Saturday, February 4, 2017

കുട്ടിക്കാല കുസൃതിക്കണ്ണുകൾ : 50

കുട്ടിക്കാല കുസൃതിക്കണ്ണുകൾ -ലക്കം 50

മാവിലേയൻ

കഴിഞ്ഞ ലക്കത്തിൽ ബസ്റ്റാന്റിന്റെ കച്ചവടങ്ങളെ കുറിച്ചൊക്കെ ചില പരാമർശങ്ങൾ എഴുതിയപ്പോൾ ഇത് കൂടി എഴുതാൻ തോന്നി. ഇന്ന് നമുക്ക് അരക്കിലോ ഓറഞ്ചോ വാങ്ങണമെങ്കിൽ ഫ്രൂട്ട്സ് കടയിൽ തന്നെ പോകണ്ടേ ? അന്ന് അങ്ങിനെയല്ല, നിങ്ങൾ ഇരുന്ന സ്ഥലത്തേക്ക് സെയിൽസ് റെപ്രെസെന്ററ്റീവ്സ് നിങ്ങൾക്ക് എത്തിച്ചു തരും.  നിങ്ങൾക്ക് കുട്ടയിൽ കയ്യിട്ട് സെലക്ട് ചെയ്യാനുള്ള ഓപ്‌ഷനും ഉണ്ട്.

ചെറിയ കുട്ടകളിലാണ് ഇവർ ഓറഞ്ചു നിറച്ചു കൊണ്ട് വരിക. ബസ്സിൽ ഇരിക്കുമ്പോൾ കുറെ പേര് വിൻഡോ സൈഡിൽ കൂടി ''ഓറേഞ്ചേ.....ഓറഞ്ചെ ...., നാരങ്ങാ, മധുര നാരങ്ങാ ...'' ഇങ്ങനെ ചീവിടിന്റെ ശബ്ദത്തിൽ കുറെ എണ്ണം ഓറഞ്ചു, നാരങ്ങാ കുട്ടകളുമായി നിങ്ങളെ പ്രകോപിച്ചു കൊണ്ടേയിരിക്കും. സൈഡിൽ   പെണ്ണുങ്ങൾക്ക്  വില ചോദിച്ചില്ലെങ്കിൽ ഉറക്കം വരില്ല. നാരങ്ങക്കാരനാണെങ്കിൽ ചോദിച്ച സ്ഥിതിക്ക് നാലെണ്ണം അവർക്ക് കൊടുത്തേ അടങ്ങൂ എന്നും. ആദ്യം മൂന്ന് ഓറഞ്ചു എടുത്ത് ഒരുറിപ്പയക്ക് എന്ന് പറയും, ഉടനെ ഒരെണ്ണം കൂടി എടുത്ത് നാലെണ്ണത്തിന് ഒരുറുപ്പ്യ. രണ്ടുറുപ്പ്യ തന്നാൽ ഒമ്പതെണ്ണം തരാമെന്ന് ഓഫർ വേറെയും. അതോടെ കൂടെയിരിക്കുന്ന ഒരു കുട്ടി നിലവിളി തുടങ്ങിയിരിക്കും. പിന്നെ ഒന്നും ചോദിക്കണ്ടാ, കച്ചോടം ഉറപ്പിച്ചു ! അതും വാങ്ങാതിരിക്കാൻ കാത്തിരിക്കുകയിരിക്കും ബസ്സിന്റെ പിന്നിൽ ഇരിക്കുന്ന മാന്യആണുങ്ങൾ. എന്തിനെന്നോ അത്രയും ഓഫർ പറഞ്ഞിട്ടും വാങ്ങാത്ത പെണ്ണുങ്ങളെ നോക്കി നാരങ്ങാ ഔട്ട് ഡോർ സെയിൽസ്മാൻ  ഒരുമാതിരി കമന്റ്സ് പറയുന്നത് കേട്ട് ചിരിക്കാൻ !

നിങ്ങൾ ഇപ്പോൾ കുറച്ചു കടല കൊറിക്കണമെങ്കിൽ എന്ത് ചെയ്യും ? മുഡുട്പ്പ് ആകുന്നത് വരെ കാത്തിരിക്കേണ്ടേ ? ടൗണിലോ തിയേറ്ററിനു മുന്നിലോ ഇരുള് വീണാൽ ഗ്യാസ്ലൈറ്റ് വെളിച്ചത്തിൽ  ഒരു തട്ടുകടയിലെ  ചട്ടിയിൽ വറുക്കുന്ന ചൂട്ചൂട് കടല അപ്പോഴേ കിട്ടൂ. എന്നാൽ പത്തിരുപത് കൊല്ലം മുമ്പൊക്കെ അതും രാവിലെ മുതൽ തന്നെ കടലാസിൽ ചുരുട്ടി നിങ്ങൾ എവിടെയാണോ അവിടേക്ക് കൊണ്ട് വന്നു തരാൻ മാത്രം സെയിൽസ്പയ്യൻസ് ഉണ്ട്. ഒഴിവാക്കിയ നോട്ട്ബുക്ക് കടലാസ്സ് ചുരുട്ടി അതിൽ കുറച്ചു കടല ഇട്ടു നിറച്ചു ഇരുപതും ഇരുപത്തഞ്ചും ഒന്നിച്ചു പിടിച്ചു പിള്ളേർ ഇങ്ങനെ കടല, കടലേ.....കടലാ...ചൂട് കടലാ...എന്നും പറഞ്ഞു ബസ്റ്റാസ്ന്റും പരിസരവും മൊത്തം അവരും ഇറങ്ങും. അതിന്റെ പ്രഭവ കേന്ദ്രമായി റോഡിന്റെ അവിടെവിടെയായി തട്ടുകടയിൽ ഒരു ഹോൾസെയിൽ മൊതലാളി പകലിനെ സാക്ഷിയാക്കി ഒരു വലിയ ചട്ടിയിൽ കിരീം ക്കിരീം ശബ്ദത്തിൽ പൂഴിയും കടലയും നിറച്ച വലിയ ചീനചട്ടിയിൽ ഒരു ചട്ടുകം തുഴഞ്ഞ്കൊണ്ടേയിരിക്കും.  അധികവും തെരുവ് പിള്ളേരെയാണ് ഇവർ സെയില്സിന് നിയോഗിക്കുക.

''ബച്ചങ്ങായി .....'' ചൂടുകാലമായാൽ പിന്നെ ബസ്റ്റാന്റ് പരിസരത്തു അത് കേൾക്കാത്തവർ അന്ന് ആരുമുണ്ടാകില്ല. തണ്ണിമത്തൻ മുറിച്ചു കഷ്ണം കഷ്ണമാക്കി ഒരു തളികയിൽ നിറച്ചു വിൽക്കുന്ന ഏർപ്പാട്. കൊടുത്ത പൈസത്തുട്ടു അവർ  അതിൽ തന്നെയാണ് ഇട്ടു വെക്കുക. എത്ര ചന്തമുണ്ടെങ്കിലും കഷ്ണം തീരാറായ തളികയിൽ നിന്ന് അന്ന് ഏത് മൊയ്‌ല്യാരും ബചങ്ങായി വാങ്ങില്ല. എല്ലാവർക്കും തളിക നിറഞ്ഞു തന്നെ കാണണം. ഏതെങ്കിലും ഒരു കഷ്ണത്തിന്റെ തല ആ പാവങ്ങൾ നടക്കുന്ന സ്പീഡിൽ വീണാൽ പിന്നെ അത് ആർക്കും വേണ്ട. മധുരമില്ലാത്ത ബത്തക്കയ്ക്ക് ചില പയ്യൻസ്  പഞ്ചസാര തളിച്ച് മധുരം കൂട്ടി വിൽക്കാനൊക്കെ ശ്രമിക്കും. പിന്നെയുള്ള ഇഞ്ചിമിട്ടായി. (അതിനെ കുറിച്ച് ഞാൻ ഒരു ലക്കത്തിൽ ചെറിയ പരാമർശം നടത്തിയിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ)

തൈലം, വായുഗുളിക, എഞ്ചുവടി (മഗ്ഗിബുക്ക്), ഏത് കറയും മായ്ക്കാൻ കഴിവുള്ള അപൂർവ്വ വസ്തു, പെൻസിൽ, പേന എല്ലാം അഞ്ചോ പത്തോ മിനുട്ട് ശ്വാസം വിടാൻ റെസ്റ്റ് എടുക്കുന്ന ബസ്റ്റാന്റിലെ മൂല മൂലകളിൽ പാർക്കിങ്ങിലുള്ള ബസ്സിൽ ഓരോരുത്തർ കൊണ്ട് വന്നു നിങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടേയിരിക്കും. നോമ്പുകാലത്ത് കാരക്ക, ഈന്തപ്പഴം വരെ ഇങ്ങിനെ കച്ചോടം ചെയ്യും. ഇന്നത്തെ പോലെ അന്ന് ഇത്രമാത്രം തെരുവ് കച്ചവടക്കാർ ഉണ്ടായിരുന്നില്ല.

ഇതൊക്കെ സഹിക്കാം, സഹിക്കാം പറ്റാത്ത ലോട്ടറി കച്ചോടക്കാരുടെ ശല്യമാണ്. ഒന്ന് രണ്ടു വട്ടം കാസര്കോടുള്ളവർക്ക് ലോട്ടറി അടിച്ചു. (ഞങ്ങൾ അന്ന് പറഞ്ഞിരുന്നത് ലോട്ട്റീ മർഞ്ഞീ എന്നാണ്). അതോടെ പിന്നെ അതൊരു ജനകീയമാക്കി കളഞ്ഞു എല്ലാരും. കണ്ടവന്റെ കയ്യിലൊക്കെ നാല് കടലാസു ഉണ്ടാകും, വിൽക്കാനായിട്ടു. ഒഴിവാക്കിയാലും പിന്നിൽ ഇവർ ഉണ്ടാകും. ഒന്ന് രണ്ടു വട്ടം ഞാൻ വീട്ടിൽ പോലും അറിയിക്കാതെ ലോട്ടറി എടുത്തു. എന്റെ പ്രാർത്ഥന  ''പടചോനെ എനിക്ക് അടിച്ചു പോകരുതെന്നായിരുന്നു'', അത്രമാത്രം നമുടെ നാടുകളിൽ ലോട്ടറി എടുക്കുക എന്നത് മോശമായി കണ്ടിരുന്നു.  ലോട്ടറി കിട്ടിയാൽ പിന്നെ പത്രത്തിൽ വാർത്ത വരും, നമ്മുടെ പടം വരും, കുടുംബത്തിൽ പേര് ദോഷം, ലോട്ടറി അടിച്ചു കിട്ടിയ പൈസ വലുതായി വാഴില്ല (പൈസ ബായ്ച്ചെ ഇണ്ടാബേല), മരണം പെട്ടെന്ന് ഉണ്ടാകും ഇങ്ങിനെയൊക്കെയായിരുന്നു അന്ന് പൊതുവെ നമ്മുടെ ഇടയിൽ പറഞ്ഞിരുന്നത്.

സോഫ്റ്റ് ഡ്രിങ്സ് ജനകീയമായപ്പോൾ പിന്നെ ചൂടുകാലങ്ങളിലും അല്ലാതെയും അതും തുടങ്ങി ഔട്ട് ഡോർ കച്ചവടം. 24 എണ്ണം വരുന്നകെയ്‌സ് (സെല്ലേ) അടക്കം കൊണ്ട് വന്നു അതിന്റെ ഇടയിൽ ഐസ് കട്ട വെച്ച് തണുപ്പിച്ചു കച്ചോടം പൊടിപൊടിക്കും, ഇതും ബസ്സിനകത്തു എത്തും. നിങ്ങൾ ബസ്സിറങ്ങി  കുടിക്കാൻ അന്വേഷിച്ചു നടക്കേണ്ട  ആവശ്യമേ ഇല്ല. പക്ഷെ, ബീഡ , ബീഡി, കരിമ്പു ജൂസ് ഇവ മൂന്നും നിങ്ങളുടെ അടുത്ത് വരില്ല, അങ്ങോട്ട് പോകണം, കിട്ടാൻ.

അവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പഴുക്കൾക്ക് ശരിക്കും അന്ന് കുശാലായിരുന്നു. ഇപ്പറഞ്ഞതിന്റെ മുഴുവൻ തൊലിയും തോടും അവർക്ക് യഥേഷ്ടം കഴിക്കാം. ചില നേരങ്ങളിൽ അവർക്ക് വിരുന്നും ഒത്തു വരും, അതെങ്ങിനെയെന്നോ ? സയിൽസ്മാൻമാർ തമ്മിൽ അടിയോടടുക്കും, അതോടെ കയ്യിലുള്ള ഓറഞ്ചു കുട്ടയും ബത്തക്ക തളികയും അവർ പരസ്പരം തട്ടിത്തെറിപ്പിക്കും, അതും കാത്തു പശുക്കൾ എവിടുന്ന് നിന്നായാലും ഓടി എത്തി ആ പരിസരം വൃത്തിയാക്കും, അപ്പോൾ നിങ്ങൾ ആരെങ്കിലും പശുക്കളുടെ പുഞ്ചിരിക്കുന്ന മുഖം ശ്രദ്ധിച്ചിട്ടുണ്ടോ ? അവരുടെ മുഖം ഇങ്ങിനെ വായിക്കാൻ അറിഞ്ഞവൻ നിങ്ങളിൽ എത്ര പേരുണ്ടാകും ?  ''മക്കളേ നിങ്ങൾക്കൊക്കെ ഇടകിട ക്കിങ്ങനെ ദേഷ്യം പിടിച്ചാലല്ലേ ഞങ്ങളെ പോലുള്ള ബസ്റ്റാന്റ് നാൽകാലികൾക്ക്  ഈ ഐറ്റങ്ങളുടെ  ടെയിസ്റ്റ് എന്താണെന്ന് തിരിയൂ....എത്ര കാലം ഈ തൊലിയും ചുണങ്ങും സിനിമാവാൾപോസ്റ്റും തിന്നു ഞങ്ങൾ ജീവിക്കും ''

ഇതൊന്നുമല്ല എന്നെ ഈ ലക്കം എഴുതാൻ പ്രേരിപ്പിച്ചത്. പിന്നെയോ ? അന്ന് ബസ്സുബസ്സുകളിൽ കയറി ഇറങ്ങി ഭിക്ഷയാചിച്ചിരുന്ന ഒരു ക്ലാസിക് കേന്ദ്രസ്ഥാപന ജീവനക്കാരനായിരുന്നു. പേര് ഗണപതി പൈ . ആള് കൂടൽ പോസ്റ്റ് ഓഫീസിലെ ഒരു പാർടൈം ജീവനക്കാരനാണ്,  പോസ്റ്റ്മാൻ.  അതയാളുടെ പാട്ടിൽ തന്നെയാണ് പരിചയപ്പെടുത്തുന്നതും.  മരണ മാസായി നമുക്ക്, ചെറുതുള്ളപ്പോൾ തോന്നിയിരുന്നെങ്കിലും, അയാളുടെ ദയനീയതയായിരുന്നു ആ വാക്കുകളിൽ പ്രതിഫലിച്ചിരുന്നത്.

ആദ്യം ഒന്ന് ബസ്സ് യാത്രക്കാരെ വണങ്ങും. എന്നിട്ടു അയാൾ തന്നെ എഴുതി ഈണം നൽകിയ രാഗത്തിൽ ആ പദങ്ങൾ പാടിത്തുടങ്ങി. അപൂർവ്വം സന്ദര്ഭങ്ങളിൽ ആ പാവം കുട്ടികളെയും കൊണ്ട് വരും.

ഉണ്ടെങ്കിൽ വല്ലേതും തരണേ അപ്പാ
രണ്ടുമൂന്നു കുഞ്ഞുങ്ങൾ ഉണ്ടു അപ്പാ
ശ്രീ ഗണപതി പയ്യെന്നു പേര് അപ്പാ
ഉണ്ടെങ്കിൽ വല്ലേതും തരണേ അപ്പാ
...................................................................
.....................................................................
(മുഴുവൻ വരികൾ ഓർമ്മയിൽ വരുന്നില്ല)

 അന്നൊക്കെ ഇവർക്കുള്ള ശമ്പളത്തിൽ കിട്ടുന്നത്   ദിവസം അഞ്ചെട്ടു നേരം മുറുക്കാൻ തിന്നാൻ വരെ തികയില്ല.  അപ്പോൾ പിന്നെ പറക്കമുറ്റാത്ത രണ്ടു മൂന്നു കുഞ്ഞുങ്ങളുള്ള കുടുംബം   എങ്ങിനെ പോറ്റാൻ ? ഒരു സർക്കാർ ജീവനക്കാരൻ ഇത്ര ദയനീയമായി ആൾ കൂട്ടത്തിനിടയിൽ  ഭിക്ഷ യാചിക്കണമെങ്കിൽ എത്ര മാത്രം അയാളെ അന്നത്തെ സാമ്പത്തിക പ്രയാസം ഞെക്കിഞെരിച്ചിരിക്കും.   ഞാനൊക്കെ അറിഞ്ഞിടത്തോളം അന്നത്തെ പോസ്റ്റ്മാൻമാർ അധികവും എന്തെങ്കിലും പാർട്ടൈം ജോലി വേറെ ഉണ്ടാകും. കൃഷിയോ, ഹോട്ടൽ തൊഴിലോ അങ്ങിനെ എന്തെങ്കിലും. പേരിന് ഒരു കേന്ദ്രജീവനക്കാരൻ ! മണിയോർഡർ , രജിസ്റ്റേർഡ് ഡോക്യൂമെന്റ്, പാർസൽ അങ്ങിനെ വല്ലതും ഉണ്ടെങ്കിൽ പോസ്റ്റ്മാൻമാർക്ക് വല്ലതും തങ്ങും.

സത്യം പറഞ്ഞാൽ കുറെ കഴിഞ്ഞാണ് നമ്മുടെ ഗണപതി  പോസ്റ്റ്മാനെന്നു അറിഞ്ഞത്. എന്റെ ഉമ്മാന്റെ തറവാട്ടിൽ ഞാൻ മുറ്റത്തു കളിച്ചുകൊണ്ടരിക്കുമ്പോഴുണ്ട് ഒരു കുട പിന്നിൽ തൂക്കി തവിട്ട് നിറത്തിലുള്ള യൂണിഫോമിൽ ആ വഴി ആ മനുഷ്യൻ കടന്നു പോകുന്നു !  കുട്ടികളൊക്കെ അയാളെ പിന്നിൽ കൂടി നിന്ന് ആ ബസ്സിലുള്ള പാട്ട് പാടാൻ നിർബന്ധിക്കുന്നു. മാന്യരിൽ മാന്യനായ ആ പാവം മനുഷ്യൻ അല്പം മനഃപ്രയാസത്തോടെ ചിരിച്ചത് പോലെ കാട്ടി ധൃതിയിൽ നടന്നു പോയി. ദിവസവും അയാൾ ഇങ്ങനെയുള്ള ദീനാനുഭവങ്ങളും  നേരിടുന്നുണ്ടാകും !

No comments: