Tuesday, March 1, 2016

അനുസ്മരണം


അനുസ്മരണം
പ്രൊഫ. വിഷ്ണു നമ്പൂതിരി സാർ എന്നെ പഠിപ്പിച്ചിട്ടില്ല. എന്റെ കൂടെ പഠിച്ച ആർട്സ്ഗ്രൂപ്പുകളിലെ കൂട്ടുകാർക്ക് അദ്ദേഹം പക്ഷെ, അധ്യാപകനാണ്. ആ കൂട്ടുകാരൊക്കെ ബെവിഞ്ച മാഷിന്റെ മലയാളം ക്ലാസ്സിനായി സയൻസ് ബ്ലോക്കിലുള്ള ഞങ്ങളുടെ ക്ലാസ്സിലേക്കാണ് വരിക. വിഷ്ണു സാറിന്റെ ക്ലാസ്സും അദ്ദേഹത്തിന്റെ ചരിത്ര വിഷയത്തലുള്ള അവഗാഹമൊക്കെ സംസാര വിഷയമാകും. അദ്ദേഹം ചരിത്ര അദ്ധ്യാപകൻ. എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് അദ്ദേഹം കാസർകോട് ഗവ. കോളേജിൽ ഹിസ്റ്ററി ഡിപാർട്ട്മെന്റ് ഹെഡുമാണ്. അതിലെല്ലാമുപരി അദ്ദേഹം അറിയപ്പെട്ടത് NSS (NATIONAL SERVICE SCHEME ) Coordinator എന്ന നിലയിലാണ്. സേവന രംഗത്ത് കുട്ടികളുടെ കൈ പിടിച്ചുയർത്തി NSS കൂടുതൽ സജീവമാക്കിയ വിഷ്ണു സാർ ഞങ്ങളുടെയൊക്കെ ബഹുമാന്യ വ്യക്തിയായിരുന്നു. കോളേജ് ഓഡിറ്റൊറിയത്തിൽ പതിഞ്ഞ സ്വരത്തിൽ അദ്ദേഹത്തിൻറെ പ്രസംഗം ഇന്നും കാതിൽ ഉണ്ട്. പ്രസംഗത്തേക്കാളേറെ പ്രവര്ത്തനം കൊണ്ട് സജീവമായ വ്യക്തിത്വം . HK , CH, SAP , ARAMANA , BACKER തുടങ്ങിയവർക്ക് എന്നെക്കാളേറെ ഒരു പക്ഷെ പറയാനുണ്ടാകും. പ്രൊഫ. വിഷ്ണു നമ്പൂതിരി സാർ ഇന്ന് അന്തരിച്ചു (ഫെബ്ര 22, 2016 - ''K. വാർത്ത'', ''ഉത്തരദേശം'' ). ഇല്ലം , പുതുക്കുന്ന് ആറുപുറം. ഗവ. കോളേജില്‍ ദീര്‍ഘകാലം എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായിരുന്നു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കിളിയളം-വരണൂര്‍ റോഡ് എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നിര്‍മ്മിച്ചത്. പുതുക്കുന്ന് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് കെട്ടിടം അനുവദിച്ച് എക്‌സ്‌ചേഞ്ച് വരാന്‍ ഏറെ പ്രവര്‍ത്തിച്ചിരുന്നു. പുതുക്കുന്ന് പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.
ആദരാഞ്ജലികൾ !
അസ്‌ലം മാവില

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

കുട്ടിക്കാല കുസൃതിക്കണ്ണുകൾ മാവിലേയൻ
അന്ന് ഞാൻ മൂന്നാം ക്ലാസ്സിൽ ആയിരിക്കണം, അല്ലെങ്കിൽ നാല്. അന്ന് ഒരു നാലാം പീരിയഡ്, സജ്ജിഗ ക്ലാസ്സ് (നാലാം പീരിയഡിന്റെ പോരിശ മുമ്പ് ഞാൻ എഴുതിയിട്ടുണ്ട്). എന്റെ മൂത്ത പെങ്ങളുടെ ക്ലാസ്സിൽ നിന്ന് ഒരു സൗകു എന്റെ ക്ലാസ്സിലേക്ക് ലേശം മുടന്തി മുടന്തി വരുന്നു. എന്നിട്ട് ഒരു എത്തി നോക്കൽ. മാഷെ നോക്കേണ്ടതിന് പകരം എന്നെയാണ് അവൻ എത്തിനോക്കുന്നത്. ആ സമയത്ത് തമ്പാൻ മാഷ് പുള്ളിക്ക് തോന്നിയ ഒരു ക്ലാസ്സ് എടുക്കുകയാണ്. മാഷ്‌ പുസ്തകം മടക്കി വെച്ച് ഇത് തന്നെ തക്കം എന്ന പോലെ പുറത്തിറങ്ങി (തമ്പാൻ മാഷ്‌ പൊതുവെ ഒരു മടിയനാണ്. പുറത്ത് നിന്ന് എന്തെങ്കിലും ഒച്ചയോ നിഴലോ തോന്നിയാൽ മതി പുള്ളി വെറുതെ പുറത്തിറങ്ങി ഒന്ന് ഉലാത്തി വരും. അങ്ങിനെയുള്ള സാറന്മാരെയായിരുന്നു ഞങ്ങൾക്ക് വലിയ പിരിശം. പക്ഷെ എന്ത് ചെയ്യാം അങ്ങിനെയുള്ളവരെ പടല സ്കൂളിലേക്ക് വളരെ കുറച്ചെണ്ണത്തിനേ അയക്കൂ. അതാ കുഴപ്പം). തമ്പാൻ മാഷ്‌ സൌകുവിനോട് കാര്യം തിരക്കി. ''അസ്ലമിനെ മണികണ്ടം മാസ് ബിൾക്ക്ന്ന്...'' അത് പറയുമ്പോഴും സൗകു അവന്റെ ''ചണ്ണെ'' തടവുന്നുണ്ട്. തമ്പാൻ മാഷ്‌ പാവം ആ സൌകുവിനോട് വെറുതെ എന്തൊക്കെയോ ചോദിച്ചു, അവസാനം എന്നെ പറഞ്ഞു വിട്ടു. ക്ലാസ്സിന്ന് പുറത്ത് കടക്കുമ്പോഴേക്കും എനിക്ക് എന്തൊക്കെയോ മനസ്സിൽ കാളി. ഞെഞ്ചെരിപ്പ് കൂടി. തലേ ദിവസം ഞാൻ കാരണമുണ്ടായ കുറെ കുസൃതികൾ മനസ്സിൽ കടന്നു പോയി. അതിലൊന്നും ഈ വിളിക്കാൻ വന്ന ഊള സൗകു ഇല്ല, അവന്റെ ബന്ധുക്കളും ഇല്ല. പിന്നെ എന്തിനായിരിക്കും മാഷ്‌ വിളിക്കുന്നത് ? ക്ലാസ്സിനു പുറത്തിറങ്ങിയപ്പോൾ ദേ ...രണ്ടു ക്ലാസ്സ് അപ്പുറം നിൽക്കുന്നു മണികണ്ഠൻ മാഷ്‌.. കയ്യിൽ നല്ല ചൂരൽ. എനിക്ക് വല്ലാണ്ടായി. അടി ഉറപ്പ്, എന്താണ് കാരണമെന്നറിയേണ്ട വിഷയമേ ഇനി ബാക്കിയുള്ളൂ. ഞാൻ മുന്നിൽ സൗകു(ച്ച) പിന്നിൽ; നടക്കുമ്പോൾ അവന്റെ ആത്മഗതം എനിക്ക് നന്നായി കേൾക്കാം. ''സൈതാൻ, അദാ ...ആദീലെ പൊർത്ത് നിന്നിറ്റ്...എന്നെ തയ്ക്കാൻ ... ലസാഗുവല്ലോ ? എന്ത് ലസാഗു ...? എന്റെ ''ചണ്ണെ'' പൊട്ടിയെന്ഗ് അയാള് മര്ന്നിന് പൈസ തരോ ...ഇയാൾ കുൺ-ക്ക്യാൻ ചെല്ല്ന്നെ ...'' സൗകു എന്തൊക്കെയോ പിറുപിറുക്കുന്നു. ജനാലയുടെ അടുത്തെത്തിയപ്പോൾ ഫീമെയിൽ സ്റ്റുഡൻസ് ഒരു ''ബെള്ളായ്ച്ചെ'' നോട്ടം. അതോടെ മനസ്സിലായി മണികണ്ഠൻ മാഷ്‌ എല്ലാത്തിനും നല്ല ചൂരൽ കഷായം കൊടുത്തിട്ടുണ്ട്. (ആ ക്ലാസ്സിൽ പെങ്ങൾ അടക്കം എന്റെ മൂന്ന് -നാല് ബന്ധുക്കളും കൂടി ഉണ്ട്) ഞാൻ എക്സ്ട്രാ ഭവ്യത അഭിനയിച്ച് മണികണ്ഠൻ മാഷിന്റെ അടുത്തെത്തി. അപ്പോൾ പിന്നിൽ നടന്നിരുന്ന സൗകു(ച്ച) മുന്നിലെത്തി. മാഷ്‌ കയ്യിൽ ഉള്ള വടി ഓങ്ങി ''കേറടാ ...അകത്ത്, നീയൊക്കെ ഇവനെ കണ്ടു പഠിക്ക് ....'' എന്നും പറഞ്ഞു പാവത്തിന്റെ ചന്തിക്ക് വീണ്ടും ഒരു അടി. അത് തടുക്കാനുള്ള ശ്രമത്തിനിടയിൽ പുള്ളി ഇടതു കൈ മറയായി പിടിച്ചു, അടി ചണ്ണയിൽ നിന്ന് മാറി മോതിര, നടു, നാലാം വിരലുകളിലൂടെ അസ്സലായി തഴുകി പോയി. പാവം അതും തടവി സൗകു സൈക്കളിന്നു വീണ ചിരിയുമായി ക്ലാസ്സിൽ പോയി ഇരുന്നു. അവന്റെ വിധി (ഞാൻ കുറ്റക്കാരനല്ലല്ലോ ) ''അസ്ലാം ...ഇവന്മാർക്ക് ഗുണിക്കാൻ അറിയില്ല. ആ മൂന്നക്ക സംഖ്യയെ മറ്റേ മൂന്നക്ക സംഖ്യ കൊണ്ട് ഗുണിക്കുന്നത് ഒന്ന് പഠിപ്പിച്ചു കൊടുത്തേടാ ...'' മാഷ്‌ എനിക്ക് ഒരു ചോക്ക് തന്നു ബോർഡിനടുത്തേക്ക് വിട്ടു. ഞാൻ ഭവ്യതയോടെ ചോക്കുമെടുത്ത് കണക്കു കൂട്ടാൻ തുടങ്ങി. ''നീ അത്ര സ്പീഡിൽ കൂട്ടണ്ടാ, ഇവര് നിന്നെ ''കണ്ണ് വെച്ച്'' കളയും ....പതുക്കെ പതുക്കെ ഇവന്മാർക്ക് കൂടി മനസ്സിലാകുന്ന രൂപത്തിൽ എഴുതിയാൽ മതി.'' ഞാൻ ഓരോന്ന് ഗുണിച്ച് ഒറ്റ സംഖ്യ എഴുതുമ്പോൾ ''ബാക്കി എത്ര ഉണ്ടെടാ ?'' എന്ന് മണികണ്ഠൻ മാഷ്‌ ആ പാവങ്ങളോട് ഓരോരുത്തരോടും ചോദിക്കും. ഞാൻ അവർ എന്തെങ്കിലും ഉത്തരം പറയുമെന്നു കരുതി നോക്കുമ്പോൾ എല്ലാരും താഴോട്ടാണ് നോക്കുന്നത്. പെണ്ണുങ്ങളൊക്കെ അവരുടെ ''മൂകുത്തി'' ഞാൻ കട്ട് എടുത്തത് പോലെയാണ് കവിളും വീർപ്പിച്ച് ഇരിക്കുന്നത്. അല്ലെങ്കിലും ഗണിത വിരുദ്ധരായ ഇവർക്കെന്ത് ബാക്കി ! എന്ത് ബാലന്സ് !


പിന്നെ മണികണ്ഠൻ മാഷ്‌ ദേഷ്യം പിടിച്ച് അട്ടഹസിക്കുമ്പോൾ എല്ലാരുടെയും വായിന്ന് ഞാൻ കേട്ട ഉത്തരം ഒന്നായിരുന്നു - ഒന്നുകിൽ ''യപ്പാാാ '' അല്ലെങ്കിൽ ''യാഉമ്മാാാാ..'' . അത് അവർ ഉത്തരമായി പറഞ്ഞതല്ല, ഉത്തരം പറയാതെ ''പ്ലിങ്ങി'' നിൽക്കുമ്പോൾ മാഷ്‌ ഒരു കയ്യിൽ തന്റെ ഡബ്ൾ ബേഷ്ടി തുണിയുടെ ഒരു കര മേലോട്ട് പിടിച്ചു നടുവിന് താങ്ങി നിന്ന് ആഞ്ഞു കൊടുക്കുന്ന ''ഒന്നൊന്നര അടി'' ആദരപൂർവ്വം ഏറ്റു വാങ്ങി തങ്ങളുടെ കണ്ണിൽനിന്ന് പൊന്നീച്ച പാറുമ്പോൾ അവരറിയാതെ ഉള്ളിൽ നിന്ന് നിർഗ്ഗളിക്കുന്ന വേദനയുടെ നിയന്ത്രണത്തിനുമപ്പുറത്തുള്ള നിലവിളിയുടെ ഔട്ട്‌ പുട്ടായിയിരുന്നു അതുകളൊക്കെയും. ഇടയ്ക്ക് ഒരു പ്രാവശ്യം ''ദേവറേ ....'' അത് കമളയോ കൗസല്യയോ മറ്റോ ആണെന്ന് തോന്നുന്നു. എനിക്ക് ചിരി അടക്കാൻ പറ്റാഞ്ഞിട്ട് ഞാൻ ബ്ലാക്ക്ബോർഡിൽ നോക്കി. പക്ഷെ ആ നോട്ടം അത് അതിലും അബദ്ധായിപ്പോയി ! മൊത്തം കോമഡി ! ഞാൻ കൂട്ടി കാണിച്ച ആ കണക്ക് ഓരോരുത്തൻ ഓരോ സൈസാണ്‌ അവിടെ കൂട്ടിയിട്ടുള്ളത്. മാഷ്‌ പിന്നെ അടിക്കാതിരിക്കുമോ ? ''എടാ....താൻ അത് നോക്കി പഠിച്ചേക്കല്ലേ ...മൊത്തം ഗണിതഗവേഷണമാ ...'' മാഷ്‌ അതവരെ ആക്കിപറഞ്ഞതാണെന്ന കാര്യം എനിക്ക് അന്നറിയില്ലായിരുന്നു. ഞാൻ കണക്കൊക്കെ കൂട്ടി അവിടെ നിന്നപ്പോൾ , വീണ്ടും മണികണ്ഠൻ മാഷ്‌ : ''കണ്ടോടാ, ഇവനും എന്റെ സ്റ്റുഡെന്റാ ...അവൻ രണ്ടു ക്ലാസ്സ് പിന്നിലാ...നീയൊക്കെ അവന്റെ ക്ലാസ്സിൽ പോയി ഇരുന്നു പഠിക്ക് '' ( ഞാൻ പേടിച്ചു പോയി. ഇവരെങ്ങാനും വന്നിരുന്നാൽ....) . ഞാൻ വീണ്ടും ഭവ്യനായി എന്നാണ് ഓർമ്മ. (ഈ തമാശക്കിടയിലും ഒന്ന് പറയട്ടെ, മണികണ്ഠൻ മാഷ്‌ അല്ല എന്റെ യഥാർത്ഥ കണക്ക് ഗുരുനാഥൻ; മറിച്ച് എന്റെ എല്ലാമെല്ലാമായ ഉപ്പയായിരുന്നെന്ന് പുള്ളിക്കു അറിയാഞ്ഞിട്ടുമല്ല. അവരുടെ മുമ്പിൽ മാഷ്‌ ഒന്ന് കാച്ചിയതായിരുന്നു. പത്താം ക്ലാസ്സ് വരെ മറ്റാരേക്കാളും എന്റെ എല്ലാ പാഠ വിഷയത്തിലുമുള്ള അദ്ധ്യാപകൻ എന്റെ ഉപ്പയായിരുന്നു. സ്നേഹനിധിയായ ആ ഉപ്പയെ കുറിച്ചുള്ള ചെറിയ പരാമർശം പോലും കണ്ണ് ഈറനണിയിക്കുന്നു. എന്റെ കൈ വിറക്കാനും ചുണ്ട് വരളാനും അത് കാരണമാകുന്നു ) അതും കൂടി പറയണമല്ലോ, അന്ന് മുതലേ ഈ സീനിയർ ബാച്ചുകാർ എന്നെ കണക്ക് മാഷെന്നു വിളിക്കണമായിരുന്നു എന്നാണ് എന്റെ ഒരു ഒരു ഇത്. അവരത് ചെയ്തില്ല. ഞാൻ വിട്ടു. അതിലും രസം എന്റെ ''കണക്ക് പഠിപ്പിക്കൽ'' അന്നത്തോടെ നിന്ന് കിട്ടി എന്നതായിരുന്നു . അത് നിർത്താൻ വേറൊരു കാരണമുണ്ടായി. അതിന്റെ പിന്നിലെ ഗൂഡതന്ത്രം ഞാൻ വീട്ടിൽ എത്തിയപ്പോഴാണ് അറിഞ്ഞത്. എന്റെ പെങ്ങളുടെ കൂട്ടുകാരികളായ കുൽസുമാരുടെ കാര്യമായ ഇടപെടൽ തന്ത്ര പൂർവ്വം നടന്നു. ഞാൻ വീട്ടിൽ പോകുന്ന വഴി ഒരു കാരണവുമില്ലാതെ '' ബെല്യ ബമ്പാക്ക്ന്ന് ജോന് ... ആരി ജോന്...കൺക്ക് മാസ് .. '' എന്നൊരു കമന്റ്. ''മാസല്ല , മത്തി...'' പിന്നൊരാൾ. ഇതൊക്കെ എന്റെ ഫീമൈൽ സ്റ്റുഡന്റ്സ് വക. ഞാൻ ഒന്നും കേൾക്കാത്തത് പോലെ തടിയെടുത്തു. ''അദാ ..അദാ .. കൺക്ക് മാസ് ....ലസാഗു മാസ്..പായ്ന്നെ ...പുട്ച്ചോ പുട്ച്ചോ ...'' എന്റെ ആൺ സ്ടുടെന്റ്സ് വക പ്രകോപന കമന്റ്സ്. അന്ന് പാൽ വാങ്ങാൻ വേണ്ടി ഒരു കുൽസുവിന്റെ വീട്ടിൽ പോയപ്പോൾ എന്റെ സ്റ്റുഡെന്റിന്റെ വായിന്നു അതും കേട്ടു - ''പോനെ ..ഒയ്ക്കെ ..ഈടെ പാലില്ലാ ....മണികണ്ടം മാസാട്ന്ന് മേയ്ക്കോ.... '' ശരിക്കും ഞാൻ വിയർത്തു പോയി. അറിയാത്ത ഒരു കണക്ക് അറിയുന്നത് പോലെ ഗുണിച്ച്‌ കൊടുത്തതിന് ഒരു ബാല കണക്ക് അധ്യാപകനോട് ഇങ്ങനെ പെരുമാറണോ ? പാൽ തരാതെ എന്നെ ആട്ടിക്കളഞ്ഞു. ഉപ്പാക്ക് രാത്രി കുടിക്കാനുള്ള പാലാണെന്ന് പറഞ്ഞു നോക്കിയിട്ടും കുൽസു കനിഞ്ഞില്ല. പിന്നീട് എന്റെ പെങ്ങൾ പോയപ്പോൾ പാൽ കൊടുക്കുയും ചെയ്തു; ഞാൻ പാൽ വാങ്ങാതെ തിരിച്ചു വന്നതിനു എനിക്ക് വീട്ടിന്ന് അടി വേറെയും. അതിനു കാരണം പറഞ്ഞത് കുൽസു അവളോട്‌ ചോദിച്ചു പോലും ''ഞമ്മളെ കണ്ക്ക് മാസെന്തേ പാല് മേങ്ങാൻ ബെരാത്തെന്ന് ... - '' (എന്ന് വെച്ചാൽ ഞാൻ പോയിട്ടേ ഇല്ലെന്ന്). അന്ന് ഞാനെങ്ങാനും ഒരു ദുആ ചെയ്തിരുന്നെങ്കിൽ ...! രാത്രി ഭക്ഷണത്തിന് ഇരുന്നപ്പോൾ പെങ്ങൾ കട്ടായം ഉമ്മാനോട് പറഞ്ഞു - ''ചെക്കന് (ഈ ഞാൻ ) എന്റെ ക്ലാസിൽ ബന്നിറ്റ് പഠിപ്പിക്ക്ന്നെന്ഗ് ഞാനിനി പഠിക്കാൻ പോകുന്നില്ല '' അത് വലിയ ഇഷ്യൂ ആയി. ഉപ്പ ചെറുപ്പത്തിൽ സ്രാമ്പിയിലെ ഏകാധ്യാപകസ്കൂളിൽ ഉപ്പാന്റെ ഉപ്പ (മമ്മിഞ്ഞി മുക്രിച്ച ) വരാൻ വൈകുമ്പോൾ അന്ന് ഏഴാം വയസ്സിൽ അലിഫും കന്നഡ അക്ഷരങ്ങളും ഉപ്പാനേക്കാളും വയസ്സുള്ളവർക്ക് വല്ലപ്പോഴും പറഞ്ഞു കൊടുക്കാറുള്ളതൊക്കെ അവളോട്‌ ഉപ്പ പറഞ്ഞു നോക്കി. ''നിന്റെ അനിയനല്ലേ, അവൻ പഠിപ്പിച്ചാൽ അതൊരു പേരല്ലേ, പെരുമയല്ലേ (കേളി ) ...''. അതൊന്നും പുള്ളിക്കാരിക്ക് തൃപ്തിയായില്ല. ''നീ പഠിക്കാനാറാ പോന്നെ ....പട്പ്പിക്കാനാ ....'' പെങ്ങൾക്ക് സപ്പോർട്ട് നിന്നുള്ള ഉമ്മാന്റെ ആ സംശയത്തിന് മുന്നിൽ ഞാൻ ''പഠിക്കാനാ...'' എന്ന് കൂടി പറഞ്ഞതോടെ ഒരു തീരുമാനവുമായി. ഉമ്മ ഒരു നയതന്ത്രം ഉപയോഗിച്ചതായിരുന്നു. അല്ലെങ്കിലും എനിക്ക് മുതിർന്ന ക്ലാസ്സിൽ ഇനി അധ്യാപനം വേണ്ട. ഒരു നന്ദിയുമില്ലാത്ത ഇവർക്കെന്തിനാ പഠിപ്പിക്കുന്നത് , ഒരു കാര്യവുമില്ലന്നേ....പോരാത്തതിന് വെറുതെ ഇവരുടെ വായിന്ന് കേൾക്കുകയും വേണം. പാല് കിട്ടാതെ രാവിലെ കട്ടൻ കുടിക്കുകയും വേണം. (അതിന്റെ വാശിയായി ഞാൻ ഏഴാം ക്ലാസ്സ് പഠിക്കുമ്പോൾ മദ്രസ്സയിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ഒരു വർഷം പഠിപ്പിച്ചു അധ്യാപകനുമായി )

VIDA - in a Group

പ്രിയരേ, ഒരു കൂട്ടായ്മയുടെ ആശ്വാസത്തിന്റെ നിശ്വാസം ! ആനന്ദ കണ്ണീരിന്റെ കടലിളക്കം ! സാബിർ അവന്റെ ഉമ്മയുടെയും ഉറ്റവരുടെയും കൂടെ വീൽചെയറിൽ, ആസ്പത്രിയുടെ ചാരുപടിയിൽ ഊർന്നിറങ്ങി വാഹനത്തിൽ കയറി വീട്ടിലേക്ക് തിരിക്കുമ്പോൾ .നമുക്ക്, ഈ കൂട്ടായ്മയ്ക്ക് ആരോടും പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം ! നിർവൃതി ! മാഷാഅല്ലാഹ് സുമനസ്സുകളുടെ കൂട്ടായ്മ , അവരുടെ പ്രാർത്ഥന, അവരുടെ ഗദ്ഗദം അവരുടെ പ്രതീക്ഷ... ഒന്നും പാഴായില്ല... അൽഹംദുലില്ലാഹ് സ്നേഹ നിധികളായ അശരണരുടെ കുഞ്ഞുകൈലേസുകളുടെ കൂടായ്മയിൽ ഇത്ര ദിവസങ്ങൾ ഒന്നിച്ചിരിക്കാനും നിങ്ങളുടെ പ്രാർത്ഥനകൾക്ക് ആമീൻ പറയാനും ലഭിച്ച അസുലഭ സന്ദർഭങ്ങൾക്ക് നന്ദിയും കടപ്പാടും അറിയിച്ചും നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനയിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് ആഗ്രഹിച്ചും .... സ്നേഹ പൂർവ്വം അസ്സലാമു അലൈക്കും അസ്‌ലം

നിരീക്ഷണം

നിരീക്ഷണം അസ്‌ലം മാവില ഇന്നത്തെ നിരീക്ഷണം സി.പി.യിൽ ചർച്ച ചെയ്യുന്ന വിഷയത്തിന്റെ ബാക്കി തന്നെ. പുതിയ വിഷയങ്ങളേക്കാൾ ഇവയ്ക്ക് ഇനിയും തളർച്ചയുണ്ടാകരുതെന്ന് കരുതി ഇവിടെയും പോസ്റ്റ്‌ ചെയ്യുന്നു. കുടുംബ സദസ്സുകളിൽ ഇവ ചർച്ചയാകട്ടെ. നമ്മുടെ ഉദ്ദേശം ഒന്നേയുള്ളൂ - ഇപ്പോഴുള്ള തലമുറയെയും അവർക്ക് പിന്നാലെ വരുന്ന തലമുറകളെയും ലഹരിയുടെ ഒരു നീരാളിപിടുത്തവും മയക്കി കിടത്തരുത്.

ഒരൽപം വൈകാരികമായി കഴിഞ്ഞ രാവിൽ സംസാരിച്ചത് ലഹരി മുക്ത ഗ്രാമം എന്ന നമ്മുടെ എല്ലാവരുടെയും നല്ല ഉദ്ദേശം ഒരരുക്കായിപ്പോകരുതെന്ന് കരുതിയാണ്. അതിലെ ആത്മാർഥതയെ ആരും ചോദ്യം ചെയ്യാത്തതും അത് കൊണ്ട് തന്നെയാവാം. നന്ദിയുണ്ട് . ലഹരി മുക്ത ഗ്രാമം എന്ന ചർച്ച തുടങ്ങിയപ്പോൾ ഉണ്ടായ ചില നല്ല വശങ്ങൾ ഉണ്ട്. 1) ഓപ്പൺ സംവാദം വിഷയങ്ങൾ അറിയാൻ സാധിച്ചു 2) വിഷയങ്ങളുടെ വിവിധ വശങ്ങളിൽ നിന്ന് കൊണ്ട് പലർക്കും സംസാരിക്കാൻ പറ്റി. 3) ചില വാചകങ്ങൾ ഉദ്ദേശിച്ചതിന് അപ്പുറം മനസ്സിലാക്കാൻ സാധ്യതകൾ ഉണ്ടെന്ന വസ്തുത തിരിച്ചറിഞ്ഞു 4) ലഹരി മുക്ത ഗ്രാമം എന്നതിലപ്പുറം നമുക്ക് ആലോചിക്കണമെന്ന നിർദ്ദേശം ഉദാ : പുകവലി,പാൻപരാഗ്, ഹനസ് മുക്ത ഗ്രാമം 5) അതിന്റെ മുന്നോടിയായി മദ്രസ്സ, മസ്ജിദ്, സ്കൂൾ പരിസരത്തുള്ള ഷോപ്പുടമകൾ- സാമൂഹ്യ പ്രവർത്തകർ - കടയുടമകൾ എന്ന ത്രികോണ സൌഹൃദ കൂട്ടായ്മയ്ക്ക് രൂപം നൽകി അവയുടെ വിൽപന നിർത്തുക 6)വൈവിധ്യങ്ങളും ആകർഷകവുമായ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമിടുക. 7) മുതിർന്ന വിദ്ധ്യാർഥികളും യുവാക്കളും മുന്നിൽ നിന്ന് കൊണ്ട് നേതൃത്വം നൽകുക. അവരുടെ കൂടി അഭിപ്രായങ്ങൾ ആരാഞ്ഞു വിവിധ action plans ഉണ്ടാക്കുക. (ഒരു തളപ്പാകരുത് എല്ലാ മരത്തിനും; ഒരു മരുന്നാകരുത് എല്ലാ രോഗങ്ങൾക്കും എന്ന് സാരം ) 8)മദ്രസ്സാ-സ്കൂൾ അധ്യാപകർ ആഴ്ചയിൽ കുറഞ്ഞത്‌ രണ്ടു ദിവസം, 10 മിനുട്ടെങ്കിലും കുട്ടികൾക്ക് ബോധ്യപ്പെടുന്ന രൂപത്തിൽ അവരുടെ പ്രായമനുസരിച്ചു കുറിപ്പുകൾ തയ്യാറാക്കി വിഷയത്തിന്റെ ഗൌരവവും മുൻകരുതലുകളും മനസ്സിലാക്കി കൊടുക്കുക 9) ഇഷാ നമസ്ക്കാര ശേഷം രക്ഷിതാക്കൾ അടക്കം വീട്ടിലെത്തുക, കുടുംബത്തോടൊപ്പം രാത്രി ഭക്ഷണം കഴിക്കുക 10) ഒരു വീട്ടുകാർ അയൽ വീട്ടുകാരന്റെ മേൽനോട്ടക്കാരനാകുക 11) വ്യത്യസ്ത അഭിപ്രായങ്ങളെ ഗുണപരമായും ഗുണകാംക്ഷയോടും ഉത്പാദനപരമായും കാണുക 12) ആളുകളുടെ പേരുകൾ പൊതുവേദിയിൽ പ്രഖ്യാപിക്കുകയല്ല; അറിയുന്നവർ അയാളുടെ അഭിമാനത്തെ വകവെച്ചു കൊണ്ട് പിന്തിരിയാൻ ആവശ്യപ്പെടുക 13)മുതിർന്ന വിദ്ധ്യാർഥികളും യുവാക്കളും മുന്നിൽ നിന്ന് കൊണ്ട് നേതൃത്വം നൽകുക 14 )മഹല്ലുകൾ കേന്ദ്രീകരിച്ചു ജനങ്ങളെ സാക്ഷി നിർത്തി പുകവലി-പാൻപരാഗ്, ഹൻസ് (tobacco products) വിരുദ്ധ പ്രതിജ്ഞ എടുക്കുക . ഉപയോഗിക്കുന്നവർ പ്രതീകാത്മകമായി ഉണ്ടാക്കിയ ''തീകുൺഠങ്ങളി''ൽ (ഒരു മാതൃക സൂചിപ്പിച്ചെന്നേയുള്ളൂ) അവയെറിഞ്ഞു തങ്ങളുടെ ദുശ്ശീലം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുക. 15 ) ലഹരി വിൽപന -ഉപയോഗത്തിൽ അറിഞ്ഞും അറിയാതെയും ഉൾപ്പെട്ടവരെ ഉപദേശിച്ചു നന്നാക്കാൻ പറ്റാത്ത അവരുടെ കൂട്ടുകാർ അവരുടെ കൂട്ടുകെട്ട് ഒഴിവാക്കുക. 16 )ചാരിയവരെ ചാരാതിരിക്കുക. അങ്ങിനെ ചാരുന്നത് കാണുമ്പോഴാണ് അനാവശ്യ സംശയങ്ങൾ ഉണ്ടാകുന്നത് ( ഈ പറഞ്ഞത് മനസ്സിലാക്കാൻ ഒരു ഉദാഹരണം : 100 രൂപയുടെ ചില്ലറ അത്യാവശ്യമായി വരുമ്പോൾ, തൊട്ടടുത്ത കള്ള് ഷാപ്പിൽ ആരും ചില്ലറ ചോദിച്ചു പോകില്ല. അത് പ്രായോഗിക ബുദ്ധിയും ഔചിത്യ ബോധവും. അവിടെന്നു ചില്ലറയും വാങ്ങി പുറത്തിറങ്ങുമ്പോൾ ആരെങ്കിലും കണ്ടാൽ അയാളെ എത്ര ബോധ്യപ്പെടുത്താൻ നിങ്ങളുടെ ഊർജ്ജം ചെയവഴിക്കണം അതിന്റെ പതിന്മടങ്ങ്‌ ഊർജ്ജം ''ചാരിയവനെ ചാരിയാൽ'' ചെലവഴിക്കേണ്ടി വരും ) 17) ക്യാമ്പയിന് ഒരു നല്ല ടൈറ്റ്ൽ ഉണ്ടാകണം. ലക്‌ഷ്യം, ഇരുണ്ട ഭാവിയിൽ നിന്ന് രക്ഷപ്പെടാനാകണം. ഇരുട്ടിന്റെ ശക്തികൾക്ക് മുന്നറിയിപ്പുമാകണം. 17 )ഗ്രാമസഭാംഗത്തിന്റെ നേതൃത്വത്തിൽ കൂട്ടായ്മ ഉണ്ടാകുക (കൂടിയാലോചനയ്ക്ക് കൂടായ്മ വളരെ അനിവാര്യമാണ് ); കൂട്ടത്തിൽ പ്രവാസികളെ ഉൾപ്പെടുത്തി അതിന്റെ കീഴിൽ ഒരു ഉപസമിതി കൂടിയാകാവുന്നതാണ് ഒരിക്കൽ കൂടി ഇവയും നിങ്ങളുടെ ബഹുമാന്യ സമക്ഷം. ഇവ അഭിപ്രായങ്ങളോ നിർദേശങ്ങളോ മാത്രം. കൂടുതൽ പ്രായോഗികമായവ നിങ്ങളുടെ ഭാഗത്തും ഉണ്ടാകുമല്ലോ. അസ്‌ലം മാവില ക്ഷമയോടെ : എല്ലാവരും എന്റെ അനിയന്മാരാണ്; ജേഷ്ഠസുഹൃത്തുക്കളും. ഒരു പ്രാവാസിയായ എനിക്ക് ഇവിടെ നിന്ന് ഇപ്പോൾ ഇങ്ങിനെ മാത്രമേ നിങ്ങളുടെ കൂടെ നിൽക്കാൻ സാധിക്കൂ. നാട്ടിലുള്ളപ്പോൾ സാമൂഹിക -സാംസ്കാരിക-വിദ്യാഭ്യാസ വിഷയങ്ങൾ എന്റെ ശ്രദ്ധയിൽ വരുമ്പോഴും ആരെങ്കിലും എന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോഴും ഞാൻ അവയെ പഠിച്ചുകൊണ്ട് തന്നെ മുൻനിരയിലല്ലെങ്കിലും പിന്നിലല്ലാത്ത നിരയിൽ നിന്നിട്ടുണ്ട്.

നിരീക്ഷണം

നിരീക്ഷണം പരീക്ഷാ കാലം - രക്ഷിതാക്കൾ അവശ്യം വായിക്കേണ്ടത് ... അസ്‌ലം മാവില ഒരനുഭവം പറയാം. ദുബായിൽ ഉള്ള കാലം. എന്റെ ഒരു പരിചയക്കാരൻ. ഒരു ജമാഅത്തിന്റെ പ്രസിഡന്റ്. സംഘാടകൻ. അത്ര വിദ്യാഭാസമില്ലെങ്കിലും ചില വേദികളിലൊക്കെ സജീവമായി പ്രവർത്തിക്കുന്ന വ്യക്തി. എപ്പോഴും ഞാൻ അയാളുടെ മക്കളുടെ വിദ്യാഭ്യാസകാര്യങ്ങൾ ആരായും. അദ്ദേഹം നാട്ടിൽ പോകുന്നത് ഒരു ഫിക്സഡ് മാസത്തിലല്ല. ആവശ്യമെന്ന് തോന്നുമ്പോൾ നാട്ടിലേക്ക്. മകൻ പ്ലസ്‌വണ്ണിനു പഠിക്കുന്നത് അറിയാം. എന്നോടൊക്കെ ആരാഞ്ഞിരുന്നു കുട്ടിയുടെ ഭാവി പഠനത്തെ കുറിച്ച്. രണ്ടു വർഷവും കഴിഞ്ഞ് പിന്നെയും അയാൾ പറയുന്നത് മകന്റെ പ്ലസ് ടു വിനെ കുറിച്ച്. എന്റെ ഓർമ്മ വെച്ച് അവൻ അപ്പോൾ ഡിഗ്രീ ഒന്നാം കൊല്ലം പഠിക്കണം. അയാൾ എന്നോട് വാശി പിടിച്ചു - '' എന്റെ മോൻ വളരെ പാവം. കള്ളം മേമ്പൊടിക്ക് പോലും പറയില്ല. നാട്ടിൽ ആർക്കും അവനെ കുറിച്ച്പരാതിയും ഇല്ല. അവനെ മാത്രമേ ഞാൻ വീട്ടിൽ വിശ്വസിക്കാറുമുള്ളൂ. പ്ലസ്‌ ടു പഠിക്കുന്ന മോൻ എങ്ങിനെ ഡിഗ്രിക്ക് പഠിക്കുക ?" ഒരു മാസം കഴിഞ്ഞില്ല - അദ്ദേഹത്തെ ഒരു സദസ്സിൽ കണ്ടു മുട്ടി. വീണ്ടും എന്റെ പതിവ് ചോദ്യം. മോന്റെ പഠനം എങ്ങിനെ ? പ്ലസ്‌ ടു അരക്കൊല്ലപരീക്ഷയിൽ മകന്റെ റിസൽട്ട് എങ്ങിനെ ? മെച്ചമുണ്ടോ ? അയാളുടെ കണ്ണ് നിറയുന്നത് കണ്ടു. ''അസ്‌ലം, നീ അന്ന് പറഞ്ഞതായിരുന്നു ശരി, എന്റെ വിദ്യാഭ്യാസകുറവും അവനോടുള്ള വിശ്വാസക്കൂടുതലും മോൻ നന്നായി മുതലെടുത്തു. കഴിഞ്ഞ വർഷം പ്ലസ്‌ ടു തോറ്റു. എന്നോടത്പറഞ്ഞില്ല. നേരം തെറ്റിയുള്ള നാട്ടിൽ പോക്ക് എനിക്ക് തന്നെ കൺഫ്യൂഷൻ ഉണ്ടാക്കി. ചില പരീക്ഷകൾ എഴുതിയിട്ടേയില്ല. അകലെയുള്ള സ്കൂൾ അവൻ വഴിവിട്ട ഏർപ്പാടിന് ഉപയോഗിച്ചു. അസുഖമുള്ള ഉമ്മ സ്കൂളിൽ പോയന്വേഷിക്കില്ലെന്നതും അവനു എളുപ്പമായി. ഒരു ''വാടക എളേപ്പ'' ആയിരുന്നു രക്ഷിതാവ്. അയാൾ അത് മുതലാക്കി ഇവന്റെ കയ്യിന്ന് ഇടക്കിടക്ക് കാശും വാങ്ങിക്കൊണ്ടിരുന്നു. അയാൾ പിന്നൊരു സ്കൂളിൽ ഇവന്റെ കൂട്ടുകാരന്റെ ''മൂത്താപ്പ''യാണ്. ഇപ്പോഴും പഠിക്കാനെന്ന് പറഞ്ഞു ദിവസവും പോകും. ഒരു ടുട്ടോറിയലിൽ സയന്സ് വിഷയങ്ങൾക്ക് ട്യൂഷന് പോകുന്നെന്നാണ് വിളിച്ചു വിരട്ടിയപ്പോൾ പറഞ്ഞത്'' ഞാൻ പറഞ്ഞു - ''അതും കള്ളമാകാനാണ് സാധ്യത. ഒന്ന് കൂടി അന്വേഷിക്കൂ. നിങ്ങൾ അന്ന്പറഞ്ഞ സയൻസ് ഗ്രൂപ്പും ആകില്ല ഇപ്പോൾ പഠിക്കുന്നത് ; പ്രാക്റ്റിക്കൽ ക്ലാസ്സ് എന്നൊന്നുണ്ട്; അത് ഈ പറഞ്ഞ ''കിട്ടുണ്ണി'' ടുട്ടോറിയലിൽ കിട്ടില്ല. തവളയും പാറ്റയും പഴുതാരയും ചീന്ട്രവാളയും സൾ-അൾ-ഹൈഡ്രോ-സിട്രിക്കാസിഡൊന്നും ആ ''ഓലപ്പുര''യിൽ പരീക്ഷണ വിധേയമാക്കുന്നു എന്ന് നിങ്ങളുടെ മകൻ എത്ര വലിയ ബിരുദാനന്തര ബിരുദ മെടുത്തവന്റെ പിൻ ബലത്തിൽ പറഞ്ഞാലും എന്നെ കിട്ടില്ല.'' പിറ്റേ ദിവസം ''.....ക്കത്തെ ഇച്ച'' എന്നെ അതിരാവിലെ വെറും വയറ്റിൽ വിളിച്ചു - ''ഒക്കുറോ, ഓൻ ഡാക്ട്ട്ര് ബേണ്ടാലോ... അക്കൌണ്ട്രേ പാഗെല്ലോ ഇപ്പോ പടിക്കിന്നെ... ഞമ്മോ നിരീച്ചെ പോലേ അല്ല ഇപ്പള്ത്തെ പുള്ളോ ...ഞമ്മളെ ബിറ്റിറ്റ് ബെരും ..''. പാപഭാരം മുഴുവൻ മകന്റെ തലയിൽ കെട്ടി വെച്ചു. അയാളോ ? നല്ല വെള്ളത്തിൽ കാലും വെച്ചു. ******************************************************** പരീക്ഷാ കാലമായി . രക്ഷിതാക്കൾ അറിഞ്ഞിരിക്കുമല്ലോ . അറിഞ്ഞില്ലെങ്കിൽ ഈ കുറിപ്പ് അതിനു ഇടയാകട്ടെ. വെറും പത്താം ക്ലാസ് മാത്രമല്ല പരീക്ഷ. പ്രീ സ്കൂൾ മുതലുള്ള എല്ലാ പരീക്ഷയും രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്; കുട്ടികൾക്കും. നിങ്ങളാണ് മക്കളെ മദ്രസ്സയിലേക്കും സ്കൂളിലേക്കും രാവിലെ പറഞ്ഞ് വിടുന്നത്. അവരെ തുടക്കം മുതലേ ശ്രദ്ധിക്കണം. എങ്കിൽ അത്കുട്ടികൾക്ക് പഠനത്തിൽ മുഴുകാൻ പ്രേരിപ്പിക്കും. ഒരു ഉടായിപ്പൊന്നും പിന്നെ നടക്കില്ല. ലീവ് കിട്ടുന്നതനുസരിച്ച് നാട്ടിൽ പോകുന്ന പ്രവാസികളായ രക്ഷിതാക്കളും ശ്രദ്ധിക്കണം. ''......ക്കത്തെ ഇച്ചാന്റെ'' മോൻ പറ്റിച്ചത് പോലെ ആകരുത് കാര്യങ്ങൾ. മാർച്ച് രണ്ടു മുതൽ പരീക്ഷ ഒമ്പത് വരെയുള്ള കുട്ടികൾക്ക്. മാർച്ച് ഒമ്പത് മുതൽ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് പബ്ലിക് പരീക്ഷ. അത് 23 വരെ. പ്ലസ്‌ വൺ, പ്ലസ്‌ടു പരീക്ഷകളും ഇതേ സമയത്ത് തന്നെ. അത് കഴിഞ്ഞു ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്ക് ബാക്കി പരീക്ഷ. കല്യാണം, വിരുന്ന്, ബിസ്താരം എല്ലാത്തിനും കുറെ പോയതല്ലേ. ഇനി മക്കൾ കുറച്ചു വീട്ടിൽ അടങ്ങി ഒതുങ്ങി പഠിക്കട്ടെ. ഉമ്മമാർ അവർക്ക് വേണ്ടി ഒന്നിരിക്കണം, അവരുടെ കൂടെ. ടി.വി., സീരിയൽ ഇതൊക്കെ മാറ്റി വെച്ച് (ആ ശീലമുള്ളവർ) കുട്ടികളുടെ അടുത്ത് ഇരിക്കട്ടെ, മക്കൾക്ക് സപ്പോർട്ടായി. ടി.വി. ഓഫാക്കി പത്രം വായിച്ചാൽ പോരേ ?. കോഴിയും ഇറച്ചിയും മീനൊക്കെ കുറക്കുക; പച്ചക്കറിയാകട്ടെ കുറച്ചു ദിവസങ്ങൾ. കുട്ടികൾ ശാന്തമായി റിവിഷൻ നടത്തട്ടെ . ''പടിക്ക്റാ... പടിക്ക്റാന്ന്'' പറഞ്ഞോണ്ടിരിക്കാതെ അവരെയൊന്ന് ശ്രദ്ധിച്ചാൽ മതി, നല്ല വാക്കുകൾ പറഞ്ഞ് കൂടെ ക്കൂടുക. ഗൾഫിലുള്ള രക്ഷിതാക്കളോട് ഒരഭ്യർത്ഥന. പരീക്ഷ കഴിയും വരെ നിങ്ങൾ രാത്രിഫോൺ വിളി ഒരു മണിക്കൂറിൽ നിന്ന് അഞ്ച് -പത്ത് മിനിട്ടാക്കി ചുരുക്കണം. കുട്ടികളുടെ ശ്രദ്ധ അങ്ങോട്ട്‌ തിരിയും. ഉമ്മാന്റെ ശ്രദ്ധ കുട്ടികളിൽ നിന്ന് വഴി മാറുകയും ചെയ്യും. ഈ പരീക്ഷാ കാലം കഴിയുന്നത് വരെ കുടുംബ സമേതമുള്ള രാത്രി കാല വിരുന്നു പോക്കും നിർത്തണം - നമ്മുടെ കുട്ടികൾ ഏതായാലും പഠിക്കുന്നില്ല, മറ്റേ കുട്ടികളെ പോയി ശല്യം ചെയ്യണോ ? നോട്ട് : ഇതിന് ലൈക്ക് വേണ്ട. ഉപകാരപ്പെടുമെങ്കിൽ എന്റെ പേര് ഒഴിവാക്കി നാല് കുടുംബങ്ങൾക്ക് ഇത് എത്തിക്കുക.

NIREEKSHANAM

ഉപ്പ ഉറങ്ങാത്ത വീടുകൾ ഉണ്ടാകാതിരിക്കാൻ ... ''കേരളം ജാഗരൂകരാകണം. ഒരു ജനത മുഴുവൻ ഉറക്കമൊഴിച്ചു നിൽക്കണം. ആരും ഈ ചതിക്കുഴിയിൽ പെടരുത്''. സാമൂഹിക ശാസ്ത്രജ്ഞർ, രാഷ്ട്രീയ ബുദ്ധി ജീവികൾ. പോലീസും രഹസ്യാന്വേഷണവിഭാഗവും കണക്ക് നിരത്തുന്നു. വിഷയം കഞ്ചാവും മയക്ക് മരുന്നും . പേരിൽ തന്നെ എല്ലാമുണ്ട്. ആളുകളെ മയക്കും. ബുദ്ധിയെ അടിമപ്പെടുത്തും. സ്വബോധം പോകും. അക്രമവാസന ഉണരും. മനസ്സിൽ ദുർബോധനം കൂടും. ഉമ്മ പെങ്ങമ്മാരെയോ അയൽക്കാരെയൊ ഉപ്പയെയോ, ആരെയും, തിരിച്ചറിയാതെ വരും. എല്ലാവരും ശത്രുക്കൾ ആയി തോന്നും. പിന്നെ ഉപദേശം ഏശില്ല. സ്വബോധം പോയാലെന്ത് ഉപദേശം ? നമ്മുടെ നാട് ഈ ലിസ്റ്റിൽ ഉണ്ടാകരുത്. നമ്മുടെ അതിർത്തിക്കുള്ളിലേക്ക് ഈ ''പാപങ്ങളുടെ മാതാവി''ന്പ്രവേശനം നൽകരുത്. ''ലഹരി -മയക്ക് മരുന്ന് വിമുക്ത ഗ്രാമം''. അത് എന്നും എപ്പോഴും നിലനിർത്തണം. മരണശയ്യയിൽ നമ്മുടെ മക്കളോട് നല്ല വസിയ്യത്തോടെ കണ്ണടക്കാൻ പറ്റണം. '' മോനേ നീ കാരണം ഈ നാട് കളങ്കപ്പെടരുത്. ഒരു ഉമ്മയുടെയും ഉപ്പയുടെയും കണ്ണ് നീരിനു നീ ഹേതുവാകരുത്. ആ കൂട്ടുകെട്ടിൽ നീ പെട്ട് പോകരുത്. നിന്നെ നൊന്ത് പെറ്റത് കാരണം, ഖബറിൽ മോന്റെ ഉമ്മ ശിക്ഷ വാങ്ങരുത്. നിന്റെ ഉപ്പ തീ തിന്നരുത്.'' നാടും പരിസരവും എല്ലാം ശുദ്ധിയോടെ വേണം. കഞ്ചാവ്, മദ്യം, പാൻ പരാഗ്, ഹുട്ക്ക, ഹൻസ്... ഇവയൊന്നും നമ്മുടെ അന്തരീക്ഷത്തിൽ ഉണ്ടാകരുത്. വിശ്വാസികളുടെ നാട്ടിൽ ഇവ നിഷിദ്ധമാണ്. നാടിനു പുറത്തുള്ളവരോട് കൂട്ടുകൂടുമ്പോൾ ശ്രദ്ധിക്കണം. അവരുടെ പശ്ചാത്തലം അറിഞ്ഞേ ഇണങ്ങാവൂ. ഒരു ചെറിയ ''സൂചന'' കിട്ടിയാൽ കൂട്ടുകെട്ട് വിടണം. പുറം നാട്ടുകാരുടെ പശ്ചാത്തലം നമുക്കറിയില്ല. അവരുടെ കൂട്ടുകെട്ടിന്റെ പേരിൽ എല്ലാവരും നമ്മെ സംശയിക്കും. കുശുകുശുക്കും. ചാരിയവനെ, അവൻ ആരാന്നറിയാതെ, ചാരിയത് കൊണ്ട് കിട്ടുന്ന മോശം പേര്. ''ഇന്ന ആളുടെ കൂടെ മോനെ കണ്ടിരുന്നു''. അത് പോരെ, നിന്റെ ഉമ്മാന്റെ സമാധാനം പോകാൻ. സഹോദരിയുടെ സ്വസ്ഥം കെടാൻ. ''ഉപ്പ ഉറങ്ങാത്ത'' വീടായി മാറാൻ. നിങ്ങൾ അറിയുമോ ? സ്കൂൾ കുട്ടികളിൽ സിഗരറ്റ് വലിയുണ്ട്. നമ്മുടെ നാട്ടിലെ കുട്ടികളിൽ. എത്ര കഷ്ടം ! കുട്ടികൾ ഇത് എവിടെന്നാണ് കണ്ട് വളർന്നത് ?. സ്വന്തം വീട്ടിൽ നിന്നോ? പരിശോധിക്കണം. വീട്ടിൽ പുകവലി ശീലമുണ്ടെങ്കിൽ ഇന്ന്ന തന്നെ അതു നിർത്തുക. ''ഞാൻ കാരണം എന്റെ മോൻ ഇനി സിഗരറ്റ് ഊതരുത്. അവന് ഇന്ന് മുതൽ ഞാൻ മാതൃകയാണ്''. അങ്ങിനെ ഒരു പ്രതിജ്ഞ എടുക്കുക. പുകവലി നിർത്തിയ ഉപ്പ. എളേപ്പ. ജേഷ്ട്ടൻ. അളിയൻ, അമ്മാവൻ. .... എത്ര നല്ല വീട്ടുകാർ. അതോടെ വൃത്തികെട്ട വാസന ആ വീട്ടിൽ നിന്ന് മാറും. സുഗന്ധത്തിന്റെ സുപരിമളം വീശും. ഉപ്പയെ മുത്താൻ മക്കൾക്ക് തോന്നും. നന്മയുടെ മലക്കുകൾ ആ വീടിനു അഭിവാദ്യം നേരും... വീട്ടിലെത്താൻ രാത്രി വൈകരുത്. ഉപ്പയും മൂത്ത ജേഷ്ടനുമാണ് ആദ്യം കൂടണയേണ്ടത്. വരാത്ത മോനെ അന്വേഷിക്കണം. ''ഉള്ളിൽ ഉറങ്ങുന്നെന്നു'' ഉമ്മ കള്ളം പറയരുത്. ഉപ്പ പ്രവാസിയാണെങ്കിൽ അയൽവാസികൾ സഹായികളാകണം. അവർക്ക് നിങ്ങളും സഹായിയാകട്ടെ. ആദ്യമൊക്കെ ഒരു വല്ലായ്ക തോന്നും - ഒന്ന് ശ്രമിച്ചു നോക്കൂ, രാത്രി ഭക്ഷണം ഒന്നിച്ച് കഴിക്കാൻ. ആ ശീലം മരണം വരെ ഉണ്ടാകും. ഒരാൾ ഒരൽപം വരാൻ വൈകിയാൽ... ഇല്ല ആർക്കും ചോറ് തൊണ്ടയിലിറങ്ങില്ല. ഒരു കുട്ടി പോലും രാത്രി അലഞ്ഞു തിരിഞ്ഞു നടക്കരുത്. കല്ലിലും കൽവെർട്ടിലും കവലയിലും കടത്തിണ്ണയിലും രാത്രി ഇരിക്കുന്ന ശീലം (ഉണ്ടെങ്കിൽ) ഒഴിവാക്കുക. ഇപ്പോഴുള്ള അന്തരീക്ഷം അത്ര നല്ലതല്ല. പത്രങ്ങളിൽ നിങ്ങൾ വാർത്തകൾ വായിക്കാറില്ലേ ? എത്ര നല്ല നാടുകളാണ് എത്ര പെട്ടെന്ന് മോശമായത് ! ചെറിയ തിന്മകൾ കണ്ടപ്പോൾ നിസ്സാരമായി കണ്ടതായിരുന്നു കാരണം. അരുകിൽ ചേർത്ത് അവരെ ഗുണദോഷിക്കാൻ ആരും തുനിഞ്ഞില്ല. കുഞ്ഞുമക്കൾക്ക് അത് ''സസ്സാരാ''യി; നിസ്സാരായി;സാരമില്ലാതായി. ഓരോ മഹല്ലും ഉണരണം. മഹല്ല്ഭാരവാഹികൾ ഇതിന്റെ ഉത്തര വാദിത്വം ഏറ്റെടുക്കണം. എല്ലാ മീറ്റിങ്ങിലും ഇതൊരു അജണ്ടയായി വരണം. ഇനി വൈകരുത്. യുവാക്കൾ മുന്നിൽ വരട്ടെ. മുതിർന്നവർ മുൻപന്തിയിൽ നിൽക്കട്ടെ. സ്കൂൾ -മദ്രസ്സാ അധ്യാപകർ, ഖതീബുമാർ, പള്ളി ഇമാമുകൾ, മത -സാമൂഹിക-സാംസ്കാരിക -രാഷ്ട്രീയ നേതാക്കൾ, വിദ്യാർഥികൾ, കുടുംബിനികൾ എല്ലാവരും കാമ്പയിന്റെ ഉയിരും ഊർജവുമാകണം. പത്രങ്ങളിൽ വരുന്ന വാർത്തകളും അങ്ങിങ്ങായി കേൾക്കുന്ന സൂചനകളും നാളെ നമ്മുടെ നാടിനെയും ബാധിച്ചേക്കാം. പിന്നെ എല്ലാം തലകീഴ് മറിയും. ഒന്നോർക്കുക. കൈവിട്ടു പോയാൽ, പിന്നെ വാവിട്ടു കരയാനേ പറ്റൂ. മക്കളെക്കുറിച്ചോർത്ത് ഉപ്പ ഉറങ്ങുന്ന വീടുകൾ എന്നുമെന്നും നമ്മുടെ നാട്ടിൽ വേണം. മുൻകരുതലാണ് ഒരു നാടപ്പാടെ രോഗം കാർന്ന് തിന്നുന്നതിൽ നിന്ന് രക്ഷിക്കുക. ജാഗ്രതയാണ് അതിനു വേണ്ടത്, നിതാന്ത ജാഗ്രത. അല്ലാഹു എല്ലാ പൈശാചിക വൃത്തിയിൽ നിന്ന് നമ്മുടെ ഗ്രാമത്തെയും അയൽ പ്രദേശങ്ങളെയും രക്ഷപ്പെടുത്തട്ടെ, ആമീൻ .

കുട്ടിക്കാല-കുസൃതിക്കണ്ണുകൾ

കുട്ടിക്കാല-കുസൃതിക്കണ്ണുകൾ

മാവിലേയൻ

റേഷൻ കടയിൽ പോവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം കൊല്ലുമ്പോലെയാണ്. (ഉള്ളത് പറയാമല്ലോ - എന്ത് ''ബെനെ'' ഉള്ള പണിയും ഉമ്മ എന്നെ ഏൽപ്പിക്കുന്നത് എനിക്ക് ചെറുപ്പത്തിൽ തീരെ ഇഷ്ടമില്ലായിരുന്നു). റേഷൻ കടയിൽ പോകുമ്പോൾ ദേഷ്യം പിടിക്കാൻ പ്രത്യേകിച്ച് ഒരു കാരണവും ഉണ്ട്.

ഞങ്ങൾക്ക് അന്ന് കൊല്ല്യയിലാണ് റേഷൻ കട.  സാധാരണ ശനിയാഴ്ചയാണ് അവിടെ വല്ലതും ഉണ്ടാവുക. മണ്ണെണ്ണ, പഞ്ചസാര, പൂങ്ങലൈരി. വല്ല ഓണത്തിനോ സംക്രാന്തിക്കോ പനയെണ്ണ കിട്ടിയാലായി. ഒരു ഓടിട്ട രണ്ട് മാടുള്ള കെട്ടിടം, സിഗ്സാഗ് മോഡലിൽ എന്നാണ് ഓർമ്മ.  അതിൽ ഒരു ചായക്കട, ഒരു പലചരക്ക് കട.  അകത്തു നിന്ന് ചായക്കടയിലെക്ക് പോകാം. റേഷൻ കടയും പലചരക്ക്കടയും മതിലില്ലാതെ ഒരേ മുറി. ഏറ്റവും അറ്റത്ത്  ചെറിയ സ്റ്റോർ മുറി. നാളി, മണ്ണെണ്ണ വലിക്കുന്ന പൈപ്പ്, മണ്ണെണ്ണ അളവ് പാത്രങ്ങൾ മുതലായവ ഉപയോഗിക്കുന്നതും ഉപയോഗശൂന്യമായതും അതിൽ ഉണ്ടാകും.

ഞങ്ങളുടെ റേഷൻ കാർഡ് അന്ന് ഫെയിമാസായിരുന്നു. അത് അങ്ങട്ട്  എത്ര ''അട്ടി''ക്കിടയിലും വെച്ചാൽ  ഞങ്ങളുടെ റേഷൻ കാർഡ്  കാണാം.  അതിനു കൊമ്പുണ്ടാഞ്ഞിട്ടൊന്നുമല്ല. അതിന്റെ പിന്നിൽ മറ്റൊരു ചോര മണക്കുന്ന സ്റ്റോറിയുണ്ട്.

പതിക്കാലിൽ ഒരു സുകു ഉണ്ട്. അവൻ എന്നോട് ഒരു ദിവസം നാലണ, എട്ടണ എന്തോ ചോദിച്ചു. കടമെന്നു പറയുന്നു. എനിക്ക് കിട്ടിയിട്ട് വേണ്ടേ ഇവന് കടമായോ  ദാനമായോ  കൊടുക്കാൻ.  പുള്ളി എന്നെക്കാളും ഒരു വര്ഷം ചെറുത്. ഞാൻ ആറാം ക്ലാസ്സ്, അല്ലെങ്കിൽ ഏഴ്.  ഇവൻ പൈസ കൊടുക്കാത്ത ദേഷ്യത്തിന് എന്നെ പതിക്കാലിൽ കാത്തിരുന്ന്   എന്റെ തലമണ്ട നോക്കി ഒരു കല്ലെറിഞ്ഞു -അത് എന്റെ നെറ്റിയിൽ തന്നെ  കൊണ്ടു. ചോര കണ്ടപ്പോൾ  അവൻ ഓടി. അപ്രതീക്ഷിതമായ ഏറിനിടയിൽ എന്റെ കയ്യിന്ന് റേഷൻ കാർഡ് വീണു. അടപ്പില്ലാത്ത മണ്ണെണ്ണ ഡബ്ബ അതിനു മേലെ വീണു, സംഭവം ആകെ കുട്ടിചോറായി.
എന്റെ ഈ അവസ്ഥ കണ്ടിട്ട് ഒന്ന് രണ്ടു പേർ അവിടെ എത്തി. അവർക്ക് ആളെ മനസ്സിലായി. ഒരാൾ പറഞ്ഞു - അങ്ങ് സീദിച്ചാന്റെ പോരെന്റെടുത്തുള്ള ''കട്ട''ന്റെ അടുത്ത്  ഈ സുകു ഉണ്ടെന്ന്. ഒരു ദേഷ്യത്തിന് എറിഞ്ഞെന്നെയുള്ളൂ. ഇമ്മാതിരി ഒരു രക്ത പ്രവാഹം സുകുവും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.  (ഏതായാലും ആ ഏറ്  ഞങ്ങളുടെ റേഷൻ കാർഡ് ഫെയിമാസാകാൻ ഒരു നിമിത്തമായി എന്ന് കരുതിയാൽ മതി). അവിടെ നിന്ന് സീദിച്ചയോ മറ്റോ ''കമ്മ്യൂനിസ്റ്റ്‌ അപ്പ''യുടെ രണ്ടു മൂന്ന് തളിരില പറിച്ചു എന്റെ നെറ്റിയിൽ തേച്ചു തന്നു - സുകുവിന്റെ ഏറിൽ കിട്ടിയ വേദന അതിനിടയിൽ ഒന്നുമല്ലായിരുന്നു. എന്ത് കത്തൽ മോനേ ...

റേഷൻ കാർഡിലേക്ക് വരാം. ശരിക്കും  അതിന്റെ കോലം തന്നെ മാറി. അങ്ങിങ്ങായി എന്റെ നെറ്റിയിലെ രക്തക്കറ. അത് മായിക്കാനുള്ള ശ്രമത്തിനിടക്ക് ചട്ട അങ്ങിനെ തന്നെ പറിഞ്ഞു കിട്ടി. കാർഡിന് മുകളിൽ മണ്ണെണ്ണ ഒഴുകിയത് കൊണ്ട് ''കല്ലും കാട്ടഉം'' വേറെ. അതിലും രസം -  1981 ൽ തന്ന അരിയും പഞ്ചസാരയും 1982 ൽ കാണും. 1983 ബാക്കി ഉള്ളതും  കാണും. റേഷൻ കടയിലെ ''സുകുചേട്ടന്റെ ഒപ്പൊക്കെ പല പേജിലായി പ്രത്യക്ഷപ്പെടാൻ  തുടങ്ങി.   റേഷൻ കടയിൽ റൈറ്റർ നോക്കുമ്പോൾ അത് ഞാൻ വാങ്ങിയതായി കാണും. പോരാത്തതിന് മണ്ണെണ്ണയുടെ പുഞ്ഞ മണവും. എന്തൊക്കെയോ ആ പാറക്കെട്ടുകാരൻ  പുലമ്പും. എനിക്ക് ഈ കക്ഷി വെറുതെ അരിയും എണ്ണയും തരുന്നത് പോലെയൊക്കെ തോന്നിയിട്ടുണ്ട്, ചില സമയങ്ങളിൽ. അമ്മാതിരി കണ്ണ് മിഴിച്ചൊക്കെ നോട്ടം. ഞാൻ പ്ലിങ്ങി താഴോട്ടോ വിലവിവരബോർഡിലേക്കോ നോക്കി നിൽക്കും.


 ഞാൻ റേഷൻ കടയിൽ കാലെടുത്ത് വെക്കുന്നതിനു മുമ്പ്  തന്നെ സുകുവേട്ടൻ ബാക്കിയുള്ളവരോട്‌ പറഞ്ഞിരിക്കും - ''ആ ചെക്കൻ ബെര്ന്നെ ഇണ്ട്.'' ഞാൻ അകത്തു എത്തുമ്പോഴേക്കും അവിടെ ഇരുന്നവരൊക്കെ ഒരു മാതിരി ചിരി - ''ഒക്കുവല്ലോ, ജോനെന്നെയെല്ലോ''. എന്റെ കാർഡിന്റെ മണമായിരിക്കണം  ആ കമന്റിനും കൊലച്ചിരിക്കും പിന്നിലെ കാരണം.

( അത് പറയുമ്പോൾ എന്റെ ഒരു കൂട്ടുകാരന്റെ അളിയനെ സ്വീകരിക്കാൻ  ഒരു പട്ടാണി ഡ്രൈവറുടെ കൂടെ ദുബായിൽ എയർപോർട്ടിൽ പാതിരാക്ക്  പോയത് ഓർത്ത്‌ പോയി. നമ്മുടെ ''എയർ ഇന്ത്യ'' വരാൻ പതിവ് പോലെ അന്നും വൈകി. കാത്തു കാത്തു എല്ലാവരും ഒരരുക്കായി. പട്ടാണിക്ക് വിശന്നു സ്ഥലകാലബോധം നഷ്ടപ്പെട്ടു തുടങ്ങി. എന്റെ കൂട്ടുകാരൻ ഓരോ സംഘം വരുമ്പോഴും വാ പൊളിച്ചു നോക്കും- അളിയനുണ്ടോന്ന്. പെട്ടെന്ന് പട്ടാണി ഉച്ചത്തിൽ പറഞ്ഞു - ''തുമാറാ ആദ്മീ ആയേഗാ .(''ആഗയാ'' എന്ന് നമ്മൾ മനസ്സിലാക്കണം )...''
ഞാൻ ഫ്രണ്ടിനോട്  ചോദിച്ചു : ''അല്ലടാ, വരുന്നത് നിന്റെ അളിയനോ ? പട്ടാണിയുടെയോ ?
കൂട്ടുകാരൻ : എന്റെതാ
ഞാൻ : പിന്നെ ഈ പട്ടാണിക്ക് നിന്റെ അളിയനെ നേരത്തെ  അറിയോ ?''
കൂ. കാ  : ''എവിടെ ? അളിയൻ  ആദ്യായിട്ടാണ്‌ നാട്ടിന്ന്  വരുന്നത് തന്നെ. പട്ടാണിക്ക് ബയറ് പൈച്ചെ പിരാന്ത്ടാ...നീ ഓനെ നോക്കി ചിരിക്കണ്ടാ ...ബണ്ടിയും കൊണ്ട് പോഉം.."
അച്ചട്ട് - കുറച്ചു കഴിഞ്ഞപ്പോൾ പുള്ളിയുടെ അളിയൻ അതാ ട്രോളിയുമായി ഉന്തിയും തള്ളിയും മതിലിൽ തൂക്കിയ  ഫാൻ തിരിയുന്നത് പോലെ  അങ്ങോട്ടുമിങ്ങോട്ടും നോക്കി  അന്താളിച്ചു, ഞങ്ങളെയും തപ്പി വരുന്നു.

വണ്ടിയിൽ കേറിയിട്ടു ഞാൻ സാവധാനത്തിൽ പട്ടാണിയോട്  ചോദിച്ചു : ''അല്ല ചങ്ങായി അനക്കെങ്ങനെ ഇത് തിര്ഞ്ഞി, ''യെ സാല ആഗയാ'' എന്ന്.
പട്ടാണി പറഞ്ഞു  : ഹംകോ ബഹൂത് ദൂർശേ  ''അച്ചാർ'' സ്മെൽ പക്കഡേഗാ''. അച്ചാറിന്റെ മണം വളരെ ദൂരേന്ന്മൂ ക്കിലടിച്ചപ്പോൾ പട്ടാണി കണക്ക് കൂട്ടി പോലും  ''മാർവാഡികാ പ്ലേട്ട്''   ലാന്റ് ഹോയേഗാ എന്ന്. പട്ടാണി ചില്ലറ സാധനമൊന്നുമല്ല, കേട്ടോ. മൂസീറ്റ് പ്രവചിക്കും  )

വീണ്ടും റേഷൻ കാർഡിലേക്ക് ;  റേഷൻ കടയിൽ   പോയാൽ ഞങ്ങളുടെ റേഷൻ കാർഡ് ''അട്ടി'' വെക്കാൻ കടയിൽ   പലരുമെന്നെ  സഹായിക്കും - എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. അവരുടെ റേഷൻ കാർഡ് ചീത്തയാകാതിരിക്കാൻ. രണ്ടു  പ്ലാസ്റ്റിക്ക്കഷ്ണം അടിയിലും മുകളിലുമായി ഞാൻ  വെക്കണം  (നമ്മൾ പണ്ട്  പപ്പടം ഉണ്ടാക്കുമ്പോൾ വെക്കാറുള്ളത്  പോലെ).  ഇല്ലെങ്കിൽ തൊട്ടു താഴെയും മുകളിമുള്ള കാർഡിന്മേൽ മണ്ണെണ്ണ പരക്കും.  പിന്നെ അതിന്റെ പഴി കേൾക്കേണ്ടി വരും.

 ആ ഒരു കാർഡ് മൂലം ഞാൻ അവിടെന്നു കേട്ട ''വളിച്ച' കമന്റ്സിനു കയ്യും കണക്കുമില്ല. നമ്മളെയൊക്കെ നല്ല പരിചയമുള്ള കാക്ക-കാർന്നോർമാരൊക്കെ അവിടെ എത്തിയാൽ സുകുചേട്ടന്റെ കൂടെയാണ് ചിരിക്കാൻ നിൽക്കുക. അതിന്റെ ഗുട്ടൻസ് ഇത്  വരെ പിടി കിട്ടിയിട്ടില്ല.  വില്ലേജ് ആപീസിൽ പോയാൽ അവിടെയുള്ള ''ഉഗ്രാണി''യുടെ കൂടെക്കൂടി ചിലർ സംസാരിക്കുന്നത് പോലെ.

തലശ്ശേരി ഭാഗത്തൊക്കെ കാണുന്ന  ഫ്രീക്കൻ പയ്യൻസിന്റെ തലമുടി രൂപത്തിൽ  കോലം കൊണ്ടും കൊരോസിനോയിൽ മണം കൊണ്ടും  പ്രശസ്തമായ  ആ മാണിക്കക്കല്ല് ഒരു പക്ഷെ ലോകത്ത് ഏറ്റവും കൂടുതൽ പഴികേട്ട റേഷൻ കാർഡ് ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആ കാർഡ് അവഹേളിക്കപ്പെടുമ്പോൾ എന്റെ ഖല്ബ് മാത്രമായിരുന്നു പിടഞ്ഞത്.

ഒരു ദിവസം പത്രത്തിൽ സർക്കാർ അറിയിപ്പ് കണ്ടു : റേഷൻ കാർഡ് പുതുക്കുന്നു, അപേക്ഷാ ഫോറം ബന്ധപ്പെട്ട റേഷൻ കടയിൽ കിട്ടും. അന്ന്  46 -നമ്പർ   റേഷൻ കടയിൽ നിന്ന്  ആദ്യം അപേക്ഷ വാങ്ങിയത് ഞാനായിരുന്നു എന്നാണു എന്റെ ഒരോർമ്മ. അന്ന് ക്യൂ നിൽക്കേണ്ടി വന്നില്ല. എല്ലാവരും എന്റെ ആവശ്യം തിരിച്ചറിഞ്ഞു എനിക്ക് വഴി മാറി തന്നു. ''പാപോ ...ജോന് കൊട്ത്ത്റ് പഷ്‌ട്ട്....ജോന് ഞമ്മളാട്ടിം മിന്നെ ക്വാക്ക്.. '' നമ്മുടെ കാരണവന്മാർ ഫലിതം പറയാൻ കിട്ടുന്ന ചാൻസ് അന്നും വെറുതെ വിട്ടില്ല.

അപേക്ഷ  ഫോറമൊക്കെ കൊടുത്ത്  പിന്നെയും കുറെ നാൾ കഴിഞാണ്   പുതിയ റേഷൻ കിട്ടിയത്.  അത്  കിട്ടിയ സന്തോഷത്തിൽ വീട്ടിൽ വന്ന്ചാടിയ ചാട്ടമാണ് എന്റെ നെറുവംതലയിൽ ഇന്നുമുള്ളത്. കട്ടിലയുടെ മുകളിൽ തട്ടി തല വീണ്ടും പൊട്ടി ! അന്ന് ചോര പൊടിയാതിരിക്കാൻ ഉമ്മ തലയിൽ  തേച്ചത് പഞ്ചസാര !