Tuesday, February 16, 2016

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

മാവിലേയൻ

ഒരു കുൽസു വന്നിരിക്കും; അതിന്റെ പിന്നിൽ അതിലും കുറച്ചു വലിയ കുൽസു; പിന്നെ അവളെ അമ്മായി  ; പിന്നെ കുൽസൂന്റെ ഉമ്മ; അതിനു പിന്നാലെ ഒരു അയൽക്കാരി; തപ്പിത്തപ്പി  മാമാഉം. സാധാരണ വൈകുന്നേരമായാൽ മിക്ക വീടുകളിലും കാണുന്ന സ്ഥിരം കാഴ്ച. സംഭവം പിടികിട്ടിയോ ? പേൻ എടുക്കൽ സഹകരണ സംഘം ഓൺ ആക്ഷൻ.

രണ്ടു തരത്തിലുള്ള പരാന്നഭോജികളാണ് തലയിൽ ഉള്ളത്. ഒന്ന് ഈറ് ( ലാർവ ); പിന്നൊന്ന് പേൻ. പേനിൽ തന്നെ രണ്ടു വിധം. ചെറിയ പേൻ; കൊട്ടപ്പേൻ. കൊട്ടപ്പേനിനെയാണ് നാട്ടിലുള്ള മൊത്തം  കുൽസു,  കൗസല്യമാരുടെ മാതാശ്രീകൾ ''പോത്ത് പൊൽത്തെ'' പേനെന്നു പറഞ്ഞു ബാക്കിയുള്ളവരെ പേടിപ്പിക്കുന്നത്.

 കത്തിയും കട്പ്പോത്തിയും കുഞ്ഞിക്കത്തിയുമായി ഒന്നിന് പിന്നാലെ മറ്റൊന്ന് എന്നാ പോലെ   ഈ ലേഡീസ് വിംഗ്  ഇരിക്കും.  ആ നീണ്ട നിര ചിലപ്പോൾ  ''കുച്ചിപ്പർത്തെ''ന്നു തുടങ്ങിയാൽ അടുക്കള ഉമ്മറപ്പടി വരെ നീളും.  പിന്നെ ഈ ബിചാറാ ''ജൂം'' കുഞ്ഞുങ്ങളെ   നിഷ്ഠടൂരം ഈ മങ്കമാർ  കൊല്ലാ കൊല ചെയ്യും. പാവം പേനുകളെ കൊല്ലുന്നത് ഇവർക്ക്  എന്ത് വകുപ്പിലാണ്   ഹോബിയായി മാറിയതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. നമ്മളെങ്ങാനും  ''കത്തി ഒന്ന് തന്നേന്നു'' വൈകിട്ട് ഇവരോട്   ചോദിച്ചാൽ,  പിന്നെ മഗ്രിബ് ബാങ്ക് കൊടുക്കും വരെ ആ വസ്തു  കിട്ടുക പ്രയാസം.  അതിനു മുമ്പെങ്ങാനും കത്തി  കിട്ടിയാൽ കിട്ടി. അവൻ വല്ല പറയപ്പെട്ട  പുണ്യം ചെയ്തിട്ടുണ്ടെങ്കിൽ.

ഇവർ പേൻവേട്ട നടത്തുന്നത് ഒന്ന് കാണേണ്ടത് തന്നെ.   മുടിയുടെ ഓരോ അല്ലി (layer ) യും കത്തിയുടെ കൊക്ക് (മുനകൂർത്ത അറ്റം ) കൊണ്ട് വാർന്ന് എടുത്ത് അതിന്റെ ഗ്യാപ്പിലുളള ചെറിയ നേർത്ത  തോട്ടിൽ കൂടി ഈ മിസ്കീനുകളെ ഓടിക്കും.  പൈതങ്ങൾ അടുത്ത മുടി കൂട്ടങ്ങൾക്കിടയിൽ ഊളിയിട്ട് രക്ഷപ്പെടാൻ നോക്കുമ്പോഴേയ്ക്കും   അങ്ങിനെ തന്നെ പൊക്കിയെടുത്ത് കത്തിയുടെ പരന്ന  ഭാഗത്ത് എടുത്ത് ഇടും. ഇവറ്റകൾ ജീവൻ കിട്ടിയ സന്തോഷത്തിൽ  ഓടി  ഓടി, കത്തിയുടെ അടിഭാഗത്ത് അഭയം തേടാൻ വിഫല ശ്രമം നടത്തുന്നതിനിടയിൽ നമ്മളൊക്കെ പാവങ്ങളെന്നു കരുതിയ സ്ത്രീകൾ നഖം കൊണ്ട് നിർദ്ദയം ഒരു പ്രെസ്സിംഗ് ഉണ്ട്, അതിന്റെ ശബ്ദം അടുക്കള ഭാഗത്തിന്നു നിന്ന് പൂമുഖത്തേക്ക്‌ കേൾക്കും.  പേനുകളുടെ വയർ പൊട്ടിത്തെറിക്കുന്നതാണ് ആ ഘോര ശബ്ദം.  ആ  കുടൽ പൊട്ടുന്ന ശബ്ദം കേട്ട് ആത്മ സംതൃപ്തിയും  ആഹ്ലാദവും  കൊള്ളുന്ന ബാക്കിയുള്ള കുൽസുമാരടക്കമുള്ള  സ്ത്രീകളുടെ ഒരു നിര തന്നെ ഉണ്ടാകും ; ഹോ എത്ര ഭീകരം !  ചില ജൂനിയർ കുൽസുമാർക്ക് തള്ളമാർ പേനെടുത്ത് നഖത്തിൽ വെച്ച് കൊടുക്കും. അത് എന്തോ ആമാട കിട്ടിയത് പോലെ .....നഖത്തിൽ എടുത്ത്, കൊന്നു കൊലവിളിക്കും. പിടിച്ച പേൻ ഒരിക്കലും കുതറി രക്ഷപ്പെടരുതെന്നു വെറുതെ ഒരു അന്ധവിശ്വാസം അന്ന് നാട്ടിൻ പുറത്ത്  ഉണ്ടായിരുന്നു എന്ന് തോന്നുന്നു . രക്ഷപ്പെട്ട പേനുകൾ സ്വപ്നത്തിൽ പോത്തായി വന്നു ഉറക്കം കെടുത്തും എന്നോ മറ്റോ...

പേനിന്റെ മുട്ടയാണ്‌ ഈറ്. ഈ പുള്ളി  വെള്ളനിറത്തിലോ  ചാര നിറത്തിലോ  കണ്ണുനീർ തുള്ളി രൂപത്തിലിരിക്കും. ഏതോ അമ്മപ്പേൻ പെറ്റത് കൊണ്ട് മാത്രം ഒരു മുടി നാരിഴയിൽ തൂങ്ങിയാടുന്ന ഇവർക്ക്  കുൽസു-കൗസല്യമാരുടെ കത്തിവേട്ടയിൽ നിന്ന്  ''ബദ്ക്കുക'' എന്നത്  വളരെ പ്രയാസമുള്ള കാര്യമായിരുന്നു.  ഒരു വിധം  കൂട്ടക്കുരുതിയിൽ നിന്ന്  രക്ഷപ്പെട്ടു പ്രായ പൂർത്തിയായ പേനൊക്കെയായി  വിലസാമെന്ന്  പ്രതീക്ഷിച്ചിരിക്കുമ്പോഴായിരിക്കും ഇടിത്തീ പോലെ   ഇരു തല വായുള്ള ചീർപ്പിന്റെ കടന്നാക്രമണം വരിക.

ചത്തതോ അറുത്തതോ ആയ പോത്തിന്റെ കൊമ്പിൽ തീർത്ത ചീർപ്പുകൾ ആയിരുന്നു അന്ന് മാർക്കറ്റിൽ ലഭ്യം.  (പേനിനു ഇങ്ങനെയൊക്കെ പോത്തുമായി ബന്ധമുള്ളത് കൊണ്ടാണോ കൊട്ടപ്പേനിനെ ''പോത്ത് പൊൽത്തെ'' പേൻ എന്ന് പറഞ്ഞിരുന്നതെന്ന് എനിക്ക് ഒരു സംശയം.).  അന്നൊക്കെ കാസർകോട് മല്ലികാർജുന ക്ഷേത്രത്തിന്റെ മുന്നിൽ നിരന്നു  ഇരുന്നു ഒരു കൂട്ടർ മഴയും വെയിലും  വക വെക്കാതെ കമ്പി പൊട്ടിയ കുടയ്ക്കു കീഴിൽ  പോ-കൊ-ചീർപ്പ് നിർമ്മാണത്തിലേർപ്പെട്ടിരുന്നത് നിത്യ കാഴ്ചയായിരുന്നു.

പക്ഷെ,  എനിക്ക് തോന്നുന്നത് ഈ വാ-വരാത്ത ജീവികൾ ഏറ്റവും ഭയന്നിരുന്നത് ''ഈരോളി''യെയായിരിക്കാനാണ് സാധ്യത. ഇതിന്റെ ഒരറ്റം വളരെ ചെറിയ വിടവ് വെച്ച് നല്ല 10-12  സെന്റി നീളത്തിൽ  ഈർന്നിരിക്കും.  ഇതൊരു ഓട്ടോ മാറ്റിക് ലൈസ് കില്ലിംഗ് മെഷിൻ ആണ്. ഇത് തലയിൽ ഇട്ടു കുൽസുമാരുടെ ചേച്ചി -ഉമ്മ -അമ്മൂമമാർ നീട്ടി വലിക്കുന്നത് സ്ലോമോഷനിൽ കാണണം. പേൻ എടുക്കാൻ ഇരുന്ന കക്ഷിയുടെയും പേൻ എടുക്കുന്ന കക്ഷിയുടെയും മുഖവും  രസവും ഭാവവും നവരസങ്ങളിൽ ഒന്നും നിങ്ങൾക്ക് തപ്പിയാൽ കിട്ടില്ല.  അമ്മാതിരി എക്സ്പ്രഷൻ.  വായിൽ പച്ച പുളി ചവച്ചു, കൂട്ടത്തിൽ ഒരു ചുട്ട ഉരുളൻ കിഴങ്ങ് തൊണ്ടയിൽ കുടുങ്ങി, ഐസ് വെള്ളം കുടിക്കുമ്പോൾ എങ്ങിനെയിരിക്കും - ആ ഒരു മുഖ ഭാവം. ഏതാണ്ട് അത് പോലെ എന്ന് പറയാം.

 ''ഇരോളി'' പ്രയോഗവൽക്കരിക്കുമ്പോൾ  സ്..സ്..സ്..സ്സ്സ്. എന്നൊരു ശബ്ദം ഇവർ വെറുതെ ഉണ്ടാക്കും. പിന്നെ ഈർന്നെടുത്ത് വായുവിൽ വെച്ച് തന്നെ  അതപ്പാട് കണ്ണിചോരയില്ലാതെ മൊത്തത്തിൽ ഞെക്കി ഉടക്കും. അതോടെ ഒരു മാതിരി പേൻ കുഞ്ഞുങ്ങളും അവറ്റങ്ങളുടെ  പേരക്കുട്ടികളും രക്ത സാക്ഷിത്വം വഹിക്കും. അവരുടെ കൂട്ടക്കരച്ചിൽ  കിർ ..കിട് ..കിർ ..കിട് എന്ന് മാറി മാറി ഒന്ന് രണ്ടു സെകന്റ് ഉണ്ടാകും

(മുമ്പൊക്കെ തെങ്ങിന്റെ ചോട്ടിൽ ചട്ടിയും പാത്രവും കഴുകുമ്പോഴും ഇവർ സ്..സ്..സ്..സ്സ്സ്...ശബ്ദം അകമ്പടി ആയി ഉണ്ടായിരുന്ന ഒരു കാലം ഓർമ്മ വരുന്നു .  ചട്ടി കഴുകുമ്പോൾ ഈ ഒരു സംഗീതം പശ്ചാത്തലമായി ഉണ്ടാകണം എന്ന് അന്ന് അവർക്ക്  നിർബന്ധമുള്ളത് പോലെ തോന്നിയിട്ടുണ്ട്. ചില വിളവത്തി കുൽസുമാരൊക്കെ വെറുതെ സ്..സ്..സ്..സ്സ്സ്ന്നു പറഞ്ഞു ചട്ടിയിൽ വെള്ളമൊഴിച്ച് വെറുതെ ഒന്ന്കഴുകിയത് പോലെയാക്കി കോഴികൂടിന്റെ മുകളിൽ ചട്ടിയും കമഴ്ത്തി സ്കൂട്ടാകാറുണ്ട്. നേരെ ചൊവ്വെ വൃത്തിയാക്കാത്ത ചട്ടി  കണ്ട്, ഉമ്മമാർ പഴി പറയുമ്പോൾ, അതിലെ വന്ന കണ്ടൻ പൂച്ചയുടെ തലയിൽ പാപ ഭാരം വെച്ച്  ഇവർ തടി കയിച്ചലാക്കും. ഈ പൂച്ചകൾ എന്ത് പിഴച്ചു ?)

ഇന്നീ  മാരകായുധ പ്രയോഗങ്ങൾ നാട്ടിൻ പുറങ്ങളിൽ  കാണാത്തത് പേനുകളുടെ  വംശം കുറ്റിയറ്റതാണോ അതല്ല എന്റെ ശ്രദ്ധ അങ്ങോട്ട്‌ പോകാത്തതാണോ അതുമല്ല   വാട്ട്സാപ്പ് , എഫ്.ബി. തുടങ്ങിയ സോഷ്യൽ മീഡിയ വന്നതോടെ പെണ്ണുങ്ങളുടെ ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞതാണോ  ഒന്നുമെനിക്കറിയില്ല.

 രസമതല്ല; കറുപ്പിന്റെ ഏഴഴകിനെ സംബന്ധിച്ചുള്ള ഒരു സൌഹൃദ സംഭാഷണത്തിനിടക്ക്  ഒരു എത്യോപ്പിയക്കാരൻ പുള്ളിയുടെ നാട്ടിലും ഇമ്മാതിരി ''പേൻ കൊല്ലി'' ഏർപ്പാട് മുമ്പ് ഉണ്ടായിരുന്നെന്ന്  പറഞ്ഞപ്പോൾ,  ലോകത്ത്സ്ത്രീകൾ ഉള്ളിടത്തൊക്കെ ഈ ക്രൂര വിനോദമുണ്ടെന്ന വാർത്ത നടുക്കത്തോടെയാണ് ഞാൻ  ഉൾക്കൊണ്ടത്‌.))

എനിക്ക് ബയോളജി പഠിപ്പിച്ചിരുന്ന   അംഗടിമൊഗർ കാദർ മാഷോ അതല്ല കോളേജിൽ നമ്പ്യാർ സാറോ മറ്റോ   പേനിന്റെ ജീവചക്രം   പറഞ്ഞത്കുറച്ചു ഓർമ്മയിലുണ്ട്, അടുത്ത ആഴ്ചയിലാകാം

No comments: