കുട്ടിക്കാലകുസൃതിക്കണ്ണുകൾ
മാവിലേയൻ
എൺപതുകളുടെ തുടക്കം വരെ നമ്മുടെ സ്കൂളിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചവർക്ക് സജ്ജിഗയുടെ രുചി അറിയാതിരിക്കാൻ വഴിയില്ല. 1960 കളുടെ തുടക്കത്തിൽ SLP (SCHOOL LUNCH PROG). പിന്നെ അത് വിവിധ പേരുകളിൽ മാറിമാറി വന്നു. ഇപ്പോൾ SMP (School Meal Prog)യിൽ എത്തിനിൽക്കുന്നു. 150 മില്ല്യൻ കുട്ടികളാണ് ഇപ്പോൾ അംഗനവാടിയിലും എൽ.പി., യു.പി. സ്കൂളുകളിലുമായി ഉച്ചക്കഞ്ഞി കഴിക്കുന്നത്. അതിന്റെ പഴയ പേരായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട സജ്ജിഗെ (ഉപ്പുമാവ്). ഈ ‘‘ഗോതമ്പ് ചീരണി'' കഴിച്ചവരൊക്കെ ബീരമ്മയെ ഓർക്കും. ആ ആയയെ കുറിച്ച് മാസങ്ങൾക്ക് മുമ്പ് ഇതേ പേജിൽ പരാമർശിച്ചിട്ടുള്ളത് കൊണ്ട് അതൊഴിവാക്കുന്നു.
പന്ത്രണ്ട് മണിയോടെ മൂക്കിൽ സജ്ജിഗെ മണമടിക്കാൻ തുടങ്ങും. അതിനു ഏതാനും മിനിറ്റുകൾ മുമ്പ് ''കലംപോര്ന്നെ'' (കടുക് വറുക്കൽ) മണം ആകാശത്ത് വട്ടമിട്ടു പറക്കും. ചിലപ്പോൾ ഈ മണം കുറെ വൈകിയിട്ടാണ് വരിക. കടുക് തീർന്നത് കൊണ്ട് ആരെയെങ്കിലും വാങ്ങാൻ അയച്ചു വരാൻ വൈകുന്നത് കൊണ്ട് ‘’കലംപോരൽ’’ സജ്ജിഗെ പ്രിപെറെഷന്റെ അവസാനത്തേക്ക് മാറ്റുന്നതാവാം.
ഈ ചൂരമടിക്കുന്നതോടെ പിള്ളേരെ ശ്രദ്ധ മുഴുവൻ അങ്ങോട്ടായിരിക്കും. രാവിലെയുള്ള നാലാം പീരിയഡിൽ പഠിപ്പിച്ചത് മിക്കപേർക്കും തലയിൽ കേറാൻ ചാൻസിന് വകയില്ലയെന്നാണ് എനിക്ക് തോന്നുന്നത്.
മണികണ്ഠൻ മാഷ് ആ പീരിയഡിൽ ല.സ.ഗു പഠിപ്പിച്ചാൽ എങ്ങിനെയിരിക്കും ? നിരത്തി അടിയാണ് പുള്ളിക്കാരൻ ആ പിരിയഡ് മുഴുവൻ. പാവം പിള്ളേർ സജ്ജിഗ മണത്തിൽ അതൊക്കെ സഹിക്കും. സജ്ജിഗ മണത്തിനിടക്ക് എന്ത് ല.സാ.ഗു ? എന്ത് ഉ.സാ.ഗു ?
ചില കുട്ടികൾ രാവിലെ ഭക്ഷണം കഴിക്കാതെ സജ്ജിഗ മാത്രം പ്രതീക്ഷിച്ചു വരുന്നവരും ഉണ്ടാകും കൂട്ടത്തിൽ. അന്ന് ആ കുട്ടികൾ അനുഭവിച്ച വിശപ്പിന്റെ രുചിക്ക് മുന്നിൽ മണികണ്ഠൻ മാഷും സലാം മാഷും മുരളി മാഷും തന്നിരുന്ന ചൂരൽ കഷായത്തിന്റെ രുചി ഒന്നുമല്ലായിരുന്നു. ചില കുട്ടികളൊക്കെ സജ്ജിഗ ശാല നോക്കിയായിരുന്നു അടി തന്നെ വാങ്ങിയിരുന്നത്.
അന്ന് ഞങ്ങളൊക്കെ അവിടെയുള്ള കശുമാവിന്റെ ഇല നേരത്തെ തന്നെ റെഡിയാക്കി വെക്കും. അതായിരുന്നു ഞങ്ങളുടെ പിഞ്ഞാൻക്കേൽ (കരണ്ടി). തലേ ദിവസം രാത്രി ചിലന്തികുഞ്ഞുങ്ങൾ ഉറക്കമൊഴിച്ചു നെയ്ത ചിലന്തിവല മഞ്ഞു വീണു നേർത്ത സ്പോഞ്ച് പോലെ മിക്ക ഇലയിലും പറ്റിപ്പിടിച്ചിരിക്കും. അത് കൈകൊണ്ടോ ഉടുത്ത ട്രൌസറിന്റെ വക്ക് കൊണ്ടോ മറ്റോ തുടച്ചു വെക്കും. ചില കുൽസുമാർ കാര്യമായി അനിയന്മാരുടെ ക്ലാസ്സിൽ വന്നു ഈ ‘’കശുമാവില കരണ്ടി’ അവർക്ക് കൊടുത്ത് പോകും. ഇത് പോലും ക്ലാസ്സിന്ന് പൊക്കുന്ന മോഷണ-വീരന്മാർ ഉണ്ടായിരുന്നു.
ലഞ്ച് ബ്രയ്ക്കിന്റെ മണിയൊച്ച കേട്ടാൽ ക്ലാസ്സിൽ നിന്ന് ഒരു ''പുറപ്പെടലാ''ണ്. നമ്മുടെ മണികണ്ഠൻ മാഷിനു ഒരു റിസ്റ്റ് വാച്ചുണ്ട്. നാലാം പീരിയഡുള്ള ക്ലാസ്സിൽ പുള്ളി ഇടയ്ക്കിടയ്ക്ക് വാച്ച് നോക്കും. അന്നൊക്കെ ഞങ്ങൾ വിചാരിച്ചത് ഞങ്ങളെക്കാളും കൂടുതൽ ''ഒൽചെ'' മാഷിനെന്നായിരുന്നു. സംഭവം അതായിരുന്നില്ല.
മണികണ്ഠൻ മാഷിന്റെ ഒരു കാലിനു പോളിയോ ബാധിച്ചത് കൊണ്ട് സ്വാധീനക്കുറവുണ്ട്. ബെല്ലടി കേട്ട ക്ഷണത്തിൽ ആക്രാന്തം കൊണ്ട് തന്റെ അരുമ ശിഷ്യന്മാർ ഇടിച്ചു തെറിപ്പിച്ചു പോകുമ്പോൾ ഇടയിൽ മാഷെങ്ങാനും പെട്ടാൽ .... ആ ഒരു ഭയം കൊണ്ട് ഒഴിഞ്ഞു മാറി നിൽക്കാനാണ് പുള്ളി വാച്ച് നോക്കുന്നത്. (മുമ്പെങ്ങാനും വേറെ ഏതെങ്കിലും സ്കൂളിന്നു അനുഭവം ഉണ്ടായിരിക്കണം ) അഞ്ചു മിനിട്ട് നേരത്തെ ക്ലാസ് നിർത്തി ജനപ്രവാഹം ഇല്ലാത്ത ഭാഗത്ത് ഒതുങ്ങി നിന്നാൽ ഈ ''എര്പ്പചണം'' (ഗ്രഹ്ണി ) പിടിച്ച പിള്ളേർ ക്ലാസ്സ് വിട്ടോഴിയുമല്ലോ. (ആ സമയത്തൊക്കെ ഈ ഈടുമ്മൂടും ഇല്ലാതെ ഓടുന്ന ഞങ്ങളെ നോക്കി നമ്മുടെ അധ്യാപകർ സ്റ്റാഫ് റൂമിലും ബെൽ തൂക്കിയതിനു താഴെയും നിന്ന് കൊണ്ട് എന്തൊക്കെയായിരിക്കും കമന്റ്സ് പറഞ്ഞിരിക്കുക ?). പക്ഷെ എന്ത് വലിയ ഓട്ടം ഓടിയാലും സജ്ജിഗ ഷെഡഡിനു മുന്നിലെത്തുമ്പോൾ എല്ലാ ഓട്ടവും ബ്രേക്കിടും. അവിടെയാണ് നമ്മുടെ ബീരമ്മ എന്ന സ്ത്രീ ആജാനുബാഹുവായി ചട്ടുകം കുത്തനെ നാട്ടി ആവി കൊണ്ട വിയർത്ത മുഖവുമായി നിന്നിട്ടുണ്ടാവുക. ബീരമ്മയുടെ സംസാര സ്ലാന്ഗ് എനിക്ക് ഓർമ്മ വരുന്നില്ല. ഇല്ലെങ്കിൽ പകർത്തി എഴുതാമായിരുന്നു.
ഇമിഗ്രേഷൻ കൌണ്ടറിന് മുന്നിൽ ഒരു മഞ്ഞ വര കണ്ടില്ലേ ? അതിനപ്പുറം കടക്കാൻ പാടില്ലാത്തത് പോലെ ബീരമ്മ കാൽ കൊണ്ട് ഒരു വര വരച്ചിരിക്കും. അതിനപ്പുറം കേറിയാൽ ഏതവനായാലും അന്നത്തെ ഉച്ചയൂൺ എന്നത് വേറെ ആരെങ്കിലും കഴിക്കുന്നത് നോക്കുക എന്നത് മാത്രമായിരിക്കും. അത് കൊണ്ട് ബീരമ്മയുടെ അടുത്ത് കൊസറാക്കൊള്ളിക്കൊന്നും ആരും നിൽക്കില്ല.
ബീരമ്മ തന്ന സജ്ജിഗയുമായി പതിവ് പോലെ ഞാൻ ഒരു കാറ്റാടി മരത്തിന്റെ അടിയിൽ ഇരുന്നു. കൂട്ടത്തിൽ എന്റെ ക്ലാസ്സിലെ ഒരു സൌകുവുമുണ്ട്. ഞങ്ങൾ രണ്ടു പേരും പരസ്പരം പ്ലേറ്റ് നോക്കി. ( ( ഉദ്ദേശം മറ്റവനെക്കാളും കൂടുതൽ ഉണ്ടോ കുറവുണ്ടോ എന്നായിരുന്നു. ) ഭോജനം നടത്തുന്നതിന്നിടയിൽ ഒരു എരണം കേട്ട കാക്ക തലേ ദിവസം എന്തോ തിന്നു ദഹിക്കാതെ വയറ്റിളക്കം വന്നു നേരെ കക്കൂസിൽ പോകാനുള്ള ധൃതി പിടിച്ച പറക്കലിനിടയിൽ കണ്ട്രോൾ വിട്ടു. പുള്ളിയുടെ വരവ് എന്റെ നേർമുകളിലാണെന്നു ഝടുതിയിൽ മനസ്സിലാക്കിയ ഞാൻ പ്ലേറ്റ് വെട്ടിച്ചു. കഷ്ടകാലത്തിന് ദുന്യാവിന്റെ ഖ്യാലില്ലാതെ തൊട്ടടുത്തിരുന്ന് ശാപ്പിട്ടു കൊണ്ടിരുന്ന സൌകുന്റെ പ്ലേറ്റിലായിരുന്നു ആ സംഭവം പതിച്ചത്. ബാക്കി വന്നത് എന്റെ ഇടതു പിരടി, മെഡുലാ ഒബ്ലം ഗേറ്റിന് മുന്നിലായി ഒഴുകി വീണു. അവിടെ ചെറിയ വാഗ്വാദം നടക്കുമെന്ന് ഭയന്ന് എന്റെ പിരടി കഴുകാൻ സഹായിക്കണമെന്ന കണ്ടീഷനിൽ എന്റെ ബാലന്സ് സജ്ജിഗ സൌകുവിനു കൊടുത്തു കിട്ടിയാൽ കിട്ടി എന്ന പ്രതീക്ഷയിൽ ബീരമ്മയുടെ മുമ്പിൽ പരാതി ബോധിപ്പിച്ചു. ബീരമ്മ എന്റെ പിരടിയിൽ പറ്റിപ്പിടിച്ച കാക്കത്തീട്ടം കണ്ടു മുറുക്കിതുപ്പിയ പല്ല് കാണിച്ചു വെറുതെ കുറെ ചിരിച്ചു. ആ ചിരി കണ്ടപ്പോൾ ഞാൻ വിചാരിച്ചു സൌകുവിനു ഷെയർ ചെയ്ത ''നഷ്ടപരിഹാര സജ്ജിഗ '' എനിക്ക് കിട്ടിപ്പോയി എന്ന്. എവിടെ ? വീട്ടിൽ പോയി ബാക്കി കഴിക്കാനായിരുന്നു എനിക്ക് ആ ഭണ്ഡാരിത്തള്ള നൽകിയ ഉപദേശം. ഇടയിക്കിടയ്ക്ക് ഉപ്പ പി.ടി.എ മീറ്റിങ്ങിനും അല്ലാതെയും സ്കൂളിൽ വരുന്നത് കൊണ്ട് കുറെ മസിൽ പിടിക്കാനൊന്നും നിൽക്കാതെ ഞാൻ പ്ലേറ്റ് അവിടെ വെച്ച് തിരിഞ്ഞു നടന്നു - ഒരു വിളി വീണ്ടും പ്രതീക്ഷിച്ചു. ബീരമ്മക്കെന്ത് അസ്‌ലം ?
കാലക്കേട് എന്നെ വേറെ വെയിറ്റ് ചെയ്യുകയായിരുന്നു. ഈ സംഭവം ഒരു സൗകു വഴി അവളുടെ കൂട്ടുകാരി കുൽസുന്റെ വായിൽ നിന്ന് എന്റെ പെങ്ങളുടെ ചെവിയിൽ എത്തിയത് മറ്റൊരു രൂപത്തിലായിരുന്നു. വൈകിട്ട് സ്കൂൾ വിട്ടു പോകുമ്പോൾ പെങ്ങൾ എന്നെ എരിച്ചു കളയുന്ന ഒരു നോട്ടം നോക്കി. അവളുടെ കൂട്ടുകാരികൾ ''യാള്ളേ .....'' എന്നും പറഞ്ഞു മൂക്ക് പൊത്തി ഒരു സൈഡ് തിരിഞ്ഞ് സ്പീഡിൽ നടന്നു.
എനിക്ക് അപകടം മണത്തു. ഞാൻ ഓടി വീട്ടിൽ എത്തുന്നതിനു മുമ്പ് തന്നെ ആ ഫെയ്ക്ക് ന്യൂസ് ഉമ്മയുടെ ചെവിയിലും സ്റ്റോർ ആയിക്കഴിഞ്ഞിരുന്നു.
വീട്ടിന്റെ അകത്തു കയറണമെങ്കിൽ എന്റെ വായയും കയ്യും തലയുമൊക്കെ കഴുകണം. പുറത്ത് പാക്കും (പുസ്തക സഞ്ചി) വെച്ച് ഇവർ രണ്ടു പേരും എന്റെ തലയും പിരടിയും താളിയില കൊണ്ട് തേച്ചു കഴുകാൻ തുടങ്ങി. വായയൊക്കെ എത്ര പ്രാവശ്യമാണ് കുപ്ലിക്കാൻ പറഞ്ഞതെന്ന് എനിക്ക് തന്നെ ഓർമ്മയില്ല. പെങ്ങളുടെ വക ഇടയ്ക്കിടക്കുള്ള മേടലും....
''ഉമ്മാ ..ആക്ചുവലീ....സംഭവം ....നടന്നത്....ഒരു ഉച്ച...ഉച്ചര .. നമ്മുടെ കാക്ക... ഈ....സാൾട്ട് മാന്ഗോ ട്രീ.. '' എന്നൊക്കെ അന്നത്തെ ശൈലിയിൽ നാടൻ മലയാളത്തിലുള്ള എന്റെ വിശദീകരണം ഒരു വേള കേൾക്കാനുള്ള ക്ഷമ പോലും എന്റെ മാതാവും സഹോദരിയും കാണിച്ചില്ല.. നിർബന്ധിത ശിരോജലാഭിഷേകം നടക്കുന്ന സമയത്ത് എവിടെന്നോ എത്തിപ്പെട്ട ഒരു കുൽസുന്റെ ഉമ്മ ഈ ഫെയ്ക്ക് ന്യൂസ് കേട്ട് വിജുംഭ്രുതയായി എരിതീയിൽ എണ്ണയൊഴിച്ചു അവർക്ക് സപ്പോർട്ട് കൂടിയായപ്പോൾ, പിന്നെയും രണ്ടു കുടം വെള്ളം എക്സ്ട്രാ എന്റെ തലയിൽ വീണത് മിച്ചം!
അന്നത്തോടെ വീട്ടിലെ ഉച്ചക്കഞ്ഞിക്ക് മുമ്പായി ഉപ്പ അറിയാതെ കഴിച്ചിരുന്ന ‘’ഇടത്തട്ട്’’ സജ്ജിഗ എനിക്ക് എന്നത്തേയ്ക്കുമായി ഒഴിവാക്കേണ്ടി വന്നു . (ഉച്ചയ്ക്ക് വീട്ടിൽ പോകാത്തവർക്ക് ഉള്ളതാണ് ഉപ്പുമാവെന്നു ഉപ്പ എനിക്ക് മുമ്പ് തന്ന നിർദ്ദേശം അത്രയും ദിവസങ്ങളിൽ ഞാൻ പരസ്യമായി ലംഘിക്കുകയായിരുന്നു,). ഒരു മണ്ടെക്കാക്ക അന്ന് ഒരു ദിവസം പാമ്പെർസ് ഇടാൻ മറന്നതിന്റെ തിക്തഫലം സ്കൂളിൽ ‘’ഉപ്പുമാവ് ഏർപ്പാട്’’ നിർത്തുന്നത് വരെ ഞാൻ അനുഭവിക്കേണ്ടി വന്നു. വീട്ട് പടിക്കൽ എത്തുന്ന ഒരു മാതിരി കാക്കകളെയൊക്കെ എന്റെ ഉപ്പുമാവിൽ മണ്ണിട്ട ആ കാക്കയെന്നു തെറ്റിദ്ധരിച്ചു ഞാൻ കല്ലെറിഞ്ഞു ഓടിച്ചു ദേഷ്യം തീർക്കുമായിരുന്നു.
നിർബന്ധിത ശിരോജലാഭിഷേകം നടക്കുന്ന സമയത്ത് എവിടെന്നോ ഒരു കുൽസുന്റെ ഉമ്മ അവിടെ സമാധാനത്തിന്റെ മാലാഖയെ പോലെ വന്നു കേറി. നിസ്സഹായനായ ഞാൻ ആ മഹിളാരത്നത്തെ സഹതാപമെങ്കിലും കിട്ടിയാലായി എന്ന് പ്രതീക്ഷിച്ച് ഒന്ന് നോക്കി. അവർ വന്നു സമയം കണ്ടെത്തിയത് ഈ ഫെയ്ക്ക് ന്യൂസ് കേട്ട് വിജുംഭ്രുതയാ കാനായിരുന്നു. എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെ ഉമ്മുകുൽസു അവർക്ക് സപ്പോർട്ട് പറയാൻ തുടങ്ങിയതോടെ, പിന്നെയും രണ്ടു കുടം വെള്ളം എക്സ്ട്രാ എന്റെ തലയിൽ വീണത് മിച്ചം!
അന്നത്തോടെ വീട്ടിലെ ഉച്ചക്കഞ്ഞിക്ക് മുമ്പായി ഉപ്പ അറിയാതെ കഴിച്ചിരുന്ന ‘’ഇടത്തട്ട്’’ സജ്ജിഗ എനിക്ക് എന്നത്തേയ്ക്കുമായി ഒഴിവാക്കേണ്ടി വന്നു . (ഉച്ചയ്ക്ക് വീട്ടിൽ പോകാത്തവർക്ക് ഉള്ളതാണ് ഉപ്പുമാവെന്നു ഉപ്പ എനിക്ക് മുമ്പ് തന്ന നിർദ്ദേശം അത്രയും ദിവസങ്ങളിൽ ഞാൻ പരസ്യമായി ലംഘിക്കുകയായിരുന്നു,). ഒരു മണ്ടെക്കാക്ക അന്ന് ഒരു ദിവസം പാമ്പെർസ് ഇടാൻ മറന്നതിന്റെ തിക്തഫലം സ്കൂളിൽ ‘’ഉപ്പുമാവ് ഏർപ്പാട്’’ നിർത്തുന്നത് വരെ ഞാൻ അനുഭവിക്കേണ്ടി വന്നു. വീട്ട് പടിക്കൽ എത്തുന്ന ഒരു മാതിരി കാക്കകളെയൊക്കെ എന്റെ ഉപ്പുമാവിൽ മണ്ണിട്ട ആ കാക്കയെന്നു തെറ്റിദ്ധരിച്ചു ഞാൻ കല്ലെറിഞ്ഞു ഓടിച്ചു ദേഷ്യം തീർക്കുമായിരുന്നു. ആ ഉമ്മുകുൽസുനോടുള്ള ദേഷ്യം തീർത്തത് അവർ വല്ലപ്പോഴും ഉമ്മാനോട് സൊറ പറയാൻ വരുമ്പോൾ ''തുമ്മാന്റട്ടെ'' ഒളിപ്പിച്ചുമായിരുനു.
No comments:
Post a Comment