Tuesday, March 8, 2016

നിരീക്ഷണം - ഈ അവധിക്കാലം സക്രിയമാക്കാൻ ....

നിരീക്ഷണം

ഈ അവധിക്കാലം സക്രിയമാക്കാൻ ....
നിരീക്ഷണം

അസ്‌ലം മാവില

പത്താം ക്ലാസ്സ് പരീക്ഷ അടക്കം മിക്ക പരീക്ഷകളും കഴിഞ്ഞു. എന്നിട്ടോ  ? സ്വാഭാവികമായും കുട്ടികൾ കളിച്ചും ഉല്ലസിച്ചും  അവധി ദിനങ്ങൾ ആഘോഷിച്ച് കൊണ്ടിരിക്കുന്നു. പുസ്തകകെട്ടുകൾ മുഴുവൻ ഒരു മൂലയിൽ കുന്ന് കൂടിയിരിക്കും. യൂണിഫോറം ധരിച്ചു ഇനി സ്കൂൾ മുറ്റത്തേക്ക് പോകണ്ട.  ഉച്ചക്കഞ്ഞിക്ക് ക്യൂ നിൽക്കണ്ട. മാതാപിതാക്കളുടെയും  സഹോദരങ്ങളുടെയും ഉച്ചയൂണും വൈകിട്ടുള്ള ചായയും ഒന്നിച്ചു കഴിക്കാം. ക്രികറ്റും കബഡിയും ഫുട്ബോളും ഉള്ള സൗകര്യം ഉപയോഗിച്ച് കളിക്കാം. വിരുന്നുകാരനായി ബന്ധു വീട്ടിൽ തങ്ങാം. എല്ലാം നല്ലത്. അങ്ങിനെതന്നെ വേണം.

അതിനിടയിൽ കിട്ടുന്ന സമയം ഉണ്ടാകുമല്ലോ. അതെങ്ങിനെ ഉഷാറാക്കാം ?  കുറച്ചു ദിവസങ്ങൾ എങ്ങിനെ ഉപകാരപ്പെടുത്താം. അതും കൂട്ടത്തിൽ ആലോചിക്കണ്ടേ ?

ആലോചിക്കണം. ഇത് പറയുമ്പോഴായിരിക്കും എല്ലാവർക്കും ഒടുക്കത്തെ തിരക്ക്. എന്ത് തിരക്ക് ? സാധാരണയുള്ള തിരക്ക് തന്നെ. പ്രത്യേകിച്ച് ഒന്നുമില്ല.

യുവാക്കൾക്ക് നല്ല സംഘാടകരാകാൻ പറ്റിയ അവസരമാണ്. മത സംഘടനകളിലെ വിവിധഗ്രൂപ്പുകൾ നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ ഉണ്ട്. ലൈബ്രറി കൂട്ടായ്മ ഉണ്ട്. ക്ലബ്ബുകൾ എല്ലായിടത്തും ഉണ്ട്. കുട്ടികളിൽ സാമൂഹ്യാവബോധമുണ്ടാക്കുന്ന പ്രോഗ്രാമുകൾ നടത്തുവാൻ അവർക്ക് സാധിക്കണം. സാംസ്കാരിക പരിപാടികൾ നടക്കണം.

 പതിവിനു വ്യത്യസ്തമായ പ്രസംഗപരിപാടിയിൽ നിന്ന് ഒരൽപം മാറി സർഗ്ഗമേളകളും സക്രിയപരിപാടികളും സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചു കൂടേ ?  കസേര അടുക്കി വെക്കുകയും അതിൽ ഇരുന്നു വെറും ശ്രോതാക്കളാകുകയും ചെയ്യുന്നതിനു പകരം, കുട്ടികളെ സംഘാടകരും ഒപ്പം അവർക്ക് കൂടി സജീവമാകാനും ആസ്വദിക്കാനും പറ്റിയ കളർഫുൾ സെഷനുകൾ ഉണ്ടാക്കാൻ നമുക്ക് സാധിക്കണം.

പ്ലസ് ടു മുതൽ മുകളിൽ പഠിക്കുന്ന വിദ്യാർഥികൾ മുന്നിട്ടിറങ്ങട്ടെ.  അറിയാത്തോന് ഒന്നും അറിയില്ല; അറിയുന്നോന് അതിന്റെ ബമ്പിൽ അനങ്ങുകയുമില്ല എന്ന ഇടപാട് (നിലപാട് ) തന്നെ മാറണം.  അഭിപ്രായ വ്യതാസം മറന്നു എല്ലാവരും വിവിധ ഭാഗങ്ങളിൽ കൂട്ടായി സെഷനുകൾ നടത്തുക. എത്രയെന്നു വെച്ചാണ് ഗ്രൂപ്പും ബ്ലോക്കും ആയി കഴിയുക. അങ്ങിനെ മക്കളുടെ അവധി ദിനങ്ങൾ സജീവമാകട്ടെ.  അതിനു അള്ള്‌ വെക്കുന്ന പരിപാടി ഒഴിവാക്കാം. പൂവാടിയിലെ ഈ പൂമ്പാറ്റകൾ, നമ്മുടെ  കുട്ടികൾ ഈ അവധിക്കാലമെങ്കിലും ഒന്നിച്ച് സക്രിയമാക്കട്ടെ.

പുകവലിക്കെതിരെ എക്സിബിഷൻ, പരിസ്ഥിതി മലിനീകരണത്തിനെതിരെ, പ്ലാസ്റ്റിക്‌ പാഴ്വസ്തുക്കളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരെ, അല്ലെങ്കിൽ രക്ത ഗ്രൂപ്പ്  നിർണ്ണ ക്യാമ്പ്, അതുമല്ലെങ്കിൽ ഖുർ-ആൻ ഹിഫ്ദ് മത്സരങ്ങൾ, രണ്ടു മാസത്തിൽ കുട്ടികൾ നേതൃത്വത്തിൽ നടത്തുന്ന സേവിംഗ് പോക്കറ്റ്‌ മണി കാമ്പയിൻ, പോസ്റ്റ്‌ഓഫീസിൽ ഒരു അക്കൌണ്ട് കാമ്പയിൻ അങ്ങിനെ അങ്ങിനെ.... നല്ല മനസ്സിൽ തോന്നുന്ന നല്ല ആശയങ്ങൾ.

യുവത്വം  നാട്ടിൽ വെറുതെ നഷ്ടപ്പെടുത്തരുത്. അത് പറഞ്ഞതിന് ഈ കുറിപ്പുകാരനെ കളിയാക്കരുത്.  പഠനം സേവനത്തോടെ ഒപ്പമാകണം. പ്ലസ്ടു മുതലങ്ങോട്ട് പഠിക്കുന്നവർക്ക് ഈ ബാധ്യത ഉണ്ട്. ചില മുതിർന്നവരെ  ഏതു നാട്ടിലും കാണും - ഗ്രാമത്തിലായാലും പട്ടണത്തിലായാലും.   പഠിച്ചു; അത്യാവശ്യം വിദ്യാഭ്യാസവും നേടി. അവർ ഇത്തരം വിഷയങ്ങളിൽ ഇടപെടാതെ ഒഴിഞ്ഞു മാറും. കുറ്റം ബോധം അലട്ടുന്നതാവാനേ സാധ്യതയുള്ളൂ. അതേസമയം  പഠിപ്പ് പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നവർ സജീവവുമായിരിക്കും. സാമൂഹിക പ്രതിബദ്ധതയാണ് കാരണം. നമ്മുടെ മോട്ടോ (ലക്ഷ്യം ) അതായിരിക്കട്ടെ, സാമൂഹികപ്രതിബദ്ധതയുള്ള കത്തുന്ന യുവത്വം. 

No comments: