പ്രിയ അനിയന്
ആ കാലത്ത് ഏറ്റവും കൂടുതൽ സൌഹൃദവും മാതാപിതാക്കളുടെയും അയൽപക്കക്കാരുടെയും മദ്രസ്സാ -സ്കൂൾ അധ്യാപകരുടെയും സ്നേഹവും അർഹിക്കുന്നതിലേറെ പരിഗണനയും ലഭിച്ചിട്ടുണ്ടാകുക ഒരു പക്ഷെ എനിക്കായിരിക്കും.
മധൂരിൽ ഉപ്പയുടെ കടയിലേക്ക് പോകുമ്പോൾ അവിടെ എത്തും വരെ എനിക്ക് റോഡിൽ കുടയുടെ അറ്റം കൊണ്ട് എഴുതി പഠിപ്പിച്ച അസീസ് മാഷെ ഞാൻ എങ്ങിനെ മറക്കും ?
ക്ലാസ്സിൽ ''ആഖീരെ'' എന്ന ചൊറിയൻ ഇല ഞാനും വേറെ മൂന്ന് നാല് പേരും മറ്റുകുട്ടികളുടെ ദേഹത്ത് തേച്ച് ബുദ്ധി മുട്ടിച്ചപ്പോൾ എന്നെ മാത്രം അടിക്കാതെ ബാക്കിയുള്ള സഹപാഠികളെ ശിക്ഷിച്ച തമ്പാൻ മാഷെ എങ്ങിനെ മറക്കാൻ ?
ഒരു നയാപൈസ ഫീസ് വാങ്ങിക്കാതെ ഒരു വർഷക്കാലം എനിക്ക് ഇംഗ്ലീഷ് ഗ്രാമർ പഠിപ്പിച്ച പ്രമീള ടീച്ചറുടെ നല്ല മനസ്സിനെയാണോ മറക്കേണ്ടത് ?
സ്കൂൾ യുവജനോത്സവത്തിന് പ്രസംഗ വിഷയം കിട്ടിയാൽ ജനൽ ചാടി മദ്രസ്സയിൽ എത്തിയാൽ എനിക്ക് പ്രസംഗ കുറിപ്പ് തന്നിരുന്ന അബൂബക്കർ മൌലവിയെയോ ?
ഞാൻ പഠിക്കുന്ന സമയം, എന്റെ പ്രസംഗം കേട്ട് കുഞ്ഞു സദസ്സിൽ നിന്നെഴുന്നേറ്റു വന്നു എന്റെ പുറം തട്ടി അഭിനന്ദിക്കാറുണ്ടായിരുന്ന എന്റെ പ്രിയപ്പെട്ട ബായിൻച്ചയെയാണോ ?
പാതിരാ നേരത്ത് പോലും ഞങ്ങളുടെ ഒരു നിലവിളി കേട്ടാൽ വാതിലിന്റെ സാക്ഷപോലുമിടാതെ ഓടി വന്നിരുന്ന സാപിന്റെയും ബഷീറിന്റെയും മജീദിന്റെയും ഉമ്മമാരെയോ ?
എനിക്ക് ലോക വാർത്തകൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തന്നിരുന്ന സൈലർ അദ്-ലൻച്ചാനെയോ ? കരീമുച്ചാന്റെ ഉപ്പാനെയോ ?
എന്തിനധികം, വല്ലപ്പോഴും ബീരാന്ചാന്റെ വീട്ടിൽ പോകേണ്ടി വരുമ്പോൾ കുതിരപ്പാടി അമ്പാച്ചാന്റെ കടയിൽ ഇരുത്തി പത്ര വാർത്തകളിലെ നെല്ലും പതിരും എന്നോട് വലിയ സീരിയസ്സായി സംസാരിച്ചിരുന്ന പോക്കർച്ചാന്റെ അദ്-ലൻച്ചാനെയോ ? ചെറിയ പുറങ്ങളിൽ ഒതുങ്ങില്ല ഇവയൊന്നും. പിന്നെ പിന്നെ....ഈ പ്രായം വരെ എനിക്ക് കിട്ടിയ സ്നേഹാദരവുകൾ അതിലും വലുത് ..... അതിനർഹനല്ലെങ്കിലും !
ഇവരുടെ സ്നേഹത്തിന്റെയും തലോടലിന്റെയും തണലിലാണ് ഞാൻ വെയിൽ കൊള്ളാതെ നിന്നത്, ജീവിച്ചത്. ഉപ്പയെ കുറിച്ചുള്ള എന്റെ വിവരണം കേട്ട് പത്രപ്രവർത്തകനും അധ്യാപകനും കോളമിസ്റ്റുമായ ആരിഫ് സൈനിന്റെ ഒരു രചനയിൽ വരെ പരാമർശിക്കുമാറ് അദ്ദേഹത്തെ സ്വാധീനിച്ച, എന്റെ പ്രിയപ്പെട്ട ഉപ്പയുടെ ദൃശ്യ-അദൃശ്യ സാന്നിധ്യം എനിക്ക് അർഹത പെട്ടതിലേറെ അന്നും എനിക്ക് പരിഗണനക്ക് കാരണമായി. അത്കൊണ്ട് ഞാൻ എന്റെ കുട്ടിക്കാലത്ത് അനുഭവിച്ചതൊക്കെ അനിർവചനീയം. സംതൃപ്തം. വല്ലതും ലഭിച്ചില്ല എന്ന് പറയുന്നത് പോകട്ടെ, വിചാരിക്കുന്നത് പോലും പാപം. .... അക്ഷന്ത്യമായ കുറ്റം. (sorry if I am excited )
No comments:
Post a Comment