Friday, February 10, 2017

കുട്ടിക്കാല കുസൃതിക്കണ്ണുകൾ/ ലക്കം 49

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

ലക്കം 49


പത്താം തരം ഒരുവിധം ഒപ്പിച്ചുകൂട്ടി ജയിച്ചു; പിന്നെ നേരെ പോകുന്നത് എല്ലാവരെയും പോലെ പതിനൊന്നാം ക്‌ളാസ്സിലേക്ക്. കുഞ്ഞിമാവി(യി)ന്റടീലെ വലിയ സ്‌കൂളിലാണ് ഞാൻ ചേർന്നത്. മാലതി ഡോക്ടറുടെ ഭർത്താവ് പ്രൊഫ. ടി.സി. മാധവപ്പണിക്കർ സാറായിരുന്നു അന്ന് അവിടെ പ്രിൻസിപ്പാൾ.  ഒമ്പത് മണിക്ക് മുമ്പ് ക്‌ളാസ് തുടങ്ങും . 250 മിനിറ്റ് ദിവസം ക്‌ളാസ്. ഉച്ചയ്ക്ക് ഒന്നേകാലിനു മുമ്പ് അവിടത്തെ പഠനം കഴിയും. പിന്നെ ഒന്നൊന്നൊര മണിക്കൂർ ബേയ്സ് ഫ്ലോറിലുള്ള കൊമേഴ്‌സ് ക്ലാസ്സിനു തൊട്ടടുത്തുള്ള  വിശാലയമായ ലൈബ്രറിയിൽ അരിച്ചു പെറുക്കിയുള്ള കൊട്ടക്കണക്കിന് പത്രവായന. അത് കഴിഞ്ഞു  നേരെ ഇറങ്ങി ടാഗോർ സ്‌കൂളിന്റെയും ഞങ്ങളുടെ സ്‌കൂളിന്റെയും ഇടയിൽ കാണുന്ന ഒരു ഇടനാഴിപോലുള്ള വഴിയിൽ  സ്റ്റെപ്പ് കയറി ഇറങ്ങിയാൽ കിട്ടുന്ന പള്ളിയിൽ ദുഹ്ർ നിസ്കാരം.  അതും കഴിഞ്ഞു നേരെ കൂട്ടുകാരായ സൗകു-സുകുമാരൊന്നിച്ചു  കിട്ടിയ ബസ്സിൽ കയറി ടൗണിൽ ഇറങ്ങും.

അന്ന് പഴയത്, പുതിയത് അങ്ങിനെ  ബസ്റ്റാന്റുകളില്ല. അവിടെ എത്തിക്കഴിഞ്ഞാൽ പ്രധാന പരിപാടികൾ  തെരുവ് കച്ചവടം നോക്കുക, ലാടവൈദ്യന്മാരുടെ തരികിട കാണുക ,  വ്യാജന്മാരുടെ നമ്പറുകൾ ശ്രദ്ധിക്കുക. അബൂബക്കർ സിദീഖ് ന്യൂസ് ഏജൻസി നടത്തുന്ന ബസ്റ്റാന്റിന്‌ പിൻവശത്തുള്ള പത്രകടയിൽ വെറുതെ ഓരോ പുസ്തകത്തിന്റെയും ചട്ട നോക്കി വായിക്കുക. ചെറിയ കുട്ടയിൽ ഓറഞ്ചും നാരങ്ങയും വിൽക്കുന്നവരുടെ ഒരു കയ്യിൽ എങ്ങിനെയാണ് അഞ്ചും ആറും എണ്ണം ഒതുങ്ങി നിൽക്കുന്നതെന്ന് നോക്കുക. ബസ്റ്റാന്റ് പരിസരത്തു നടക്കുന്ന മൈതാനപ്രസംഗം ആരുടേയായും  പ്രസംഗിക്കുന്നവർക്കും ഒരു ഉഷാറ് വരട്ടെയെന്നു കരുതി മുന്നിലുള്ള കസേരയിൽ തന്നെ  ഇരുന്ന് ''ഭയങ്കര ശ്രദ്ധയോടെ'' കേൾക്കുക.  ഏതെങ്കിലും ഒരു ഹാളിൽ തട്ടലും മുട്ടലും കേട്ടാൽ ശാസ്ത്രീയ സംഗീതമായിരിക്കുമെന്ന് കരുതി അവിടെക്കേറി അതൊക്കെ അന്വേഷിച്ചു അല്ല/ആണ്  എന്ന് ഉറപ്പു വരുത്തുക തുടങ്ങിയവയാണ്.

വ്യാജ  സിദ്ധ-ലാടന്മാരുടെ നമ്പറുകൾ പൊളിച്ചു കയ്യിൽകൊടുക്കുന്ന ഒരേർപ്പാടും ഞങ്ങൾക്ക് അന്നുണ്ടായിരുന്നു.  അങ്ങിനെയുള്ള രണ്ടു സംഭവങ്ങളാണ് ഇനി എഴുതുന്നത്. വായിക്കുന്നവർക്ക് വായിക്കാം.

അന്നത്തെ ബസ്റ്റാന്റിന്റെ പിൻവശം മുതൽ ബദ്‌രിയ ഹോട്ടൽ വരെയുള്ള ഏരിയയിലാണ് ഇപ്പറഞ്ഞവർ മൊത്തം  വിലസുന്നത്. ഒരു ദിവസം ബസ്സിറങ്ങിയപ്പോൾ കണ്ടത് ഒരു ചെറിയ പെൺകുട്ടിയെ  ഒരു വൃത്തത്തിന് നടുവിൽ ഇരുത്തിയിട്ടുണ്ട്. ആളുകൾ ഓരോന്നായി ചുറ്റും കൂടാൻ തുടങ്ങി.  കുട്ടിയുടെ അപ്പനായി ഒരാൾ അവിടെ വലിയ വാൾ പിടിച്ചു സിദ്ധ വേഷത്തിൽ നിൽപ്പുണ്ട്. അത്യാവശ്യം ആളുകൾ  നിറഞ്ഞു എന്നായപ്പോൾ അയാൾ  വാളെടുത്തു കുട്ടിയുടെ  വായയിൽ വെച്ചു ആഞ്ഞു വലിച്ചു, ആ പെങ്കൊച്ചിന്റെ വായിന്നു ചോര കവിളിൽ കൂടി ഒഴുകി ഒലിക്കാൻ തുടങ്ങി.  കുട്ടി നിലവിളിച്ചു ബോധം കെട്ടു വീണു. ഇത് കണ്ടതും ജനങ്ങൾ തിങ്ങി നിറഞ്ഞു വലയം തീർത്തു. അതിനിടയിൽ സിദ്ധൻ ഉറക്കെ പറയുന്നുണ്ട്, ''സർദ്ധിക്കുക, പോക്കറ്റദിച്ചാൽ നമ്മലെ പരയരുത്. '' എല്ലാരും അപ്പോൾ വലിയ കാര്യമായി പോക്കറ്റ് തപ്പാൻ തുടങ്ങി, ഞാനും സുകുവും  വെറുതെ പോക്കറ്റ് തപ്പി, ഒന്നും ഉണ്ടാഞ്ഞിട്ടല്ല, എന്നാലും ആ ഉള്ള  20 പൈസ പോയാൽ പിന്നെ അഞ്ചാറ് കിലോമീറ്റർ നടക്കണ്ടേ,  അത് കൊണ്ടാണ്.

സിദ്ധൻ അതിനിടയിൽ ഒരു പാട്ട കിലുക്കി ആദ്യത്തെ കളക്ഷൻ തുടങ്ങിക്കഴിഞ്ഞു. കുട്ടിക്ക് ബോധം വരാതെ ആരും പോകരുതെന്ന് അയാൾ ആജ്ഞാപിച്ചു.  ആ പെൺകുട്ടിയുടെ അവസ്ഥ കണ്ടു പലരും കാശ് കൊടുത്തു.  അയാൾ അവിടെകൂടിയിരുന്ന ആളുകളിൽ ഒരാൾക്ക് പാട്ട കൈമാറി അടുത്ത നടപടിയിലേക്ക് കടന്നു. ഞങ്ങളോടെല്ലവരോടും അവിടെ കുത്തിയിരിക്കാൻ അയാൾ ആവശ്യപ്പെട്ടു, പിന്നിലുള്ള നിരയിലുള്ളവർക്ക് ശരിക്ക്കാണാൻ പാകത്തിൽ .

ബോധം നഷ്ടപെട്ട കുട്ടിയുടെ മുഖത്തേക്ക് അയാൾ  ഒരു കമ്പിളി തുണിയിട്ട് മൂടി, എന്നിട്ട് പറഞ്ഞു - ഈ ''കുറ്റി ഇനി ഞമ്മലോദ് എല്ലം പറിയൂ, നിമ്മലെ മനസ്സില് ഉല്ലദ് ഈ കുറ്റി അരിയും.''
''ആഹാ ഇപ്പ്യോ കൊള്ളാലോ   '', എന്റെ കൂടെ വന്ന ഉദുമയിലെ സുകുവിന് വലിയ ആവേശമായി.  സിദ്ധന്റെ സഹായി ഉടനെ ഒരു കാക്കയുടെ തലക്കെട്ടിന്റെ അരിക് നോക്കി കമ്പിളിയിൽ മൂടിയ കുട്ടിയോട് ചോദിച്ചു:  ഇതിന്റെ നിറമെന്താണ് ? ''ചോപ്പ്'', ശരിയാണല്ലോ ! ഒരാളുടെ പേഴ്‌സ് പിടിച്ചു ചോദിച്ചു ഞാൻ എന്താണ് പിടിച്ചിട്ടുള്ളത് ? കുട്ടി : ''പാക്കട്ടി''. ഈ സേട്ടന്റെ കുപ്പായത്തിന്റെ കുടുക്ക് ഏത് നിറം ? ഉത്തരം റെഡി - ''കരുപ്പ്''. വാ പൊളിച്ചവൻ വാ പൊളിച്ചിടത്ത് ബാക്കി. അങ്ങിനെ എന്ത് ചോദിച്ചാലും കുട്ടി സടപടാന്നാണ് ഉത്തരം, അതാണെങ്കിലോ കിറുകൃത്യം. അതിനിടയിൽ സിദ്ധൻ രണ്ടാമത്തെ മെഗാ കളക്ഷൻ തുടങ്ങി. ഇപ്പോൾ പൈസ ഇട്ടത് ചെറിയ നാണയത്തുട്ടല്ല, നോട്ടുകളാണ്.  കാരണമെന്തന്നല്ലേ ? പൈസ ഇല്ല എന്ന് പറഞ്ഞു ആരും കള്ളം പറയരുത്, അങ്ങിനെ ചെയ്‌താൽ വീട്ടിൽ എത്തുമ്പോൾ നിങ്ങളുടെ പൈസ കാണില്ല, ''കുറ്റി സപിക്കും''. സുകു പാവം അവന്റെ കീശയിലുള്ള എക്സ്ട്രാ നാലണ എടുത്ത് പാട്ടയിൽ ഇട്ടു. ''കോയിന് ബേഡാ , നോട്ടു മാത്ര..'' സുകുവിന് അയാൾ പൈസ തിരിച്ചു കൊടുത്തു. അവനാണെകിൽ പൈസ തിരിച്ചു കിട്ടിയ സന്തോഷത്തിലും.

വീണ്ടും കുട്ടി അത്ഭുത സിദ്ധി പുറത്തെടുക്കാൻ തുടങ്ങി, ഇപ്പ്രാവശ്യം ഞാൻ ശ്രദ്ധിച്ചത്  ആ ചോദ്യങ്ങൾ ചോദിക്കുന്നവന്റെ രീതിയാണ്. ഓരോ ചോദ്യത്തിന് മുമ്പിലും ഒരു എക്സ്ട്രാ വേർഡ് പറയും. എന്നിട്ടാണ് ചോദ്യം. കുറ്റി സിറിക്കൂ, ഈ കുപ്പായത്തിന്റെ കളറെന്റ് ? ഇങ്ങോട്ടോക്ക് , ഈ സേട്ടന്റെ കയ്യിൽ എന്താണ് ? അങ്ങിനെയങ്ങിനെ ... അപ്പോൾ പഠിച്ച കള്ളന്മാരാണ് ഇവർ. അതിലും വലിയ കള്ളിയാണ് കമ്പിളിക്കുള്ളിൽ. സിഗ്നൽ ആദ്യം നൽകിയിട്ടാണ് ചോദ്യങ്ങൾ. കേൾക്കുന്ന നമുക്കൊട്ടു അറിയുകയുമില്ല.

പക്ഷെ, കൂടി നിന്നവരൊക്കെ ആകെ ഈ മായാജാലത്തിൽ  ലയിച്ചിട്ടുണ്ട്.  ഉടനെ സിദ്ധന്റെ പ്രഖ്യാപനം വന്നു. നിങ്ങളുടെ മനസ്സിൽ ഉള്ള കാര്യങ്ങൾ, പ്രശ്നങ്ങൾ എല്ലാം ഈ കുട്ടി പറയും, അതിൽ വിശ്വാസമുള്ളവർ മാത്രം, അവരവരുടെ പോക്കറ്റിലുള്ള മുഴുവൻ പൈസയും കയ്യിൽ എടുത്ത് കാണിക്കണം. പെട്ടെന്ന് കുട്ടി കമ്പിളിയിൽ നിന്ന് : ''ഇദ് പരഞ്ഞപ്പോ ഒരാളെ ജിമൻ പകുതി പോയി, അയാള് മാത്ര ഇവിടെ നിക്കരുത്.''  കൂടി നിന്നവരോടൊക്കെ സിദ്ധൻ കണ്ണുരുട്ടി  ചോദിച്ചു, നിങ്ങളാണോ അത് ? നിങ്ങളാണോ അത് ?  എന്നോടും ചോദിച്ചു, ഞാൻ സുകുവിനെ നോക്കി.  സുകു പറഞ്ഞു ; എന്റെ കയ്യിൽ ബസ്സിന്റെ പൈസ അല്ലാതെ വേറെ ഇല്ലെന്ന്.  കൂട്ടത്തിൽ ഒരാൾ സ്വയം മുന്നോട്ട്  വന്നു പറഞ്ഞു - ഞാനാണ് ആ കുട്ടി പറഞ്ഞ ആള്. അയാളോട്  സിദ്ധൻ ആജ്ഞാപിച്ചു  ''വിസ്വാസമില്ലാത്തോൻ നിക്കണ്ടാ,  പോ...'' അയാൾ മാപ്പ് പറഞ്ഞു. സിദ്ധൻ പറഞ്ഞു, കുറ്റി സമ്മതിച്ചാൽ നിൽക്കാം. ഉടനെ കുട്ടി : ''അയാലെ മനസ്സ് ഇപ്പൊ സരിയായി.''  ഓഹ്, ഗ്രീൻ ചിട്ടി കിട്ടിയ സന്തോഷം അയാൾക്ക് മാത്രമല്ല  , എല്ലാവർക്കും.  ഉടനെ കയ്യിലുള്ള നല്ല ഒരു നോട്ട് എടുത്ത് സിദ്ധനെ ഏൽപ്പിച്ചു.  അങ്ങിനെ മൂന്നാമത്തെ കളക്ഷനും പൊടിപിടിച്ചു തുടങ്ങി. അതിനിടയിൽ പോക്കറ്റടിച്ചൂന്ന് പറഞ്ഞു ചെറിയ ഒരു പ്രശ്നവും അവിടെ ഉണ്ടായി , ആളെ പക്ഷെ  കിട്ടിയില്ല. സിദ്ധൻ പറഞ്ഞു : ''ഞാന് അപ്പലേ പറഞ്ഞതാ, പോക്കറ്റടി സൂഷിക്കാൻ ..''  കുട്ടി വീണ്ടും : ''പോക്കറ്റടിച്ച ആള് ബസ്റ്റാന്റിൽ ബസ്സിന്‌ കാത്തിരിക്കുന്നു, ഇപ്പോള് ബസ്സ് കയറും  ''.

കയ്യിൽ നോട്ട് ഇല്ലാത്തത് കൊണ്ട് ഞങ്ങളെ ആ  ''പാട്ട കിലുക്കി  സഹായി '' അവിടെ നിൽക്കാൻ സമ്മതിച്ചില്ല.  കുറച്ചു മാറി നിന്ന് കാര്യങ്ങൾ ഞങ്ങൾ വീക്ഷിച്ചു.  സിദ്ധൻ ഓരോ ഭക്തമാരെയും  വെവ്വേറെ വിളിച്ചു  എന്തൊക്കെയോ ചോദിക്കുന്നു,  പറയുന്നു.  എന്നിട്ട്  നല്ല നാലെണ്ണം ''സുദ്ദ ബിസ്വാസക്കാരെ'' മാറ്റി നിർത്തി, ബാക്കിയെല്ലാവരോടും പിരിഞ്ഞു പോകാൻ പറഞ്ഞു. പ്രശ്നങ്ങളുടെ മുഖവുര കേട്ട ശേഷം ഇവരെ അവർ റൂമിൽ  വരാൻ വേണ്ടി നിർബന്ധിക്കുകയാണ്.  അവിടെ കൊണ്ട് പോയി ഈ മിസ്കീനുകളുടെ കീശയിലുള്ള ബാക്കി ഉരുപ്പടി  കൂടി ഊറ്റി കുടിക്കാനുള്ള ഏർപ്പാട് !  അവർ ആ വാക്കുകളിൽ വീണു. മുമ്പിൽ സിദ്ധനും പെൺകുട്ടിയും, പിന്നിൽ സാഹായിയും രണ്ടു പേരും, അതിന്റെ പിന്നിൽ നാല് പേര്.  ഞങ്ങൾ രണ്ടു പേരും ഇവരെ പിന്നാലെ നടന്നു, എയർലൈൻസ് ബിൽഡിങ്ങിലാണ് ഇവരുടെ റൂം. കൂടെ പോകുന്ന നാല്പേരിൽ  രണ്ടു പേരെ കണ്ടാൽ അറിയാം, നാടന്മാർ,  ഏതോ അള്ളി പ്രദേശത്തു നിന്ന് വന്നവർ.  ബാക്കി രണ്ടു പേർ, അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി ഈ സിദ്ധന്റെ ആളുകളെന്ന്.  ഇവരുടെ ഉത്സാഹം കണ്ടിട്ടാണ് ആ പാവങ്ങൾ രണ്ടും കുടുങ്ങിയത്. ഞങ്ങൾ രണ്ടാളും പോയി ആ മിസ്കീനുകളോട്  മെല്ലെ പറഞ്ഞു : നിങ്ങൾക്ക് പ്രാന്താണോ, ഇവർ രണ്ടാളും അവരുടെ ആൾക്കാരാണ്.  ''ഒക്കാ....'' എന്ന് പറയുന്നതേ കേട്ടുള്ളൂ, അവർ ആ സിദ്ധന്മാരുടെ കയ്യിന്ന് എങ്ങിനെയോ തടിഎടുത്തു.

പതിനൊന്നിൽ പഠിക്കുമ്പോൾ തന്നെ ഉണ്ടായ   രണ്ടാമത്തെ സംഭവം ഇനി പറഞ്ഞു ഇന്നത്തെ ലക്കം തീർക്കാം.

തൊട്ടടുത്ത ഗ്രാമത്തിൽ ഒരു വ്യാജ സിദ്ധൻ കുറച്ചു ആഴ്‌ചകളായി വൈദ്യവും തടവലും  തുടങ്ങിയിട്ട്. റേഷൻ കടയുടെ മുന്നിലുള്ള പൊട്ടിപ്പൊളിയാറായ ഒരു കടയിലാണ് ഇയാളുടെ സിദ്ധകൂടോത്രകേന്ദ്രം.  നാട്ടിലെ രോഗികൾ കുറവാണെങ്കിലും പുറത്തു നിന്നൊക്കെ പെണ്ണുങ്ങൾ  വന്നുകൊണ്ടിരിക്കുകയാണ്. (അതിനായി കുറെ എണ്ണം  പറയിപ്പിക്കാൻ ബുർഖയുമിട്ട് ഒരുങ്ങി  ഇറങ്ങുമല്ലോ).  കടയുടെ മുതലാളിക്ക് ഈ വ്യാജൻ  കഴിഞ്ഞ രണ്ടു മൂന്ന് മാസമായി വാടകയും കൊടുത്തിട്ടില്ല പോലും.  കടമുതലാളിക്കാണെങ്കിൽ വാടക ചോദിച്ചാൽ  ഇയാൾ വല്ല കൂടോത്രവും ചെയ്ത്കളയുമോന്ന് പേടിയും.  ആ നാട്ടിലെ എന്റെ കൂട്ടുകാരൻ സൗകൂ എപ്പോഴും ഇതിന്റെ കഥ പറഞ്ഞുകൊണ്ടേയിരിക്കും.

ഒരു ദിവസം മറ്റൊരു സൗകുവും  ഞാനും ആദ്യത്തെ സൗകുവും കൂടി  വ്യാജന്റെ ചികിത്സാ കേന്ദ്രത്തിൽ കയറി, സൗകുവിന്  വയറ്റുവേദനയാന്ന് പറഞ്ഞു.  അകത്തു കയറിയപ്പോൾ   സൗകൂവിനു ഒരു അര ഡൌട്ട്,  അല്ലാ, പറഞ്ഞത് പോലെ ശരിക്കും വയറ്റു വേദന ആണല്ലോ.  ഇയാൾ വല്ല ലെക്കിണീസും ചെയ്തു കളയുമോന്ന് അവന്റെ  ഉള്ളിലൊരു കാളൽ..  ഉടനെ തന്നെ സൗകൂ  അവിടെനിന്ന് സ്കൂട്ടായി.  വ്യാജൻ  അകത്തു കയറി ഒരു ചെംച്ചം പോലെയുള്ള സാധനത്തിൽ പുകയിലയിട്ടു കത്തിച്ചു ഊതി മുക്കിൽ കൂടി പുക പുറത്തിട്ടു കൊണ്ട് പഴയ ഫിലിമിലെ ബാലൻ കെ. സ്റ്റൈലിൽ  പുറത്തിറങ്ങിയിട്ട് , അവിടെ  ബാക്കിയായ ഞങ്ങളെ രണ്ടാളെയും ഒന്ന് കടുപ്പിച്ചു നോക്കി. ദുബായിൽ ചില സ്വർണ്ണക്കട നടത്തുന്ന അധോലോകനായകന്മാരുടെ കട നടത്തിപ്പുകാരെ കണ്ടാൽ ഗുജറാത്തികൾ പേടിക്കുമെങ്കിലും നമ്മുടെ മലബാരികൾക്ക് ഒരു ചുക്കും  തോന്നാത്തത് പോലെ നിസ്സംഗരായി ഞങ്ങൾ രണ്ടു പേരും   അയാളെ കുറെ നോക്കി. അതിനിടയിൽ    ഞങ്ങൾ   പുള്ളിക്കാരന്റെ കൂടോത്രകേന്ദ്രമൊക്കെ  മൊത്തത്തിലൊന്ന് സ്ക്രീൻ ചെയ്തു കഴിഞ്ഞിരുന്നു.

ഒന്ന്, രണ്ട്  സാണിന്റടി .  പിന്നെ ഒരു മരത്തിന്റെ പേന. വേറെ കുറെ കളമിട്ട അറബി മലയാളത്തിലൊക്കെ എഴുതിയ കോളങ്ങൾ അടങ്ങിയ (ഞങ്ങൾ പണ്ട്  ടൈം ടേബിൾ എഴുതിയിരുന്ന സ്റ്റൈലിൽ തലങ്ങും വിലങ്ങും എഴുതിയ) പേപ്പറുകൾ. കുറച്ചു ഗ്രീൻ ടവ്വൽസ്. മഷിക്കുപ്പി. ചരട് ... അങ്ങിനെയെന്തൊക്കെയോ അവിടെ ഉണ്ട്. വ്യാജ ഡോക്ടർ ഞങ്ങളെയും ഞങ്ങൾ വ്യാജനെയും കുറെ നേരം നോക്കിക്കൊണ്ടിരുന്നു.  അയാൾ ചോദിച്ചു  ''സൗഖ്യ ഇല്ലാത്തോന്  ഓടെ ? ഓനെ ബിൾചിട്ട് വാപ്പാസ് കൊണ്ട് ബാ....'' സംസാരം കേട്ടപ്പോൾ തന്നെ മനസ്സിലായി ഇത് സുള്യ/മടിക്കേരി ഭാഗത്തു നിന്നോ മറ്റോ കെട്ടി വലിച്ചു കൊണ്ട് വന്ന ''വണ്ടീവ്വലിയുമാണെന്ന്.''   ഞങ്ങൾ പറഞ്ഞു, ഇവിടെ കക്കൂസില്ലാത്തത് കൊണ്ട്   അവൻ രണ്ടിനുന്നും പറഞ്ഞു പുറത്തു പോയി, ഇപ്പോൾ വരും.  ഇവിടെ കക്കൂസുണ്ടോ ? മറ്റേ സൗകുവിന്റെ ചോദ്യം. കാരണം അവനു ഒന്നിന് പോകാനെയ്.  ഞാൻ കൂടോത്രക്കാരനോട് പറഞ്ഞു -  അവനെ ഇപ്പോൾ കൂട്ടിക്കൊണ്ട് വരാം.

പുറത്തിറങ്ങിയപ്പോൾ മധൂർ സൗകൂ ഒരു മതിലിനു ചാരി നിന്ന് ശ്വാസം മേലോട്ടും താഴോട്ടും എടുക്കുകയാണ്, അവന്റെ തടിയിൽ പേടി കയറിക്കൂടിയിട്ടുണ്ട്. ഞങ്ങൾ വ്യാജനോട് തർക്കുത്തരം പറഞ്ഞത് അവനു തീരെ പിടിച്ചിട്ടില്ല.  അവൻ അറിയേണ്ടത് ഞങ്ങളോട് വ്യാജൻ എന്താണ് പറഞ്ഞെതെന്താണെന്ന്. നിന്റെ വയറ്റു വേദന അയാൾ  അവിടെ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. പോയില്ലെങ്കിലും പ്രശ്‌നമില്ല അയാൾ എല്ലാം തുടങ്ങിയിട്ടുണ്ട്. ഇതും പറഞ്ഞു  അവന്റെ പകുതിക്കുള്ള ഇറങ്ങിപ്പോക്കിൽ വിമ്മിഷ്ടം അറിയിച്ചു ഞങ്ങൾ രണ്ടും വീട്ടിലേക്ക്നടന്നു.

രണ്ടു ദിവസം കഴിഞ്ഞു ഞങ്ങൾ ഒരു മഗ്‌രിബ് സമയത്തു ഡോക്ടറെ ഒന്ന് ചുമ്മാ കണ്ടുകളയാം എന്ന് കരുതി വ്യാജന്റെ ക്ലിനിക്കിൽ വെറുതെ ഒന്ന്  കയറി. .  മിണ്ടിയും പറഞ്ഞിരുന്നാൽ കാശൊന്നും കൊടുക്കേണ്ടല്ലോ. പക്ഷെ,  അകത്തു നമ്മുടെ ''പൂ മുത്ത്'' ഇല്ല.  പച്ചത്തുണികൊണ്ട്മറച്ച കൺസൾട്ടിങ് റൂമിന്റെ വിരി ഒരല്പം  നീക്കി നോക്കി. ഞങ്ങളെ നേരത്തെ കണ്ടിട്ട് അയാൾ അവിടെയെങ്ങാനും പതുങ്ങി ഇരിപ്പുണ്ടോ എന്നു നോക്കാൻ. കിം ഫലം.  ടിയാൻ  അവിടെയുമില്ല.  പിന്നെ ഒന്നും ആലോചിച്ചില്ല. അയാളുടെ ടേബിളിലും കൺസൾട്ടിങ് റൂമിലുമുള്ള മുഴുവൻ കൂടോത്ര വസ്തുക്കളും അങ്ങിനെ തന്നെ തുണിയിൽ ചുറ്റിയെടുത്തു പെട്ടെന്ന് പടി  ഇറങ്ങി നടന്നു . അതിലെ മരത്തിന്റെ പേനയോട് എനിക്ക് മുമ്പേ ഒരു കണ്ണുണ്ടായിരുന്നത് കൊണ്ട് അത് ഞാൻ എടുത്ത് പോക്കറ്റിൽ വെച്ചു.  ബാക്കി മൊത്തം കൂടോത്രങ്ങളും  വരുന്ന വഴിക്ക് മധു വാഹിനിപ്പുഴയ്ക്ക് സമർപ്പിച്ചു. പുഴ അത് കിട്ടിയപാട് കളകളാ ശബ്ദമുണ്ടാക്കി ''കൊച്ചു കള്ളാ..'' എന്നും പറയുന്നതുപോലെ  തോന്നിച്ചു  താഴോട്ടേക്ക് ആ കൊറിയറും കൊണ്ട്  ഒലിച്ചു പോയി,  അതെവിടെ കൊണ്ട് പോയികൊടുക്കണമെന്നു പുഴയ്ക്ക് നല്ല നിശ്ചയമുളളത് പോലെ.

പിറ്റേ ദിവസം ഞങ്ങൾ രണ്ടാളും  വൈകുന്നേരം പഠിത്തം കഴിഞ്ഞു   തിരിച്ചു വരുമ്പോൾപുള്ളിക്കാരൻ പുതിയ ലേറ്റസ്റ്റ്  സാമഗ്രികൾ വല്ലതും കൊണ്ട് വന്നു ഇരിപ്പുണ്ടോ എന്ന് അറിയാൻ  കൂടോത്ര സെന്റർ ഒന്ന്  ഏന്തി നോക്കി,  അപ്പോഴാണ് ഒരുത്തൻ ഞങ്ങളുടെ  മുന്നിൽ ചാടി വീണത്, നമ്മുടെ ''വയറ്റുവേദന'' സൗകൂ തന്നെ.   അവൻ പറഞ്ഞു - നിങ്ങളെ ഞാൻ കാത്തിരിക്കുകയായിരുന്നു.  അയാൾ  ഇന്നു രാവിലെ മുതൽ  മിസ്സിങ്ങാണ്. ബോർഡടക്കം പാക്ക് ചെയ്തു  ഇന്നലെ രാത്രി തന്നെ  സ്ഥലം കാലിയാക്കിയെന്നാണ് പലരും പറയുന്നത്.   വന്ന രോഗികളോടൊക്കെ സമാധാനം പറഞ്ഞു ഞാൻ മടുത്തു. അയാൾ ആൾ തരികിട എന്നാണ് വന്നവരിൽ ചിലർ മുറുമുറുത്തു പറഞ്ഞോണ്ടിരുന്നത്. പാവങ്ങളോട് അസുഖം ഭേദമാക്കാന്നൊക്കെ പറഞ്ഞു   കാശ് മുൻകൂട്ടി വാങ്ങിയിട്ടുണ്ട് പോലും.

എന്താണ് കാരണമെന്ന് പോകുമ്പോൾ ആരോടും പറഞ്ഞുമില്ലത്രേ. ''ക്ലിനിക്കി''ന് സൗകര്യം ചെയ്തു കൊടുത്ത കക്ഷിയോട് വരെ അയാൾ പറയാതെയാണ് പോലും സ്ഥലം വിട്ടത്.  കട മുതലാളി ഇനി  ആ റൂം റേഷൻ കട നടത്താൻ കൊടുക്കുകയാണ്. വാടക കിട്ടിയില്ലെങ്കിലും സാരമില്ല ഒരു മാറാപ്പ് ഒഴിവായ സന്തോഷത്തിലാണ് അയാൾ.  അമ്മാതിരി ഒരു വലിയ  വയ്യാവേലി യല്ലേ ഒന്നിളകിപ്പോയത്.  എന്നിട്ട്  സൗകൂ ഞങ്ങൾ രണ്ടാളോടും ഇടക്കണ്ണിട്ടു  ഇങ്ങോട്ടു ചോദ്യം - അല്ലറോ .നിങ്ങളെ എന്തെങ്കു ഏർപ്പാടാ മറ്റോ ... ?
ഞാൻ പറഞ്ഞു : ആണ്,  ഞങ്ങൾ  അതിലും വലിയ ഒരു കൂടോത്രം ഇന്നലെ ചെയ്തിരുന്നു, അത് ഫലിച്ചതായിരിക്കും.  അതും പറഞ്ഞു  ഞങ്ങൾ രണ്ടാളും മെല്ലെ കീച്ചൽ റോഡിലേക്കിറങ്ങി നടന്നു. അപ്പറഞ്ഞത്  എന്താണെന്ന് സൗകുവിന്  ഒരെത്തും പിടിയും കിട്ടിയില്ല.

No comments: