Monday, March 7, 2016

To a brother, Adhi


അദ്ധി... സുഖമല്ലേ അനിയാ...കുടുംബവും കൂട്ടുകാരും ..

നിങ്ങളുടെ അഭിസംബോധന രീതി എന്റെ ശരീര ഭാഷയ്ക്ക് ഇണങ്ങിയതല്ല. അസ്‌ലം അത് ധാരാളം, അതേത് പ്രായക്കാർ വിളിച്ചാലും അതാണ്‌ സന്തോഷം. ''മാവില'' എന്ന് ഈയ്യിടെയാണ് പേരിന്റെ കൂടെ  ചേർത്തത്. സോഷ്യൽ മീഡിയയിൽ  സജീവമാകുമ്പോൾ  ഏത് അസ്ലമെന്നു ഒരാൾ മറ്റെയാളോടു ചോദിക്കാതിരിക്കാൻ. (നിങ്ങളുടെ  സമയം കളയാതിരിക്കാൻ). എന്റെ ''പിള്ളേർ''ക്കും അത് ഇത്തിരി പിടിച്ച മട്ടുണ്ട്.

ചിലത് പറയാൻ ആഗ്രഹിക്കുന്നു.  എന്നിട്ട് അവസാനം  നിങ്ങൾ പറഞ്ഞ വിഷയത്തിലേക്ക് വരാം.

അടിസ്ഥാനപരമായി ഞാൻ  ഒരു പ്രസംഗകനാണ്. എഴുത്ത് എന്റെ വഴിയേ അല്ല. ഞാൻ അതിന്റെ വഴിക്കുമല്ല. ''നിരീക്ഷണം'' പോലുള്ള പംക്തി ശരിക്കും എന്റെ പ്രസംഗത്തിന്റെ വരമൊഴിയെന്ന് പറയാം. അത് എനിക്ക്  അങ്ങിനെ ഫലിപ്പിക്കാനേ അറിയൂ. ( ചില  ഓൺലൈൻ പത്രങ്ങൾ കൊണ്ട് നടക്കുന്ന സുഹൃത്തുക്കൾ എന്നോട് എഴുതണമെന്ന് നിർബന്ധിക്കുമ്പോൾ, ഞാൻ ഈ ഉള്ള സത്യം പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പതിവ്. പിന്നെയും നിർബന്ധിക്കുമ്പോൾ അയക്കുമെന്നേയുള്ളൂ.)
പിന്നെ എന്ത് കൊണ്ട് പ്രസംഗത്തിന്റെ വഴിയെ പോയില്ല എന്നത് ഒരു ചോദ്യമാണ്. സാമൂഹിക, പാരിസ്ഥിതിക വിഷയങ്ങളാണ് എന്നെ ഹഠാതാകർഷിച്ചിട്ടുള്ളത്, കൂട്ടത്തിൽ വിദ്യാഭ്യാസവും.  അതിന് നാട്ടിൽ നാം സ്ഥിരമായി  ഉണ്ടാകണം.   ഞാൻ കേട്ട പ്രസംഗകർ അഴിക്കോടും എം.എൻ. വിജയനും കെ.എം. അഹമദും ടി.പി. സുകുമാരനും എം.പി. വീരേന്ദ്രകുമാറും etc etc ....... അവരുടെ ക്ഷുഭിതഭാവങ്ങൾ ആത്മാർത്ഥയുടെ അഗ്നി നാളങ്ങളായിരുന്നു.  അവർ സംസാരിക്കുമ്പോൾ ശരീരവും ഹൃദയവും ഒന്നിച്ചു  സംസാരിച്ചു. എത്ര പ്രിയപ്പെട്ടവരാണെങ്കിലും ''മൃത്യു വരിച്ച '' പ്രസംഗങ്ങൾ എന്നെ ഒരു ചലനവുമുണ്ടാക്കിയില്ല. ഇപ്പോഴും അങ്ങിനെ തന്നെ.   ഞാൻ പ്രസംഗകാനാകാൻ അതൊക്കെയാവാം കാരണങ്ങൾ.  

എന്നെ ആരെങ്കിലും  ''എഴുത്ത്കാരൻ'' എന്ന് പറയുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കും. കാരണം മറ്റൊന്നുമല്ല, എന്നെ ഒരാൾ കൂടി ''തെറ്റിദ്ധരിച്ചിരിക്കുന്നു''!   ഈയ്യിടെ ജാസിർ എന്നോട് ഒരു പ്രസിദ്ധീകരണത്തിന് രചന വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ പല വഴിയും നോക്കി കൊടുക്കാതിരിക്കാൻ, അതിന്റെ കാരണം മറ്റൊന്നുമല്ല എന്റെ എഴുത്ത് ഒരു ലഘു പ്രസംഗത്തിന്റെ ലിഖിത രൂപമാണ്. എഴുത്തെന്ന് പറയാൻ പറ്റില്ല.

ഞാനിപ്പോൾ  എഴുതിയും പറഞ്ഞും  പ്രശസ്തനാകേണ്ട സമയമല്ല.  എഴുതുന്നവരെ സപ്പോർട്ട് ചെയ്യേണ്ട നേരമാണ്. അതിൽ എന്റെ പ്രായമുള്ളവരുണ്ട്; അതിലും  ചെറുതുണ്ട്; സാൻ അടക്കമുള്ള കുട്ടികളുണ്ട്.  ഒരു എഴുതുന്ന, പ്രതീക്ഷയുള്ള  കുട്ടി എന്ന നിലയിലാണ് സാൻ പോലും RT യിൽ പരാമർശിക്കപ്പെടുന്നത്.   അവരുടെ എഴുത്തിന്റെയും പറച്ചിലിന്റെയും  വരയുടെയും കുറിയുടെയും കുറിമാനത്തിന്റെയും ട്രണ്ട് അറിയണമെന്ന് ആഗ്രഹിക്കുന്നു (അവർ എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിലുള്ളവരുടേത്). മതിയായ പ്രോത്സാഹനം നൽകിയാൽ  നമ്മുടെ കുടുംബത്തിൽ ഏതെങ്കിലും തരത്തിൽ  സർഗ്ഗ സിദ്ധിയുള്ള ഒരാളെ കണ്ടെത്താൻ സാധിക്കും. നമുക്ക് ചുവട് തെറ്റുന്നത്  അവർക്ക് തുടർ സാഹചര്യങ്ങൾ നാമൊരുക്കുന്നതിൽ പരാജയപ്പെടുന്നിടത്താണ്.

മറ്റൊന്ന്കുടുംബസദസ്സുകളിൽ അവർ അംഗീകരിക്കപ്പെടണം. അവിടെ കുശുമ്പ് വരരുത്. ഒപ്പം, എന്റെ കുട്ടി മാത്രമാണ് അംഗീകരിക്കപ്പെടേണ്ടത് എന്ന സ്വാർത്ഥതയും അരുത്. അവസാനം  പറഞ്ഞത് വലിയ രോഗമാണ്. അത് കുട്ടിയിലും ബാധിക്കും. ഒരു നാട്ടിൽ ഒരു കവി, ഒരു കഥാകാരൻ, ഒരു ''വര''യൻ, ഒരു പ്രസംഗകൻ... ഈ ചിന്ത തലയിൽ ചിതൽ കൂട്ടും.  

വീട്ടിൽ നിന്ന് പ്രോത്സാഹനം, കുടുംബാംഗങ്ങളിൽ നിന്ന് പ്രോത്സാഹനം. അവർക്ക് എന്തെങ്കിലും ഒരു സമ്മാനം കിട്ടുന്ന ഒരു  സദസ്സ് കണ്ടാൽ, അവിടെ കുട്ടികളുമായി  പോകാനുള്ള സന്മനസ്സ്. അയൽക്കാർ അവരെ കണ്ടറിഞ്ഞ് അഭിനന്ദിക്കൽ. ഇങ്ങിനെ ഒരു ഗ്രൌണ്ട് ഒരുക്കുമ്പോൾ ആവറേജ് കഴിവുള്ള കുട്ടികൾ വരെ ''പിക്ക്അപ്'' ആയിക്കൊള്ളും.  കുട്ടികൾ ഒരു വട്ടം ട്രാക്കിൽ കയറിയാൽ, പിന്നെ ആരും അങ്ങിനെ താങ്ങിക്കൊടുക്കണമെന്നില്ല.  അവർ തന്നെ അതിന്റെ വഴി കണ്ടെത്തും.

 നമ്മുടെ നാട്ടിൽ പൊതുവെ ഒരു തോന്നലുണ്ട്, വിരുന്നിനും  വിസ്താരത്തിനും മാത്രമേ പോകാവൂ. ഒരു കുട്ടിയെ ആദരിക്കുന്ന സദസ്സിൽ കുടുംബ സമേതം പോയാൽ തലേക്കെട്ട് ചെരിഞ്ഞ് പോകും എന്നൊക്കെ. അതിന്റെ കാരണങ്ങൾ രണ്ടേ രണ്ട് -   അറിവില്ലായ്മ , അല്ലെങ്കിൽ അസൂയ.  ആദരിക്കുന്ന ചടങ്ങ് കേട്ടാണ് പോകേണ്ടത്, നിങ്ങളെ വീട്ടിൽ വന്നു ക്ഷണിക്കണമെന്നില്ല. സർഗ്ഗ സിദ്ധിയുള്ളവൻ പൊതുസ്വത്താണ്. അവിടെ നിങ്ങളുടെ സാന്നിധ്യം നിങ്ങളുടെ തുറന്ന മനസ്സാണ്. അവിടെ കൂടിയവർ നിങ്ങൾ വന്നത് ശ്രദ്ധിക്കും, മനസ്സ് കൊണ്ട്  അഭിനന്ദിക്കും.

ഇനി അദ്ധിയുടെ അനാവശ്യ സംശയത്തിലേക്ക്. ഞാൻ നന്നായി ഫലിതം ആസ്വദിക്കുന്ന ഒരു വ്യക്തിയാണ്. പക്ഷെ ചിലർ ഞാൻ റഫും ഗൌരവക്കാരനും നരസിംഹറാവു മോഡൽ എന്നൊക്കെ തെറ്റിദ്ധരിച്ചിട്ടുമുണ്ട്. എന്റെ ഉള്ളിന്റെ ഉള്ളിലും ഉറവ വറ്റാത്ത ചിരി ഉണ്ടെന്ന് മാലോകരെ അറിയിക്കാൻ കിട്ടിയ ഒരു അപൂർവ്വ സന്ദർഭം സോഷ്യയൽ മീഡിയ കാൽകാശ് ചെലവില്ലാതെ വച്ച് നീട്ടുമ്പോൾ നമ്മളായി പുറം കാൽ കൊണ്ട് ചവിട്ടി ത്തെറിപ്പിക്കണോ ? അത് കൊണ്ടാണ്  ''കുട്ടിക്കാലകുസൃതിക്കണ്ണുകൾ'' എഴുതിയത്. അതും വളരെ കണ്ട്രോൾ ചെയതും സൂക്ഷിച്ചും.  എഴുതാത്തതാണ്‌ കൂടുതൽ ചിരിക്കാനുള്ളത്.

അക്ബർ കക്കട്ടിലിന്റെയും മലയാറ്റൂർ രാമകൃഷ്ണന്റെയും ഒരു ശൈലി കടമെടുത്തിട്ടുണ്ട് എന്ന് കൂടി കൂട്ടത്തിൽ പറയുന്നു. അബ്ബാസും (ഖുബ്ബൂസ്), വിശാലമനസ്കനും എന്നെ സ്വാധീനിച്ചിട്ടില്ല. അവർ ഇതൊക്കെ എഴുതുന്നതിനു മുമ്പ് തന്നെ എന്റെ ദുബായ് വിശേഷങ്ങൾ desert stories എന്ന പേരിൽ മലയാള മനോരമ ഗൾഫ്  പതിപ്പിലും Middle East ചന്ദ്രികയിലും വരുമായിരുന്നു. അതൊക്കെ വായിച്ചു S .അബൂബക്കർ കൂടുതൽ എഴുതാൻ പറയും.  ''നിർബന്ധിച്ചാൽ നിർത്തുക'' എന്നത് എന്റെ ഒരു സ്വഭാവത്തിൽ പെട്ടതായത് കൊണ്ട് വെറുതെ നിർത്തി.

ആ ജീവനുള്ള കഥാപാത്രങ്ങൾ അന്നൊക്കെ എന്റെ ഓഫീസിൽ  (അതൊരു ഫാക്ടറി ) വന്ന്   എന്നോട്  വായിച്ചു കൊടുക്കാൻ പറയും.  അവരും ആസ്വദിക്കും. എല്ലാ നാട്ടുകാരും ഉണ്ട്. ബംഗാളികൾകൊക്കെ അതൊന്നു ''സംജെ'' ആക്കാൻ പെട്ട പാട് എനിക്കും ജിദ്ദയെ ജെഡയെന്നും പറയാറുള്ള   എന്റെ സഹായി തമിഴൻ രാജക്കും മാത്രമേ അറിയൂ.

ഈ രാജയുടെ മണ്ടത്തരങ്ങൾ അതിലും രസായിരുന്നു. രാജയുടെ കൂടുതൽ പൊട്ടത്തരങ്ങൾ അറിയാൻ  ഒരു ബംഗാളി ഓഫീസ് ബോയെ ഏർപാടാക്കി.  നിവൃത്തിയില്ലാതെ അത്   എഴുതേണ്ടി വന്നു. പത്രത്തിൽ വന്നപാട് ഒരു വർക്കല കുറുപ്പ് അത് മട്ടത്തിൽ രാജയ്ക്ക്  ''ഫരിഫാഷെ'' പെടുത്തി കൊടുത്തതോടെ രാജ ഞാനുമായി തെറ്റി. ബ്രാഹ്മണനായ രാജ ഒരു നോൺ വെജിയാണ്. അത് ഓഫീസ് ബോയിക്ക്‌ അറിയാം.  കോഴി, ആടൊക്കെ യഥേഷ്ടം കഴിക്കും പോലും.   പോത്തിറച്ചി ഡ്രൈവർ ഇബ്രായി  എവിടെന്നോ കൊണ്ട് വന്നപ്പോൾ രാജയ്ക്കും കഴിക്കണം. അതിനു വെളവൻ രാജ പറഞ്ഞു പോലും  - ''ഇബ്രായി, യൂ മെയ്ക് ബീഫ് ....ലൈക് കോളിക്കാൽ'' . കോഴിക്കാലിന്റെ രൂപത്തിൽ പോത്തിറച്ചി മുറിച്ച് നീ പൊരിച്ച് താ,  ഞാൻ ചിക്കൻ കാലെന്നു വിചാരിച്ച്  കഴിച്ചോളാം എന്ന്. നല്ല തണ്ണിയടി വീരനുമാണ്.

 അത് ഞാൻ കുറച്ചു എരിവും പുളിയും ചേർത്ത് ഗൾഫ് മനോരമയിലേക്ക് അയച്ചു.. അഡ്മിൻ സുപ്രവൈസറായ രാജയോട് ദേഷ്യമുള്ള ഒരു തെങ്കാശി അണ്ണാച്ചി ആ കഥ  രാജയുടെ വകയിലുള്ള ഫുജൈറയിലുള്ള  ഒരു  അളിയന്റെ അടുത്തേക്ക് കള്ളടാക്സിയിൽ പോയി    പ്രിന്റെടുത്ത് കൊണ്ട് പോയി പറഞ്ഞു കൊടുത്തു.  അതോടെ ഞങ്ങൾ തമ്മിൽ തെറ്റി. ഞാൻ പിന്നെ ബാക്കി എപ്പിസോഡൊക്കെ  ഡ്രൈവർ ഇബ്രായിയെ വെച്ച് പരിഭാഷ ഒപ്പിക്കും.  ഇബ്രായിയുടെ ഹിന്ദി അതുക്കും മേലെയായിരുന്നു. ''യേ ...ഹമ്രാ ...സലാം ഭായി ബോലേഗാ ..''

വിഷയം പിന്നെയും മാറി. ''കുട്ടിക്കാല കുസൃക്കണ്ണുകൾ'' പോസ്റ്റ്‌ ചെയ്യുമ്പോൾ അങ്ങ് വീട്ടിൽ  തീൻ മേശയിൽ ഭക്ഷണം കഴിക്കുന്ന എന്റെ കെട്ട്യോളും ഉമ്മയും പിള്ളേരും  ഇതൊക്കെ  വായിച്ച്  ചിരിച്ചു മറിയുന്നത് മനസ്സിൽ കാണും. കൂട്ടത്തിൽ നിങ്ങളും ആസ്വദിച്ചിട്ടുണ്ടെങ്കിൽ പെരുത്ത്സന്തോഷം. അതിലെ നാടൻ സംഭാഷണശകലങ്ങൾ കൂട്ടത്തിൽ ഒരു അച്ചാറിന്റെ രുചി നൽകിയാലായി എന്ന് കരുതി ചേർക്കുന്നതാണ്. അതല്ലാതെ വേറൊരു ഉദ്ദേശവും  ഇതുവരെ ഉണ്ടായിരുന്നില്ല. അദ്ധി പറഞ്ഞത് കൊണ്ട് ഇനി ഉണ്ടായിക്കൂടെന്നില്ല.------------അസ്‌ലം മാവില

കൂട്ടുകാരൻ മുജീബ് ''കാസർകോട്  വാർത്ത''യിൽ ഇന്ന് പ്രസിദ്ധീകരിച്ച എന്റെ ഒരു രചനയുടെ  ലിങ്ക് ''മാർച്ചിലെ ഒച്ചയുടെ ബാസ് കുറക്കണം'' എന്ന തലക്കെട്ടിൽ കൂടെ. ആ ലിങ്ക് ഷെയർ ചെയ്യുക.

No comments: