Sunday, March 13, 2016

നിരീക്ഷണം ; വേനലിലെ വേദന അറിയുക

നിരീക്ഷണം

അസ്‌ലം മാവില

വേനലിലെ വേദന അറിയുക

മാര്ച് മാസം . ചൂട് അതി കഠിനം. മഴ വല്ലപ്പോഴും വന്നാൽ ഭാഗ്യം. ചെറിയ ചാറ്റൽ. അതൊന്നും വേനൽക്കാല ചൂടിനു പരിഹാരമല്ലല്ലോ.  ഒരു പാട് സാംക്രമിക രോഗങ്ങളും വേനലിലാണ് വരുന്നത്.  വെള്ളത്തിന്റെ ഷോർട്ടേജ് പല സ്ഥലത്തും അനുഭവപ്പെടും. ശുദ്ധവെള്ളം പ്രധാനമായും ഒരു വിഷയമാണ്.  കിണറുകൾ വറ്റും. ഉറവ അടയും. കാപ്പിയിൽ താഴ്ത്തുന്ന കയറിനും പമ്പിന്റെ പൈപ്പിനും എത്ര നീളം കൂടിയാലും കാര്യമില്ലാതെയാകും.

നമ്മുടെ നാട്ടിൽ ശുദ്ധ വെള്ള ലബ്ദിയുടെ പ്രയാസമുണ്ടോന്നു അറിയേണ്ടതുണ്ട്.  എല്ലാ വീടുകളിലെ കിണറുകളും ഒരേ പോലെ ആകണമെന്നില്ലല്ലൊ. വേനൽ കാലമായാൽ നിറ വ്യത്യാസം വരും. കുടിക്കുന്നതും കുളിക്കുന്നതും അലക്കുന്നതും ആ വെള്ളത്തിൽ തന്നെയായിരിക്കും. ഇങ്ങനെയുള്ള പ്രയാസങ്ങൾ എല്ലാവരും എല്ലാവരോടും ഓപണായി  പറഞ്ഞു കൊള്ളണമെന്നില്ല. സേവന പ്രവർത്തകർ ഇവ അന്വേഷിക്കേണ്ടതുണ്ട്.

കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ ഒരു വശത്ത് ശ്രമം നടക്കണം. രണ്ടു മൂന്നു വർഷം മുമ്പ് പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച  സ്പെഷ്യൽ ഗ്രാമ സഭകളിൽ പത്തിലധികം വാർഡുകളിൽ വിഷയാവതാരകനായി സംബന്ധിച്ചപ്പോൾ ഗ്രാമവാസികൾ പറഞ്ഞ ഏറ്റവും വലിയ  പരാതി കുടിവെള്ള ദൌർലഭ്യമായിരുന്നു.   കൊല്ല്യയിൽ നിന്നുള്ള  ഉമ്മമാരുടെയും അമ്മമാരുടെയും  ദീനമായ വാക്കുകൾ ഇന്നും കാതിൽ ഇരമ്പുന്നു.

 വീട്ടുവളപ്പിലെ കിണറുകളിൽ നിന്നും കുളങ്ങളിൽ നിന്നും എല്ലാ സീസണിലും  യഥേഷ്ടം  വെള്ളം ലഭിക്കുന്ന എന്നെ പോലുള്ളവർക്ക് അതിന്റെ ഗൌരവം അത്ര ഉൾകൊള്ളാൻ പറ്റി എന്ന് വരില്ല. പക്ഷെ, ദൈവ കൃപയാൽ മാത്രം ജീവജലം അല്ലലില്ലാതെ ഉപയോഗിക്കുന്നവർ ഈ പ്രയാസങ്ങൾ കാണുക തന്നെ വേണം - അത് അയൽ ഗ്രാമങ്ങളിലായാൽ പോലും.  പരിഹാരം,  ഗ്രാമങ്ങളിലെ കൂട്ടായ്മകളാണ് നിർദ്ദേശിക്കേണ്ടത്.  യുവാക്കൾക്ക് ഇതിൽ നന്നായി ഇടപെടാൻ സാധിക്കും. നമ്മുടെ ഗ്രാമത്തിൽ ഈ പ്രയാസം കുറവെങ്കിൽ, ആ കുറവ് പരിഹരിച്ചു, അയൽഗ്രാമങ്ങളിൽ ഈ അവശ്യസേവനത്തിനു കൈ കോർക്കാൻ സാധിക്കണം. ദാഹിച്ചപ്പോൾ നാക്ക് നീട്ടിയ നായയുടെ തൊണ്ട നനച്ച ഗണികയ്ക്ക് നാകലബ്ദി ലഭിച്ചത് ലോകോത്തര  തിരുമൊഴി.  എന്റെ അഭിപ്രായം : രാഷ്ട്രീയ കൂട്ടായമകൾക്കടക്കം ഞാൻ പറഞ്ഞ ഈ  വിഷയത്തിൽ നേതൃപരമായ പങ്ക് വഹിക്കണം.

അതോടൊപ്പം ''ഇഷ്ടം പോലെ വെള്ളം ഉണ്ട്'' എന്നത് നിർല്ലോഭം അത്  ഉപയോഗിക്കാനുള്ള ലൈസൻസല്ലെന്നും ഓർക്കുക. വീടുകളിൽ അകത്തും പുറത്തും  ടാപ്പ് നന്നായി അടച്ചു എന്ന് ഉറപ്പു വരുത്തുക. സോപ്പ് കുറച്ചു കുളിയുടെ സമയം കുറക്കുക.  തേച്ചാലും തേച്ചും പോയോന്നു ശങ്കയുള്ള  ''വസ്വാസ്  കുളി'' പ്രത്യേകിച്ച്.   പൊതു സ്ഥലങ്ങളിലുള്ള വെള്ളത്തിന്റെ ഉപയോഗം ആവശ്യത്തിനു മാത്രമാക്കുക. പള്ളികളിൽ പോകുന്നത് വീട്ടിൽ നിന്ന് അംഗ ശുദ്ധി ചെയ്താകുക. കളി സ്ഥലത്ത് നിന്നും പണിസ്ഥലത്തു നിന്നും വന്ന് പൊതു സ്ഥലങ്ങളിൽ വന്നു  കയ്യും കാലും   കഴുകുന്നതിന്‌ നിയന്ത്രണം ഉണ്ടാകുക. അത്തരം സന്ദർഭങ്ങളിൽ മൊബൈൽ ഉപയോഗിക്കാതിരിക്കുക. കുട്ടികളിൽ ഈ ശീലം ഉഉപദേശിക്കാൻ  പള്ളികളും മിമ്പറുകളും ഉപയോഗിക്കുക. കിണറുകൾ വൃത്തിയാക്കുക. ദിവസത്തിൽ ഒരു വട്ടമെങ്കിലും തൊട്ടി താഴ്ത്തി വെള്ളം കോരുക. ഇതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം.

വെള്ളം നമുക്ക് ലഭിച്ച  ഒരു അനുഗ്രമാണ്. അനുഗ്രഹം എപ്പോഴും തിരിച്ചെടുക്കാമെന്നത് ഓർമ്മ വേണം. സൂറത്തുൽ കഅഫ് വെള്ളിയാഴ്ചകളിൽ മുടങ്ങാതെ  പാരായണം ചെയ്യുന്നവരുടെ മനസ്സിൽ ഈ  വിഷയം  ഉണ്ടാകണം.  തൊണ്ടയും കുടലും എല്ലാവർക്കും പടച്ചവൻ ഒരേ മാതിരിയാണ് സംവിധാനിച്ചിട്ടുളളത്. തൊണ്ട വറ്റിയാൽ അതിൽ മൊതലാളി -തൊഴിലാളി വിവേചനം ഇല്ല. ഡീഹൈഡ്രെഷൻ (നിർജ്ജലീകരണം ) ആർക്ക് ആദ്യം അനുഭവപ്പെട്ടോ അവനാണ് ആദ്യം വീഴുക.

എല്ലാത്തിലും സൂക്ഷ്മത നല്ലതല്ലേ, ജല ഉപയോഗത്തിൽ പ്രത്യേകിച്ചും. രാജസ്ഥാനിൽ   ഈ അമൂല്യവസ്തു (ജലം) നാല് ദിവസത്തിലൊരിക്കൽ കിട്ടുന്ന ഒരു ഗ്രാമീണൻ പരുക്കൻ ശബ്ദത്തിൽ  എന്നോട് : അസലംജീ ....ജൽ ഹേ, തോ കൽ ഹേ. അതിങ്ങനെ പരിഭാഷ : ''വെള്ളമുണ്ടോ, എങ്കിൽ നാളെ വെള്ള കീറും''   (വെള്ള കീറുക = നാളെ പ്രഭാതമാകുക)

No comments: