Wednesday, August 12, 2015

നിരീക്ഷണം

A S L AM M A V I L A E അസ്ലം മാവില
പോകാൻ പറയുന്നോനോട് പോകാൻ പറയുന്നതെന്തിനാ ...? ******************************************************* മിക്ക വീട്ടിലും ഒരു കുസൃതി പയ്യൻ ഉണ്ടാകും. നമ്മളൊക്കെ ആ പ്രായം കഴിഞ്ഞ് വന്നവരാണല്ലോ. പണ്ടൊക്കെ ഉമ്മറ പ്പടിയിൽ ആയിരിക്കും അവന്റെ ഇരിപ്പ്. കയ്യിൽ ഒന്ന് രണ്ടു ബെൾച്ചിങ്ങ. എ ‘’ടോയ്’’. അന്നത്തെ കളിപ്പാട്ടങ്ങളെ കുറിച്ച് ഒരു ചെറിയ വിശദീകരണം . ബെൾച്ചിങ്ങ, ബെർക്ക്ലേ സിഗരറ്റിന്റെ അകത്തു നിന്ന് കിട്ടുന്ന കാക്കപ്പൊന്ന്, കുപ്പിവള കഷ്ണങ്ങൾ, ആടലോടകം ഇല, മിട്ടായി ചുരുട്ടിയ കടലാസ്, പിഞ്ഞാണക്കഷ്ണം, കാരണവൻമ്മാർ ഉപയോഗിച്ച് കളഞ്ഞ ഫൌണ്ടൻ പേനയുടെ ''സ്റ്റോപ്പ്'', പൊട്ടിയ ബട്ടണ്സ്.  
ഈ ചോക്ക്ലറ്റ് പൊതിഞ്ഞ കടലാസൊക്കെ വഴിവക്കിന്നു കിട്ടിയാൽ വലിയ കിട്ടലാണ്. കന്നുകാലിക്കള്ളമ്മാർക്ക് പ്രതീക്ഷിക്കാതെ ഒരു മുട്ടൻ ആട് അവരുടെ വണ്ടിയുടെ മുന്നിൽ പെട്ടാൽ ഉണ്ടാകുന്ന ഒരു സന്തോഷം. അപൂർവ്വം വീട്ടിലൊക്കെയേ അന്ന് ചോക്ക്ലറ്റ് കഴിക്കൂ. അത് കഴിച്ച പിള്ളാരെ ചിറി നോക്കിയാൽ തന്നെ ചോക്ക്ലറ്റ് തിന്ന ഒരു ഒരു സൊഖം. ചിലർ ഇതിന്റെ കടലാസ് ഒരാഴ്ച്ചക്കാലം കീശയിൽ വെച്ച് നടക്കും. അതും അന്നൊക്കെ ഒരു ഗമയായിരുന്നു . കടലാസ് മണക്കൽ തന്നെ ഒരു സംഭവമായിരിക്കും. അതിന്നിടയിൽ അബദ്ധത്തിൽ കയ്യീന്നോ കീശേന്നോ പാക്ക്ന്നോ നഷ്ടപെടുന്ന ചോക്ക്ലറ്റ് കടലാസാണ് നമ്മുടെ കയ്കളിൽ കറങ്ങി തിരിഞ്ഞ് എത്തുക.  
ഒരു ദിവസം സ്രാമ്പി ഭാഗത്ത് നിന്ന് അഞ്ചാറു പിള്ളാർ ഞങ്ങളുടെ ഏരിയയിലേക്ക് വരുന്നു. അവർ കാര്യായി എന്തോ പരതുകയാണ്. ''എന്തോളെ നോക്ക്ന്നെ'' - ഞാൻ. ''പാതൈന്റെ മുട്ടായിന്റെ കടലാസ് ബൂണെയ്. കൂക്കീറ്റ് കയ്ന്നില്ല.'' - അന്വേഷണ സംഘ തലവി. ഉമ്മ പറഞ്ഞു പോലും ''പാറീറ്റ് പോയിറ്റ്ണ്ടാഉം'' ! അങ്ങിനെയാണ്കി ഴക്ക് കാണാതായ കടലാസ് കാറ്റ് വഴി പടിഞ്ഞാർ സൈഡ് എത്തിയോന്നു അന്വേഷിക്കാൻ ജമാഅത്തായി വന്നത്. അമ്മാതിരി ഒരു തപ്പൽ ഇന്ന് നടക്കുന്നത് വിമാനം കാണാതായാൽ മാത്രമാണ്. എല്ലാ കടലും അരിച്ചു പെറുക്കിക്കളയും. ഒരു ദിവസം സഊദിക്ക് വരുമ്പോൾ രണ്ടു ആസ്ട്രേലിയക്കാർ എയർപ്പോട്ടിൽ - നടപ്പും ഭാവവും കണ്ടിട്ട് മലേഷ്യൻ വിമാനം തപ്പാൻ ബംഗാൾ ഉൾക്കടലിലേക്ക് പോകുന്ന വഴീന്ന് തോന്നി. ''ഏട്ക്കൊന്നോളേ''ന്ന് ചോദിക്കണമായിരുന്നു. വെറുതെ ഒരു കുഴപ്പത്തിന് നിക്കണ്ടാന്നു വിചാരിച്ചു ഞാൻ മൈൻഡ് ചെയ്തില്ല ) ഇനി വിഷയത്തിലേക്ക് വീണ്ടും . നമ്മുടെ ആ പയ്യൻ ഒരു പച്ചീർക്കിലിന്റെ ഉറപ്പുള്ള ഭാഗം ബെൾച്ചീങ്ങാന്റെ മണ്ടമ്മേൽ കുത്തി മറ്റേ ക്ഷീണിച്ച തല ഒരായത്തിന് വേറൊരു ബെളിച്ചിങ്ങയിൽ കുത്താനുള്ള പെടാപാട് പെടുമ്പോഴായിരിക്കും അടുക്കളയിൽ നിന്ന് ഉമ്മ കൈൽക്കണയുമായി ഒരു വരവ്. ''ഇതോഞ്ഞീ ...പീടേന്ന് ഒരി സേറ് ഉപ്പ് ''മേന്കൊണ്ടന്ന്ർറാ.... '' . ചെക്കന് എന്ത് ഉപ്പ് എന്ത് ഉപ്പിൽങ്ങ. അവൻ ടേപ്പ് റികോർഡിൽ പിടിപ്പിച്ച ഒരു ഉത്തരം ഈടുമ്മൂടും നോക്കാതെ ഒറ്റ പറച്ചിൽ - ''യൻക്കയ്യ..." പിന്നെ പിറുപിറുക്കും. എന്ത് പറഞ്ഞാലും ഈ കട്ടക്കുസൃതിക്ക് ഇതേ ഉത്തരം ആയിരിക്കും - ''യൻക്കയ്യ''. ഉണ്ണാൻ വിളിച്ചാലും അവൻ അത് പറഞ്ഞു കളയും. പിന്നെ ആയിരിക്കും പുള്ളി അബദ്ധം മനസ്സിലാക്കി വളിച്ച ചിരിയുമായി ഭുജിക്കാൻ വരിക.
*********************************************************************************************** നമ്മുടെ യു.പി.യിൽ ഒരു തലേകെട്ടുകാരൻ എം.പി.യുണ്ട്. പുള്ളിയോട് വെറുതെ എന്തെങ്കിലും ''മു ..'' എന്ന് പറഞ്ഞാൽ മതി. അപ്പൊ പറയും : ''പാകിസ്താൻ ജാഒ ....'' . നമ്മുടെ ''യെന്ക്കയ്യ'' യുടെ വേറൊരു പതിപ്പ്. എവിടെ എങ്ങിനെ എന്നൊന്നുമില്ല. ഇപ്പോൾ പത്രക്കാർക്ക് വേണ്ടാതായിട്ടുണ്ട് പുള്ളിയെ. ഉള്ളതാണോന്നു അറിയില്ല . സാക്ഷി മഹാരാജനോട് ഒരു അഭ്യുദയകാംക്ഷി പറഞ്ഞത്രേ : ''ആപ്, മഹീനെമേം ഏക് മർതബ ''പാകിസ്താൻ ജാഒ'' ബോലെഗേതോ കുറച്ചു നന്നായിരുന്നു. ഇതിങ്ങനെ പുട്ട് മേം നാരിയൽ ഡാൽനാ ജൈസാ .... ഹമ്രാ പാർടി കീ റേറ്റിംഗ് ബഹുത് താഴെ പോകുന്നു ''. അവനോടും പുള്ളി പറഞ്ഞു പോലും - ''തും പാകിസ്താൻ ജാഒ ''. തൃപ്തി ആയി ! ബറ്റിച്ചത് : അതോണ്ട് ആരും പുള്ളിക്ക് മറുപടി എഴുതി നേരം കളയണ്ട. അത് ആന മണ്ടത്തരമാണ്. ‘’യെന്ക്കയ്യ'' എന്ന് കുസൃതികൾ പറയുമ്പോൾ ആരെങ്കിലും അത് സീരിയസ്സായി എടുക്കാറുണ്ടോ? സാക്ഷിജീ അങ്ങനെ പറഞ്ഞപ്പോഴല്ലേ എനിക്ക് ഇങ്ങനെ ഓർമ്മ വന്നത്. സാരോല്ല; ഒരെണ്ണം അങ്ങിനെയും ഇരുന്നോട്ടെ, അങ്ങ് വടക്ക്...

നിരീക്ഷണം

നിരീക്ഷണം ആഗസ്റ്റ്‌ പതിനഞ്ചു പടിവാതിൽക്കൽ ... ഒരു സംഭാഷണം. പുള്ളിക്കാരൻ അറബി. അയാൾ എന്നോട് മുഴുവനും സംസാരിച്ചത് കാംപടക്കം പറയണമെങ്കിൽ, എന്റെ കാര്യം വിട്, ഫസ്റ്റ് പുള്ളി എന്നോട് പറഞ്ഞ അറബി മുഴുവൻ നിങ്ങൾക്ക് അറിയൂന്ന് എന്താ ഉറപ്പ് ? എമ്മാതിരി അറബിയാ മൂപ്പര് എന്നോട് കാച്ചിയത് ..ഹോ ? അത് കൊണ്ട് എനിക്ക് മനസ്സിലായത് മാത്രം നമ്മുടെ മലയാളത്തിൽ സദ്ദിനും മദ്ദിനും കുറവില്ലാതെ നിങ്ങളും കൂടി അറിഞ്ഞോട്ടെ എന്ന നല്ല ഉദ്ദേശത്തിൽ ഇവിടെ പകർത്താം. (പലേ ..പലേ ..കാര്യങ്ങൾ ആമദ്ഞ്ഞീ, ''ഗാവ'' കുടിച്ച് തീരുന്നതിനു മുമ്പ് എന്നോട് സംസാരിച്ചു കേട്ടോ...) ആമദ് അറബി : അൽറോ ...നിങ്ങൊ ഭയന്ഗരോല്ലോ .. ഈ ഉള്ളവൻ : അങ്ങെനെല്ല്യങ്കെന്ത് ...? ആ :അ : ഇന്ന് ഈദ്ന്ന്ഒരി പേപ്പറ് ബായിച് ...ഇന്റർ''നെട്ട്ല്'' ....നിങ്ങളാടെ എത്തരെ ജാദി ...എത്തരെ മദൊ .. ഈ: ഉ: അത് ആമദ്ഞ്ഞീ .. നീ ഇപ്പോയാ അറീന്നേ....? ആ :അ : നൂറ്റി ഇര്പത് കോടീനെ എങ്ങനെ നിങ്ങൊ സമാലാക്ക്ന്നെറോ ..? എത്തരെ ബാസെ...എത്തരെ ഏസോ ..ബാക്കി ഇള്ലേര്ത്ത്ള്ള പോലോത്ത കുൽമാലും അപ്പീസും ഇന്ത്യേല് തീരെ ഇല്ലാലോ ....സുബ്ഹാനാള്ളാ... ഇന്ത്യ ഇതാണ്. ഇന്ത്യയെ ആദരവോടുകൂടി നോക്കി കാണുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്. അങ്ങിനെ എത്ര എത്ര നാട്ടുകാർക്ക് / രാജ്യക്കാർക്ക് നമ്മുടെ നാടിനെ കുറിച്ച് പറയാനുണ്ടാകും. വാതോരാതെ വിളമ്പാനുണ്ടാകും .നാം ലോകത്തിനു മുന്നിൽ ഇപ്പറഞ്ഞ നാനാത്വത്തിന്റെ സംഗീതമഴ പെയ്യിക്കുന്നു; സൌഹൃദത്തിന്റെ മഴവില്ല് തീർക്കുന്നു; സഹിഷ്ണുതയുടെ സരിഗമ പാടുന്നു. ഒരു നൂലിൽ ഒരുമയോടെ കോർത്ത വർണ്ണ രാജി വിരിയിച്ച മനുഷ്യർ. കറുപ്പോ വെളുപ്പോ ജാതിയോ മതമോ ഭാഷയോ ഭാവമോ ഒന്നും... ഒന്നും... നമ്മുടെ ഐക്യത്തിനോ അഖന്ഡതക്കോ തടസ്സമാകരുത്. സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ 68 വർഷങ്ങൾ മുമ്പുള്ള ഒരു ചിത്രം നമ്മുടെ മുമ്പിൽ വരണം. നമ്മുടെ നാട്ടിലേക്ക് അതിഥിയെപോലെ വന്ന ഈസ്റ്റ് ഇന്ത്യ കമ്പനിക്കാരൻ ചെയ്ത് കൂട്ടിയ ക്രൂര മർദ്ദനങ്ങൾ നമ്മുടെ ഓർമ്മയിൽ പച്ചയായി നില്ക്കണം. ജൂണ്‍ 28, 1858 - ആഗസ്റ്റ്‌ 14, 1947. വെള്ളക്കാരനും അവനു ''കൊണോത്തിലെ കഞ്ഞി'' വെച്ച് കൊടുത്തവനെയും നമുക്ക് അറിയാം. ശിപായി ലഹള അവനാണ് വിളിച്ചത്. നമുക്കത് ഒന്നാം സ്വാതന്ത്ര്യ സമരം. ജാലിയൻവാലാബാഗും വാഗണ്‍ ട്രാജഡിയും അങ്ങിനെയങ്ങ് മറക്കാൻ പറ്റില്ലല്ലോ ? അത് കൊണ്ട് ഓർമ്മകൾ ഉണ്ടായിരിക്കണം. നമ്മുടെ പ്രപിതാക്കൾ, നേതാക്കൾ, അവർ വീണിടത്താണ് നാം കാലുറപ്പിച്ചിട്ടുള്ളത്. ആ സ്വാതന്ത്ര്യമാണ് നാം എല്ലാം കൊണ്ടും അനുഭവിക്കുന്നത്. ദുരുപയോഗം ചെയ്യരുത്. ആഗസ്റ്റ് വന്നു. പതിനഞ്ചാകാൻ കുറച്ചീസേ ബാകിയുള്ളൂ. സ്വാതന്ത്ര്യം അറിയണമെങ്കിൽ അതില്ലാത്തോനെ കാണണം. കുഞ്ഞു കുട്ടി കുറവുകൾ എവിടെയും ഉണ്ടാകും. പക്ഷെ, ഇന്ത്യ, ഇന്ത്യ തന്നെയാണ്. അതിന്റെ അയലത്ത് മറ്റേതു രാജ്യവും എത്തണമെങ്കിൽ ഒന്ന് പുളിക്കും. ''സഊദി ഗസറ്റി''ൽ ഒരു കോളമിസ്റ്റു എഴുതി - എങ്ങിനെയാണ് ബഹുസ്വര സമൂഹത്തിൽ നൂറ്റിചില്ലാനം കോടി മനുഷ്യർ ഇടപെട്ടും ഇടകലര്ന്നും ജീവിക്കുന്നതെന്ന്. (അതാണ്‌ ഈ കുറിപ്പ് തുടങ്ങുമ്പോൾ സംഭാഷണ ശകലമായി ''മളിയാൾ''ത്തിൽ കുറിച്ചത് . ഐക്യം; അഖണ്ഡത, സ്നേഹം, സാഹോദര്യം, ആദരം, ബഹുമാനം, രാജ്യരക്ഷ...എല്ലാം എല്ലാം നിലനിർത്തേണ്ടത് നമ്മുടെ ധർമ്മം. നാം മണ്ണോടു ചേർന്നാൽ അത് അടുത്ത തലമുറ ഏറ്റെടുക്കും . പൂമ്പാറ്റയും പൂവാടിയും മഴവില്ലും കഴിഞ്ഞാൽ പിന്നെ ലോകം നോക്കി ആസ്വദിക്കുന്നത് നമ്മെയാണ്, ഓരോ ഇന്ത്യന്ക്കാരന്റെ മനസ്സിന്റെ വിശാലതെയാണ്. അങ്ങ് ഗാന്ധിയും ആസാദും നെഹ്രും തുടങ്ങി ഇങ്ങു കേളപ്പനും കേകെയും മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കട്ടെ. നമ്മുടെ സ്വാതന്ത്ര്യ ദിനം അതിന്റെ കെട്ടിലും മട്ടിലും തലയെടുപ്പോടെ ആഘോഷിക്കുക; അതിനു ഇന്ന് മുതൽ തന്നെ പരിപാടികൾ ആസൂത്രണം ചെയ്യുക. ഇന്ത്യ ജയിക്കട്ടെ , എന്നും എപ്പോഴും. അസ്‌ലം മാവില

കു -ക്കാ-കു-കണ്ണുകൾ (ലക്കം 2)

കു -ക്കാ-കു-കണ്ണുകൾ (ലക്കം 2)  

കുട്ടിക്കാലകുസൃതിക്കണ്ണുകൾ മാവിലേയൻ ഞാൻ നാലിലോ അതിന്റെ താഴെയോ പഠിക്കുന്ന കാലം. ഉമ്മ ഉമ്മറത്തുണ്ട്. കൂടെ ഉമ്മാന്റെ നാലഞ്ചു ചങ്ങായിചിമാർ. എന്തൊക്കെയോ തമാശ പറഞ്ഞു ചിരിക്കുന്നുണ്ട്. എല്ലാരെയും കയ്യിലും മുരിങ്ങ ഇല . അത് നുരുമ്പുകയാണ് ഓരോരുത്തരും. ഇരുത്തം ഓരോ പലകയിലും. എന്റെ കുഞ്ഞിപ്പലകയിലാണ് സൌകതലിയുടെ ഉമ്മ ഇരുന്നിട്ടുള്ളത്. ഞാൻ പലവട്ടം ഉമ്മാനോട് പറഞ്ഞിട്ടുണ്ട് - അത് ആർക്കും ഇരിക്കാൻ കൊടുക്കരുതെന്ന്. സൗകതലിയുടെ ഉമ്മയ്ക്ക് പ്രത്യേകിച്ച്. അതിനു വേറൊരു കാരണമുണ്ട്. എന്നെ ''ക്-ഡാഉ'' എന്നായിരുന്നു അവർ വിളിച്ചിരുന്നത്. തീരെ ഒരു രസമില്ലാത്ത പേര്. കുഞ്ഞമുച്ചാന്റെ ഹോട്ടലിനു മുകളിൽ കോണ്‍ ഓഫീസ് എല്ലാരും ഓർക്കുന്നുണ്ടാകും. അവിടെ തൂക്കിയിട്ട ''പശുവും കിടാവും'' ചിഹ്നം കണ്ടതിനു ശേഷമാണ് എനിക്ക് ഈ അലര്ജി ആ പേരിനോട് തോന്നാൻ കാരണം. ഈ ഇഞ്ഞ എന്നെ അങ്ങിനെ ഒരു ദിവസം വിളിക്കുന്നത് ആ വഴി പുല്ലരിയാൻ പോകുന്ന എന്റെ ഒരു ക്ലാസ്സ്മേറ്റ് കേട്ടു. പിന്നെ ഒരാഴ്ചക്കാലം സ്കൂളിൽ പൊങ്കാലയോട് പൊങ്കാല . നേരത്തെ തന്നെ എനിക്ക് ''അസ്‌ലം കുത്തി'' എന്ന പേരുള്ളത് കൊണ്ട് ''ക്-ഡാഉ''വിളിപ്പേരിൽ നിന്ന് ഞാൻ കഷ്ടിച്ച് രക്ഷപെട്ടു എന്ന് പറയാം . ഒരു പാഠപുസ്തത്തിൽ ഏതോ ഭാഗത്ത് ''അസ്‌ലം കുത്തി'' എന്ന പ്രയോഗം ഉണ്ട്. ഒരു ദിവസം എന്റെ ക്ലാസ്സ്മേറ്റ് ബി. എസ്. കുൽസു പുസ്തകം വായിച്ച് ആ ഭാഗമെത്തിയപ്പോൾ എന്നെ നോക്കി ഒരു ഒയന്ന ചിരിച്ചു. പിന്നെ ക്ലാസ്സിലുള്ളവർ അതൊരു ആഘോഷമാക്കി. സ്കൂൾ വിട്ടു പോകുമ്പോൾ എന്റെ കൂടെ ആ പേരുമുണ്ടായിരുന്നു -അസ്‌ലം കുത്തി. ( ബി. എസ്. കുൽസു എന്നത് സൗകതലി പോലെ നിങ്ങളെ ഇടക്കിടക്ക് ശല്യം ചെയ്യും.) മുമ്പൊരീസം രാവിലെ കൊർട്ടിപത്തൽ തിന്നാതിരിക്കാൻ ഞാൻ പറഞ്ഞ കാരണം അതിനും രണ്ടാഴ്ച മുമ്പ് സൗകതലിയുടെ ഉമ്മ എന്റെ കുഞ്ഞിപ്പലകയിൽ ഇരുന്നതായിരുന്നു. എന്തെങ്കിലും ഒരു കാരണം പറയണ്ടേ - അതന്നു അടിച്ചു വീശി. അത് പറഞ്ഞപ്പോൾ പെങ്ങൾ : ''ചെക്കന്റെ ഒരി കൊങ്കാട്ടം. ആ പലേ എന്ത്റാ താഞ്ഞോന്നാ... ജോന് കൊർട്ടിപത്തൽ തുന്നാൻ കയ്ന്നില്ലമാ... അയിന് ഒരീ ഏതു .." സംഗതി അതൊക്കെ തന്നെയായിരുന്നു; അപ്പോൾ അതൊക്കെ പറഞ്ഞാൽ ഉപ്പാക്ക് വേണ്ടി ചുട്ട ''കറുംകുറും പത്തൽ'' എനിക്ക് പിന്നെ കിട്ടില്ല. അല്ലെങ്കിലും 8-9 വയസ്സിൽ പറയേണ്ട കാരണമാണോ പലകയിൽ ഇരുന്നതൊക്കെ ...ചുമ്മാ, പത്തൽ കിട്ടാൻ ഓരോന്ന് പടച്ചോൻ തോന്നിക്കും, അത്രേയുള്ളൂ. ഞാൻ ഉമ്മാന്റെ പിന്നാലെ വന്നു. പട്ട്-ലേസാണ്‌ തലയിൽ. നല്ല സുർന്ഗീ പൂവിന്റെ കളർ - റോസ് കളറിനേക്കാളും കുറച്ചു ഡാർക്ക്. വെള്ള പുള്ളികളുള്ള അതിന്റെ നാല് ''കരെ'' . നാല് മൂലയിൽ നല്ല കാക്ക കറുപ്പിന്റെ ചിത്രപ്പണി. ഞാൻ പട്ട്-ലേസിന്റെ രണ്ടു കോർണർ എടുത്തു ഒന്ന് വെറുതെ കൂട്ടി വെക്കാൻ നോക്കിയതും സൗകത്തലിന്റെ ഉമ്മ ഒച്ച വെച്ചതും ഒന്നിച്ച് : ''എന്നിന് ക്ടാഏ ഉമ്മാന്റെ ലേസിനെ അങ്ങനെ ആക്ക്ന്നെ''. അത് കേൾക്കലും ഉമ്മ പിന്നിന്നു എന്നെ ഒരു തട്ടലും. ഊഫ്‌ ... എനിക്ക്ദേഷ്യം വന്നത് ഉമ്മാനോടല്ല - ആ ഡയലോഗടിച്ച ഇഞ്ഞാനോടാണ്. ഞാൻ ഉള്ള ചാൻസ് വെച്ച് കരയാൻ തുടങ്ങി. ആ കരച്ചിലിന്റെ പിന്നിലെ ദുരുദ്ദേശം വേറെയാണ്. ''പെട്ടിപ്പാട്ട് തൊട്ങ്ങി''. പിന്നൊരു ഇഞ്ഞ. ''ചൗഡട്ചിറ്റ് കയ്ന്നില്ല മമ്മദൂ ...നീ എട്ക്കെങ്കു പോ...'' സഹികെട്ട് ഉമ്മ . ( മമ്മദൂ എന്റെ ചെല്ലപ്പേര്. അയൽക്കാരായ സാപ്, ബഷീർ, സ: മജീദ്‌ ഇവരൊക്കെ ഈ അടുത്ത കാലം വരെ എന്നെ അങ്ങിനെ തന്നെയായിരുന്നു വിളിച്ചിരുന്നതും - ഇപ്പോൾ അവർ ''പുനോ''ഗമിച്ചു; ഞാനും ). ..നീ എട്ക്കെങ്കു പോ...'' എന്ന്കേട്ട്പാട് ഒന്ന് പോയാൽ മതിയായിരുന്നു - കുറച്ചു ആത്മാർത്ഥത കൂടിയത് കൊണ്ട് ഞാൻ പറഞ്ഞു : ''പുല്ലെരീന്നെ നോക്കാൻ പോന്ന് ..ആഓ...'' അത് കേട്ടിട്ട് ആ ഇഞ്ഞാമാർക്ക് വലിയ തമാശ ആയി. ''പുല്ലരിയാൻ പോക്ക്ണ്ട് .. അയിനെ നോക്കാൻ പോന്നെ മിന്നെമിന്നെ കേക്ക്ന്നെ '' ഒരുത്തി. ''കി.കി.കി.കി... '' സസി മേസ്ത്രീടെ തമാശ കേട്ട പോലെ എല്ലാരും ചിരി തുടങ്ങി. ഒരു ഇഞ്ഞ ചിരിച്ചു വീണു എന്ന് പറയാം. എനിക്കാണെങ്കിൽ മൂക്കത്ത് ദേഷ്യം ഇരച്ചു വരുകയാണ്. പെട്ടെന്ന് ''ടൻ ...ടൻ'' ശബ്ദം. ആ ശബ്ദം എന്തിനുള്ള മുന്നറിയിപ്പാണെന്നു എനിക്ക് ഉടനെ മനസ്സിലായി. സൌക്കതലിന്റെ ഉമ്മ എടുത്ത് ചാടി - '' മർഹബാ ...ളൊഗറൊട്ത്തല്ലോ'' അത് കേൾക്കലും ഞാൻ ഒരോട്ടവും . എന്റെ പിന്നാലെ ഉമ്മയും. ''നിക്ക്റാ ...ബാങ്കൊട്‌ത്ത്... പള്ളിക്ക് പോയ്‌റ്റ് ..കഞ്ഞി കുട്ചിറ്റ് പോവ്വാ..നിൻക്ക്." അതോടെ എന്റെ എല്ലാ പ്ലാനും പൊളിഞ്ഞു . പാട വരമ്പത്ത് പുല്ലരിയുന്ന സൌകുനെയും പുള്ളറെയും കാണാൻ ഇനിയും ഒരു മണിക്കൂർ കഴിയണം പോലും . ഉമ്മാനെ അനുസരിച്ചില്ലെങ്കിൽ പിന്നെ എപ്പോഴെങ്കിലും പോകാനുള്ള അനുമതി കിട്ടാൻ വലിയ കഷ്ടപാടാണ്. ഉച്ച ഭക്ഷണവും കഴിഞ്ഞ് ഇനി അഥവാ അങ്ങോട്ട്‌ പോയാൽ തന്നെ അവരവിടെ ഉണ്ടാകുമോ ? അവർക്കും വിശക്കില്ലേ ...? വയസ്സ് ചെറുതാണെങ്കിലും ആലോചന ഒന്നൊന്നരയാണ്. ഇങ്ങിനെ ആലോചിച്ച് ആർക്കോ വേണ്ടി ഞാൻ പള്ളിയിലേക്ക് നടക്കുകയാണ്. കുറച്ചു നടന്നപ്പോൾ പിന്നിന്നു ഒരു വിളി - ''അസ്സൽമൂ ...ഞങ്ങളെ സൗകതലീനെ കണ്ട്നാ..?'' വേറൊരു കുരിശ്‌...., എനിക്ക് ഇവരെയൊക്കെ നോക്കലല്ലേ പണി എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ പയ്യനെ രക്ഷപെടുത്താൻ പറഞ്ഞു - ''ഓന് തായലെ ബര്മ്പില് പുല്ലെരീന്ന്ണ്ടല്ലോ...'' അയാൾക്ക് വലിയ സന്തോഷമായി. കക്ഷി എന്നെ പോലെ തന്നെ പള്ളിക്കാണ് . മോൻ പുല്ലരിയുന്നു എന്ന് കേട്ട സന്തോഷമായിരിക്കും - അയാൾ ഉളള കപ്പാസിറ്റിയിൽ ഒരു മൂളിപ്പാട്ടും പാടി വേഗം നടന്നു. കുറച്ചൂടെ നടന്നപ്പോൾ ഒരാൾ കൂടി എന്നെ ഓവർ ടെയ്ക്ക് ചെയ്തു - അയാൾ ചോദിച്ചപ്പോൾ അയാളോടും അയാളുടെ സൗകുനെയും ഞാൻ പുല്ലരിയുന്നത് കണ്ടുവെന്നു പറഞ്ഞു. ''പള്ളി പിന്നീട്; പുല്ലരിയാൽ പ്രധാനം'' ഇതായിരുന്നു അന്നത്തെ ഒരു ഇത്. അന്നത്തെ കാർഷികവൃത്തിയും പുല്ലും മനുഷ്യ ജീവിതവുമായി ഒരു വല്ലാത്ത ബന്ധമുണ്ടായിരുന്നു. പല വീട്ടിലും ഒരു ബൈപ്പണ (തൊടി) കാണും. കുറെ പശുക്കളും. വയലും പെരോർത്തിയും ഉള്ളവരുടെ വീടിന്റെ എന്ട്രന്സിലാണ് തൊടി. യപ്പാ..എമ്മാതിരി പോത്തുകളായിരിക്കും. പക്ഷെ പോത്തിന്റെ പെങ്ങമ്മാർ നമ്മുടെ നാട്ടിൽ കുറവായിരുന്നു. അനിയനെ തോളത്തിട്ട് ചുറ്റോട്ടത്തുള്ള ബൈപ്പണ സന്ദർശനം എന്റെ സ്ഥിരം പരിപാടിയായിരുന്നു. ചില പോത്തോള് നമ്മൾ ഒരീസം അവരെ സിയാറത്ത് ചെയ്തില്ലെങ്കിൽ കണ്ണീര് പൊഴിക്കും. അന്നൊക്കെ പുല്ലരിയുന്നത് പോലെ തന്നെ ഒരു പത്രാസായിരുന്നു പുല്ലരിയുന്നത് നോക്കുക എന്നതും. നമുക്കൊന്നും അന്ന് ആടും മാടും ഇല്ലാത്തത് കൊണ്ട് രണ്ടാമത്തേത് തെരഞ്ഞെടുത്തു. നോമ്പ് നോക്കാൻ പറ്റാത്തോൻ നോക്കുന്നോനെ നോക്കുക എന്ന് പറയുന്നത് പോലെ. (അത് വേറൊരു രസമുള്ള കഥയാണ്. പിന്നെ പറയാം ) ഞങ്ങളൊക്കെ ഗ്രാസ് കട്ടിംഗ് കാണാൻ പോകുന്നതിനു വേറെയും കാരണങ്ങൾ ഉണ്ട്. പാട വരമ്പത്ത്ചില തരം കണ്ണിപ്പുല്ല് ഉണ്ട്. അതിന്റെ വേരിൽ കാണാം നല്ല വഴുവഴുപ്പുള്ള ജല കണിക. ഒരു വെളുത്ത നൂലിമേൽ ഈ ജലത്തുള്ളി തൂങ്ങി നിൽക്കും. അതിനു വല്ലാത്ത തണുപ്പാണ്. അതെടുത്ത് കണ്ണിൽ വെക്കുക; തല ചെരിച് അത് ഇടങ്കണ്ണിട്ട് നാക്കിൽ വെക്കുക. ഓർക്കാൻ വയ്യ. പിന്നെ പച്ച മുട്ടാമണ്‍ങ് പറിച്ചു തിന്നുക. വേലിമുട്ടാമണ്‍ങ്ങ് ശേഖരിക്കുക. കമ്മ്യൂണിസ്റ്റപ്പ കൈപത്തിയിൽ വെച്ച് വെടി പൊട്ടിക്കുക. (ഈട്ട്ന്റപ്പലെയും സുപ്പർവെടി മരുന്നാണ്; ഇളം ഇല കിട്ടണം.) തോട്ടിന്നു ചെരു പിടിക്കൽ. നൈചിങ്ങ കളക്ഷൻ അങ്ങിനെ പലതും..... ഒരു ദിവസം ഒരു സൗകു എനിക്കിട്ടൊരു പണി തന്നു. പുള്ളി എന്നോട് പറഞ്ഞു - ''ഇദ്രാ ..ഞങ്ങളെ പൊരേല് രാത്രി എന്നും നൈചിങ്ങ ഫ്രൈ ആണ്. എന്ത് പാങ്ങ്..''. ആ അവതരിപ്പിച്ച ശൈലി കണ്ടിട്ട് എനിക്കെന്റെ ഉമ്മാനോട് ദേഷ്യം വന്നു. വെറുതെ കിട്ടുന്ന സാധനം. അത് കാച്ചി തന്നാലെന്താ പ്രശ്നം. ഞാൻ കണ്ടത്തിലിറങ്ങി ഒരു വലിയ ഉപ്പില്ങ്ങാന്റെ ഇലയിൽ കൊള്ളാവുന്നത്ര നൈചിംഗ് പൊതിഞ്ഞ് വീട്ടിൽ കൊണ്ട് പോയി ഉമ്മാന്റെ കയ്യിൽ കൊടുത്തതേ ഓർമ്മയുള്ളൂ... (അതിന്റെ ''സെക്ക്'' കൊണ്ട് ഉമ്മയും പെങ്ങളും രണ്ടീസം ഭക്ഷണം കഴിച്ചില്ല.) പിന്നീട് എന്നോട് പെങ്ങൾ പറഞ്ഞു പുല്ലരീന്ന സൗകു വന്നു പറഞ്ഞു പോലും : ''നിങ്ങളെ മമ്മദൂ നൈചിങ്ങ പൊർക്ക്ന്നെ ഇണ്ട്. ഞങ്ങൊ എന്തെല്ലീറ്റും കൂട്ടാക്ക്ന്ന്-ല്ലാന്ന്''. നെരിയാണിയിലെ അടി കൊണ്ട പാട് തടവി തന്ന് ഉമുവ എന്നോട് പറഞ്ഞു - വേറെ ഏതോ ജാതിക്കാർ പെറുക്കുന്ന ഏർപ്പാടാണ് നൈചിംഗ് കളക്ഷനെന്ന്. എനിക്ക് അത് ദഹിച്ചില്ല. ഞാൻ അന്നേ ഒരു സോഷ്യലിസ്റ്റായിരുന്നു. അല്ലെങ്കിലും ഈ നൈചിങ്ങാക്ക് എന്ത് ജാതിയും മതവും. ഒരു കണ്ടുപിടുത്തം പറയട്ടെ, കേരള ഭൂമിയിൽ ഒരു പക്ഷെ ഫുൾ ചൈനീസ് സ്ലാങ്ങുള്ള രണ്ടു വസ്തുക്കളാണ് നൈചിങ്ങ- വ - ചുൻഡങ്ങ. (ബാക്കി അടുത്ത ലക്കം)

കു -ക്കാ-കു-കണ്ണുകൾ (ലക്കം 1)



കുട്ടിക്കാലക്കുസൃതിക്കണ്ണുകൾ ..(ലക്കം 1)
 
സ്കൂളിലെ അവധികളൊക്കെ ബഹുരസാണ്. അന്നും ഇന്നും. പണിതരുന്ന അവധി ‘’സേവന വാര’’മായിരുന്നു. ഒക്ടോബർ രണ്ടും പിന്നെ ആറീസവും. നമ്മുടെ എം.കെയുടെ വീട് നില്ക്കുന്ന സ്ഥലത്താണ് കിഴക്ക് പടിഞ്ഞാറായി പൊട്ടിപൊളിയാറായ അധ്യാപക ക്വാട്ടേർസ്. മൈതീൻ മാഷ്, തമ്പാൻ മാഷ്, മുരളീ മാഷ്, പിന്നെ കുറെ ദാസമ്മാർ, സൈനബ ടീച്ചർ, ബീന ടീച്ചർ ....ഇവരൊക്കെ ഈ ഇടുങ്ങിയ ക്വാട്ടേര്സിലാണ് താമസം.  

സേവനം വാരം കഴിഞ്ഞു ഒന്നൊന്നര മാസം ആയിക്കഴിഞ്ഞാൽ ഇവർക്ക് വിറക് യു.പി.സ്കൂളിന്റെ പിന്നിൽ ഞങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൂന്തോട്ടത്തിന് വേലി നാട്ടിയ ശീമക്കൊന്ന തൂണുകളാണ്. അതിനിടയിൽ വാഴയ്ക്കും പൂചെടിക്കും വെള്ളം നനയ്ക്കലൊക്കെ ഞങ്ങളെ കണ്ണുരുട്ടിയും കമന്റ് പറഞ്ഞും സാറമ്മാർ നിർത്തിച്ചോളും. 
തൊട്ടു താഴെയുള്ള കിണറ്റിൽ ബക്കറ്റു താഴ്ത്തുമ്പോൾ തന്നെ മൈതീൻ മാഷ് : ''ഇജ്ജൊക്കെ ഈ ബായേം നന്ചിങ്ങാണ്ട് എന്താവാനാ ? ഇവടെ കുടിക്കാൻ തന്നെ ബെള്ളോല്ല ; അന്റെ ഒര് പുഗ്ഗ്ൻ തോട്ടം ബന്ന്ക്ക്ണ്; ഒന്ന് പോയ്ക്കാണ്ടി....'' കൈലി ഉടുത്ത മുരളി മാഷിന്റെ താങ്ങൽ കൂട്ടത്തിലും. പിള്ളേർ, പാവങ്ങൾ, അതോടെ ജല സേചനം നിർത്തും. നനച്ചാൽ ശീമക്കൊന്ന വേരോടും; പിന്നെ അത് പൂന്തോട്ടാകും. പൂക്കും കായ്ക്കും. നട്ട വാഴ കുലക്കും. ഇതൊക്കെ അവർക്കറിയാം. അവരാരും ബയോളജി കാണാത്തോരുമല്ല. ഞങ്ങളുടെ കൂട്ടു കൃഷി നിരുത്സാഹ പെടുത്താനുള്ള പ്രധാന കാരണം വിറക് ക്ഷാമമായിരുന്നെന്നു കുറെ കഴിഞ്ഞാണ് മനസ്സിലായത്. അപ്പോഴേക്കും ഞങ്ങൾ സ്കൂൾ വിട്ടിരിക്കും; ഈ മാഷമ്മാർ പോവുകേം ചെയ്യും.
പക്ഷെ ആഗസ്ത് 15നു അങ്ങിനെയൊരു ബണ്ടീംബലീയുമില്ലായിരുന്നു. ദൂരെ നിന്ന് വരുന്ന മാഷമ്മാർക്ക് ഒരു ദിവസം മുമ്പ് നാട്ടിൽ പോകാം. നാട് പിടിക്കാൻ പറ്റാത്തവർക്ക് പെട്ടെന്ന് ചടങ്ങ് തീർത്ത് നീണ്ടു നിവർന്ന് കിടന്നുറങ്ങാം. അതിൽ ബേജാർ മൊത്തം എന്റെ ചില കൂട്ടുകാർക്കായിരുന്നു. അതെന്താണെന്ന് നിങ്ങൾക്ക് പിന്നെ മനസ്സിലായിക്കോളും.
ദേശീയ പതാക ഉയർത്തി ഹെഡ്മാഷ് ഒന്നൊന്നര മിന്റ്റ് സംസാരം തുടങ്ങുമ്പോഴേ അസംബ്ലീലൈനിന്ന് രണ്ടു മൂന്നെണ്ണം ‘’ടപ്പോന്ന്’’ ബോധം കേട്ട് വീഴും. മാഷെ പ്രസംഗം കേട്ടാണോ, വെയിൽ കൊണ്ടാണോ അതല്ല രാവിലെ വെറും വയറ്റിൽ വന്നത് കൊണ്ടാണോ - ശുദ്ധ മനസ്സുള്ള ഞങ്ങളുടെ ചിന്ത കാട് കയറും.  
വീണ പുള്ളി അഞ്ചാറു കൊല്ലം മുമ്പ് അതിന്റെ രഹസ്യം എന്നോട് പറഞ്ഞു. ലീവുള്ള ദിവസം പുള്ളിക്ക് വീട്ടുകാർ ഒരു സ്വൈരം തരില്ലപോലും. വീട്ടിൽ രണ്ടു മൂന്ന് കന്നുകാലികൾ. അതിനു പുല്ലരിയേണ്ടത് ഈ കക്ഷി. സൗകത്തലി (ശരിക്കുള്ള പേര് ''അള്ളാണം'' ഇപ്പോൾ പറയില്ല) എന്നോട് രാവിലെ സുബഹിക്ക്പറഞ്ഞു: ''നമ്മുടെ പ്ലാൻ പൊളിഞ്ഞു അസ്ലമേ .'' ''എന്തേ ...? ഉപ്പാക്ക് അതെങ്ങിനെ അറിഞ്ഞു ? സൌ : കുഞ്ഞമുച്ചാന്റെ ഹോട്ടലിലെ റേഡിയോയാണ് മൊത്തം കുളമാക്കിയത്.  
സംഭവം മുഴുവൻ എനിക്ക് ഇപ്പോൾ ഓർമ്മയില്ല . ഏകദേശം ഇങ്ങനെ : ആഗസ്റ്റ് 15 തലേദിവസം വലിയ ഒരു സംഭാഷണം അവർ തമ്മിൽ നടന്നു - സൗകതലിയും ഓന്റുപ്പയും. ഉ : അല്ല്രാ, നാളെ സോസോന്ത്രോ അല്ലേ ? 100 (സൌ) : ( കണ്ണിൽ പൊന്നീച്ച പാറി; ബട്ട് , അറിയാത്തത് പോലെ) എന്ത്...സോസോന്ത്രോപ്പാ.... ? ഉ : അപ്പൊ ഇത്ര ചെലബിട്ടിറ്റ് നീ സാലക്കല്ലേ പോന്നത്...? (ചെലവ് മീൻസ് - കൊല്ലത്തിൽ ഒരു വട്ടം സ്റ്റാമ്പിനു കൊടുക്കുന്ന നാലണ/ എട്ടണ) . 100 സൌ : ആ അത്....അത് മറ്റന്നാഉപ്പാ... ഉ : ഓ ...സോസോന്ത്രോ അപ്പോ പട്ളത്ത് ഒര്ന്നാക്ക് നീട്ടിയാ. ഇദ്രാ ...നിന്റെ കർണ്നിപ്പ് എന്റെര്റ്റ് ബേണ്ട്രാ... (എന്നിട്ട് ഒരു കർശന നിര്ദേശം). സാലക്ക് കാൽത്തെ പോമ്പോന്നെ ബട്ടി എടുത്തോ. അകത്ത് നിന്ന് ഉമ്മ: കൊടി പൊന്തിച്ചിറ്റാമ്പോന്നെ ...ബട്ടി എട്ത്തിറ്റ് പായണോo (സൌ വിചാരിച്ചു കാണും ഇതെന്താ 400 മീറ്റർ റിലേ ആണോന്ന് ). ഉമുവ : പയ്യു ഇന്നലേന്നെ കരീന്നെ ഇണ്ട്മ്മാ... മാമ : ബായി ബരാത്തെ ജീമെനാദി ...നിങ്ങക്ക് പുല്ലും അര്ക്കചിയും കൊട്ക്കാൻ കയ്ന്നില്ലാങ്ക് ..ബിറ്റ്ര്റാ ....നിന്റെ ഉപ്പപ്പാ ഇണ്ടാമ്പോ ബൾപ്പ് നൊർച്ചു കാലി ഇണ്ടായിനി ...ഞങ്ങൊ തുന്നില്ലാങ്കു അയ്റ്റീങ്കക്ക് കൊട്ക്കും ... .ജോറെ ഇപ്പൊ ഒരീ സാലെ ... ( സൗകത്തലിക്ക് മാമാന്റെ കഴുത്തിന് പിടിക്കാൻ തോന്നിക്കാണും )  
അല്ലടാ സാൻ, സൗകതലി പിന്നെ എന്റെ കൂടെ ''കുട്ടിൻദ്ദാണെ'' കളിക്കാൻ ബോധമല്ലാതെ പിന്നെ എന്താണ് കേടേണ്ടത് ? പടച്ചോൻ നിഷ്കളങ്കരായ കുട്ടികൾക്ക് ഓരോ ഉപായം ഇട്ടു തരുമെന്ന് പറയുന്നത് വെറുതെയല്ല.
സ്കൂൾ വിട്ടാൽ മിക്ക അജ-പശു പാലകരുടെയും പ്രധാന കലാപരിപാടിതന്നെ പുല്ലരിയലാണ്. വക്കും വള്ളിയും പൊട്ടിയ ഒരു വട്ടിയും കൊണ്ട് പാവങ്ങൾ സ്കൂൾ വിട്ട ശേഷം ക്രായിക്കൊണ്ട് വരമ്പിൽ ഗ്രാസ്സ് കട്ടിംഗ് നടത്തുന്നത് ഞാൻ ഈ കണ്ണ് കൊണ്ട് കണ്ടിട്ടുണ്ട്.  

പഠിത്തം 'അലൂല്'' വെച്ച ചേട്ടമ്മാർ കുറേയെണ്ണം സ്കൂളിന്റെ പുറത്തു അസംബ്ലിയും മിടായി വിതരണവും തീരാൻ കാത്തു നിൽക്കുന്നുണ്ടാവും - കൂടെ രണ്ടു കുഞ്ഞിക്കത്തി പ്ലസ് ബട്ടി. അതിനിടയിലും ചിലർ ചാടും. ( ഉപ്പ, ഉമ്മ, ഇഞ്ഞ ,ഇച്ച, മൂത്ത, എളെപ്പ ഇത്യാദികളുടെ അടി കൊണ്ട് പുറം തഴമ്പിച്ച് ഇതിലും കൂടുതൽ വരാനില്ലെന്ന് സ്വയം തിരിച്ചറിഞ്ഞവരായിരിക്കും ആ ചാട്ടക്കാർ. )  

ആഗസ്റ്റ് 15, ജനുവരി 1, ഓണം 10 നാൾ ...ഇതൊക്കെ ഈ മിസ്കീനുകൾക്ക് ഫുൾഡേ ഡ്യൂട്ടി പുല്ലരിയലാണ്. ആഗസ്റ്റ് പതിനഞ്ചിനെങ്കിലും സമാധാനമായി ഒന്ന് ഒരുങ്ങി കളിക്കാനാണ് പോ ലും ഈ മൂന്ന് പഹയമാർ വ്യാജ-ബോധം കെടൽ നാടകം നടത്തുന്നത്. ( ഇതിപ്പോൾ എഴുതിയത് കൊണ്ട് എന്റെ കാര്യം എന്തോ ഏതോ...? ജില്ലയ്ക്ക് പുറത്ത് ഒരു ഫ്ലാറ്റിനു അഡ്വാൻസ് കൊടുക്കാൻ തോന്നിച്ച പടച്ചവനു സർവ്വ സ്തുതിയും.)




Wednesday, April 20, 2011

ഒരു പിതാവിന്റെ അപേക്ഷ


ബഹുമാന്യരേ,

ഞാന്‍ വല്ലപ്പോഴുമേ എന്തെങ്കിലും കുത്തിക്കുറിക്കാറുള്ളൂ. അതൊന്നും വലിയ നിലവാരമില്ലെന്നു നിങ്ങളെപ്പോലെ തന്നെ എനിക്കും ഉത്തമ ബോധ്യമുണ്ട്.  എന്റെ കുറിമാനങ്ങള്‍ ഒന്നും തന്നെ താങ്കള്‍ നോക്കിയില്ലെങ്കിലും സാരമില്ല.  എന്റെ മോന്‍ -സാന്‍ഷൈന്‍- എഴുതിയ  രചനകള്‍ താങ്കള്‍ വായിക്കണം; അഭിപ്രായം എഴുതണം.അവനു പ്രോത്സാഹനങ്ങള്‍ നല്‍കണം.

സാന്‍ഷൈന്റെബ്ലോഗ്‌ :  http://www.worldofsanu.blogspot.com/
സാന്റെ രചനകള്‍ ഇംഗ്ലീഷില്‍- മൊഴി മാറ്റം സാന്റെ ഒരു വായനക്കാരി : http://www.mydreamsandsorrows.blogspot.com/
അവന്റെ  FB ID: : http://www.facebook.com/sun.shines.921

സ്നേഹപൂര്‍വ്വം
അസ്ലം

Thursday, February 24, 2011

നിഷ്ക്രിയത്തം

ഇപ്പോള്‍ ഞാന്‍ നിഷ്ക്രിയത്തത്തിന്റെ
സുഖാനുഭവത്തിലാണ്
ആര്‍ക്കുമിപ്പോള്‍ പരാതിയില്ല;
പരിഭവവും
ആര്‍ ആരോടും സംബോധന ചെയ്യട്ടെ,
എന്റെ കാതുകള്‍ വിശ്രമത്തിലാണ്;
വിരലുകളും .

Monday, February 7, 2011

വഴികള്‍ ഇല്ലാതാകുന്നത്

ഈ നടന്ന വഴികള്‍
പതിഞ്ഞ കാല്‍ പെരുമാറ്റങ്ങള്‍
ഒരിക്കലും പുല്ലുമുള ക്കില്ലെന്ന്‍ പറഞ്ഞ നടപ്പാത
പോക്കുവരവുകള്‍ പതുക്കെ നിറുത്തി
വല്ലപ്പോഴും ഒരു പെരുന്നാളിനോ ഓണത്തിനോ
കല്യാണത്തിനോ ശവസംസ്കാരത്തിനോ
പോയാലായി;
പിന്നെ പതുക്കെ വഴി മറന്നു; അയാള്‍ വഴിയെയും
വഴി നിറയെ പുല്ലുകള്‍ തല നാമ്പ് നീട്ടി;
പശുക്കള്‍ കുശലം പറച്ചില്‍ ആ വഴിക്കാക്കി
ചാണകകൂമ്പാരങ്ങള്‍ വഴിമുടക്കികളായി
ഞാണപുല്ലുകള്‍ ആകാശം നോക്കി വളര്‍ന്നു.
ആരും പറയില്ല ഈ പറമ്പിലും
ഒരു പഴയ വഴിയുണ്ടായിരുന്നെന്നു.
എല്ലാ പരിചിത വഴികളും
അങ്ങിനെയാണ് ഇല്ലാതാകുന്നത്;
സൌഹൃദങ്ങളും.