Saturday, October 8, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ/ ലക്കം 39



കുട്ടിക്കാലകുസൃതിക്കണ്ണുകൾ

മാവിലേയൻ

ഞങ്ങളുടെ ചെറുപ്പത്തിൽ   നാട്ടിൽ എവിടെയും എന്തെങ്കിലുമൊരു  കൃഷി ഉണ്ടാകും. ഞങ്ങളുടെ വീട്ടിന്റെ  മുമ്പിലായി ഒരു  പാടമുണ്ടായിരുന്നു. (ഇപ്പോൾ എന്റെ വീടുള്ള സ്ഥലം). അതിനെ മൂടാൾപ്പ് എന്നാണ് പറയുക.   അതിനൊരു അതിർത്തി പോലെ വെറ്റിലക്കൊടി ചാൽ. എപ്പോഴും തല കീഴ്മറിഞ്ഞ വെച്ച വലിയ  രണ്ട് മൺകടയങ്ങൾ. കിഴക്ക് ഭാഗത്തുള്ള ചെറിയ വളപ്പിൽ,  വെറ്റില ചാലും പന്തലും .   ന്യൂ മോഡൽ സ്‌കൂൾ മുറ്റം മുതലങ്ങോട്ട് മൊത്തം കൃഷിക്കളങ്ങളാണ്. ചെറിയ ചെറിയ പാടങ്ങൾ, നാലും അഞ്ചും സെന്റുകളിൽ ഒതുങ്ങുന്നത്. ഇടക്ക് കൂടി കഷ്ടിച്ചു ഒരാൾക്ക് നടക്കാൻ പാകത്തിൽ  നേർത്ത വരമ്പുകൾ.   ഞങ്ങളുടെ വീടിന് വടക്ക് കിഴക്ക് ഭാഗത്തുള്ള ഉയർന്ന പ്രദേശത്തെ കുന്നെന്നാണ് വിളിച്ചിരുന്നതെങ്കിലും അവ മുഴുവൻ നെൽപ്പാടങ്ങളാണ്.  കുഞ്ഞു തട്ടുതട്ടുകളായാണ്  അവ മൊത്തം അടുക്കിയൊരുക്കിയിരുന്നത്.  ഒരു വലിയ പുളിമരം, പിന്നെ അതിലും വലിയ ആൽമരം, ദഡ്ഡാൽ മരങ്ങൾ, പേരറിയാത്ത മാവുകൾ ഇതൊക്കെയായിരുന്നു ആ പാടങ്ങൾക്ക്  വശങ്ങളിലായി തണൽ   വിരിയിച്ചിരുന്നത്.

മഴയെ ആശ്രയിച്ചാണ് അവിടങ്ങളിലൊക്കെ കൃഷി. ഒറ്റവിളയാണ്.  അതിൽ രണ്ടോ മൂന്നോ പാടങ്ങളിലേ പച്ചക്കറി കൃഷി ഉണ്ടായിരുന്നുള്ളൂ.  മഴ കനപ്പിച്ചു വരുമ്പോൾ കലപ്പയും പോത്തും കൃഷിക്കാരും നട്ടിനടുന്ന പെണ്ണുങ്ങളും അവിടെ നിറയും. മുസ്ലിം സ്ത്രീകൾ അടക്കം ഒരു പാടുപേർ അന്ന് കണ്ടത്തിൽ പണിയെടുത്തിരുന്നു. സ്വത്ത് വിഹിതത്തിലെ നിയമം പോലെയായിരുന്നു അന്നവർക്ക് കൂലി കൊടുത്തിരുന്നത് - ആണുങ്ങളുടെ പണിക്കൂലിയുടെ നേരെ പകുതി പെണ്ണുങ്ങൾക്ക്.  കൊയ്യുമ്പോൾ നെല്ലളന്നായിരുന്നു അന്ന് കൂലി.

നെല്ലുമായി ബന്ധപ്പെട്ട ഒന്നാണ് ഉലക്ക.  അതിന്റെ  താഴെ അറ്റം പിച്ചള കൊണ്ട് ഫിനിഷ് ചെയ്തത്, ചുറ്റ് എന്നാണ് പറയുക.  മുകളിലെ അറ്റം ഗദയുടെ തുമ്പിൽ കാണുന്ന രൂപത്തിൽ കൊത്തു പണികളുള്ളത്. ഇരുന്ന് കുത്താൻ പാകത്തിൽ ചെറിയ ഉലക്കയുണ്ടാകും. അതിന്റെ മധ്യ ഭാഗം കുറച്ചു നേർത്തതും ഇരു ഭാഗം ആനുപാതികമായി വീതിയുള്ളതുമായിരുക്കും. ഇതൊക്കെ ഇപ്പോഴും എന്റെ തറവാട് വീട്ടിൽ സൂക്ഷിച്ചിരിപ്പുണ്ട്. ഉള്ളവന്റെയും ഇല്ലാത്തവന്റെയും വീട്ടിൽ ''ഉലക്കക്കുണ്ട്'' ഉണ്ടായിരുന്നു. കൃഷി ചെയ്തിരുന്നില്ലെങ്കിലും ഞങ്ങൾക്ക് ചെറിയ ഒരു പാടമുണ്ടായിരുന്നു ഉളിയ വയലിൽ. അവിടെ കൃഷിയിൽ നിന്ന് ഗേണിയായി കിട്ടുന്ന നെല്ല് പുഴുങ്ങി അത് കുത്താൻ വേണ്ടി ഞങ്ങളുടെ വീട്ടിന്റെ അടുക്കളയിൽ ഒരു മൂലയ്ക്ക്   ''ഒൽക്കെക്കുണ്ട്'' ഉള്ളതായി ഓർമ്മയിൽ വരുന്നു. ഉലക്കക്കുണ്ടിൽ നെല്ലിടിച്ചു  അവിയൽ ഉണ്ടാക്കുമെന്നൊക്കെ ഉമ്മ പറയുമായിരുന്നു.  അതെങ്ങിനെയാണെന്നറിയില്ല.  ഇപ്രാവശ്യം നാട്ടിൽ പോയാൽ അതൊക്കെ ചോദിച്ചറിയണം.

നെല്ല് കുത്തുന്നതിനും ഒരു ആയമൊക്കെയുണ്ട്. അന്നൊക്കെ ഉമ്മുകുൽസുമാർ തട്ടം പിന്നോട്ട് കെട്ടി, അത്യാവശ്യം ഉയരത്തിൽ മേലോട്ട് ഉലക്ക  എറിഞ്ഞു, താഴോട്ടേക്ക് ശക്തിയിൽ വലിക്കും. എപ്പോഴും കണ്ണ്   കുഴിയിൽ  തന്നെയായിരിക്കും. നെല്ലുകുത്തുമ്പോൾ ഇവർ  മൂക്കിൽ കൂടി ശക്തിയായി വായു പുറത്തേക്ക് തള്ളും. നാസാരന്ത്രം  പുറത്തു വിടുന്ന സംഗീത സമാനമായ ശബ്ദവും നെല്ല് കുത്തലും ഒരേ പാകത്തിൽ കേൾക്കാൻ നല്ല രസമായിരുന്നു.  ഇത് നല്ല മെനക്കേടുള്ള പണിയെന്നു എനിക്ക് തോന്നിയത് അതനുഭവിച്ചപ്പോഴായിരുന്നു.   ഒരു വട്ടം ഞാനൊരു  ശ്രമം നടത്തി. അതിന്റെ ഫലം -  മൂക്കള പുറത്തു തെറിച്ചു നെല്ല് നാശകോശമായി, ഉലക്ക നേരെ  മേത്തേയ്ക്ക്. പണ്ട് കവി പാടിയത് പോലെ ''വീണിതാ കിടക്കുന്നു...''  ഭാഗ്യം കൊണ്ട് വലിയ അപകടം ഒഴിവായിക്കിട്ടി.  അത്കണ്ടു എന്റെ സഹോദരിമാർ  കള്ളറിപ്പോർട്ട് നൽകി .   ബന്ധപ്പെട്ടവരിൽ നിന്ന് എനിക്ക് കിട്ടേണ്ടത് പോലെ കിട്ടുകയും ചെയ്തു.

ദേഷ്യവുമായി ഈ വസ്തുവിന് വലിയ ബന്ധമാണ് ഉള്ളത് -   ''ഒൽക്കെ'',   ''ഒൽക്കന്റെ ചുറ്റ്''  പ്രയോഗം വളരെ സാർവ്വത്രികമായിരുന്നു. ''ഒൽക്കേല് ബാട്ടീറൂ''  ഇത് കേട്ടാൽ കൂടുതൽ കത്തിയടിക്കാതെ സ്ഥലം  വിടാനുള്ള മുന്നറിയിപ്പാണ്.  ''ഒര്മെ ഇണ്ടെങ്ക് ഒൽക്കേലും കെട്ക്കറാ'' ഒരു സമാധാനമുള്ള വാക്ക് ഇത് മാത്രം. പ്രാന്തന്മാർ ഇത് പിന്നിലോട്ട് വലിച്ചു കോണകം കെട്ടാൻ   ശ്രമിക്കാറുണ്ടെന്നൊക്കെ പറഞ്ഞും കേൾക്കുന്നു.  ''ഒരുമ ഉണ്ടേൽ ഒലക്കേലും കെടക്കാം'' എന്നൊരു പഴമൊഴിയും ഉണ്ട്.


പറയും  സേറും കൊണ്ടയുമൊക്കെയായിരുന്നു അന്നത്തെ അളവ് പാത്രങ്ങൾ. വലിയ കർഷക കുടുംബങ്ങളിലൊക്കെയുള്ള പറകൾക്ക് പിച്ചള കൊണ്ടുണ്ടാക്കിയ  താലിയും മാലയുമൊക്കെ കാണും. ലാത്തി പോലുള്ള ഒരു ദണ്ഡ് ഉണ്ടാകും. പറയിൽ നിറച്ച നെല്ല് അളന്നിടുമ്പോൾ നിരപ്പാക്കാൻ വേണ്ടിയാണ് ഈ ദണ്ഡ്. സേറൊക്കെ എല്ലാ വീട്ടിലും കാണും. കാർക്കളയിൽ നിന്ന് കൊണ്ട് വന്ന സേറ് ഇന്നുമുണ്ട് വീട്ടിൽ. ചിലതിലൊക്കെ ചിത്രപ്പണിയുണ്ടാകും.  കൊണ്ട പാവം ഒബിസിയിൽ പെട്ടതാണ്. മുളകൊണ്ടുണ്ടാക്കിയതാണ് മിക്ക കൊണ്ടകളും. ആറ് കൊണ്ട ഒരു സേറ് എന്നാണ് കണക്ക്. പാലളക്കുന്ന കൊണ്ടയുണ്ട്. അത് ഇത് തമ്മിൽ വലിയ ബന്ധമില്ലെന്നാണ് തോന്നുന്നത്. അത്രയും ചെറുതാണ് പാൽ-കൊണ്ട.

 എന്റെ വീട്ടിലുണ്ടായിരുന്ന കൊണ്ട ഞാൻ കാണുന്നത് മുതൽ പൊട്ടി വിണ്ടു കീറിയതാണ്. പുതിയതായി വാങ്ങിയിട്ടേയില്ല. അളവ് പാത്രങ്ങൾ അങ്ങിനെ തോന്നുന്നത് പോലെ വാങ്ങാൻ പാടില്ല പോലും. അതിനോടുള്ള ബഹുമാനക്കുറവായിട്ടാണ് അന്നൊക്കെ കണക്കാക്കൽ. കൊണ്ട അധികവും ഉണ്ടാകുക അരിക്കുടുക്കയിലോ റേഷൻബാഗിലോ മറ്റോ ആയിരിക്കും.

മദ്രസയിലേക്ക് പിടിയരി വാങ്ങാൻ വേണ്ടി വരുമ്പോൾ അവർ ആരെങ്കിലും അളവ് പാത്രവുമായി വരും. അത് ഒരു പിച്ചളയിലുള്ള കുറച്ചു ഹൈറ്റുള്ള പാത്രമാണ്. മതിലിൽ ഒട്ടിച്ച മദ്രസ്സയുടെ പിടിയരി ചിട്ടിയിൽ മാസാമാസം നൽകുന്ന അരിക്കണക്ക് അവർ രേഖപ്പെടുത്തും. ( മദ്രസ്സയുടെ നടത്തിപ്പിന് അന്നത്തെ ആദർശസ്‌നേഹികൾ മുന്നോട്ട് വെച്ച നിർദ്ദേശമായിരുന്നു   ഒരുപിടി അരിയെടുത്തു മദ്രസ്സയ്ക്കായി നീക്കിവെക്കുക, അങ്ങിനെയാണ് അത് പിന്നീട് ''പിടിയരി'' എന്ന പേരിൽ അറിയപ്പെട്ടത് )

കൃഷിസംബന്ധമായതിനെ പറയുന്നത് ''പേരോർത്തി'' എന്നാണ്.
നട്ടിക്കാർ എന്നാണ് ഞാറു നടുന്നവരെയും കണ്ടത്തിൽ പണിയെടുക്കുന്നവരെയും പറയുക.  നട്ടിക്കാരിൽ അമുസ്ലിം പെണ്ണുങ്ങൾ അധികവും പതിക്കാൽ, ഏര്യപ്പാടി, കൊല്ല്യ, മധൂർ, മായിപ്പാടി  തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർ. (ഇതൊക്കെ അന്ന് കണ്ട ഓർമ്മയിൽ നിന്നെഴുതുന്നത്. ഒന്നാമത് ഞങ്ങൾക്ക് കൃഷിയില്ല. അത്കൊണ്ട് അത്ര ഹൃദ്യമായി ഇവയൊന്നും  എഴുതാനും പറ്റില്ല ).

കർഷക വീടുകളിലൊക്കെ അവരുടെ പേരും പത്രാസും കാണിക്കാൻ കറ്റയടിച്ച പുല്ലുകൾ കൊണ്ട് വീട് രൂപത്തിൽ മുറ്റത്തു തീർക്കും. മുറ്റത്തു കയറിയാൽ തന്നെ ആദ്യം കേൾക്കുക നാലഞ്ചു പോത്തുകളുടെ അമറലാണ്. പിന്നെ ഒരു ബൈപ്പണ. അവിടെ എപ്പോഴും ചരിഞ്ഞു വീണ ഒന്ന് രണ്ടു ബക്കറ്റുകൾ, പോത്തുകളെ  ഉരച്ചു തേച്ചു കുളിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ തേങ്ങാചെപ്പ്, കുറച്ചു  ഉണക്കപ്പുല്ല്, പോത്തിന്റെ ചെവിയിൽ എപ്പോഴും കിന്നാരം പറയുന്ന അഞ്ചാറ് കാക്കകൾ,  പോത്തിനോട് സംസാരിക്കുന്ന ആ വീട്ടുകാർ.... ചപ്പ് തരിച്ചിടാൻ പാകത്തിൽ ഒരു വുഡ് സ്റ്റാന്റ്, അതിൽ കൊത്തി ഉറപ്പിച്ച നല്ല മൂർച്ചയുള്ള കുഞ്ഞിക്കത്തി. ആ ബൈപ്പണയുടെ നേരെ മുമ്പിലുള്ള മിനി ബൈപ്പാണയിലായിരിക്കും പോത്തിന്റെ വകയിലെ ബന്ധുക്കളായ പശുവും കിടാവും, അവരുടെ കുറെ പരിവാരങ്ങളും. പുല്ലൊക്കെ ബൈപണയുടെ മുകളിൽ തയ്യാറാക്കിയ തട്ടിലാണ് സൂക്ഷിച്ചു വെക്കുക.ചേരയും എലിയും വരാത്ത ഒരു ബൈപ്പണയും (തൊഴുത്ത് ) ഇല്ലെന്നാണ് എന്റെ ഒരു നിഗമനം.

നല്ല കാണാൻ രസം ഭണ്ടാരവീട് കൃഷിക്കളമായിരുന്നു. പഴയ സിനിമകളിലൊക്കെ കാണുന്ന പ്രകൃതി രമണീയമായ കാഴ്‌ച. ഒരു ഭാഗത്തു നെൽകൃഷി, പിന്നെ ഉയർന്ന സ്ഥലങ്ങളിൽ വെണ്ടയും പയറും വഴുതനയുമൊക്കെയായുള്ള  പച്ചക്കറികൾ. കുറെ പറങ്കിമാവ്. വലിയ ഒരു ആൽമരം. അതിൽ നിറയെ എപ്പോഴും ഒരാവശ്യമില്ലാതെ കശപിശ കൂടുന്ന പച്ചത്തത്തകൾ. ഏറ്റവും  അറ്റത്തായി , പടിഞ്ഞാറ് ഭാഗത്തു കുഞ്ഞിമാളുഅമ്മയുടെയും ബാബേട്ടന്റെയും രണ്ടു പുല്ലുമേഞ്ഞ വീടുകൾ. പിന്നെ ഒരു കുഞ്ഞുകാവ്. മുന്നിലായി ചാണകം തേച്ച മുറ്റം. ഒന്ന് രണ്ടു പനമരങ്ങൾ. ഇടക്കിടക്ക് കുറച്ചുകൊണ്ടിരിക്കുന്ന ബാബേട്ടന്റെ വീട്ടിലെ ഒരു ഇളം ചെമപ്പ് നിറമുള്ള നായ.  എപ്പോഴും  കല്ല് വെട്ടുന്ന കുറെ പണിക്കാർ...... സ്‌കൂളിലേക്ക് ഉച്ചയ്ക്ക് നടന്നു പോകുമ്പോഴും വരുമ്പോഴും ഇതൊക്കെ നോക്കുക ആസ്വദിക്കുക, നായയുടെ നിഴൽ കണ്ടാൽ തിരിഞ്ഞും മറിഞ്ഞും നോക്കാതെ ഓടുക ,  അന്നത്തെ ഞങ്ങളുടെ നടപ്പുശീലങ്ങളിൽ പെട്ടതായിരുന്നു.

ബൂട്  ഭാഗം മൊത്തം പാടങ്ങളായിരുന്നു. തുരുത്ത് പോലെ ഒറ്റപ്പെട്ട നാലഞ്ചു  വീടുകൾ ഉണ്ട്.  പിന്നെ അങ്ങോട്ടായി ഒരു വീട് കിട്ടണമെങ്കിൽ മൊഗറിന്റെ മറ്റേ അറ്റം വരെ എത്തണം.  മഴക്കാലത്തൊക്കെ  മൊഗർ തീർത്തും ഒറ്റപ്പെട്ടു പോകും, ശരിക്കും നമ്മുടെ നാടിന്റെ ഒരു ദ്വീപ്.  ബൂടിന്റെ ഒരു തലക്കൽ തുടങ്ങിയ പാടങ്ങൾ തീരുന്നത്    മായിപ്പാടി റോഡും കഴിഞ്ഞു പിന്നെയും അങ്ങോട്ടു പോകണം. പൂഴിയുടെ പശിമയുള്ള മണ്ണായിരുന്നു ബൂട് ഭാഗത്തെ പാടങ്ങൾക്ക്.  ചെറിയ ഓഫ്  വൈറ്റ് കളർ.  കിഴങ്ങ് കൃഷിക്കൊക്കെ പറ്റിയ മണ്ണ്. എളുപ്പത്തിൽ വേര് മണ്ണ് മാന്തി പോകും. നല്ല വിളവും കിട്ടും. വിളവ് കാലമായാൽ  കിഴങ്ങ് അടർത്തി എടുക്കാൻ വലിയ പ്രയാസവുമുണ്ടാകില്ല.  പച്ചക്കറികൾക്കാണ് അവർ ആ  ഭൂമി കൂടുതലും ഉപയോഗിച്ചത്. ഒരു വിള നെല്ലും, പിന്നെയുള്ളത് പച്ചക്കറിക്കും.  കിഴങ്ങു മുതൽ  എള്ള് കൃഷി വരെ നടത്തിയിരുന്നു.

ഓരോ പാടത്തിന്റെയും മൂലയിലായി കൈക്കോട്ട് കൊണ്ട് കോരിയെടുത്തു ചെറിയ താൽകാലിക  കുഞ്ഞുകുളങ്ങൾ  ഉണ്ടാക്കും.  അതിൽ തന്നെ ഇറങ്ങാൻ പാകത്തിൽ മൂന്നോ നാലോ സ്റ്റെപ്പുകൾ. അടുത്ത മഴക്കാലമാകുന്നതോടെ അത് സ്വയമേ മണ്ണ് നിറഞ്ഞു മൂടിപ്പോകും.   ചെറിയ ''തമ്പെ'' ഉണ്ടാകും. ഇതൊരു തരം വെള്ളം കോരിയാണ്. നല്ല ഒരു കൈപ്പിടി. ഒരു വള്ളിയിൽ തൂക്കിയിടും. അങ്ങേ  ഭാഗം അല്പം പരന്ന് വെള്ളം കോരാൻ പാകത്തിലാണ്. കൈപ്പിടിപിന്നോട്ട് വലിക്കുമ്പോൾ മറ്റേ ഭാഗം താഴും. വെള്ളം അങ്ങിനെ തന്നെ കോരിയെടുത്തു മറുകണ്ടം തള്ളും.

വലിയ പേരോർത്തിക്കാരുടെ  വീട്ടിൽ ഇന്നത്തെ മോട്ടോർ പാമ്പ് സെറ്റിന് പകരം   മറ്റൊരു സജ്ജീകരണമാണ് ജലസേചനത്തിനു ഉപയോഗിച്ചിരുന്നത്. അതിന്റെ പേര് എന്റെ നാക്കിൻ തുമ്പത്തുണ്ട്. ''തൊട്ടെ'' അങ്ങിനെയെന്തോ പേര്.  വലിയ മുള. അതിന്റെ ഒരറ്റത്തു നല്ല വലിപ്പമുള്ള ബാൾദി (ബക്കറ്റ്) ഉണ്ടാകും. മുള കിണറിന്റെ അറ്റം വരെ താഴാൻ പാകത്തിന് നീളമുണ്ടാകും. മുളയുടെ മറ്റേ അറ്റം വേറൊരു നീളമുള്ള ഒറ്റത്തടിയിൽ ഉറപ്പിക്കും. അതിന്റെ മധ്യഭാഗം കാപ്പിയുടെ ഫൺക്ഷൻ ഉണ്ടാകാൻ തടിച്ച ഒരു മരകുറ്റിക്കിടയിൽ ഘടിപ്പിക്കും. ഒറ്റത്തടിയുടെ അവസാന അറ്റത്തു നല്ല ഭാരമുള്ള കരിങ്കല്ലോ മറ്റോ ഉറപ്പിച്ചു കെട്ടും. തൊട്ടി താഴ്ത്തുമ്പോൾ ഒറ്റത്തടി മെല്ലെ ചെരിഞ്ഞു ലംബമായി വരും. പിന്നിൽ വെയിറ്റ് ഉള്ളത് കൊണ്ട് അങ്ങിനെ താഴുകയുമില്ല. ഇതിൽ വേറെന്തൊക്കെയോ ടെക്‌നിക്‌സ് ഉണ്ട്. വേനലോടടുത്താൽ   കൃഷിക്ക് കൂടുതലും ഇതാണ് ഉപയോഗിക്കുന്നത്.

എന്റെ ഒരു കൂട്ടുകാരൻ ഒരു മഗ്‌രിബിന്റെയും ഇഷായുടെയും ഇടയിൽ ഈ ''ക്രെയിനിൽ'' കുടുങ്ങി   വലിയ അനർത്ഥമാക്കിയിട്ടുണ്ട്. പുള്ളിക്കാരൻ നമ്മുടെ ഈ ഗ്രൂപ്പിൽ ഇല്ലാത്തത് കൂടുതൽ എഴുതുന്നില്ല. ബക്കറ്റിന്റെ കൊളുത്ത്  കവിൾ കുടുങ്ങിയത് കൊണ്ട് വലിയ പരിക്കില്ലാതെ പുള്ളിക്കാരൻ  രക്ഷപ്പെട്ടു. ഞാൻ ഉലക്കന്മേൽ കസർത്ത് കാണിച്ചത്  പോലെയോ മറ്റോ ചെയ്തതാകണം. അല്ലാതെ ''തൊട്ടെ'' ഇങ്ങോട്ട്  വന്നു തൊട്ടോട്ടെ തൊട്ടോട്ടെ എന്നും അവനെ വെറുതെ കവിളിൽ ഉമ്മ വെക്കില്ലല്ലോ.

വർഷകാലത്ത് മഴ നനയാതിരിക്കാൻ ''കൊര്മ്പേ'' എന്ന കുടയായിരുന്നു ഉപയോഗിക്കുക.  തെങ്ങോലയിൽ പണിത റൈൻ ഷെൽട്ടർ.  അതൊക്കെ കഴിഞ്ഞു പ്ലാസ്റ്റിക് ''കൊര്മ്പേ'' ഉപയോഗിക്കാൻ തുടങ്ങി.  നമ്മുടെ നാട്ടിൽ നല്ല പ്രൊഫഷണൽ കൊരമ്പെ മേക്കേഴ്‌സ് ഉണ്ടായിരുന്നു. പച്ചോല വാട്ടിയോ മറ്റോ ആണ് ഇത് നെയ്തെടുക്കുന്നത്.  ഞാറു നടുന്ന പെണ്ണുങ്ങൾ ഇതും തലയിലിട്ട്  അന്ന് നാട്ടിപ്പാട്ടുകൾ പാടുമായിരുന്നു.  എപ്പോഴും ഇവർ പാടില്ല.  പക്ഷെ അതിനൊക്കെ ചില പെണ്ണുങ്ങൾ മുൻകൈ എടുക്കണം. കൊല്ല്യ ഭാഗത്തും മധൂരിൽ നിന്നൊക്കെ വരുന്ന പെണ്ണുങ്ങൾ തുളുവിലുള്ള കൃഷിപ്പാട്ടുകളായിരുന്നു പാടുക.

അന്ന് പല സൗകൂ-കുൽസുമാർക്കും കണ്ടത്തിന്റെ അടുത്ത് കാവലിരിക്കുക എന്ന ഗൂർഖാ പണി ഉണ്ടായിരുന്നു.  അതിനെ നാടൻ മലയാളത്തിൽ പറഞ്ഞിരുന്നത് ''കാക്കനായ്ക്കാൻ പോന്നെ'' എന്നായിരുന്നു. തിരക്ക് കൂട്ടരുത്, എന്താണെന്ന് വിശദീകരിക്കാം. ചിലർ രാത്രിയും ഡ്യൂട്ടിയിൽ പ്രവേശിക്കും

അതായത് അന്ന് കൃഷിക്കാർക്ക് ഏറ്റവും വലിയ ഭീഷണി വെട്ടുകിളികളായിരുന്നു. പോരാത്തതിന് പ്രാവുകളും വന്നുകളയും.  വെട്ടുകിളികൾ രാത്രി താമസം എവിടെയെന്നറിയില്ല. വീടും കുടുംബമൊക്കെ മായിരിക്കും. കുന്നുംഭാഗത്തേയ്ക്ക് തിരക്ക് പിടിച്ചു പറക്കുന്നത് കാണാം. . പക്ഷെ പ്രാവുകളുടെ തറവാട് വീടുകൾ - നമ്മുടെ സ്‌കൂൾ,  പള്ളിമദ്രസ്സകളുമൊക്കെയാണ്.  അവരുടെ ചില ഏർപ്പാട് കണ്ടാൽ ഇവർ അവിടെ തന്നെ പഠിച്ചും താമസിച്ചും  കഴിയുന്നവർ എന്ന് തോന്നിപ്പോകും.  ഹോസ്റ്റലുകൾ സമാനമായിട്ടാണ്പ്രാവുകൾ ഈ കെട്ടിടങ്ങളുടെ മട്ടുപ്പാവുകൾ  കണ്ടിരുന്നത്. നമ്മളൊക്കെ ഒന്ന് ഒച്ചവെച്ചാൽ എന്തോ തീ പിടിച്ചു ഓടുന്നത് പോലെ ഇവന്മാർ മൊത്തം പറക്കും. എന്നിട്ട് അതെ സ്പീഡിൽ കാണാം പത്തു ഇഞ്ച് അകന്ന് വീണ്ടും  വന്നിരിക്കുന്നത്. ഇവർ ശബ്ദമുണ്ടാക്കാതെയാണ്.

അന്ന് ഞങ്ങൾ ബീരമ്മയുടെ കനിവിൽ ജാവോക്ക് മരച്ചുവട്ടിലും പറങ്കിമാവിൻ ചോട്ടിലുമായി ഇരുന്ന് കഴിക്കുന്ന ''സജ്ജിഗ'' പ്ലെറ്റിൽ മാടപ്രാവുകളുടെ അപ്പി വീഴാത്ത ഒരു ദിവസവും കടന്നു പോയിട്ടില്ല. കുറഞ്ഞത് ഒന്ന് -രണ്ടു പേരുടെ പ്ളേറ്റിൽ ഇവർ ബോംബിട്ടിരിക്കും.
 (ഒരു സൗകുവിന്റെ പ്‌ളേറ്റിൽ അപ്പി വീണുണ്ടായ അനിഷ്ട സംഭവങ്ങൾ  മുമ്പൊരിക്കൽ ഞാൻ വിശദമായി എഴുതിയിട്ടുണ്ട്). ആകാശ അപ്പി മഴ വർഷം പ്രതീക്ഷിച്ചു കൊണ്ട് ബീരമ്മ എല്ലാ ദിവസവും രണ്ടുമൂന്ന് പ്ളേറ്റ് എക്സ്ട്രാ സജ്ജിഗേ മുൻകൂറായി കരുതി വെക്കും. പ്രാക്കൾ തൂറാത്ത അപൂർവ ദിവസങ്ങളിൽ ആ റിസർവ്വ് ചെയ്ത വെച്ച സജ്ജീഗ തട്ടാൻ സൗകുമാർ കാണിക്കുന്ന ആക്രാന്തം കണ്ടാൽ ..... അടിപിടികൂടി പലപ്പോഴും നിലത്തേ സജ്ജിഗേ വീഴാറുള്ളൂ. പിന്നെ പ്ളേറ്റിൽ ഒട്ടിപ്പിടിച്ചത് ചുരണ്ടി തിന്നു
തൃപ്തിയടയും.

ഇവരുടെ , പ്രാവുകളുടെ, കുറുകൽ ഉണ്ട്. ബേജാറിന്റെ കരച്ചിൽ. വലിയ ഒച്ചയുണ്ടാകില്ല. മഞ്ഞ ബോർഡറിൽ  ചെമപ്പിച്ച കണ്ണുകൾ കറക്കി ഇങ്ങനെ കുലുങ്ങി കുലുങ്ങി കുറുകും.  കുറുകുമ്പോൾ അവരുടെ തൊണ്ടക്കകത്തു നിന്ന് ഒരു ഗോളാകൃതിയിലുള്ള വസ്തു  ഇങ്ങിനെ ഉരുണ്ടുരുണ്ട് ചലിക്കുന്നത് കാണാം. ചെറിയ സൂര്യപ്രകാശം ഇവരുടെ കഴുത്തിലുള്ള തൂവലിൽ തട്ടി  തിളക്കം ഉണ്ടാക്കും. ചില ലൂബ്രിക് ഓയിലൊക്കെ വെള്ളത്തിൽ ഇറ്റിറ്റു വീണാൽ ഉണ്ടാകുന്ന പലനിറത്തിലുള്ള തിളങ്ങുള്ള നിറമില്ലേ, അത് പോലെ ഒന്നാണ് ഇവന്മാരുടെ കഴുത്ത്.

നെല്ല്കൊയ്യാൻ പാകമാകുമ്പോൾ ഈ പറഞ്ഞ പ്രാവുകളും വെട്ടുകിളികളും   ചെറിയ ചെറിയ കൂട്ടമായി ഒന്ന് ആകാശത്തു വട്ടവിട്ടു പരിസരമൊക്കെ വീക്ഷിച്ചു പോകും. പിന്നെ ഒരു വൻ ജമാഅത്തായി  വരവാണ്, പടപാടാന്നും പറഞ്ഞു കണ്ടത്തിന്ന്  ഒത്തമധ്യത്തിലായി ഇരിക്കും. എല്ലാരും മാക്സിമം അടിച്ചു വീശും. പോകുമ്പോൾ രാത്രി വെറുതെ ഇരിക്കുമ്പോൾ കൊറിക്കാൻ വേണ്ടി  ഒരു കുല കതിര് കൊക്കിലും തൂക്കി  വീട്ടിലേക്ക് വിടും.  90 ദിവസം പണിയെടുത്തു ചത്ത് നരകിച്ച കൃഷിക്കാരന് അതോടെ വയറ്റത്തടി വീഴും.  ഇവരെ ഓടിക്കാൻ വേണ്ടിയാണ് സൗകൂ-കുൽസുമാർ ചെരട്ടയും കൊണ്ട് പാടത്തു പോയി ഏതെങ്കിലും വരമ്പിൽ ഇരിക്കുക.  ചിലർ എങ്ങിനെയെങ്കിലും കവണ (കബെ) വെച്ചെറിഞ്ഞു വീഴ്ത്തി ഒരു കാക്കയെ കൊല്ലും.    കാക്ക യുടെ ഡെഡ് ബോഡി ഈ പാടത്തു ഒരു കുന്തം നാട്ടി തൂക്കിയിടും. പരേതയായ കാക്ക തൂങ്ങുന്നത് കണ്ടാൽ ''ഈ ഗതി നിങ്ങൾക്കും ലഭിക്കു''മെന്നാണ് അത് മറ്റു പക്ഷികൾക്ക്  നൽകുന്ന സന്ദേശം.


നട്ടിക്കായിക്ക്  (പച്ചക്കറി കൃഷി)   രാത്രിയാണ് ശല്യം - പെരുച്ചാഴി മുതൽ കാട്ടു പന്നികൾ വരെ രാത്രി നല്ല വിരുന്നും കഴിച്ചായിരിക്കും നേരം വെളുക്കുന്നതിന് മുമ്പ് സ്ഥലം വിടുക. ഇവരെ വിരട്ടി  ഓടിക്കാൻ  ചില കൃഷിക്കാർ ചെയ്തിരുന്നത് ഒരു ഡബ്ബ (പണ്ട് ബോംബയിൽ നിന്ന് ബിസ്കറ്റ് കൊണ്ട് വന്നിരുന്ന ) കെട്ടിത്തൂക്കും അതിന്റെ അറ്റത്ത് കെട്ടിയ നീളമുള്ള വള്ളി പോകുന്നത് തൊട്ടടുത്ത വീട്ടിലെ കിളി വാതിലിലേക്കായിരിക്കും. ഇടക്കിടക്ക് വള്ളി വലിച്ചു ഒച്ചയുണ്ടാക്കും. ചില  വിശാലമായ സ്ഥലത്തു കൃഷി ചെയ്യുന്നവർ ഒരറ്റത്തു ഒരു ഓലക്കുടിൽ ഉണ്ടാക്കി ഡബ്ബയുടെ കൺട്രോൾ സ്റ്റേഷൻ ആക്കും.

അങ്ങിനെയുള്ള കുടിലിൽ  ഒരു സൗകുവിനെ ഡ്യൂട്ടി ഏൽപ്പിച്ചു പോലും അവന്റെ ഉപ്പ , ഡബ്ബ കൊട്ടാൻ, ഉറങ്ങരുതെന്ന് പ്രത്യേകം പറയുകയും ചെയ്തിട്ടു, ശർക്കര കൂലിയായി കൊടുത്തിട്ടാണ് ഉപ്പ വീട്ടിൽ പോയത്.  ഒരസമയത്ത്  അമിതമായി ഡബ്ബയുടെ ശബ്ദം ഇങ്ങിനെ കേട്ടു കൊണ്ടിരിക്കുകയാണ്. ഡബ്ബയുടെ ശബ്ദം ഇടക്കിടക്ക് കേൾക്കുമ്പോൾ മകന്റെ ആത്മാര്ഥതയിൽ ആ മാതാപിതാക്കൾ അഭിമാനം കൊണ്ട് പോലും.

''ചെക്കന്   ഞങ്ങളെ സാജൊ ബന്നിനെ ...എന്റെ അഞ്ചി  ആങ്ങളാറും ഇങ്ങന്നെ.... ഒന്ന് കാണ്ച്ചിറ്റ്   കൊടുത്തെങ്ക് മതി....ഊണുല്ലാ ..ഒർക്കൂല്ലാ....    '' ഡബ്ബയുടെ ശബ്ദം കേൾക്കുന്തോറും സൗകുവിന്റെ ആത്മാർഥത ഉപ്പാന്റെ കുടുംബത്തിൽ ടച് ചെയ്യാതെ ഉമ്മാന്റെ കുടുംബത്തിലേക്ക് കൊണ്ട് വരാൻ അവന്റെ ഉമ്മ സ്വന്തം കുടുംബ കഥകൾ പറഞ്ഞു ഭർത്താവിനെ സൈക്കളോജിക്കൽ അറ്റാക്ക് ചെയ്യാൻ തുടങ്ങി.  

ഒരു ദിവസം അമിതമായ ഡബ്ബ ശബ്ദം കേട്ട് അവന്റെ ഉപ്പ രാത്രി മൂന്ന് കണ്ടത്തിന്റെ ടോർച്ചുമായി ആ കുടിലിനെ ലക്ഷ്യമാക്കി നടന്നു. പുറത്തിറങ്ങുമ്പോൾ മഹതി അദ്ദേഹത്തിന് ചിമ്മിനി വെളിച്ചം  കൂടി കാണിച്ചു കൊടുത്തു.  അവിടെയെത്തിയ ആ പിതാശ്രീ സ്വപുത്രന്റെ ആത്മാർഥത കണ്ട്  ശരിക്കും  ഞെട്ടി !  സൗകൂ നല്ല ഒന്നൊന്നര  ഉറക്കമാണ്. ഡബ്ബ ശബ്ദം ഉച്ചത്തിൽ കേൾക്കുന്നുണ്ട്. അയാൾ അവന്റെ കാലിൽ മൂടിയ ചാക്ക് പൊക്കി നോക്കി.  ഡബ്ബയ്ക്ക് കെട്ടിയ വള്ളിയുടെ അറ്റം  സൗകൂ തന്റെ കാലിൽ കെട്ടിയിട്ടാണ് ഈ ''ഒദളെ'' ഒഴുക്കിയുള്ള ഉറക്കം.  ഇടക്കിടക്ക് കൊതുകിന്റെയും  കൂത്താടിയുടെയും  കടി ഏൽക്കുമ്പോൾ പുള്ളി കാലനക്കും. അത് വലിഞ്ഞു വലിഞ്ഞുണ്ടാകുന്നതാണ്  കുറുക്കനെയും കുറുനരിയെയും ഭീതിതാന്തരീക്ഷമുണ്ടാക്കി ഡബ്ബയിൽ നിന്ന് ഇടവിട്ടിടവിട്ട് നിർഗ്ഗളിക്കുന്ന ശബ്ദ വീചികൾ ! ഇതുകേട്ടാണ് ഒന്നിനെയും പേടിക്കാതെ  പാവം പെരുച്ചാഴികൾപോലും   പേടിച്ചോടുന്നത് ! അങ്കവും കാണാം താളിയുമൊടിക്കാം എന്ന് പറയാറില്ലേ, അതായിരുന്നു സൗകൂ സത്യത്തിൽ പരീക്ഷിച്ചു വിജയിച്ചത്. ( ഇതിലെ ശാസ്ത്രീയ വശം മനസ്സിലാക്കാതെ  അവന്റെ ഉപ്പ  പാവം സൗകുവിനെ പഞ്ഞിക്കിട്ടുവെന്നത് വേറെ കാര്യം)

1 comment:

പ്രവീൺ said...

പഴയകാല സ്മരണകൾ....
അല്ലെങ്കിൽ ഓൾഡ് ജനറേഷനിലൂടെ ഒരു യാത്ര....
കൊള്ളാ൦