കുട്ടിക്കാല കുസൃതി കണ്ണുകൾ - 46 / മാവിലേയൻ
ഒന്നാം ക്‌ളാസ്സിൽ മദ്രസയിൽ ചേരുന്നതോ മദ്രസ്സയിലെ ആദ്യദിനങ്ങളോ ഒന്നും ഓർമ്മയിൽ വരുന്നില്ല. പക്ഷെ, ഒരു ചൂരൽ വടി ബെഞ്ചിലേക്ക് ഉറക്കെ അടിച്ചു പതിവിൽ കവിഞ്ഞ ധൃതിയിൽ ഞങ്ങളുടെ ഇടയിൽ നീളത്തിലും കുറുകെയും നടന്നു അക്ഷരങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു ഞങ്ങളെ ഒന്നാം ക്‌ളാസിൽ കാർക്കശ്യത്തോട് കൂടി പഠിപ്പിക്കുന്ന കറുത്ത ജിന്നാതൊപ്പി ധരിച്ച ഒരു സ്രാമ്പി ഉസ്താദിനെ മാത്രം ഓർമ്മയുണ്ട്. (നമ്മുടെ നാടുമായും ഈ ഉസ്താദിന് വൈവാഹിക ബന്ധമുണ്ട്.)
തായൽ - മീത്തൽ ജമാഅത്തുകളുടെ സംയുക്ത മതപാഠശാലയായ എംഎച്ച് എം മദ്രസ്സ കെട്ടിടം മീത്തൽ പള്ളിക്ക് ഓരം ചേർന്ന് ഇടത് വശത്തായിരുന്നു ഉണ്ടായിരുന്നത്. ഇന്നത്തെ പ്രീ-സ്‌കൂളിന് (എൽകെജി, യുകെജി ) സമാനമായി അന്ന് നമ്മുടെ മദ്രസ്സയിൽ ഒരു സംവിധാനമുണ്ടായിരുന്നു - അരക്ക്ലാസ്സ് അഥവാ, ലൂക്കേജി (L + U KG). അരക്കിൽ, ഒന്നിൽ, രണ്ടിൽ ..ഇങ്ങനെയാണ് അന്ന് ക്‌ളാസ് എണ്ണുക. ചെറിയ കുട്ടികളെ ഒന്ന് കൂടി പാകപ്പെടുത്തുക എന്നതായിരുന്നു അന്നത്തെ മദ്രസ്സാ നേതൃത്വം അരക്ലാസ്സ്കൊണ്ടുദ്ദേശിച്ചത്. 1973-1974 ആകുമ്പോൾ അരക്ക്ലാസ്സ് സംവിധാനം നിന്നു . അത്കൊണ്ട് എനിക്ക് അരക്ക്ളാസിൽ ഇരിക്കാനുള്ള ഭാഗ്യവുമുണ്ടായില്ല.
നാട്ടുകാരനായ എം.എസ്. അബ്ദുല്ല സാഹിബായിരുന്നു പ്രീ-മദ്രസ്സാധ്യാപകൻ. (പത്തിരുപത് വർഷം മുമ്പ് ഒഎസ്എ പുറത്തിറക്കിയ സോവനീറിൽ എം.എസ്. അബ്ദുല്ല സാഹിബിനെ ഓർത്തെടുത്തു ഞാൻ എഴുതിയ കവിതയിൽ ഈ അരക്ക്ളാസ്സിനെ കുറിച്ച് ഏതാനും വരികളുണ്ട്. അദ്ദേഹത്തിനു എന്നോടുണ്ടായിരുന്ന വാത്സല്യവും എന്റെ ഉപ്പ, മൂത്ത എന്നിവരോടൊക്കെ എംഎസ്ച്ച കാണിച്ചിരുന്ന സ്നേഹവും അടുപ്പയുമൊക്കെയാണ് അന്ന് എന്നെ അങ്ങിനെയൊരു കവിതയെഴുതാൻ പ്രേരിപ്പിച്ച ഘടകം. )
രണ്ടാം ക്‌ളാസ് മുതൽ നല്ല ഓർമ്മയുണ്ട്. ഏതാനും ദിവസങ്ങൾ മാത്രമാണ് പഴയ കെട്ടിടത്തിൽ ഞങ്ങൾ രണ്ടാം ക്‌ളാസിൽ ഇരുന്നു പഠിച്ചത്. ഇളം നീലയോ പച്ചയോ നിറമുള്ളതായിരുന്നു അന്നത്തെ മദ്രസ്സാകെട്ടിടം. തലമുട്ടാൻ പാകത്തിൽ സീനിയർ ക്ലാസ്സിനടുത്തായി വട്ടത്തിൽ ഇരുമ്പ് ബെല്ല് തൂങ്ങുന്നുണ്ടാകും. ബെല്ലടിക്കാനുള്ള ഇരുമ്പ് കോൽ തൊട്ടടുത്തുള്ള പില്ലാറിനു മുകളിലായി ഉണ്ടാകും. ബെല്ലിനടുത്തായി തന്നെ മദ്രസ്സാബോർഡ്. ഇടത്ത് വലത്തോട്ട് പോകുമ്പോൾ മൊത്തം അക്ഷരങ്ങൾ മായും. പുതിയ ഏതോ അക്ഷരങ്ങൾ മധ്യത്തിലെത്തുമ്പോൾ വരും. അങ്ങ് നിന്ന് ഇങ്ങോട്ട് വരുമ്പോൾ വേറൊരു ഭാഷയിൽ അക്ഷരങ്ങൾ തെളിയും. മൂന്ന് ഭാഗത്തു നിന്ൻ നോക്കിയാൽ മദ്രസ്സയുടെ പേര് മൂന്ന് ഭാഷയിൽ വായിക്കാമെന്നൊക്കെ മൂത്തവർ പറയുന്നത് അന്ന് കേൾക്കാം. അന്നൊക്കെ ഞങ്ങൾ അത്ഭുതത്തോടെയാണ് അതൊക്കെ കേട്ടതും നോക്കിയതും. ഒന്നാം ക്‌ളാസിൽ ഒന്നും മനസ്സിലായില്ല. രണ്ടിൽ എത്തിയപ്പോഴാണ് ഞങ്ങൾ അതൊക്കെ വായിച്ചു അനുഭവിച്ചത്. അപ്പോഴേക്കും ആ ബോർഡ് പുതിയ കെട്ടിടത്തിൽ സ്ഥാപിച്ചു. ഇംഗ്ളീഷൊക്കെ വായിച്ചെടുക്കാൻ പിന്നെയും കുറെ മാസങ്ങൾ എടുത്തു. അറബി- മലയാള അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ചതോടെ ഞാൻ അത് ഇടത്തോട്ടും വലത്തോട്ടും നടന്നു വായിക്കാൻ വേണ്ടി മാത്രം മദ്രസ്സാ മാജിക് ബോർഡിന്റെ അടുത്ത് സൗകൂ - കുൽസുമാരെ കൂട്ടി പോകുമായിരുന്നു. മീൻ വാങ്ങാനൊക്കെ മൂത്ത പെങ്ങളുടെ കൂടെ പോയാൽ അവളുടെ കയ്യിന്ന് കൈ വിടീച്ചു കുതറി ഓടിപ്പോയി ഒന്നൂടെ നോക്കി വായിച്ചു വരും. എപ്പോഴും കൗതുകം നൽകുന്ന ബോർഡ് !
കുട്ടികളെ ഒന്നിൽ ചേർക്കുമ്പോൾ ബിസ്കറ്റോ മിടായിയോ നൽകുക എന്ന ഒരു പതിവു അന്നുമുണ്ട്. അത് വരുന്നതും കാത്താണ് ഞങ്ങളുടെ രാവിലെയുള്ള മദ്രസ്സയിലെ ഇരുപ്പ്. ഏതെങ്കിലും ഒരു രക്ഷിതാവ് ഒരു കുഞ്ഞു സൗകുവിനെയോ കുൽസുവിനെയോ കൂട്ടി മദ്രസ്സയുടെ വരാന്തയിൽ എത്തുമ്പോൾ ഞങ്ങൾ ആദ്യം നോക്കുന്നത് അവരുടെ കയ്യിൽ വല്ല കെട്ടുമുണ്ടോ എന്നായിരുന്നു. അത് കാണുമ്പോൾ തന്നെ കുട്ടികളിൽ വല്ലാത്ത ഉത്സാഹം. മിടായി പൊതിയും ഉസ്താദന്മാർ കുറെ സമയം അവിടെ വെച്ചിരിക്കില്ല. പുതിയ സദർ വന്നതോട് കൂടി, രക്ഷിതാവ് അഡ്മിഷൻ നടപടി പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ അയാൾ കൊണ്ട് വന്ന മിടായി കുട്ടികൾക്ക് കൊടുത്ത് തീർക്കാനുള്ള ഏർപ്പാടുമുണ്ടായി. ഒരു ഭാഗത്തു കുട്ടിയെ ക്‌ളാസിൽ എത്തിക്കലും മറ്റൊരു ഭാഗത്തു സീനിയർ കുട്ടികൾ സ്വീറ്റ് വിതരണവും തുടങ്ങും.
ഞാൻ അന്ന് മിഠായി വന്നില്ലല്ലോ വന്നില്ലല്ലോ എന്ന ആശങ്കയിൽ വെറുതെ ഒന്ന് പുറത്തേക്ക് എത്തിനോക്കിയതും ഒരടി കൈക്ക് വീണതും ഒന്നിച്ചായിരുന്നു. പുതുതായി ചാർജെടുത്ത സദർ ഉസ്താദിന്റെ വക അടി. അദ്ദേഹം ബെഞ്ചിൽ അടിച്ചു വിരട്ടിയതായിരുന്നു, എന്റെ തലയിലെഴുത്തിൽ അത് തണ്ടക്കൈക്ക് കിട്ടാനുള്ള യോഗമാണുണ്ടായിരുന്നത്. ''ആരെടാ ...?'' എന്ന് ഉസ്താദ് കണ്ണുരുട്ടി വിരട്ടുമ്പോൾ കൈ വെച്ചത് ചൂരലിന് നേരെ പാകത്തിനായത് എന്റെ വിധി. പിന്നെ അങ്ങോട്ട് അബൂബക്കർ മൗലവിയുടെ ദിനങ്ങളായിരുന്നു മദ്രസ്സയിൽ, അല്ല, സ്‌കൂളിൽ, അത് കുറഞ്ഞു പോകും, പട്‌ല മൊത്തം എന്ന് പറയുന്നതാകും കൂടുതൽ ശരി. എട്ടു - പത്ത് കൊല്ലക്കാലം പട്‌ലയുടെ വിദ്യാഭ്യാസ - സാമൂഹിക- സാംസ്കാരിക രംഗത്ത് അദ്ദേഹത്തിന്റെ കയ്യൊപ്പായിരുന്നു എന്ന് പറഞ്ഞാൽ വലിയ തെറ്റുമില്ല.
ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങളുടെ രണ്ടാം ക്‌ളാസ് പുതിയ കെട്ടിടത്തിലേക്ക് മാറി, ഞങ്ങളല്ല, എല്ലാവരും. രണ്ടിൽ പഠിപ്പിച്ചത് ബൂഡ് ഉസ്താദ്. മൂന്നിൽ മൊഗർ ഉസ്താദ്. നാലിൽ തായലെ പള്ളിയിലെ ഖത്തീബ്, എന്റെ ചെറിയ മൂത്ത പി. എം. മൊയ്തീൻ കുഞ്ഞി മൗലവി. അഞ്ചിൽ മീത്തൽ പള്ളിയിലെ ഖത്തീബ്, അലി മൗലവി. ആറാം ക്ലാസ്സിൽ സദർ ഉസ്താദ്. ഏഴിൽ ഞാൻ എത്തിയെങ്കിലും ആകെ മൂന്ന്-നാല് ദിവസമേ പഠിച്ചുള്ളൂ, പിന്നെ ബാക്കി മൊത്തം ഒന്നാം ക്‌ളാസ്സിലെ പിള്ളേരെ പഠിപ്പിക്കാനായിരുന്നു സദർ ഉസ്താദ് എന്നെ അയച്ചത്.
മദ്രസ്സയിൽ എനിക്ക് ഏറ്റവും ഇഷ്ടം മൊഗർ ഉസ്താദിനോടായിരുന്നു. ഒരു സാഥ്വികനായ മനുഷ്യൻ. വളരെ പ്രായം ചെന്ന ഉസ്താദ്. സിമ്പിൾ മനുഷ്യൻ. ഇസ്തിരിയിടാത്ത തൂവെള്ള കുപ്പായം. അലക്കുമ്പോൾ ചേർത്ത നീലം അങ്ങിങ്ങായി കുപ്പായത്തിൽ ഏറിയും കുറഞ്ഞും കാണാം. മുകളിൽ രണ്ടോ മൂന്നോ ബട്ടണുള്ള നീളക്കുപ്പായം. വാരിചുറ്റിക്കെട്ടിയ വലിയ തലേക്കെട്ട്. പേരറിയില്ല. ഉള്ളത് പറയാം ഇന്നും അദ്ദേഹത്തിന്റെയല്ല പല ഉസ്താദുമാരുടെയും പേരറിയില്ല. അന്ന് അവരുടെ പേര് ചോദിക്കാനോ അറിയാനോ ഞങ്ങൾ ശ്രമിച്ചിട്ടുമില്ല. ഒരു അദബ് കേട് പോലെയായിരുന്നു അവരോടു അതന്വേഷിക്കൽ എന്ന് അന്ന് തോന്നിയിരുന്നു.
ബൂഡ് ഉസ്താദായിരുന്നു ഞങ്ങളുടെ രണ്ടാം ക്‌ളാസ്സിലെ അധ്യാപകൻ, എപ്പോഴും മന്ദഹസിക്കുന്ന മുഖം. എന്തെങ്കിലും കഴിക്കുമ്പോൾ അദ്ദേഹം ഒരു കയ്യിൽ ചുണ്ട് മറക്കും. ഞങ്ങൾ തിന്നുമ്പോഴും അദ്ദേഹം വായ കാണിക്കാതെ കൈ കൊണ്ട് മറച്ചു തിന്നാൻ പറയും. മൊഗർ ഉസ്താദാണ് ഞങ്ങൾക്ക് നമസ്കാരത്തിലെ മുഴുവൻ പ്രാർത്ഥനകളും പ്രകീർത്തനങ്ങളും പഠിപ്പിച്ചത്. അവ ഇന്നും മണിമണി പോലെ ചുണ്ടിലും മനസ്സിലും ഉരുണ്ടുരുണ്ടു കളിക്കുന്നതും അദ്ദേഹത്തിന്റെ കർക്കശ്യമുള്ള പഠന രീതിതന്നെയായിരിക്കണം. അദ്ദേഹത്തിന്റെ ശബ്ദം ലൈറ്റ് ഹസ്കി വോയിസ്, തൊണ്ടയിൽ നിന്ന് ആ നേർത്ത പരുപരുത്ത ശബ്ദം പതുക്കെ കേൾക്കാനും നല്ല രസമായിരുന്നു. നബിദിനത്തിൽ അതിരാവിലെ മദ്രസ്സയ്ക്ക് പുറത്തു ഞങ്ങളെ എല്ലാവരെയും നിരയായി നിർത്തി ''ഖൂലൂ തക്ബീർ'' ആദ്യം പറഞ്ഞു തരിക മൊഗർ ഉസ്താദായിരുന്നു. ഒരു മെഗാ ഫോൺ കൂട്ടിനു ഉണ്ടാകും. ജാഥ പോകുമ്പോൾ പാലിക്കേണ്ട മര്യാദയെ കുറിച്ചൊക്കെ എന്റെ ചെറിയമൂത്തയുടെ ഹ്രസ്വമായ പ്രസംഗം കൂട്ടത്തിലും ഉണ്ടാകും.
പ്രവാചക ചരിത്രങ്ങളായിരുന്നു തായലെ ഉസ്താദിന്റെ ഇഷ്ടവിഷയം. ഖുർആൻ പാരായണത്തിൽ ആഗ്രഗണ്യൻ മീത്തലെ ഖതീബുസ്താദും. ഖുർആൻ ക്‌ളാസ് എന്താണെന്ന് ശരിക്കും അറിഞ്ഞത് സദർ ഉസ്താദിന്റെ ചിട്ടയുള്ള ക്‌ളാസ് കേട്ടും എഴുതിയും പഠിച്ചാണ്. അദ്ദേഹം തന്നെയായിരുന്നു സംഘാടനമെന്താണെന്നും അതെങ്ങിനെയാണെന്നും ഞങ്ങൾക്ക് പറഞ്ഞു തന്ന ഒരേ ഒരു അദ്ധ്യാപകൻ.
എല്ലാ ഞായറാഴ്ചകളും ഞങ്ങൾക്ക് വാർഷികപ്പെരുന്നാൾ പോലെയാണ് അനുഭവപ്പെട്ടത്. ഞാൻ അഞ്ചിൽ എത്തിയപ്പോഴാണ് മദ്രസ്സയിൽ സാഹിത്യ സമാജം തുടങ്ങുന്നത്. അതിന്റെ ആദ്യഭാരവാഹികൾ എഞ്ചിനീയർ മുഹമ്മദ്, എസ്. അബൂബക്കർ, അരമന മുഹമ്മദ് തുടങ്ങിയ ഞങ്ങളുടെ സീനിയേഴ്സ്. ( നാലാം ക്‌ളാസ്സിൽ നിന്ന് നേരെ ചാടി ആറിൽ എത്തിയ കക്ഷി കൂടിയാണ് എൻഞ്ചിനീയർ മുഹമ്മദ്. അതൊക്കെ സദർ മൗലവിയിൽ മാത്രം നിക്ഷിപ്തമായ തീരുമാനങ്ങളിൽപെട്ടത്. )
തൊട്ടടുത്ത വര്ഷം ഞങ്ങൾക്ക് സാഹിത്യ സമാജത്തിന്റെ ഉത്തരവാദിത്വം ലഭിച്ചു. മൂന്നാം ക്‌ളാസ് മുകളിലങ്ങോട്ടുള്ളവർക്കാണ് ഞായറാഴ്‌ച സമാജത്തിൽ പ്രവേശനം. ബാക്കിയുള്ള കുട്ടികൾ നേരത്തെ മദ്രസ്സ വിടും. ഒമ്പതര മുതൽ ഞങ്ങൾ മദ്രസ്സയുടെ മുകളിൽ വന്നു സ്റ്റേജ് അറേഞ്ച് ചെയ്യും. പ്രോഗ്രാം ലിസ്റ്റ് മദ്രസ്സയുടെ പൂമുഖത്തുള്ള നോട്ടീസ് ബോർഡിൽ സദർ ഉസ്താദ് ഒട്ടിച്ചിരിക്കും. സമാജം തുടങ്ങുന്നതിനു കുറച്ചു മുമ്പ് ആരെങ്കിലും ഒരാൾ അത് പറിച്ചു കൊണ്ട് വരും. ഖിറാഅത്ത്, ഉപക്രമം, ഉത്‌ഘാടനം, പ്രസംഗം, ഗാനം, സാമാജികാവസരം, അടുത്ത ആഴ്ചയിലെ പ്രോഗ്രാം തയ്യാറാക്കൽ, ഉപസംഹാരം. ഇതാണ് അന്നത്തെ സാഹിത്യ സമാജത്തിന്റെ രീതി. ഉപക്രമത്തിനു ശേഷം സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കും. പ്രസിഡന്റ് സ്ഥിരം അധ്യക്ഷനാണ്.
പ്രോഗ്രാം നടന്നു കൊണ്ടിരിക്കെ സദർ ഉസ്താദ് ഒരു വടിയും പിടിച്ചു അകത്തും പുറത്തും റോന്ത് ചുറ്റുന്നുണ്ടാകും. അദ്ദേഹത്തിന്റെ കണ്ണ് കുട്ടികളിൽ മാത്രമല്ല. മദ്രസ്സയുടെ താഴെ; പിന്നെ പള്ളിയുടെ ഭാഗത്തു; കിഴക്കും പടിഞ്ഞാറും സൈഡ്. ഓടിക്കിതച്ചു സ്‌കൂൾ ഭാഗം. താഴെ പോസ്റ്റ് ഓഫീസ്സ്, ഹോട്ടൽ ..എല്ലായിടത്തും അദ്ദേഹത്തിന്റെ കണ്ണെത്തും. ഇന്നായിരുന്നെങ്കിൽ അദ്ദേഹത്തിന് സിസി ക്യാമറ എന്ന വിളിപ്പേര് വീണേനെ ! അത് കൊണ്ട് പൊതുവെ സദർ മൗലവി ഉള്ള പരിസരമൊക്കെ വളരെ വളരെ ശാന്തവുമായിരിക്കും. ഇടതു കയ്യിലെ വാച്ച് വലതു കയ്യിലേക്ക് മാറുന്നുവെന്നറിഞ്ഞാൽ ഉറപ്പിക്കാം, ഒരുത്തന്റെ/ ഒരുത്തിയുടെ കാര്യത്തിൽ തീരുമാനമായെന്ന്.
സാഹിത്യ സമാജത്തിലും അനാവശ്യമായി ഷൈൻ ചെയ്യാനും ഓവർസ്മാർട്ട് ചെയ്യാനുമൊക്കെ അന്നും ചില സൗകുമാർ ശ്രമം നടത്തിയിരുന്നു. വേറെ ആളുകളെ ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ കയറി അവർ നിരങ്ങാൻ നോക്കും. ഞാൻ അന്ന് സാഹിത്യ സമാജം പ്രസിഡന്റ്. ഒരു സൗകു സെക്രട്ടറിയും . ഒരു യോഗം വിളിച്ചതും അത് മാറ്റിവെച്ചതും ഞാൻ അറിയാതെ. അന്ന് ഞാൻ പേരിന് ഏഴാം ക്‌ളാസിൽ പഠിക്കുകയാണല്ലോ. മദ്രസ്സയിൽ പഠിപ്പിക്കുന്നത് കൊണ്ട് ഇതിൽ വല്ലാണ്ട് ഇൻവോൾവ് ആകാനും പറ്റുന്നില്ല. ഞാൻ സെക്രട്ടറിയോട് കാര്യമന്വേഷിച്ചു. സൗക്കു കുറച്ചു ജാഡ കാണിച്ചോന്നു സംശയം. ഞാൻ സദർ ഉസ്താദിനോട് കാര്യം പറഞ്ഞു. അന്വേഷിക്കാമെന്നും സദറും. ഞാൻ ഒരാഴ്ച കാത്തു. ഒരു നടപടിയും ഇല്ല. പിന്നെ തിരിഞ്ഞും മറിഞ്ഞും നോക്കിയില്ല, നീട്ടി ഒരു രാജി എഴുതിക്കൊടുത്തു. അതിനു മുമ്പും ശേഷവും അവിടെ ഒരു രാജി നടന്നോ എന്നറിയില്ല. രാജി കത്തിലെ പദം ഇങ്ങിനെ : ''ഞാൻ രാജിവെക്കുന്നത് സെക്രട്ടറിയെ പേടിച്ചുമല്ല, ഭയന്നുമല്ല.'' തൊട്ടടുത്ത യോഗത്തിൽ സദർ ഉസ്താദ് സിക്രട്ടറിയോട് എന്നെ സാക്ഷി നിർത്തി ആ കത്ത് വായിക്കാനും പറഞ്ഞു. കത്തിലെ വാചകങ്ങൾ കേട്ട് അദ്ദേഹം ഊറിയൂറി ചിരിക്കുന്നണ്ടായിരുന്നു. പിന്നീട് അദ്ദേഹം എന്നെ എവിടെ കണ്ടാലും ഈ വാചകം പറഞ്ഞു കളിയാക്കുമായിരുന്നു.
അതേ വർഷം തന്നെയാണ്, 1981 ൽ, മീത്തൽ ഖത്തീബ് ഉസ്താദ്, സദർ ഉസ്താദുമായുള്ള ചെറിയ നീരസത്തെ തുടർന്ന് മദ്രസ്സയിൽ നിന്ന് വിരമിക്കുന്നത്. മൂന്നാം ദിവസം ഒരു ഉച്ച നേരത്തു ഞങ്ങൾക്ക് ദുഹ്ർ നമസ്‌കരിക്കാൻ വരുമ്പോൾ ഇവർ രണ്ടു പേരും വലിയ കളിയും ചിരിയുമായി ഒരു മുഴുത്ത വരിക്ക ചക്ക പള്ളിയിൽ ഒന്നിച്ചിരുന്നു തിന്നുന്നത് കണ്ടതോടെയാണ് ആ രണ്ടു അധ്യാപകരുടെയും അരുമശിഷ്യന്മാരായ ഞങ്ങൾക്ക് വലിയ ആശ്വാസമായത്. ആ രംഗം കണ്ടു ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത്ര വലുതായിരുന്നു.
ഒരു ദിവസം രാവിലെ പതിവ് പോലെ സദർ ഉസ്താദ് മദ്രസ്സയ്ക്ക് പുറത്തേ ജനാലയിൽ കൂടി ആളനക്കം കേട്ടപ്പോൾ പാളി നോക്കി. പിന്നിലുള്ള നേർത്ത ഇടവഴിയിൽ കൂടി ഒരു സൗകുച്ചാഉം രണ്ടു പോത്തുകളും നടന്നു പോകുന്നു. ഒന്നും പറയാതെ അദ്ദേഹം ക്‌ളാസ് തുടർന്നു.
ഉച്ചനേരത്തോ വൈകിട്ടോ അതേ സൗകുച്ച പോത്തുകളെയും കൊണ്ട് തിരിച്ചു വരുന്നത് സദർ ഉസ്താദിന്റെ ശ്രദ്ധയിൽ പെട്ടു. മദ്രസ്സയുടെ ഓരം ചുറ്റി നടക്കുന്ന സദർ ഉസ്താദ് അയാളെ വിളിച്ചു പറഞ്ഞു : ''xxxxx സാഹിബേ....ഇത് നിങ്ങൾ രാവിലെ കൊണ്ട് പോയ പോത്തല്ലല്ലോ ''
സൗകുച്ചാക്ക് അത് പറഞ്ഞത് അത്ര ഇഷ്ടായില്ല. ഉസ്താദിനെ ആപാദ ചൂഢം ഒന്ന് നോക്കി, ഇയാൾ ആരാപ്പാ ... എന്നർത്ഥത്തിൽ. ''ഉദ്ദേശം രണ്ടു മണിക്കൂർ പന്ത്രണ്ട് മിനിറ്റ് വണ്ടിയാത്രാ ദൂരമുള്ളതും, അത്രേം ദൂരം വണ്ടിപിടിക്കാതെ നടന്നു കാൽനടയായി ഇന്നലെ ഇതേ പോത്തുകളുടെ കൂടെ നടന്നു വന്ന എന്നോടാണോ മദ്രസ്സിലെ ഉസ്താദ് പോത്തുകൾ മാറീന്ന് പറയുന്നത് ?, ഇയാൾക്ക് മദ്രസ്സയിൽ പഠിപ്പിച്ചാൽ പോരെ ? ആരെയും ഒരുപദ്രവവും ചെയാതെ പൊതുവഴിയിൽ കൂടി രണ്ടു മിണ്ടാപ്രാണികളുടെ കൂടെ നടന്നുപോകുന്ന എന്നെ പോലെയുള്ള നാടൻകൃഷിക്കാരെ ഈ ഉസ്താദ് ഇങ്ങിനെ സുയിപ്പാക്കണോ ? കൊർച്ചോ ജാസ്തിയാന്നേപ്പാ..... '' സൗകുച്ചാക് അങ്ങിനെയൊക്കെ പറയാനും ചോദിക്കാനും തോന്നി. അന്നത്തെ ''വോയിസ്'' അവിടെ സദർ മൗലവിയുടെ മാത്രമായിരുന്നത് കൊണ്ട് അതിനൊന്നും നിൽക്കാതെ പോത്തിനോട് ''മാദും'' , ''ഹൈ,ഹൈ''യ്യും പറഞ്ഞു മുന്നോട്ട് നടന്നു.
പത്ത് മിനിറ്റ് കഴിഞ്ഞില്ല, സൗക്കുച്ച സൈക്കിളിന്ന് വീണ ചിരിയോടെ നേരെ തിരിച്ചു നടക്കുന്നു.ഒരു അഡ്ജസ്റ്റുമെന്റുമില്ലാതെ നടക്കുന്ന ആ പാവം പോത്തുകൾ അയാളുടെ ഒന്നിച്ചു മുമ്പിലും ഉണ്ട്. സംഭവം സദർ മൗലവി പറഞ്ഞത് പോലെ മാറിപ്പോയത് തന്നെ !! അപ്പോൾ അയാളുടെ പ്രാർത്ഥന മുഴുവൻ ''സദറൊലാർച്ച'' ആ പരിസരത്ത് ഉണ്ടാകരുതേ എന്നായിരുന്നു. ''ഹാവൂ... എവിടെയും സദറില്ല.'' മദ്രസ്സയുടെ നിഴൽ കഴിഞ്ഞപ്പോൾ പുള്ളിക്കാരനെ കാണാത്ത സന്തോഷത്തിൽ സൗകുച്ച നെടുവീർപ്പിട്ടു.
പള്ളിക്കുളം കടക്കാറായപ്പോൾ ആശ്വാസം കൊണ്ടും അതിലേറെ സന്തോഷം കൊണ്ടും സൗകുച്ച െചെറുതായൊന്ന് പുഞ്ചിരിച്ചു, ഈണത്തിൽ മൊയീൻകുട്ടിവൈദ്യരുടെ പഴയ പടപ്പാട്ടിലെ രണ്ടു വരികൾ ഉച്ചത്തിൽ പാടിക്കൊണ്ട് മുന്നിൽ നടക്കുന്ന ആരാന്റെ പോത്തുകളെ പുറം നോക്കി വെറുതെ രണ്ടടിയും കൊടുത്തതേയുള്ളൂ, അതാ , പിന്നിൽ നിന്ന് വളരെ വളരെ പരിചയമുള്ള, എന്നാൽ സൗകുച്ച ഒരിക്കലും കേൾക്കാൻ ,ഇഷ്ടപ്പെടാത്ത പാലക്കാടൻ ചിരി കേൾക്കുന്നു - ''ഹഹഹ ..... ഹഹഹ'' . നമ്മുടെ സ്വന്തം സദർ ഉസ്താദിന്റെ ഹൈ ബാസ്സുള്ള ചിരി.
No comments:
Post a Comment