Monday, February 27, 2017

ജലവും ജീവനും/ ഡോ. സി.എം സാബിര്‍ നവാസ്

ജലവും ജീവനും

ഡോ. സി.എം സാബിര്‍ നവാസ്

ജലാശയങ്ങൾ വറ്റിവരളുകയും കുടിവെള്ളം കിട്ടാക്കനിയാവുകയും നാടു കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയുമാണ്. പൊതുവെ സന്തുലിതമായ കാലാവസ്ഥയെന്ന് പറയപ്പെടുന്ന കേരളം ഇത്തവണ അതി ഭീകരമായ ജല ക്ഷാമത്തിലേക്ക് എത്തി ചേര്‍ന്നിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു സമൂഹവും സന്നദ്ധ സംഘടനകളും സന്ദോര്‍ഭത്തിനനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ വരാനിരിക്കുന്ന വരള്‍ച്ചാ കെടുതികളില്‍ നിന്ന് ഒരു പരിധി വരെ കരയറാനാവും.
മനുഷ്യരുടെയും പക്ഷി മൃഗാതികളുടെയും ജീവന്‍ നിലനിര്‍ത്തുക എന്ന അടിസ്ഥാന ആവശ്യത്തിനുപകരിക്കുന്ന കുടിവെള്ളത്തിന് പ്രഥമ പരിഗണന നല്‍കണം. അനിവാര്യ ഘട്ടങ്ങളില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വന്നാല്‍ അളവ് പരിമിതപ്പെടുത്തുവാന്‍ നാം ശ്രദ്ധിക്കണം.
ജീവിത സൗകര്യങ്ങളില്‍ വരുന്ന വര്‍ദ്ധനവ് ഊര്‍ജ നഷ്ടത്തിനുള്ള സ്വാതന്ത്രമായി പരിഗണിക്കുന്ന സാഹചര്യമാണ് പലയിടത്തും ദൃശ്യമാകുന്നത്. മതപരമായ വുദൂഅ് പോലുള്ള കര്‍മ്മങ്ങള്‍ക്ക് പോലും അത്യാവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കണമെന്നാണ് മതം അനുശാസിക്കുന്നത്. ടാപ്പുകള്‍ അലക്ഷമായി തുറന്നിടുന്നതും കുടിവെള്ള സംവിധാനം തകരാറിലായി വെള്ളം ഒലിച്ചു പോകുന്നതും നമ്മുടെ നാട്ടിലെ നിത്യ കാഴ്ച്ചകളാണ്.

നമ്മുടെ കൈവശങ്ങളിലുള്ള കിണറിലെ ശുദ്ധജലം അവനവന്റെയും കുടുംബത്തിന്റെ ആവശ്യം കഴിഞ്ഞ് അവശേഷിക്കുന്നത് അയല്‍വാസികളുടെയും നാട്ടുകാരുടെയും അവകാശമാണ് എന്ന് തിരിച്ചറിയാന്‍ പറ്റണം. ജലം പങ്കു വെക്കുക എന്ന സംസ്‌ക്കാരം വളര്‍ത്തിയെടുക്കാന്‍ ഈ വരള്‍ച്ച കാരണം ഒരു നിമിത്തമാകട്ടെ. ജലം വില്‍പ്പന ചരക്കായി നിശ്ചയിച്ച് കുത്തകയാക്കി വെക്കുന്ന സാഹചര്യം ഒരു കാരണവശാലും പ്രോല്‍സാഹിപ്പിക്കപ്പെട്ടുകൂടാ. സാധാരണക്കാരന്റെ കൂടി നീര് ഊറ്റിയെടത്ത് ഊറ്റം കൊള്ളാന്‍ ഒരു വന്‍കിട കമ്പനിയെയും നാം അനുവദിക്കാന്‍ പാടില്ല.

ഏത് കാലാവസ്ഥയിലും ജലാശയങ്ങള്‍ കൊണ്ട് ജല സമൃദ്ധമായിരുന്ന കേരളത്തില്‍ ശുദ്ധജലം അപൂര്‍വ്വ വസ്തുവായി മാറുന്ന കാലം അത്ര വിദൂരമല്ല. പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കായലുകള്‍ തുടങ്ങിയ പ്രകൃതിയില്‍ ലഭ്യമായ പൊതു ജലസംഭരണികള്‍ തിരിച്ചു പിടിക്കാന്‍ ജനകീയ അടിത്തറയുള്ള പദ്ധതികള്‍ ആവഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ സന്നദ്ധ സംഘടനകള്‍ രംഗത്ത് വരണം.

വരള്‍ച്ചാ കെടുതി അനുഭവിക്കുന്ന പ്രദേശങ്ങളില്‍ പൊതു കുളങ്ങളും പൊതു കിണറുകളും പുതുതായി നിര്‍മ്മിക്കാന്‍ ആവശ്യമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറെ അനിവാര്യമാണ്. വരള്‍ച്ച നേരിടുന്ന സമയങ്ങളില്‍ ദരിദ്ര പ്രദേശങ്ങളില്‍ സൗജന്യ ജല വിതരണത്തിനുള്ള ഫലപ്രദമായ സംവിധാനങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്.

ആഗോള താപനവും വര്‍ഷാവര്‍ഷങ്ങളില്‍ ലഭിച്ചു വരുന്ന മഴയുടെ അളവില്‍ രൂപപ്പെട്ട കനത്ത കുറവുമാണ് ഇത്തവണ നേരത്തെയുള്ള വരള്‍ച്ചക്ക് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

മഴവര്‍ഷിപ്പിക്കുന്നവന്‍ അല്ലാഹു മാത്രമാണെന്നും അവനോടു പ്രാര്‍ത്ഥിക്കുകയല്ലാതെ വേറൊരു പോംവഴിയുമില്ലെന്നും നമ്മുടെ സമൂഹം തിരിച്ചറിയണം. കഴിയുന്നത്ര പ്രദേശങ്ങളില്‍ സഘമായി മഴക്ക് വേണ്ടിയുള്ള നമസ്‌ക്കാരവും സംഘടിപ്പിക്കാവുന്നതാണ്.

ആസന്നമായിരിക്കുന്ന ജല പ്രതിസന്ധി നമുക്ക് ചില തിരിച്ചറിവുകള്‍ പകര്‍ന്ന് നല്‍കുന്നുണ്ട്. ജീവന്റെ അടിസ്ഥാന ഘടകമായി വര്‍ത്തിക്കുന്നത് ജലമാണ്. ഭൂമി വാസയോഗ്യമാകുന്നത് തന്നെ ഒരര്‍ത്ഥത്തില്‍ ജലസാന്നിദ്ധ്യം കൊണ്ടാണ്. പ്രപഞ്ച നാഥന്‍ ലോകത്ത് നിശ്ചയിച്ച നിയമങ്ങളുടെ താളപ്പൊരുത്തം ബോധ്യപ്പെടുത്തി കൊണ്ടാണ് ഓരോ തവണയും മഴ വര്‍ഷിക്കുന്നത്.
അല്ലാഹു പറയുന്നു: നാം ജലത്തില്‍ നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്ക് (അല്ലാഹു) വില്‍ വിശ്വസിച്ചു കൂടെ. (വിശുദ്ധ ഖുര്‍ആന്‍ 21:30)

അഹങ്കാരത്തിന്റെയും അല്‍പ്പത്തത്തിന്റെയും കൊടുമുടി കയറി ദൈവത്തെ മറന്ന് ജീവിക്കുന്നവരോട് ഖുര്‍ആന്‍ ഉന്നയിക്കുന്ന ചോദ്യം വളരെ പ്രസക്തമാണ്.

ഖുര്‍ആന്‍ പറയുന്നു: നബിയേ, പറയുക. ''പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക?'' (വിശുദ്ധ ഖുര്‍ആന്‍ 67:30)

Saturday, February 11, 2017

xxx


പൊതുവെ എല്ലായിടത്തും ചില പോക്കിരിമാർ ഉണ്ടാകുമല്ലോ. ടൗണിൽ, ഗ്രാമങ്ങളിൽ, ഉത്സവങ്ങളിൽ ഇവരും ഇവരുടെ കുറെ ശിങ്കിടികളും ഉണ്ടാകും. അതിൽ പെട്ട ഒരാളായിരുന്നു ബാലൻ മൂസ (അങ്ങിനെ തന്നെയെന്നാണ് എന്റെ ഓർമ്മ). നല്ല വെളുത്ത ഷർട്ട്, അതിലും വെളുത്ത ഡബിൾ ബേഷ്ടി, അതാണെങ്കിൽ നിലത്തു പായവിരിച്ചത് പോലെ ഒഴുകുന്നുണ്ടാകും, മെല്ലിച്ച രൂപം, കണ്ണ് എപ്പോഴും ചെമന്നിരിക്കും. ഇയാളാണ് ബസ്റ്റാന്റ് പോക്കിരിയും. ചെറുപ്പത്തിൽ ഇയാളെ ബസ്റ്റാന്റിൽ കണ്ടാൽ ഞങ്ങൾ പതുങ്ങി ഉമ്മാന്റെ ബുർക്കയുടെ പിന്നിലേക്ക് മാറി നിന്ന് നോക്കും. അധികവും ടൈറ്റിലാണ് ഉണ്ടാവുക. ആ ബാലൻ എന്ന പേര് കൂടെ വീണത്  അന്നത്തെ കാലത്തെ വില്ലൻ കഥാപാത്രങ്ങൾ ചെയ്തിരുന്ന ബാലൻ കെ. നായരുടെ പേരിലെ ആദ്യാക്ഷരം കൂട്ടിച്ചേർത്താണോ എന്നറിയില്ല. 

Friday, February 10, 2017

കുട്ടിക്കാല കുസൃതിക്കണ്ണുകൾ/ ലക്കം 49

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

ലക്കം 49


പത്താം തരം ഒരുവിധം ഒപ്പിച്ചുകൂട്ടി ജയിച്ചു; പിന്നെ നേരെ പോകുന്നത് എല്ലാവരെയും പോലെ പതിനൊന്നാം ക്‌ളാസ്സിലേക്ക്. കുഞ്ഞിമാവി(യി)ന്റടീലെ വലിയ സ്‌കൂളിലാണ് ഞാൻ ചേർന്നത്. മാലതി ഡോക്ടറുടെ ഭർത്താവ് പ്രൊഫ. ടി.സി. മാധവപ്പണിക്കർ സാറായിരുന്നു അന്ന് അവിടെ പ്രിൻസിപ്പാൾ.  ഒമ്പത് മണിക്ക് മുമ്പ് ക്‌ളാസ് തുടങ്ങും . 250 മിനിറ്റ് ദിവസം ക്‌ളാസ്. ഉച്ചയ്ക്ക് ഒന്നേകാലിനു മുമ്പ് അവിടത്തെ പഠനം കഴിയും. പിന്നെ ഒന്നൊന്നൊര മണിക്കൂർ ബേയ്സ് ഫ്ലോറിലുള്ള കൊമേഴ്‌സ് ക്ലാസ്സിനു തൊട്ടടുത്തുള്ള  വിശാലയമായ ലൈബ്രറിയിൽ അരിച്ചു പെറുക്കിയുള്ള കൊട്ടക്കണക്കിന് പത്രവായന. അത് കഴിഞ്ഞു  നേരെ ഇറങ്ങി ടാഗോർ സ്‌കൂളിന്റെയും ഞങ്ങളുടെ സ്‌കൂളിന്റെയും ഇടയിൽ കാണുന്ന ഒരു ഇടനാഴിപോലുള്ള വഴിയിൽ  സ്റ്റെപ്പ് കയറി ഇറങ്ങിയാൽ കിട്ടുന്ന പള്ളിയിൽ ദുഹ്ർ നിസ്കാരം.  അതും കഴിഞ്ഞു നേരെ കൂട്ടുകാരായ സൗകു-സുകുമാരൊന്നിച്ചു  കിട്ടിയ ബസ്സിൽ കയറി ടൗണിൽ ഇറങ്ങും.

അന്ന് പഴയത്, പുതിയത് അങ്ങിനെ  ബസ്റ്റാന്റുകളില്ല. അവിടെ എത്തിക്കഴിഞ്ഞാൽ പ്രധാന പരിപാടികൾ  തെരുവ് കച്ചവടം നോക്കുക, ലാടവൈദ്യന്മാരുടെ തരികിട കാണുക ,  വ്യാജന്മാരുടെ നമ്പറുകൾ ശ്രദ്ധിക്കുക. അബൂബക്കർ സിദീഖ് ന്യൂസ് ഏജൻസി നടത്തുന്ന ബസ്റ്റാന്റിന്‌ പിൻവശത്തുള്ള പത്രകടയിൽ വെറുതെ ഓരോ പുസ്തകത്തിന്റെയും ചട്ട നോക്കി വായിക്കുക. ചെറിയ കുട്ടയിൽ ഓറഞ്ചും നാരങ്ങയും വിൽക്കുന്നവരുടെ ഒരു കയ്യിൽ എങ്ങിനെയാണ് അഞ്ചും ആറും എണ്ണം ഒതുങ്ങി നിൽക്കുന്നതെന്ന് നോക്കുക. ബസ്റ്റാന്റ് പരിസരത്തു നടക്കുന്ന മൈതാനപ്രസംഗം ആരുടേയായും  പ്രസംഗിക്കുന്നവർക്കും ഒരു ഉഷാറ് വരട്ടെയെന്നു കരുതി മുന്നിലുള്ള കസേരയിൽ തന്നെ  ഇരുന്ന് ''ഭയങ്കര ശ്രദ്ധയോടെ'' കേൾക്കുക.  ഏതെങ്കിലും ഒരു ഹാളിൽ തട്ടലും മുട്ടലും കേട്ടാൽ ശാസ്ത്രീയ സംഗീതമായിരിക്കുമെന്ന് കരുതി അവിടെക്കേറി അതൊക്കെ അന്വേഷിച്ചു അല്ല/ആണ്  എന്ന് ഉറപ്പു വരുത്തുക തുടങ്ങിയവയാണ്.

വ്യാജ  സിദ്ധ-ലാടന്മാരുടെ നമ്പറുകൾ പൊളിച്ചു കയ്യിൽകൊടുക്കുന്ന ഒരേർപ്പാടും ഞങ്ങൾക്ക് അന്നുണ്ടായിരുന്നു.  അങ്ങിനെയുള്ള രണ്ടു സംഭവങ്ങളാണ് ഇനി എഴുതുന്നത്. വായിക്കുന്നവർക്ക് വായിക്കാം.

അന്നത്തെ ബസ്റ്റാന്റിന്റെ പിൻവശം മുതൽ ബദ്‌രിയ ഹോട്ടൽ വരെയുള്ള ഏരിയയിലാണ് ഇപ്പറഞ്ഞവർ മൊത്തം  വിലസുന്നത്. ഒരു ദിവസം ബസ്സിറങ്ങിയപ്പോൾ കണ്ടത് ഒരു ചെറിയ പെൺകുട്ടിയെ  ഒരു വൃത്തത്തിന് നടുവിൽ ഇരുത്തിയിട്ടുണ്ട്. ആളുകൾ ഓരോന്നായി ചുറ്റും കൂടാൻ തുടങ്ങി.  കുട്ടിയുടെ അപ്പനായി ഒരാൾ അവിടെ വലിയ വാൾ പിടിച്ചു സിദ്ധ വേഷത്തിൽ നിൽപ്പുണ്ട്. അത്യാവശ്യം ആളുകൾ  നിറഞ്ഞു എന്നായപ്പോൾ അയാൾ  വാളെടുത്തു കുട്ടിയുടെ  വായയിൽ വെച്ചു ആഞ്ഞു വലിച്ചു, ആ പെങ്കൊച്ചിന്റെ വായിന്നു ചോര കവിളിൽ കൂടി ഒഴുകി ഒലിക്കാൻ തുടങ്ങി.  കുട്ടി നിലവിളിച്ചു ബോധം കെട്ടു വീണു. ഇത് കണ്ടതും ജനങ്ങൾ തിങ്ങി നിറഞ്ഞു വലയം തീർത്തു. അതിനിടയിൽ സിദ്ധൻ ഉറക്കെ പറയുന്നുണ്ട്, ''സർദ്ധിക്കുക, പോക്കറ്റദിച്ചാൽ നമ്മലെ പരയരുത്. '' എല്ലാരും അപ്പോൾ വലിയ കാര്യമായി പോക്കറ്റ് തപ്പാൻ തുടങ്ങി, ഞാനും സുകുവും  വെറുതെ പോക്കറ്റ് തപ്പി, ഒന്നും ഉണ്ടാഞ്ഞിട്ടല്ല, എന്നാലും ആ ഉള്ള  20 പൈസ പോയാൽ പിന്നെ അഞ്ചാറ് കിലോമീറ്റർ നടക്കണ്ടേ,  അത് കൊണ്ടാണ്.

സിദ്ധൻ അതിനിടയിൽ ഒരു പാട്ട കിലുക്കി ആദ്യത്തെ കളക്ഷൻ തുടങ്ങിക്കഴിഞ്ഞു. കുട്ടിക്ക് ബോധം വരാതെ ആരും പോകരുതെന്ന് അയാൾ ആജ്ഞാപിച്ചു.  ആ പെൺകുട്ടിയുടെ അവസ്ഥ കണ്ടു പലരും കാശ് കൊടുത്തു.  അയാൾ അവിടെകൂടിയിരുന്ന ആളുകളിൽ ഒരാൾക്ക് പാട്ട കൈമാറി അടുത്ത നടപടിയിലേക്ക് കടന്നു. ഞങ്ങളോടെല്ലവരോടും അവിടെ കുത്തിയിരിക്കാൻ അയാൾ ആവശ്യപ്പെട്ടു, പിന്നിലുള്ള നിരയിലുള്ളവർക്ക് ശരിക്ക്കാണാൻ പാകത്തിൽ .

ബോധം നഷ്ടപെട്ട കുട്ടിയുടെ മുഖത്തേക്ക് അയാൾ  ഒരു കമ്പിളി തുണിയിട്ട് മൂടി, എന്നിട്ട് പറഞ്ഞു - ഈ ''കുറ്റി ഇനി ഞമ്മലോദ് എല്ലം പറിയൂ, നിമ്മലെ മനസ്സില് ഉല്ലദ് ഈ കുറ്റി അരിയും.''
''ആഹാ ഇപ്പ്യോ കൊള്ളാലോ   '', എന്റെ കൂടെ വന്ന ഉദുമയിലെ സുകുവിന് വലിയ ആവേശമായി.  സിദ്ധന്റെ സഹായി ഉടനെ ഒരു കാക്കയുടെ തലക്കെട്ടിന്റെ അരിക് നോക്കി കമ്പിളിയിൽ മൂടിയ കുട്ടിയോട് ചോദിച്ചു:  ഇതിന്റെ നിറമെന്താണ് ? ''ചോപ്പ്'', ശരിയാണല്ലോ ! ഒരാളുടെ പേഴ്‌സ് പിടിച്ചു ചോദിച്ചു ഞാൻ എന്താണ് പിടിച്ചിട്ടുള്ളത് ? കുട്ടി : ''പാക്കട്ടി''. ഈ സേട്ടന്റെ കുപ്പായത്തിന്റെ കുടുക്ക് ഏത് നിറം ? ഉത്തരം റെഡി - ''കരുപ്പ്''. വാ പൊളിച്ചവൻ വാ പൊളിച്ചിടത്ത് ബാക്കി. അങ്ങിനെ എന്ത് ചോദിച്ചാലും കുട്ടി സടപടാന്നാണ് ഉത്തരം, അതാണെങ്കിലോ കിറുകൃത്യം. അതിനിടയിൽ സിദ്ധൻ രണ്ടാമത്തെ മെഗാ കളക്ഷൻ തുടങ്ങി. ഇപ്പോൾ പൈസ ഇട്ടത് ചെറിയ നാണയത്തുട്ടല്ല, നോട്ടുകളാണ്.  കാരണമെന്തന്നല്ലേ ? പൈസ ഇല്ല എന്ന് പറഞ്ഞു ആരും കള്ളം പറയരുത്, അങ്ങിനെ ചെയ്‌താൽ വീട്ടിൽ എത്തുമ്പോൾ നിങ്ങളുടെ പൈസ കാണില്ല, ''കുറ്റി സപിക്കും''. സുകു പാവം അവന്റെ കീശയിലുള്ള എക്സ്ട്രാ നാലണ എടുത്ത് പാട്ടയിൽ ഇട്ടു. ''കോയിന് ബേഡാ , നോട്ടു മാത്ര..'' സുകുവിന് അയാൾ പൈസ തിരിച്ചു കൊടുത്തു. അവനാണെകിൽ പൈസ തിരിച്ചു കിട്ടിയ സന്തോഷത്തിലും.

വീണ്ടും കുട്ടി അത്ഭുത സിദ്ധി പുറത്തെടുക്കാൻ തുടങ്ങി, ഇപ്പ്രാവശ്യം ഞാൻ ശ്രദ്ധിച്ചത്  ആ ചോദ്യങ്ങൾ ചോദിക്കുന്നവന്റെ രീതിയാണ്. ഓരോ ചോദ്യത്തിന് മുമ്പിലും ഒരു എക്സ്ട്രാ വേർഡ് പറയും. എന്നിട്ടാണ് ചോദ്യം. കുറ്റി സിറിക്കൂ, ഈ കുപ്പായത്തിന്റെ കളറെന്റ് ? ഇങ്ങോട്ടോക്ക് , ഈ സേട്ടന്റെ കയ്യിൽ എന്താണ് ? അങ്ങിനെയങ്ങിനെ ... അപ്പോൾ പഠിച്ച കള്ളന്മാരാണ് ഇവർ. അതിലും വലിയ കള്ളിയാണ് കമ്പിളിക്കുള്ളിൽ. സിഗ്നൽ ആദ്യം നൽകിയിട്ടാണ് ചോദ്യങ്ങൾ. കേൾക്കുന്ന നമുക്കൊട്ടു അറിയുകയുമില്ല.

പക്ഷെ, കൂടി നിന്നവരൊക്കെ ആകെ ഈ മായാജാലത്തിൽ  ലയിച്ചിട്ടുണ്ട്.  ഉടനെ സിദ്ധന്റെ പ്രഖ്യാപനം വന്നു. നിങ്ങളുടെ മനസ്സിൽ ഉള്ള കാര്യങ്ങൾ, പ്രശ്നങ്ങൾ എല്ലാം ഈ കുട്ടി പറയും, അതിൽ വിശ്വാസമുള്ളവർ മാത്രം, അവരവരുടെ പോക്കറ്റിലുള്ള മുഴുവൻ പൈസയും കയ്യിൽ എടുത്ത് കാണിക്കണം. പെട്ടെന്ന് കുട്ടി കമ്പിളിയിൽ നിന്ന് : ''ഇദ് പരഞ്ഞപ്പോ ഒരാളെ ജിമൻ പകുതി പോയി, അയാള് മാത്ര ഇവിടെ നിക്കരുത്.''  കൂടി നിന്നവരോടൊക്കെ സിദ്ധൻ കണ്ണുരുട്ടി  ചോദിച്ചു, നിങ്ങളാണോ അത് ? നിങ്ങളാണോ അത് ?  എന്നോടും ചോദിച്ചു, ഞാൻ സുകുവിനെ നോക്കി.  സുകു പറഞ്ഞു ; എന്റെ കയ്യിൽ ബസ്സിന്റെ പൈസ അല്ലാതെ വേറെ ഇല്ലെന്ന്.  കൂട്ടത്തിൽ ഒരാൾ സ്വയം മുന്നോട്ട്  വന്നു പറഞ്ഞു - ഞാനാണ് ആ കുട്ടി പറഞ്ഞ ആള്. അയാളോട്  സിദ്ധൻ ആജ്ഞാപിച്ചു  ''വിസ്വാസമില്ലാത്തോൻ നിക്കണ്ടാ,  പോ...'' അയാൾ മാപ്പ് പറഞ്ഞു. സിദ്ധൻ പറഞ്ഞു, കുറ്റി സമ്മതിച്ചാൽ നിൽക്കാം. ഉടനെ കുട്ടി : ''അയാലെ മനസ്സ് ഇപ്പൊ സരിയായി.''  ഓഹ്, ഗ്രീൻ ചിട്ടി കിട്ടിയ സന്തോഷം അയാൾക്ക് മാത്രമല്ല  , എല്ലാവർക്കും.  ഉടനെ കയ്യിലുള്ള നല്ല ഒരു നോട്ട് എടുത്ത് സിദ്ധനെ ഏൽപ്പിച്ചു.  അങ്ങിനെ മൂന്നാമത്തെ കളക്ഷനും പൊടിപിടിച്ചു തുടങ്ങി. അതിനിടയിൽ പോക്കറ്റടിച്ചൂന്ന് പറഞ്ഞു ചെറിയ ഒരു പ്രശ്നവും അവിടെ ഉണ്ടായി , ആളെ പക്ഷെ  കിട്ടിയില്ല. സിദ്ധൻ പറഞ്ഞു : ''ഞാന് അപ്പലേ പറഞ്ഞതാ, പോക്കറ്റടി സൂഷിക്കാൻ ..''  കുട്ടി വീണ്ടും : ''പോക്കറ്റടിച്ച ആള് ബസ്റ്റാന്റിൽ ബസ്സിന്‌ കാത്തിരിക്കുന്നു, ഇപ്പോള് ബസ്സ് കയറും  ''.

കയ്യിൽ നോട്ട് ഇല്ലാത്തത് കൊണ്ട് ഞങ്ങളെ ആ  ''പാട്ട കിലുക്കി  സഹായി '' അവിടെ നിൽക്കാൻ സമ്മതിച്ചില്ല.  കുറച്ചു മാറി നിന്ന് കാര്യങ്ങൾ ഞങ്ങൾ വീക്ഷിച്ചു.  സിദ്ധൻ ഓരോ ഭക്തമാരെയും  വെവ്വേറെ വിളിച്ചു  എന്തൊക്കെയോ ചോദിക്കുന്നു,  പറയുന്നു.  എന്നിട്ട്  നല്ല നാലെണ്ണം ''സുദ്ദ ബിസ്വാസക്കാരെ'' മാറ്റി നിർത്തി, ബാക്കിയെല്ലാവരോടും പിരിഞ്ഞു പോകാൻ പറഞ്ഞു. പ്രശ്നങ്ങളുടെ മുഖവുര കേട്ട ശേഷം ഇവരെ അവർ റൂമിൽ  വരാൻ വേണ്ടി നിർബന്ധിക്കുകയാണ്.  അവിടെ കൊണ്ട് പോയി ഈ മിസ്കീനുകളുടെ കീശയിലുള്ള ബാക്കി ഉരുപ്പടി  കൂടി ഊറ്റി കുടിക്കാനുള്ള ഏർപ്പാട് !  അവർ ആ വാക്കുകളിൽ വീണു. മുമ്പിൽ സിദ്ധനും പെൺകുട്ടിയും, പിന്നിൽ സാഹായിയും രണ്ടു പേരും, അതിന്റെ പിന്നിൽ നാല് പേര്.  ഞങ്ങൾ രണ്ടു പേരും ഇവരെ പിന്നാലെ നടന്നു, എയർലൈൻസ് ബിൽഡിങ്ങിലാണ് ഇവരുടെ റൂം. കൂടെ പോകുന്ന നാല്പേരിൽ  രണ്ടു പേരെ കണ്ടാൽ അറിയാം, നാടന്മാർ,  ഏതോ അള്ളി പ്രദേശത്തു നിന്ന് വന്നവർ.  ബാക്കി രണ്ടു പേർ, അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി ഈ സിദ്ധന്റെ ആളുകളെന്ന്.  ഇവരുടെ ഉത്സാഹം കണ്ടിട്ടാണ് ആ പാവങ്ങൾ രണ്ടും കുടുങ്ങിയത്. ഞങ്ങൾ രണ്ടാളും പോയി ആ മിസ്കീനുകളോട്  മെല്ലെ പറഞ്ഞു : നിങ്ങൾക്ക് പ്രാന്താണോ, ഇവർ രണ്ടാളും അവരുടെ ആൾക്കാരാണ്.  ''ഒക്കാ....'' എന്ന് പറയുന്നതേ കേട്ടുള്ളൂ, അവർ ആ സിദ്ധന്മാരുടെ കയ്യിന്ന് എങ്ങിനെയോ തടിഎടുത്തു.

പതിനൊന്നിൽ പഠിക്കുമ്പോൾ തന്നെ ഉണ്ടായ   രണ്ടാമത്തെ സംഭവം ഇനി പറഞ്ഞു ഇന്നത്തെ ലക്കം തീർക്കാം.

തൊട്ടടുത്ത ഗ്രാമത്തിൽ ഒരു വ്യാജ സിദ്ധൻ കുറച്ചു ആഴ്‌ചകളായി വൈദ്യവും തടവലും  തുടങ്ങിയിട്ട്. റേഷൻ കടയുടെ മുന്നിലുള്ള പൊട്ടിപ്പൊളിയാറായ ഒരു കടയിലാണ് ഇയാളുടെ സിദ്ധകൂടോത്രകേന്ദ്രം.  നാട്ടിലെ രോഗികൾ കുറവാണെങ്കിലും പുറത്തു നിന്നൊക്കെ പെണ്ണുങ്ങൾ  വന്നുകൊണ്ടിരിക്കുകയാണ്. (അതിനായി കുറെ എണ്ണം  പറയിപ്പിക്കാൻ ബുർഖയുമിട്ട് ഒരുങ്ങി  ഇറങ്ങുമല്ലോ).  കടയുടെ മുതലാളിക്ക് ഈ വ്യാജൻ  കഴിഞ്ഞ രണ്ടു മൂന്ന് മാസമായി വാടകയും കൊടുത്തിട്ടില്ല പോലും.  കടമുതലാളിക്കാണെങ്കിൽ വാടക ചോദിച്ചാൽ  ഇയാൾ വല്ല കൂടോത്രവും ചെയ്ത്കളയുമോന്ന് പേടിയും.  ആ നാട്ടിലെ എന്റെ കൂട്ടുകാരൻ സൗകൂ എപ്പോഴും ഇതിന്റെ കഥ പറഞ്ഞുകൊണ്ടേയിരിക്കും.

ഒരു ദിവസം മറ്റൊരു സൗകുവും  ഞാനും ആദ്യത്തെ സൗകുവും കൂടി  വ്യാജന്റെ ചികിത്സാ കേന്ദ്രത്തിൽ കയറി, സൗകുവിന്  വയറ്റുവേദനയാന്ന് പറഞ്ഞു.  അകത്തു കയറിയപ്പോൾ   സൗകൂവിനു ഒരു അര ഡൌട്ട്,  അല്ലാ, പറഞ്ഞത് പോലെ ശരിക്കും വയറ്റു വേദന ആണല്ലോ.  ഇയാൾ വല്ല ലെക്കിണീസും ചെയ്തു കളയുമോന്ന് അവന്റെ  ഉള്ളിലൊരു കാളൽ..  ഉടനെ തന്നെ സൗകൂ  അവിടെനിന്ന് സ്കൂട്ടായി.  വ്യാജൻ  അകത്തു കയറി ഒരു ചെംച്ചം പോലെയുള്ള സാധനത്തിൽ പുകയിലയിട്ടു കത്തിച്ചു ഊതി മുക്കിൽ കൂടി പുക പുറത്തിട്ടു കൊണ്ട് പഴയ ഫിലിമിലെ ബാലൻ കെ. സ്റ്റൈലിൽ  പുറത്തിറങ്ങിയിട്ട് , അവിടെ  ബാക്കിയായ ഞങ്ങളെ രണ്ടാളെയും ഒന്ന് കടുപ്പിച്ചു നോക്കി. ദുബായിൽ ചില സ്വർണ്ണക്കട നടത്തുന്ന അധോലോകനായകന്മാരുടെ കട നടത്തിപ്പുകാരെ കണ്ടാൽ ഗുജറാത്തികൾ പേടിക്കുമെങ്കിലും നമ്മുടെ മലബാരികൾക്ക് ഒരു ചുക്കും  തോന്നാത്തത് പോലെ നിസ്സംഗരായി ഞങ്ങൾ രണ്ടു പേരും   അയാളെ കുറെ നോക്കി. അതിനിടയിൽ    ഞങ്ങൾ   പുള്ളിക്കാരന്റെ കൂടോത്രകേന്ദ്രമൊക്കെ  മൊത്തത്തിലൊന്ന് സ്ക്രീൻ ചെയ്തു കഴിഞ്ഞിരുന്നു.

ഒന്ന്, രണ്ട്  സാണിന്റടി .  പിന്നെ ഒരു മരത്തിന്റെ പേന. വേറെ കുറെ കളമിട്ട അറബി മലയാളത്തിലൊക്കെ എഴുതിയ കോളങ്ങൾ അടങ്ങിയ (ഞങ്ങൾ പണ്ട്  ടൈം ടേബിൾ എഴുതിയിരുന്ന സ്റ്റൈലിൽ തലങ്ങും വിലങ്ങും എഴുതിയ) പേപ്പറുകൾ. കുറച്ചു ഗ്രീൻ ടവ്വൽസ്. മഷിക്കുപ്പി. ചരട് ... അങ്ങിനെയെന്തൊക്കെയോ അവിടെ ഉണ്ട്. വ്യാജ ഡോക്ടർ ഞങ്ങളെയും ഞങ്ങൾ വ്യാജനെയും കുറെ നേരം നോക്കിക്കൊണ്ടിരുന്നു.  അയാൾ ചോദിച്ചു  ''സൗഖ്യ ഇല്ലാത്തോന്  ഓടെ ? ഓനെ ബിൾചിട്ട് വാപ്പാസ് കൊണ്ട് ബാ....'' സംസാരം കേട്ടപ്പോൾ തന്നെ മനസ്സിലായി ഇത് സുള്യ/മടിക്കേരി ഭാഗത്തു നിന്നോ മറ്റോ കെട്ടി വലിച്ചു കൊണ്ട് വന്ന ''വണ്ടീവ്വലിയുമാണെന്ന്.''   ഞങ്ങൾ പറഞ്ഞു, ഇവിടെ കക്കൂസില്ലാത്തത് കൊണ്ട്   അവൻ രണ്ടിനുന്നും പറഞ്ഞു പുറത്തു പോയി, ഇപ്പോൾ വരും.  ഇവിടെ കക്കൂസുണ്ടോ ? മറ്റേ സൗകുവിന്റെ ചോദ്യം. കാരണം അവനു ഒന്നിന് പോകാനെയ്.  ഞാൻ കൂടോത്രക്കാരനോട് പറഞ്ഞു -  അവനെ ഇപ്പോൾ കൂട്ടിക്കൊണ്ട് വരാം.

പുറത്തിറങ്ങിയപ്പോൾ മധൂർ സൗകൂ ഒരു മതിലിനു ചാരി നിന്ന് ശ്വാസം മേലോട്ടും താഴോട്ടും എടുക്കുകയാണ്, അവന്റെ തടിയിൽ പേടി കയറിക്കൂടിയിട്ടുണ്ട്. ഞങ്ങൾ വ്യാജനോട് തർക്കുത്തരം പറഞ്ഞത് അവനു തീരെ പിടിച്ചിട്ടില്ല.  അവൻ അറിയേണ്ടത് ഞങ്ങളോട് വ്യാജൻ എന്താണ് പറഞ്ഞെതെന്താണെന്ന്. നിന്റെ വയറ്റു വേദന അയാൾ  അവിടെ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. പോയില്ലെങ്കിലും പ്രശ്‌നമില്ല അയാൾ എല്ലാം തുടങ്ങിയിട്ടുണ്ട്. ഇതും പറഞ്ഞു  അവന്റെ പകുതിക്കുള്ള ഇറങ്ങിപ്പോക്കിൽ വിമ്മിഷ്ടം അറിയിച്ചു ഞങ്ങൾ രണ്ടും വീട്ടിലേക്ക്നടന്നു.

രണ്ടു ദിവസം കഴിഞ്ഞു ഞങ്ങൾ ഒരു മഗ്‌രിബ് സമയത്തു ഡോക്ടറെ ഒന്ന് ചുമ്മാ കണ്ടുകളയാം എന്ന് കരുതി വ്യാജന്റെ ക്ലിനിക്കിൽ വെറുതെ ഒന്ന്  കയറി. .  മിണ്ടിയും പറഞ്ഞിരുന്നാൽ കാശൊന്നും കൊടുക്കേണ്ടല്ലോ. പക്ഷെ,  അകത്തു നമ്മുടെ ''പൂ മുത്ത്'' ഇല്ല.  പച്ചത്തുണികൊണ്ട്മറച്ച കൺസൾട്ടിങ് റൂമിന്റെ വിരി ഒരല്പം  നീക്കി നോക്കി. ഞങ്ങളെ നേരത്തെ കണ്ടിട്ട് അയാൾ അവിടെയെങ്ങാനും പതുങ്ങി ഇരിപ്പുണ്ടോ എന്നു നോക്കാൻ. കിം ഫലം.  ടിയാൻ  അവിടെയുമില്ല.  പിന്നെ ഒന്നും ആലോചിച്ചില്ല. അയാളുടെ ടേബിളിലും കൺസൾട്ടിങ് റൂമിലുമുള്ള മുഴുവൻ കൂടോത്ര വസ്തുക്കളും അങ്ങിനെ തന്നെ തുണിയിൽ ചുറ്റിയെടുത്തു പെട്ടെന്ന് പടി  ഇറങ്ങി നടന്നു . അതിലെ മരത്തിന്റെ പേനയോട് എനിക്ക് മുമ്പേ ഒരു കണ്ണുണ്ടായിരുന്നത് കൊണ്ട് അത് ഞാൻ എടുത്ത് പോക്കറ്റിൽ വെച്ചു.  ബാക്കി മൊത്തം കൂടോത്രങ്ങളും  വരുന്ന വഴിക്ക് മധു വാഹിനിപ്പുഴയ്ക്ക് സമർപ്പിച്ചു. പുഴ അത് കിട്ടിയപാട് കളകളാ ശബ്ദമുണ്ടാക്കി ''കൊച്ചു കള്ളാ..'' എന്നും പറയുന്നതുപോലെ  തോന്നിച്ചു  താഴോട്ടേക്ക് ആ കൊറിയറും കൊണ്ട്  ഒലിച്ചു പോയി,  അതെവിടെ കൊണ്ട് പോയികൊടുക്കണമെന്നു പുഴയ്ക്ക് നല്ല നിശ്ചയമുളളത് പോലെ.

പിറ്റേ ദിവസം ഞങ്ങൾ രണ്ടാളും  വൈകുന്നേരം പഠിത്തം കഴിഞ്ഞു   തിരിച്ചു വരുമ്പോൾപുള്ളിക്കാരൻ പുതിയ ലേറ്റസ്റ്റ്  സാമഗ്രികൾ വല്ലതും കൊണ്ട് വന്നു ഇരിപ്പുണ്ടോ എന്ന് അറിയാൻ  കൂടോത്ര സെന്റർ ഒന്ന്  ഏന്തി നോക്കി,  അപ്പോഴാണ് ഒരുത്തൻ ഞങ്ങളുടെ  മുന്നിൽ ചാടി വീണത്, നമ്മുടെ ''വയറ്റുവേദന'' സൗകൂ തന്നെ.   അവൻ പറഞ്ഞു - നിങ്ങളെ ഞാൻ കാത്തിരിക്കുകയായിരുന്നു.  അയാൾ  ഇന്നു രാവിലെ മുതൽ  മിസ്സിങ്ങാണ്. ബോർഡടക്കം പാക്ക് ചെയ്തു  ഇന്നലെ രാത്രി തന്നെ  സ്ഥലം കാലിയാക്കിയെന്നാണ് പലരും പറയുന്നത്.   വന്ന രോഗികളോടൊക്കെ സമാധാനം പറഞ്ഞു ഞാൻ മടുത്തു. അയാൾ ആൾ തരികിട എന്നാണ് വന്നവരിൽ ചിലർ മുറുമുറുത്തു പറഞ്ഞോണ്ടിരുന്നത്. പാവങ്ങളോട് അസുഖം ഭേദമാക്കാന്നൊക്കെ പറഞ്ഞു   കാശ് മുൻകൂട്ടി വാങ്ങിയിട്ടുണ്ട് പോലും.

എന്താണ് കാരണമെന്ന് പോകുമ്പോൾ ആരോടും പറഞ്ഞുമില്ലത്രേ. ''ക്ലിനിക്കി''ന് സൗകര്യം ചെയ്തു കൊടുത്ത കക്ഷിയോട് വരെ അയാൾ പറയാതെയാണ് പോലും സ്ഥലം വിട്ടത്.  കട മുതലാളി ഇനി  ആ റൂം റേഷൻ കട നടത്താൻ കൊടുക്കുകയാണ്. വാടക കിട്ടിയില്ലെങ്കിലും സാരമില്ല ഒരു മാറാപ്പ് ഒഴിവായ സന്തോഷത്തിലാണ് അയാൾ.  അമ്മാതിരി ഒരു വലിയ  വയ്യാവേലി യല്ലേ ഒന്നിളകിപ്പോയത്.  എന്നിട്ട്  സൗകൂ ഞങ്ങൾ രണ്ടാളോടും ഇടക്കണ്ണിട്ടു  ഇങ്ങോട്ടു ചോദ്യം - അല്ലറോ .നിങ്ങളെ എന്തെങ്കു ഏർപ്പാടാ മറ്റോ ... ?
ഞാൻ പറഞ്ഞു : ആണ്,  ഞങ്ങൾ  അതിലും വലിയ ഒരു കൂടോത്രം ഇന്നലെ ചെയ്തിരുന്നു, അത് ഫലിച്ചതായിരിക്കും.  അതും പറഞ്ഞു  ഞങ്ങൾ രണ്ടാളും മെല്ലെ കീച്ചൽ റോഡിലേക്കിറങ്ങി നടന്നു. അപ്പറഞ്ഞത്  എന്താണെന്ന് സൗകുവിന്  ഒരെത്തും പിടിയും കിട്ടിയില്ല.

Saturday, February 4, 2017

ഭാഗം - 02 പട്‌ലയിലെ മെഡിക്കൽ ടീമിനോടും സിപിയോടും പറയാനുള്ളത് /അസ്‌ലം മാവില

ഭാഗം - 02

പട്‌ലയിലെ  മെഡിക്കൽ ടീമിനോടും
സിപിയോടും പറയാനുള്ളത്

അസ്‌ലം മാവില

സിപിയുടെ മെഡിക്കൽ ക്യാമ്പ് തുടങ്ങി, അതിന്റെ ആദ്യ പകുതിയും കഴിഞ്ഞു.  സിപി ഓപൺ ഫോറത്തിൽ  സഹദ് ബിൻ മുഹമ്മദ് ഇവിടെ ഇങ്ങിനെ അഭിപ്രായപ്പെട്ടു. ''പ്രൊമോഷൻ പോസ്റ്ററും വിദഗ്ദ്ധഡോക്ടർമാരുടെ നീണ്ട നിര തന്നെ കണ്ടാൽ അറിയാൻ പറ്റുന്നു പട്‌ലയുടെ വെരിഫൈഡ് കയ്യൊപ്പ് ആയ സിപി എന്ന   സംഘടനയുടെ സ്റ്റാൻഡേർഡും ഇവന്റ് മാനേജ്മെന്റും.''   വായിച്ചതിൽ വെച്ചത് ഏറ്റവും മികച്ച അഭിപ്രായങ്ങളിൽ ഒന്നായി എനിക്കത്  തോന്നി.  ഇതെഴുതുമ്പോൾ സമയമിപ്പോൾ പന്ത്രണ്ടോടടുത്തു.   രണ്ടു മൂന്ന് മണിക്കൂറുകൾ ഇനിയുമുണ്ട്, ക്യാമ്പ് തീരാൻ.  അമിതമായ സന്തോഷം തോന്നുന്നു നിങ്ങളുടെ, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ, വിദ്യാർത്ഥികളുടെ ഉത്സാഹം കാണുമ്പോൾ. ഭാവുകങ്ങൾ !

ഭാഗം 1 എന്ന സബ് ടൈറ്റിലിൽ ഞാൻ ജനുവരി 29 നു ഒരു ആർട്ടിക്ൾ എഴുതിയിരുന്നു. അതിന്റെ അവസാനമിവിടെ ഒന്നുകൂടി പകർത്തുന്നു :
''എന്റെ ഈ കുറിപ്പ് നമ്മുടെ നാട്ടിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ബിരുദദാരികളുടെയും  മെഡിക്കൽ -പാരാമെഡിക്കൽ വിദ്യാർത്ഥികളുടെയും മൊബൈൽ ഡിവൈസിൽ എത്തുമെന്ന് കരുതുന്നു. ക്യാമ്പിന്റെ വൈകുന്നേരം ഞാൻ ഈ ആർട്ടിക്കിളിന്റെ രണ്ടാം ഭാഗം കൂടി എഴുതും, ഇൻശാഅല്ലാഹ് , അത് അവരുടെയും സിപിയുടെയും  പ്രത്യേക  ശ്രദ്ധ പതിയാൻ കൂടിയുള്ളതാണ്.

യൂറോപ്യൻ രാജ്യങ്ങളിലൊക്കെ മെഡിക്കൽ ടീം എന്നാണ് പറയുക, അതിൽ മെഡിക്കൽ പ്രാക്റ്റീഷനർ മുതൽ നഴ്സ് വരെ എല്ലാവരും  ഉൾപ്പെടും. അത്കൊണ്ട് നിങ്ങളെ ഞാൻ ഇങ്ങിനെ അഭിസംബോധന ചെയ്യട്ടെ,  എന്റെ നാട്ടിലെ പ്രിയപ്പെട്ട മെഡിക്കൽ ടീമംഗങ്ങളേ,  നിങ്ങൾക്ക്  ഭാവുകങ്ങൾ !  Alone you can do SO LITTLE, together you can do SO MUCH''

അതെ, Alone you can do SO LITTLE, together you can do SO MUCH'' ഒറ്റയ്ക്ക് ഒരല്പം സാധിക്കുമായിരിക്കും, ഒന്നിച്ചൊരുക്കൂട്ടിയാകുമ്പോൾ ഒരുപാട് സാധിക്കും, ഒരുപാടൊരുപാട്. ആ ''ഒരുപാടാണ്'' നമ്മുടെ അടുത്ത ലക്‌ഷ്യം.  സേവന മേഖല വലുതാണ്. ആതുരശുശ്രൂഷയുടെ ഭൂമികയാണെങ്കിൽ അതിലും വലുത്. സലിം പട്‌ല കുറിച്ചിട്ടത് പോലെ, ക്ഷമയും സഹനവും ഒരുപോലെ പരീക്ഷപ്പെടുമ്പോൾ അവയിലൊക്കെ സമ്പൂർണ്ണ വിജയം വരിക്കാനും ആശ്വാസം പ്രദാനം ചെയ്യാനും  മെഡിക്കൽ ടീമിനു മാത്രമേ സാധിക്കൂ, തന്റെ മുന്നിൽ കഠിന പ്രയാസവുമായി  ഒരു രോഗി പ്രത്യക്ഷപ്പെടുമ്പോൾ.

സിപിയുമായി നിങ്ങൾ കൈകോർക്കണം. നിങ്ങളുടെ അഭിപ്രായങ്ങൾ, ആലോചനകൾ,  നിർദ്ദേശങ്ങൾ സിപിയുമായി പങ്കുവെക്കണം. പറ്റാവുന്ന രീതിയിലൊക്കെ സഹകരിക്കുക. ആതുരശുശ്രൂഷാ രംഗത്തും ഭവനനിർമ്മാണ രംഗത്തുമായിരിക്കും ഒരുപക്ഷെ സിപി ഏറ്റവും കൂടുതൽ ശ്രദ്ധ ഇത് വരെ പതിപ്പിച്ചത്.  അത്കൊണ്ട് സിപിക്ക് നിങ്ങളുടെ ഓരോ വാക്കുകളും വളരെ പ്രധാനവുമാണ്. തീർന്നില്ല, നിങ്ങളുടെ തന്നെ ഒരു കൂട്ടായ്മ മറ്റൊരു ഭാഗത്തു ഉയർന്നു വരണം. അതിൽ നടേ സൂചിപ്പിച്ച എല്ലാവരെയും ഉൾക്കൊള്ളുന്ന മെഡിക്കൽ ടീം.  ആരും ആ ടീമിൽ നിന്ന് ഒഴിവല്ല. ഒരു കെട്ടിടത്തിന്റെ ഘടനപോലെ, ഒന്നിനൊന്നും പരസ്പരം പൂരകമായ   യോജിപ്പിന്റെ നല്ല സംവിധാനമുള്ള ടീം. നിങ്ങളുടെ പിന്നാലെയായി വരുന്ന അടുത്തടുത്ത നിരകൾക്ക് ഈ ഒത്തൊരുമ  നിങ്ങൾ കണക്കുകൂട്ടുന്നതിലപ്പുറമായിരിക്കും ഫലം നൽകുക. ആതുര സേവന മേഖലയിൽ നിങ്ങളുടെ വാക്കുകൾക്ക് വിലകല്പിക്കുന്ന ഒരു സംഘം, സിപി, ഉണ്ടെന്നും നിങ്ങൾ ഇതോടൊപ്പം  അറിയുക.  

വലിയ സ്വപ്നങ്ങളാണ് എനിക്ക് എഴുതാൻ തോന്നുന്നത്. അതിലും വലിയ സ്വപനങ്ങളുടെ ചിറകുകളുമായാണ് നിങ്ങൾ പറക്കുന്നതെന്നുമറിയാം.  മാസത്തിൽ ഒന്നോ രണ്ടോ വട്ടമെങ്കിലും ഇരിക്കാനും കൂടിയാലോചിക്കാനും നിങ്ങളുടെ മണിക്കൂറുകൾ ഉപയോഗിക്കുക. ''ശുശ്രൂക്കുക'' എന്ന് ഡോക്ടർമാരോട് പറയുന്നത് അധികപ്പറ്റാണല്ലോ. നാട്ടിലും  അതിനുള്ള സംവിധാനം ഉണ്ടായിക്കൂടേ, മനസ്സ് വെച്ചാൽ നമ്മുടെ സ്വപ്നങ്ങളുടെ ആദ്യ പടി എന്ന നിലയിൽ തുടങ്ങാം. വളരെ വിദൂരമല്ലാത്ത ഭാവിയിൽ, പാവങ്ങൾക്ക് മുൻഗണന നൽകിയുള്ള  ഒരു ആശുപത്രി സമുച്ചയം നിങ്ങളുടെ മേൽനോട്ടത്തിലും മേലധികാരത്തോടും കൂടി ഉണ്ടാവുക എന്നത് നടക്കാത്ത കാര്യമല്ലെന്ന് വിശ്വസിക്കുന്ന അനേകം നാട്ടുകാരിൽ ഒരാളാണ് ഞാൻ. മെഡിക്കൽ രംഗത്തും പാരാമെഡിക്കൽ രംഗത്തും പഠിക്കുന്ന , പഠിക്കാൻ കോപ്പ് കൂട്ടുന്ന കുട്ടികൾക്ക് ഉയിരും ഊർജ്ജവും നൽകുന്ന ഒരു പദ്ധതി കൂടി ഉണ്ടെങ്കിൽ പിന്നെ അതിലപ്പുറം മറ്റെന്തുണ്ട് നമ്മുടെ നാടിനോട് നിങ്ങൾ കാണിക്കുന്ന  കൃതജ്ഞതക്ക് പകരം വെക്കാൻ.

സിപീ, നിങ്ങൾ  ഇതൊക്കെ നോക്കുകയും വായിക്കുകയും ചെയ്യുന്നുണ്ടല്ലോ. You have to dream before your dreams can come true. പറഞ്ഞത്  എപിജെ കലാം . സ്വപ്നസാക്ഷാത്‍കാരമുണ്ടാകാൻ സ്വപ്നങ്ങൾ കാണുക തന്നെ വേണം.  അത്തരമൊരു സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടി നമുക്ക് ഒരുമിച്ച്  സ്വപ്നങ്ങൾ കാണാം, പൂർത്തീകരണത്തിനുള്ള കാലടിപ്പാതകളുടെ അകലം ഒരുമിക്കലിന്റെ കാര്യത്തിൽ   വളരെ വളരെ അടുത്താണ്.

ഈ ആർട്ടിക്കിളിന്റെ മൂന്നാം ഭാഗം കൂടിയുണ്ട്.  അകലെ നിന്നാണെങ്കിലും ക്യാമ്പിന്റെ എന്റേതായ വിലയിരുത്തലിനു ശേഷം ഞാനത് നാളെയോ രണ്ടു നാൾ കഴിഞ്ഞോ പോസ്റ്റ് ചെയ്യും. 

കുട്ടിക്കാല കുസൃതിക്കണ്ണുകൾ : 50

കുട്ടിക്കാല കുസൃതിക്കണ്ണുകൾ -ലക്കം 50

മാവിലേയൻ

കഴിഞ്ഞ ലക്കത്തിൽ ബസ്റ്റാന്റിന്റെ കച്ചവടങ്ങളെ കുറിച്ചൊക്കെ ചില പരാമർശങ്ങൾ എഴുതിയപ്പോൾ ഇത് കൂടി എഴുതാൻ തോന്നി. ഇന്ന് നമുക്ക് അരക്കിലോ ഓറഞ്ചോ വാങ്ങണമെങ്കിൽ ഫ്രൂട്ട്സ് കടയിൽ തന്നെ പോകണ്ടേ ? അന്ന് അങ്ങിനെയല്ല, നിങ്ങൾ ഇരുന്ന സ്ഥലത്തേക്ക് സെയിൽസ് റെപ്രെസെന്ററ്റീവ്സ് നിങ്ങൾക്ക് എത്തിച്ചു തരും.  നിങ്ങൾക്ക് കുട്ടയിൽ കയ്യിട്ട് സെലക്ട് ചെയ്യാനുള്ള ഓപ്‌ഷനും ഉണ്ട്.

ചെറിയ കുട്ടകളിലാണ് ഇവർ ഓറഞ്ചു നിറച്ചു കൊണ്ട് വരിക. ബസ്സിൽ ഇരിക്കുമ്പോൾ കുറെ പേര് വിൻഡോ സൈഡിൽ കൂടി ''ഓറേഞ്ചേ.....ഓറഞ്ചെ ...., നാരങ്ങാ, മധുര നാരങ്ങാ ...'' ഇങ്ങനെ ചീവിടിന്റെ ശബ്ദത്തിൽ കുറെ എണ്ണം ഓറഞ്ചു, നാരങ്ങാ കുട്ടകളുമായി നിങ്ങളെ പ്രകോപിച്ചു കൊണ്ടേയിരിക്കും. സൈഡിൽ   പെണ്ണുങ്ങൾക്ക്  വില ചോദിച്ചില്ലെങ്കിൽ ഉറക്കം വരില്ല. നാരങ്ങക്കാരനാണെങ്കിൽ ചോദിച്ച സ്ഥിതിക്ക് നാലെണ്ണം അവർക്ക് കൊടുത്തേ അടങ്ങൂ എന്നും. ആദ്യം മൂന്ന് ഓറഞ്ചു എടുത്ത് ഒരുറിപ്പയക്ക് എന്ന് പറയും, ഉടനെ ഒരെണ്ണം കൂടി എടുത്ത് നാലെണ്ണത്തിന് ഒരുറുപ്പ്യ. രണ്ടുറുപ്പ്യ തന്നാൽ ഒമ്പതെണ്ണം തരാമെന്ന് ഓഫർ വേറെയും. അതോടെ കൂടെയിരിക്കുന്ന ഒരു കുട്ടി നിലവിളി തുടങ്ങിയിരിക്കും. പിന്നെ ഒന്നും ചോദിക്കണ്ടാ, കച്ചോടം ഉറപ്പിച്ചു ! അതും വാങ്ങാതിരിക്കാൻ കാത്തിരിക്കുകയിരിക്കും ബസ്സിന്റെ പിന്നിൽ ഇരിക്കുന്ന മാന്യആണുങ്ങൾ. എന്തിനെന്നോ അത്രയും ഓഫർ പറഞ്ഞിട്ടും വാങ്ങാത്ത പെണ്ണുങ്ങളെ നോക്കി നാരങ്ങാ ഔട്ട് ഡോർ സെയിൽസ്മാൻ  ഒരുമാതിരി കമന്റ്സ് പറയുന്നത് കേട്ട് ചിരിക്കാൻ !

നിങ്ങൾ ഇപ്പോൾ കുറച്ചു കടല കൊറിക്കണമെങ്കിൽ എന്ത് ചെയ്യും ? മുഡുട്പ്പ് ആകുന്നത് വരെ കാത്തിരിക്കേണ്ടേ ? ടൗണിലോ തിയേറ്ററിനു മുന്നിലോ ഇരുള് വീണാൽ ഗ്യാസ്ലൈറ്റ് വെളിച്ചത്തിൽ  ഒരു തട്ടുകടയിലെ  ചട്ടിയിൽ വറുക്കുന്ന ചൂട്ചൂട് കടല അപ്പോഴേ കിട്ടൂ. എന്നാൽ പത്തിരുപത് കൊല്ലം മുമ്പൊക്കെ അതും രാവിലെ മുതൽ തന്നെ കടലാസിൽ ചുരുട്ടി നിങ്ങൾ എവിടെയാണോ അവിടേക്ക് കൊണ്ട് വന്നു തരാൻ മാത്രം സെയിൽസ്പയ്യൻസ് ഉണ്ട്. ഒഴിവാക്കിയ നോട്ട്ബുക്ക് കടലാസ്സ് ചുരുട്ടി അതിൽ കുറച്ചു കടല ഇട്ടു നിറച്ചു ഇരുപതും ഇരുപത്തഞ്ചും ഒന്നിച്ചു പിടിച്ചു പിള്ളേർ ഇങ്ങനെ കടല, കടലേ.....കടലാ...ചൂട് കടലാ...എന്നും പറഞ്ഞു ബസ്റ്റാസ്ന്റും പരിസരവും മൊത്തം അവരും ഇറങ്ങും. അതിന്റെ പ്രഭവ കേന്ദ്രമായി റോഡിന്റെ അവിടെവിടെയായി തട്ടുകടയിൽ ഒരു ഹോൾസെയിൽ മൊതലാളി പകലിനെ സാക്ഷിയാക്കി ഒരു വലിയ ചട്ടിയിൽ കിരീം ക്കിരീം ശബ്ദത്തിൽ പൂഴിയും കടലയും നിറച്ച വലിയ ചീനചട്ടിയിൽ ഒരു ചട്ടുകം തുഴഞ്ഞ്കൊണ്ടേയിരിക്കും.  അധികവും തെരുവ് പിള്ളേരെയാണ് ഇവർ സെയില്സിന് നിയോഗിക്കുക.

''ബച്ചങ്ങായി .....'' ചൂടുകാലമായാൽ പിന്നെ ബസ്റ്റാന്റ് പരിസരത്തു അത് കേൾക്കാത്തവർ അന്ന് ആരുമുണ്ടാകില്ല. തണ്ണിമത്തൻ മുറിച്ചു കഷ്ണം കഷ്ണമാക്കി ഒരു തളികയിൽ നിറച്ചു വിൽക്കുന്ന ഏർപ്പാട്. കൊടുത്ത പൈസത്തുട്ടു അവർ  അതിൽ തന്നെയാണ് ഇട്ടു വെക്കുക. എത്ര ചന്തമുണ്ടെങ്കിലും കഷ്ണം തീരാറായ തളികയിൽ നിന്ന് അന്ന് ഏത് മൊയ്‌ല്യാരും ബചങ്ങായി വാങ്ങില്ല. എല്ലാവർക്കും തളിക നിറഞ്ഞു തന്നെ കാണണം. ഏതെങ്കിലും ഒരു കഷ്ണത്തിന്റെ തല ആ പാവങ്ങൾ നടക്കുന്ന സ്പീഡിൽ വീണാൽ പിന്നെ അത് ആർക്കും വേണ്ട. മധുരമില്ലാത്ത ബത്തക്കയ്ക്ക് ചില പയ്യൻസ്  പഞ്ചസാര തളിച്ച് മധുരം കൂട്ടി വിൽക്കാനൊക്കെ ശ്രമിക്കും. പിന്നെയുള്ള ഇഞ്ചിമിട്ടായി. (അതിനെ കുറിച്ച് ഞാൻ ഒരു ലക്കത്തിൽ ചെറിയ പരാമർശം നടത്തിയിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ)

തൈലം, വായുഗുളിക, എഞ്ചുവടി (മഗ്ഗിബുക്ക്), ഏത് കറയും മായ്ക്കാൻ കഴിവുള്ള അപൂർവ്വ വസ്തു, പെൻസിൽ, പേന എല്ലാം അഞ്ചോ പത്തോ മിനുട്ട് ശ്വാസം വിടാൻ റെസ്റ്റ് എടുക്കുന്ന ബസ്റ്റാന്റിലെ മൂല മൂലകളിൽ പാർക്കിങ്ങിലുള്ള ബസ്സിൽ ഓരോരുത്തർ കൊണ്ട് വന്നു നിങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടേയിരിക്കും. നോമ്പുകാലത്ത് കാരക്ക, ഈന്തപ്പഴം വരെ ഇങ്ങിനെ കച്ചോടം ചെയ്യും. ഇന്നത്തെ പോലെ അന്ന് ഇത്രമാത്രം തെരുവ് കച്ചവടക്കാർ ഉണ്ടായിരുന്നില്ല.

ഇതൊക്കെ സഹിക്കാം, സഹിക്കാം പറ്റാത്ത ലോട്ടറി കച്ചോടക്കാരുടെ ശല്യമാണ്. ഒന്ന് രണ്ടു വട്ടം കാസര്കോടുള്ളവർക്ക് ലോട്ടറി അടിച്ചു. (ഞങ്ങൾ അന്ന് പറഞ്ഞിരുന്നത് ലോട്ട്റീ മർഞ്ഞീ എന്നാണ്). അതോടെ പിന്നെ അതൊരു ജനകീയമാക്കി കളഞ്ഞു എല്ലാരും. കണ്ടവന്റെ കയ്യിലൊക്കെ നാല് കടലാസു ഉണ്ടാകും, വിൽക്കാനായിട്ടു. ഒഴിവാക്കിയാലും പിന്നിൽ ഇവർ ഉണ്ടാകും. ഒന്ന് രണ്ടു വട്ടം ഞാൻ വീട്ടിൽ പോലും അറിയിക്കാതെ ലോട്ടറി എടുത്തു. എന്റെ പ്രാർത്ഥന  ''പടചോനെ എനിക്ക് അടിച്ചു പോകരുതെന്നായിരുന്നു'', അത്രമാത്രം നമുടെ നാടുകളിൽ ലോട്ടറി എടുക്കുക എന്നത് മോശമായി കണ്ടിരുന്നു.  ലോട്ടറി കിട്ടിയാൽ പിന്നെ പത്രത്തിൽ വാർത്ത വരും, നമ്മുടെ പടം വരും, കുടുംബത്തിൽ പേര് ദോഷം, ലോട്ടറി അടിച്ചു കിട്ടിയ പൈസ വലുതായി വാഴില്ല (പൈസ ബായ്ച്ചെ ഇണ്ടാബേല), മരണം പെട്ടെന്ന് ഉണ്ടാകും ഇങ്ങിനെയൊക്കെയായിരുന്നു അന്ന് പൊതുവെ നമ്മുടെ ഇടയിൽ പറഞ്ഞിരുന്നത്.

സോഫ്റ്റ് ഡ്രിങ്സ് ജനകീയമായപ്പോൾ പിന്നെ ചൂടുകാലങ്ങളിലും അല്ലാതെയും അതും തുടങ്ങി ഔട്ട് ഡോർ കച്ചവടം. 24 എണ്ണം വരുന്നകെയ്‌സ് (സെല്ലേ) അടക്കം കൊണ്ട് വന്നു അതിന്റെ ഇടയിൽ ഐസ് കട്ട വെച്ച് തണുപ്പിച്ചു കച്ചോടം പൊടിപൊടിക്കും, ഇതും ബസ്സിനകത്തു എത്തും. നിങ്ങൾ ബസ്സിറങ്ങി  കുടിക്കാൻ അന്വേഷിച്ചു നടക്കേണ്ട  ആവശ്യമേ ഇല്ല. പക്ഷെ, ബീഡ , ബീഡി, കരിമ്പു ജൂസ് ഇവ മൂന്നും നിങ്ങളുടെ അടുത്ത് വരില്ല, അങ്ങോട്ട് പോകണം, കിട്ടാൻ.

അവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പഴുക്കൾക്ക് ശരിക്കും അന്ന് കുശാലായിരുന്നു. ഇപ്പറഞ്ഞതിന്റെ മുഴുവൻ തൊലിയും തോടും അവർക്ക് യഥേഷ്ടം കഴിക്കാം. ചില നേരങ്ങളിൽ അവർക്ക് വിരുന്നും ഒത്തു വരും, അതെങ്ങിനെയെന്നോ ? സയിൽസ്മാൻമാർ തമ്മിൽ അടിയോടടുക്കും, അതോടെ കയ്യിലുള്ള ഓറഞ്ചു കുട്ടയും ബത്തക്ക തളികയും അവർ പരസ്പരം തട്ടിത്തെറിപ്പിക്കും, അതും കാത്തു പശുക്കൾ എവിടുന്ന് നിന്നായാലും ഓടി എത്തി ആ പരിസരം വൃത്തിയാക്കും, അപ്പോൾ നിങ്ങൾ ആരെങ്കിലും പശുക്കളുടെ പുഞ്ചിരിക്കുന്ന മുഖം ശ്രദ്ധിച്ചിട്ടുണ്ടോ ? അവരുടെ മുഖം ഇങ്ങിനെ വായിക്കാൻ അറിഞ്ഞവൻ നിങ്ങളിൽ എത്ര പേരുണ്ടാകും ?  ''മക്കളേ നിങ്ങൾക്കൊക്കെ ഇടകിട ക്കിങ്ങനെ ദേഷ്യം പിടിച്ചാലല്ലേ ഞങ്ങളെ പോലുള്ള ബസ്റ്റാന്റ് നാൽകാലികൾക്ക്  ഈ ഐറ്റങ്ങളുടെ  ടെയിസ്റ്റ് എന്താണെന്ന് തിരിയൂ....എത്ര കാലം ഈ തൊലിയും ചുണങ്ങും സിനിമാവാൾപോസ്റ്റും തിന്നു ഞങ്ങൾ ജീവിക്കും ''

ഇതൊന്നുമല്ല എന്നെ ഈ ലക്കം എഴുതാൻ പ്രേരിപ്പിച്ചത്. പിന്നെയോ ? അന്ന് ബസ്സുബസ്സുകളിൽ കയറി ഇറങ്ങി ഭിക്ഷയാചിച്ചിരുന്ന ഒരു ക്ലാസിക് കേന്ദ്രസ്ഥാപന ജീവനക്കാരനായിരുന്നു. പേര് ഗണപതി പൈ . ആള് കൂടൽ പോസ്റ്റ് ഓഫീസിലെ ഒരു പാർടൈം ജീവനക്കാരനാണ്,  പോസ്റ്റ്മാൻ.  അതയാളുടെ പാട്ടിൽ തന്നെയാണ് പരിചയപ്പെടുത്തുന്നതും.  മരണ മാസായി നമുക്ക്, ചെറുതുള്ളപ്പോൾ തോന്നിയിരുന്നെങ്കിലും, അയാളുടെ ദയനീയതയായിരുന്നു ആ വാക്കുകളിൽ പ്രതിഫലിച്ചിരുന്നത്.

ആദ്യം ഒന്ന് ബസ്സ് യാത്രക്കാരെ വണങ്ങും. എന്നിട്ടു അയാൾ തന്നെ എഴുതി ഈണം നൽകിയ രാഗത്തിൽ ആ പദങ്ങൾ പാടിത്തുടങ്ങി. അപൂർവ്വം സന്ദര്ഭങ്ങളിൽ ആ പാവം കുട്ടികളെയും കൊണ്ട് വരും.

ഉണ്ടെങ്കിൽ വല്ലേതും തരണേ അപ്പാ
രണ്ടുമൂന്നു കുഞ്ഞുങ്ങൾ ഉണ്ടു അപ്പാ
ശ്രീ ഗണപതി പയ്യെന്നു പേര് അപ്പാ
ഉണ്ടെങ്കിൽ വല്ലേതും തരണേ അപ്പാ
...................................................................
.....................................................................
(മുഴുവൻ വരികൾ ഓർമ്മയിൽ വരുന്നില്ല)

 അന്നൊക്കെ ഇവർക്കുള്ള ശമ്പളത്തിൽ കിട്ടുന്നത്   ദിവസം അഞ്ചെട്ടു നേരം മുറുക്കാൻ തിന്നാൻ വരെ തികയില്ല.  അപ്പോൾ പിന്നെ പറക്കമുറ്റാത്ത രണ്ടു മൂന്നു കുഞ്ഞുങ്ങളുള്ള കുടുംബം   എങ്ങിനെ പോറ്റാൻ ? ഒരു സർക്കാർ ജീവനക്കാരൻ ഇത്ര ദയനീയമായി ആൾ കൂട്ടത്തിനിടയിൽ  ഭിക്ഷ യാചിക്കണമെങ്കിൽ എത്ര മാത്രം അയാളെ അന്നത്തെ സാമ്പത്തിക പ്രയാസം ഞെക്കിഞെരിച്ചിരിക്കും.   ഞാനൊക്കെ അറിഞ്ഞിടത്തോളം അന്നത്തെ പോസ്റ്റ്മാൻമാർ അധികവും എന്തെങ്കിലും പാർട്ടൈം ജോലി വേറെ ഉണ്ടാകും. കൃഷിയോ, ഹോട്ടൽ തൊഴിലോ അങ്ങിനെ എന്തെങ്കിലും. പേരിന് ഒരു കേന്ദ്രജീവനക്കാരൻ ! മണിയോർഡർ , രജിസ്റ്റേർഡ് ഡോക്യൂമെന്റ്, പാർസൽ അങ്ങിനെ വല്ലതും ഉണ്ടെങ്കിൽ പോസ്റ്റ്മാൻമാർക്ക് വല്ലതും തങ്ങും.

സത്യം പറഞ്ഞാൽ കുറെ കഴിഞ്ഞാണ് നമ്മുടെ ഗണപതി  പോസ്റ്റ്മാനെന്നു അറിഞ്ഞത്. എന്റെ ഉമ്മാന്റെ തറവാട്ടിൽ ഞാൻ മുറ്റത്തു കളിച്ചുകൊണ്ടരിക്കുമ്പോഴുണ്ട് ഒരു കുട പിന്നിൽ തൂക്കി തവിട്ട് നിറത്തിലുള്ള യൂണിഫോമിൽ ആ വഴി ആ മനുഷ്യൻ കടന്നു പോകുന്നു !  കുട്ടികളൊക്കെ അയാളെ പിന്നിൽ കൂടി നിന്ന് ആ ബസ്സിലുള്ള പാട്ട് പാടാൻ നിർബന്ധിക്കുന്നു. മാന്യരിൽ മാന്യനായ ആ പാവം മനുഷ്യൻ അല്പം മനഃപ്രയാസത്തോടെ ചിരിച്ചത് പോലെ കാട്ടി ധൃതിയിൽ നടന്നു പോയി. ദിവസവും അയാൾ ഇങ്ങനെയുള്ള ദീനാനുഭവങ്ങളും  നേരിടുന്നുണ്ടാകും !

കുട്ടിക്കാല കുസൃതി കണ്ണുകൾ - 48

കുട്ടിക്കാല കുസൃതി കണ്ണുകൾ -  48

മാവിലേയൻ


കല്യാണ തലേ ദിവസം ഇപ്പോഴൊക്കെ കാരണവന്മാർ വീട്ടിൽ എത്തിയാൽ എന്താണ് ആദ്യം നോക്കുക.  അന്ന് നോക്കിയിരുന്നത് ഞാൻ പറയാം.   ഒന്ന് തെങ്ങിന്റെ മണ്ടേല് കെട്ടിയ മൈക്ക്. പിന്നെ കൈകഴുകാൻ തെരെഞ്ഞെടുത്ത സ്ഥലവും അവിടെ വെച്ച രാക്ഷസചെമ്പോലവും , അവസാനം  ഊട്ടുപുര. അഡിഗെ സാലയിൽ ഒന്ന് വട്ടമിട്ടു മുണ്ടും പിന്നിൽ കുത്തി കാരണവന്മാർ പന്തലിൽ എത്തുമ്പോഴേക്കും ഒരു സൗകൂ രണ്ടു സ്റ്റെപ്പെടുത്തു ഫിറ്റ് ചെയ്ത ഇളിയുമായി   ഒരു ഗ്ലാസ് ചായയും ഒരു സാണിൽ കജൂറുമായി വരും.  കുമ്പള കജൂറാണ് അന്ന് ഫെയിമസ്. കാജൂറിന്റെ കാര്യത്തിൽ കാരണവർ ഒരു  തീരുമാനമാക്കിക്കഴിഞ്ഞാൽ അടുത്ത ഇനമായ  ''തുമ്മാന്റട്ടെ'' എത്തിയിരിക്കും. എത്തിയില്ലെങ്കിൽ വയസ്സന്മാർ  തലങ്ങും വിലങ്ങും അത് തന്നെ തന്നെ പറഞ്ഞു ബഹളമുണ്ടാക്കി കൊണ്ടേയിരിക്കും.  ചില പന്തലുകളിൽ നാലഞ്ചു കോളാമ്പിയും ഉണ്ടാകും, ഓട്ടിന്റെയോ ചെമ്പിന്റയോ മറ്റോ.

ഒരു അസർ മഗ്‌രിബ് ആയികഴിഞ്ഞാൽ പൂമാല കെട്ടൽ പരിപാടിയിലേക്ക് നീങ്ങും. അതിൽ മാത്രം പൂവ് ഉണ്ടാകില്ല. കല്യാണവീട്ടിൽ തിരക്ക് പിടിച്ച ചില അല്ലറ ചില്ലറ ആശാരിപ്പണിയിൽ ഏർപ്പെട്ടിട്ടുള്ള നാരായണാശാരി ''ഫർദുൽ കിഫ'' പോലെ ചെയ്ത തരേണ്ട ഒന്നാണ് പൂമാലക്കടലാസ് വട്ടുളിയിൽ മുറിച്ചു തരിക എന്നത്. ചില വീട്ടിൽ കളർ കടലാസ്സ് ആയിരിക്കും, ചിലയിടത്തു വെള്ളക്കടലാസ്. ഇടക്കിടക്ക് ബലൂൺ കെട്ടിയാൽ പന്തൽ ഉഷാറായി. ബക്ക്‌ബള്ളി മുറിക്കുക, മൈദമാവ് കുഴക്കുക, കടലാസ് തീർന്ന കയ്യിൽ അതെത്തിക്കുക ഇങ്ങിനെയുള്ള പണിയാണ് അൺപ്രൊഫാഷനലായ എന്നെപ്പോലെയുള്ളവർക്ക് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ ഡിഗ്രി എടുത്തവരാണ് അത് ഒട്ടിക്കാനും പന്തലിൽ കെട്ടാനും നേതൃത്വം നൽകുക. പൂമാല കെട്ടാൻ സഹായിച്ചില്ലെങ്കിൽ പിന്നെ പിറ്റേ ദിവസം കല്യാണത്തിന് പോകണ്ട, അത്ര പ്രാധാന്യമുള്ളത് പോലെയായിരുന്നു ആ സംഭവം അന്ന് കണ്ടിരുന്നത്.

അതൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോൾ നാട്ടിലെ ചില സ്ഥിരം പീർമുഹമ്മദ്മാരുണ്ട്, അവരുടെ അട്ടഹാസമാണ് കല്യാണപ്പന്തൽ സജീവമാക്കുക.  അതിന് ഞങ്ങൾ ഓമനപ്പേരിട്ടിരിക്കുന്നത് പാട്ട് എന്നാണ്. ഇവർക്ക് ആകെ അറിയുന്നത് നാല് പാട്ടാണ്. മദ്രസ്സാ വാർഷികത്തിന് പാടിപടിച്ച പാട്ടുകളായിരിക്കും ഇവ. സിനിമാ പാട്ട് അന്ന് എല്ലാവർക്കും ഹറാമായിരുന്നു.  എന്ത് പാടുന്നു എന്ന് പാടുന്ന പീർമുഹമ്മദ്മാർക്കും   അറിയില്ല, എന്തിനാണ് കേൾക്കുന്നതെന്ന് നാട്ടുകാർക്കും അറിയില്ല. പോയപോയവനൊക്കെ അവിടെ മെപ്പോട്ട് നോക്കി വായും തുറന്നോ,  ടോർച്ചിന്റെ പിൻതല തിരിച്ചോ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും. ഇനി അഥവാ പാടിയില്ലെങ്കിലോ ആ പന്തലിന്റെ പേര് തന്നെ ''മരിച്ചെ പൊരെ'' എന്നാണ്. അതിനിടയിൽ ഇടക്കിടക്ക് ജൂബിലി കാക്കയുടെ വക കോളാമ്പി മാപ്പിള പാട്ടുകൾ വേറെയും. പെട്ടിപ്പാട്ട് വൈകുന്നേരം തന്നെ തുടങ്ങും. നമ്മൾ പറഞ്ഞതനുസരിച്ചുള്ള ''ബട്ടെ''  ജൂബിലിക്കാക്ക കൊണ്ട് വരും.  ബട്ടെ മീൻസ് ഇന്നത്തെ സിഡിയുടെ പ്രാകൃത രൂപം തന്നെ. സ്പോർട്സിൽ ഉപയോഗിക്കുന്ന ഡിസ്കിന്റെ വലിപ്പം ഉണ്ടാകും. അത്തിലാണ്

ഇവർക്ക് തന്നെയാണ് എലെക്ട്രിക്സ് & എനെർജൈസേഷന്റെ  ചാർജ്ജും.  മുറ്റത്തെങ്ങാനും ഒരു മുളകിന്റെ ചെടിയോ മൈലാഞ്ചി ത്തൈയ്യോ  അതല്ല മറ്റു വല്ല  കുറ്റിച്ചെടിയോ കണ്ടാൽ, അവിടെ  മിന്നുന്ന ബൾബ് മാല കെട്ടിത്തൂക്കിയില്ലെങ്കിൽ  ഇവർക്ക് ഉറക്കും വരില്ല.  അതിനൊക്കെ ഇനം തിരിച്ചു  ചാർജുമുണ്ടായിരുന്നു. ചത്ത ട്യൂബ്ലൈറ്റ് പുതിയ കവറിലിട്ടു  കൊണ്ട് വന്നു കല്യാണ വീട്ടിലെ  തട്ടിവീഴാൻ ചാൻസുള്ള  സ്ഥലത്തു വീഴാനായി വെച്ച്, അത് പൊളിഞ്ഞാൽ   മുഴുവൻ ചാർജ്ജും  ബില്ലിടുമ്പോൾ ചിലർ ഈടാക്കിക്കളയും.

 ഊട്ടുപുരയുടെ ഓപ്പോസിറ്റ് വശത്തുള്ള പുറത്തെ  തെണയാണ് മൈക്ക് സെറ്റുകാരുടെ ഇരിപ്പിടവും  അവരുടെ ട്രാക്ക്സ്  ഒപേറേഷൻ ഏരിയയും.  കുറെ ഹലാക്കിന്റെ ചുറ്റിയതും ചുറ്റാത്തതുമായ  വയറും കുന്ത്രാണ്ടവും തൂങ്ങിപ്പിടിച്ചു  ആ ഭാഗത്തുള്ള ഒരു പാവം  ''ജനൽ'' കോലം കെട്ടിട്ടുണ്ടാകും, ആ വീട്ടിലെ എല്ലാർക്കും കല്യാണാഹ്ലാദമുണ്ട്, ഈ ജനലിനു  മാത്രം കല്യാണമില്ല എന്ന മട്ടിൽ.  അതിന് തൊട്ട് താഴെയാണ്  ഐസ്കട്ട ചാക്കിൽ പൊതിഞ്ഞു വെക്കുന്ന സ്ഥലം. ഈ ഭാഗത്താണ് കല്യാണത്തിന് വന്ന മൂക്കള ഒലിപ്പിച്ച  പിള്ളേർ ഒന്നിന് പിറകെ ഒന്നായി ഇങ്ങനെ  വീണ് കൊണ്ടേ ഇരിക്കുന്ന സ്ഥലം, ഒന്നുകിൽ ഐസ് കട്ടയിൽ കാല് തട്ടും, അല്ലെങ്കിൽ ജൂബിലിക്കാരന്റെ ഇലക്ട്രിക് വയർ കാലിൽ ചുറ്റും.

കല്യാണ ദിവസം നിങ്ങൾക്ക് ഒരു വെള്ള തട്ടമോ കോളാകുപ്പി പൊട്ടിക്കുന്ന ഓപണറോ കല്യാണ വീട്ടുകാർ മനസ്സറിഞ്ഞു വിളിച്ചു തന്നിട്ടുണ്ടെങ്കിൽ നിങ്ങൾ അവിടെ വലിയ ആദരിക്കപ്പെട്ട മനുഷ്യനാണ്. ഇതിനായിട്ടാണ് നെട്ടോട്ടം. വെള്ളത്തട്ടം ആകെ വാങ്ങുക അരഡസൻ ആയിരിക്കും. രണ്ടെണ്ണം അരി അരിയ്ക്കാൻ, രണ്ടെണ്ണം കൈകഴുകുന്ന സ്ഥലത്തു കെട്ടിത്തൂക്കാൻ, രണ്ടെണ്ണം പറയപെട്ടവരുടെ അരയിൽ ചുറ്റിക്കെട്ടാൻ. കോളാകുപ്പി പൊട്ടിക്കുന്ന ഓപണർ ഏൽപ്പിക്കാത്തതിന്റെ പേരിൽ കല്യാണ സദസ്സിനു തെറ്റിപ്പോയവരൊക്കെ അന്നുണ്ട്. പിന്നെ ബാക്കിയുള്ളവർക്ക് കിട്ടുക വാഴത്തണ്ടാണ്, അതാണ് ടേബിൾ ക്‌ളീനിംഗ് ഡിവൈസ്.

ഏറ്റവും ബേജാറിന്റെ ഉത്തരവാദിത്തമാണ് ഇറച്ചിക്ക് കാവലിയിരിക്കുക എന്നത്. അതിന് ഏതെങ്കിലും കുടുംബത്തിലെ ഒരു പാവം ''തൂങ്ങിച്ചത്ത'' ഒരാളെ തപ്പിപ്പിടിച്ചു കൊണ്ട് വന്നു അല്പം പഞ്ചസാരയിട്ട ചായയൊക്കെ ഇടക്കിടക്ക് കൊടുത്തു പരുവപ്പെടുത്തി, പിന്നെയും വഴങ്ങുന്നില്ലെങ്കിൽ മുതിർന്ന  കാരണവരുടെ മുമ്പിലെത്തിച്ചു ഇറച്ചിക്ക് കാവൽ നിൽക്കുന്നതിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി കൊടുത്തു ലെവലാക്കി വെക്കും.  അതിൽ ആ മൈസ്‌കീൻ വീണാൽ പിന്നെ അവന്റെ അന്നത്തെ ഉറക്കം പോയെന്ന് കൂട്ടിയാൽ മതി. മാത്രവുമല്ല,  പിറ്റേ ദിവസം ബോധത്തോടെ കല്യാണം കൂടാനും പറ്റില്ല,  ഇടക്കിടക്ക് കോട്ടുവായിട്ടും പുളിൻന്തേക്കിട്ടും  ഒരു ഉണർച്ചയില്ലാതെ നിലാവെട്ടത്തെ കോഴിപോലെ ഇങ്ങനെ യാന്ത്രികമായി നടക്കുന്നുണ്ടാകും. അതിനിടക്ക് അവന്റെ കണ്ണ് നോക്കി ചിലരുടെ അവസാനത്തെ കമന്റും, ''എന്ത്രാ നിന്റെ കണ്ണ് ചോന്നിറ്റ് കള്ള് കുടിച്ചെ പോലെ''. അത് കേൾക്കുകയേ നിർവ്വാഹമുള്ളൂ ! അതിന്റെ ദേഷ്യം അവൻ പിന്നെ  തീർക്കുക,  അവസാനം തനിക്ക് മന്ത്രിച്ചൂതിയ ആ പരട്ട കാരണവരോട് തർക്കുത്തരം പറഞ്ഞായിരിക്കും.

അന്നത്തെ കല്യാണത്തിന് ''ബെളമാനം'' എത്തിയാൽ നിങ്ങൾ അത് കഴിച്ചിരിക്കും - എന്താന്നല്ലേ ? കൽത്തപ്പഉം കാക്കപർണ്ടിയും. അത് കഴിക്കാൻ ഭാഗ്യം കിട്ടിയവർ ആ കല്യാണപ്പുരയെയും കല്യാണപ്പുരക്കരെയും  മുഹബ്ബത്ത് വെക്കുന്നവരാണ്. അതുകൊണ്ടല്ലേ അവ്വൽ സുബഹിക്ക് നിങ്ങൾ പല്ലുപോലും തേക്കാതെ, ഒരു അലാറം പോലും വെക്കാതെ, ഉറക്കത്തിന്ന് എണീറ്റതും,  അവിടെ ഓടിക്കിതച്ചെത്തിയതും , ചേരിക്കഷ്ണത്തിൽ പല്ലുതുടച്ചതും കല്യാണവീട്ടുകാരുടെ കൂടെ കൽത്തപ്പവും മഞ്ഞത്തണ്ണിയും ചൂട്ചൂട് കഴിച്ചതും.  ആകാശത്തിൽ വെള്ളിവര വന്നാൽ, (രാവിലെ ആറ് മണി കഴിഞ്ഞാൽ ),  പിന്നെ ആ സാധനം ഒന്ന്റ്റെയിസ്റ്റ് നോക്കാൻ  മഷിയിട്ടാൽ പോലും കിട്ടില്ല.  ഇതെവിടെയാണ് അപ്രത്യക്ഷ്യമാകുന്നതെന്നറിയില്ല.

പിന്നെ ആകെ നമ്മുടെ പാർട്ട്, സപ്ലെയാണ്. വന്നവർക്ക് ചോറിടുക, ചൂടുവെള്ളം കൊടുക്കുക. അതൊരു വല്ലാത്ത യജ്ഞം തന്നെയാണ്. കറിയെങ്ങാനും വന്നവന്റെ മേത്തേക്ക് വീണാൽ പിന്നെ ഒന്നും പറയണ്ട. ചില സൂചനകളും ടെക്നിക്കയും അവിടെ പഠിച്ചില്ലെങ്കിൽ നിങ്ങൾ അതിൽ പെട്ടു എന്ന് പറയാം. ഊരാൻ പറ്റിയില്ല. അതിലൊന്നാണ്, ഒരു പ്രായമുള്ള ഒരാൾ നിങ്ങളെ ''ഇദാ മോനെ, നീ ഔകൂന്റെ മോനല്ലേ,  ഇങ് ബാ.....'' കട്ടായം, കണക്കാക്കിക്കോ, അയാൾ വിളിച്ചത് വെറും ചോറും മീൻ കറിയും കുച്ചിപ്പർത്ത്ന്ന് കൊണ്ട് വരാനാണ്. അങ്ങിനെ ഒരു വിളികേട്ടാൽ, ഒന്നും ആലോചിക്കേണ്ട ഏതെങ്കിലും ഒരു സാധുവിനെ അങ്ങോട്ടേക്ക് വിട്ടാൽ മതി. നിങ്ങൾക്ക്  നൈസായി സ്കൂട്ടാവുകയും ചെയ്യാം,  കല്യാണം തീരും വരെ മറ്റേ പാവത്തിന്  പണിയും കിട്ടും.  ബെറും ചോറ് എന്ന് പറയുമ്പോൾ തന്നെ പിന്നെ നമ്മൾ അവന്റെ പേരായിരിക്കും ഉച്ചത്തിൽ വിളിക്കുക.

 ഞാൻ അന്നൊക്കെ ഒന്ന് രണ്ടു സ്ഥിരം സൗകുമാരെ ഒന്നിച്ചാണ് കല്യാണസദസ്സിൽ ഭക്ഷണത്തിന്  ഇരിക്കുക. (ഞാൻ മാത്രമല്ല, മിക്ക ആൾക്കാരും അങ്ങിനെ തന്നെ).  വളരെ ഓപ്പണായി പറയട്ടെ, അവരെ കൂടെ ഇരുന്നാൽ മാറ്റ് ചോറ് വാങ്ങാൻ ഒച്ച വെച്ച്  തൊണ്ടകാറി നിലവിളിക്കേണ്ടതില്ല, അതവർ ചെയ്തോളും.  പിന്നെ പെട്ടെന്ന് എഴുന്നേറ്റും പോകേണ്ടതില്ല.  മാറ്റ് ചോറ് അവർക്ക് വരുമ്പോൾ  വരുമ്പോഴൊക്കെ ഞാൻ അറിയാത്തത് പോലെ വേറെ വല്ലയിടത്തും നോക്കിയിരിക്കും, അപ്പോൾ സപ്ലൈക്കാരൻ മാറ്റ് തട്ടിയിട്ട് പോകും. ''എന്നിന് ആദീലെ ഇട്ടെ'' എന്ന് ഫോർമലായി പറഞ്ഞു അതും തട്ടിയിട്ട് അവരെ കൂടെ എഴുന്നേറ്റ് പോകും.

ഇന്ന് പുയ്യാപ്ലന്റെ കൂടെ പോവുക എന്ന് പറഞ്ഞാൽ ഞാൻ കേട്ടിടത്തോളം ഒരു ഡീസന്റ് കുറവുള്ള ഏർപ്പാട് പോലെയാണല്ലോ പൊതുവെ ഒരു പറച്ചിൽ. അന്ന് പുയ്യാപ്ലന്റെ കൂടെപ്പോകാൻ സിഗ്നൽ കിട്ടി എന്ന് പറഞ്ഞാൽ അതൊരു സ്വകാര്യഅഹങ്കാരമായിരുന്നു. ടോക്കൺ സമ്പ്രദായം വരെ അന്ന് ഉണ്ടായിരുന്നു. കാര്യമായ ഒരു കദോത്ത് (സഭ നടത്തിപ്പ്കാരൻ)കാരനെ ബർക്കിളി , സീസർ കവർ കഷ്ണമാക്കി എണ്ണിത്തിട്ടപ്പെടുത്തി ഏൽപ്പിക്കും. ഇതയാൾ സ്വകാര്യമായി ഓരോരുത്തരെ വിളിച്ചു  കീശയിൽ ഇടും. കിട്ടിയവൻ ഭാഗ്യവാൻ ! കിട്ടാത്ത ചിലർ  രാവിലെ കണ്ട ആ വല്യആത്മാർത്ഥത കുറച്ചു കുറച്ചു മെല്ലെ അവിടെ നിന്ന്തടിയെടുക്കും. 50 -75 പേരൊക്കെയാണ് അന്ന് പുയ്യാപ്ലയുടെ കൂടെ പോവുക. ഇന്നത്തെപ്പോലെ സ്‌കൂൾ വിട്ടപ്പോലെയുള്ള ''നിലയും വിലയും'' കുറഞ്ഞ പോക്കല്ലല്ലോ.

രസകരമായ ഒരുപാട് സന്ദർഭങ്ങൾ പറയാനുണ്ട്. അതൊക്കെ എഴുതിയാൽ അതിര് കവിഞ്ഞു പോകും. രണ്ടു രസകരമായ മുഹൂർത്തങ്ങൾ സൂചിപ്പിച്ചു ഈ ലക്കം ഇപ്പോൾ നിർത്താം. ഒരു കല്യാണത്തിന് ടോക്കൺ കൊടുക്കാൻ ഏൽപ്പിച്ചത് സാധാരണ സഭ നടത്തുന്ന വ്യക്തിയെയല്ല. ടോക്കൺ ഇങ്ങനെ കൊടുക്കുന്നുണ്ട്. പെട്ടെന്ന് തീരുകയും ചെയ്തു. പുയ്യാപ്ല പോകാൻ ഒരുങ്ങി. എല്ലാവരും ബസ്സിലും കാറിലുമൊക്കെയായി ഇരുപ്പുറപ്പിച്ചു. പന്തൽ നോക്കുമ്പോൾ പുയ്യാപ്ലയുടെ രണ്ടാമത്തെ പെങ്ങളുടെ ഭർത്താവും അയാളുടെ ഒരു അനിയനും അയാളുടെ അളിയനും ബാക്കിയുണ്ട്. ഇവരെന്താ ഇവിടെ ? ടോക്കൺ കിട്ടിയില്ല. ആദ്യം ടോക്കൺ കിട്ടേണ്ട ''പൊതുവോർക്ക്''  ടോക്കൺ ഇല്ലെന്നോ ? അന്വേഷിച്ചപ്പോഴാണ് ആ സംഭവം പുറത്തറിഞ്ഞത് -   ടോക്കൺ കൊടുക്കാൻ ഏൽപ്പിച്ച മാന്യൻ  ''കൊടുത്ത'' പണിയാണ്. അയാൾ മനഃപൂർവം കൊടുത്തില്ല പോലും, ഇവരോട് മുമ്പെങ്ങോ ഒരു ദേഷ്യമുണ്ട്. അത്കൊണ്ട് ടോക്കണും കൊടുക്കാനും പോയില്ല.

മറ്റൊന്ന് ആശിച്ചു എങ്ങനെയോ ടോക്കൺ സമ്പാദിച്ചു പുയ്യാപ്ലപോക്ക് ലിസ്റ്റിൽ പെട്ട എന്റെ രണ്ടു കൂട്ടുകാരായ സൗകുമാരുടെ അനുഭവമാണ്. അവർ ആദ്യം തന്നെ ഒരു അംബാസിഡർ  വണ്ടിയിൽ ടോക്കൺ കാണിച്ചു ഇരുപ്പുറപ്പിച്ചു. ചില പ്രധാനപ്പെട്ട രണ്ടു മൂന്ന് ആളുകൾ കൂടി ബാക്കിയുള്ളതിനാൽ കൂട്ടത്തിൽ വയസ്സിളപ്പം കുറഞ്ഞ മിസ്കീനായ ആരെങ്കിലും ഉണ്ടോ വണ്ടീന്ന് ഇറക്കി ഇവരെ ഫിറ്റ് ചെയ്യാൻ എന്ന് തപ്പിക്കൊണ്ടിരിക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടു. വണ്ടി മൂവ് ആയില്ലെങ്കിൽ നൂറ്റൊന്ന് ശതമാനം ഉറപ്പ് ഇവർ രണ്ടാളെയും അയാൾ ഇറക്കും. വളഞ്ഞ വഴിയിൽ സമ്പാദിച്ച ടോക്കൺ കട്ടപ്പുക.  ഇറങ്ങുന്നത് കണ്ടാൽ പൊങ്കാല ഇടാനായി മാത്രം ചിലർ പല്ലിനും കുത്തി അവിടെ ഉണ്ട്. ഒന്നും ചിന്തിച്ചില്ല,    അവർ രണ്ടുപേരും അംബാസിഡർ ഡ്രൈവറോട് പറഞ്ഞു - വണ്ടി വിട്ടോ, ഞങ്ങൾക്ക് സ്ഥലമറിയാന്ന്. ഡ്രൈവർ പാവം ഇവർ രണ്ടുപേരുടെയും ഉറപ്പിൽ കാറിൽ ഉള്ളവരെയും കൊണ്ട്  മുന്നോട്ട് പോയി.

 പകുതിക്കെത്തുമ്പോൾ തന്നെ ഇവർ ഒഴികഴിവ് പറയാൻ തുടങ്ങി.   കല്യാണം ഇന്ന സ്ഥലത്താണെന്ന് അറിയാം, അവിടെ എത്തിയാൽ എന്തായാലും വീടും അറിയാം. പക്ഷെ, റൂട്ട് അറിയില്ലെന്ന്. അങ്ങനെ ഡ്രൈവർ  ആ സ്ഥലം വെച്ച് പിടിച്ചു.  പിന്നിൽ നോക്കുമ്പോൾ വേറെ വണ്ടിയൊട്ടു കാണുന്നുമില്ല.  അന്നാണെങ്കിൽ ആ ഏരിയയിൽ രണ്ടു മൂന്ന് കല്യാണവും ഉണ്ട്.  വഴിപോക്കരോട്  ചോദിച്ചപ്പോൾ അവർ പെണ്ണിന്റെ ഉപ്പാന്റെ പേര് പറഞ്ഞാൽ ഇന്ന വീടാണെന്ന് പറയാമെന്ന് . അതിന്  സൗകൂ രണ്ടിനും പോകട്ടെ, കാറിൽ ഇരിക്കുന്ന ഒരെണ്ണത്തിനും കല്യാണ വീട്ടുകാരുടെ പേരറിയില്ല.  കല്യാണ വീട് ഒന്ന് കഴിഞ്ഞു, രണ്ടു കഴിഞ്ഞു.  കാണുന്ന പന്തലിലേക്ക്  സൗകൂമാർ  രണ്ടും വണ്ടി  ഇറങ്ങി ഓടി നോക്കും. ഇറങ്ങിയില്ലെങ്കിൽ ഡ്രൈവർ വിരട്ടി  ഇറക്കും.  നാട്ടിലെ വല്ലവരെയും ആ പന്തലിൽ  കാണുന്നുണ്ടോയെന്ന് നോക്കി, ആരേയും കാണാതിരിക്കുമ്പോൾ  ഇളിഭ്യരായി തിരിച്ചു വരും.

ഇനി എന്ത് ചെയ്യും. അമ്മാതിരി കുടുങ്ങലാണ് കുടുങ്ങിയിട്ടുള്ളത്. ഇന്നത്തെപോലെ മൊബൈൽ ഇല്ലല്ലോ അന്നൊന്നും വിളിച്ചു ചോദിയ്ക്കാൻ.  രണ്ടാളും കൂടി ഒരു വീടിന്റെ മതിലിന് ചാരി കുറെ ആലോചിച്ചു. തിരിച്ചു പോയി ആ വീടല്ല നമ്മൾ ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ ഡ്രൈവർ അടക്കം ഇറങ്ങി അടിക്കും. അകത്തു ഒരുത്തൻ അല്ലെങ്കിൽ തന്നെ പായിച്ചു കണ്ണും ചെകിടും കാണാതെ ഇരിപ്പുണ്ട്. ആര് കൈ വെച്ചില്ലെങ്കിലും അയാൾ കൈ വെക്കും.  അവസാനം പത്തൊമ്പതാം അടവ് തന്നെ അവർ തീരുമാനിച്ചു.

രണ്ടാളും വണ്ടിയുടെ അകം ഒന്ന് കൂടി പമ്മിപ്പമ്മി വന്നു  നോക്കി.  ഭാഗ്യം ! നാട്ടിലെ ആരുമല്ല വണ്ടിക്കകത്തു ഉള്ളത്. ചെറുക്കന്റെ വകയിലെ പുറത്തു നിന്നുള്ളവർ. , ഒരിക്കലും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത  അറിയാത്ത ഡ്രൈവറും.    കിരികിരി  ഡ്രൈവറും അതിനകത്തുള്ള ''വിദേശികളും'' ക്ഷമ കെട്ടു തുടങ്ങിയിട്ടുണ്ട്.  ഇനി  കാറിൽ പോയി ഇരുന്നാൽ രണ്ടാലൊന്നും നടക്കും.   അവസാനം രണ്ടും കൽപ്പിച്ചു  ഇപ്പോൾ വരാന്നു പറഞ്ഞു , അവിടെ നിന്ന് തടി സലാമതാക്കി , ഒരു കല്യാണ പന്തലിൽ കേറി രണ്ടു പേരും  പൈച്ച  വയറ്റിൽ  സാദാനെയ്ച്ചോറു പള്ള നിറച്ചും  കഴിച്ചു, മറ്റൊരു വഴിയിൽ കൂടി,  വന്ന  വണ്ടിയും വിട്ട് തടി എടുത്തു.

അവർ കുറെ നടന്നു നടന്നു ഒരു ബസ്റ്റോപ്പിൽ ബസ്സിന് കൈ കാട്ടുമ്പോഴുണ്ട്, നമ്മുടെ നാട്ടിലെ കല്യാണവണ്ടികൾ ഇങ്ങനെ നിരനിരയായി പോകുന്നു  - എവിടേക്ക് കല്യാണ വീട്ടിലേക്ക് ! അപ്പോൾ കുറച്ചു മുമ്പ് നെയ്‌ച്ചോറ് കഴിച്ചതോ ? അതോ ? അത് ഏതോ ഒരു ഇച്ചാന്റെ ഏതോ ഒരു മോന്റെ കല്യാണചോറും. പെണ്ണിന്റെ വീട്ടിന്നല്ലേ അപ്പോൾ കഴിച്ചത് ? എവിടെന്ന് !