Tuesday, November 30, 2010

പ്രകൃതി

കൃതി പ്രകൃതിയായി

Sunday, November 28, 2010

മൂക്ക്

ആദ്യം കണ്ടത്
ബഷീറിന്റെ പുസ്തക താളുകളില്‍
ഇപ്പോളിതാ കണ്മുന്നില്‍
മണം പിടിക്കും
അത്ര തന്നെ!
ബാക്കിയൊക്കെ ജാഡ
മൂക്ക് വലുതായാലും ഇല്ലെങ്കിലും
മണം പിടിക്കാനറിയണം
അതിനാവില്ലെങ്കില്‍ പിന്നെന്തിനു മൂക്ക് ?
ചെത്തിമിനുക്കരുതോ ?

ഇന്നത്തെ സ്വപ്നങ്ങള്‍ക്ക് നാളെയാണ് ചിറകു മുളക്കുന്നത്

കഴിഞ്ഞത് ഓര്‍മ്മകള്‍. നടക്കാനിരിക്കുന്നത് സ്വപ്നങ്ങള്‍.
സ്വപ്നങ്ങളാണ് നമ്മുടെ പ്രതീക്ഷകള്‍. രസകരം അതല്ല - സ്വപ്നങ്ങള്‍ ഒരിക്കലും
ബോധമുള്ളപ്പോഴല്ല കാണുന്നത്. ബോധം വരുമ്പോഴൊക്കെ അവ പ്രതീക്ഷകള്‍ നല്‍കി പടി കടന്നിരിക്കും.

സ്വപ്നങ്ങള്‍ കാണനമെങ്കില്‍ ? അതീ ബോധമുള്ളപ്പോള്‍ നടപ്പുള്ള കാര്യമല്ല. കാണലെന്നു പറഞ്ഞു കൂടാ, അതൊരനുഭവമാണ്. എല്ലാ ഇന്ദ്രിയങ്ങളും വിശ്രമിക്കുമ്പോളനുഭവിക്കുന്ന ഒന്ന്‍.

ദഹിക്കാത്ത കാര്യങ്ങള്‍ നാമാരോടും പറഞ്ഞു നോക്കൂ. ഉടനെ മുഖത്തടിച്ചത് പോലെ മറുപടി - ബോധാത്തോടെയാണോ നീ സംസാരിക്കുന്നത് ?വാശി പിടിച്ചാല്‍ വായ കൂട്ടുന്നതിനു മുംബ് - മോനെ നിന്റെ അഭിപ്രായങ്ങള്‍ സമ്മതിക്കുന്നു; ഇതൊക്കെ സ്വപ്നത്തിലെ നടക്കൂ.

സ്വപ്നങ്ങളിലെ സ്ഖലിതങ്ങള്‍ക്ക് സാക്ഷാത്കാരം ? ഭാവി തലമുറയുടെ അനസ്യൂത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെ. ആ തലമുറയുടെ ഉണ്ടായ്കയാണ് സ്വപ്നം കാണുന്നവന്റെ പ്രതീക്ഷ.

വര്‍ത്തമാന സമൂഹം, മുന്‍കടന്ന തലമുറയുടെ സ്വപ്നങ്ങള്‍ക്ക് ചിറകുണ്ടാക്കുന്ന തിരക്കിലാണ്. അതിന്റെ ആത്മാവ് എത്ര സചേതനം. ഭൂമിയിലെ ഈ സംവിധാനം എത്ര സന്ഗീതാത്മകം !

നാം സ്വപ്നം കണ്ടേ തീരൂ. അടുത്ത തലമുറക്ക് ജോലി ഭാരം നല്കാതിരിക്കാനെങ്കിലും. ഇല്ലെങ്കില്‍, വരുന്ന തലമുറക്ക് രണ്ട്ട് ജോലി - ഒന്ന്, അവരുടെ പിന്‍തലമുറക്ക് വേണ്ടി സ്വപ്നം കാണണം. രണ്ട്, മുന്‍തലമുറ കാണാത്ത സ്വപ്നം കാണണം; അത് ഉപേക്ഷ കൂടാതെ പ്രാവര്ത്തികമാക്കണം . ഫലം, അമിത ജോലി ഭാരം. ക്ഷീണിച്ച തലമുറ. ആലസ്യത..... അതിന്റെ ആഫ്ടര്‍ ഇഫക്റ്റ് ഭീതിജനകം.

പദ്ധതികളെ(പ്ലാന്‍) നാം സ്വപ്നമായി തെറ്റിധരിച്ചോ ആവോ? അത് രണ്ടും രണ്ടു തന്നെ. മക്കള്‍ പഠിചു വലിയവരാകനമെന്നത് സ്വപ്നം. അതിനുള്ള സൗകര്യം ഒരുക്കൂട്ടുക എന്നത് പ്ലാന്‍. ഇത് രണ്ടും ഗൌനിക്കാതെ മക്കള്‍ പുട്ടടിച്ചാല്‍ ആ സ്വപ്നം ഒരു എഡിറ്റും ചെയ്യാതെ രണ്ടാം തലമുറയെ ഏല്‍പ്പിക്കാം.

മരണക്കിടക്കയില്‍ അപ്പൂപ്പന്മാര്‍ പേരമക്കളുടെ ഇളം കൈ പിടിച്ചു പറയുന്ന ഒസ്യത്തുണ്ട് - ഒരുപാടു സ്വപ്നങ്ങള്‍ , ഒന്നും നടന്നില്ല; മോന്റെ കാലത്തെങ്കിലും!
ഒസ്യത്തുകളുടെ ഏറ്റുവാങ്ങലുകലുകളാണ് സ്വപ്നങ്ങള്‍. ലോകത്തിലെ മുഴുവന്‍ പുരോഗതിയും ഈ ഏറ്റുവാങ്ങലുകളത്രേ. കുസ്ര്‍തി ചിന്ത : മുന്‍തലമുറയുടെ ഭീതിത സ്വപ്നമാകാം രാസയുധവും ആറ്റംബോംബും മറ്റും മറ്റും ...

സ്വപ്നങ്ങള്‍ക്കെന്നും സ്ഥാനം അറ്റമില്ലാത്ത ആകാശം തന്നെ. ഉപമിച്ചവരൊക്കെ സ്വപ്നത്തെ ഉപമിച്ചത് നീലിമ പുതച്ച ആകാശത്തോടും താരകങ്ങളോടും! അതിരുകളില്ലാത്ത നിലം. അഴുക്കില്ലാത്ത പ്രതലം. രാജാളി പക്ഷി പോലും അസൂയപ്പെടും, അതിന്റെ ചിറകുകള്‍ കരഗതമാക്കാന്‍. താരം പക്ഷെ, സ്വപനങ്ങളെ സ്വര്‍ഗ്ഗരാജകുമാരികളെന്നു പാടിയ കവിയത്രേ. സ്വപ്നത്തെ അതിന്റെ ഉച്ച്ചസ്ഥായില്‍ സ്വപ്നം കണ്ട സ്വപ്നജീവി.

ഈ കണ്‍പോളകള്‍ കനം തൂങ്ങുന്നത് പോലെ... സ്വപ്നങ്ങള്‍ ആകാം എന്റെ നിദ്രക്കായ് കാത്തിരിക്കുന്നത്.

Wednesday, November 17, 2010

പെരും പെരും നാള്‍

ജരാനര
ഞരമ്പിലെ വലിവ്
വിളറാത്ത മുഖം
കുഞ്ഞിക്കാലിന്റെ നിലവിളി
നല്ല പാതിയുടെ താരാട്ട് പാട്ട്
അശരീരിയിലെ അപൂര്‍വത
മണല്‍ക്കാട്ടിലെ ധൃതി പിടിച്ച നടത്തം
ഉപ്പൂറ്റിയുടെ കനത്ത പാടുകള്‍
തീമരകുറ്റിച്ചെടികള്‍
അപരിചതത്വം പറയുന്ന വഴി
കുഞ്ഞിന്റെ നിലവിളി വീണ്ടും
നിസ്സഹായായ ഒരു ഉമ്മയുടെ
വിളറിയ സ്തംഭിച്ചാ കണ്ണിണകള്‍
വേഗതയോടൊപ്പം പോയ്പ്പോകുന്ന കാലൊച്ചകള്‍
തിരിച്ചു വരവ്
സ്വപ്നത്തിന്റെ തലനീട്ടം
വാളുറ
ബലിക്കല്ല്
വിട പറയലിന്റെ കണ്ണുനീര്‍
ആകാശത്തെ കറുത്ത മേഘങ്ങള്‍
ബലിക്കല്ലിന്റെ വിതുമ്പല്‍
അശരീരി വീണ്ടും
എല്ലാമെല്ലാം ഈ നാളിന്റെ
ഓര്‍മ്മപുസ്തകത്തില്‍ ....

Monday, November 8, 2010

വിവരദോഷികള്‍ ഒന്നിലധികമായാല്‍

വിവരമില്ലാതവന്റെ കൂടെ ഇരിക്കാനൊരു സുഖം വേറെ തന്നെയാണ്
ഒരാളേ അവിടെ പാടുള്ളൂ ;ഒന്ന് കൂടുതലാകാം
അതിലും കൂടുതലായാല്‍ ഭൂരിപക്ഷമവരാകും
പിന്നെ അവരുടെ പുറം ചൊറിയാന്‍ നഖം വളര്‍ത്തേണ്ടി വരും
വിരല്‍ പത്താണെങ്കിലും കൈ രണ്ടല്ലേ ഉള്ളൂ
അതീ വിവരദോഷികള്‍ക്കറിയില്ല ; എല്ലാവരെയും ഒരേ സമയം
ചൊറിയാന്‍ പറ്റില്ലെന്ന്‍ പറയാനെങ്കിലും ഇവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍ !

Sunday, October 3, 2010

മനസ്സ് പുറത്തു വന്നപ്പോള്‍

മനസ്സ് മറനീക്കി പുറത്തു വന്നു;
ഇരിക്കാന്‍ പറഞ്ഞു
ധൃതിയാണ് ; പെട്ടെന്ന്‍ തിരിച്ചകത്തു കയറണം
വന്നതെന്തോ ഉച്ചത്തില്‍ പറയാനാണ്
കുറെയായാ സത്യം ഉള്ളിലൊതുക്കുന്നു.

നാക്കും ചുണ്ടും വായും ഞാന്‍ വായ്പയായി
നല്കാനാഞ്ഞു.
മനസ്സെന്നെ ആദ്യം തന്നെ നിരാശനാക്കി;
അതിന്റെ കയ്യിലെല്ലാമുണ്ട്
ഒന്നും വേണ്ട പോലും

മനസ്സിനോട് ഞാന്‍ കെഞ്ചി
ആരുമില്ലിവിടെ, നിഴല്‍ പോലും
എന്നോട് പറഞ്ഞു തിരിച്ചുള്ളിലേക്ക്
പോകാമോ?

അതിനു ഞാനിങ്ങനെ ത്രിമാന രൂപത്തില്‍ വരണോ ?
മനസ്സിന്റെ മറുപടി.
പതുക്കെ പറയൂ - ഈ മതിലിനു പോലും ചെവിയുണ്ട്

നിങ്ങളെന്തു മനുഷ്യനാണ് , നിങ്ങള്‍ വിചാരിച്ചതല്ലാതെ
ഞാനൊന്നും പറയില്ല, ഒരു തരിമ്പു കളവുപോലും ഭയമെന്തിനു ?
അതിനു മറുപടിപറയാന്‍ ഞാന്‍ മനസ്സിന്റെ കരണകുറ്റി തെരഞ്ഞു

എല്ലാം പറയുമെന്നാണ് അത് പറയുന്നത്
മനസ്സിനെപ്പോലും അവിശ്വസിക്കണോ ?
പിന്നെ ഞാനെവിടെയെന്റെ രഹസ്യം സൂക്ഷിക്കും

Saturday, October 2, 2010

കൂട്ടുകൃഷി

എല്ലാവരും വരിക
നമുക്കിവിടെചുറ്റും കൂടിയിരിക്കാം
ആവനാഴിയുമംബുകളുമിവിടെ വയ്ക്കാം
ഈ തിരിനാളവും നമുക്കിവിടെ കെടുത്താം
അമ്പിന്‍ മുനയില്‍ പറ്റിയ
മാംസചീളുകകള്‍ക്കിനി
ജാതിയും
മതവുമില്ല
അതിന്റെ പ്രതികാരമീ നാട്ടുകാര്‍
പിന്നീട് തീര്‍ക്കട്ടെ;
നമ്മുടെ ദൌത്യം ഇന്നേക്ക് തീര്‍ന്നു
കണക്ക് പറഞ്ഞു തന്നെ വാങ്ങണം

നിറം പറഞ്ഞിടത്തേക്ക് തന്നെയാണ്
നാം ശരമെയ്തത് ;
ഇരു കൂട്ടര്‍ക്കും നാം
തന്നെയാണല്ലോ കൊട്ടേഷനിട്ടതും.
നാളത്തെ പ്രഭാത പത്രവും;
ദൃശ്യവിരുന്നും നമുക്ക്
തടിയെടുക്കാന്‍ ധാരാളം!

ധൃതി കൂട്ടാതെ
എണ്ണിപറഞ്ഞു വാങ്ങിയേ
നാം കളം വിടാവൂ!
ആവനാഴിയില്‍ അമ്പുകള്‍ തിരുകി
വെക്കാന്‍ വരട്ടെ
ഇവര്‍ നമ്മെയും ചതിക്കില്ലെന്നാര് കണ്ടു?

മൂന്നാം തലമുറയുടെ ചോദ്യം; രണ്ടാം തലമുറയുടെ മൌനം

അവള്‍ പകച്ചു നിന്നിടത്ത് നിന്നു;
അവള്‍ ചോദിച്ച ചോദ്യത്തില്‍ നിന്ന്‍;
പിതാവ് നിര്‍ദാക്ഷണ്യം കൈ ആഞ്ഞു വലിച്ചു
കുഞ്ഞു കൈകളിലെ കുപ്പി വളകള്‍
പൊട്ടി വീണു; ഇളം കൈത്തണ്ടയില്‍
രക്തം പൊടിഞ്ഞു വീണു

അച്ഛാ! ഈ അപ്പൂപ്പനാരാണ്?

ആറ്റുനോക്കി പോറ്റിയ
ഇളം പൈതലിനോട്
ആദ്യമായി അരിശം വന്നതും;
അതെന്റെ മകളാ
യിരുന്നില്ലെന്കിലെന്നു തോന്നിയതും;
ഈ ഭൂമി നിമിഷ നേരംകൊണ്ട
ലിഞ്ഞലിഞ്ഞില്ലതായെന്കിലെന്നു
നിരീച്ചതും; നിനച്ചതും......
അജഗണത്തറവുശാലയിലെക്കാഞ്ഞു
വലിക്ക്കുംബോല്‍
ആ പിതാവവളെ നിര്‍ദയം ....

അന്നേരം
തിരിഞ്ഞു നോക്കി
കുഞ്ഞിളം ചുണ്ടില്‍ നിന്നും
ചോദ്യമുയരുന്നു ..

അച്ഛാ ആ കാണുമപ്പൂപ്പന്‍, അതാരാണ് ?
അതു മാത്ര്യം പറഞ്ഞെന്നെ ശിക്ഷിച്ചോളൂ

അപ്പോഴും
പൂപുഞ്ചിരിയുമായി
ഗാന്ധി പ്രതിമ സാക്ഷി നിന്നു.

Thursday, September 30, 2010

ശരി; സമ്മതം

വാദം കഴിഞ്ഞു ;
കോടതി പറഞ്ഞു ; പിരിഞ്ഞു;
നമ്മുടെ മനസ്സുകളില്‍ മസ്ജിദും മന്ദിറും
മതിലുകളില്ലാതെ പണിയാനാകുമോ?
സ്നേഹം നമ്മുടെ മുറ്റങ്ങളില്‍
ചിറകു വിടര്‍ത്തി പറക്കുമോ?
പൂജാരി ഖാസിയെക്കണ്ടാല്‍
പഴയ കുശലം പറയുമോ?
കരയുന്ന കുഞ്ഞിനു
അമ്മിഞ്ഞപ്പാല്‍ നല്‍കും
സ്ത്രീയുടെ മതം ചോദിക്കാതിരിക്കുമോ
ഇനിയെങ്കിലും ?
ആശുപത്രി കിടക്കയില്‍
മരണം മുമ്പില്‍ കാക്കുന്നവന്റെ
ഞരമ്പില്‍ പ്രവഹിക്കും
രകതത്തിന്‍ ജാതിയും
മതവും ഇനി നാമാരായാതിരിക്കുമോ?
ഈ വിധി നമുക്ക്
പുതിയ പ്രഭാതം നല്‍കുമെങ്കില്‍
മൂന്നിലൊന്നു കൊണ്ട്
മൂന്നു പേരും ത്ര്‍പ്തരാകുവിന്‍
നമ്മുടെ മക്കളെങ്കിലും ഇനി
സമാധാനമായി ഉറങ്ങട്ടെ !
ഇനി ജീവിക്കേണ്ടത് അവരാണ് ;
അവരുടെ മക്കളും
നമ്മുടെ കാലം കഴിയാറായത്
നാമറിയാതെ പോയോ?
നമുക്ക് പാടത്ത് പോകാം ;
മക്കള്‍ പശിയടക്കാന്‍
നമ്മുടെ വരവും കാത്തിരികുന്നുണ്ടാകും
ഇനി ഈ സഞ്ചികളില്‍ തലയോട്ടികള്‍
കൊണ്ട് വരരുത് ; തലനാര് പോലും.

Monday, September 27, 2010

കരിന്തിരിക്കെന്തു വെളിച്ചം !

കരിന്തിരി അണഞ്ഞെന്ന്‍
പറഞ്ഞു കൂടാ;
ഈ വിളക്കിലെണ്ണയില്ലെന്നും

കരുവാളിച്ചവശയായ്
ആരാരുമറിയാതെയതു
കത്തുകയായിരുന്നു ഇത്രനാളും !
ധൂമപാളികളുടെ തടിപ്പതിനെ
നമ്മുടെ കണ്ണുകളെയശ്രദ്ധമാക്കിയെന്ന്‍ മാത്രം
നാമല്‍പ്പം തണുത്തപ്പോള്‍; കരിന്തിരിയുടെ
നിലക്കാത്ത ചൂടറിഞ്ഞു നാം
ഈ കൈകള്‍ നമുക്കീ തിരി നീട്ടാനുള്ളതാണ്
ഈ വിളക്കിലെ എണ്ണ എരിഞ്ഞു
തീരാതെ നോക്കേണ്ടതും നമ്മള്‍ തന്നെ

ഈയാമ്പാറ്റകള്‍
ആത്മാഹുതി ചെയ്യട്ടെ;
വണ്ടുകള്‍ തീ കെടുത്താതിരിക്കുന്നത് നമുക്കും
കണ്ണിലെണ്ണയൊഴിച് കാത്തിരിക്കുക

വരും തലമുറക്ക് ചോദ്യങ്ങള്‍ കുറച്ചേയുണ്ടാകൂ
ചോദ്യ ശരങ്ങള്‍ക്ക് മൂര്‍ച്ചയും കുറവായിരിക്കും
അല്പമകല്‍ച്ച;
അതിന്റെ പത്തിരട്ടിമധുരമാണീയടുപ്പം

ഈ പ്രഭാതത്തിനെന്തു കാന്തി;
ഈ ആകാശത്തിനെന്തു ശാന്തത
കിളികള്‍ ഇത്രയും നാള്‍ പാടാതിരുന്നതാണോ
അതോ ഞാന്‍ കേള്‍ക്കാത്തതോ ?
നിലാവെളിച്ചത്തിനു പോലും
പനിനീര്‍പ്പൂവിന്റെ ഗന്ധം

പെരുന്നാളിന്റെ ദിനങ്ങള്‍ക്ക്
പെറുക്കി കൂട്ടുകയാണ് കുട്ടികള്‍
അവര്‍ കുറെ നാളുകളായല്ലോ
കളിക്കൂട്ടുകാരില്ലാതെ ഉഴലുന്നു
അവരുടെ പ്രാര്‍ഥനാഫലമോ ;
അതോ കിളിക്കൂട്ടങ്ങളുടെയോ?

Tuesday, September 21, 2010

സംവരണം

ആണുങ്ങള്‍ക്കിനി തത്ക്കാലം വിശ്രമം
അവര്‍ക്ക് ചെങ്കോല്‍ താഴെ വെക്കാം
നമ്മുക്കിനി മങ്കകളുടെ ഭരണം കാണാം
ചരിത്രത്തില്‍ ചില നിയോഗങ്ങളുണ്ട്
അത് നടന്നേ തീരൂ
അധികാരത്തിന്റെ ചക്കരക്കുടത്തില്‍
കയ്യിട്ടവര്‍ക്ക് പരദൂഷണം പറഞ്ഞ്
സമയം കൊല്ലാം; അതവര്‍ നിര്‍വ്വഹിക്കണമല്ലോ !
കൈത്തഴംബുള്ളവന്‍ രക്ഷപെട്ടു
ചെങ്കോല്‍ പിടിച്ചെന്നു കൊച്ചുമക്കളോട്
വെറും വായ്‌ പറഞ്ഞിരിക്കാമല്ലോ

Sunday, September 19, 2010

അനാവശ്യം

കപ്പി തുരുമ്പിച്ചു
തൊട്ടിയില്‍ മണ്‍പുരണ്ടു
കയര്‍ ദ്രവിച്ചു
ആള്‍ മറയില്‍ ആല്‍ഗകള്‍ വളര്‍ന്നു
ഈ കിണറിനിയെന്തിനു?
ഇന്നും വണ്ടിയിലിറക്കിയത്
കുപ്പിവെള്ളത്തിന്റെ പെട്ടികളാണ്
മക്കള്‍ വട്ടം കൂടി
അച്ഛനംമയെയവര്‍ വല വീശി
നാളെ ടിപ്പര്‍ ലോറി കുന്നുകളുമായി വരും
കിണറിന്റെ ശവമടക്കിനത്‌ പട്ടടയൊരുക്കും
ശരിയാണ്,
നോക്കുകുത്തിയായി കിണറിനിയാര്‍ക്ക് വേണം ?
ചിലന്തി വല നെയ്തു ശ്വാസം മുട്ടിക്കുന്നതിനാല്‍
തവളകള്‍ പോലും തടിയെടുത്തു !
കുട്ടികളുടെ പ്ലാസ്റ്റിക്‌ കോണക മെറിയാന്‍
ഇനി കുഴി വേറെ കുത്തണം

ഫിനിഷിംഗ് പോയിന്റ്‌

തിരിച്ച് നടക്കാനാണ്
ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു
ചെരിപ്പ് തിരിച്ചു വെച്ചു
ഈ ഇരുട്ടില്‍ തന്നെ ഇറങ്ങി ത്തിരിക്കണം
വെളുപ്പിനവിടെയെത്തി ഒന്നാമനാകണം
വൈകി വരുന്നവര്‍ക്ക്
ഞാന്‍ മുമ്പേ ഉണ്ടെന്ന്‍ തോന്നിക്കണം
അര്‍ക്കരശ്മികളാദ്യം ഇറ്റിറ്റു
വീഴുന്നതിനു മുംബ് ഞാനെത്തി
എല്ലാവരും എത്തിയിരുന്നു !

നിയോഗം

കാലങ്ങള്‍ക്ക് ശേഷം
ഒന്നിച്ചു ഒന്നാം ക്ലാസ്സില്‍
ഒരു ബെഞ്ചിന്റെ ഇരു തലക്കലിരുന്ന
ഞങ്ങള്‍ കണ്ടുമുട്ടി
കൂട്ടി മുട്ടി എന്നതാവും കൂടുതല്‍ ശരി !
അവന്‍ സൈക്കിളിലായിരുന്നു യാത്ര
ഞാനെന്റെ ബെന്‍സ് കാറിലും
ചരിഞ്ഞു വീണ സൈക്കിളിന്റെ ഹന്ട്ല്‍
ഒടിഞ്ഞിരിക്കുന്നു;
നിലത്തു അരിമണിക്ക്
വിശപ്പിന്റെ മണം;
ചതഞ്ഞ കാലിലെ ചോരകണങ്ങള്‍ക്ക്
വിണ്ടു കീറിയ പുണ്ണിന്റെ ഗന്ധം;
വിളറിയ മുഖത്തിന്‌ ബാല്യകാലത്തെ
ജോലിഭാരത്തിന്റെ പരിക്ഷീണത;
രമേശ്‌ !
എന്റെ പൊട്ടിയ കുടുക്കൊട്ടിച്ചും തുന്നിയും;
ഉച്ചക്കരവയര്‍ നിറക്കാന്‍ നിന്റെ
പൊതിചോരിന്നരക്കൈല്‍ നല്‍കിയും;
അമ്മയോടു കരഞ്ഞുവാങ്ങിയ കാച്ചെണ്ണ
ചലമൊഴുകും വ്രണത്തിലിററിച്ചും
നീ നല്‍കിയ ജീവ വായുവിനു
ഞാന്‍ നല്‍കിയ സമ്മാനമോ ഇത് !
രമേശ്‌ അപ്പോഴും ഒട്ടിയ കവിളില്‍
നുണക്കുഴികള്‍ കാണിച്ചു ചിരിക്കുന്നു;
അവനയലത്തെയഹമ്മദിനുള്ള
ഉച്ചപ്പൊതിയുമായി ആസ്പത്രിക്ക് പോകാന്‍ നേരമായി;
പൊടിതട്ടി പെറുക്കിക്കൂട്ടി വേവലാതി പെടാതെ കണ്മറഞ്ഞു

Friday, September 17, 2010

ബാക്കി പത്രം

ഈ പടം പൊഴിച്ചതെത്നാഗമാണ് ?
മുള്ളുകള്‍ കൂമ്പാരമാക്കി ആരാണിവിടെ
പോര്‍ക്ക ളപ്പിറ്റെന്നാക്കിയത്?
ഈ പാനപാത്രത്തിലെ മധുരപാനീയവും
ഭോജനവസ്തുക്കളും പേരുമാറി
എത്ര പെട്ടെന്നാണ് എച്ചിലുകളായത്?
വളപ്പൊട്ടുകള്‍ ഈ മണിയറയുടെ നിറം കെടുത്തിയല്ലോ!
കല്യാണപ്പിറ്റെന്നയലത്തെ കുഞ്ഞുങ്ങളവ
കൂട്ടി വെച്ച് കളിക്കുന്നു!
നൂറു പാവകള്‍ക്ക് കുഞ്ഞുടുപ്പുകള്‍
ഈ തയ്യല്‍ക്കടയുടെ മുന്നിലെ കൂമ്പാരത്തിലുണ്ട്.
കര്‍പ്പൂരവും പഞ്ഞികെട്ടും
അലസമായി നിലത്തു കിടക്കുന്നു,
അതിനിയൊരു ജഡത്തെകാത്തിരിക്കാന്‍
ഒരു മകനും സമ്മതിക്കില്ല
റീതുകള്‍ മാത്രം വീണ്ടും വീണ്ടും വേഷം മാറി വരും
അത് വെക്കാന്‍ വരുന്നത് മനസ്സ് മരിച്ച നേതാവല്ലോ ?
മൂക്കില്‍ പഞ്ഞിവെക്കുന്നതിനും
സമകാലരാഷ്ട്രീയത്തില്‍
മാനങ്ങലെരെയുന്ടെന്ന്‍ പറഞ്ഞവനെ
നമുക്ക് മണമുള്ള റോസാപൂ നല്‍കി സ്വീകരിക്കാം

Friday, August 13, 2010

ആദ്യത്തെ നോമ്പ്

ഉമ്മാ !
എന്റെ പൊന്നുമ്മാ !
ദാഹം തീര്ക്കണമെനിക്കസഹനിയമിനിവയ്യെന്ടുമ്മ
തുടരാന്‍ - നാക്ക് വറ്റുന്നു; തൊണ്ട വരളുന്നു;
കണ്ണിണകളില്‍ പുകപടലം കരിമ്പടം തീര്‍ക്കുന്നു;
കണ്ടു കണ്ടിരിക്കെ പിന്നെയത്
ജീവന്റെ തുടിപ്പായ്
ചുടു
നിശ്വാസമായുയരുന്നു !
എന്‍ കണ്ണിന്‍ കൃഷ്ണ മണികള്‍
രണ്ടുമടര്‍ന്നീ പൊടി തൂര്‍ന്ന നിലത്തു
വിഴുമെന്നെനിക്കന്കലാപ്പുണ്ടാകുന്നു.

വയ്യെനിക്കിനിയുമിത്
ഈ സന്ധ്യവരെ, അല്ലയരക്കാതം പോലും
നീട്ടുവാനാവതില്ലുമ്മാ !
കൈ കാലുകള്‍, സന്ധികള്‍, കണ്ണുകള്‍,
കണ്പോളകള്‍, ലോലമാമീ
ദേഹമ്മുഴുവന്‍ തളരുന്നു;
ചുണ്ടുകള്‍ കോടുന്നു; പിന്നെ കരുവാളിക്കുന്നു ;
ശിരസ്സിനകത്തദൃശ്യമാം പങ്ക തിരിയുന്നു.
ദീനനായ് പരിക്ഷീണനായിരിക്കുമെന്നെകാണുന്നില്ലുമ്മാ!
വേണ്ടാതായോ ഈ പോന്നോമനെയെ,
അതല്ല എന്റെ നിലവിളിയുമ്മ കേള്‍ക്കാതായോ?

മുറ്റത്തെ തൈമാവിന്‍ ചില്ലയറിയാതെ
പൊളിച്ചുമിടക്കകത്തെക്കൊളികണ്ണിട്ടും
കരയുമെന്റെ വിളിയിലെല്ലാമുണ്ട്;
പറയാതെ പറയുമെന്റെ നിലവിളിക്കുത്തരം
നല്‍കാനെന്തേ ഉമമറപടിയിറങ്ങിയുമ്മ വരുന്നില്ല?

കാലൊച്ചകള്‍ ഞാന്‍ കേട്ടു;
അമ്മുദീയെന്നനീട്ടിവിളിയും ഞാന്‍ കേട്ടു;
ഉമ്മറത്തൊത്തുകൂടിയ പെങ്ങളുമവളുടെ
കൂട്ടുകാരികളും പിന്നെ, അയല്‍ക്കാരും
പരിവാരങ്ങളുമെന്റെ ചിണുങ്ങല്‍
നോക്കി നോക്കിയിരിക്കെയുമ്മയിറങ്ങി
ധൃതിയിലെന്നെ കോരിയെടുത്തെന്റെ
നുണക്കുഴികളില്‍, മൂര്‍ധാവില്‍,
പിന്നെ ചെഞ്ചുണ്ടിലുമ്മ വെച്ചെന്‍
നെറ്റിയില്‍ കുതിര്‍ന്ന വിയര്‍പ്പു കണങ്ങള്‍
കൈലേസില്‍ തുടച്ചിങ്ങനെ മൊഴിഞ്ഞു :

''അമ്മുദീ,
ഈ കുറിഞ്ഞി പൂച്ചക്കുമിന്നു
നോമ്ബാനുമ്മയവള്‍ക്കൊരു
പിടി ചോറുപോലും കൊടുത്തില്ല !
കണ്ണന്റെ കൂടെയവളും നോമ്പ് നോറ്റിരിക്കയാണ്.
ഈ നട്ടുച്ചനേരം നോമ്പ്മുറിക്കണമെന്നെന്റെ
പോന്നോമാനയോടു പറഞ്ഞതീ കള്ളി പൂച്ചയാണോ?

( ഉമ്മതന്‍ ഓരം ചേര്‍ന്ന്
കുഞ്ഞുവാലുരചിക്കിളിയുണ്ടാക്കി
നിന്നും തിരിഞ്ഞും കണ്ണിറുക്കിയും
കരഞ്ഞു വിശപ്പിന്റെ വിളിയറിയിച്ചാ കുസ്ര്‍തി കുറുഞ്ഞി,
ഉമ്മയുടെ മൊഴിയിലെ വെളിപാടറിഞ്ഞോ
എന്തോ കണ്‍ വെട്ടം മറഞ്ഞു, ത്ധഡുതിയില്‍. )

കദളി പഴം ഞവുടിയതും,
മുത്താറിയില്‍ തേങ്ങാപാല്‍ കോറിക്കുറുക്കിയതും
വറുതിയുടെ വരണ്ടു ണങ്ങിയാനാള്‍ വഴിയിലും
വാഴയിലയില്‍ വാട്ടിതീര്‍ത്തെനിക്കായൊരുക്കിയ
ശര്‍ക്കരയില്‍ മെഴുക്കു പുരട്ടിയപ്പവും പിന്നെ,
വക്കുപൊട്ടിയ പിഞ്ഞാണപാത്രത്തിന്‍ നടുവില്‍
വെള്ളത്തില്‍ കുതിര്‍ത്താറായി കീറിയ
കാരക്ക ചീളും ചൂണ്ടി ഉമ്മ പറഞ്ഞു :
ഇതെന്റെ ചക്കരയമ്മുദിക്കായൊരുക്കിയതല്ലേ ?
ഒരിഴ പോലും നല്കില്ലിതില്‍ നിന്നാര്‍ക്കും.

ഉമ്മതന്‍ സാന്ത്വനം കേട്ടെന്റെ
ഞരമ്പില്‍ പുതു നിശ്വാസതിന്നൂര്‍ജമാവാഹിച്ചു ;
കണ്ണില്‍ ദീപ്തിയുടെ സ്ഫുലിന്ഗങ്ങള്‍;
കവിളില്‍ കോറിയിട്ട മുത്തത്തില്‍
പുതു ജീവന്റെ തുടിപ്പുകള്‍;
ഞരമ്പില്‍, ഹൃത്തില്‍ , കുസൃതിയുടെ താളമേളങ്ങള്‍;
പെരുത്ത തലയിലെ ഭാരമലിഞാലിഞ്ഞില്ലാതായി.

പൌര്‍ണമിപോല്‍ പാല്‍ പുഞ്ചിരി
തൂകുമെന്നുമ്മയെ നോക്കി
കോന്തല പിടിച്ചു ഞാന്‍
നാണം കുണുങ്ങി മൊഴിഞ്ഞു :
എനിക്കുമെന്റെ കുറിഞ്ഞി പൂച്ചക്കുമതി
ഇറുക്ക്‌ വെള്ളമിനി മഗ്രിബിന്‍
ബാന്കൊലി കേള്‍ക്കുമ്പോള്‍ മാത്രം!
ഉമ്മയുടെ പോന്നാരമോനിനി
വരില്ലിനിയതുവരെ ഉമ്മയെ
ചിന്നം പിന്നം പറഞ്ഞു ബുദ്ധിമുട്ടിക്കാന്‍.

അന്നെന്‍ യുമമതന്‍ ഹൃത്തില്‍
വിരിഞ്ഞ ഹര്‍ഷ നിമിഷങ്ങളിന്നും ,
കരുവാളിച്ചെന്റെ കവിള്‍ തടവി മാറോടടുപ്പിച്ചതും,
ഇഴ തൂര്‍ന്ന തലമുടിക്കിടയില്‍
സ്നേഹവായ്പ്പോടെയവര്‍ തലോടിയതും,
റമദാനിന്‍ കത്തും നാഡഃമിടുപ്പില്‍
പതിന്നാലിന്‍ രാവുപോല്‍ പരിലസിക്കുന്നു!

ഉമ്മ ചിരിച്ചന്നു, ആവോളം മതിയാവോളം,
അന്നുമ്മതന്‍ കണ്ണിണകളില്‍
ചുടു ബാഷ്പകണങ്ങള്‍ നിറഞ്ഞൊഴുകിയതും,
അതിറ്റുവീണെന്‍ കവിളില്‍ നോവിന്‍ കനവുണ്ടാക്കിയതും
പതിഞ്ഞ കൈവിരലുകൊണ്ടുമ്മയതൊപ്പിയതും,
മാറി മാറിവരും റമദാനിന്‍ പടിപ്പുരയിലെ
കത്തിത്തീരാത്ത ഓര്‍മ്മകള്‍തന്‍ റാന്തല്‍ വെളിച്ചമാണ്.
ഈ നാല്പതിന്‍ നിറവിലുമായണയാത്ത
തളരാത്ത ദീപപാളികളാണെന്റെ
ഊര്ജവുമുയിരിന്‍ ശ്വാസനിശ്വാസവും!

Saturday, July 10, 2010

കൂച്ചുവിലങ്ങ്

ആദ്യം കാലുകളാണ് പറഞ്ഞത്

ചങ്ങലകള്‍ വരുമെന്ന്

പിന്നെ കൈ വിരലുകള്‍ക്കനുഭവാപെട്ടു തുടങ്ങി

ഞാന്‍ മിണ്ടുന്നതിനു മുംബ് തന്നെ നാക്കറുത്തിരുന്നു

നാക്കിലയില്‍ വെക്കാന്‍ മാത്രം എന്റെ ഹൃദയം

തുരന്നെടുക്കാമെന്ന മോഹം ആരാണാവോ ഇവരോട്

കള്ളം പറഞ്ഞു പറ്റിച്ചത് ?

ഞാനേന്‍റെ ക്ഷുഭിത സ്ഖലിതങ്ങള്‍ സ്വപ്നക്കൂട്ടിലാണ്

അടുക്കി വെക്കുന്നത് ; കണ്ണിണകള്‍ ചൂഴ്ന്നെടുത്താലും

അകക്കണ്ണിലതുഞാന്‍ കാണും പാകത്തില്‍ .

എന്റെ ഭാഗം കേട്ടല്ലോ ; ഇനിയെനിക്ക് നടക്കാമോ?

എന്നെയറിയുന്ന മണല്ത്തരികല്‍ക്കെന്റെ

കാലടിയോച്ചകള്‍ കേള്‍ക്കാന്‍ നേരമായി -

നിണം വറ്റുന്നതിന്നു മുംബാ

തുടിക്കുന്ന കുറു നാക്ക് തിരിച്ചു തന്നാലും ;

അറുത്തെടുത്ത വിരലുകളും.

കമ്മിറ്റ്മന്റിനു തോട്ടികെട്ടിയ നിര്‍വചനമെനിക്കറിയില്ല!

Wednesday, July 7, 2010

പുതിയ ജ്യോത്സ്യര്‍


നീരാളി ഇതുവരെ

വായുവിലായിരുന്നു ഏത്തമിട്ടിരുന്നത്

കവല പ്രസംഗകര്‍ക്കായിരുന്നുയിതുവരെ
പേറ്റന്റവയുടെ

മുണ്ഡനം ചെയ്ത തലയും

പിടുത്തം വിടാന്‍ പഴുതില്ലാത്ത നീണ്ട

വിരലുകളുമായിപ്പോള്‍ ഒക്ടോപസ്

ജര്‍മനിയില്‍ സ്ഫടിക പാത്രത്തില്‍
പാമ്പും ഏണിയു കളിക്കുന്നു!
ഇനിയാരും മത്സരിക്കനമെന്നില്ല;
നീരാളിമാമന്‍ തലേ ദിവസം അടക്കം ചെയ്ത
ചോറ് ഭുജിച്ചുത്തരം പറയും.
കളിക്കാര്‍ക്കിനി സുവര്‍ണ കാലം !
അവരിനി പരസ്യത്തിനു മാത്രം
ദുര്‍മേദസ്സ് നീരാക്കിയാല്‍ മതി !
ചിലന്തിയും തേളും ഓന്തും പഴുതാരയും
ഇനി അടുത്ത കളിക്കുള്ള ജ്യോത്സ്യപടുക്കളാണ്.
കൊടിച്ചി പട്ടിക്കു പെ റ്റ് ഫുട്ഡോരുക്കിയ
ക്ലബ്ബു കൊച്ചമ്മമാര്‍ ഇനി
സൂപര്‍മാര്‍കറ്റുകളില്‍ റാക്ക് തപ്പും !
ഉടുക്കുമാമാനുടുക്കു മുട്ടി '' നല്ലകാലം
ബറുപ്പോതമ്മ ''യെന്നു പറഞ്ഞതിവരോടോ ?
നമുക്ക് കണ്ണാടി കൂടുകളൊരുക്കി കാത്തിരിക്കാം.
Monday, May 31, 2010

സ്കൂള്‍ തുറക്കുമ്പോള്‍

സ്കൂളിന്റെ വാതായനങ്ങള്‍
പകുതിയും മലര്‍ക്കെയും തുറന്നു
നീ മുന്നില്‍ നടക്കണം
നിന്റെ കൂടപ്പിറപ്പ് പിറകിലാകണം
ചുമലില്‍ ഭാണ്‍ ഡമെറ്റവെ അമ്മ പറഞ്ഞു
വരുന്നതൊരു മാര്‍ക്കുകൊന്ടായാലും വേണ്ടീല
അപരനരമാര്‍ക്കെ കിട്ടാവൂ - അമ്മ ശഠിച്ചു
തുള്ളണം തുള്ളിചാടണം ; മറ്റവന്റെ കാലോടിയുകയും വേണം
ഉള്ളത് മുഴുവന്‍ ശാപ്പിടണം; കൂട്ടുകാരന്റെ മുന്നില്‍ വെച്ചുതന്നെയാകണം ; അവനനുഭവിച്ച കൊതി ലവലേശം കുറയാതെ വന്നു പറയണം - അമ്മ ചെവിയില്‍ പറഞ്ഞു.
പിച്ചക്കാര്‍ക്കു കൊടുക്കാനുള്ളതല്ല നാണയത്തുട്ടുകള്‍ ; പെറ്റ്ഫുഡ് വാങ്ങാന്‍ തന്നെ മതിയാകുന്നില്ല - കുഞ്ഞിനമ്മയുടെയുപദേശം.
........................................
.....................................
(അപൂര്‍ണം ) അപ്ടേറ്റ്‌ സൂണ്‍

Friday, May 28, 2010

വെള്ളിക്കാഴ്ച്ച

വെള്ളിയാഴ്ച എല്ലാ പ്രവാസിയുടെയും
ആകാംക്ഷയും പ്രതീക്ഷയുമാണ്
പൊയ്പോയ ആറു നാളുകളിലെ വിഴുപ്പിറക്കുന്നത്,
ഇനിയുള്ളയാറ് നാളുകളെണ്ണി തീര്‍ക്കുന്നത്,
സ്വപ്നങ്ങള്‍ ആകാശത്തിനപ്പുരത്തെക്ക് നീങ്ങി നിരങ്ങി കാണുന്നത്
ചോറും കൂട്ടാനും ചൂടാറാതെ കഴിക്കുന്നത്
....................................... ( അപൂര്‍ണം )

Thursday, May 27, 2010

ഒരു നേരം പോക്ക്

നേരംപോക്കിനെന്താ ചെയ്ക ?
നേരം കൊല്ലല്‍ തന്നെ!
അതിനു കത്തിയും കുന്തോന്നും വേണ്ടേ ?
കത്തിയുണ്ടല്ലോ, കുന്തമെര്‍പ്പടാക്കിയാ മതി.
ഇനി നേരമ്പോക്കിന്...?
കുന്തം !
അപ്പം കുന്തവുമായി
ഇനി നേരം പോക്ക് തുടങ്ങാ..ന്തേയ്

Wednesday, May 26, 2010

നൊസ്റ്റാള്‍ജിയ

പ്രവാസിക്കെന്നും മരുപ്പച്ച പ്രതീക്ഷയാണ്
മിന്നി മറയുന്ന പച്ചപ്പ്‌ പോലും
മനസ്സില്‍ ഗൃഹാതുരത്വമുന്ടാക്കുന്നു
മുറ്റത്തെ തൈമാവില്‍ ഞാന്നു കിടക്കും കണ്ണിമാങ്ങയും
തൊഴുത്തില്‍ മുക്രയിട്ടലറുന്ന പൈക്കിടാവും
ഉച്ചയ്ക്കുള്ള ഉപ്പേരിക്കായി
നട്ടുവളര്‍ത്തിയ വെണ്ടയും പയറും
പിന്നെ ചേനയും
വേലിക്കു ചന്തമായ്ചെമ്പരത്തിയും തൊട്ടാവാടിയും

പോത്തിനുപിന്നാലെ കലപ്പയുമായി നീങ്ങുന്ന കൃഷ്ണേട്ടനും
ഉഴുന്നിട്ട പാടത്തെ ഒറ്റക്കാല്‍ കൊറ്റിയും കറുമ്പന്‍ കാക്കയും
ചിന്നം പിന്നം പെയ്യുന്ന ആദ്യത്തെ മഴയും
മഴയ്ക്കു പിന്നാലെ മണ്ണിന്റെ ഹരം പിടിക്കുന്ന മണവും
അടുക്കളയിലെ ഉമ്മയുടെ നീട്ടിവിളിയും
അനിയന്റെയും അനിയത്തിയുടെയും നേരവും കാലവും
നോക്കാത്ത പരാതി പറച്ചിലും
എല്ലാം ഇമ വെട്ടുമ്പോള്‍ കയ്യാപ്പുറമെന്നപോലെ.

എങ്കിലും ഗൃഹാതുരത്വമെന്റെ
തിരിച്ചു പോക്കിനുള്ള വെള്ളവും ഊര്‍ജവുമാണ്.


Sunday, May 23, 2010

കോഴിയമ്മയും കുഞ്ഞുങ്ങളും

കോഴിയമ്മ അടുക്കളയില്‍
എല്ലാം തയ്യാര്‍
ചോണനുറുംബ് ചാറും പുഴുക്കലരി ചോറും
പിന്നെ പുഴുവരട്ടിയതും
മൂക്കില്‍ രസം കേറി കുഞ്ഞുങ്ങള്‍
മൂക്കൊലിപ്പിച്ചു സാരിതുമ്പും
പിടിച്ചു വരുമെന്ന്
ധരിച്ച കോഴിയമ്മ
പഴയ മൂന്നു ചോദ്യങ്ങളും ഹൃദിസ്തമാക്കി
കാത്തിരുന്നു.

വയറും തള്ളി പിള്ളേര്‍ കതകും വായും തുറന്നപ്പോള്‍
കോഴിക്കൂടു നിറയെ ഫാസ്റ്റ് ഫുഡിന്റെ ഗന്ധം
കോഴിയമ്മക്കന്നു തൊട്ടു വായുവിന്റസുഖമാണ്.

കുടമാറ്റം

കുട നിവര്‍ത്തുന്നത് വെയില്‍ മറക്കാനും
മഴ തടയാനുമാണ്
കുടക്കമ്പി കനകം മെയ്താലും
കുറക്കാലഭ്രം പൂശിയാലും
ചന്തം നിറച്ച കുടത്തുണിയിട്ടാലും
കുടയുടെ ദൌത്യമതുതന്നെ
എനിക്കെന്റെ കുടയുടെ ദൌത്യം
തിരുത്തണം, പരസ്യവും ചെയ്യണം,
അതിനേത് കുടക്കംബനി പ്രായോജകരാകും ?
അതിനാരു കുടചൂടി മോഡലാകും ?

Saturday, May 22, 2010

ആന്റി ക്ലോക്ക് വൈസ്

ഈ ഘടികാരത്തിനെന്തുപറ്റി?
സൂചി തിരിഞ്ഞാണല്ലോടുന്നത് ?
ശങ്ക തീരുംമുംബ് പ്രഭാത പത്രം തിരിച്ചെടുത്തു പോയി.
ന്യുസ് പേപ്പര്‍ ബോയുടെ സൈക്കിളിന്റെ ചക്രവും
തലതിരിച്ചു തന്നെ സഞ്ചരിക്കുന്നത്
അല്പം മുംബ് കുത്തി നിറച്ചാ
മൊബൈലില്‍ ബാലന്സേയില്ല!
കടം പേശി പേശി വാങ്ങിയവന്‍ ഒന്നും
പറയാതെയതുതിരിച്ചു നല്‍കുന്നു!
അയാളും നടക്കുന്നത് പിന്നോട്ട് തന്നെ!
അല്പം മുംബ് കേട്ട തമാശ കൂട്ടുകാരന്‍
വീണ്ടും പറഞ്ഞു അകത്തേക്ക് പോയി
അതിനു ഞാന്‍ ചിരിച്ചത് മുന്‍കൂറായി
എന്റെ ഫൌണ്ടന്‍ പേനയിലെ മഷി നിറയാന്‍
തുടങ്ങി ; ഞാനെഴുതിയ കുറിമാനവും മാഞ്ഞുമാഞ്ഞില്ലാതായി

പഴുത്തിലയുടെ വ്യഥ

ഹുംകാരത്തോറെ കാറ്റ്
അശരീരിയായി വന്നു
പഴുത്തില കൈ കൊണ്ടു ചെവി പൊത്തിപ്പിടിച്ചു
കണ്ണ് മുറുകെയടച്ചു
കീഴ്ചുണ്ട് മുന്‍ നിര പല്ലുകൊണ്ടു
കടിച്ചു പിടിച്ചു;
വീഴ്ചയുടെ ശബ്ദമാണത്
ഞെട്ടിന്മേല്‍ കൈകൊണ്ടു തടവി ഉറപ്പു വരുത്തിയ ശേഷം
പഴുത്തില താഴേക്ക് നോക്കി ...
എല്ലാ പച്ചിലയും നിലം പൊത്തിയിരിക്കുന്നു!
പഴുത്തിലക്ക് വിഷാദമതല്ല
ഇനിയാര് ചിരിക്കും താന്‍ ഞെട്ടറ്റു വീണാല്‍
തളിരില പോലുമില്ലല്ലോ ഒരു ശിഖരത്തിലും !

Friday, May 21, 2010

നാമെത്ര നിസ്സഹായര്‍

ഒന്നും നമ്മുടേതല്ല
വലിച്ചും പുരത്തുമിടുന്ന നിശ്വാസം പോലും
നമ്മുടെ നിയന്ത്രണത്തിലല്ല
വിഹായസ്സിലേക്ക് പറന്ന വിമാനത്തെ നോക്കി
ഡസ്റ്റിനെഷനില്‍ കൃത്യ നേരത്തെത്തുമെന്നു നാം കണക്കു കൂട്ടുന്നെന്നു മാത്രം
നമ്മുടെ ഫോണ്‍കോളുകള്‍ ആരെത്തുമെന്നു പറഞ്ഞാണോ വിളിച്ചത്
അവരെ ദൈവം തിരിച്ചു വരാന്‍ പറഞ്ഞു

ബാരിക്കേഡുകള്‍ക്കപ്പുറത്ത് നിന്ന് നമ്മുടെ കൂട്ടുകാരന്‍
എന്താണ് പറഞ്ഞത് ?
ഇനിയൊരിക്കലും നമ്മള്‍ തമ്മില്‍ കാണില്ലെന്നോ ?
എന്താണ് അവരോടു പറയാതെ വിട്ടത് ?

ഉപ്പയുടെ ജനാസയുറെ കു‌ടെ നടക്കാന്‍
ഖബറില്‍ ഒരു പിടി മണ്ണിടാന്‍
വിളറിയ ആ പൂ മുഖത്തു അവസാനമുത്തം നല്‍കാന്‍
മക്കളെ തലോടാന്‍
പ്രിയതമയുടെ കാതില്‍ ആദ്യത്തെ കിന്നാരം പറയാന്‍
കുഞ്ഞുമോന് കിന്നരി പല്ലുകൊണ്ട് പറഞ്ഞൊപ്പിച്ച
കളിപ്പാവയാദ്യം നല്കാന്‍
നീണ്ട കാത്തിരുന്നോടുവില്‍ കിട്ടിയ
കണ്മണിയെ കണ്കുളിര്‍ക്കെ കാണാന്‍
മിന്നു കെട്ടാന്‍ കാത്തിരിക്കുന്ന പെങ്ങള്‍ക്ക്
കൂടെ പാര്‍ക്കുന്ന പയ്യന്‍റെ ഫോട്ടോ കാണിച്ചു സര്‍പ്രൈസ് വാര്‍ത്ത നല്‍കാന്‍
കട്ടിലില്‍ വയ്യാതായ് കിടക്കുമംമ്മയെആശ്വസിപ്പിക്കാന്‍
നീണ്ട നാല് മണിക്കൂര്‍ അവരെന്തകുമോ ഓര്‍ത്തിരിക്കുക

കീഴ്ക്കാം തൂക്കായാതാഴ്വരയില്‍
കിളിര്‍ക്കും ചെടികള്‍ക്ക് ....
ആ കൂട്ടരോടനത്തിന്‍ടെ അര്‍ത്ഥം മനസ്സിലായാവോ ആവോ ?


മുഖം മൂടി

അലാറം
സമയം അതിരാവിലെ നാലുമുപ്പത്
പുതപ്പിന് ഇനി വൈകുവോളം വിശ്രമം
പ്രാഥമിക കാര്യങ്ങള്‍ക്ക്
എന്ത് സ്പീഡ്
തലേന്നത്തെ ഭക്ഷണം
പുളിക്കാത്തതെന്നു ഉറപ്പിച്ചു
ഷൂലെസും കെട്ടാതെ
ശട്ട്ല്‍ സര്‍വീസിലേക്ക്
നെട്ടോട്ടം
ഹാവൂ ഇന്നും എനിക്ക് കമ്പനി ബസ്സ്‌
മിസ്സായില്ലല്ലോ
ഇനി എനിക്ക് പിന്‍സീറ്റിലിരുന്നു
കൂര്‍ക്കം വലിക്കാം
രണ്ടു മണിക്കൂര്‍ യാത്ര
എന്‍റെ അടച്ചകണ്ണുകള്‍ക്ക്‌ മാത്രം കാണാനുള്ള താണ്

എസ്സാ കൃതി യിലുള്ള വളവു
ഡ്രൈവര്‍ രണ്ടുവട്ടം തിരിച്ചു വിട്ടത് എന്‍റെ
ഉറങ്ങാത്ത മനസ്സില്‍ ഫാക്ടറി എതതിച്ചു
പിന്നെ തിടുക്കത്തില്‍ ഇറക്കം
ഇനി ഞാന്‍ അഭിനയം തുടങ്ങുകയായി
എന്‍റെ മുഖം മൂടി അഴിക്കാന്‍
ഇനി വൈകുന്നേരം വരെ കാത്തിരുന്നെ തീരൂ
ക്ഷമിക്കണം ഞാന്‍ ഇപ്പോള്‍ ഫാക്ടറി യിലെ
ഒരു ഉപകരണം മാത്രം !
എന്‍റെ നമ്പര്‍ മുന്നൂറ്റി പത്ത്

Thursday, May 20, 2010

എന്‍റെ സ്വകാര്യ ദുഖം

ചിരിക്കാന്‍ വേണ്ടിയായിരുന്നു
ഞാന്‍ അവനോടു സംസാരിച്ചത്

കണ്ണുകളിലെ ക്രഷ്ണമണികളാണ്
എന്നോട് മറുപടി പറഞ്ഞത്

ആരോടുമവന് പരാതിയില്ല
അനുഭവമനെ അങ്ങിനെയോക്കേയാക്കിതീര്‍ത്തു

ചത്തുജീവിചതിന്ടെ കഥയായിരുന്നു
എനിക്കവന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായുണ്ടായിരുന്നത്

വിലാസമാന്വേഷിക്കുവാന്‍ എനിക്ക് മറന്നു പോയി.
സ്വയം മറന്നതോ ? എനിക്കുമിപ്പോഴുമരിയില്ല

ഞാനിപ്പോഴുമാ അന്വേഷണത്തിലാണ്
അവനെ വീണ്ടും കാണാന്‍ വഴിവെച്ചെങ്കില്‍ !