വസ്ത്രമില്ലാത്തവർക്ക് ......
വസ്ത്രം-നാണം മറക്കാൻ. മാനം മറക്കാൻ. നമുക്ക് വസ്ത്രമോ ? നാലാൾ കാണാൻ, നാലാളെ കൊണ്ട് കേമത്തരം പറയിക്കാൻ.
നിങ്ങൾക്ക് എത്ര ജോഡി വസ്ത്രം ഉണ്ടെന്നു ചോദിക്കുന്നില്ല.വസ്ത്രമില്ലാത്തവർക്ക് വേണ്ടി ഞങ്ങൾ ചോദിക്കുന്നത്- നിങ്ങൾ നിത്യം ഉപയോഗിക്കാത്ത രണ്ടു ജോഡി വസ്ത്രം തരാമോ ? .
ജീവിതത്തിൽ ഇന്നേ വരെ പുതു വസ്ത്രത്തിന്റെ മണം ഏൽക്കാത്തവർ ഇവിടെ ഉണ്ട്. നമ്മുടെ രാജ്യത്ത്. ഉടുതുണിക്ക് മറുതുണി ഇലാത്തവർ. അഭിമാനം കൊണ്ട് ആരാനോട് ചോദിക്കാൻ പറ്റാത്തവൻ. ദാരിദ്ര്യം അവരുടെ കുറ്റമല്ല. അത് ഉള്ളവന്റെ കുറ്റമാണ്. നൽകാനാണ് സമ്പത്ത് ഏൽപ്പിക്കുന്നത്. വസ്ത്രവും അങ്ങിനെ തന്നെ.
ഈ സീസണിലെ ഫാഷൻ കഴിഞ്ഞാൽ നിങ്ങളുടെ വസ്ത്രം അലമാരയിൽ തൂങ്ങും. ഒരു കല്യാണത്തിന് അണിഞൊരുങ്ങിയാൽ പിന്നെ ആ വസ്ത്രം നിങ്ങൾക്ക് വേണ്ട. ഒരു പാർടിക്ക് പോയി വന്ന ഉടുപ്പുകൾ നിങ്ങളുടെ വീട്ടിൽ അലസമായി മൂലയിൽ ചുരുട്ടി ഏറിയും. ഇനി അത് പാറ്റയ്ക്കും പഴുതാരയ്ക്കും ആഹാരം. പൂപ്പൽ പിടിക്കാൻ ഒരു കൂമ്പാരം.
ഒരു സഹോദരന് ഒരു സഹോദരിക്ക് അത് ആവശ്യമുണ്ടെന്നു നിങ്ങളോടു പറഞ്ഞാൽ ചെവി കൊള്ളുമോ ? അതൊന്നു അലക്കി ഇസ്തിരി ഇട്ടു തരാമോ ? ഞങ്ങളുടെ വോളണ്ടിയർമാർ അത് വാങ്ങാൻ വരും. മനസ്സറിഞ്ഞു നിങ്ങൾ വൃത്തിയിൽ തന്നാൽ നാണം മറക്കാത്ത ഒരു സഹോദരിക്ക് സഹോദരന് വലിയ ഉപകാരം ആകും. പുണ്യം കിട്ടുന്ന പണി. നിങ്ങൾ അറിയാത്ത ഒരു അഗതി നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കും.
മൂന്നു വെള്ളത്തുണികൾ നമ്മെ മറ്റാരോ പുതക്കുന്നതിനു മുമ്പ് ഉള്ളതിൽ നിന്ന്നമുക്ക് ഒരാളുടെ നാണം മറക്കാൻ പറ്റിയാൽ ...അതിൽ പരം സൽ പ്രവൃത്തി മറ്റെന്താണ്?
No comments:
Post a Comment