Tuesday, February 16, 2016

നിരീക്ഷണം- നേരത്തെ പറയുന്നു ...

നിരീക്ഷണം നേരത്തെ പറയുന്നു ... ''ഇത് ഇപ്പൊ ബെല്യ ലാബത്തിന്റെ കച്ചോടൊന്നൊല്ലാ എൻക്ക്... പുള്ളോ ബന്നാ ഇല്ല്യോ ....പീസ്‌ തരാന് ബൈദെങ്ക്.... മാഷ്‌ട്ടംമാരെ അട്ക്കം പൊർത്തിട്ടിറ്റ്, ഈടെ കൊട്ടത്തേങ്ങ ഒണ്ക്കാന്ടും '' കാസർകോട്ടെ ഒരു സ്കൂൾ മൊതലാളി പി.ടി.എ . യോഗത്തിൽ പറഞ്ഞത് എന്നോട് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. (കൊപ്രാ കച്ചോടം പച്ചപ്പിടിച്ചപ്പോൾ ആ സ്കൂൾ പൂട്ടിയോ അതോ ഇപ്പോഴുമുണ്ടോ എന്നറിയില്ല ). നിരീക്ഷണം ഒരൽപം വിദ്യാഭ്യാസ പ്രവർത്തനത്തെക്കുറിച്ചാകാം. ഈയ്യടുത്ത കാലത്താണല്ലോ, കൃത്യമായി പറഞ്ഞാൽ ഇംഗ്ലീഷ് മീഡിയോമാനിയ നാട്ടിൻപുറങ്ങളെ ഒരു ''ബാധ പോലെ'' പിന്തുടർന്നപ്പോഴാണല്ലോ പലരും മക്കളെ പഠിപ്പിക്കാൻ ഒന്നുണർന്നത്. കാരണങ്ങൾ വായനക്കാർ ഇവിടെ പങ്ക് വെക്കട്ടെ. നിരീക്ഷണം അതെഴുതി വിവാദമാക്കുന്നില്ല. ഇംഗ്ലീഷ് മീഡിയമുള്ള സ്വകാര്യ സ്ഥാപനങ്ങൾ തേടി നാട്ടുകാർ പരക്കം പാഞ്ഞതോടെ നമ്മുടെ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ക്യാമ്പസ് പരിസരം മുഴുവൻ അനാഥത്വം നിഴലിക്കാൻ തുടങ്ങി. പട്ള സ്കൂളിൽ ചെറിയ ക്ലാസ്സുകളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവ്, നാട്ടുകാരുടെ അശ്രദ്ധ, പിടിഎ യിലും താൽപര്യക്കുറവ്, അധ്യാപനം നേരെ ചൊവ്വേ ഇല്ല .... ഇതൊക്കെ അന്ന് വിഷയമാകാൻ തുടങ്ങി. അന്ന് നാട്ടിൽ ഉണ്ടായിരുന്ന അഞ്ചാറു പേരെ അന്തരിച്ച എബ്രഹാം മാസ്റ്റർ സ്കൂളിൽ വിളിച്ചു അദ്ദേഹം തന്റെ ഉത്കണ്ഠ അറിയിച്ചു വികാരാധിതനായി സംസാരിച്ചത് ഓർക്കുന്നു. ''നാട്ടുകാർ കയ്യൊഴിഞ്ഞ ഒരു സ്കൂളും ദിശാബോധം നഷ്ടപ്പെട്ട കുറെ പിള്ളേരും അവരെ പഠിപ്പിക്കാൻ ''വിധിക്കപ്പെട്ട'' വാധ്യാന്മാരും വല്ലപ്പോഴും സ്കൂൾ വരാന്ത കേറുന്ന രക്ഷിതാക്കളും നിങ്ങളുടെ അശ്രദ്ധ കൊണ്ട് ഇട്ടേച്ചു പോയ പള്ളിക്കൂടവും അതിൽ രാത്രി കാലങ്ങളിൽ യഥേഷ്ടം വിഹരിക്കുന്ന സാമൂഹ്യ ദ്രോഹികളും ... ഞാൻ പറയേണ്ടത് പറഞ്ഞു. ഇനി നിങ്ങൾക്ക് ആലോചിക്കാം''. എബ്രഹാം മാസ്റ്റർ ഒരു യു.പി. ക്ലാസ് റൂമിൽ ഇരുന്ന് ഞങ്ങളോട് അത് പറയുമ്പോൾ അവിടെ സംബന്ധിച്ച ആറു പേരിൽ ഞാനടക്കമുള്ള ചിലരുടെയെങ്കിലും മക്കൾ സ്വകാര്യ സ്കൂളിൽ ഇംഗ്ലീഷ് ''പഠിക്കു''കയായിരുന്നു. (സി.എച്ചിനും മെമ്പർ എം. എ യ്ക്കും ആ യോഗത്തിൽ സംബന്ധിച്ചവരെ ഓർമ്മ കാണും ). സി.എച്ചിന്റെയും സുരേഷ് മാഷിന്റെയും നേതൃത്വത്തിൽ സമാന ചിന്താക്കാരുടെ ചിട്ടയാർന്ന നീക്കങ്ങൾ തുടര്ന്നുണ്ടായി. വളരെ കരുതലോടെയുള്ള അവരുടെ നീക്കങ്ങൾ ഫലം കണ്ടു. സി.എച്ച് അപ്പപ്പോൾ അപ്ഡേഷൻ ആ സ്കൂളിലെ രക്ഷിതാവല്ലാഞ്ഞിട്ടു പോലും എന്നെ പോലുള്ളവർക്ക് കൈമാറിയിരുന്നതും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ ഭാഗം. സി.എച്ചിനെപ്പോലുള്ളവരുടെ സ്നേഹപൂർവമുള്ള ബോധ്യപ്പെടുത്തലുകൾ പലരെയും കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നതിൽ നിന്നും മാറ്റിച്ചിന്തിപ്പിച്ചു. (കൂട്ടത്തിൽ പറയട്ടെ പട്ള സ്കൂളിലെ ആദ്യ ഇംഗ്ലീഷ് ബാച്ചിലെ ബെഞ്ചിൽ എന്റെ മകനും ടി.സി. വാങ്ങിവന്നു ഇരുന്നു.) തുടർന്നു നാം കണ്ടതും അനുഭവിച്ചതും വിസ്മയിപ്പിക്കും വിധം. ഉറങ്ങിപ്പോകുമോയെന്നു ഭയപ്പെട്ടിരുന്ന പട്-ല സ്കൂൾ ഒരേ സമയം ഇംഗ്ലീഷ്, മലയാളം ബാച്ചുകൾ മികവു പുലർത്തുന്നത് നാം നേരിൽ അനുഭവിച്ചു. രക്ഷിതാക്കൾ ഉണർന്നു, അധ്യാപകർ ഒന്ന് കൂടി അവരെ ഉണർത്താൻ ഉണർത്തു പാട്ട് പാടി. ഒന്നാം ക്ലാസ്സ് ഇംഗ്ലീഷ് ബാച്ച് തുടങ്ങിയതേയുള്ളൂ; പക്ഷെ ഫലം കണ്ടു തുടങ്ങുന്നത് ഹൈസ്കൂൾ മലയാളം ക്ലാസ്സുകളിൽ. മദർ പിടിഎ. ക്ലാസ്സ് മീറ്റിങ്ങുകൾ. സ്കൂൾ അസംബ്ലിയിലൊക്കെ ഒന്ന്പോയി നോക്കണം നമ്മുടെ മക്കളുടെ സംഘാടന മികവ് കാണാൻ. കാസര്കോട് പ്രദേശങ്ങളിൽ ഒരു പ്ലാനും വിഷനുമില്ലാതെ തുടങ്ങി വെച്ച ''ഇൻഗ്ലീച് ഇസ്കൂളിൽ'' കെട്ടടങ്ങാൻ വിധിക്കപ്പെടുമായിരുന്ന നമ്മുടെ ഗ്രാമത്തിലെ കുട്ടികളും അവരുടെ വിദ്യാഭ്യാസവും, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതിന് പിന്നിൽ അന്നത്തെ പി.ടി.എ കമ്മറ്റിക്കും അതിനു നേതൃത്വം നൽകിയവർക്കും ചെറുതല്ലാത്ത പങ്കുണ്ട്. നൂറുമേനി നൂറുമേനി എന്നൊക്കെ കേൾക്കാനും വായിക്കാനും എളുപ്പമാണ്. അതിനു പിന്നിൽ ആത്മാർഥമായി പ്രവർത്തിച്ചവരുടെ നേതൃപാടവം മറക്കാൻ പറ്റുമോ ? ഇന്ന് ഏത് സർക്കാർ സ്ഥാപനത്തിൽ ചെന്നാലും infrastructure ഒന്ന് കൂടി മെച്ചപ്പെടുത്താനുള്ള പദ്ധതികളുമായുള്ള അപേക്ഷകളുടെ കൂട്ടത്തിൽ പട്ള പിടിഎ യുടെ പേപ്പർ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ടേബിളിനു മുന്നിൽ തന്നെ അയാളെ തുറിച്ചു നോക്കുന്ന രൂപത്തിലേക്ക് വരെ കാര്യങ്ങൾ ഇന്ന് എത്തിച്ചേർന്നു. സ്കൂളുമായി ബന്ധപ്പെട്ട എന്ത് ധനസഹായവും നമ്മുടെ പിടിഎയുടെ കണ്ണുവെട്ടിച്ചു മാറ്റാനും മറിക്കാനും പറ്റാത്ത രൂപത്തിലേക്ക് വരെ ഇന്ന് കാര്യങ്ങൾ നീങ്ങി കഴിഞ്ഞു. അതിലും വലിയ സന്തോഷം ഈ സർക്കാർ സ്കൂളിൽ പഠിച്ചു വളർന്ന മക്കൾ തന്നെയാണ് നാട്ടിലെ അധികം പ്രൊഫെഷണൽ കോഴ്സ് ബിരുദ-ബിരുദാനന്തധാരികളും. സ്വകാര്യ സ്കൂളുകളിൽ പഠിച്ചവർ എല്ലാ കാര്യത്തിലും പിന്നിലാണെന്നു തന്നെയാണ് എന്റെ ഒരു വിലയിരുത്തൽ. (മറുവാദം ഉണ്ടാകാം ). നമ്മുടെ സ്കൂൾ ഇനിയും ഉന്നതിയിലെത്തണം. അതിന്റെ പ്രതാപം നില നിൽക്കണം. അവിടെ നമ്മുടെ മക്കൾ പഠിച്ചു വളരണം. അതിനു വേണ്ട എന്ത് സഹായ സഹകരണത്തിനും നാം ഒരു പടി മുന്നിൽ തന്നെ നിൽക്കണം. ഈ ഫെബ്രവരി കഴിയുന്നതോടെയോ മാർച്ച ആദ്യത്തിലോ SSLC പരീക്ഷയ്ക്ക് സ്കൂൾ അടചേക്കും. മാർച്ച് 9 തുടങ്ങി 23ന് പബ്ലിക് പരീക്ഷ തീരും. പിന്നെ മധ്യവേനലവധി തുടങ്ങും. അതിനിടയിലുള്ള സമയം നമുക്ക് സ്കൂളിനെ മറക്കാനുള്ളതല്ല. വലിയ പ്രതീക്ഷയോടെ തുടങ്ങിയ പ്രീ -സ്കൂളിലേക്കടക്കം മക്കളെ ചേർക്കാനുള്ളതാണ്. അതിനു ''കുടയും വടി''യുമെടുത്ത് ഫീൽഡിൽ ഇറങ്ങാനുള്ളതാണ്. സി.പി. നേതൃത്വത്തിന്റെ കയ്യിൽ നല്ല ഒരു ഡാറ്റാ ബാങ്കുണ്ട്. ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടിയൊക്കെയാണ്‌ നമ്മൾ അന്നത് മുൻകൈ എടുത്തുണ്ടാക്കിയത്. ചെറിയ മക്കളുടെ ലിസ്റ്റെടുക്കാൻ എക്സെൽ ഫയലിൽ filtering ചെന്നാൽ, ഒരു ''ക്ലിക്ക്'' മതി. ബന്ധപ്പെട്ടവർ ഉപയോഗപ്പെടുത്തുക. യുവാക്കളുടെ ഊർജ്ജം കുറച്ചു ഇതിനായും ഉപയോഗിക്കാം. ഞങ്ങളെ മൈന്ഡ് ചെയ്യുന്നില്ലെന്ന യുവരക്തത്തിന്റെ പരാതിയും തീരും. ''Good Habits Formed at Youth and Make all Difference'' Arestotel. അത്കൊണ്ട്, Make Use of Them, ആരെ ? യുവാക്കളെ.

എന്റെ യാത്ര

എന്റെ യാത്ര അസ്ലം മാവില പ്രവാസകാലം തല്കാലത്തേക്ക് ഒഴിവാക്കി നാട്ടിൽ 18 മാസം പൂർത്തിയാക്കി. യാഹൂ ചാറ്റിംഗ് വഴി പരിചയപെട്ട പത്തനംതിട്ടക്കാരൻ രഞ്ജിത്ത് ഇടയ്ക്കിടക്ക് പറയും ബോംബയിലേക്ക് വണ്ടി കേറാൻ. അവന്റെ റൂമിൽ താമസിക്കാം. ജോലി അന്വേഷിക്കാം. എന്റെ സി.വി. നോക്കി പുള്ളി പറയും - ഒരു മാസത്തിനുള്ളിൽ എന്തായാലും ജോലി ശരിയാകും. അതിനിടയിൽ അബദ്ധത്തിൽ വന്ന ഒരു ഫോൺ കോളിൽ പരിചയപ്പെട്ട കൊച്ചിക്കാരൻ എന്നോട് എറണാകുളം വരാൻ പറഞ്ഞു - അവന്റെ സുഹൃത്ത്‌ അവിടെയുള്ള ഒരു എസ്. ഐയുടെ ഭാര്യ ജോലി ചെയ്യുന്ന റിക്രൂട്ട് എജെൻസിയിൽ പോയി പേര് രജിസ്ടർ ചെയ്യാൻ. കൊച്ചിയിൽ പോയി എന്റെ ഡിമാണ്ടിനനുസരിച്ചുള്ള ജോലി അല്ലാത്തത് കൊണ്ട് ഞാൻ തിരിച്ചു വന്നു. പിന്നെ രണ്ടും കൽപ്പിച്ചു 2012 ഒരു മെയ് മാസം ആദ്യം ബോംബയിലേക്ക് വണ്ടി കയറി . (ടി.പി. ചന്ദ്ര ശേഖരൻ വധമൊക്കെ ന്യൂസ് ചാനലിൽ കാണുന്നത് അവിടെ വെച്ചാണ് ) അവിടെ മാഹിമയിൽ കമ്പനി നൽകിയ രണ്ജിത്തിന്റെ ചെറിയ ഒരു ഫ്ലാറ്റിൽ ഞാൻ താമസം. സുബഹിക്ക് നമസ്ക്കരിക്കാൻ അവന്റെ സ്നേഹപൂർവ്വമുള്ള വിളി. സഊദി അറേബ്യ ദിക്ക് നോക്കി അവന്റെ ഗൂഗിൾ സേർച്ച്‌.. ; എന്നോടുള്ള സ്നേഹം കൊണ്ട് അന്ന് വരെ അവിടെ ശനി, ഞായർ ദിവസങ്ങളിലെ അവന്റെയും കൂട്ടുകാരുടെയും ''കുപ്പി പൊട്ടിക്കൽ'' ബഹളം, വേറൊരു ഫ്ലാറ്റിലേക്ക് മാറ്റുകയും ചെയ്തു. എനിക്ക് സംശയത്തിനു ഇടവരാത്ത വിധം ജീവനുള്ള കോഴി കൊണ്ട് വന്നു എന്നെകൊണ്ട്‌ അറുപ്പിച്ചു മെസ്സ് സജീവമാക്കൽ ... എന്നെ അതൊക്കെ അത്ഭുതപ്പെടുത്തി. എന്നും രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ജോലി അന്വേഷണം. ഏറെ വൈകിയാണ് ഞാൻ റൂമിൽ തിരിച്ചു വരിക. ഫ്ലാറ്റിനു താഴെ വലിയ ഹോസ്പിറ്റൽ Sugun Multi-specialty Hospital ആണോ S L Raheja Hospital ആണോ എന്ന് ഓർമ്മയില്ല. അതിന്റെ വലതു വശം ഒരു പെട്ടിക്കട. പെട്ടിക്കടയിൽ നിന്ന് നാല് ചുവട് വെച്ചാൽ ഒരു ബിഹാരി നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു പത്രങ്ങൾ വിൽക്കുന്നുണ്ടാകും. അവിടെ നിന്നാണ് ഞാൻ എനിക്ക് ആവശ്യമുള്ള പത്രങ്ങൾ വാങ്ങുന്നത്. NRI Assignment Times, Assignment Abroad Times മുതലായവ. എന്നെ കാണുമ്പോൾ തന്നെ പുള്ളിക്ക് മനസ്സിലായിട്ടുണ്ട് ജ്വാലി തപ്പി വന്ന പാർട്ടിയെന്നു. ഏറ്റവും പുതിയ എഡിഷൻ എനിക്ക് അയാൾ തരും. പിന്നെ അതിലെ എനിക്ക് ഇണങ്ങിയ ജോലി വേക്കൻസികൾ മാർക്ക് ചെയ്ത് നേരെ റെയിൽവേ സ്റ്റെഷനിലെക്ക്. ഞാൻ താമസം വെസ്റ്റ്‌ മാഹിം. 10-15 മിനുട്ട് നീട്ടി നടക്കണം അവിടെ എത്താൻ. തിരക്ക് പിടിച്ച 28 ദിവസങ്ങൾ. തലങ്ങും വിലങ്ങും ഞാൻ ജോലി നോക്കി ഇറങ്ങും. നരിമാൻ പോയിന്റു മുതൽ ഇങ്ങു വാഷി വരെ എന്നും തീവണ്ടി യാത്ര. ഒന്നുകിൽ പടിഞ്ഞാറ് വശമായിരിക്കും ഞാൻ അന്വേഷിക്കുന്ന റിക്രൂട്ട്മെന്റ് ഓഫീസുകൾ; അല്ലെങ്കിൽ കിഴക്ക് വശം. ഒരാളും വഴി അന്വേഷിച്ചപ്പോൾ എന്നോട് വഴി മാറി പറഞ്ഞിട്ടില്ല. അവർ പറഞ്ഞത് തന്നെയായിരുന്നു ആ ഓഫീസുകൾ എത്തിപ്പെടാൻ ഏറ്റവും എളുപ്പവും. രസകരവും അത്ഭുതപ്പെടുതുന്നതുമായ കുറച്ചു അനുഭവങ്ങൾ എനിക്ക് ആ ബോംബെ തീവണ്ടി യാത്രകളിലും നഗര ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഇന്ന് പറയുന്നതിൽ നിങ്ങൾ സാധാരണ എന്റെ എഴുത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന താമാശയൊന്നുമില്ല. അന്ന് അതിരാവിലെ തന്നെ നോർത്ത് അന്ധേരിയിൽ ഇറങ്ങി. അന്നും പതിവ് പോലെ 10-20 ബയോഡാറ്റ എന്റെ ഫയലിൽ ഉണ്ട്. പത്ര പരസ്യം കണ്ട സ്ഥലത്തേയ്ക്ക് ഞാൻ വണ്ടിയിറങ്ങി നടന്നു. കുറച്ചു ദൂരമുണ്ട്. ഒരു ഹിന്ദി ചാച്ച എന്നോട് പറഞ്ഞു - ''ആ പറഞ്ഞ സ്ഥലം അത്ര പന്തിയല്ല. ഉധർ സബ് ചോർ ലോഗ് ഹേ. പാസ്സ്പോർട്ട് നഹീ ദേനാ. പൈസ ഭീ ദൊ മത്.'' ഹാ ..ഒരു വഴിക്കിറങ്ങിയതല്ലേ, പോയിക്കളയാമെന്നു ഞാൻ തീരുമാനിച്ചു. വളഞ്ഞു പുളഞ്ഞു ഞാൻ ഒരു പഴയ കെട്ടിടത്തിന്റെ അടുത്ത് എത്തി. ഏതു സമയത്തും വീഴുമോന്നു തോന്നിക്കുന്ന ബിൽഡിംഗ്‌.; നാലോ അഞ്ചോ നിലയിൽ ഒരു ബോർഡ് തൂങ്ങുന്നുണ്ട്. അതിലെ അക്ഷരങ്ങൾ അത്ര വ്യക്തമല്ല. അതും ലക്ഷ്യമാക്കി കെട്ടിടത്തിനകത്തെ ഇരുണ്ട ഇടനാഴിയിൽ കൂടി നടന്നു. എന്റെ മൊബൈലിലെ ടോർച്ചു ഞെക്കിപ്പിടിച്ചു ചവിട്ടു പടി കണ്ടു പിടിച്ചു. റോബിന്സൺ ക്രൂസോയിലെ കെട്ടിടമൊക്കെ ഇതിന്റെ മുന്നിൽ ഒന്നുമല്ല. നാലാം നിലയിൽ എത്തിയപ്പോൾ അവിടെ ഒരു ഓഫീസ്‌ കണ്ടു. ഞാൻ വാതിൽ തുറന്നു അകത്തു കയറി. Have a pleasant Day ! I came here looking for the job you published in a magazine ? whhhatt ...? ഒരു മീശക്കാരൻ സർദാർ സർവ്വ ഒച്ചയിലും. If I am not made mistaken, It is the office I think. If not , I may leave the place. അതും പറഞ്ഞു ഞാൻ ഇറങ്ങാൻ ഭാവിക്കുമ്പോൾ, പിന്നിൽ നിന്ന് ഒരു മാതിരി ഒച്ച. ''റൂക്ക് ജാ ....'' വയറൊക്കെ ചാടി ഒഴുകിയ വെളുത്തു തടിച്ച ഒരാൾ കസേരയോ മറ്റോ നീക്കി എഴുന്നേറ്റ് എന്റെ അടുത്ത് വന്നു . ടൈയ്യും ഫയലുമായി നിൽക്കുന്ന എന്നെ അയാളും ആപാദ ചൂഡം സ്കാൻ ചെയ്തു, ഇതേതു അലവലാതി എന്ന ഭാവത്തോടെ. who the hell did send you here ? ഞാൻ പറഞ്ഞു- ''ആരും അയച്ചതല്ല, പത്ര പരസ്യം കണ്ടു വന്നതാണ്. ഞാൻ പോയേക്കാം. എനിക്ക് വേറെയും അഞ്ചെട്ടു ഓഫീസ് കേറിയിറങ്ങാനുള്ളതാ..'' പെട്ടെന്ന്, എനിക്ക് ചെറിയ ഒരു വല്ലായ്ക അനുഭവപ്പെട്ടു. ഹിന്ദി ചാച്ച പറഞ്ഞത് അപ്പോൾ ഓര്മ്മ വന്നു. പണി പാളിയോ ? എവിടെ പോയാലും ഞാനിറക്കുന്ന ചില നമ്പരുകളുണ്ട്. അതിലൊന്ന് അവിടെ കാച്ചി. May I sit here to have a cup of water, if you don't mind. ( ഇതൊക്കെ എന്നെത്തന്നെ മാർകെറ്റിംഗ് ചെയ്യുന്നതിന്റെ ഭാഗമായുള്ള കുളൂസുകളാണ്. അവർ ഒരു കപ്പു വെള്ളം കൊണ്ട് വരാൻ പോകുമ്പോഴോ ആരോടെങ്കിലും വെള്ളത്തിന്‌ പറയുമ്പോഴോ ഞാൻ എന്റെ ബാഗിൽ നിന്ന് ബോട്ടിൽ വെള്ളമെടുത്തു മോന്തും. അതും ചുമ്മാ ... എന്റെ ഉദ്ദേശം അവിടെ ഒന്ന് ഇരിക്കണം. വെള്ളം കുടിക്കാൻ ഇരിക്കണമെന്നൊക്കെ പറഞ്ഞാൽ NO എന്ന് ആരും പറയില്ല. കൂട്ടത്തിൽ, ചമ്മലും മാറിക്കിട്ടും; ഇന്റർവ്യൂവിനു അറ്റൻഡ് ചെയ്യാൻ കുറച്ചു ബോൾഡ് ആകും. വെള്ളം മോന്തുന്നതിനിടക്ക് front office ൽ ഉള്ളവരിൽ നിന്ന് ഈ കമ്പനിയെകുറിച്ചും ''ദുഫായ്'' കമ്പനിയെ കുറിച്ചും ഒരു ചെറിയ ധാരണ കിട്ടുകയും ചെയ്യും ) ''ടീക്ക് ഹേ ....'' വയർ ചാടിയ ആൾ ഒന്ന് കൂളായത് പോലെ. ഞാൻ ബോട്ടിൽ തുറന്നു ജലപാനം തുടങ്ങി. പത്ര കട്ടിംഗ് നോക്കി എന്നോട് പുള്ളി പറഞ്ഞു - ഇത് താൻ ഉദ്ദേശിക്കുന്ന ഓഫീസല്ല. പരസ്യം കൊടുത്തവന് പടിഞ്ഞാറ് കിഴക്കായതാണ്. ദ്വാരാ നഹീ ആനാ ...ജാ ....ടീക്ക് ഹേ ...'' അതിൽ ഫോൺ നമ്പറില്ല. ഒരു മെയിൽ ഐഡി കൊടുത്തിട്ടുണ്ട്. ഒരു കോഫി ഷോപ്പിന്റെ എതിർ വശമുള്ള കെട്ടിടം, നാലാം നില. ആ കെട്ടിടത്തിൽ നിന്ന് ഇറങ്ങി വരാൻ എനിക്ക് പിന്നെ ടോർച്ചിന്റെ ആവശ്യമേ വന്നില്ല. അന്നത്തെ എല്ലാ ഇന്റർവ്യൂവും വേണ്ടെന്നു വെച്ച് ഞാൻ പെട്ടെന്ന് റൂമിലെത്തി. രാത്രി രണ്ജ്തിനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ രണ്ജ്തിന്റെ മറുപടി - '' ഇവിടെ ഒരു പാട് കൊട്ടേഷൻ കേന്ദ്രങ്ങളൊക്കെ ഉണ്ട്, അന്ധേരി ഭാഗത്ത് പ്രത്യേകിച്ച്. നീ അവന്മാരുടെ മടയിൽ എത്തിയതായിരിക്കും. തടി കേടാകാതെ തിരിച്ചു വന്നത് ഭാഗ്യം. ഇല്ലെങ്കിൽ ''ഗുദാഗവാ'' ആയേനെ.

ഒ .എൻ .വി. അവസാനമെഴുതിയ കവിത

ഒ .എൻ .വി. അവസാനമെഴുതിയ കവിത ആശുപത്രിയിൽ പേ വാർഡെന്നാൽ പേ പിടിച്ചോർ ക്കുള്ള വാർഡാണെന്നോ വെറും പാവമെന്നെയെന്തിനിതിൽ നിങ്ങൾ കിടത്തി ? ശുദ്ധവായു ശീതീകൃത- മാക്കിടുന്നോ ?വിറയ്ക്കുമ്പോൾ കട്ടിപ്പുതപ്പു കൊണ്ടെന്റെ യുടൽ മൂടുന്നോ? തണുപ്പിച്ചു, പിന്നെ ചൂടു പുതപ്പിച്ചു പനിയള- ന്നറിയുവാൻ മിനക്കെടു ന്നിതല്ലേ ഭ്രാന്ത് ? ........വേഗമെന്നെയിവുടിന്ന് വിട്ടയച്ചാലും ഐ.സി.യു.വിൽ എന്ത് തീവ്രപരിചരണ തിനായ് എന്നെയീ മറക്കുള്ളിൽ കിടത്തുന്നു ? പത്തി നീർത്തുന്ന മൃത്യുവിൻ കൊത്തേറ്റു മർത്ത്യ ജന്മം പൊലിയുന്ന കാണാനോ? കുറിപ്പ് : ഈ ജ്ഞാനപീഠ ജേതാവിന്റെ കവിത സാധാരണക്കാരന്റെ വായനാ സുഖത്തെ ഒരണുകിട പോലും നോവിച്ചില്ല. ഒരു ദുർഗ്രാഹ്യതയും വരുത്തിയില്ല. നാം കണ്ടും കേട്ടും പരിചയിച്ച വാക്കുകൾ ! പദങ്ങൾ ! മഹാകവിയുടെ വിരലുകളിൽ അവ വിസ്മയം തീർത്തു.

എന്റെ ഓർമ്മയിലെ ഒ .എൻ .വി.

എന്റെ ഓർമ്മയിലെ ഒ .എൻ .വി. അസ്‌ലം മാവില ഇരുപത്തെട്ട് വർഷം പിന്നിലേക്ക്. കാസർകോട്‌ ഗവ: കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലം. അഴിക്കോടും വിജയൻ മാഷും സുകുമാരൻ സാറും എന്റെ favorite പ്രസംഗകരും ഒ .എൻ .വിയും സുഗതകുമാരിയും അയ്യപ്പപണിക്കരും favorite കവിത്രയങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന കാലം. ഒ .എൻ. വി. കാസർകോട് എത്തുന്നുണ്ടെന്ന് കോളേജിനകത്ത് പ്രൊഫ. ഇബ്രാഹിം ബെവിഞ്ചയുടെ ക്യാബിനു എതിർവശത്തുള്ള മതിലിൽ കൈപ്പടകൊണ്ടുള്ള നോട്ടീസ് എന്റെ ശ്രദ്ധയിൽ പെട്ടു. വൈകുന്നേരം. സ്ഥലം ടൌണ് യു.പി. സ്കൂൾ. ഞാനും കവി മധുവും (മധു ഇന്ന് ഗവ തലത്തിൽ ഉന്നത ഉദ്യോഗം വഹിക്കുന്നു ) നേരത്തെ തന്നെ അവിടെയെത്തി. ഒ. എൻ.വി യെ സ്റ്റെജിൽ പ്രതീക്ഷിച്ചു കുറെ നേരം ഞങ്ങൾ ഒരു ബെഞ്ചിൽ ഇരുന്നു. പുറത്ത് ജനാലയിൽ കൂടി മധു എനിക്ക് കൈ ചൂണ്ടി പറഞ്ഞു - ദേ, ഒ .എൻ .വി. തൂവെള്ള വസ്ത്രധാരിയായ മനുഷ്യൻ. മൂക്ക് കണ്ണട. നന്നായി ചീകി ഒതുക്കി വെച്ച തലമുടി. തോൾ സഞ്ചിയുമില്ല; ഭുജി ഊശാൻ താടിയുമില്ല. വൃത്തിയും വെടിപ്പുമുള്ള മനുഷ്യൻ. അദ്ദേഹം സ്കൂൾ പരിസരവും അവിടെയുള്ള പൂച്ചെടികളും ചുറ്റുപാടും നോക്കി നടന്നു നീങ്ങുന്നു. പൂൻതേൻ തേടിയുള്ള വണ്ടിനെപ്പോലെ തന്റെ കവിതയ്ക്കുള്ള ''റോ മെറ്റീരിയൽ'' തെരയുകയായിരുന്നു അദ്ദേഹമെന്ന് തുടർന്ന് നടന്ന പ്രസംഗത്തിൽ നിന്ന് മനസ്സിലായി. ഒ .എൻ .വി അങ്ങിനെയാണ്. കുറെ സമയം ഒരിടത്തും ഇരിക്കില്ലത്രേ. അന്ന് അവിടെ അദ്ദേഹം ''ഭൂമിയ്ക്കൊരു ചരമ ഗീതം'' ആലാപനം നടത്തി. മുഴുവനല്ല അതിലെ ആദ്യത്തെ കുറച്ചു ഭാഗം. കൂട്ടത്തിൽ ഹ്രസ്വമായ കവിത തുളുമ്പുന്ന പ്രസംഗവും, പുറം കാഴ്ച കാണുന്നതിന്റെ രഹസ്യവും പറഞ്ഞു സദസ്സിന്റെ കയ്യടി വാങ്ങി. വൈകുന്നേരത്തെ തീവണ്ടി സമയമായത് കൊണ്ടാകാം അദ്ദേഹം പ്രസംഗം കഴിഞ്ഞയുടനെ തന്നെ വേദി വിട്ടു. എല്ലാവരും സദസ്സ് ഒഴിയുകയും ചെയ്തു. പിന്നെ കുറെ ദിവസക്കാലം മധുവിനും എനിക്കും കൂട്ടുകാർക്കും കോളേജ് ക്യാമ്പസിലെ മരച്ചുവട്ടിലിരുന്നു ഒ .എൻ .വിയെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെകുറിച്ചും സംസാരിക്കലായിരുന്നു പ്രധാന ഏർപ്പാട്. രാഘവൻ മാഷും കെ.എം. അഹമ്മദ് മാഷും ബേവിഞ്ച സാറുമായിരുന്നു അന്ന് സാഹിത്യ വേദിയുടെ സാരഥികളും സംഘാടകരും. ആദരാഞ്ജലികൾ ! ''ഭൂമിക്കൊരു ചരമ ഗീത''ത്തിൽ നിന്നുള്ള ഏതാനും വരികൾ ചുവടെ : ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍- നിഴലില്‍ നീ നാളെ മരവിക്കേ, ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ; ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ എണ്ണിയാല്‍ തീരാത്ത, തങ്ങളിലിണങ്ങാത്ത സന്തതികളെ നൊന്തു പെറ്റു! ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത് കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ കണ്ണീരൊഴുക്കി നീ നിന്നൂ! പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ നിന്നു നീ സര്‍വംസഹയായ്! .................................................... .................................................. aslam mavilae

Nireekshanam

ഈ കുറിപ്പുകാരനെ കുറിച്ച് ആ കുറിപ്പുകാരന്റെ പരാമർശത്തിൽ വലിയ യോജിപ്പില്ലെങ്കിലും അദ്ദേഹം പൊതുവായി പറഞ്ഞ അഭിപ്രായങ്ങളോട് (മുഴുവനല്ലെങ്കിലും) സിംഹഭാഗവും യോജിച്ചേ തീരൂ. ഒരു വ്യത്യസ്തത ഉണ്ടായിക്കൊള്ളട്ടെ ഇങ്ങിനെ കിട്ടിയ കൂട്ടായ്മക്ക്. ചില പുസ്തക ചർച്ചകൾ ആകാമെന്ന് ഫവാസും സാപും അരമനയും പിന്നീട് സജീവമായ അസീസും ഷരീഫുമൊക്കെ അഭിപ്രായപ്പെട്ടത്തിന്റെ ഭാഗമാണ് RT നിലനിന്നത്. തുടക്കത്തിൽ ഒന്ന് രണ്ടു പുസ്തകങ്ങൾ ചർച്ച ചെയ്തിരുന്നു. അന്ന് സാകിർ അഹമദ് , ഫവാസ് ടി.പി., നിസാർ ടി.എച്ച്, സൈദ്‌, റസാ (ക്ക്), അസ്‌ലം പട്ള, സി. എച്ച്, എം.എ മുതലായവർ സജീവമായിരുന്നു എന്നാണെന്റെ ഓർമ്മ. മൊത്തം 15 പേർ ഉണ്ടായിരുന്നു . ആഴ്ചയിൽ രണ്ടു ദിവസം. അതും ഒന്നോ രണ്ടോ മണിക്കൂർ. ഞാനത്ര സജീവമല്ലെങ്കിലും സമയം കിട്ടുമ്പോഴൊക്കെ അവിടെ ഇടപെടാറുമുണ്ട്. അന്ന് ശരിക്കും കുടുംബ-രാഷ്ട്രീയ-മത(അവാന്തര)-മഹല്ല്- ക്ലബ്‌---, ക്ലാസ്സ്മെറ്റ്സ്- സേവന കൂട്ടായ്മകളുടെ ഒരു വലിയ ബഹളമായിരുന്നു. കൃത്യം ഒന്നര വർഷം മുമ്പ്. കൂട്ടത്തിൽ ഒരു ലൈബ്രറി കൂട്ടായ്മയും അന്ന് ഉണ്ടായിരുന്നു . ഞങ്ങളെ പോലുള്ളവർ ആ കൂട്ടായ്മയിൽ വലുതായി പ്രതീക്ഷിച്ചു. ദൗർഭാഗ്യമാകാം, അതിൽ ഇടപെടുന്നതിലപ്പുറം വീഡിയോസ്, ''സിംഹവാലൻ'' ടെക്സ്റ്റ് അടക്കം വേണ്ടായ്കകൾ അനാവശ്യ കീഴ്വഴക്കങ്ങൾ ഉണ്ടാക്കി. അവ അനിയന്ത്രിതമായി തുടർന്നപ്പോൾ ഫയാസ് തുടങ്ങി വെച്ചതാണ് RT. ഫയാസ് ഒരൽപം പിന്മാറിയപ്പോൾ, (പിന്നെയും) വളരെക്കഴിഞ്ഞാണ് ഒരു നിയോഗം പോലെ RT ചിലരാൽ സജീവമാകുന്നത്. രണ്ടു പേരെ ഇവിടെ ഞാൻ പരാമർശിക്കും, എന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചവരാണ് ആ മാന്യ വ്യക്തിത്വങ്ങൾ - അരമന മുഹമ്മദ് , ഷരീഫ് കുവൈറ്റ്. അവരുടെ ''ഉടുമ്പിന്റെ പിടുത്ത''മാണ് എനിക്ക്പോലും അത്ഭുതമായി RT ഇന്നും കത്തി നിൽക്കുന്നത്. അത് പോലുള്ള നിസ്വാർത്ഥരുടെ മഹനീയ സാനിധ്യമാണ് RT യുടെ ഊർജ്ജവും. അദ്ദി (അബ്ദുൽ റഹ്മാൻ) എന്ന കുറിപ്പുകാരന്റെ അഭിപ്രായങ്ങൾ (വ്യക്തി പരാമർശങ്ങൾ ഒഴിവാക്കി) നിങ്ങൾ മുഖ വിലക്കെടുത്താൽ നന്ന് എന്ന് എനിക്കും തോന്നുന്നു. അസ്‌ലം മാവില

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

മാവിലേയൻ

സ്കൂൾ വിട്ടാൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വീട്ടിലേക്കുള്ള പല വ്യഞ്ജന സാധനങ്ങൾ കൊണ്ട് വരാൻ  ഉമ്മ അധികവും എന്നെയാണ് മധൂരിലേക്ക്  അയക്കാറുണ്ടായിരുന്നത് - ഉപ്പാന്റെ കടയിലേക്ക്. മധൂർ കായിഞ്ഞി, മഞ്ചത്തട്ക്ക  മാന്യയൊക്കെ അന്ന്  ഉപ്പാന്റെ കടയിൽ നിന്ന് അടയ്ക്ക തലച്ചുമടായി  കൊണ്ട് വരും, വീട്ടു മുറ്റത്ത്‌ ഉണക്കാനിടാൻ. അരിയും പഞ്ചസാരയുമൊക്കെ  ഇവരുടെ കയ്യിൽ ഉപ്പായ്ക്ക്  കൊടുത്തയച്ചാലെന്താന്നൊക്കെ ഞൊടിഞായം പറഞ്ഞു സ്കൂട്ടാവാൻ ഞാൻ   മാക്സിമം ഉമ്മാനോട് തർക്കിക്കും. അതൊക്കെ കേട്ട്,  പെങ്ങന്മാർ എതിർ വാദം പറഞ്ഞു ഉമ്മാക്ക് ലോ പോയിന്റ് പറഞ്ഞു കൊടുക്കും. പുല്ലരിയുന്ന  സൌകുമാരെ കാണിച്ചാണ് അവർ എന്നെ മധൂരിലേക്കും കൊല്ലത്തെക്കും അയക്കുന്നത്   - ''നോക്ക്, സാലേന്നു ബന്നിറ്റ് സൌക്വോ എല്ലാറും പുല്ലരിയാൻ പോന്നെ... ജോന്  മധൂർക്ക് പോയിറ്റ് രണ്ട് മിൻറ്റിൽ ബെരാൻ ബെനെ ...'' അതോടെ   ശുദ്ധനായ എന്റെ ന്യാമായ നിര്ദ്ദേശം  വായുവിൽ  ഇല്ലാതാവും. പിന്നെ  സ്വയം പ്ലിങ്ങി  ഒരു ടങ്കീസിന്റെ ബാഗുമായി  ഇറങ്ങും.    കൂടെ    എണ്ണയ്ക്കുള്ള കുപ്പിയോ ഇല്ലെങ്കിൽ മണ്ണെണ്ണയ്ക്കുള്ള കന്നാസോ ഉണ്ടാകും.   അരി മുതൽ തേങ്ങ വരെ ബാഗിൽ കുത്തി നിറച്ച് വരും.  പോകുന്ന ഡ്രസ്സൊക്കെ സ്കൂൾ യൂനിഫോർമിൽ തന്നെ - കോര്ത്തിന്റെ കുപ്പായം ''പ്ലസ്‌'' നീല ട്രൌസർ. ( അന്നൊക്കെ  മിക്ക കുട്ടികളുടെയും  ട്രൌസറിന് ഇംഗ്ലീഷിലെ എക്സ് (X ) ആകൃതിയിൽ ഉള്ള വള്ളി  പിന്നാലെ വെച്ച് പിടിപ്പിച്ചിരിക്കും. തൂഫാൻ വന്നാലും ഓടുമ്പോൾ  നിക്കർ ഊരാതിരിക്കാൻ.)  

ഒരു ഞായറാഴ്ച. രാവിലെ  പത്ത്- പാതിനൊന്നു മണിയായിക്കാണും. കയ്യിൽ സാധനങ്ങളുടെ ചീട്ടും കക്ഷത്ത്‌ സഞ്ചിയുമായി മധൂരിലേക്ക് തിരിച്ചു.  പാലമൊക്കെ കഴിഞ്ഞ് ഇപ്പോൾ നമ്മുടെ അസീസിന്റെ തോട്ടമുള്ള സ്ഥലത്തെത്തിയപ്പോൾ ഒരു സൗകു. അവൻ മധൂരിൽ നിന്ന് വരുന്ന വഴി. വലിയ ഒരു ഏർപ്പാടിലാണ് പുള്ളി. അന്ന് അവിടെ റോഡ്‌ അറ്റകുറ്റ പണി നടത്താൻ വേണ്ടി ടാർ നിറച്ച ഡബ്ബ അങ്ങിങ്ങായി റോഡിന്റെ വശങ്ങളിൽ ഉണ്ട്. അതിൽ ഒന്നിന്റെ അടുത്താണ് സൗകു. അതിന്റെ വക്കിൽ പറ്റിപ്പിടിച്ച ടാർ സൗകു മെല്ലെ ചുരണ്ടിയെടുത്ത് ചുണ്ടലിങ്ങ വലിപ്പത്തിൽ ഉരുട്ടി എടുക്കുന്നു. അഞ്ചെട്ടെണ്ണം അവന്റെ കീശയിൽ ഉണ്ട്. ഞാൻ ചോദിച്ചു - സൌകൂ, ഇതെന്തിനാ ? അവൻ പറഞ്ഞു - വീട്ടിൽ പോയി ഇതു കൊണ്ട് കളിക്കാൻ.
പിന്നെ ഇത് ഉണ്ട മിട്ടായിന്നു ചെല്ലീറ്റ് മാമാക്കൊട്ക്കണം. ഇതും പറഞ്ഞു അവൻ കുറെ ചിരിച്ചു. അന്ന് ഇതേ കളറുള്ള തേങ്ങയിൽ ചാലിച്ച ഉണ്ട മിടായി ഉണ്ടായിരുന്നു.  എന്തൊരു ബുദ്ധി, പേരക്കുട്ടിയുടെ സമ്മാനെയ്‌ . )

എന്റെ മണ്ടയിൽ മറ്റൊരു ഉപായമാണ് ഉദിച്ചത്. അന്ന് എന്റെ വീട്ടിൽ ഒന്ന് രണ്ടു അലുമിനിയം കടയം (കുടം) ഉണ്ട്. ഈ ശരീരത്തിൽ  അമ്പ് കൊള്ളാത്ത  സ്ഥലമില്ല എന്ന് പറഞ്ഞത് പോലെ,  അത് ഉടയാത്ത ഒരിഞ്ചു സ്ഥലമില്ലായിരുന്നു.  അന്നൊക്കെ ഞങ്ങളുടെ വീട്ടിലെ കിണർ ഫിബ്രവരിയാകുമ്പോൾ വറ്റാൻ തുടങ്ങും. നമ്മുടെ പ്രദേശത്ത് തന്നെ ഉറവ ഇല്ലാത്ത കിണറുകളിൽ ഒന്നാണ് അത്. ചേടി മണ്ണ്. പടവില്ല. മുഴുവൻ ഇടിഞ്ഞു വീണിട്ടുണ്ട്. മാർച്ച് ആകുമ്പോൾ കിണറിന്റെ ഒത്ത നടുവിൽ ഉള്ള വെള്ളം കിട്ടാൻ ഞാനൊക്കെ കുടം കയറിൽ കുടുക്കിട്ട് ഒരു ഏറാണ്. ചിലപ്പോൾ അത് എവിടെയെങ്കിലും പോയി ശക്തിയിൽ ഇടിച്ചു  വീഴും. അതിന്റെ മെഡുല ഒബ്ലം ഗേറ്റിൽ സാരമായ പരിക്കുമായിട്ടായിരിക്കും   തിരിച്ചു വരിക. അത് കൊണ്ട് മിക്ക കുടങ്ങളും ഒന്നൊന്നൊര രൂപമായിരിക്കും. മിക്കതിനും ഓട്ടയും ഉണ്ടാകും. ഞങ്ങൾക്ക് ഒരു കടയം ഉണ്ടായിരുന്നു - നമ്മുടെ തലച്ചോറിന്റെ രൂപമായിരുന്നു. കൂട്ടത്തിൽ ചോർച്ചയും.  ഞാൻ ഒരുപാട് തവണ അത് നോക്കി മാത്രം ഊറി ഊറി ചിരിച്ചിട്ടുണ്ട്. ആ പറയപ്പെട്ട ''തലച്ചോറി''ലെ ഓട്ട അടക്കാമല്ലോ എന്ന നല്ല ഒരു ഉദ്ദേശം.  അത് നടന്നു കിട്ടിയാൽ ഉമ്മാന്റെ അഭിനന്ദനവും ചൂടോടെ കിട്ടും.

ഞാൻ അമാന്തിച്ചില്ല.  സഞ്ചിയും താഴെ വെച്ച് എനിക്ക് പറ്റാവുന്ന തരത്തിൽ കുറെ എണ്ണം ഉരുട്ടി എടുത്തു. കുറെ ഷർട്ടിന്റെ കീശയിൽ, വേറെ കുറെ ട്രൌസറിന്റെ കീശയിലും നിറച്ചു. ഉപ്പാന്റെ കടയിൽ എത്തും വരെ ഞാൻ എണ്ണി നോക്കി ഉറപ്പു വരുത്തി, ഒന്നും താഴെ വീണിട്ടില്ലല്ലോയെന്നു.

കടയിൽ നിന്ന് സാധനങ്ങളുമായി ഞാൻ ഇറങ്ങി. പിന്നെ ആ ടാറുണ്ട കൊണ്ട് വേറെന്തൊക്കെ ചെയ്യാമെന്ന ചിന്തയിൽ തലപുകഞ്ഞു. അന്ന്  നല്ല ചൂടുള്ള ദിവസമായിരുന്നു.  ഏപ്രിൽ, മേയോക്കെ ആയിരിക്കണം. ഞാൻ നമ്മുടെ പാലമൊക്കെ കടന്നപ്പോൾ എന്റെ ഇടതു നെഞ്ചത്ത്‌ ഒരു കുരു കുരുപ്പ്.  യൂ നോ ..സംതിങ്ങ് ''ഒട്ടൽസ്''. ഒരു കയ് സഞ്ചിയിൽ പിടിച്ചിട്ടുണ്ട്. മറ്റൊരു കയ്യിൽ എള്ളെണ്ണയുടെ കുപ്പിയും. ഞാൻ മെല്ലെ കണ്ണ് താഴോട്ടിട്ടു. ''ഓ  മൈ ..ഗോഡ് ! എന്റെ നെഞ്ചത്ത്‌ കൂടിയാണ് ടാറിടുന്നത്. സത്യം എനിക്ക് എത്ര ആലോചിച്ചിട്ടും അപ്പോൾ മനസ്സിലായില്ല - ''വൈ ദിസ് കൊലവരി'' എന്ന്.  ചുണ്ടങ്ങാ പരുവത്തിൽ ഉരുട്ടിയ ടാർ എങ്ങിനെയാ ഇമ്മാതിരി ഒലിച്ചിറങ്ങുന്നത് ?

ഞാൻ ഉടനെ  എണ്ണ കുപ്പി  താഴെ വെച്ച് കീശയിൽ കയ്യിട്ടു. നാല് വിരലും ചാണക രൂപത്തിൽ തിരിച്ചു വന്നു. തലച്ചുറ്റിയോ എന്നറിയില്ല. പിന്നെ അറിയാതെ എണ്ണകുപ്പിയുടെ വള്ളിയിൽ പിടിക്കുന്നതിനു പകരം അതിന്റെ കഴുത്താണ് പിടിച്ചത്, ദേ , അവിടെ കയ്യിലെ ടാർ ഒട്ടിപ്പിടിച്ചു. വലത്തേ കീശയിൽ അങ്ങിനെ ഉണ്ടാകാൻ വഴിയില്ല എന്ന അമിത ആത്മ വിശ്വാസം തലയിലെ കെട്ടു ഒരു ബാലൻസിൽ നിർത്തി കൈ അവിടെന്നു വിട്ടു കയ്യിട്ടതും തലയിലെ കെട്ടിന്റെ ബാലന്സ് തെറ്റിയതും ഒന്നിച്ച്. അതിലും മോശമായി  ടാറിൽ വഷളായ ഉടനെ അറിയാതെ മുകളിലെ കെട്ടിലേക്ക്. ആ സഞ്ചി അങ്ങിനെ പോയിക്കിട്ടി. ബാലന്സ് തെറ്റിയ ആഘാതത്തിൽ ആയിരിക്കണം ചായപ്പൊടി കേട്ട് പൊട്ടി അതിങ്ങനെ താഴോട്ടു വീഴുന്ന ചെറിയ ചറ ചറ ശബ്ദം . നോക്കണേ, കാലക്കേടിന്റെ വരവ്. ചാപ്പ്ളി ഫിലിമൊന്നും ആ സമയം ഒന്നുമായിരുന്നില്ല.  അങ്ങിനെ മൊത്തം താറടിച്ച ഞാൻ വീട്ടിൽ എത്തിയപ്പോൾ ...........................*%*$?**#@ ഇതൊക്കെ നടന്നു.

പതിവ് പോലെ അടി മുറ പോലെ ആദ്യം ഏറ്റു വാങ്ങി. അത് വാങ്ങിത്തരാൻ പെങ്ങന്മാർ നന്നായി ഉത്സാഹിച്ചു.  പിന്നെ ഷർട്ട് ഊരാനുള്ള ഭഗീരഥ ശ്രമം. എന്റെ നെഞ്ചിൻകൂടത്തിൽ  ഷർട്ടോടെ ഒട്ടിപ്പിടിച്ചിരുന്ന ഷർട്ട് നീക്കാനുള്ള ശ്രമത്തിനിടയിൽ എന്റെ കയ്യബദ്ധം കൊണ്ട് ഒരു  കീശ പറിഞ്ഞു കിട്ടി. ആ കുറ്റം തന്ത്ര പൂർവ്വം  ഒരു പെങ്ങളുടെ തലയിൽ വെച്ച് കെട്ടി അതിനുള്ള ശിക്ഷയിൽ നിന്ന് സ്കൂട്ടായി. എങ്ങിനെയോ ഷർട്ട് വേർപ്പെട്ടു.

ഒരു കുൽസൂന്റെ ഉമ്മയുടെ നിർദ്ദേശം കേട്ട് ഞാൻ തന്നെ ചിരിച്ചു പോയി. ഡെയ്റ്റ് എക്സ്പൈർ ആകാൻ പോകുന്ന എന്റെ ''കോര''ക്കുപ്പായവും നിക്കറും ചിമിനെണ്ണയിൽ  കഴുകാമെന്ന് പുള്ളിക്കാരി.  ചിലർ അങ്ങിനെയാണ്, എന്തെങ്കിലും കേറി വലിഞ്ഞു അഭിപ്രായവും  പറഞ്ഞു കളയും. ''അതിന്റെ മണം മാറാൻ പിന്നെ  എത്ര സോപ്പ് വേണ്ടി വരും ?''  ഉമ്മ അങ്ങോട്ട്‌. പിന്നെ ഒരു കൂട്ടച്ചിരി.  ഉമ്മ അതിനിടയിൽ എന്റെ മണ്ടക്കിട്ട് ഒരു മേടും അട്വൈസും - ബല്യേ പെണ്ണുങ്ങള്  പറഞ്ഞത് കേട്ട് ചിരിച്ചു തമാശയാക്കരുതെന്ന്''. ഞാൻ ഉമ്മാക്കൊരു സപ്പോർട്ടായി ഈ ''ടാറുട്ടായി ഇഷ്യൂ'' ഒന്ന് സോഫ്റ്റായി പോകട്ടെന്നും കൂടി ഉദ്ദേശിച്ചാണ് സാദാചിരിയെ, പൊട്ടിച്ചിരിയാക്കിയത്; ബട്ട്‌,സദ്ദിഖ്നീ...  സംഗതി ഏശിയില്ല.

ഇനി അടുത്തത് ട്രൌസർ....അത് ഒരു നിലക്കും സഹകരിച്ചില്ല. ഒരു സൌകുന്റെ ഉമ്മയുടെ അന്യാവശ്യമായ ഇടപെടൽ മൂലം മുറിച്ചെടുത്തു. ഊഫ്ഫ് ... ഇത് ടാറോ അല്ല സൂപർ ഗ്ലൂ ആണോ ? പിന്നെ  കുറെ മാസക്കാലം  കീശയില്ലാത്ത കുപ്പായവും ടാറിന്റെ കറയുമായി അത് ധരിച്ചു നടന്നു. വില്ലെർസ് പമ്പ് സെറ്റിൽ എണ്ണ നിറക്കുമ്പോൾ അരിപ്പക്ക് പകരമായി ഞാൻ ബാബേട്ടനോട് നിർദ്ദേശിച്ചത് എന്റെ ഈ താർ പുരണ്ട ഷർട്ട് ഉപയോഗിക്കാനായിരുന്നു. അത് അങ്ങിനെ പോയിക്കിട്ടിയത് കൊണ്ട് കുറെ ദിവസങ്ങളൊന്നും ഉപയോഗിച്ച് വശളാകുന്നത്തിൽ ശാന്തി ലഭിച്ചു.

എന്റെ ഉപ്പ അന്ന് പറഞ്ഞു തന്ന ഒരു അറിവുണ്ട് - ''മമ്മദൂ ....ടാറും മണ്ണെണ്ണയും പെട്രോളും ഡീസലും ''ഗ്രീസു''മെല്ലാം പെട്രോളിയം പ്രൊഡക്റ്റ്സ് / ബൈ പ്രൊഡക്റ്റ്സ് ആണ്. അതെല്ലോ നിന്റെ കെമിസ്ട്രീയിൽ ഉണ്ടാകും പഠിക്കാൻ...'' ചൂട് ഇത്തിരി കൂടിയാൽ ഖരാവസ്ഥ യിൽ നിന്നും  ദ്രാവകാവസ്ഥയിലേക്കുള്ള മാറ്റം ഉപ്പ പറഞ്ഞു തന്നു.  നാട്ടിലേക്ക് തിരിക്കുമ്പോൾ ''സ്നിക്കറൊ''ക്കെ വാങ്ങി വീട്ടിലെത്തി തുറന്നു പിള്ളേർക്ക് കൊടുക്കുമ്പോൾ എമണ്ടൻ ചൂട് കൊണ്ട് കോലം മാറിയ ചോക്ലേറ്റു കാണുമ്പോൾ എനിക്ക് പലപ്പോഴും ആ സൌകുന്റെ ടാറുട്ടായി ഓർമ്മ വരാറുണ്ട്.

പക്ഷെ ഞാൻ അപ്പോഴും ആലോചിച്ചത് മറ്റേ സൌകുവിന്റെ കാര്യമായിരുന്നു. അവിടെ എന്തായിരിക്കും സംഭവിച്ചിരിക്കുക.  ഇതേ പോലെ അവന്റെ കീശയിലും സംഗതി   ഉരുകിയിരിക്കുമോ ? അതല്ല തേങ്ങമിഠായിന്ന് തെറ്റിദ്ധരിച്ചു ''പുള്ളീ''ന്റെ കയ്യിന്ന് മാമ ''താറുണ്ട''  വാങ്ങി വിഴുങ്ങി കാണുമോ ?  അന്ന് രാവിലെ ഞാൻ പള്ളി വളപ്പ് നോക്കി വല്ല ആളനക്കമുണ്ടോ ? ഭാഗ്യം അതിന്റെ ഒരു ലക്ഷണം കണ്ടില്ല.   അപ്പോൾ മിക്കവാറും എനിക്കുണ്ടായ അനുഭവം പുള്ളിക്കും ഉണ്ടായെന്ന് ഞാൻ  110 ശതമാനം ഉറപ്പാക്കി. അതോടെ എന്റെ ഇന്നലത്തെ മൂഡ്‌ ഔട്ട്‌ മുഴുവൻ മാറിക്കിട്ടി.  സുബഹി നിസ്കാരം കഴിഞ്ഞ് പള്ളീന്ന് ഇറങ്ങുമ്പോൾ  ദേ ... നമ്മുടെ കഥാപാത്രം  ഹൌളിന്റെ മുന്നിൽ ഇരിക്കുന്നു. ഒരു  മാവിന്റെ ഇല ചുരുട്ടി  പല്ല് തുടക്കുന്ന കോലം  കണ്ടപ്പോൾ  ശരിക്കും എനിക്ക് അറിയാതെ ചിരി വന്നു പോയി -   തലേ ദിവസം  ലോക്കപ്പിൽ കിടന്ന ഒരു ഒരു  ഒരു പരുവം. എന്തേലും പറഞ്ഞാലോ ചോദിച്ചാലോ  വയലന്റായാലോ എന്ന് പേടിച്ച്   ഞാൻ പിന്നെ ശവത്തിൽ കുത്താൻ നിന്നില്ല.

പാവം ! മാമാനെ   ''താറുണ്ട'' തീറ്റിക്കാൻ  ഇറങ്ങിയ ക്രൂരൻ ''പുള്ളി''  ! കക്ഷി. ഇപ്പോൾ അങ്ങ് പേർഷ്യയിലാണ്. നാലീസം മുമ്പും  മെസ്സേജ് ഇട്ടിരുന്നു.

നിരീക്ഷണം - സഞ്ചരിക്കും ലൈബ്രറിയും വായനാ ഇടവും

നിരീക്ഷണം അസ്‌ലം മാവില സഞ്ചരിക്കും ലൈബ്രറിയും വായനാ ഇടവും കപ്പൽ അബൂബക്കർ എന്റെ നല്ല കൂട്ടുകാരനാണ്. അയൽവാസി; കൂടെ പഠിച്ചവൻ. വേറിട്ട ചിന്തയുള്ള ഒരാളാണ്‌ അദ്ദേഹം. ആഴ്ചകൾ മുമ്പ് വായനാ ശാലയെകുറിച്ചു ഒരു ചർച്ച സി.പി. & ആർ .ടി. ഫോറങ്ങളിൽ നടന്നിരുന്നുവല്ലോ. ''നിരീക്ഷണ''ത്തിൽ വായനാശാലയുമായി ബന്ധപ്പെട്ട വന്ന വിഷയമായിരുന്നു പശ്ചാത്തലം. അന്ന് അബൂബക്കർ ഒരു ആശയം പങ്കു വെച്ചു. അതിന്റെ ഒരു എലാബെറേറ്റഡായ രൂപമാണ് ഇവിടെ കുറിക്കുന്നത്. വഴി മാറിച്ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെ ഗ്രാമത്തിലുണ്ടായിരുന്നെന്ന് വരും തലമുറകൾ അവരുടെ സാംസ്കാരിക അന്തിച്ചർച്ചകളിൽ പറയട്ടെ; അത് അവരുടെ കാലത്തും പ്രസക്തമാണ്. Mobile Library എന്ന ആശയം. ഗൾഫിലൊക്കെ കാണുന്ന PORT-CABIN ന്റെ കുഞ്ഞു രൂപം. ഞാനിതെഴുന്നതും ഒരു പോർട്ടോകാബിനിൽ ഇരുന്നാണ്. അടക്കവും ഒതുക്കവുമുള്ള ഒരു കുഞ്ഞു ലൈബ്രറി. സ്ഥിരമായി ഒരു സ്ഥലം വേണ്ട. എവിടെയും കൊണ്ട് വെക്കാം. രണ്ടു മുറി. ഒന്ന് ഇരുന്നു വായിക്കാൻ. ഒന്ന് പുസ്തകങ്ങൾ അടുക്കി വെക്കാൻ. നമ്മുടെ നാടിന്റെ നാലു ഭാഗങ്ങളിൽ സാംസ്കാരിക ചിഹ്നങ്ങളായി ഇവ. വൈകിട്ട് ഒന്നോ -രണ്ടോ മണിക്കൂർ തുറന്നു പ്രവർത്തിക്കുക. പറ്റുമെങ്കിൽ വൈകിട്ട് തൊട്ടടുത്ത വീടുകളിൽ നിന്ന് ഒന്ന് -രണ്ടു പത്രങ്ങൾ. രാത്രി തന്നെ തിരിച്ചെടുക്കാം. കുട്ടികളിൽ വായനാ ശീലമുണ്ടെങ്കിൽ അവർ വായിച്ചു കഴിഞ്ഞ വാരികകൾ ! പുസ്തകങ്ങൾ ! സൌരോർജ്ജയുഗമാണ്, വൈദ്യുതിക്ക് അതിന്റെ സാധ്യത ഉപയോഗപ്പെടുത്താം. വേണമെങ്കിൽ കുറച്ചു കൂടി ഗ്രാമീണ നിറം നൽകാം. പുല്ലു മേഞ്ഞോ, പച്ചോല വിരിച്ചോ കാബിന്റെ ''മാട്'' മോടി കൂട്ടാം. അതൊക്കെ നമ്മുടെ കുട്ടികൾക്ക് വിട്ടു കൊടുത്താൽ അവരിൽ പുതിയ ആശയങ്ങൾ ഉരുത്തിരിയും, ഇതിലും കലാപരമായി. നാലും കൂടിയ സ്ഥലം വേണം. ആളുകൾക്ക് എളുപ്പം എത്തിപ്പെടാൻ പറ്റണം. ഉപകാരപ്പെടണം. മെയിൻന്റൈൻ (maintain ) ചെയ്തു കൊണ്ടിരിക്കണം. നിരന്തരം ആൾപ്പെരുമാറ്റം ഉണ്ടാകണം. നാം വായിച്ചു തീർത്തില്ലെങ്കിൽ ഷെൽഫിൽ വെച്ച പുസ്തകങ്ങൾ തിന്നു തീർക്കാൻ വേറെ ആൾക്കാർ വരും. അങ്ങിനെ ആവുകയുമരുത്. മുമ്പ് നമ്മുടെ ഒ.എസ്. എ ലൈബ്രറിയിൽ നടന്ന ചിതാലാക്രമണം പോലെ. 100 കൊല്ലം കഴിഞ്ഞുള്ള പട്ളയെ മനസ്സിൽ വെച്ചാണ് അബൂബക്കർ തന്റെ ആശയം എന്നോട് പങ്കിട്ടത്. അതും ഞാൻ മനസ്സിലാക്കിയ രൂപത്തിൽ ഇവിടെ എഴുതാം. നമുക്ക് ഒരു കാബിൻ മതി. നാലു ദിക്കിൽ വേണമെന്നില്ല. ശരിക്കും ഇവ മൂവ് ചെയ്യണം - ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക്. അതിനനുസരിച്ച് ലൈബ്രറിക്ക്ചക്രങ്ങൾ . പുസ്തകങ്ങൾ വീഴാതിരിക്കാൻ മുൻകരുതലുകൾ. ഇത് കൊണ്ട് പോകാൻ ആഴ്ചയിൽ ഒരിക്കൽ വാടകയ്ക്ക് ഒരു വണ്ടി. ലൊക്കേഷൻ നാം സ്പോട്ട് ചെയ്ത് കഴിഞ്ഞാൽ അവിടെ കുറച്ചു ദിവസങ്ങൾ. ആ ഭാഗത്തുള്ള സാംസ്കാരിക പ്രവർത്തകർക്കായിരിക്കണം ഒരു ആഴ്ച്ചക്കാലം അതിന്റെ മുഴുവൻ ഉത്തരവാദിത്വം . അതിന്റെ സുതാര്യമായ ട്രാൻസ്മിറ്റൽ നടക്കുകയും വേണം. ഓരോ ആഴ്ചയും തങ്ങളുടെ ഭാഗത്തേക്ക് സഞ്ചരിക്കുന്ന ഗ്രന്ഥശാല എത്തുമ്പോൾ ഒരു സാംസ്കാരിക സന്ധ്യാസദസ്സ്. പുസ്തക ചർച്ച വേറെ. ഒരു അതിഥി. മൊബൈൽ ലൈബ്രറിയിൽ പത്രങ്ങൾ, വാരികകൾ, പ്രസിദ്ധീകരണങ്ങൾ. വരി ചേർക്കാൻ ഒരു അവസരമുണ്ടാകുക - അതേത് രാഷ്ട്രീയ -മത-സാമൂഹിക-സാംസ്കാരിക അച്ചടി ശാലയിൽ നിന്ന് പുറത്തിറങ്ങുന്നതാണെങ്കിലും. വായനയുടെ വർണ്ണ ലോകം തുറക്കുക. ദൃശ്യ-ശ്രവ്യ-അച്ചടി മീഡിയകളിൽ അതൊരു ശ്രദ്ധാകേന്ദ്രമായിരിക്കും. കുറെ നാളുകളായി ലൈബ്രറി പണിയാൻ സ്ഥലം ഓഫറുണ്ട് എന്നൊക്കെ കേൾക്കാൻ തുടങ്ങിയിട്ട്. അതൊരു വഴിക്ക് നടക്കട്ടെ. സമാന്തരമായി ''കപ്പൽ'' ആശയവും ചിറക് മുളക്കട്ടെ. ഇവിടെ സ്ഥായിയായി സ്ഥലം വേണ്ട. ഒരു മൂല കിട്ടിയാൽ മതി, ക്യാബിൻ ഒതുക്കി വെക്കാൻ. മാറ്റണമെന്ന് തോന്നിയാൽ മാറ്റുകയും ചെയ്യാമല്ലോ. മൊബൈൽ ലൈബ്രറികൾ ലോകത്ത് പല ഭാഗത്തും പരീക്ഷിച്ചു വിജയിച്ച ആശയമാണ്. അങ്ങിനെ തന്നെ ഇവിടെ പകർത്തണമെന്നല്ല, നമ്മുടെ ചുറ്റുപാടിനനുസരിച്ചു modifications വരുത്തി. മറ്റൊരു കാര്യം - എവിടെയൊക്കെയോ സ്ഥലം കിട്ടിയിട്ടും കാര്യമില്ല. കിട്ടെണ്ടിടത്തു കിട്ടണം, അതിനു തയ്യാറായി കുറഞ്ഞത് 3 സെന്റ്‌ സ്ഥലം വിൽക്കാനോ ആദായ വിലയ്ക്ക് നൽകാനോ തയ്യാറുള്ളവർ ഉണ്ടോ ? മരണശേഷവും നന്മയുടെയും വായനയുടെയും വെളിച്ചം തലമുറകൾക്ക് നൽകാൻ തയ്യാറുള്ള ഹൃദയ വിശാലതയുള്ള സന്മനസ്കർ ? കണ്ണായ സ്ഥലത്ത് സ്ഥലം നൽകാൻ തയ്യാറുള്ളവർ ? അങ്ങിനെ തയ്യാറെങ്കിൽ അത് മാന്യമായ വിലയ്ക്ക് വാങ്ങുന്നതിൽ സഹകരിക്കാൻ തയ്യാറുള്ളവർ ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. രണ്ടു ആശയവും ഇവിടെ വെക്കുന്നു ; ഏതു കൂട്ടായ്മയിലും സാധ്യതകൾ ചർച്ച ചെയ്യാം.