ഉപ്പ ഉറങ്ങാത്ത വീടുകൾ ഉണ്ടാകാതിരിക്കാൻ ...
''കേരളം ജാഗരൂകരാകണം. ഒരു ജനത മുഴുവൻ ഉറക്കമൊഴിച്ചു നിൽക്കണം. ആരും ഈ ചതിക്കുഴിയിൽ പെടരുത്''. സാമൂഹിക ശാസ്ത്രജ്ഞർ, രാഷ്ട്രീയ ബുദ്ധി ജീവികൾ. പോലീസും രഹസ്യാന്വേഷണവിഭാഗവും കണക്ക് നിരത്തുന്നു.
വിഷയം കഞ്ചാവും മയക്ക് മരുന്നും . പേരിൽ തന്നെ എല്ലാമുണ്ട്. ആളുകളെ മയക്കും. ബുദ്ധിയെ അടിമപ്പെടുത്തും. സ്വബോധം പോകും. അക്രമവാസന ഉണരും. മനസ്സിൽ ദുർബോധനം കൂടും. ഉമ്മ പെങ്ങമ്മാരെയോ അയൽക്കാരെയൊ ഉപ്പയെയോ, ആരെയും, തിരിച്ചറിയാതെ വരും. എല്ലാവരും ശത്രുക്കൾ ആയി തോന്നും. പിന്നെ ഉപദേശം ഏശില്ല. സ്വബോധം പോയാലെന്ത് ഉപദേശം ?
നമ്മുടെ നാട് ഈ ലിസ്റ്റിൽ ഉണ്ടാകരുത്. നമ്മുടെ അതിർത്തിക്കുള്ളിലേക്ക് ഈ ''പാപങ്ങളുടെ മാതാവി''ന്പ്രവേശനം നൽകരുത്. ''ലഹരി -മയക്ക് മരുന്ന് വിമുക്ത ഗ്രാമം''. അത് എന്നും എപ്പോഴും നിലനിർത്തണം. മരണശയ്യയിൽ നമ്മുടെ മക്കളോട് നല്ല വസിയ്യത്തോടെ കണ്ണടക്കാൻ പറ്റണം.
'' മോനേ നീ കാരണം ഈ നാട് കളങ്കപ്പെടരുത്. ഒരു ഉമ്മയുടെയും ഉപ്പയുടെയും കണ്ണ് നീരിനു നീ ഹേതുവാകരുത്. ആ കൂട്ടുകെട്ടിൽ നീ പെട്ട് പോകരുത്. നിന്നെ നൊന്ത് പെറ്റത് കാരണം, ഖബറിൽ മോന്റെ ഉമ്മ ശിക്ഷ വാങ്ങരുത്. നിന്റെ ഉപ്പ തീ തിന്നരുത്.''
നാടും പരിസരവും എല്ലാം ശുദ്ധിയോടെ വേണം. കഞ്ചാവ്, മദ്യം, പാൻ പരാഗ്, ഹുട്ക്ക, ഹൻസ്... ഇവയൊന്നും നമ്മുടെ അന്തരീക്ഷത്തിൽ ഉണ്ടാകരുത്. വിശ്വാസികളുടെ നാട്ടിൽ ഇവ നിഷിദ്ധമാണ്. നാടിനു പുറത്തുള്ളവരോട് കൂട്ടുകൂടുമ്പോൾ ശ്രദ്ധിക്കണം. അവരുടെ പശ്ചാത്തലം അറിഞ്ഞേ ഇണങ്ങാവൂ. ഒരു ചെറിയ ''സൂചന'' കിട്ടിയാൽ കൂട്ടുകെട്ട് വിടണം. പുറം നാട്ടുകാരുടെ പശ്ചാത്തലം നമുക്കറിയില്ല. അവരുടെ കൂട്ടുകെട്ടിന്റെ പേരിൽ എല്ലാവരും നമ്മെ സംശയിക്കും. കുശുകുശുക്കും. ചാരിയവനെ, അവൻ ആരാന്നറിയാതെ, ചാരിയത് കൊണ്ട് കിട്ടുന്ന മോശം പേര്. ''ഇന്ന ആളുടെ കൂടെ മോനെ കണ്ടിരുന്നു''. അത് പോരെ, നിന്റെ ഉമ്മാന്റെ സമാധാനം പോകാൻ. സഹോദരിയുടെ സ്വസ്ഥം കെടാൻ. ''ഉപ്പ ഉറങ്ങാത്ത'' വീടായി മാറാൻ.
നിങ്ങൾ അറിയുമോ ? സ്കൂൾ കുട്ടികളിൽ സിഗരറ്റ് വലിയുണ്ട്. നമ്മുടെ നാട്ടിലെ കുട്ടികളിൽ. എത്ര കഷ്ടം ! കുട്ടികൾ ഇത് എവിടെന്നാണ് കണ്ട് വളർന്നത് ?. സ്വന്തം വീട്ടിൽ നിന്നോ? പരിശോധിക്കണം. വീട്ടിൽ പുകവലി ശീലമുണ്ടെങ്കിൽ ഇന്ന്ന തന്നെ അതു നിർത്തുക. ''ഞാൻ കാരണം എന്റെ മോൻ ഇനി സിഗരറ്റ് ഊതരുത്. അവന് ഇന്ന് മുതൽ ഞാൻ മാതൃകയാണ്''. അങ്ങിനെ ഒരു പ്രതിജ്ഞ എടുക്കുക.
പുകവലി നിർത്തിയ ഉപ്പ. എളേപ്പ. ജേഷ്ട്ടൻ. അളിയൻ, അമ്മാവൻ. .... എത്ര നല്ല വീട്ടുകാർ. അതോടെ വൃത്തികെട്ട വാസന ആ വീട്ടിൽ നിന്ന് മാറും. സുഗന്ധത്തിന്റെ സുപരിമളം വീശും. ഉപ്പയെ മുത്താൻ മക്കൾക്ക് തോന്നും. നന്മയുടെ മലക്കുകൾ ആ വീടിനു അഭിവാദ്യം നേരും...
വീട്ടിലെത്താൻ രാത്രി വൈകരുത്. ഉപ്പയും മൂത്ത ജേഷ്ടനുമാണ് ആദ്യം കൂടണയേണ്ടത്. വരാത്ത മോനെ അന്വേഷിക്കണം. ''ഉള്ളിൽ ഉറങ്ങുന്നെന്നു'' ഉമ്മ കള്ളം പറയരുത്. ഉപ്പ പ്രവാസിയാണെങ്കിൽ അയൽവാസികൾ സഹായികളാകണം. അവർക്ക് നിങ്ങളും സഹായിയാകട്ടെ. ആദ്യമൊക്കെ ഒരു വല്ലായ്ക തോന്നും - ഒന്ന് ശ്രമിച്ചു നോക്കൂ, രാത്രി ഭക്ഷണം ഒന്നിച്ച് കഴിക്കാൻ. ആ ശീലം മരണം വരെ ഉണ്ടാകും. ഒരാൾ ഒരൽപം വരാൻ വൈകിയാൽ... ഇല്ല ആർക്കും ചോറ് തൊണ്ടയിലിറങ്ങില്ല.
ഒരു കുട്ടി പോലും രാത്രി അലഞ്ഞു തിരിഞ്ഞു നടക്കരുത്. കല്ലിലും കൽവെർട്ടിലും കവലയിലും കടത്തിണ്ണയിലും രാത്രി ഇരിക്കുന്ന ശീലം (ഉണ്ടെങ്കിൽ) ഒഴിവാക്കുക. ഇപ്പോഴുള്ള അന്തരീക്ഷം അത്ര നല്ലതല്ല. പത്രങ്ങളിൽ നിങ്ങൾ വാർത്തകൾ വായിക്കാറില്ലേ ? എത്ര നല്ല നാടുകളാണ് എത്ര പെട്ടെന്ന് മോശമായത് ! ചെറിയ തിന്മകൾ കണ്ടപ്പോൾ നിസ്സാരമായി കണ്ടതായിരുന്നു കാരണം. അരുകിൽ ചേർത്ത് അവരെ ഗുണദോഷിക്കാൻ ആരും തുനിഞ്ഞില്ല. കുഞ്ഞുമക്കൾക്ക് അത് ''സസ്സാരാ''യി; നിസ്സാരായി;സാരമില്ലാതായി. ഓരോ മഹല്ലും ഉണരണം. മഹല്ല്ഭാരവാഹികൾ ഇതിന്റെ ഉത്തര വാദിത്വം ഏറ്റെടുക്കണം. എല്ലാ മീറ്റിങ്ങിലും ഇതൊരു അജണ്ടയായി വരണം.
ഇനി വൈകരുത്. യുവാക്കൾ മുന്നിൽ വരട്ടെ. മുതിർന്നവർ മുൻപന്തിയിൽ നിൽക്കട്ടെ. സ്കൂൾ -മദ്രസ്സാ അധ്യാപകർ, ഖതീബുമാർ, പള്ളി ഇമാമുകൾ, മത -സാമൂഹിക-സാംസ്കാരിക -രാഷ്ട്രീയ നേതാക്കൾ, വിദ്യാർഥികൾ, കുടുംബിനികൾ എല്ലാവരും കാമ്പയിന്റെ ഉയിരും ഊർജവുമാകണം. പത്രങ്ങളിൽ വരുന്ന വാർത്തകളും അങ്ങിങ്ങായി കേൾക്കുന്ന സൂചനകളും നാളെ നമ്മുടെ നാടിനെയും ബാധിച്ചേക്കാം. പിന്നെ എല്ലാം തലകീഴ് മറിയും. ഒന്നോർക്കുക. കൈവിട്ടു പോയാൽ, പിന്നെ വാവിട്ടു കരയാനേ പറ്റൂ.
മക്കളെക്കുറിച്ചോർത്ത് ഉപ്പ ഉറങ്ങുന്ന വീടുകൾ എന്നുമെന്നും നമ്മുടെ നാട്ടിൽ വേണം. മുൻകരുതലാണ് ഒരു നാടപ്പാടെ രോഗം കാർന്ന് തിന്നുന്നതിൽ നിന്ന് രക്ഷിക്കുക. ജാഗ്രതയാണ് അതിനു വേണ്ടത്, നിതാന്ത ജാഗ്രത.
അല്ലാഹു എല്ലാ പൈശാചിക വൃത്തിയിൽ നിന്ന് നമ്മുടെ ഗ്രാമത്തെയും അയൽ പ്രദേശങ്ങളെയും രക്ഷപ്പെടുത്തട്ടെ, ആമീൻ .
No comments:
Post a Comment