Monday, December 19, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ - 43

കുട്ടിക്കാലകുസൃതിക്കണ്ണുകൾ -43

മാവിലേയൻ

ആറാം ക്‌ളാസ്സിൽ ഉള്ളപ്പോഴാണ് ഞങ്ങളുടെ പുല്ല് മേഞ്ഞ വീട് പൊളിച്ചു പുതിയ വീട് പണിയാൻ തുടങ്ങുന്നത്. വർഷാവർഷം പുല്ല് മേഞ്ഞാലും മഴക്കാലമായാൽ മിക്ക മുറിയിലും ചോർച്ച തന്നെ. മോന്തായം ദ്രവിച്ചിട്ടുമുണ്ട്.  ഒരു തേക്ക് മരം അങ്ങിനെ തന്നെ പിഴുത് കൊണ്ട് വന്നു എട്ത്തെണെ (ഡൈനിങ് ഹാൾ)യിൽ നാട്ടി  മോന്തായത്തിൽ കുത്തിക്കൊടുത്ത ധൈര്യത്തിലാണ് ഞങ്ങൾ അതിനകത്തു താമസം. മഴക്കാലത്തു രാത്രി കാറ്റടിക്കുമ്പോൾ ഞാൻ ഞെട്ടി ഉണരും.  ഉപ്പ അപ്പോഴും ഉറങ്ങാതെ കട്ടിലിൽ ഇരിക്കിന്നുണ്ടാകും. ഉമ്മ ഞങ്ങളെയൊക്കെ കെട്ടിപ്പിടിച്ചു  പ്രാർഥനയിലും. പടച്ചവനിൽ തവക്കുൽ ചെയ്തു  ഉപ്പ രണ്ടും കൽപ്പിച്ചു  വീട് പണിയാരംഭിച്ചു. തൊട്ടയല്പക്കത്തെ വീട്ട് മുറ്റത്തു  ലോറിയിൽ നിന്ന്  കല്ലിറക്കുമ്പോൾ അത്   ഞങ്ങൾക്കാണെന്നു ആരോ പറഞ്ഞപ്പോൾ  എനിക്ക് വിശ്വസിക്കാനായില്ല . ഞങ്ങളുടെ വീട് പൊളിച്ചു  കെട്ടുന്ന പ്ലാനുണ്ടെന്നു കേട്ടറിഞ്ഞു സദർ ഉസ്താദ് ഉപ്പാനോട് സന്തോഷം പങ്കുവെക്കുന്നതൊക്കെ ഇപ്പോഴും കൺമുമ്പിൽ .

ഒരു ദിവസം രാവിലെ  അമ്മാവൻ ഒരാളെയും കൊണ്ട് വീട്ടിൽ എത്തി. വളരെ വിനയ വിനീതനായ ഒരാൾ. മുറുക്കി തുപ്പിയ വായ. അലസമായി ധരിച്ച കുപ്പായം.  നിഷ്കളങ്കമായ ചിരി.  35-40  പ്രായം. ഉപ്പ പള്ളിയിൽ പോയി ഇനിയും തിരിച്ചു വന്നിട്ടില്ല. അത്ര രാവിലെയാണ് അമ്മാവൻ അയാളെയും കൊണ്ട് എത്തിയിട്ടുള്ളത്.

ഞങ്ങളുടെ വീട് പണിക്ക് സഹായിക്കാൻ വേണ്ടി കാക്ക കർക്കളയിൽ നിന്ന് കൊണ്ട് വന്ന ജോലിക്കാരനായിരുന്നു അത്. പേര് കേട്ടപ്പോൾ തന്നെ ചിരിവന്നു -  മുങ്കിലൻ. ആ ചിരി കൊണ്ട് വന്നു പൊട്ടിച്ചത് അടുക്കളയിൽ ഉമ്മന്റേയും പെങ്ങളെയും മുമ്പിൽ. അതിന് കണക്കായി അവർ രണ്ടാളെന്നും അടിയും കിട്ടി.   തുളു, കന്നഡ, കൊങ്കിണി ഇതല്ലാത്ത വേറെ ഒരു ഭാഷയും മുങ്കിലനറിയില്ല.  ഞങ്ങൾക്കാണെങ്കിൽ ഇതൊക്കെ ആദ്യമായി കേൾക്കുകയാണ്.

  മുങ്കിലന്റെ ജോലിക്ക് പ്രത്യേക സമയമൊന്നുമില്ല. ഞങ്ങളൊക്കെ സൂര്യൻ ഉദിക്കല്ലേ , ഉദിക്കല്ലേ എന്ന് ആഗ്രഹിച്ചിരുന്നപ്പോൾ മുങ്കിലൻ ഒന്ന് സൂര്യനുദിച്ചു കിട്ടിയാൽ മതി എന്ന് കാത്തിരിക്കുന്ന പാർട്ടിയാണ്, ജോലി തുടങ്ങാൻ. പണി തുടങ്ങിയാൽ നിർത്തുന്ന പ്രശ്നമില്ല. ചോറും ചായയുമൊക്കെ റെഡിയായാൽ ഞങ്ങൾ പച്ച നാടൻ മലയാളത്തിൽ മുൻകിലനോട് വിളിച്ചു  പറയും. ഞങ്ങളുടെ അംഗവിക്ഷേപമൊക്കെ  കണ്ടു പുള്ളിയൊരു ധാരണയിലെത്തും -  ഊട്ട /  ചായ/  ആഹാര സിദ്ധവാഗിത , അതക്കാഗിയെ ഈ സണ്ണ മക്കളു ശബ്ദ മാഡുത്തിദ്ദാരെ. പക്ഷെ,  എത്ര പറഞ്ഞാലും ഗോഷ്ഠി കാണിച്ചാലും ഈ അണ്ണ അത്ര പെട്ടെന്ന്  ജോലി നിർത്തില്ല.  കണ്ണ് ചിമ്മി വെറുതെ ചിരിച്ചു കൊണ്ടു വീണ്ടും പണിയിൽ തുടരും.

ദിവസങ്ങൾക്കുള്ളിൽ തന്നെ അയാൾ ഞങ്ങളുടെ കണ്ണിലുണ്ണിയായി. ഞങ്ങളെ എല്ലാവരെയും മുങ്കിലന് വലിയ ഇഷ്ടവുമായിരുന്നു. സ്വന്തം  വീട് പോലെയാണ് മുങ്കിലൻ ഞങ്ങളുടെ വീട് പണിയുടെ ഭാഗമായത്. നല്ല പാലക്കാടൻ പുകയിലയും തളിർ  വെറ്റിലയും വെള്ളത്തിൽ ഇട്ട് വെച്ച ചീഞ്ഞ അടക്കയും ആറ്റി കുറുക്കിയ  ചുണ്ണാമ്പും കിട്ടിയാൽ , മുൻകിലന്  ധാരാളം.  അയാൾ ഫുൾ ഹാപ്പി.   നാലും കൂട്ടിയുള്ള മുറുക്കലും തുപ്പലും കണ്ടാൽ ഫുൾ എനർജി കിട്ടിയിരുന്നത് ഈ മുറുക്കാനിൽ നിന്നാണെന്നു തോന്നിപ്പോകും. ഞങ്ങളുടെ വീട് പണിയുടെ കെട്ട് മേസ്ത്രി  മായിപ്പാടി ആനന്ദേട്ടനായിരുന്നു, മുടി അടക്കിയൊതുക്കി മേലോട്ട് ചീകിവെച്ചു , വളരെ സൗമ്യനായ  ഒരു ചെറിയ മനുഷ്യൻ. ആനന്ദൻ  മേസ്ത്രിയും കല്ല് ചെത്തുകാരായ  ബാബുവേട്ടനും രാഘവേട്ടനും കൂടിയായപ്പോൾ മുങ്കിലന് നമ്മുടെ നാട് ശരിക്ക് ഒരു തുളുനാട് പോലെയാണ് തോന്നിയത്,  അവർക്കൊക്കെ കന്നഡയോ തുളുവോ അറിയും. എന്റെ ഉപ്പയും അത്യാവശ്യം ഇതൊക്കെ ഒപ്പിച്ചു സംസാരിക്കും.  അതിനിടയിൽ കുട്ടികളായ ഞങ്ങളോട് സംസാരിക്കാനാണ് മുങ്കിലൻ മലയാളം പഠിക്കാൻ ശ്രമം തുടങ്ങിയതും കുളമായതും. (അതൊന്നും ഇപ്പോൾ എഴുതുന്നില്ല)

മുങ്കിലന്റെ ആത്മാർത്ഥതയും നിഷ്‍കളങ്കതയും  കണ്ടു അയാളെ ഏറെ ഇഷ്ട്ടപ്പെട്ട വേറെ രണ്ടു ആൾക്കാരുണ്ട് - നാരായണൻ ആശാരിയും അനിയൻ ശ്രീധരേട്ടനും. നീണ്ടു മെലിഞ്ഞ, ക്ഷീണിതനായ  മനുഷ്യനാണ് നാരായണാശാരി. ചെറിയ അരച്ച കഷണ്ടി, മുന്നിലെ പല്ലു മുഴുവൻ കൊഴിഞ്ഞു പോയിട്ടുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതം. രണ്ടു കാര്യത്തിൽ നാരായണാശാരി വെറുതെ നിർബന്ധം പിടിക്കും. ഒന്ന്  നാട്ടിൽ ആര് വീട് പണി തുടങ്ങിയാലും തനിക്ക് ആ പണി കിട്ടണമെന്ന്.  മറ്റൊന്ന് തന്റെ അനിയൻ ശ്രീധരൻ ഒരു ബീഡിക്കുറ്റി പോലും വലിക്കരുതെന്നും. (നാരായണ ആശാരിയാണെങ്കിൽ ചെയിൻ സ്മോക്കറും കൂടിയാണ്) ഇതൊക്കെ നടക്കുന്ന കാര്യമാണോ ? പുകവലിയോട് വല്ലാത്ത മതിപ്പ് കാണിച്ചിരുന്ന പാവം  ശ്രീധരന്, നാരായണാശാരി അറിയാതെ ബീഡി   കൊടുത്തിരുന്നത്  മുങ്കിലനായിരുന്നു. മൂങ്കിലൻ ബീഡി വാങ്ങുന്നത്   എന്റെ ഉപ്പാന്റെ കയ്യിൽ നിന്നും. ഉപ്പയ്ക്ക് അതറിയാം ഇത് മൂങ്കിലൻ സ്വന്തം വലിക്കാനല്ല വാങ്ങുന്നത്. ഉപ്പ ഇതൊക്കെ അറിയുന്നുണ്ടെന്ന്  മുങ്കിലനൊട്ടറിയുകയുമില്ല.  ഉച്ച നേരത്തും പത്ത് പതിനൊന്ന് മണിക്കൊക്കെ നാരായണാശാരി മുങ്ങും. അപ്പോഴാണ് ശ്രീധരന്റെ പുകയൂത്ത്‌..;

ചെറിയ ചെറിയ പ്രശ്നങ്ങൾക്ക്  ശ്രീധരനെ അടിക്കാൻ നാരായണാശാരി ഓങ്ങുമ്പോഴൊക്കെ ഓടിക്കിതച്ചെത്തി വിലങ്ങു വീഴുന്നതും മുങ്കിലൻ തന്നെ. ശ്രീധരന്  കിട്ടേണ്ട അടി മുങ്കിലന്.  മുങ്കിലൻ എന്തൊക്കെയോ തുളുവിൽ  ശകാരിക്കും;  ആശാരി പച്ചമലയാളത്തിൽ മറുപടിയും പറയും. രണ്ടാൾക്കും ഒന്നും മനസ്സിലാകുന്നുണ്ടാകില്ല. ഇനി അബദ്ധത്തിൽ മുങ്കിലൻ മലയാളത്തിൽ വല്ലതും പറഞ്ഞാൽ അവിടെ കട്ട സീനായിരുക്കും - നാരായണാശാരി അനിയനോടുള്ള ദേഷ്യമൊക്കെ മറന്നു കൺട്രോൾ വിട്ടു തൊണ്ടയിൽ നിന്ന് ഒരു പ്രത്യേക ശബ്ദമുണ്ടാക്കി  ചിരിച്ചു മരിക്കും.

ഏട്ടനോട്  ദേഷ്യപ്പെട്ട് ശ്രീധരൻ  വരാത്ത ദിവസങ്ങളിൽ ബെഞ്ച് പ്ലെയിൻറെ (ഈസുളി ) മറ്റേയറ്റം പിടിച്ചു  ''ചിപ്പ്ളി''യിടാൻ സഹായിക്കുന്നതും ചെത്തുളി മൂർച്ചകൂട്ടാൻ വെങ്കല്ല് പൊടിച്ചു തവിട് രൂപത്തിൽ തയ്യാറാക്കുന്നതും  ''തോത്'' ഉണ്ടാക്കാൻ പച്ചപ്പാന്തം മുറിച്ചു കൊടുക്കുന്നതൊക്കെ മുങ്കിലനായിരുന്നു. ഒരു ദിവസം നല്ല വീതിയുള്ള ഒരു ഉളി (chisel) മൂർച്ഛകൂട്ടാൻ ശ്രമിക്കുന്നതിനിടെ കൈവെള്ള മൊത്തം ചീന്തി. ചോര ഒരു ഭാഗത്തു ചിന്തി വരുമ്പോഴും മുങ്കിലൻ നിന്ന് ചിരിയായിരുന്നു. പക്ഷെ, പിന്നെ ഒരിക്കലും ഉളി മൂർച്ചകൂട്ടാൻ നാരായണനാശാരി മുങ്കിലനോടാവശ്യപ്പെട്ടിട്ടില്ല.

ആശാരി സ്രാമ്പി ഭാഗത്താണ് താമസം, ഷാഫിയുടെ തറവാട് വീടിനടുത്ത്. അയാൾ ചിലപ്പോൾ  കുടുംബ സമേതവും  താമസമുണ്ടാകും. പെരുന്തച്ചനെ ഓർമ്മിപ്പിക്കുമാറ് ചില കുസൃതികളൊക്കെ നാരായണാശാരി മരക്കഷ്ണങ്ങളിൽ ഒപ്പിക്കും. അതിനൊക്കെ അയാൾക്ക് നല്ല മൂഡ് വേണം.   പലക, കൈൽ, കുതിര, ഒടിഞ്ഞ  ചെരപ്പലകയ്ക്ക് ആണിയോ ആപ്പോ അടിക്കൽ, കാലൊടിഞ്ഞ പഴയ കട്ടിൽ നന്നാക്കൽ ഇതൊക്കെ ചെയ്യാൻ ഏൽപ്പിക്കുമ്പോഴാണ് നാരായണആശാരിയുടെ ദേഷ്യം. അതിനു പ്രധാന കാരണം, പിടിപ്പതു പണി തന്നെ. അയാളുടെ പിറവിയിൽ തന്നെ ഉള്ളതാണോ ചെവിയിൽ തിരുകിയ പെൻസിൽ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

ആശാരിപ്പണിയിൽ കാണാൻ ഏറ്റവും രസം ''ചിപ്പ്ളി'' ഇടുന്നതാണ്. പെൻസിൽ മുനകൂട്ടുമ്പോൾ  ഷാർപ്നറിൽ നിന്ന് പുറത്തേക്ക് പെനിസിലിന്റെ തൊലി ചുരുണ്ടു ചുരുണ്ട് വരുന്നത് പോലെ മരത്തിന്റെ പുറംപാളി വരുന്നത് കാണാൻ നല്ല രസാണ്. രണ്ടു പേര് കൂടിയുള്ള ഒരു സഹകരണ പ്രസ്ഥാനമാണ് ചിപ്പ്ളി പരിപാടി. എവിടെയും മൂത്ത ആശാരിയാണ് അതിന്റെ കമ്പുള്ള തലപിടിക്കുക. അയാൾക്കാണ് ഇതിന്റെ ആയവും കൺഡ്രോളും. നാരായണാശാരി മുന്നിലും  നമ്മുടെ  ശ്രീധരൻ പിന്നിലും പിടിക്കും. മധ്യത്തിലായി ഒരു വിടവുണ്ട്. അതിൽ അഗ്രം മൂർച്ചയുള്ള ഒരു ഇരുമ്പ് റോഡ്, അതിനെ ഉറപ്പിച്ചു നിർത്താൻ ഒരു മരത്തിന്റെ പൂള്. ഇത് രണ്ടും തട്ടിയും മുട്ടിയും സമവൃത്തിയിലാക്കിയാണ് ചിപ്പ്ളി പണി തുടങ്ങുക.ആശാരി ഇല്ലാത്ത സമയത്ത് ഞാനും ഒരു സൗകുവും ചിപ്പ്ളി ഇട്ട് ഒരു കട്ടിലയുടെ പരിപ്പെടുത്തു ഒന്നിനും കൊള്ളാത്ത രൂപത്തിലാക്കിയിരുന്നു. വാതിൽ കടിച്ചു നിൽക്കേണ്ട ഒന്നര ഇഞ്ചു  ''അറപ്പ്'' എടുത്ത സ്ഥലത്തായിരുന്നു നമ്മുടെ പരീക്ഷണം. അടി ഉമ്മാന്റെടുത്തു നിന്ന് പാർസലായി കിട്ടിയത് പറയേണ്ട ആവശ്യമില്ലല്ലോ. അത് ഇപ്പോഴും സീലിങ്അടിക്കാൻ (പാവിടൽ) സപ്പോർട്ടായി വെക്കുന്ന ബീമായി നല്ല പത്രാസ്സിൽ എന്നെ നോക്കി ചിരിക്കുന്നുണ്ട്.  അതിന് ആ ഒരു നിയോഗം. ഞാനെന്തു ചെയ്യാൻ !

മറ്റൊന്ന് ഡ്രില്ലിങ് ടൂളാണ്. പണ്ടൊക്കെ തൈരോ മോരോ ഉണ്ടാക്കുന്ന ഏർപ്പാടില്ല. അത് പോലുള്ള ഒരു സംഭവമാണിത്. ഒരു കുത്തിരുമ്പുണ്ട്. അതിനു സപ്പോർട്ടായി കടഞ്ഞെടുത്ത വുഡ്. ഒരു നീളത്തിൽ  ചരട് കെട്ടിയ കോലുകൊണ്ടാണ് ഇതിന്റെ ഓപ്പറേഷൻ. നല്ല കലാപരമായി കൈകാര്യം ചെയ്താലേ ഡ്രില്ലിങ് പ്രോസസ് നടക്കൂ. ഇല്ലെങ്കിൽ എന്റെ കൂട്ടുകാരൻ സൗകുവിന്റെ കാലിൽ തുളച്ചു കേറിയത് പോലെ സംഭവം പമ്പരം പോലെ പിടുത്തം വിട്ടു വരും.

നാരായണ ആശാരിയുടെ മിക്ക ഉളിയും ഇസുളിയും ഈർച്ചവാളും മറ്റും മറ്റും അയാൾ ഇല്ലാത്ത നേരത്തു  ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. അതിന്റെ വക്കും വായും ഡാമേജ് ആളാകുമ്പോൾ ആരുമറിയാതെ അത് അയാളുടെ ടങ്കീസിന്റെ ബാഗിൽ കൊണ്ട് വെച്ച് കൂളായി സ്‌കൂട്ടാകും. പുള്ളി കാശ് കൊടുത്തു വാങ്ങുന്നതാണിതൊക്കെ എന്നല്ല എന്റെ ധാരണ. മറിച്ചു,  ഇതൊക്കെ ഇയാൾക്ക് ആശാരിയായത് കൊണ്ട്  ഓസിക്ക് കിട്ടുന്നതാണെന്നായിരുന്നു. അയാളുടെ കയ്യിൽ ഒരു ലെവൽ ഉണ്ടായിരുന്നു. ഒരു പച്ച ലെവൽ.  അകത്തു കണ്ണാടിക്കൂടിൽ ദ്രാവകം. ഒരു കുമിള അതിൽനിന്നങ്ങനെ ഓടിക്കളിക്കും. പല വട്ടം പൊക്കണമെന്ന് ആഗ്രഹിച്ച വസ്തു !

ഒരു കാര്യം കൂടി പറയാതെ വയ്യ, നാരായണാശാരിയായിരുന്നു   പുതിയ ഇലക്ട്രോണിക് ടൂൾസ് ഉപയോഗിച്ച് മരപ്പണി ചെയ്യാൻ നമ്മുടെ ഗ്രാമത്തിൽ തുടക്കമിട്ടത്. പലരും ഗൾഫിൽ നിന്ന് വരുമ്പോൾ അയാൾ ആവശ്യപ്പെട്ട ടൂൾസ് കൊണ്ട് വന്നു കൊടുത്തിരുന്നു എന്നാണ് തോന്നുന്നത്.

ആശാരിയെ മാത്രമല്ല, എന്റെ ശല്യം.  കല്ല് ചെത്തുന്ന പാവങ്ങളുടെ മഴുവൊക്കെ  ഞാൻ കുണ്ട് കുഴിക്കാനൊക്കെ അവർ പണി മതിയാക്കി പോയാൽ  ഉപയോഗിക്കും. അതിനു പാകത്തിൽ അതിന്റെ മരക്കൈ ഊരിവെച്ചിരിക്കും. ആനന്ദൻ മേസ്ത്രിയുടെ കുമ്മായക്കത്തി (trowel) എനിക്ക് മണ്ണ് കോരിയാണ്. അതിൽ തന്നെ ചെറുതും വലുതുമുണ്ട്. പോയിന്റ് ട്രോവേൽ, ബട്ടറിങ് ട്രോവേൽ എന്നൊക്കെ പറഞ്ഞിട്ട്. എനിക്ക് എല്ലാം കണക്കായിരുന്നു.

ചിപ്പ്ളി പൊടിയിൽ  പ്ലാവിന്റെതിന് നല്ല മണമാണ്.  അത് പോലെ വീട്ടിയും.  പണിയും കഴിഞ്ഞു ആശാരിമാർ  പോയിക്കഴിഞ്ഞാൽ പിന്നെ കുട്ടികൾ ഇതിന്റെ മുകളിൽ വീണുരുളും. ഇവയ്ക്ക്  തീരെ ഭാരക്കുറവായിരിക്കും. അടുപ്പിൽ തീ കടത്താനുള്ള  തുടക്കക്കാരനായിട്ടാണ് ഇത് ഉപയോഗിക്കുക. ''ചിപ്പിളി'' ഇങ്ങനെ തീ പിടിച്ചു വരുമ്പോഴാണ് വിറക് കൊള്ളിയൊക്കെ വെച്ച് തീക്ക് ''കാരം'' കൂട്ടുന്നത്. ''ചിപ്പ്ളി '' പുറത്തു കൂട്ടിയടത്തു ഒരു മഴ വന്നാൽ ഇതിന്റെ കഥയും കഴിയും, വാസനിച്ചു പരിസരത്തു  നിൽക്കാനും പറ്റില്ല.  അതിന്റെ പേരിൽ വീട്ടീന്ന് മിക്ക പിള്ളേരും  അടിയും കൊള്ളും.

-------------------------------------------------------------------------------
ഒരു ദിവസം രാത്രി  ഉപ്പ ഭക്ഷണമൊക്കെ കഴിഞ്ഞു  മുങ്കിലനോട് പറഞ്ഞു -
''മുങ്കിലാ ഈ ഈഡേക് ബള്ളേ  .... നിക്ക് ഒഞ്ചി ദോസ്തിന് പരിചയ മൾത് കൊർപ്പേ....''
മുങ്കിലനു അത് കേട്ടതോടെ  ആനവായ്ക്ക്  അമ്പേങ്ങ കിട്ടിയത് പോലെ സന്തോഷമായി. കഥാപ്രസംഗത്തിലൊക്കെ പറയുന്നത് പോലെ അത് മറ്റാരുമായിരുന്നില്ല, ശ്രീമാൻ കുക്കൻ ആയിരുന്നു. ഉപ്പാന്റെ പരിചയപ്പെടുത്തലിനു മുമ്പുള്ള ആമുഖം കേട്ടപ്പാട്  അൽപ്പം ദൂരെ മാറി നിന്നിരുന്ന നല്ല കറുകറുപ്പഴകുള്ള കുക്കൻ അവരുടെ മുമ്പിലേക്ക് കുണുങ്ങി കുണുങ്ങി  വന്നു.  പിന്നെ അവർ ചക്കയും ചൗണിയും പോലെ തുളുദോസ്തായി.

കുക്കൻ ആരെന്നല്ലോ ? അയാൾ  ഞങ്ങളുടെ അയൽ വീട്ടുകാരുടെ ജോലിക്കാരനായിരുന്നു. കുക്കനും കർണ്ണാട സ്വദേശി തന്നെ. ഇവർ രണ്ടു പേരുടെയും കോമ്പിനേഷൻ ഒന്നൊന്നരയായിരുന്നു. വൈകുന്നേരം പണിയൊക്കെ കഴിഞ്ഞു അലച്ചു കുളിച്ചു പോയാൽ പിന്നെ മുങ്കിലനെ കാണണമെങ്കിൽ രാത്രി  ഏറെ വൈകും. ഇയാൾ നേരെ പോകുന്നത് കൂട്ടുകാരൻ കുക്കനെ കാണാനാണ്.  രണ്ടു പേരും ഒന്നിച്ചു നടക്കുമ്പോൾ രസിക പ്രിയനായ ആനന്ദൻ മേസ്ത്രിയും കൊല്ലത്തെ സീത്ച്ചയും   ഉറക്കെ പറഞ്ഞു ചിരിക്കും - ''ആ കുർക്കനും മുങ്കിലിയും ബന്നല്ലോ.  നല്ലെ ജെത്തെ ജോറ്പ്പാ. ഏഡ്ന്ന് ജോറെ കൺക്കായിറ്റ് കിട്ടീനെ ? ''  അന്നൊക്കെ എന്നെ പുള്ളിക്കാരൻ ജോക്കുളു , ജോക്കുളു എന്നൊക്കെയാണ് വിളിച്ചിരുന്നത്. എനിക്കതൊക്കെ കേൾക്കുമ്പോൾ ദേഷ്യം വരും. അതിന്റെ പരിഭാഷ കേട്ടപ്പോൾ അതിലും കൂടുതൽ ദേഷ്യം വന്നു -  കുൽസുന്റെ ഉമ്മ വിളിച്ചിരുന്ന  ''കിടാഉ'' എന്നാണ് പോലും ജോക്കുളുന്റെ അർഥം.

അന്നൊക്കെ ചില വീടുകളിൽ സ്ഥിരമായി ഇങ്ങിനെയുള്ള പ്രവാസിത്തൊഴിലാളികൾ ഉണ്ടായിരുന്നു. കൃഷിക്കാരുടെ വീട്ടിൽ പ്രത്യേകിച്ച്. അധികവും കർണ്ണാടക സ്വദേശികൾ. ചിലർ വർഷങ്ങളോളം ഒരിടത്തു നിൽക്കും. ചിലർ പെട്ടെന്ന് തിരിച്ചു പോകും. ജോലിയൊക്കെ കഴിഞ്ഞാൽ ഇവർ ഒന്നുകിൽ ഒന്നിച്ചു കൂടിയിരുന്നു അവരുടെ പ്രയാസങ്ങൾ പങ്ക് വെക്കും. നാട്ടിലെ വർത്തമാനങ്ങളൊക്കെയായിരിക്കും അവരൊക്കെ പറഞ്ഞിരിക്കുക. ആര് ശ്രദ്ധിക്കാൻ. ചില പാവങ്ങൾ ദൂരെ ഇരുന്ന് കാരംസ് ചൊട്ടുന്നതൊക്കെ നോക്കി വെറുതെ ചിരിക്കുന്നുണ്ടാകും.

ഒരു ദിവസം മുങ്കിലൻ രാത്രി   ഏറെ  വൈകിയിട്ടും വീട്ടിലെത്തിയില്ല. കഴിക്കാനായി വെച്ച ഭക്ഷണം അങ്ങിനെ തന്നെ പുറത്തു മൂടി വെച്ചിട്ടുണ്ട്.  എല്ലാവർക്കും ടെൻഷനായി. ഉപ്പ ടോർച്ചെടുത്തു മുങ്കിലനെയും തപ്പി നടന്നു. ഞങ്ങൾ ഒരു സൈഡിൽ നിന്ന് കരച്ചിലും (അന്നൊക്കെ ടെൻഷൻ ഉണ്ടാക്കുന്ന ന്യൂസ് കേട്ടാൽ കരച്ചിലാണ് ഞാൻ ).  ഉപ്പ കുറെ കഴിഞ്ഞു ഒന്നും പറയാതെ വീട്ടിലേക്ക് തിരിച്ചു വന്നു; ആളെ കണ്ടു.  കുറച്ചു കഴിഞ്ഞു വരുമെന്ന് മാത്രം ഞങ്ങളോട്  പറഞ്ഞത്. എന്നിട്ടും രാത്രി ഏറെ വൈകിയിട്ടും ഭക്ഷണം കഴിക്കാൻ മുങ്കിലൻ എത്തിയില്ല. ഞങ്ങളോട് എന്തോ ഉപ്പ മറച്ചു വെക്കുന്നത് പോലെ ഞങ്ങൾക്ക് അപ്പോൾ  തോന്നുകയും ചെയ്തു. എന്താണ് സംഭവമെന്ന് ഉപ്പാനോട്  ചോദിക്കാൻ ഉമ്മാക്ക്  പേടി.  പിറ്റേ ദിവസം രാവിലെ ഞങ്ങൾ എഴുന്നേൽക്കുന്നതിനു മുമ്പ് തന്നെ മുങ്കിലൻ പണിയിൽ ഏർപ്പെട്ടത് കണ്ടപ്പോഴായിരുന്നു ശരിക്കും  ഞങ്ങൾക്ക് ശ്വാസം വീണത്.

വീടിന്റ പണി തീരുന്നതിനു മുമ്പ് തന്നെ  മുങ്കിലൻ നാട്ടിലേക്ക് പോകേണ്ടി വന്നു. വീട്ടിൽ ആർക്കോ അസുഖമെന്നും ഉടനെ പോകണമെന്നും അമ്മാവൻ വീട്ടിൽ വന്നു  പറഞ്ഞു. ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്ന മുങ്കിലൻ പോകുന്നെന്ന് അറിഞ്ഞതോടെ വീട്ടിൽ എല്ലാർക്കും പ്രയാസം. ഞാനൊക്കെ വിചാരിച്ചിരുന്നത് പുതിയ വീടൊക്കെ ആയാൽ മൂങ്കിലനും ഇവിടെയൊക്കെ തന്നെ കാണുമെന്നായിരുന്നു.   ഉൾക്കൊള്ളാൻ പറ്റാത്ത ഒന്ന് പോലെ തോന്നി മുങ്കിലൻ പോകുന്നെന്ന് കേട്ടത് മുതൽ. അയാൾ മാത്രം സന്തോഷത്തിലും. നാട്ടിലേക്ക് പോകാൻ  വട്ടംകൂട്ടുന്ന  ഒരു പ്രവാസിയുടെ സന്തോഷം ഞങ്ങൾക്ക് ആർക്കും അന്ന് മനസ്സിലായില്ലെങ്കിലും  ഉപ്പ പക്ഷെ  നന്നായി തിരിച്ചറിഞ്ഞു. കപ്പൽ ജീവനക്കാരനായും ബോംബയിൽ ചെറിയ കച്ചവടവും ജോലിയുമൊക്കെയായും നാടും കുടുംബവും ഉപേക്ഷിച്ചു കുറച്ചു കാലം  ഉപ്പയും പ്രവാസിയായിരുന്നല്ലോ.

മുങ്കിലൻ  പോകുന്ന ദിവസമെത്തി. ഉപ്പയും ഉമ്മയും മനപ്പൂർവം ഞങ്ങളോട് ആ ദിവസം മറച്ചു വെച്ചു.   ഉപ്പ പറഞ്ഞതനുസരിച്ചു  ഞങ്ങളൊക്കെ സ്‌കൂളിൽ പോയ നേരം നോക്കി കണ്ണ്നീരോടെ മുങ്കിലൻ കാക്കാന്റെ കൂടെ  നാട്ടിലേക്ക് തിരിച്ചു. കുറച്ചു ദിവസം ഞങ്ങളുടെ വീടും പരിസരവും മൊത്തം ശോകമൂകമായിരുന്നു. ശ്രീധരനാണ് ഏറെ പ്രയാസം. അപ്പോഴാണ് അറിഞ്ഞത് സെക്കന്റ് ഷോ കാണാൻ ഭാഷ അറിയില്ലെങ്കിലും ശ്രീധരന്റെ കൂടെ പോയിരുന്നതും ഷോ കഴിഞ്ഞു നടന്നു തിരിച്ചു വന്നിരുന്നതും മുങ്കിലനായിരുന്നു.  പക്ഷെ ഏതൊരു പ്രവാസിയെപ്പോലെയും കുറച്ചു ''തദ്ദേശ സ്പോക്കൺ ലാംഗ്വേജ്'' പഠിച്ചു തന്നെയായിരുന്നു മൂങ്കിലൻ പോയതും.

മുങ്കിലൻ പണി മതിയാക്കി തിരിച്ചു കാർക്കളയിൽ പോയപ്പോഴാണ് ഞങ്ങൾ അറിയുന്നത് - നമ്മുടെ   മുങ്കിലൻ കുക്കനുമായി ദോസ്തി കൂടിക്കൂടി  സൂപ്പർ തണ്ണിയടി തുടങ്ങിയിരുന്നുവെന്നും വീട്ടിൽ വരാൻ വൈകി  ഉപ്പ അന്വേഷിച്ചു പോയ രാത്രി,  മുങ്കിലൻ വരുന്ന വഴി ഫ്‌ളാറ്റായി കിടക്കുന്നത് കണ്ടെന്നും മറ്റും. അത്തരം കാര്യങ്ങളൊക്കെ വലിയ വിഷയമാക്കാതെ ആരുടേയും അഭിമാനത്തിന് ക്ഷതമേൽക്കാതെ വളരെ ഡിപ്ലോമാറ്റിക്കായി  കൈകാര്യം ചെയ്ത ഉപ്പ എവിടെ ? ഞാനെവിടെ ? 

No comments: