Thursday, January 19, 2017

കുട്ടിക്കാല കുസൃതിക്കണ്ണുകൾ - 47

കുട്ടിക്കാല കുസൃതിക്കണ്ണുകൾ - 47

മാവിലേയൻ

കല്യാണ മാമാങ്കങ്ങൾ അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യാൻ എല്ലാ നാട്ടുകാരെപ്പോലെ നമ്മുടെ നാട്ടുകാരും ഉഷാറായിരുന്നു.  എഴുതാൻ തുടങ്ങിയാൽ കുറെ ലക്കം അപഹരിക്കുമെന്ന് ഭയമുണ്ട്. കുറിച്ചെഴുതി നിർത്താം. ബാക്കി വായനക്കാർ ഇടപെട്ട് പൂർത്തിയാക്കിക്കൊള്ളണം.

മുമ്പ് അങ്ങിനെ ദിവസവും നാട്ടിൽ  കല്യാണമൊന്നുമില്ലല്ലോ. വല്ല മാസത്തിലൊന്നോ വല്ല സൗക്കുന്റെ ഏട്ടന്മാർക്ക് ഏട്ടത്തിമാർക്കോ കെട്ടുപ്രായമായാൽ ഉണ്ടാകും. അതും ''വിളി'' എല്ലായിടത്തുമുണ്ടാകില്ല. കല്യാണവീട്ടുകാർ തങ്ങളുടെ  സാമ്പത്തിക അവസ്ഥ കണ്ടും നോക്കിയുമായിരിക്കും വിളി തന്നെ. അത്  തന്നെ എത്രയോ ആഴ്ചകളുടെ ആലോചനകൾ ബന്ധുക്കളും കാരണവന്മാരും നാട്ടുമൂപ്പന്മാരുമൊക്കെ ആലോചിച്ചാണ് തീരുമാനമാകുക.

എന്റെ തന്നെ ചെറുപ്പത്തിൽ പഴയ കല്യാണത്തിന്റെ ചെറിയ ബാക്കിയിരുപ്പുകൾ കടലെടുക്കാൻ കുറച്ചേ ബാക്കിയുണ്ടായിരുന്നുള്ളൂ.  അതിൽ ഒന്നാണ് പെണ്ണുങ്ങൾ വീടുകളിൽ പോയി കല്യാണം ക്ഷണിക്കുക. ഞാൻ എട്ടാം ക്ലാസ്സിൽ. എന്റെ പെങ്ങളുടെ കല്യാണത്തിന് ക്ഷണിക്കാൻ ഉമ്മയുടെ കൂടെ ഞാനാണ് കുന്നും മലയും കയറി കൂടെ പോയത്. അതിന്റെ അവസാനമെഴുതാം.

ആലോചന തൊട്ട് തുടങ്ങാം. ഇന്ന് നമ്മൾ പ്രൊപോസൽ എന്നൊക്കെയാണ് പറയുന്നതെങ്കിലും  ''പൊതു'' എന്നാണ് അതിന്റെ ഓമനപ്പേര്. കാരണവന്മാർക്ക് ഈ തട്ടകത്തിൽ  വലിയ പ്രാധാന്യം ഉണ്ടായിരുന്നു.  കാര്യങ്ങളൊക്കെ  ആലോചിച്ചു സംഭവം ഒത്തു വന്നാൽ, പിന്നെ അത് അറിയപ്പെടുക -  ''ആഊന്നും പോഊന്നും ആയി'' എന്നാണ്. അങ്ങിനെ ആരെങ്കിലും പറയുന്നത് കേട്ടാൽ, മനസ്സിലായി ഞങ്ങൾക്ക് ഒരു കല്യാണം എവിടെയോ നടക്കാനുള്ള  തുടങ്ങിയെന്ന്.

ഒരേ മഹല്ലിലോ തൊട്ടടുത്ത മഹല്ലുകളിലോ ആണ്  പെണ്ണിന്റെയും ആണിന്റെയും വീടുകളെങ്കിൽ  മിക്കവാറും പള്ളികളിലാണ് നിശ്ചയിപ്പ് ഉണ്ടാകുക. ഉസ്താദുമാരും ബന്ധു-കാരണവന്മാരും നാട്ടിലെ ഒന്നോ രണ്ടോ പ്രമാണിമാരും ഏതാനും ചില അയൽക്കാരുമുണ്ടാകും ആ ചടങ്ങിൽ. ഒരു പൂഞ്ചിയിൽ ചായയും കൂട്ടത്തിൽ  വല്ല കടിയോ മറ്റോ ഉണ്ടാകും. കയ്യിൽ ഒരു കലണ്ടറും കൊണ്ടാകും ഉസ്താദ്    ആ സദസ്സിൽ വരിക. അധികവും വ്യാഴാഴ്ചയായിരുന്നു അന്ന് കല്യാണത്തിനു ഡേറ്റ് തീരുമാനിക്കുക. ഞായറാഴ്ച കല്യാണമൊക്കെ കുറെ കഴിഞ്ഞാണ് വന്നത്. പിന്നെപ്പിന്നെ ഏത് ദിവസവും എപ്പോൾ വേണമെങ്കിലും ആകാമെന്നായി. ചൊവ്വാഴ്‌ച കല്യാണവും ചൊവ്വാ ഴ്ച യാത്ര പോകലോക്കെ ആരെങ്കിലും അക്കാലത്തു പറയുന്നത് കേട്ടാൽ അവന്റെ കാര്യം നാട്ടുകാർ തന്നെ ഒരു തീരുമാനമാക്കുമായിരുന്നു !

പന്തലിനു കാൽ നാട്ടുന്നത് മുതൽ കാരണവന്മാരോട് ആലോചിച്ചിരുന്നു. കിളിവാതിലും വായു സഞ്ചാരമൊരുക്കിയും നല്ല ഓലപ്പന്തൽ. തെങ്ങോല നമ്മുടെ നാട്ടിൽ അങ്ങിനെ ഇല്ലല്ലോ. അധികവും അടുക്കത്തുവയൽ, എരിയാൽ, ചൗക്കി ഭാഗങ്ങളിൽ നിന്നാണ് കാള വണ്ടിയിലൊക്കെയായി  ഓല കൊണ്ട് വരിക. തൊട്ടു മുമ്പുള്ള  മഴയ്ക്ക് തലപാറിയ കമുക് ഉള്ളവർ അത് നൽകും. പന്തലിന്റെ ഉത്തരവാദിത്തമൊക്കെ അന്ന് നട്‌പ്പള്ളം ഔക്കൻച്ചാക്കായിരുന്നു. അയാൾ പറഞ്ഞാൽ അവസാന വാക്ക്. പിന്നെ എതിരഭിപ്രായമില്ല.  തൊട്ടയൽപക്കത്തു നിന്നൊക്കെ ചെമ്പും ചെരവയും മുതൽ എന്തൊക്കെ ആവശ്യമുണ്ടോ അതൊക്കെ കൊണ്ട് വരും. ബഹ്‌റൈൻ ജമാഅത്തു എം.എച് .എം. മദ്രസയിലേക്ക് കസേരയും മേശയുമടക്കം കല്യാണ പന്തൽ സാമഗ്രികൾ ഓഫർ ചെയ്യുന്നത് വരെ എനിക്ക് തോന്നുന്നത് നാട്ടുകാർ ആശ്രയിച്ചിരുന്നത് അങ്ങുമിങ്ങും നിന്ന് കൊണ്ട് വരുന്ന സാധനങ്ങളെയും കാസർകോട് നിന്നും കല്യാണ തലേന്ന് ഇറക്കുന്നവയൊക്കെയായിരുന്നു.

ഞാനൊക്കെ അറിഞ്ഞു വരുമ്പോൾ തന്നെ പെൺകുട്ടികളുടെ മേലെ കാത്കുത്ത്  നിന്നിട്ടുണ്ട്. വളരെ വളരെ അപൂർവ്വം കുൽസുമാരുടെ മേൽകാതുകൾ  മാത്രമേ  അന്നൊക്കെ കറുത്ത നൂൽ കോർത്ത് കണ്ടിരുന്നുള്ളൂ. പുതുനാട്ടിമാർ കാച്ചിത്തട്ടം ഉടുക്കുന്ന ഏർപ്പാടും ഇല്ല.  പുതിയാപ്പിളയുടെ കൂടെ നടക്കുന്ന ''തോയി''മാരും  അറ്റുപോയിരുന്നു.  പിന്നെ ബാക്കിയുള്ളത് കല്യാണ ദിവസം പുതിയാപ്പിള വധൂ വീട്ടിൽ വരുമ്പോൾ അളിയന്മാർ കാലിൽ കിണ്ടിവെള്ളമൊഴിക്കുക എന്നത് മാത്രം. ( ഞാനും ഈ പരിശുദ്ധ കർമ്മം ചെയ്ത ഒരു എളിയ അളിയനായിരുന്നു ).

തലേ ദിവസം രാത്രി മൂത്ത പെങ്ങളുടെ ഭർത്താവിന്റെ കാർമികത്വത്തിൽ കപ്പാട്ട് കൊണ്ട് പോകൽ, ''ബീട്ടികൂടു''ന്നതിനോടനുബന്ധിച്ചു  ആട് കൊണ്ട് പോക്ക്,  പുതുപ്പെണ്ണിന് കല്യാണത്തിന് മുമ്പായി ബന്ധുക്കളോ അയൽക്കാരോ സമ്മാനങ്ങൾ നൽകൽ, കല്യാണക്കുറി (കാശ്) വെക്കൽ, പുതിയാപ്പിളയെ കുളിപ്പിക്കാൻ തൊട്ടടുത്ത കുളത്തിലേക്ക് പാട്ടുംപാടി കൊണ്ട് പോകൽ,   കല്യാണ ദിവസം ബീഡി, ബീഡ, സിഗരറ്റ് സപ്ലൈ,  ആദ്യവെള്ളിയാഴ്ച പള്ളിയുടെ മുമ്പിൽ  പല്ലിളിച്ചുകൊണ്ട്  അഞ്ചാറ് ബർക്കിളി പാക്കറ്റും  തുറന്നുള്ള പുതിയാപ്പിളസിഗരറ്റ്,  പള്ളിയിലേക്ക് ഒരു മുസല്ല ഹദിയ,  പെങ്ങന്മാരുടെ  ഭർത്താക്കന്മാരെ ഇടക്കിടക്ക് കല്യാണ ദിവസം വെറുതെ തക്കരിച്ചോണ്ടിരിക്കൽ, പ്രായമായവരുടെ നേതൃത്വത്തിൽ കല്യാണപ്പാട്ട്, സ്ത്രീധനം പരസ്യമായി നിക്കാഹ് സദസ്സിൽ വെച്ച് നൽകൽ, വരനും പരിവാരങ്ങളും  രാത്രി ഏറെ വൈകി എത്തുക, അവർക്ക് രാജകീയമായ സ്വീകരണം ഒരുക്കൽ   ഇതൊക്കെ എന്റെ ഓർമ്മയിൽ തന്നെയുണ്ട്.  (ഇന്ന് പിന്നെ യുവാക്കൾ അറിഞ്ഞുകൊണ്ട് തന്നെ സ്വീകരണത്തിന്റെ നിലയും വിലയും സ്വയം കളഞ്ഞു കുളിച്ചിരിക്കുകയാണല്ലോ.  ചില കൂതറ ഏർപ്പാടുകൾ ഒഴിവാക്കി ഒന്നൊത്തുപിടിച്ചാൽ   പുയ്യാപ്ലയുടെ കൂടെ പോകുന്നവർക്ക് മുമ്പൊക്കെ ലഭിച്ചിരുന്ന പ്രത്യേക പരിഗണന തിരിച്ചു ലഭിക്കുമെന്നാണ് എനിന്റെ ഒരു ഇത്. ). ഒരത്യാവശ്യം കുസൃതിയും  പറ്റിക്കൽസൊക്കെ അന്നും അതിനു മുമ്പും ഉണ്ടായിരുന്നു. പക്ഷെ, അതൊക്കെ എല്ലാവരും ആസ്വദിച്ചിരുന്നു, സന്ദര്ഭത്തിനനുസരിച്ചുള്ള തമാശയും കളിയും മാത്രം ! റാഞ്ചൽ,  കിഡ്‌നാപ്പിംഗ, മോചനദ്രവ്യമാവശ്യപ്പെടൽ, അറപൊളി, കോലം മാറ്റൽ ഇമ്മാതിരി കോപ്രായങ്ങൾ ഒഴിവാക്കിയാൽ ബാക്കി അത്യാവശ്യം തമാശകളൊക്കെ അന്ന് ഉണ്ടായിരുന്നു.

പുതിയാപ്പിള വരുമ്പോൾ എമണ്ടൻ പെട്ടിയും തലയിൽ വെച്ച് അതത് നാടുകളിൽ നിന്ന്  പെട്ടി വരും.  നമ്മുടെ നാട്ടിൽ ഒരു സുകുവിന്റെ അച്ഛനായിരുന്നു സ്ഥിരം ഈ മങ്ങലപെട്ടി ചുമന്നിരുന്നത്.  അവർക്ക് ആ ദിവസം  പ്രത്യേക പരിഗണനയും തരക്കേടില്ലാത്ത സംഖ്യയും കിട്ടുമായിരുന്നു. ഒരു സൗകുവിന്റെ പെങ്ങളുടെ കല്യാണത്തിന്  വലിയ മരപ്പെട്ടി ചുമന്ന് കൊണ്ട് വന്നു അപ്പണ്ണൻ ഒന്നരപ്പാടായത് ഓർമ്മയുണ്ട്.  പുതിയാപ്പിളയെയും കൂട്ടരെയും സൽക്കരിക്കുന്ന തിരക്കിൽ ചിലർ പെട്ടി ഇറക്കാൻ തന്നെ മറന്നു പോയി, ആ പാവം ഒരുമൂലയ്ക്ക് അമിതഭാരവേദനയാൽ നിൽക്കുന്നുത് ആരുടെയോ ശ്രദ്ധയിൽ പെട്ടത് കൊണ്ട് ഒരു അപകടം ഒഴിവായി.   ഞാനൊക്കെ ജനിക്കുന്നതിനു മുമ്പ് തൊട്ടയൽ നാട്ടിൽ ഒരു കല്യാണ വീട്ടിൽ പുതിയാപ്പിളപ്പെട്ടി  ആരോ ഇറക്കുമ്പോൾ ആയം തെറ്റി മുറ്റത്തു വീണുടഞ്ഞു ആകെ നാശകോശമായ ഒരു ദുരന്ത ചരിത്രമുണ്ടായിട്ടുണ്ട് പോലും. അതിനു ശേഷം  പെട്ടി  താഴെ   ഇറക്കാൻ പെണ്ണിന്റെ വീട്ടുകാർ ചില വിശ്വസ്തരെ ശട്ടം കെട്ടി നിർത്തുമത്രെ !

 ഈ പറഞ്ഞ  പെട്ടിയുടെയും തലേദിവസം രാത്രി കൊണ്ട് വന്ന കപ്പാട്ടിന്റെയും  താക്കോൽക്കൂട്ടം മിക്കവാറും മൂത്തപെങ്ങളുടെ ഭർത്താവിന്റെ കസ്റ്റഡിയിലാണത്രെ ഉണ്ടാകുക.  ''ബീട്ടികൂടൽ'' ദിവസം ഏറ്റവും കൂടുതൽ ഷൈൻ ചെയ്യുന്ന ബഹുമാന്യ വ്യക്തിയും ഇദ്ദേഹം തന്നെ. ഇയാൾ വന്നിട്ട് വേണം, ആ പെട്ടിതുറന്നു പെണ്ണിന്റെ ബന്ധുക്കൾക്കും പെണ്ണിന്റെ വീട്ടിലെ  കല്യാണം കെങ്കേമമാക്കിയ പണിക്കാരി പെണ്ണുങ്ങൾക്കും  സമ്മാനങ്ങൾ നൽകാൻ (ചിലയിടത്തു സമ്മാന ദിവസമാണ് പോലും ബന്ധുക്കൾ  അടിയോടടുക്കലും തെറ്റിപ്പിരിയലും പണിക്കാരിപ്പെണ്ണുങ്ങൾ നോട്ടും സ്യൂട്ടും നോക്കി അതൃപ്തി അറിയിക്കലും ഇട്ടേച്ചു പോകലും മറ്റും). പെണ്ണിന്റെ അടുത്ത ബന്ധുക്കൾക്ക് പുതിയാപ്പിള തന്നെ ഗിഫ്റ്റ്  നൽകും, പവനും പൈസയും ഇങ്ങോട്ട് കിട്ടുകയും ചെയ്യും. (അതായിരിക്കാം  അതിന്റെ രഹസ്യം). ബാക്കിയുള്ളവർക്ക് മറ്റേ കക്ഷിയും  സമ്മാന വിതരണം നടത്തും.

വിളിച്ച വീട്ടിൽ നിന്നും പെണ്ണുങ്ങളും കുട്ടികളും കുടുക്കയുമടക്കം വരുന്നത് ഒഴിവാക്കാൻ പണ്ടുള്ളവർ കണ്ടു വെച്ച ഒരു ഒരേർപ്പാടാണ് വീട്ടുടമസ്ഥൻ കല്യാണം ക്ഷണിച്ചതിനു പുറമെ പെണ്ണിന്റെ ഉമ്മയും പിന്നാലെ പോയി സെലക്ട് ചെയ്ത വീടുകൾ പോയി കല്യാണം വിളിക്കുക എന്നത്.  പിറ്റേ ദിവസം മുതൽ അത് പരിസരം മൊത്തം അറിയും. '' ഞമ്മളെ ചെറിയാള്പ്പിലെ അദ്രായിച്ചാന്റെ  കുൽസൂന്റെ മങ്ങലോ എനത്തെ ബിയ്യായ്സെ ....പോണോന്ന് നിരീച്ചിറ്റി ആസെ ബെച്ചിറ്റിണ്ടായിനി... എന്താക്ക്ന്നെ എനി  പോയിറാന്  കയ്യേലാ....കുൽസൂന്റെ ഉമ്മാഉം ആടാടെ നോക്കീറ്റ് ബിൾക്കാൻ  പോയ്ൻല്ലോ ... ഔത്തേക്ക് ഓള് ബന്നെങ്ക് ..കിടാക്കളെ കൂട്ടീറ്റ്പോണൊ, ഇല്ലാങ്ക് പോന്നെ ഏസിഗെ അല്ലേപ്പാ.. ''    ഈ ഡയലോഗിൽ നിന്ന് എന്ത് മനസ്സിലായി ?  ആണുങ്ങൾ മാത്രം  വിളിക്കാൻ പോയാൽ ആ വീട്ടിൽ നിന്ന് ആണുങ്ങൾ മാത്രം ഒന്നോ രണ്ടോ പോവുക. നോ ലേഡീസ് ആൻഡ് ചിൽഡ്രൻ.  പെണ്ണുങ്ങൾ കൂടി ക്ഷണിക്കാൻ വന്നിട്ടുണ്ടെങ്കിൽ ആ ക്ഷണം മൊത്തം സ്വീകരിച്ചു കുഞ്ഞുകുട്ടികളടക്കം വീട്ടുകാർ പോകുക. ഈ പോക്കുവരവുകളുടെ എണ്ണമൊക്കെ   ഇരുന്നും കിടന്നും കാരണവന്മാർ  കണക്ക് കൂട്ടിയാണ്  സാധാരണക്കാരുടെ കല്യാണവീടുകളിൽ ''കോപ്പ്'' തയ്യാറാക്കുക.

ഞാൻ എട്ടാംക്‌ളാസ്സിൽ ഉള്ളപ്പോൾ ഉമ്മയുടെ കൂടെ ഇങ്ങിനെയൊരു കല്യാണം ക്ഷണിക്കലിന് പോയി. കുറെ ദിവസം മഗ്‌രിബ് ആയാൽ എനിക്ക് ഇത് തന്നെയാണ് പണി. കൂടെ പോയാൽ സർബത്തൊക്കെ കിട്ടുന്നത് കൊണ്ട് എനിക്കും തോന്നി ''ഇത് കൊള്ളാലോ'' എന്ന്.   കരോടി ഭാഗത്തു ഒരു രാത്രി ഉമ്മാന്റെ കൂടെ കല്യാണം വിളിക്കാൻ  പോയി, തിരിച്ചു വരുമ്പോൾ കാലക്കേടിനു എന്റെ കയ്യിലുണ്ടായിരുന്ന ലിസ്റ്റ് ഒരു വീട്ടിൽ മറന്നു പോയി. അത് എടുത്ത് കൊണ്ട് വരാൻ ഉമ്മ ഒരു കാരണവശാലും കൂടെ വരില്ല.  അറിഞ്ഞാലോ അടിയും ഉറപ്പ്. അടുത്ത വീട് ഏതാണെന്ന് ആ ലിസ്റ്റ് നോക്കിയാലേ മനസ്സിലാകൂ. ഞാനാണെങ്കിൽ ത്രിശങ്കു സ്വർഗത്തിലും. പറഞ്ഞില്ലേൽ ആ ലിസ്റ്റ് വീട്ടുകാർ വായിക്കും; പറഞ്ഞാൽ അടി അതിലും വലിയ പൊങ്കാല വീട്ടീന്ന് ഉണ്ടാകും.  ഉമ്മാനോട്  വയറു വേദന അഭിനയിച്ചു ഞാൻ നേരെ തിരിച്ചു വീട്ടിലേക്ക് വന്നു. എന്നിട്ട് രണ്ടും കൽപ്പിച്ചു ഞാൻ ആ വീട് ലക്ഷ്യമാക്കി നടന്നു. കരോടി കുന്നു കയറിയത് മാത്രം ഓർമ്മയുണ്ട്. എങ്ങോട്ടുനിന്ന് വന്നതാണ്, എവിടെയാണ് പോകേണ്ടത്, തിരിച്ചു പോകേണ്ട വഴിയേതാണ് ഒന്നും മനസ്സിലാകുന്നില്ല. ഒരു ഭാഗത്തു നിന്ന് പട്ടികളുടെ കൂട്ടക്കരച്ചിൽ വേറെയും. പോകുമ്പോൾ പത്ത് മിനുറ്റ് മാത്രമെടുത്തു എത്തിയ ആ  വീട് തപ്പിപ്പിടിക്കാൻ ഒരു മണിക്കൂറിലേറെ  നേരമെടുത്തു.  ആ വീട്ടിലെ  കതക് മുട്ടി അകത്ത് കയറാൻ നോക്കുന്നതിനു മുമ്പ് കൊട്ടിലിനകത്തു നിന്ന് ഒരു  സൗകുവിന്റെ ശബ്ദം കേട്ട് കിളിവാതിലിൽ നോക്കുമ്പോഴാണ് ചങ്ക് പൊട്ടുന്ന കാഴ്ച കണ്ടത് -   ആ ''കല്യാണ സ്‌പെഷ്യൽ വിളി ലിസ്റ്റ്'' ചുരുട്ടി  അവിടെയുള്ളൊരു സൗക്കു നല്ല ആയത്തിൽ മേശപുറത്തു  കത്തിക്കൊണ്ടിരിക്കുന്ന   ചിമ്മിണി കൂടിനു കാണിച്ചു പൂത്തിരികത്തിച്ചു ആർമ്മാദിക്കുകയാണ്. പിന്നീടെന്തുണ്ടായിന്നു പറയേണ്ടല്ലോ.

അന്നത്തെ കല്യാണ വീടുകളിലെ മറ്റു  ചില വിശേഷങ്ങൾ അടുത്ത ഒരു ലക്കത്തിൽ ഒതുക്കി നിർത്താം. 

No comments: