A S L AM M A V I L A E അസ്ലം മാവില
പോകാൻ പറയുന്നോനോട് പോകാൻ പറയുന്നതെന്തിനാ ...? ******************************************************* മിക്ക വീട്ടിലും ഒരു കുസൃതി പയ്യൻ ഉണ്ടാകും. നമ്മളൊക്കെ ആ പ്രായം കഴിഞ്ഞ് വന്നവരാണല്ലോ. പണ്ടൊക്കെ ഉമ്മറ പ്പടിയിൽ ആയിരിക്കും അവന്റെ ഇരിപ്പ്. കയ്യിൽ ഒന്ന് രണ്ടു ബെൾച്ചിങ്ങ. എ ‘’ടോയ്’’. അന്നത്തെ കളിപ്പാട്ടങ്ങളെ കുറിച്ച് ഒരു ചെറിയ വിശദീകരണം . ബെൾച്ചിങ്ങ, ബെർക്ക്ലേ സിഗരറ്റിന്റെ അകത്തു നിന്ന് കിട്ടുന്ന കാക്കപ്പൊന്ന്, കുപ്പിവള കഷ്ണങ്ങൾ, ആടലോടകം ഇല, മിട്ടായി ചുരുട്ടിയ കടലാസ്, പിഞ്ഞാണക്കഷ്ണം, കാരണവൻമ്മാർ ഉപയോഗിച്ച് കളഞ്ഞ ഫൌണ്ടൻ പേനയുടെ ''സ്റ്റോപ്പ്'', പൊട്ടിയ ബട്ടണ്സ്.
ഈ ചോക്ക്ലറ്റ് പൊതിഞ്ഞ കടലാസൊക്കെ വഴിവക്കിന്നു കിട്ടിയാൽ വലിയ കിട്ടലാണ്. കന്നുകാലിക്കള്ളമ്മാർക്ക് പ്രതീക്ഷിക്കാതെ ഒരു മുട്ടൻ ആട് അവരുടെ വണ്ടിയുടെ മുന്നിൽ പെട്ടാൽ ഉണ്ടാകുന്ന ഒരു സന്തോഷം. അപൂർവ്വം വീട്ടിലൊക്കെയേ അന്ന് ചോക്ക്ലറ്റ് കഴിക്കൂ. അത് കഴിച്ച പിള്ളാരെ ചിറി നോക്കിയാൽ തന്നെ ചോക്ക്ലറ്റ് തിന്ന ഒരു ഒരു സൊഖം. ചിലർ ഇതിന്റെ കടലാസ് ഒരാഴ്ച്ചക്കാലം കീശയിൽ വെച്ച് നടക്കും. അതും അന്നൊക്കെ ഒരു ഗമയായിരുന്നു . കടലാസ് മണക്കൽ തന്നെ ഒരു സംഭവമായിരിക്കും. അതിന്നിടയിൽ അബദ്ധത്തിൽ കയ്യീന്നോ കീശേന്നോ പാക്ക്ന്നോ നഷ്ടപെടുന്ന ചോക്ക്ലറ്റ് കടലാസാണ് നമ്മുടെ കയ്കളിൽ കറങ്ങി തിരിഞ്ഞ് എത്തുക.
ഒരു ദിവസം സ്രാമ്പി ഭാഗത്ത് നിന്ന് അഞ്ചാറു പിള്ളാർ ഞങ്ങളുടെ ഏരിയയിലേക്ക് വരുന്നു. അവർ കാര്യായി എന്തോ പരതുകയാണ്. ''എന്തോളെ നോക്ക്ന്നെ'' - ഞാൻ. ''പാതൈന്റെ മുട്ടായിന്റെ കടലാസ് ബൂണെയ്. കൂക്കീറ്റ് കയ്ന്നില്ല.'' - അന്വേഷണ സംഘ തലവി. ഉമ്മ പറഞ്ഞു പോലും ''പാറീറ്റ് പോയിറ്റ്ണ്ടാഉം'' ! അങ്ങിനെയാണ്കി ഴക്ക് കാണാതായ കടലാസ് കാറ്റ് വഴി പടിഞ്ഞാർ സൈഡ് എത്തിയോന്നു അന്വേഷിക്കാൻ ജമാഅത്തായി വന്നത്. അമ്മാതിരി ഒരു തപ്പൽ ഇന്ന് നടക്കുന്നത് വിമാനം കാണാതായാൽ മാത്രമാണ്. എല്ലാ കടലും അരിച്ചു പെറുക്കിക്കളയും. ഒരു ദിവസം സഊദിക്ക് വരുമ്പോൾ രണ്ടു ആസ്ട്രേലിയക്കാർ എയർപ്പോട്ടിൽ - നടപ്പും ഭാവവും കണ്ടിട്ട് മലേഷ്യൻ വിമാനം തപ്പാൻ ബംഗാൾ ഉൾക്കടലിലേക്ക് പോകുന്ന വഴീന്ന് തോന്നി. ''ഏട്ക്കൊന്നോളേ''ന്ന് ചോദിക്കണമായിരുന്നു. വെറുതെ ഒരു കുഴപ്പത്തിന് നിക്കണ്ടാന്നു വിചാരിച്ചു ഞാൻ മൈൻഡ് ചെയ്തില്ല ) ഇനി വിഷയത്തിലേക്ക് വീണ്ടും . നമ്മുടെ ആ പയ്യൻ ഒരു പച്ചീർക്കിലിന്റെ ഉറപ്പുള്ള ഭാഗം ബെൾച്ചീങ്ങാന്റെ മണ്ടമ്മേൽ കുത്തി മറ്റേ ക്ഷീണിച്ച തല ഒരായത്തിന് വേറൊരു ബെളിച്ചിങ്ങയിൽ കുത്താനുള്ള പെടാപാട് പെടുമ്പോഴായിരിക്കും അടുക്കളയിൽ നിന്ന് ഉമ്മ കൈൽക്കണയുമായി ഒരു വരവ്. ''ഇതോഞ്ഞീ ...പീടേന്ന് ഒരി സേറ് ഉപ്പ് ''മേന്കൊണ്ടന്ന്ർറാ.... '' . ചെക്കന് എന്ത് ഉപ്പ് എന്ത് ഉപ്പിൽങ്ങ. അവൻ ടേപ്പ് റികോർഡിൽ പിടിപ്പിച്ച ഒരു ഉത്തരം ഈടുമ്മൂടും നോക്കാതെ ഒറ്റ പറച്ചിൽ - ''യൻക്കയ്യ..." പിന്നെ പിറുപിറുക്കും. എന്ത് പറഞ്ഞാലും ഈ കട്ടക്കുസൃതിക്ക് ഇതേ ഉത്തരം ആയിരിക്കും - ''യൻക്കയ്യ''. ഉണ്ണാൻ വിളിച്ചാലും അവൻ അത് പറഞ്ഞു കളയും. പിന്നെ ആയിരിക്കും പുള്ളി അബദ്ധം മനസ്സിലാക്കി വളിച്ച ചിരിയുമായി ഭുജിക്കാൻ വരിക.
*********************************************************************************************** നമ്മുടെ യു.പി.യിൽ ഒരു തലേകെട്ടുകാരൻ എം.പി.യുണ്ട്. പുള്ളിയോട് വെറുതെ എന്തെങ്കിലും ''മു ..'' എന്ന് പറഞ്ഞാൽ മതി. അപ്പൊ പറയും : ''പാകിസ്താൻ ജാഒ ....'' . നമ്മുടെ ''യെന്ക്കയ്യ'' യുടെ വേറൊരു പതിപ്പ്. എവിടെ എങ്ങിനെ എന്നൊന്നുമില്ല. ഇപ്പോൾ പത്രക്കാർക്ക് വേണ്ടാതായിട്ടുണ്ട് പുള്ളിയെ. ഉള്ളതാണോന്നു അറിയില്ല . സാക്ഷി മഹാരാജനോട് ഒരു അഭ്യുദയകാംക്ഷി പറഞ്ഞത്രേ : ''ആപ്, മഹീനെമേം ഏക് മർതബ ''പാകിസ്താൻ ജാഒ'' ബോലെഗേതോ കുറച്ചു നന്നായിരുന്നു. ഇതിങ്ങനെ പുട്ട് മേം നാരിയൽ ഡാൽനാ ജൈസാ .... ഹമ്രാ പാർടി കീ റേറ്റിംഗ് ബഹുത് താഴെ പോകുന്നു ''. അവനോടും പുള്ളി പറഞ്ഞു പോലും - ''തും പാകിസ്താൻ ജാഒ ''. തൃപ്തി ആയി ! ബറ്റിച്ചത് : അതോണ്ട് ആരും പുള്ളിക്ക് മറുപടി എഴുതി നേരം കളയണ്ട. അത് ആന മണ്ടത്തരമാണ്. ‘’യെന്ക്കയ്യ'' എന്ന് കുസൃതികൾ പറയുമ്പോൾ ആരെങ്കിലും അത് സീരിയസ്സായി എടുക്കാറുണ്ടോ? സാക്ഷിജീ അങ്ങനെ പറഞ്ഞപ്പോഴല്ലേ എനിക്ക് ഇങ്ങനെ ഓർമ്മ വന്നത്. സാരോല്ല; ഒരെണ്ണം അങ്ങിനെയും ഇരുന്നോട്ടെ, അങ്ങ് വടക്ക്...
No comments:
Post a Comment