Tuesday, December 20, 2016

ആർട്ടിയിലെ പ്രഭാതങ്ങൾ

ആർട്ടിയിലെ പ്രഭാതങ്ങൾ

അസ്‌ലം മാവില

നാമെപ്പോഴും ദൗത്യത്തെ കുറിച്ച് പറയും, എഴുതും. പലപ്പോഴും പലരും തെറ്റുധരിച്ചിരിച്ചുവെച്ചിരിക്കുന്നത് ലക്ഷ്യപൂർത്തീകരണം മാത്രമാണ് ദൗത്യമെന്നാണ്. മനസ്സിന്റെ പ്രയാണം വരെ ദൗത്യമാകാം.

കഴിഞ്ഞ കുറച്ചാഴ്ചകൾക്ക് മുമ്പ്  വായനക്കാരുടെ വലിയ ആശങ്ക RT പഴയ പ്രതാപത്തോട് കൂടി തിരിച്ചു വരുമോ എന്നായിരുന്നു. RT എക്സിക്യൂട്ടിവ് ഡെസ്കിന് പക്ഷെ കൃത്യമായ ധാരണയുണ്ടായിരുന്നു, ആർടി-ഇടം അങ്ങിനെ കെട്ടടയുന്നതോ കെട്ടടങ്ങുന്നതോ ഒന്നല്ലെന്ന്. ബോധപൂർവ്വമാണ് അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയത്, ചില വിളികൾക്ക് ചെവി കൊടുത്തിട്ടുമില്ല. അവരോടാരോടും  പരിഭവമുണ്ടാഞ്ഞിട്ടല്ല, പരാതിയുമില്ല. ഇടുങ്ങി ഞെരുങ്ങുന്നതിലും നല്ലത്   വായുവും വെളിച്ചവും കടക്കാൻ കുറച്ചു സ്‌പെയ്‌സ് വിട്ടേക്കുന്നതല്ലേ ? എണ്ണക്കുറവ് ഒരു സാംസ്കാരിക തട്ടകത്തിനു അഭികാമ്യമാണും താനും.

RT യിൽ  ഇടപെടലുകൾ ഇത് പോലെ ഇനിയും സജീവമാകും. ഇടക്കിടക്ക് അനുഭവിക്കുന്ന വിശ്രമസമയങ്ങളെ ആശങ്കയോടെ കാണേണ്ടതില്ല. അഭിപ്രായാന്തരങ്ങളെ പാഠഭേദങ്ങളായി കാണാനാണ് RT ശ്രമിക്കുന്നത്. വായനയാണ്   വ്യത്യസ്തമെന്ന് തോന്നുന്ന ആലോചനയിലേക്ക്നിങ്ങളെ നയിച്ചതെന്ന് അനുവാചകർ കരുതുന്നതോടെ ഇടപെടലിന്റെ ലോകത്തു നിങ്ങൾ ലബ്ധ പ്രതിഷ്ഠ നേടും തീർച്ച. അതുകൊണ്ടു മതിലുകളില്ലാത്ത സൗഹൃദങ്ങളും മുൻധാരണകളില്ലാത്ത സമീപനങ്ങളും ഉണ്ടാക്കിയേ പറ്റൂ. പുതിയ തലമുറകൾ  വഴിനീളെ പുതുനാമ്പുകൾ നീട്ടട്ടെ, അവരുടെ അഭിപ്രായങ്ങൾ വരും കാലത്തെ കനപ്പെട്ട ശബ്ദങ്ങളാകട്ടെ.

RT യെ കുറിച്ച് കേൾക്കാൻ താൽപര്യമുള്ളവർ ഒരുപാടുണ്ട്. നാം മനസ്സിലാക്കിയത് മാത്രം അവർക്ക് പറഞ്ഞു കൊടുത്താൽ മതി. അവർ കട്ടുകേട്ടാലും ക്രഡിറ്റ് ഈ കൂട്ടായ്മക്ക് തന്നെയാണ്. ഈ കൂട്ടായ്‍മയുടെ ഓജസ്സാണ് മാറ്റുകൂട്ടായ്‍മകളുടെ ആംഗ്യത്തിലും ഭാഷയിലും സ്വാധീനം ചെലുത്തുന്നതെന്നത് ചെറിയ വിഷയമല്ല. തലയാട്ടലിനു നിഷേധമെന്നു മാത്രമല്ലല്ലോ നാം അർത്ഥമാക്കുക.

RT ഇനിയും സജീവമാകും, അതിനുള്ള തറ ഒരുങ്ങിക്കഴിഞ്ഞു. നടപ്പു രീതികളിൽ നിന്നും മറ്റു  ചങ്ങലക്കെട്ടുകളിൽ നിന്ന് വിടുതി നേടാനെങ്കിലും ദിനേന  ഒരു വട്ടമെങ്കിലും RT യിൽ കണ്ണെറിയണം.

നമുക്ക്  ചക്രവാളങ്ങളിലേക്ക് കണ്ണ് നട്ടിരിക്കാം, പുലരിയുടെ ഉത്ഭവം  അവിടെ നിന്നാണ്. ഒരു  പ്രഭാതവും പഴയതിന്റെ പകർപ്പല്ലെന്നത് ആർക്കാണറിയാത്തത് !

No comments: