Wednesday, August 12, 2015

നിരീക്ഷണം

നിരീക്ഷണം ആഗസ്റ്റ്‌ പതിനഞ്ചു പടിവാതിൽക്കൽ ... ഒരു സംഭാഷണം. പുള്ളിക്കാരൻ അറബി. അയാൾ എന്നോട് മുഴുവനും സംസാരിച്ചത് കാംപടക്കം പറയണമെങ്കിൽ, എന്റെ കാര്യം വിട്, ഫസ്റ്റ് പുള്ളി എന്നോട് പറഞ്ഞ അറബി മുഴുവൻ നിങ്ങൾക്ക് അറിയൂന്ന് എന്താ ഉറപ്പ് ? എമ്മാതിരി അറബിയാ മൂപ്പര് എന്നോട് കാച്ചിയത് ..ഹോ ? അത് കൊണ്ട് എനിക്ക് മനസ്സിലായത് മാത്രം നമ്മുടെ മലയാളത്തിൽ സദ്ദിനും മദ്ദിനും കുറവില്ലാതെ നിങ്ങളും കൂടി അറിഞ്ഞോട്ടെ എന്ന നല്ല ഉദ്ദേശത്തിൽ ഇവിടെ പകർത്താം. (പലേ ..പലേ ..കാര്യങ്ങൾ ആമദ്ഞ്ഞീ, ''ഗാവ'' കുടിച്ച് തീരുന്നതിനു മുമ്പ് എന്നോട് സംസാരിച്ചു കേട്ടോ...) ആമദ് അറബി : അൽറോ ...നിങ്ങൊ ഭയന്ഗരോല്ലോ .. ഈ ഉള്ളവൻ : അങ്ങെനെല്ല്യങ്കെന്ത് ...? ആ :അ : ഇന്ന് ഈദ്ന്ന്ഒരി പേപ്പറ് ബായിച് ...ഇന്റർ''നെട്ട്ല്'' ....നിങ്ങളാടെ എത്തരെ ജാദി ...എത്തരെ മദൊ .. ഈ: ഉ: അത് ആമദ്ഞ്ഞീ .. നീ ഇപ്പോയാ അറീന്നേ....? ആ :അ : നൂറ്റി ഇര്പത് കോടീനെ എങ്ങനെ നിങ്ങൊ സമാലാക്ക്ന്നെറോ ..? എത്തരെ ബാസെ...എത്തരെ ഏസോ ..ബാക്കി ഇള്ലേര്ത്ത്ള്ള പോലോത്ത കുൽമാലും അപ്പീസും ഇന്ത്യേല് തീരെ ഇല്ലാലോ ....സുബ്ഹാനാള്ളാ... ഇന്ത്യ ഇതാണ്. ഇന്ത്യയെ ആദരവോടുകൂടി നോക്കി കാണുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്. അങ്ങിനെ എത്ര എത്ര നാട്ടുകാർക്ക് / രാജ്യക്കാർക്ക് നമ്മുടെ നാടിനെ കുറിച്ച് പറയാനുണ്ടാകും. വാതോരാതെ വിളമ്പാനുണ്ടാകും .നാം ലോകത്തിനു മുന്നിൽ ഇപ്പറഞ്ഞ നാനാത്വത്തിന്റെ സംഗീതമഴ പെയ്യിക്കുന്നു; സൌഹൃദത്തിന്റെ മഴവില്ല് തീർക്കുന്നു; സഹിഷ്ണുതയുടെ സരിഗമ പാടുന്നു. ഒരു നൂലിൽ ഒരുമയോടെ കോർത്ത വർണ്ണ രാജി വിരിയിച്ച മനുഷ്യർ. കറുപ്പോ വെളുപ്പോ ജാതിയോ മതമോ ഭാഷയോ ഭാവമോ ഒന്നും... ഒന്നും... നമ്മുടെ ഐക്യത്തിനോ അഖന്ഡതക്കോ തടസ്സമാകരുത്. സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ 68 വർഷങ്ങൾ മുമ്പുള്ള ഒരു ചിത്രം നമ്മുടെ മുമ്പിൽ വരണം. നമ്മുടെ നാട്ടിലേക്ക് അതിഥിയെപോലെ വന്ന ഈസ്റ്റ് ഇന്ത്യ കമ്പനിക്കാരൻ ചെയ്ത് കൂട്ടിയ ക്രൂര മർദ്ദനങ്ങൾ നമ്മുടെ ഓർമ്മയിൽ പച്ചയായി നില്ക്കണം. ജൂണ്‍ 28, 1858 - ആഗസ്റ്റ്‌ 14, 1947. വെള്ളക്കാരനും അവനു ''കൊണോത്തിലെ കഞ്ഞി'' വെച്ച് കൊടുത്തവനെയും നമുക്ക് അറിയാം. ശിപായി ലഹള അവനാണ് വിളിച്ചത്. നമുക്കത് ഒന്നാം സ്വാതന്ത്ര്യ സമരം. ജാലിയൻവാലാബാഗും വാഗണ്‍ ട്രാജഡിയും അങ്ങിനെയങ്ങ് മറക്കാൻ പറ്റില്ലല്ലോ ? അത് കൊണ്ട് ഓർമ്മകൾ ഉണ്ടായിരിക്കണം. നമ്മുടെ പ്രപിതാക്കൾ, നേതാക്കൾ, അവർ വീണിടത്താണ് നാം കാലുറപ്പിച്ചിട്ടുള്ളത്. ആ സ്വാതന്ത്ര്യമാണ് നാം എല്ലാം കൊണ്ടും അനുഭവിക്കുന്നത്. ദുരുപയോഗം ചെയ്യരുത്. ആഗസ്റ്റ് വന്നു. പതിനഞ്ചാകാൻ കുറച്ചീസേ ബാകിയുള്ളൂ. സ്വാതന്ത്ര്യം അറിയണമെങ്കിൽ അതില്ലാത്തോനെ കാണണം. കുഞ്ഞു കുട്ടി കുറവുകൾ എവിടെയും ഉണ്ടാകും. പക്ഷെ, ഇന്ത്യ, ഇന്ത്യ തന്നെയാണ്. അതിന്റെ അയലത്ത് മറ്റേതു രാജ്യവും എത്തണമെങ്കിൽ ഒന്ന് പുളിക്കും. ''സഊദി ഗസറ്റി''ൽ ഒരു കോളമിസ്റ്റു എഴുതി - എങ്ങിനെയാണ് ബഹുസ്വര സമൂഹത്തിൽ നൂറ്റിചില്ലാനം കോടി മനുഷ്യർ ഇടപെട്ടും ഇടകലര്ന്നും ജീവിക്കുന്നതെന്ന്. (അതാണ്‌ ഈ കുറിപ്പ് തുടങ്ങുമ്പോൾ സംഭാഷണ ശകലമായി ''മളിയാൾ''ത്തിൽ കുറിച്ചത് . ഐക്യം; അഖണ്ഡത, സ്നേഹം, സാഹോദര്യം, ആദരം, ബഹുമാനം, രാജ്യരക്ഷ...എല്ലാം എല്ലാം നിലനിർത്തേണ്ടത് നമ്മുടെ ധർമ്മം. നാം മണ്ണോടു ചേർന്നാൽ അത് അടുത്ത തലമുറ ഏറ്റെടുക്കും . പൂമ്പാറ്റയും പൂവാടിയും മഴവില്ലും കഴിഞ്ഞാൽ പിന്നെ ലോകം നോക്കി ആസ്വദിക്കുന്നത് നമ്മെയാണ്, ഓരോ ഇന്ത്യന്ക്കാരന്റെ മനസ്സിന്റെ വിശാലതെയാണ്. അങ്ങ് ഗാന്ധിയും ആസാദും നെഹ്രും തുടങ്ങി ഇങ്ങു കേളപ്പനും കേകെയും മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കട്ടെ. നമ്മുടെ സ്വാതന്ത്ര്യ ദിനം അതിന്റെ കെട്ടിലും മട്ടിലും തലയെടുപ്പോടെ ആഘോഷിക്കുക; അതിനു ഇന്ന് മുതൽ തന്നെ പരിപാടികൾ ആസൂത്രണം ചെയ്യുക. ഇന്ത്യ ജയിക്കട്ടെ , എന്നും എപ്പോഴും. അസ്‌ലം മാവില

No comments: