Monday, December 19, 2016

ഇസ്ലാഹിമനസ്സുകൾ ഒന്നാകുമ്പോൾ .... / അസ്‌ലം മാവില

ഇസ്ലാഹിമനസ്സുകൾ ഒന്നാകുമ്പോൾ ....

അസ്‌ലം മാവില

പ്രസ്ഥാനമെന്നൊക്കെ ഞങ്ങൾ ചെറുപ്പം മുതൽ കേൾക്കുന്നത് മുജാഹിദ് കൂട്ടായ്മയെയായിരുന്നു. വല്ലപ്പോഴും ഞങ്ങളുടെ ഭാഗങ്ങളിൽ നടക്കുന്ന ചെറിയ ചെറിയ ഖുർആൻ ക്‌ളാസ്സുകൾ. ആദർശ പ്രസംഗങ്ങൾ. തെക്കൻ  ജില്ലകളിൽ (കണ്ണൂർ വിട്ടാൽ ഞങ്ങൾക്ക് ബാക്കിയൊക്കെ തെക്കാണ് )  നിന്ന് കാസർകോട്ട് വന്നു അധ്യാപന വൃത്തിയിൽ ഏർപ്പെട്ടിരുന്നവരായിരുന്നു അധികവും സംഘാടകർ.  എല്ലാംകൊണ്ടും വിശ്വാസ രംഗത്ത് അത്ര നല്ല വാർത്തകൾ കേൾക്കാത്ത കാസർകോടിനെ സംബന്ധിച്ചടത്തോളം ആദർശ പ്രവർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും നടേ പറഞ്ഞ വ്യക്തിത്വങ്ങളുടെ  ഇടപെടലുകൾ പ്രസ്ഥാന പ്രവർത്തകർക്ക്  പലർക്കും ധൈര്യം നൽകിയിരുന്നു.

കാസർകോട് ഭാഗങ്ങളിലൊക്ക ഒരു ചെറിയ ചുവട് വെപ്പ് മുന്നോട്ട് വെക്കുന്ന  കാലത്തായിരുന്നു ഇസ്ലാഹി പ്രസ്ഥാനത്തിൽ പിളർപ്പുണ്ടാകുന്നത്. അത് പക്ഷെ  കണക്കുകൂട്ടുന്നതിലപ്പുറം പ്രശ്നങ്ങളും പ്രയാസങ്ങളും മാത്രമല്ല  അതിലും വലിയ വിടവുകളും ഉണ്ടാക്കുമെന്ന് ആരും വിചാരിച്ചിട്ടുണ്ടാകില്ല. ആ  പതിനാല് വർഷങ്ങൾ ഓർമ്മിച്ചെടുക്കുന്നതിനേക്കാളേറെ മറക്കാനായിരിക്കും ഇന്നത്തെ ദിവസം നന്മയും ഗുണകാംക്ഷയും ആഗ്രഹിക്കുന്ന ആരും ആഗ്രഹിക്കുക.

നീണ്ട പതിനാല് വർഷങ്ങൾ ഉണ്ടാക്കിയ ചില പോരായ്മകളുണ്ട്. പകുതിവഴിക്ക് ഉപേക്ഷിക്കപ്പെട്ടതുണ്ട്. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടു പോലും  അവയൊക്കെ സമൂഹ നന്മയ്ക്ക്  യാഥാവണ്ണം ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ  അനൈക്യം ഉണ്ടാക്കി വെച്ച ചെറുതല്ലാത്ത കുറവുകളുണ്ട്.

ആദർശ രംഗത്ത് മാത്രമല്ല ജീവിതത്തിന്റെ നിഖില മേഖലകളിലും ഇസ്ലാഹി പ്രസ്ഥാനത്തിന്റെ കയ്യൊപ്പ് പതിഞ്ഞൊരു കാലം നമുക്കുണ്ടായിരുന്നു. മലയാളിയുടെ തന്നെ സ്വസ്ഥവും  ശാന്തവുമായ ഒരന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ പോലും ഇസ്‌ലാഹികൾക്ക് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.  ഇടപെടലുകൾക്ക്  വരെ മിതത്വത്തിന്റെ രീതിയുണ്ടായിരുന്നു. നിലപാടുകൾ മധ്യമമായിരുന്നു. സാഹചര്യങ്ങളെ മുൻകൂട്ടി കാണാനുള്ള ദീർഘ ദർശിത്വവും ക്രാന്ത ദർശിത്വവും  ഗോഡ് ഗിഫ്റ്റ് പോലെ നമുക്കുണ്ടായിരുന്നു.

ഇക്കഴിഞ്ഞ 14 കൊല്ലക്കാലം പ്രവർത്തനങ്ങൾ ഉണ്ടായില്ല എന്നർത്ഥമില്ല.  ശ്രദ്ധകേന്ദ്രീകരണത്തിൽ നമ്മുടെ  മനസ്സ്  നൂറ് ശതമാനം ഏകാഗ്രമായിരുന്നോ ? പ്രവർത്തകർക്കിടയിൽ മാത്രമല്ല അനുഭാവികളിലും അഭ്യുദയകാംക്ഷികളിലും അസ്വസ്ഥത ഉണ്ടായിരുന്നില്ലേ ?. വേറിട്ടു പ്രവർത്തിക്കുമ്പോൾ പോലും   ''ഒന്നായിരുന്നെങ്കിൽ'' എന്ന് ഐക്യസന്ദേശം കേൾക്കുമ്പോഴൊക്കെ എല്ലാവരിലും അനിർവചനീയമായ  ആഗ്രഹമുണ്ടായിരുന്നില്ലേ ? നേതാക്കളും പ്രവർത്തകരും ആസ്പത്രി കിടക്കയിലും  മരണശയ്യയിലും തങ്ങളെ കാണാൻ വന്നവരോട് വേപഥുപൂണ്ടത് എന്തിനായിരിക്കണം ?  നമുക്ക് അറിയാം. എല്ലാം നമ്മുടെ മനസ്സുകളിൽ മിന്നിക്കളിക്കുന്നുണ്ട്.

അവരുടെയൊക്കെ പ്രാർത്ഥന, അണികളിലും അനുഭാവികളും നേതൃത്വ നിരയിലും ഉണ്ടായ അഗണ്യമായ തേട്ടം. അതൊക്കെ  ഐക്യത്തിനായുള്ള ശ്രമങ്ങളുടെ കിളിവാതിലുകൾ തുറന്നിട്ടു. അതിലൂടെ നോക്കി സഹോദരുടെ മനസ്സ് വായിച്ചു. അതാണ് ഇന്ന് നാം അത്ര കണ്ടു സന്തോഷിക്കാൻ നിമിത്തവും കാരണവുമാകുന്നത്.

പടച്ചവന് സ്തുതിക്കാം. ആ പ്രാർത്ഥനകൾക്ക്ക്ക്  ഫലം കണ്ടതിൽ. ഇസ്‌ലാഹി പ്രസ്ഥാനത്തെ അനുഭവിച്ചവർക്കും അടുത്ത് നിന്നും അകലെനിന്നും കണ്ടവർക്കും വായിച്ചവർക്കും ഈ ഐക്യം സന്തോഷമേ നൽകൂ. പൊയ്പോയ പ്രതാപകാലം തിരിച്ചു വരിക തന്നെ ചെയ്യുമെന്ന് നമുക്ക്  പ്രത്യാശിക്കാം. വീണ്ടെടുപ്പിന് ഒരു പാട് കാലം കാത്തിരിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം.

മനമുരുകി, മനസ്സിണങ്ങി, സ്നേഹവും പരസ്പരവിശ്വാസവും ഹൃദയങ്ങളലിയിച്ചു. ദൗത്യമേറെയുണ്ട്. ഇനിയും വിട്ടു നിൽക്കുന്ന  ഇസ്ലാഹി മനസ്സുകളിൽ ആർദ്രത ഉണ്ടാകണം. അതിനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടേയിരിക്കണം. അങ്ങിനെ ഒരു  വിശാലാടിസ്ഥാനത്തിലുള്ള ഇസ്‌ലാഹികൂട്ടായ്മക്കുള്ള ഭഗീരഥ പ്രയത്നങ്ങളും അകമഴിഞ്ഞ പ്രാര്ഥനകളുമാകട്ടെ ഓരോരുത്തരിൽ നിന്നും.

ഈ ഐക്യസമ്മേളനത്തെ അകമഴിഞ്ഞ് ആശംസിക്കാം.  ഈ യോജിപ്പും ഐക്യവും  കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സംരക്ഷിക്കാം. 

No comments: