Wednesday, August 12, 2015

Nireekshanam

ഉറി ചിരിക്കുന്നു (ഊറി അല്ല) മതത്തെ കുറിച്ച് നമുക്ക് അറിയാം. അതിന് അറിയാൻ ഒരു പാട് ഗ്രൂപ്പുകളും ഉണ്ട്. വേറെന്തിനോ തുടങ്ങിയ ഗ്രൂപ്പ് അവസാനം അതായി മാറാറാണ് പലയിടത്തും പതിവ്. ആദ്യം ഒരു ഉപദേശം കൊണ്ട് തുടങ്ങും. കണ്ടവർക്ക് ഒരു സന്തോഷം. പോസ്റ്റ്‌ പുള്ളി നന്നായല്ലോ എന്ന് എല്ലാരും. കുത്തിരിച്ച് തണ്ണി കുടിക്കണം, ബെച്ചും മുണ്ടാൻ ആബാ .....അങ്ങിനെ അങ്ങനെ ... പിന്നെ ഒരാഴ്ച കഴിഞ്ഞാൽ വെല്ലു വിളിയുമായി അതേ പാപത്തിന്റോൻ പ്രത്യക്ഷ പ്പെടും. ''ആടെ കേട്ട്രാ പീടേ ...'' എന്ന് അപ്പോൾ അവിടെ ഉള്ളവർക്ക് തോന്നുമ്പോഴേക്കും, ആകെ ഉണ്ടായിരുന്ന കണ്ട്രോൾ ഉള്ളവർക്ക് പോയിരിക്കും. ചേന കുഴിച്ചിടണോ കുഴച്ചു ഇടണോ എന്ന് തീരുമാനിക്കാൻ തുടങ്ങിയ ഗ്രൂപ്പ് അങ്ങിനെ അത് ഒരു സൈഡാക്കി ''ബെല്ല് ബില്ച്ചാൻ'' തുടങ്ങും. പിന്നെ അത് ആകെ പാറ്‌ പന്തലായി , പജീതിയായി...... അവസാനം പഴയ കല്യാണം കഴിഞ്ഞ പന്തൽ പോലെ ആയിക്കിട്ടും. രണ്ടു പൂച്ച, നാല് മണ്ടക്കാക്ക, ഒന്ന് രണ്ടു ബാൽത്തേൾ ....അജനെ ആകിയാലായി, ഇല്ലെങ്കിലായി....ദസ്പസ്കി വരെ ഉണ്ടാകില്ല. ആർ .ടി. യുടെ നയം വ്യക്തം. ഈ ഗ്രൂപ്പിൽ മത താരതമ്യപഠനത്തിനു മാത്രം അവസരം. ഇസ്ലാമും മറ്റു മതങ്ങളും. ആ വിഷയത്തിലുള്ള സംവാദങ്ങൾ, ചെറിയ ലേഖനങ്ങൾ, അതിലും ചെറിയ വീഡിയോ ക്ലിപ്പുകൾ.... അത്ര മാത്രം. അറിയുന്നവർക്ക് സംസാരിക്കാം. അറിയാത്ത നമുക്ക് കണ്ടും കേട്ടുമിരിക്കാം. മനസ്സിലായില്ല ?. നമ്മുടെ സാകീർ നായക് പരിപാടി പോലെയുള്ളതന്നേയ്..

Nireekshanam

വസ്ത്രമില്ലാത്തവർക്ക് ...... വസ്ത്രം-നാണം മറക്കാൻ. മാനം മറക്കാൻ. നമുക്ക് വസ്ത്രമോ ? നാലാൾ കാണാൻ, നാലാളെ കൊണ്ട് കേമത്തരം പറയിക്കാൻ. നിങ്ങൾക്ക് എത്ര ജോഡി വസ്ത്രം ഉണ്ടെന്നു ചോദിക്കുന്നില്ല.വസ്ത്രമില്ലാത്തവർക്ക് വേണ്ടി ഞങ്ങൾ ചോദിക്കുന്നത്- നിങ്ങൾ നിത്യം ഉപയോഗിക്കാത്ത രണ്ടു ജോഡി വസ്ത്രം തരാമോ ? . ജീവിതത്തിൽ ഇന്നേ വരെ പുതു വസ്ത്രത്തിന്റെ മണം ഏൽക്കാത്തവർ ഇവിടെ ഉണ്ട്. നമ്മുടെ രാജ്യത്ത്. ഉടുതുണിക്ക് മറുതുണി ഇലാത്തവർ. അഭിമാനം കൊണ്ട് ആരാനോട് ചോദിക്കാൻ പറ്റാത്തവൻ. ദാരിദ്ര്യം അവരുടെ കുറ്റമല്ല. അത് ഉള്ളവന്റെ കുറ്റമാണ്. നൽകാനാണ്‌ സമ്പത്ത് ഏൽപ്പിക്കുന്നത്. വസ്ത്രവും അങ്ങിനെ തന്നെ. ഈ സീസണിലെ ഫാഷൻ കഴിഞ്ഞാൽ നിങ്ങളുടെ വസ്ത്രം അലമാരയിൽ തൂങ്ങും. ഒരു കല്യാണത്തിന് അണിഞൊരുങ്ങിയാൽ പിന്നെ ആ വസ്ത്രം നിങ്ങൾക്ക് വേണ്ട. ഒരു പാർടിക്ക് പോയി വന്ന ഉടുപ്പുകൾ നിങ്ങളുടെ വീട്ടിൽ അലസമായി മൂലയിൽ ചുരുട്ടി ഏറിയും. ഇനി അത് പാറ്റയ്ക്കും പഴുതാരയ്ക്കും ആഹാരം. പൂപ്പൽ പിടിക്കാൻ ഒരു കൂമ്പാരം. ഒരു സഹോദരന് ഒരു സഹോദരിക്ക് അത് ആവശ്യമുണ്ടെന്നു നിങ്ങളോടു പറഞ്ഞാൽ ചെവി കൊള്ളുമോ ? അതൊന്നു അലക്കി ഇസ്തിരി ഇട്ടു തരാമോ ? ഞങ്ങളുടെ വോളണ്ടിയർമാർ അത് വാങ്ങാൻ വരും. മനസ്സറിഞ്ഞു നിങ്ങൾ വൃത്തിയിൽ തന്നാൽ നാണം മറക്കാത്ത ഒരു സഹോദരിക്ക് സഹോദരന് വലിയ ഉപകാരം ആകും. പുണ്യം കിട്ടുന്ന പണി. നിങ്ങൾ അറിയാത്ത ഒരു അഗതി നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കും. മൂന്നു വെള്ളത്തുണികൾ നമ്മെ മറ്റാരോ പുതക്കുന്നതിനു മുമ്പ് ഉള്ളതിൽ നിന്ന്നമുക്ക് ഒരാളുടെ നാണം മറക്കാൻ പറ്റിയാൽ ...അതിൽ പരം സൽ പ്രവൃത്തി മറ്റെന്താണ്?

Nireekshanam

സി.പി.യെ പരിച യപെടുതെണ്ടല്ലോ. പടലയുടെ നാഡി തൊട്ടറിയാൻ ഇറങ്ങിയ ഒരു സംഘം. നമ്മുടെ നാട്ടിലെ സമൂലമായ മാറ്റത്തിന് ഇവിടെ ജീവിക്കുന്നവരെ കുറിചു അറിയണം എന്ന് തീരുമാനിച്ചു. ആഴ്ചകളോളം നമ്മുടെ വളണ്ടിയർമാർ പണിപെട്ട് സർവെക്കിറങ്ങി. അതിന്റെ പൂര്ണ രൂപം നമുക്കായ് തയ്യാറായി. 563 വീടുകൾ , 3600 ആളുകൾ . സർവേയ്ക്ക്‌ പോയ ദിവസം ജനിച്ച കുഞ്ഞു മുതൽ തൊണ്ണൂറും കഴിഞവർ ഉണ്ട് ആ റിപ്പോർട്ടിൽ. വിശദമായി നമുക്ക് ആ റിപ്പോർട്ട് ഇനിയും പഠിക്കേണ്ടതുണ്ട്. പക്ഷെ, ആ റിപ്പോർട്ടിൽ വളരെ അര്ജന്റ്റ് ആയി സൂചിപിച്ച ഒരു കാര്യം ഉണ്ട്. നൂറിൽ താഴെ വരുന്ന കുടുംബങ്ങൾ ! അവർ നമ്മെ പോലെയല്ല. അല്ലൽ ഉണ്ട്. അലട്ടൽ ഉണ്ട്. രോഗം, ദാരിദ്ര്യം..... വിധവകൾ എവിടെ പോയാണ് പണിയെടുക്കെണ്ടത് ? അവര്ക്കും കുഞ്ഞുങ്ങളുണ്ട്. വിവാഹ മോചനം നേടിയ സ്ത്രീകൾ നമ്മുടെ ചുറ്റുവട്ടമുണ്ട് . നമ്മുടെ മഹല്ലിൽ. തൊട്ടപ്പുറത്ത്. വിവാഹ പ്രായവും കഴിഞ്ഞു പുര നിറഞ്ഞു നിൽക്കുന്ന സ്ത്രീകൾ നമ്മുടെ കാണാ കാഴ്ചയിൽ ഉണ്ട്. അവരുടെ പ്രായമുള്ള സ്ത്രീകൾ അപ്പുറത്തെ വീട്ടില് പെരക്കുട്ടിയെയാണ് താരാട്ട് പാടുന്നത്. അത്രക്കും പ്രായമുള്ള അവിവാഹിതർ. അവര്ക്കും മരണം വരെ ജീവിക്കണ്ടേ ? പതിനേഴു അംഗങ്ങൾ ഉള്ള ദാരിദ്ര്യ വീട് വരെ ഉണ്ടെന്നറിഞ്ഞാൽ..... അവരുടെ വീട്ടിൽ മൂന്ന് നേരം ഉണ്ണണ്ടേ ? അവരുടെ കുഞ്ഞുങ്ങൾക്കും കുഞ്ഞുടുപ്പ്‌ വാങ്ങണ്ടേ? അവിടെയും രോഗികൾക്ക് മരുന്ന് കഴിക്കണ്ടേ ? ആശ്രയമില്ലാതവർക്ക് അത് ഉള്ളവനല്ലേ ആശ്രയം ? ഈ നൂറിൽ താഴെ ഉള്ളവർ എങ്ങിനെ വന്നാലും നിങ്ങളുടെ ഒരു ബന്ധുവായി വരും. അല്ലെങ്കിൽ അയൽക്കാർ.... ഒരു ഉരുള ചോറ്, ഒരു ഔണ്‍സു മരുന്ന്, ഒരു ഉടുപ്പിന്റെ കഷ്ണം എങ്കിലും വാങ്ങാൻ നമ്മുടെ പൈസ ഉപകരിച്ചാൽ.... അതും നമ്മുടെ സ്വന്തം നാട്ടുകാർക്ക്.... അതിൽ പരം വല്യ കാര്യം എന്താണ് ഉള്ളത്? ..സി.പി. മനസ്സറിഞ്ഞു ഒരു റിപ്പോർട്ട് ഉണ്ടാക്കി. അതിന്റെ ബാധ്യത ഏറ്റെടുക്കേണ്ടത് ഇപ്പോൾ എല്ലാവരുടെതുമായി.... എല്ലാര്ക്കും ഒന്ന് ഒത്തൊരുമിച്ചാൽ 15 ശതമാനം വരുന്ന ഈ ദാരിദ്രര്ക്ക് ഒരു താങ്ങാവും....തണലാകും. മഹ്ഷറയിൽ നമുക്കും ഒരു തണലാകും ...ഉള്ളവൻ ഉള്ളതിൽ നല്ലത് തരണം... ഇല്ലാത്തവന് വേണ്ടിയാണ് ചോദികുന്നത്..

നിരീക്ഷണം

നിരീക്ഷണം നിർത്താൻ നേരമായില്ലേ .. കുട്ടൂസന്റെ മരുന്ന് കേട്ടിട്ടുണ്ടോ ? ഒറ്റ മൂലിക്ക് അങ്ങിനെയൊരു പ്രാകൃത പേരും നിലവിൽ ഉണ്ട്. നാമം. നാമ വിശേഷണം. ചില പ്രവൃത്തിക്ക് അങ്ങിനെ ഒരു വിശേഷണം ഉണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ പറഞ്ഞു തരണേ... സ്റ്റേജിൽ വരുത്തി കൊടുക്കുക എന്ന് കേട്ടാൽ എല്ലാർക്കും ഒരു ധാരണ ഉണ്ട്. അതൊരു നല്ല സംഗതി ആയിരിക്കുമെന്ന്. ഉപഹാരം, ബൊക്ക, ട്രോഫി, സെർറ്റിഫിക്കറ്റ്, മെഡൽ, കുറഞ്ഞത് ഒരു കൈ കുലുക്കൽ.... കൊടുത്തവന് സന്തോഷം; കൊടുക്കുന്നവന്റെ കൂടെ ഫോട്ടോയ്ക്ക് നിന്നവർക്കും സന്തോഷം; അതിനു വേണ്ടി ശ്രമിച്ചവർക്ക് ബഹു സന്തോഷം. വാങ്ങിയവനും വാങ്ങിയവന്റെ ബന്ധുക്കൾക്കും കൂട്ടുകാർക്കും നാട്ടുകാർക്കും അതിലേറെ സന്തോഷം. റമദാൻ മാസത്തിൽ നിങ്ങൾ ചില സ്റ്റെജുകളിലെ ''കൊടുക്കൽ'' കണ്ടിട്ടുണ്ടോ? മൈക്കിൽ കൂടി ഒരു മിസ്ക്കീനെ വിളിച്ചു വരുത്തി ഒരു പഴയ സിമെന്റു ചാക്കിൽ പകുതി അരി നിറച്ചു കൊടുത്തു അതിന്റെ ഫോട്ടോ ക്ലിക്കി പത്തമ്പത് കോപി പത്രത്തിൽ കൊടുത്ത്, അരിശം തീരാതെ സോഷ്യൽ മീഡിയയിൽ ഇട്ടു വഷളാക്കുന്ന ഏർപ്പാട്. പത്തു പതിനഞ്ചു ഏമാന്മാർ സ്റ്റേജിൽ വെളുക്കെ ചിരിച്ചും, ഈ മിസ്കീന്റെ മേൽ പുഞ്ഞ നോട്ടമിട്ടും.... ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്നാണ്; അതെവിടെ ? അങ്ങ് കിത്താബിൽ. ഇവിടെ ? പോട്ടം. പണ്ട് ഇരുപത്തേഴിനു ചില പ്രമാണിമാരുടെ വീട്ടിൽ നേരം വെളുക്കോളം നാലാൾ കാണാൻ ക്യൂ നിർത്തി ഭിക്ഷ കൊടുക്കുന്ന എർപാട് ബഷീറോ മറ്റോ എഴുതിയത് വായിച്ചത് ഓർക്കുന്നു . ഇത് അതിലും കഷ്ടാണ്. ഞായം ഉണ്ടോ ? എന്നാൽ ഇനി പറയുന്നതിനെ കിടപിടിക്കാൻ പറ്റുന്ന ഒന്നുണ്ടെങ്കിൽ പറ. വാങ്ങുന്നവനും കൊടുക്കുന്നവനും കണ്ടു നിൽക്കുന്നവനും തുല്യമായി, അല്ല വാങ്ങുന്നവനു ഒരു ''ദറജ'' കൂടി അഭിമാനം തോന്നുന്നതാവണം പരസ്യമായ കൊടുക്കൽ. എന്തിനും സ്റ്റെജ് അല്ല പരിഹാരം. ആകരുത്. ഹസറത്ത് ഉമർ ഇരുട്ടിന്റെ മറവിലാണ് ഇല്ലാത്തവൾക്ക് കൊടുത്തത്. ആ ചരിത്രം ഈ സ്റ്റേജ് ഷോക്കാരുടെ ''ചെപ്പട്ട'' നോക്കി എപ്പോഴും കൊടുക്കുന്ന ഒരു ഊക്കൻ സമ്മാനം ആയിരിക്കും.

നിരീക്ഷണം

നിരീക്ഷണം 🔦 **************** ഇപ്രാവശ്യം മുതലെങ്കിലും റമദാനെ പരിഹസിക്കുന്നത് നിർത്താം ******************************** ഒരു ബിഹാരി കഥ . കുടുംബത്തിൽ അഞ്ചു പേർ . 4 പെണ്ണ്; 1 ആണ്‍...... പെമ്പിള്ളേർ നാലും കല്യാണം കഴിഞ്ഞു കുഞ്ഞു കുട്ടി പരാധീനകളുമായി അവരവരുടെ വീടുകളിൽ . പ്രായാധിക്യമുള്ള ഉമ്മാനെ നോക്കാൻ ആങ്ങളയും ഒന്ന് കെട്ടി. ഒരീസം ഉമ്മയുടെ വായിൽ ചോറ് വെച്ച് കൊടുക്കുമ്പോൾ കയ്യബദ്ധത്തിനു അത് തരിമൂക്കിൽ കേറി. ഒരിക്കലും തിരഞ്ഞു നോക്കാത്ത പെണ്മക്കൾ പെട്ടിയും പ്രമാണവുമായി തറവാട്ടിൽ. അവർ കുറെ മൂക്കോലിപ്പിച്ചു. മുക്രയിട്ടു. ആങ്ങൾന്റോക്ക് നാലീസം ക്ലാസ്സുമെടുത്തു. നിന്നെ നമ്പിയിട്ടാണ് ഞങ്ങൾ വരാത്തതെന്ന് നാതൂന്മാർ. ഓ ...എന്തായിരുന്നു ആ വീട്ടിലെ പൊൽസ് ! ആങ്ങള വിചാരിച്ചു : ബഹെൻ ലോഗ് പൂരാ സുദർ ഗയീ . ഇടക്കിടക്ക് പെങ്ങമ്മാർ ഇങ്ങിനെ വരുമായിരിക്കും . എവിടെ ? അഞ്ചാം നാൾ മുതൽ വെളുപ്പിന് കിട്ടിയ ഓട്ടോയ്ക്ക് ഓരോന്നും കൈ കാണിച്ചു പോയ പോക്കാ ... ഇനി വരണമെങ്കിൽ തറവാട്ടിൽ ആരുടെയെങ്കിലും തൊണ്ടക്ക് പിടിക്കണം പോൽ. ഈ കഥ ഇങ്ങിനെ ഇരുന്നോട്ടെ.. .................................................. റമദാനിൽ പള്ളീന്ന് ഒച്ചേം വിളിയും കേട്ട് കൊറേ പേർ വന്നിട്ടുണ്ട്. അവർ ആദ്യം ഫസ്റ്റ് ലൈൻ നിറച്ചു തന്നു. അല്ല പള്ളി ഫുള്ളാക്കി. സ്ഥിരം വരുന്ന പാവങ്ങൾക്ക് വരെ അവർ പള്ളീന്റെ കോലായിൽ ഇരുന്നു ക്ലാസ്സെടുത്തു. മുക്രിച്ച(ക്ക) ഒരീസം സുബഹി ബാങ്കിന് ഒരു വരി വിട്ടത് പ്രശ്നായപ്പോൾ അവർ തന്നെ പറഞ്ഞു ഒത്തു തീർപാക്കി. മൂക്കും വായും മൂടി കെട്ടിയാണ് ഹൌള് വരെ കഴുകിയത്. ''പൊയഞ്ചൽ'' ഇല്ലാഞ്ഞിട്ടും സൂക്ഷമതയ്ക്ക് വേണ്ടി അവർ ''എത്തിപ്പർച്ചി''ട്ട് ചൂൽ കൊണ്ട് തൂത്തു. ബട്ട്, അവർ ഇരുപത് കഴിഞ്ഞു സ്കൂട്ടാവാൻ തുടങ്ങിയിട്ടുണ്ട് .... പള്ളീൽ ഇപ്പം ആളനക്കം കുറഞ്ഞു വരുന്നു. ഞാൻ പോകുന്ന യാമ്പു മഹല്ല് പള്ളിയിൽ നാലേ മുക്കാൽ വരീന്ന് വിട്ടു സിംഗിൾ മുക്കാലിലെക്ക് എത്തിയിട്ടുണ്ട് ഭക്ത ജനങ്ങൾ. എന്താ നാട്ട്ളെ കഥെ... ആടെം അങ്ങന്ന്യാ..? സമ്മേളനങ്ങളായാലും ആചാരങ്ങളായാലും ആഘോഷങ്ങളായാലും അവസാന ദിവസങ്ങളിലാണ് തിരക്ക്. ഇവയ്ക്ക് കൊടുക്കുന്ന പരിഗണന പോലും അനുഗ്രഹീത ദിനങ്ങൾക്ക് നൽകാൻ മുസ്ലിം ഖൌമിനാകുന്നില്ല. കഷ്ടം ! ആവേശത്തിൽ തുടങ്ങിയ ഖുർആൻ പാരായണം വരെ നടുക്കണ്ടം എത്താതെ നൂൽ വെച്ച് മേശപ്പുറത്താണല്ലോ ! (അതിനൊരു അപവാദമായി കുറച്ചു പഴയ മനുഷ്യർ ഉണ്ടാകും. അവർ ചിലർക്കിപ്പോൾ ഒട്ടമുക്കാലാണല്ലോ ) .................................................. 🔦 : റമദാൻ ഇക്കുറിയും ചിലരാൽ പരിഹാസ്യമായാണ് റബ്ബിലേക്ക് മടങ്ങുന്നത്. പടച്ചവനോട് അത് പരാതി പറയുക തന്നെ ചെയ്യും. പരിഹസിച്ചവരിൽ നമ്മൾ പെട്ടിട്ടുണ്ടെങ്കിൽ കുറച്ചു മണിക്കൂർ കൂടി ബാക്കിയുണ്ട്. തീരുമാനം മാറ്റി ആ സ്വഫ്ഫ് സനാഥമാക്കുക - അടുത്ത റമദാൻ വരെ.

നിരീക്ഷണം

നിരീക്ഷണം *************** ജഡുതി ഫോർവേർഡമ്മാരോട് ******************************* നിങ്ങൾ പന്ത്രണ്ടു വാട്ട്സ് ആപ് ഗ്രൂപ്പിൽ ഉണ്ട്. ആ പന്ത്രണ്ടിലും ''എക്സ് '' എന്ന പോസ്റ്റു വിദ്വാൻ ഉണ്ട്. കക്ഷി ഒരു ബ്രെകിംഗ് ന്യൂസ്‌ പോസ്റ്റുന്നത് വല്ലപ്പോഴും അനുഭവിച്ചിട്ടുണ്ടോ ? ഇല്ലേ ? എന്നാൽ നിങ്ങളെ കല്യാണ വീട്ടിലെ 'ബെപ്പ് ' പുരയിലേക്ക് വല്ലപ്പോഴും പോകണം. ഉച്ച കഴിഞ്ഞ് പുയ്യാപ്ല വരാനകുമ്പോൾ എരിയുന്ന അടുപിന്റെ പുറത്ത് വക്കില്ലാത്ത വല്യോരു ഇരുമ്പ് തകിട് ഉണ്ടാകും. കുശ്നിക്കാരൻ 10 -12 പോറോട്ട നിരത്തി അതിൽ ഇടും. അടി ഭാഗം ചൂടായിന്നു പുള്ളിക്ക് തോന്നിയാൽ ബീഡി കുറ്റി വായിൽ തിരുകി, കണ്ണിൽ വരുന്ന പൊഹ അരകണ്ണടച്ചു മാറ്റി, ചട്ടുകത്തിൽ ആ പന്ത്രണ്ടു പൊറോട്ടയും മറിച്ചിടുന്ന ഒരു 150 സ്പീഡിലുള്ള സീൻ ഉണ്ട്. ആ സ്പീഡിൽ ആയിരിക്കും നമ്മുടെ ''എക്സ്‌'' വാട്സ്ആപ് ഗ്രൂപ്പിൽ ന്യൂസ്‌ ഫോർവേഡ് ചെയ്യുന്നത്. വേറെ ഒരുത്തൻ അതിടുന്നതിനു മുമ്പ് നമ്മളിട്ടിരിക്കും എന്ന വാശി. അപ്പോൾ ഉള്ള മൊബൈൽ ശബ്ദം ശരിക്കും ആംബുലൻസ് അലാറം പോലെയായിരിക്കും. ആ കൂറ്റ് കേട്ടാൽ ''എക്സി''ന്റെ ഒരു മുസീബത് വന്നൂന്ന് കൂട്ടിക്കോളനം. ***************************** ഫഹദ് എന്ന പൊടിമോൻ ദാരുണമായി മരിച്ചു. എല്ലാവർക്കും ആ വാർത്തയും എത്തി. ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ പിന്നൊരു വീഡിയോ. പ്രസംഗവേദിയിലെ ''ഈ'' വാഗ്ദാനമാണ് നമുക്ക് നഷ്ടപെട്ടതെന്നു. സഹികെട്ട് ആ വീഡിയോയിൽ കണ്ട കുട്ടി പിറ്റേ ദിവസം ഫെയിസ് ബുക്കിൽ എഴുതി - ''ഞാൻ മരിച്ചിട്ടില്ല. മരിച്ച ആ കുട്ടി ''ഈ'' ഞാൻ അല്ല''. ഒരു മത ഭ്രാന്തൻ ഒരു കുഞ്ഞിനെ കൊന്നു ! ഇവിടെ ഈ കുട്ടിയെ ഒരു ദിവസത്തേക്ക് ആര്... ? എത്ര വിഷമം ഉണ്ടായിരിക്കും ആ കുട്ടിക്ക് ! ആ വ്യാജ വാർത്ത അറിഞ്ഞു ആ കുട്ടിയുടെ മാതാ പിതാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടായ ഷോക്ക് എത്ര ആയിരിക്കും? ഇന്ന് രാവിലെ ഒരു തിരു ജില്ലക്കാരൻ എന്നോട് - ''ഒരു കൊച്ചു പ്രഫാഷകനെയല്ലേ എവമ്മാര് ...ആ വിഡിയോ .കൊല്ലം കോട്ടയം തിരോനന്തരം മൊത്തം പോസ്റ്റിയിട്ടുണ്ട് കേട്ടോ " ഞാൻ തിരുത്തി. നാലീസം മുമ്പ് ഇതേ പോലെ ഒന്ന് വാട്സ്ആപ്പിൽ കറങ്ങി. കുറെ കാലത്തിനു ശേഷം കൂടെ പഠിച്ചവനെ പൊലീസ് വേഷത്തിൽ ടൌണിൽ കണ്ടു പോലും. വർഗ്ഗീയ ലഹളക്ക് പ്ലാൻ ഉണ്ടെന്നു ഈ ''കുഞ്ഞിച്ചാ''നോട് ഫ്രണ്ട് പോലീസ്. പുള്ളി ആ പോലീസിന്റെ പേരും പറഞ്ഞു ഗ്രൂപ്പിൽ അന്ന് ഇട്ടു കറക്കി. ''പ്ലീസ് പ്ലീസ്'' എന്നൊക്കെ പറഞ്ഞാണ് ''കുഞ്ഞിച്ച'' അത് ഫോർവേഡ് ചെയ്യാൻ ആവശ്യപെടുന്നത്! ഇന്ന് വേറൊന്നു കറങ്ങുന്നുണ്ട്. അല്ല കൂട്ടരേ, നമ്മളിങ്ങനെ തിരിഞ്ഞും മറിഞ്ഞും നോക്കാതെ വെറും ''ഫോർവേഡൻ'' ആയാൽ മതിയോ? ഒന്ന് ''അസോയിക്കോളം'' കാത്തൂടെ ? കുറഞ്ഞത് ഒരു ''തെള'' ? അതിന്റെ നിജ സ്ഥിതിയൊക്കെ അറിഞ്ഞ്...പോരെ ? അല്ലാ, ഇവര് ബെല്ലും ബ്രേക്കും ഇല്ലാതെ ബ്രെയിക്കിംഗ് ന്യൂസ്‌ ഇടാൻ ആരിപ്പാ ? ബിബിസി യാ ? സീയെന്നെന്നാ... കഷ്ടമുണ്ട് കേട്ടോ.

നിരീക്ഷണം

നിരീക്ഷണം **************** ചില ജിപിക്കാരോട് ************************* മുമ്പൊക്കെ ഇരു ചക്ര വാഹനങ്ങൾ കുറവാണല്ലോ. എല്ലാർക്കും ബസ്സാണ് ആശ്രയം. നാട്ടിലേക്കുള്ള ബസ്സ്‌ പുറപ്പെടുന്നത് പഴയ ബസ്റ്റാന്റിൽ നിന്ന്. ലാസ്റ്റ് ബസ്സ്‌ അവിടെ സ്റ്റാർട്ടിലുമാണ്. ഒന്ന് രണ്ടു നാട്ടിലെ പുള്ളാര് അവിടെ ചുറ്റിത്തിരിയുന്നുണ്ട്. ബസ്സിനകത്ത് ഇടതു വശം ഇരുന്ന രണ്ടു പ്രായമുള്ളവർ ''വരുന്നില്ലേ...ഇത് ലാസ്റ്റ് ബസ്സാ''ന്നു അവരോട് പറഞ്ഞു. പയ്യമ്മാർ കടലയും കൊറിച്ചു ''ഈലെന്നെപ്പാ ഞങ്ങൾ കേറുന്ന''തെന്നും മറുപടി. ''എന്നാ കേറ്രാ'' അയാൾ. ''ആയിപ്പാ..'' പുള്ളമ്മാർ. അതിനിടയിൽ ബസ്സും വിട്ടു. എന്തോ ബോധോദയം വന്നത് പോലെ ആ രണ്ടെണ്ണം കടലക്കൂടും കാലിയാക്കി കെ.എസ്. റോഡും കടന്നു, ദിനേശ് ഡിപ്പോ ജങ്ങ്ഷനിൽ ഇടതും വലതും നോക്കി, വലത്തോട്ട് വെച്ച് പിടിച്ച്, പ്രഭാകരറാഊന്റെ പോരെന്റെ മുന്നിൽ കൂടി ഓടി, ഹൈവേയിൽ മലക്കം മറിഞ്ഞു കറണ്ടക്കാട് സ്റ്റോപ്പിൽ എത്തി തലനാരിഴക്ക് പോയ ബസ്സ്‌ നോക്കി, നടുവിന് കയ് വെച്ച് ഒരു നോട്ടമുണ്ട്....പിന്നെ കണ്ണിൽക്കണ്ട പാണ്ടിക്കും പാണ്ടിവണ്ടിക്കും കൈ കാണിക്കലായി..... **************************************** ഇതേ പോലെ തിരക്ക് കൂട്ടുന്ന ചില G (gulf)- പോയത്തക്കാരുണ്ട്- ജിപി. നോമ്പ് 25-26 ആകുമ്പോഴേക്കും റൂമിലെ ഒരു കാരണവർ പറയും - ''ഡാ, നോമ്പ് തീരാറായി. ഫിതർ സക്കാത്ത് ശുദ്ധീകരണം ആണ് . പെരുന്നാളിന് രണ്ടീസം മുമ്പ് തന്നാൽ ഇവിടെ ഒരു ലേബർ ക്യാമ്പിൽ അരി വാങ്ങി നമ്മുടെ ''ക്യൂ'' സംഘടന കൊടുക്കും''. നമ്മുടെ ജിപി കീശ തപ്പി ''ഇപ്പോ ചില്ലറെ ഇല്ലച്ചാ...ഇനിയും ടേം ഇണ്ടൊല്ലോപ്പാ'' എന്നു മൊഴിയും. അദ്ദിച്ച നോമ്പ് 29 വരെ ഓർമിപ്പിക്കും. ''ഞങ്ങളെ ''യു'' കൂട്ടായ്മയും പറഞ്ഞിനു. ഞാൻ ഓറേല് കൊട്ക്കാം'' - ചില ജിപികൾ അങ്ങിനെയും പറഞ്ഞു കളയും . പെരുന്നാൾ ദിവസം വൈകി എണീറ്റ് കുളിച്ചീന്നു വരുത്തി തല തോരാൻ വരെ നേരമില്ലാതെ പുതിയ കുപ്പായം ഇസ്തിരി പോലും തേക്കാതെ മേത്തെക്കിടുംപോഴായിരിക്കും - ഒരു ജിപി മറ്റേ ജിപിയോട് '' അല്ലടാ ..ഫിത്ര് സക്കാത്ത് കൊട്ക്കണ്ടേ ? ". പിന്നെ ഓട്ടം സഹാമുറിയിലേക്ക്. ''അദ്ദീച്ചാ ...പിത്ര് സകാത്ത് ഏടെ കൊടുക്കണ്ടേ'' അദ്ദിച്ച അന്നത്തെ നല്ലോരു ദിവസം പരിഗണിച്ചു ഒന്നും ജവാബ് കൊടുക്കില്ല. (ഇതേ ആവശ്യം പറഞ്ഞു താഴത്തെ വില്ലയിലെ ''ഫാമിലി ജിപി'' യുടെ ഫോണും അദ്ദിച്ചാക്ക് വന്നിരിക്കും.) പിന്നെ ആ രണ്ടു ജിപിസ് ഒരു ഓട്ടമുണ്ട്...ഈദ് ഗാഹിലേക്ക്. എങ്ങിനെയൊക്കെയൊ ''സേങ്ങി സേങ്ങി'' അവരവിടെ എത്തും. അവിടെയുണ്ടാകും കുറച്ചു ബംഗാളികളും ബലൂചികളും ഈ ജിപികളെയും കാത്ത് .. ധാന്യം കൊടുക്കേണ്ടിടത്ത് പരിശുദ്ധ ഫിതർ സക്കാത്ത് ലാഘവത്തോടെ ദിർഹം/ ദീനാർ/ റിയാൽ രൂപത്തിൽ കൊടുത്തു അവർ സലാമത്താകും ! *********************************** ഇപ്രാവശ്യമെങ്കിലും ഒരാളും ജിപി ആകരുത്. അതിനു ഇട വരുത്തരുത്. X , Y , Z ആര് സംഘടിപ്പിച്ചാലും രണ്ടീസം മുമ്പേ അവരെയത് ഏൽപ്പിച്ചു ആ മഹത്കൃത്യം നിറവേറ്റുക. എത്ര എത്ര ലേബർ ക്യാമ്പുകളിലാണ് ശമ്പളം നേരെ ചൊവ്വെ കിട്ടാതെ പാവങ്ങൾ ഉള്ളതെന്നറിയോ ?

നിരീക്ഷണം

നിരീക്ഷണം **************** അതിര് കടക്കേണ്ടത്, കടക്കേണ്ടാത്തത്, പിന്നെ പെരുന്നാൾ വിശേഷങ്ങളും ***************************************** അങ്ങിനെ കലക്ടർ തന്നെ പറഞ്ഞു. പെരുന്നാൾ ആഘോഷം അതിര് കടക്കരുതെന്ന്. കാസർകോട് കലക്ടറേ അത് പറഞ്ഞിട്ടുള്ളൂ. അതിനർത്ഥം ഇവിടെയാണ്‌ അത് കുറച്ച് കൂടുതൽ ഉള്ളത് എന്നാവാം. അതറിയാൻ പെരുന്നാൾ വൈകുന്നേരമോ പിറ്റേന്നോ അതിന്റെയും പിറ്റേന്നോ ഒന്ന് വൈകിട്ട് ബേക്കൽ കോട്ട വരെ പോയാൽ മതി. ചില പിള്ളേരുടെ കസർത്ത് കണ്ടാൽ..... (അത് കണ്ടിട്ട് പൂരിപ്പിക്കാൻ നിങ്ങൾക്ക് വിട്ടു). ഇതൊക്കെ കുറച്ചു കാലം മുമ്പ് വളരെ ചുരുക്കം വരുന്നവർ പറഞ്ഞിരുന്നു. എന്തിനും ഒരു അതിർത്തിയും അതിർവരമ്പുമുണ്ടെന്ന്. അപ്പോൾ അതൊക്കെ വേറെ എന്തൊക്കെയോ പേരും പറഞ്ഞു പലരും മൈൻഡ് ചെയ്തില്ല. ഇപ്പോൾ ഇതൊരു ''ചങ്കിന് മാല'' ആയപ്പോൾ മഹല്ലിനെ കേൾക്കാൻ പുള്ളോമ്മാരെ കിട്ടാതായി. പടക്കം പോട്ടിക്കരുതെന്നു പറഞ്ഞാൽ പറഞ്ഞവന്റെ പോരെന്റെ മുമ്പിൽ നാലെണ്ണം. ബൈക്കിൽ രണ്ടാളേ പോകാവൂന്നു ശാസിച്ചാൽ തേടിപിടിച്ച് പിന്നിൽ നാലെണ്ണം. സ്കൂളിന്റെ മുന്നിൽ ഒച്ച വെക്കരുതെന്ന് പറഞ്ഞാൽ പിന്നെ അവിടെ സവണ്ടിന്റെ അപ്പീസ്. പെരുന്നാളിന് മുസ്വല്ലയിലേക്ക് പോക്ക് വരവ് രണ്ടു വഴി നല്ലതാണ്, അതും നടന്ന്‌.. .. ആഹാ...എന്നാ വണ്ടിയിൽ തന്നെ പോയിട്ട് കാര്യം. ചിലരെ കണ്ടില്ലേ ? പെരുന്നാൾ നിസ്കാരത്തിനു ഒരു ''ഒയന്ന'' ഡ്രസ്സ്. പുതിയ കുപ്പായം - അത് നിസ്കാരം കഴിഞ്ഞു. ഇതൊന്നും നമ്മുടെ നാട്ടിൽ അല്ല കേട്ടോ. നമ്മുടെയൊക്കെ ''അയൽ രാജ്യ''ത്താന്നു കൂട്ടിക്കോളൂ. *********************************** a s l a m M A V I L A E ********************************** പക്ഷെ ചില അഭിനന്ദനാർഹമായ കാര്യങ്ങൾ നമ്മുടെ കുട്ടികളിൽ കാണുന്നുണ്ട്. നല്ല ചെയ്തികളും നല്ല കീഴ്വഴക്കങ്ങളും കണ്ടാൽ പ്രശംസിക്കാൻ മാവിലക്കാരൻ പിശുക്ക് കാണിക്കാറുമില്ല . അതെന്നാന്ന് വെച്ചാൽ, പുള്ളാര് പെരുന്നാൾ ദിനം ഒരു സംഘമായി കൂട്ടുകാരവന്മാരുടെ വീട് സന്ദർശിക്കുക. ഒന്നിച്ചു പഠിക്കുന്ന കളിക്കുന്ന കൂട്ടുകാർ. നമ്മുടെ മക്കളുടെ കൂടെ അവർ നമ്മുടെ വീട്ടിലെത്തി ''അരയിറുക്ക്‌'' വെള്ളം കുടിക്കുമ്പോൾ ...ആകാശത്തിലെ നക്ഷത്രങ്ങൾ മക്കളുടെ കൂടെ നമ്മുടെ പടിവാതിൽക്കൽ എത്തിയ സന്തോഷം. അനിർവചനീയം. രോഗികളെ വരെ ആ മക്കൾ അവരുടെ ശരീര ഭാഷയിൽ നോക്കും. സമാശ്വസിപ്പിക്കും. ഈ പെരുന്നാളിനും ആ നക്ഷത്രക്കുഞ്ഞുങ്ങൾ റൈ-സം-സബ്-സാനോടോപ്പം എന്റെ വീട്ടിലും പ്രകാശം പരത്തി വന്നിറങ്ങുമെന്നു പ്രതീക്ഷിക്കട്ടെ. ഒന്ന് കൂടി, നിങ്ങൾ ഓരോരുത്തരുടെ മക്കളുടെ കൂടെയും, ആ നക്ഷത്രകൂട്ടങ്ങൾ വന്നിറങ്ങട്ടെ . ഞങ്ങളെ പോലെയുള്ളവരുടെ പ്രവാസി പ്പെരുന്നാളിന് നിങ്ങളൊക്കെയാണ് കൂട്ട്. കുഞ്ഞു കുഞ്ഞ് പിണക്കങ്ങളൊക്കെ മാറ്റി പരസ്പരം പറയാം - തഖബ്ബലല്ലാഹു മിന്നാ വ മിൻക്കും. ഒപ്പം ഈദ് മുബാറക്കും. എനിവേ ...വിഭവ സമൃദ്ധമായ ''ദേശീയ'' അപ്പങ്ങളുൾപ്പെടെ, കഴിക്കുമ്പോൾ ഞങ്ങളെയും ഓർക്കുക. ടിക്കറ്റ് കിട്ടാഞ്ഞിട്ടോ ലീവ് ഒക്കാഞ്ഞിട്ടോ നിങ്ങളൊക്കെ അറിയുന്ന അല്ലറ ചില്ലറ ''കുടുക്കലു''ണ്ടായിട്ടോ ഒക്കെയാണ് നാട്ടിൽ വരാൻ പറ്റാത്തത്. സാരോല്ലാന്നേയ്, ബല്യെ പെരുന്നാളിന് നോക്കാം. ************************************ അസ്ലം മാവില

നിരീക്ഷണം

നിരീക്ഷണം ***************** ''കൊള്ളിപ്പിസാസി'' ദുരന്തങ്ങൾ സമ്മാനിക്കുമ്പോൾ **************************** ദുബായിക്കാലം. എന്റെ ഒരു കൂട്ടുകാരൻ; മലപ്പുറക്കാരൻ; ചെറ്യാട്ടി തങ്ങൾ. ഇടക്കിടക്ക് പുള്ളി വണ്ടിയും കൊണ്ട് വരും. ഫ്ലാറ്റിനു താഴെ വന്നു വിളിക്കും. ഒഴിവുണ്ടെങ്കിൽ പോകും. പോകാൻ രണ്ടു കാരണം - ഒന്ന്, തനി ഏറനാടൻ മലയാളം കേൾക്കാൻ. രണ്ട്, വണ്ടി ഓടിക്കുമ്പോൾ ഓരോ ചാട്ടക്കാരനെ ( ട്രാഫിക് നിയമലംഘകർ) കുറിച്ചു പുള്ളി തങ്ങൾ കിടിലൻ കമന്റുകൾ കേട്ടാസ്വദിക്കാൻ. ദുബായ് റോഡിൽ കൊറിയർ ജീവനക്കാരും ഫാസ്റ്റ് ഫുഡ് ഡെലിവെറിക്കാരും ഉപയോഗിക്കുന്നത് ഇരു ചക്രവാഹനമാണ്. എത്ര പിന്നിൽ ഉണ്ടെങ്കിലും സിഗ്നൽ വീണാൽ തലങ്ങും വിലങ്ങും വളഞ്ഞും തിരിഞ്ഞും അത് സിഗ്നലിനു മുന്നിൽ എത്തിക്കോളും. പല നാൽ-നാലിമ്മേൽ ചക്ര വണ്ടിക്കാരും ഇതങ്ങളുടെ ശല്യത്തിൽ പെടാപാട് പെട്ടിട്ടുണ്ട്. നമ്മുടെ ചെറ്യാവുട്ടിക്ക് ഈറ്റിങ്ങളെ തല കണ്ടാൽ ശുണടിക്കു തീ പിടിക്കും. ഈ വണ്ടിക്കു പുള്ളി ഒരു പേരും ചാർത്തി - കൊള്ളിപ്പിസാസി *************************** ഇനി നമുക്ക് നാട്ടിലേക്ക് പോകാം. എത്രേറോ ഈ കൊള്ളിപ്പിസാസിനെ കൊണ്ട് മരിക്കുന്നത് ? ഒരാഴ്ച മുമ്പ് രണ്ടു പയ്യമ്മാരാ റ്റൗണിന്ന് ഏതാനും മൈലുകൾ അകലെ ബസ്സിടിച്ച് പിടഞ്ഞു മരിച്ചത്. ഇതാ രണ്ടീസം മുമ്പ് അണങ്കൂരിൽ ഒരു സഹോദരി. ഇത് പോസ്റ്റുമ്പോഴും റോഡിൽ കുറെ ഹതഭാഗ്യർ മരണത്തോട് മല്ലിടുനുണ്ടാകും ! ആര് എങ്ങിനെ ഇടിച്ചാലും അനുഭവിക്കുന്നത് ബൈക്കിൽ ഇരുന്നവർ തന്നെ ! ഓട്ടുന്നവൻ പോലിസിനെ പിരാകി ഹെൽമറ്റ് തലയിൽ ''വെക്കാതെ'' വെക്കും. അപ്പോൾ പിന്നിൽ ഇരിക്കുന്നവനോ/ളോ ? അവർക്ക് തല വേണ്ടേ ? ശരിക്ക് ഹെൽമറ്റ് ധരിക്കേണ്ടത് പിന്നിൽ ഇരിക്കുന്ന സാധുവല്ലേ? ******************************* A S L A M M A V I L A E ******************************* ചില പെണ്ണുങ്ങൾക്ക് എന്താ തിരക്ക് ? ഭർതാവിന്റെയൊ മക്കളുടെയോ സഹോദരന്റെയോ ബൈക്കിന്റെ പിന്നാലെ ഇരിക്കാൻ. ഒര്ങ്ങീറ്റ് കീഞ്ഞൊളും.കുഞ്ചീല് ഒരു പാക്ക് (വാനിറ്റി). പിന്നൊരു തോക്ക്; കുന്തം; കുട; ബടി; കൊടി ... ഒന്ന് - ഒന്നര വയസ്സ് വയസ്സുള്ള ''ലാട്ട്നി'' വേറെയും ! എല്ലാം ഈ പോയത്തക്കാരി ഏറ്റെടുക്കും. മൊഫൈലും പുടിച്ചോളും ! പിന്നെ ഏടെറോ '' ഈ പുടുത്തം'' കിട്ടുന്നത് ? ഇതൊക്കെ ഏൽപ്പിച്ചു മുമ്പിലിരിക്കുന്ന മാന്യന്റെ ഒരു ഓർമ്മിപ്പിക്കൽ - ''പേടിയാന്നെങ്ക് ചെല്ലെണോളേ....ളേ .. ''! (അതിനു മാവിലക്കാരന്റെ ട്രാൻസ്ലേഷൻ ഇതാണ് - ''ഇതോളേ.....കലിമെ ചെല്ലിക്കോണ്ടിരുന്നോ, ഗേരണ്ടി ഇല്ലണേ..ണേ..'). അതിനിടക്ക് സാരിയും ബുർക്കയും സൽവാർകമീസിന്റെ ''തെല്ലു''മൊക്കെ ചക്രത്തിന്റെ കൂടെ കറക്കം തുടങ്ങിയിരിക്കും . ഇനി എന്താ പറയേണ്ടത് ? പടച്ചവൻ തന്ന ജീവിതം നിങ്ങൾ ഈ ''കൊള്ളിപ്പിസാസി''ൽ തീർക്കാൻ നിൽക്കരുത്. എത്ര എത്ര ദാരുണ മരണങ്ങൾ ! ജീവിത ചക്രം തന്നെ താറുമാറാകുന്നില്ലേ? മരിക്കാതെ മരിക്കുന്ന ജീവിതങ്ങൾ അനുഭവിക്കുന്നത് നിങ്ങൾ ഒന്ന് പോയി നോക്കണം. പുരയിൽ ബാക്കിയായ പൊന്നുമക്കൾക്ക് വേണ്ടിയെങ്കിലും സഹോദരീ നിങ്ങൾ അതിന്മേൽ ഇരിക്കരുത്. നടന്നോ. ബസ്സിൽ കേറിക്കോ. കാറിൽ ഇരുന്നോ. റിക്ഷ പിടിച്ചോ. ഈ ''മൊതലി''ൽ ഇരുന്നു റൂഹ് കളയരുത്. ജീവഛവവുമാകരുത്. ആണ്‍പിള്ളേരെ ഉഫദേശിക്കാൻ.....(ആദ്യം എന്റെ പിള്ളാരെ ഉഫദേശിക്കട്ടെ) *************************** ബറ്റിച്ചത് : ''സ്രാൽ....സ്രാൽ ... '' ട്രൂൂ ൂന്ന് ഒന്നൊന്നര സ്പീഡിൽ ''കൊള്ളിപ്പിസാസി'' യിൽ ഇരുന്നു പോകുന്ന ''പയേ'' ദമ്പതികളെ നോക്കി ഒരു പയ്യൻ കൂകി വിളിക്കുന്നത് കണ്ടു എന്തോ പന്തികേട്‌ തോന്നി അവർ വണ്ടി നിർത്തി . മൊത്തമൊന്നു കറങ്ങി നോക്കി. ഒന്നും കണ്ടില്ല. അപ്പോഴേക്കും പയ്യൻ നടന്നെത്തി. ഇച്ച - ''നീ എന്ത്രാ ചെല്ലിയേ ....''? അപ്പോൾ പയ്യൻ - ''അത് ..ത്ച്ചാ .. നിങ്ങളെ ബയ്യെന്നെ അസ്രായിൽ ഇണ്ടായിനി..'' ചിരിക്കാൻ വരട്ടെ, മാവിലക്കാരന്റെ അപേക്ഷ ഇതാണ് - മൊത്തം വായിച്ചില്ലേലും സാരോല്ലാ. ബറ്റിച്ചത് പത്തോട്ടം വായിക്കണം. **************************** aslam MAVILAE

വെറുപ്പിക്കൽ (നർമ്മ പംക്തി )

വെറുപ്പിക്കൽ (നർമ്മ പംക്തി ) മാവിലക്കാരൻ  
**************************** പാബെലോ ബോസിസിതാ ജൂനിയർ ഡാഗ്ലാസ് ഡേവിഡ് . ഇത് മൊതല് ഞങ്ങളുടെ മെയിൻ കൊന്ട്രാക്ടറുടെ (സാംസങ്ങ് ) ഇരുന്നൂറ്റി ചില്ലാനം എഞ്ചിനീയർമാരിൽ ഒരെണ്ണം. വയസ്സ് 49. പുള്ളി നാട്ടിൽ ഫിലിപൈൻസിൽ. (ഇപ്പോൾ സഊദിയിൽ x ). രാവിലെ ഞാൻ വാർക്കപണിക്ക് വരുമ്പോൾ വഴിക്ക് കൂട്ടുകാരൻ വണ്ടി നിർത്തും. അപ്പം വാങ്ങാൻ. പലേ സൈസ് അപ്പം ഉണ്ട്, ആടെ. ബിസ്കറ്റ് മുതൽ തന്നൂറ്‌ വരെ. ഞാൻ വണ്ടിയുടെ മുമ്പിൽ ഇരുന്നു. കൂട്ടുകാരാൻ. വണ്ടി നിർത്തി അപ്പം വാങ്ങാൻ ക്യൂ നിന്നു . അവിടെ ചെറിയ കോലാഹലം. ''ഹം ''പതൂറ'' നഹീ മാൻതാ ദേഗാ ..ഹമാരാ ഓപീസ് കാം നഹീ .'' പട്ടാണി ഒരുത്തനോട് ചൂടാകുന്നു. ഞാൻ ഇറങ്ങി. ആാ....ഇത് നമ്മുടെ വായിൽ കൊള്ളാത്ത ഫിലിപിനി ആണല്ലോ,ഡഗ്ളൂ മാമൻ . ഞാൻ ഒന്ന് പ്ലിങ്ങി. അത് ദാവുദ് അവർകളുടെ മകൻ പാബെലോ ബോസിസിതാ ജൂനിയർ ഡാഗ്ലാസ് കണ്ടു. ഞാൻ പിന്നെ പഞ്ചായത്ത് കേൾക്കാൻ ഒന്ന് പോയി. ''മൈ ഡിയർ .. ഡഗ്ളൂ .എന്തായിടാ ? (അവനെ സ്നേഹത്തിൽ ഞാൻ വിളിക്കുന്ന പേരാണ്- ഡഗ്ളൂ . അത് തീരെ അവനു ഇഷ്ടമില്ല. ഞങ്ങളാണ്‌ അവന്റെ കമ്പനിയെക്കൊണ്ട് പണിയെടുപ്പിക്കുന്നതെന്ന ഒറ്റ കാരണത്താൽ അതൊക്കെ പുള്ളി പല്ലിളിച്ച് കേൾക്കും ). ******************************************* M A V I L A K K A A R A N ***************************************** ''സീ ...അസ്ലാം ..ഐ നീഡ്‌ പതൂറാ''. പതൂറ എന്ന് വെച്ചാൽ റെസീപ്റ്റ് എന്ന് ആലോചിചെടുക്കുംപോൾ തന്നെ ഒരു നാദാപുരക്കാരൻ ഏന്തി വലിച്ച് എന്റെ അടുത്ത് വന്നു - ''ഇങ്ങള് മളിയാളിയാ ...''. ''ആാ.. ആന്ന് . എന്ത് പ്രശ്നം''. ''അല്ല ..ഈ പട്ടിക്ക്‌ (ഫിലിപിനികൾ ''പട്ടിമഞ്ഞതണ്ണി'' കഴിക്കുന്നത് കൊണ്ടാണ് ആ പേര് ) രിസീപ്റ്റ് ആദ്യം വേണം പോലും. ഈ ഖുബൂസിന്റെ കടയിൽ സാധനം വാങ്ങിയാൽ പോലും ആരെങ്കിലും രസീപ്റ്റ് കൊട്ക്കോ, ഇച്ചാ'' (ഞാൻ ഇച്ചാ വർഗ്ഗത്തിൽ പെട്ടവനെന്നു ഈ ഔളക്കെങ്ങിനെ അറിഞ്ഞു ? ആാ..പോട്ടെ .) ഞാൻ ഡഗ്ളൂനെ ഒന്ന് കാല്ന്നെ തൊട്ടെ മേലോളം നോക്കി. എന്താടാ ഡഗ്ളൂ..... പറയിപ്പിക്കുമല്ലോടാ കഞ്ഞി, നിന്റെ നാട്ടിനെ. തുന്നേനും കണക്ക് വെക്കാനാണോ നീ പതൂറ ചോയിക്കുന്നത്. അതും അവ്വൽ സോബീക്ക് ? അപ്പോൾ ഡഗ്ളൂ - ''നോ നൂ....അസ്ലാം. ഐ നോ നീഡ്‌ റെസീപ്റ്റ് . ഐ ആം നോട്ട് കഞ്ചി.'' (പഹയന് അത് മനസ്സിലായി ). അതിനിടയിൽ എന്റെ കൂട്ടുകാരൻ നാലഞ്ച് പൊറോട്ടയും പൊതിഞ്ഞ് വണ്ടിക്കരികെ എത്തി. ഡഗ്ളൂ അത് ചൂണ്ടി കൊണ്ട് പറഞ്ഞു - ''അസ്ലാം , എനിക്ക് ഈ ''പതൂറ''യാ വേണ്ടത്.'' ഞാൻ - "മൈ ഗോഡ് , ഇറ്റീസ് പൊറോട്ട . നോ പതൂറ പ്രണ്ട് .'' നാക്ക് പിഴ കൊണ്ട് ഓരോ വയ്യാതീനങ്ങളെയ് ... പാവം ഡഗ്ളൂ തുള്ളി ചാടി. ''സോറി സോറി പ്രണ്ട് , ഐ മിസ്റ്റൈക് ..... പറൂത്ത.. പറൂത്ത ''. എന്റെ കൂട്ടുകാരൻ ചിരിച്ചു മരിച്ചു. പുള്ളി എന്നെ കാണുമ്പോൾ തടി കയിച്ചലാക്കും. ഇന്ന് ആ ഇഞ്ചിനീയർ എല്ലാവരുടെയും ''പതൂറ പ്രണ്ട്'' ആണ്. ഞാനും ചെറിയ മാറ്റം വരുത്തി - പതൂറ ഡഗ്ളൂ ******************* മാവിലക്കാരൻ

നിരീക്ഷണം

നിരീക്ഷണം aslam MAVILAE *********************************************** സ്വന്തം മക്കളെ പാതി വഴിക്ക് മറക്കുമ്പോൾ ****************************** എന്റെ കോളത്തിൽ മിക്കവാറും ''വ്യക്തിപരം'' കാണും. അതിന്റെ കൂടെ മേമ്പൊടിയായി കുറച്ചു വേറെ വല്ലതും ഉണ്ടാകും. ശരി. ചെറുപ്പത്തിൽ ഉപ്പ ഉച്ച ഭക്ഷണം കഴിഞ്ഞു കുഞ്ഞമുച്ചാന്റെ ഹോട്ടലിൽ നിന്ന് ഒരു കാലിച്ചായ കുടിച്ചു രാവിലെ വായിക്കാത്ത പത്രം അവിടെ ഉണ്ടെങ്കിൽ അതും വായിച്ചു നേരെ മധൂരിലെക്ക് നടക്കുമ്പോൾ രണ്ട് രണ്ടേകാൽ കഴിഞ്ഞിരിക്കും. സ്കൂളിലേക്ക് പോകാൻ ഞാൻ തിരക്ക് കൂട്ടുമ്പോഴായിരിക്കും, മേശമ്മേൽ ഉപ്പ മറന്നു വെച്ച കടയുടെ താക്കോൽ കൂട്ടം ശ്രദ്ധയിൽ പെടുക. ആരോടും പറയാൻ നിൽക്കാതെ അതും കൊണ്ട് ഒരോട്ടം. മനസ്സിൽ അപ്പോഴും പ്രാർത്ഥന ഉപ്പ തിരിഞ്ഞു നടക്കല്ലേ എന്നാണ്. എന്റെ ഓട്ടം ചിലരുടെ ശ്രദ്ധയിൽ പെടും. അവർക്ക് അറിയാം- ഞാൻ താക്കോൽ കൂട്ടവും കൊണ്ട് ഉപ്പാനെ ലക്ഷ്യമാക്കിയാണ് ഓടുന്നതെന്ന്. പുഴയും കടന്നു അങ്ങ് ഒരു ഓരം ചേർന്ന് ഉപ്പ മണൽ തരിയെ നോവിക്കാതെ മെല്ലെ മെല്ലെ നടന്നു പോകുന്നത് കാണും. എന്റെ പ്രാർത്ഥന അപ്പോഴും ഉപ്പ തിരഞ്ഞു നോക്കരുതെന്നാണ്‌..; തിരിഞ്ഞു നോക്കിയാൽ എന്നെ കാണും. പിന്നെ എന്നെ ലക്ഷ്യമാക്കി ഉപ്പ നടക്കും. ഉപ്പ ഒരടി പോലും തിരിഞ്ഞു നടക്കുന്നത് എനിക്ക് ഇഷ്ടവുമല്ല. എന്റെ ഉമ്മയ്ക്കും. തിരിഞ്ഞ് നോക്കാൻ പോലും ഇടവരാതെ മുന്നിൽ പോയി താക്കോൽ കൊടുക്കണമെന്നു ഉമ്മ ഒരിക്കൽ പറഞ്ഞുതന്നത് മനസ്സിൽ അപ്പോൾ ഓർമ്മ വരും . ഞാൻ കിതച്ചു അടുത്തെത്താറായാൽ പിന്നെ മുന്നിൽ എത്താൻ മെല്ലെ നടക്കും. അങ്ങിനെ പിന്നിൽ നിന്ന് വിളിക്കാതെ കുറെ നടന്നു മുന്നിലെത്തി ഉപ്പയെ താക്കോൽ ഏൽപ്പിക്കും . വളരെ വളരെ പതിഞ്ഞ ആ ചിരി മുഖത്ത് കണ്ടു ഞാൻ തിരിഞ്ഞ് വീട് ലക്ഷ്യമാക്കി ഓടും. എന്റെ പുസ്തകം മേശമ്മേൽ കണ്ടു ഉമ്മയും ഉമ്മറപ്പടിയിൽ കാത്തിരിക്കുന്നുണ്ടാകും. ഉമ്മയുടെ ആദ്യത്തെ ചോദ്യം - ''ഉപ്പ ബയ്യോട്ട് നട്ക്ക്ന്ന്ണ്ടായിനാ ?'' ഞാൻ : ''ഇല്ല''. വീണ്ടും ഉമ്മ : ''നീ ഒച്ച വെച്ച് ഉപ്പാനെ തിരിഞ്ഞ് നടത്തിച്ചോ ?'' ഞാൻ - ''ഇല്ലുമ്മാ'' . അത് കേൾക്കുമ്പോൾ ഉമ്മാക്കുണ്ടാകുന്ന സന്തോഷം. ഉമ്മാന്റെ കിടിലൻ കമന്റ് : ''ബമ്പന്'' . ഉമ്മാന്റെ മുഖത്തെ ആ സന്തോഷവും കണ്ട്, ആ അപ്രിസിയേഷനും കേട്ട് ഞാൻ പിന്നെ ഓടുന്ന ഓട്ടം നിർത്തുന്നത് സ്കൂൾ വരാന്ത കാണുന്നതോടെയാണ്. എല്ലാ അധ്യാപകർക്കും എന്റെ ഉപ്പയെ അറിയാം; അത് പോലെ എന്നെയും. ''അസ്ലാമേ ... ഉപ്പ ഇന്നും താക്കോൽ മറന്നു അല്ലേ ?'' വരാന്തയിലുള്ള ഏതെങ്കിലും ഒരു മാഷ്‌, ഞാൻ കിതച്ച് വരുന്നത് കണ്ടാൽ അത് പറഞ്ഞിരിക്കും. ആ അധ്യാപകന്റെ മുഖത്തും കാണാം ഒരു പുഞ്ചിരി. അതും ആസ്വദിച്ചു കൊണ്ടായിരിക്കും ഞാൻ ക്ലാസ്സിൽ കയറുക. ഉന്നതമായ ഇടപെടലും സംസ്കാരവും അന്ന് ഞങ്ങൾ കണ്ടതും അനുഭവിച്ചതും അങ്ങിനെയായിരുന്നു. **************************************** A S L A M M A V I L A E *************************************** ന്യൂ ജനറേഷൻ രക്ഷിതാക്കളുടെ മറവി ബഹുരസം. ആശ്ചര്യകരം ! അവർ കുടയും വടിയുമൊന്നുമല്ല മറക്കുന്നത്. സ്വന്തം മക്കളെതന്നെയാണ് ! ആ മറന്ന ''മൊതലും'' കൊണ്ട് ബാക്കിയുള്ളോരാണ് പിന്നാലെ വണ്ടിയും പിടിച്ച് ഓടുന്നത്. അഞ്ചാറ് ദിവസം മുമ്പ് ചൂരിയിൽ; ദേ ...ഇന്നലെ ചെർക്കളയിൽ . ഇതിപ്പോൾ നാട്ടിലൊരു ''പെസെ'' (പകർച്ച വ്യാധി) ആയ പോലെയുണ്ട്. ഇവരുടെയൊക്കെ മയ്യത്തുംകട്ടിലിന്റെ കാലു കുഞ്ചീല് വെച്ച് പുള്ളമ്മാർ ''സെൽഫി'' എടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇങ്ങിനെ തുടർന്നാൽ പിള്ളേരുടെ പെരടിയിൽ പഞ്ചായത്ത് വക ''പൊര്ന്റെ അഡ്രസ്സ്'' ചാപ്പ കുത്തുന്ന കാലം വിദൂരമല്ല ! ഇവിടെ തീർഥാടകർക്ക് ചില ഇന്ത്യനേഷ്യൻ ട്രാവൽ ഏജൻസികൾ ''ഇ- ബ്രൈസ്ലറ്റ്" കെട്ടാൻ കൊടുക്കും. കാണാതായാൽ പെട്ടെന്ന് അവരുടെ ''സ്റ്റെഷൻ'' പിടിക്കാൻ . അതായാലും മതി. അല്ലാതെന്തു പറയാനാ.... ബറ്റിച്ചത് : ഈ ന്യൂസ് വായിച്ചു കേൾപ്പിച്ചപ്പോൾ ഇവിടെയുള്ള മണിയമ്പാറെ അദ്ദീച്ച പറഞ്ഞ കമന്റ് : ''ഓറോറെ പൈതങ്ങളെ ബസ്റ്റാന്റിൽ എൾകീറ്റ് പായാൻ ജോറ് എന്ത്റോ കാൽത്തെന്നെ ബെറും ബാറ്റ്ല് എറ്ക്ക്ന്നത്...?" എട്ടു മക്കളുള്ള അദീച്ചാന്റെ ആത്മരോഷം ''ബള്ളി'' പൊട്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ !

നിരീക്ഷണം

A S L AM M A V I L A E അസ്ലം മാവില
പോകാൻ പറയുന്നോനോട് പോകാൻ പറയുന്നതെന്തിനാ ...? ******************************************************* മിക്ക വീട്ടിലും ഒരു കുസൃതി പയ്യൻ ഉണ്ടാകും. നമ്മളൊക്കെ ആ പ്രായം കഴിഞ്ഞ് വന്നവരാണല്ലോ. പണ്ടൊക്കെ ഉമ്മറ പ്പടിയിൽ ആയിരിക്കും അവന്റെ ഇരിപ്പ്. കയ്യിൽ ഒന്ന് രണ്ടു ബെൾച്ചിങ്ങ. എ ‘’ടോയ്’’. അന്നത്തെ കളിപ്പാട്ടങ്ങളെ കുറിച്ച് ഒരു ചെറിയ വിശദീകരണം . ബെൾച്ചിങ്ങ, ബെർക്ക്ലേ സിഗരറ്റിന്റെ അകത്തു നിന്ന് കിട്ടുന്ന കാക്കപ്പൊന്ന്, കുപ്പിവള കഷ്ണങ്ങൾ, ആടലോടകം ഇല, മിട്ടായി ചുരുട്ടിയ കടലാസ്, പിഞ്ഞാണക്കഷ്ണം, കാരണവൻമ്മാർ ഉപയോഗിച്ച് കളഞ്ഞ ഫൌണ്ടൻ പേനയുടെ ''സ്റ്റോപ്പ്'', പൊട്ടിയ ബട്ടണ്സ്.  
ഈ ചോക്ക്ലറ്റ് പൊതിഞ്ഞ കടലാസൊക്കെ വഴിവക്കിന്നു കിട്ടിയാൽ വലിയ കിട്ടലാണ്. കന്നുകാലിക്കള്ളമ്മാർക്ക് പ്രതീക്ഷിക്കാതെ ഒരു മുട്ടൻ ആട് അവരുടെ വണ്ടിയുടെ മുന്നിൽ പെട്ടാൽ ഉണ്ടാകുന്ന ഒരു സന്തോഷം. അപൂർവ്വം വീട്ടിലൊക്കെയേ അന്ന് ചോക്ക്ലറ്റ് കഴിക്കൂ. അത് കഴിച്ച പിള്ളാരെ ചിറി നോക്കിയാൽ തന്നെ ചോക്ക്ലറ്റ് തിന്ന ഒരു ഒരു സൊഖം. ചിലർ ഇതിന്റെ കടലാസ് ഒരാഴ്ച്ചക്കാലം കീശയിൽ വെച്ച് നടക്കും. അതും അന്നൊക്കെ ഒരു ഗമയായിരുന്നു . കടലാസ് മണക്കൽ തന്നെ ഒരു സംഭവമായിരിക്കും. അതിന്നിടയിൽ അബദ്ധത്തിൽ കയ്യീന്നോ കീശേന്നോ പാക്ക്ന്നോ നഷ്ടപെടുന്ന ചോക്ക്ലറ്റ് കടലാസാണ് നമ്മുടെ കയ്കളിൽ കറങ്ങി തിരിഞ്ഞ് എത്തുക.  
ഒരു ദിവസം സ്രാമ്പി ഭാഗത്ത് നിന്ന് അഞ്ചാറു പിള്ളാർ ഞങ്ങളുടെ ഏരിയയിലേക്ക് വരുന്നു. അവർ കാര്യായി എന്തോ പരതുകയാണ്. ''എന്തോളെ നോക്ക്ന്നെ'' - ഞാൻ. ''പാതൈന്റെ മുട്ടായിന്റെ കടലാസ് ബൂണെയ്. കൂക്കീറ്റ് കയ്ന്നില്ല.'' - അന്വേഷണ സംഘ തലവി. ഉമ്മ പറഞ്ഞു പോലും ''പാറീറ്റ് പോയിറ്റ്ണ്ടാഉം'' ! അങ്ങിനെയാണ്കി ഴക്ക് കാണാതായ കടലാസ് കാറ്റ് വഴി പടിഞ്ഞാർ സൈഡ് എത്തിയോന്നു അന്വേഷിക്കാൻ ജമാഅത്തായി വന്നത്. അമ്മാതിരി ഒരു തപ്പൽ ഇന്ന് നടക്കുന്നത് വിമാനം കാണാതായാൽ മാത്രമാണ്. എല്ലാ കടലും അരിച്ചു പെറുക്കിക്കളയും. ഒരു ദിവസം സഊദിക്ക് വരുമ്പോൾ രണ്ടു ആസ്ട്രേലിയക്കാർ എയർപ്പോട്ടിൽ - നടപ്പും ഭാവവും കണ്ടിട്ട് മലേഷ്യൻ വിമാനം തപ്പാൻ ബംഗാൾ ഉൾക്കടലിലേക്ക് പോകുന്ന വഴീന്ന് തോന്നി. ''ഏട്ക്കൊന്നോളേ''ന്ന് ചോദിക്കണമായിരുന്നു. വെറുതെ ഒരു കുഴപ്പത്തിന് നിക്കണ്ടാന്നു വിചാരിച്ചു ഞാൻ മൈൻഡ് ചെയ്തില്ല ) ഇനി വിഷയത്തിലേക്ക് വീണ്ടും . നമ്മുടെ ആ പയ്യൻ ഒരു പച്ചീർക്കിലിന്റെ ഉറപ്പുള്ള ഭാഗം ബെൾച്ചീങ്ങാന്റെ മണ്ടമ്മേൽ കുത്തി മറ്റേ ക്ഷീണിച്ച തല ഒരായത്തിന് വേറൊരു ബെളിച്ചിങ്ങയിൽ കുത്താനുള്ള പെടാപാട് പെടുമ്പോഴായിരിക്കും അടുക്കളയിൽ നിന്ന് ഉമ്മ കൈൽക്കണയുമായി ഒരു വരവ്. ''ഇതോഞ്ഞീ ...പീടേന്ന് ഒരി സേറ് ഉപ്പ് ''മേന്കൊണ്ടന്ന്ർറാ.... '' . ചെക്കന് എന്ത് ഉപ്പ് എന്ത് ഉപ്പിൽങ്ങ. അവൻ ടേപ്പ് റികോർഡിൽ പിടിപ്പിച്ച ഒരു ഉത്തരം ഈടുമ്മൂടും നോക്കാതെ ഒറ്റ പറച്ചിൽ - ''യൻക്കയ്യ..." പിന്നെ പിറുപിറുക്കും. എന്ത് പറഞ്ഞാലും ഈ കട്ടക്കുസൃതിക്ക് ഇതേ ഉത്തരം ആയിരിക്കും - ''യൻക്കയ്യ''. ഉണ്ണാൻ വിളിച്ചാലും അവൻ അത് പറഞ്ഞു കളയും. പിന്നെ ആയിരിക്കും പുള്ളി അബദ്ധം മനസ്സിലാക്കി വളിച്ച ചിരിയുമായി ഭുജിക്കാൻ വരിക.
*********************************************************************************************** നമ്മുടെ യു.പി.യിൽ ഒരു തലേകെട്ടുകാരൻ എം.പി.യുണ്ട്. പുള്ളിയോട് വെറുതെ എന്തെങ്കിലും ''മു ..'' എന്ന് പറഞ്ഞാൽ മതി. അപ്പൊ പറയും : ''പാകിസ്താൻ ജാഒ ....'' . നമ്മുടെ ''യെന്ക്കയ്യ'' യുടെ വേറൊരു പതിപ്പ്. എവിടെ എങ്ങിനെ എന്നൊന്നുമില്ല. ഇപ്പോൾ പത്രക്കാർക്ക് വേണ്ടാതായിട്ടുണ്ട് പുള്ളിയെ. ഉള്ളതാണോന്നു അറിയില്ല . സാക്ഷി മഹാരാജനോട് ഒരു അഭ്യുദയകാംക്ഷി പറഞ്ഞത്രേ : ''ആപ്, മഹീനെമേം ഏക് മർതബ ''പാകിസ്താൻ ജാഒ'' ബോലെഗേതോ കുറച്ചു നന്നായിരുന്നു. ഇതിങ്ങനെ പുട്ട് മേം നാരിയൽ ഡാൽനാ ജൈസാ .... ഹമ്രാ പാർടി കീ റേറ്റിംഗ് ബഹുത് താഴെ പോകുന്നു ''. അവനോടും പുള്ളി പറഞ്ഞു പോലും - ''തും പാകിസ്താൻ ജാഒ ''. തൃപ്തി ആയി ! ബറ്റിച്ചത് : അതോണ്ട് ആരും പുള്ളിക്ക് മറുപടി എഴുതി നേരം കളയണ്ട. അത് ആന മണ്ടത്തരമാണ്. ‘’യെന്ക്കയ്യ'' എന്ന് കുസൃതികൾ പറയുമ്പോൾ ആരെങ്കിലും അത് സീരിയസ്സായി എടുക്കാറുണ്ടോ? സാക്ഷിജീ അങ്ങനെ പറഞ്ഞപ്പോഴല്ലേ എനിക്ക് ഇങ്ങനെ ഓർമ്മ വന്നത്. സാരോല്ല; ഒരെണ്ണം അങ്ങിനെയും ഇരുന്നോട്ടെ, അങ്ങ് വടക്ക്...

നിരീക്ഷണം

നിരീക്ഷണം ആഗസ്റ്റ്‌ പതിനഞ്ചു പടിവാതിൽക്കൽ ... ഒരു സംഭാഷണം. പുള്ളിക്കാരൻ അറബി. അയാൾ എന്നോട് മുഴുവനും സംസാരിച്ചത് കാംപടക്കം പറയണമെങ്കിൽ, എന്റെ കാര്യം വിട്, ഫസ്റ്റ് പുള്ളി എന്നോട് പറഞ്ഞ അറബി മുഴുവൻ നിങ്ങൾക്ക് അറിയൂന്ന് എന്താ ഉറപ്പ് ? എമ്മാതിരി അറബിയാ മൂപ്പര് എന്നോട് കാച്ചിയത് ..ഹോ ? അത് കൊണ്ട് എനിക്ക് മനസ്സിലായത് മാത്രം നമ്മുടെ മലയാളത്തിൽ സദ്ദിനും മദ്ദിനും കുറവില്ലാതെ നിങ്ങളും കൂടി അറിഞ്ഞോട്ടെ എന്ന നല്ല ഉദ്ദേശത്തിൽ ഇവിടെ പകർത്താം. (പലേ ..പലേ ..കാര്യങ്ങൾ ആമദ്ഞ്ഞീ, ''ഗാവ'' കുടിച്ച് തീരുന്നതിനു മുമ്പ് എന്നോട് സംസാരിച്ചു കേട്ടോ...) ആമദ് അറബി : അൽറോ ...നിങ്ങൊ ഭയന്ഗരോല്ലോ .. ഈ ഉള്ളവൻ : അങ്ങെനെല്ല്യങ്കെന്ത് ...? ആ :അ : ഇന്ന് ഈദ്ന്ന്ഒരി പേപ്പറ് ബായിച് ...ഇന്റർ''നെട്ട്ല്'' ....നിങ്ങളാടെ എത്തരെ ജാദി ...എത്തരെ മദൊ .. ഈ: ഉ: അത് ആമദ്ഞ്ഞീ .. നീ ഇപ്പോയാ അറീന്നേ....? ആ :അ : നൂറ്റി ഇര്പത് കോടീനെ എങ്ങനെ നിങ്ങൊ സമാലാക്ക്ന്നെറോ ..? എത്തരെ ബാസെ...എത്തരെ ഏസോ ..ബാക്കി ഇള്ലേര്ത്ത്ള്ള പോലോത്ത കുൽമാലും അപ്പീസും ഇന്ത്യേല് തീരെ ഇല്ലാലോ ....സുബ്ഹാനാള്ളാ... ഇന്ത്യ ഇതാണ്. ഇന്ത്യയെ ആദരവോടുകൂടി നോക്കി കാണുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്. അങ്ങിനെ എത്ര എത്ര നാട്ടുകാർക്ക് / രാജ്യക്കാർക്ക് നമ്മുടെ നാടിനെ കുറിച്ച് പറയാനുണ്ടാകും. വാതോരാതെ വിളമ്പാനുണ്ടാകും .നാം ലോകത്തിനു മുന്നിൽ ഇപ്പറഞ്ഞ നാനാത്വത്തിന്റെ സംഗീതമഴ പെയ്യിക്കുന്നു; സൌഹൃദത്തിന്റെ മഴവില്ല് തീർക്കുന്നു; സഹിഷ്ണുതയുടെ സരിഗമ പാടുന്നു. ഒരു നൂലിൽ ഒരുമയോടെ കോർത്ത വർണ്ണ രാജി വിരിയിച്ച മനുഷ്യർ. കറുപ്പോ വെളുപ്പോ ജാതിയോ മതമോ ഭാഷയോ ഭാവമോ ഒന്നും... ഒന്നും... നമ്മുടെ ഐക്യത്തിനോ അഖന്ഡതക്കോ തടസ്സമാകരുത്. സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ 68 വർഷങ്ങൾ മുമ്പുള്ള ഒരു ചിത്രം നമ്മുടെ മുമ്പിൽ വരണം. നമ്മുടെ നാട്ടിലേക്ക് അതിഥിയെപോലെ വന്ന ഈസ്റ്റ് ഇന്ത്യ കമ്പനിക്കാരൻ ചെയ്ത് കൂട്ടിയ ക്രൂര മർദ്ദനങ്ങൾ നമ്മുടെ ഓർമ്മയിൽ പച്ചയായി നില്ക്കണം. ജൂണ്‍ 28, 1858 - ആഗസ്റ്റ്‌ 14, 1947. വെള്ളക്കാരനും അവനു ''കൊണോത്തിലെ കഞ്ഞി'' വെച്ച് കൊടുത്തവനെയും നമുക്ക് അറിയാം. ശിപായി ലഹള അവനാണ് വിളിച്ചത്. നമുക്കത് ഒന്നാം സ്വാതന്ത്ര്യ സമരം. ജാലിയൻവാലാബാഗും വാഗണ്‍ ട്രാജഡിയും അങ്ങിനെയങ്ങ് മറക്കാൻ പറ്റില്ലല്ലോ ? അത് കൊണ്ട് ഓർമ്മകൾ ഉണ്ടായിരിക്കണം. നമ്മുടെ പ്രപിതാക്കൾ, നേതാക്കൾ, അവർ വീണിടത്താണ് നാം കാലുറപ്പിച്ചിട്ടുള്ളത്. ആ സ്വാതന്ത്ര്യമാണ് നാം എല്ലാം കൊണ്ടും അനുഭവിക്കുന്നത്. ദുരുപയോഗം ചെയ്യരുത്. ആഗസ്റ്റ് വന്നു. പതിനഞ്ചാകാൻ കുറച്ചീസേ ബാകിയുള്ളൂ. സ്വാതന്ത്ര്യം അറിയണമെങ്കിൽ അതില്ലാത്തോനെ കാണണം. കുഞ്ഞു കുട്ടി കുറവുകൾ എവിടെയും ഉണ്ടാകും. പക്ഷെ, ഇന്ത്യ, ഇന്ത്യ തന്നെയാണ്. അതിന്റെ അയലത്ത് മറ്റേതു രാജ്യവും എത്തണമെങ്കിൽ ഒന്ന് പുളിക്കും. ''സഊദി ഗസറ്റി''ൽ ഒരു കോളമിസ്റ്റു എഴുതി - എങ്ങിനെയാണ് ബഹുസ്വര സമൂഹത്തിൽ നൂറ്റിചില്ലാനം കോടി മനുഷ്യർ ഇടപെട്ടും ഇടകലര്ന്നും ജീവിക്കുന്നതെന്ന്. (അതാണ്‌ ഈ കുറിപ്പ് തുടങ്ങുമ്പോൾ സംഭാഷണ ശകലമായി ''മളിയാൾ''ത്തിൽ കുറിച്ചത് . ഐക്യം; അഖണ്ഡത, സ്നേഹം, സാഹോദര്യം, ആദരം, ബഹുമാനം, രാജ്യരക്ഷ...എല്ലാം എല്ലാം നിലനിർത്തേണ്ടത് നമ്മുടെ ധർമ്മം. നാം മണ്ണോടു ചേർന്നാൽ അത് അടുത്ത തലമുറ ഏറ്റെടുക്കും . പൂമ്പാറ്റയും പൂവാടിയും മഴവില്ലും കഴിഞ്ഞാൽ പിന്നെ ലോകം നോക്കി ആസ്വദിക്കുന്നത് നമ്മെയാണ്, ഓരോ ഇന്ത്യന്ക്കാരന്റെ മനസ്സിന്റെ വിശാലതെയാണ്. അങ്ങ് ഗാന്ധിയും ആസാദും നെഹ്രും തുടങ്ങി ഇങ്ങു കേളപ്പനും കേകെയും മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കട്ടെ. നമ്മുടെ സ്വാതന്ത്ര്യ ദിനം അതിന്റെ കെട്ടിലും മട്ടിലും തലയെടുപ്പോടെ ആഘോഷിക്കുക; അതിനു ഇന്ന് മുതൽ തന്നെ പരിപാടികൾ ആസൂത്രണം ചെയ്യുക. ഇന്ത്യ ജയിക്കട്ടെ , എന്നും എപ്പോഴും. അസ്‌ലം മാവില

കു -ക്കാ-കു-കണ്ണുകൾ (ലക്കം 2)

കു -ക്കാ-കു-കണ്ണുകൾ (ലക്കം 2)  

കുട്ടിക്കാലകുസൃതിക്കണ്ണുകൾ മാവിലേയൻ ഞാൻ നാലിലോ അതിന്റെ താഴെയോ പഠിക്കുന്ന കാലം. ഉമ്മ ഉമ്മറത്തുണ്ട്. കൂടെ ഉമ്മാന്റെ നാലഞ്ചു ചങ്ങായിചിമാർ. എന്തൊക്കെയോ തമാശ പറഞ്ഞു ചിരിക്കുന്നുണ്ട്. എല്ലാരെയും കയ്യിലും മുരിങ്ങ ഇല . അത് നുരുമ്പുകയാണ് ഓരോരുത്തരും. ഇരുത്തം ഓരോ പലകയിലും. എന്റെ കുഞ്ഞിപ്പലകയിലാണ് സൌകതലിയുടെ ഉമ്മ ഇരുന്നിട്ടുള്ളത്. ഞാൻ പലവട്ടം ഉമ്മാനോട് പറഞ്ഞിട്ടുണ്ട് - അത് ആർക്കും ഇരിക്കാൻ കൊടുക്കരുതെന്ന്. സൗകതലിയുടെ ഉമ്മയ്ക്ക് പ്രത്യേകിച്ച്. അതിനു വേറൊരു കാരണമുണ്ട്. എന്നെ ''ക്-ഡാഉ'' എന്നായിരുന്നു അവർ വിളിച്ചിരുന്നത്. തീരെ ഒരു രസമില്ലാത്ത പേര്. കുഞ്ഞമുച്ചാന്റെ ഹോട്ടലിനു മുകളിൽ കോണ്‍ ഓഫീസ് എല്ലാരും ഓർക്കുന്നുണ്ടാകും. അവിടെ തൂക്കിയിട്ട ''പശുവും കിടാവും'' ചിഹ്നം കണ്ടതിനു ശേഷമാണ് എനിക്ക് ഈ അലര്ജി ആ പേരിനോട് തോന്നാൻ കാരണം. ഈ ഇഞ്ഞ എന്നെ അങ്ങിനെ ഒരു ദിവസം വിളിക്കുന്നത് ആ വഴി പുല്ലരിയാൻ പോകുന്ന എന്റെ ഒരു ക്ലാസ്സ്മേറ്റ് കേട്ടു. പിന്നെ ഒരാഴ്ചക്കാലം സ്കൂളിൽ പൊങ്കാലയോട് പൊങ്കാല . നേരത്തെ തന്നെ എനിക്ക് ''അസ്‌ലം കുത്തി'' എന്ന പേരുള്ളത് കൊണ്ട് ''ക്-ഡാഉ''വിളിപ്പേരിൽ നിന്ന് ഞാൻ കഷ്ടിച്ച് രക്ഷപെട്ടു എന്ന് പറയാം . ഒരു പാഠപുസ്തത്തിൽ ഏതോ ഭാഗത്ത് ''അസ്‌ലം കുത്തി'' എന്ന പ്രയോഗം ഉണ്ട്. ഒരു ദിവസം എന്റെ ക്ലാസ്സ്മേറ്റ് ബി. എസ്. കുൽസു പുസ്തകം വായിച്ച് ആ ഭാഗമെത്തിയപ്പോൾ എന്നെ നോക്കി ഒരു ഒയന്ന ചിരിച്ചു. പിന്നെ ക്ലാസ്സിലുള്ളവർ അതൊരു ആഘോഷമാക്കി. സ്കൂൾ വിട്ടു പോകുമ്പോൾ എന്റെ കൂടെ ആ പേരുമുണ്ടായിരുന്നു -അസ്‌ലം കുത്തി. ( ബി. എസ്. കുൽസു എന്നത് സൗകതലി പോലെ നിങ്ങളെ ഇടക്കിടക്ക് ശല്യം ചെയ്യും.) മുമ്പൊരീസം രാവിലെ കൊർട്ടിപത്തൽ തിന്നാതിരിക്കാൻ ഞാൻ പറഞ്ഞ കാരണം അതിനും രണ്ടാഴ്ച മുമ്പ് സൗകതലിയുടെ ഉമ്മ എന്റെ കുഞ്ഞിപ്പലകയിൽ ഇരുന്നതായിരുന്നു. എന്തെങ്കിലും ഒരു കാരണം പറയണ്ടേ - അതന്നു അടിച്ചു വീശി. അത് പറഞ്ഞപ്പോൾ പെങ്ങൾ : ''ചെക്കന്റെ ഒരി കൊങ്കാട്ടം. ആ പലേ എന്ത്റാ താഞ്ഞോന്നാ... ജോന് കൊർട്ടിപത്തൽ തുന്നാൻ കയ്ന്നില്ലമാ... അയിന് ഒരീ ഏതു .." സംഗതി അതൊക്കെ തന്നെയായിരുന്നു; അപ്പോൾ അതൊക്കെ പറഞ്ഞാൽ ഉപ്പാക്ക് വേണ്ടി ചുട്ട ''കറുംകുറും പത്തൽ'' എനിക്ക് പിന്നെ കിട്ടില്ല. അല്ലെങ്കിലും 8-9 വയസ്സിൽ പറയേണ്ട കാരണമാണോ പലകയിൽ ഇരുന്നതൊക്കെ ...ചുമ്മാ, പത്തൽ കിട്ടാൻ ഓരോന്ന് പടച്ചോൻ തോന്നിക്കും, അത്രേയുള്ളൂ. ഞാൻ ഉമ്മാന്റെ പിന്നാലെ വന്നു. പട്ട്-ലേസാണ്‌ തലയിൽ. നല്ല സുർന്ഗീ പൂവിന്റെ കളർ - റോസ് കളറിനേക്കാളും കുറച്ചു ഡാർക്ക്. വെള്ള പുള്ളികളുള്ള അതിന്റെ നാല് ''കരെ'' . നാല് മൂലയിൽ നല്ല കാക്ക കറുപ്പിന്റെ ചിത്രപ്പണി. ഞാൻ പട്ട്-ലേസിന്റെ രണ്ടു കോർണർ എടുത്തു ഒന്ന് വെറുതെ കൂട്ടി വെക്കാൻ നോക്കിയതും സൗകത്തലിന്റെ ഉമ്മ ഒച്ച വെച്ചതും ഒന്നിച്ച് : ''എന്നിന് ക്ടാഏ ഉമ്മാന്റെ ലേസിനെ അങ്ങനെ ആക്ക്ന്നെ''. അത് കേൾക്കലും ഉമ്മ പിന്നിന്നു എന്നെ ഒരു തട്ടലും. ഊഫ്‌ ... എനിക്ക്ദേഷ്യം വന്നത് ഉമ്മാനോടല്ല - ആ ഡയലോഗടിച്ച ഇഞ്ഞാനോടാണ്. ഞാൻ ഉള്ള ചാൻസ് വെച്ച് കരയാൻ തുടങ്ങി. ആ കരച്ചിലിന്റെ പിന്നിലെ ദുരുദ്ദേശം വേറെയാണ്. ''പെട്ടിപ്പാട്ട് തൊട്ങ്ങി''. പിന്നൊരു ഇഞ്ഞ. ''ചൗഡട്ചിറ്റ് കയ്ന്നില്ല മമ്മദൂ ...നീ എട്ക്കെങ്കു പോ...'' സഹികെട്ട് ഉമ്മ . ( മമ്മദൂ എന്റെ ചെല്ലപ്പേര്. അയൽക്കാരായ സാപ്, ബഷീർ, സ: മജീദ്‌ ഇവരൊക്കെ ഈ അടുത്ത കാലം വരെ എന്നെ അങ്ങിനെ തന്നെയായിരുന്നു വിളിച്ചിരുന്നതും - ഇപ്പോൾ അവർ ''പുനോ''ഗമിച്ചു; ഞാനും ). ..നീ എട്ക്കെങ്കു പോ...'' എന്ന്കേട്ട്പാട് ഒന്ന് പോയാൽ മതിയായിരുന്നു - കുറച്ചു ആത്മാർത്ഥത കൂടിയത് കൊണ്ട് ഞാൻ പറഞ്ഞു : ''പുല്ലെരീന്നെ നോക്കാൻ പോന്ന് ..ആഓ...'' അത് കേട്ടിട്ട് ആ ഇഞ്ഞാമാർക്ക് വലിയ തമാശ ആയി. ''പുല്ലരിയാൻ പോക്ക്ണ്ട് .. അയിനെ നോക്കാൻ പോന്നെ മിന്നെമിന്നെ കേക്ക്ന്നെ '' ഒരുത്തി. ''കി.കി.കി.കി... '' സസി മേസ്ത്രീടെ തമാശ കേട്ട പോലെ എല്ലാരും ചിരി തുടങ്ങി. ഒരു ഇഞ്ഞ ചിരിച്ചു വീണു എന്ന് പറയാം. എനിക്കാണെങ്കിൽ മൂക്കത്ത് ദേഷ്യം ഇരച്ചു വരുകയാണ്. പെട്ടെന്ന് ''ടൻ ...ടൻ'' ശബ്ദം. ആ ശബ്ദം എന്തിനുള്ള മുന്നറിയിപ്പാണെന്നു എനിക്ക് ഉടനെ മനസ്സിലായി. സൌക്കതലിന്റെ ഉമ്മ എടുത്ത് ചാടി - '' മർഹബാ ...ളൊഗറൊട്ത്തല്ലോ'' അത് കേൾക്കലും ഞാൻ ഒരോട്ടവും . എന്റെ പിന്നാലെ ഉമ്മയും. ''നിക്ക്റാ ...ബാങ്കൊട്‌ത്ത്... പള്ളിക്ക് പോയ്‌റ്റ് ..കഞ്ഞി കുട്ചിറ്റ് പോവ്വാ..നിൻക്ക്." അതോടെ എന്റെ എല്ലാ പ്ലാനും പൊളിഞ്ഞു . പാട വരമ്പത്ത് പുല്ലരിയുന്ന സൌകുനെയും പുള്ളറെയും കാണാൻ ഇനിയും ഒരു മണിക്കൂർ കഴിയണം പോലും . ഉമ്മാനെ അനുസരിച്ചില്ലെങ്കിൽ പിന്നെ എപ്പോഴെങ്കിലും പോകാനുള്ള അനുമതി കിട്ടാൻ വലിയ കഷ്ടപാടാണ്. ഉച്ച ഭക്ഷണവും കഴിഞ്ഞ് ഇനി അഥവാ അങ്ങോട്ട്‌ പോയാൽ തന്നെ അവരവിടെ ഉണ്ടാകുമോ ? അവർക്കും വിശക്കില്ലേ ...? വയസ്സ് ചെറുതാണെങ്കിലും ആലോചന ഒന്നൊന്നരയാണ്. ഇങ്ങിനെ ആലോചിച്ച് ആർക്കോ വേണ്ടി ഞാൻ പള്ളിയിലേക്ക് നടക്കുകയാണ്. കുറച്ചു നടന്നപ്പോൾ പിന്നിന്നു ഒരു വിളി - ''അസ്സൽമൂ ...ഞങ്ങളെ സൗകതലീനെ കണ്ട്നാ..?'' വേറൊരു കുരിശ്‌...., എനിക്ക് ഇവരെയൊക്കെ നോക്കലല്ലേ പണി എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ പയ്യനെ രക്ഷപെടുത്താൻ പറഞ്ഞു - ''ഓന് തായലെ ബര്മ്പില് പുല്ലെരീന്ന്ണ്ടല്ലോ...'' അയാൾക്ക് വലിയ സന്തോഷമായി. കക്ഷി എന്നെ പോലെ തന്നെ പള്ളിക്കാണ് . മോൻ പുല്ലരിയുന്നു എന്ന് കേട്ട സന്തോഷമായിരിക്കും - അയാൾ ഉളള കപ്പാസിറ്റിയിൽ ഒരു മൂളിപ്പാട്ടും പാടി വേഗം നടന്നു. കുറച്ചൂടെ നടന്നപ്പോൾ ഒരാൾ കൂടി എന്നെ ഓവർ ടെയ്ക്ക് ചെയ്തു - അയാൾ ചോദിച്ചപ്പോൾ അയാളോടും അയാളുടെ സൗകുനെയും ഞാൻ പുല്ലരിയുന്നത് കണ്ടുവെന്നു പറഞ്ഞു. ''പള്ളി പിന്നീട്; പുല്ലരിയാൽ പ്രധാനം'' ഇതായിരുന്നു അന്നത്തെ ഒരു ഇത്. അന്നത്തെ കാർഷികവൃത്തിയും പുല്ലും മനുഷ്യ ജീവിതവുമായി ഒരു വല്ലാത്ത ബന്ധമുണ്ടായിരുന്നു. പല വീട്ടിലും ഒരു ബൈപ്പണ (തൊടി) കാണും. കുറെ പശുക്കളും. വയലും പെരോർത്തിയും ഉള്ളവരുടെ വീടിന്റെ എന്ട്രന്സിലാണ് തൊടി. യപ്പാ..എമ്മാതിരി പോത്തുകളായിരിക്കും. പക്ഷെ പോത്തിന്റെ പെങ്ങമ്മാർ നമ്മുടെ നാട്ടിൽ കുറവായിരുന്നു. അനിയനെ തോളത്തിട്ട് ചുറ്റോട്ടത്തുള്ള ബൈപ്പണ സന്ദർശനം എന്റെ സ്ഥിരം പരിപാടിയായിരുന്നു. ചില പോത്തോള് നമ്മൾ ഒരീസം അവരെ സിയാറത്ത് ചെയ്തില്ലെങ്കിൽ കണ്ണീര് പൊഴിക്കും. അന്നൊക്കെ പുല്ലരിയുന്നത് പോലെ തന്നെ ഒരു പത്രാസായിരുന്നു പുല്ലരിയുന്നത് നോക്കുക എന്നതും. നമുക്കൊന്നും അന്ന് ആടും മാടും ഇല്ലാത്തത് കൊണ്ട് രണ്ടാമത്തേത് തെരഞ്ഞെടുത്തു. നോമ്പ് നോക്കാൻ പറ്റാത്തോൻ നോക്കുന്നോനെ നോക്കുക എന്ന് പറയുന്നത് പോലെ. (അത് വേറൊരു രസമുള്ള കഥയാണ്. പിന്നെ പറയാം ) ഞങ്ങളൊക്കെ ഗ്രാസ് കട്ടിംഗ് കാണാൻ പോകുന്നതിനു വേറെയും കാരണങ്ങൾ ഉണ്ട്. പാട വരമ്പത്ത്ചില തരം കണ്ണിപ്പുല്ല് ഉണ്ട്. അതിന്റെ വേരിൽ കാണാം നല്ല വഴുവഴുപ്പുള്ള ജല കണിക. ഒരു വെളുത്ത നൂലിമേൽ ഈ ജലത്തുള്ളി തൂങ്ങി നിൽക്കും. അതിനു വല്ലാത്ത തണുപ്പാണ്. അതെടുത്ത് കണ്ണിൽ വെക്കുക; തല ചെരിച് അത് ഇടങ്കണ്ണിട്ട് നാക്കിൽ വെക്കുക. ഓർക്കാൻ വയ്യ. പിന്നെ പച്ച മുട്ടാമണ്‍ങ് പറിച്ചു തിന്നുക. വേലിമുട്ടാമണ്‍ങ്ങ് ശേഖരിക്കുക. കമ്മ്യൂണിസ്റ്റപ്പ കൈപത്തിയിൽ വെച്ച് വെടി പൊട്ടിക്കുക. (ഈട്ട്ന്റപ്പലെയും സുപ്പർവെടി മരുന്നാണ്; ഇളം ഇല കിട്ടണം.) തോട്ടിന്നു ചെരു പിടിക്കൽ. നൈചിങ്ങ കളക്ഷൻ അങ്ങിനെ പലതും..... ഒരു ദിവസം ഒരു സൗകു എനിക്കിട്ടൊരു പണി തന്നു. പുള്ളി എന്നോട് പറഞ്ഞു - ''ഇദ്രാ ..ഞങ്ങളെ പൊരേല് രാത്രി എന്നും നൈചിങ്ങ ഫ്രൈ ആണ്. എന്ത് പാങ്ങ്..''. ആ അവതരിപ്പിച്ച ശൈലി കണ്ടിട്ട് എനിക്കെന്റെ ഉമ്മാനോട് ദേഷ്യം വന്നു. വെറുതെ കിട്ടുന്ന സാധനം. അത് കാച്ചി തന്നാലെന്താ പ്രശ്നം. ഞാൻ കണ്ടത്തിലിറങ്ങി ഒരു വലിയ ഉപ്പില്ങ്ങാന്റെ ഇലയിൽ കൊള്ളാവുന്നത്ര നൈചിംഗ് പൊതിഞ്ഞ് വീട്ടിൽ കൊണ്ട് പോയി ഉമ്മാന്റെ കയ്യിൽ കൊടുത്തതേ ഓർമ്മയുള്ളൂ... (അതിന്റെ ''സെക്ക്'' കൊണ്ട് ഉമ്മയും പെങ്ങളും രണ്ടീസം ഭക്ഷണം കഴിച്ചില്ല.) പിന്നീട് എന്നോട് പെങ്ങൾ പറഞ്ഞു പുല്ലരീന്ന സൗകു വന്നു പറഞ്ഞു പോലും : ''നിങ്ങളെ മമ്മദൂ നൈചിങ്ങ പൊർക്ക്ന്നെ ഇണ്ട്. ഞങ്ങൊ എന്തെല്ലീറ്റും കൂട്ടാക്ക്ന്ന്-ല്ലാന്ന്''. നെരിയാണിയിലെ അടി കൊണ്ട പാട് തടവി തന്ന് ഉമുവ എന്നോട് പറഞ്ഞു - വേറെ ഏതോ ജാതിക്കാർ പെറുക്കുന്ന ഏർപ്പാടാണ് നൈചിംഗ് കളക്ഷനെന്ന്. എനിക്ക് അത് ദഹിച്ചില്ല. ഞാൻ അന്നേ ഒരു സോഷ്യലിസ്റ്റായിരുന്നു. അല്ലെങ്കിലും ഈ നൈചിങ്ങാക്ക് എന്ത് ജാതിയും മതവും. ഒരു കണ്ടുപിടുത്തം പറയട്ടെ, കേരള ഭൂമിയിൽ ഒരു പക്ഷെ ഫുൾ ചൈനീസ് സ്ലാങ്ങുള്ള രണ്ടു വസ്തുക്കളാണ് നൈചിങ്ങ- വ - ചുൻഡങ്ങ. (ബാക്കി അടുത്ത ലക്കം)

കു -ക്കാ-കു-കണ്ണുകൾ (ലക്കം 1)



കുട്ടിക്കാലക്കുസൃതിക്കണ്ണുകൾ ..(ലക്കം 1)
 
സ്കൂളിലെ അവധികളൊക്കെ ബഹുരസാണ്. അന്നും ഇന്നും. പണിതരുന്ന അവധി ‘’സേവന വാര’’മായിരുന്നു. ഒക്ടോബർ രണ്ടും പിന്നെ ആറീസവും. നമ്മുടെ എം.കെയുടെ വീട് നില്ക്കുന്ന സ്ഥലത്താണ് കിഴക്ക് പടിഞ്ഞാറായി പൊട്ടിപൊളിയാറായ അധ്യാപക ക്വാട്ടേർസ്. മൈതീൻ മാഷ്, തമ്പാൻ മാഷ്, മുരളീ മാഷ്, പിന്നെ കുറെ ദാസമ്മാർ, സൈനബ ടീച്ചർ, ബീന ടീച്ചർ ....ഇവരൊക്കെ ഈ ഇടുങ്ങിയ ക്വാട്ടേര്സിലാണ് താമസം.  

സേവനം വാരം കഴിഞ്ഞു ഒന്നൊന്നര മാസം ആയിക്കഴിഞ്ഞാൽ ഇവർക്ക് വിറക് യു.പി.സ്കൂളിന്റെ പിന്നിൽ ഞങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൂന്തോട്ടത്തിന് വേലി നാട്ടിയ ശീമക്കൊന്ന തൂണുകളാണ്. അതിനിടയിൽ വാഴയ്ക്കും പൂചെടിക്കും വെള്ളം നനയ്ക്കലൊക്കെ ഞങ്ങളെ കണ്ണുരുട്ടിയും കമന്റ് പറഞ്ഞും സാറമ്മാർ നിർത്തിച്ചോളും. 
തൊട്ടു താഴെയുള്ള കിണറ്റിൽ ബക്കറ്റു താഴ്ത്തുമ്പോൾ തന്നെ മൈതീൻ മാഷ് : ''ഇജ്ജൊക്കെ ഈ ബായേം നന്ചിങ്ങാണ്ട് എന്താവാനാ ? ഇവടെ കുടിക്കാൻ തന്നെ ബെള്ളോല്ല ; അന്റെ ഒര് പുഗ്ഗ്ൻ തോട്ടം ബന്ന്ക്ക്ണ്; ഒന്ന് പോയ്ക്കാണ്ടി....'' കൈലി ഉടുത്ത മുരളി മാഷിന്റെ താങ്ങൽ കൂട്ടത്തിലും. പിള്ളേർ, പാവങ്ങൾ, അതോടെ ജല സേചനം നിർത്തും. നനച്ചാൽ ശീമക്കൊന്ന വേരോടും; പിന്നെ അത് പൂന്തോട്ടാകും. പൂക്കും കായ്ക്കും. നട്ട വാഴ കുലക്കും. ഇതൊക്കെ അവർക്കറിയാം. അവരാരും ബയോളജി കാണാത്തോരുമല്ല. ഞങ്ങളുടെ കൂട്ടു കൃഷി നിരുത്സാഹ പെടുത്താനുള്ള പ്രധാന കാരണം വിറക് ക്ഷാമമായിരുന്നെന്നു കുറെ കഴിഞ്ഞാണ് മനസ്സിലായത്. അപ്പോഴേക്കും ഞങ്ങൾ സ്കൂൾ വിട്ടിരിക്കും; ഈ മാഷമ്മാർ പോവുകേം ചെയ്യും.
പക്ഷെ ആഗസ്ത് 15നു അങ്ങിനെയൊരു ബണ്ടീംബലീയുമില്ലായിരുന്നു. ദൂരെ നിന്ന് വരുന്ന മാഷമ്മാർക്ക് ഒരു ദിവസം മുമ്പ് നാട്ടിൽ പോകാം. നാട് പിടിക്കാൻ പറ്റാത്തവർക്ക് പെട്ടെന്ന് ചടങ്ങ് തീർത്ത് നീണ്ടു നിവർന്ന് കിടന്നുറങ്ങാം. അതിൽ ബേജാർ മൊത്തം എന്റെ ചില കൂട്ടുകാർക്കായിരുന്നു. അതെന്താണെന്ന് നിങ്ങൾക്ക് പിന്നെ മനസ്സിലായിക്കോളും.
ദേശീയ പതാക ഉയർത്തി ഹെഡ്മാഷ് ഒന്നൊന്നര മിന്റ്റ് സംസാരം തുടങ്ങുമ്പോഴേ അസംബ്ലീലൈനിന്ന് രണ്ടു മൂന്നെണ്ണം ‘’ടപ്പോന്ന്’’ ബോധം കേട്ട് വീഴും. മാഷെ പ്രസംഗം കേട്ടാണോ, വെയിൽ കൊണ്ടാണോ അതല്ല രാവിലെ വെറും വയറ്റിൽ വന്നത് കൊണ്ടാണോ - ശുദ്ധ മനസ്സുള്ള ഞങ്ങളുടെ ചിന്ത കാട് കയറും.  
വീണ പുള്ളി അഞ്ചാറു കൊല്ലം മുമ്പ് അതിന്റെ രഹസ്യം എന്നോട് പറഞ്ഞു. ലീവുള്ള ദിവസം പുള്ളിക്ക് വീട്ടുകാർ ഒരു സ്വൈരം തരില്ലപോലും. വീട്ടിൽ രണ്ടു മൂന്ന് കന്നുകാലികൾ. അതിനു പുല്ലരിയേണ്ടത് ഈ കക്ഷി. സൗകത്തലി (ശരിക്കുള്ള പേര് ''അള്ളാണം'' ഇപ്പോൾ പറയില്ല) എന്നോട് രാവിലെ സുബഹിക്ക്പറഞ്ഞു: ''നമ്മുടെ പ്ലാൻ പൊളിഞ്ഞു അസ്ലമേ .'' ''എന്തേ ...? ഉപ്പാക്ക് അതെങ്ങിനെ അറിഞ്ഞു ? സൌ : കുഞ്ഞമുച്ചാന്റെ ഹോട്ടലിലെ റേഡിയോയാണ് മൊത്തം കുളമാക്കിയത്.  
സംഭവം മുഴുവൻ എനിക്ക് ഇപ്പോൾ ഓർമ്മയില്ല . ഏകദേശം ഇങ്ങനെ : ആഗസ്റ്റ് 15 തലേദിവസം വലിയ ഒരു സംഭാഷണം അവർ തമ്മിൽ നടന്നു - സൗകതലിയും ഓന്റുപ്പയും. ഉ : അല്ല്രാ, നാളെ സോസോന്ത്രോ അല്ലേ ? 100 (സൌ) : ( കണ്ണിൽ പൊന്നീച്ച പാറി; ബട്ട് , അറിയാത്തത് പോലെ) എന്ത്...സോസോന്ത്രോപ്പാ.... ? ഉ : അപ്പൊ ഇത്ര ചെലബിട്ടിറ്റ് നീ സാലക്കല്ലേ പോന്നത്...? (ചെലവ് മീൻസ് - കൊല്ലത്തിൽ ഒരു വട്ടം സ്റ്റാമ്പിനു കൊടുക്കുന്ന നാലണ/ എട്ടണ) . 100 സൌ : ആ അത്....അത് മറ്റന്നാഉപ്പാ... ഉ : ഓ ...സോസോന്ത്രോ അപ്പോ പട്ളത്ത് ഒര്ന്നാക്ക് നീട്ടിയാ. ഇദ്രാ ...നിന്റെ കർണ്നിപ്പ് എന്റെര്റ്റ് ബേണ്ട്രാ... (എന്നിട്ട് ഒരു കർശന നിര്ദേശം). സാലക്ക് കാൽത്തെ പോമ്പോന്നെ ബട്ടി എടുത്തോ. അകത്ത് നിന്ന് ഉമ്മ: കൊടി പൊന്തിച്ചിറ്റാമ്പോന്നെ ...ബട്ടി എട്ത്തിറ്റ് പായണോo (സൌ വിചാരിച്ചു കാണും ഇതെന്താ 400 മീറ്റർ റിലേ ആണോന്ന് ). ഉമുവ : പയ്യു ഇന്നലേന്നെ കരീന്നെ ഇണ്ട്മ്മാ... മാമ : ബായി ബരാത്തെ ജീമെനാദി ...നിങ്ങക്ക് പുല്ലും അര്ക്കചിയും കൊട്ക്കാൻ കയ്ന്നില്ലാങ്ക് ..ബിറ്റ്ര്റാ ....നിന്റെ ഉപ്പപ്പാ ഇണ്ടാമ്പോ ബൾപ്പ് നൊർച്ചു കാലി ഇണ്ടായിനി ...ഞങ്ങൊ തുന്നില്ലാങ്കു അയ്റ്റീങ്കക്ക് കൊട്ക്കും ... .ജോറെ ഇപ്പൊ ഒരീ സാലെ ... ( സൗകത്തലിക്ക് മാമാന്റെ കഴുത്തിന് പിടിക്കാൻ തോന്നിക്കാണും )  
അല്ലടാ സാൻ, സൗകതലി പിന്നെ എന്റെ കൂടെ ''കുട്ടിൻദ്ദാണെ'' കളിക്കാൻ ബോധമല്ലാതെ പിന്നെ എന്താണ് കേടേണ്ടത് ? പടച്ചോൻ നിഷ്കളങ്കരായ കുട്ടികൾക്ക് ഓരോ ഉപായം ഇട്ടു തരുമെന്ന് പറയുന്നത് വെറുതെയല്ല.
സ്കൂൾ വിട്ടാൽ മിക്ക അജ-പശു പാലകരുടെയും പ്രധാന കലാപരിപാടിതന്നെ പുല്ലരിയലാണ്. വക്കും വള്ളിയും പൊട്ടിയ ഒരു വട്ടിയും കൊണ്ട് പാവങ്ങൾ സ്കൂൾ വിട്ട ശേഷം ക്രായിക്കൊണ്ട് വരമ്പിൽ ഗ്രാസ്സ് കട്ടിംഗ് നടത്തുന്നത് ഞാൻ ഈ കണ്ണ് കൊണ്ട് കണ്ടിട്ടുണ്ട്.  

പഠിത്തം 'അലൂല്'' വെച്ച ചേട്ടമ്മാർ കുറേയെണ്ണം സ്കൂളിന്റെ പുറത്തു അസംബ്ലിയും മിടായി വിതരണവും തീരാൻ കാത്തു നിൽക്കുന്നുണ്ടാവും - കൂടെ രണ്ടു കുഞ്ഞിക്കത്തി പ്ലസ് ബട്ടി. അതിനിടയിലും ചിലർ ചാടും. ( ഉപ്പ, ഉമ്മ, ഇഞ്ഞ ,ഇച്ച, മൂത്ത, എളെപ്പ ഇത്യാദികളുടെ അടി കൊണ്ട് പുറം തഴമ്പിച്ച് ഇതിലും കൂടുതൽ വരാനില്ലെന്ന് സ്വയം തിരിച്ചറിഞ്ഞവരായിരിക്കും ആ ചാട്ടക്കാർ. )  

ആഗസ്റ്റ് 15, ജനുവരി 1, ഓണം 10 നാൾ ...ഇതൊക്കെ ഈ മിസ്കീനുകൾക്ക് ഫുൾഡേ ഡ്യൂട്ടി പുല്ലരിയലാണ്. ആഗസ്റ്റ് പതിനഞ്ചിനെങ്കിലും സമാധാനമായി ഒന്ന് ഒരുങ്ങി കളിക്കാനാണ് പോ ലും ഈ മൂന്ന് പഹയമാർ വ്യാജ-ബോധം കെടൽ നാടകം നടത്തുന്നത്. ( ഇതിപ്പോൾ എഴുതിയത് കൊണ്ട് എന്റെ കാര്യം എന്തോ ഏതോ...? ജില്ലയ്ക്ക് പുറത്ത് ഒരു ഫ്ലാറ്റിനു അഡ്വാൻസ് കൊടുക്കാൻ തോന്നിച്ച പടച്ചവനു സർവ്വ സ്തുതിയും.)