Tuesday, March 1, 2016

നിരീക്ഷണം

നിരീക്ഷണം പരീക്ഷാ കാലം - രക്ഷിതാക്കൾ അവശ്യം വായിക്കേണ്ടത് ... അസ്‌ലം മാവില ഒരനുഭവം പറയാം. ദുബായിൽ ഉള്ള കാലം. എന്റെ ഒരു പരിചയക്കാരൻ. ഒരു ജമാഅത്തിന്റെ പ്രസിഡന്റ്. സംഘാടകൻ. അത്ര വിദ്യാഭാസമില്ലെങ്കിലും ചില വേദികളിലൊക്കെ സജീവമായി പ്രവർത്തിക്കുന്ന വ്യക്തി. എപ്പോഴും ഞാൻ അയാളുടെ മക്കളുടെ വിദ്യാഭ്യാസകാര്യങ്ങൾ ആരായും. അദ്ദേഹം നാട്ടിൽ പോകുന്നത് ഒരു ഫിക്സഡ് മാസത്തിലല്ല. ആവശ്യമെന്ന് തോന്നുമ്പോൾ നാട്ടിലേക്ക്. മകൻ പ്ലസ്‌വണ്ണിനു പഠിക്കുന്നത് അറിയാം. എന്നോടൊക്കെ ആരാഞ്ഞിരുന്നു കുട്ടിയുടെ ഭാവി പഠനത്തെ കുറിച്ച്. രണ്ടു വർഷവും കഴിഞ്ഞ് പിന്നെയും അയാൾ പറയുന്നത് മകന്റെ പ്ലസ് ടു വിനെ കുറിച്ച്. എന്റെ ഓർമ്മ വെച്ച് അവൻ അപ്പോൾ ഡിഗ്രീ ഒന്നാം കൊല്ലം പഠിക്കണം. അയാൾ എന്നോട് വാശി പിടിച്ചു - '' എന്റെ മോൻ വളരെ പാവം. കള്ളം മേമ്പൊടിക്ക് പോലും പറയില്ല. നാട്ടിൽ ആർക്കും അവനെ കുറിച്ച്പരാതിയും ഇല്ല. അവനെ മാത്രമേ ഞാൻ വീട്ടിൽ വിശ്വസിക്കാറുമുള്ളൂ. പ്ലസ്‌ ടു പഠിക്കുന്ന മോൻ എങ്ങിനെ ഡിഗ്രിക്ക് പഠിക്കുക ?" ഒരു മാസം കഴിഞ്ഞില്ല - അദ്ദേഹത്തെ ഒരു സദസ്സിൽ കണ്ടു മുട്ടി. വീണ്ടും എന്റെ പതിവ് ചോദ്യം. മോന്റെ പഠനം എങ്ങിനെ ? പ്ലസ്‌ ടു അരക്കൊല്ലപരീക്ഷയിൽ മകന്റെ റിസൽട്ട് എങ്ങിനെ ? മെച്ചമുണ്ടോ ? അയാളുടെ കണ്ണ് നിറയുന്നത് കണ്ടു. ''അസ്‌ലം, നീ അന്ന് പറഞ്ഞതായിരുന്നു ശരി, എന്റെ വിദ്യാഭ്യാസകുറവും അവനോടുള്ള വിശ്വാസക്കൂടുതലും മോൻ നന്നായി മുതലെടുത്തു. കഴിഞ്ഞ വർഷം പ്ലസ്‌ ടു തോറ്റു. എന്നോടത്പറഞ്ഞില്ല. നേരം തെറ്റിയുള്ള നാട്ടിൽ പോക്ക് എനിക്ക് തന്നെ കൺഫ്യൂഷൻ ഉണ്ടാക്കി. ചില പരീക്ഷകൾ എഴുതിയിട്ടേയില്ല. അകലെയുള്ള സ്കൂൾ അവൻ വഴിവിട്ട ഏർപ്പാടിന് ഉപയോഗിച്ചു. അസുഖമുള്ള ഉമ്മ സ്കൂളിൽ പോയന്വേഷിക്കില്ലെന്നതും അവനു എളുപ്പമായി. ഒരു ''വാടക എളേപ്പ'' ആയിരുന്നു രക്ഷിതാവ്. അയാൾ അത് മുതലാക്കി ഇവന്റെ കയ്യിന്ന് ഇടക്കിടക്ക് കാശും വാങ്ങിക്കൊണ്ടിരുന്നു. അയാൾ പിന്നൊരു സ്കൂളിൽ ഇവന്റെ കൂട്ടുകാരന്റെ ''മൂത്താപ്പ''യാണ്. ഇപ്പോഴും പഠിക്കാനെന്ന് പറഞ്ഞു ദിവസവും പോകും. ഒരു ടുട്ടോറിയലിൽ സയന്സ് വിഷയങ്ങൾക്ക് ട്യൂഷന് പോകുന്നെന്നാണ് വിളിച്ചു വിരട്ടിയപ്പോൾ പറഞ്ഞത്'' ഞാൻ പറഞ്ഞു - ''അതും കള്ളമാകാനാണ് സാധ്യത. ഒന്ന് കൂടി അന്വേഷിക്കൂ. നിങ്ങൾ അന്ന്പറഞ്ഞ സയൻസ് ഗ്രൂപ്പും ആകില്ല ഇപ്പോൾ പഠിക്കുന്നത് ; പ്രാക്റ്റിക്കൽ ക്ലാസ്സ് എന്നൊന്നുണ്ട്; അത് ഈ പറഞ്ഞ ''കിട്ടുണ്ണി'' ടുട്ടോറിയലിൽ കിട്ടില്ല. തവളയും പാറ്റയും പഴുതാരയും ചീന്ട്രവാളയും സൾ-അൾ-ഹൈഡ്രോ-സിട്രിക്കാസിഡൊന്നും ആ ''ഓലപ്പുര''യിൽ പരീക്ഷണ വിധേയമാക്കുന്നു എന്ന് നിങ്ങളുടെ മകൻ എത്ര വലിയ ബിരുദാനന്തര ബിരുദ മെടുത്തവന്റെ പിൻ ബലത്തിൽ പറഞ്ഞാലും എന്നെ കിട്ടില്ല.'' പിറ്റേ ദിവസം ''.....ക്കത്തെ ഇച്ച'' എന്നെ അതിരാവിലെ വെറും വയറ്റിൽ വിളിച്ചു - ''ഒക്കുറോ, ഓൻ ഡാക്ട്ട്ര് ബേണ്ടാലോ... അക്കൌണ്ട്രേ പാഗെല്ലോ ഇപ്പോ പടിക്കിന്നെ... ഞമ്മോ നിരീച്ചെ പോലേ അല്ല ഇപ്പള്ത്തെ പുള്ളോ ...ഞമ്മളെ ബിറ്റിറ്റ് ബെരും ..''. പാപഭാരം മുഴുവൻ മകന്റെ തലയിൽ കെട്ടി വെച്ചു. അയാളോ ? നല്ല വെള്ളത്തിൽ കാലും വെച്ചു. ******************************************************** പരീക്ഷാ കാലമായി . രക്ഷിതാക്കൾ അറിഞ്ഞിരിക്കുമല്ലോ . അറിഞ്ഞില്ലെങ്കിൽ ഈ കുറിപ്പ് അതിനു ഇടയാകട്ടെ. വെറും പത്താം ക്ലാസ് മാത്രമല്ല പരീക്ഷ. പ്രീ സ്കൂൾ മുതലുള്ള എല്ലാ പരീക്ഷയും രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്; കുട്ടികൾക്കും. നിങ്ങളാണ് മക്കളെ മദ്രസ്സയിലേക്കും സ്കൂളിലേക്കും രാവിലെ പറഞ്ഞ് വിടുന്നത്. അവരെ തുടക്കം മുതലേ ശ്രദ്ധിക്കണം. എങ്കിൽ അത്കുട്ടികൾക്ക് പഠനത്തിൽ മുഴുകാൻ പ്രേരിപ്പിക്കും. ഒരു ഉടായിപ്പൊന്നും പിന്നെ നടക്കില്ല. ലീവ് കിട്ടുന്നതനുസരിച്ച് നാട്ടിൽ പോകുന്ന പ്രവാസികളായ രക്ഷിതാക്കളും ശ്രദ്ധിക്കണം. ''......ക്കത്തെ ഇച്ചാന്റെ'' മോൻ പറ്റിച്ചത് പോലെ ആകരുത് കാര്യങ്ങൾ. മാർച്ച് രണ്ടു മുതൽ പരീക്ഷ ഒമ്പത് വരെയുള്ള കുട്ടികൾക്ക്. മാർച്ച് ഒമ്പത് മുതൽ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് പബ്ലിക് പരീക്ഷ. അത് 23 വരെ. പ്ലസ്‌ വൺ, പ്ലസ്‌ടു പരീക്ഷകളും ഇതേ സമയത്ത് തന്നെ. അത് കഴിഞ്ഞു ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്ക് ബാക്കി പരീക്ഷ. കല്യാണം, വിരുന്ന്, ബിസ്താരം എല്ലാത്തിനും കുറെ പോയതല്ലേ. ഇനി മക്കൾ കുറച്ചു വീട്ടിൽ അടങ്ങി ഒതുങ്ങി പഠിക്കട്ടെ. ഉമ്മമാർ അവർക്ക് വേണ്ടി ഒന്നിരിക്കണം, അവരുടെ കൂടെ. ടി.വി., സീരിയൽ ഇതൊക്കെ മാറ്റി വെച്ച് (ആ ശീലമുള്ളവർ) കുട്ടികളുടെ അടുത്ത് ഇരിക്കട്ടെ, മക്കൾക്ക് സപ്പോർട്ടായി. ടി.വി. ഓഫാക്കി പത്രം വായിച്ചാൽ പോരേ ?. കോഴിയും ഇറച്ചിയും മീനൊക്കെ കുറക്കുക; പച്ചക്കറിയാകട്ടെ കുറച്ചു ദിവസങ്ങൾ. കുട്ടികൾ ശാന്തമായി റിവിഷൻ നടത്തട്ടെ . ''പടിക്ക്റാ... പടിക്ക്റാന്ന്'' പറഞ്ഞോണ്ടിരിക്കാതെ അവരെയൊന്ന് ശ്രദ്ധിച്ചാൽ മതി, നല്ല വാക്കുകൾ പറഞ്ഞ് കൂടെ ക്കൂടുക. ഗൾഫിലുള്ള രക്ഷിതാക്കളോട് ഒരഭ്യർത്ഥന. പരീക്ഷ കഴിയും വരെ നിങ്ങൾ രാത്രിഫോൺ വിളി ഒരു മണിക്കൂറിൽ നിന്ന് അഞ്ച് -പത്ത് മിനിട്ടാക്കി ചുരുക്കണം. കുട്ടികളുടെ ശ്രദ്ധ അങ്ങോട്ട്‌ തിരിയും. ഉമ്മാന്റെ ശ്രദ്ധ കുട്ടികളിൽ നിന്ന് വഴി മാറുകയും ചെയ്യും. ഈ പരീക്ഷാ കാലം കഴിയുന്നത് വരെ കുടുംബ സമേതമുള്ള രാത്രി കാല വിരുന്നു പോക്കും നിർത്തണം - നമ്മുടെ കുട്ടികൾ ഏതായാലും പഠിക്കുന്നില്ല, മറ്റേ കുട്ടികളെ പോയി ശല്യം ചെയ്യണോ ? നോട്ട് : ഇതിന് ലൈക്ക് വേണ്ട. ഉപകാരപ്പെടുമെങ്കിൽ എന്റെ പേര് ഒഴിവാക്കി നാല് കുടുംബങ്ങൾക്ക് ഇത് എത്തിക്കുക.

No comments: