Sunday, March 27, 2016

Nireekshanam : നാം എഴുതിത്തുടങ്ങുകയാണ് ......

നാം എഴുതിത്തുടങ്ങുകയാണ് ......

നാം , എല്ലാവരുമിവിടെ എഴുതിത്തുടങ്ങുകയാണ്. അങ്ങിനെ മാത്രമേ എഴുത്തുകാരും വായനക്കാരും ഈ ഉദ്യമങ്ങളെ കാണാവൂ.

ഒന്ന്  പ്രസിദ്ധീകരിച്ചതിന്നു  ശേഷം  അടുത്ത വിഷയത്തിലേക്ക് പേന എടുക്കുമ്പോൾ  തൊട്ടുമുമ്പുള്ളതിനേക്കാളും  ഒരണുവെങ്കിലും മെച്ചമാണെന്ന് എഴുത്തുകാരന് തോന്നണം.
അതിനുള്ള ഏക പോംവഴി, തിരുത്തി, തിരുത്തി വീണ്ടും തിരുത്തി പാകപ്പെടുത്തുക എന്ന് മാത്രം.
അറിയാത്ത പദങ്ങൾ അന്വേഷിക്കുക. അതിലെ അക്ഷരങ്ങൾ വീട്ടിലെ കുട്ടികളോടാണെങ്കിലും അന്വേഷിച്ചറിയുക.  അതിൽ ഒരു മടിയും കാണിക്കരുത്.

നിങ്ങൾ അന്വേഷിക്കുന്ന പദങ്ങൾ അന്നത്തെ പത്രവായനയിൽ ലഭിക്കും. ഒരു മാഗസിനിൽ കൂടിയുള്ള കണ്ണോടിക്കലിൽ ലഭ്യമായേക്കും. വായന ശീലമാക്കുക. ഗൌരവമുള്ള വായന.

RT യിലെ എഴുത്ത്പുര പുരോഗമിക്കുന്നു. നമുക്ക് ഇത്രയെങ്കിലും ചെയ്യാൻ സാധിക്കുന്നു. അത് തന്നെ ഒരു ''കിട്ടൽ'' ആണ്.

ഓർക്കുക, എഴുത്ത് ഗുണകാംക്ഷയാണ്. നമ്മുടെ കാഴ്ചപ്പാടാണ്. പ്രതിഷേധാഗ്നിയാണ്. മറുശബ്ദമാണ് പക്ഷെ, പകവീട്ടലും പകപോക്കലുമല്ല.


Nireekshanam _ ഒഴിവാക്കാം

ഒഴിവാക്കാം,
അനാവശ്യമെന്ന് തോന്നുന്ന പരാമർശങ്ങൾ

അഭിമാനം പ്രധാനമാണ്. അതിന് ക്ഷതം വരുത്താതെ നോക്കേണ്ടത് അതിലും പ്രധാനമാണ്. അന്ത്യ പ്രവാചകൻ വിടവാങ്ങലിൽ പറഞ്ഞത് - അഭിമാനം പരിശുദ്ധമെന്നാണ്. അത് സംരക്ഷിക്കപ്പെടണം.

പൊതു വേദിയിൽ (അല്ലാത്തിടത്തും വരെ  )  ഇടപെടലിന്റെ ഒരു കോഡുണ്ട്  - code of conduct.  എല്ലാവരും അത് കാത്ത് സൂക്ഷിക്കുക.

ഒരു തലമുറയെ, ഒരു പ്രദേശത്തെ, ഒരു കുടുംബത്തെ അല്ലെങ്കിൽ അതുപോലുള്ള എന്തിനെയും  മൊത്തം ആക്ഷേപ്പിക്കാൻ നമുക്കാർക്കും ഒരവകാശവുമില്ല.  അത് പല പ്രയാസങ്ങൾ ഉണ്ടാക്കും. അത്തരം പരാമർശങ്ങൾ ഉണ്ടാകുമ്പോൾ  ശബ്ദിക്കുന്നില്ല എന്നത് എന്തും എഴുതാമെന്നൊ പറയാമെന്നോ എന്നതിനുള്ള അനുമതി പത്രവുമല്ല.

ഒരു പൊതു വിഷയം, പൊതു പ്രശ്നം, പൊതു ഭവിഷ്യത്ത് പൊതു മണ്‍ഡലത്തിൽ  പറയുമ്പോൾ ഗുണകാംക്ഷ ആയിരിക്കണം നമ്മുടെ ഉദ്ദേശം.    അത് മാത്രം പോര. അതിൽ ഉപയോഗിക്കുന്ന ''ടോൺ'' പ്രധാനമാണ്.  വ്യക്തി, കുടുംബ, തലമുറ, പ്രത്യേക പ്രദേശ പരാമർശങ്ങളാകട്ടെ  ഒരിക്കലും ഉണ്ടാകുകയുമരുത്.

സദുദ്ദേശത്തോടെ ഈ കുറിപ്പ് കാണുക.  ഇതൊരു ചർച്ചയ്ക്ക് വഴിയൊരുക്കുകയും വേണ്ട.

ഒപ്പം, സമൂഹത്തിൽ ബാധിച്ച, ബാധിക്കുന്ന, ബാധിക്കാൻ സാധ്യതയുള്ള എല്ലാ തിന്മയ്ക്കും വേണ്ടാതീനത്തിനുമെതിരെ നമുക്ക് ഒറ്റക്കെട്ടായി, ഒരുമയോടെ, പൂർവാധികം ശക്തമായി ഒന്നിച്ചു  നിൽക്കാം.

.....ക്ക് വേണ്ടി 

Sunday, March 13, 2016

നിരീക്ഷണം ; വേനലിലെ വേദന അറിയുക

നിരീക്ഷണം

അസ്‌ലം മാവില

വേനലിലെ വേദന അറിയുക

മാര്ച് മാസം . ചൂട് അതി കഠിനം. മഴ വല്ലപ്പോഴും വന്നാൽ ഭാഗ്യം. ചെറിയ ചാറ്റൽ. അതൊന്നും വേനൽക്കാല ചൂടിനു പരിഹാരമല്ലല്ലോ.  ഒരു പാട് സാംക്രമിക രോഗങ്ങളും വേനലിലാണ് വരുന്നത്.  വെള്ളത്തിന്റെ ഷോർട്ടേജ് പല സ്ഥലത്തും അനുഭവപ്പെടും. ശുദ്ധവെള്ളം പ്രധാനമായും ഒരു വിഷയമാണ്.  കിണറുകൾ വറ്റും. ഉറവ അടയും. കാപ്പിയിൽ താഴ്ത്തുന്ന കയറിനും പമ്പിന്റെ പൈപ്പിനും എത്ര നീളം കൂടിയാലും കാര്യമില്ലാതെയാകും.

നമ്മുടെ നാട്ടിൽ ശുദ്ധ വെള്ള ലബ്ദിയുടെ പ്രയാസമുണ്ടോന്നു അറിയേണ്ടതുണ്ട്.  എല്ലാ വീടുകളിലെ കിണറുകളും ഒരേ പോലെ ആകണമെന്നില്ലല്ലൊ. വേനൽ കാലമായാൽ നിറ വ്യത്യാസം വരും. കുടിക്കുന്നതും കുളിക്കുന്നതും അലക്കുന്നതും ആ വെള്ളത്തിൽ തന്നെയായിരിക്കും. ഇങ്ങനെയുള്ള പ്രയാസങ്ങൾ എല്ലാവരും എല്ലാവരോടും ഓപണായി  പറഞ്ഞു കൊള്ളണമെന്നില്ല. സേവന പ്രവർത്തകർ ഇവ അന്വേഷിക്കേണ്ടതുണ്ട്.

കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ ഒരു വശത്ത് ശ്രമം നടക്കണം. രണ്ടു മൂന്നു വർഷം മുമ്പ് പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച  സ്പെഷ്യൽ ഗ്രാമ സഭകളിൽ പത്തിലധികം വാർഡുകളിൽ വിഷയാവതാരകനായി സംബന്ധിച്ചപ്പോൾ ഗ്രാമവാസികൾ പറഞ്ഞ ഏറ്റവും വലിയ  പരാതി കുടിവെള്ള ദൌർലഭ്യമായിരുന്നു.   കൊല്ല്യയിൽ നിന്നുള്ള  ഉമ്മമാരുടെയും അമ്മമാരുടെയും  ദീനമായ വാക്കുകൾ ഇന്നും കാതിൽ ഇരമ്പുന്നു.

 വീട്ടുവളപ്പിലെ കിണറുകളിൽ നിന്നും കുളങ്ങളിൽ നിന്നും എല്ലാ സീസണിലും  യഥേഷ്ടം  വെള്ളം ലഭിക്കുന്ന എന്നെ പോലുള്ളവർക്ക് അതിന്റെ ഗൌരവം അത്ര ഉൾകൊള്ളാൻ പറ്റി എന്ന് വരില്ല. പക്ഷെ, ദൈവ കൃപയാൽ മാത്രം ജീവജലം അല്ലലില്ലാതെ ഉപയോഗിക്കുന്നവർ ഈ പ്രയാസങ്ങൾ കാണുക തന്നെ വേണം - അത് അയൽ ഗ്രാമങ്ങളിലായാൽ പോലും.  പരിഹാരം,  ഗ്രാമങ്ങളിലെ കൂട്ടായ്മകളാണ് നിർദ്ദേശിക്കേണ്ടത്.  യുവാക്കൾക്ക് ഇതിൽ നന്നായി ഇടപെടാൻ സാധിക്കും. നമ്മുടെ ഗ്രാമത്തിൽ ഈ പ്രയാസം കുറവെങ്കിൽ, ആ കുറവ് പരിഹരിച്ചു, അയൽഗ്രാമങ്ങളിൽ ഈ അവശ്യസേവനത്തിനു കൈ കോർക്കാൻ സാധിക്കണം. ദാഹിച്ചപ്പോൾ നാക്ക് നീട്ടിയ നായയുടെ തൊണ്ട നനച്ച ഗണികയ്ക്ക് നാകലബ്ദി ലഭിച്ചത് ലോകോത്തര  തിരുമൊഴി.  എന്റെ അഭിപ്രായം : രാഷ്ട്രീയ കൂട്ടായമകൾക്കടക്കം ഞാൻ പറഞ്ഞ ഈ  വിഷയത്തിൽ നേതൃപരമായ പങ്ക് വഹിക്കണം.

അതോടൊപ്പം ''ഇഷ്ടം പോലെ വെള്ളം ഉണ്ട്'' എന്നത് നിർല്ലോഭം അത്  ഉപയോഗിക്കാനുള്ള ലൈസൻസല്ലെന്നും ഓർക്കുക. വീടുകളിൽ അകത്തും പുറത്തും  ടാപ്പ് നന്നായി അടച്ചു എന്ന് ഉറപ്പു വരുത്തുക. സോപ്പ് കുറച്ചു കുളിയുടെ സമയം കുറക്കുക.  തേച്ചാലും തേച്ചും പോയോന്നു ശങ്കയുള്ള  ''വസ്വാസ്  കുളി'' പ്രത്യേകിച്ച്.   പൊതു സ്ഥലങ്ങളിലുള്ള വെള്ളത്തിന്റെ ഉപയോഗം ആവശ്യത്തിനു മാത്രമാക്കുക. പള്ളികളിൽ പോകുന്നത് വീട്ടിൽ നിന്ന് അംഗ ശുദ്ധി ചെയ്താകുക. കളി സ്ഥലത്ത് നിന്നും പണിസ്ഥലത്തു നിന്നും വന്ന് പൊതു സ്ഥലങ്ങളിൽ വന്നു  കയ്യും കാലും   കഴുകുന്നതിന്‌ നിയന്ത്രണം ഉണ്ടാകുക. അത്തരം സന്ദർഭങ്ങളിൽ മൊബൈൽ ഉപയോഗിക്കാതിരിക്കുക. കുട്ടികളിൽ ഈ ശീലം ഉഉപദേശിക്കാൻ  പള്ളികളും മിമ്പറുകളും ഉപയോഗിക്കുക. കിണറുകൾ വൃത്തിയാക്കുക. ദിവസത്തിൽ ഒരു വട്ടമെങ്കിലും തൊട്ടി താഴ്ത്തി വെള്ളം കോരുക. ഇതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം.

വെള്ളം നമുക്ക് ലഭിച്ച  ഒരു അനുഗ്രമാണ്. അനുഗ്രഹം എപ്പോഴും തിരിച്ചെടുക്കാമെന്നത് ഓർമ്മ വേണം. സൂറത്തുൽ കഅഫ് വെള്ളിയാഴ്ചകളിൽ മുടങ്ങാതെ  പാരായണം ചെയ്യുന്നവരുടെ മനസ്സിൽ ഈ  വിഷയം  ഉണ്ടാകണം.  തൊണ്ടയും കുടലും എല്ലാവർക്കും പടച്ചവൻ ഒരേ മാതിരിയാണ് സംവിധാനിച്ചിട്ടുളളത്. തൊണ്ട വറ്റിയാൽ അതിൽ മൊതലാളി -തൊഴിലാളി വിവേചനം ഇല്ല. ഡീഹൈഡ്രെഷൻ (നിർജ്ജലീകരണം ) ആർക്ക് ആദ്യം അനുഭവപ്പെട്ടോ അവനാണ് ആദ്യം വീഴുക.

എല്ലാത്തിലും സൂക്ഷ്മത നല്ലതല്ലേ, ജല ഉപയോഗത്തിൽ പ്രത്യേകിച്ചും. രാജസ്ഥാനിൽ   ഈ അമൂല്യവസ്തു (ജലം) നാല് ദിവസത്തിലൊരിക്കൽ കിട്ടുന്ന ഒരു ഗ്രാമീണൻ പരുക്കൻ ശബ്ദത്തിൽ  എന്നോട് : അസലംജീ ....ജൽ ഹേ, തോ കൽ ഹേ. അതിങ്ങനെ പരിഭാഷ : ''വെള്ളമുണ്ടോ, എങ്കിൽ നാളെ വെള്ള കീറും''   (വെള്ള കീറുക = നാളെ പ്രഭാതമാകുക)

നിരീക്ഷണം ; അരാഷ്ട്രീയത്തെ ഭയക്കുക, അത് അറിയാതെ പറഞ്ഞാൽ പോലും

നിരീക്ഷണം

അരാഷ്ട്രീയത്തെ ഭയക്കുക, അത് അറിയാതെ പറഞ്ഞാൽ പോലും

അസ്‌ലം മാവില


വളരെ ഗൌരവത്തോടെ കാണേണ്ട ഒരു വിഷയമാണ് അരാഷ്ട്രീയം. ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ തലനാരിഴകളിലും നാടിമിടുപ്പിലും ആരാഷ്ട്രീയമല്ല ഉള്ളത്. മറിച്ച്  രാഷ്ട്രീയമാണ്. സ്വാത്രന്ത്യമെന്നു പറയുന്നത് പോലും രാഷ്ട്രീയത്തിന്റെ ഉപ്പു രസം മിശ്രമായ നിശ്വാസമാണ്. ദൻഡിയെന്ന് നാം രണ്ടു പ്രാവശ്യം കേൾക്കും ഇന്ത്യൻ ചരിത്രത്തിൽ.  അതിൽ ഒന്ന് സാൾട്ട് മാർച്ചാണല്ലോ.  ഉപ്പിനു പോലും രാഷ്ട്രീയമുണ്ടെന്ന് ഗാന്ധി പറയും.



സ്വാതന്ത്യാനന്തര ഇന്ത്യയിലും  രാഷ്ട്രീയമാണ് പ്രധാനം. നമ്മുടെ ജനാധിപത്യത്തിന്റെ സംഘഗാനത്തിന് രാഷ്ട്രീയം കൂടിയേ തീരൂ. അത് പക്വതയുള്ളവരുടെ കയ്കളിൽ എത്തുമെന്ന് ഉറപ്പു വരുത്തേണ്ടത് സാധാരണ ജനങ്ങളാണ്. ആ സ്ഥലത്തും അരാഷ്ട്രീയം പറഞ്ഞു ശ്രദ്ധ തിരിച്ചാൽ ഈ അനുഭവിക്കുന്ന സൌകര്യവും സ്വാതന്ത്ര്യവും, (അവയ്ക്ക് എത്ര തന്നെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും) അവ അപ്പാടെ കടലെടുക്കാൻ അധിക സമയം വേണ്ട.

വൈവിധ്യകാഴ്ചപ്പാടുകളാണ് ജാനധിപത്യത്തിന്റെ സൌന്ദര്യം.  അതിൽ വൈരുധ്യ രാഷ്ട്രീയമുണ്ട്. പക്ഷം പറയാൻ മാത്രമല്ല; പ്രതിപക്ഷം പറയാനും വൈവിധ്യങ്ങൾക്ക് സാധിക്കും. മതിൽ കെട്ടുന്ന മേസന് അതിന്റെ വളവും വണ്ണക്കുറവും അറിഞ്ഞു കൊള്ളണമെന്നില്ല. അത് നോക്കി നിൽക്കുന്നവർക്കേ അറിയാൻ പറ്റൂ. അതും ഒരകലത്തിൽ നില്ക്കണം. ഈ അകലം പാലിച്ചുള്ള രാഷ്ട്രീയമാണ് പ്രതിപക്ഷം.

ഏകപക്ഷീയം എന്നത് രാഷ്ട്രീയമല്ല. അത് കൊണ്ടാണ് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന നേതാക്കളും ജനാധിപത്യ വാദികളും പ്രതിപക്ഷങ്ങളെ ചെവിയോർക്കുന്നത്.  രാകി മിനുക്കി തീരുമാനങ്ങളിൽ സ്പുടത വരുത്താൻ രാഷ്ട്രീയത്തിലെ ബഹുസ്വരത നൽകുന്ന സ്വാധീനം ചെറുതല്ല.  നിയമ നിർമ്മാണ സഭകളിലും അതുമായി ബന്ധപ്പെട്ട ഉപസമിതികളിലും പ്രതിപക്ഷ സ്വരത്തിനു അതിന്റേതായ പ്രാധാന്യമുണ്ട്.

സുതാര്യതയാണ് ജനാധിപത്യ രാഷ്ട്രീയത്തിന്റെ സദ്‌ഗുണം. ഇന്ത്യയെ പോലുള്ള രാജ്യത്ത് രാഷ്ട്രീയ വീക്ഷണങ്ങളും ഇടപെടലുകളും കാവലാളായി നിലനിൽക്കണം. അവ നിരന്തരം വാഗ്വാദത്തിൽ ഏർപ്പെടണം.

കന്നയ്യ എന്ന ഗവേഷണ വിദ്യാർഥി നമുക്ക് മുന്നിൽ ചില രാഷ്ട്രീയ ചോദ്യങ്ങൾ ബാക്കി ആക്കുന്നുണ്ട്. ഇന്ന് നമ്മുടെ കുട്ടികളിൽ രാഷ്ട്രീയ സാക്ഷരത കുറഞ്ഞു വരുന്നുണ്ടോ എന്ന് മുതിർന്നവരാണ് ശ്രദ്ധിക്കേണ്ടത്. അൺഎയിഡഡ്‌ വിദ്യാഭ്യാസ രീതി അതിനു ഒരു കാരണമായോ എന്നും പഠനവിധേയമാക്കേണ്ടിയിരിക്കുന്നു.  

അരാഷ്ട്രീയം ഫാഷിസത്തിനുള്ള വഴി മരുന്നാണ്. ഹിറ്റ്ലർ ആദ്യം ചെയ്തത് - തീർപ്പു കൽപ്പിക്കാൻ പറ്റാത്ത  പ്രശ്നങ്ങൾ സ്വയം ഏറ്റെടുത്തു.  അത് മറച്ചത്  പിന്നെ ഹിഡൻ അജണ്ട പുറത്തെടുത്തായിരുന്നു.  ''ഒരേ റേസ്'' എന്നത്  മുദ്രാവാക്യവും ലക്ഷ്യവുമാക്കി.  ഭിന്ന സ്വരക്കാരുടെ നാവരിഞ്ഞു. പിന്നെ കണ്ടത് ചരിത്രം.

സമകാലീന ഇന്ത്യയിൽ ഒന്ന് കൂടി രാഷ്ട്രീയ പ്രബുദ്ധരാകാൻ  സമയം കണ്ടെത്തണം. ''എനിക്ക് രാഷ്ട്രീയമില്ല'' എന്ന് പറയുന്നതും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തിണ്ണബലത്തിലാണ്. ''നോ വോട്ട്'' എന്ന് പറയുന്നതും അങ്ങിനെ തന്നെ. രാഷ്ട്രീയക്കാരനെ വിശ്വസിക്കാം ; അരാഷ്ട്രീയത്തെയാണ് ഭയക്കേണ്ടത്.  തിരഞ്ഞെടുപ്പുകൾ വരുമ്പോൾ മാത്രം പറയാനുമുള്ളതല്ല രാഷ്ട്രീയം. ഒരു പ്രഭാതത്തിലും നമ്മെ എതിരേൽക്കുന്നത് രാഷ്ട്രീയമാണ്.

ഇവെന്റ്റ് മാനേജ്മെന്റ്റ് രീതിയിലേക്ക് ഇന്ത്യൻ രാഷ്ട്രീയം വഴി മാറുന്നുണ്ടോ ? അത് എന്റെ  മാത്രം സംശയമാണോ ? 2014 ലെ  മോഡിയും  2015 ലെ ബീഹാർ നിതീഷും  പ്രശാന്തിനെ ആശ്രയിക്കുന്നു. അതേ പ്രശാന്ത് തന്നെയാണ്   രാഹുലിനെ സഹായിക്കാൻ പഞ്ചാബിലും പരിസര സംസ്ഥാനങ്ങളിലും എത്തുന്നത് !
മുഴുസമയ രാഷ്ട്രീയക്കാർക്ക് എന്തായിരുന്നു പണി ? പഴയ സൌഹൃദത്തിലെ ഒരു കോളേജ് പ്രൊഫസർ ചോദിച്ചത് പോലെ - ''എന്നാ പിന്നെ പ്രശാന്തിന് ഇന്ത്യ മൊത്തമങ്ങ്‌ ഭരിക്കരുതോ ?'' ഈ തമാശയ്ക്കുള്ള ചോദ്യം പോലും ഭയമുണ്ടാക്കുന്നു.

Economics Times പത്രത്തിലെ ഈ മാസം ആദ്യ വാരത്തിലെ പേജുകളിൽ മൊത്തം പ്രശാന്ത് കുമാറിന്റെ വാർത്തകൾ മാത്രം ഓൺലൈൻ ഫ്രന്റ്‌ പേജിൽ. അറിയാവുന്നവരോടൊക്കെ ചോദിച്ചു - എനിക്ക് തൃപ്തി കരമായ ഒരു ഉത്തരം തന്നില്ല. ഇത് നിസ്സംഗതയിലേക്ക്  വഴിവെക്കും.  ''അയാൾ പോയി ഡാറ്റ ശേഖരിക്കട്ടെ,  അയാൾ പ്രശ്നവും പരിഹാരവും കണ്ടെത്തട്ടെ. നമുക്ക് അയാൾ പറയുന്ന സമയത്ത് ഗോദയിൽ ഇറങ്ങാ''മെന്ന സമീപനത്തിലേക്ക് വഴി മാറുമോ ?  ഹിലാരിക്ക് ഇങ്ങിനെ ഒരാൾ ഇല്ലാതെ പോയി എന്ന ഒരു ലേഖകൻ പരിതപിക്കുന്നതും വായിച്ചു.!

ഈ കുറിപ്പിന്റെ അവസാനത്തിലേക്ക്- തീൻ മേശയിലെ മെനുവിൽ പോലും അരാഷ്ട്രീയം അനുവാദമില്ലാതെ കടന്നു വരും. നമുക്ക് ഇഷ്ടമുള്ളത് ഭുജിക്കാൻ പോലും സക്രിയ രാഷ്ട്രീയം ഉണ്ടായേ തീരൂ.  ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം വികസനമടക്കം എല്ലാം രാഷ്ട്രീയമാണ്. 

Saturday, March 12, 2016

RT യിലെ വന്ന രണ്ടു രചനകളെ കുറിച്ച് എന്റെ അഭിപ്രായങ്ങൾ / Aslam Mavilae




------------------------------------------------------------------------------------
1)
''വൈദ്യുതി'' ബന്ധം ഉപയോഗിച്ച് നമ്മുടെ അദ്ധി വിശദീകരണം എഴുതിയപ്പോൾ ഞാൻ ഓർത്തുപോകുന്നത് എന്നും രാവിലെ വാർക്കപണി സൈറ്റിലേക്ക് എന്റെ കൂടെ (അവരുടെ കൂടെ എന്നതാണ് ശരി) വരുന്ന മൂന്ന് എഞ്ചിനീയർമാരെ കുറിച്ചാണ്. ഒരാൾ ദൽഹിക്കാരൻ, പിന്നെ ഒരാൾ ബീഹാരി, മറ്റൊന്ന് യു.പി.

ആദ്യം ;പറഞ്ഞ കക്ഷി പൈപ്പിംഗ് എഞ്ചിനീയർ, രണ്ടാമത്തേത് ഇൻസ്റ്റ്രുമെന്റെഷൻ എഞ്ചിനീയർ, അവസാനത്തെ കക്ഷി ഇലക്ട്രിക്കൽ.  മൂന്നു പേരും ജഗപൊഗ. 40 മിനിറ്റ് സൈറ്റ് ഓഫീസിലേക്കുള്ള വാഹന യാത്ര ഈ ഭയ്യാമാരുടെ ബിടൽസ് കേട്ടിട്ടാണ്.  പലതും ''മിസാൽ'' പറയുന്നത് അവരവരുടെ ജോലിയും പണിസ്ഥലവും പനിയായുധവുമായി ബന്ധപ്പെട്ടായിരിക്കും.  അവർക്ക് അത് ഈസിയായി മനസ്സിലാക്കാൻ പറ്റും. എനിക്ക് അൽപം ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച്  ഇൻസ്റ്റ്രുമെന്റെഷൻ.    ഈ  സംഭവം ഇങ്ങിനെയൊക്കെ ആണെന്നതും ഇത് പഠിച്ച എഞ്ചിനീയർക്കും റ്റെക്നീഷിയനും ഇമ്മാതിരി ശമ്പളമൊക്കെ ഉണ്ടെന്നതും കേൾക്കുന്നതും കാണുന്നതും സഊദിയിൽ എത്തിയിട്ടാണ്. അത് വരെ ഞാൻ ഇൻസ്റ്റ്രുമെന്റെഷൻ  കേട്ടിരുന്നത് കണക്ക് പഠിക്കുമ്പോൾ നമ്മളൊക്കെ വാങ്ങിയിരുന്ന ചവണ, ചക്കുവണ്ടി (പെൻസിൽ ഇട്ടു വട്ടത്തിൽ കറക്കുന്നത്), മട്ടം, പപ്പടം പകുതി മുറിച്ച പോലുള്ള ഒന്ന്, സ്കെയിൽ, അച്ചാർപോലെ ഒരു റബ്ബർ, പിന്നെ റബ്ബർ മോതിരമിട്ട ഒരു പെൻസിൽ ഇവയൊക്കെ അടങ്ങിയ ഒരു ബോക്സിനെ കുറിച്ചായിരുന്നു.  മ്യൂസിക്കൽ ഇന്സ്ട്രു കേട്ടിട്ടുണ്ട്.

നമ്മുടെ നാട്ടിൽ രണ്ടു ഇൻസ്റ്റ്രുമെന്റെഷൻ എഞ്ചിനീയർമാർ ഉണ്ടെന്നത് കൂടി സാന്ദർഭികമായി പറയട്ടെ (BTech -നു പുറമെ  അഡീഷണലായി PG Diploma  പഠിച്ചെടുത്തത് )

anyhow ...അദ്ധി carry on ...with electrical ''misaal''
 -------------------------------------------------------------------------------------------------------

2)  പൂമ്പാറ്റയും പൂവാടിയും എന്നും ബാല്യകാല ഓർമ്മകളാണ്. ബാല്യ കാലത്തിന്റെ ക്ഷണിക ജീവിതത്തെ കാണിക്കാനായിരിക്കണം എല്ലാ എഴുത്തുകാരും ഇവ പരാമർശിക്കുന്നത്. നിർമ്മലത, നിഷ്കളങ്കത, നിർദോഷ കൈക്കുറ്റങ്ങൾ ...ബാല്യം അവ മാത്രമാണ്.  അസീസിന്റെ ഇന്നത്തെ episode വായിച്ചപ്പോൾ തോന്നിയത്. നോവൽ ഉഷാറാകുന്നുണ്ട്. Go ahead , Azeez ...

RT നമ്മുടെ ബോധമണ്ഡലത്തെ അലോരസപ്പെടുത്തുമ്പോൾ ..


RT നമ്മുടെ ബോധമണ്ഡലത്തെ അലോരസപ്പെടുത്തുമ്പോൾ ...

ഇപ്പോഴും തിട്ടമില്ല അലോരസമാണോ ആലോസരമാണോ ശരിയായ വാക്കെന്ന്. അറിയുള്ളവർ തിരുത്തുക. അങ്ങനെ കുറച്ചു വാക്കുകളുണ്ട് മലയാളത്തിൽ വേറെയും ( അങ്ങനെ , അങ്ങിനെ ; ഇങ്ങനെ ഇങ്ങിനെ; തെറ്റിദ്ധാരണ , തെറ്റുദ്ധാരണ (അതിൽ തന്നെ ''ധ'' വേണോ ''ദ്ധ'' വേണോ ), അച്ചൻ , അച്ഛൻ; ദുഃഖം , ദുഖം ; എല്ലവരും , എല്ലാവരും ....അവയുടെ നിര നീളും )

ഇങ്ങനെയെങ്കിലും നമ്മുടെ സാംസ്കാരിക ചുറ്റുവട്ടം സജീവക്കാൻ സാധിക്കുന്നത് ധാരാളമാണ്. എനിക്ക് ഉറപ്പുണ്ട് നമ്മുടെ ദൈനം  ദിന ഇടപെടലുകളിൽ  RT നൽകുന്ന സന്ദേശം ചെറുതല്ലാത്ത  സ്വാധീനം ചെലുത്തുന്നുണ്ടെന്ന്.

നമ്മുടെ കൂട്ടായ്മയിൽ പ്രതികരിക്കാനും എഴുതാനും പറയാനുമുള്ള ഒരു യുവ നിരയുണ്ട്. അവരിൽ പലരും എന്ത് കൊണ്ടോ മറനീക്കി മുന്നോട്ട് വരാൻ തയ്യാറാകുന്നില്ല. തിരശീല കുറെ സമയത്തേക്കുള്ളതല്ലല്ലോ. മതിലിനു പോലും  വാതിലുകളുണ്ട്.  എനിക്ക് ഒരു അഭിപ്രായം പറയാൻ തോന്നുന്നു - സമാനമായ രീതിയിലോ ഇതിലും ഭേദമെന്ന് തോന്നുന്ന രീതിലോ  ഒന്നോ ഒന്നിൽ കൂടുതലോ  കൂട്ടായ്മ(കൾ)ക്ക് രൂപം നൽകിക്കൂടേ ? RT യിലെ  സക്രിയരായ രണ്ടു മൂന്ന് പേരെ (നല്ല സൌഹൃദവും വ്യക്തി ബന്ധവുമുല്ല  ) ആ കൂട്ടായ്മയിൽ ഉൾപ്പെടുത്താം.  ഇവിടെ ഇടപെടുന്നത് ''എന്തോ പോലെ'' തോന്നുന്നുവെങ്കിൽ തീർച്ചയായും ആ വഴിക്കും ആലോചിക്കണം. അങ്ങിനെ സജീവമാകട്ടെ. എഴുതിയും പറഞ്ഞും ബോധ മണ്ഡലം  കനൽ തീർക്കട്ടെ.  RT യെ സംബന്ധിടത്തോളം, ''ഉൾക്കൊള്ളാൻ പറ്റാത്തത് പോലും ഉന്മെഷത്തോട് കൂടി നോക്കിക്കാണുവാനുള്ള സാഹചര്യമൊരുക്കുക'' എന്നതാണ് ലക്ഷ്യം.

അപരിചിതത്വും അക്ഷരഭയവും അപകർഷതയും ഒന്നും ഉണ്ടാകരുതെന്ന് കരുതിയാണ് വായന, മൊഴി, വര, വചസ്സ് ഇവയൊന്നും ആരോഗ്യകരമായ വിമർശനത്തിനു വിധേയമാക്കാൻ   പോലും RT സീനിയേർസ് മുതിരാത്തത്. അങ്ങനെ ഒരു നിലയിലേക്ക് നമുക്ക് എല്ലാവർക്കും എത്തിയാൽ തീർച്ചയായും പ്രസ്തുത വിഷയങ്ങളിൽ കഴിവുള്ളവരെ അതിഥികളായി കൊണ്ട് വന്ന് ചെയ്യാവുന്നതുമാണ്.

RT യിൽ നാം പാലിക്കുന്ന മൌനം പോലും ധന്യമാണ്. അത് നീണ്ടു നീണ്ട് പോകരുതെന്നേയുളൂ. ഒരു വര്ഷം മുമ്പുള്ള അന്തരീക്ഷമല്ല RT യിൽ ഇന്നുള്ളത്.   വളരെ പക്വവും പാകവുമായ അന്തരീക്ഷമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അത് തീർച്ചയായും ആരെന്ത് ചെറുതായി കണ്ടാലും exposed ആയ വസ്തുതയാണ്. നമ്മുടെ അഭിസംബോധന രീതിയിൽ തന്നെ മാറ്റം വന്നിട്ടുള്ളത് ചെറിയ മാറ്റമല്ലല്ലോ. ''RT യുടെ കൊമ്പി''ന്മേലുള്ള ചർച്ച പ്രസക്തമാകുന്നതും ഇവിടെയാണ്‌. . മഹ്മൂദിന്റെ കുറിപ്പ് ഇവിടെ പരാമർശം അർഹിക്കുന്നു; അദ്ദേഹത്തിന്റെ പേരും.

അസ്‌ലം മാവില 

Tuesday, March 8, 2016

നിരീക്ഷണം - ഈ അവധിക്കാലം സക്രിയമാക്കാൻ ....

നിരീക്ഷണം

ഈ അവധിക്കാലം സക്രിയമാക്കാൻ ....
നിരീക്ഷണം

അസ്‌ലം മാവില

പത്താം ക്ലാസ്സ് പരീക്ഷ അടക്കം മിക്ക പരീക്ഷകളും കഴിഞ്ഞു. എന്നിട്ടോ  ? സ്വാഭാവികമായും കുട്ടികൾ കളിച്ചും ഉല്ലസിച്ചും  അവധി ദിനങ്ങൾ ആഘോഷിച്ച് കൊണ്ടിരിക്കുന്നു. പുസ്തകകെട്ടുകൾ മുഴുവൻ ഒരു മൂലയിൽ കുന്ന് കൂടിയിരിക്കും. യൂണിഫോറം ധരിച്ചു ഇനി സ്കൂൾ മുറ്റത്തേക്ക് പോകണ്ട.  ഉച്ചക്കഞ്ഞിക്ക് ക്യൂ നിൽക്കണ്ട. മാതാപിതാക്കളുടെയും  സഹോദരങ്ങളുടെയും ഉച്ചയൂണും വൈകിട്ടുള്ള ചായയും ഒന്നിച്ചു കഴിക്കാം. ക്രികറ്റും കബഡിയും ഫുട്ബോളും ഉള്ള സൗകര്യം ഉപയോഗിച്ച് കളിക്കാം. വിരുന്നുകാരനായി ബന്ധു വീട്ടിൽ തങ്ങാം. എല്ലാം നല്ലത്. അങ്ങിനെതന്നെ വേണം.

അതിനിടയിൽ കിട്ടുന്ന സമയം ഉണ്ടാകുമല്ലോ. അതെങ്ങിനെ ഉഷാറാക്കാം ?  കുറച്ചു ദിവസങ്ങൾ എങ്ങിനെ ഉപകാരപ്പെടുത്താം. അതും കൂട്ടത്തിൽ ആലോചിക്കണ്ടേ ?

ആലോചിക്കണം. ഇത് പറയുമ്പോഴായിരിക്കും എല്ലാവർക്കും ഒടുക്കത്തെ തിരക്ക്. എന്ത് തിരക്ക് ? സാധാരണയുള്ള തിരക്ക് തന്നെ. പ്രത്യേകിച്ച് ഒന്നുമില്ല.

യുവാക്കൾക്ക് നല്ല സംഘാടകരാകാൻ പറ്റിയ അവസരമാണ്. മത സംഘടനകളിലെ വിവിധഗ്രൂപ്പുകൾ നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ ഉണ്ട്. ലൈബ്രറി കൂട്ടായ്മ ഉണ്ട്. ക്ലബ്ബുകൾ എല്ലായിടത്തും ഉണ്ട്. കുട്ടികളിൽ സാമൂഹ്യാവബോധമുണ്ടാക്കുന്ന പ്രോഗ്രാമുകൾ നടത്തുവാൻ അവർക്ക് സാധിക്കണം. സാംസ്കാരിക പരിപാടികൾ നടക്കണം.

 പതിവിനു വ്യത്യസ്തമായ പ്രസംഗപരിപാടിയിൽ നിന്ന് ഒരൽപം മാറി സർഗ്ഗമേളകളും സക്രിയപരിപാടികളും സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചു കൂടേ ?  കസേര അടുക്കി വെക്കുകയും അതിൽ ഇരുന്നു വെറും ശ്രോതാക്കളാകുകയും ചെയ്യുന്നതിനു പകരം, കുട്ടികളെ സംഘാടകരും ഒപ്പം അവർക്ക് കൂടി സജീവമാകാനും ആസ്വദിക്കാനും പറ്റിയ കളർഫുൾ സെഷനുകൾ ഉണ്ടാക്കാൻ നമുക്ക് സാധിക്കണം.

പ്ലസ് ടു മുതൽ മുകളിൽ പഠിക്കുന്ന വിദ്യാർഥികൾ മുന്നിട്ടിറങ്ങട്ടെ.  അറിയാത്തോന് ഒന്നും അറിയില്ല; അറിയുന്നോന് അതിന്റെ ബമ്പിൽ അനങ്ങുകയുമില്ല എന്ന ഇടപാട് (നിലപാട് ) തന്നെ മാറണം.  അഭിപ്രായ വ്യതാസം മറന്നു എല്ലാവരും വിവിധ ഭാഗങ്ങളിൽ കൂട്ടായി സെഷനുകൾ നടത്തുക. എത്രയെന്നു വെച്ചാണ് ഗ്രൂപ്പും ബ്ലോക്കും ആയി കഴിയുക. അങ്ങിനെ മക്കളുടെ അവധി ദിനങ്ങൾ സജീവമാകട്ടെ.  അതിനു അള്ള്‌ വെക്കുന്ന പരിപാടി ഒഴിവാക്കാം. പൂവാടിയിലെ ഈ പൂമ്പാറ്റകൾ, നമ്മുടെ  കുട്ടികൾ ഈ അവധിക്കാലമെങ്കിലും ഒന്നിച്ച് സക്രിയമാക്കട്ടെ.

പുകവലിക്കെതിരെ എക്സിബിഷൻ, പരിസ്ഥിതി മലിനീകരണത്തിനെതിരെ, പ്ലാസ്റ്റിക്‌ പാഴ്വസ്തുക്കളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരെ, അല്ലെങ്കിൽ രക്ത ഗ്രൂപ്പ്  നിർണ്ണ ക്യാമ്പ്, അതുമല്ലെങ്കിൽ ഖുർ-ആൻ ഹിഫ്ദ് മത്സരങ്ങൾ, രണ്ടു മാസത്തിൽ കുട്ടികൾ നേതൃത്വത്തിൽ നടത്തുന്ന സേവിംഗ് പോക്കറ്റ്‌ മണി കാമ്പയിൻ, പോസ്റ്റ്‌ഓഫീസിൽ ഒരു അക്കൌണ്ട് കാമ്പയിൻ അങ്ങിനെ അങ്ങിനെ.... നല്ല മനസ്സിൽ തോന്നുന്ന നല്ല ആശയങ്ങൾ.

യുവത്വം  നാട്ടിൽ വെറുതെ നഷ്ടപ്പെടുത്തരുത്. അത് പറഞ്ഞതിന് ഈ കുറിപ്പുകാരനെ കളിയാക്കരുത്.  പഠനം സേവനത്തോടെ ഒപ്പമാകണം. പ്ലസ്ടു മുതലങ്ങോട്ട് പഠിക്കുന്നവർക്ക് ഈ ബാധ്യത ഉണ്ട്. ചില മുതിർന്നവരെ  ഏതു നാട്ടിലും കാണും - ഗ്രാമത്തിലായാലും പട്ടണത്തിലായാലും.   പഠിച്ചു; അത്യാവശ്യം വിദ്യാഭ്യാസവും നേടി. അവർ ഇത്തരം വിഷയങ്ങളിൽ ഇടപെടാതെ ഒഴിഞ്ഞു മാറും. കുറ്റം ബോധം അലട്ടുന്നതാവാനേ സാധ്യതയുള്ളൂ. അതേസമയം  പഠിപ്പ് പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നവർ സജീവവുമായിരിക്കും. സാമൂഹിക പ്രതിബദ്ധതയാണ് കാരണം. നമ്മുടെ മോട്ടോ (ലക്ഷ്യം ) അതായിരിക്കട്ടെ, സാമൂഹികപ്രതിബദ്ധതയുള്ള കത്തുന്ന യുവത്വം.