Saturday, December 17, 2016

പ്രവാസികൾ അവനവന്റെ ആരോഗ്യത്തെകുറിച്ചു കുറച്ചു കൂടി ബോധവാനാകണം / അസ്‌ലം മാവില

പ്രവാസികൾ
അവനവന്റെ
ആരോഗ്യത്തെകുറിച്ചു
കുറച്ചു കൂടി ബോധവാനാകണം

അസ്‌ലം മാവില

ഞാനടക്കം ഇതിൽ നിന്നൊഴിവല്ല. ഗൾഫുകാരുടെ അവസ്ഥയാണ്  ഇനി പറയുന്നത്. ഇതിന്റെ വിശദീകരിച്ചുള്ള വായനയ്ക്ക് ഞാനൊരു വിദഗ്ദ്ധനുമല്ല.  ഒരു ചർച്ചയും നടപടിയും ഉണ്ടാകട്ടെ എന്നാഗ്രഹിച്ചു കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. ചില സുഹൃത്തുക്കൾ സമാന അഭിപ്രായങ്ങൾ പങ്കുവെക്കുകയും  ചെയ്തിട്ടുണ്ട്.

പ്രവാസികളെ സംബന്ധിച്ചിടത്തോളം ചില നടപ്പു  ഉത്കണ്ഠകളുണ്ട്. ജോലി, കുടുംബം, ആരോഗ്യം. ആദ്യത്തെ രണ്ടു വിഷയങ്ങളിൽ പ്രവാസികൾ പോസിറ്റിവായി പ്രതികരിക്കും. സ്വന്തം ആരോഗ്യത്തിന്റെ കാര്യം വരുമ്പോൾ പലപ്പോഴും പുറം തിരിഞ്ഞിരിക്കും.

അസുഖങ്ങളെ പ്രവാസികൾക്ക് പൊതുവെ  ഭയമാണ്. അസുഖം വന്നാലോ ?  നേരെ ചൊവ്വേ ചികിത്സയും  തേടില്ല, പ്രത്യേകിച്ച് ബാച്ചിലേഴ്‌സ്. രണ്ടു മൂന്ന് കാരണങ്ങളുണ്ട്. ഒന്ന് നമ്മുടെ മനസ്സിന് സംതൃപ്തി നൽകുന്ന ഡോക്‌ടറെ കിട്ടില്ല.  ഇനി അഥവാ അപ്പോയിന്റ്മെന്റ് കിട്ടിയാൽ നമ്മുടെ ഡ്യുട്ടിയും സമയവും തമ്മിൽ ഒത്തു വരില്ല. ഇതിനെല്ലാം പുറമെ പലരുടെയും കയ്യിൽ ഹെൽത് ഇൻഷുറൻസ് കാർഡും കാണില്ല. കാർഡുള്ള മിക്കവരുടെയും അവസ്ഥ അവ ''സി''  കാറ്റഗറിയിൽ പെട്ടത് കാരണം അതിനനുസരിച്ചു  നിർദ്ദേശിക്കുന്ന ക്ലിനിക്കുകളിലേ ചികിത്സ തേടാനും സാധിക്കൂ. അതല്ലെങ്കിൽ ഭീമമായ തുക നൽകി ചികിത്സയും തേടണം. ലഭിക്കുന്ന ചികിത്സയിൽ പലരും തൃപ്തരുമല്ല.

അതുകൊണ്ടൊക്കെയാകാം പലരും അസുഖം വന്നാൽ ചില നാടൻ ചികിത്സയിലോ ഫാർമസിയിൽ നിന്നും ബൈ പാസിൽ കിട്ടുന്ന ഗുളികയിലോ ശരണം തേടുന്നത്. തലകറക്കം വന്നാൽ, അല്ലെങ്കിൽ ചെറിയ നെഞ്ചു വേദന വന്നാൽ വാട്സപ്പിലോ മറ്റോ കിട്ടിയ ''നുറുങ്ങുവിദ്യ'' ഉപയോഗിച്ച് അറ്റകൈ പ്രയോഗിക്കുന്നത്. അവനവന്റെ ആരോഗ്യം പണയം വെച്ച് ചെയ്യുന്ന ഇത്തരം പ്രയോഗങ്ങൾ വലിയ അപകടങ്ങളാണ്  പലപ്പോഴും ക്ഷണിച്ചു വരുത്തുന്നത്.

എല്ലാ നെഞ്ച് വേദനയും വയറുവേദനയും ദേഹാസ്വസ്ഥ്യങ്ങളും മൊത്തത്തിൽ   ഗ്യാസ് പിടുത്തമായി രോഗി തന്നെ വിധി എഴുതുന്നത് ശരിയല്ല.  അതിനർത്ഥം വലിയ ആശങ്കയുളവാക്കുന്ന രീതിയിൽ എല്ലാ അസുഖങ്ങളെയും കാണണമെന്നല്ല. ഹൃദയ സംബന്ധമായ അസുഖങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ. അതിന്റെ ലക്ഷണങ്ങൾ പലപ്പോഴും നാം വിദഗ്ധരായ ഭിഷ്വഗ്വരന്മാർ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിൽ കൂടി പറയുന്നത് കേൾക്കാറുമുണ്ട്. അങ്ങിനെയുള്ള അസ്വസ്ഥത ഉണ്ടാകുമ്പോൾ തൊട്ടടുത്തുള്ള ക്ലിനിക്കിൽ പോയി ഒരു സ്പെഷ്യലിസ്റ്റിനെ കാണുന്നത് എന്ത് കൊണ്ടും ഉചിതമല്ലേ ? കൂടെ പാർക്കുന്നവർക്കും കൂട്ടുകാർക്കും ഈ വിഷയത്തിൽ നിങ്ങളെ, നമ്മെ, സഹായിക്കാൻ സാധിക്കും.  സമയത്തുള്ള നമ്മുടെ ഒരു ഇടപെടൽ ഒരുപക്ഷെ , സമയത്തിന്  സഹമുറിയനെ  ആസ്പത്രിയിൽ എത്തിച്ചു എന്നത് കൊണ്ട് രക്ഷപ്പെടുത്താൻ സാധിച്ചേക്കും. നമ്മുടെ ചെറിയ അശ്രദ്ധ കൊണ്ടും അതേ പോലെ ഒരു ജീവൻ നമ്മുടെ അപകടപ്പെടാനും ഇടയുണ്ട്.

(ഇപ്പോൾ പല ഗൾഫു രാജ്യങ്ങളിലും  ആരോഗ്യ പരിരക്ഷാ പദ്ധതി (ഇൻഷ്വറൻസ്)ക്ക് ഹെൽത് അതോറിറ്റി രൂപം നൽകിയിട്ടുണ്ട്. എല്ലാ പ്രവാസികൾക്കും ഉപകാരപ്പെടുന്ന ഇത്തരം പദ്ധതികൾ ചില ഗൾഫ് പ്രവിശ്യകളിൽ നിർബന്ധവുമാക്കിയിട്ടുമുണ്ട്. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർക്ക് അടിയന്തിര ഘട്ടത്തിൽ മാത്രമല്ല ആവശ്യമുള്ളപ്പോഴൊക്കെ ഇതിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താനും സാധിക്കും. അവനവന്റെ ഉത്കൺഠ അകറ്റുവാനും പ്രവാസിയെ ആശ്രയിച്ചു നാട്ടിൽ കഴിയുന്ന കുടുംബങ്ങളുടെ ആശങ്ക മാറാനും ഇത് വഴി സാധിക്കുമെന്ന് ഞാൻ കരുതുന്നു )

ഈ വിഷയത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ പാനൽ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പുകളിലും മറ്റും ചർച്ചകൾ സംഘടിപ്പിക്കുന്നത് തീർച്ചയായും പ്രവാസികൾക്ക് കൂടുതൽ ഉപകാരപ്പെടുമെന്നു ഞാൻ കരുതുന്നു.
ഇതിനും എതിർപ്പുകൾ ഉണ്ടെങ്കിൽ , ഞാൻ എന്റെ ചെറിയ ഒരു  ബാധ്യത നിർവ്വഹിച്ചു എന്ന് എന്റെ അഭ്യുദയ കാംക്ഷികൾ കരുതിയാലും മതി. 

No comments: