Tuesday, February 16, 2016

കുട്ടിക്കാല കുസൃതിക്കണ്ണുകൾ


കുട്ടിക്കാല കുസൃതിക്കണ്ണുകൾ

സ്കൂൾ അവധിയായാൽ മിക്ക വീടിന്റെ മുന്നിലും ഒരു കൂട് പീടിക പ്രത്യക്ഷ്യപ്പെടും. പെരുന്നാളിന് കിട്ടിയ പൈസ, നോമ്പിനു കിട്ടുന്ന പൈസ, തൊട്ടിൽകെട്ടലിനു കിട്ടിയത്, ആരെങ്കിലും വിരുന്നുകാർ വന്നു തന്നാൽ, പെങ്ങളുടെ ഭർത്താവ് ബോംബെയിന്ന് നാട്ടിൽ വന്നാൽ കിട്ടുന്നത്... ഇതൊക്കെ ചില പാവങ്ങൾ കുഞ്ഞികുടുക്കയിലും ഉമ്മാന്റെ പെട്ടിയുടെ ഒരു മൂലയിലുമായി സൂക്ഷിച്ചു വെക്കും. 
പിള്ളേർ മിഠായി വാങ്ങി തിന്നുന്നതിന് ഉപ്പയോ ഉമ്മയോ കണ്ടെത്തുന്ന ഉപായമാണ് ''സാലെ അട്ചിട്ട്ടായിറ്റ്'' വീട്ടിനു മുന്നിൽ ഒരു കട ഇട്ടുതരാമെന്ന വാഗ്ദാനം. പാവങ്ങൾ, ഈ കച്ചവടം ചെയ്ത് കിട്ടുന്ന ലാഭവും അതുക്കും മേലെ 10 സൂപർമാർക്കെറ്റും കിനാവ് കണ്ട് ധനശേഖരം തുടങ്ങും. 
ഇതൊക്കെ എത്ര കൂട്ടിയാലും ചെറിയ സംഖ്യേയാകൂ. സുന്നത്ത് കല്യാണത്തിനാണ് നല്ലൊരു പൈസ കയ്യിൽ വരിക.  പക്ഷെ അത് കയ്യിൽ കിട്ടണം.  പക്ഷെ ആ പൈസ ഒന്ന് സൂക്ഷിച്ചു വെക്കാനും പ്രയാസമാണ്. മോന്തായത്തിൽ തുണിയും കെട്ടി കൂടാരമുണ്ടാക്കി, ഉടൽ അകത്തും തല പുറത്തുമി ട്ടു സന്ദർശകരുടെ ''സുന്നത്ത്-കൈനീട്ട''വും കാത്ത്, വേദന കടിച്ചു പിടിച്ചു കിടക്കുന്ന ഈ പാവങ്ങളുടെ കയ്യിന്നു ചില കണ്ണിൽ ചോരയില്ലാത്ത ഏട്ടന്മാർ ''സുന്നത്ത് പൈസ ചില്ലറ അടക്കം ലൂട്ട് ചെയ്യുമ്പോൾ ആ പൈസ എങ്ങിനെ ബാക്കിയാകും? അന്ന് നാട്ടിൽ അതൊരു സ്ഥിരം ഏർപ്പാടായിരുന്നു. നമ്മുടെ ''കുഞ്ഞിപുയ്യാപ്ല '' കുളിച്ചും നലച്ചും നാലാഴ്ച കഴിഞ്ഞു ഇറങ്ങുമ്പോഴേക്കും ഏട്ടന്മാർ ഈ പാവത്തിന്റെ പൈസ കൊണ്ട് കട്ടായി-മിടായി-അരുൽ ജ്യോതി-തേൻചക്കിളിത്യാദി കഴിച്ചു ഏംബക്കമിട്ടിരിക്കും. 
  അന്നൊക്കെ ഒരുത്തൻ പീടികയിൽ നിന്ന്അസാധാരണമായി ഇമ്മാതിരി വകുപ്പുകൾ വാങ്ങി പാത്തും പതുങ്ങിയും തിന്നുന്നത് കണ്ടായിരുന്നു ഞങ്ങളൊക്കെ ആ വീട്ടിൽ ഒരു സാധു അനിയൻ ചെക്കൻ സുന്നത്ത് കല്യാണം കഴിഞ്ഞ് മോന്തായം നോക്കി സൂപർമാർക്കറ്റ് സ്വപ്നം കണ്ടുകൊണ്ട് കിടക്കുന്നതൊക്കെ ഊഹിച്ചെടുത്തിരുന്നത്. ചിലരൊക്കെ രാത്രി പീടികയുടെ കോലായിൽ ഇരുന്നു അവിയൽ കുഴക്കലിനു ഷെയർ കൂടുതന്നതും ഈ കാശ് പൊക്കിയാണ്. (അവിയൽ കുഴക്കലിന്റെ ഒരു ഒന്നൊന്നൊര അനുഭവം ആ സമയമെത്തുമ്പോൾ എഴുതാം. ഇത് തന്നെ എഴുതിത്തീരുമ്പോൾ എവിടെ എത്തുമോ ആവോ ?). 
ഇതൊക്കെ എന്ത് പൊക്കൽ ? ഈ പാവങ്ങളുടെ   പുണ്ണ് ഉണങ്ങാൻ നല്ല നെയ്യും മുളകുമിട്ട് ഉണ്ടാക്കിയ കോഴിക്കറിയുടെ ചട്ടിയിൽ നിന്ന് രായ്ക്ക് രാമാനം  പീസ്  അടിച്ചു മാറ്റുന്ന ഒരു സൌകൂനെ അറിയാം. പുള്ളിക്ക് കുറെ അനിയന്മാർ ഉണ്ടായിരുന്നു. അവന്റെ ഉമ്മാന്റെ അടികൊള്ളാൻ  അവിടെ അവൻ  ഒരു കണ്ടൻ പൂച്ചയെ എവിടെന്നെങ്കിലും കൊണ്ട് വന്നു  വളർത്തുമത്രെ. ബായ് ബരാത്തെ ആ ജീമനാദി ഇപ്പോൾ  എവിടെ അന്ത്യ വിശ്രമം കൊള്ളുന്നുണ്ടോ ആവോ ?
പൈസ പൊക്കാൻ കുൽസുമാരും ഒട്ടും  കുറവല്ല.  അത് ‘’ഇച്ചാ’’മ്മാറെ ഏൽപ്പിക്കും. അതിനുള്ള പ്രതിഫലമായി ഒരു കട്ടായി കഷ്ണം പകരം കിട്ടും. (ഇവർക്ക് ഈ ഒരു കട്ടായി കഷ്ണം തന്നെ മതി മൂന്ന് ദിവസത്തേക്ക് നക്കിയും നുണഞ്ഞും തിന്നാൻ. ഇപ്പോഴും പെമ്പിള്ളേർ അങ്ങിനെതന്നെയാണെന്ന് അറിയാൻ കഴിഞ്ഞു - എനിക്ക് പെൺമക്കൾ ഇല്ലാത്തത് കൊണ്ട് ഇക്കാര്യത്തിൽ വലിയ അറിവില്ല).
''അപ്പ്യോക്ക് സുന്നതാക്കീട്ട് കൊറേ പൈസ കിട്ട്ന്ന് ....ആഗ...എന്റെ സുന്നത്താക്ക് അമ്മാ....'' നിഷ്കളങ്കമനസ്സിൽ അമ്മയോട് വാശി പിടിച്ച ബന്നൂറെ ഒരു ''സുകു''വിന്റെ കഥ കുഞ്ഞിമ്മാളു അമ്മ എന്റെ വീട്ടിലെ ‘’സായാഹ്നവനിതാ സൊറ പറച്ചിലി’’നിടയിൽ പറഞ്ഞു ചിരിച്ചു ചിരിച്ചു വീണതും ഞാനും അത് കേട്ട് ചിരിച്ചപ്പോൾ ഒരു കുൽസുവിന്റെ ഉമ്മ എന്നെ ശ്രദ്ധിച്ചതും അവർ എന്റെ ഉമ്മയോട് നട്ടാൽ മുളക്കാത്ത പരാതി പറഞ്ഞു രണ്ടെണ്ണം എനിക്ക് കിട്ടാൻ എരിതീയിൽ എണ്ണയൊഴിച്ചതും ഓർമ്മ വരുന്നു.
ഇന്നത്തെ പോലെയല്ല, അന്ന് റമദാനിലും ഒരു മാസം സ്കൂൾ അവധി കിട്ടുമായിരുന്നു. പറമ്പിന്റെ മുമ്പിലായിരിക്കും മിക്ക പയ്യന്സിന്റെ മിഠായി കട. ആരെങ്കിലും ഒരുത്തൻ വന്നു കാശ് കൊടുത്ത് വാങ്ങിയാലായി. ബാക്കി അധികവും സ്വന്തം വീട്ടിലെ തന്നെ ചെറിയ കുട്ടികൾ വന്നു ബഹളം വെച്ചും നിലവിളിച്ചും ഭരണിയിൽ കയ്യിടും. അതൊക്കെ കടമായി പിള്ളേർ കാര്യായി എഴുതി വെക്കും. 
ഒരു പൊളിഞ്ഞ മാൻ മാർക്ക് ഓടിലെ പരന്ന സ്ഥലത്ത്   സ്കൂളിലെ ഓഫീസ് റൂമിന്റെ പിൻവശത്ത് നിന്ന് കിട്ടുന്ന കുഞ്ഞു ചോക്ക് കഷ്ണം കൊണ്ടോ വെള്ള മണ്ണിൻ കട്ട കൊണ്ടോ ഒപ്പിച്ചു എഴുതി പിടിപ്പിക്കും. കടം പറയാൻ പെമ്പിള്ളേരായിരുന്നു   ഉഷാർ. 
കടം-ബോർഡിലെ   എഴുത്തൊക്കെ കണ്ടാൽ വൈകുന്നേരം വരെ ചിരിക്കാൻ മതി. (അന്നൊക്കെ whatsaap ഉണ്ടായിരുന്നുവെങ്കിൽ…..) .  പെട്ടിക്കടയിലെ മിഠായി തിന്നാൽ എനിക്ക് മാത്രം വരുന്ന വയറ്റു വേദന അന്ന് ഉണ്ടായിരുന്നത് കൊണ്ട് പെട്ടിക്കടയിലെ സകല സാധനങ്ങളും വീട്ടുകാർ എനിക്ക് ''ഹറാം'' ആക്കി. പിന്നെ അതിനു മെനക്കെടാതെ ഞാൻ കടയുടെ മുമ്പിൽ വന്നു ഇതൊക്കെ വായിച്ചു സ്വയം ചിരിക്കുക എന്നത് ഒരു സ്ഥിരം ഹോബിയാക്കി.  
ഒരു ദിവസം ഞാൻ  വയറു വേദന വന്നു ഉള്ളതിലും കൂടുതൽ ആക്റ്റ് ചെയ്യുമ്പോൾ ഒരു കൊസറാക്കൊള്ളി കുൽസൂന്റെ ഉമ്മ വീട്ടിൽ കയറി വന്നു. അവർ എന്റെ ഓവർ സ്മാര്ട്ട് കണ്ട് എനിക്ക്  തന്ന എട്ടിന്റെ പണിയായിരുന്നു - ''ക്ടാഉ അ  ആ നാർന്നെ മുട്ടായി തുന്ന്റ്റായ്റ്റ്ണ്ടാഉ''   എന്ന പൊളപ്പൻ അന്നം മുട്ടുന്ന ഡയലോഗ്.  ഉമ്മയും സഹോദരിമാരും  അതേറ്റെടുത്തു. ഈ ഫണ്ട് നിർത്തലാക്കാൻ എന്തെങ്കിലും ഒരു കാരണം നോക്കി  അവർ നടക്കുകയാണെന്ന് എനിക്ക് തോന്നിപ്പോയി  ആ ഒരു മയമില്ലാത്ത തീരുമാനം എടുത്തപ്പോൾ.  പെട്ടിക്കടയിൽ നിന്ന് വല്ലപ്പോഴും എന്തെങ്കിലും വാങ്ങി നുണയാൻ കിട്ടിയിരുന്ന പൈസ അതോടെ  എന്നെന്നേക്കുമായി നിലച്ചു. ( ഇപ്പോഴും അതൊക്കെ ഓർമ്മ വരുമ്പോൾ ഞാൻ വിചാരിക്കാറുണ്ട് വയറു വേദന നാടകം കുറച്ചു ഓവറായിപ്പോയില്ലേയെന്നു ). 
സൗകുമാർ അന്ന് കടം-ബോർഡിൽ എഴുതി വെച്ചിരുന്ന ഓർമ്മയിലുള്ള ചിലത് ചുവടെ:
മഞ്ഞ - പതൈ. 
പതൈ - അഞ്ചൈ 
എസൈ - കട്ടൈ 1
അദ്ലജി  -നൂജറുട്ടൈ  1
എന്ന് വെച്ചാൽ, മാഞ്ഞ എന്ന മറിയംബി പത്തു പൈസ കടം. പാതൈ എന്ന ബീഫാതിമ അഞ്ചു പൈസ കടം.  ഐസൈ എന്ന ആയിഷ ഒരു കട്ടായി മുടായി കടം; അദ്-ലഞ്ഞി എന്ന അബ്ദുല്ല നൂലിൽ കോർത്ത അന്നത്തെ പത്തു പൈസ ഷേയ്പ്പുള്ള  വട്ടത്തിൽ കറക്കി പിന്നെ ഒരു ആയത്തിൽ വലിച്ചു കളിക്കുന്ന മിഠായി കടം  (''സ'' എന്ന അക്ഷരം ഓടിന്റെ കുഴിയുള്ള ഭാഗത്തായിരിക്കും ഉണ്ടാവുക). 
അന്ന് മിഠായി ഇട്ടു വെക്കാനുള്ള കുപ്പി കിട്ടാനും പ്രയാസമാണ്. ചിലർ ലേഹ്യം കഴിച്ച് തീർന്നാൽ, അതല്ലെങ്കിൽ വെള്ളപ്പൊക്കം വരുമ്പോൾ എവിടെന്നെങ്കിലും ഒലിച്ചു വരുന്ന ''ചബാരെ''യുടെ കൂടെ കിട്ടുന്ന ഭരണികൾ ഇതൊക്കെയാണ് ആശ്രയങ്ങൾ. ചില ഐറ്റംസൊക്കെ കുടക്കമ്പി വളച്ചു, അതിൽ അങ്ങിനെ തന്നെ തൂക്കും. അതിലേറെ രസം നാലഞ്ചു കുപ്പിയും അതിനുള്ള ഉരുടികളുമാണ് ഉള്ളതെങ്കിലും മിക്ക കടയിലും മൂന്ന്-നാല് സെയിൽസ്മാന്മാർ കാണും ! ശമ്പളം കൊടുക്കേണ്ടല്ലോ അത് കൊണ്ടായിരിക്കും ഇത്രേം സെയിൽസ്മാന്മാർ. 
പെട്ടിക്കട തുടങ്ങുമ്പോഴേ ചില വിദ്വാന്മാർ കടം ഉണ്ടോന്നു ചോദിച്ചറിയും. അത് പിന്നെ എഴുതി തള്ളലാണ്. ട്രാജെഡി എന്ന് പറയുന്നത്  പത്തു പതിനഞ്ചു ദിവസത്തിൽ തന്നെ മിക്ക കൂടുകടകളും നഷ്ടത്തിൽ അടച്ചു പൂട്ടും.  പറ്റ് കൊണ്ടും പറ്റിക്കൽ കൊണ്ടുമായിരുന്നു ശരിക്കും അന്നവരുടെ കടകളൊക്കെ അടച്ചു പൂട്ടിയത്.  പിന്നെ ഈ ചെറുകിടകച്ചവടക്കാർ ‘‘കുട്ടീംദാണെ'' കളി തുടങ്ങും.

നിരീക്ഷണം

നിരീക്ഷണം അസ്‌ലം മാവില ''വായിക്കുക, സൃഷ്ടിച്ചവനായ നിന്റെ ദൈവത്തിന്റെ നാമത്തിൽ. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ട്ടിച്ചിരിക്കുന്നു. നീ വായിക്കുക , നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവൻ. മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിച്ചിരിക്കുന്നു'' പരിശുദ്ധ ഖുർ-ആൻ ആൽബർട്ട് ഐൻസ്റ്റീൻ ഇങ്ങനെ പറഞ്ഞു : നിങ്ങൾ ഒരു കാര്യം അറിഞ്ഞിരിക്കുക തന്നെ വേണം, THE LOCATION OF LIBRARY. ''കയ്യിൽ ഒരു കനപ്പെട്ട പുസ്തകത്തിന്റെ ആധികാരികത ഇല്ലാതെ വാചകമടിക്കുന്നവനെ സൂക്ഷിക്കണം'' - Lumeny Snicket ഒരാൾ ലൈബ്രറി അന്വേഷിച്ചാണ് പോകുന്നതെങ്കിൽ അയാളെ സൂക്ഷിക്കുക; തിരിച്ചു വരിക ഒരു പാട് ചോദ്യങ്ങളും ചിന്തകളും വെല്ലുവിളികളുമായിട്ടായിരിക്കും. വായിക്കുന്നവനെ അധികമാർക്കും അധിക സമയം വിഡ്ഢിയാക്കാൻ സാധിക്കില്ല. ''പുസ്തകമുള്ള ഭവനത്തിലാണ് ആത്മാവ്. അതില്ലാത്തിടം ശ്മശാന തുല്യം''. പ്ലേറ്റോ നമ്മുടെ പഴയ ഓർമ്മയിൽ വായനായിടം മർഹൂം ഖാദർ ഹാജി സാഹിബിന്റെ പല വ്യഞ്ജന കട. റീഡിംഗ് സ്റ്റാന്റ് ''കുന്നോ''ളം വലിപ്പം തോന്നിക്കുന്ന ഉപ്പു ചട്ടി. വായന തൊട്ടടുത്ത ഹോട്ടലിലേക്ക് നീളും; പിന്നെ പേജുകൾ പാറി പാറി (കൈമാറി കൈമാറി) ഹോട്ടലിന്റെ അകത്തുള്ള ഒരു വരി കട്ടിലിലേക്ക്; പിന്നെ പോസ്റ്റ്‌ ഓഫീസിന്റെ ഉമ്മറത്തുള്ള കാവി തേച്ച സീറ്റിൽ ....അന്നത്തെ തുറന്ന വായന ശാലയുടെ നീളവും പരിധിയും അത്രയും നീളവും വീതിയുമുണ്ടായിരുന്നു. അന്ന് ഗൌരവത്തോടെ വായിച്ചിരുന്നവരും ഉണ്ടായിരുന്നു. എന്റെ പിതാവ് മുതൽ ഞങ്ങളുടെ അയൽക്കാരായ കഴിഞ്ഞ ദിവസം നമ്മോട് വിടപറഞ്ഞ മർഹൂം സീദിക്കുഞ്ഞി സാഹിബ്, മർഹൂം മുഹമ്മദ്‌ കുഞ്ഞി സാഹിബ് .....അങ്ങിനെ അങ്ങിനെ ഒരു പാട് വായനക്കാർ. തുടർന്ന് അവരുടെ വട്ടം കൂടിയുള്ള ചർച്ചകൾ. പരസ്പരം കൊണ്ടും കൊടുത്തും ഉൾക്കൊണ്ടും ഉള്ളറിഞ്ഞുമുള്ള സംഭാഷണങ്ങൾ .... വായിക്കാൻ പ്രയാസപ്പെടുന്നവർക്കും പ്രായമേറെ ചെന്നവർക്കും ഉറക്കെ വായിച്ചു കേൾപ്പിക്കുന്ന മർഹൂം ഹമീസ്ച്ച ... ഒരു കാലഘട്ടം അങ്ങിനെ കടന്നു പോയിട്ടുണ്ട്. ഇതേ പോലുള്ള ഓപ്പൺ വായനശാല പിന്നെ കാണുന്നത് മർഹൂം മമ്മിൻച്ചാന്റെ കടയിൽ. അവിടെ പത്രം നീണ്ടു വിശാലമായി ഇരുന്നു വായിക്കാൻ കുറച്ചു കൂടി സൗകര്യം, പത്രങ്ങൾ കൂടാതെ വാരികകളും മാസികകളും അവിടെ ഉണ്ടാകും. മാസാമാസമോ രണ്ടു മാസത്തിലൊരിക്കലോ എഴുതി ത്തീരുന്ന മുറയ്ക്ക് അന്നത്തെ ഞങ്ങളുടെ കയ്യെഴുത്ത് പ്രസിദ്ധീകരണങ്ങൾ തിരിച്ചു ലഭിക്കുമെന്ന വിശ്വാസത്തോടെ കൊണ്ടിടാൻ പറ്റിയ നല്ല സ്ഥലം... സീച്ചും എച്ച്ക്കെയും എഞ്ചി. ബഷീറും ബി. ബഷീറും സാപും മുഹമ്മദ് കുഞ്ഞി മാഷുമൊക്കെ അതിലെ സ്ഥിരം എഴുത്തുകാരായ സന്ദർഭങ്ങൾ.... ആ കടകളിൽ ആൾപ്പെരുമാറ്റം നിലച്ചപ്പോൾ ആ രണ്ടു ജനകീയ ഓപ്പൺ വായനശാലകളും ചർച്ചാ വേദികളും എടുത്തു പോയി. സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി മമ്മിൻച്ചാന്റെ കടയും ബൂഡിൽ പോക്കുച്ചാന്റെ കടയും രാത്രി 9 മണിക്ക് ശേഷം ഞങ്ങൾക്ക് സ്നേഹപൂര്വ്വം വിട്ടു തന്നത്, ചിമ്മിനിയുടെ അരണ്ട വെളിച്ചത്തിൽ അക്ഷരങ്ങൾ കൂട്ടി പഠിപ്പിച്ചത് ..എല്ലാം ഓർമ്മയിൽ മിന്നലാട്ടം...... 1984 ൽ ഒ എസ്. എ രൂപീകരണം. 1988 ഓഗസ്റ്റ് 08 നു ഒ.എസ് .എ യുടെ വായനശാല കരീം സാഹിബിന്റെ കെട്ടിടത്തിൽ തുടക്കം. വായിക്കാൻ അവിടെ കന്നഡ, ഇംഗ്ലീഷ്, മലയാള പത്രങ്ങൾ. പിന്നീട് വായനശാല മർഹൂം എം.എ. മൊയ്തീൻ കുഞ്ഞി സാഹിബിന്റെ കെട്ടിടത്തിലേക്ക് കൂട് മാറ്റം. അവിടെയും കുറച്ചു വർഷങ്ങൾ. ചെറിയ രൂപത്തിൽ ഗ്രന്ഥശാലയുടെ തുടക്കം അവിടെ. പുസ്തകങ്ങൾ വായിക്കാൻ സ്ത്രീകൾ അടക്കം രജിസ്റ്റെർ ചെയ്യുന്നു. വീടുകളിൽ നിന്ന് വായിച്ചു തീര്ന്ന പുസ്തകങ്ങളുടെ ശേഖരണം..... നല്ല ഓർമ്മകൾ മാത്രം ഇവിടെ കുറിക്കുന്നു; അതാണ്‌ ഇപ്പോൾ ആവശ്യം എന്ന് തോന്നിയത് കൊണ്ട്. വർഷങ്ങൾക്ക് ശേഷം സന്മനസ്സുള്ളവരുടെ ശ്രമ ഫലമായി തുടങ്ങിയ പടല വായനശാലയുടെ പൊതുസഭ ഇന്ന് ചേരുമ്പോൾ അവിടെ സംബന്ധിക്കുന്നവരുടെ മനസ്സിൽ പഴയ കാല ഓർമ്മകൾ മിന്നി മറയുമായിരിക്കും. ഇന്നലെ വോയിസ് നോട്ടിൽ സൂചിപ്പിച്ചത് ഇവിടെയും ആവർത്തിക്കുന്നു, വായനശാല ഒരു അടയാളമാണ്. നന്മയുടെയും സക്രിയതയുടെയും അടയാളം. അത് പൊടിപിടിക്കാതെ നിലനിൽക്കുക മാത്രമല്ല; കൂടുതൽ വെട്ടിത്തിളങ്ങണം. വായന ശാല സജീവമാകണം. ഗ്രന്ഥപ്പുര അതിലിടം കണ്ടെത്തണം. വായനയുടെ ഒരു transaction നിരന്തരം നടക്കണം. സ്വന്തമായ കെട്ടിടം. ഇരുന്നും നിന്നും വായിക്കാനുള്ള സൗകര്യം. കനപ്പെട്ട പുസ്തകങ്ങൾ. അവ അവിടെ തന്നെ വിശ്രമിക്കാതെ നിരന്തരം കൈമാറ്റം ചെയ്യപ്പെടുക. അങ്ങിനെയുള്ള വായനാപരിസരം ഉണ്ടെന്നു ഉറപ്പു വരുത്തുന്ന ചെറു സംഘമുണ്ടാകുക. പുസ്തക ചർച്ച; കലാ -സാഹിത്യ കൂട്ടായ്മകൾ ; മത്സരങ്ങൾ. വായന പ്രോത്സാഹിപ്പിക്കുന്ന വേദികൾ . എഴുത്തുകാരെയും കലാകാരന്മാരെയും പരിചയപ്പെടുത്തൽ. എഴുതുന്നവർക്ക് പ്രോത്സാഹനം നൽകി അവരെ കണ്ടെത്തി അറിവിന്റെ സദസ്സിൽ അനുമോദിക്കൽ...... എന്നും പ്രസക്തമായതാണ് ഈ കുറിച്ചത്. Reading something is like re-writing something for yourself.

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

മാവിലേയൻ

ഒരു കുൽസു വന്നിരിക്കും; അതിന്റെ പിന്നിൽ അതിലും കുറച്ചു വലിയ കുൽസു; പിന്നെ അവളെ അമ്മായി  ; പിന്നെ കുൽസൂന്റെ ഉമ്മ; അതിനു പിന്നാലെ ഒരു അയൽക്കാരി; തപ്പിത്തപ്പി  മാമാഉം. സാധാരണ വൈകുന്നേരമായാൽ മിക്ക വീടുകളിലും കാണുന്ന സ്ഥിരം കാഴ്ച. സംഭവം പിടികിട്ടിയോ ? പേൻ എടുക്കൽ സഹകരണ സംഘം ഓൺ ആക്ഷൻ.

രണ്ടു തരത്തിലുള്ള പരാന്നഭോജികളാണ് തലയിൽ ഉള്ളത്. ഒന്ന് ഈറ് ( ലാർവ ); പിന്നൊന്ന് പേൻ. പേനിൽ തന്നെ രണ്ടു വിധം. ചെറിയ പേൻ; കൊട്ടപ്പേൻ. കൊട്ടപ്പേനിനെയാണ് നാട്ടിലുള്ള മൊത്തം  കുൽസു,  കൗസല്യമാരുടെ മാതാശ്രീകൾ ''പോത്ത് പൊൽത്തെ'' പേനെന്നു പറഞ്ഞു ബാക്കിയുള്ളവരെ പേടിപ്പിക്കുന്നത്.

 കത്തിയും കട്പ്പോത്തിയും കുഞ്ഞിക്കത്തിയുമായി ഒന്നിന് പിന്നാലെ മറ്റൊന്ന് എന്നാ പോലെ   ഈ ലേഡീസ് വിംഗ്  ഇരിക്കും.  ആ നീണ്ട നിര ചിലപ്പോൾ  ''കുച്ചിപ്പർത്തെ''ന്നു തുടങ്ങിയാൽ അടുക്കള ഉമ്മറപ്പടി വരെ നീളും.  പിന്നെ ഈ ബിചാറാ ''ജൂം'' കുഞ്ഞുങ്ങളെ   നിഷ്ഠടൂരം ഈ മങ്കമാർ  കൊല്ലാ കൊല ചെയ്യും. പാവം പേനുകളെ കൊല്ലുന്നത് ഇവർക്ക്  എന്ത് വകുപ്പിലാണ്   ഹോബിയായി മാറിയതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. നമ്മളെങ്ങാനും  ''കത്തി ഒന്ന് തന്നേന്നു'' വൈകിട്ട് ഇവരോട്   ചോദിച്ചാൽ,  പിന്നെ മഗ്രിബ് ബാങ്ക് കൊടുക്കും വരെ ആ വസ്തു  കിട്ടുക പ്രയാസം.  അതിനു മുമ്പെങ്ങാനും കത്തി  കിട്ടിയാൽ കിട്ടി. അവൻ വല്ല പറയപ്പെട്ട  പുണ്യം ചെയ്തിട്ടുണ്ടെങ്കിൽ.

ഇവർ പേൻവേട്ട നടത്തുന്നത് ഒന്ന് കാണേണ്ടത് തന്നെ.   മുടിയുടെ ഓരോ അല്ലി (layer ) യും കത്തിയുടെ കൊക്ക് (മുനകൂർത്ത അറ്റം ) കൊണ്ട് വാർന്ന് എടുത്ത് അതിന്റെ ഗ്യാപ്പിലുളള ചെറിയ നേർത്ത  തോട്ടിൽ കൂടി ഈ മിസ്കീനുകളെ ഓടിക്കും.  പൈതങ്ങൾ അടുത്ത മുടി കൂട്ടങ്ങൾക്കിടയിൽ ഊളിയിട്ട് രക്ഷപ്പെടാൻ നോക്കുമ്പോഴേയ്ക്കും   അങ്ങിനെ തന്നെ പൊക്കിയെടുത്ത് കത്തിയുടെ പരന്ന  ഭാഗത്ത് എടുത്ത് ഇടും. ഇവറ്റകൾ ജീവൻ കിട്ടിയ സന്തോഷത്തിൽ  ഓടി  ഓടി, കത്തിയുടെ അടിഭാഗത്ത് അഭയം തേടാൻ വിഫല ശ്രമം നടത്തുന്നതിനിടയിൽ നമ്മളൊക്കെ പാവങ്ങളെന്നു കരുതിയ സ്ത്രീകൾ നഖം കൊണ്ട് നിർദ്ദയം ഒരു പ്രെസ്സിംഗ് ഉണ്ട്, അതിന്റെ ശബ്ദം അടുക്കള ഭാഗത്തിന്നു നിന്ന് പൂമുഖത്തേക്ക്‌ കേൾക്കും.  പേനുകളുടെ വയർ പൊട്ടിത്തെറിക്കുന്നതാണ് ആ ഘോര ശബ്ദം.  ആ  കുടൽ പൊട്ടുന്ന ശബ്ദം കേട്ട് ആത്മ സംതൃപ്തിയും  ആഹ്ലാദവും  കൊള്ളുന്ന ബാക്കിയുള്ള കുൽസുമാരടക്കമുള്ള  സ്ത്രീകളുടെ ഒരു നിര തന്നെ ഉണ്ടാകും ; ഹോ എത്ര ഭീകരം !  ചില ജൂനിയർ കുൽസുമാർക്ക് തള്ളമാർ പേനെടുത്ത് നഖത്തിൽ വെച്ച് കൊടുക്കും. അത് എന്തോ ആമാട കിട്ടിയത് പോലെ .....നഖത്തിൽ എടുത്ത്, കൊന്നു കൊലവിളിക്കും. പിടിച്ച പേൻ ഒരിക്കലും കുതറി രക്ഷപ്പെടരുതെന്നു വെറുതെ ഒരു അന്ധവിശ്വാസം അന്ന് നാട്ടിൻ പുറത്ത്  ഉണ്ടായിരുന്നു എന്ന് തോന്നുന്നു . രക്ഷപ്പെട്ട പേനുകൾ സ്വപ്നത്തിൽ പോത്തായി വന്നു ഉറക്കം കെടുത്തും എന്നോ മറ്റോ...

പേനിന്റെ മുട്ടയാണ്‌ ഈറ്. ഈ പുള്ളി  വെള്ളനിറത്തിലോ  ചാര നിറത്തിലോ  കണ്ണുനീർ തുള്ളി രൂപത്തിലിരിക്കും. ഏതോ അമ്മപ്പേൻ പെറ്റത് കൊണ്ട് മാത്രം ഒരു മുടി നാരിഴയിൽ തൂങ്ങിയാടുന്ന ഇവർക്ക്  കുൽസു-കൗസല്യമാരുടെ കത്തിവേട്ടയിൽ നിന്ന്  ''ബദ്ക്കുക'' എന്നത്  വളരെ പ്രയാസമുള്ള കാര്യമായിരുന്നു.  ഒരു വിധം  കൂട്ടക്കുരുതിയിൽ നിന്ന്  രക്ഷപ്പെട്ടു പ്രായ പൂർത്തിയായ പേനൊക്കെയായി  വിലസാമെന്ന്  പ്രതീക്ഷിച്ചിരിക്കുമ്പോഴായിരിക്കും ഇടിത്തീ പോലെ   ഇരു തല വായുള്ള ചീർപ്പിന്റെ കടന്നാക്രമണം വരിക.

ചത്തതോ അറുത്തതോ ആയ പോത്തിന്റെ കൊമ്പിൽ തീർത്ത ചീർപ്പുകൾ ആയിരുന്നു അന്ന് മാർക്കറ്റിൽ ലഭ്യം.  (പേനിനു ഇങ്ങനെയൊക്കെ പോത്തുമായി ബന്ധമുള്ളത് കൊണ്ടാണോ കൊട്ടപ്പേനിനെ ''പോത്ത് പൊൽത്തെ'' പേൻ എന്ന് പറഞ്ഞിരുന്നതെന്ന് എനിക്ക് ഒരു സംശയം.).  അന്നൊക്കെ കാസർകോട് മല്ലികാർജുന ക്ഷേത്രത്തിന്റെ മുന്നിൽ നിരന്നു  ഇരുന്നു ഒരു കൂട്ടർ മഴയും വെയിലും  വക വെക്കാതെ കമ്പി പൊട്ടിയ കുടയ്ക്കു കീഴിൽ  പോ-കൊ-ചീർപ്പ് നിർമ്മാണത്തിലേർപ്പെട്ടിരുന്നത് നിത്യ കാഴ്ചയായിരുന്നു.

പക്ഷെ,  എനിക്ക് തോന്നുന്നത് ഈ വാ-വരാത്ത ജീവികൾ ഏറ്റവും ഭയന്നിരുന്നത് ''ഈരോളി''യെയായിരിക്കാനാണ് സാധ്യത. ഇതിന്റെ ഒരറ്റം വളരെ ചെറിയ വിടവ് വെച്ച് നല്ല 10-12  സെന്റി നീളത്തിൽ  ഈർന്നിരിക്കും.  ഇതൊരു ഓട്ടോ മാറ്റിക് ലൈസ് കില്ലിംഗ് മെഷിൻ ആണ്. ഇത് തലയിൽ ഇട്ടു കുൽസുമാരുടെ ചേച്ചി -ഉമ്മ -അമ്മൂമമാർ നീട്ടി വലിക്കുന്നത് സ്ലോമോഷനിൽ കാണണം. പേൻ എടുക്കാൻ ഇരുന്ന കക്ഷിയുടെയും പേൻ എടുക്കുന്ന കക്ഷിയുടെയും മുഖവും  രസവും ഭാവവും നവരസങ്ങളിൽ ഒന്നും നിങ്ങൾക്ക് തപ്പിയാൽ കിട്ടില്ല.  അമ്മാതിരി എക്സ്പ്രഷൻ.  വായിൽ പച്ച പുളി ചവച്ചു, കൂട്ടത്തിൽ ഒരു ചുട്ട ഉരുളൻ കിഴങ്ങ് തൊണ്ടയിൽ കുടുങ്ങി, ഐസ് വെള്ളം കുടിക്കുമ്പോൾ എങ്ങിനെയിരിക്കും - ആ ഒരു മുഖ ഭാവം. ഏതാണ്ട് അത് പോലെ എന്ന് പറയാം.

 ''ഇരോളി'' പ്രയോഗവൽക്കരിക്കുമ്പോൾ  സ്..സ്..സ്..സ്സ്സ്. എന്നൊരു ശബ്ദം ഇവർ വെറുതെ ഉണ്ടാക്കും. പിന്നെ ഈർന്നെടുത്ത് വായുവിൽ വെച്ച് തന്നെ  അതപ്പാട് കണ്ണിചോരയില്ലാതെ മൊത്തത്തിൽ ഞെക്കി ഉടക്കും. അതോടെ ഒരു മാതിരി പേൻ കുഞ്ഞുങ്ങളും അവറ്റങ്ങളുടെ  പേരക്കുട്ടികളും രക്ത സാക്ഷിത്വം വഹിക്കും. അവരുടെ കൂട്ടക്കരച്ചിൽ  കിർ ..കിട് ..കിർ ..കിട് എന്ന് മാറി മാറി ഒന്ന് രണ്ടു സെകന്റ് ഉണ്ടാകും

(മുമ്പൊക്കെ തെങ്ങിന്റെ ചോട്ടിൽ ചട്ടിയും പാത്രവും കഴുകുമ്പോഴും ഇവർ സ്..സ്..സ്..സ്സ്സ്...ശബ്ദം അകമ്പടി ആയി ഉണ്ടായിരുന്ന ഒരു കാലം ഓർമ്മ വരുന്നു .  ചട്ടി കഴുകുമ്പോൾ ഈ ഒരു സംഗീതം പശ്ചാത്തലമായി ഉണ്ടാകണം എന്ന് അന്ന് അവർക്ക്  നിർബന്ധമുള്ളത് പോലെ തോന്നിയിട്ടുണ്ട്. ചില വിളവത്തി കുൽസുമാരൊക്കെ വെറുതെ സ്..സ്..സ്..സ്സ്സ്ന്നു പറഞ്ഞു ചട്ടിയിൽ വെള്ളമൊഴിച്ച് വെറുതെ ഒന്ന്കഴുകിയത് പോലെയാക്കി കോഴികൂടിന്റെ മുകളിൽ ചട്ടിയും കമഴ്ത്തി സ്കൂട്ടാകാറുണ്ട്. നേരെ ചൊവ്വെ വൃത്തിയാക്കാത്ത ചട്ടി  കണ്ട്, ഉമ്മമാർ പഴി പറയുമ്പോൾ, അതിലെ വന്ന കണ്ടൻ പൂച്ചയുടെ തലയിൽ പാപ ഭാരം വെച്ച്  ഇവർ തടി കയിച്ചലാക്കും. ഈ പൂച്ചകൾ എന്ത് പിഴച്ചു ?)

ഇന്നീ  മാരകായുധ പ്രയോഗങ്ങൾ നാട്ടിൻ പുറങ്ങളിൽ  കാണാത്തത് പേനുകളുടെ  വംശം കുറ്റിയറ്റതാണോ അതല്ല എന്റെ ശ്രദ്ധ അങ്ങോട്ട്‌ പോകാത്തതാണോ അതുമല്ല   വാട്ട്സാപ്പ് , എഫ്.ബി. തുടങ്ങിയ സോഷ്യൽ മീഡിയ വന്നതോടെ പെണ്ണുങ്ങളുടെ ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞതാണോ  ഒന്നുമെനിക്കറിയില്ല.

 രസമതല്ല; കറുപ്പിന്റെ ഏഴഴകിനെ സംബന്ധിച്ചുള്ള ഒരു സൌഹൃദ സംഭാഷണത്തിനിടക്ക്  ഒരു എത്യോപ്പിയക്കാരൻ പുള്ളിയുടെ നാട്ടിലും ഇമ്മാതിരി ''പേൻ കൊല്ലി'' ഏർപ്പാട് മുമ്പ് ഉണ്ടായിരുന്നെന്ന്  പറഞ്ഞപ്പോൾ,  ലോകത്ത്സ്ത്രീകൾ ഉള്ളിടത്തൊക്കെ ഈ ക്രൂര വിനോദമുണ്ടെന്ന വാർത്ത നടുക്കത്തോടെയാണ് ഞാൻ  ഉൾക്കൊണ്ടത്‌.))

എനിക്ക് ബയോളജി പഠിപ്പിച്ചിരുന്ന   അംഗടിമൊഗർ കാദർ മാഷോ അതല്ല കോളേജിൽ നമ്പ്യാർ സാറോ മറ്റോ   പേനിന്റെ ജീവചക്രം   പറഞ്ഞത്കുറച്ചു ഓർമ്മയിലുണ്ട്, അടുത്ത ആഴ്ചയിലാകാം

NIREEKSHNAM


അസ്‌ലം മാവില കഴിഞ്ഞ ദിവസവും അയാളെ കണ്ടുമുട്ടി. പഠാൻ, വയസ്സ് അറുപതൊക്കെ കഴിഞ്ഞ് കാണണം. ഞങ്ങൾ ''ചാച്ചാ'' എന്ന് നീട്ടി വിളിക്കും. പുള്ളിക്ക് അങ്ങിനെ വിളി കേൾക്കുന്നതാണ് ഇഷ്ടം. രണ്ടു മാസങ്ങൾക്ക് മുമ്പാണ് പഠാൻചാച്ചയുടെ ഭാര്യ മരണപ്പെടുന്നത്. അന്ന് ഞാൻ നാട്ടിലും. ഞാൻ താമസിക്കുന്ന കെട്ടിടത്തിനു തൊട്ടു മുമ്പിലുള്ള കെട്ടിടത്തിന്റെ മേൽനോട്ടക്കാരനാണ് ചാച്ച ( ''ഹാരിസ്'' എന്നൊക്കെ എഴുതിയാൽ തെറ്റിദ്ധരിക്കരുതെന്ന് വിചാരിച്ചാണ് അങ്ങിനെ എഴുതിയത് ). ഞങ്ങളുടെ കെട്ടിടത്തിനു അഭിമുഖമായി ചാച്ച ഒരു പഴയ കസേരയിൽ ഇരിപ്പുറപ്പിക്കും. ഞങ്ങളുടെ കെട്ടിടം നോക്കി നോക്കി ഇപ്പോൾ ഈ കെട്ടിടത്തിന്റെയും പാർട്ട്‌ ടൈം മേൽനോട്ടപ്പണിയും ശമ്പളത്തോടെ പുള്ളി ഏറ്റെടുത്തു. ഇത്രയും എഴുതിയത് ഒരു വായനാ സുഖത്തിനു. ചാച്ച പറയും - മെസ്സിലെ ഭക്ഷണത്തിന് രുചി കുറഞ്ഞു കുറഞ്ഞു വരുന്നു. അവിടെത്തെ ''കൂട്ടു''കളിൽ എന്തോ കുറവുള്ളത് പോലെ. ഒന്നും വേണ്ട. നാക്കിനു രുചിക്കുറവ്. ഇപ്പോൾ ഭക്ഷണം കഴിക്കുന്നത് തന്നെ ''വേണം-വേണ്ട'' എന്ന പോലെ. തീൻ മേശയ്ക്ക് മുമ്പിലിരുന്നാൽ ഉടനെ എഴുന്നേൽക്കാൻ തോന്നും. ഒരേ മെനു. ഒരേ ദാലും ''പ്രാട്ട''യും. ഒരു മാറ്റവും ഇല്ല. ****************************************** ചില വാട്സാപ് ഗ്രൂപ്പുകൾ നിങ്ങൾക്ക് അങ്ങിനെയും തോന്നി തുടങ്ങിയിരിക്കും. ചിലതല്ല, ഒരു പാട്. അതൊരു പ്രകൃതി നിയമമാണ്. എന്നും എപ്പോഴും പറഞ്ഞതും കേട്ടതും കണ്ടതും ....അത് തന്നെ ഒരു മാതിരി പറയുകയും കേൾപ്പിക്കകയും ചെയ്യുമ്പോൾ സ്വാഭാവികമായും വിരസത അനുഭവിക്കും. വ്യത്യസ്തതകൾ വരുമ്പോഴാണ് പ്രേക്ഷകർ ഉണ്ടാകുക. ഇല്ലെങ്കിൽ മടുപ്പ് മടി കൂടാതെ കടന്നു വരും. സോഷ്യൽ മീഡിയയിൽ പല നല്ല കൂട്ടായ്മകളും അങ്ങിനെയാണ് കൂമ്പ് വാടുന്നത്. RT യും അഹങ്കരിക്കണ്ട; RT യുടെ കാര്യത്തിലാണെങ്കിലും അങ്ങിനെത്തന്നെ. ഒരു നല്ല സന്ദേശം എത്തിക്കാനാണ് കൂട്ടായ്മകൾ ഉണ്ടാക്കുന്നത്. എല്ലാവർക്കും പ്രവാസികൾക്ക് പ്രത്യേകിച്ചും ഇതൊരു ഇ -മീറ്റ്അപ്പ് കൂടിയാണ്. തലമുറകളുടെ വിടവുകൾ മാറാനും മാറ്റാനും സോഷ്യൽ മീഡിയ ഒരു പാട് സഹായിച്ചിട്ടുണ്ട്. പള്ളിക്കൂടത്തിൽ കൂടെ പഠിച്ചവരെയും പണിസ്ഥലത്ത് ചങ്ങാത്തം കൂടിയവരെയും വീണ്ടും കാണാനും, മിണ്ടാനും പറയാനും, അനിയന്മാരെയും ജേഷ്ടന്മാരെയും അവരുടെ കുടുംബത്തോടൊപ്പം എല്ലാ ദിവസവും ''കണ്ട് കൊണ്ടിരിക്കാനും '' ഇത് മൂലം സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ലല്ലോ.. ഒരു നാടിന്റെ കൂട്ടായ്മയിൽ പ്രധാനമായും ആരും ശ്രദ്ധിക്കുക - സേവനവും ക്ഷേമ പ്രവര്ത്തനങ്ങളും ഒട്ടും കുറയാത്ത സാംസ്കാരിക ചലനങ്ങളുമാണ്. വാട്ട്സ്ആപ് പോലുള്ള virtual / ഇ-കൂട്ടായ്മയിൽ അവയുടെ അപ്ഡേഷൻ ആണ് നടക്കുക. ഒരു ഫോട്ടോഗ്രാഫർ എങ്ങിനെ ഒരു ഇമേജ് ഒപ്പിയെടുക്കുന്നു അത്പോലെ. അയാളുടെ മിടുക്ക് പോലെയിരിക്കും അതിന്റെ സൗന്ദര്യവും ആകർഷണീയതയും. ത്രിമാന പ്രതലത്തിൽ സദസ്സിലിരുന്നു ബോറടിക്കുമ്പോൾ നമുക്ക് എഴുന്നേറ്റ് പോയി പിന്നെയും തിരിച്ചു വന്നിരിക്കാം. വാട്ട്സ്ആപ് കൂട്ടായ്മകളിൽ നിന്ന് ''എഴുന്നേറ്റ്'' പോകാനേ പറ്റൂ ; നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ''തിരിച്ചു വന്നിരിക്കാൻ'' വകുപ്പില്ലല്ലോ. അത് കൊണ്ടാകാം പല ഗ്രൂപുകളിലും നിവൃത്തിയില്ലാതെ ചിലർ ''എന്നെപ്പോലുള്ളവരെ'' സഹിക്കുന്നത്. ഒരു സുഹൃത്ത് പറഞ്ഞു , (പല സുഹൃത്തുക്കളും). മുമ്പത്തെ പോലെ ''ദമ്മ്'' ഇല്ല നമ്മുടെ / ഞങ്ങളുടെ ഗ്രൂപ്പുകൾക്ക്, മുമ്പത്തെപോലെ. ഉറങ്ങുകയാണ്; വല്ലപ്പോഴും ഞെട്ടി ഉണർന്നാലായി. ആ പരിതപിക്കലിൽ തന്നെ ഉത്തരമുണ്ട്. മൂടി തുറന്നു ''ദമ്മ്'' വരാൻ കാത്തിരിക്കുന്നത് വെറുതെ, പരിതപ്പിക്കുന്നതും വെറും വെറുതെ. മൂടി അടക്കണം, താഴെ കനൽ എരിഞ്ഞു കൊണ്ടേയിരിക്കുകയും വേണം. വല്ലപ്പോഴും ഞെട്ടി ഉണരുന്നത് നല്ല ലക്ഷണവുമല്ല. ''കനൽ'' ഒരു വിശദീകരണം : അത് പുതുമയും പുതിയ സ്വപ്നങ്ങളും ആകർഷക ഇനങ്ങളുമാണ്. അത് പോലെ പുതിയ പദ്ധതികളും അവയുടെ പ്രായോഗിക വൽക്കരണവും അതിന്റെ അപ്ഡേഷനുമാണ്. ബറ്റിച്ചത് : ഗ്രൂപ്പിൽ ആളെ കൂട്ടാൻ സുക്കർ ബർഗ്ഗ് 100 ൽ നിന്ന് 250 + ലേക്ക് അവസരം തരുന്നതിലല്ല, മറിച്ച് ഉള്ള ആൾക്കാരിൽ വിരസതയില്ലാത്ത മണിക്കൂറുകൾ നില നിർത്തുന്നതിലാണ് കാര്യം. അവസരത്തിനൊത്തുയർന്നില്ലെങ്കിൽ, ഗ്രൂപ്പുകളൊക്കെ കാർണിവൽ കഴിഞ്ഞ കടലോരം പോലെയിരിക്കും.

കുട്ടിക്കാലകുസൃതിക്കണ്ണുകൾ


കുട്ടിക്കാലകുസൃതിക്കണ്ണുകൾ

മാവിലേയൻ



എൺപതുകളുടെ തുടക്കം വരെ നമ്മുടെ സ്കൂളിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചവർക്ക് സജ്ജിഗയുടെ രുചി അറിയാതിരിക്കാൻ വഴിയില്ല. 1960 കളുടെ തുടക്കത്തിൽ SLP (SCHOOL LUNCH PROG). പിന്നെ അത് വിവിധ പേരുകളിൽ മാറിമാറി വന്നു. ഇപ്പോൾ SMP (School Meal Prog)യിൽ എത്തിനിൽക്കുന്നു. 150 മില്ല്യൻ കുട്ടികളാണ് ഇപ്പോൾ അംഗനവാടിയിലും എൽ.പി., യു.പി. സ്കൂളുകളിലുമായി ഉച്ചക്കഞ്ഞി കഴിക്കുന്നത്. അതിന്റെ പഴയ പേരായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട സജ്ജിഗെ (ഉപ്പുമാവ്).  ഈ ‘‘ഗോതമ്പ് ചീരണി'' കഴിച്ചവരൊക്കെ ബീരമ്മയെ ഓർക്കും. ആ ആയയെ കുറിച്ച് മാസങ്ങൾക്ക് മുമ്പ് ഇതേ പേജിൽ പരാമർശിച്ചിട്ടുള്ളത് കൊണ്ട് അതൊഴിവാക്കുന്നു.
പന്ത്രണ്ട് മണിയോടെ മൂക്കിൽ സജ്ജിഗെ മണമടിക്കാൻ തുടങ്ങും. അതിനു ഏതാനും മിനിറ്റുകൾ മുമ്പ് ''കലംപോര്ന്നെ'' (കടുക് വറുക്കൽ) മണം ആകാശത്ത് വട്ടമിട്ടു പറക്കും. ചിലപ്പോൾ ഈ മണം കുറെ വൈകിയിട്ടാണ് വരിക. കടുക് തീർന്നത് കൊണ്ട് ആരെയെങ്കിലും വാങ്ങാൻ അയച്ചു വരാൻ വൈകുന്നത് കൊണ്ട് ‘’കലംപോരൽ’’ സജ്ജിഗെ പ്രിപെറെഷന്റെ അവസാനത്തേക്ക് മാറ്റുന്നതാവാം.
ഈ ചൂരമടിക്കുന്നതോടെ പിള്ളേരെ ശ്രദ്ധ മുഴുവൻ അങ്ങോട്ടായിരിക്കും. രാവിലെയുള്ള നാലാം പീരിയഡിൽ പഠിപ്പിച്ചത് മിക്കപേർക്കും തലയിൽ കേറാൻ ചാൻസിന് വകയില്ലയെന്നാണ് എനിക്ക് തോന്നുന്നത്.
മണികണ്ഠൻ മാഷ്‌ ആ പീരിയഡിൽ ല.സ.ഗു പഠിപ്പിച്ചാൽ എങ്ങിനെയിരിക്കും ? നിരത്തി അടിയാണ് പുള്ളിക്കാരൻ ആ പിരിയഡ് മുഴുവൻ.  പാവം പിള്ളേർ സജ്ജിഗ മണത്തിൽ അതൊക്കെ സഹിക്കും.  സജ്ജിഗ മണത്തിനിടക്ക് എന്ത് ല.സാ.ഗു ? എന്ത് ഉ.സാ.ഗു ?
ചില കുട്ടികൾ രാവിലെ ഭക്ഷണം കഴിക്കാതെ സജ്ജിഗ മാത്രം പ്രതീക്ഷിച്ചു വരുന്നവരും ഉണ്ടാകും കൂട്ടത്തിൽ. അന്ന് ആ കുട്ടികൾ അനുഭവിച്ച വിശപ്പിന്റെ രുചിക്ക് മുന്നിൽ മണികണ്ഠൻ മാഷും സലാം മാഷും മുരളി മാഷും തന്നിരുന്ന ചൂരൽ കഷായത്തിന്റെ രുചി ഒന്നുമല്ലായിരുന്നു. ചില കുട്ടികളൊക്കെ സജ്ജിഗ ശാല നോക്കിയായിരുന്നു അടി തന്നെ വാങ്ങിയിരുന്നത്.
അന്ന് ഞങ്ങളൊക്കെ അവിടെയുള്ള കശുമാവിന്റെ ഇല നേരത്തെ തന്നെ റെഡിയാക്കി വെക്കും. അതായിരുന്നു ഞങ്ങളുടെ പിഞ്ഞാൻക്കേൽ (കരണ്ടി). തലേ ദിവസം രാത്രി ചിലന്തികുഞ്ഞുങ്ങൾ ഉറക്കമൊഴിച്ചു നെയ്ത ചിലന്തിവല മഞ്ഞു വീണു നേർത്ത സ്പോഞ്ച് പോലെ മിക്ക ഇലയിലും പറ്റിപ്പിടിച്ചിരിക്കും. അത് കൈകൊണ്ടോ ഉടുത്ത ട്രൌസറിന്റെ വക്ക് കൊണ്ടോ മറ്റോ തുടച്ചു വെക്കും. ചില കുൽസുമാർ കാര്യമായി അനിയന്മാരുടെ ക്ലാസ്സിൽ വന്നു ഈ ‘’കശുമാവില കരണ്ടി’ അവർക്ക് കൊടുത്ത് പോകും. ഇത് പോലും ക്ലാസ്സിന്ന് പൊക്കുന്ന മോഷണ-വീരന്മാർ ഉണ്ടായിരുന്നു.
ലഞ്ച് ബ്രയ്ക്കിന്റെ മണിയൊച്ച കേട്ടാൽ ക്ലാസ്സിൽ നിന്ന് ഒരു ''പുറപ്പെടലാ''ണ്. നമ്മുടെ മണികണ്ഠൻ മാഷിനു ഒരു റിസ്റ്റ് വാച്ചുണ്ട്. നാലാം പീരിയഡുള്ള ക്ലാസ്സിൽ പുള്ളി ഇടയ്ക്കിടയ്ക്ക് വാച്ച് നോക്കും. അന്നൊക്കെ ഞങ്ങൾ വിചാരിച്ചത് ഞങ്ങളെക്കാളും കൂടുതൽ ''ഒൽചെ'' മാഷിനെന്നായിരുന്നു. സംഭവം അതായിരുന്നില്ല.
മണികണ്ഠൻ മാഷിന്റെ ഒരു കാലിനു പോളിയോ ബാധിച്ചത് കൊണ്ട് സ്വാധീനക്കുറവുണ്ട്. ബെല്ലടി കേട്ട ക്ഷണത്തിൽ ആക്രാന്തം കൊണ്ട് തന്റെ അരുമ ശിഷ്യന്മാർ ഇടിച്ചു തെറിപ്പിച്ചു പോകുമ്പോൾ ഇടയിൽ മാഷെങ്ങാനും പെട്ടാൽ .... ആ ഒരു ഭയം കൊണ്ട് ഒഴിഞ്ഞു മാറി നിൽക്കാനാണ് പുള്ളി വാച്ച് നോക്കുന്നത്. (മുമ്പെങ്ങാനും വേറെ ഏതെങ്കിലും സ്കൂളിന്നു അനുഭവം ഉണ്ടായിരിക്കണം ) അഞ്ചു മിനിട്ട് നേരത്തെ ക്ലാസ് നിർത്തി ജനപ്രവാഹം ഇല്ലാത്ത ഭാഗത്ത് ഒതുങ്ങി നിന്നാൽ ഈ ''എര്പ്പചണം'' (ഗ്രഹ്ണി ) പിടിച്ച പിള്ളേർ ക്ലാസ്സ് വിട്ടോഴിയുമല്ലോ. (ആ സമയത്തൊക്കെ ഈ ഈടുമ്മൂടും ഇല്ലാതെ ഓടുന്ന ഞങ്ങളെ നോക്കി നമ്മുടെ അധ്യാപകർ സ്റ്റാഫ് റൂമിലും ബെൽ തൂക്കിയതിനു താഴെയും നിന്ന് കൊണ്ട് എന്തൊക്കെയായിരിക്കും കമന്റ്സ് പറഞ്ഞിരിക്കുക ?). പക്ഷെ എന്ത് വലിയ ഓട്ടം ഓടിയാലും സജ്ജിഗ ഷെഡഡിനു മുന്നിലെത്തുമ്പോൾ എല്ലാ ഓട്ടവും ബ്രേക്കിടും. അവിടെയാണ് നമ്മുടെ ബീരമ്മ എന്ന സ്ത്രീ ആജാനുബാഹുവായി ചട്ടുകം കുത്തനെ നാട്ടി ആവി കൊണ്ട വിയർത്ത മുഖവുമായി നിന്നിട്ടുണ്ടാവുക. ബീരമ്മയുടെ സംസാര സ്ലാന്ഗ് എനിക്ക് ഓർമ്മ വരുന്നില്ല. ഇല്ലെങ്കിൽ പകർത്തി എഴുതാമായിരുന്നു.
ഇമിഗ്രേഷൻ കൌണ്ടറിന് മുന്നിൽ ഒരു മഞ്ഞ വര കണ്ടില്ലേ ? അതിനപ്പുറം കടക്കാൻ പാടില്ലാത്തത് പോലെ ബീരമ്മ കാൽ കൊണ്ട് ഒരു വര വരച്ചിരിക്കും. അതിനപ്പുറം കേറിയാൽ ഏതവനായാലും അന്നത്തെ ഉച്ചയൂൺ എന്നത് വേറെ ആരെങ്കിലും കഴിക്കുന്നത് നോക്കുക എന്നത് മാത്രമായിരിക്കും. അത് കൊണ്ട് ബീരമ്മയുടെ അടുത്ത് കൊസറാക്കൊള്ളിക്കൊന്നും ആരും നിൽക്കില്ല.

ബീരമ്മ തന്ന സജ്ജിഗയുമായി പതിവ് പോലെ ഞാൻ ഒരു കാറ്റാടി മരത്തിന്റെ അടിയിൽ ഇരുന്നു. കൂട്ടത്തിൽ എന്റെ ക്ലാസ്സിലെ ഒരു സൌകുവുമുണ്ട്. ഞങ്ങൾ രണ്ടു പേരും പരസ്പരം പ്ലേറ്റ് നോക്കി. ( ( ഉദ്ദേശം മറ്റവനെക്കാളും കൂടുതൽ ഉണ്ടോ കുറവുണ്ടോ എന്നായിരുന്നു. ) ഭോജനം നടത്തുന്നതിന്നിടയിൽ ഒരു എരണം കേട്ട കാക്ക തലേ ദിവസം എന്തോ തിന്നു ദഹിക്കാതെ വയറ്റിളക്കം വന്നു നേരെ കക്കൂസിൽ പോകാനുള്ള ധൃതി പിടിച്ച പറക്കലിനിടയിൽ കണ്ട്രോൾ വിട്ടു. പുള്ളിയുടെ വരവ് എന്റെ നേർമുകളിലാണെന്നു ഝടുതിയിൽ മനസ്സിലാക്കിയ ഞാൻ പ്ലേറ്റ് വെട്ടിച്ചു. കഷ്ടകാലത്തിന് ദുന്യാവിന്റെ ഖ്യാലില്ലാതെ തൊട്ടടുത്തിരുന്ന് ശാപ്പിട്ടു കൊണ്ടിരുന്ന സൌകുന്റെ പ്ലേറ്റിലായിരുന്നു ആ സംഭവം പതിച്ചത്. ബാക്കി വന്നത് എന്റെ ഇടതു പിരടി, മെഡുലാ ഒബ്ലം ഗേറ്റിന് മുന്നിലായി ഒഴുകി വീണു. അവിടെ ചെറിയ വാഗ്വാദം നടക്കുമെന്ന് ഭയന്ന് എന്റെ പിരടി കഴുകാൻ സഹായിക്കണമെന്ന കണ്ടീഷനിൽ എന്റെ ബാലന്സ് സജ്ജിഗ സൌകുവിനു കൊടുത്തു കിട്ടിയാൽ കിട്ടി എന്ന പ്രതീക്ഷയിൽ ബീരമ്മയുടെ മുമ്പിൽ പരാതി ബോധിപ്പിച്ചു. ബീരമ്മ എന്റെ പിരടിയിൽ പറ്റിപ്പിടിച്ച കാക്കത്തീട്ടം കണ്ടു മുറുക്കിതുപ്പിയ പല്ല് കാണിച്ചു വെറുതെ കുറെ ചിരിച്ചു. ആ ചിരി കണ്ടപ്പോൾ ഞാൻ വിചാരിച്ചു സൌകുവിനു ഷെയർ ചെയ്ത ''നഷ്ടപരിഹാര സജ്ജിഗ '' എനിക്ക് കിട്ടിപ്പോയി എന്ന്. എവിടെ ? വീട്ടിൽ പോയി ബാക്കി കഴിക്കാനായിരുന്നു എനിക്ക് ആ ഭണ്ഡാരിത്തള്ള നൽകിയ ഉപദേശം. ഇടയിക്കിടയ്ക്ക് ഉപ്പ  പി.ടി.എ മീറ്റിങ്ങിനും അല്ലാതെയും സ്കൂളിൽ വരുന്നത് കൊണ്ട് കുറെ മസിൽ പിടിക്കാനൊന്നും നിൽക്കാതെ ഞാൻ പ്ലേറ്റ് അവിടെ വെച്ച് തിരിഞ്ഞു നടന്നു - ഒരു വിളി വീണ്ടും പ്രതീക്ഷിച്ചു. ബീരമ്മക്കെന്ത് അസ്‌ലം ?

കാലക്കേട്‌ എന്നെ വേറെ വെയിറ്റ് ചെയ്യുകയായിരുന്നു. ഈ സംഭവം ഒരു സൗകു വഴി അവളുടെ കൂട്ടുകാരി കുൽസുന്റെ വായിൽ നിന്ന് എന്റെ പെങ്ങളുടെ ചെവിയിൽ എത്തിയത് മറ്റൊരു രൂപത്തിലായിരുന്നു. വൈകിട്ട് സ്കൂൾ വിട്ടു പോകുമ്പോൾ പെങ്ങൾ എന്നെ എരിച്ചു കളയുന്ന ഒരു നോട്ടം നോക്കി. അവളുടെ കൂട്ടുകാരികൾ ''യാള്ളേ .....'' എന്നും പറഞ്ഞു മൂക്ക് പൊത്തി ഒരു സൈഡ് തിരിഞ്ഞ് സ്പീഡിൽ നടന്നു.
എനിക്ക് അപകടം മണത്തു. ഞാൻ ഓടി വീട്ടിൽ എത്തുന്നതിനു മുമ്പ് തന്നെ ആ ഫെയ്ക്ക് ന്യൂസ് ഉമ്മയുടെ ചെവിയിലും സ്റ്റോർ ആയിക്കഴിഞ്ഞിരുന്നു.
വീട്ടിന്റെ അകത്തു കയറണമെങ്കിൽ എന്റെ വായയും കയ്യും തലയുമൊക്കെ കഴുകണം. പുറത്ത് പാക്കും (പുസ്തക സഞ്ചി) വെച്ച് ഇവർ രണ്ടു പേരും എന്റെ തലയും പിരടിയും താളിയില കൊണ്ട് തേച്ചു കഴുകാൻ തുടങ്ങി. വായയൊക്കെ എത്ര പ്രാവശ്യമാണ് കുപ്ലിക്കാൻ പറഞ്ഞതെന്ന് എനിക്ക് തന്നെ ഓർമ്മയില്ല. പെങ്ങളുടെ വക ഇടയ്ക്കിടക്കുള്ള മേടലും....
''ഉമ്മാ ..ആക്ചുവലീ....സംഭവം ....നടന്നത്....ഒരു ഉച്ച...ഉച്ചര .. നമ്മുടെ കാക്ക... ഈ....സാൾട്ട് മാന്ഗോ ട്രീ.. '' എന്നൊക്കെ അന്നത്തെ ശൈലിയിൽ  നാടൻ മലയാളത്തിലുള്ള എന്റെ വിശദീകരണം ഒരു വേള കേൾക്കാനുള്ള ക്ഷമ പോലും എന്റെ മാതാവും സഹോദരിയും കാണിച്ചില്ല..  നിർബന്ധിത ശിരോജലാഭിഷേകം നടക്കുന്ന സമയത്ത് എവിടെന്നോ എത്തിപ്പെട്ട   ഒരു കുൽസുന്റെ ഉമ്മ ഈ ഫെയ്ക്ക് ന്യൂസ് കേട്ട് വിജുംഭ്രുതയായി എരിതീയിൽ എണ്ണയൊഴിച്ചു അവർക്ക് സപ്പോർട്ട് കൂടിയായപ്പോൾ, പിന്നെയും രണ്ടു കുടം വെള്ളം എക്സ്ട്രാ എന്റെ തലയിൽ വീണത് മിച്ചം!
അന്നത്തോടെ വീട്ടിലെ ഉച്ചക്കഞ്ഞിക്ക് മുമ്പായി ഉപ്പ അറിയാതെ കഴിച്ചിരുന്ന ‘’ഇടത്തട്ട്’’ സജ്ജിഗ എനിക്ക് എന്നത്തേയ്ക്കുമായി ഒഴിവാക്കേണ്ടി വന്നു . (ഉച്ചയ്ക്ക് വീട്ടിൽ പോകാത്തവർക്ക് ഉള്ളതാണ് ഉപ്പുമാവെന്നു ഉപ്പ എനിക്ക് മുമ്പ് തന്ന നിർദ്ദേശം അത്രയും ദിവസങ്ങളിൽ ഞാൻ പരസ്യമായി ലംഘിക്കുകയായിരുന്നു,). ഒരു മണ്ടെക്കാക്ക അന്ന് ഒരു ദിവസം പാമ്പെർസ് ഇടാൻ മറന്നതിന്റെ തിക്തഫലം  സ്കൂളിൽ ‘’ഉപ്പുമാവ് ഏർപ്പാട്’’ നിർത്തുന്നത് വരെ ഞാൻ അനുഭവിക്കേണ്ടി വന്നു. വീട്ട് പടിക്കൽ എത്തുന്ന ഒരു മാതിരി കാക്കകളെയൊക്കെ എന്റെ ഉപ്പുമാവിൽ മണ്ണിട്ട ആ കാക്കയെന്നു തെറ്റിദ്ധരിച്ചു ഞാൻ കല്ലെറിഞ്ഞു ഓടിച്ചു ദേഷ്യം തീർക്കുമായിരുന്നു.

നിർബന്ധിത ശിരോജലാഭിഷേകം നടക്കുന്ന സമയത്ത് എവിടെന്നോ ഒരു കുൽസുന്റെ ഉമ്മ അവിടെ സമാധാനത്തിന്റെ മാലാഖയെ പോലെ വന്നു കേറി. നിസ്സഹായനായ ഞാൻ ആ മഹിളാരത്നത്തെ സഹതാപമെങ്കിലും കിട്ടിയാലായി എന്ന് പ്രതീക്ഷിച്ച് ഒന്ന് നോക്കി. അവർ വന്നു സമയം കണ്ടെത്തിയത് ഈ ഫെയ്ക്ക് ന്യൂസ് കേട്ട് വിജുംഭ്രുതയാ കാനായിരുന്നു. എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെ ഉമ്മുകുൽസു  അവർക്ക്  സപ്പോർട്ട് പറയാൻ തുടങ്ങിയതോടെ, പിന്നെയും രണ്ടു കുടം വെള്ളം എക്സ്ട്രാ എന്റെ തലയിൽ വീണത് മിച്ചം!

അന്നത്തോടെ വീട്ടിലെ ഉച്ചക്കഞ്ഞിക്ക് മുമ്പായി ഉപ്പ അറിയാതെ കഴിച്ചിരുന്ന ‘’ഇടത്തട്ട്’’ സജ്ജിഗ എനിക്ക് എന്നത്തേയ്ക്കുമായി ഒഴിവാക്കേണ്ടി വന്നു . (ഉച്ചയ്ക്ക് വീട്ടിൽ പോകാത്തവർക്ക് ഉള്ളതാണ് ഉപ്പുമാവെന്നു ഉപ്പ എനിക്ക് മുമ്പ് തന്ന നിർദ്ദേശം അത്രയും ദിവസങ്ങളിൽ ഞാൻ പരസ്യമായി ലംഘിക്കുകയായിരുന്നു,). ഒരു മണ്ടെക്കാക്ക അന്ന് ഒരു ദിവസം പാമ്പെർസ് ഇടാൻ മറന്നതിന്റെ തിക്തഫലം  സ്കൂളിൽ ‘’ഉപ്പുമാവ് ഏർപ്പാട്’’ നിർത്തുന്നത് വരെ ഞാൻ അനുഭവിക്കേണ്ടി വന്നു. വീട്ട് പടിക്കൽ എത്തുന്ന ഒരു മാതിരി കാക്കകളെയൊക്കെ എന്റെ ഉപ്പുമാവിൽ മണ്ണിട്ട ആ കാക്കയെന്നു തെറ്റിദ്ധരിച്ചു ഞാൻ കല്ലെറിഞ്ഞു ഓടിച്ചു ദേഷ്യം തീർക്കുമായിരുന്നു. ആ ഉമ്മുകുൽസുനോടുള്ള ദേഷ്യം തീർത്തത് അവർ വല്ലപ്പോഴും ഉമ്മാനോട് സൊറ പറയാൻ വരുമ്പോൾ ''തുമ്മാന്റട്ടെ'' ഒളിപ്പിച്ചുമായിരുനു.

പ്രിയ അനിയന്

പ്രിയ അനിയന് ആ കാലത്ത് ഏറ്റവും കൂടുതൽ സൌഹൃദവും മാതാപിതാക്കളുടെയും അയൽപക്കക്കാരുടെയും മദ്രസ്സാ -സ്കൂൾ അധ്യാപകരുടെയും സ്നേഹവും അർഹിക്കുന്നതിലേറെ പരിഗണനയും ലഭിച്ചിട്ടുണ്ടാകുക ഒരു പക്ഷെ എനിക്കായിരിക്കും. മധൂരിൽ ഉപ്പയുടെ കടയിലേക്ക് പോകുമ്പോൾ അവിടെ എത്തും വരെ എനിക്ക് റോഡിൽ കുടയുടെ അറ്റം കൊണ്ട് എഴുതി പഠിപ്പിച്ച അസീസ്‌ മാഷെ ഞാൻ എങ്ങിനെ മറക്കും ? ക്ലാസ്സിൽ ''ആഖീരെ'' എന്ന ചൊറിയൻ ഇല ഞാനും വേറെ മൂന്ന് നാല് പേരും മറ്റുകുട്ടികളുടെ ദേഹത്ത് തേച്ച് ബുദ്ധി മുട്ടിച്ചപ്പോൾ എന്നെ മാത്രം അടിക്കാതെ ബാക്കിയുള്ള സഹപാഠികളെ ശിക്ഷിച്ച തമ്പാൻ മാഷെ എങ്ങിനെ മറക്കാൻ ? ഒരു നയാപൈസ ഫീസ്‌ വാങ്ങിക്കാതെ ഒരു വർഷക്കാലം എനിക്ക് ഇംഗ്ലീഷ് ഗ്രാമർ പഠിപ്പിച്ച പ്രമീള ടീച്ചറുടെ നല്ല മനസ്സിനെയാണോ മറക്കേണ്ടത് ? സ്കൂൾ യുവജനോത്സവത്തിന് പ്രസംഗ വിഷയം കിട്ടിയാൽ ജനൽ ചാടി മദ്രസ്സയിൽ എത്തിയാൽ എനിക്ക് പ്രസംഗ കുറിപ്പ് തന്നിരുന്ന അബൂബക്കർ മൌലവിയെയോ ? ഞാൻ പഠിക്കുന്ന സമയം, എന്റെ പ്രസംഗം കേട്ട് കുഞ്ഞു സദസ്സിൽ നിന്നെഴുന്നേറ്റു വന്നു എന്റെ പുറം തട്ടി അഭിനന്ദിക്കാറുണ്ടായിരുന്ന എന്റെ പ്രിയപ്പെട്ട ബായിൻച്ചയെയാണോ ? പാതിരാ നേരത്ത് പോലും ഞങ്ങളുടെ ഒരു നിലവിളി കേട്ടാൽ വാതിലിന്റെ സാക്ഷപോലുമിടാതെ ഓടി വന്നിരുന്ന സാപിന്റെയും ബഷീറിന്റെയും മജീദിന്റെയും ഉമ്മമാരെയോ ? എനിക്ക് ലോക വാർത്തകൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തന്നിരുന്ന സൈലർ അദ്-ലൻച്ചാനെയോ ? കരീമുച്ചാന്റെ ഉപ്പാനെയോ ? എന്തിനധികം, വല്ലപ്പോഴും ബീരാന്ചാന്റെ വീട്ടിൽ പോകേണ്ടി വരുമ്പോൾ കുതിരപ്പാടി അമ്പാച്ചാന്റെ കടയിൽ ഇരുത്തി പത്ര വാർത്തകളിലെ നെല്ലും പതിരും എന്നോട് വലിയ സീരിയസ്സായി സംസാരിച്ചിരുന്ന പോക്കർച്ചാന്റെ അദ്-ലൻച്ചാനെയോ ? ചെറിയ പുറങ്ങളിൽ ഒതുങ്ങില്ല ഇവയൊന്നും. പിന്നെ പിന്നെ....ഈ പ്രായം വരെ എനിക്ക് കിട്ടിയ സ്നേഹാദരവുകൾ അതിലും വലുത് ..... അതിനർഹനല്ലെങ്കിലും ! ഇവരുടെ സ്നേഹത്തിന്റെയും തലോടലിന്റെയും തണലിലാണ് ഞാൻ വെയിൽ കൊള്ളാതെ നിന്നത്, ജീവിച്ചത്. ഉപ്പയെ കുറിച്ചുള്ള എന്റെ വിവരണം കേട്ട് പത്രപ്രവർത്തകനും അധ്യാപകനും കോളമിസ്റ്റുമായ ആരിഫ് സൈനിന്റെ ഒരു രചനയിൽ വരെ പരാമർശിക്കുമാറ്‌ അദ്ദേഹത്തെ സ്വാധീനിച്ച, എന്റെ പ്രിയപ്പെട്ട ഉപ്പയുടെ ദൃശ്യ-അദൃശ്യ സാന്നിധ്യം എനിക്ക് അർഹത പെട്ടതിലേറെ അന്നും എനിക്ക് പരിഗണനക്ക് കാരണമായി. അത്കൊണ്ട് ഞാൻ എന്റെ കുട്ടിക്കാലത്ത് അനുഭവിച്ചതൊക്കെ അനിർവചനീയം. സംതൃപ്തം. വല്ലതും ലഭിച്ചില്ല എന്ന് പറയുന്നത് പോകട്ടെ, വിചാരിക്കുന്നത് പോലും പാപം. .... അക്ഷന്ത്യമായ കുറ്റം. (sorry if I am excited )

നിരീക്ഷണം- നേരത്തെ പറയുന്നു ...

നിരീക്ഷണം നേരത്തെ പറയുന്നു ... ''ഇത് ഇപ്പൊ ബെല്യ ലാബത്തിന്റെ കച്ചോടൊന്നൊല്ലാ എൻക്ക്... പുള്ളോ ബന്നാ ഇല്ല്യോ ....പീസ്‌ തരാന് ബൈദെങ്ക്.... മാഷ്‌ട്ടംമാരെ അട്ക്കം പൊർത്തിട്ടിറ്റ്, ഈടെ കൊട്ടത്തേങ്ങ ഒണ്ക്കാന്ടും '' കാസർകോട്ടെ ഒരു സ്കൂൾ മൊതലാളി പി.ടി.എ . യോഗത്തിൽ പറഞ്ഞത് എന്നോട് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. (കൊപ്രാ കച്ചോടം പച്ചപ്പിടിച്ചപ്പോൾ ആ സ്കൂൾ പൂട്ടിയോ അതോ ഇപ്പോഴുമുണ്ടോ എന്നറിയില്ല ). നിരീക്ഷണം ഒരൽപം വിദ്യാഭ്യാസ പ്രവർത്തനത്തെക്കുറിച്ചാകാം. ഈയ്യടുത്ത കാലത്താണല്ലോ, കൃത്യമായി പറഞ്ഞാൽ ഇംഗ്ലീഷ് മീഡിയോമാനിയ നാട്ടിൻപുറങ്ങളെ ഒരു ''ബാധ പോലെ'' പിന്തുടർന്നപ്പോഴാണല്ലോ പലരും മക്കളെ പഠിപ്പിക്കാൻ ഒന്നുണർന്നത്. കാരണങ്ങൾ വായനക്കാർ ഇവിടെ പങ്ക് വെക്കട്ടെ. നിരീക്ഷണം അതെഴുതി വിവാദമാക്കുന്നില്ല. ഇംഗ്ലീഷ് മീഡിയമുള്ള സ്വകാര്യ സ്ഥാപനങ്ങൾ തേടി നാട്ടുകാർ പരക്കം പാഞ്ഞതോടെ നമ്മുടെ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ക്യാമ്പസ് പരിസരം മുഴുവൻ അനാഥത്വം നിഴലിക്കാൻ തുടങ്ങി. പട്ള സ്കൂളിൽ ചെറിയ ക്ലാസ്സുകളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവ്, നാട്ടുകാരുടെ അശ്രദ്ധ, പിടിഎ യിലും താൽപര്യക്കുറവ്, അധ്യാപനം നേരെ ചൊവ്വേ ഇല്ല .... ഇതൊക്കെ അന്ന് വിഷയമാകാൻ തുടങ്ങി. അന്ന് നാട്ടിൽ ഉണ്ടായിരുന്ന അഞ്ചാറു പേരെ അന്തരിച്ച എബ്രഹാം മാസ്റ്റർ സ്കൂളിൽ വിളിച്ചു അദ്ദേഹം തന്റെ ഉത്കണ്ഠ അറിയിച്ചു വികാരാധിതനായി സംസാരിച്ചത് ഓർക്കുന്നു. ''നാട്ടുകാർ കയ്യൊഴിഞ്ഞ ഒരു സ്കൂളും ദിശാബോധം നഷ്ടപ്പെട്ട കുറെ പിള്ളേരും അവരെ പഠിപ്പിക്കാൻ ''വിധിക്കപ്പെട്ട'' വാധ്യാന്മാരും വല്ലപ്പോഴും സ്കൂൾ വരാന്ത കേറുന്ന രക്ഷിതാക്കളും നിങ്ങളുടെ അശ്രദ്ധ കൊണ്ട് ഇട്ടേച്ചു പോയ പള്ളിക്കൂടവും അതിൽ രാത്രി കാലങ്ങളിൽ യഥേഷ്ടം വിഹരിക്കുന്ന സാമൂഹ്യ ദ്രോഹികളും ... ഞാൻ പറയേണ്ടത് പറഞ്ഞു. ഇനി നിങ്ങൾക്ക് ആലോചിക്കാം''. എബ്രഹാം മാസ്റ്റർ ഒരു യു.പി. ക്ലാസ് റൂമിൽ ഇരുന്ന് ഞങ്ങളോട് അത് പറയുമ്പോൾ അവിടെ സംബന്ധിച്ച ആറു പേരിൽ ഞാനടക്കമുള്ള ചിലരുടെയെങ്കിലും മക്കൾ സ്വകാര്യ സ്കൂളിൽ ഇംഗ്ലീഷ് ''പഠിക്കു''കയായിരുന്നു. (സി.എച്ചിനും മെമ്പർ എം. എ യ്ക്കും ആ യോഗത്തിൽ സംബന്ധിച്ചവരെ ഓർമ്മ കാണും ). സി.എച്ചിന്റെയും സുരേഷ് മാഷിന്റെയും നേതൃത്വത്തിൽ സമാന ചിന്താക്കാരുടെ ചിട്ടയാർന്ന നീക്കങ്ങൾ തുടര്ന്നുണ്ടായി. വളരെ കരുതലോടെയുള്ള അവരുടെ നീക്കങ്ങൾ ഫലം കണ്ടു. സി.എച്ച് അപ്പപ്പോൾ അപ്ഡേഷൻ ആ സ്കൂളിലെ രക്ഷിതാവല്ലാഞ്ഞിട്ടു പോലും എന്നെ പോലുള്ളവർക്ക് കൈമാറിയിരുന്നതും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ ഭാഗം. സി.എച്ചിനെപ്പോലുള്ളവരുടെ സ്നേഹപൂർവമുള്ള ബോധ്യപ്പെടുത്തലുകൾ പലരെയും കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നതിൽ നിന്നും മാറ്റിച്ചിന്തിപ്പിച്ചു. (കൂട്ടത്തിൽ പറയട്ടെ പട്ള സ്കൂളിലെ ആദ്യ ഇംഗ്ലീഷ് ബാച്ചിലെ ബെഞ്ചിൽ എന്റെ മകനും ടി.സി. വാങ്ങിവന്നു ഇരുന്നു.) തുടർന്നു നാം കണ്ടതും അനുഭവിച്ചതും വിസ്മയിപ്പിക്കും വിധം. ഉറങ്ങിപ്പോകുമോയെന്നു ഭയപ്പെട്ടിരുന്ന പട്-ല സ്കൂൾ ഒരേ സമയം ഇംഗ്ലീഷ്, മലയാളം ബാച്ചുകൾ മികവു പുലർത്തുന്നത് നാം നേരിൽ അനുഭവിച്ചു. രക്ഷിതാക്കൾ ഉണർന്നു, അധ്യാപകർ ഒന്ന് കൂടി അവരെ ഉണർത്താൻ ഉണർത്തു പാട്ട് പാടി. ഒന്നാം ക്ലാസ്സ് ഇംഗ്ലീഷ് ബാച്ച് തുടങ്ങിയതേയുള്ളൂ; പക്ഷെ ഫലം കണ്ടു തുടങ്ങുന്നത് ഹൈസ്കൂൾ മലയാളം ക്ലാസ്സുകളിൽ. മദർ പിടിഎ. ക്ലാസ്സ് മീറ്റിങ്ങുകൾ. സ്കൂൾ അസംബ്ലിയിലൊക്കെ ഒന്ന്പോയി നോക്കണം നമ്മുടെ മക്കളുടെ സംഘാടന മികവ് കാണാൻ. കാസര്കോട് പ്രദേശങ്ങളിൽ ഒരു പ്ലാനും വിഷനുമില്ലാതെ തുടങ്ങി വെച്ച ''ഇൻഗ്ലീച് ഇസ്കൂളിൽ'' കെട്ടടങ്ങാൻ വിധിക്കപ്പെടുമായിരുന്ന നമ്മുടെ ഗ്രാമത്തിലെ കുട്ടികളും അവരുടെ വിദ്യാഭ്യാസവും, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതിന് പിന്നിൽ അന്നത്തെ പി.ടി.എ കമ്മറ്റിക്കും അതിനു നേതൃത്വം നൽകിയവർക്കും ചെറുതല്ലാത്ത പങ്കുണ്ട്. നൂറുമേനി നൂറുമേനി എന്നൊക്കെ കേൾക്കാനും വായിക്കാനും എളുപ്പമാണ്. അതിനു പിന്നിൽ ആത്മാർഥമായി പ്രവർത്തിച്ചവരുടെ നേതൃപാടവം മറക്കാൻ പറ്റുമോ ? ഇന്ന് ഏത് സർക്കാർ സ്ഥാപനത്തിൽ ചെന്നാലും infrastructure ഒന്ന് കൂടി മെച്ചപ്പെടുത്താനുള്ള പദ്ധതികളുമായുള്ള അപേക്ഷകളുടെ കൂട്ടത്തിൽ പട്ള പിടിഎ യുടെ പേപ്പർ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ടേബിളിനു മുന്നിൽ തന്നെ അയാളെ തുറിച്ചു നോക്കുന്ന രൂപത്തിലേക്ക് വരെ കാര്യങ്ങൾ ഇന്ന് എത്തിച്ചേർന്നു. സ്കൂളുമായി ബന്ധപ്പെട്ട എന്ത് ധനസഹായവും നമ്മുടെ പിടിഎയുടെ കണ്ണുവെട്ടിച്ചു മാറ്റാനും മറിക്കാനും പറ്റാത്ത രൂപത്തിലേക്ക് വരെ ഇന്ന് കാര്യങ്ങൾ നീങ്ങി കഴിഞ്ഞു. അതിലും വലിയ സന്തോഷം ഈ സർക്കാർ സ്കൂളിൽ പഠിച്ചു വളർന്ന മക്കൾ തന്നെയാണ് നാട്ടിലെ അധികം പ്രൊഫെഷണൽ കോഴ്സ് ബിരുദ-ബിരുദാനന്തധാരികളും. സ്വകാര്യ സ്കൂളുകളിൽ പഠിച്ചവർ എല്ലാ കാര്യത്തിലും പിന്നിലാണെന്നു തന്നെയാണ് എന്റെ ഒരു വിലയിരുത്തൽ. (മറുവാദം ഉണ്ടാകാം ). നമ്മുടെ സ്കൂൾ ഇനിയും ഉന്നതിയിലെത്തണം. അതിന്റെ പ്രതാപം നില നിൽക്കണം. അവിടെ നമ്മുടെ മക്കൾ പഠിച്ചു വളരണം. അതിനു വേണ്ട എന്ത് സഹായ സഹകരണത്തിനും നാം ഒരു പടി മുന്നിൽ തന്നെ നിൽക്കണം. ഈ ഫെബ്രവരി കഴിയുന്നതോടെയോ മാർച്ച ആദ്യത്തിലോ SSLC പരീക്ഷയ്ക്ക് സ്കൂൾ അടചേക്കും. മാർച്ച് 9 തുടങ്ങി 23ന് പബ്ലിക് പരീക്ഷ തീരും. പിന്നെ മധ്യവേനലവധി തുടങ്ങും. അതിനിടയിലുള്ള സമയം നമുക്ക് സ്കൂളിനെ മറക്കാനുള്ളതല്ല. വലിയ പ്രതീക്ഷയോടെ തുടങ്ങിയ പ്രീ -സ്കൂളിലേക്കടക്കം മക്കളെ ചേർക്കാനുള്ളതാണ്. അതിനു ''കുടയും വടി''യുമെടുത്ത് ഫീൽഡിൽ ഇറങ്ങാനുള്ളതാണ്. സി.പി. നേതൃത്വത്തിന്റെ കയ്യിൽ നല്ല ഒരു ഡാറ്റാ ബാങ്കുണ്ട്. ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടിയൊക്കെയാണ്‌ നമ്മൾ അന്നത് മുൻകൈ എടുത്തുണ്ടാക്കിയത്. ചെറിയ മക്കളുടെ ലിസ്റ്റെടുക്കാൻ എക്സെൽ ഫയലിൽ filtering ചെന്നാൽ, ഒരു ''ക്ലിക്ക്'' മതി. ബന്ധപ്പെട്ടവർ ഉപയോഗപ്പെടുത്തുക. യുവാക്കളുടെ ഊർജ്ജം കുറച്ചു ഇതിനായും ഉപയോഗിക്കാം. ഞങ്ങളെ മൈന്ഡ് ചെയ്യുന്നില്ലെന്ന യുവരക്തത്തിന്റെ പരാതിയും തീരും. ''Good Habits Formed at Youth and Make all Difference'' Arestotel. അത്കൊണ്ട്, Make Use of Them, ആരെ ? യുവാക്കളെ.

എന്റെ യാത്ര

എന്റെ യാത്ര അസ്ലം മാവില പ്രവാസകാലം തല്കാലത്തേക്ക് ഒഴിവാക്കി നാട്ടിൽ 18 മാസം പൂർത്തിയാക്കി. യാഹൂ ചാറ്റിംഗ് വഴി പരിചയപെട്ട പത്തനംതിട്ടക്കാരൻ രഞ്ജിത്ത് ഇടയ്ക്കിടക്ക് പറയും ബോംബയിലേക്ക് വണ്ടി കേറാൻ. അവന്റെ റൂമിൽ താമസിക്കാം. ജോലി അന്വേഷിക്കാം. എന്റെ സി.വി. നോക്കി പുള്ളി പറയും - ഒരു മാസത്തിനുള്ളിൽ എന്തായാലും ജോലി ശരിയാകും. അതിനിടയിൽ അബദ്ധത്തിൽ വന്ന ഒരു ഫോൺ കോളിൽ പരിചയപ്പെട്ട കൊച്ചിക്കാരൻ എന്നോട് എറണാകുളം വരാൻ പറഞ്ഞു - അവന്റെ സുഹൃത്ത്‌ അവിടെയുള്ള ഒരു എസ്. ഐയുടെ ഭാര്യ ജോലി ചെയ്യുന്ന റിക്രൂട്ട് എജെൻസിയിൽ പോയി പേര് രജിസ്ടർ ചെയ്യാൻ. കൊച്ചിയിൽ പോയി എന്റെ ഡിമാണ്ടിനനുസരിച്ചുള്ള ജോലി അല്ലാത്തത് കൊണ്ട് ഞാൻ തിരിച്ചു വന്നു. പിന്നെ രണ്ടും കൽപ്പിച്ചു 2012 ഒരു മെയ് മാസം ആദ്യം ബോംബയിലേക്ക് വണ്ടി കയറി . (ടി.പി. ചന്ദ്ര ശേഖരൻ വധമൊക്കെ ന്യൂസ് ചാനലിൽ കാണുന്നത് അവിടെ വെച്ചാണ് ) അവിടെ മാഹിമയിൽ കമ്പനി നൽകിയ രണ്ജിത്തിന്റെ ചെറിയ ഒരു ഫ്ലാറ്റിൽ ഞാൻ താമസം. സുബഹിക്ക് നമസ്ക്കരിക്കാൻ അവന്റെ സ്നേഹപൂർവ്വമുള്ള വിളി. സഊദി അറേബ്യ ദിക്ക് നോക്കി അവന്റെ ഗൂഗിൾ സേർച്ച്‌.. ; എന്നോടുള്ള സ്നേഹം കൊണ്ട് അന്ന് വരെ അവിടെ ശനി, ഞായർ ദിവസങ്ങളിലെ അവന്റെയും കൂട്ടുകാരുടെയും ''കുപ്പി പൊട്ടിക്കൽ'' ബഹളം, വേറൊരു ഫ്ലാറ്റിലേക്ക് മാറ്റുകയും ചെയ്തു. എനിക്ക് സംശയത്തിനു ഇടവരാത്ത വിധം ജീവനുള്ള കോഴി കൊണ്ട് വന്നു എന്നെകൊണ്ട്‌ അറുപ്പിച്ചു മെസ്സ് സജീവമാക്കൽ ... എന്നെ അതൊക്കെ അത്ഭുതപ്പെടുത്തി. എന്നും രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ജോലി അന്വേഷണം. ഏറെ വൈകിയാണ് ഞാൻ റൂമിൽ തിരിച്ചു വരിക. ഫ്ലാറ്റിനു താഴെ വലിയ ഹോസ്പിറ്റൽ Sugun Multi-specialty Hospital ആണോ S L Raheja Hospital ആണോ എന്ന് ഓർമ്മയില്ല. അതിന്റെ വലതു വശം ഒരു പെട്ടിക്കട. പെട്ടിക്കടയിൽ നിന്ന് നാല് ചുവട് വെച്ചാൽ ഒരു ബിഹാരി നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു പത്രങ്ങൾ വിൽക്കുന്നുണ്ടാകും. അവിടെ നിന്നാണ് ഞാൻ എനിക്ക് ആവശ്യമുള്ള പത്രങ്ങൾ വാങ്ങുന്നത്. NRI Assignment Times, Assignment Abroad Times മുതലായവ. എന്നെ കാണുമ്പോൾ തന്നെ പുള്ളിക്ക് മനസ്സിലായിട്ടുണ്ട് ജ്വാലി തപ്പി വന്ന പാർട്ടിയെന്നു. ഏറ്റവും പുതിയ എഡിഷൻ എനിക്ക് അയാൾ തരും. പിന്നെ അതിലെ എനിക്ക് ഇണങ്ങിയ ജോലി വേക്കൻസികൾ മാർക്ക് ചെയ്ത് നേരെ റെയിൽവേ സ്റ്റെഷനിലെക്ക്. ഞാൻ താമസം വെസ്റ്റ്‌ മാഹിം. 10-15 മിനുട്ട് നീട്ടി നടക്കണം അവിടെ എത്താൻ. തിരക്ക് പിടിച്ച 28 ദിവസങ്ങൾ. തലങ്ങും വിലങ്ങും ഞാൻ ജോലി നോക്കി ഇറങ്ങും. നരിമാൻ പോയിന്റു മുതൽ ഇങ്ങു വാഷി വരെ എന്നും തീവണ്ടി യാത്ര. ഒന്നുകിൽ പടിഞ്ഞാറ് വശമായിരിക്കും ഞാൻ അന്വേഷിക്കുന്ന റിക്രൂട്ട്മെന്റ് ഓഫീസുകൾ; അല്ലെങ്കിൽ കിഴക്ക് വശം. ഒരാളും വഴി അന്വേഷിച്ചപ്പോൾ എന്നോട് വഴി മാറി പറഞ്ഞിട്ടില്ല. അവർ പറഞ്ഞത് തന്നെയായിരുന്നു ആ ഓഫീസുകൾ എത്തിപ്പെടാൻ ഏറ്റവും എളുപ്പവും. രസകരവും അത്ഭുതപ്പെടുതുന്നതുമായ കുറച്ചു അനുഭവങ്ങൾ എനിക്ക് ആ ബോംബെ തീവണ്ടി യാത്രകളിലും നഗര ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഇന്ന് പറയുന്നതിൽ നിങ്ങൾ സാധാരണ എന്റെ എഴുത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന താമാശയൊന്നുമില്ല. അന്ന് അതിരാവിലെ തന്നെ നോർത്ത് അന്ധേരിയിൽ ഇറങ്ങി. അന്നും പതിവ് പോലെ 10-20 ബയോഡാറ്റ എന്റെ ഫയലിൽ ഉണ്ട്. പത്ര പരസ്യം കണ്ട സ്ഥലത്തേയ്ക്ക് ഞാൻ വണ്ടിയിറങ്ങി നടന്നു. കുറച്ചു ദൂരമുണ്ട്. ഒരു ഹിന്ദി ചാച്ച എന്നോട് പറഞ്ഞു - ''ആ പറഞ്ഞ സ്ഥലം അത്ര പന്തിയല്ല. ഉധർ സബ് ചോർ ലോഗ് ഹേ. പാസ്സ്പോർട്ട് നഹീ ദേനാ. പൈസ ഭീ ദൊ മത്.'' ഹാ ..ഒരു വഴിക്കിറങ്ങിയതല്ലേ, പോയിക്കളയാമെന്നു ഞാൻ തീരുമാനിച്ചു. വളഞ്ഞു പുളഞ്ഞു ഞാൻ ഒരു പഴയ കെട്ടിടത്തിന്റെ അടുത്ത് എത്തി. ഏതു സമയത്തും വീഴുമോന്നു തോന്നിക്കുന്ന ബിൽഡിംഗ്‌.; നാലോ അഞ്ചോ നിലയിൽ ഒരു ബോർഡ് തൂങ്ങുന്നുണ്ട്. അതിലെ അക്ഷരങ്ങൾ അത്ര വ്യക്തമല്ല. അതും ലക്ഷ്യമാക്കി കെട്ടിടത്തിനകത്തെ ഇരുണ്ട ഇടനാഴിയിൽ കൂടി നടന്നു. എന്റെ മൊബൈലിലെ ടോർച്ചു ഞെക്കിപ്പിടിച്ചു ചവിട്ടു പടി കണ്ടു പിടിച്ചു. റോബിന്സൺ ക്രൂസോയിലെ കെട്ടിടമൊക്കെ ഇതിന്റെ മുന്നിൽ ഒന്നുമല്ല. നാലാം നിലയിൽ എത്തിയപ്പോൾ അവിടെ ഒരു ഓഫീസ്‌ കണ്ടു. ഞാൻ വാതിൽ തുറന്നു അകത്തു കയറി. Have a pleasant Day ! I came here looking for the job you published in a magazine ? whhhatt ...? ഒരു മീശക്കാരൻ സർദാർ സർവ്വ ഒച്ചയിലും. If I am not made mistaken, It is the office I think. If not , I may leave the place. അതും പറഞ്ഞു ഞാൻ ഇറങ്ങാൻ ഭാവിക്കുമ്പോൾ, പിന്നിൽ നിന്ന് ഒരു മാതിരി ഒച്ച. ''റൂക്ക് ജാ ....'' വയറൊക്കെ ചാടി ഒഴുകിയ വെളുത്തു തടിച്ച ഒരാൾ കസേരയോ മറ്റോ നീക്കി എഴുന്നേറ്റ് എന്റെ അടുത്ത് വന്നു . ടൈയ്യും ഫയലുമായി നിൽക്കുന്ന എന്നെ അയാളും ആപാദ ചൂഡം സ്കാൻ ചെയ്തു, ഇതേതു അലവലാതി എന്ന ഭാവത്തോടെ. who the hell did send you here ? ഞാൻ പറഞ്ഞു- ''ആരും അയച്ചതല്ല, പത്ര പരസ്യം കണ്ടു വന്നതാണ്. ഞാൻ പോയേക്കാം. എനിക്ക് വേറെയും അഞ്ചെട്ടു ഓഫീസ് കേറിയിറങ്ങാനുള്ളതാ..'' പെട്ടെന്ന്, എനിക്ക് ചെറിയ ഒരു വല്ലായ്ക അനുഭവപ്പെട്ടു. ഹിന്ദി ചാച്ച പറഞ്ഞത് അപ്പോൾ ഓര്മ്മ വന്നു. പണി പാളിയോ ? എവിടെ പോയാലും ഞാനിറക്കുന്ന ചില നമ്പരുകളുണ്ട്. അതിലൊന്ന് അവിടെ കാച്ചി. May I sit here to have a cup of water, if you don't mind. ( ഇതൊക്കെ എന്നെത്തന്നെ മാർകെറ്റിംഗ് ചെയ്യുന്നതിന്റെ ഭാഗമായുള്ള കുളൂസുകളാണ്. അവർ ഒരു കപ്പു വെള്ളം കൊണ്ട് വരാൻ പോകുമ്പോഴോ ആരോടെങ്കിലും വെള്ളത്തിന്‌ പറയുമ്പോഴോ ഞാൻ എന്റെ ബാഗിൽ നിന്ന് ബോട്ടിൽ വെള്ളമെടുത്തു മോന്തും. അതും ചുമ്മാ ... എന്റെ ഉദ്ദേശം അവിടെ ഒന്ന് ഇരിക്കണം. വെള്ളം കുടിക്കാൻ ഇരിക്കണമെന്നൊക്കെ പറഞ്ഞാൽ NO എന്ന് ആരും പറയില്ല. കൂട്ടത്തിൽ, ചമ്മലും മാറിക്കിട്ടും; ഇന്റർവ്യൂവിനു അറ്റൻഡ് ചെയ്യാൻ കുറച്ചു ബോൾഡ് ആകും. വെള്ളം മോന്തുന്നതിനിടക്ക് front office ൽ ഉള്ളവരിൽ നിന്ന് ഈ കമ്പനിയെകുറിച്ചും ''ദുഫായ്'' കമ്പനിയെ കുറിച്ചും ഒരു ചെറിയ ധാരണ കിട്ടുകയും ചെയ്യും ) ''ടീക്ക് ഹേ ....'' വയർ ചാടിയ ആൾ ഒന്ന് കൂളായത് പോലെ. ഞാൻ ബോട്ടിൽ തുറന്നു ജലപാനം തുടങ്ങി. പത്ര കട്ടിംഗ് നോക്കി എന്നോട് പുള്ളി പറഞ്ഞു - ഇത് താൻ ഉദ്ദേശിക്കുന്ന ഓഫീസല്ല. പരസ്യം കൊടുത്തവന് പടിഞ്ഞാറ് കിഴക്കായതാണ്. ദ്വാരാ നഹീ ആനാ ...ജാ ....ടീക്ക് ഹേ ...'' അതിൽ ഫോൺ നമ്പറില്ല. ഒരു മെയിൽ ഐഡി കൊടുത്തിട്ടുണ്ട്. ഒരു കോഫി ഷോപ്പിന്റെ എതിർ വശമുള്ള കെട്ടിടം, നാലാം നില. ആ കെട്ടിടത്തിൽ നിന്ന് ഇറങ്ങി വരാൻ എനിക്ക് പിന്നെ ടോർച്ചിന്റെ ആവശ്യമേ വന്നില്ല. അന്നത്തെ എല്ലാ ഇന്റർവ്യൂവും വേണ്ടെന്നു വെച്ച് ഞാൻ പെട്ടെന്ന് റൂമിലെത്തി. രാത്രി രണ്ജ്തിനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ രണ്ജ്തിന്റെ മറുപടി - '' ഇവിടെ ഒരു പാട് കൊട്ടേഷൻ കേന്ദ്രങ്ങളൊക്കെ ഉണ്ട്, അന്ധേരി ഭാഗത്ത് പ്രത്യേകിച്ച്. നീ അവന്മാരുടെ മടയിൽ എത്തിയതായിരിക്കും. തടി കേടാകാതെ തിരിച്ചു വന്നത് ഭാഗ്യം. ഇല്ലെങ്കിൽ ''ഗുദാഗവാ'' ആയേനെ.

ഒ .എൻ .വി. അവസാനമെഴുതിയ കവിത

ഒ .എൻ .വി. അവസാനമെഴുതിയ കവിത ആശുപത്രിയിൽ പേ വാർഡെന്നാൽ പേ പിടിച്ചോർ ക്കുള്ള വാർഡാണെന്നോ വെറും പാവമെന്നെയെന്തിനിതിൽ നിങ്ങൾ കിടത്തി ? ശുദ്ധവായു ശീതീകൃത- മാക്കിടുന്നോ ?വിറയ്ക്കുമ്പോൾ കട്ടിപ്പുതപ്പു കൊണ്ടെന്റെ യുടൽ മൂടുന്നോ? തണുപ്പിച്ചു, പിന്നെ ചൂടു പുതപ്പിച്ചു പനിയള- ന്നറിയുവാൻ മിനക്കെടു ന്നിതല്ലേ ഭ്രാന്ത് ? ........വേഗമെന്നെയിവുടിന്ന് വിട്ടയച്ചാലും ഐ.സി.യു.വിൽ എന്ത് തീവ്രപരിചരണ തിനായ് എന്നെയീ മറക്കുള്ളിൽ കിടത്തുന്നു ? പത്തി നീർത്തുന്ന മൃത്യുവിൻ കൊത്തേറ്റു മർത്ത്യ ജന്മം പൊലിയുന്ന കാണാനോ? കുറിപ്പ് : ഈ ജ്ഞാനപീഠ ജേതാവിന്റെ കവിത സാധാരണക്കാരന്റെ വായനാ സുഖത്തെ ഒരണുകിട പോലും നോവിച്ചില്ല. ഒരു ദുർഗ്രാഹ്യതയും വരുത്തിയില്ല. നാം കണ്ടും കേട്ടും പരിചയിച്ച വാക്കുകൾ ! പദങ്ങൾ ! മഹാകവിയുടെ വിരലുകളിൽ അവ വിസ്മയം തീർത്തു.

എന്റെ ഓർമ്മയിലെ ഒ .എൻ .വി.

എന്റെ ഓർമ്മയിലെ ഒ .എൻ .വി. അസ്‌ലം മാവില ഇരുപത്തെട്ട് വർഷം പിന്നിലേക്ക്. കാസർകോട്‌ ഗവ: കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലം. അഴിക്കോടും വിജയൻ മാഷും സുകുമാരൻ സാറും എന്റെ favorite പ്രസംഗകരും ഒ .എൻ .വിയും സുഗതകുമാരിയും അയ്യപ്പപണിക്കരും favorite കവിത്രയങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന കാലം. ഒ .എൻ. വി. കാസർകോട് എത്തുന്നുണ്ടെന്ന് കോളേജിനകത്ത് പ്രൊഫ. ഇബ്രാഹിം ബെവിഞ്ചയുടെ ക്യാബിനു എതിർവശത്തുള്ള മതിലിൽ കൈപ്പടകൊണ്ടുള്ള നോട്ടീസ് എന്റെ ശ്രദ്ധയിൽ പെട്ടു. വൈകുന്നേരം. സ്ഥലം ടൌണ് യു.പി. സ്കൂൾ. ഞാനും കവി മധുവും (മധു ഇന്ന് ഗവ തലത്തിൽ ഉന്നത ഉദ്യോഗം വഹിക്കുന്നു ) നേരത്തെ തന്നെ അവിടെയെത്തി. ഒ. എൻ.വി യെ സ്റ്റെജിൽ പ്രതീക്ഷിച്ചു കുറെ നേരം ഞങ്ങൾ ഒരു ബെഞ്ചിൽ ഇരുന്നു. പുറത്ത് ജനാലയിൽ കൂടി മധു എനിക്ക് കൈ ചൂണ്ടി പറഞ്ഞു - ദേ, ഒ .എൻ .വി. തൂവെള്ള വസ്ത്രധാരിയായ മനുഷ്യൻ. മൂക്ക് കണ്ണട. നന്നായി ചീകി ഒതുക്കി വെച്ച തലമുടി. തോൾ സഞ്ചിയുമില്ല; ഭുജി ഊശാൻ താടിയുമില്ല. വൃത്തിയും വെടിപ്പുമുള്ള മനുഷ്യൻ. അദ്ദേഹം സ്കൂൾ പരിസരവും അവിടെയുള്ള പൂച്ചെടികളും ചുറ്റുപാടും നോക്കി നടന്നു നീങ്ങുന്നു. പൂൻതേൻ തേടിയുള്ള വണ്ടിനെപ്പോലെ തന്റെ കവിതയ്ക്കുള്ള ''റോ മെറ്റീരിയൽ'' തെരയുകയായിരുന്നു അദ്ദേഹമെന്ന് തുടർന്ന് നടന്ന പ്രസംഗത്തിൽ നിന്ന് മനസ്സിലായി. ഒ .എൻ .വി അങ്ങിനെയാണ്. കുറെ സമയം ഒരിടത്തും ഇരിക്കില്ലത്രേ. അന്ന് അവിടെ അദ്ദേഹം ''ഭൂമിയ്ക്കൊരു ചരമ ഗീതം'' ആലാപനം നടത്തി. മുഴുവനല്ല അതിലെ ആദ്യത്തെ കുറച്ചു ഭാഗം. കൂട്ടത്തിൽ ഹ്രസ്വമായ കവിത തുളുമ്പുന്ന പ്രസംഗവും, പുറം കാഴ്ച കാണുന്നതിന്റെ രഹസ്യവും പറഞ്ഞു സദസ്സിന്റെ കയ്യടി വാങ്ങി. വൈകുന്നേരത്തെ തീവണ്ടി സമയമായത് കൊണ്ടാകാം അദ്ദേഹം പ്രസംഗം കഴിഞ്ഞയുടനെ തന്നെ വേദി വിട്ടു. എല്ലാവരും സദസ്സ് ഒഴിയുകയും ചെയ്തു. പിന്നെ കുറെ ദിവസക്കാലം മധുവിനും എനിക്കും കൂട്ടുകാർക്കും കോളേജ് ക്യാമ്പസിലെ മരച്ചുവട്ടിലിരുന്നു ഒ .എൻ .വിയെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെകുറിച്ചും സംസാരിക്കലായിരുന്നു പ്രധാന ഏർപ്പാട്. രാഘവൻ മാഷും കെ.എം. അഹമ്മദ് മാഷും ബേവിഞ്ച സാറുമായിരുന്നു അന്ന് സാഹിത്യ വേദിയുടെ സാരഥികളും സംഘാടകരും. ആദരാഞ്ജലികൾ ! ''ഭൂമിക്കൊരു ചരമ ഗീത''ത്തിൽ നിന്നുള്ള ഏതാനും വരികൾ ചുവടെ : ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍- നിഴലില്‍ നീ നാളെ മരവിക്കേ, ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ; ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ എണ്ണിയാല്‍ തീരാത്ത, തങ്ങളിലിണങ്ങാത്ത സന്തതികളെ നൊന്തു പെറ്റു! ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത് കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ കണ്ണീരൊഴുക്കി നീ നിന്നൂ! പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ നിന്നു നീ സര്‍വംസഹയായ്! .................................................... .................................................. aslam mavilae

Nireekshanam

ഈ കുറിപ്പുകാരനെ കുറിച്ച് ആ കുറിപ്പുകാരന്റെ പരാമർശത്തിൽ വലിയ യോജിപ്പില്ലെങ്കിലും അദ്ദേഹം പൊതുവായി പറഞ്ഞ അഭിപ്രായങ്ങളോട് (മുഴുവനല്ലെങ്കിലും) സിംഹഭാഗവും യോജിച്ചേ തീരൂ. ഒരു വ്യത്യസ്തത ഉണ്ടായിക്കൊള്ളട്ടെ ഇങ്ങിനെ കിട്ടിയ കൂട്ടായ്മക്ക്. ചില പുസ്തക ചർച്ചകൾ ആകാമെന്ന് ഫവാസും സാപും അരമനയും പിന്നീട് സജീവമായ അസീസും ഷരീഫുമൊക്കെ അഭിപ്രായപ്പെട്ടത്തിന്റെ ഭാഗമാണ് RT നിലനിന്നത്. തുടക്കത്തിൽ ഒന്ന് രണ്ടു പുസ്തകങ്ങൾ ചർച്ച ചെയ്തിരുന്നു. അന്ന് സാകിർ അഹമദ് , ഫവാസ് ടി.പി., നിസാർ ടി.എച്ച്, സൈദ്‌, റസാ (ക്ക്), അസ്‌ലം പട്ള, സി. എച്ച്, എം.എ മുതലായവർ സജീവമായിരുന്നു എന്നാണെന്റെ ഓർമ്മ. മൊത്തം 15 പേർ ഉണ്ടായിരുന്നു . ആഴ്ചയിൽ രണ്ടു ദിവസം. അതും ഒന്നോ രണ്ടോ മണിക്കൂർ. ഞാനത്ര സജീവമല്ലെങ്കിലും സമയം കിട്ടുമ്പോഴൊക്കെ അവിടെ ഇടപെടാറുമുണ്ട്. അന്ന് ശരിക്കും കുടുംബ-രാഷ്ട്രീയ-മത(അവാന്തര)-മഹല്ല്- ക്ലബ്‌---, ക്ലാസ്സ്മെറ്റ്സ്- സേവന കൂട്ടായ്മകളുടെ ഒരു വലിയ ബഹളമായിരുന്നു. കൃത്യം ഒന്നര വർഷം മുമ്പ്. കൂട്ടത്തിൽ ഒരു ലൈബ്രറി കൂട്ടായ്മയും അന്ന് ഉണ്ടായിരുന്നു . ഞങ്ങളെ പോലുള്ളവർ ആ കൂട്ടായ്മയിൽ വലുതായി പ്രതീക്ഷിച്ചു. ദൗർഭാഗ്യമാകാം, അതിൽ ഇടപെടുന്നതിലപ്പുറം വീഡിയോസ്, ''സിംഹവാലൻ'' ടെക്സ്റ്റ് അടക്കം വേണ്ടായ്കകൾ അനാവശ്യ കീഴ്വഴക്കങ്ങൾ ഉണ്ടാക്കി. അവ അനിയന്ത്രിതമായി തുടർന്നപ്പോൾ ഫയാസ് തുടങ്ങി വെച്ചതാണ് RT. ഫയാസ് ഒരൽപം പിന്മാറിയപ്പോൾ, (പിന്നെയും) വളരെക്കഴിഞ്ഞാണ് ഒരു നിയോഗം പോലെ RT ചിലരാൽ സജീവമാകുന്നത്. രണ്ടു പേരെ ഇവിടെ ഞാൻ പരാമർശിക്കും, എന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചവരാണ് ആ മാന്യ വ്യക്തിത്വങ്ങൾ - അരമന മുഹമ്മദ് , ഷരീഫ് കുവൈറ്റ്. അവരുടെ ''ഉടുമ്പിന്റെ പിടുത്ത''മാണ് എനിക്ക്പോലും അത്ഭുതമായി RT ഇന്നും കത്തി നിൽക്കുന്നത്. അത് പോലുള്ള നിസ്വാർത്ഥരുടെ മഹനീയ സാനിധ്യമാണ് RT യുടെ ഊർജ്ജവും. അദ്ദി (അബ്ദുൽ റഹ്മാൻ) എന്ന കുറിപ്പുകാരന്റെ അഭിപ്രായങ്ങൾ (വ്യക്തി പരാമർശങ്ങൾ ഒഴിവാക്കി) നിങ്ങൾ മുഖ വിലക്കെടുത്താൽ നന്ന് എന്ന് എനിക്കും തോന്നുന്നു. അസ്‌ലം മാവില

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

മാവിലേയൻ

സ്കൂൾ വിട്ടാൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വീട്ടിലേക്കുള്ള പല വ്യഞ്ജന സാധനങ്ങൾ കൊണ്ട് വരാൻ  ഉമ്മ അധികവും എന്നെയാണ് മധൂരിലേക്ക്  അയക്കാറുണ്ടായിരുന്നത് - ഉപ്പാന്റെ കടയിലേക്ക്. മധൂർ കായിഞ്ഞി, മഞ്ചത്തട്ക്ക  മാന്യയൊക്കെ അന്ന്  ഉപ്പാന്റെ കടയിൽ നിന്ന് അടയ്ക്ക തലച്ചുമടായി  കൊണ്ട് വരും, വീട്ടു മുറ്റത്ത്‌ ഉണക്കാനിടാൻ. അരിയും പഞ്ചസാരയുമൊക്കെ  ഇവരുടെ കയ്യിൽ ഉപ്പായ്ക്ക്  കൊടുത്തയച്ചാലെന്താന്നൊക്കെ ഞൊടിഞായം പറഞ്ഞു സ്കൂട്ടാവാൻ ഞാൻ   മാക്സിമം ഉമ്മാനോട് തർക്കിക്കും. അതൊക്കെ കേട്ട്,  പെങ്ങന്മാർ എതിർ വാദം പറഞ്ഞു ഉമ്മാക്ക് ലോ പോയിന്റ് പറഞ്ഞു കൊടുക്കും. പുല്ലരിയുന്ന  സൌകുമാരെ കാണിച്ചാണ് അവർ എന്നെ മധൂരിലേക്കും കൊല്ലത്തെക്കും അയക്കുന്നത്   - ''നോക്ക്, സാലേന്നു ബന്നിറ്റ് സൌക്വോ എല്ലാറും പുല്ലരിയാൻ പോന്നെ... ജോന്  മധൂർക്ക് പോയിറ്റ് രണ്ട് മിൻറ്റിൽ ബെരാൻ ബെനെ ...'' അതോടെ   ശുദ്ധനായ എന്റെ ന്യാമായ നിര്ദ്ദേശം  വായുവിൽ  ഇല്ലാതാവും. പിന്നെ  സ്വയം പ്ലിങ്ങി  ഒരു ടങ്കീസിന്റെ ബാഗുമായി  ഇറങ്ങും.    കൂടെ    എണ്ണയ്ക്കുള്ള കുപ്പിയോ ഇല്ലെങ്കിൽ മണ്ണെണ്ണയ്ക്കുള്ള കന്നാസോ ഉണ്ടാകും.   അരി മുതൽ തേങ്ങ വരെ ബാഗിൽ കുത്തി നിറച്ച് വരും.  പോകുന്ന ഡ്രസ്സൊക്കെ സ്കൂൾ യൂനിഫോർമിൽ തന്നെ - കോര്ത്തിന്റെ കുപ്പായം ''പ്ലസ്‌'' നീല ട്രൌസർ. ( അന്നൊക്കെ  മിക്ക കുട്ടികളുടെയും  ട്രൌസറിന് ഇംഗ്ലീഷിലെ എക്സ് (X ) ആകൃതിയിൽ ഉള്ള വള്ളി  പിന്നാലെ വെച്ച് പിടിപ്പിച്ചിരിക്കും. തൂഫാൻ വന്നാലും ഓടുമ്പോൾ  നിക്കർ ഊരാതിരിക്കാൻ.)  

ഒരു ഞായറാഴ്ച. രാവിലെ  പത്ത്- പാതിനൊന്നു മണിയായിക്കാണും. കയ്യിൽ സാധനങ്ങളുടെ ചീട്ടും കക്ഷത്ത്‌ സഞ്ചിയുമായി മധൂരിലേക്ക് തിരിച്ചു.  പാലമൊക്കെ കഴിഞ്ഞ് ഇപ്പോൾ നമ്മുടെ അസീസിന്റെ തോട്ടമുള്ള സ്ഥലത്തെത്തിയപ്പോൾ ഒരു സൗകു. അവൻ മധൂരിൽ നിന്ന് വരുന്ന വഴി. വലിയ ഒരു ഏർപ്പാടിലാണ് പുള്ളി. അന്ന് അവിടെ റോഡ്‌ അറ്റകുറ്റ പണി നടത്താൻ വേണ്ടി ടാർ നിറച്ച ഡബ്ബ അങ്ങിങ്ങായി റോഡിന്റെ വശങ്ങളിൽ ഉണ്ട്. അതിൽ ഒന്നിന്റെ അടുത്താണ് സൗകു. അതിന്റെ വക്കിൽ പറ്റിപ്പിടിച്ച ടാർ സൗകു മെല്ലെ ചുരണ്ടിയെടുത്ത് ചുണ്ടലിങ്ങ വലിപ്പത്തിൽ ഉരുട്ടി എടുക്കുന്നു. അഞ്ചെട്ടെണ്ണം അവന്റെ കീശയിൽ ഉണ്ട്. ഞാൻ ചോദിച്ചു - സൌകൂ, ഇതെന്തിനാ ? അവൻ പറഞ്ഞു - വീട്ടിൽ പോയി ഇതു കൊണ്ട് കളിക്കാൻ.
പിന്നെ ഇത് ഉണ്ട മിട്ടായിന്നു ചെല്ലീറ്റ് മാമാക്കൊട്ക്കണം. ഇതും പറഞ്ഞു അവൻ കുറെ ചിരിച്ചു. അന്ന് ഇതേ കളറുള്ള തേങ്ങയിൽ ചാലിച്ച ഉണ്ട മിടായി ഉണ്ടായിരുന്നു.  എന്തൊരു ബുദ്ധി, പേരക്കുട്ടിയുടെ സമ്മാനെയ്‌ . )

എന്റെ മണ്ടയിൽ മറ്റൊരു ഉപായമാണ് ഉദിച്ചത്. അന്ന് എന്റെ വീട്ടിൽ ഒന്ന് രണ്ടു അലുമിനിയം കടയം (കുടം) ഉണ്ട്. ഈ ശരീരത്തിൽ  അമ്പ് കൊള്ളാത്ത  സ്ഥലമില്ല എന്ന് പറഞ്ഞത് പോലെ,  അത് ഉടയാത്ത ഒരിഞ്ചു സ്ഥലമില്ലായിരുന്നു.  അന്നൊക്കെ ഞങ്ങളുടെ വീട്ടിലെ കിണർ ഫിബ്രവരിയാകുമ്പോൾ വറ്റാൻ തുടങ്ങും. നമ്മുടെ പ്രദേശത്ത് തന്നെ ഉറവ ഇല്ലാത്ത കിണറുകളിൽ ഒന്നാണ് അത്. ചേടി മണ്ണ്. പടവില്ല. മുഴുവൻ ഇടിഞ്ഞു വീണിട്ടുണ്ട്. മാർച്ച് ആകുമ്പോൾ കിണറിന്റെ ഒത്ത നടുവിൽ ഉള്ള വെള്ളം കിട്ടാൻ ഞാനൊക്കെ കുടം കയറിൽ കുടുക്കിട്ട് ഒരു ഏറാണ്. ചിലപ്പോൾ അത് എവിടെയെങ്കിലും പോയി ശക്തിയിൽ ഇടിച്ചു  വീഴും. അതിന്റെ മെഡുല ഒബ്ലം ഗേറ്റിൽ സാരമായ പരിക്കുമായിട്ടായിരിക്കും   തിരിച്ചു വരിക. അത് കൊണ്ട് മിക്ക കുടങ്ങളും ഒന്നൊന്നൊര രൂപമായിരിക്കും. മിക്കതിനും ഓട്ടയും ഉണ്ടാകും. ഞങ്ങൾക്ക് ഒരു കടയം ഉണ്ടായിരുന്നു - നമ്മുടെ തലച്ചോറിന്റെ രൂപമായിരുന്നു. കൂട്ടത്തിൽ ചോർച്ചയും.  ഞാൻ ഒരുപാട് തവണ അത് നോക്കി മാത്രം ഊറി ഊറി ചിരിച്ചിട്ടുണ്ട്. ആ പറയപ്പെട്ട ''തലച്ചോറി''ലെ ഓട്ട അടക്കാമല്ലോ എന്ന നല്ല ഒരു ഉദ്ദേശം.  അത് നടന്നു കിട്ടിയാൽ ഉമ്മാന്റെ അഭിനന്ദനവും ചൂടോടെ കിട്ടും.

ഞാൻ അമാന്തിച്ചില്ല.  സഞ്ചിയും താഴെ വെച്ച് എനിക്ക് പറ്റാവുന്ന തരത്തിൽ കുറെ എണ്ണം ഉരുട്ടി എടുത്തു. കുറെ ഷർട്ടിന്റെ കീശയിൽ, വേറെ കുറെ ട്രൌസറിന്റെ കീശയിലും നിറച്ചു. ഉപ്പാന്റെ കടയിൽ എത്തും വരെ ഞാൻ എണ്ണി നോക്കി ഉറപ്പു വരുത്തി, ഒന്നും താഴെ വീണിട്ടില്ലല്ലോയെന്നു.

കടയിൽ നിന്ന് സാധനങ്ങളുമായി ഞാൻ ഇറങ്ങി. പിന്നെ ആ ടാറുണ്ട കൊണ്ട് വേറെന്തൊക്കെ ചെയ്യാമെന്ന ചിന്തയിൽ തലപുകഞ്ഞു. അന്ന്  നല്ല ചൂടുള്ള ദിവസമായിരുന്നു.  ഏപ്രിൽ, മേയോക്കെ ആയിരിക്കണം. ഞാൻ നമ്മുടെ പാലമൊക്കെ കടന്നപ്പോൾ എന്റെ ഇടതു നെഞ്ചത്ത്‌ ഒരു കുരു കുരുപ്പ്.  യൂ നോ ..സംതിങ്ങ് ''ഒട്ടൽസ്''. ഒരു കയ് സഞ്ചിയിൽ പിടിച്ചിട്ടുണ്ട്. മറ്റൊരു കയ്യിൽ എള്ളെണ്ണയുടെ കുപ്പിയും. ഞാൻ മെല്ലെ കണ്ണ് താഴോട്ടിട്ടു. ''ഓ  മൈ ..ഗോഡ് ! എന്റെ നെഞ്ചത്ത്‌ കൂടിയാണ് ടാറിടുന്നത്. സത്യം എനിക്ക് എത്ര ആലോചിച്ചിട്ടും അപ്പോൾ മനസ്സിലായില്ല - ''വൈ ദിസ് കൊലവരി'' എന്ന്.  ചുണ്ടങ്ങാ പരുവത്തിൽ ഉരുട്ടിയ ടാർ എങ്ങിനെയാ ഇമ്മാതിരി ഒലിച്ചിറങ്ങുന്നത് ?

ഞാൻ ഉടനെ  എണ്ണ കുപ്പി  താഴെ വെച്ച് കീശയിൽ കയ്യിട്ടു. നാല് വിരലും ചാണക രൂപത്തിൽ തിരിച്ചു വന്നു. തലച്ചുറ്റിയോ എന്നറിയില്ല. പിന്നെ അറിയാതെ എണ്ണകുപ്പിയുടെ വള്ളിയിൽ പിടിക്കുന്നതിനു പകരം അതിന്റെ കഴുത്താണ് പിടിച്ചത്, ദേ , അവിടെ കയ്യിലെ ടാർ ഒട്ടിപ്പിടിച്ചു. വലത്തേ കീശയിൽ അങ്ങിനെ ഉണ്ടാകാൻ വഴിയില്ല എന്ന അമിത ആത്മ വിശ്വാസം തലയിലെ കെട്ടു ഒരു ബാലൻസിൽ നിർത്തി കൈ അവിടെന്നു വിട്ടു കയ്യിട്ടതും തലയിലെ കെട്ടിന്റെ ബാലന്സ് തെറ്റിയതും ഒന്നിച്ച്. അതിലും മോശമായി  ടാറിൽ വഷളായ ഉടനെ അറിയാതെ മുകളിലെ കെട്ടിലേക്ക്. ആ സഞ്ചി അങ്ങിനെ പോയിക്കിട്ടി. ബാലന്സ് തെറ്റിയ ആഘാതത്തിൽ ആയിരിക്കണം ചായപ്പൊടി കേട്ട് പൊട്ടി അതിങ്ങനെ താഴോട്ടു വീഴുന്ന ചെറിയ ചറ ചറ ശബ്ദം . നോക്കണേ, കാലക്കേടിന്റെ വരവ്. ചാപ്പ്ളി ഫിലിമൊന്നും ആ സമയം ഒന്നുമായിരുന്നില്ല.  അങ്ങിനെ മൊത്തം താറടിച്ച ഞാൻ വീട്ടിൽ എത്തിയപ്പോൾ ...........................*%*$?**#@ ഇതൊക്കെ നടന്നു.

പതിവ് പോലെ അടി മുറ പോലെ ആദ്യം ഏറ്റു വാങ്ങി. അത് വാങ്ങിത്തരാൻ പെങ്ങന്മാർ നന്നായി ഉത്സാഹിച്ചു.  പിന്നെ ഷർട്ട് ഊരാനുള്ള ഭഗീരഥ ശ്രമം. എന്റെ നെഞ്ചിൻകൂടത്തിൽ  ഷർട്ടോടെ ഒട്ടിപ്പിടിച്ചിരുന്ന ഷർട്ട് നീക്കാനുള്ള ശ്രമത്തിനിടയിൽ എന്റെ കയ്യബദ്ധം കൊണ്ട് ഒരു  കീശ പറിഞ്ഞു കിട്ടി. ആ കുറ്റം തന്ത്ര പൂർവ്വം  ഒരു പെങ്ങളുടെ തലയിൽ വെച്ച് കെട്ടി അതിനുള്ള ശിക്ഷയിൽ നിന്ന് സ്കൂട്ടായി. എങ്ങിനെയോ ഷർട്ട് വേർപ്പെട്ടു.

ഒരു കുൽസൂന്റെ ഉമ്മയുടെ നിർദ്ദേശം കേട്ട് ഞാൻ തന്നെ ചിരിച്ചു പോയി. ഡെയ്റ്റ് എക്സ്പൈർ ആകാൻ പോകുന്ന എന്റെ ''കോര''ക്കുപ്പായവും നിക്കറും ചിമിനെണ്ണയിൽ  കഴുകാമെന്ന് പുള്ളിക്കാരി.  ചിലർ അങ്ങിനെയാണ്, എന്തെങ്കിലും കേറി വലിഞ്ഞു അഭിപ്രായവും  പറഞ്ഞു കളയും. ''അതിന്റെ മണം മാറാൻ പിന്നെ  എത്ര സോപ്പ് വേണ്ടി വരും ?''  ഉമ്മ അങ്ങോട്ട്‌. പിന്നെ ഒരു കൂട്ടച്ചിരി.  ഉമ്മ അതിനിടയിൽ എന്റെ മണ്ടക്കിട്ട് ഒരു മേടും അട്വൈസും - ബല്യേ പെണ്ണുങ്ങള്  പറഞ്ഞത് കേട്ട് ചിരിച്ചു തമാശയാക്കരുതെന്ന്''. ഞാൻ ഉമ്മാക്കൊരു സപ്പോർട്ടായി ഈ ''ടാറുട്ടായി ഇഷ്യൂ'' ഒന്ന് സോഫ്റ്റായി പോകട്ടെന്നും കൂടി ഉദ്ദേശിച്ചാണ് സാദാചിരിയെ, പൊട്ടിച്ചിരിയാക്കിയത്; ബട്ട്‌,സദ്ദിഖ്നീ...  സംഗതി ഏശിയില്ല.

ഇനി അടുത്തത് ട്രൌസർ....അത് ഒരു നിലക്കും സഹകരിച്ചില്ല. ഒരു സൌകുന്റെ ഉമ്മയുടെ അന്യാവശ്യമായ ഇടപെടൽ മൂലം മുറിച്ചെടുത്തു. ഊഫ്ഫ് ... ഇത് ടാറോ അല്ല സൂപർ ഗ്ലൂ ആണോ ? പിന്നെ  കുറെ മാസക്കാലം  കീശയില്ലാത്ത കുപ്പായവും ടാറിന്റെ കറയുമായി അത് ധരിച്ചു നടന്നു. വില്ലെർസ് പമ്പ് സെറ്റിൽ എണ്ണ നിറക്കുമ്പോൾ അരിപ്പക്ക് പകരമായി ഞാൻ ബാബേട്ടനോട് നിർദ്ദേശിച്ചത് എന്റെ ഈ താർ പുരണ്ട ഷർട്ട് ഉപയോഗിക്കാനായിരുന്നു. അത് അങ്ങിനെ പോയിക്കിട്ടിയത് കൊണ്ട് കുറെ ദിവസങ്ങളൊന്നും ഉപയോഗിച്ച് വശളാകുന്നത്തിൽ ശാന്തി ലഭിച്ചു.

എന്റെ ഉപ്പ അന്ന് പറഞ്ഞു തന്ന ഒരു അറിവുണ്ട് - ''മമ്മദൂ ....ടാറും മണ്ണെണ്ണയും പെട്രോളും ഡീസലും ''ഗ്രീസു''മെല്ലാം പെട്രോളിയം പ്രൊഡക്റ്റ്സ് / ബൈ പ്രൊഡക്റ്റ്സ് ആണ്. അതെല്ലോ നിന്റെ കെമിസ്ട്രീയിൽ ഉണ്ടാകും പഠിക്കാൻ...'' ചൂട് ഇത്തിരി കൂടിയാൽ ഖരാവസ്ഥ യിൽ നിന്നും  ദ്രാവകാവസ്ഥയിലേക്കുള്ള മാറ്റം ഉപ്പ പറഞ്ഞു തന്നു.  നാട്ടിലേക്ക് തിരിക്കുമ്പോൾ ''സ്നിക്കറൊ''ക്കെ വാങ്ങി വീട്ടിലെത്തി തുറന്നു പിള്ളേർക്ക് കൊടുക്കുമ്പോൾ എമണ്ടൻ ചൂട് കൊണ്ട് കോലം മാറിയ ചോക്ലേറ്റു കാണുമ്പോൾ എനിക്ക് പലപ്പോഴും ആ സൌകുന്റെ ടാറുട്ടായി ഓർമ്മ വരാറുണ്ട്.

പക്ഷെ ഞാൻ അപ്പോഴും ആലോചിച്ചത് മറ്റേ സൌകുവിന്റെ കാര്യമായിരുന്നു. അവിടെ എന്തായിരിക്കും സംഭവിച്ചിരിക്കുക.  ഇതേ പോലെ അവന്റെ കീശയിലും സംഗതി   ഉരുകിയിരിക്കുമോ ? അതല്ല തേങ്ങമിഠായിന്ന് തെറ്റിദ്ധരിച്ചു ''പുള്ളീ''ന്റെ കയ്യിന്ന് മാമ ''താറുണ്ട''  വാങ്ങി വിഴുങ്ങി കാണുമോ ?  അന്ന് രാവിലെ ഞാൻ പള്ളി വളപ്പ് നോക്കി വല്ല ആളനക്കമുണ്ടോ ? ഭാഗ്യം അതിന്റെ ഒരു ലക്ഷണം കണ്ടില്ല.   അപ്പോൾ മിക്കവാറും എനിക്കുണ്ടായ അനുഭവം പുള്ളിക്കും ഉണ്ടായെന്ന് ഞാൻ  110 ശതമാനം ഉറപ്പാക്കി. അതോടെ എന്റെ ഇന്നലത്തെ മൂഡ്‌ ഔട്ട്‌ മുഴുവൻ മാറിക്കിട്ടി.  സുബഹി നിസ്കാരം കഴിഞ്ഞ് പള്ളീന്ന് ഇറങ്ങുമ്പോൾ  ദേ ... നമ്മുടെ കഥാപാത്രം  ഹൌളിന്റെ മുന്നിൽ ഇരിക്കുന്നു. ഒരു  മാവിന്റെ ഇല ചുരുട്ടി  പല്ല് തുടക്കുന്ന കോലം  കണ്ടപ്പോൾ  ശരിക്കും എനിക്ക് അറിയാതെ ചിരി വന്നു പോയി -   തലേ ദിവസം  ലോക്കപ്പിൽ കിടന്ന ഒരു ഒരു  ഒരു പരുവം. എന്തേലും പറഞ്ഞാലോ ചോദിച്ചാലോ  വയലന്റായാലോ എന്ന് പേടിച്ച്   ഞാൻ പിന്നെ ശവത്തിൽ കുത്താൻ നിന്നില്ല.

പാവം ! മാമാനെ   ''താറുണ്ട'' തീറ്റിക്കാൻ  ഇറങ്ങിയ ക്രൂരൻ ''പുള്ളി''  ! കക്ഷി. ഇപ്പോൾ അങ്ങ് പേർഷ്യയിലാണ്. നാലീസം മുമ്പും  മെസ്സേജ് ഇട്ടിരുന്നു.

നിരീക്ഷണം - സഞ്ചരിക്കും ലൈബ്രറിയും വായനാ ഇടവും

നിരീക്ഷണം അസ്‌ലം മാവില സഞ്ചരിക്കും ലൈബ്രറിയും വായനാ ഇടവും കപ്പൽ അബൂബക്കർ എന്റെ നല്ല കൂട്ടുകാരനാണ്. അയൽവാസി; കൂടെ പഠിച്ചവൻ. വേറിട്ട ചിന്തയുള്ള ഒരാളാണ്‌ അദ്ദേഹം. ആഴ്ചകൾ മുമ്പ് വായനാ ശാലയെകുറിച്ചു ഒരു ചർച്ച സി.പി. & ആർ .ടി. ഫോറങ്ങളിൽ നടന്നിരുന്നുവല്ലോ. ''നിരീക്ഷണ''ത്തിൽ വായനാശാലയുമായി ബന്ധപ്പെട്ട വന്ന വിഷയമായിരുന്നു പശ്ചാത്തലം. അന്ന് അബൂബക്കർ ഒരു ആശയം പങ്കു വെച്ചു. അതിന്റെ ഒരു എലാബെറേറ്റഡായ രൂപമാണ് ഇവിടെ കുറിക്കുന്നത്. വഴി മാറിച്ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെ ഗ്രാമത്തിലുണ്ടായിരുന്നെന്ന് വരും തലമുറകൾ അവരുടെ സാംസ്കാരിക അന്തിച്ചർച്ചകളിൽ പറയട്ടെ; അത് അവരുടെ കാലത്തും പ്രസക്തമാണ്. Mobile Library എന്ന ആശയം. ഗൾഫിലൊക്കെ കാണുന്ന PORT-CABIN ന്റെ കുഞ്ഞു രൂപം. ഞാനിതെഴുന്നതും ഒരു പോർട്ടോകാബിനിൽ ഇരുന്നാണ്. അടക്കവും ഒതുക്കവുമുള്ള ഒരു കുഞ്ഞു ലൈബ്രറി. സ്ഥിരമായി ഒരു സ്ഥലം വേണ്ട. എവിടെയും കൊണ്ട് വെക്കാം. രണ്ടു മുറി. ഒന്ന് ഇരുന്നു വായിക്കാൻ. ഒന്ന് പുസ്തകങ്ങൾ അടുക്കി വെക്കാൻ. നമ്മുടെ നാടിന്റെ നാലു ഭാഗങ്ങളിൽ സാംസ്കാരിക ചിഹ്നങ്ങളായി ഇവ. വൈകിട്ട് ഒന്നോ -രണ്ടോ മണിക്കൂർ തുറന്നു പ്രവർത്തിക്കുക. പറ്റുമെങ്കിൽ വൈകിട്ട് തൊട്ടടുത്ത വീടുകളിൽ നിന്ന് ഒന്ന് -രണ്ടു പത്രങ്ങൾ. രാത്രി തന്നെ തിരിച്ചെടുക്കാം. കുട്ടികളിൽ വായനാ ശീലമുണ്ടെങ്കിൽ അവർ വായിച്ചു കഴിഞ്ഞ വാരികകൾ ! പുസ്തകങ്ങൾ ! സൌരോർജ്ജയുഗമാണ്, വൈദ്യുതിക്ക് അതിന്റെ സാധ്യത ഉപയോഗപ്പെടുത്താം. വേണമെങ്കിൽ കുറച്ചു കൂടി ഗ്രാമീണ നിറം നൽകാം. പുല്ലു മേഞ്ഞോ, പച്ചോല വിരിച്ചോ കാബിന്റെ ''മാട്'' മോടി കൂട്ടാം. അതൊക്കെ നമ്മുടെ കുട്ടികൾക്ക് വിട്ടു കൊടുത്താൽ അവരിൽ പുതിയ ആശയങ്ങൾ ഉരുത്തിരിയും, ഇതിലും കലാപരമായി. നാലും കൂടിയ സ്ഥലം വേണം. ആളുകൾക്ക് എളുപ്പം എത്തിപ്പെടാൻ പറ്റണം. ഉപകാരപ്പെടണം. മെയിൻന്റൈൻ (maintain ) ചെയ്തു കൊണ്ടിരിക്കണം. നിരന്തരം ആൾപ്പെരുമാറ്റം ഉണ്ടാകണം. നാം വായിച്ചു തീർത്തില്ലെങ്കിൽ ഷെൽഫിൽ വെച്ച പുസ്തകങ്ങൾ തിന്നു തീർക്കാൻ വേറെ ആൾക്കാർ വരും. അങ്ങിനെ ആവുകയുമരുത്. മുമ്പ് നമ്മുടെ ഒ.എസ്. എ ലൈബ്രറിയിൽ നടന്ന ചിതാലാക്രമണം പോലെ. 100 കൊല്ലം കഴിഞ്ഞുള്ള പട്ളയെ മനസ്സിൽ വെച്ചാണ് അബൂബക്കർ തന്റെ ആശയം എന്നോട് പങ്കിട്ടത്. അതും ഞാൻ മനസ്സിലാക്കിയ രൂപത്തിൽ ഇവിടെ എഴുതാം. നമുക്ക് ഒരു കാബിൻ മതി. നാലു ദിക്കിൽ വേണമെന്നില്ല. ശരിക്കും ഇവ മൂവ് ചെയ്യണം - ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക്. അതിനനുസരിച്ച് ലൈബ്രറിക്ക്ചക്രങ്ങൾ . പുസ്തകങ്ങൾ വീഴാതിരിക്കാൻ മുൻകരുതലുകൾ. ഇത് കൊണ്ട് പോകാൻ ആഴ്ചയിൽ ഒരിക്കൽ വാടകയ്ക്ക് ഒരു വണ്ടി. ലൊക്കേഷൻ നാം സ്പോട്ട് ചെയ്ത് കഴിഞ്ഞാൽ അവിടെ കുറച്ചു ദിവസങ്ങൾ. ആ ഭാഗത്തുള്ള സാംസ്കാരിക പ്രവർത്തകർക്കായിരിക്കണം ഒരു ആഴ്ച്ചക്കാലം അതിന്റെ മുഴുവൻ ഉത്തരവാദിത്വം . അതിന്റെ സുതാര്യമായ ട്രാൻസ്മിറ്റൽ നടക്കുകയും വേണം. ഓരോ ആഴ്ചയും തങ്ങളുടെ ഭാഗത്തേക്ക് സഞ്ചരിക്കുന്ന ഗ്രന്ഥശാല എത്തുമ്പോൾ ഒരു സാംസ്കാരിക സന്ധ്യാസദസ്സ്. പുസ്തക ചർച്ച വേറെ. ഒരു അതിഥി. മൊബൈൽ ലൈബ്രറിയിൽ പത്രങ്ങൾ, വാരികകൾ, പ്രസിദ്ധീകരണങ്ങൾ. വരി ചേർക്കാൻ ഒരു അവസരമുണ്ടാകുക - അതേത് രാഷ്ട്രീയ -മത-സാമൂഹിക-സാംസ്കാരിക അച്ചടി ശാലയിൽ നിന്ന് പുറത്തിറങ്ങുന്നതാണെങ്കിലും. വായനയുടെ വർണ്ണ ലോകം തുറക്കുക. ദൃശ്യ-ശ്രവ്യ-അച്ചടി മീഡിയകളിൽ അതൊരു ശ്രദ്ധാകേന്ദ്രമായിരിക്കും. കുറെ നാളുകളായി ലൈബ്രറി പണിയാൻ സ്ഥലം ഓഫറുണ്ട് എന്നൊക്കെ കേൾക്കാൻ തുടങ്ങിയിട്ട്. അതൊരു വഴിക്ക് നടക്കട്ടെ. സമാന്തരമായി ''കപ്പൽ'' ആശയവും ചിറക് മുളക്കട്ടെ. ഇവിടെ സ്ഥായിയായി സ്ഥലം വേണ്ട. ഒരു മൂല കിട്ടിയാൽ മതി, ക്യാബിൻ ഒതുക്കി വെക്കാൻ. മാറ്റണമെന്ന് തോന്നിയാൽ മാറ്റുകയും ചെയ്യാമല്ലോ. മൊബൈൽ ലൈബ്രറികൾ ലോകത്ത് പല ഭാഗത്തും പരീക്ഷിച്ചു വിജയിച്ച ആശയമാണ്. അങ്ങിനെ തന്നെ ഇവിടെ പകർത്തണമെന്നല്ല, നമ്മുടെ ചുറ്റുപാടിനനുസരിച്ചു modifications വരുത്തി. മറ്റൊരു കാര്യം - എവിടെയൊക്കെയോ സ്ഥലം കിട്ടിയിട്ടും കാര്യമില്ല. കിട്ടെണ്ടിടത്തു കിട്ടണം, അതിനു തയ്യാറായി കുറഞ്ഞത് 3 സെന്റ്‌ സ്ഥലം വിൽക്കാനോ ആദായ വിലയ്ക്ക് നൽകാനോ തയ്യാറുള്ളവർ ഉണ്ടോ ? മരണശേഷവും നന്മയുടെയും വായനയുടെയും വെളിച്ചം തലമുറകൾക്ക് നൽകാൻ തയ്യാറുള്ള ഹൃദയ വിശാലതയുള്ള സന്മനസ്കർ ? കണ്ണായ സ്ഥലത്ത് സ്ഥലം നൽകാൻ തയ്യാറുള്ളവർ ? അങ്ങിനെ തയ്യാറെങ്കിൽ അത് മാന്യമായ വിലയ്ക്ക് വാങ്ങുന്നതിൽ സഹകരിക്കാൻ തയ്യാറുള്ളവർ ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. രണ്ടു ആശയവും ഇവിടെ വെക്കുന്നു ; ഏതു കൂട്ടായ്മയിലും സാധ്യതകൾ ചർച്ച ചെയ്യാം.