Saturday, March 5, 2016

നിരീക്ഷണം - ഒരു വാക്ക് , ഒരു അപേക്ഷ

നിരീക്ഷണം

അസ്‌ലം മാവില

ഒരു വാക്ക് , ഒരു അപേക്ഷ

പറയുമ്പോൾ ദേഷ്യം ഉണ്ടാകില്ലല്ലോ. ഈ കുറിപ്പുകാരൻ എപ്പോഴും പ്രശ്നക്കാരനാണല്ലോ എന്ന് തോന്നുമോ?  ഇല്ല എന്ന് എന്റെ മനസ്സ് പറയുന്നു. അത് കൊണ്ട് ഇന്നത്തെ നിരീക്ഷണവും നിങ്ങൾ അതേ ഗൌരവത്തിൽ തന്നെ വായിക്കുക.

ശരി. പരീക്ഷ ഇന്നലെ തുടങ്ങി. ഇന്ന് കൂടി എഴുതിയാൽ ഒമ്പതാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പരീക്ഷ പകുതിക്ക് തീരും. ബാക്കി 23നു നടക്കും. ഒമ്പതാം തിയ്യതി മുതൽ SSLC തുടങ്ങുകയായി. കൂട്ടത്തിൽ പ്ലസ്‌ വൺ, പ്ലസ് ടൂ പരീക്ഷകൾ നടക്കും. എന്ന് വെച്ചാൽ മാർച്ചു മൊത്തം പരീക്ഷാ കാലം.

നാട്ടിൽ എല്ലാവർക്കും ഇത് അറിയാം. അപ്പോൾ അവർക്ക് രാത്രി ഒന്ന് പഠിക്കാൻ ഇരിക്കേണ്ടേ ? ഇരിക്കണം. വീട്ടിൽ പാളേല് കിടക്കുന്ന കുഞ്ഞിന്റെ കരച്ചിൽ വരെ പഠിക്കുന്ന കുട്ടികൾക്ക് ശല്യമായിപ്പോകരുതെന്നു കരുതി ഉമ്മമാർ മുൻകരുതൽ എടുക്കും. ''ഇങ്ക'' നേരത്തെ കൊടുക്കും. ''ഇച്ചി'' നേരത്തെ ബീത്തിച്ച് ഉറക്കും. താരാട്ട് പാടി അവറ്റങ്ങൾ മാലാഖയെ സ്വപ്നവും കണ്ട് അങ്ങ് ഉറങ്ങുമ്പോഴായിരിക്കും....

...ആയിരിക്കും  പുറത്ത് മൈക്കിന്റെയും മെഗാ ഫോണിന്റെയും കാതടപ്പിക്കുന്ന  ഒച്ച. പ്രസംഗം. അല്ലെങ്കിൽ വേറെന്തെങ്കിലും ഒന്ന്. അതോടെ കുട്ടികളുടെ പരീക്ഷ പഠിത്തം  താറുമാറാകും.  പരീക്ഷയ്ക്ക് തയ്യാറാകാൻ ഇരുന്ന കുട്ടികൾ പല മൂലയിലും നീങ്ങും. ഒരു കാര്യവുമുണ്ടാകില്ല. അതോടെ കുട്ടിയുടെ  ശ്രദ്ധ തെറ്റും. ''ഇങ്ക'' തിന്നുറങ്ങിയ കുഞ്ഞുവാവ ഞെട്ടി എണീറ്റ്‌ അവന്റെ കലാപരിപാടികൾ തുടങ്ങും. പിന്നെ വീട്ടിൽ എന്തായിരിക്കും ബഹളം !  അതോടെ ഒരു കൊല്ലം, അല്ല അഞ്ചും പത്തും പന്ത്രണ്ടും കൊല്ലം പരിശ്രമിച്ചതൊക്കെ  disordered ആയി  പാളീസാകും.  

പുറത്ത് നിന്ന് വന്നു ആരെങ്കിലും  സംഘടിപ്പിച്ചതാണോ ഈ പരിപാടി  ? അല്ല. പിന്നെ ആര് ? നമ്മൾ തന്നെ. വീട്ടിൽ മോനും മോളും പരീക്ഷയ്ക്ക് ശ്രദ്ധിച്ചു പഠിക്കണമെന്ന് പറയുന്നതോ ? അതും നമ്മൾ തന്നെ. അങ്ങിനെ ഉപദേശിചിട്ടാണല്ലോ ഇയാൾ ഒച്ച വെക്കാതെ കതക് ചാരി പറയപ്പെട്ട പരിപാടിക്ക് പോയതും അവിടെ  സൌണ്ട് കുറയുമോന്നു പേടിച്ചു ബാസ്സുള്ള ബാക്സ് വാങ്ങാൻ പോയതും.    ''കൊടെ'' തെങ്ങിമ്മേൽ കെട്ടിയതും അതിന്റെ  വോള്യം കൂട്ടിയതും എല്ലാം നമ്മൾ തന്നെ.  കേൾക്കുന്നവർ എത്ര ? ഒരൈമ്പത് ! പുസ്തകവും തുറന്ന് വെച്ച് ഈ ''ഒച്ചയും ബിളിയും'' സഹിച്ചു മനസ്സിൽ  പ്രാകുന്ന വിദ്യാർഥികൾ എത്ര ? ഇരുന്നൂറ്റൈമ്പത്. ഒരു കൊല്ലം നിങ്ങൾ കോട്ടും സൂട്ടും ബാഗും ബക്കറ്റും വെച്ച് ബാക്കിൽ വെച്ച്കെട്ടി മക്കളെ സ്കൂളിൽ അയച്ചതോ ? വെറുതെ.  വെറും  വെറുതെ.

തലേ രാത്രിയിലെ ശബ്ദകോലാഹലം കൊണ്ട്  പഠനം ''അൽകുൽതായി''  കൊല്ല പരീക്ഷ എഴുതി വരുന്ന  മക്കളോട് : ''പരീച്ചെ നല്ലോണം എയ്തീൻ-റാ ...എയ്തീൻണേ .... ''  നിങ്ങൾ എന്ത് ഉത്തരമാണ് മക്കളിൽ നിന്ന്  പ്രതീക്ഷിക്കുന്നത് ? കൂട്ടരേ, പരീക്ഷാ തലേന്നാളുകൾ എന്നത് ഒരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. പഠിച്ചതൊക്കെ ഒന്ന് തർതീബിൽ കൊണ്ട് വരാൻ ആ മണിക്കൂറുകൾ അവരെ ഏറെ സഹായിക്കും. നല്ല അന്തരീക്ഷം അപ്പോൾ ആവശ്യമാണ്‌.. ആരും ശല്യം ചെയ്യാനും പാടില്ല.

ദയവ് ചെയ്ത് പരീക്ഷാ കാലത്ത് മൈക്കും ബോക്സും കെട്ടി മഗ്രിബിനു ശേഷം ആരും പരിപാടി സംഘടിപ്പിക്കരുത്. അതേത് പാർട്ടിയുടെതാണെങ്കിലും സംഘടനയുടെതാണെങ്കിലും, അതിന്റെ പ്രവർത്തകർ മടി കൂടാതെ നേതൃത്വത്തോട്  പറയണം -  ''നമുക്ക് ഈ പരീക്ഷാ കാലം കഴിഞ്ഞു ഇതിലും ഒച്ചത്തിൽ സംഘടിപ്പിക്കാം. ഇപ്പോൾ വേണ്ട, മക്കൾ പരീക്ഷയ്ക്ക് പഠിക്കുവാണ്. അവരുടെ ഭാവി നമ്മുടെ ഒന്നൊന്നര മണിക്കൂർ കൊണ്ട് നഷ്ടപ്പെടരുത്.'' ഇതെന്റെ പ്രിയപ്പെട്ടവരോട് ഒരഭ്യർഥനയാണ്. ഒരു രക്ഷിതാക്കൾക്ക് വേണ്ടി സംസാരിക്കുന്നതെന്ന് വിചാരിച്ചാലും സാരമില്ല.  വളരെ അത്യാവശ്യമെങ്കിൽ മൈക്ക് ഇല്ലാതെ തന്നെ പ്രോഗ്രാം സംഘടിപ്പിക്കാമല്ലോ. വന്നവർക്ക് കേൾക്കാൻ അത് മതി, തൽക്കാലം. ഒരു കാര്യം കൂടി, തൊട്ടയൽ പ്രദേശത്തുള്ളവരോടും നിങ്ങളുടെ ബന്ധം ഉപയോഗിച്ച് ഓർമ്മപ്പെടുത്തിയാൽ അവരും ചെവികൊള്ളും. (ഒരു പഞ്ചായത്ത് തല യോഗം തന്നെ എല്ലാ വിധ  വിശ്വാസികളെയും പാർട്ടിക്കാരെയും വിളിച്ചു ചേർന്ന് എടുക്കാവുന്നതെയുള്ളൂ ഇതൊക്കെ.  അപ്പോൾ പഞ്ചായത്തു മൊത്തം  പരീക്ഷാ കാലങ്ങളിൽ '' മണിക്കൂറുകൾ നീളുന്ന രാത്രിയൊച്ച''യ്ക്ക് ഒരു ശമനം കിട്ടും. നമ്മുടെ കുട്ടികളും രക്ഷപ്പെടും.)


പ്രീസ്കൂൾ അടക്കം 12 കൊല്ലം അതിരാവിലെ ഉണർന്ന് പള്ളിക്കൂടത്തിലേക്ക് മക്കളെ പ്രതീക്ഷയോടെ  അയക്കുന്ന ഉമ്മമാരുടെ വേദനിക്കുന്ന മനസ്സ് കണ്ടുകൊണ്ടെങ്കിലും ഇതിൽ നിന്ന് പിന്മാറണം. അവർക്ക് പറയാൻ വേദികളില്ലല്ലോ.ഇനി അഥവാ അവർ  പറഞ്ഞാൽ അതികപ്പറ്റുമാകുമല്ലൊ .  ഇതിലപ്പുറം ഒരു ഭാഷയിൽ എനിക്ക് ഇത് പറയാൻ അറിയില്ല.

No comments: