതിനെ നാടൻ മലയാളത്തിൽ പറഞ്ഞിരുന്നത് ''കാക്കനായ്ക്കാൻ പോന്നെ'' എന്നായിരുന്നു. തിരക്ക് കൂട്ടരുത്, എന്താണെന്ന് വിശദീകരിക്കാം. ചിലർ രാത്രിയും ഡ്യൂട്ടിയിൽ പ്രവേശിക്കും

അതായത് അന്ന് കൃഷിക്കാർക്ക് ഏറ്റവും വലിയ ഭീഷണി വെട്ടുകിളികളായിരുന്നു. പോരാത്തതിന് പ്രാവുകളും വന്നുകളയും.  വെട്ടുകിളികൾ രാത്രി താമസം എവിടെയെന്നറിയില്ല. വീടും കുടുംബമൊക്കെ മായിരിക്കും. കുന്നുംഭാഗത്തേയ്ക്ക് തിരക്ക് പിടിച്ചു പറക്കുന്നത് കാണാം. . പക്ഷെ പ്രാവുകളുടെ തറവാട് വീടുകൾ - നമ്മുടെ സ്‌കൂൾ,  പള്ളിമദ്രസ്സകളുമൊക്കെയാണ്.  അവരുടെ ചില ഏർപ്പാട് കണ്ടാൽ ഇവർ അവിടെ തന്നെ പഠിച്ചും താമസിച്ചും  കഴിയുന്നവർ എന്ന് തോന്നിപ്പോകും.  ഹോസ്റ്റലുകൾ സമാനമായിട്ടാണ്പ്രാവുകൾ ഈ കെട്ടിടങ്ങളുടെ മട്ടുപ്പാവുകൾ  കണ്ടിരുന്നത്. നമ്മളൊക്കെ ഒന്ന് ഒച്ചവെച്ചാൽ എന്തോ തീ പിടിച്ചു ഓടുന്നത് പോലെ ഇവന്മാർ മൊത്തം പറക്കും. എന്നിട്ട് അതെ സ്പീഡിൽ കാണാം പത്തു ഇഞ്ച് അകന്ന് വീണ്ടും  വന്നിരിക്കുന്നത്. ഇവർ ശബ്ദമുണ്ടാക്കാതെയാണ്.

അന്ന് ഞങ്ങൾ ബീരമ്മയുടെ കനിവിൽ ജാവോക്ക് മരച്ചുവട്ടിലും പറങ്കിമാവിൻ ചോട്ടിലുമായി ഇരുന്ന് കഴിക്കുന്ന ''സജ്ജിഗ'' പ്ലെറ്റിൽ മാടപ്രാവുകളുടെ അപ്പി വീഴാത്ത ഒരു ദിവസവും കടന്നു പോയിട്ടില്ല. കുറഞ്ഞത് ഒന്ന് -രണ്ടു പേരുടെ പ്ളേറ്റിൽ ഇവർ ബോംബിട്ടിരിക്കും.
 (ഒരു സൗകുവിന്റെ പ്‌ളേറ്റിൽ അപ്പി വീണുണ്ടായ അനിഷ്ട സംഭവങ്ങൾ  മുമ്പൊരിക്കൽ ഞാൻ വിശദമായി എഴുതിയിട്ടുണ്ട്). ആകാശ അപ്പി മഴ വർഷം പ്രതീക്ഷിച്ചു കൊണ്ട് ബീരമ്മ എല്ലാ ദിവസവും രണ്ടുമൂന്ന് പ്ളേറ്റ് എക്സ്ട്രാ സജ്ജിഗേ മുൻകൂറായി കരുതി വെക്കും. പ്രാക്കൾ തൂറാത്ത അപൂർവ ദിവസങ്ങളിൽ ആ റിസർവ്വ് ചെയ്ത വെച്ച സജ്ജീഗ തട്ടാൻ സൗകുമാർ കാണിക്കുന്ന ആക്രാന്തം കണ്ടാൽ ..... അടിപിടികൂടി പലപ്പോഴും നിലത്തേ സജ്ജിഗേ വീഴാറുള്ളൂ. പിന്നെ പ്ളേറ്റിൽ ഒട്ടിപ്പിടിച്ചത് ചുരണ്ടി തിന്നു
തൃപ്തിയടയും.

ഇവരുടെ , പ്രാവുകളുടെ, കുറുകൽ ഉണ്ട്. ബേജാറിന്റെ കരച്ചിൽ. വലിയ ഒച്ചയുണ്ടാകില്ല. മഞ്ഞ ബോർഡറിൽ  ചെമപ്പിച്ച കണ്ണുകൾ കറക്കി ഇങ്ങനെ കുലുങ്ങി കുലുങ്ങി കുറുകും.  കുറുകുമ്പോൾ അവരുടെ തൊണ്ടക്കകത്തു നിന്ന് ഒരു ഗോളാകൃതിയിലുള്ള വസ്തു  ഇങ്ങിനെ ഉരുണ്ടുരുണ്ട് ചലിക്കുന്നത് കാണാം. ചെറിയ സൂര്യപ്രകാശം ഇവരുടെ കഴുത്തിലുള്ള തൂവലിൽ തട്ടി  തിളക്കം ഉണ്ടാക്കും. ചില ലൂബ്രിക് ഓയിലൊക്കെ വെള്ളത്തിൽ ഇറ്റിറ്റു വീണാൽ ഉണ്ടാകുന്ന പലനിറത്തിലുള്ള തിളങ്ങുള്ള നിറമില്ലേ, അത് പോലെ ഒന്നാണ് ഇവന്മാരുടെ കഴുത്ത്.

നെല്ല്കൊയ്യാൻ പാകമാകുമ്പോൾ ഈ പറഞ്ഞ പ്രാവുകളും വെട്ടുകിളികളും   ചെറിയ ചെറിയ കൂട്ടമായി ഒന്ന് ആകാശത്തു വട്ടവിട്ടു പരിസരമൊക്കെ വീക്ഷിച്ചു പോകും. പിന്നെ ഒരു വൻ ജമാഅത്തായി  വരവാണ്, പടപാടാന്നും പറഞ്ഞു കണ്ടത്തിന്ന്  ഒത്തമധ്യത്തിലായി ഇരിക്കും. എല്ലാരും മാക്സിമം അടിച്ചു വീശും. പോകുമ്പോൾ രാത്രി വെറുതെ ഇരിക്കുമ്പോൾ കൊറിക്കാൻ വേണ്ടി  ഒരു കുല കതിര് കൊക്കിലും തൂക്കി  വീട്ടിലേക്ക് വിടും.  90 ദിവസം പണിയെടുത്തു ചത്ത് നരകിച്ച കൃഷിക്കാരന് അതോടെ വയറ്റത്തടി വീഴും.  ഇവരെ ഓടിക്കാൻ വേണ്ടിയാണ് സൗകൂ-കുൽസുമാർ ചെരട്ടയും കൊണ്ട് പാടത്തു പോയി ഏതെങ്കിലും വരമ്പിൽ ഇരിക്കുക.  ചിലർ എങ്ങിനെയെങ്കിലും കവണ (കബെ) വെച്ചെറിഞ്ഞു വീഴ്ത്തി ഒരു കാക്കയെ കൊല്ലും.    കാക്ക യുടെ ഡെഡ് ബോഡി ഈ പാടത്തു ഒരു കുന്തം നാട്ടി തൂക്കിയിടും. പരേതയായ കാക്ക തൂങ്ങുന്നത് കണ്ടാൽ ''ഈ ഗതി നിങ്ങൾക്കും ലഭിക്കു''മെന്നാണ് അത് മറ്റു പക്ഷികൾക്ക്  നൽകുന്ന സന്ദേശം.


നട്ടിക്കായിക്ക്  (പച്ചക്കറി കൃഷി)   രാത്രിയാണ് ശല്യം - പെരുച്ചാഴി മുതൽ കാട്ടു പന്നികൾ വരെ രാത്രി നല്ല വിരുന്നും കഴിച്ചായിരിക്കും നേരം വെളുക്കുന്നതിന് മുമ്പ് സ്ഥലം വിടുക. ഇവരെ വിരട്ടി  ഓടിക്കാൻ  ചില കൃഷിക്കാർ ചെയ്തിരുന്നത് ഒരു ഡബ്ബ (പണ്ട് ബോംബയിൽ നിന്ന് ബിസ്കറ്റ് കൊണ്ട് വന്നിരുന്ന ) കെട്ടിത്തൂക്കും അതിന്റെ അറ്റത്ത് കെട്ടിയ നീളമുള്ള വള്ളി പോകുന്നത് തൊട്ടടുത്ത വീട്ടിലെ കിളി വാതിലിലേക്കായിരിക്കും. ഇടക്കിടക്ക് വള്ളി വലിച്ചു ഒച്ചയുണ്ടാക്കും. ചില  വിശാലമായ സ്ഥലത്തു കൃഷി ചെയ്യുന്നവർ ഒരറ്റത്തു ഒരു ഓലക്കുടിൽ ഉണ്ടാക്കി ഡബ്ബയുടെ കൺട്രോൾ സ്റ്റേഷൻ ആക്കും.

അങ്ങിനെയുള്ള കുടിലിൽ  ഒരു സൗകുവിനെ ഡ്യൂട്ടി ഏൽപ്പിച്ചു പോലും അവന്റെ ഉപ്പ , ഡബ്ബ കൊട്ടാൻ, ഉറങ്ങരുതെന്ന് പ്രത്യേകം പറയുകയും ചെയ്തിട്ടു, ശർക്കര കൂലിയായി കൊടുത്തിട്ടാണ് ഉപ്പ വീട്ടിൽ പോയത്.  ഒരസമയത്ത്  അമിതമായി ഡബ്ബയുടെ ശബ്ദം ഇങ്ങിനെ കേട്ടു കൊണ്ടിരിക്കുകയാണ്. ഡബ്ബയുടെ ശബ്ദം ഇടക്കിടക്ക് കേൾക്കുമ്പോൾ മകന്റെ ആത്മാര്ഥതയിൽ ആ മാതാപിതാക്കൾ അഭിമാനം കൊണ്ട് പോലും.

''ചെക്കന്   ഞങ്ങളെ സാജൊ ബന്നിനെ ...എന്റെ അഞ്ചി  ആങ്ങളാറും ഇങ്ങന്നെ.... ഒന്ന് കാണ്ച്ചിറ്റ്   കൊടുത്തെങ്ക് മതി....ഊണുല്ലാ ..ഒർക്കൂല്ലാ....    '' ഡബ്ബയുടെ ശബ്ദം കേൾക്കുന്തോറും സൗകുവിന്റെ ആത്മാർഥത ഉപ്പാന്റെ കുടുംബത്തിൽ ടച് ചെയ്യാതെ ഉമ്മാന്റെ കുടുംബത്തിലേക്ക് കൊണ്ട് വരാൻ അവന്റെ ഉമ്മ സ്വന്തം കുടുംബ കഥകൾ പറഞ്ഞു ഭർത്താവിനെ സൈക്കളോജിക്കൽ അറ്റാക്ക് ചെയ്യാൻ തുടങ്ങി.  

ഒരു ദിവസം അമിതമായ ഡബ്ബ ശബ്ദം കേട്ട് അവന്റെ ഉപ്പ രാത്രി മൂന്ന് കണ്ടത്തിന്റെ ടോർച്ചുമായി ആ കുടിലിനെ ലക്ഷ്യമാക്കി നടന്നു. പുറത്തിറങ്ങുമ്പോൾ മഹതി അദ്ദേഹത്തിന് ചിമ്മിനി വെളിച്ചം  കൂടി കാണിച്ചു കൊടുത്തു.  അവിടെയെത്തിയ ആ പിതാശ്രീ സ്വപുത്രന്റെ ആത്മാർഥത കണ്ട്  ശരിക്കും  ഞെട്ടി !  സൗകൂ നല്ല ഒന്നൊന്നര  ഉറക്കമാണ്. ഡബ്ബ ശബ്ദം ഉച്ചത്തിൽ കേൾക്കുന്നുണ്ട്. അയാൾ അവന്റെ കാലിൽ മൂടിയ ചാക്ക് പൊക്കി നോക്കി.  ഡബ്ബയ്ക്ക് കെട്ടിയ വള്ളിയുടെ അറ്റം  സൗകൂ തന്റെ കാലിൽ കെട്ടിയിട്ടാണ് ഈ ''ഒദളെ'' ഒഴുക്കിയുള്ള ഉറക്കം.  ഇടക്കിടക്ക് കൊതുകിന്റെയും  കൂത്താടിയുടെയും  കടി ഏൽക്കുമ്പോൾ പുള്ളി കാലനക്കും. അത് വലിഞ്ഞു വലിഞ്ഞുണ്ടാകുന്നതാണ്  കുറുക്കനെയും കുറുനരിയെയും ഭീതിതാന്തരീക്ഷമുണ്ടാക്കി ഡബ്ബയിൽ നിന്ന് ഇടവിട്ടിടവിട്ട് നിർഗ്ഗളിക്കുന്ന ശബ്ദ വീചികൾ ! ഇതുകേട്ടാണ് ഒന്നിനെയും പേടിക്കാതെ  പാവം പെരുച്ചാഴികൾപോലും   പേടിച്ചോടുന്നത് ! അങ്കവും കാണാം താളിയുമൊടിക്കാം എന്ന് പറയാറില്ലേ, അതായിരുന്നു സൗകൂ സത്യത്തിൽ പരീക്ഷിച്ചു വിജയിച്ചത്. ( ഇതിലെ ശാസ്ത്രീയ വശം മനസ്സിലാക്കാതെ  അവന്റെ ഉപ്പ  പാവം സൗകുവിനെ പഞ്ഞിക്കിട്ടുവെന്നത് വേറെ കാര്യം)

Monday, October 3, 2016

xxxx/ xxxx


കുട്ടിക്കാലകുസൃതിക്കണ്ണുകൾ

ലക്കം - 42

മാവിലേയൻ

മുമ്പൊരിക്കൽ പതിനഞ്ചാം ലക്കത്തിൽ ഞാൻ നമ്മുടെ ഗാന്ധി ജയന്തിയെ കുറിച്ച് എഴുതിയിരുന്നല്ലോ. അന്നത്തെ ഏഴു ദിവസത്തെ ഒഴിവ് ദിനങ്ങളിലെ ഗാർഡനിങ് ആയിരുന്നു ആ അതിലെ വിഷയവും .

ഇന്നത്തെ ലക്കത്തിൽ, ഗാന്ധി ജയന്തി ദിവസങ്ങളിലെ  ഉച്ചയ്ക്ക് ശേഷമുള്ള വിശേഷങ്ങളാണ്. ഉച്ച ഭക്ഷണം (സജ്ജിഗേ ഭോജനം) കഴിഞ്ഞു എല്ലാ ഗാന്ധിജയന്തിക്കും നടന്നിരുന്ന ഏർപ്പാടാണ് ''നാട്ടകം''. അതിനെ അങ്ങിനെ തന്നെയായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. വിദ്യാഭ്യാസ വകുപ്പിൽ അതിന്    സാംസ്കാരിക പരിപാടി എന്നൊരു പേരുണ്ടായിരുന്നത് ഇപ്പോഴല്ലേ അറിയുന്നുള്ളൂ. .സ്‌കൂൾ കലണ്ടറിൽ ഇങ്ങനെ ഉണ്ടാകാനാണ് സാധ്യതയും.  ''രാവിലെ കുട്ടികളെ സേവനപ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുക, ഉച്ചയ്ക്ക് ശേഷം അവരുടെ സാംസ്കാരിക പരിപാടികൾ നടക്കട്ടെ. '' ഈ വിജ്ഞാപനം പടല സ്‌കൂളിൽ എത്തിയപ്പോൾ ഇങ്ങനെയായി മാറിയതാവും.  രാവിലെ പുള്ളന്മാർ പൂത്തൈ നടട്ടെ, സജ്ജിഗേ കഴിച്ച ശേഷം കുറച്ചെണ്ണം വീട്ടിൽ പോകട്ടെ, ബാക്കിയുള്ളവർ എന്തെങ്കിലും നാടകം എന്ന പേരിൽ കാട്ടികൂട്ടട്ടെ.

വീട്ടീന്ന് കൊണ്ട് വന്ന കൈക്കോട്ടും കത്തിയും സൈങ്കോലും കഴുകി വൃത്തിയാക്കി,  ഒരു വക്കുടഞ്ഞ  ഉടഞ്ഞ അലുമിനിയ പ്ളേറ്റിൽ കിട്ടിയ സജ്ജിഗേയും കഴിച്ചു എല്ലാവരും നാട്ടകം കാണാനും നാട്ടകം ആടാനും ജനൽ വഴി ''റ'' മോഡൽ കെട്ടിടത്തിലേക്ക് നൂഴ്ന്ന് കയറും.  ആരും തെക്കേ ഭാഗത്തുള്ള നേരെ ചൊവ്വേയുള്ള എൻട്രൻസ് വാതിലിൽ കൂടി ക്‌ളാസ് റൂമിൽ കയറില്ല.  അകത്തു കടക്കാൻ അവിടെ മൂന്ന് വാതിലുകൾ ഉണ്ട് താനും. പെൺകുട്ടികൾ അടക്കം ജനൽ ചാടിയാണ് നാടകം ആസ്വദിക്കാൻ ഹാളിൽ കയറുക. ശരിക്കും അതൊരു ക്‌ളാസ് മുറികളാണ്.  അന്ന് നമ്മുടെ സ്‌കൂളിന് പ്രത്യേകം ഓഡിറ്റോറിയമോ മറ്റു സൗകര്യങ്ങളോ ഒന്നുമില്ലല്ലോ.  ക്‌ളാസ് മുറികളായി മതിൽ കെട്ടി  പ്രത്യേക ബ്ലോക്കാക്കിയിരുന്നില്ല ഈ കെട്ടിടം. ഒരു നീല അല്ലെങ്കിൽ പച്ച കർട്ടൻ മരത്തിന്റെ ഫ്രയിമിൽ കെട്ടിയാണ് അന്ന് ക്‌ളാസ് തിരിച്ചിരുന്നത്. അത് യഥേഷ്ടം മാറ്റാനും സാധിക്കും.

അന്ന് ചില സ്ഥിരം നടന്മാരും ഗായകിമാരും ഉണ്ട്. ഗായികാ ഗായകന്മാരെ സഹിക്കാം. കാരണം അവർ പാട്ടുകൾ അവിടെ ഒന്ന് രണ്ടു മിനിറ്റിൽ അലറി തീർക്കും. നടന്മാരെയാണ് സഹിക്കാൻ പറ്റാത്തത്. ഒന്നാമത് അവർക്ക്  നടന്മാർക്ക് പ്രത്യേക റിയേഴ്‌സലോ  പരിശീലനമോ ഒന്നും ഇല്ല. എന്താണ് അവർ അവിടെ അഭിനയിച്ചു ഫലിപ്പിക്കുന്നത് എന്നറിയുന്നത് കാർട്ടണിന്റെ പിന്നിൽ എത്തുമ്പോൾ മാത്രമായിരിക്കും.  അവർക്ക് അപ്പോൾ എന്ത് വെളിപാട് വന്നോ അതാണ് അന്നത്തെ .നാടക പ്രമേയം.
സിനിമാഗാനം അന്ന് ഹറാമായിരുന്നു. ലളിത ഗാനം തന്നെ മദ്രസിലെ ഒരു ഉസ്താദ് പറഞ്ഞത് - ഞമ്മക്ക് ബേണ്ടാ എന്നാണ്. പിന്നെ ഉള്ളത് മാപ്പിള പാട്ട് മാത്രം. എന്ത് പറഞ്ഞാലും  സ്റ്റേജിൽ കയറും. പക്ഷെ പാടുന്നത് മാപ്പിളപ്പാട്ട് ആയിരിക്കും.  പക്ഷെ ഈ സിനിമാ ഗാനങ്ങൾ മൊത്തം അന്ന് പെട്ടിപ്പാട്ടും കോളാമ്പി പാട്ടും വഴി എല്ലാ കല്യാണത്തിന് ഉണ്ട് താനും. അത് ആർക്കും ഹറാമുമല്ല.  (അന്നത്തെ കല്യാണപ്പാട്ട് വിശേഷങ്ങളൊക്കെ പരമ്പരയായി എഴുതാനുണ്ട്. ഏതായാലും അതൊന്നിൽ ചുരുക്കി ഞാൻ ഉടനെ എഴുതാം )

ഗാന്ധി ജയന്തി ദിന സാംസ്കാരിക പരിപാടിയിൽ എന്തിനാണ് തങ്ങൾ പാടുന്നതെന്നോ ആർക്ക് വേണ്ടിയാണ് എന്നോ അന്ന് ഒരു നിശ്ചയം ഇല്ല.  ഒന്നാമത് ഒരു ഗൈഡൻസും ഇല്ല. ഉച്ചയ്ക്ക് മുമ്പ് തന്നെ അധ്യാപകർ സ്ഥലം വിടും. ചിലർ നാട്ടിലേക്ക്  ലീവെടുത്തു പോകും. പിന്നെ ബാക്കിയുള്ളത് ക്വർട്ടേഴ്സിൽ താമസമുള്ള രണ്ടോ മൂന്നോ അധ്യാപകർ. അവർക്ക് ഒന്ന് വൈകുന്നേരമായി കിട്ടിയാൽ മതി എന്ന തോന്നൽ സേവന വാരം തുടങ്ങുന്ന ആദ്യ ദിവസം തന്നെ തുടങ്ങും. .  കുട്ടികളുടെ പഠ്യേതര വിഷയങ്ങളിൽ എന്തെങ്കിലും ചെയ്യണമെന്നോ അവർക്ക് സപ്പോർട്ട് നൽകണമെന്നോ  അതിന്  ഒരു എഫേർട്ട് എടുക്കണമെന്നോ തോന്നിയ ഒരു ടീച്ചറും എന്റെ യു.പി. പഠനസമയത്ത് ഇല്ലായിരുന്നു.  പിന്നെ ഉണ്ടായിരുന്നത് മദ്രസ്സ പ്രധാനാധ്യാപകൻ അബൂബക്കർ മൗലവി മാത്രം.  എന്റെ ഉപ്പ പറയാറുള്ളത് പോലെ ഒരു  എം.ഇ.എസ് അനുഭാവിയായിരുന്ന അദ്ദേഹം മാത്രമാണ്  അന്നത്തെ കുട്ടികളുടെ സാംസ്കാരിക ഇടപെടലുകൾക്ക് എന്തെങ്കിലും തന്റേതായ  സംഭാവന  ചെയ്തിട്ടുണ്ട്. ഞങ്ങളൊക്കെ പത്തിൽ എത്തുമ്പോഴേയ്ക്കും അദ്ദേഹം സ്ഥലം വിടുകയും ചെയ്തു.

ഒരു ഗാന്ധി ജയന്തി വാരം. അന്ന് ഞാൻ ഏഴാം ക്‌ളാസ്സ്. മദ്രസ്സയിൽ സാഹിത്യ സമാജമുണ്ട്. ഞാനാണെങ്കിൽ മദ്രസ്സയിൽ ഒന്നാം ക്‌ളാസ്സിലെ ടീനേജുപോലും എത്താത്ത  അധ്യാപകനും. ആറാം ക്‌ളാസ്സ് പഠിച്ചു പിന്നെ മദ്രസ്സയിൽ വേറെ ഒരു പ്രത്യേക ഔദ്യോഗിക ക്‌ളാസ്സ് ഇല്ലാത്തത് കൊണ്ട് ചില കുട്ടികൾ പേരിനു ഏഴ് എന്നും പറഞ്ഞും വരും. അന്നാണെങ്കിൽ ഒന്നിൽ അദ്ധ്യാപകൻ ഇല്ലതാനും. അവർക്ക് അക്ഷരം പഠിപ്പിക്കാനാണ് ഞാൻ ആറോ ഏഴോ മാസകാലത്തേയ്ക്ക് പകരം ഒരു അദ്ധ്യാപകൻ വരുന്നത് വരെ  സദർ ഉസ്താദ് എന്നെ ഏൽപ്പിക്കുന്നത്.

അന്നത്തെ ഗാന്ധി ജയന്തി ദിനത്തിൽ സ്‌കൂളിൽ ജോൺ മാഷാണോ , ഫ്രാൻസിസ് സാറാണോ എന്നറിയില്ല, അവരുടെ ആവേശത്തിന്റെ പുറത്തു പ്രസംഗ മത്സരം വെച്ചു. പത്തു മിനിട്ടു മുമ്പ് വിഷയം തരും. അത് കേന്ദ്രീകരിച്ചു സംസാരിക്കണം. വിഷയം കിട്ടി. ഞാൻ ജനൽ ചാടി ഓടി. എന്റെ പിന്നാലെ പിന്നെ ഒന്ന് രണ്ടു സൗകുവും. നേരെ ഓടുന്നത് മദ്റസയിലേക്കാണ്. അബൂബക്കർ മൗലവിയാണ് ഞങ്ങൾക്ക് അന്ന് എൻസൈക്ലിയോ പീഡിയ. അദ്ദേഹം മദ്രസ്സാക്കകത്തു ഉണ്ട്. ഞാൻ വിഷയം പറഞ്ഞു. അദ്ദേഹം അത്യാവശ്യ കാര്യങ്ങൾ പറഞ്ഞു തന്നു. അതും കേട്ട് വീണ്ടും അതെ സ്പീഡിൽ തിരിച്ചു സ്‌കൂളിലേക്ക് വിട്ടു. അവിടെയാണെങ്കിൽ എന്റെ നമ്പറും വിളിച്ചു അധ്യാപകരും കുട്ടികളും  കാത്തിരിക്കുകയാണ്. അവരുടെ ഇടയിൽ കൂടി ഞാൻ സ്റ്റേജിൽ കയറി. വിഷയം ഗാന്ധിയായത് കൊണ്ട് കുറച്ചു സെന്റിയോടെ പ്രസംഗിച്ചു- ബേജാറിന്റെ പ്രസംഗം. (ആ സെന്റി പ്രസംഗ സ്റ്റൈൽ ഇപ്പോഴും ഓർമ്മയുണ്ട്).   ഇറങ്ങി വരുമ്പോൾ അതല്പം ഓവറായത് പോലെ അധ്യാപകരുടെ കമന്റ്സ് കേട്ടപ്പോൾ തോന്നി. ''നീ കരയിപ്പിച്ചല്ലോടാ ..'' എന്നോ മറ്റോ ഒരു സാറ് പറയുന്നു. അത് കേട്ട് ഒന്ന് രണ്ടു ലേഡി ടീച്ചർമാർ ചിരിക്കുന്നു. അന്ന് വിവരയും വിദ്യാഭ്യാവുമുള്ള  മാഷന്മാർ അങ്ങിനെയെങ്കിൽ നാട്ടിലെ രക്ഷിതാക്കൾ എങ്ങിനെയായിരിക്കും ?

ഞാൻ നേരത്തെ പറഞ്ഞ ഗാന്ധി ജയന്തി നാടകങ്ങൾ പലർക്കും ഓർമ്മയുണ്ടാകും. കട്ടിൽ പാകി നിരത്തും എന്നിട്ട് അതിന്റെ ഒത്ത മധ്യത്തിലായി ഒരു കർട്ടൻ സ്റ്റാൻഡ് വെച്ചു രണ്ടായി തിരിക്കും. പിന്നാലെ ജനലിൽ കൂടിയാണ് നടൻമാർ സ്റ്റേജിൽ എത്തുന്നത്. കർട്ടനിൽ ചെറിയ ചെറിയ ദ്വാരങ്ങൾ ഉണ്ട്. അതിൽ കൂടിയാണ് നടൻമാർ പ്രേക്ഷരുടെ ആകാംക്ഷ പരിശോധിക്കുന്നത്. കാർട്ടണിന് അത്രവലിയ കാട്ടിയില്ലാത്തത് കൊണ്ട് ഏറ്റവും മുന്നിൽ ഇരിക്കുന്ന കുട്ടികൾക്കൊക്കെ അതിന്റെ പിന്നിൽ നിൽക്കുന്നത് ആരാന്നോക്കെ ഏകദേശ ധാരണയുണ്ടാകും.  ഇവർ കൂട്ടം കൂടി നിന്ന് അവിടെ ഒരു ചർച്ചയാണ്. അതിനിടയിൽ ഷർട്ട് മാറി മാറിയിടുന്നത് കാണാം.  എ . സൗകൂന്റെ കുപ്പായം സി. സൗകൂ ഇടുക. അങ്ങിനെ ഇട്ടില്ലെങ്കിൽ പ്രേക്ഷരായ ഞങ്ങൾ തെറ്റിദ്ധരിക്കും പോലും, ഹെയ് ഇത് നാടകമല്ല എന്ന്. കുപ്പായത്തിന്റെ ബട്ടൻസും നേരെ ചൊവ്വേ ചിലർ ഇടില്ല, മാറി മാറി ഇട്ടു കളയും.  ഒരു തട്ടാൻ പറ്റിച്ച കഥ, ഒരു ഡോക്ടർ പാമ്പ് കടിയേറ്റ  രോഗിയെ പരിശോധിച്ചു പുള്ളി ചത്തു എന്ന് വിധിക്കുന്ന കഥ. ഇമ്മാതിരി രണ്ടോ മൂന്നോ സംഭവങ്ങളാണ് നാടകം.  അതിന് പ്രത്യേക തയ്യാറെടുപ്പൊന്നും ഇല്ല.  കർട്ടണിന്റെ പിന്നിൽ നിന്ന് ആദ്യം സ്റ്റേജിൽ പ്രത്യക്ഷപ്പെടേണ്ട ആളെ കുറിച്ച് ഭയങ്കര വാഗ്വാദം നടക്കുന്നുണ്ടാകും. ഉന്തലും തള്ളലും.  സജ്ജിക അടുക്കളയിലെ അടുപ്പിൽ നിന്ന് ഊരിയെടുത്ത ജാവോക്ക് കരിക്കട്ട ചിലർ നടൻമാർ സ്റ്റേജിന്റെ പിന്നാമ്പുറത്ത് നിന്ന് പൊടിക്കുന്ന ശബ്ദം വളരെ കേൾക്കാം. പിന്നെ ചില വിരുതൻമാർ വീട്ടീന്ന് ഉമ്മയും അമ്മായിയും അറിയാതെ പൊക്കിക്കൊണ്ട് വന്ന പോണ്ട്സ്, കുട്ടിക്കുറ പൗഡർ, അതില്ലാത്തവൻ കുന്നിൽ നിന്ന് വരുമ്പോൾ കൊണ്ട് വന്ന വെളുത്ത ചേടിമണ്ണ്, സ്റ്റാഫ് റൂമിൽ നിന്ന് പൊക്കിയ ചെമന്ന മഷി ..ഇവയിലേതെങ്കിലും ഒന്ന് കിട്ടുന്ന മുറക്ക് മുഖത്തോ പിരടിയിലോ തേച്ചു അവിടെ നിൽക്കും.  ഒരുത്തൻ ഉന്തലും തള്ളലുമൊക്കെയായി സ്റ്റേജിൽ എത്തുന്നതോടെ നാടകം തുടങ്ങുകയായി.

''എന്നിൻെറാ ....ഈടെ ഒരീ ദാഡ്ട്ട്റൂല്ലേ ... '' ഉഗ്രൻ വിഷപ്പാമ്പ് കടിച്ച ഒരുത്തൻ വന്നു പറയുന്ന ഡയലോഗാണ്. ഫുൾ ബോധത്തിൽ, മുഖത്തു കരിവാരി തേച്ചു സ്റ്റേജിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കും.  ''തൂയി....ബെക്കണാല്ലോ ... സെട്ടി  എഡ് ത്തോ , പട്ട്റ് എഡ്ത്തോ ? " ഇവരുദ്ദേശിച്ചത് മധൂരിലെ നമ്മുടെ സുപരിചതനായ ഡോക്ടറെയും പിന്നെ  കാസർകോടുള്ള ക്യാപ്റ്റൻ ഡോ. ഷെട്ടിയെയുമാണ്.  അതിനിടയിൽ ഒരു ഒരാൾ ഒരു ബാഗുമായി വരും, ഒരു പഴയ കോട്ടുമിട്ട്. രോഗി കിടന്നാൽ പരിശോധന തുടങ്ങും. വിഷം കയറി രോഗി മരിച്ചതായി പ്രഖ്യാപിക്കും.  പിന്നെ നടന്മാരുടെ ഒന്നൊന്നര വരവാണ്. അവസാനം അടിയിൽ അവസാനിക്കും. അടിക്കുമ്പോൾ ചിലർ അഭിനയം എന്നൊന്നും ഓർക്കില്ല. കാര്യത്തിന്റെ അടിയാണ്.   അതിന്ഡോ അവർക്ക്  റിഹേഴ്സൽ ഒന്നുമില്ലല്ലോ. ഡോക്ടർ ശരിക്ക് ചികിൽസിച്ചില്ല എന്നാണ് വന്നവർ പറയുന്നത്.   പിന്നെ ഡെഡ് ബോഡി എടുത്തോണ്ട് പോകുമ്പോൾ ലാഇലാഹ്‌ എന്നും പറഞ്ഞു കാർട്ടണിന്റെ പിന്നിലേക്ക് കൊണ്ട് പോകും. കഴിഞ്ഞു ആ നാടകം.

അടുത്തത് തട്ടാൻ നാടകം.  ഒരു തട്ടാൻ  ചട്ടിയിൽ പപ്പായയുടെ കുഴൽ പിടിച്ചു ഊതുന്നുണ്ടാകും. അതായത് അയാൾ പൊന്നുരുക്കുകയായണ് ആ സ്പോട്ടിൽ. ഒരുത്തൻ  ഒരു കഷ്ണം അലുമിനിയം കൊണ്ട് വന്നു പൊന്നാണോ മിന്നാണോ തങ്കമാണോ എന്നൊക്കെ അറിയണം. ഇതും അവസാനം ഒരു അടിയിൽ കലാശിക്കും. അവിടെ നടക്കുന്ന ഡയലോഗ് തനി പ്രാദേശിക മലയാളം.

ഒരു പ്രാവശ്യം നാടകം അരങ്ങേറുകയാണ്. ഗാന്ധി ജയന്തി ദിനത്തിൽ പുല്ലരിയാൻ വിധിക്കപ്പെട്ട ഒരു സൗകൂ സ്റ്റേജിൽ വലിഞ്ഞു കയറിയിട്ടുണ്ട്. പുല്ലിന്റെ വട്ടി കർട്ടൻ പിന്നിലുള്ള ജനാലയിൽ തന്നെയാണ് വെച്ചിട്ടുള്ളത്. തൊട്ടടുത്തുള്ള വീടുകളിൽ നിന്നുള്ള അഞ്ചാറ് രക്ഷിതാക്കൾ നാടകം ആസ്വദിക്കാൻ എത്തിയിട്ടുണ്ട്. സ്റ്റേജിൽ നമ്മുടെ സൗകൂ വന്നതോടെ പ്രേക്ഷനായ ഒരു രക്ഷിതാവ് തൊട്ടടുത്ത ആളോട് പറഞ്ഞു - അത് നിങ്ങളെ സൗകൂ അല്ലേ മുഖത്തേക്ക് മൊത്തം കരി തേച്ചു സ്റ്റേജിൽ. അല്ലെങ്കിൽ സൗകൂന്റെ ഉപ്പ. അവൻ പുല്ലരിയാൻ പോയിട്ടുണ്ടെന്നും ഇങ്ങിനെയുള്ള ഏർപ്പാടിനൊന്നും ഉണ്ടാകില്ലെന്നും പറയലും , സൗകൂവിന്റെ ശബ്ദം സ്റ്റേജിൽ -   ''തട്ടാനാ സറാപ്പനാ പൊന്നിന്റെ പൈസ തന്നോൾണ്ണം.... ഇല്ലാൻക് തച്ചിറ്റ് കാൽ പൊളിക്കും...'''

അതോടെ ഒരു അലർച്ച. അതുണ്ടാക്കിയത്സ്റ്റേ ജിലുള്ള പാവം ഗോൾഡ് സ്മിത്തല്ല. പ്രേക്ഷകരുടെ ഭാഗത്തുള്ള ഒരു പ്രായമുള്ള മനുഷ്യനാണ്.  ''നിന്നെ പുല്ലരിയാന് അയച്ചിറ്റ്, ഈടെ ബന്നിറ്റ് ഏസം കെട്ട്ന്നെയാ...."
അയാൾ സ്റ്റേജിൽ കയറിക്കഴിഞ്ഞു.  സദസ്സ് നിശബ്ദം.  സ്റ്റേജ് നിശബ്ദം. സൗകൂ ശരം വിട്ടത് പോലെ ജനലിൽ കൂടി ചാടി.  പിന്നെ ഞങ്ങൾ പുറത്തു ഓടി നോക്കുമ്പോൾ കണ്ടത്, സൗകൂ ഒരു വട്ടിയും പൊക്കി പുല്ല് മുളക്കാത്ത മരണ ഓട്ടമാണ്. പിന്നാലെ  ജനൽ ചാടി ഓടിയ സൗകൂന്റെ ഉപ്പ ഒരു ചിള്ളക്കോല് (വടി ) പിടിച്ചു അടുത്ത ഡയലോഗ് - ''നീ പാഞ്ഞി അല്ലേറാ , നീ ഔത്തേക്ക് ബാ ... നിന്നെ കിട്ടൂ ....ബായീട്ട്, നിനക്ക് ബെച്ചിറ്റ്ണ്ട്, ഇന്ന് ഒരു മുക്ക്ള് തണ്ണി ഔത്ത്ന്ന് കുടിക്കുന്നെ എൻക്ക്  കാണണോല്ലോ ...''

അന്നത്തെ ഗാന്ധി ജയന്തി  സാംസ്കാരിക പരിപാടിയുടെ തിരശീല വീഴൽ ചടങ്ങ് കൂടിയായിരുന്നു അത്. 

ഭാഷകൾ

ഭാഷകൾ വിഴുങ്ങിയ എന്ന പ്രയോഗം കൂടുതൽ ചർച്ചകൾ ഉണ്ടാകേണ്ട ഒന്നാണ്.
ഭാഷയുടെ നീരാളി പിടുത്തമൊക്കെ  വിട്ടു, ഭാഷ നമ്മെ വിഴുങ്ങാൻ തുടങ്ങി എന്നത് നിസ്സാരമായ വിഷയമല്ല.

നമ്മുടെ മലയാളക്കരയിൽ അങ്ങിനെയൊന്നില്ലെങ്കിലും തൊട്ടയൽ സംസ്ഥാനങ്ങളിലും ലോകത്തിന്റെ പലഭാഗങ്ങളിലും ഭാഷ സംവേദനോപാദി എന്നതിനേക്കാളേറെ മറ്റു പലതിന്റെയും ഭാഗമായി ഭാഷ ഉപയോഗിക്കപ്പെടുന്നുണ്ട്.  തമിഴും മറാഠിയും കന്നഡയും ഉറുദുവും ഹിന്ദിയും ഗുജറാത്തിയും സംസാരിക്കുന്നവനേ ആദരിക്കപ്പെടുകയുള്ളൂ എന്ന് ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ഇന്നും നിലവിലുള്ള അഹിതകരമായ വസ്തുതയല്ലേ ?  ഭാഷ മലയാളമായത്  കൊണ്ട് മാത്രം അതിലെ വരികൾക്കു   ചെവികൊടുക്കാൻ കൂട്ടാക്കാത്തവർ പതിനാറാം നൂറ്റാണ്ടിൽ തന്നെയുണ്ടായിരുന്നല്ലോ.

ഇന്ന ഭാഷ സംസാരിക്കുന്നവനേ  ഒഴുകുന്ന വെള്ളത്തിന്നവകാശമുള്ളുവെന്ന് ശഠിക്കുന്നതും ദാഹിച്ചവൻ അതിർത്തി കടന്ന് അവനവൻ സംസാരിക്കുന്ന പ്രദേശത്തെ  കിണറിൽ തൊട്ടിയിറക്കണമെന്നും പറയുന്നോളമെത്തി നിൽക്കാൻ മാത്രം ഭാഷയെ നാം (മലയാളി അല്ലെങ്കിലും ) ദുരുപയോഗം ചെയ്യുന്നു.   ഉറുദു ഭാഷ സംസാരിച്ചാലേ യഥാർത്ഥ വിശ്വാസിയാകൂ എന്ന്  കരുതുന്ന ചില വടക്കേ ഇന്ത്യൻ പോയത്തക്കാർ  ഇന്നുമില്ലേ ? പച്ചമലയാളം പറയുന്നത്   മാർക്കം ചെയ്തവർക്ക് ചേർന്നതല്ലെന്ന് പണ്ടൊരുകാലത്ത് മലയാളക്കരയിലും തെറ്റുധാരണ ഉണ്ടായിരുന്നു. അത് കൊണ്ട് കഴിയുന്നത്ര വക്രീകരിച്ചും വികൃതമാക്കിയും   മലയാളം ഉപയോഗിക്കുവാൻ  അന്നുള്ളവർ ശ്രദ്ധിച്ചിരുന്നു പോൽ ! ചില ഭാഷകൾ താണജാതിയിൽ പെട്ടവർക്ക്  കേൾക്കാൻ പോലും അവകാശം നൽകിയിരുന്നില്ല. ഈയം അന്നൊക്കെ അങ്ങിനെ ചില ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. ഈ കുറിപ്പിന്റെ ദൈർഘ്യം ഭയന്ന് അങ്ങോട്ടൊന്നും പോകുന്നില്ല.


കൂട്ടത്തിൽ പറയട്ടെ, ഭാഷാ പിറവി സംബന്ധ ചരിത്രത്തിലും ഘട്ടം ഘട്ടമുള്ള ഭാഷകളുടെ വികാസത്തിലും   താല്പര്യമുള്ള വിദ്യാർത്ഥികൾ വളരെ ഉത്സാഹത്തോടെ പഠിക്കേണ്ട തിയറികളാണ് bow -wow , Pooh -pooh , ding-dong  തുടങ്ങിയ തിയറികൾ.

ഇനി കവിത  - സാനിന്റെ ഈ കവിത ധൃതി പിടിച്ചു എഴുതിയത് പോലെ  എനിക്ക് തോന്നി, അതദ്ദേഹം നിഷേധിക്കുമെങ്കിലും. അത് കൊണ്ട് ചിലതൊക്കെ സ്വയം വിട്ടതാണോ വായനക്കാർക്ക് വിട്ടതാണോ എന്നറിയില്ല.  വിശദമായ ഒരു പരിശോധന സാപ്, സാകിർ, മധൂർ ശരീഫ് ഇവർ പറയുമെന്ന് കരുതുന്നു (വാമൊഴിയിലോ വരമൊഴിയിലോ ). ആസ്വാദനം പറയാനും എഴുതാനും പിന്നെ വിലയിരുത്താനും അവരൊക്കെയാണ് എന്നെക്കാൾ എത്രയോ യോഗ്യർ.  മറ്റുള്ളവരും ഇടപെടുമെന്ന് പ്രതീക്ഷിക്കാം. 

Saturday, October 1, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ/ മാവിലേയൻ

കുട്ടിക്കാലകുസൃതിക്കണ്ണുകൾ 

മാവിലേയൻ 

ഞാൻ ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോഴാണ് അടിയന്തിരാവസ്ഥ -1975 ൽ. വീട്ടിൽ യഥേഷ്ടം തോന്നുമ്പോൾ ഉറങ്ങുകയും  ഉറങ്ങുകയും തിന്നുകയും കുടിക്കുകയും കളിക്കുകയും ചെയ്തു കൊണ്ടിരുന്ന എന്നെ സ്‌കൂളിൽ ചേർത്തത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം അതിലും വലിയ അടിയന്തിരാവസ്ഥ ആയിരുന്നത് കൊണ്ടോ എന്തോ എമർജൻസി എന്നെ കുഞ്ഞുമനസ്സിൽ ആ പ്രായത്തിൽ കത്തിയില്ല.    രണ്ടാം ക്‌ളാസ് തീരുമ്പോഴത്തേയ്‌ക്കും അടിയന്തിരാവസ്ഥ കാലം  കഴിയുകയും ചെയ്തു. ചിലതൊക്കെ പറഞ്ഞു കേട്ടത് ഓർമ്മയിൽ മിന്നിമിന്നി വരുന്നുണ്ട്.  അരിയും മണ്ണെണ്ണയും കിട്ടാൻ പ്രയാസമാണ്  എന്നൊക്കെ പറയുന്നത് കേട്ട ഓർമ്മയുണ്ട്. കശുവണ്ടി കാലമായാൽ ഉപ്പാന്റെ കടയൊക്കെ ഉദ്യോഗസ്ഥർ സേർച്ച് ചെയ്യാൻ വരുമായിരുന്നു പോൽ. തലനാരിഴയ്ക്ക് ഉദ്യോഗസ്ഥരുടെ കയ്യിൽ മൊതൽ കിട്ടാതെ രക്ഷപ്പെട്ടതൊക്കെ ഉപ്പ പറയുന്നത് പോലെ ഓർമ്മയുണ്ട്.

ചിലരെയോക്കെ അന്ന് അറസ്റ്റ് ചെയ്ത കൂട്ടത്തിൽ നമ്മുടെ നാട്ടിലെ ഒന്നോ രണ്ടോ പേരെ അറസ്റ്റു ചെയ്തതൊക്കെ ഉമ്മുകുല്സുമാർ  സംസാരിച്ചിരുന്നത് ഓർമ്മയുണ്ട്.  അവർ അതിനു പോലീസ് ''പുട്ച്ചോണ്ടോയി'' എന്നാണ് പറയുക.  ചിലർ  ''അറെഷ്ട്ടാക്കീനെല്ലോ''  എന്ന് ഒരുപദ്രവും ചെയ്യാത്ത  ''ഷ''നെ കൊണ്ട് വന്നു ഫിറ്റ് ചെയ്ത് പറഞ്ഞുകളയും.  ആ കാലങ്ങളിൽ ഞങ്ങൾ പോലീസിനെ കണ്ടാൽ പുല്ലുമുളക്കാത്ത രൂപത്തിൽ ഓടും. എന്ത് വകുപ്പിലാണ് നിരപരാധികളായ ''കുഞ്ഞുപൂമ്പാറ്റകൾ''  ഓടുന്നത് എന്ന് ഒരു തിട്ടവുമില്ല. പ്രായമുള്ളവർ കുറച്ചു നീളത്തിൽ കാലു വലിച്ചു  നടന്നുകളയും.  അന്നൊക്കെ ട്രൗസറും കൂമ്പൻ തൊപ്പിയുമിട്ട് കുഞ്ഞമച്ചാന്റെ ഹോട്ടലിൽ പള്ളിക്കഭിമുഖമായി ഇട്ടിരിക്കുന്ന കട്ടിലിലാണ് ഇരിക്കുക. എന്റെ വീട്ടിന്റെ ഭാഗത്തു നിന്ന് വന്ന കുട്ടികളിൽ ചിലർ മതിലിനോട് ചേർന്ന തിട്ടയിൽ കൂടി കയറി മെല്ലെ മെല്ലെ നടന്നു വലിഞ്ഞു പോലീസ് ഏമാന്മാരെ വലിഞ്ഞു നോക്കി, വെറുതെ ഓടും. 

അതേ വർഷo, 1977-ൽ,  ഞങ്ങൾക്ക് ഒരു ഹെഡ്‌മാഷുണ്ടായിരുന്നു ഹെബ്ബാർ മാഷ്. വെളുത്തു മെല്ലിച്ച മനുഷ്യൻ. പടല  സ്‌കൂളിലെ  ഒരു അദ്ധ്യാപകൻ എന്നെ അടിച്ചതായി ഓർമ്മയുണ്ടെങ്കിൽ അത് ഈ പറഞ്ഞ  ഹെബ്ബാരൻ മാഷ് മാത്രമായിരിക്കും. 

അതിന്റെ കാരണമിതാണ്. ക്‌ളാസ്സ് അദ്ധ്യാപകൻ ചോക്കോ മാപ്പോ മറ്റോ  ഓഫിസ് റൂമിന്ന് കൊണ്ട് വരാൻ അയക്കുന്നത് എന്നെയാണ്. ഞാൻ നേരെ പോകുമ്പോൾ ഹെബ്ബാർ മാഷ് ഉണ്ടാകും മുന്നിൽ.  അയാൾ എന്തിനാണ് വന്നെന്ന് ചോദിക്കുമ്പോൾ തന്നെ ഞാൻ എന്റെ കൈ മുഖത്ത് പൊത്തി സ്വരക്ഷ തീർത്താണ് സംസാരിക്കുക. (അതെന്തിനാണെന്നു ഇവിടെ എഴുതുന്നില്ല). ഇത് ഈ സാറിന് ഇഷ്ടപ്പെടില്ല. ''കൈമാറ്റടാ..'' എന്ന് പറഞ്ഞു ആരോടൊക്കെയുള്ള ദേഷ്യം ഇയാൾ അതിരാവിലെ എന്നോട് തീർക്കും. ഞാൻ ചോക്കുമായി ക്ലാസ്സിലേക്ക് തിരിച്ചു വരുന്നത്, എന്റേതല്ലാത്ത കാരണം കൊണ്ട്, ഹെഡ്മാഷിന്റെ കയ്യിന്ന് അടിയും വാങ്ങിയിട്ടാണ്.

അദ്ദേഹം എന്നോട് വളരെ സൗമ്യമായി സംസാരിച്ച ഒരു ദിവസം ഓർമ്മ വരുന്നു. 1977-ൽ തന്നെ. മഴയായൊക്കെ മാറിമാറി വരുന്നുണ്ട്.  രണ്ടാം ക്‌ളാസിൽ അറബി മാഷ് ഞങ്ങൾക്ക് മൃഗങ്ങളെയും പക്ഷികളെയും കുറിച്ച് പറഞ്ഞു തരികയാണ്. അദ്ദേഹത്തിന്റെ കയ്യിൽ ഒരു പാട് വർണ്ണചിത്രങ്ങൾ ഉണ്ട്. ഓരോന്നും അറബിപാഠപുസ്തകത്തിലുള്ള  മൃഗങ്ങളുടെയും  പക്ഷികളുടെയും ചിത്രങ്ങളാണ്. തലേ ദിവസം ഞങ്ങളോട് അറബിമാഷ്  പറയുകയും ചെയ്തിട്ടുണ്ട്, നാളെ ഫോട്ടോകൾ കാണിച്ചു തരാമെന്ന്.  

ഒന്നാം പീരിയഡോ രണ്ടാം പീരിയഡോ എന്നറിയില്ല.  ഉപ്പ എന്റെ ക്ലാസ്സിന്റെ വാതിലിനടുത്ത് വന്നു. കൂടെ നാലാം ക്‌ളാസിൽ പഠിക്കുന്ന മൂത്ത പെങ്ങളും ബാഗുമായി പുറത്തുണ്ട്. ഉപ്പ എന്തൊക്കെയോ മാഷോട് പുറത്തേക്ക് വിളിച്ചു സംസാരിക്കുന്നു. സ്‌കൂൾആയ ബീരമ്മ വന്നു അറബി മാഷോട് അവരുടെ കൂടെ  അങ്ങോട്ട്  അയക്കാൻ പറഞ്ഞു-   മാഷ് എന്നോട് ബാഗും പുസ്തകവുമായി ഓഫീസ് റൂമിലേക്ക്  പോകാനും പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല. 

ഞങ്ങൾ രണ്ടു പേരും ഓഫീസ് മുറിയുടെ ഭാഗത്തു കൂടി പോകുകയാണ്. അവിടെ ഉപ്പയില്ല.  എന്നെ ഹെബ്ബാർ മാഷ് അകത്തേക്ക് വിളിച്ചു. ഞാൻ കരുതി  - ഇന്നും അടി ഉറപ്പ് (അടി തരാൻ വേറെ കാരണമൊന്നുമില്ലല്ലോ ). ഓഫീസിനകത്തു ഒതുങ്ങിക്കൂടി എന്റെ മൂത്തപെങ്ങൾ നിൽപ്പുണ്ട്.  ഹെബ്ബാർ മാഷ് എന്റെ പുറത്തു തട്ടി. എന്നിട്ട് പെങ്ങളുടെ കൂടെ ശ്രദ്ധിച്ചു വീട്ടിൽ പോകാൻ പറഞ്ഞു. എന്തോ ഒരു സമാശ്വസിപ്പിക്കലിന്റെ സ്പർശം. എനിക്ക് ഒന്നും മനസ്സിലായില്ല. പെങ്ങൾ ഒന്നും പറയുന്നുമില്ല. ഞങ്ങൾ , ആങ്ങളയും പെങ്ങളും, ഒന്നും മിണ്ടാതെ വീട്ടിലേക്ക്  നടന്നു.

വീട്ടിലെത്തിയപ്പോൾ ഉമ്മ ബുർഖ ധരിച്ചു നിൽപ്പുണ്ട്. എങ്ങോട്ടോ  പോകാനുള്ള തയ്യാറെടുപ്പിലാണ്. ഞങ്ങൾക്ക് ധരിക്കാൻ  ഡ്രസ്സും തന്ന് ഉമ്മ സ്പീഡിൽ ഇറങ്ങി നടന്നു. ഉമ്മാന്റെ കൂടെ എന്റെ ഇളയ രണ്ടു പെങ്ങമാരുമുണ്ട്.  സാധാരണ എരിയാ (ഉമ്മാന്റെ നാട്) പോകുമ്പോൾ കാണാറുള്ള സന്തോഷമൊന്നും  ഉമ്മയുടെ മുഖത്തില്ല. പുതിയ ഡ്രസ്സൊന്നുമല്ല ആരും  ധരിച്ചിട്ടുള്ളതും.  ഉമ്മാന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ .  ഒന്നും പറയുന്നില്ല.   പെട്ടെന്ന് ഡ്രസ്സിട്ടു ഓടി  വരാൻ ഉമ്മ ഞങ്ങളോട്  പറഞ്ഞു നടന്നകന്നു.

അന്ന് ഞങ്ങളുടെ വീട് പുല്ല് മേഞ്ഞതാണ്. ഉമ്മമ (ഉപ്പയുടെ മാതാവ്) കിഴക്കേ ഭാഗത്തുള്ള  ഉമ്മറത്ത് കാലു നീട്ടി  ഇരിപ്പുറപ്പുണ്ട്. (അന്ന്  ഉമ്മമ്മാക്ക്  നടക്കാൻ പറ്റില്ല ).   ഞങ്ങളെ അടുത്തു വിളിച്ചു പെട്ടെന്ന്   ഡ്രസ്സിടാൻ പറഞ്ഞു. എന്നിട്ടു അവർ ഞങ്ങളോടായി പറഞ്ഞു  ''എരിയാലെ ഉപ്പപ്പാക്ക് അധികം സുഖമില്ല. നീയും ദൗറാഉം (സുഹ്‌റ ) ഉമ്മന്റൊക്കെ പോയെന്റെര്ത്ത് ബീയം പോ...ആടെ ഉപ്പ കാറും കൊണ്ട് ബെരും   '' 

അന്ന് മഴക്കാലത്തു  റോഡ് താറുമാറായത്  കൊണ്ടോ അതല്ല പുതിയ ഡ്രൈവർമാർ ആ പാലത്തിൽ അംബാസഡർ വണ്ടി കൊണ്ട് വരാൻ ധൈര്യമില്ലാത്തത് കൊണ്ടോ എന്നറിയില്ല അന്ന് കാർ  പുഴയ്ക്ക് അക്കരെ മാത്രമേ വരാറുള്ളൂ.  ഞങ്ങൾ ഓടിക്കിതച്ചു ഉമ്മയുടെ കൂടെക്കൂടി, പകുതിക്ക് എത്തുമ്പോൾ തന്നെ ഉപ്പയും നടന്നു വരുന്നു.  ഞാൻ കാർ കണ്ട സന്തോഷത്തിൽ  തുള്ളിച്ചാടിയതിനു ഉപ്പ എന്നെ ശാസിക്കുകയും ചെയ്തു - ഉപ്പപ്പാക്ക് സുഖമില്ല, കളിക്കരുതെന്നോ മറ്റോ പറഞ്ഞു. പോകുമ്പോൾ വണ്ടിയിൽ വെച്ച് ഉപ്പ ഉമ്മയോട്പറയുന്നുണ്ട് - അവിടെ എത്തി കരയാനും ബഹളമുണ്ടാക്കാനൊന്നും നിക്കരുത്,  അസുഖം കുറച്ചു സീരിയസ്സാണ് എന്നൊക്കെ.(  ഒരു ദുഃഖ വാർത്ത കേൾക്കാനും കാണാനുമുള്ള ഗ്രൗണ്ട് ഒരുക്കുകയായിരുന്നുവെന്നു അന്നൊന്നും ഞങ്ങൾക്ക് അറിയില്ലല്ലോ ). കാക്കഉമ്മാന്റെ (ഉമ്മാന്റെ ഉമ്മ) വീട്ടിലെത്തിയപ്പോൾ കണ്ട ആൾക്കൂട്ടം ഒരു മരണ വാർത്ത ഞങ്ങളെ ദൂരെ നിന്ന് അറിയിക്കുകയായിരുന്നു.  ഒരു വർഷം കഴിഞ്ഞു 1978ൽ ഉമ്മമ്മാഉം   പടച്ചവന്റെ വിളിക്ക് ഉത്തരം നൽകി അകലങ്ങളിലേക്ക് പോയ്മറഞ്ഞു.  1978 ൽ  എന്റെ അനിയൻ ഒരു മാസം തികയാത്ത പാളക്കുഞ്ഞായിരുന്നു.

(അന്നൊക്കെ എല്ലാ വീട്ടിലും നല്ല സ്പോഞ്ചു പോലെ പതം വന്ന കമുകിൻ പാളകൾ നല്ല വൃത്തിയിൽ മുറിച്ചു ഒരു കുഞ്ഞു തൊട്ടിൽ ഉണ്ടാകും. ഉണങ്ങിയ തുണികൊണ്ട് നല്ല വൃത്തിയിൽ ശ്രദ്ധയോടെ അത് തുടച്ചു വെക്കും.   ഇതിലാണ് പ്രസവാനന്തരമുള്ള കുറച്ചു ദിവസങ്ങളിൽ  കുഞ്ഞു മക്കളുടെ ശയ്യ. എന്തോ സുഖവും സുരക്ഷയും അതിൽ കിടത്തിയാൽ കുട്ടികൾക്ക് കിട്ടിയിരിക്കണം. ഇല്ലെങ്കിൽ അന്നത് ഉപയോഗിക്കില്ലല്ലോ. ന്യൂബോൺ കുഞ്ഞുങ്ങളെ അന്ന് വിളിച്ചിരുന്നത് ''പാളക്കുഞ്ഞി'', ''പാളേലെ കിടാവ്'' എന്നാണ്. 

ഈ  പാളമെത്തയിലുള്ള  വസ്തുക്കൾ -  ഉപയോഗിച്ച വെളുത്ത തുണിയുടെയോ  പുള്ളിത്തുണിയുടെയോ കഷ്ണങ്ങൾ ചുരുട്ടി ഒരു കുഞ്ഞു തലയണ. അടിയിൽ വിരിക്കാനും പുതയ്ക്കാനും ഒന്ന് രണ്ടു പാളയോളം വലിപ്പമുള്ള തുണിക്കഷ്ണം.. തല ശരിയ്ക്ക് ഷെയ്പ്പ് വരുത്തി  തലയ്ക്കെട്ടു കെട്ടാൻ പാകത്തിൽ വേറൊരു തുണിക്കഷ്ണം. ഒരു ചെറിയ  മൈക്കർണ്ടം. ഒരു പുതിയ ഉമ്പിച്ചികോൽ.

ഏത് വീട്ടിലെയും മൂത്തകുട്ടികളുടെ രേഖയിൽ പറയാത്ത ചില ഡ്യൂട്ടികൾ ഉണ്ട് -  പാളക്കുഞ്ഞിയുടെ ''അപ്പി'',  മൂത്രിച്ച തുണി ഇതൊക്കെ അപ്പപ്പോൾ റിമോവ് ചെയ്യുക, പാളയ്ക്ക് പുറത്തു വിരലും നഖവും കൊണ്ട് മയത്തിൽ  ''ചുരണ്ടൽ സംഗീത''മുണ്ടാക്കി  കുട്ടികളെ ഉറക്കുക. ഉമ്പിച്ചികോൽ വീണാൽ അതെടുത്തു വായിൽ ഫിറ്റ് ചെയ്യുക. ഉറങ്ങുമ്പോൾ തള്ള വിരൽ വായിലിട്ടുള്ള  ''സോഡകുടി'' നിർത്തി വായിന്നു വിരൽ പുറത്തെടുക്കുക, ചെരിഞ്ഞു വെച്ച തല ശരിയാക്കി വെക്കുക,  കുൽക്കട്ടെ കുലുക്കി സംഗീതസാന്ദ്രമാക്കുക, നമുക്ക് അറിയുന്ന വിധത്തിൽ എന്തും താരാട്ട് പോലെ പാടുക. ''അസ്ബീ റബ്ബീ ജല്ലല്ലാ ...'' , ''ഓഓ ..കുഞ്ഞീ,  ഒർങ്ങിക്കോ കുഞ്ഞീ ...'' ഇതാണ് അന്നത്തെ കോമൺ ലുല്ലാബീസ്.

ചില പാളക്കുഞ്ഞികൾ ഉണ്ട്. ഇവർ പകൽ സൂപ്പർ ഉറക്കമായിരിക്കും. നമ്മളൊക്കെ പള്ളിക്കൂടത്തിനു വന്നു മഗ്‌രിബൊക്കെ കഴിയുമ്പോൾ പുള്ളിക്കാരൻ മൂക്കൊക്കെ ചെമപ്പിച്ചു, അരയിൽ നിന്ന് തുണിയൊക്കെ വാശിപോലെ മാറ്റി കാലൊക്കെ കുടഞ്ഞു,  കൈകാലിട്ടടിച്ചു,  പറ്റാവുന്ന ലെങ്ങ്തിൽ മൂത്രാഭിഷേകമൊക്കെ നടത്തി  സംഗീതം തുടങ്ങും. നമ്മുടെ നടത്തം വരെ അവർക്ക് മനസ്സിലാകും, ആരാണ് ? പരിചയക്കാരാണോ ? വീട്ടിൽ തന്നെയുള്ള കൂതറ ചേച്ചി-ചേട്ടന്മാരാണോ ?   ബാക്കിയുള്ള പാവം പിള്ളേരുടെ ഉറക്കം അതോടെ പോയിക്കിട്ടും.  പിന്നെ വെറുതെ കരയാൻ തുടങ്ങും. എമ്മാതിരി സൗണ്ടായിരിക്കും. അപ്പോഴാണ്  ലുല്ലാബീസ് പാടാനുള്ള ചുമതല ഒരു പാവം  സൗകുവിന്റെയോ കുൽസുവിന്റെയോ പിരടിയിൽ വീഴുന്നത്. 

 ഒരു താരാട്ട് പാട്ടൊക്കെ പാടി ഉറക്കാനുള്ള ഡ്യൂട്ടി എങ്ങാനും കിട്ടിയാൽ അവന്റെ കുത്തുപാള എടുത്തു എന്ന് കൂട്ടിയാൽ മതി. പകൽ മുഴുവൻ ഉറങ്ങിയ ഇവന് ഉറങ്ങണമെന്നത് ഫറദുമല്ല, സുന്നത്തുമല്ല.  പക്ഷെ അവനെ ഉറക്കേണ്ടത് സൗകുവിന് ഫറദുൽ കിഫയാണ്. ഇല്ലെങ്കിൽ അന്നത്തെ ഉറക്ക് പോയീന്ന് കൂട്ടിയാൽ മതി.

ഒരു സൗകൂ ദേഷ്യം പിടിച്ചു താരാട്ട് ഈണത്തിൽ പാടുന്നത് ഇന്നും ഓർമ്മയുണ്ട് - പുള്ളിയുടെ താരാട്ട് 

എന്നീന് കുഞ്ഞി നീ ഞങ്ങളെ മുദ്ദി-
മുട്ടാക്ക്ന്നെ , ഒറങ്ങീറ് സൈ-

താനേ-താനെ ഒറങ്ങീറ് കുഞ്ഞിസൈ-
താനേ-താനേ-താനേ ഒറങ്ങീറ് കുഞ്ഞീ ...

 ഇമ്മാതിരി പാട്ടൊക്കെ സ്വയം കമ്പോസ് ചെയ്തു പാടണമെങ്കിൽ എമ്മാതിരി പണിയായിയിരിക്കും പാളക്കുഞ്ഞി  നമ്മുടെ സൗകുവിന് കൊടുത്തിരിക്കുക. പാട്ട് കമ്പോസ് ചെയ്തവനെ പറഞ്ഞിട്ട് കാര്യമില്ല. പകൽ മുഴുവൻ ഉറങ്ങി പാതിരാക്കൊക്കെ ''പീ...പീ..''.ന്ന്  കരയാൻ തുടങ്ങിയാൽ ....... എല്ലാത്തിനും ഒരു പരിധി ഇല്ലോ. ആ പരിധി വിടുമ്പോഴായിരിക്കും ഇമ്മാതിരി താരാട്ടു ഗാനത്തിലേക്ക് ജേഷ്ടന്മാർ ഒരു ആത്മസായൂജ്യമടയാൻ സ്വയം പ്രവേശിക്കുക.

ചില വിദ്വാന്മാരുണ്ട്.   നട്ട പാതിരായ്ക്ക്   പാളകുഞ്ഞു നിലവിളിച്ചാൽ ഇവർ എഴുന്നേറ്റ് താരാട്ട് പാടിയുറക്കുന്നതിനു പകരം കിടന്ന കിടപ്പിൽ തന്നെ താരാട്ട് പാടിക്കളയും. അതെങ്കിൽ അത് ഒരാളെ ഉറക്കിൽ നിന്നെഴുന്നേൽപ്പിച്ചല്ലോ എന്ന സന്തോഷത്തോടെ കുഞ്ഞു  ആ താരാട്ട് കേട്ടുറങ്ങും. വേറെ ചില പാളക്കുഞ്ഞുങ്ങൾ ഒരു അഡ്ജസ്റ്റ്മെന്റിനും  കോംപ്രമൈസിനും തയ്യാറാകില്ല. ഒരു ലൈൻ തെറ്റിയാൽ ഈ പഹയന്മാർ പാളയിൽ നിന്നോ തൊട്ടിലിൽ നിന്നോ  കാലിട്ടടിച്ചു ബഹളം വെക്കും. ദേഷ്യം പിടിച്ചു മൂത്രസേചനവും നടത്തും. ഇരുട്ടിൽ പാടുന്ന  പാവം സൗകു-കുൽസുമാർ ഇതൊക്കെ സഹിക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടോ ? മനസ്സില്ലാമനസ്സോടെ കത്തുന്ന കാലു പൊളിഞ്ഞ ഒരു ചിമ്മിനിക്കൂടിൽ നിന്ന് അങ്ങിനെ ഒരു വെളിച്ചം പ്രതീക്ഷിക്കാമോ ? ഇല്ലല്ലോ. 

പാളത്തടവി തടവി നല്ല ഉച്ചാരണ ശുദ്ധിയോടെ പാടിക്കൊടുത്തില്ലെങ്കിൽ ബഹളം വെക്കുന്ന മക്കളൊക്കെ അന്നുണ്ടായിരുന്നു.    ''എന്തിനാടാ പാതിരായ്ക്ക് ബുദ്ധിമുട്ടിക്കുന്നത് ?  ഇത് സംസ്ഥാന  ശാസ്ത്രീയ സംഗീത മത്സരമൊന്നുമല്ലല്ലോടാ  ഉച്ചാരണ തെറ്റാതെ പാടാൻ .... '' എന്ന് പ്രാകി വീണ്ടും പാടാൻ ശ്രമിക്കുമ്പോഴായിരിക്കും മൂടിപ്പുതച്ചിടത്തു നിന്ന് മറ്റൊരു കുരിശ്,  സ്വന്തം അനിയന്റെയോ അനിയത്തിയുടെയോ  കമന്റ് - '' ഇച്ച, എന്തെല്ലോ തെറ്റിച്ചിറ്റ് പാട്ന്നേ ....മ്മാ. അന്നിറ്റ് കുഞ്ഞി കൂക്ക്ന്നേ ''.  ഇമ്മാതിരി പാരവെക്കാനായി തക്കം പാർത്തു കുറെ എണ്ണം അനിയന്മാരും അനിയത്തിമാരും മിക്ക  വീട്ടിലും കാണും.  (ഉള്ളത് പറയാലോ എനിക്ക് ആകെ അറിയുന്ന താരാട്ട് സോങ് അഥവാ ലുല്ലാബീസ്  ഈ പറഞ്ഞ ‘’ഓ..ഓ....കുഞ്ഞീ’’ ആണ്). 

വെറൈറ്റിയായി രാഗത്തിൽ  പാടാനൊന്നും  ആരും നിൽക്കില്ല. പാടിയാൽ പണി വേറെ വരും.  അവന്റെ ഉറക്കം പിന്നെ പോയീന്ന് കൂട്ടിയാൽ മതി.  ആര് പെറ്റാലും   കുഞ്ഞിനെ ഉറക്കാൻ അവൻ അതോടെ ആസ്ഥാന ഗായകനായി മാറും.  എന്തോരി പാട്ട് , നല്ല കൂറ്റ്,  വെറൈറ്റി സോങ്. ഉമ്മാന്റെ സോപ്പ് നുരയുള്ള പ്രശംസ കിട്ടുമ്പോൾ പിന്നെ പറയാനുമില്ല. അന്നൊക്കെ ഒരു വീട്ടിൽ  അഞ്ചും ആറും മക്കളുണ്ടാകും. കൂട്ടുകുടുംബമാണെങ്കിൽ പറയണ്ട. കൊല്ലത്തിൽ ഒരു തൊട്ടിൽകെട്ടൽ ഉറപ്പ്.  അത് കൊണ്ട് ആസ്ഥാന താരാട്ട് ഗായകസ്ഥാനത്തു നിന്ന് റിട്ടയേർഡ് ചെയ്യാൻ കുറെ കാലം കാത്തിരിക്കേണ്ടി വരുമായിരുന്നു അന്നൊക്കെ.

എന്റെ സുഹൃത്തുണ്ട് . സ്റ്റോറിൽ പോകുമ്പോഴൊക്കെ ഈ പാവം ''ഓഓ...ഓഓ... കുഞ്ഞി''  പാട്ട് കോവർ കഴുത രാഗത്തിൽ കർണ്ണാട്ടിക് സംഗീതമിട്ട്  പാടുന്നത് കേട്ട് ഞാൻ ആത്മാർത്ഥമായി  പറഞ്ഞു, ''എടാ മടുപ്പ് വരുന്നില്ലെടാ, എത്രകാലമായിടാ ഇതേ പാട്ട്, ഞങ്ങൾ റേഷൻ കടയിൽ പോകുന്നവർക്ക് വരെ കേട്ട് മടുത്തു. നീ മാറ്റിപ്പിടിക്ക്.  ഇല്ലെങ്കിൽ ഞങ്ങൾ വഴിമാറിപ്പോകുന്നത് ആലോചിക്കേണ്ടി വരും. വല്ലപ്പോഴും പശുവും പോത്തുമൊക്കെ സമാധാനത്തോട് കൂടി അയവിറക്കി ഈ വഴിക്ക് പോകട്ടെടാ ...’’

അവൻ പറഞ്ഞത് എന്റെ കരളലലിയിപ്പിച്ചു. അവൻ അന്നത്തെ മൂന്നാമത്തെ തൊട്ടിലിനടുത്തു നിന്നുള്ള പാട്ടാണ്, അപ്പോൾ പാടിയത്. ഒന്ന് നിർത്തുമ്പോൾ അടുത്ത സ്റ്റേഷനിൽ (തൊട്ടിലിൽ/ പാള ) നിന്ന് പീപ്പീ ...തുടങ്ങും.  
സംഗീതത്തോടുള്ള സ്‌നേഹമാണോ എന്റെ വാക്കിനെ വിലകൽപ്പിച്ചതാണോ  അങ്ങിനെ അവൻ ആദ്യമായി ഒരു പുതിയ  പാട്ട് പാടിത്തുടങ്ങി, മലയാളം ടീച്ചർ കാണാപാഠം പഠിക്കാൻ പറഞ്ഞ പാട്ട്. 

''യൻകുഞ്ഞുറങ്ങിഗോ 
യൻകുഞ്ഞുറങ്ങിഗോ 
യൻകുഞ്ഞുറങ്ങിഗോ 
യെന്റെ തഞ്ചോ  ...'' 
(പുള്ളി ഇപ്പോൾ വലിയ സെറ്റപ്പിൽ അങ്ങ്   പേർഷ്യയിലാണ് ) 

കുട്ടികളെ പരിചരിക്കുന്നതിൽ ഞാൻ കണ്ട എളുപ്പമുള്ള ഒരു ഏർപ്പാടാണ് ഉമ്പിച്ചികോൽ ഫിറ്റിങ്. അത് വായിൽ തന്നെ കൊണ്ട്  വെക്കണമെന്നില്ല, ഒരു സൈഡിൽ കൊണ്ട് പോയാൽ തന്നെ കുഞ്ഞുങ്ങൾ നാക്കും മോണയും കാണിച്ചു വായിലാക്കും. ഇതിൽ ഒരു ദ്രാവകം നിറച്ചിരിക്കും. പാവം കുഞ്ഞുങ്ങൾ ഇത് പൊട്ടിച്ചു കുടിക്കാമെന്നൊക്കെ പ്രതീക്ഷിച്ചു കൊണ്ടാണ് ഈമ്പുന്നത്. എന്നോട് ഒരു സൗകൂ പറഞ്ഞു -അത് നാച്വറൽ ഹണി എന്ന്.  ഏത്   ....തനി നാടൻ തേൻ പോലും.  ഞാൻ അതും വിശ്വസിച്ചു പൊട്ടിച്ചു. പിന്നെ പറയേണ്ടല്ലോ എന്തായിരിക്കും വീട്ടിൽ സംഭവിച്ചിരിക്കുക. (വെറുതെ അടിവാങ്ങാൻ ഞാൻ തന്നെ ഓരോ കാരണങ്ങൾ ഉണ്ടാക്കും )

കുഞ്ഞിന് പ്രാതലിന്  ഉണ്ടാക്കി വെച്ചിരുന്ന  ''ഇങ്ക''  സ്ഥിരമായി മോഷ്ടിച്ചു സ്‌കൂളിൽ കൊണ്ട് വന്ന് തിന്നിരുന്ന  ഒരു പഹയൻ സൗകൂ ഉണ്ടായിരുന്നു. അതിന് മധുരം തികയാഞ്ഞിട്ടു പഞ്ചസാര കീശയിൽ നിറച്ചു കൊണ്ട് വരും.  അതും കൂട്ടിയാണ് പുള്ളിക്കാരന്റെ ഇടത്തട്ട്. ഇവന്റെ നിക്കറിന് ചുറ്റും  അഞ്ചാറ് ഈച്ചയും നാലഞ്ചു ഉറുമ്പും കണ്ടാൽ ഉറപ്പ് -  സ്വന്തം വീട്ടിലെ ഒരു ചോരപൈതലിന്റെ ബ്രേക്ക് ഫാസ്റ്റ് വിഗദ്ധമായി മോഷ്ടിച്ചിരിക്കുന്നു !

വേറെയും കുറെ എഴുതാനുള്ളത് കൊണ്ട്  കൂടുതൽ തൊട്ടിൽവിശേഷങ്ങളൊക്കെ വേറൊരിക്കൽ ആകാം. 

കഥ / ഖലീല് ജിബ്രാന്/ അറിവും പകുതി അറിവും

കഥ

അറിവും പകുതി അറിവും

ഖലീല് ജിബ്രാന്
Lebanese-American artist, poet, and writer , Gibran is the third best-selling poet of all time, behind Shakespeare and Laozi.)

നാല് തവളകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന
ഒരു വിറക്‌ മുട്ടിയുടെ മുകളില്‍ കയറിയിരുന്നു
മുമ്പില്‍ ഇരുന്ന ഒന്നാമത്തെ തവള പറഞ്ഞു
എന്ത് രസമാണ് ഇതിലൂടെയുള്ള യാത്ര
ഈ വിറക്‌ മുട്ടി നമ്മെയും ചലിപ്പിച്ചു മുമ്പോട്ട്‌ പോകുന്നു.
ഇത് കേട്ട രണ്ടാമത്തെ തവള പറഞ്ഞു
താങ്കള്‍ പറഞ്ഞത് ശരിയല്ല
യാത്ര രസം തന്നെ പക്ഷെ നമ്മെ ചലിപ്പിക്കുന്നത്
ഈ വിറക്‌ മുട്ടിയല്ല
ഒഴുകുന്ന ഈ നദിയാണ്
ഇത് കേട്ട മൂന്നാമത്തെ തവള പറഞ്ഞു,
നിങ്ങള്‍ രണ്ടു പേരും പറഞ്ഞത് ശരിയല്ല
നദിയും വിറകു മുട്ടിയും നമ്മെ ചലിപ്പിക്കുന്നില്ല
യഥാര്‍ത്ഥത്തില്‍ ചലിക്കുന്നത്
നമ്മുടെ മനസുകളിലെ ചിന്തയാണ്
മൂന്നു തവളകളും തര്‍ക്കിച്ചു കൊണ്ടേയിരുന്നു
അവരവരുടെ ന്യായത്തില്‍ അവര്‍ ഉറച്ചു നിന്നു
ഒടുവില്‍ അവര്‍ മൂന്നു പേരും
ഒന്നും മിണ്ടാതെ ശാന്തമായി ഇതല്ലാം കേട്ടുകൊണ്ടിരിക്കുന്ന
നാലാമത്തെ തവളയുടെ അഭിപ്രായം ആരാഞ്ഞു,
നാലാമത്തെ തവള പറഞ്ഞു
കൂട്ടുകാരെ നിങ്ങള്‍ക്ക് ആര്‍ക്കും തെറ്റിയിട്ടില്ല
നിങ്ങള്‍ മൂന്നു പേര്‍ പറഞ്ഞതും ശരിയാണ്
ഒരേ സമയത്ത് തന്നെ നദിയിലും വിറക് മുട്ടിയിലും
നമ്മുടെ ചിന്തയിലും ചലനമുണ്ട്
മൂന്നു തവളകള്‍ക്കും ഈ വാക്ക് രസിച്ചില്ല
ഓരോരുത്തരും താന്‍ പറയുന്നത് മാത്രമാണ് സത്യമെന്നും
മറ്റുള്ളവര്‍ പറയുന്നത് ശരിയല്ല എന്നും ഉറച്ചു വിശ്വസിക്കുന്നവരായിരുന്നു
പക്ഷെ പിന്നീട് സംഭവിച്ചത് വളരെ വിചിത്രമായിരുന്നു
പരസ്പരം ശത്രുക്കളായിരുന്ന മൂന്നു തവളകളും സഖ്യം ചെയ്യുകയും
കൂട്ടം ചേര്‍ന്ന് നാലാമത്തെ തവളയെ വിറക്‌ മുട്ടിയില്‍ നിന്നും നദിയിലേക്ക് വലിച്ചറിഞ്ഞു.
Knowledge and Half-knowledge

Khalil Gibran ( جبران خليل جبران‎‎ )

Four frogs sat upon a log that lay floating on the edge of a river. Suddenly the log was caught by the current and swept slowly down the stream. The frogs were delighted and absorbed, for never before had they sailed.
At length the first frog spoke, and said, “This is indeed a most marvellous log. It moves as if alive. No such log was ever known before.”
Then the second frog spoke, and said, “Nay, my friend, the log is like other logs, and does not move. It is the river that is walking to the sea, and carries us and the log with it.”
And the third frog spoke, and said, “It is neither the log nor the river that moves. The moving is in our thinking. For without thought nothing moves.”
And the three frogs began to wrangle about what was really moving. The quarrel grew hotter and louder, but they could not agree.
Then they turned to the fourth frog, who up to this time had been listening attentively but holding his peace, and they asked his opinion.
And the fourth frog said, “Each of you is right, and none of you is wrong. The moving is in the log and the water and our thinking also.”
And the three frogs became very angry, for none of them was willing to admit that his was not the whole truth, and that the other two were not wholly wrong.
Then a strange thing happened. The three frogs got together and pushed the fourth frog off the log into the river.