Saturday, October 8, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ / ലക്കം : 40


കുട്ടിക്കാലകുസൃതിക്കണ്ണുകൾ

മാവിലേയൻ - ലക്കം : 40

കാവൽ പണി അന്നൊരു ഒന്നൊന്നര പണിയായിരുന്നു. അന്നൊക്കെ  തേങ്ങ ഉണക്കി കൊപ്രയാക്കും. അത് പാടത്തും ജാലിലും  ഉണക്കാനായി വെക്കും. ജാല് എന്നാൽ വേലിയാൽ സംരക്ഷിതമായ ഒരു ഡ്രൈ യാർഡ് ആണ്. മനുഷ്യന്  പോകട്ടെ പെരുച്ചാഴിക്ക് വരെ ഇതിന്റെ ഗ്യാപ്പിൽ കൂടി അകത്തു കടക്കാൻ പറ്റില്ല. നല്ല മുള്ളുകൾ ഇടക്കിടക്ക് ഇടതൂർന്നു കുത്തിയിരിക്കും. വേലിപ്പഴ (ബേലിപ്പായം ) ത്തിന്റേയോ കാരമുള്ളിൻ ചെടിയുടെയോ തണ്ടാണ് ഉപയോഗിക്കുക. നല്ല സുഖിപ്പൻ മുള്ളുള്ള മുളന്തണ്ടും ഉണ്ടാകും. പല പറമ്പിലും അന്നൊക്കെ മുളങ്കൂട്ടം ഉണ്ടായിരുന്നു. ജാലികെട്ടാൻ വേണ്ടി മാത്രമാണ് അന്നൊക്കെ മുളങ്കാട് വെച്ചുപിടിപ്പിച്ചിരുന്നത്. ഇതിനകത്താണ് അന്നൊക്കെ അടക്ക, കൊപ്ര മുതലായവ ഉണക്കാനിട്ടിരുന്നത്.

അടക്ക പറിച്ചാൽ നേരെ കൊണ്ട് വരിക ജാലിലേക്കാണ്.  കുലയിൽ നിന്ന് അടക്ക വേർപ്പെടുത്തും. അന്നൊരു ആചാരത്തിൽ പെട്ടിരുന്നു - കമുകിന്റെ കുലയിൽ നിന്ന് മുഴുവൻ അടക്ക അടർത്തി എടുത്താൽ അത് രണ്ടായി  ചീകി എറിയും . ചിലർ ആ വിടവിൽ ആഞ്ഞു തുപ്പി എറിയുകയും ചെയ്യും. വല്ല കണ്ണേറെൽക്കാതിരിക്കാനോ മറ്റോ ആയിരിമോ ? അടക്കകൾ   കമുകിന്റെ ബാരിക്കഷ്ണം ഉപയോഗിച്ച് ഉണങ്ങിയതും പച്ചയും ഇടകലരാതിരിക്കാൻ അതിർത്തി തിരിക്കും. ബാരി കിട്ടിയില്ലെങ്കിൽ തണൽ മരത്തിന്റെ തണ്ടായിരുന്നു ഉപയോഗിക്കുക. ഒരു

അടക്ക ഉണങ്ങിയെന്നു ഉറപ്പ് വരുത്തിയാൽ പിന്നെ അത് നെല്ലിക്കോരി ഉപയോഗിച്ച് കൂട്ടിയിടും. നെല്ലിക്കോരി ശരിക്കും ഒരു മരക്കൈക്കോട്ടാണ്. മൊത്തം മരം. പിടിയും ''പട''യും.  അടക്ക വേദനിപ്പിക്കാതെ കൂട്ടിയിടാനും നിരത്താനും  വേണ്ടിയാണ് നെല്ലിക്കോരി.  ഇത്ര ചാക്ക് അടക്ക കിട്ടുന്ന കമുകിൻ തോട്ടമെന്നൊക്കെ പറയുന്നത് അന്നൊക്കെ കർഷക കുടുംബങ്ങളിൽ  ആഢ്യത്ത്ത്തിന്റെ ഭാഗമായിരുന്നു. കല്യാണാലോചനകളൊക്കെ നടക്കുമ്പോൾ ചിലർ മനഃപൂർവ്വം രണ്ടു മൂന്ന് ദിവസക്കാലം അടക്കയുടെ ചാക്ക് വീടിന് പുറത്തു അട്ടിയട്ടിയാക്കി വെച്ചുകളയും.  വെറുതെ കിട്ടുന്ന പ്രശസ്തിയല്ലേ പോരട്ടേന്ന് വിചാരിച്ചായിരിക്കും.  എന്റെ ഒരു കൂട്ടുകാരൻ സൗക്ന്റെ ഉപ്പ ''പൊതു''വിന്റെ ആൾക്കാരെ ഒരാഴ്ചക്കാലം അടക്കയും  ചെപ്പും ചാക്കിൽ കെട്ടി  നാലാൾ കാണുന്ന സ്ഥലത്തു പുറത്തെ തിട്ടയിൽ അട്ടിയട്ടിയാക്കി വെച്ച്  കാത്തിരുന്നു,  അപ്രതീക്ഷിതമായി ഏഴാം നാൾ  വന്ന മഴ  മൊത്തം നാശകോശമാക്കിയത് മിച്ചം. പണം പോയി, ''പൗർ'' കിട്ടുകയും ചെയ്തില്ല.

ചിലർ സംയുക്തമായിട്ടാണ് ജാലുണ്ടാക്കുക. ജാലിനു നല്ല ഒരു വാതിൽപടി (ഗേറ്റ്) ഉണ്ടാകും. അതും മുള്ളിൽ തീർത്തത് തന്നെ. ഒരു നല്ല പൂട്ടുമുണ്ടാകും.  താക്കോൽ സംയുക്തകമ്പനിക്കാരുടെ കൈയ്യിൽ ഓരോന്നുണ്ടാകും. ജാലെങ്ങാനും പൂട്ടാൻ മറന്നാൽ അന്ന് അര  ചാക്ക് അടക്ക പോയീന്ന് കൂട്ടിയാൽ മതി. ജാലടക്കാൻ മറന്നാൽ അന്ന് പൂട്ടാൻ മറന്നവനെ പഞ്ഞിക്കിടാൻ വീട്ടുകാർക്ക്  വേറെ കാരണം  വേണ്ട.

ജാലില്ലാത്തവൻ അവനവന്റെ മുറ്റത്തു പടച്ചോനെ കാവലാക്കി അടക്ക മുറ്റത്തു ഉണക്കാനിടും.  ഞങ്ങളുടെ പടിഞ്ഞാറ് വശത്തായിട്ടായി  ഒരു കുഞ്ഞു ജാല് ഉണ്ടായിരുന്നു. ജാല് പൂട്ടാനുള്ള ഡ്യുട്ടി എനിക്കും.  പലപ്പോഴും അത് പൂട്ടാൻ ഞാൻ  മറക്കും. പൂട്ടാൻ മറന്നൂന്ന് പാതിരാക്കാണ് എനിക്ക് ഓർമ്മ വരിക. രാവിലെ ബാക്കിയുള്ളവരൊക്കെ എഴുന്നേൽക്കുന്നതിനു മുമ്പ് ജാലിലേക്ക് പമ്മിപ്പമ്മി ഓടും. ഏതെങ്കിലും പെങ്ങൾ കണ്ടാൽ അന്നത്തെ കാര്യം കട്ടപ്പൊക. അടക്കയൊക്കെ പട്ടിയോ പൂച്ചയോ പെരുച്ചാഴിയോ  അകത്തു കയറിയിട്ടുണ്ടാകും. അവർ അവിടെ രാത്രി  തട്ടലും മുട്ടലും നടത്തി അടക്ക നാലു ഭാഗത്തേക്ക് ചിതറിക്കും.    ആ പണി ചെയ്ത് വെച്ചത്   കണ്ടാൽ ആരോ പാതിരായ്ക്ക് വാതിൽ പടി പൂട്ടാത്ത  ജാലിൽ വന്നു  അടക്ക പൊക്കിക്കൊണ്ട് പോയത് പോലെയാണ്  തോന്നുക.  അതോടെ   ബാക്കിയുള്ളവർക്ക് വസ്‌വാസും, എന്നെ പോലുള്ള സൗകുമാർക്ക് അടിയും.  ഞങ്ങൾ, സൗകുമാരുടെ  പണി അതൊക്കെ ഒരു വിധം ശരിയാക്കി വീട്ടുകാർ കാണുന്നതിന് മുമ്പ് ജാല്പൂട്ടി സ്ഥലം  വിടുക എന്നതാണ്.

ജാലിൽ ഉണക്കാനിടുന്ന മറ്റൊരു വസ്തുവാണ് കൊപ്ര.  പക്ഷെ  കൂടുതൽ കൊപ്ര ഉണക്കുന്നത് തുറന്ന സ്ഥലത്തോ പാടത്തോ മറ്റോ ആയിരിക്കും. ഇത് പൊക്കുന്നത് കാക്കകളാണ്.  ഇവരെ ഓടിക്കാനായി മാത്രം   നമ്മുടെ കുൽസു-സൗകുമാർ സ്‌കൂൾ വിട്ട ശേഷം അവിടെ ഡ്യൂട്ടി ഏറ്റെടുക്കും. ഇവർ വല്ല  വരമ്പത്തോ അതിന്റെ ചുറ്റുഭാഗത്തോ ആയി ചിരട്ടയും പിടിച്ചു ഇരിക്കും. ചിരട്ടകൊട്ടിയാണ് കാക്കകളെ  ഓടിച്ചിരുന്നത്. അതിലും രസം ഇവർ എന്ത് ചിരട്ട കൊട്ടിപ്പേടിപ്പിച്ചാലും കാക്കയ്ക്ക് ഒരു കഷ്ണം തേങ്ങയോട് ആഗ്രഹം തോന്നിയാൽ അത് ഏത് വിധേനയും പൊക്കിയിരിക്കും.

 അന്നൊക്കെ പിള്ളേർക്ക് അസുഖം വന്നു കുറച്ചു അതിരു കടന്നാൽ പെണ്ണുങ്ങളൊക്കെ ആ രോഗിയുടെ വീട്ടിൽ വന്നിട്ട് പരസ്പരം പറയും - ''എന്തായിപ്പയ്പ്പാ ക്ടായിന് ...ഒരീ  ഒൺണച്ചയില്ല ...... ''  അപ്പോൾ പിന്നൊരു ഉമ്മുകുൽസു  പറയുന്ന ഡയലോഗാണ് മരണ മാസ്സ്  -  '' അതെന്നെമ്മാ ....കാക്കനെ പായ്ക്കാനെങ്കു  ഹാസിനെ ചാടീറ്റ് പോയിനെങ്ക് മതിയായിന്, കാക്കന്റെ ഹാസ് ചാടീറ്റ് പോട്ടല്ലാഹ്  ''. അത് കേട്ട് ബാക്കിയുള്ളവർ ആമീൻ പറയും.

ചില സൗകുമാരെ കൊപ്രയ്ക്ക് കാവലിരുത്തുന്നതിലും നല്ലത് അങ്ങിനെ തന്നെ കാക്കയ്ക്കും കോഴിക്കും  വിടുന്നതായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. കാക്ക തിന്നുന്നതിന്റെ ഇരട്ടി ഇവൾമാർ  അവിടെ ഇരുന്നു ചവച്ചു തുപ്പും. ആരെയെങ്കിലും കണ്ടാൽ പീര  വിഴുങ്ങിക്കളയും. പിന്നെ നാല് ദിവസത്തേക്ക് വയറ്റിളക്കവും അതിസാരവും.  എന്താണ് വിഴുങ്ങിയതെന്ന് കൊന്നാലും പറയില്ല.

അന്ന് മിക്കവീട്ടിലും വയറു വേദന, വയറ്റിളക്കം, മൂക്കൊലിപ്പ്, പുണ്ണ്, ചെരങ്ങു അസുഖങ്ങൾ ഉണ്ടാകും. ചെകിട് ഒലിച്ചു കുറെ എണ്ണം ഒരു ഭാഗത്ത്, ഒരിക്കലും വറ്റാത്ത മൂക്കൊലിപ്പിച്ചു വേറെ കുറെ എണ്ണം. (എത്തിനോക്കുക എന്നാണ്സ്കൂ പറയുക ). സ്‌കൂളിലെ ക്‌ളാസ്സ് മുറികളിൽ കുടക്കമ്പിയിൽ തോക്കിയിടാറുള്ള ലീവ് ലെറ്ററുകളുടെ ശേഖരങ്ങൾ നമ്മുടെ സ്‌കൂളിലെ ഏതെങ്കിലും ഒരു ഒഴിഞ്ഞ മൂലയിലോ ഫയലുകൾക്കിടയിലോ ബാക്കിയായിട്ടുണ്ടെങ്കിൽ ഇമ്മാതിരി അസുഖങ്ങളൊക്കെ എഴുതിയിട്ടത്  കാണാൻ സാധിക്കും. മിക്ക ദിവസങ്ങളിലും നാലഞ്ച് പേർ ഒഴിവായിരിക്കും. പ്രധാന കാരണം, തൂറലും കാറലും, ഛർദ്ദി അതിസാരം തന്നെ.

ചിലർ മാവിൻ ചുവട്ടിലാണ് കാവൽ, മാങ്ങ പെറുക്കാൻ.  മാങ്ങ വീണത് കിട്ടിയാൽ കഴുകുക എന്ന ഏർപ്പാട് അന്നില്ലായിരുന്നു. ആകാശം മുട്ടെയുള്ള മാവിന്ന് പഴുത്ത മാങ്ങ താഴെ വീണാൽ കുൽസു-സൗകുമാർ കഴിച്ചോട്ടെ എന്നൊന്നും കരുതിയല്ലല്ലോ മെല്ലെ മെല്ലെ തട്ടാതെ പൊട്ടാതെ താഴേക്ക്  വീഴാൻ.  മരക്കൊമ്പിലിരുന്ന്  വല്ല കാക്കയോ അണ്ണാനോ കഴിക്കുമ്പോൾ കൈ വിട്ടു പോകുന്നതാണ് അബദ്ധത്തിൽ നാട്ടിലെ പിള്ളേർക്ക് കിട്ടുന്നത്. അതൊക്കെ കഴുകിത്തിന്നാൻ തുടങ്ങിയാൽ മാങ്ങയുടെ ടെയ്സ്റ്റ് മൊത്തം പോയില്ലേ ? ഇനി അഥവാ അതെങ്ങാനും വീട്ടിൽ കൊണ്ട് പോയി കഴുകിത്തതിന്നാമെന്നു കരുതി ഓൽങ്ങത്തിൽ വെള്ളമെടുക്കുമ്പോഴേക്കും ബാക്കിയുള്ള പിള്ളേർ പീ പീ ന്നു പറഞ്ഞു ''റാഗം'' തുടങ്ങും.  (അന്ന് കുട്ടികൾ മോങ്ങുന്നതിനെ പറഞ്ഞിരുന്നത് ''റാഗം പാട്ന്നെ'' എന്നായിരുന്നു.).  വയറ്റിളക്കം വന്നാലും സാരമില്ല കഴുകാതെ തന്നെ മാങ്ങ വിഴുങ്ങി വീട്ടിലെത്തുക എന്നതാണ് അന്നത്തെ കുൽസു-സൗകുമാർ എടുത്തിരുന്ന കുറെ കൂടി പ്രായോഗികമായ നടപടികൾ.

മാങ്ങയുടെ കാര്യം പറഞ്ഞപ്പോൾ ഇത് കൂടി ഓർത്തുപോകുന്നു. അന്നൊക്കെ  മാങ്ങയണ്ടി ഈമ്പി അതിന്റെ ചാറ് മൊത്തം കുടിച്ചു, അവനെ  നോക്കി നിൽക്കുന്ന ആരെയെങ്കിലും പേര് വിളിക്കും.  അവൻ അതിനു അറിയാതെയെങ്ങാനും ജവാബ് തന്നാൽ ''ഈന്റൊക്കെ പോയിറോനെ (ളെ )''  എന്ന് പറഞ്ഞു അണ്ടി ദൂരെ എറിയുന്ന വിചിത്രമായ ആചാരം, ചാണകം ചവുട്ടിയാൽ ഉടനെ ഓടി പച്ച പിടിക്കുക എന്നത് പോലെതന്നെ  അന്ന് സർവ്വ സാധാരണമായിരുന്നു.   അത് കൊണ്ട് മാങ്ങ തിന്ന മണം പിടിച്ചാൽ, ആരു വിളിച്ചാലും കുൽസു- സൗകുമാർ വിളിക്കുത്തരം നൽകില്ല.

ചിലരൊക്കെ അതെങ്ങാനും പറയാൻ മറന്നു  പോയാൽ വുളു ഇല്ലാതെ നിസ്കരിച്ചാൽ വീണ്ടും വുളു എടുത്ത് കൈകെട്ടില്ലേ , അത് പോലെ എന്തോ ഒന്നാണെന്ന്  ധരിച്ചു മാങ്ങയണ്ടി നിലത്തു നിന്ന് പെറുക്കിയെടുത്തു പറയപ്പെട്ട ''ഉപചാരവാക്കുകൾ'' പറഞ്ഞു വീണ്ടും  ഏറിയും. ചില വിരുതന്മാർ പ്രായമുള്ള മനുഷ്യരോട് വരെ ഇതും പറഞ്ഞു അണ്ടി  എറിഞ്ഞു കളയും, അതിനു അവരുടെ വായിന്ന് കിട്ടുന്ന മറുപടി ഒന്നൊന്നരയായിരിക്കും. മിനിമം ''നിന്റെ ബെലിപ്പാനോട് ചെല്ല്റാ'' എന്ന് എന്തായാലും ഉണ്ടാകും.  ആരെയും ശശിയാക്കാൻ കിട്ടാതെ സ്വയം ശശിയാകുമെന്നായപ്പോൾ അത് വഴി വന്ന  ഒരു സ്രാമ്പിയിലെ ഉസ്‌താനോട്  ഒരു സൗകൂ പറഞ്ഞു പോലും - ''ഉസ്താ... ഉസ്താ..  ഈന്റൊക്കെ പോയിരീ ... ''

ഒരു ദിവസം  മദ്രസ്സയിൽ ഉസ്താദ് പഠിപ്പിക്കുകയാണ് - ''നിന്റെ ഉമ്മ  വിളിച്ചാൽ നീ  ഉടനെ  ഉത്തരം നൽകണം, രണ്ടാമതും വിളിച്ചാൽ ഉമ്മയ്ക്ക്  ഉത്തരം നൽകണം. പിന്നെയും വിളിച്ചാൽ ഉമ്മയ്ക്ക് തന്നെ, അത് കഴിഞ്ഞാണ് ഉപ്പയുടെ വിളിക്കുത്തരം നൽകേണ്ടെതെന്ന് പറഞ്ഞപ്പോൾ, ഒരു സൗകൂ എഴുന്നേറ്റ്  ചോദിച്ചു - ''ഉസ്താ.... മാങ്ങാന്റണ്ടി ഊംപീറ്റ് ചാടോംബോ ബിൾചെങ്കു, ഉമ്മാനോട് ''ഓഊ''ന്ന് ചെല്ലണാ ...'' കുട്ടികൾ അന്നൊക്കെ ഏതറ്റം വരെ ചിന്തിച്ചിരുന്നു എന്ന് നോക്കൂ !

അന്നൊക്കെ എവിടെയും മാവുകൾ ഉണ്ടായിരുന്നു. എന്റെ വീടിന്റെ തൊട്ടപ്പുറത്തെ പറമ്പിൽ മൂന്ന് മാവ്. മൂന്നിലും മൂന്ന് രുചിയുള്ള മാങ്ങകൾ. പടിഞ്ഞാറോട്ടുള്ള തോടിനു വശമായി പഞ്ചാരാങ്ങ, ഒത്ത നടുവിൽ തെക്കംമാങ്ങ, കിഴക്കേ തോട്ടിൽ ഉണ്ണ്യാങ്ങ. വലിയ പള്ളിക്ക് എത്തുന്നതിന് മുമ്പായി വീണ്ടും രണ്ടു  പറമ്പുകളിലായി ഓരോ മാവുകൾ  കിട്ടും, ഒന്ന് ഗോവാങ്ങ, മറ്റൊന്ന് പുളിയൻ മാങ്ങ. എന്റെ  വീടിന്റെ തൊട്ടു മുകളിലുള്ള കുന്നിലും നല്ല കിണ്ണൻ തെക്കൻ മാങ്ങകൾ കിട്ടും. അതിന്റെ തന്നെ അപ്പുറമായി കാട്ടാങ്ങ. എന്റെ വീട്ടുപറമ്പിലും ഒരു മുരടിൽ തന്നെ രണ്ടു മാവുകൾ കൂട്ടിയുംപിരിഞ്ഞു മേലോട്ട് കയറി  രണ്ടു തരം മാങ്ങ തരും - അതിലൊന്ന് ഗോവാങ്ങ,  മറ്റൊന്നിന് പ്രത്യേകിച്ച്  പേരില്ല, ഞാൻ അതിനെ കസിമാങ്ങ എന്നാണ് പറയാറ്. പെങ്ങന്മാരുടെ ടെ മുമ്പിൽ വെച്ചൊന്നും ഞാൻ അത് പറയില്ല, റിപ്പോർട്ട് ചെയ്യുക വേറെന്തെങ്കിലും പറഞ്ഞായിരിക്കും. എനിക്ക് കൗണ്ടർ അറ്റാക്ക് അന്നേ ഇല്ലായിരുന്നു.

സ്‌കൂളിന്റെ തെക്കു പടിഞ്ഞാറ് മൂലയിലെ കോമ്പൗണ്ടിന് പുറത്തും ഒരു മാവുണ്ടായിരുന്നു. അതിലാണെങ്കിൽ ചോണനുറുമ്പുകളുടെ സംസ്ഥാന സമ്മേളനവും. മാവിന്റെ മുകളിൽ കയറാൻ ആരെയും അടുപ്പിക്കില്ല.  ഒരു സൗകൂ വാശിയിൽ കയറി പിന്നെ ഇറങ്ങേണ്ടി വന്നിട്ടില്ല, വീഴുന്നത് കണ്ടപ്പോൾ ചോണനുറുമ്പുകൾ കൂട്ടത്തോടെ ഇവനെ തള്ളിയിട്ടത് പോലെയാണ് തോന്നിയത്. റബ്ബർ പന്ത് പോലെയുള്ള സൗകൂ വീണിട്ടും ചാടിച്ചാടിയാണ് എണീറ്റത്.  ഇവറ്റങ്ങൾ ബഷീറിന്റെ  ''ഭൂമിയിലെ അവകാശികൾ''  വായിച്ചിരിക്കണം.

നമ്മുടെ സ്‌കൂൾ മുറ്റത്തും   കുറെ മാവുകൾ ഉണ്ടായിരുന്നു. അത് ''മുടി''യാകുന്നത് കാണാം. പിന്നെ അവറ്റങ്ങളെ പഴുക്കാൻ വിടുന്നത് പോകട്ടെ,  അണ്ടി വരാനോ മൂപ്പെത്താനോ ആരും സമ്മതിക്കില്ല. അതിൽ ആ പരിസരത്തു കോട്ടേഴ്സിൽ താമസിച്ചിരുന്ന ടീച്ചർമാരും ഒട്ടും മോശമല്ലായിരുന്നു. വല്ല സൗകുവോ മറ്റോ  കുറച്ചു കല്ലുപ്പും ചേർത്തു തട്ടാമെന്നു വെച്ച് മരത്തിൽ കേറും.  ഉടനെ കംപ്ലയിന്റ് സാറന്മാരുടെ അടുത്ത് എത്തും. അവർ പെട്ടെന്ന് വരില്ല.  ഇവൻ, മണ്ടൻ സൗകൂ, കുറച്ചേണ്ണം പറിച്ചു കീശയിൽ തിരുകുമ്പോഴായിരിക്കും സാറോ ടീച്ചറോ വരിക, അവർ കൂളായി അതടിച്ചോണ്ട് പോയി, വീട്ടിൽ  നല്ല മുളകിട്ടു അച്ചാറുണ്ടാക്കും. ഇതൊന്നും നമ്മളാരുമറിയില്ലല്ലൊ.  അടി കൊണ്ട സൗകൂ ക്ലാസ്സിലേക്ക് നടക്കും. ടീച്ചർമാരൊക്കെ നാട്ടിൽ പോകുമ്പോൾ മാങ്ങയച്ചാറുമായിട്ടാണ് പോകുന്നതെന്ന സംശയം എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. അല്ലെങ്കിൽ പറയൂ, സ്‌കൂളിൽ  ഉപ്പിലിട്ട മാങ്ങ വിൽക്കാൻ വന്ന പിള്ളേരുടെ  പിടിച്ചതടക്കം ഇവർ ഈ മാങ്ങകൾ എന്ത് ചെയ്തിരിക്കും ?

ഹൌവ്വവർ, നമ്മുടെ വിഷയം മാറിപ്പോകരുത്.  ചില പ്രത്യേക സീസണിൽ നാലോ അഞ്ചോ ദിവസം മാത്രം കാവലിരിക്കുന്ന ''ഷോട്ടെർമ് കാക്കനയ്ക്കൽ'' ഉണ്ട്. അത് പപ്പടം ഉണക്കുമ്പോഴാണ്.

നമ്മുടെ നാട്ടിൽ  രണ്ടു പ്രദേശങ്ങളിലാണ് കൂടുതൽ കിഴങ്ങ് കൃഷി നടത്തിയിരുന്നത്. ഒന്ന് ബാക്കിത്തമാർ ഭാഗത്ത് മറ്റൊന്ന് പാലത്തടക്കം തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ.  രണ്ടിടത്തും നല്ല വിളവാണ്. കുന്നിൻഭാഗത്തു നിന്ന് കിട്ടുന്ന കിഴങ്ങിന്  രുചി കൂടുതൽ ഉണ്ടെന്നൊക്കെ പറയാറുണ്ട്.

വിളവെടുക്കുമ്പോൾ കിഴങ്ങു കൃഷിക്കാർ വീടുവീടാന്തരം കയറി കണക്ക് എടുത്ത് പോകും, എത്ര കിലോ വേണമെന്ന്.  പപ്പടത്തിന്റെ പോരിശയൊക്കെ അവർ വീട്ടുകാരെ  ഓർമ്മിപ്പിക്കും.  ഇല്ലെങ്കിൽ വിളവെടുപ്പ് ദിവസം നമ്മൾ അങ്ങോട്ട് ചാക്കുമായി പോയി തൂക്കികെട്ടി വരാം . മിക്ക കടകളിലും ഒരു എക്സ്ട്രാ തുലാസ് ഉണ്ടാകും. അതാണ് ഇവർ കിഴങ്ങ്, വെള്ളരി തുടങ്ങിയവ ഹോൾസെയിലായി  തൂക്കി വിൽക്കാൻ തൽക്കാലത്തേക്ക് വായ്പ വാങ്ങുക.
. അന്ന് കിഴങ്ങ് വാങ്ങാൻ വകയില്ലാത്തവർ ഒരുപാടുണ്ടാകും. അവർ കിളച്ചെടുത്ത ശേഷം ബാക്കിയാകുന്ന വേരുപോലുള്ള നേർത്ത ചാളി കിഴങ്ങുകൾ പെറുക്കി എടുത്ത് ചാക്കിലോ തുണിയിൽ കെട്ടിയോ കൊണ്ട് പോകും. അതിലും കാണും കുറച്ചൊക്കെ എഡിബിൾ സത്ത്.

കിഴങ്ങ് വീടുകളിലെത്തിയാൽ പെണ്ണുങ്ങൾ അതത് വീട്ടിൽ പപ്പട-പപ്പടനുബന്ധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ തിയ്യതി നിശ്ചയിക്കുo. കിഴങ്ങ് പുഴുങ്ങുന്ന തലേ ദിവസം ഉമ്മ എല്ലാവർക്കും ഒരു ക്‌ളാസ് നടത്തും. അതിന്റെ ഉദ്ദേശമിതാണ്. നിങ്ങളൊക്കെ ഉത്സാഹിക്കുമെങ്കിൽ ഇപ്രാവശ്യം പപ്പടം ഉണ്ടാക്കാം. ഇല്ലെങ്കിൽ ആ കൊണ്ട് വന്ന സാധനം ചുട്ടോ പുഴുങ്ങിയോ തിന്നാം.  നമ്മൾ, ഉത്സാഹക്കമ്മറ്റി,  പപ്പട നിർമാണത്തിന് അനുകൂലമായി കൈ പോക്കും. അപ്പോൾ ഉമ്മാന്റെ അടുത്ത നിർദ്ദേശം - ഇന്ന് വൈകിയേ ഉറങ്ങാൻ പാടുള്ളൂ, നേരത്തെ എഴുന്നേൽക്കുകയും വേണം.  നമ്മൾ പതിവ് പോലെ മൂളി ഉമ്മാനെ പ്രോത്സാഹിപ്പിക്കും.

മധുരക്കിഴങ്ങ് ഉൽപ്പന്നങ്ങളാണ്  ശരിക്കും അക്കാലങ്ങളിൽ മിക്ക വീട്ടിലും മഴക്കാലങ്ങങ്ങളിൽ കൊറിക്കാനും ചവക്കാനുമുള്ള ചിപ്സും ച്യൂoഗവും. ഞങ്ങളുടെ മൂളലിൽ വലിയ വിശ്വാസം ഇല്ലാത്തത് കൊണ്ട് ഉമ്മ വേറെ ഒന്ന് രണ്ടു ഉമ്മുകുല്സുമാർക്കും പപ്പടനിർമ്മാണ സൂചന നൽകും. അന്ന് ചെന്നിക്കൂടലിൽ നിന്ന് ഞങ്ങളുടെ ഒരു പ്രിയപ്പെട്ട മുത്തശ്ശി വന്നിരുന്നു. ഞങ്ങൾ അവരെ വിളിക്കുന്നത് മാമ എന്നാണ്. (ഉപ്പാന്റെ ഉമ്മാനെ  ഞങ്ങൾ  ഉമ്മമ എന്നാണ് വിളിക്കുക, ഉമ്മാന്റെ ഉമ്മ കാക്കഉമ്മ .  ബാക്കി നാല്  പേർ മാമ-മാരും. ഒന്ന് ഈ പറഞ്ഞത്, മറ്റൊന്ന് സാപ്പിന്റെ മൂത്തമ്മ, ബാക്കിയുള്ള രണ്ടു പേർ  - രണ്ടു മുക്രി ഉപ്പപ്പാന്റെ ഭാര്യമാർ. ) അത്രയും സ്നേഹമായിരുന്നു ആ മുത്തശ്ശിക്ക് ഞങ്ങളോട്, ഞങ്ങൾക്ക് അവരോടും അങ്ങിനെ തന്നെയായിരുന്നു.

അവരെയൊന്ന് വീട്ടിൽ തങ്ങാൻ വേണ്ടി ഞങ്ങൾ പഠിച്ച പണി പലതും നോക്കും.  പപ്പട ഉണ്ടാക്കുന്ന ദിവസം നിൽക്കാമെന്നാണ് അവർ വാക്ക് തരിക.  അന്ന് അവർ പറഞ്ഞു തരുന്ന കഥകൾ കേൾക്കാൻ ഞങ്ങൾ ഉറങ്ങാതെ അവരുടെ അടുത്ത് കൂനിക്കൂടിയിരിക്കും. ആകെ അവരുടെ കയ്യിൽ നാലഞ്ചു കഥകളെ സ്റ്റോക്കുള്ളൂവെങ്കിലും, പക്ഷെ അത് ഓരോ സമയവും പറയുമ്പോൾ പുതിയ ഏതോ കഥ പോലെ ഞങ്ങൾക്ക് അനുഭവപ്പെടും. നല്ല പ്രാസഭംഗിയും കുറച്ചു ഡെക്കറേഷനൊക്കെ ആയിട്ടാണ് അവർ  ആ കഥകൾ അവതരിപ്പിക്കുക. കഥാപാത്രങ്ങളുടെ ചില ഡയലോഗുകളൊക്കെ തുളുവിലായിരിക്കും ഉണ്ടാകുക.  ''അങ്ങേനേയിരിക്ക്ന്നെ നേരത്ത് ....'' മാമ കഥ തുടങ്ങും. അങ്ങിനെയേ തുടങ്ങൂ. മാമാന്റെ കഥകൾ കേട്ട് ഞങ്ങൾ ചിലപ്പോൾ  ഉറങ്ങിപ്പോവുകയും ചെയ്യും.

രാവിലെ ഉണരുമ്പോൾ കാണാം അടുക്കളയിൽ രണ്ടു മൂന്ന് ഉമ്മുകുല്സുമാർ ഇങ്ങിനെ സംസാരം തുടങ്ങിയിട്ട്. തലേ ദിവസം ഞങ്ങളെ വിശ്വസിച്ചു ചെമ്പോലത്തിൽ കഴുകിയിട്ട കിഴങ്ങ് പുറത്തു ഒരു അടുപ്പിലും അകത്തു മറ്റൊരു അടുപ്പിലും വെന്തു കഴിഞ്ഞിരിക്കും.  നമ്മൾ, പിള്ളേരുടെ ജോലി ഈ പുഴുങ്ങിയ കിഴങ്ങിന്റെ തോലുരിച്ചു കളയുക എന്നതാണ്. എന്റെ പെങ്ങൾ പത്ത് പതിനഞ്ചു വട്ടം എന്റെ കൈ   കഴുകിക്കും.  എന്നിട്ടേ കിഴങ്ങ് കയ്യിൽ തരൂ. ചൂട്കിഴങ്ങ്  പൊള്ളിപ്പൊള്ളി ഒരുവിധം ഞങ്ങൾ തൊലിയെടുക്കും.

ഞാൻ തൊലിയെടുക്കുമ്പോൾ ഒന്നുകിൽ കിഴങ്ങ് അടർന്ന് കുറെ പോകും. ഇല്ലെങ്കിൽ തൊലി കിഴങ്ങിൽ പറ്റിപ്പിടിക്കും. കുറെയൊക്കെ ഉമ്മയും പെങ്ങളും  സഹിക്കും. അവർക്കുമില്ലേ സഹിക്കുന്നതിനും ഒരു അതിര്. എന്റെ തലമണ്ട നോക്കി രണ്ടു മേട് (കിഴുക്ക്) തന്ന് എന്നോട് എഴുന്നേറ്റ് പോകാൻ ആജ്ഞാപിക്കുന്നതോട് കൂടി ഞാൻ ആ കർമ്മത്തിൽ നിന്ന് ഔദ്യോഗികമായി റിലീസായി (ഡീമോബിലൈസ്ഡ്) എന്നും പറയാം. പിന്നെ വള്ളി ട്രൗസറുമിട്ട് രണ്ടു നടുവിനും കൈ വെച്ച് നിന്ന് ഇവരുടെ ''തൊലിയുരിയൽ''  വെറുതെ നോക്കിക്കൊണ്ടിരിക്കാം.   എന്റെ പ്രായമുള്ള കുട്ടികൾ കല്ല് കൊണ്ട് വരുന്നു, പുല്ലരിയുന്നു, പാൽ കറക്കുന്നു, ബർവല വാരുന്നു,  കൃഷിപ്പണി ചെയ്യുന്നു ഇതൊക്കെയാണ് പിന്നെയുള്ള ഉമ്മാന്റെയും ഉമ്മാന്റെ ചങ്ങായിച്ചികളുടെയും  ഡയലോഗുകൾ.  കൊല്ലത്തിലൊരിക്കൽ കിഴങ്ങിന്റെ കുപ്പായം ഊരുമ്പോൾ അബദ്ധം പറ്റിയതിന് ഞാൻ ഇത്രയൊക്കെ കേൾക്കേണ്ടി വന്നുവെന്നത് എന്റെ വിധി. ഞാൻ ഇപ്പോഴും ക്ഷമിച്ചു.

ആ ദിവസം രാവിലത്തെ ബ്രെക്ഫാസ്റ്റ്  വേറെ ഒന്നുമുണ്ടാക്കില്ല. കാലിച്ചായയും ചുട്ട കിഴങ്ങും. തലേ ദിവസത്തെ കറി ഒഴിച്ച് പുഴുങ്ങിയ കിഴങ്ങ് തിന്നാൻ ഒരു ടെയിസ്റ്റ് വേറെ തന്നെയാണ്. ഞാനൊക്കെ വീട്ടു മുറ്റത്തിരുന്ന്, സൂര്യനെയും ആകാശത്തെയും നോക്കി  ഭക്ഷണം കഴിക്കുന്ന ഏക ദിവസം കൂടിയാണിത്.

ഒരു വട്ടിയിലാണ് തൊലിയുരിഞ്ഞ കിഴങ്ങ് ഇടുന്നത്. അതിൽ നിന്ന് അഞ്ചാറെണ്ണം എടുത്ത് വേറെ രണ്ടു ഉമ്മുകുൽസുമാറും ഉമ്മയും കൂടി കടയംകല്ലിലിട്ട് അരക്കൻ തുടങ്ങും. അതിനിടയിൽ അയൽപ്പക്കത്തുള്ളവരൊക്കെ എത്തും. അവർ അവിടെ വെച്ച് തന്നെ അയൽപക്കത്തുള്ള പപ്പട നിർമ്മാണ തിയ്യതി പ്രഖ്യാപിക്കും.  നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അത് ഒന്ന് കൂടി ഓർമ്മിപ്പിക്കും. അവിടെയും ഉമ്മയും മറ്റും  പോയി സഹകരിക്കാൻ.

ഈ സംസാരത്തിനിടയിൽ മാവുപോലെ അരച്ചെടുത്ത കിഴങ്ങ് ഉരുട്ടാൻ തുടങ്ങും. ചെറിയ കുഞ്ഞുരുളകൾ മറ്റൊരു വട്ടിയിൽ നിറച്ചു വെക്കും.  സൂര്യൻ ഉദിക്കുന്നതോടെ ഇതെല്ലാം കൊണ്ട് മുറ്റത്തേക്ക് പെണ്ണുങ്ങൾ ഇറങ്ങും. ഇതൊക്കെ ഒരു വശത്തു നടക്കുമ്പോൾ കുറച്ചു അകലെ ഒരു മരത്തിനടിയിൽ താത്കാലികമായി ഉണ്ടാക്കിയ ഒരു അടുപ്പിൽ പത്ത്മണിക്കുള്ള ശാപ്പാടിനായി ഒരു ഓട്ടുരുളിയിൽ കലത്തപ്പമിങ്ങനെ ആർക്കോ വേണ്ടി അടിയിലും മുകളിലും തീ കായുന്നുണ്ടാകും.

അൽപ സമയത്തിനുള്ളിൽ  മുറ്റത്തേക്ക് ചുറ്റുഭാഗത്തുമുള്ള വീട്ടിൽ നിന്നും ബട്ടെപ്പലെ (വട്ടപ്പലക ) അവരുടെ ഡ്യൂട്ടി കഴിഞ്ഞു പാർട്ട് ടൈം സർവീസിനായി എത്തും. അന്നൊക്കെ മിക്കവീട്ടിലും ഒരു പുതിയ ഓലപ്പായ സൂക്ഷിച്ചു വെക്കുക എന്നത് ഒരു നടപ്പ് സമ്പ്രദായമായിരുന്നു. എപ്പോഴും ഒരു മരണത്തെ അന്നുള്ളവർ കാത്തിരുന്നു.  മയ്യത്തു കിടത്താൻ ഒരു പുതിയ പായ.  വേറെ ചില വളരെ അത്യാവശ്യങ്ങൾക്കും ഈ ''റിസർവ്ഡ് പായ'' ഉപയോഗിക്കും. അതിൽ പെട്ട ഒരു എമർജൻസി കേസാണ്  പപ്പടം ഉണക്കൽ.  രണ്ടു മൂന്ന് ദിവസത്തേയ്ക്ക് പായ ഉപയോഗിച്ച് അത് അങ്ങിനെതന്നെ ചുരുട്ടി വെക്കും.

ബട്ടെപ്പലെ എത്തിക്കഴിഞ്ഞാൽ പിന്നെ ഉമ്മുകുൽസുമാരും സൗകൂ - കുൽസുമാരും മുറ്റത്ത് പായ, അതിനു മുകളിൽ വൃത്തിയുള്ള ബെഡ് ഷീറ്റ് എന്നിവ വിരിക്കുന്ന തിരക്കിലായിരിക്കും. നല്ല ട്രാൻസ്പരന്റായ നേർത്ത പ്ലാസ്റ്റിക് മുമ്മൂന്ന്  കഷ്ണങ്ങൾ എല്ലാ ബട്ടപ്പലെ ഓപ്പറേറ്റർമാർക്കും നൽകും. കൂടെ ഒരു പിഞ്ഞാണകുഞ്ഞിയിൽ  അല്പം തേങ്ങയെണ്ണയും.

വട്ടപ്പലകയിൽ ആദ്യം പ്ലാസ്റ്റിക് ഷീറ്റ് വെക്കും. അതിൽ ലേശം എണ്ണ തടവും. അതിനു മുകളിൽ കിഴങ്ങ് മാവുണ്ട. അതിനു മുകളിൽ എണ്ണ തേച്ച  സെക്കൻഡ് പ്ലാസ്റ്റിക് ഷീറ്റ്. ഒരു ആയത്തിൽ ഒരു വൃത്തിയുള്ള കുപ്പി മുകളിൽ വെച്ച് തള്ളിയാൽ പപ്പടം റെഡി. അതിങ്ങനെ ഷീറ്റ് കൈമാറി കൈമാറി ഉമ്മുകുൽസുമാർ പായയിൽ വെയിൽ കായാൻ വെക്കും.  ഉമ്മുകുൽസുമാർ കൽത്തപ്പം  തിന്നാൻ പോയ നേരം ഞാൻ അകത്തു നിന്ന് ഒരു ഒഴിഞ്ഞ കുപ്പിയെടുത്തു പപ്പടം പരത്താൻ തുടങ്ങി. അപ്പോൾ തന്നെ ഞാൻ ഇരന്നു അടി വാങ്ങിക്കുകയും ചെയ്തു. സംഭവം ആ കുപ്പി മണ്ണെണ്ണയുടേതായിരുന്നു.

വേറൊരു ഭാഗത്തു വേറെ ഒന്ന് രണ്ടു പേർ പുഴുങ്ങിയ എന്നാൽ കുറച്ചു തണുപ്പ് വന്ന കിഴങ്ങ് കൊണ്ട് വന്നു പായയിൽ പൊടിച്ചിടും. അതിനൊക്കെയാണ് ഞങ്ങളെ ഉപയോഗിക്കുക.  അവിടെ ഞാൻ പൊടിക്കുന്ന കഷ്ണങ്ങൾക്ക് സൈസ് കൂടുതൽ എന്ന് പറഞ്ഞു ഉടനെ തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിടും.  പപ്പടം ഉണ്ടാക്കുന്ന ഭാഗത്തേക്ക് ഒന്ന് സഹായിക്കാൻ ചെന്നാലോ അവർ ഗ്രൂപ്പായി  ഓടിച്ചു കളയും. ഒരു പുളുങ്കുരു വലിപ്പത്തിലാണ് കിഴങ്ങ് പൊടിച്ചിടേണ്ടത് പോലും.  ഇതാണ് ഉണങ്ങിയുണങ്ങി  പിന്നീട് കടിച്ചാൽ പൊട്ടാത്ത ''കേങ്ങിൻന്റോടി'' ആയി മാറുന്നത്. ഉണക്കാനിട്ടിടത്ത് നിന്ന് തുടർന്നുള്ള അഞ്ചാറ് ദിവസം ഞങ്ങൾ ഒരു പിടി ''പൊടി'' തിരിഞ്ഞും മറിഞ്ഞും നോക്കാതെ പൊക്കി ഓടും. അത് സ്‌കൂളിൽ എത്തുംവരെ വായിൽ ഒരു ചെലവുമില്ലാതെ ഗ്രൈണ്ട് ചെയ്തുകൊണ്ടേയിരിക്കും.

സ്‌കൂളിന്ന് വന്നാൽ ഇതിന് കാവലിരിക്കലാണ് ഞങ്ങളുടെ വിധി. ഇവിടെ വില്ലൻ കാക്കയും കോഴികളും ആയിരിക്കും. കാക്കയെ പിന്നെയും സഹിക്കാം. കോഴിയമ്മ കുട്ടികളെയും കൊണ്ട് വന്ന് തിന്നുമെന്ന് മാത്രമല്ല, ഒരു കൺട്രോളുമില്ലാതെ തൂറിക്കളയും. അതോടെ മൊത്തം ''ഹമൽ ബാഥ്വിലാകും''.

ഞാൻ നേരത്തെപ്പറഞ്ഞ ആരോഗ്യമില്ലാത്ത കിഴങ്ങുകൾ ഉണ്ടാകും കൂട്ടത്തിൽ. ഗ്രഹണി പിടിച്ച കൂട്ട്.  ഇതിനെ ചള്ളിയാക്കി ഉണക്കാനിടും. ഇവ രണ്ടും ഉണക്കാനിടുന്നത് ഒരു ചാക്ക് വിരിച്ചാണ്. അവിടെയും പാവങ്ങൾക്ക് വിവേചനം.   ചിലർ കിഴങ്ങിന്റെ തൊലിയും ഉണക്കി കളയും.

അന്നൊക്കെ ഞങ്ങൾ പപ്പടം കായാൻ കൂട്ടിരിക്കുമ്പോൾ പാടിയിരുന്ന ചില ഈരടികൾ ഉണ്ട്. ഇത് ഓരോ പ്രദേശത്തു ആദ്യ വരിയിലെ പേരിൽ മാത്രം മാറ്റം വരുത്തി പാടും. ആ തോട്ടിൽ കൂടി അപ്പോൾ   പാസ്സാകുന്ന ഏതെങ്കിലും ഒരു  സൗകുവിന്റെ പേര് ചേർത്തായിരിക്കും പാട്ട് തുടങ്ങുക.

അദ്ദിച്ചാന്റെ പുള്ളി
നടക്കുമ്പോ തുള്ളി
കേങ്ങിന്റെ ചളളി
ബായ്ക്കിട്ട് പൊള്ളി

മഴ തുടങ്ങിയാൽ പിന്നെ പപ്പടത്തിനും കേങ്ങിന്റോടിക്കും ഇരിക്കപ്പൊറുതിയുണ്ടാകില്ല. ഇവ വലിയ ഡബ്ബയിലാണ് സൂക്ഷിക്കുക. അതിന് അടുപ്പിന്റെ അടുത്താണ് സ്ഥാനം. അതിൽ രണ്ടുണ്ട് കാര്യം. ഒന്ന് പൊക്കൽ അത്ര പെട്ടെന്ന് നടക്കില്ല. മറ്റൊന്ന് അതിന് എപ്പോഴും ചെറിയ ചൂട്  ഉണ്ടായിരിക്കും. പപ്പടം ചൂടും. ചിലപ്പോൾ എണ്ണയിലിട്ട് പൊരിക്കും. അതിന്റെ മണം നാലഞ്ചു വീടപ്പുറമെത്തും. കിഴങ്ങിന്റെ പൊടിയാണ് രസം. കുറെ സമയം വായിൽ തന്നെ അലിയാതെ ഉണ്ടാകും. ഇത് ചിലർ പുഴുങ്ങി തിങ്ങും. ചിലപ്പോൾ തേങ്ങയും ചേർക്കും.  എല്ലാം തീർന്നാൽ എന്നാൽ അതെങ്കിൽ അതെന്നും പറഞ്ഞും ചളളിയുടെ ഡബ്ബയിലേക്ക് കയ്യിടും.  വലിയ ടെയിസ്റ്റ് ഒന്നുമുണ്ടാകില്ല. അത് വരെ ആരും മൈൻഡ് ചെയ്യാത്ത ചളളി യാണ് പിന്നെ താരം.

വറുതിയുടെ കാലമായ കർക്കിടത്തിലാണ് ഇതിന് നല്ല ചെലവ്. അന്നൊക്കെ കുൽസുമാരുടെ പാവാടയുടെ കീശയിൽ ഇത് സ്ഥിരമായി ഉണ്ടാകും. ഇവറ്റങ്ങളുടെ വായ 24 മണിക്കൂറും വർക്കിങ്ങിലായിരിക്കും. ക്‌ളാസിൽ മാഷന്മാർ എന്തെങ്കിലും ചോദിച്ചാൽ ഉത്തരം അറിയുന്ന പിള്ളേരും എഴുന്നേറ്റ് അനങ്ങാതെ നിൽക്കും. അതിന്റെ കാരണം വായിൽ ഒന്നുകിൽ കേങ്ങിന്റോടി, അല്ലെങ്കിൽ പുളുങ്കുരു. (വിശദമായി ഞാൻ മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട് )

സ്രാമ്പി ഭാഗത്തു ഒരു സൗകുവിനെ പപ്പടത്തിന് കാവലിരുത്തിയ ഒരു സംഭവം പറഞ്ഞു കേട്ടിരുന്നു. പുള്ളിക്കാരൻ ഇളം വെയിൽ തലയിൽ അടിച്ചു അവിടെത്തന്നെ തലകറങ്ങി ഫ്‌ളാറ്റായി.   ബോധം ഒന്ന് രണ്ടു മണിക്കൂർ അവിടെയിവിടെയൊക്കെ കറങ്ങിത്തിരിഞ്ഞ് വന്നപ്പോൾ സൗകൂ കണ്ടത് കരളലിയിക്കുന്ന കാഴ്ച. പപ്പടം സുരക്ഷിതം, പക്ഷെ കേങ്ങിന്റെ പൊടിയിട്ട പായ മൊത്തം  അയലോക്കത്തെ കോഴിയും പരിവാരങ്ങളും കക്കൂസാക്കി മാറ്റിയിരിക്കുന്നു! അതിന്റെ ദേഷ്യത്തിൽ അവൻ ചെയ്തത് ഓടിച്ചു കോഴിയെ പിടിച്ചു നേരെ മധൂരിലെക്ക് നടന്നുവത്രെ. അവിടെയുണ്ട് അലഞ്ഞുതിരിഞ്ഞു വിള നശിപ്പിക്കുന്ന കന്നുകാലികളെ കൊണ്ടിടാൻ ബ്ലോക്ക് പഞ്ചായത്തോ മറ്റോ തുടങ്ങി വെച്ച   ദൊഡ്‌ഢി (animal pound). ചരിത്രത്തിൽ ആദ്യമായി ഒരു കോഴി ദൊഡ്‌ഢിയിൽ കിടക്കേണ്ടി വന്നത് ഇതായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.  1975 -1980 ദൊഡ്‌ഢി ഫയലൊക്കെ ഒന്ന് മറിച്ചാൽ അവിടെ കോഴിയും പരാതിക്കാരനും  കാണുമായിരിക്കും. 


No comments: