ഐക്യം സാര്‍ഥകമാകണമെങ്കില്‍ ജാഗ്രത അനിവാര്യം
കേരളത്തിലെ മുസ്‌ലിം നവോത്ഥാന മുന്നേറ്റമായ ഇസ്‌ലാഹീ പ്രസ്ഥാനത്തിന് അതിന്റെ പ്രയാണ വീഥികളില്‍ കുതിപ്പുകളും കിതപ്പുകളും ഉണ്ടായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പതുക്കെ കര്‍മരംഗത്ത് കടന്നുവന്ന് ഒരു നൂറ്റാണ്ടുകൊണ്ട് സമൂഹത്തില്‍ വലിയ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഇസ്‌ലാഹീ പ്രസ്ഥാനത്തിന് പക്ഷേ, ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പുലരിയില്‍ കടുത്ത കിതപ്പനുഭവപ്പെട്ടു. പ്രസ്ഥാനത്തിനകത്ത് ശൈഥില്യത്തിന്റെ കാറ്റുവീശി. ഒരു അശനിപാതം പോലെ പിളര്‍പ്പുപോലും തലയില്‍ വീണു. പക്ഷേ ഐതിഹ്യത്തിലെ ഫീനിക്‌സിനെപ്പോലെ, പ്രസ്ഥാനം ശൈഥില്യത്തിന്റെ ചാരക്കൂമ്പാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചകണ്ടുകൊണ്ടാണ് 2017 ഉദിച്ചുയര്‍ന്നത്. മുറിവുപറ്റിയ ശരീരഭാഗത്തെ നശിച്ച കോശങ്ങള്‍ മാറി പുതിയ കോശങ്ങള്‍ സൃഷ്ടിക്കപ്പെട്ട് മുറിവുണങ്ങുക എന്ന അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമംപോലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ആത്മാര്‍ഥ പ്രവര്‍ത്തകരുടെ ആന്തരിക ചോദനയുണര്‍ന്ന് പുനരൈക്യത്തിന്റെ പാതയിലേക്ക് സ്വയം കടന്നുവന്നുകൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സന്തോഷകരവും ആനന്ദദായകവുമായ ഈ ശുഭ മുഹൂര്‍ത്തത്തില്‍ ഇസ്‌ലാഹീ പ്രവര്‍ത്തകരോട് ചില കാര്യങ്ങള്‍ തെര്യപ്പെടുത്തുകയാണ്.
എന്തൊക്കെപ്പറഞ്ഞാലും വ്യത്യസ്ത പാതയില്‍ നീങ്ങാന്‍ വിധിയുണ്ടായ ഇസ്‌ലാഹീ പ്രസ്ഥാനം ഒരുപാട് പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കുവാനുള്ള സന്ദേശം ഒന്നുതന്നെ ആയിരുന്നുവെങ്കിലും വഴികള്‍ വ്യത്യസ്തമായിരുന്നു. ഒരേ ദിശയിലേക്കാണെങ്കിലും തികച്ചും വ്യതിരിക്തമായ നയനിലപാടുകള്‍ പ്രകടമായിക്കൊണ്ടു നീങ്ങിയ രണ്ട് കൈവഴികള്‍, ഒന്നരപ്പതിറ്റാണ്ടിന്റെ ഒരു മഹാതുരുത്ത് മധ്യത്തില്‍ ഉപേക്ഷിച്ചുകൊണ്ട്, വീണ്ടും സന്ധിച്ച് ഒന്നായി നീങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്. സര്‍വശക്തന് സ്തുതി. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പുനരൈക്യത്തില്‍ സന്തോഷം പ്രകടിപ്പിച്ച ഉന്നതരും സാധാരണക്കാരും സംഘടനകളുമുണ്ട്. ആരുടെയും ആത്മാര്‍ഥതയില്‍ ശങ്കിക്കാതെ എല്ലാവര്‍ക്കും നന്ദി പറയുന്നു. ഇസ്‌ലാഹീ പ്രസ്ഥാനത്തിലുണ്ടായ പുനരേകീകരണം വലിയ പ്രാധാന്യത്തോടെ കണ്ട മാധ്യമങ്ങള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു. അതുല്യമായ ആദര്‍ശത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഐക്യകാഹളത്തിന് പ്രതിധ്വനി മുഴക്കിയ ലക്ഷോപലക്ഷം ഇസ്‌ലാഹീ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ.
പ്രിയപ്പെട്ട ഇസ്‌ലാഹീ പ്രവര്‍ത്തകരേ, ഐക്യം സാര്‍ഥകമാകണമെങ്കില്‍ തികഞ്ഞ ജാഗ്രത അനിവാര്യമാണെന്നാണ് സാഹചര്യം നമ്മോട് വിളിച്ചുപറയുന്നത്. സാഹചര്യപരമായ കാരണങ്ങളാല്‍ അകന്നുപോയ മനസ്സുകള്‍ അടുത്തുകൊണ്ടിരിക്കുന്നു. സ്‌നേഹസൗഹാര്‍ദങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന പരിപാടികള്‍ നിരന്തരം നടന്നുവരുന്നു. ചിലയിടങ്ങളില്‍ അല്പം സാവകാശം വേണ്ടിവരും. വ്യവസ്ഥാപിതമായ രണ്ട് സ്ട്രീം ഒരുമിച്ചുനീങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സ്വാഭാവികമായി പ്രതീക്ഷിച്ച അപസ്വരങ്ങള്‍ ഉണ്ടായില്ല എന്നത് വളരെ ശ്രദ്ധാര്‍ഹമാണ്. രണ്ട് സംഘടനകള്‍ യോജിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ ചെറുതെങ്കിലും ഒരു ഗ്രൂപ്പ് മൂന്നാം കക്ഷിയായി തിരിഞ്ഞുനിന്നെങ്കില്‍ അതില്‍ അത്ഭുതമില്ല. എന്നാല്‍ ഇസ്‌ലാഹീ ഐക്യവേദിയില്‍ ഒരു കുഞ്ഞുപോലും ഇടഞ്ഞുനിന്നില്ല എന്നത് അത്യത്ഭുതകരമായി നിഷ്പക്ഷ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് പ്രവര്‍ത്തകരുടെ മനസ്സിന്റെ തേട്ടമാണെങ്കില്‍ ഇതില്‍ സ്ഥാപിത താല്പര്യക്കാരില്ല എന്നതാണ് രണ്ടാമത്തേത്. സര്‍വോപരി നന്മയ്ക്കുമീതെ അല്ലാഹുവിന്റെ കരുണാകടാക്ഷവും. ഇരുസംഘങ്ങള്‍ ഒന്നായിത്തീരുന്ന പ്രക്രിയ തുടരുകയാണ്. എത്രയെത്ര സംരംഭങ്ങളും സ്ഥാപനങ്ങളും ഇടപാടുകളും വ്യവഹാരങ്ങളുമെല്ലാം ഉണ്ട്! പ്രവര്‍ത്തകര്‍ക്ക് അതൊരു ഭാരമായി എവിടെയും അനുഭവപ്പെട്ടിട്ടില്ല. ഈ മഹത്തായ സംരംഭത്തിന് മുന്‍കൈ എടുത്ത പ്രവര്‍ത്തകര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്കട്ടെ.
കാര്യങ്ങള്‍ ഇത്ര ശുഭകരമെങ്കിലും ഈ യോജിപ്പ് ഇഷ്ടപ്പെടാത്തവരും ആശങ്കയോടെ നോക്കുന്നവരും തങ്ങള്‍ക്ക് എതിരാവുമോ എന്ന് ഭയക്കുന്നവരുമെല്ലാം നമുക്ക് ചുറ്റുമുണ്ട്. ഐക്യത്തിലെ അനൈക്യമെന്ന് ഇല്ലാക്കഥ മെനഞ്ഞെടുത്ത മാധ്യമങ്ങള്‍, സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്ത് വസ്‌വാസുകള്‍ വ്യാപകമാക്കുന്ന ദോഷൈകദൃക്കുകള്‍, ഈ ഐക്യം ഐക്യമായിട്ടില്ല എന്നു പറഞ്ഞ് കാംപയിന്‍ നടത്തുന്നവര്‍ ഇങ്ങനെ പല തലങ്ങളിലും പല തരത്തിലും സാധാരണക്കാര്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെ ഇസ്‌ലാഹീ പ്രസ്ഥാനം തിരിച്ചറിയുന്നുണ്ട്. പ്രസ്ഥാനത്തിന്റെ മഹാ പ്രവാഹത്തിനിടയില്‍ നാം മാറ്റിവച്ച ആ തുരുത്തില്‍ വളര്‍ച്ചയുടെ ഗുണാത്മകമായ നാമ്പുകള്‍ക്കൊപ്പം ഛിദ്രതയുടെ മുള്ളുമുരടുകളും ഉണ്ടാവുക സ്വാഭാവികം. അവയിലെ കുപ്പിപ്പൊട്ടുകള്‍ മാത്രമെടുത്ത് ക്ലിപ്പാക്കി ഇത് ഐക്യത്തിന്റെ കാലില്‍ തറക്കില്ലേ എന്ന് വസ്‌വാസുണ്ടാക്കാന്‍ വാട്‌സ് ആപ്പും ഫെയ്‌സ് ബുക്കും ദുരുപയോഗപ്പെടുത്തുന്നവരോട് വികാരംകൊണ്ട് പ്രതികരിക്കുന്നതിനു പകരം വിവേകംകൊണ്ട് സംയമനം പാലിക്കുകയാണ് വേണ്ടത്. ഇസ്‌ലാഹിന്റെ ഒരു കാലഘട്ടം മുഴുവന്‍ ജ്വലിച്ചുനിന്ന എ പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ ഒരു പ്രതികരണം ആനുഷംഗികമായി അനുസ്മരിക്കട്ടെ. 'ആവറേജ് ബുദ്ധിയില്ലാത്തവര്‍ മുജാഹിദുകളിലില്ല'. ഇത് നമുക്കും ആവര്‍ത്തിച്ചുപറയാം. നവതലമുറ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നുകൂടി ഉണര്‍ത്തട്ടെ. ഐക്യം സാര്‍ഥകമായിത്തീരാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.
•┈┈┈┈•✿❁✿•┈┈┈┈•
എഡിറ്റോറിയൽ
ശബാബ് വാരിക
2017 ജനുവരി 13 വെള്ളി
എഡിറ്റോറിയൽ
ശബാബ് വാരിക
2017 ജനുവരി 13 വെള്ളി
No comments:
Post a Comment