നിരീക്ഷണം
അസ്‌ലം മാവില
സഞ്ചരിക്കും ലൈബ്രറിയും വായനാ ഇടവും
കപ്പൽ അബൂബക്കർ എന്റെ നല്ല കൂട്ടുകാരനാണ്. അയൽവാസി; കൂടെ പഠിച്ചവൻ. വേറിട്ട ചിന്തയുള്ള ഒരാളാണ് അദ്ദേഹം. ആഴ്ചകൾ മുമ്പ് വായനാ ശാലയെകുറിച്ചു ഒരു ചർച്ച സി.പി. & ആർ .ടി. ഫോറങ്ങളിൽ നടന്നിരുന്നുവല്ലോ. ''നിരീക്ഷണ''ത്തിൽ വായനാശാലയുമായി ബന്ധപ്പെട്ട വന്ന വിഷയമായിരുന്നു പശ്ചാത്തലം. അന്ന് അബൂബക്കർ ഒരു ആശയം പങ്കു വെച്ചു. അതിന്റെ ഒരു എലാബെറേറ്റഡായ രൂപമാണ് ഇവിടെ കുറിക്കുന്നത്. വഴി മാറിച്ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെ ഗ്രാമത്തിലുണ്ടായിരുന്നെന്ന് വരും തലമുറകൾ അവരുടെ സാംസ്കാരിക അന്തിച്ചർച്ചകളിൽ പറയട്ടെ; അത് അവരുടെ കാലത്തും പ്രസക്തമാണ്.
Mobile Library എന്ന ആശയം. ഗൾഫിലൊക്കെ കാണുന്ന PORT-CABIN ന്റെ കുഞ്ഞു രൂപം. ഞാനിതെഴുന്നതും ഒരു പോർട്ടോകാബിനിൽ ഇരുന്നാണ്. അടക്കവും ഒതുക്കവുമുള്ള ഒരു കുഞ്ഞു ലൈബ്രറി. സ്ഥിരമായി ഒരു സ്ഥലം വേണ്ട. എവിടെയും കൊണ്ട് വെക്കാം.
രണ്ടു മുറി. ഒന്ന് ഇരുന്നു വായിക്കാൻ. ഒന്ന് പുസ്തകങ്ങൾ അടുക്കി വെക്കാൻ. നമ്മുടെ നാടിന്റെ നാലു ഭാഗങ്ങളിൽ സാംസ്കാരിക ചിഹ്നങ്ങളായി ഇവ. വൈകിട്ട് ഒന്നോ -രണ്ടോ മണിക്കൂർ തുറന്നു പ്രവർത്തിക്കുക. പറ്റുമെങ്കിൽ വൈകിട്ട് തൊട്ടടുത്ത വീടുകളിൽ നിന്ന് ഒന്ന് -രണ്ടു പത്രങ്ങൾ. രാത്രി തന്നെ തിരിച്ചെടുക്കാം. കുട്ടികളിൽ വായനാ ശീലമുണ്ടെങ്കിൽ അവർ വായിച്ചു കഴിഞ്ഞ വാരികകൾ ! പുസ്തകങ്ങൾ ! സൌരോർജ്ജയുഗമാണ്, വൈദ്യുതിക്ക് അതിന്റെ സാധ്യത ഉപയോഗപ്പെടുത്താം. വേണമെങ്കിൽ കുറച്ചു കൂടി ഗ്രാമീണ നിറം നൽകാം. പുല്ലു മേഞ്ഞോ, പച്ചോല വിരിച്ചോ കാബിന്റെ ''മാട്'' മോടി കൂട്ടാം. അതൊക്കെ നമ്മുടെ കുട്ടികൾക്ക് വിട്ടു കൊടുത്താൽ അവരിൽ പുതിയ ആശയങ്ങൾ ഉരുത്തിരിയും, ഇതിലും കലാപരമായി.
നാലും കൂടിയ സ്ഥലം വേണം. ആളുകൾക്ക് എളുപ്പം എത്തിപ്പെടാൻ പറ്റണം. ഉപകാരപ്പെടണം. മെയിൻന്റൈൻ (maintain ) ചെയ്തു കൊണ്ടിരിക്കണം. നിരന്തരം ആൾപ്പെരുമാറ്റം ഉണ്ടാകണം. നാം വായിച്ചു തീർത്തില്ലെങ്കിൽ ഷെൽഫിൽ വെച്ച പുസ്തകങ്ങൾ തിന്നു തീർക്കാൻ വേറെ ആൾക്കാർ വരും. അങ്ങിനെ ആവുകയുമരുത്. മുമ്പ് നമ്മുടെ ഒ.എസ്. എ ലൈബ്രറിയിൽ നടന്ന ചിതാലാക്രമണം പോലെ.
100 കൊല്ലം കഴിഞ്ഞുള്ള പട്ളയെ മനസ്സിൽ വെച്ചാണ് അബൂബക്കർ തന്റെ ആശയം എന്നോട് പങ്കിട്ടത്. അതും ഞാൻ മനസ്സിലാക്കിയ രൂപത്തിൽ ഇവിടെ എഴുതാം. നമുക്ക് ഒരു കാബിൻ മതി. നാലു ദിക്കിൽ വേണമെന്നില്ല. ശരിക്കും ഇവ മൂവ് ചെയ്യണം - ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക്. അതിനനുസരിച്ച് ലൈബ്രറിക്ക്ചക്രങ്ങൾ . പുസ്തകങ്ങൾ വീഴാതിരിക്കാൻ മുൻകരുതലുകൾ. ഇത് കൊണ്ട് പോകാൻ ആഴ്ചയിൽ ഒരിക്കൽ വാടകയ്ക്ക് ഒരു വണ്ടി. ലൊക്കേഷൻ നാം സ്പോട്ട് ചെയ്ത് കഴിഞ്ഞാൽ അവിടെ കുറച്ചു ദിവസങ്ങൾ. ആ ഭാഗത്തുള്ള സാംസ്കാരിക പ്രവർത്തകർക്കായിരിക്കണം ഒരു ആഴ്ച്ചക്കാലം അതിന്റെ മുഴുവൻ ഉത്തരവാദിത്വം . അതിന്റെ സുതാര്യമായ ട്രാൻസ്മിറ്റൽ നടക്കുകയും വേണം.
ഓരോ ആഴ്ചയും തങ്ങളുടെ ഭാഗത്തേക്ക് സഞ്ചരിക്കുന്ന ഗ്രന്ഥശാല എത്തുമ്പോൾ ഒരു സാംസ്കാരിക സന്ധ്യാസദസ്സ്. പുസ്തക ചർച്ച വേറെ. ഒരു അതിഥി. മൊബൈൽ ലൈബ്രറിയിൽ പത്രങ്ങൾ, വാരികകൾ, പ്രസിദ്ധീകരണങ്ങൾ. വരി ചേർക്കാൻ ഒരു അവസരമുണ്ടാകുക - അതേത് രാഷ്ട്രീയ -മത-സാമൂഹിക-സാംസ്കാരിക അച്ചടി ശാലയിൽ നിന്ന് പുറത്തിറങ്ങുന്നതാണെങ്കിലും. വായനയുടെ വർണ്ണ ലോകം തുറക്കുക. ദൃശ്യ-ശ്രവ്യ-അച്ചടി മീഡിയകളിൽ അതൊരു ശ്രദ്ധാകേന്ദ്രമായിരിക്കും.
കുറെ നാളുകളായി ലൈബ്രറി പണിയാൻ സ്ഥലം ഓഫറുണ്ട് എന്നൊക്കെ കേൾക്കാൻ തുടങ്ങിയിട്ട്. അതൊരു വഴിക്ക് നടക്കട്ടെ. സമാന്തരമായി ''കപ്പൽ'' ആശയവും ചിറക് മുളക്കട്ടെ. ഇവിടെ സ്ഥായിയായി സ്ഥലം വേണ്ട. ഒരു മൂല കിട്ടിയാൽ മതി, ക്യാബിൻ ഒതുക്കി വെക്കാൻ. മാറ്റണമെന്ന് തോന്നിയാൽ മാറ്റുകയും ചെയ്യാമല്ലോ. മൊബൈൽ ലൈബ്രറികൾ ലോകത്ത് പല ഭാഗത്തും പരീക്ഷിച്ചു വിജയിച്ച ആശയമാണ്. അങ്ങിനെ തന്നെ ഇവിടെ പകർത്തണമെന്നല്ല, നമ്മുടെ ചുറ്റുപാടിനനുസരിച്ചു modifications വരുത്തി.
മറ്റൊരു കാര്യം - എവിടെയൊക്കെയോ സ്ഥലം കിട്ടിയിട്ടും കാര്യമില്ല. കിട്ടെണ്ടിടത്തു കിട്ടണം, അതിനു തയ്യാറായി കുറഞ്ഞത് 3 സെന്റ് സ്ഥലം വിൽക്കാനോ ആദായ വിലയ്ക്ക് നൽകാനോ തയ്യാറുള്ളവർ ഉണ്ടോ ? മരണശേഷവും നന്മയുടെയും വായനയുടെയും വെളിച്ചം തലമുറകൾക്ക് നൽകാൻ തയ്യാറുള്ള ഹൃദയ വിശാലതയുള്ള സന്മനസ്കർ ? കണ്ണായ സ്ഥലത്ത് സ്ഥലം നൽകാൻ തയ്യാറുള്ളവർ ? അങ്ങിനെ തയ്യാറെങ്കിൽ അത് മാന്യമായ വിലയ്ക്ക് വാങ്ങുന്നതിൽ സഹകരിക്കാൻ തയ്യാറുള്ളവർ ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.
രണ്ടു ആശയവും ഇവിടെ വെക്കുന്നു ; ഏതു കൂട്ടായ്മയിലും സാധ്യതകൾ ചർച്ച ചെയ്യാം.
No comments:
Post a Comment