Saturday, February 4, 2017

കുട്ടിക്കാല കുസൃതി കണ്ണുകൾ - 48

കുട്ടിക്കാല കുസൃതി കണ്ണുകൾ -  48

മാവിലേയൻ


കല്യാണ തലേ ദിവസം ഇപ്പോഴൊക്കെ കാരണവന്മാർ വീട്ടിൽ എത്തിയാൽ എന്താണ് ആദ്യം നോക്കുക.  അന്ന് നോക്കിയിരുന്നത് ഞാൻ പറയാം.   ഒന്ന് തെങ്ങിന്റെ മണ്ടേല് കെട്ടിയ മൈക്ക്. പിന്നെ കൈകഴുകാൻ തെരെഞ്ഞെടുത്ത സ്ഥലവും അവിടെ വെച്ച രാക്ഷസചെമ്പോലവും , അവസാനം  ഊട്ടുപുര. അഡിഗെ സാലയിൽ ഒന്ന് വട്ടമിട്ടു മുണ്ടും പിന്നിൽ കുത്തി കാരണവന്മാർ പന്തലിൽ എത്തുമ്പോഴേക്കും ഒരു സൗകൂ രണ്ടു സ്റ്റെപ്പെടുത്തു ഫിറ്റ് ചെയ്ത ഇളിയുമായി   ഒരു ഗ്ലാസ് ചായയും ഒരു സാണിൽ കജൂറുമായി വരും.  കുമ്പള കജൂറാണ് അന്ന് ഫെയിമസ്. കാജൂറിന്റെ കാര്യത്തിൽ കാരണവർ ഒരു  തീരുമാനമാക്കിക്കഴിഞ്ഞാൽ അടുത്ത ഇനമായ  ''തുമ്മാന്റട്ടെ'' എത്തിയിരിക്കും. എത്തിയില്ലെങ്കിൽ വയസ്സന്മാർ  തലങ്ങും വിലങ്ങും അത് തന്നെ തന്നെ പറഞ്ഞു ബഹളമുണ്ടാക്കി കൊണ്ടേയിരിക്കും.  ചില പന്തലുകളിൽ നാലഞ്ചു കോളാമ്പിയും ഉണ്ടാകും, ഓട്ടിന്റെയോ ചെമ്പിന്റയോ മറ്റോ.

ഒരു അസർ മഗ്‌രിബ് ആയികഴിഞ്ഞാൽ പൂമാല കെട്ടൽ പരിപാടിയിലേക്ക് നീങ്ങും. അതിൽ മാത്രം പൂവ് ഉണ്ടാകില്ല. കല്യാണവീട്ടിൽ തിരക്ക് പിടിച്ച ചില അല്ലറ ചില്ലറ ആശാരിപ്പണിയിൽ ഏർപ്പെട്ടിട്ടുള്ള നാരായണാശാരി ''ഫർദുൽ കിഫ'' പോലെ ചെയ്ത തരേണ്ട ഒന്നാണ് പൂമാലക്കടലാസ് വട്ടുളിയിൽ മുറിച്ചു തരിക എന്നത്. ചില വീട്ടിൽ കളർ കടലാസ്സ് ആയിരിക്കും, ചിലയിടത്തു വെള്ളക്കടലാസ്. ഇടക്കിടക്ക് ബലൂൺ കെട്ടിയാൽ പന്തൽ ഉഷാറായി. ബക്ക്‌ബള്ളി മുറിക്കുക, മൈദമാവ് കുഴക്കുക, കടലാസ് തീർന്ന കയ്യിൽ അതെത്തിക്കുക ഇങ്ങിനെയുള്ള പണിയാണ് അൺപ്രൊഫാഷനലായ എന്നെപ്പോലെയുള്ളവർക്ക് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ ഡിഗ്രി എടുത്തവരാണ് അത് ഒട്ടിക്കാനും പന്തലിൽ കെട്ടാനും നേതൃത്വം നൽകുക. പൂമാല കെട്ടാൻ സഹായിച്ചില്ലെങ്കിൽ പിന്നെ പിറ്റേ ദിവസം കല്യാണത്തിന് പോകണ്ട, അത്ര പ്രാധാന്യമുള്ളത് പോലെയായിരുന്നു ആ സംഭവം അന്ന് കണ്ടിരുന്നത്.

അതൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോൾ നാട്ടിലെ ചില സ്ഥിരം പീർമുഹമ്മദ്മാരുണ്ട്, അവരുടെ അട്ടഹാസമാണ് കല്യാണപ്പന്തൽ സജീവമാക്കുക.  അതിന് ഞങ്ങൾ ഓമനപ്പേരിട്ടിരിക്കുന്നത് പാട്ട് എന്നാണ്. ഇവർക്ക് ആകെ അറിയുന്നത് നാല് പാട്ടാണ്. മദ്രസ്സാ വാർഷികത്തിന് പാടിപടിച്ച പാട്ടുകളായിരിക്കും ഇവ. സിനിമാ പാട്ട് അന്ന് എല്ലാവർക്കും ഹറാമായിരുന്നു.  എന്ത് പാടുന്നു എന്ന് പാടുന്ന പീർമുഹമ്മദ്മാർക്കും   അറിയില്ല, എന്തിനാണ് കേൾക്കുന്നതെന്ന് നാട്ടുകാർക്കും അറിയില്ല. പോയപോയവനൊക്കെ അവിടെ മെപ്പോട്ട് നോക്കി വായും തുറന്നോ,  ടോർച്ചിന്റെ പിൻതല തിരിച്ചോ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും. ഇനി അഥവാ പാടിയില്ലെങ്കിലോ ആ പന്തലിന്റെ പേര് തന്നെ ''മരിച്ചെ പൊരെ'' എന്നാണ്. അതിനിടയിൽ ഇടക്കിടക്ക് ജൂബിലി കാക്കയുടെ വക കോളാമ്പി മാപ്പിള പാട്ടുകൾ വേറെയും. പെട്ടിപ്പാട്ട് വൈകുന്നേരം തന്നെ തുടങ്ങും. നമ്മൾ പറഞ്ഞതനുസരിച്ചുള്ള ''ബട്ടെ''  ജൂബിലിക്കാക്ക കൊണ്ട് വരും.  ബട്ടെ മീൻസ് ഇന്നത്തെ സിഡിയുടെ പ്രാകൃത രൂപം തന്നെ. സ്പോർട്സിൽ ഉപയോഗിക്കുന്ന ഡിസ്കിന്റെ വലിപ്പം ഉണ്ടാകും. അത്തിലാണ്

ഇവർക്ക് തന്നെയാണ് എലെക്ട്രിക്സ് & എനെർജൈസേഷന്റെ  ചാർജ്ജും.  മുറ്റത്തെങ്ങാനും ഒരു മുളകിന്റെ ചെടിയോ മൈലാഞ്ചി ത്തൈയ്യോ  അതല്ല മറ്റു വല്ല  കുറ്റിച്ചെടിയോ കണ്ടാൽ, അവിടെ  മിന്നുന്ന ബൾബ് മാല കെട്ടിത്തൂക്കിയില്ലെങ്കിൽ  ഇവർക്ക് ഉറക്കും വരില്ല.  അതിനൊക്കെ ഇനം തിരിച്ചു  ചാർജുമുണ്ടായിരുന്നു. ചത്ത ട്യൂബ്ലൈറ്റ് പുതിയ കവറിലിട്ടു  കൊണ്ട് വന്നു കല്യാണ വീട്ടിലെ  തട്ടിവീഴാൻ ചാൻസുള്ള  സ്ഥലത്തു വീഴാനായി വെച്ച്, അത് പൊളിഞ്ഞാൽ   മുഴുവൻ ചാർജ്ജും  ബില്ലിടുമ്പോൾ ചിലർ ഈടാക്കിക്കളയും.

 ഊട്ടുപുരയുടെ ഓപ്പോസിറ്റ് വശത്തുള്ള പുറത്തെ  തെണയാണ് മൈക്ക് സെറ്റുകാരുടെ ഇരിപ്പിടവും  അവരുടെ ട്രാക്ക്സ്  ഒപേറേഷൻ ഏരിയയും.  കുറെ ഹലാക്കിന്റെ ചുറ്റിയതും ചുറ്റാത്തതുമായ  വയറും കുന്ത്രാണ്ടവും തൂങ്ങിപ്പിടിച്ചു  ആ ഭാഗത്തുള്ള ഒരു പാവം  ''ജനൽ'' കോലം കെട്ടിട്ടുണ്ടാകും, ആ വീട്ടിലെ എല്ലാർക്കും കല്യാണാഹ്ലാദമുണ്ട്, ഈ ജനലിനു  മാത്രം കല്യാണമില്ല എന്ന മട്ടിൽ.  അതിന് തൊട്ട് താഴെയാണ്  ഐസ്കട്ട ചാക്കിൽ പൊതിഞ്ഞു വെക്കുന്ന സ്ഥലം. ഈ ഭാഗത്താണ് കല്യാണത്തിന് വന്ന മൂക്കള ഒലിപ്പിച്ച  പിള്ളേർ ഒന്നിന് പിറകെ ഒന്നായി ഇങ്ങനെ  വീണ് കൊണ്ടേ ഇരിക്കുന്ന സ്ഥലം, ഒന്നുകിൽ ഐസ് കട്ടയിൽ കാല് തട്ടും, അല്ലെങ്കിൽ ജൂബിലിക്കാരന്റെ ഇലക്ട്രിക് വയർ കാലിൽ ചുറ്റും.

കല്യാണ ദിവസം നിങ്ങൾക്ക് ഒരു വെള്ള തട്ടമോ കോളാകുപ്പി പൊട്ടിക്കുന്ന ഓപണറോ കല്യാണ വീട്ടുകാർ മനസ്സറിഞ്ഞു വിളിച്ചു തന്നിട്ടുണ്ടെങ്കിൽ നിങ്ങൾ അവിടെ വലിയ ആദരിക്കപ്പെട്ട മനുഷ്യനാണ്. ഇതിനായിട്ടാണ് നെട്ടോട്ടം. വെള്ളത്തട്ടം ആകെ വാങ്ങുക അരഡസൻ ആയിരിക്കും. രണ്ടെണ്ണം അരി അരിയ്ക്കാൻ, രണ്ടെണ്ണം കൈകഴുകുന്ന സ്ഥലത്തു കെട്ടിത്തൂക്കാൻ, രണ്ടെണ്ണം പറയപെട്ടവരുടെ അരയിൽ ചുറ്റിക്കെട്ടാൻ. കോളാകുപ്പി പൊട്ടിക്കുന്ന ഓപണർ ഏൽപ്പിക്കാത്തതിന്റെ പേരിൽ കല്യാണ സദസ്സിനു തെറ്റിപ്പോയവരൊക്കെ അന്നുണ്ട്. പിന്നെ ബാക്കിയുള്ളവർക്ക് കിട്ടുക വാഴത്തണ്ടാണ്, അതാണ് ടേബിൾ ക്‌ളീനിംഗ് ഡിവൈസ്.

ഏറ്റവും ബേജാറിന്റെ ഉത്തരവാദിത്തമാണ് ഇറച്ചിക്ക് കാവലിയിരിക്കുക എന്നത്. അതിന് ഏതെങ്കിലും കുടുംബത്തിലെ ഒരു പാവം ''തൂങ്ങിച്ചത്ത'' ഒരാളെ തപ്പിപ്പിടിച്ചു കൊണ്ട് വന്നു അല്പം പഞ്ചസാരയിട്ട ചായയൊക്കെ ഇടക്കിടക്ക് കൊടുത്തു പരുവപ്പെടുത്തി, പിന്നെയും വഴങ്ങുന്നില്ലെങ്കിൽ മുതിർന്ന  കാരണവരുടെ മുമ്പിലെത്തിച്ചു ഇറച്ചിക്ക് കാവൽ നിൽക്കുന്നതിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി കൊടുത്തു ലെവലാക്കി വെക്കും.  അതിൽ ആ മൈസ്‌കീൻ വീണാൽ പിന്നെ അവന്റെ അന്നത്തെ ഉറക്കം പോയെന്ന് കൂട്ടിയാൽ മതി. മാത്രവുമല്ല,  പിറ്റേ ദിവസം ബോധത്തോടെ കല്യാണം കൂടാനും പറ്റില്ല,  ഇടക്കിടക്ക് കോട്ടുവായിട്ടും പുളിൻന്തേക്കിട്ടും  ഒരു ഉണർച്ചയില്ലാതെ നിലാവെട്ടത്തെ കോഴിപോലെ ഇങ്ങനെ യാന്ത്രികമായി നടക്കുന്നുണ്ടാകും. അതിനിടക്ക് അവന്റെ കണ്ണ് നോക്കി ചിലരുടെ അവസാനത്തെ കമന്റും, ''എന്ത്രാ നിന്റെ കണ്ണ് ചോന്നിറ്റ് കള്ള് കുടിച്ചെ പോലെ''. അത് കേൾക്കുകയേ നിർവ്വാഹമുള്ളൂ ! അതിന്റെ ദേഷ്യം അവൻ പിന്നെ  തീർക്കുക,  അവസാനം തനിക്ക് മന്ത്രിച്ചൂതിയ ആ പരട്ട കാരണവരോട് തർക്കുത്തരം പറഞ്ഞായിരിക്കും.

അന്നത്തെ കല്യാണത്തിന് ''ബെളമാനം'' എത്തിയാൽ നിങ്ങൾ അത് കഴിച്ചിരിക്കും - എന്താന്നല്ലേ ? കൽത്തപ്പഉം കാക്കപർണ്ടിയും. അത് കഴിക്കാൻ ഭാഗ്യം കിട്ടിയവർ ആ കല്യാണപ്പുരയെയും കല്യാണപ്പുരക്കരെയും  മുഹബ്ബത്ത് വെക്കുന്നവരാണ്. അതുകൊണ്ടല്ലേ അവ്വൽ സുബഹിക്ക് നിങ്ങൾ പല്ലുപോലും തേക്കാതെ, ഒരു അലാറം പോലും വെക്കാതെ, ഉറക്കത്തിന്ന് എണീറ്റതും,  അവിടെ ഓടിക്കിതച്ചെത്തിയതും , ചേരിക്കഷ്ണത്തിൽ പല്ലുതുടച്ചതും കല്യാണവീട്ടുകാരുടെ കൂടെ കൽത്തപ്പവും മഞ്ഞത്തണ്ണിയും ചൂട്ചൂട് കഴിച്ചതും.  ആകാശത്തിൽ വെള്ളിവര വന്നാൽ, (രാവിലെ ആറ് മണി കഴിഞ്ഞാൽ ),  പിന്നെ ആ സാധനം ഒന്ന്റ്റെയിസ്റ്റ് നോക്കാൻ  മഷിയിട്ടാൽ പോലും കിട്ടില്ല.  ഇതെവിടെയാണ് അപ്രത്യക്ഷ്യമാകുന്നതെന്നറിയില്ല.

പിന്നെ ആകെ നമ്മുടെ പാർട്ട്, സപ്ലെയാണ്. വന്നവർക്ക് ചോറിടുക, ചൂടുവെള്ളം കൊടുക്കുക. അതൊരു വല്ലാത്ത യജ്ഞം തന്നെയാണ്. കറിയെങ്ങാനും വന്നവന്റെ മേത്തേക്ക് വീണാൽ പിന്നെ ഒന്നും പറയണ്ട. ചില സൂചനകളും ടെക്നിക്കയും അവിടെ പഠിച്ചില്ലെങ്കിൽ നിങ്ങൾ അതിൽ പെട്ടു എന്ന് പറയാം. ഊരാൻ പറ്റിയില്ല. അതിലൊന്നാണ്, ഒരു പ്രായമുള്ള ഒരാൾ നിങ്ങളെ ''ഇദാ മോനെ, നീ ഔകൂന്റെ മോനല്ലേ,  ഇങ് ബാ.....'' കട്ടായം, കണക്കാക്കിക്കോ, അയാൾ വിളിച്ചത് വെറും ചോറും മീൻ കറിയും കുച്ചിപ്പർത്ത്ന്ന് കൊണ്ട് വരാനാണ്. അങ്ങിനെ ഒരു വിളികേട്ടാൽ, ഒന്നും ആലോചിക്കേണ്ട ഏതെങ്കിലും ഒരു സാധുവിനെ അങ്ങോട്ടേക്ക് വിട്ടാൽ മതി. നിങ്ങൾക്ക്  നൈസായി സ്കൂട്ടാവുകയും ചെയ്യാം,  കല്യാണം തീരും വരെ മറ്റേ പാവത്തിന്  പണിയും കിട്ടും.  ബെറും ചോറ് എന്ന് പറയുമ്പോൾ തന്നെ പിന്നെ നമ്മൾ അവന്റെ പേരായിരിക്കും ഉച്ചത്തിൽ വിളിക്കുക.

 ഞാൻ അന്നൊക്കെ ഒന്ന് രണ്ടു സ്ഥിരം സൗകുമാരെ ഒന്നിച്ചാണ് കല്യാണസദസ്സിൽ ഭക്ഷണത്തിന്  ഇരിക്കുക. (ഞാൻ മാത്രമല്ല, മിക്ക ആൾക്കാരും അങ്ങിനെ തന്നെ).  വളരെ ഓപ്പണായി പറയട്ടെ, അവരെ കൂടെ ഇരുന്നാൽ മാറ്റ് ചോറ് വാങ്ങാൻ ഒച്ച വെച്ച്  തൊണ്ടകാറി നിലവിളിക്കേണ്ടതില്ല, അതവർ ചെയ്തോളും.  പിന്നെ പെട്ടെന്ന് എഴുന്നേറ്റും പോകേണ്ടതില്ല.  മാറ്റ് ചോറ് അവർക്ക് വരുമ്പോൾ  വരുമ്പോഴൊക്കെ ഞാൻ അറിയാത്തത് പോലെ വേറെ വല്ലയിടത്തും നോക്കിയിരിക്കും, അപ്പോൾ സപ്ലൈക്കാരൻ മാറ്റ് തട്ടിയിട്ട് പോകും. ''എന്നിന് ആദീലെ ഇട്ടെ'' എന്ന് ഫോർമലായി പറഞ്ഞു അതും തട്ടിയിട്ട് അവരെ കൂടെ എഴുന്നേറ്റ് പോകും.

ഇന്ന് പുയ്യാപ്ലന്റെ കൂടെ പോവുക എന്ന് പറഞ്ഞാൽ ഞാൻ കേട്ടിടത്തോളം ഒരു ഡീസന്റ് കുറവുള്ള ഏർപ്പാട് പോലെയാണല്ലോ പൊതുവെ ഒരു പറച്ചിൽ. അന്ന് പുയ്യാപ്ലന്റെ കൂടെപ്പോകാൻ സിഗ്നൽ കിട്ടി എന്ന് പറഞ്ഞാൽ അതൊരു സ്വകാര്യഅഹങ്കാരമായിരുന്നു. ടോക്കൺ സമ്പ്രദായം വരെ അന്ന് ഉണ്ടായിരുന്നു. കാര്യമായ ഒരു കദോത്ത് (സഭ നടത്തിപ്പ്കാരൻ)കാരനെ ബർക്കിളി , സീസർ കവർ കഷ്ണമാക്കി എണ്ണിത്തിട്ടപ്പെടുത്തി ഏൽപ്പിക്കും. ഇതയാൾ സ്വകാര്യമായി ഓരോരുത്തരെ വിളിച്ചു  കീശയിൽ ഇടും. കിട്ടിയവൻ ഭാഗ്യവാൻ ! കിട്ടാത്ത ചിലർ  രാവിലെ കണ്ട ആ വല്യആത്മാർത്ഥത കുറച്ചു കുറച്ചു മെല്ലെ അവിടെ നിന്ന്തടിയെടുക്കും. 50 -75 പേരൊക്കെയാണ് അന്ന് പുയ്യാപ്ലയുടെ കൂടെ പോവുക. ഇന്നത്തെപ്പോലെ സ്‌കൂൾ വിട്ടപ്പോലെയുള്ള ''നിലയും വിലയും'' കുറഞ്ഞ പോക്കല്ലല്ലോ.

രസകരമായ ഒരുപാട് സന്ദർഭങ്ങൾ പറയാനുണ്ട്. അതൊക്കെ എഴുതിയാൽ അതിര് കവിഞ്ഞു പോകും. രണ്ടു രസകരമായ മുഹൂർത്തങ്ങൾ സൂചിപ്പിച്ചു ഈ ലക്കം ഇപ്പോൾ നിർത്താം. ഒരു കല്യാണത്തിന് ടോക്കൺ കൊടുക്കാൻ ഏൽപ്പിച്ചത് സാധാരണ സഭ നടത്തുന്ന വ്യക്തിയെയല്ല. ടോക്കൺ ഇങ്ങനെ കൊടുക്കുന്നുണ്ട്. പെട്ടെന്ന് തീരുകയും ചെയ്തു. പുയ്യാപ്ല പോകാൻ ഒരുങ്ങി. എല്ലാവരും ബസ്സിലും കാറിലുമൊക്കെയായി ഇരുപ്പുറപ്പിച്ചു. പന്തൽ നോക്കുമ്പോൾ പുയ്യാപ്ലയുടെ രണ്ടാമത്തെ പെങ്ങളുടെ ഭർത്താവും അയാളുടെ ഒരു അനിയനും അയാളുടെ അളിയനും ബാക്കിയുണ്ട്. ഇവരെന്താ ഇവിടെ ? ടോക്കൺ കിട്ടിയില്ല. ആദ്യം ടോക്കൺ കിട്ടേണ്ട ''പൊതുവോർക്ക്''  ടോക്കൺ ഇല്ലെന്നോ ? അന്വേഷിച്ചപ്പോഴാണ് ആ സംഭവം പുറത്തറിഞ്ഞത് -   ടോക്കൺ കൊടുക്കാൻ ഏൽപ്പിച്ച മാന്യൻ  ''കൊടുത്ത'' പണിയാണ്. അയാൾ മനഃപൂർവം കൊടുത്തില്ല പോലും, ഇവരോട് മുമ്പെങ്ങോ ഒരു ദേഷ്യമുണ്ട്. അത്കൊണ്ട് ടോക്കണും കൊടുക്കാനും പോയില്ല.

മറ്റൊന്ന് ആശിച്ചു എങ്ങനെയോ ടോക്കൺ സമ്പാദിച്ചു പുയ്യാപ്ലപോക്ക് ലിസ്റ്റിൽ പെട്ട എന്റെ രണ്ടു കൂട്ടുകാരായ സൗകുമാരുടെ അനുഭവമാണ്. അവർ ആദ്യം തന്നെ ഒരു അംബാസിഡർ  വണ്ടിയിൽ ടോക്കൺ കാണിച്ചു ഇരുപ്പുറപ്പിച്ചു. ചില പ്രധാനപ്പെട്ട രണ്ടു മൂന്ന് ആളുകൾ കൂടി ബാക്കിയുള്ളതിനാൽ കൂട്ടത്തിൽ വയസ്സിളപ്പം കുറഞ്ഞ മിസ്കീനായ ആരെങ്കിലും ഉണ്ടോ വണ്ടീന്ന് ഇറക്കി ഇവരെ ഫിറ്റ് ചെയ്യാൻ എന്ന് തപ്പിക്കൊണ്ടിരിക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടു. വണ്ടി മൂവ് ആയില്ലെങ്കിൽ നൂറ്റൊന്ന് ശതമാനം ഉറപ്പ് ഇവർ രണ്ടാളെയും അയാൾ ഇറക്കും. വളഞ്ഞ വഴിയിൽ സമ്പാദിച്ച ടോക്കൺ കട്ടപ്പുക.  ഇറങ്ങുന്നത് കണ്ടാൽ പൊങ്കാല ഇടാനായി മാത്രം ചിലർ പല്ലിനും കുത്തി അവിടെ ഉണ്ട്. ഒന്നും ചിന്തിച്ചില്ല,    അവർ രണ്ടുപേരും അംബാസിഡർ ഡ്രൈവറോട് പറഞ്ഞു - വണ്ടി വിട്ടോ, ഞങ്ങൾക്ക് സ്ഥലമറിയാന്ന്. ഡ്രൈവർ പാവം ഇവർ രണ്ടുപേരുടെയും ഉറപ്പിൽ കാറിൽ ഉള്ളവരെയും കൊണ്ട്  മുന്നോട്ട് പോയി.

 പകുതിക്കെത്തുമ്പോൾ തന്നെ ഇവർ ഒഴികഴിവ് പറയാൻ തുടങ്ങി.   കല്യാണം ഇന്ന സ്ഥലത്താണെന്ന് അറിയാം, അവിടെ എത്തിയാൽ എന്തായാലും വീടും അറിയാം. പക്ഷെ, റൂട്ട് അറിയില്ലെന്ന്. അങ്ങനെ ഡ്രൈവർ  ആ സ്ഥലം വെച്ച് പിടിച്ചു.  പിന്നിൽ നോക്കുമ്പോൾ വേറെ വണ്ടിയൊട്ടു കാണുന്നുമില്ല.  അന്നാണെങ്കിൽ ആ ഏരിയയിൽ രണ്ടു മൂന്ന് കല്യാണവും ഉണ്ട്.  വഴിപോക്കരോട്  ചോദിച്ചപ്പോൾ അവർ പെണ്ണിന്റെ ഉപ്പാന്റെ പേര് പറഞ്ഞാൽ ഇന്ന വീടാണെന്ന് പറയാമെന്ന് . അതിന്  സൗകൂ രണ്ടിനും പോകട്ടെ, കാറിൽ ഇരിക്കുന്ന ഒരെണ്ണത്തിനും കല്യാണ വീട്ടുകാരുടെ പേരറിയില്ല.  കല്യാണ വീട് ഒന്ന് കഴിഞ്ഞു, രണ്ടു കഴിഞ്ഞു.  കാണുന്ന പന്തലിലേക്ക്  സൗകൂമാർ  രണ്ടും വണ്ടി  ഇറങ്ങി ഓടി നോക്കും. ഇറങ്ങിയില്ലെങ്കിൽ ഡ്രൈവർ വിരട്ടി  ഇറക്കും.  നാട്ടിലെ വല്ലവരെയും ആ പന്തലിൽ  കാണുന്നുണ്ടോയെന്ന് നോക്കി, ആരേയും കാണാതിരിക്കുമ്പോൾ  ഇളിഭ്യരായി തിരിച്ചു വരും.

ഇനി എന്ത് ചെയ്യും. അമ്മാതിരി കുടുങ്ങലാണ് കുടുങ്ങിയിട്ടുള്ളത്. ഇന്നത്തെപോലെ മൊബൈൽ ഇല്ലല്ലോ അന്നൊന്നും വിളിച്ചു ചോദിയ്ക്കാൻ.  രണ്ടാളും കൂടി ഒരു വീടിന്റെ മതിലിന് ചാരി കുറെ ആലോചിച്ചു. തിരിച്ചു പോയി ആ വീടല്ല നമ്മൾ ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ ഡ്രൈവർ അടക്കം ഇറങ്ങി അടിക്കും. അകത്തു ഒരുത്തൻ അല്ലെങ്കിൽ തന്നെ പായിച്ചു കണ്ണും ചെകിടും കാണാതെ ഇരിപ്പുണ്ട്. ആര് കൈ വെച്ചില്ലെങ്കിലും അയാൾ കൈ വെക്കും.  അവസാനം പത്തൊമ്പതാം അടവ് തന്നെ അവർ തീരുമാനിച്ചു.

രണ്ടാളും വണ്ടിയുടെ അകം ഒന്ന് കൂടി പമ്മിപ്പമ്മി വന്നു  നോക്കി.  ഭാഗ്യം ! നാട്ടിലെ ആരുമല്ല വണ്ടിക്കകത്തു ഉള്ളത്. ചെറുക്കന്റെ വകയിലെ പുറത്തു നിന്നുള്ളവർ. , ഒരിക്കലും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത  അറിയാത്ത ഡ്രൈവറും.    കിരികിരി  ഡ്രൈവറും അതിനകത്തുള്ള ''വിദേശികളും'' ക്ഷമ കെട്ടു തുടങ്ങിയിട്ടുണ്ട്.  ഇനി  കാറിൽ പോയി ഇരുന്നാൽ രണ്ടാലൊന്നും നടക്കും.   അവസാനം രണ്ടും കൽപ്പിച്ചു  ഇപ്പോൾ വരാന്നു പറഞ്ഞു , അവിടെ നിന്ന് തടി സലാമതാക്കി , ഒരു കല്യാണ പന്തലിൽ കേറി രണ്ടു പേരും  പൈച്ച  വയറ്റിൽ  സാദാനെയ്ച്ചോറു പള്ള നിറച്ചും  കഴിച്ചു, മറ്റൊരു വഴിയിൽ കൂടി,  വന്ന  വണ്ടിയും വിട്ട് തടി എടുത്തു.

അവർ കുറെ നടന്നു നടന്നു ഒരു ബസ്റ്റോപ്പിൽ ബസ്സിന് കൈ കാട്ടുമ്പോഴുണ്ട്, നമ്മുടെ നാട്ടിലെ കല്യാണവണ്ടികൾ ഇങ്ങനെ നിരനിരയായി പോകുന്നു  - എവിടേക്ക് കല്യാണ വീട്ടിലേക്ക് ! അപ്പോൾ കുറച്ചു മുമ്പ് നെയ്‌ച്ചോറ് കഴിച്ചതോ ? അതോ ? അത് ഏതോ ഒരു ഇച്ചാന്റെ ഏതോ ഒരു മോന്റെ കല്യാണചോറും. പെണ്ണിന്റെ വീട്ടിന്നല്ലേ അപ്പോൾ കഴിച്ചത് ? എവിടെന്ന് !

അഭ്യർത്ഥന & NOTE

അഭ്യർത്ഥന

ബഹുമാന്യരെ,

ഇന്നും നാളെയും മറ്റു വാർത്താസംബന്ധമായ ലിങ്കുകളടങ്ങിയ മെസ്സേജുകൾ ഓപ്പൺ ഫോറത്തിൽ പോസ്റ്റ് ചെയ്യുന്നത്  പരമാവധി  ഒഴിവാക്കാൻ ശ്രമിക്കുക.  നമ്മുടെ മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ,  അതിന്റെ ചർച്ചകൾ, വാർത്തകൾ, ചിത്രങ്ങൾ, വോയിസ് നോട്ടുകൾ  തുടങ്ങിയ നമുക്ക് കാണുകയും വായിക്കുകയും കേൾക്കുകയും ചെയ്യാമല്ലോ.

എല്ലായ്പ്പോഴും സിപി-ക്ക്  ലഭിച്ചുകൊണ്ടിരിക്കുന്ന സഹകരണത്തിനും  പിന്തുണയ്ക്കും നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട്,

കണക്റ്റിംഗ് പട്‌ല

-----------------------------
N O T E
പ്രിയ സിപി അംഗത്തിന്റെ അറിവിലേക്ക്

സിപിയിൽ കഴിഞ്ഞ ദിവസം നടന്ന താങ്കളുടെ ഇടപെടൽ (വോയിസ് നോട്ട്/ ടെക്സ്റ്റ് ) നാമെല്ലാവരും ഒന്നിച്ചു അംഗീകരിച്ച  സിപിയുടെ R & R (rules & regulations )ന്റെ താൽപര്യത്തിന് അനുയോജ്യമായതല്ലെന്നു ഞങ്ങൾ മനസ്സിലാക്കുന്നു.
താങ്കളെപ്പോലുള്ളവരിൽ നിന്ന്  നമ്മുടെ കൂട്ടായ്മയുടെ യോജിപ്പിനും ലക്ഷ്യത്തിനും യോജിച്ച രീതിയിലുള്ള പക്വമായ ഇടപെടലുകളും സജീവ  സാന്നിധ്യവുമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

തുടർന്നുള്ള സിപിയുടെ പ്രയാണത്തിൽ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു

കണക്റ്റിംഗ് പട്‌ല - ഗവേർണിംഗ് ബോഡി


N O T E

പ്രിയ സിപി അംഗത്തിന്റെ അറിവിലേക്ക്

സിപിയിൽ കഴിഞ്ഞ ദിവസം താങ്കൾ പോസ്റ്റ് ചെയ്ത  വിഡിയോ ക്ലിപ്പ്  & ടെക്സ്റ്റ് നാമെല്ലാവരും ഒന്നിച്ചു അംഗീകരിച്ച  സിപിയുടെ R & R (rules & regulations )ന്റെ താൽപര്യത്തിന് അനുയോജ്യമായതല്ലെന്നു ഞങ്ങൾ മനസ്സിലാക്കുന്നു.

താങ്കളെപ്പോലുള്ളവരിൽ നിന്ന്  നമ്മുടെ കൂട്ടായ്മയുടെ യോജിപ്പിനും ലക്ഷ്യത്തിനും യോജിച്ച രീതിയിലുള്ള പക്വമായ ഇടപെടലുകളും സജീവ  സാന്നിധ്യവുമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

നേരത്തെയും താങ്കൾ സിപിയിൽ ഇതുപോലുള്ള വീഡിയോസ് പോസ്റ്റ് ചെയ്തത് കൊണ്ട് ഞങ്ങൾക്ക് നടപടി സ്വീകരിക്കേണ്ടി വന്നിരുന്നു. ഇനിയും മനഃപൂർവ്വമോ അല്ലാതെയോ താങ്കളുടെ ഭാഗത്തു നിന്ന് ഇതുപോലുള്ളവ ഉണ്ടാകില്ലെന്നും  തുടർന്നുള്ള സിപിയുടെ പ്രയാണത്തിൽ താങ്കൾ പ്രതിബന്ധം സൃഷ്ടിക്കില്ലെന്നും ഞങ്ങൾ  പ്രതീക്ഷിക്കുന്നു.

കണക്റ്റിംഗ് പട്‌ല - ഗവേർണിംഗ് ബോഡി


N O T E
പ്രിയ സിപി അംഗത്തിന്റെ അറിവിലേക്ക്

സിപിയിൽ കഴിഞ്ഞ ദിവസം നടന്ന വാഗ്വാദങ്ങൾ  താങ്കളും  ഉൾപ്പെട്ടു എന്നറിഞ്ഞതിൽ ഞങ്ങളുടെ ഉത്കണ്ഠ അറിയിക്കുന്നു. അതാകട്ടെ,   നാമെല്ലാവരും ഒന്നിച്ചു അംഗീകരിച്ച  സിപിയുടെ R & R (rules & regulations )ന്റെ താൽപര്യത്തിന് അനുയോജ്യമായതല്ലെന്നു ഞങ്ങൾ മനസ്സിലാക്കുന്നു.

താങ്കളെപ്പോലുള്ളവരിൽ നിന്ന്  നമ്മുടെ കൂട്ടായ്മയുടെ യോജിപ്പിനും ലക്ഷ്യത്തിനും യോജിച്ച രീതിയിലുള്ള പക്വമായ ഇടപെടലുകളും സജീവ  സാന്നിധ്യവുമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

തുടർന്നുള്ള സിപിയുടെ പ്രയാണത്തിൽ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു

കണക്റ്റിംഗ് പട്‌ല - ഗവേർണിംഗ് ബോഡി

Saturday, January 28, 2017

Sunday, January 22, 2017

''ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ ജനകീയ പ്രതിരോധം''


''ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ
ജനകീയ പ്രതിരോധം''
യാമ്പു ഇസ്ലാഹി സെമിനാർ സംഘടിപ്പിക്കുന്നു

യാമ്പു : ''ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ ജനകീയ പ്രതിരോധം'' എന്ന തലക്കെട്ടിൽ യാമ്പു ഇന്ത്യൻ ഇസ്ലാഹി സെന്റർ  ജനുവരി 27 , വെള്ളിയാഴ്ച സെമിനാർ സംഘടിപ്പിക്കുന്നു. യാമ്പു  ലക്കി ഹോട്ടലിനു മുൻവശത്തുള്ള ജാലിയാത് ഓഡിറ്റോറിയത്തിലാണ് പ്രസ്തുത പരിപാടി.  വൈകുന്നേരം 06 .30 ന്  സെമിനാർ തുടങ്ങും.  മത -സാമൂഹിക- രാഷ്ട്രീയ -സാംസ്കാരിക നേതാക്കൾ സെമിനാറിൽ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ അബ്ദുൽമജീദ് സുഹരിയും ജനറൽ കൺവീനർ ഉബൈദ് കക്കോവും അറിയിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിനു തടയിടുക എന്നതിലുപരി കാവിഭരണകൂടത്തിന്   ഇഷ്ടപ്പെടാത്തവരെയൊക്കെ ശത്രു രാജ്യത്തേക്ക് പോകാൻ ആഹ്വാനം ചെയ്യുന്ന നവഫാസിസ്റ്റുകളുടെ തനിനിറം  ഇന്ത്യൻ ജാനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പ്രവാസികളായ മുഴുവൻ ഇന്ത്യൻ പൗരന്മാർക്ക് തുറന്ന് കാട്ടുകയും അത്തരം ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ ഒറ്റക്കെട്ടായി ജനകീയ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.  ആദ്യമവർ മതപ്രചാരകർ നോക്കിവെച്ചു; പിന്നെ മതവിശ്വാസികളെ ചാപ്പ കുത്തി; പിന്നെയവയവർക്ക് പേരിൽ മാത്രം മതം കണ്ടാലും അവരെയും നോട്ടമിട്ടു; ഇപ്പോൾ തങ്ങളുടെ നയങ്ങളെ എതിർക്കുന്നവരെയും അനഭിമതരാക്കി. സമകാലീന ഇന്ത്യൻ സാഹചര്യങ്ങൾ ഭീതിതമായാണ് ജാനാധിപത്യവിശ്വാസികൾ നോക്കികാണുന്നതെന്നു സംഘാടകർ പറഞ്ഞു.

സെമിനാറിന്റെ വിജയത്തിനായി അബൂബക്കർ മേഴത്തൂർ രക്ഷാധികാരിയും അബ്ദുൽ മജീദ് സുഹ്‌രി ചെയർമാനും ഉബൈദ് കക്കോവ്  ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. നിയാസ് പുത്തൂർ, അബ്ദുൽ അസീസ് കാവുംപുറം, ഷൈജു എം. സൈനുദ്ദീൻ, ഫാറൂഖ് കൊണ്ടയത്ത്, അലി. എ സി ടി, ഫമീർ, റഷീദ് വേങ്ങര, അലി അഷറഫ്, അസ്‌ലം മാവില എന്നിവരെ വിവിധ വകുപ്പ് കൺവീണർമാരായി തെരഞ്ഞെടുത്തു.  യോഗത്തിൽ ഇസ്ലാഹി സെന്റർ പ്രസിഡന്റ്  അബ്ദുൽ അസീസ് കാവുംപുറം അധ്യക്ഷത വഹിച്ചു. 

Thursday, January 19, 2017

കുട്ടിക്കാല കുസൃതിക്കണ്ണുകൾ - 47

കുട്ടിക്കാല കുസൃതിക്കണ്ണുകൾ - 47

മാവിലേയൻ

കല്യാണ മാമാങ്കങ്ങൾ അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യാൻ എല്ലാ നാട്ടുകാരെപ്പോലെ നമ്മുടെ നാട്ടുകാരും ഉഷാറായിരുന്നു.  എഴുതാൻ തുടങ്ങിയാൽ കുറെ ലക്കം അപഹരിക്കുമെന്ന് ഭയമുണ്ട്. കുറിച്ചെഴുതി നിർത്താം. ബാക്കി വായനക്കാർ ഇടപെട്ട് പൂർത്തിയാക്കിക്കൊള്ളണം.

മുമ്പ് അങ്ങിനെ ദിവസവും നാട്ടിൽ  കല്യാണമൊന്നുമില്ലല്ലോ. വല്ല മാസത്തിലൊന്നോ വല്ല സൗക്കുന്റെ ഏട്ടന്മാർക്ക് ഏട്ടത്തിമാർക്കോ കെട്ടുപ്രായമായാൽ ഉണ്ടാകും. അതും ''വിളി'' എല്ലായിടത്തുമുണ്ടാകില്ല. കല്യാണവീട്ടുകാർ തങ്ങളുടെ  സാമ്പത്തിക അവസ്ഥ കണ്ടും നോക്കിയുമായിരിക്കും വിളി തന്നെ. അത്  തന്നെ എത്രയോ ആഴ്ചകളുടെ ആലോചനകൾ ബന്ധുക്കളും കാരണവന്മാരും നാട്ടുമൂപ്പന്മാരുമൊക്കെ ആലോചിച്ചാണ് തീരുമാനമാകുക.

എന്റെ തന്നെ ചെറുപ്പത്തിൽ പഴയ കല്യാണത്തിന്റെ ചെറിയ ബാക്കിയിരുപ്പുകൾ കടലെടുക്കാൻ കുറച്ചേ ബാക്കിയുണ്ടായിരുന്നുള്ളൂ.  അതിൽ ഒന്നാണ് പെണ്ണുങ്ങൾ വീടുകളിൽ പോയി കല്യാണം ക്ഷണിക്കുക. ഞാൻ എട്ടാം ക്ലാസ്സിൽ. എന്റെ പെങ്ങളുടെ കല്യാണത്തിന് ക്ഷണിക്കാൻ ഉമ്മയുടെ കൂടെ ഞാനാണ് കുന്നും മലയും കയറി കൂടെ പോയത്. അതിന്റെ അവസാനമെഴുതാം.

ആലോചന തൊട്ട് തുടങ്ങാം. ഇന്ന് നമ്മൾ പ്രൊപോസൽ എന്നൊക്കെയാണ് പറയുന്നതെങ്കിലും  ''പൊതു'' എന്നാണ് അതിന്റെ ഓമനപ്പേര്. കാരണവന്മാർക്ക് ഈ തട്ടകത്തിൽ  വലിയ പ്രാധാന്യം ഉണ്ടായിരുന്നു.  കാര്യങ്ങളൊക്കെ  ആലോചിച്ചു സംഭവം ഒത്തു വന്നാൽ, പിന്നെ അത് അറിയപ്പെടുക -  ''ആഊന്നും പോഊന്നും ആയി'' എന്നാണ്. അങ്ങിനെ ആരെങ്കിലും പറയുന്നത് കേട്ടാൽ, മനസ്സിലായി ഞങ്ങൾക്ക് ഒരു കല്യാണം എവിടെയോ നടക്കാനുള്ള  തുടങ്ങിയെന്ന്.

ഒരേ മഹല്ലിലോ തൊട്ടടുത്ത മഹല്ലുകളിലോ ആണ്  പെണ്ണിന്റെയും ആണിന്റെയും വീടുകളെങ്കിൽ  മിക്കവാറും പള്ളികളിലാണ് നിശ്ചയിപ്പ് ഉണ്ടാകുക. ഉസ്താദുമാരും ബന്ധു-കാരണവന്മാരും നാട്ടിലെ ഒന്നോ രണ്ടോ പ്രമാണിമാരും ഏതാനും ചില അയൽക്കാരുമുണ്ടാകും ആ ചടങ്ങിൽ. ഒരു പൂഞ്ചിയിൽ ചായയും കൂട്ടത്തിൽ  വല്ല കടിയോ മറ്റോ ഉണ്ടാകും. കയ്യിൽ ഒരു കലണ്ടറും കൊണ്ടാകും ഉസ്താദ്    ആ സദസ്സിൽ വരിക. അധികവും വ്യാഴാഴ്ചയായിരുന്നു അന്ന് കല്യാണത്തിനു ഡേറ്റ് തീരുമാനിക്കുക. ഞായറാഴ്ച കല്യാണമൊക്കെ കുറെ കഴിഞ്ഞാണ് വന്നത്. പിന്നെപ്പിന്നെ ഏത് ദിവസവും എപ്പോൾ വേണമെങ്കിലും ആകാമെന്നായി. ചൊവ്വാഴ്‌ച കല്യാണവും ചൊവ്വാ ഴ്ച യാത്ര പോകലോക്കെ ആരെങ്കിലും അക്കാലത്തു പറയുന്നത് കേട്ടാൽ അവന്റെ കാര്യം നാട്ടുകാർ തന്നെ ഒരു തീരുമാനമാക്കുമായിരുന്നു !

പന്തലിനു കാൽ നാട്ടുന്നത് മുതൽ കാരണവന്മാരോട് ആലോചിച്ചിരുന്നു. കിളിവാതിലും വായു സഞ്ചാരമൊരുക്കിയും നല്ല ഓലപ്പന്തൽ. തെങ്ങോല നമ്മുടെ നാട്ടിൽ അങ്ങിനെ ഇല്ലല്ലോ. അധികവും അടുക്കത്തുവയൽ, എരിയാൽ, ചൗക്കി ഭാഗങ്ങളിൽ നിന്നാണ് കാള വണ്ടിയിലൊക്കെയായി  ഓല കൊണ്ട് വരിക. തൊട്ടു മുമ്പുള്ള  മഴയ്ക്ക് തലപാറിയ കമുക് ഉള്ളവർ അത് നൽകും. പന്തലിന്റെ ഉത്തരവാദിത്തമൊക്കെ അന്ന് നട്‌പ്പള്ളം ഔക്കൻച്ചാക്കായിരുന്നു. അയാൾ പറഞ്ഞാൽ അവസാന വാക്ക്. പിന്നെ എതിരഭിപ്രായമില്ല.  തൊട്ടയൽപക്കത്തു നിന്നൊക്കെ ചെമ്പും ചെരവയും മുതൽ എന്തൊക്കെ ആവശ്യമുണ്ടോ അതൊക്കെ കൊണ്ട് വരും. ബഹ്‌റൈൻ ജമാഅത്തു എം.എച് .എം. മദ്രസയിലേക്ക് കസേരയും മേശയുമടക്കം കല്യാണ പന്തൽ സാമഗ്രികൾ ഓഫർ ചെയ്യുന്നത് വരെ എനിക്ക് തോന്നുന്നത് നാട്ടുകാർ ആശ്രയിച്ചിരുന്നത് അങ്ങുമിങ്ങും നിന്ന് കൊണ്ട് വരുന്ന സാധനങ്ങളെയും കാസർകോട് നിന്നും കല്യാണ തലേന്ന് ഇറക്കുന്നവയൊക്കെയായിരുന്നു.

ഞാനൊക്കെ അറിഞ്ഞു വരുമ്പോൾ തന്നെ പെൺകുട്ടികളുടെ മേലെ കാത്കുത്ത്  നിന്നിട്ടുണ്ട്. വളരെ വളരെ അപൂർവ്വം കുൽസുമാരുടെ മേൽകാതുകൾ  മാത്രമേ  അന്നൊക്കെ കറുത്ത നൂൽ കോർത്ത് കണ്ടിരുന്നുള്ളൂ. പുതുനാട്ടിമാർ കാച്ചിത്തട്ടം ഉടുക്കുന്ന ഏർപ്പാടും ഇല്ല.  പുതിയാപ്പിളയുടെ കൂടെ നടക്കുന്ന ''തോയി''മാരും  അറ്റുപോയിരുന്നു.  പിന്നെ ബാക്കിയുള്ളത് കല്യാണ ദിവസം പുതിയാപ്പിള വധൂ വീട്ടിൽ വരുമ്പോൾ അളിയന്മാർ കാലിൽ കിണ്ടിവെള്ളമൊഴിക്കുക എന്നത് മാത്രം. ( ഞാനും ഈ പരിശുദ്ധ കർമ്മം ചെയ്ത ഒരു എളിയ അളിയനായിരുന്നു ).

തലേ ദിവസം രാത്രി മൂത്ത പെങ്ങളുടെ ഭർത്താവിന്റെ കാർമികത്വത്തിൽ കപ്പാട്ട് കൊണ്ട് പോകൽ, ''ബീട്ടികൂടു''ന്നതിനോടനുബന്ധിച്ചു  ആട് കൊണ്ട് പോക്ക്,  പുതുപ്പെണ്ണിന് കല്യാണത്തിന് മുമ്പായി ബന്ധുക്കളോ അയൽക്കാരോ സമ്മാനങ്ങൾ നൽകൽ, കല്യാണക്കുറി (കാശ്) വെക്കൽ, പുതിയാപ്പിളയെ കുളിപ്പിക്കാൻ തൊട്ടടുത്ത കുളത്തിലേക്ക് പാട്ടുംപാടി കൊണ്ട് പോകൽ,   കല്യാണ ദിവസം ബീഡി, ബീഡ, സിഗരറ്റ് സപ്ലൈ,  ആദ്യവെള്ളിയാഴ്ച പള്ളിയുടെ മുമ്പിൽ  പല്ലിളിച്ചുകൊണ്ട്  അഞ്ചാറ് ബർക്കിളി പാക്കറ്റും  തുറന്നുള്ള പുതിയാപ്പിളസിഗരറ്റ്,  പള്ളിയിലേക്ക് ഒരു മുസല്ല ഹദിയ,  പെങ്ങന്മാരുടെ  ഭർത്താക്കന്മാരെ ഇടക്കിടക്ക് കല്യാണ ദിവസം വെറുതെ തക്കരിച്ചോണ്ടിരിക്കൽ, പ്രായമായവരുടെ നേതൃത്വത്തിൽ കല്യാണപ്പാട്ട്, സ്ത്രീധനം പരസ്യമായി നിക്കാഹ് സദസ്സിൽ വെച്ച് നൽകൽ, വരനും പരിവാരങ്ങളും  രാത്രി ഏറെ വൈകി എത്തുക, അവർക്ക് രാജകീയമായ സ്വീകരണം ഒരുക്കൽ   ഇതൊക്കെ എന്റെ ഓർമ്മയിൽ തന്നെയുണ്ട്.  (ഇന്ന് പിന്നെ യുവാക്കൾ അറിഞ്ഞുകൊണ്ട് തന്നെ സ്വീകരണത്തിന്റെ നിലയും വിലയും സ്വയം കളഞ്ഞു കുളിച്ചിരിക്കുകയാണല്ലോ.  ചില കൂതറ ഏർപ്പാടുകൾ ഒഴിവാക്കി ഒന്നൊത്തുപിടിച്ചാൽ   പുയ്യാപ്ലയുടെ കൂടെ പോകുന്നവർക്ക് മുമ്പൊക്കെ ലഭിച്ചിരുന്ന പ്രത്യേക പരിഗണന തിരിച്ചു ലഭിക്കുമെന്നാണ് എനിന്റെ ഒരു ഇത്. ). ഒരത്യാവശ്യം കുസൃതിയും  പറ്റിക്കൽസൊക്കെ അന്നും അതിനു മുമ്പും ഉണ്ടായിരുന്നു. പക്ഷെ, അതൊക്കെ എല്ലാവരും ആസ്വദിച്ചിരുന്നു, സന്ദര്ഭത്തിനനുസരിച്ചുള്ള തമാശയും കളിയും മാത്രം ! റാഞ്ചൽ,  കിഡ്‌നാപ്പിംഗ, മോചനദ്രവ്യമാവശ്യപ്പെടൽ, അറപൊളി, കോലം മാറ്റൽ ഇമ്മാതിരി കോപ്രായങ്ങൾ ഒഴിവാക്കിയാൽ ബാക്കി അത്യാവശ്യം തമാശകളൊക്കെ അന്ന് ഉണ്ടായിരുന്നു.

പുതിയാപ്പിള വരുമ്പോൾ എമണ്ടൻ പെട്ടിയും തലയിൽ വെച്ച് അതത് നാടുകളിൽ നിന്ന്  പെട്ടി വരും.  നമ്മുടെ നാട്ടിൽ ഒരു സുകുവിന്റെ അച്ഛനായിരുന്നു സ്ഥിരം ഈ മങ്ങലപെട്ടി ചുമന്നിരുന്നത്.  അവർക്ക് ആ ദിവസം  പ്രത്യേക പരിഗണനയും തരക്കേടില്ലാത്ത സംഖ്യയും കിട്ടുമായിരുന്നു. ഒരു സൗകുവിന്റെ പെങ്ങളുടെ കല്യാണത്തിന്  വലിയ മരപ്പെട്ടി ചുമന്ന് കൊണ്ട് വന്നു അപ്പണ്ണൻ ഒന്നരപ്പാടായത് ഓർമ്മയുണ്ട്.  പുതിയാപ്പിളയെയും കൂട്ടരെയും സൽക്കരിക്കുന്ന തിരക്കിൽ ചിലർ പെട്ടി ഇറക്കാൻ തന്നെ മറന്നു പോയി, ആ പാവം ഒരുമൂലയ്ക്ക് അമിതഭാരവേദനയാൽ നിൽക്കുന്നുത് ആരുടെയോ ശ്രദ്ധയിൽ പെട്ടത് കൊണ്ട് ഒരു അപകടം ഒഴിവായി.   ഞാനൊക്കെ ജനിക്കുന്നതിനു മുമ്പ് തൊട്ടയൽ നാട്ടിൽ ഒരു കല്യാണ വീട്ടിൽ പുതിയാപ്പിളപ്പെട്ടി  ആരോ ഇറക്കുമ്പോൾ ആയം തെറ്റി മുറ്റത്തു വീണുടഞ്ഞു ആകെ നാശകോശമായ ഒരു ദുരന്ത ചരിത്രമുണ്ടായിട്ടുണ്ട് പോലും. അതിനു ശേഷം  പെട്ടി  താഴെ   ഇറക്കാൻ പെണ്ണിന്റെ വീട്ടുകാർ ചില വിശ്വസ്തരെ ശട്ടം കെട്ടി നിർത്തുമത്രെ !

 ഈ പറഞ്ഞ  പെട്ടിയുടെയും തലേദിവസം രാത്രി കൊണ്ട് വന്ന കപ്പാട്ടിന്റെയും  താക്കോൽക്കൂട്ടം മിക്കവാറും മൂത്തപെങ്ങളുടെ ഭർത്താവിന്റെ കസ്റ്റഡിയിലാണത്രെ ഉണ്ടാകുക.  ''ബീട്ടികൂടൽ'' ദിവസം ഏറ്റവും കൂടുതൽ ഷൈൻ ചെയ്യുന്ന ബഹുമാന്യ വ്യക്തിയും ഇദ്ദേഹം തന്നെ. ഇയാൾ വന്നിട്ട് വേണം, ആ പെട്ടിതുറന്നു പെണ്ണിന്റെ ബന്ധുക്കൾക്കും പെണ്ണിന്റെ വീട്ടിലെ  കല്യാണം കെങ്കേമമാക്കിയ പണിക്കാരി പെണ്ണുങ്ങൾക്കും  സമ്മാനങ്ങൾ നൽകാൻ (ചിലയിടത്തു സമ്മാന ദിവസമാണ് പോലും ബന്ധുക്കൾ  അടിയോടടുക്കലും തെറ്റിപ്പിരിയലും പണിക്കാരിപ്പെണ്ണുങ്ങൾ നോട്ടും സ്യൂട്ടും നോക്കി അതൃപ്തി അറിയിക്കലും ഇട്ടേച്ചു പോകലും മറ്റും). പെണ്ണിന്റെ അടുത്ത ബന്ധുക്കൾക്ക് പുതിയാപ്പിള തന്നെ ഗിഫ്റ്റ്  നൽകും, പവനും പൈസയും ഇങ്ങോട്ട് കിട്ടുകയും ചെയ്യും. (അതായിരിക്കാം  അതിന്റെ രഹസ്യം). ബാക്കിയുള്ളവർക്ക് മറ്റേ കക്ഷിയും  സമ്മാന വിതരണം നടത്തും.

വിളിച്ച വീട്ടിൽ നിന്നും പെണ്ണുങ്ങളും കുട്ടികളും കുടുക്കയുമടക്കം വരുന്നത് ഒഴിവാക്കാൻ പണ്ടുള്ളവർ കണ്ടു വെച്ച ഒരു ഒരേർപ്പാടാണ് വീട്ടുടമസ്ഥൻ കല്യാണം ക്ഷണിച്ചതിനു പുറമെ പെണ്ണിന്റെ ഉമ്മയും പിന്നാലെ പോയി സെലക്ട് ചെയ്ത വീടുകൾ പോയി കല്യാണം വിളിക്കുക എന്നത്.  പിറ്റേ ദിവസം മുതൽ അത് പരിസരം മൊത്തം അറിയും. '' ഞമ്മളെ ചെറിയാള്പ്പിലെ അദ്രായിച്ചാന്റെ  കുൽസൂന്റെ മങ്ങലോ എനത്തെ ബിയ്യായ്സെ ....പോണോന്ന് നിരീച്ചിറ്റി ആസെ ബെച്ചിറ്റിണ്ടായിനി... എന്താക്ക്ന്നെ എനി  പോയിറാന്  കയ്യേലാ....കുൽസൂന്റെ ഉമ്മാഉം ആടാടെ നോക്കീറ്റ് ബിൾക്കാൻ  പോയ്ൻല്ലോ ... ഔത്തേക്ക് ഓള് ബന്നെങ്ക് ..കിടാക്കളെ കൂട്ടീറ്റ്പോണൊ, ഇല്ലാങ്ക് പോന്നെ ഏസിഗെ അല്ലേപ്പാ.. ''    ഈ ഡയലോഗിൽ നിന്ന് എന്ത് മനസ്സിലായി ?  ആണുങ്ങൾ മാത്രം  വിളിക്കാൻ പോയാൽ ആ വീട്ടിൽ നിന്ന് ആണുങ്ങൾ മാത്രം ഒന്നോ രണ്ടോ പോവുക. നോ ലേഡീസ് ആൻഡ് ചിൽഡ്രൻ.  പെണ്ണുങ്ങൾ കൂടി ക്ഷണിക്കാൻ വന്നിട്ടുണ്ടെങ്കിൽ ആ ക്ഷണം മൊത്തം സ്വീകരിച്ചു കുഞ്ഞുകുട്ടികളടക്കം വീട്ടുകാർ പോകുക. ഈ പോക്കുവരവുകളുടെ എണ്ണമൊക്കെ   ഇരുന്നും കിടന്നും കാരണവന്മാർ  കണക്ക് കൂട്ടിയാണ്  സാധാരണക്കാരുടെ കല്യാണവീടുകളിൽ ''കോപ്പ്'' തയ്യാറാക്കുക.

ഞാൻ എട്ടാംക്‌ളാസ്സിൽ ഉള്ളപ്പോൾ ഉമ്മയുടെ കൂടെ ഇങ്ങിനെയൊരു കല്യാണം ക്ഷണിക്കലിന് പോയി. കുറെ ദിവസം മഗ്‌രിബ് ആയാൽ എനിക്ക് ഇത് തന്നെയാണ് പണി. കൂടെ പോയാൽ സർബത്തൊക്കെ കിട്ടുന്നത് കൊണ്ട് എനിക്കും തോന്നി ''ഇത് കൊള്ളാലോ'' എന്ന്.   കരോടി ഭാഗത്തു ഒരു രാത്രി ഉമ്മാന്റെ കൂടെ കല്യാണം വിളിക്കാൻ  പോയി, തിരിച്ചു വരുമ്പോൾ കാലക്കേടിനു എന്റെ കയ്യിലുണ്ടായിരുന്ന ലിസ്റ്റ് ഒരു വീട്ടിൽ മറന്നു പോയി. അത് എടുത്ത് കൊണ്ട് വരാൻ ഉമ്മ ഒരു കാരണവശാലും കൂടെ വരില്ല.  അറിഞ്ഞാലോ അടിയും ഉറപ്പ്. അടുത്ത വീട് ഏതാണെന്ന് ആ ലിസ്റ്റ് നോക്കിയാലേ മനസ്സിലാകൂ. ഞാനാണെങ്കിൽ ത്രിശങ്കു സ്വർഗത്തിലും. പറഞ്ഞില്ലേൽ ആ ലിസ്റ്റ് വീട്ടുകാർ വായിക്കും; പറഞ്ഞാൽ അടി അതിലും വലിയ പൊങ്കാല വീട്ടീന്ന് ഉണ്ടാകും.  ഉമ്മാനോട്  വയറു വേദന അഭിനയിച്ചു ഞാൻ നേരെ തിരിച്ചു വീട്ടിലേക്ക് വന്നു. എന്നിട്ട് രണ്ടും കൽപ്പിച്ചു ഞാൻ ആ വീട് ലക്ഷ്യമാക്കി നടന്നു. കരോടി കുന്നു കയറിയത് മാത്രം ഓർമ്മയുണ്ട്. എങ്ങോട്ടുനിന്ന് വന്നതാണ്, എവിടെയാണ് പോകേണ്ടത്, തിരിച്ചു പോകേണ്ട വഴിയേതാണ് ഒന്നും മനസ്സിലാകുന്നില്ല. ഒരു ഭാഗത്തു നിന്ന് പട്ടികളുടെ കൂട്ടക്കരച്ചിൽ വേറെയും. പോകുമ്പോൾ പത്ത് മിനുറ്റ് മാത്രമെടുത്തു എത്തിയ ആ  വീട് തപ്പിപ്പിടിക്കാൻ ഒരു മണിക്കൂറിലേറെ  നേരമെടുത്തു.  ആ വീട്ടിലെ  കതക് മുട്ടി അകത്ത് കയറാൻ നോക്കുന്നതിനു മുമ്പ് കൊട്ടിലിനകത്തു നിന്ന് ഒരു  സൗകുവിന്റെ ശബ്ദം കേട്ട് കിളിവാതിലിൽ നോക്കുമ്പോഴാണ് ചങ്ക് പൊട്ടുന്ന കാഴ്ച കണ്ടത് -   ആ ''കല്യാണ സ്‌പെഷ്യൽ വിളി ലിസ്റ്റ്'' ചുരുട്ടി  അവിടെയുള്ളൊരു സൗക്കു നല്ല ആയത്തിൽ മേശപുറത്തു  കത്തിക്കൊണ്ടിരിക്കുന്ന   ചിമ്മിണി കൂടിനു കാണിച്ചു പൂത്തിരികത്തിച്ചു ആർമ്മാദിക്കുകയാണ്. പിന്നീടെന്തുണ്ടായിന്നു പറയേണ്ടല്ലോ.

അന്നത്തെ കല്യാണ വീടുകളിലെ മറ്റു  ചില വിശേഷങ്ങൾ അടുത്ത ഒരു ലക്കത്തിൽ ഒതുക്കി നിർത്താം. 

Monday, January 16, 2017

ഐക്യം സാര്‍ഥകമാകണമെങ്കില്‍ ജാഗ്രത അനിവാര്യം - shabab weekly

ഐക്യം സാര്‍ഥകമാകണമെങ്കില്‍ ജാഗ്രത അനിവാര്യം

കേരളത്തിലെ മുസ്‌ലിം നവോത്ഥാന മുന്നേറ്റമായ ഇസ്‌ലാഹീ പ്രസ്ഥാനത്തിന് അതിന്റെ പ്രയാണ വീഥികളില്‍ കുതിപ്പുകളും കിതപ്പുകളും ഉണ്ടായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പതുക്കെ കര്‍മരംഗത്ത് കടന്നുവന്ന് ഒരു നൂറ്റാണ്ടുകൊണ്ട് സമൂഹത്തില്‍ വലിയ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഇസ്‌ലാഹീ പ്രസ്ഥാനത്തിന് പക്ഷേ, ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പുലരിയില്‍ കടുത്ത കിതപ്പനുഭവപ്പെട്ടു. പ്രസ്ഥാനത്തിനകത്ത് ശൈഥില്യത്തിന്റെ കാറ്റുവീശി. ഒരു അശനിപാതം പോലെ പിളര്‍പ്പുപോലും തലയില്‍ വീണു. പക്ഷേ ഐതിഹ്യത്തിലെ ഫീനിക്‌സിനെപ്പോലെ, പ്രസ്ഥാനം ശൈഥില്യത്തിന്റെ ചാരക്കൂമ്പാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചകണ്ടുകൊണ്ടാണ് 2017 ഉദിച്ചുയര്‍ന്നത്. മുറിവുപറ്റിയ ശരീരഭാഗത്തെ നശിച്ച കോശങ്ങള്‍ മാറി പുതിയ കോശങ്ങള്‍ സൃഷ്ടിക്കപ്പെട്ട് മുറിവുണങ്ങുക എന്ന അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമംപോലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ആത്മാര്‍ഥ പ്രവര്‍ത്തകരുടെ ആന്തരിക ചോദനയുണര്‍ന്ന് പുനരൈക്യത്തിന്റെ പാതയിലേക്ക് സ്വയം കടന്നുവന്നുകൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സന്തോഷകരവും ആനന്ദദായകവുമായ ഈ ശുഭ മുഹൂര്‍ത്തത്തില്‍ ഇസ്‌ലാഹീ പ്രവര്‍ത്തകരോട് ചില കാര്യങ്ങള്‍ തെര്യപ്പെടുത്തുകയാണ്.
എന്തൊക്കെപ്പറഞ്ഞാലും വ്യത്യസ്ത പാതയില്‍ നീങ്ങാന്‍ വിധിയുണ്ടായ ഇസ്‌ലാഹീ പ്രസ്ഥാനം ഒരുപാട് പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കുവാനുള്ള സന്ദേശം ഒന്നുതന്നെ ആയിരുന്നുവെങ്കിലും വഴികള്‍ വ്യത്യസ്തമായിരുന്നു. ഒരേ ദിശയിലേക്കാണെങ്കിലും തികച്ചും വ്യതിരിക്തമായ നയനിലപാടുകള്‍ പ്രകടമായിക്കൊണ്ടു നീങ്ങിയ രണ്ട് കൈവഴികള്‍, ഒന്നരപ്പതിറ്റാണ്ടിന്റെ ഒരു മഹാതുരുത്ത് മധ്യത്തില്‍ ഉപേക്ഷിച്ചുകൊണ്ട്, വീണ്ടും സന്ധിച്ച് ഒന്നായി നീങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്. സര്‍വശക്തന് സ്തുതി. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പുനരൈക്യത്തില്‍ സന്തോഷം പ്രകടിപ്പിച്ച ഉന്നതരും സാധാരണക്കാരും സംഘടനകളുമുണ്ട്. ആരുടെയും ആത്മാര്‍ഥതയില്‍ ശങ്കിക്കാതെ എല്ലാവര്‍ക്കും നന്ദി പറയുന്നു. ഇസ്‌ലാഹീ പ്രസ്ഥാനത്തിലുണ്ടായ പുനരേകീകരണം വലിയ പ്രാധാന്യത്തോടെ കണ്ട മാധ്യമങ്ങള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു. അതുല്യമായ ആദര്‍ശത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഐക്യകാഹളത്തിന് പ്രതിധ്വനി മുഴക്കിയ ലക്ഷോപലക്ഷം ഇസ്‌ലാഹീ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ.
പ്രിയപ്പെട്ട ഇസ്‌ലാഹീ പ്രവര്‍ത്തകരേ, ഐക്യം സാര്‍ഥകമാകണമെങ്കില്‍ തികഞ്ഞ ജാഗ്രത അനിവാര്യമാണെന്നാണ് സാഹചര്യം നമ്മോട് വിളിച്ചുപറയുന്നത്. സാഹചര്യപരമായ കാരണങ്ങളാല്‍ അകന്നുപോയ മനസ്സുകള്‍ അടുത്തുകൊണ്ടിരിക്കുന്നു. സ്‌നേഹസൗഹാര്‍ദങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന പരിപാടികള്‍ നിരന്തരം നടന്നുവരുന്നു. ചിലയിടങ്ങളില്‍ അല്പം സാവകാശം വേണ്ടിവരും. വ്യവസ്ഥാപിതമായ രണ്ട് സ്ട്രീം ഒരുമിച്ചുനീങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സ്വാഭാവികമായി പ്രതീക്ഷിച്ച അപസ്വരങ്ങള്‍ ഉണ്ടായില്ല എന്നത് വളരെ ശ്രദ്ധാര്‍ഹമാണ്. രണ്ട് സംഘടനകള്‍ യോജിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ ചെറുതെങ്കിലും ഒരു ഗ്രൂപ്പ് മൂന്നാം കക്ഷിയായി തിരിഞ്ഞുനിന്നെങ്കില്‍ അതില്‍ അത്ഭുതമില്ല. എന്നാല്‍ ഇസ്‌ലാഹീ ഐക്യവേദിയില്‍ ഒരു കുഞ്ഞുപോലും ഇടഞ്ഞുനിന്നില്ല എന്നത് അത്യത്ഭുതകരമായി നിഷ്പക്ഷ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് പ്രവര്‍ത്തകരുടെ മനസ്സിന്റെ തേട്ടമാണെങ്കില്‍ ഇതില്‍ സ്ഥാപിത താല്പര്യക്കാരില്ല എന്നതാണ് രണ്ടാമത്തേത്. സര്‍വോപരി നന്മയ്ക്കുമീതെ അല്ലാഹുവിന്റെ കരുണാകടാക്ഷവും. ഇരുസംഘങ്ങള്‍ ഒന്നായിത്തീരുന്ന പ്രക്രിയ തുടരുകയാണ്. എത്രയെത്ര സംരംഭങ്ങളും സ്ഥാപനങ്ങളും ഇടപാടുകളും വ്യവഹാരങ്ങളുമെല്ലാം ഉണ്ട്! പ്രവര്‍ത്തകര്‍ക്ക് അതൊരു ഭാരമായി എവിടെയും അനുഭവപ്പെട്ടിട്ടില്ല. ഈ മഹത്തായ സംരംഭത്തിന് മുന്‍കൈ എടുത്ത പ്രവര്‍ത്തകര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്കട്ടെ.
കാര്യങ്ങള്‍ ഇത്ര ശുഭകരമെങ്കിലും ഈ യോജിപ്പ് ഇഷ്ടപ്പെടാത്തവരും ആശങ്കയോടെ നോക്കുന്നവരും തങ്ങള്‍ക്ക് എതിരാവുമോ എന്ന് ഭയക്കുന്നവരുമെല്ലാം നമുക്ക് ചുറ്റുമുണ്ട്. ഐക്യത്തിലെ അനൈക്യമെന്ന് ഇല്ലാക്കഥ മെനഞ്ഞെടുത്ത മാധ്യമങ്ങള്‍, സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്ത് വസ്‌വാസുകള്‍ വ്യാപകമാക്കുന്ന ദോഷൈകദൃക്കുകള്‍, ഈ ഐക്യം ഐക്യമായിട്ടില്ല എന്നു പറഞ്ഞ് കാംപയിന്‍ നടത്തുന്നവര്‍ ഇങ്ങനെ പല തലങ്ങളിലും പല തരത്തിലും സാധാരണക്കാര്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെ ഇസ്‌ലാഹീ പ്രസ്ഥാനം തിരിച്ചറിയുന്നുണ്ട്. പ്രസ്ഥാനത്തിന്റെ മഹാ പ്രവാഹത്തിനിടയില്‍ നാം മാറ്റിവച്ച ആ തുരുത്തില്‍ വളര്‍ച്ചയുടെ ഗുണാത്മകമായ നാമ്പുകള്‍ക്കൊപ്പം ഛിദ്രതയുടെ മുള്ളുമുരടുകളും ഉണ്ടാവുക സ്വാഭാവികം. അവയിലെ കുപ്പിപ്പൊട്ടുകള്‍ മാത്രമെടുത്ത് ക്ലിപ്പാക്കി ഇത് ഐക്യത്തിന്റെ കാലില്‍ തറക്കില്ലേ എന്ന് വസ്‌വാസുണ്ടാക്കാന്‍ വാട്‌സ് ആപ്പും ഫെയ്‌സ് ബുക്കും ദുരുപയോഗപ്പെടുത്തുന്നവരോട് വികാരംകൊണ്ട് പ്രതികരിക്കുന്നതിനു പകരം വിവേകംകൊണ്ട് സംയമനം പാലിക്കുകയാണ് വേണ്ടത്. ഇസ്‌ലാഹിന്റെ ഒരു കാലഘട്ടം മുഴുവന്‍ ജ്വലിച്ചുനിന്ന എ പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ ഒരു പ്രതികരണം ആനുഷംഗികമായി അനുസ്മരിക്കട്ടെ. 'ആവറേജ് ബുദ്ധിയില്ലാത്തവര്‍ മുജാഹിദുകളിലില്ല'. ഇത് നമുക്കും ആവര്‍ത്തിച്ചുപറയാം. നവതലമുറ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നുകൂടി ഉണര്‍ത്തട്ടെ. ഐക്യം സാര്‍ഥകമായിത്തീരാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.
•┈┈┈┈•✿❁✿•┈┈┈┈•
എഡിറ്റോറിയൽ
ശബാബ് വാരിക
2017 ജനുവരി 13 വെള്ളി

Tuesday, January 10, 2017

എം.എം. അക്ബറിനെതിരെയും പീസ് ഇന്റർ നാഷണൽസ്‌കൂളിനെതിരെയുമുള്ള സർക്കാർ നീക്കം അപലപനീയം - യാമ്പു ഇന്ത്യൻ ഇസ്ലാഹി സെന്റർ

എം.എം. അക്ബറിനെതിരെയും
പീസ് ഇന്റർ നാഷണൽസ്‌കൂളിനെതിരെയുമുള്ള
സർക്കാർ നീക്കം അപലപനീയം  -

യാമ്പു ഇന്ത്യൻ ഇസ്ലാഹി സെന്റർ


വർഷങ്ങളായി  മലയാളികളോടൊപ്പം  വിദ്യാഭ്യാസ -സാംസ്കാരിക-പ്രബോധനപ്രവർത്തനങ്ങളിൽ കേരളക്കരയിലും കേരളത്തിന് പുറത്തും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ചിന്തകനും മത പ്രബോധകനും ഗ്രന്ഥകർത്താവുമായ എം.എം. അക്ബറിനെതിരെ സംശയത്തിന്റെ നിഴൽ പടച്ചുണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന  സർക്കാർ നീക്കങ്ങളെ  യാമ്പു ഇന്ത്യൻ ഇസ്ലാഹി സെന്റർ ശക്തമായ ഭാഷയിൽ അപലപിച്ചു. മതപ്രബോധകരുടെ മേൽ  വർഗ്ഗീയതയാരോപിച്ചു ജയിലറകൾ നിറക്കാമെന്നത് ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ്. പുരോഗന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുന്ന കേരള സർക്കാർ പ്രസ്തുത വിഷയം നേർവായനക്ക് വിധേയമാക്കി പ്രസ്തുത നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്ന് സെന്റർ ആവശ്യപ്പെട്ടു.


ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന  ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അഭിപ്രായ - ആരാധനാ സ്വാതന്ത്ര്യത്തിന്റെയും അർത്ഥമുൾക്കൊണ്ട്  തികച്ചും സുതാര്യമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ  പീസ് ഇന്റർ നാഷണൽ  സ്‌കൂളിനെതിരെ നടത്തുന്ന അനാവശ്യ അന്വേഷണങ്ങളിൽ നിന്ന് കേരളം സർക്കാർ പിന്മാറണമെന്ന് യാമ്പു ഇന്ത്യൻ ഇസ്ലാഹി സെന്റർ ആവശ്യപ്പെട്ടു. മുസ്ലീം മാനേജ്മെന്‍റിനു കീഴിലുളള കേരളത്തിലെ  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇന്ന് വരെ സ്വന്തം വിശ്വാസമോ  ആചാരങ്ങളോ  ആരാധനകളോ മറ്റ് മതസ്ഥർക്ക് മേൽ അടിച്ചേല്‍പ്പിച്ചിട്ടില്ല.  ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ പ്രത്യേകിച്ചും മത - മാനവിക സൗഹൃദാന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിൽ കേരളത്തിലെ മുസ്ലിം മാനേജ്‌മെന്റിനു കീഴിലുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് നിസ്തുലമാണെന്നും യോഗം അഭിപ്രായപ്പെട്ടു..

ഇസ്ലാഹി കൺവെൻഷൻ യാമ്പു ജാലിയാത്ത്  മേധാവി ഷെയ്ഖ് ഫഹദ് അൽ ഖുറൈശി ഉത്‌ഘാടനം ചെയ്തു.
ഷംസുദ്ദീൻ കൊല്ലം അധ്യക്ഷത വഹിച്ചു.  അബ്ദുൽ മജീദ് സുഹൈരി സ്വാഗതവും  അബ്ദുൽ അസീസ് കാവുംപുറം നന്ദിയും പറഞ്ഞു.  ഷൈജു എം. സൈനുദീൻ,  അബൂബക്കർ മേഴത്തൂർ, അബ്ദുൽ അസീസ് സുല്ലമി സുല്ലമി, ....., ......, ....................., ............................. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.