കുട്ടിക്കാല-കുസൃതിക്കണ്ണുകൾ
മാവിലേയൻ
റേഷൻ കടയിൽ പോവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം കൊല്ലുമ്പോലെയാണ്. (ഉള്ളത് പറയാമല്ലോ - എന്ത് ''ബെനെ'' ഉള്ള പണിയും ഉമ്മ എന്നെ ഏൽപ്പിക്കുന്നത് എനിക്ക് ചെറുപ്പത്തിൽ തീരെ ഇഷ്ടമില്ലായിരുന്നു). റേഷൻ കടയിൽ പോകുമ്പോൾ ദേഷ്യം പിടിക്കാൻ പ്രത്യേകിച്ച് ഒരു കാരണവും ഉണ്ട്.
ഞങ്ങൾക്ക് അന്ന് കൊല്ല്യയിലാണ് റേഷൻ കട. സാധാരണ ശനിയാഴ്ചയാണ് അവിടെ വല്ലതും ഉണ്ടാവുക. മണ്ണെണ്ണ, പഞ്ചസാര, പൂങ്ങലൈരി. വല്ല ഓണത്തിനോ സംക്രാന്തിക്കോ പനയെണ്ണ കിട്ടിയാലായി. ഒരു ഓടിട്ട രണ്ട് മാടുള്ള കെട്ടിടം, സിഗ്സാഗ് മോഡലിൽ എന്നാണ് ഓർമ്മ. അതിൽ ഒരു ചായക്കട, ഒരു പലചരക്ക് കട. അകത്തു നിന്ന് ചായക്കടയിലെക്ക് പോകാം. റേഷൻ കടയും പലചരക്ക്കടയും മതിലില്ലാതെ ഒരേ മുറി. ഏറ്റവും അറ്റത്ത് ചെറിയ സ്റ്റോർ മുറി. നാളി, മണ്ണെണ്ണ വലിക്കുന്ന പൈപ്പ്, മണ്ണെണ്ണ അളവ് പാത്രങ്ങൾ മുതലായവ ഉപയോഗിക്കുന്നതും ഉപയോഗശൂന്യമായതും അതിൽ ഉണ്ടാകും.
ഞങ്ങളുടെ റേഷൻ കാർഡ് അന്ന് ഫെയിമാസായിരുന്നു. അത് അങ്ങട്ട് എത്ര ''അട്ടി''ക്കിടയിലും വെച്ചാൽ ഞങ്ങളുടെ റേഷൻ കാർഡ് കാണാം. അതിനു കൊമ്പുണ്ടാഞ്ഞിട്ടൊന്നുമല്ല. അതിന്റെ പിന്നിൽ മറ്റൊരു ചോര മണക്കുന്ന സ്റ്റോറിയുണ്ട്.
പതിക്കാലിൽ ഒരു സുകു ഉണ്ട്. അവൻ എന്നോട് ഒരു ദിവസം നാലണ, എട്ടണ എന്തോ ചോദിച്ചു. കടമെന്നു പറയുന്നു. എനിക്ക് കിട്ടിയിട്ട് വേണ്ടേ ഇവന് കടമായോ ദാനമായോ കൊടുക്കാൻ. പുള്ളി എന്നെക്കാളും ഒരു വര്ഷം ചെറുത്. ഞാൻ ആറാം ക്ലാസ്സ്, അല്ലെങ്കിൽ ഏഴ്. ഇവൻ പൈസ കൊടുക്കാത്ത ദേഷ്യത്തിന് എന്നെ പതിക്കാലിൽ കാത്തിരുന്ന് എന്റെ തലമണ്ട നോക്കി ഒരു കല്ലെറിഞ്ഞു -അത് എന്റെ നെറ്റിയിൽ തന്നെ കൊണ്ടു. ചോര കണ്ടപ്പോൾ അവൻ ഓടി. അപ്രതീക്ഷിതമായ ഏറിനിടയിൽ എന്റെ കയ്യിന്ന് റേഷൻ കാർഡ് വീണു. അടപ്പില്ലാത്ത മണ്ണെണ്ണ ഡബ്ബ അതിനു മേലെ വീണു, സംഭവം ആകെ കുട്ടിചോറായി.
എന്റെ ഈ അവസ്ഥ കണ്ടിട്ട് ഒന്ന് രണ്ടു പേർ അവിടെ എത്തി. അവർക്ക് ആളെ മനസ്സിലായി. ഒരാൾ പറഞ്ഞു - അങ്ങ് സീദിച്ചാന്റെ പോരെന്റെടുത്തുള്ള ''കട്ട''ന്റെ അടുത്ത് ഈ സുകു ഉണ്ടെന്ന്. ഒരു ദേഷ്യത്തിന് എറിഞ്ഞെന്നെയുള്ളൂ. ഇമ്മാതിരി ഒരു രക്ത പ്രവാഹം സുകുവും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. (ഏതായാലും ആ ഏറ് ഞങ്ങളുടെ റേഷൻ കാർഡ് ഫെയിമാസാകാൻ ഒരു നിമിത്തമായി എന്ന് കരുതിയാൽ മതി). അവിടെ നിന്ന് സീദിച്ചയോ മറ്റോ ''കമ്മ്യൂനിസ്റ്റ് അപ്പ''യുടെ രണ്ടു മൂന്ന് തളിരില പറിച്ചു എന്റെ നെറ്റിയിൽ തേച്ചു തന്നു - സുകുവിന്റെ ഏറിൽ കിട്ടിയ വേദന അതിനിടയിൽ ഒന്നുമല്ലായിരുന്നു. എന്ത് കത്തൽ മോനേ ...
റേഷൻ കാർഡിലേക്ക് വരാം. ശരിക്കും അതിന്റെ കോലം തന്നെ മാറി. അങ്ങിങ്ങായി എന്റെ നെറ്റിയിലെ രക്തക്കറ. അത് മായിക്കാനുള്ള ശ്രമത്തിനിടക്ക് ചട്ട അങ്ങിനെ തന്നെ പറിഞ്ഞു കിട്ടി. കാർഡിന് മുകളിൽ മണ്ണെണ്ണ ഒഴുകിയത് കൊണ്ട് ''കല്ലും കാട്ടഉം'' വേറെ. അതിലും രസം - 1981 ൽ തന്ന അരിയും പഞ്ചസാരയും 1982 ൽ കാണും. 1983 ബാക്കി ഉള്ളതും കാണും. റേഷൻ കടയിലെ ''സുകുചേട്ടന്റെ ഒപ്പൊക്കെ പല പേജിലായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. റേഷൻ കടയിൽ റൈറ്റർ നോക്കുമ്പോൾ അത് ഞാൻ വാങ്ങിയതായി കാണും. പോരാത്തതിന് മണ്ണെണ്ണയുടെ പുഞ്ഞ മണവും. എന്തൊക്കെയോ ആ പാറക്കെട്ടുകാരൻ പുലമ്പും. എനിക്ക് ഈ കക്ഷി വെറുതെ അരിയും എണ്ണയും തരുന്നത് പോലെയൊക്കെ തോന്നിയിട്ടുണ്ട്, ചില സമയങ്ങളിൽ. അമ്മാതിരി കണ്ണ് മിഴിച്ചൊക്കെ നോട്ടം. ഞാൻ പ്ലിങ്ങി താഴോട്ടോ വിലവിവരബോർഡിലേക്കോ നോക്കി നിൽക്കും.
ഞാൻ റേഷൻ കടയിൽ കാലെടുത്ത് വെക്കുന്നതിനു മുമ്പ് തന്നെ സുകുവേട്ടൻ ബാക്കിയുള്ളവരോട് പറഞ്ഞിരിക്കും - ''ആ ചെക്കൻ ബെര്ന്നെ ഇണ്ട്.'' ഞാൻ അകത്തു എത്തുമ്പോഴേക്കും അവിടെ ഇരുന്നവരൊക്കെ ഒരു മാതിരി ചിരി - ''ഒക്കുവല്ലോ, ജോനെന്നെയെല്ലോ''. എന്റെ കാർഡിന്റെ മണമായിരിക്കണം ആ കമന്റിനും കൊലച്ചിരിക്കും പിന്നിലെ കാരണം.
( അത് പറയുമ്പോൾ എന്റെ ഒരു കൂട്ടുകാരന്റെ അളിയനെ സ്വീകരിക്കാൻ ഒരു പട്ടാണി ഡ്രൈവറുടെ കൂടെ ദുബായിൽ എയർപോർട്ടിൽ പാതിരാക്ക് പോയത് ഓർത്ത് പോയി. നമ്മുടെ ''എയർ ഇന്ത്യ'' വരാൻ പതിവ് പോലെ അന്നും വൈകി. കാത്തു കാത്തു എല്ലാവരും ഒരരുക്കായി. പട്ടാണിക്ക് വിശന്നു സ്ഥലകാലബോധം നഷ്ടപ്പെട്ടു തുടങ്ങി. എന്റെ കൂട്ടുകാരൻ ഓരോ സംഘം വരുമ്പോഴും വാ പൊളിച്ചു നോക്കും- അളിയനുണ്ടോന്ന്. പെട്ടെന്ന് പട്ടാണി ഉച്ചത്തിൽ പറഞ്ഞു - ''തുമാറാ ആദ്മീ ആയേഗാ .(''ആഗയാ'' എന്ന് നമ്മൾ മനസ്സിലാക്കണം )...''
ഞാൻ ഫ്രണ്ടിനോട് ചോദിച്ചു : ''അല്ലടാ, വരുന്നത് നിന്റെ അളിയനോ ? പട്ടാണിയുടെയോ ?
കൂട്ടുകാരൻ : എന്റെതാ
ഞാൻ : പിന്നെ ഈ പട്ടാണിക്ക് നിന്റെ അളിയനെ നേരത്തെ അറിയോ ?''
കൂ. കാ : ''എവിടെ ? അളിയൻ ആദ്യായിട്ടാണ് നാട്ടിന്ന് വരുന്നത് തന്നെ. പട്ടാണിക്ക് ബയറ് പൈച്ചെ പിരാന്ത്ടാ...നീ ഓനെ നോക്കി ചിരിക്കണ്ടാ ...ബണ്ടിയും കൊണ്ട് പോഉം.."
അച്ചട്ട് - കുറച്ചു കഴിഞ്ഞപ്പോൾ പുള്ളിയുടെ അളിയൻ അതാ ട്രോളിയുമായി ഉന്തിയും തള്ളിയും മതിലിൽ തൂക്കിയ ഫാൻ തിരിയുന്നത് പോലെ അങ്ങോട്ടുമിങ്ങോട്ടും നോക്കി അന്താളിച്ചു, ഞങ്ങളെയും തപ്പി വരുന്നു.
വണ്ടിയിൽ കേറിയിട്ടു ഞാൻ സാവധാനത്തിൽ പട്ടാണിയോട് ചോദിച്ചു : ''അല്ല ചങ്ങായി അനക്കെങ്ങനെ ഇത് തിര്ഞ്ഞി, ''യെ സാല ആഗയാ'' എന്ന്.
പട്ടാണി പറഞ്ഞു : ഹംകോ ബഹൂത് ദൂർശേ ''അച്ചാർ'' സ്മെൽ പക്കഡേഗാ''. അച്ചാറിന്റെ മണം വളരെ ദൂരേന്ന്മൂ ക്കിലടിച്ചപ്പോൾ പട്ടാണി കണക്ക് കൂട്ടി പോലും ''മാർവാഡികാ പ്ലേട്ട്'' ലാന്റ് ഹോയേഗാ എന്ന്. പട്ടാണി ചില്ലറ സാധനമൊന്നുമല്ല, കേട്ടോ. മൂസീറ്റ് പ്രവചിക്കും )
വീണ്ടും റേഷൻ കാർഡിലേക്ക് ; റേഷൻ കടയിൽ പോയാൽ ഞങ്ങളുടെ റേഷൻ കാർഡ് ''അട്ടി'' വെക്കാൻ കടയിൽ പലരുമെന്നെ സഹായിക്കും - എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. അവരുടെ റേഷൻ കാർഡ് ചീത്തയാകാതിരിക്കാൻ. രണ്ടു പ്ലാസ്റ്റിക്ക്കഷ്ണം അടിയിലും മുകളിലുമായി ഞാൻ വെക്കണം (നമ്മൾ പണ്ട് പപ്പടം ഉണ്ടാക്കുമ്പോൾ വെക്കാറുള്ളത് പോലെ). ഇല്ലെങ്കിൽ തൊട്ടു താഴെയും മുകളിമുള്ള കാർഡിന്മേൽ മണ്ണെണ്ണ പരക്കും. പിന്നെ അതിന്റെ പഴി കേൾക്കേണ്ടി വരും.
ആ ഒരു കാർഡ് മൂലം ഞാൻ അവിടെന്നു കേട്ട ''വളിച്ച' കമന്റ്സിനു കയ്യും കണക്കുമില്ല. നമ്മളെയൊക്കെ നല്ല പരിചയമുള്ള കാക്ക-കാർന്നോർമാരൊക്കെ അവിടെ എത്തിയാൽ സുകുചേട്ടന്റെ കൂടെയാണ് ചിരിക്കാൻ നിൽക്കുക. അതിന്റെ ഗുട്ടൻസ് ഇത് വരെ പിടി കിട്ടിയിട്ടില്ല. വില്ലേജ് ആപീസിൽ പോയാൽ അവിടെയുള്ള ''ഉഗ്രാണി''യുടെ കൂടെക്കൂടി ചിലർ സംസാരിക്കുന്നത് പോലെ.
തലശ്ശേരി ഭാഗത്തൊക്കെ കാണുന്ന ഫ്രീക്കൻ പയ്യൻസിന്റെ തലമുടി രൂപത്തിൽ കോലം കൊണ്ടും കൊരോസിനോയിൽ മണം കൊണ്ടും പ്രശസ്തമായ ആ മാണിക്കക്കല്ല് ഒരു പക്ഷെ ലോകത്ത് ഏറ്റവും കൂടുതൽ പഴികേട്ട റേഷൻ കാർഡ് ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആ കാർഡ് അവഹേളിക്കപ്പെടുമ്പോൾ എന്റെ ഖല്ബ് മാത്രമായിരുന്നു പിടഞ്ഞത്.
ഒരു ദിവസം പത്രത്തിൽ സർക്കാർ അറിയിപ്പ് കണ്ടു : റേഷൻ കാർഡ് പുതുക്കുന്നു, അപേക്ഷാ ഫോറം ബന്ധപ്പെട്ട റേഷൻ കടയിൽ കിട്ടും. അന്ന് 46 -നമ്പർ റേഷൻ കടയിൽ നിന്ന് ആദ്യം അപേക്ഷ വാങ്ങിയത് ഞാനായിരുന്നു എന്നാണു എന്റെ ഒരോർമ്മ. അന്ന് ക്യൂ നിൽക്കേണ്ടി വന്നില്ല. എല്ലാവരും എന്റെ ആവശ്യം തിരിച്ചറിഞ്ഞു എനിക്ക് വഴി മാറി തന്നു. ''പാപോ ...ജോന് കൊട്ത്ത്റ് പഷ്‌ട്ട്....ജോന് ഞമ്മളാട്ടിം മിന്നെ ക്വാക്ക്.. '' നമ്മുടെ കാരണവന്മാർ ഫലിതം പറയാൻ കിട്ടുന്ന ചാൻസ് അന്നും വെറുതെ വിട്ടില്ല.
അപേക്ഷ ഫോറമൊക്കെ കൊടുത്ത് പിന്നെയും കുറെ നാൾ കഴിഞാണ് പുതിയ റേഷൻ കിട്ടിയത്. അത് കിട്ടിയ സന്തോഷത്തിൽ വീട്ടിൽ വന്ന്ചാടിയ ചാട്ടമാണ് എന്റെ നെറുവംതലയിൽ ഇന്നുമുള്ളത്. കട്ടിലയുടെ മുകളിൽ തട്ടി തല വീണ്ടും പൊട്ടി ! അന്ന് ചോര പൊടിയാതിരിക്കാൻ ഉമ്മ തലയിൽ തേച്ചത് പഞ്ചസാര !