Sunday, January 1, 2017

ഇന്ന് ജനുവരി ഒന്നാണല്ലേ ? ഒന്നൂല്ലാ ....ന്നേയ്

ഇന്ന് ജനുവരി ഒന്നാണല്ലേ ?
ഒന്നൂല്ലാ ....ന്നേയ്

അസ്‌ലം മാവില

നാമിന്നു ഒരു പുതിയ വർഷത്തിന്റെ ഒന്നാം തിയ്യതിയിലാണ്. ഇന്നത്തെ പത്രങ്ങളിലും ഇന്നലത്തെ ഓൺലൈൻ പുറങ്ങളിലും കഴിഞ്ഞ ഒരു വർഷങ്ങളിൽ നടന്ന സംഭവവികാസങ്ങൾ ഉത്ഥാനാപതനങ്ങളുടെ അളവ് കോലെടുത്തു വെച്ച് രാഷ്ട്രീയം മുതൽ സാംസ്കാരികം വരെയുള്ള വകതിരിച്ചു  വിലയിരുത്തികൊണ്ടുള്ള കുറിപ്പുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമയവും സൗകര്യവുമുള്ളവർ അതൊക്കെയൊന്നു ഓടിച്ചു പോകുന്നുണ്ടാകും. അല്ലാതെന്ത് ?

ഇനി മുതൽ , ഇന്ന് മുതൽ എന്ത് ചെയ്യാനാണ് പ്ലാൻ ?

അവരവരുടെ ഏരിയ വിലയിരുത്തി എല്ലാവരും , അല്ല പത്ത് ശതമാനക്കാരെങ്കിലും ഇന്ന് മുതൽ മാറാൻ തുടങ്ങിക്കളയുമെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ ? ഇന്നലെ രാത്രി ലോകത്തിനു വിവിധഭാഗങ്ങളിൽ നടന്ന പുതുവർഷാരംഭത്തെ വരവേറ്റു കൊണ്ടുള്ള ആഘോഷമെന്ന പേരിലുള്ള ആഭാസങ്ങൾ കണ്ടാലും  വന്നതും ഇനി വരാതിരിക്കുന്നതുമായ റിപ്പോർട്ടുകൾ വായിച്ചാലും ''ചങ്കരൻ തെങ്ങെമ്മേൽ തന്നെ''എന്ന് മാത്രമേ തോന്നൂ. ആഘോഷിക്കാൻ ഒരു ഹേതു.  ന്യൂ ഇയറിനെ വല്ലാണ്ട് തോളിൽ പേറി നടക്കുന്നവരൊക്കെ ഇന്ന് ആഘോഷത്തിമർപ്പിനിടയിൽ പകുതിവഴിക്കെവിടെയോ ബോധം നഷ്ടപ്പെട്ടു  മയക്കത്തിലുമാണ്.

 സമയത്തിന് നാം അർഹിക്കുന്ന  വിലയും നിലയും പരിഗണനയും നൽകാറുണ്ടോ ? ഇല്ലല്ലോ.  അവിടെ ഒന്നാമനായും രണ്ടാമനായും മൂന്നാമനായും വരുന്നത് പണമാണ്. ''തടികൊണ്ടുള്ള പ്രയത്നം'' പലരും കാണാതെയാണ് പോകുന്നത്. എന്ന് വെച്ചാൽ,  സേവനപാതയിൽ ഒരാൾ ഉഴിഞ്ഞു വെച്ച സമയം നമ്മുടെ കണ്ണുകളിൽ ഒന്നുമല്ലാതെയാകുന്നുവെന്നർത്ഥം.   എല്ലാം വിലയിരുത്തപ്പെടുവാനുള്ള ഉപാധിയും ഉപകരണവും സാമ്പത്തികമെന്നതിൽ ഒതുക്കാനാണ് നമുക്ക്  തത്രപ്പാട്. ഇതെങ്കിലും മാറാൻ നമ്മുടെ ബോധ്യങ്ങൾക്കാകണം.

സമയം വളരെ പ്രധാനമാണ്. 2017 ലും അങ്ങിനെ തന്നെ. വീണ്ടുവിചാരത്തിനു മുൻകൈ എടുക്കാതെ ഓരോ പുതുവർഷപിറവിയും, അത് ജോർജിയൻ ആയാലും ഹിജ്‌റിയായായും മറ്റെന്തായാലും ,  വെറും ഉപചാരവാക്കുകളുടെ  കോപ്പി പേസ്റ്റ് ആശംസകളിലും ഒരിക്കലും കണ്ണോടിക്കാത്ത ദൃഢ പ്രതിജ്ഞകളിലും ഒതുക്കിയാൽ അവ വെറും വാചാടോപങ്ങൾ മാത്രമായേ അവശേഷിക്കൂ.

കോളമിസ്റ്റ് ഡോ. ജാബിറിന്റെ നിരീക്ഷണം നല്ല വായനയ്ക്ക് സമർപ്പിക്കട്ടെ.  '' ദയാലുവായ സ്രഷ്ടാവിന്റെ മഹാദാനമായ സമയം, കണ്ണും കാതും ജാഗ്രതയോടെ തുറന്നുവെച്ച് ഫലപ്രദമായി വിനിയോഗിക്കാത്തവര്‍ക്ക് കാലം മാപ്പ് നല്കില്ല. ദൗത്യത്തിന്റെ വിപുലത കാരണം സ്വയം പകുത്ത് നല്കാനാവാതെ സാഹസപ്പെടുന്നവന്റെ മുന്നില്‍, നാം ഉറങ്ങിയും ഗൗരവമായി സമീപിക്കാതെയും 'സമയത്തെ' അധികമായി (excess)തോന്നുന്നുവെങ്കില്‍, ആദ്യത്തെ വ്യക്തി മര്‍ദിതന് സമാനമാണ്. അവന്റെ പ്രാര്‍ഥനയെ നാം ഭയപ്പെടുക.''
-------------------------------------------
കൂടെ ജോലി ചെയ്യുന്ന ഒരു തൃശൂക്കാരൻ കമ്മീഷനിങ് എഞ്ചിനീയവർ രാവിലെ എന്റെ കാബിനിൽ വന്നു മുട്ടി  സ്വത സിദ്ധമായ ശൈലിയിൽ - ''ഇന്ന് ജനുവരി ഒന്നാണല്ലേ .. ?'' ഞാൻ മുഖമുയർത്തിയപ്പോൾ, അയാൾ കണ്ണുചിമ്മി വീണ്ടും  ''ഒന്നൂല്ലാ ...ന്നേയ് ''. സാധാരണയുള്ള എല്ലാ ദിവസത്തെയും പോലെ ഇന്നത്തെ ദിവസവും  ഫീൽ ചെയ്ത ആ സുഹൃത്തിനെ ഓർത്താകട്ടെ ഇന്നത്തെ തലക്കെട്ട്. എന്ത് കലണ്ടർ മാറിയാലും ഭാവപ്പകർച്ച പോലും മാറാത്ത മനുഷ്യരാണ് അവരൊക്കെ. വേണ്ടവർക്ക് അയാളുടെ  അപ്പറച്ചിലിലും ഒരു  സന്ദേശമുണ്ട്. 

No comments: