Wednesday, August 12, 2015

നിരീക്ഷണം

നിരീക്ഷണം നിർത്താൻ നേരമായില്ലേ .. കുട്ടൂസന്റെ മരുന്ന് കേട്ടിട്ടുണ്ടോ ? ഒറ്റ മൂലിക്ക് അങ്ങിനെയൊരു പ്രാകൃത പേരും നിലവിൽ ഉണ്ട്. നാമം. നാമ വിശേഷണം. ചില പ്രവൃത്തിക്ക് അങ്ങിനെ ഒരു വിശേഷണം ഉണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ പറഞ്ഞു തരണേ... സ്റ്റേജിൽ വരുത്തി കൊടുക്കുക എന്ന് കേട്ടാൽ എല്ലാർക്കും ഒരു ധാരണ ഉണ്ട്. അതൊരു നല്ല സംഗതി ആയിരിക്കുമെന്ന്. ഉപഹാരം, ബൊക്ക, ട്രോഫി, സെർറ്റിഫിക്കറ്റ്, മെഡൽ, കുറഞ്ഞത് ഒരു കൈ കുലുക്കൽ.... കൊടുത്തവന് സന്തോഷം; കൊടുക്കുന്നവന്റെ കൂടെ ഫോട്ടോയ്ക്ക് നിന്നവർക്കും സന്തോഷം; അതിനു വേണ്ടി ശ്രമിച്ചവർക്ക് ബഹു സന്തോഷം. വാങ്ങിയവനും വാങ്ങിയവന്റെ ബന്ധുക്കൾക്കും കൂട്ടുകാർക്കും നാട്ടുകാർക്കും അതിലേറെ സന്തോഷം. റമദാൻ മാസത്തിൽ നിങ്ങൾ ചില സ്റ്റെജുകളിലെ ''കൊടുക്കൽ'' കണ്ടിട്ടുണ്ടോ? മൈക്കിൽ കൂടി ഒരു മിസ്ക്കീനെ വിളിച്ചു വരുത്തി ഒരു പഴയ സിമെന്റു ചാക്കിൽ പകുതി അരി നിറച്ചു കൊടുത്തു അതിന്റെ ഫോട്ടോ ക്ലിക്കി പത്തമ്പത് കോപി പത്രത്തിൽ കൊടുത്ത്, അരിശം തീരാതെ സോഷ്യൽ മീഡിയയിൽ ഇട്ടു വഷളാക്കുന്ന ഏർപ്പാട്. പത്തു പതിനഞ്ചു ഏമാന്മാർ സ്റ്റേജിൽ വെളുക്കെ ചിരിച്ചും, ഈ മിസ്കീന്റെ മേൽ പുഞ്ഞ നോട്ടമിട്ടും.... ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്നാണ്; അതെവിടെ ? അങ്ങ് കിത്താബിൽ. ഇവിടെ ? പോട്ടം. പണ്ട് ഇരുപത്തേഴിനു ചില പ്രമാണിമാരുടെ വീട്ടിൽ നേരം വെളുക്കോളം നാലാൾ കാണാൻ ക്യൂ നിർത്തി ഭിക്ഷ കൊടുക്കുന്ന എർപാട് ബഷീറോ മറ്റോ എഴുതിയത് വായിച്ചത് ഓർക്കുന്നു . ഇത് അതിലും കഷ്ടാണ്. ഞായം ഉണ്ടോ ? എന്നാൽ ഇനി പറയുന്നതിനെ കിടപിടിക്കാൻ പറ്റുന്ന ഒന്നുണ്ടെങ്കിൽ പറ. വാങ്ങുന്നവനും കൊടുക്കുന്നവനും കണ്ടു നിൽക്കുന്നവനും തുല്യമായി, അല്ല വാങ്ങുന്നവനു ഒരു ''ദറജ'' കൂടി അഭിമാനം തോന്നുന്നതാവണം പരസ്യമായ കൊടുക്കൽ. എന്തിനും സ്റ്റെജ് അല്ല പരിഹാരം. ആകരുത്. ഹസറത്ത് ഉമർ ഇരുട്ടിന്റെ മറവിലാണ് ഇല്ലാത്തവൾക്ക് കൊടുത്തത്. ആ ചരിത്രം ഈ സ്റ്റേജ് ഷോക്കാരുടെ ''ചെപ്പട്ട'' നോക്കി എപ്പോഴും കൊടുക്കുന്ന ഒരു ഊക്കൻ സമ്മാനം ആയിരിക്കും.

No comments: