കുട്ടിക്കാലകുസൃതിക്കണ്ണുകൾ
ലക്കം - 42
മാവിലേയൻ
മുമ്പൊരിക്കൽ പതിനഞ്ചാം ലക്കത്തിൽ ഞാൻ നമ്മുടെ ഗാന്ധി ജയന്തിയെ കുറിച്ച് എഴുതിയിരുന്നല്ലോ. അന്നത്തെ ഏഴു ദിവസത്തെ ഒഴിവ് ദിനങ്ങളിലെ ഗാർഡനിങ് ആയിരുന്നു ആ അതിലെ വിഷയവും .
ഇന്നത്തെ ലക്കത്തിൽ, ഗാന്ധി ജയന്തി ദിവസങ്ങളിലെ ഉച്ചയ്ക്ക് ശേഷമുള്ള വിശേഷങ്ങളാണ്. ഉച്ച ഭക്ഷണം (സജ്ജിഗേ ഭോജനം) കഴിഞ്ഞു എല്ലാ ഗാന്ധിജയന്തിക്കും നടന്നിരുന്ന ഏർപ്പാടാണ് ''നാട്ടകം''. അതിനെ അങ്ങിനെ തന്നെയായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. വിദ്യാഭ്യാസ വകുപ്പിൽ അതിന് സാംസ്കാരിക പരിപാടി എന്നൊരു പേരുണ്ടായിരുന്നത് ഇപ്പോഴല്ലേ അറിയുന്നുള്ളൂ. .സ്‌കൂൾ കലണ്ടറിൽ ഇങ്ങനെ ഉണ്ടാകാനാണ് സാധ്യതയും. ''രാവിലെ കുട്ടികളെ സേവനപ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുക, ഉച്ചയ്ക്ക് ശേഷം അവരുടെ സാംസ്കാരിക പരിപാടികൾ നടക്കട്ടെ. '' ഈ വിജ്ഞാപനം പടല സ്‌കൂളിൽ എത്തിയപ്പോൾ ഇങ്ങനെയായി മാറിയതാവും. രാവിലെ പുള്ളന്മാർ പൂത്തൈ നടട്ടെ, സജ്ജിഗേ കഴിച്ച ശേഷം കുറച്ചെണ്ണം വീട്ടിൽ പോകട്ടെ, ബാക്കിയുള്ളവർ എന്തെങ്കിലും നാടകം എന്ന പേരിൽ കാട്ടികൂട്ടട്ടെ.
വീട്ടീന്ന് കൊണ്ട് വന്ന കൈക്കോട്ടും കത്തിയും സൈങ്കോലും കഴുകി വൃത്തിയാക്കി, ഒരു വക്കുടഞ്ഞ ഉടഞ്ഞ അലുമിനിയ പ്ളേറ്റിൽ കിട്ടിയ സജ്ജിഗേയും കഴിച്ചു എല്ലാവരും നാട്ടകം കാണാനും നാട്ടകം ആടാനും ജനൽ വഴി ''റ'' മോഡൽ കെട്ടിടത്തിലേക്ക് നൂഴ്ന്ന് കയറും. ആരും തെക്കേ ഭാഗത്തുള്ള നേരെ ചൊവ്വേയുള്ള എൻട്രൻസ് വാതിലിൽ കൂടി ക്‌ളാസ് റൂമിൽ കയറില്ല. അകത്തു കടക്കാൻ അവിടെ മൂന്ന് വാതിലുകൾ ഉണ്ട് താനും. പെൺകുട്ടികൾ അടക്കം ജനൽ ചാടിയാണ് നാടകം ആസ്വദിക്കാൻ ഹാളിൽ കയറുക. ശരിക്കും അതൊരു ക്‌ളാസ് മുറികളാണ്. അന്ന് നമ്മുടെ സ്‌കൂളിന് പ്രത്യേകം ഓഡിറ്റോറിയമോ മറ്റു സൗകര്യങ്ങളോ ഒന്നുമില്ലല്ലോ. ക്‌ളാസ് മുറികളായി മതിൽ കെട്ടി പ്രത്യേക ബ്ലോക്കാക്കിയിരുന്നില്ല ഈ കെട്ടിടം. ഒരു നീല അല്ലെങ്കിൽ പച്ച കർട്ടൻ മരത്തിന്റെ ഫ്രയിമിൽ കെട്ടിയാണ് അന്ന് ക്‌ളാസ് തിരിച്ചിരുന്നത്. അത് യഥേഷ്ടം മാറ്റാനും സാധിക്കും.
അന്ന് ചില സ്ഥിരം നടന്മാരും ഗായകിമാരും ഉണ്ട്. ഗായികാ ഗായകന്മാരെ സഹിക്കാം. കാരണം അവർ പാട്ടുകൾ അവിടെ ഒന്ന് രണ്ടു മിനിറ്റിൽ അലറി തീർക്കും. നടന്മാരെയാണ് സഹിക്കാൻ പറ്റാത്തത്. ഒന്നാമത് അവർക്ക് നടന്മാർക്ക് പ്രത്യേക റിയേഴ്‌സലോ പരിശീലനമോ ഒന്നും ഇല്ല. എന്താണ് അവർ അവിടെ അഭിനയിച്ചു ഫലിപ്പിക്കുന്നത് എന്നറിയുന്നത് കാർട്ടണിന്റെ പിന്നിൽ എത്തുമ്പോൾ മാത്രമായിരിക്കും. അവർക്ക് അപ്പോൾ എന്ത് വെളിപാട് വന്നോ അതാണ് അന്നത്തെ .നാടക പ്രമേയം.
സിനിമാഗാനം അന്ന് ഹറാമായിരുന്നു. ലളിത ഗാനം തന്നെ മദ്രസിലെ ഒരു ഉസ്താദ് പറഞ്ഞത് - ഞമ്മക്ക് ബേണ്ടാ എന്നാണ്. പിന്നെ ഉള്ളത് മാപ്പിള പാട്ട് മാത്രം. എന്ത് പറഞ്ഞാലും സ്റ്റേജിൽ കയറും. പക്ഷെ പാടുന്നത് മാപ്പിളപ്പാട്ട് ആയിരിക്കും. പക്ഷെ ഈ സിനിമാ ഗാനങ്ങൾ മൊത്തം അന്ന് പെട്ടിപ്പാട്ടും കോളാമ്പി പാട്ടും വഴി എല്ലാ കല്യാണത്തിന് ഉണ്ട് താനും. അത് ആർക്കും ഹറാമുമല്ല. (അന്നത്തെ കല്യാണപ്പാട്ട് വിശേഷങ്ങളൊക്കെ പരമ്പരയായി എഴുതാനുണ്ട്. ഏതായാലും അതൊന്നിൽ ചുരുക്കി ഞാൻ ഉടനെ എഴുതാം )
ഗാന്ധി ജയന്തി ദിന സാംസ്കാരിക പരിപാടിയിൽ എന്തിനാണ് തങ്ങൾ പാടുന്നതെന്നോ ആർക്ക് വേണ്ടിയാണ് എന്നോ അന്ന് ഒരു നിശ്ചയം ഇല്ല. ഒന്നാമത് ഒരു ഗൈഡൻസും ഇല്ല. ഉച്ചയ്ക്ക് മുമ്പ് തന്നെ അധ്യാപകർ സ്ഥലം വിടും. ചിലർ നാട്ടിലേക്ക് ലീവെടുത്തു പോകും. പിന്നെ ബാക്കിയുള്ളത് ക്വർട്ടേഴ്സിൽ താമസമുള്ള രണ്ടോ മൂന്നോ അധ്യാപകർ. അവർക്ക് ഒന്ന് വൈകുന്നേരമായി കിട്ടിയാൽ മതി എന്ന തോന്നൽ സേവന വാരം തുടങ്ങുന്ന ആദ്യ ദിവസം തന്നെ തുടങ്ങും. . കുട്ടികളുടെ പഠ്യേതര വിഷയങ്ങളിൽ എന്തെങ്കിലും ചെയ്യണമെന്നോ അവർക്ക് സപ്പോർട്ട് നൽകണമെന്നോ അതിന് ഒരു എഫേർട്ട് എടുക്കണമെന്നോ തോന്നിയ ഒരു ടീച്ചറും എന്റെ യു.പി. പഠനസമയത്ത് ഇല്ലായിരുന്നു. പിന്നെ ഉണ്ടായിരുന്നത് മദ്രസ്സ പ്രധാനാധ്യാപകൻ അബൂബക്കർ മൗലവി മാത്രം. എന്റെ ഉപ്പ പറയാറുള്ളത് പോലെ ഒരു എം.ഇ.എസ് അനുഭാവിയായിരുന്ന അദ്ദേഹം മാത്രമാണ് അന്നത്തെ കുട്ടികളുടെ സാംസ്കാരിക ഇടപെടലുകൾക്ക് എന്തെങ്കിലും തന്റേതായ സംഭാവന ചെയ്തിട്ടുണ്ട്. ഞങ്ങളൊക്കെ പത്തിൽ എത്തുമ്പോഴേയ്ക്കും അദ്ദേഹം സ്ഥലം വിടുകയും ചെയ്തു.
ഒരു ഗാന്ധി ജയന്തി വാരം. അന്ന് ഞാൻ ഏഴാം ക്‌ളാസ്സ്. മദ്രസ്സയിൽ സാഹിത്യ സമാജമുണ്ട്. ഞാനാണെങ്കിൽ മദ്രസ്സയിൽ ഒന്നാം ക്‌ളാസ്സിലെ ടീനേജുപോലും എത്താത്ത അധ്യാപകനും. ആറാം ക്‌ളാസ്സ് പഠിച്ചു പിന്നെ മദ്രസ്സയിൽ വേറെ ഒരു പ്രത്യേക ഔദ്യോഗിക ക്‌ളാസ്സ് ഇല്ലാത്തത് കൊണ്ട് ചില കുട്ടികൾ പേരിനു ഏഴ് എന്നും പറഞ്ഞും വരും. അന്നാണെങ്കിൽ ഒന്നിൽ അദ്ധ്യാപകൻ ഇല്ലതാനും. അവർക്ക് അക്ഷരം പഠിപ്പിക്കാനാണ് ഞാൻ ആറോ ഏഴോ മാസകാലത്തേയ്ക്ക് പകരം ഒരു അദ്ധ്യാപകൻ വരുന്നത് വരെ സദർ ഉസ്താദ് എന്നെ ഏൽപ്പിക്കുന്നത്.
അന്നത്തെ ഗാന്ധി ജയന്തി ദിനത്തിൽ സ്‌കൂളിൽ ജോൺ മാഷാണോ , ഫ്രാൻസിസ് സാറാണോ എന്നറിയില്ല, അവരുടെ ആവേശത്തിന്റെ പുറത്തു പ്രസംഗ മത്സരം വെച്ചു. പത്തു മിനിട്ടു മുമ്പ് വിഷയം തരും. അത് കേന്ദ്രീകരിച്ചു സംസാരിക്കണം. വിഷയം കിട്ടി. ഞാൻ ജനൽ ചാടി ഓടി. എന്റെ പിന്നാലെ പിന്നെ ഒന്ന് രണ്ടു സൗകുവും. നേരെ ഓടുന്നത് മദ്റസയിലേക്കാണ്. അബൂബക്കർ മൗലവിയാണ് ഞങ്ങൾക്ക് അന്ന് എൻസൈക്ലിയോ പീഡിയ. അദ്ദേഹം മദ്രസ്സാക്കകത്തു ഉണ്ട്. ഞാൻ വിഷയം പറഞ്ഞു. അദ്ദേഹം അത്യാവശ്യ കാര്യങ്ങൾ പറഞ്ഞു തന്നു. അതും കേട്ട് വീണ്ടും അതെ സ്പീഡിൽ തിരിച്ചു സ്‌കൂളിലേക്ക് വിട്ടു. അവിടെയാണെങ്കിൽ എന്റെ നമ്പറും വിളിച്ചു അധ്യാപകരും കുട്ടികളും കാത്തിരിക്കുകയാണ്. അവരുടെ ഇടയിൽ കൂടി ഞാൻ സ്റ്റേജിൽ കയറി. വിഷയം ഗാന്ധിയായത് കൊണ്ട് കുറച്ചു സെന്റിയോടെ പ്രസംഗിച്ചു- ബേജാറിന്റെ പ്രസംഗം. (ആ സെന്റി പ്രസംഗ സ്റ്റൈൽ ഇപ്പോഴും ഓർമ്മയുണ്ട്). ഇറങ്ങി വരുമ്പോൾ അതല്പം ഓവറായത് പോലെ അധ്യാപകരുടെ കമന്റ്സ് കേട്ടപ്പോൾ തോന്നി. ''നീ കരയിപ്പിച്ചല്ലോടാ ..'' എന്നോ മറ്റോ ഒരു സാറ് പറയുന്നു. അത് കേട്ട് ഒന്ന് രണ്ടു ലേഡി ടീച്ചർമാർ ചിരിക്കുന്നു. അന്ന് വിവരയും വിദ്യാഭ്യാവുമുള്ള മാഷന്മാർ അങ്ങിനെയെങ്കിൽ നാട്ടിലെ രക്ഷിതാക്കൾ എങ്ങിനെയായിരിക്കും ?
ഞാൻ നേരത്തെ പറഞ്ഞ ഗാന്ധി ജയന്തി നാടകങ്ങൾ പലർക്കും ഓർമ്മയുണ്ടാകും. കട്ടിൽ പാകി നിരത്തും എന്നിട്ട് അതിന്റെ ഒത്ത മധ്യത്തിലായി ഒരു കർട്ടൻ സ്റ്റാൻഡ് വെച്ചു രണ്ടായി തിരിക്കും. പിന്നാലെ ജനലിൽ കൂടിയാണ് നടൻമാർ സ്റ്റേജിൽ എത്തുന്നത്. കർട്ടനിൽ ചെറിയ ചെറിയ ദ്വാരങ്ങൾ ഉണ്ട്. അതിൽ കൂടിയാണ് നടൻമാർ പ്രേക്ഷരുടെ ആകാംക്ഷ പരിശോധിക്കുന്നത്. കാർട്ടണിന് അത്രവലിയ കാട്ടിയില്ലാത്തത് കൊണ്ട് ഏറ്റവും മുന്നിൽ ഇരിക്കുന്ന കുട്ടികൾക്കൊക്കെ അതിന്റെ പിന്നിൽ നിൽക്കുന്നത് ആരാന്നോക്കെ ഏകദേശ ധാരണയുണ്ടാകും. ഇവർ കൂട്ടം കൂടി നിന്ന് അവിടെ ഒരു ചർച്ചയാണ്. അതിനിടയിൽ ഷർട്ട് മാറി മാറിയിടുന്നത് കാണാം. എ . സൗകൂന്റെ കുപ്പായം സി. സൗകൂ ഇടുക. അങ്ങിനെ ഇട്ടില്ലെങ്കിൽ പ്രേക്ഷരായ ഞങ്ങൾ തെറ്റിദ്ധരിക്കും പോലും, ഹെയ് ഇത് നാടകമല്ല എന്ന്. കുപ്പായത്തിന്റെ ബട്ടൻസും നേരെ ചൊവ്വേ ചിലർ ഇടില്ല, മാറി മാറി ഇട്ടു കളയും. ഒരു തട്ടാൻ പറ്റിച്ച കഥ, ഒരു ഡോക്ടർ പാമ്പ് കടിയേറ്റ രോഗിയെ പരിശോധിച്ചു പുള്ളി ചത്തു എന്ന് വിധിക്കുന്ന കഥ. ഇമ്മാതിരി രണ്ടോ മൂന്നോ സംഭവങ്ങളാണ് നാടകം. അതിന് പ്രത്യേക തയ്യാറെടുപ്പൊന്നും ഇല്ല. കർട്ടണിന്റെ പിന്നിൽ നിന്ന് ആദ്യം സ്റ്റേജിൽ പ്രത്യക്ഷപ്പെടേണ്ട ആളെ കുറിച്ച് ഭയങ്കര വാഗ്വാദം നടക്കുന്നുണ്ടാകും. ഉന്തലും തള്ളലും. സജ്ജിക അടുക്കളയിലെ അടുപ്പിൽ നിന്ന് ഊരിയെടുത്ത ജാവോക്ക് കരിക്കട്ട ചിലർ നടൻമാർ സ്റ്റേജിന്റെ പിന്നാമ്പുറത്ത് നിന്ന് പൊടിക്കുന്ന ശബ്ദം വളരെ കേൾക്കാം. പിന്നെ ചില വിരുതൻമാർ വീട്ടീന്ന് ഉമ്മയും അമ്മായിയും അറിയാതെ പൊക്കിക്കൊണ്ട് വന്ന പോണ്ട്സ്, കുട്ടിക്കുറ പൗഡർ, അതില്ലാത്തവൻ കുന്നിൽ നിന്ന് വരുമ്പോൾ കൊണ്ട് വന്ന വെളുത്ത ചേടിമണ്ണ്, സ്റ്റാഫ് റൂമിൽ നിന്ന് പൊക്കിയ ചെമന്ന മഷി ..ഇവയിലേതെങ്കിലും ഒന്ന് കിട്ടുന്ന മുറക്ക് മുഖത്തോ പിരടിയിലോ തേച്ചു അവിടെ നിൽക്കും. ഒരുത്തൻ ഉന്തലും തള്ളലുമൊക്കെയായി സ്റ്റേജിൽ എത്തുന്നതോടെ നാടകം തുടങ്ങുകയായി.
''എന്നിൻെറാ ....ഈടെ ഒരീ ദാഡ്ട്ട്റൂല്ലേ ... '' ഉഗ്രൻ വിഷപ്പാമ്പ് കടിച്ച ഒരുത്തൻ വന്നു പറയുന്ന ഡയലോഗാണ്. ഫുൾ ബോധത്തിൽ, മുഖത്തു കരിവാരി തേച്ചു സ്റ്റേജിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ''തൂയി....ബെക്കണാല്ലോ ... സെട്ടി എഡ് ത്തോ , പട്ട്റ് എഡ്ത്തോ ? " ഇവരുദ്ദേശിച്ചത് മധൂരിലെ നമ്മുടെ സുപരിചതനായ ഡോക്ടറെയും പിന്നെ കാസർകോടുള്ള ക്യാപ്റ്റൻ ഡോ. ഷെട്ടിയെയുമാണ്. അതിനിടയിൽ ഒരു ഒരാൾ ഒരു ബാഗുമായി വരും, ഒരു പഴയ കോട്ടുമിട്ട്. രോഗി കിടന്നാൽ പരിശോധന തുടങ്ങും. വിഷം കയറി രോഗി മരിച്ചതായി പ്രഖ്യാപിക്കും. പിന്നെ നടന്മാരുടെ ഒന്നൊന്നര വരവാണ്. അവസാനം അടിയിൽ അവസാനിക്കും. അടിക്കുമ്പോൾ ചിലർ അഭിനയം എന്നൊന്നും ഓർക്കില്ല. കാര്യത്തിന്റെ അടിയാണ്. അതിന്ഡോ അവർക്ക് റിഹേഴ്സൽ ഒന്നുമില്ലല്ലോ. ഡോക്ടർ ശരിക്ക് ചികിൽസിച്ചില്ല എന്നാണ് വന്നവർ പറയുന്നത്. പിന്നെ ഡെഡ് ബോഡി എടുത്തോണ്ട് പോകുമ്പോൾ ലാഇലാഹ് എന്നും പറഞ്ഞു കാർട്ടണിന്റെ പിന്നിലേക്ക് കൊണ്ട് പോകും. കഴിഞ്ഞു ആ നാടകം.
അടുത്തത് തട്ടാൻ നാടകം. ഒരു തട്ടാൻ ചട്ടിയിൽ പപ്പായയുടെ കുഴൽ പിടിച്ചു ഊതുന്നുണ്ടാകും. അതായത് അയാൾ പൊന്നുരുക്കുകയായണ് ആ സ്പോട്ടിൽ. ഒരുത്തൻ ഒരു കഷ്ണം അലുമിനിയം കൊണ്ട് വന്നു പൊന്നാണോ മിന്നാണോ തങ്കമാണോ എന്നൊക്കെ അറിയണം. ഇതും അവസാനം ഒരു അടിയിൽ കലാശിക്കും. അവിടെ നടക്കുന്ന ഡയലോഗ് തനി പ്രാദേശിക മലയാളം.
ഒരു പ്രാവശ്യം നാടകം അരങ്ങേറുകയാണ്. ഗാന്ധി ജയന്തി ദിനത്തിൽ പുല്ലരിയാൻ വിധിക്കപ്പെട്ട ഒരു സൗകൂ സ്റ്റേജിൽ വലിഞ്ഞു കയറിയിട്ടുണ്ട്. പുല്ലിന്റെ വട്ടി കർട്ടൻ പിന്നിലുള്ള ജനാലയിൽ തന്നെയാണ് വെച്ചിട്ടുള്ളത്. തൊട്ടടുത്തുള്ള വീടുകളിൽ നിന്നുള്ള അഞ്ചാറ് രക്ഷിതാക്കൾ നാടകം ആസ്വദിക്കാൻ എത്തിയിട്ടുണ്ട്. സ്റ്റേജിൽ നമ്മുടെ സൗകൂ വന്നതോടെ പ്രേക്ഷനായ ഒരു രക്ഷിതാവ് തൊട്ടടുത്ത ആളോട് പറഞ്ഞു - അത് നിങ്ങളെ സൗകൂ അല്ലേ മുഖത്തേക്ക് മൊത്തം കരി തേച്ചു സ്റ്റേജിൽ. അല്ലെങ്കിൽ സൗകൂന്റെ ഉപ്പ. അവൻ പുല്ലരിയാൻ പോയിട്ടുണ്ടെന്നും ഇങ്ങിനെയുള്ള ഏർപ്പാടിനൊന്നും ഉണ്ടാകില്ലെന്നും പറയലും , സൗകൂവിന്റെ ശബ്ദം സ്റ്റേജിൽ - ''തട്ടാനാ സറാപ്പനാ പൊന്നിന്റെ പൈസ തന്നോൾണ്ണം.... ഇല്ലാൻക് തച്ചിറ്റ് കാൽ പൊളിക്കും...'''
അതോടെ ഒരു അലർച്ച. അതുണ്ടാക്കിയത്സ്റ്റേ ജിലുള്ള പാവം ഗോൾഡ് സ്മിത്തല്ല. പ്രേക്ഷകരുടെ ഭാഗത്തുള്ള ഒരു പ്രായമുള്ള മനുഷ്യനാണ്. ''നിന്നെ പുല്ലരിയാന് അയച്ചിറ്റ്, ഈടെ ബന്നിറ്റ് ഏസം കെട്ട്ന്നെയാ...."
അയാൾ സ്റ്റേജിൽ കയറിക്കഴിഞ്ഞു. സദസ്സ് നിശബ്ദം. സ്റ്റേജ് നിശബ്ദം. സൗകൂ ശരം വിട്ടത് പോലെ ജനലിൽ കൂടി ചാടി. പിന്നെ ഞങ്ങൾ പുറത്തു ഓടി നോക്കുമ്പോൾ കണ്ടത്, സൗകൂ ഒരു വട്ടിയും പൊക്കി പുല്ല് മുളക്കാത്ത മരണ ഓട്ടമാണ്. പിന്നാലെ ജനൽ ചാടി ഓടിയ സൗകൂന്റെ ഉപ്പ ഒരു ചിള്ളക്കോല് (വടി ) പിടിച്ചു അടുത്ത ഡയലോഗ് - ''നീ പാഞ്ഞി അല്ലേറാ , നീ ഔത്തേക്ക് ബാ ... നിന്നെ കിട്ടൂ ....ബായീട്ട്, നിനക്ക് ബെച്ചിറ്റ്ണ്ട്, ഇന്ന് ഒരു മുക്ക്ള് തണ്ണി ഔത്ത്ന്ന് കുടിക്കുന്നെ എൻക്ക് കാണണോല്ലോ ...''
അന്നത്തെ ഗാന്ധി ജയന്തി സാംസ്കാരിക പരിപാടിയുടെ തിരശീല വീഴൽ ചടങ്ങ് കൂടിയായിരുന്നു അത്.
No comments:
Post a Comment