Wednesday, December 28, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ -44 / മാവിലേയൻ

കുട്ടിക്കാലകുസൃതിക്കണ്ണുകൾ  -44

മാവിലേയൻ

സ്‌കൂളിൽ പോകുമ്പോൾ കാലിടറി വീണെന്നാണ് ഞങ്ങൾ വീട്ടിൽ പോയി പറഞ്ഞത്. അങ്ങിനെ പറഞ്ഞാലേ  സൗകുവിന് ഉദ്ദേശിച്ച രൂപത്തിൽ വീട്ടിൽ നിന്ന് ട്രീറ്റ്‌മെന്റ് കിട്ടുകയുള്ളൂ. പക്ഷെ, യഥാർത്ഥത്തിൽ വീണത് സ്കൂളിന്റടുത്തുള്ള പറങ്കി മാവിൽ നിന്നാണ്. അത് പക്ഷെ, കുഞ്ഞിമ്മാളു അമ്മ വളരെ അകലെ നിന്ന് കണ്ടിട്ടുണ്ട്.

 ''യാ ഒടേകാരാ, ഒരാള് ബീണിന് ഈടെ ,  ബന്നിറ്റാമ്പോ, മൻചനെ കാണ്ന്ന്-ല്ലാ....''  ഇതും പറഞ്ഞാണ് കുഞ്ഞിമാളു 'അമ്മ  ഓടിക്കിതച്ചു സ്പോട്ടിൽ വന്നത്.   മരത്തിൽ നിന്ന്  വീണ പാർട്ടിയെ കണ്ടു രണ്ടു ചുളുവിൽ കിട്ടുന്ന ഡയലോഗ് കാച്ചാമെന്ന അവരുടെ  പദ്ധതി,  ഞങ്ങൾ അവിടെ നിന്ന് സൗകുവിന്റെ ബോഡി  (not dead; but alive)  ഉടനെ മാറ്റിയത് കൊണ്ട് നടന്നില്ല. അതിന്റെ ദേഷ്യത്തിലാണ് അവർ. ''ചോരെ കൊട്ടെ പർചെങ്ക് ബൂവാതെ ഏട്ക്ക് പോന്ന്.....''

പിന്നാലെ വന്ന ബാബേട്ടന്റെ മോൻ പറഞ്ഞു : ''അദ്...അക്കാ....  അദ്‌ലാപ്പൾന്റെയാ മമ്മദാപ്പൾന്റെയാ ആരോ മോന്..ബീണത് ...ബല്യ മരം ബൂമ്പോലെ കേട്ടത്....ഈടെന്നെ ഇണ്ടാഉ ...''  ഒരു മതിലിന് പിന്നാലെ ഞങ്ങൾ ഇവരുടെ സംസാരം കേട്ട് അടക്കിപ്പിടിച്ചു ചിരിച്ചു. ബർവലെ കാലിൽ  ചിള്ളീട്ടാണ് ആ  പയ്യൻ സൗകൂനെ തിരയുന്നത് !

നമ്മുടെ സൗകു ഇപ്പോൾ മോട്ടിയും മുടന്തിയും  വീട്ടിൽ എത്തി. സൗകുന്റെ ഉപ്പാ വന്നിട്ട് വേണം, അടുത്ത തീരുമാനം. പട്ടറെ കാണണോ  ബൈച്ചറെ കാണണോ അതല്ല സെട്ടീന്റെ ആസ്പത്രീയ്‌ക്ക് പോകണോ ?

അന്ന് ഒരാൾ വീണ് കയ്യോ കാലോ ഒടിഞ്ഞാൽ അവസാന വാക്കാണ് ഡോക്ടർ ക്യാപ്റ്റൻ ഷെട്ടി. കാസർകോട് നഗരത്തിലാണ് അദ്ദേഹത്തിന്റെ ക്ലിനിക്. പലർക്കുമിപ്പോൾ ഡോ .ഷെട്ടിസാറിനെ ഓർമ്മ വരുന്നുണ്ടാകും.  അദ്ദേഹത്തിന്റെ ശരീരത്തിന്റെ സൈസ് നോക്കിയാൽ വെറും ഷെട്ടിയിൽ ഒതുക്കാൻ പറ്റില്ല, അത്രയ്ക്കുമുണ്ട് ഹൈറ്റും വെയിറ്റും. തടിച്ചു, വയറു ചാടി, രണ്ടു- രണ്ടരയാൾ തൂക്കത്തിൽ ഉള്ള ആജാനുബാഹു.  ഉമ്മയുടെ കൂടെ ചെറുപ്പത്തിൽ ആ  ആസ്പത്രി പോയാൽ ഞാൻ പുറത്തു ഡോക്ടറുടെ കാർ വരുന്നതും കാത്ത് നിൽക്കും. വേറെയൊന്നുമല്ല, അംബാസിഡർ കാറിൽ നിന്ന് ഡോക്ട്ടറെ ഇറക്കുന്നത് (unload) കാണാനുള്ള ആഗ്രഹമായിരുന്നു മനസ്സ് നിറയെ.  ആദ്യം കാൽ വരും, പിന്നെ ഒന്ന് രണ്ടു പേർ കൂടി അദ്ദേഹത്തെ ഒരുവിധം ഇറക്കാൻ സഹായിക്കും.  ആ സ്ട്രാപ്പുള്ള പാന്റ്‌സൊക്കെ ഇട്ടു ഒരു വാക്കിങ് സ്റ്റിക്കും പിടിച്ചു അദ്ദേഹം മതില് പിടിച്ചു പിടിച്ചു അകത്തു കയറും.

കെ. ആർ. ഷെട്ടി ക്ലിനിക് എന്നോ മറ്റോ ആണ് ഹോസ്പിറ്റലിന്റെ പേര്. സിൻഡിക്കേറ്റ് ബാങ്കിന് തൊട്ടുള്ള കൂറ്റൻ കെട്ടിടത്തിന്റെ പിൻവശത്താണ് ക്ലിനിക്ക്. റോഡിനു കുറച്ചു താഴ്ന്നാണ്  ആസ്പത്രി. റോഡിന് മുൻവശത്തുള്ള ബിൽഡിങ്ങിൽ തന്നെ അകത്തു കഷ്ട്ടിച്ചു ഒരു വണ്ടി കയറാൻ എൻട്രൻസ് ഉണ്ട്. താഴോട്ട് ഇറങ്ങുമ്പോൾ തന്നെ വലത് വശത്തു ഒരാൾ കൂനിക്കൂടിയിരുന്നു ഒരു ചായക്കട നടത്തുന്നത് കാണാം . തല നിവർത്തിയാൽ മെഡുല ഒബ്ലാംഗേറ്റയുടെ പരിപ്പെടുക്കും. അത് കൊണ്ട് ആ ചായക്കടക്കാരൻ തല മേലോട്ട് പൊക്കാതെയാണ് കച്ചവടം. ഒരു തുണിക്കഷ്ണം ചുരുട്ടി കറുപ്പ് വീണകയ്യോട് കൂടിയ ഒരു പൂഞ്ചി അതിലും പഴയ ഒരു സ്ടൗവ്വിൽ എപ്പോഴും തിളക്കുന്നുണ്ടാകും.അകത്തു   ഒന്നര ഫീറ്റ് ഉയരമുള്ള ഒരു കുഞ്ഞു കണ്ണാടി തട്ട്. അതിൽ എപ്പോൾ നോക്കിയാലും നാലോ അഞ്ചോ പഴം പൊരിയോ പരിപ്പ് വടയോ ഒരു വാഴയില കഷ്ണത്തിൽ  കാണാം. മുറുക്കാനാവശ്യമായ ബീഡയും അവിടെന്ന് കിട്ടും.  ഇടത് വശത്താണ്  സോജറെ സോഡാസർബാത്‌ കട. (മുമ്പ് ഒരു ലക്കത്തിൽ ചെറുതായി ഞാൻ പരാമർശിച്ചിട്ടുണ്ട് ).

അന്നത്തെ സോജർ ഇന്നുമുണ്ടോ എന്ന് നോക്കാനും ഉണ്ടെങ്കിൽ 30 -35 കൊല്ലം മുമ്പത്തെ കഥകളൊക്കെ കുടുംബത്തോട് പത്രാസിൽ  തട്ടിക്കളയാമെന്നും അന്നത്തെ ഓർമ്മയുടെ സോഡാസർബത് പിള്ളേർക്ക് ഓരോ ഗ്ലാസ് വാങ്ങിക്കൊടുക്കാമെന്നും പോരുമ്പോൾ സോജറോട് വിശേഷങ്ങളൊക്കെ ചോദിക്കാമെന്നും കണക്ക് കൂട്ടി ഞാൻ  ഇക്കഴിഞ്ഞ വെക്കേഷനിൽ അവിടെ ഒന്ന് എത്തി നോക്കി. യുറീക്കാ...... ആളുണ്ട്. അതേ സോജർ. പ്രായം 55 കഴിയും. നര തലയിൽ കയറിയൊന്ന് സംശയം.  കാലിൽ നീര് വന്നു നടത്തം അത്ര പോര. സ്വതവേയുള്ള ചിരി.

ഷെട്ടി ക്ലിനിക് ഉള്ള സ്ഥലം കാട് പിടിച്ചു കിടക്കുകയാണ്. ജനാലയുടെ ഡെബ്രിസ് അവിടെയിവിടെയായി കാണാം. സോജർ പറഞ്ഞത് ഡോക്ട്ടർ ഷെട്ടി മരിച്ചു കുറച്ചു വര്ഷങ്ങളായി എന്നാണ്.  പക്ഷെ കുടുംബ സ്വത്ത് ഇനിയും  ഭാഗിച്ചിട്ടില്ല. എവിടെയും നടക്കാറുള്ളത് പോലെ  മക്കൾ സ്വരച്ചേർച്ചയില്ലാത്തത് കൊണ്ട് ലക്ഷക്കണക്കിനു വിലമതിക്കുന്ന ആ സ്ഥലം ഒരുപകാരവുമില്ലാതെ അനാഥമായി കിടക്കുകയാണ്.  പകൽ നേരങ്ങളിൽ വഴിപോക്കർക്ക് ഒന്നിനും രണ്ടിനുമിരിക്കാനുള്ള വിശാലമായ  ഓപ്പൺ എയർ ടോയിലറ്റാണ് ശരിക്കുമിപ്പോൾ ആ  സ്ഥലം. രാത്രിയാകുമ്പോഴാകട്ടെ സാമൂഹ്യ ദ്രോഹികളുടെ ഇടത്താവളവും.  ''നാന് ഈറ്റിങ്ങളെ  ബയ്യത്തീട്ട് ബിഡ്ഞ്ഞി ....'' സോജർ നിസ്സഹായതോടെ പറഞ്ഞു.  അത് പറയുമ്പോഴും  ഒന്ന് രണ്ടു പേർ അവിടെ നിന്ന് പാർത്തുകയാണ്.

ആറ് സോഡാ സർബത്തും പറഞ്ഞു നേരത്തെ പറഞ്ഞ  ചിന്ന ചായമക്കാനി കൂടി നോക്കിക്കളയാമെന്നു കരുതി പുറത്തിറങ്ങി, 35 കൊല്ലം പിന്നിലേക്ക് ഓർമ്മകളെ ഒരു ലെവലിൽ തള്ളിതള്ളി, പഴം പൊരിയൊക്കെ വാങ്ങി,  തിരിച്ചു സോജറുടെ  സർബത് കടയിലേക്ക് വന്നു പിള്ളേരോട് സന്തോഷത്തോടെ  ചോദിച്ചു - ''എങ്ങിനെ ഉണ്ടെടാ  നമ്മുടെ സോജറെ സർബത് ?. ചെറുതടക്കം ഒരു ഇളിഞ്ഞ ചിരി.   ''ഞാനൊക്കെ  ഇത് കുടിക്കാൻ മാത്രം നാട്ടീന്ന് വരുമായിരുന്നു '' പറയുമ്പോൾ ഒട്ടും കുറക്കണ്ടാ എന്ന് കരുതി  തട്ടിവിടുമ്പോൾ, ഇടക്ക് കയറി  നല്ലപാതി പറഞ്ഞു  - '' മതി, മതി.... അതിന് നിങ്ങൾ പുറത്തിറങ്ങിയ തക്കം നോക്കി   പിള്ളേർ നാലും,  സോഡാസർബത് ക്യാൻസൽ ചെയ്തു അവർക്കിഷ്ടമുള്ള  ചിക്കു ജ്യൂസ് ഓർഡർ ചെയ്തു.  അത് കുടിച്ചു വെച്ച ഗ്ലാസ്സാണ് അവിടെക്കാണുന്നത്. സോഡ കുടിക്കാൻ ടൗണിൽ വരണോന്നാണ് പിള്ളേർ ചോദിക്കുന്നത്. ഇനി  ഉപ്പയ്ക്ക് നിർബന്ധമെങ്കിൽ  ഒരു സോഡാ കൂടി എക്സ്ട്രാ അവർക്കാകാം പോലും ''.
അവരെയാകെ രൂക്ഷമായി നോക്കി.
''എനിക്കിപ്പോൾ അത്ര  നിർബന്ധമൊന്നുമില്ല''.

ഷെട്ടി ആസ്പത്രി എന്നൊക്കെ പറഞ്ഞാൽ  ഒരു സാധാരണ ഹോസ്പിറ്റലിന്റെ കെട്ടുംമട്ടുമൊന്നുമില്ല. ഒരു പഴയ ഓടിട്ട വീട്. വലതു വശത്തായി ഡോകടറുടെ വാഹനം   പാർക്ക് ചെയ്യാൻ ഒരു കാർപോർച്.  നമ്മുടെയൊക്കെ വീടുകളിൽ കാണുന്ന ഇരുമ്പ്/ മരത്തിന്റെ ജാലിയാണ് മുൻവശം. അകത്തു കയറിയാൽ സന്ദർശകർക്കും രോഗികള്ക്കും ഇരിക്കാൻ ഇടതു വശത്ത് ഒന്ന് രണ്ടു ബെഞ്ചുണ്ടാകും.  വലതു വശത്തായാണ് റാമയുടെ ഡ്രസിങ് റൂം;  ഒരു പച്ച കർട്ടൻ ഇട്ടു രണ്ടായി ഭാഗിച്ച കാബിൻ.   ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രം, റാമയാണ്. അദ്ദേഹമാണ് കോംബൗണ്ടർ. തടിവെക്കാൻ ഷെട്ടിയെ പഠിച്ചു പകുതിക്ക് നിർത്തിയത് പോലെയാണ് പുള്ളിയുടെ ഒരാകൃതി. ഒരു വലിയ വയറ് മാത്രം ബാക്കിയുണ്ട്. അതൊരു ആസ്പത്രിന്ന് എനിക്ക് തോന്നിയിട്ടുള്ളത്   രാമയുടെ കാബിൻ നിന്ന് പുറത്തേക്ക് വരുന്ന ഡെറ്റോളിന്റെ വാസന ഉള്ളത് കൊണ്ട് മാത്രം.

ഏത് ഒടിഞ്ഞ കാലും വെച്ച് കെട്ടാൻ റാമ   മിടുമിടുക്കനാണ്. ഷെട്ടിയുടെ വിജയം തന്നെ റാമന്റെ സാന്നിധ്യമെന്നു തോന്നിപ്പോകും. പുണ്ണ്, ഒടിയൽ, ചതയൽ ഇതൊക്കെ റാമന്റെ കൈപ്പുണ്യം കൊണ്ട് രണ്ടു പോക്കിന് ശരിയാകും. പക്ഷെ, റാമന് ഒരു സ്വഭാവമുണ്ട്. കൈക്കൂലി കിട്ടണം.  അത് നിർബന്ധം. എന്നാലോ  കൂടുതൽ വേണ്ട. രണ്ടോ മൂന്നോ രൂപ. അത് കൊടുത്തില്ലെങ്കിൽ ബാൻഡേജ് ചെയ്യുമ്പോൾ  രോഗികളെ ഞെക്കി വേദനിപ്പിച്ചു കളയും. ഉമ്മാമാർ പൈസ കൊടുക്കാത്തതിന്റെ ദേഷ്യം റാമ   ഒരു ഡയലോഗടിച്ചാണ് തീർക്കുക - ''എന്ത്റാ  കീള്ന്നേ ..ചെക്കന് ....ഏതുഇല്ലാതെ  ''.  റാമന്റെ ക്യാബിനിൽ കയറുന്നതിന് മുമ്പ് പൈസ കൊടുത്താൽ എന്താ സ്നേഹം,  എന്താ പരിചരണം!  അവർണ്ണനീയം !

പുണ്ണൊക്കെ കണ്ടാൽ റാമ വെറുതെ എറിയും- '' ചെക്കന്റെ  ബല്യ പുണ്ണല്ലോ ഉമ്മാ ...മറ്ന്ന് ബെച്ചിട്ട് കെട്ടുമ്പോ  നൊമ്പലം നല്ലോണം ആഉം. '' ആ പറയുന്നത് തന്നെ ചില്ലറ റെഡിയാക്കിക്കോളീം, തന്നില്ലെങ്കിൽ ഇവനെ ഞെക്കി പരിപ്പെടുക്കുമെന്ന മെസ്സേജാണ്.  അത് കേൾക്കുമ്പോൾ തന്നെ രോഗിയായ  നമ്മൾ പകുതിയാകും. കുട്ടികൾ പിന്നെ ഉമ്മാന്റെ ബുർഖന്റെ തെല്ല് പിടിച്ചു കരയാൻ തുടങ്ങും- വേദനിപ്പിക്കാതെ മരുന്ന് വെച്ച് കെട്ടാൻ റാമനോട് പറയാൻ .  ഏത് റഹ്മുള്ള ഉമ്മമാരും രണ്ടോ മൂന്നോ രൂപ രാമന്  കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ചില പെണ്ണുങ്ങൾ ഇതിനും രാമനോട് തല്ല് കൂടും. ചില പോഴത്തക്കാരായ  സ്ത്രീകൾ മരുന്നൊക്കെ വെച്ച് കെട്ടിയ ശേഷമാണ്  കാശ് കൊടുക്കുന്നത്. അത്കൊണ്ട് ഒരു കാര്യവുമില്ല. പയ്യൻസിനെ  വേദനിപ്പിച്ചതിനുള്ള കൈക്കൂലി പോലെയായിപ്പോകുമത്.

അവിടെ വേറെ ഒരു കഥാപാത്രമുണ്ടായിരുന്നു. ഒരു സീനിയർ  നേഴ്സ്.  ശാന്തമ്മയെന്നോ മറ്റോ പേര്. ഇവർക്കാണ് സൂചി വെക്കാനുള്ള ചാർജ്. ''ഷെട്ടീന്റാഡ്ത്തെ തൂയി'' എന്ന ചൊല്ല് തന്നെ  ഫെയിമസ് ആക്കിയത് ഈ ചേച്ചിയെന്നു തോന്നുന്നു.   അന്നൊക്കെ ഇഞ്ചക്ഷൻ മരുന്ന് വന്നിരുന്നത് ഒരു കുഞ്ഞടപ്പുള്ള കുപ്പിയിലാണ്. ഇത് കുറെ വട്ടം കുലുക്കിയാലേ ഡൈള്യൂട്ടാകൂ. ഇതൊക്കെ ചെയ്യേണ്ടത് ആസ്പത്രി ജീവനക്കാരാണ്. അല്ലാതെ രോഗിയോ കൂടെ പോയവനോ അല്ല. ഈ നേഴ്സിനു അതൊന്നും വിഷയമല്ല. കുപ്പി എടുത്ത് കൂടെ വന്നവന്റെ കയ്യിൽ കൊടുക്കും.

നെഴ്സും ആൾ ചില്ലറക്കാരിയല്ല.    അവർക്ക് കിട്ടുന്ന രൂപത്തിൽ  അവരും കൈക്കൂലി  ഒപ്പിക്കും. ഇതൊക്കെ ആസ്പത്രി ബില്ലിന് പുറമെയാണ്. അവിടെ ആകെ ശല്യമില്ലാത്ത ഒരാളുണ്ട്. മരുന്ന് നൽകുന്ന ഒരു ചേട്ടായി. വൃത്തിയും വെടിപ്പുമുള്ള കഷണ്ടി തലയിൽ മുഴുവൻ പടർന്ന് കയറിയ ഒരു കണ്ണടക്കാരൻ. വളരെ ശാന്ത പ്രകൃതക്കാരൻ കൂടിയാണ് അദ്ദേഹം.  കാഷ്യറും ഇദ്ദേഹം തന്നെ. പക്ഷെ നന്നായി സംസാരിക്കും.

ഇടതു വശത്താണ് ഷെട്ടിയുടെ കൺസൾട്ടിങ് റൂം. അവിടെ ഒരു കറക്കു കസേരയുണ്ട്. ഷെട്ടിയുടെ ശരീര പ്രകൃതിക്കനുസരിച്ചു ഉണ്ടാക്കിയ റിവോൾവിങ് ഹൈഡ്രോളിക്  ചെയറാണ് പോലും.  സ്റ്റതസ്കോപ്പും കഴുത്തിലിട്ടു വളരെ വളരെ സൗമ്യനായി ആ നല്ല ഡോക്ടർ അവിടെ ഇരിന്നിട്ടുണ്ടാകും. ഡോക്ടറുടെ അടുത്തൊക്കെ ഈ ജീവനക്കാരെ കണ്ടാൽ , അവരോളം വരുന്ന പാവങ്ങൾ ലോകത്തുണ്ടാകില്ല.

 നല്ല രസിക പ്രിയൻ കൂടിയാണ് ഡോക്ടർ. വളരെ പതുക്കെ സംസാരിക്കും. ചെറിയ മക്കളുടെ  അസുഖമൊക്കെ അഭിനയിച്ചു ഉമ്മമാർ പറയുമ്പോൾ ഡോക്ടർ പറയുമത്രെ - '' മതി ..ഉമ്മാ...മതി ...നിങ്ങക്കാ കയ്യാലെ , കിടാഉനാ കയ്യാലെ, ആരിക്ക് മെഡിസിൻ തറണം ''

 ഇത്രേം തടിയും ഇതേ രൂപ സാദൃശ്യമുള്ള രണ്ടു പേര് സഊദിയിൽ ഞാൻ ജോലി ചെയ്യുന്ന  ഓഫീസിലുണ്ട് - ഒന്ന് അയർലാൻഡ്കാരനായ ഹെങ്കും മറ്റൊന്ന്ബ്രിട്ടീഷുകാരനായ ബ്രയാൻ സായിപ്പും. കുടവയറിൽ പാത്ലോൻ കുടുങ്ങിക്കിടക്കാത്തത് കൊണ്ട് രണ്ടുപേരും പണ്ടത്തെ വള്ളി നിക്കറിനെ ഓർമ്മിപ്പിക്കുമാറ് സ്ട്രാപ്പിട്ടിരിക്കുകയാണ്.

ഷെട്ടിസാറിന്റെ ക്ലിനിക്കിൽ (വീട്ടിൽ) ചില രോഗികളെ അഡ്മിറ്റ് ചെയ്യും. പലരും അഡ്മിറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ സ്‌കൂട്ടാകും. കയ്യും കാലും പൊളിഞ്ഞവൻ പിന്നെ അവിടെ കിടക്കാതെ നിവൃത്തിയില്ലല്ലോ.   ഒന്നാം നിലയിലാണ് റൂം.  മരപ്പലകയുള്ള ഏണിയിൽ കയറി വേണം  റൂമിൽ എത്താൻ.  കൊതുകിന്റെ ശല്യം ഒരു ഭാഗത്തു, ശാന്തമ്മ നഴ്‌സിനെ കിരികിരി മറ്റൊരു ഭാഗത്ത്. അത്കൊണ്ട് രോഗികൾ രാത്രി ആരും ഉറങ്ങില്ല. കൂടെ പാർക്കാൻ പോയവരുടെ കഷ്ടകാലമെന്നേ പറയേണ്ടൂ. ലൈറ്റ് ഓൺ ചെയ്യാൻ വരെ അവർ സമ്മതിക്കില്ല. കൊതുകിന്റെ കടിയും കൊണ്ട് നേരം വെളുപ്പിച്ചു കൊള്ളണം.

സാധാരണ നമ്മുടെയൊക്കെ വീടിന്റെ കിച്ചൺ എവിടെയായി വരും അവിടെയാണ്  ഷെട്ടി ക്ലിനിക്കിൽ ഔട്ട് പേഷ്യന്റ് രോഗികളെ കുത്തിവെക്കുന്നത്. ഒരു ഇരുട്ട് മുറി,  40 വാൾട്ടിന്റെ ഒരു  ബൾബ് നേഴ്സ്സമ്മയെ പേടിച്ചു പേടിച്ചു കത്തുന്നുണ്ടാകും.  തൊട്ടപ്പുറത്തായി പൊട്ടിപ്പൊളിഞ്ഞ കക്കൂസ്. വൃത്തിയൊക്കെ ഉണ്ട്.  ഒരാസ്പത്രിക്കൊക്കെ ടോയിലറ്റുണ്ടാകില്ലേ. അതിന്റെ പത്രാസില്ല.

ഇൻജെക്ഷൻ ചെയ്യുമ്പോൾ ശാന്തമ്മേട്ടി ഒരു ദയയും ഒരു രോഗിയോടും  കാണിക്കില്ല. കണ്ണ് മിഴിച്ചു പേടിപ്പിക്കുമ്പോൾ തന്നെ നമ്മൾ പകുതിയാകും. ബോധം അങ്ങിനെ തൂങ്ങിയിട്ടുണ്ടാകും. സൂചി വെച്ചാൽ ഏത് ആസ്പത്രിയിലും ഒരു തണുപ്പുള്ള  പരുത്തി കഷ്ണമൊക്കെ  ആ ഭാഗത്തു വെക്കാൻ തരുമല്ലോ.  അത് പോയിട്ട്, ഉണക്ക പരുത്തി  കിട്ടിയാൽ കിട്ടി എന്ന് കൂട്ടിക്കോളണം. ഞങ്ങളൊക്കെ സൂചിയും വെച്ചാൽ ശ്വാസമടക്കിപ്പിടിച്ചു കരയാൻ വേണ്ടി പരുത്തിപോലും വെക്കാൻ സമ്മതിക്കാതെ ഉമ്മാന്റെ അടുത്തേക്ക് ഓടും. ഇൻജെക്ഷൻ വെക്കുമ്പോൾ ഒച്ച വെച്ചതിന് എനിക്ക് അറിയുന്ന ഒന്ന് രണ്ടു സൗകുമാർക്ക് അവരിൽ നിന്ന് അടി വരെ കിട്ടിയിട്ടുണ്ട്. എന്തെങ്കിലും അസുഖം ബാധിച്ചോ അഭിനയിച്ചോ കുട്ടികൾ ബഹളം വെക്കാൻ തുടങ്ങിയാൽ ''സെട്ടീന്റാസ്ത്രീന്നു തൂയി ബെപ്പിക്കണോന്ന്'' ഉമ്മമാർ ഭീഷണിപ്പെടുത്തുമ്പോൾ തന്നെ പിന്നെ ആർക്കും കരയാൻ തോന്നില്ല. ഒരസുഖവും ഉണ്ടാകില്ല.

ഒരു പ്രാവശ്യം  എനിക്ക് അസഹനീയമായ വയറു വേദന.  ഉമ്മയുടെ കൂടെ ടൗണിൽ ആശുപത്രിക്ക് പോയി. ഷെട്ടി ക്ലിനിക്കിന്റെ ബോർഡ് കണ്ടതോടെ എന്റെ 90 % വയറ്റു വേദനയും പോയീന്ന് തോന്നി. കാരണമെന്തെന്നല്ലേ ?  താഴെ ഇറങ്ങുമ്പോൾ തന്നെ ഞാൻ പടിവാതിൽക്കൽ കണ്ടത് റാമേട്ടനെയും ആ നേഴ്സമ്മയെയും. ഒരു ഇരയെ കിട്ടിയ സന്തോഷത്തിലായിരുന്നു അവർ എന്നെ നോക്കുന്നത്.  അതോടെ എനിക്ക് തന്നെ ഓർമ്മയില്ല വയറു വേദന ഏത് പറമ്പും പമ്പയും കടന്നു പോയതെന്ന്. സിൻഡിക്കേറ്റ് ബാങ്കിനടുത്തുള്ള ബസ്സ് സ്റ്റോപ്പിലേക്ക് വന്നതിന്റെ പതിന്മടങ്ങ് സ്പീഡിൽ   തിരിച്ചു വന്നു ഞാൻ  തടിയെടുത്തു എന്ന് പറയുന്നതാകും കൂടുതൽ ശരി.  മറ്റൊരിക്കൽ വയറ് സ്തംഭനത്തിനു ഞാൻ  അവിടെപ്പോയതിന്റെ കഥയൊക്കെ  ലക്കദൈർഘ്യം ഭയന്നും സദസ്സിന്റെ ഹുർമത്ത് വിചാരിച്ചും  എഴുതുന്നില്ല.

തുടക്കത്തിലേക്ക് മടങ്ങാം. നമ്മുടെ കൈയ്യൊടിഞ്ഞ സൗകു എല്ലാവരുടെയും തീരുമാന പ്രകാരം ഷെട്ടിന്റാസ്പത്രിക്ക് തന്നെ വിട്ടു. കയ്യും കാലും ഒടിഞ്ഞാൽ ഇതിനോളം നല്ല ആസ്പത്രി കാസർകോട് വേറെ ഇല്ലെന്ന് സൗകൂന്റെ കാർന്നോർ പറഞ്ഞുവത്രേ. അവന്റെ പോക്ക് ഇതേതോ സുപെർസ്പെഷ്യൽ ഹോസ്പിറ്റൽ എന്നായിരിക്കും. ഇല്ലെങ്കിൽ കാക്ക അത് പറഞ്ഞപ്പോൾ അവനു വാശി പിടിക്കില്ലല്ലോ. രാമൻ കോമ്പൗണ്ടറും നേഴ്സമ്മയും പാവത്തെ കൊല്ലാകൊല ചെയ്തുവെന്നത് ബാക്കി പത്രം. 

 മുമ്പ് യുദ്ധവേളയിൽ ആർമിയിൽ  ശുശ്രൂഷിക്കാൻ ഡോ . ഷെട്ടി ഉണ്ടായിരുന്നു, അത് കൊണ്ടാണ് ക്യാപ്റ്റൻ എന്ന പേര് ലഭിച്ചതെന്നൊക്കെ കേട്ടിട്ടുണ്ട്. പി.എസ് .പി. ടിക്കെറ്റിൽ  അദ്ദേഹം  ഇലക്ഷന് മത്സരിക്കുകയും ചെയ്തിട്ടുണ്ടെന്നും പറയാറുണ്ട്. അന്ന് പി.എസ്. പി. ഇടത് പക്ഷത്തായിരുന്നു. നമ്മുടെ നാട്ടിലും അന്നത്തെ പി.എസ്.പി.ക്കാർ ഉണ്ടായിരുന്നു. അതൊക്കെ ഓർത്തെടുക്കാൻ വായനക്കാർക്ക് വിടുന്നു. 

No comments: