Thursday, September 15, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ / 15 SEP 2016


കുട്ടിക്കാലകുസൃതിക്കണ്ണുകൾ

മാവിലേയൻ

അന്ന് എല്ലാവരും മദ്രസ്സയിൽ ഒരാളെ കണ്ടു. സംസാരം തെക്കൻ സ്റ്റൈൽ. നീണ്ടമുഖം. പ്രായം അന്പതിനോടടുത്ത്. സദർ ഉസ്താദിന്റെ അടുത്ത് നിന്ന് സംസാരിക്കുന്നു.  തെക്കൻ സംസാരമൊക്കെ കേട്ടപ്പോൾ ഞങ്ങൾ വിചാരിച്ചു ഒന്നുകിൽ സ്‌കൂളിലേക്ക് വന്ന മാഷ്, അല്ലെങ്കിൽ ബാർബർ. തലേക്കെട്ടോ തൊപ്പിയോ ഇല്ലാത്ത കൊണ്ട് മൊയ്‌ലാർച്ച അല്ല.  നമ്മുടെ നാട്ടിൽ തെക്കൻ ഭാഷ സംസാരിക്കുന്നവർ ഈ മൂന്ന് പേരാണ്. വേറെ ആരെയും ''സുദ്ദ''മലയാളം സംസാരിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല.

അന്നൊക്കെ പുറം നാട്ടിൽ നിന്ന് ഒരാൾ നമ്മുടെ ഗ്രാമത്തിലേക്ക് വന്നാൽ ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത് സദർ ഉസ്താദിനെയായിരുന്നു. മൂപ്പർ വന്നവനെ ഒന്ന് രണ്ടു ചോദ്യങ്ങൾ എറിഞ്ഞു സംഗതി ജെന്യൂന് ആണോ ഫെയ്ക്കാണോ എന്ന് ഉറപ്പിക്കും. പിന്നെയും സംശയം ബലപ്പെട്ടാൽ   ഉമ്മർച്ചാന്റെ കടയിൽ ഇരുത്തി തെക്കോട്ട് മുഖം തിരിച്ചിരുന്നു അദ്ദേഹത്തിന്റെ വക ഒരു പാൽചായയൊക്കെ കൊടുത്തു  ഓരോന്ന് ചോദിച്ചു വിഷയം മനസ്സിലാക്കും.  ആ വക കാര്യങ്ങൾ ഉസ്താദിനെ ഏൽപ്പിച്ചത് കൊണ്ട്നാട്ടുകാർ  വേറെ ടെൻഷനൊന്നും ഏറ്റെടുക്കില്ല.   വല്ല കളിപ്പീരാണെന്ന് മൗലവിക്ക്  തോന്നിയാൽ കണ്ണട ഊരി ചോരക്കണ്ണ് വിടർത്തി വിരട്ടുന്നതോടെ,  ഈ തെക്കന്റടുത്ത് ഞമ്മളെ ഏർപ്പാട് ഏശില്ലെന്ന് മനസ്സിലാക്കി   കൂടുതൽ വിളവ് കാണിക്കാതെ വന്നവർ  സ്വയം പ്ലിങ്ങി  മണ്ടും.

ഇപ്പോൾ ഉസ്താദ്  ആ സാധു മനുഷ്യന്റെ തോളത്താണ് കൈ വെച്ചിട്ടുള്ളത് - മമ്മദ് സാഹിബേ നിങ്ങൾ ബേജാറാവാതിരീം, നമുക്ക് പരിഹാരം കാണാം.  അങ്ങനെയെന്തോ ചെറുതായി കേൾക്കാം. അന്ന് തെക്കൻ സംസാരഭാഷ അറിയാനും വലിയ പാടായിരുന്നു. പത്രം വായിക്കുന്നത് പോലെയല്ലല്ലോ അവർ സംസാരിക്കുന്നത്. പറഞിങ്ങാണ്ട്, നോക്കീംങാണ്ട് എന്നൊക്കെ പുട്ടിനു തേങ്ങയിട്ടപ്പോലെ  പറഞ്ഞാൽ എന്താ ഞങ്ങൾ പൊടിപ്പിള്ളേർ   മനസ്സിലാക്കുക.  

ഞങ്ങൾ ഇപ്പോൾ  മദ്രസിനകത്താണ്. വൈകി എത്തിയ സൗകൂ വന്നു പറഞ്ഞു -
സദ്രൂസ്താനെട്ത്ത് ഒരു തുർക്കന് ഇൻഡ്രാ.... ?
തുർക്കനാ....? അതെങ്ങിനെ മനസ്സിലായി ?
അദ് .....സദ്രൂസ്താ അയാളെ സാഹിബറ്ന്ന്  പറീന്ന് ....

അന്ന് സാഹിബർ എന്ന് പറയുന്നത് തുർക്കന്മാരെയായിരുന്നു. ഹനഫി മദ്ഹബുകാരെ. അവരുടെ പെണ്ണുങ്ങളുടെ വലത്തേ മൂക്ക് കുത്തിയിട്ടുണ്ടാകും. വേറെ പലതും അന്ന് അവരുടെ  പ്രത്യേകതകളായി പറഞ്ഞിരുന്നു. അതിൽ കേട്ട ഒന്ന് - അവർക്ക് നിസ്കരിക്കുമ്പോൾ തുണിയിൽ ചെറിയ ചെറിയ തുളകൾ പ്രശ്നമല്ല പോലും.  ഒരു പവളിയുടെ അത്ര സൈസാണ് തുളയെങ്കിലേ നിസ്കാരം ബാഥ്വിലാകൂ എന്നൊക്കെ.... നായിനെ  തൊട്ടാൽ മണ്ണിൽ കഴുകണ്ടാ ...എന്നൊക്കെ.  പിന്നെ നമ്മുടെ നാട്ടിൽ തുർക്കന്മാർ വരുന്നത് തന്നെ അപൂർവ്വ കാഴ്ചയായത് കൊണ്ട് ഈ കഥാപാത്രത്തെ ആപാദ ചൂഢം കാണുക എന്നത് എല്ലാവരെയും പോലെ എന്റെയും ആഗ്രഹമായിരുന്നു.

ഞാൻ രണ്ടും കൽപ്പിച്ചു സൗകുവിനോട് ചോദിച്ചു :
അല്ലറാ ... സാഹിബ് എന്നാണോ അല്ല സാഹിബറ് എന്നാണോ ഉസ്താ അയാളെ വിളിച്ചത്. (കാരണം അബൂബക്കർ ഉസ്താദ് എല്ലാവരെയും സാഹിബ് എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്).

മദ്രസ്സ വിട്ടപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും ഒരു തുർക്കനെ കാണാനുള്ള  പ്രതീക്ഷകളും അസ്ഥാനമാക്കിയാണ് ഉസ്താദ് അയാളെ വിളിക്കുന്നത് കേട്ടത്.

''മമ്മദ് സാഹിബ്''  അപ്പോൾ സാഹിബറ് അല്ല, ഒൺലി സാഹിബ്. ഒരു പാവം തെക്കൻ.

അതോടെ  പേരിനെ  കുറിച്ചുള്ള എല്ലാ സംശയവും ഒരിക്കൽ കൂടി  നീങ്ങി എന്ന് മാത്രമല്ല, മദ്ഹബിന്റെ കാര്യത്തിലും  ഒരു തീരുമാനമായി. ഇനി അറിയേണ്ടത് ഇയാൾ വന്നതിന്റെ ഉദ്ദേശമെന്ത് ? അന്ന്  വൈകുന്നേരത്തോടെ അതിനും ഒരു പരിഹാരമായി - ഞങ്ങളുടെ കമുകിൻ തോട്ടത്തിനു ഏതാനും വാര അകലെ ഒരു ഒറ്റപ്പെട്ട അടച്ചു പൂട്ടിയ കടയുണ്ട്. അതിലതാ നമ്മുടെ മമ്മദ്ക്കയും ഭാര്യയും കൂടെ  മൂന്ന് പിള്ളാരും ഒരു സൗകൂ , രണ്ട് കുൽസുമാർ.  ശരിക്കും അവർ നേരത്തെ  വന്നിരുന്നു. മധൂരോ മറ്റോ ആയിരുന്നു താമസം.  പക്ഷെ കുറച്ചു കൂടി കൺഫര്ട്ടബിളായ സ്ഥലത്തേക്ക് മാറണമെന്ന ചിന്തയായിരിക്കണം പുള്ളിയെ നമ്മുടെ നാട്ടിലേക്കെത്തിച്ചത്.   (ആ കട അവിടെ എന്തിനു ഉണ്ടാക്കി ?എങ്ങിനെ വന്നു എന്നൊന്നും എനിക്കറിയില്ല. മുമ്പ് അവിടെ കച്ചവടമുണ്ടായിരുന്നു പോൽ. ഒരു ഒറ്റമുറി കട. രണ്ടു മാടിന്റെ ഓടിട്ട കടയാണ്. രണ്ടു സൈഡിലും കാവി തേച്ച മന്റ്റിട്ടയും.

പിന്നെ പിന്നെ കൂടുതൽ കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് കിട്ടിത്തുടങ്ങി.  മാതാശ്രീക്ക് മധൂർ ഹോമിയോ ഡിസ്പെൻസറിയിലാണ്  ജോലി. ഇങ്ങോട്ടേക്ക് സ്ഥലം മാറ്റമോ മറ്റോ ലഭിച്ചതായിരുന്നു.  അങ്ങിനെയാണ് മമ്മദ്ക്ക കുടുംബമടക്കം ആ കടയിൽ താമസമാക്കിയത്.

അദ്ദേഹവും മിണ്ടാതിരുന്നില്ല. അറിയാവുന്ന പണിയായിരുന്നു ബീഡി തെറുപ്പ്. ആണുങ്ങൾ അന്ന് ബീഡി തെറുക്കുന്നത് അപൂർവ്വമായ സംഭവമായിരുന്നു. ഒരു ദിവസം എന്നോട് ഒരു സൗകൂ പറഞ്ഞു - അസ്‌ലമേ, മമ്മദ്ക്കാ ബീഡിന്റെലെ മുറിക്ക്ന്നേ കണ്ടിനാ. കണ്ടിറ്റാൻഗ്  ബാ.  (അന്നേ ആ പാട്ട് ഉണ്ടാകേണ്ടതായിരുന്നു - അണങ്കൂർ പുള്ളറെ കണ്ടിനാ എന്ന പാട്ട് പോലെ, സോഷ്യൽ മീഡിയ ഇല്ലാത്തത് കൊണ്ട് അതങ്ങിനെ ഞങ്ങൾ രണ്ടാളിൽ  മാത്രമായി ഒതുങ്ങി പ്പോയി )

ഉള്ളത് പറയട്ടെ , സൗകൂ വെള്ളം ചേർക്കാത്ത ആദ്യത്തെ സത്യമായിരുന്നു അന്ന് എന്നോട് പറഞ്ഞത്. അത് ഞാൻ  എന്റെ കണ്ണ് കൊണ്ട്  ആ വീട്ടിൽ പോയിക്കണ്ടു.-  മമ്മദ്ക്ക അവിടെ അകതുള്ള കാവിയിട്ട മൺത്തിട്ടയിൽ കാലുകൾ 4 (നാല് ) എഴുതിയത് പോലെ  ഇരുന്നു  വെറുതെ ഇലകൾ കത്രിക്കുന്നു. ആദ്യം വിചാരിച്ചത് ഇയാൾ ആരോടോ ദേഷ്യപ്പെട്ട് ബീഡിയില കത്രിച്ചു നശിപ്പിക്കുകയാണെന്ന്. അതല്ല, കാരണവർ ശരിക്കും ബീഡി തെറുക്കാൻ അച്ചില്ലാതെ കൂളായി കത്രിച്ചു വിടുകയാണ്. അച്ചില്ലാതെ ബീഡിയിലെ കത്രിക്കുന്ന ലോകത്തിലെ ആദ്യത്തെ മനുഷ്യനെ ഞങ്ങൾ കാണുന്നതും അപ്പോഴായിരുന്നു.  എമ്മാതിരി സ്പീഡാണ്.  ഓ...വിവരിക്കാൻ തന്നെ പറ്റില്ല.

വേറെയും പ്രത്യേകതകൾ അവിടെ കണ്ടു. രാവിലെ എല്ലാരുടെയും വീട്ടിൽ സാമ്പത്തിക സ്ഥിതിയനുസരിച്ചു എന്തെങ്കിലും ഒരു ഐറ്റം അപ്പം കാണും.  ഒന്നുമില്ലാത്തവർ കട്മ്പ് അല്ലെങ്കിൽ കൊർട്ടിപത്തലെങ്കിലും ഉണ്ടാക്കും. പക്ഷെ പുട്ട് എന്ന സാധനം രാവിലെ കഴിക്കുന്നത് കണ്ടത് ഞാൻ മമ്മദ്ക്കാന്റെ വീട്ടിലായിരുന്നു. ആ ഭാഗങ്ങളിൽ പോവുമ്പോൾ  പുട്ടിൻകുറ്റിയിൽ നിന്ന് ആവി പുറത്തേക്ക് പോകുന്നത്  ആ വീട്ടിൽ രാവിലെയുള്ള നിത്യകാഴ്ചയായിരുന്നു. ഞാൻ പുട്ടുണ്ടാക്കാൻ വേണ്ടി പഠിച്ച പണി പലത് നോക്കിയിട്ടും ഉമ്മ എനിക്ക് തന്ന മറുപടി ഇതായിരുന്നു - അത് തെക്കന്മാറ്-റാ ഓറെപ്പോലെയെങ്ങനെ ഞമ്മോ ആന്നെ... അതിന് ശേഷം പുട്ട് തിന്നാനുള്ള ആഗ്രഹം കൊണ്ട്  ഞാൻ തെക്കൻ ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി.    അന്നൊക്കെ പുട്ട് തിന്നണമെങ്കിൽ വല്ല ഹോട്ടലിലോ മറ്റോ  പോകണമായിരുന്നു.അന്നൊക്കെ എനിക്കെന്ത് ഹോട്ടൽ ? എന്ത് തട്ടുകട.  (ഒരു പ്രാവശ്യം കുഞ്ഞമ്മുച്ചാന്റെ ഹോട്ടലിന്റെ  പിൻവാതിലിൽ കയറിക്കൂടി ഒരു മുട്ടച്ചായ കുടിച്ചത് ഒരു എരണം കെട്ട സൗകൂ എന്റെ പെങ്ങളോട് പറഞ്ഞു അത് അവൾ നല്ല എരിവും പുളിയുമിട്ടു വീട്ടിൽ റിപ്പോർട്ട് ചെയ്തതോടെ എന്റെ ഹോട്ടൽഫുഡിങിന്റെ  അന്ത്യമായിരുന്നു).

ഞാൻ ഒരു മീൻ എടുത്ത് ബീസെകത്തിക്കൊണ്ട് മെല്ലെ ചുരണ്ടി ഉമ്മ മീൻ മുറിക്കുമ്പോൾ സഹായിക്കാൻ തുടങ്ങി. ഉമ്മാക്ക് ബൾബ് കത്തി. ഇതെന്താ ഇവൻ പതിവില്ലാത്ത ഒരു ഫിഷ് കട്ടിങ്. അതും പേനാക്കത്തികൊണ്ട്. ഉമ്മാക്ക് ആലോചിക്കാൻ  കൂടുതൽ സമയം നൽകുന്നതിന് മുമ്പ് ഒരു കുൽസൂന്റെ ഉമ്മ വന്നു വായിന്ന് ഫുള്ളായി  ചൊരിഞ്ഞു.

''എന്ത് ക്ടായെ .... ആ തെക്ക്ന്ന് ബന്നെ   മമ്മസ്ചാന്റാടെ.. ണ്ട്... ബീസെ കത്തീല് മീന് മുറിക്ക്ന്നെ ...നോക്കീറ്റ് സെക്കായിറ്റ്  കൈന്നില്ല.   ജോന് ഈടെയും  കീഞ്ഞിനാ.... '' സത്യം പറഞ്ഞാൽ സംഭവം അത് തന്നെയായിരുന്നു. നമ്മൾ ഗൾഫിൽ പേനാകത്തിയിലും കത്രികയിലും മീൻ മുറിക്കുന്നില്ലേ, അത് പോലെ  ആദ്യമായി കണ്ടത് മമ്മദ്ക്കാന്റെ  വീട്ടിലായിരുന്നു. അതൊരു കുൽസു കണ്ടിട്ട് എന്നോട് പറഞ്ഞത് ഞാനൊന്ന് പരീക്ഷിക്കാൻ വേണ്ടി നടത്തിയ ശ്രമമാണ് ഈ കുൽസുന്റെ ഉമ്മ ബഹളം വെച്ച് നശിപ്പിച്ചത്.   ''ഠാ....യീൻ...'' പലകത്തിയിൽ ഇരുന്ന് മുറിക്കുന്ന മീനിന്റെ തല യോട് കൂടി ഉമ്മ എന്റെ പുറത്തേക്ക് ഒന്ന് വെച്ച് തന്നതോടെ എന്റെ ''ഫിഷ് ഓപ്പറേഷൻ വിത്ത് ബീസെക്കത്തി'' എന്നന്നേയ്ക്കുമായി നിലച്ചു.  

No comments: