നിരീക്ഷണം aslam MAVILAE
***********************************************
സ്വന്തം മക്കളെ പാതി വഴിക്ക് മറക്കുമ്പോൾ
******************************
എന്റെ കോളത്തിൽ മിക്കവാറും ''വ്യക്തിപരം'' കാണും. അതിന്റെ കൂടെ മേമ്പൊടിയായി കുറച്ചു വേറെ വല്ലതും ഉണ്ടാകും. ശരി.
ചെറുപ്പത്തിൽ ഉപ്പ ഉച്ച ഭക്ഷണം കഴിഞ്ഞു കുഞ്ഞമുച്ചാന്റെ ഹോട്ടലിൽ നിന്ന് ഒരു കാലിച്ചായ കുടിച്ചു രാവിലെ വായിക്കാത്ത പത്രം അവിടെ ഉണ്ടെങ്കിൽ അതും വായിച്ചു നേരെ മധൂരിലെക്ക് നടക്കുമ്പോൾ രണ്ട് രണ്ടേകാൽ കഴിഞ്ഞിരിക്കും. സ്കൂളിലേക്ക് പോകാൻ ഞാൻ തിരക്ക് കൂട്ടുമ്പോഴായിരിക്കും, മേശമ്മേൽ ഉപ്പ മറന്നു വെച്ച കടയുടെ താക്കോൽ കൂട്ടം ശ്രദ്ധയിൽ പെടുക. ആരോടും പറയാൻ നിൽക്കാതെ അതും കൊണ്ട് ഒരോട്ടം. മനസ്സിൽ അപ്പോഴും പ്രാർത്ഥന ഉപ്പ തിരിഞ്ഞു നടക്കല്ലേ എന്നാണ്. എന്റെ ഓട്ടം ചിലരുടെ ശ്രദ്ധയിൽ പെടും. അവർക്ക് അറിയാം- ഞാൻ താക്കോൽ കൂട്ടവും കൊണ്ട് ഉപ്പാനെ ലക്ഷ്യമാക്കിയാണ് ഓടുന്നതെന്ന്. പുഴയും കടന്നു അങ്ങ് ഒരു ഓരം ചേർന്ന് ഉപ്പ മണൽ തരിയെ നോവിക്കാതെ മെല്ലെ മെല്ലെ നടന്നു പോകുന്നത് കാണും. എന്റെ പ്രാർത്ഥന അപ്പോഴും ഉപ്പ തിരഞ്ഞു നോക്കരുതെന്നാണ്..; തിരിഞ്ഞു നോക്കിയാൽ എന്നെ കാണും. പിന്നെ എന്നെ ലക്ഷ്യമാക്കി ഉപ്പ നടക്കും. ഉപ്പ ഒരടി പോലും തിരിഞ്ഞു നടക്കുന്നത് എനിക്ക് ഇഷ്ടവുമല്ല. എന്റെ ഉമ്മയ്ക്കും. തിരിഞ്ഞ് നോക്കാൻ പോലും ഇടവരാതെ മുന്നിൽ പോയി താക്കോൽ കൊടുക്കണമെന്നു ഉമ്മ ഒരിക്കൽ പറഞ്ഞുതന്നത് മനസ്സിൽ അപ്പോൾ ഓർമ്മ വരും . ഞാൻ കിതച്ചു അടുത്തെത്താറായാൽ പിന്നെ മുന്നിൽ എത്താൻ മെല്ലെ നടക്കും. അങ്ങിനെ പിന്നിൽ നിന്ന് വിളിക്കാതെ കുറെ നടന്നു മുന്നിലെത്തി ഉപ്പയെ താക്കോൽ ഏൽപ്പിക്കും . വളരെ വളരെ പതിഞ്ഞ ആ ചിരി മുഖത്ത് കണ്ടു ഞാൻ തിരിഞ്ഞ് വീട് ലക്ഷ്യമാക്കി ഓടും.
എന്റെ പുസ്തകം മേശമ്മേൽ കണ്ടു ഉമ്മയും ഉമ്മറപ്പടിയിൽ കാത്തിരിക്കുന്നുണ്ടാകും. ഉമ്മയുടെ ആദ്യത്തെ ചോദ്യം - ''ഉപ്പ ബയ്യോട്ട് നട്ക്ക്ന്ന്ണ്ടായിനാ ?'' ഞാൻ : ''ഇല്ല''. വീണ്ടും ഉമ്മ : ''നീ ഒച്ച വെച്ച് ഉപ്പാനെ തിരിഞ്ഞ് നടത്തിച്ചോ ?'' ഞാൻ - ''ഇല്ലുമ്മാ'' . അത് കേൾക്കുമ്പോൾ ഉമ്മാക്കുണ്ടാകുന്ന സന്തോഷം. ഉമ്മാന്റെ കിടിലൻ കമന്റ് : ''ബമ്പന്'' . ഉമ്മാന്റെ മുഖത്തെ ആ സന്തോഷവും കണ്ട്, ആ അപ്രിസിയേഷനും കേട്ട് ഞാൻ പിന്നെ ഓടുന്ന ഓട്ടം നിർത്തുന്നത് സ്കൂൾ വരാന്ത കാണുന്നതോടെയാണ്. എല്ലാ അധ്യാപകർക്കും എന്റെ ഉപ്പയെ അറിയാം; അത് പോലെ എന്നെയും. ''അസ്ലാമേ ... ഉപ്പ ഇന്നും താക്കോൽ മറന്നു അല്ലേ ?'' വരാന്തയിലുള്ള ഏതെങ്കിലും ഒരു മാഷ്, ഞാൻ കിതച്ച് വരുന്നത് കണ്ടാൽ അത് പറഞ്ഞിരിക്കും. ആ അധ്യാപകന്റെ മുഖത്തും കാണാം ഒരു പുഞ്ചിരി. അതും ആസ്വദിച്ചു കൊണ്ടായിരിക്കും ഞാൻ ക്ലാസ്സിൽ കയറുക. ഉന്നതമായ ഇടപെടലും സംസ്കാരവും അന്ന് ഞങ്ങൾ കണ്ടതും അനുഭവിച്ചതും അങ്ങിനെയായിരുന്നു.
****************************************
A S L A M M A V I L A E
***************************************
ന്യൂ ജനറേഷൻ രക്ഷിതാക്കളുടെ മറവി ബഹുരസം. ആശ്ചര്യകരം ! അവർ കുടയും വടിയുമൊന്നുമല്ല മറക്കുന്നത്. സ്വന്തം മക്കളെതന്നെയാണ് ! ആ മറന്ന ''മൊതലും'' കൊണ്ട് ബാക്കിയുള്ളോരാണ് പിന്നാലെ വണ്ടിയും പിടിച്ച് ഓടുന്നത്. അഞ്ചാറ് ദിവസം മുമ്പ് ചൂരിയിൽ; ദേ ...ഇന്നലെ ചെർക്കളയിൽ . ഇതിപ്പോൾ നാട്ടിലൊരു ''പെസെ'' (പകർച്ച വ്യാധി) ആയ പോലെയുണ്ട്. ഇവരുടെയൊക്കെ മയ്യത്തുംകട്ടിലിന്റെ കാലു കുഞ്ചീല് വെച്ച് പുള്ളമ്മാർ ''സെൽഫി'' എടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇങ്ങിനെ തുടർന്നാൽ പിള്ളേരുടെ പെരടിയിൽ പഞ്ചായത്ത് വക ''പൊര്ന്റെ അഡ്രസ്സ്'' ചാപ്പ കുത്തുന്ന കാലം വിദൂരമല്ല ! ഇവിടെ തീർഥാടകർക്ക് ചില ഇന്ത്യനേഷ്യൻ ട്രാവൽ ഏജൻസികൾ ''ഇ- ബ്രൈസ്ലറ്റ്" കെട്ടാൻ കൊടുക്കും. കാണാതായാൽ പെട്ടെന്ന് അവരുടെ ''സ്റ്റെഷൻ'' പിടിക്കാൻ . അതായാലും മതി. അല്ലാതെന്തു പറയാനാ....
ബറ്റിച്ചത് : ഈ ന്യൂസ് വായിച്ചു കേൾപ്പിച്ചപ്പോൾ ഇവിടെയുള്ള മണിയമ്പാറെ അദ്ദീച്ച പറഞ്ഞ കമന്റ് : ''ഓറോറെ പൈതങ്ങളെ ബസ്റ്റാന്റിൽ എൾകീറ്റ് പായാൻ ജോറ് എന്ത്റോ കാൽത്തെന്നെ ബെറും ബാറ്റ്ല് എറ്ക്ക്ന്നത്...?" എട്ടു മക്കളുള്ള അദീച്ചാന്റെ ആത്മരോഷം ''ബള്ളി'' പൊട്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ !
No comments:
Post a Comment